Crime

കൊച്ചി ∙ ഇറിഡിയം അടങ്ങിയ റൈസ് പുള്ളർ നാസയ്ക്ക് വിറ്റ് കോടീശ്വരനാകാമെന്നു വിശ്വസിപ്പിച്ച് 80 ലക്ഷം രൂപയിലധികം തട്ടിയ കേസിലെ പ്രതി പൊലീസ് പിടിയിൽ. ബെംഗളൂരു ബൻജാര ലേ ഔട്ടിൽ താമസിക്കുന്ന ജേക്കബ് അരുമൈരാജ് (55) ആണ് പിടിയിലായത്. വാഷിങ്ടൻ കേന്ദ്രമായ ഗ്ലോബൽ സ്പേസ് മെറ്റൽസ് എന്ന സ്ഥാപനത്തിലെ മെറ്റലർജിസ്റ്റ് ആണെന്നും ഭാഭാ അറ്റോമിക് റിസർച് സെന്ററിന്റെ അംഗീകാരം ഉണ്ടെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്.

വർഷങ്ങളായി രാജ്യത്ത് പലരിൽ നിന്നും ഇയാൾ ഈ രീതിയിൽ പണം തട്ടിയതായി പൊലീസ് പറഞ്ഞു. ക്രൈം മാസികയുടെ ഉടമ നന്ദകുമാറിന് റൈസ്പുള്ളർ നൽകാമെന്നു പറഞ്ഞ് 80 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇയാളെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

2016 ലാണ് ഇടനിലക്കാർ വഴി, നന്ദകുമാറിന് റൈസ് പുള്ളർ നൽകാമെന്ന് പറഞ്ഞ് ആദ്യം കബളിപ്പിച്ചത്. കോയമ്പത്തൂരിലെ ഒരു വീട്ടിൽ കോടികൾ വില വരുന്ന, ആണവ ശേഷിയുള്ള ഇറിഡിയം റൈസ് പുള്ളറുണ്ടെന്നും അത് പരിശോധിച്ച് സർട്ടിഫിക്കറ്റ് ലഭിച്ചാൽ സർക്കാരിന്റെ സഹായത്തോടെ നാസയ്ക്കു വിൽക്കാമെന്നുമായിരുന്നു വാഗ്ദാനം. ഇടനിലക്കാർ ഇത് പരിശോധിക്കാൻ നന്ദകുമാറുമായി സ്ഥലത്തെത്തി അവിടേക്ക് ജേക്കബിനെ വിളിച്ചു വരുത്തുകയായിരുന്നു.

സ്ഥലത്തെത്തിയ ജേക്കബ് റൈസ് പുള്ളർ പരിശോധിക്കാൻ ആന്റി റേഡിയേഷൻ കിറ്റ് വേണമെന്നും അതുമായി വരാമെന്നും ടെസ്റ്റ്‌ ചെയ്യാനായി 25 ലക്ഷം രൂപ വേണമെന്നും പറഞ്ഞ് ആഗ്യ ഗഡു തുക സ്വന്തമാക്കി. പരിശോധിച്ച് സർട്ടിഫിക്കറ്റ് കിട്ടിയാൽ നാസയ്ക്കു ഒരു ലക്ഷം കോടി രൂപയ്ക്കു വിൽക്കാമെന്നാണ് വിശ്വസിപ്പിച്ചത്. എന്നാൽ പരിശോധനയ്ക്കു ശേഷം ആ റൈസ് പുള്ളറിന് പവർ ഇല്ലെന്നു പറഞ്ഞു വീണ്ടും തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ റൈസ് പുള്ളർ കാണിക്കാനായി കൊണ്ടു പോയി. ഓരോ തവണയും പരിശോധനാ ചാർജായി വൻതുക കൈക്കലാക്കി.

തട്ടിപ്പിന് വീടിന്റെ ഉടമസ്ഥർ ഉൾപ്പെടെ പലരും കൂട്ടുനിന്നതായി പൊലീസ് കണ്ടെത്തി. ഒടുവിൽ തട്ടിപ്പ് മനസ്സിലായതോടെയാണ് പൊലീസിൽ പരാതി നൽകിയത്. എറണാകുളത്ത് ഒരു പഴയ വീട്ടിൽ റൈസ് പുള്ളർ ഉണ്ടെന്നും അതു പരിശോധിച്ചു സർട്ടിഫിക്കറ്റ് തന്നാൽ 25 ലക്ഷം രൂപ തരാമെന്നും പറഞ്ഞ് പൊലീസ് വിരിച്ച വലയിൽ ഇയാൾ വീഴുകയായിരുന്നു. ഇതു വിശ്വസിച്ച് പ്രതി ബെംഗളൂരുവിൽനിന്ന് എറണാകുളത്ത് എത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഇയാളിൽനിന്നു വ്യാജ തിരിച്ചറിയൽ കാർഡുകളും ആന്റി റേഡിയേഷൻ കിറ്റ് ആണെന്ന് പറഞ്ഞു കൊണ്ടുവന്ന, ഫയർ സർവീസുകാർ ഉപയോഗിക്കുന്ന മേൽവസ്ത്രവും കണ്ടെത്തി. ഇയാളുടെ കൂട്ടാളികൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ഒരാൾ കൂടി അറസ്റ്റിൽ. തീവ്ര വലതുപക്ഷ സംഘടനയായ സനാതന്‍ സന്‍സ്തയുമായും ഹിന്ദു ജനജാഗ്രതി സമിതിയുമായും ബന്ധമുള്ള ഋഷികേഷ് ദേവ്ദികര്‍ ആണ് അറസ്റ്റിലായതെന്നാണ് റിപ്പോർട്ട്. മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ ജാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലയിലെ കതരാസില്‍നിന്നാണ് അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ട്. മഹാരാഷ്ട്ര ഔറംഗബാദ് സ്വദേശിയാണ് ഇയാള്‍.

കര്‍ണാടക പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഋഷികേഷ് ദേവ്ദികറിനെ പിടികൂടിയത്. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകരില്‍ ഒരാളാണ് ഋഷികേശെന്നാണ് പോലീസ് നിലപാട്. കൊലയാളികള്‍ക്ക് പരിശീലനവും തോക്കുകളും എത്തിച്ചുനല്‍കിയത് ഇയാളാണെന്നും പോലീസ് വ്യക്തമാക്കിയിരുന്നത്. ഗൗരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്.

19പേര്‍ക്കെതിരെയാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. ഈ അറസ്റ്റോടെ 18 പേര്‍ പിടിയിലായി. ഋഷികേശിനെ നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പ്രത്യേക അന്വേഷണസംഘം പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

2017 സെപ്റ്റംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷ് ബെംഗളൂരുവില്‍ വസതിക്കു മുന്നില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഘ്പരിവാറിന്‍റെ നിശിത വിമര്‍ശകയായിരുന്നു ഗൗരി ലങ്കേഷ്. സനാതന്‍ സന്‍സ്ത എന്ന ഹിന്ദുത്വ സംഘടനയാണ് കൊലപാതകത്തിന് പിന്നിലെന്ന് അന്വേഷണ സംഘത്തിന്റെ നിലപാട്. അമോല്‍ കാലെ, വിരേന്ദ്ര താവാഡെ എന്നിവരാണ് പ്രധാന പ്രതികള്‍. ധാഭോല്‍ക്കര്‍, പന്‍സാരെ എന്നിവരുടെ വധത്തിന് പിന്നിലും സനാതന്‍ സന്‍സ്തയാണെന്നാണ് വിവരം.

കൊല്ലപ്പെട്ട പ്ലസ് ടു വിദ്യാർഥിനി ഇവ ആന്റണിക്കു വീട്ടുകാരുടെയും സഹപാഠികളുടെയും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. സ്കൂളിലേക്ക് യാത്ര പറഞ്ഞ് പോയ ഇവയുടെ മൃതദേഹം ഇന്നലെ വീട്ടിലെത്തിച്ചപ്പോൾ കരളലിയുന്ന കാഴ്ചകളായിരുന്നു. മൃതദേഹം ആംബുലൻസിൽ നിന്ന് വീട്ടിലേക്ക് എത്തിച്ചപ്പോൾ പുറത്തേക്ക് ഇറങ്ങിവന്ന അമ്മ യോഗിതയുടെ സങ്കടം കൂടിനിന്നവരെയും കരയിച്ചു.

രാവിലെ മുതൽ റോഡിൽ കാത്തുനിന്ന അച്ഛൻ ആന്റണി, മകളുടെ അനക്കമില്ലാത്ത ശരീരം മുറ്റത്തെ വെള്ളവിരിയിലേക്ക് വച്ചപ്പോൾ തളർച്ചയോടെ സുഹൃത്തിന്റെ ചുമലിലേക്ക് ചാഞ്ഞു. ‘പ്ലസ് ടുവിനു ശേഷം കാനഡയിൽ പോയി പഠിക്കണമെന്നായിരുന്നു അവളുടെ ആഗ്രഹം. അതൊന്നും നടന്നില്ലല്ലോ, അതിനുമുൻപ് എന്റെ മോളെ അവൻ കൊന്നുകളഞ്ഞില്ലേ’ ആന്റണി വിലപിച്ചു. അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ആയില്ല.

യാത്ര പറയാൻ സഹപാഠികളും അധ്യാപകരും സുഹൃത്തുക്കളും സമീപവാസികളും ബന്ധുക്കളും വീട്ടിലെത്തിയിരുന്നു. കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകിട്ട് നാലോടെയാണ് മൃതദേഹം കലൂരിലെ വാടക വീട്ടിലെത്തിച്ചത്. അരമണിക്കൂറോളം വീട്ടിൽ പൊതുദർശനത്തിന് വച്ചു. രാത്രിയോടെ ചേർത്തല ചേന്നവേലി സെന്റ് ആന്റണീസ് പള്ളിയിൽ സംസ്കാരം നടത്തി. മാതാവ് യോഗിതയുടെ വീടാണ് ചേന്നവേലിയിൽ.

കേസിലെ പ്രതി കുമ്പളം കുറ്റേപ്പറമ്പിൽ സഫർ ഷായെ (25) കോടതി റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണു കേസ്. കലൂർ ഈസ്റ്റ് കട്ടാക്കര റോഡിൽ വാടകയ്ക്കു താമസിക്കുന്ന ആലപ്പുഴ തുറവുർ ചെറുനാട വീട്ടിൽ ആന്റണിയുടെ (എസ്. വിനോദ്) മകൾ ഇവ ആന്റണി (ഗോപിക–17) ചൊവ്വാഴ്ചയാണു കൊല്ലപ്പെട്ടത്. പ്രണയം നിരസിച്ചതിനെ തുടർന്നു കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണു സഫർഷായുടെ മൊഴി. ഇരുവരും തമ്മിൽ സൗഹൃദമുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. ‌

കൊച്ചിയിലെ സ്കൂളിൽ നിന്നു ചൊവ്വാഴ്ച ഉച്ചയ്ക്കു രണ്ടോടെ ക്ലാസ് കഴിഞ്ഞിറങ്ങിയ ശേഷം കാണാതായ ഇവയുടെ മൃതദേഹം അർധരാത്രി പൊലീസ് വരട്ടുപാറയിൽ കണ്ടെത്തി. അതിരപ്പിള്ളി വരെ പോയിവരാമെന്നു പറഞ്ഞാണ് ഇവയെ താൻ കാറിൽ കയറ്റിയതെന്നു സഫർഷാ പൊലീസിനോടു പറഞ്ഞിട്ടുണ്ട്. ഈവയുടെ ദേഹത്തേറ്റ ആഴമുള്ള 3 മുറിവുകളാണു മരണത്തിനിടയാക്കിയതെന്നു പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. നെഞ്ചിലും കഴുത്തിലും ഇടതു ചെവിക്കു സമീപത്തുമാണ് ഈ മുറിവുകൾ. കാറിൽ വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം തോട്ടത്തിൽ തള്ളിയെന്നാണു പൊലീസ് നിഗമനം.

തൊടുപുഴ വെങ്ങല്ലൂരിൽ അര്‍ധരാത്രി കാമുകിയായ വീട്ടമ്മയെ കാണാനെത്തിയ യുവാവ് കുത്തേറ്റ് മരിച്ചു. തൊടുപുഴ അച്ചന്‍കവല സിയാദ് കോക്കറാണ് മരിച്ചത്. പ്രതിയായ യുവതിയുടെ പിതാവ് സിദ്ദിഖ് ഒളിവിലാണ്. ഇന്നലെ രാത്രി 12നായിരുന്നു സംഭവം. വിവാഹിതയായ യുവതിയുമായി നേരത്തെ തന്നെ ബന്ധം പുലര്‍ത്തിയിരുന്ന സിയാദ് ഇന്നലെ രാത്രിയില്‍ വീട്ടിലെത്തിയപ്പോൾ സിദ്ദിഖ് സിയാദിനെ കുത്തുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ സിയാദിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ച സിയാദിന് ഭാര്യയും രണ്ടു മക്കളുമുണ്ട്

സംസ്ഥാന അതിർത്തിയായ കളിയിക്കാവിളയിൽ പോലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ചു. തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥനായ മാർത്താണ്ഡം സ്വദേശി വിൻസന്‍റാണ് മരിച്ചത്. കൊലക്കേസ് പ്രതിയായ രാജ് കുമാറാണ് വെടിവച്ചതെന്നാണ് പ്രാഥമിക നിഗമനം.

രാത്രി 9.40 ഓടെ TN-57-AW-155 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള ബൈക്കിലെത്തിയ രണ്ടംഗ സംഘം വില്‍സണിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കേരളാ-തമിഴ്‌നാട് അതിര്‍ത്തിയിലെ മര്‍ക്കറ്റ് റോഡ് ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലായിരുന്നു വില്‍സണ്‍. നാലു പ്രാവശ്യം വെടിവെച്ചു. ഗുരുതരമായി പരിക്കേറ്റ വിൽസനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. ബൈക്കിലെത്തിയ രണ്ട് പേർ ചെക്ക് പോസ്റ്റിന് അകത്തേക്ക് വരുന്നതും വെടിയുതിർത്ത ശേഷം തിരികെ ഓടി പോവുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

പ്രതികള്‍ കേരളത്തിലേക്ക് കടന്നരിക്കാന്‍ സാധ്യതയുള്ളതിനാല്‍ തമിഴ്‌നാട് പൊലീസും കേരള പൊലീസും സംയുക്തമായി അന്വേഷണം ആരംഭിച്ചു. അക്രമിസംഘം എത്തിയ വാഹനത്തിന്‍റെ നമ്പര്‍ വ്യാജമാണെന്ന് പോലീസ് അറിയിച്ചു. വില്‍സണിന്റെ മൃതദേഹം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യവിമാനക്കമ്പനി ഉടമയും മലയാളിയുമായ തഖിയുദ്ദീന്‍ വാഹിദിനെ കൊന്നകേസിലെ മുഖ്യപ്രതി അറസ്റ്റില്‍. അധോലോക നേതാവ് ഇജാസ് ലക്ഡാവാലയെ ബിഹാറിലെ പട്നയില്‍നിന്നാണ് പിടികൂടിയത്. രണ്ടുപതിറ്റാണ്ടിലേറയായി വിദേശത്ത് ഒളിവില്‍ കഴിയുകയായിരുന്നു.

മുംബൈ അധോലോകത്തെ അടക്കിഭരിച്ച ദാവൂദ് ഇബ്രാഹിമിന്റെയും ഛോട്ടാ രാജന്റെയും വലംകൈ. പിന്നീട് ഇരുവരുമായും തെറ്റിപ്പിരിഞ്ഞ് സ്വന്തം അധോലോക സാമ്രാജ്യം. രാജ്യദ്രോഹവും കൊലപാതകങ്ങളുമടക്കം നൂറോളം കേസുകള്‍. ഇന്റര്‍പോളിന്റെ റെഡ്കോര്‍ണര്‍ നോട്ടീസിനെപോലും നോക്കുക്കുത്തിയാക്കി വിദേശത്ത് വിലസിയ ലക്ഡാവാലയെ കൂടുക്കിയത് കഴിഞ്ഞദിവസം അറസ്റ്റിലായ മകളുടെ മൊഴി. ബിഹാറിലെ പട്നയില്‍ ഇയാള്‍ എത്തുമെന്ന നിര്‍ണായക വിവരം ലഭിച്ചതോടെ മുംബൈ പൊലീസ് വലവിരിച്ചു.

ഈസ്റ്റ്–വെസ്റ്റ് എയര്‍ലൈന്‍സ് ഉടമയും മലയാളിയുമായ തഖിയുദ്ദീന്‍ വാഹിദിനെ 1995 നവംബര്‍ 13നാണ് മുംബൈയിലെ ഓഫീസിന് മുന്നില്‍ വെടിവെച്ചു കൊന്നത്. തഖിയുദ്ദീന്റെ മരണത്തിനുപിന്നാലെ സാമ്പത്തിക ബാധ്യതയെതുടര്‍ന്ന് ഈസ്റ്റ്–വെസ്റ്റ് എയര്‍ലൈന്‍സ് അടച്ചുപൂട്ടി. പ്രമുഖ ഹോട്ടൽ വ്യവസായി ഫരീദ് ഖാന്‍ ഉള്‍പ്പടെ വ്യവസായ–സിനിമ രംഗത്തെ നിരവധി കൊലപാതകള്‍ക്ക് പിന്നില്‍ ലക്ഡാവാലയുടെ കൈകളായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ഈമാസം 21വരെ റിമാന്‍ഡ് ചെയ്തു.

ഏഴ് വർഷത്തിന് ശേഷം രാജ്യത്തെ നടുക്കിയ ഡൽഹി കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ ശിക്ഷ ജനുവരി 22ന് നടപ്പാക്കാൻ കോടതി വാറണ്ട് പുറപ്പെടുവിച്ചു. ഏറെ വൈകാരികവും നാടകീയവുമായ രംഗങ്ങളായിരുന്നു കോടതി മുറിയിൽ അരങ്ങേറിയത്. വാറണ്ട് പുറപ്പെടുവിക്കുന്നതിന് മുൻപായി പ്രതികളില്‍ ഒരാളായ മുകേഷ് സിങ്ങിന്റെ അമ്മ നിര്‍ഭയയുടെ അമ്മയുടെ അരികിലെത്തി മകന്റെ ജീവന് വേണ്ടി യാചിച്ചു. “എന്റെ മകനോട് ക്ഷമിക്കണം. അവന്റെ ജീവൻ തിരിച്ചു തരണം,” അവർ പറഞ്ഞു.

ആ അമ്മയുടെ കണ്ണുനീര് കണ്ട് നിർഭയ എന്ന വിളിക്കപ്പെടുന്ന പെൺകുട്ടിയുടെ അമ്മയും തേങ്ങി. ഒടുവിൽ മറുപടി ഇങ്ങനെ “എനിക്കും ഒരു മകളുണ്ടായിരുന്നു. അവൾക്ക് സംഭവിച്ചത് ഞാൻ എങ്ങനെ മറക്കും. ഏഴ് വർഷമായി ഞാൻ നീതിക്കായി കാത്തിരിക്കുകയായിരുന്നു,” ആ അമ്മ പറഞ്ഞു.

തുടർന്ന് കോടതിമുറിയിൽ മൗനം പാലിക്കാൻ ജഡ്ജി ഉത്തരവിട്ടു. മകള്‍ക്കു നീതി ലഭിച്ചുവെന്നാണു മരണ വാറന്റ് പുറപ്പെടുവിച്ചതിനോട് യുവതിയുടെ അമ്മ പ്രതികരിച്ചത്. നിയമത്തില്‍ സ്ത്രീകള്‍ക്കുള്ള വിശ്വാസം ആവര്‍ത്തിച്ച് ഉറപ്പാക്കുന്നതാണു വിധിയെന്നും അവര്‍ പ്രതികരിച്ചു.

പ്രതികളായ മുകേഷ് സിംഗ് (32), പവൻ ഗുപ്ത (25), വിനയ് ശർമ്മ (26), അക്ഷയ് കുമാർ സിംഗ് (31) എന്നിവർ വിധി കേട്ടപ്പോൾ പൊട്ടിക്കരഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. നാല് പേരും നാല് പ്രത്യേക സെല്ലുകളിലായിരിക്കുമെന്നും ഒരോരുത്തരേയും ഓരോ കുടുംബാംഗങ്ങളെ കാണാൻ മാത്രമേ അനുവദിക്കുകയുള്ളൂ എന്നുമാണ് അറിയുന്നത്.

രണ്ടാഴ്ച മരണത്തോട് മല്ലടിച്ച് പെൺകുട്ടി പൊരുതി നിന്നപ്പോൾ രാജ്യം മുഴുവൻ അലയടിച്ച പ്രതിഷേധമാണ് ഈ വിധിയ്ക്ക് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയത്. സുഹൃത്തിനൊപ്പം സിനിമ കണ്ട് മടങ്ങിയ പെൺകുട്ടിയെ ആറംഗ സംഘമാണ് ഓടുന്ന ബസിൽ ബലാത്സംഗത്തിന് ഇരയാക്കിയത്.

ദ്വാരകയിൽനിന്ന് മുനിർക്കയിലേക്ക് ഓട്ടോ കാത്തുനിന്ന ഇവർക്ക് ലഭിച്ചത് ബസാണ്. ബസ് യാത്ര തുടങ്ങിയപ്പോഴേക്കും ജാലകങ്ങളെല്ലാം അടയ്ക്കുകയും പിന്നീട് മറ്റൊരു വഴിയിലൂടെ ബസ് നീങ്ങുകയും ചെയ്തു. ഈ സമയത്താണ് പെൺകുട്ടിയുടെ സുഹൃത്ത് ബസ് നിർത്താൻ ആവശ്യപ്പെട്ടത്. എന്നാൽ ഈ സമയത്ത് ബസിനകത്തുണ്ടായിരുന്ന ആറ് പേരും ചേർന്ന് ഇയാളെ കീഴ്‌പ്പെടുത്തിയ ശേഷം പെൺകുട്ടിയുടെ നേരെ തിരിഞ്ഞു.

പെൺകുട്ടിയും സുഹൃത്തും ചെറുത്തുനിൽക്കാൻ ശ്രമിച്ചപ്പോൾ അതിക്രൂരമായ ആക്രമണമാണ് ഇവർ ഓടുന്ന ബസിനകത്ത് അഴിച്ചുവിട്ടത്. ഇതിന് ശേഷമായിരുന്നു പെൺകുട്ടിയെ ആറ് പേരും ചേർന്ന് ബലാത്സംഗം ചെയ്തത്. അർധനഗ്നരായി രക്തത്തിൽ മുങ്ങിയ നിലയിൽ ബസിൽനിന്ന് ഇരുവരെയും പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു.

ഇരുവരെയും രാത്രി പതിനൊന്നോടെ ഇതുവഴി പോയ ഒരു യാത്രക്കാരനാണ് സഫ്‌ദർജങ് ആശുപത്രിയിൽ എത്തിച്ചത്. ഡിസംബർ 29 ന് സിം പ്പൂരിലെ ആശുപത്രിയിൽ പെൺകുട്ടി മരിച്ചു. സുഹൃത്തായ യുവാവ് നാളുകൾ നീണ്ട ചികിത്സയ്ക്ക് ശേഷം പൂർണ ആരോഗ്യം കൈവരിച്ചു.

മരടില്‍ നിന്നും ഇന്നലെ കാണാതായ പ്‌ളസ് ടൂ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം  തേയിലത്തോട്ടത്തില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം എറണാകുളത്തെ സ്വകാര്യ സ്‌കൂളില്‍ നിന്നും കാണാതായ ഗോപിക എന്ന ഇവാ 17 കാരിയുടെ മൃതദേഹം മലക്കപ്പാറ വാല്‍പ്പാറയിലെ തേയിലത്തോട്ടത്തില്‍ നിന്നും ഇന്നലെ രാത്രിയോടെയാണ് പോലീസ് കണ്ടെത്തിയത്. സഫര്‍ എന്ന യുവാവിനെ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് ഇയാളാണെന്ന് സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം.

പെണ്‍കുട്ടിയുമായി സൗഹൃദമുണ്ടായിരുന്നയാളാണ് പോലീസ് പിടിയിലായ സഫര്‍ എന്ന യുവാവ്. ഇയാള്‍ ഏതാനും നാള്‍  മുൻപാണ്  പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയത്. എന്നാല്‍ പെണ്‍കുട്ടി ഇത് നിഷേധിച്ചിരുന്നു. തുടര്‍ന്ന് കൊല്ലുമെന്നും ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് കാട്ടി ഈ രീതിയില്‍ അപമാനിക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. യുവാവിന്റെ ശല്യത്തെ തുടര്‍ന്ന് ഗോപികയുടെ പിതാവ് സഫറിനെ താക്കീത് ചെയ്യുകയൂമുണ്ടായി. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ സഫര്‍ കാറില്‍ കയറ്റി കൊണ്ടുപോയി കൊലചെയ്‌തെന്നാണ് പോലീസ് ഭാഷ്യം. ഇന്നലെ സ്‌കൂള്‍ സമയത്തിന് ശേഷം പെണ്‍കുട്ടിയെ കാണാതായിരുന്നു.

ഇതേ തുടര്‍ന്ന് പിതാവ് പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സഫര്‍ ജോലി ചെയ്തിരുന്ന സര്‍വീസ് സെന്ററിലെ കാര്‍ കാണാനില്ലെന്ന പരാതിയുമായി സ്ഥാപനത്തിലെ ആള്‍ക്കാരും പോലീസിനെ സമീപിച്ചത്. ഇതാണ് സംഭവം കണ്ടെത്തുന്നതിലേക്ക് നയിച്ചത്. തുടര്‍ന്ന കാര്‍ ട്രാക്ക് ചെയ്ത പോലീസ് ഇത് ആതിരപ്പള്ളി വഴി സഞ്ചരിക്കുന്നതായും കാറില്‍ ഒരു യുവാവും യുവതിയും ഉണ്ടെന്നും കണ്ടെത്തി. എന്നാല്‍ തമിഴ്‌നാട് അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ കാറില്‍ യുവാവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാറിന്റെ പിന്‍സീറ്റില്‍ രക്തക്കറ കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഗോപികയെ കൊലപ്പെടുത്തി തേയിലത്തോട്ടത്തില്‍ ഉപേക്ഷിച്ചെന്ന് സഫര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രി തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ നടത്തിയ തെരച്ചിലില്‍ കേരളാപോലീസ് മൃതദേഹം കണ്ടെത്തി. സഫറിനെ അറസ്റ്റും ചെയ്തു.

സഫര്‍ പല തവണ മകളെ ശല്യം ചെയ്തിരുന്നെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പിതാവ് പറഞ്ഞു. ഗോപികയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് സഫര്‍ തന്നെ കണ്ടിരുന്നതായും എന്നാല്‍ പറ്റില്ലെന്ന് അറിയിക്കുകയും ഗോപികയുടെ പിന്നാലെ നടക്കരുതെന്ന് പല തവണ താക്കീത് ചെയ്തിരുന്നതായും പിതാവ് പറയുന്നു. ഇന്നലെ രാവിലെ പിതാവ് തന്നെയാണ് മകളെ സ്‌കൂളില്‍ കൊണ്ടുപോയി വിട്ടത്. എന്നാല്‍ വൈകിട്ട് കാണാതായതോടെ പിതാവ് പോലീസിനെ സമീപിക്കുകയും ചെയ്തിരുന്നു. ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ സര്‍വീസിനായി കൊണ്ടുവന്ന കാര്‍ എടുത്തുകൊണ്ടാണ് സഫര്‍ പോയത്.

ആണ്‍സുഹൃത്ത്് കൊലപ്പെടുത്തിയ കലൂര്‍ സ്വദേശിനിയായ പ്ലസ് ടു വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി. തമിഴ്നാട്ടിലെ വരട്ടപ്പാറയിലെ തേയിലത്തോട്ടത്തിലാണ് മൃതദേഹം കണ്ടത്. ദേഹമാസകലം കുത്തുകളേറ്റ നിലയാണ് മൃതദേഹം. അറസ്റ്റിലായ നെട്ടൂര്‍ സ്വദേശി സഫറുമായി നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെടുത്തത്. പെണ്‍കുട്ടിയുമായി കാറില്‍ മലക്കപ്പാറയിലെത്തി കൊല നടത്തിയെന്നായിരുന്നു സഫര്‍ ഷായുടെ മൊഴി. സൗഹൃദം തുടരാന്‍ പെണ്‍കുട്ടി വിസമ്മതിച്ചാണ് കൊലയ്ക്ക് കാരണം.

നിര്‍ഭയക്കേസ് പ്രതികളുടെ വധശിക്ഷ ഈ മാസം 22ന് നടപ്പാക്കും . രാവിലെ ഏഴു മണിക്ക് തൂക്കിലേറ്റണമെന്നാണ് മരണവാറന്റ്. നിർഭയയുടെ അമ്മയുടെ ഹർജിയിലാണ് ഉത്തരവ്. നടപടികൾ കോടതി പൂർത്തിയാക്കി. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്.

പവ‍ന്‍ ഗുപ്ത, മുകേഷ് സിങ്, വിനയ് ശര്‍മ, അക്ഷയ് ഠാക്കൂര്‍ എന്നിവരാണ് പ്രതികള്‍. സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കുമെന്ന് പ്രതികളുടെ അഭിഭാഷകന്‍ പറഞ്ഞു. വിധിയ്ക്കു മുൻപ് വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രതികളുമായി ജഡ്ജി സംസാരിച്ചു. മാധ്യമവിചാരണ നടക്കുന്നതായി പ്രതി മുകേഷ് പറഞ്ഞു. തുടർന്ന് മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍നിന്ന് പുറത്താക്കി.

ജനുവരി 22 ജീവിതത്തിലെ സുദിനമെന്ന് നിര്‍ഭയയുടെ അമ്മ പ്രതികരിച്ചു. ഏഴുവര്‍ഷത്തെ പോരാട്ടം വിജയംകണ്ടതില്‍ സന്തോഷമെന്നും അവർ പറഞ്ഞു.

RECENT POSTS
Copyright © . All rights reserved