Crime

ഡല്‍ഹി ജാമിയ സര്‍വകലാശാലയില്‍ ഇന്നലെ രാത്രിയോടെ നടന്നത് പൊലീസ് നരനായാട്ടെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ബസുകള്‍ കത്തിച്ചതും പൊലീസ് തന്നെയാണെന്ന ആരോപണം ബലപ്പടുത്തുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍. പെണ്‍കുട്ടികളെ ഹോസ്റ്റലിലും ടോയ്‍ലറ്റിലും പോലും കയറി അക്രമിച്ചതായും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

ഡല്‍ഹി ജാമിഅ നഗറില്‍ പൗരത്വബില്ലിനെതിരെ വിദ്യാര്‍ഥി പ്രക്ഷോഭം തുടരുന്നിതിനിടെ ഇന്നലെ വൈകീട്ട് അഞ്ചുബസുകള്‍ അഗ്നിക്കിരയായി. ആ ദൃശ്യങ്ങളാണിത്. എന്നാല്‍ ഈ ബസുകളിലൊന്ന് കത്തുന്നതിന് തൊട്ടുമുന്‍പുള്ള കാഴ്ചയാണിത്. പൊലീസ് നോക്കി നില്‍ക്കെ രണ്ടു പേര്‍ ബസിനകത്തേക്ക് എന്തോ ഒഴിക്കുന്നു.
ഈ സംഭവങ്ങള്‍ക്ക് ശേഷമാണ് പൊലീസ് കാംപസിനുള്ളിലെത്തിയത്. ലൈബ്രറിയിലും വാതിലടച്ചിരുന്ന വിദ്യാര്‍ഥികളെ പോലും അവ തുറന്ന് അതിക്രമിച്ചു.

ടോയ് ലറ്റില്‍ പോലും കയറി ലൈറ്റണച്ച് ലാത്തി വീശി എന്നും വിദ്യാര്‍ഥികള്‍ പറയുന്നു. പരുക്കേറ്റവരുടെ ദൃശ്യങ്ങള്‍ ആരോപണം ശരിവയ്ക്കുന്നു. പരുക്കേറ്റവരില്‍ ചിലരെ ആശുപത്രിയിലെത്തിക്കാനനുവദിക്കാതെ പൊലീസ് ജീപ്പിലിട്ട് കൊണ്ടു പോകുന്നതും കാണാം.

കായംകുളത്ത് പത്തുവയസ്സുകാരനെ വീട്ടിലെകുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രാത്രിയിൽ ടിവി കണ്ട് കൊണ്ടിരുന്ന ധനുഷിനോട് പഠിക്കാൻ പറഞ്ഞതിലുള്ള ദേഷ്യത്തിൽ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

പുതുപള്ളി വടക്കേ ആഞ്ഞിലിമൂട്ടിൽ വൈഷ്ണവത്തിൽ ദേവകുമാറിന്‍റെ മകൻ ധനുഷ് ദേവാണ്(10) മരിച്ചത്. എസ് എൻ സെൻട്രൽ സ്കൂളിലെ അഞ്ചാംക്ലാസ്സ് വിദ്യാർത്ഥിയാണ് ധനുഷ് ദേവ്. കഴിഞ്ഞ ദിവസം രാത്രി12മണിയോടെയാണ് ധനുഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സജിതയാണ് മാതാവ്. സഹോദരൻ കാശിദേവ്.

‘എന്റെ മൂന്നു മക്കൾക്കും ഞാൻ വിഷം നൽകിക്കഴിഞ്ഞു. ഉടൻ ഞാനും അതു കഴിക്കും. ദയവായി വില്ലുപുരം ജില്ലയിൽ മൂന്നക്ക ലോട്ടറി കർശനമായി തടയുക. എന്നെപ്പോലെയുള്ള ഒരുപാട് മനുഷ്യരെ രക്ഷിക്കാനാകും. ഇനി ഞാൻ ആരെയും ശല്യപ്പെടുത്താൻ വരില്ല. എന്നെന്നേയ്ക്കുമായി എല്ലാവരോടും യാത്ര പറയുന്നു’–വീഡിയോയിലെ അരുണിന്റെ വാക്കുകൾ

മൂന്നക്ക ഓണ്‍ലൈന്‍ ലോട്ടറി ഒരു കുടുംബത്തെയാകെ ഇല്ലാതാക്കി. തമിഴ്നാട് വില്ലുപുരത്താണ് യുവാവ് ഭാര്യയെയും മൂന്നു പെണ്‍കുട്ടികളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. ഓണ്‍ലൈന്‍ ലോട്ടറിയില്‍ ലക്ഷങ്ങള്‍ നഷ്ടമായി വീടു വില്‍ക്കേണ്ടി വന്നതിനു തൊട്ടുപിറകെയായിരുന്നു നടുക്കുന്ന ക്രൂരത.

തടിയനങ്ങാതെ പണമുണ്ടാക്കാന്‍ ഒറ്റനമ്പര്‍ ലോട്ടറി അടക്കമുള്ള കുറുക്കുവഴികളില്‍ ഭാഗ്യം തേടുന്നവര്‍ വില്ലുപുരത്തു നിന്നുള്ള ഈ കാഴ്ചകള്‍ മനസിരുത്തി കാണണം. ഭാഗ്യം പടികടന്നെത്തുമെന്ന വിശ്വാസത്തില്‍ ലക്ഷങ്ങള്‍ ഓണ്‍ലൈന്‍ ലോട്ടറിയില്‍ മുടക്കിയപ്പോള്‍ ഇല്ലാതായത് അഞ്ചംഗ കുടുംബം. വില്ലുപുരം സീതേരിക്കരിയെന്ന ഗ്രാമം ഉണര്‍ന്നത് തന്നെ നടക്കുന്ന വാര്‍ത്തയുമായാണ്. സ്വന്തം അദ്ധ്വാനം കൊണ്ടു വീടുണ്ടാക്കി നാട്ടുകാരുടെയെല്ലാം പ്രശംസാപാത്രമായിരുന്ന യുവാവായിരുന്നു അരുണ്‍കുമാറെന്ന സ്വര്‍ണപണിക്കാരന്‍.

ഇടയ്ക്ക് പണി കുറഞ്ഞു. പണമുണ്ടാക്കാനായി അരുണ്‍ പിന്നെ കണ്ടെത്തിയത് മൂന്നക്ക ഓണ്‍ലൈന്‍ ലോട്ടറിയായിരുന്നു. തുടക്കത്തില്‍ ചെറിയ സംഖ്യകള്‍ കിട്ടിയതോടെ മുപ്പത്തിമൂന്ന് വയസിനുള്ളില്‍ ഉണ്ടാക്കിയതെല്ലാം ലോട്ടറിയില്‍ തുലച്ചു. അവസാനം സ്വന്തം വീടു വിറ്റ് കടം വീട്ടി. വാടക വീട്ടിലേക്കു മാറിയതിനു പിന്നാലെ സ്വര്‍ണപണിക്കാരുടെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ ഒരു വിഡിയോയിട്ടു.

വിഡിയോ കണ്ടു വാട്സ് ആപ്പ് ഗ്രൂപ്പിലെ അംഗങ്ങള്‍ ഓടിയെത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ഭാര്യ ശിവകാമി, അഞ്ചുവയസുള്ള മകള്‍ പ്രിയദര്‍ശിനി, മുന്നുവയസുകാരി യുവശ്രീ, അഞ്ചുമാസം പ്രായമുള്ള ഭാരതി എന്നിവരെയാണ് ജ്യൂസില്‍ സയനൈഡ് ചേര്‍ത്ത് നല്‍കി അരുണ്‍ കൊലപ്പെടുത്തിയത്. നാലുപേരും മരിച്ചെന്നുറപ്പാക്കിയതിനു ശേഷം അരുണ്‍ സയനൈഡ് ചേര്‍ത്ത മദ്യം കഴിച്ചു സ്വയം മരണം തിരഞ്ഞെടുത്തു. സംഭവം പുറത്തറിഞ്ഞതിനു പിന്നാലെ നിയമ വിരുദ്ധ ഓണ്‍ലൈന്‍ ലോട്ടറി നടത്തിപ്പിനെ കുറിച്ചു അന്വേഷിക്കാന്‍ തമിഴ്നാട് നിയമമന്ത്രി സി.വി.ഷണ്‍മുഖം ഉത്തരവിട്ടു.

കാമുകിക്കൊപ്പം ജീവിക്കാന്‍ ഭര്‍ത്താവ് ഭാര്യയെ കൊന്നതോടെ ആരോരുമില്ലാതായി ഒരു ആറാം ക്ളാസുകാരന്‍. പ്രേംകുമാറിന്റെയും വിദ്യയുടെയും ഇളയ മകനെയാണ് ബന്ധുക്കള്‍ കയ്യൊഴിഞ്ഞത്. മൂത്തമകളെ ഏറ്റെടുത്തെങ്കിലും കുടുംബപ്രശ്നങ്ങള്‍ മൂലം മകനെ ഏറ്റെടുക്കാന്‍ വിസമ്മതിച്ചു.
ഇതോടെ കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. വിദേശത്ത് ജോലിക്ക് പോകുകയാണെന്നും അതിനാല്‍ പഠിക്കാന്‍ സംരക്ഷണകേന്ദ്രത്തിലാക്കാമെന്നും മകനെ വിശ്വസിപ്പിച്ച് ഇവിടേക്ക് പോകുംവഴി മകന്‍റെ കണ്‍മുന്നില്‍ വച്ചാണ് പ്രേംകുമാര്‍ പൊലീസ് പിടിയിലാകുന്നത്.

കാമുകിയുടെ സഹായത്തോടെ ഭര്‍ത്താവ് ഭാര്യയെ കൊന്ന് തള്ളി. വിദ്യയുടെ മരണത്തിനും പ്രേംകുമാറിന്റെ ജയില്‍വാസത്തിനുമപ്പുറം ഈ കൊലയുടെ യഥാര്‍ത്ഥ ഇര അവരുടെ ഇളയ മകനാണ്. ഒറ്റ നിമിഷംകൊണ്ട് അച്ഛനും അമ്മയും സഹോദരിയും അവനില്ലാതായിരിക്കുകയാണ്. കൊലപാതകം പുറത്തറിയുന്നതിന് മുന്‍പ് തന്നെ പ്രേംകുമാര്‍ മക്കളെ തിരുവനന്തപുരത്തേക്ക് മാറ്റിയിരുന്നു. പ്രേംകുമാറിന്റെ സ്വഭാവത്തില്‍ പേടിതോന്നിയ 9 ാം ക്ളാസുകാരി സ്കൂള്‍ കൗണ്‍സിലറോട് പരാതി പറഞ്ഞതോടെ കുട്ടികള്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ മുന്നിലെത്തി. കമ്മിറ്റി പ്രേംകുമാറിന്റെ ബന്ധുക്കളെ വിളിച്ചുവരുത്തിയപ്പോള്‍ അവര്‍ മകളെ മാത്രം ഏറ്റെടുത്തു.

ബന്ധുക്കള്‍ കയ്യൊഴിഞ്ഞ മകനെ സി.ഡബ്ളിയു.സിയെ ഏല്‍പ്പിച്ച് വിദേശത്തേക്ക് കടക്കാനായിരുന്നു പ്രേംകുമാറിന്റെ നീക്കം. വിദേശത്ത് ജോലിക്ക് പോയി ഉടന്‍ വരാമെന്ന് മകനെ പറഞ്ഞ് വിശ്വസിപ്പിച്ച് സംരക്ഷണകേന്ദ്രത്തിലാക്കാന്‍ വരുന്ന വഴിക്കാണ് പൊലീസ് പിടിക്കുന്നത്. കണ്‍മുന്നിലുള്ള അച്ഛന്റെ അറസ്റ്റ് ആറാം ക്ളാസുകാരന് ഇരട്ടി ആഘാതമായി. ഏറ്റെടുക്കാന്‍ തയാറാണോയെന്ന് ബന്ധുക്കളോട് ഒരിക്കല്‍കൂടി അന്വേഷിക്കും. ഇല്ലങ്കില്‍ ഇനി ആ കുട്ടി അനാഥനാണ്.

ഇംഗ്ലണ്ടിലേക്ക് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കുടുംബം പൊലീസ് പിടിയില്‍. മൈസൂര്‍ കേന്ദ്രമാക്കി കണ്ണൂര്‍, കാസര്‍കോട് മേഖലകളിലെ നിരവധി പേരില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത സംഘമാണ് ബേക്കല്‍ പൊലീസിന്റെ പിടിയിലായത്.

ഇംഗ്ലണ്ടിലേക്ക് വിസ തരാമെന്ന് വാഗ്ദാനം നല്‍കി വിവിധ ആളുകളില്‍ നിന്ന് ഇരുപത് ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഘത്തെയാണ് ബേക്കല്‍ പൊലീസ് മൈസൂരുവില്‍ നിന്ന് പിടികൂടിയത്. മൈസൂര്‍ സ്വദേശികളായ ജോണ്‍ ബെന്‍ഹര്‍ ഭാര്യ വീണ റോഡ്രിഗ്രസ്, ഇവരുടെ സഹോദരന്‍ ഫ്രാന്‍സിസ് റോഡ്രിഗ്രസ് അചഛന്‍ ഡെന്നിസ് എന്നിവരാണ് പൊലീസ് പിടിയിലായത്. രണ്ടുവര്‍ഷത്തോളമായി കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നായി ഇരുപത് ലക്ഷത്തോളം രൂപയാണ് വിവിധ ആളുകളില്‍ നിന്ന് ഇവര്‍ തട്ടിയെടുത്തത്. ബേക്കല്‍ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ അജിത് കുമാറിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് തട്ടിപ്പ് സംഘത്തെ പിടികൂടിയത്.

വിസ വാഗ്ദാനം നല്‍കി കര്‍ണാടകയിെല വിവിധ ഭാഗങ്ങളില്‍ ഇവര്‍ തട്ടിപ്പ് നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ കോഴിക്കോട്, എറണാകുളം ജില്ലകളിലും സമാനമായി ഇവര്‍ക്കെതിരെ പരാതികള്‍ ലഭിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ബേക്കല്‍ പൊലീസ് പ്രതികളെ മൈസൂരവില്‍ നിന്ന് പിടികൂടിയത്. പ്രതികളെ ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയതിനുശേഷം റിമാന്‍ഡ് ചെയ്തു.

അതിബുദ്ധിയും ആത്മവിശ്വാസവുമാണ് വിദ്യ വധക്കേസിൽ ഭർത്താവ് പ്രേംകുമാറിനെ കുടുക്കിയത്. തന്നോടു കലഹിച്ച് ഹൈദരാബാദിലേക്കു തിരികെ പോകാൻ ഒരുങ്ങിയ സുനിതയെ കുടുക്കാൻ ലക്ഷ്യമിട്ടാണ് പ്രേംകുമാർ പൊലീസിനു വാട്സാപ് സന്ദേശം അയച്ചതെന്നാണ് പൊലീസിനു ലഭിക്കുന്ന സൂചന. സുനിതയെ കുടുക്കി തനിക്കു സുരക്ഷിതമായി ബഹ്റൈനിലേക്കു പോകാമെന്നായിരുന്നു പ്രേംകുമാർ കണക്കു കൂട്ടിയത്. അതിനായി കാറും ബൈക്കും എസി അടക്കമുള്ള വീട്ടുപകരണങ്ങളും വിറ്റു. എന്നാൽ ഓർഫനേജിലേക്കുള്ള മകന്റെ അഡ്മിഷൻ വൈകിയതിനാൽ ഇയാളുടെ കണക്കുകൂട്ടൽ തെറ്റുകയായിരുന്നു.

കൊലപാതകം നടന്ന ശേഷം സഹായത്തിനായി വിളിച്ച സുഹൃത്തിനെക്കൂടി പൊലീസിനു പിടികൂടാനുണ്ട്. അതിനുള്ള ശ്രമത്തിലാണ് പൊലീസ്. മൃതദേഹം ഉപേക്ഷിക്കാൻ ഉപയോഗിച്ച കാർ പ്രേംകുമാറിൽ നിന്നു വാങ്ങിയ ആളിൽനിന്നു കണ്ടെടുത്ത് ഉടനെ കോടതിക്കു കൈമാറും. വരും ദിവസങ്ങളിൽ, കൊലപാതകം നടന്ന സ്ഥലത്ത് ഉൾപ്പടെ ശാസ്ത്രീയ പരിശോധനകളും നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിന് ഉപയോഗിച്ച കയറും കണ്ടെടുക്കാനുണ്ട്. വിദ്യയുടെ പോസ്റ്റ്മോർട്ടം ഒരു പ്രാവശ്യം നടന്നിരുന്നതിനാൽ ഇനിയും ആവശ്യമുണ്ടോ എന്നു പരിശോധിക്കും. മെഡിക്കൽ കോളജിലെ ഡോക്ടർമാരാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. അതുകൊണ്ടുതന്നെ സാധാരണ നിലയിൽ വീണ്ടും വേണ്ടി വരാൻ സാധ്യതയില്ല.

വിദ്യയുടെ മൃതദേഹം കഷണങ്ങളാക്കി കളയാൻ പ്രതികൾ പദ്ധതിയിട്ടിരുന്നതായി പൊലീസ്. ഇതിനായി രണ്ട് സർജിക്കൽ ബ്ലേഡുകൾ പ്രേംകുമാർ വാങ്ങിയിരുന്നതായി െപാലീസ് അറിയിച്ചു. മൃതദേഹം മുറിച്ചപ്പോൾ രക്തം വന്നതിനാലാണ് പദ്ധതി ഉപേക്ഷിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. മൃതദേഹം കാറിൽ ഇരുത്തിയാണ് െകാണ്ടുപോയത്. കൊലപാതക വിവരം അറിഞ്ഞിട്ടും പൊലീസിൽ അറിയിക്കാതെ തെളിവുകൾ നശിപ്പിക്കാൻ നിർദേശം നൽകിയ കൂട്ടുകാരനെയും കേസിൽ പ്രതിചേർത്തേക്കും.

സുനിതയുമായുള്ള ബന്ധം പ്രേംകുമാറിന്റെ ഭാര്യ വിദ്യ അറിഞ്ഞതോടെയാണു ഭാര്യയെ കൊലപ്പെടുത്താൻ പ്രേംകുമാറും സുനിതയും തീരുമാനിച്ചത്. വിദ്യയെ കാണാനില്ല എന്ന പരാതിയിൽ അന്വേഷണം നടക്കുമ്പോഴാണ് പ്രേംകുമാറിന്റെ ഫോണിൽനിന്ന് പൊലീസ് ഉദ്യോഗസ്‌ഥന്റെ ഫോണിലേക്ക് വാട്സാപ് ഓഡിയോ എത്തുന്നത്. ഉടൻ തന്നെ പൊലീസ് വേണ്ട നടപടികൾ സ്വീകരിച്ചതിനാലും പ്രേംകുമാറിന്റെ മകന്റെ അഡ്മിഷൻ വൈകിയതിനാലുമാണ് കേസ് തെളിയിക്കാനും പ്രതിയെ പിടികൂടാനും പൊലീസിനു സാധിച്ചത്. ഡിസംബർ 6 നാണു വാട്സാപ് ഓഡിയോ എത്തുന്നത്. തുടർന്നു നടന്ന സംഭവങ്ങൾ….

പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകിയപ്പോൾത്തന്നെ പ്രേംകുമാർ ആയിരിക്കാം പ്രതി എന്നുള്ള സംശയത്തിലേക്കു പൊലീസ് എത്തിയിരുന്നു. എന്നാൽ വാദിയായ പ്രേംകുമാറിനെ കസ്റ്റഡിയിൽ എടുക്കാൻ തക്ക തെളിവുകൾ കിട്ടിയിരുന്നില്ല. ഇതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥൻ ജോസിന്റെ ഫോണിലേക്ക് 6 ന് ഉച്ചയോടെ ‘എനിക്ക് അവളെ കൊല്ലേണ്ടി വന്നു’ എന്നുള്ള വാട്സാപ് ഓഡിയോ അയയ്ക്കുന്നത്. ഈ സമയം പ്രേംകുമാർ ബഹ്‌റൈനിൽ പോകാൻ ടിക്കറ്റ് അടക്കം തയാറാക്കി വച്ചിരുന്നു. തുടർന്ന് വൈകിട്ടു തിരുവനന്തപുരത്തുനിന്നു തന്നെ വിമാനം കയറാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ മകന്റെ ഓർഫനേജിലേക്കുള്ള അഡ്മിഷൻ സാങ്കേതിക തടസം മൂലം വൈകിയതിനാൽ യാത്ര റദ്ദാക്കുകയായിരുന്നു.

ഏഴാംതീയതി വീണ്ടും ചെന്ന് അഡ്മിഷൻ എടുത്ത ശേഷം ബെംഗളൂരുവിൽനിന്ന് 10 നു ബഹ്റൈനിലേക്ക് പോകാനായിരുന്നു പ്രേംകുമാർ ലക്ഷ്യമിട്ടത്. എന്നാൽ അഡ്മിഷൻ എടുക്കാൻ നിൽക്കുമ്പോൾ പൊലീസ് എത്തിയതോടെ പദ്ധതികൾ പൊളിഞ്ഞു. പൊലീസ് ഉടൻ ഇയാളെ കസ്റ്റഡിയിൽ എടുത്ത് ഉദയംപേരൂരിൽ കൊണ്ടുവന്നു പ്രാഥമിക ചോദ്യംചെയ്യൽ നടത്തി.

അന്വേഷിക്കുന്ന വനിതാ ഉദ്യോഗസ്ഥർ അടക്കമുള്ള പൊലീസ് സംഘം , പ്രേംകുമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ 8 നു വൈകിട്ട് തിരുവനന്തപുരത്തേക്ക് കേസ് അന്വേഷണത്തിനായി തിരിച്ചു. വാടകയ്ക്ക് എടുത്ത കാറിൽ ആയിരുന്നു യാത്ര. സിഐ കെ. ബാലൻ മാത്രമാണ് പൊലീസ് യൂണിഫോമിൽ ഉണ്ടായിരുന്നത്.

9 നു രാവിലെ തിരുനൽവേലിയിൽ പോയി മൃതദേഹം കിടന്ന സ്ഥലം പ്രേംകുമാർ പൊലീസിന് കാണിച്ചു കൊടുത്തു. ഉടൻ തന്നെ സമീപത്തെ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പട്ടു. പ്രേംകുമാർ പറഞ്ഞ സ്ഥലത്തുനിന്ന് മൃതദേഹം ലഭിച്ചിരുന്നോ എന്നാണ് ആദ്യം പൊലീസ് ആരാഞ്ഞത്. ഒരു സ്ത്രീയുടെ അജ്ഞാത ശരീരം ലഭിച്ചിരുന്നുവെന്നും തിരിച്ചറിയാനാവാത്തതിനാൽ മറവു ചെയ്തുവെന്നുമാണ് തിരുനൽവേലി വള്ളിയൂർ പൊലീസ് സിഐ തിരുപ്പതി നൽകിയ വിശദീകരണം. മൃതദേഹത്തിന്റെ ഫോട്ടോയും കൈമാറി. ഉടൻ ഉദയംപേരൂർ പൊലീസ് സ്റ്റേഷനിലേക്ക് അയച്ചു കൊടുത്ത് ബന്ധുക്കളെ കാണിച്ച് മൃതദേഹം വിദ്യയുടേതു തന്നെയെന്ന് ഉറപ്പിച്ചു. ഇതോടെയാണ് കസ്റ്റഡിയിൽ ഉണ്ടായിരുന്ന പ്രേംകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. തുടർന്ന് വെള്ളറടയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് കൂട്ടുപ്രതി സുനിത ബേബിയെ അറസ്റ്റ് ചെയ്യുന്നത്.

പ്രേംകുമാറിനെയും കൂട്ടുപ്രതി സുനിത ബേബിയെയും 24 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ഇന്ന് ഉദയംപേരൂരിലും വരും ദിവസങ്ങളിൽ തിരുവനന്തപുരത്തും തമിഴ്നാട്ടിലെ തിരുനൽവേലി വള്ളിയിരൂരിലും എത്തിച്ചു തെളിവെടുപ്പു നടത്തുമെന്നു പൊലീസ് പറഞ്ഞു. ഇന്നലെ രാത്രിയോടെ ഇവരെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു.

കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോൾ ‘കൊലപാതകത്തിനു കാരണക്കാരായ പലരും പുറത്തുണ്ട്’ എന്നു പ്രേംകുമാർ മാധ്യമങ്ങളോടു പറഞ്ഞു. പ്രേംകുമാറിനെ ഉദയംപേരൂർ പൊലീസ് സ്റ്റേഷൻ സെല്ലിലും സുനിതയെ മറ്റൊരു മുറിയിൽ വനിത പൊലീസിന്റെ നിരീക്ഷണത്തിലുമാണ് പാർപ്പിച്ചത്. ഇന്ന് രാവിലെ ഉദയംപേരൂർ നടക്കാവിൽ പ്രേംകുമാറും ഭാര്യ വിദ്യയും താമസിച്ചിരുന്ന വാടക വീട്ടിൽ എത്തിച്ചു തെളിവെടുക്കും. കൊലപാതകത്തിന് ഉപയോഗിച്ച കയർ വാങ്ങിയ തൃപ്പൂണിത്തുറ മാർക്കറ്റിനു സമീപത്തെ കട, മദ്യം വാങ്ങിയ ചൂരക്കാട്ടെ ബവ്റിജസ് കോർപറേഷൻ ഔട്‌ലെറ്റ് എന്നിവിടങ്ങളിലും എത്തിക്കും.

പാലക്കാട്ട് കുട്ടിയെ ഇടിച്ചിട്ടശേഷം വഴിയില്‍ ഉപേക്ഷിച്ച കാർ കസ്റ്റഡിയിൽ. മലപ്പുറം പുത്തനത്താണി സ്വദേശി അഷറഫിന്റേതാണ് കാറെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ചിറ്റൂര്‍ നല്ലേപ്പിള്ളി സുദേവന്റെ മകന്‍ സുജിതാണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു അപകടം. ഇടിച്ച കാറില്‍ തന്നെ ആശുപത്രിയിലേക്കു പോകും വഴി ഈ കാറില്‍ നിന്ന് കുട്ടിയെ ഇറക്കിവിട്ടായിരുന്നു ക്രൂരത. കുട്ടി ഒരു മണിക്കൂറിനകം മരിച്ചു.

റോഡരികിൽ നിൽക്കുകയായിരുന്ന സുജിത്തിനെ കാ‍ർ ഇടിച്ചു വീഴ്ത്തുകയായിരുന്നുവെന്നു സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. റോഡിലേക്കു തെറിച്ചുവീണ കുട്ടിയെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ഇടയ്ക്കു വച്ചു ടയർ പഞ്ചറായെന്നു പറഞ്ഞു കുട്ടിയെയും തന്നെയും ഇറക്കി കാർ യാത്രക്കാർ സ്ഥലം വിടുകയായിരുന്നെന്നു കൂടെ പോയ പരമൻ എന്നയാൾ പറഞ്ഞു.

6 കിലോമീറ്റർ അകലെയുള്ള നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിലേക്കു പോകാനാണു പറഞ്ഞതെങ്കിലും ചെവിക്കൊള്ളാതെ ഡ്രൈവർ പാലക്കാട് ഭാഗത്തേക്കാണു പോയതെന്നു പരമൻ പറഞ്ഞു. എന്നാൽ, അരകിലോമീറ്റർ മുന്നോട്ടു പോയപ്പോഴാണ് ടയർ പഞ്ചറായെന്നും ഇറങ്ങി മറ്റൊരു വാഹനത്തിൽ ആശുപത്രിയിലെത്തിക്കാനും ഡ്രൈവർ പറഞ്ഞത്. ഇതോടെ, പെട്ടെന്ന് ഇറങ്ങി എതിരെ വന്ന വാൻ കൈകാണിച്ചു നിർത്തി നാട്ടുകല്ലിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നു പരമൻ പറഞ്ഞു.

എറണാകുളം നഗരത്തിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. നഗരമധ്യത്തിൽ പലാരിവട്ടം മെട്രോ സ്‌റ്റേഷന് സമീപം പൈപ്പ് പൊട്ടിയുണ്ടായ കുഴിയില്‍ വീണ യുവാവ് ലോറി കയറി മരിക്കുകയായിരുന്നു. കൂനന്മാവ് സ്വദേശി യദുലാല്‍ (23)ആണ് മരിച്ചത്. കുഴിക്ക് സമീപം അശാസ്ത്രീയമായി വെച്ചിരുന്ന ബോര്‍ഡില്‍ തട്ടി യദു റോഡിലേക്ക് തെറിച്ച് വീഴുകയും. പിന്നാലെയെത്തിയ ലോറി ദേഹത്തുകൂടി കയറി ഇറങ്ങുകയായിരുന്നു. യദുലാല്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

അതേസമയം, അധികൃതരുടെ കടുത്ത അനാസ്ഥയാണ് അപകടത്തിന് കാണമെന്ന് ഇതിനോടകം ആക്ഷേപം ഉയർന്നിട്ടുണ്ട്. എട്ടുമാസം മുമ്പാണ് റോഡില്‍ കുഴി രൂപപ്പെട്ട കുഴിയാണ് അപകടത്തിന് ഇടയാക്കിയത്. അറ്റകുറ്റപ്പണി നടത്താൻ ഉണ്ടായ വലിയ കാലതാമസം ഒരാളുടെ ജീവൻ‌ കവർന്നതോടെ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തി.

മാസങ്ങള്‍ക്ക് മുൻ‌പ് പൈപ്പ് പൊട്ടി രൂം കൊണ്ട ചെറിയ കുഴിയുടെ അറ്റകുറ്റപണി നടത്തുന്ന വാട്ടർ ആതോറിറ്റി അലംഭാവം കൂടി കാട്ടിയതോടെ ഇത് ഒരടിയിലേറെ താഴ്ചയുള്ള അവസ്ഥയിലേക്ക് രൂപം മാറുകയായിരുന്നു. ഇതിന് മുകളിൽ‌ മുന്നറിയിപ്പ് എന്ന രീതിയിൽ അശാസ്ത്രീയമായി ഒരു ബോർഡും സ്ഥാപിക്കപ്പെട്ടിരുന്നു. ആ ബോര്‍ഡാണ് ഇപ്പോള്‍ അപകടത്തിന് കാരണമായത്. വലിയ വാഹനത്തിരക്കുള്ള പാലാരിവട്ടം മെട്രോ സ്‌റ്റേഷന് സമീപത്താണ് ഇത്തരം അപകടക്കെണി ഒരുക്കിവച്ചിരുന്നത്.

അതേസമയം, പാലാരിവട്ടത്തെ അപകടത്തിന് കാരണം ഉദ്യോഗസ്ഥരുടെ ഗുരുതരമായ വീഴ്ചയെന്ന് മുൻ ഡെപ്യൂട്ടി മേയറും എറണാകുളം എംഎൽഎയുമായ ടി ജെ വിനോദ് പ്രതികരിച്ചു. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കണമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ ആവശ്യപ്പെട്ടു,

കാമുകിയുമായി ചേർന്നു ഭർ‌ത്താവ് ഭാര്യയെ കൊലപ്പെടുത്തി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച കേസിലെ കൂട്ടുപ്രതി സുനിത ജീവിച്ചത് ദുരിത സാഹചര്യങ്ങളിലെന്ന് പൊലീസ്‌. വെള്ളറട വാലൻവിളയിലെ സുനിതയുടെ വീട്ടിൽ അച്ഛനും അമ്മയുമാണു താമസം. രണ്ടരസെന്റ് സ്ഥലത്ത് ഒരു മുറിയും ഹാളും മാത്രമുള്ള വീട്. മകൾ കൊലപാതകത്തിൽ പങ്കാളിയായ വിവരമറിഞ്ഞു തളർന്നിരിക്കുകയാണു മാതാപിതാക്കൾ.

ഹൈദരാബാദിലായിരുന്നപ്പോൾ സുനിത മാതാപിതാക്കൾക്കു പണം അയച്ചിരുന്നു. നാട്ടിൽ വന്ന ശേഷം പണം നൽകിയിട്ടില്ല. പിതാവ് ടാപ്പിങ് ജോലിക്കു പോയാണ് കുടുംബം കഴിയുന്നത്. സുനിതയുടെ രണ്ട് സഹോദരൻമാർ മാതാപിതാക്കൾക്കു ചെലവിനും ചികിൽസയ്ക്കും പണം നൽകുന്നുണ്ട്. രണ്ടാഴ്ച മുൻപാണ് സുനിത അവസാനമായി വീട്ടിലെത്തിയത്. പഠനത്തിൽ സമർഥയായിരുന്നു സുനിത. വീട് ഇടിഞ്ഞുവീണപ്പോൾ, ഒൻപതാം വയസിൽ സുനിതയെ മാതാപിതാക്കൾ അനാഥാലയത്തിലാക്കി.

നല്ല മാർക്കോടെ എസ്എസ്എൽസിയും പ്രീഡിഗ്രിയും ജയിച്ച സുനിത സെക്കന്തരാബാദിൽ നഴ്സിങിന് ചേർന്നു. അവിടെ ജോലിക്കിടെയാണ് റോയ്തോമസിനെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. മൂന്നു കുട്ടികൾ പിറന്നശേഷം ഇരുവരും തമ്മിലുള്ള ബന്ധം വഷളായി. മനോനില തെറ്റിയ ഭർത്താവ് തന്നെ ഉപദ്രവിക്കുന്നതായി സുനിത വീട്ടുകാരോടു പറഞ്ഞിരുന്നു.

അതിനിടയിലാണു സഹപാഠിയായിരുന്ന പ്രേംകുമാറിനെ വീണ്ടും പരിചയപ്പെടുന്നത്. റോയിയുടെ മൂന്നു കുട്ടികളുമായാണ് ചെറുവാരക്കോണത്തെ സ്കൂളിലെ പൂർവവിദ്യാർഥി സംഗമത്തിനെത്തിയത്. പിന്നീട് ഇരുവരും ഒരുമിച്ച് വില്ലയിൽ താമസം ആരംഭിച്ചു. പ്രേംകുമാറിന്റെ ഭാര്യ ബന്ധം അറിഞ്ഞതോടെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.

ഭാര്യയെ കൊലപ്പെടുത്തിയതിനുശേഷം സെപ്റ്റംബർ അവസാനത്തോടെ പ്രേംകുമാർ പേയാട്ടെ വില്ല ഒഴിഞ്ഞു. വീടിന്റെ താക്കോൽ ഒക്ടോബർ രണ്ടിന് സുരക്ഷാ ജീവനക്കാരനെ ഏൽപ്പിച്ചു. അഡ്വാൻസ് നൽകിയ തുക തിരിച്ചുവാങ്ങിയതടക്കം ഓൺലൈൻ പണമിടപാടാണ് നടത്തിയത്. പ്രേംകുമാറിന്റെ പെരുമാറ്റത്തിൽ പൊലീസിനു സംശയം തോന്നിയതും, ‘അവളെ ഞാൻ കൊന്നുവെന്ന്’ പറയുന്ന ഇയാളുടെ വോയ്സ് മെസേജ് ലഭിച്ചതുമാണ് പ്രതികളെ കുടുക്കിയത്

കൊല്ലം കുണ്ടറയിൽ വീട്ടമ്മയെ അയല്‍വാസിയായ യുവാവ് കുത്തിക്കൊന്ന സംഭവം വളരെ ഞെട്ടലോടെയാണ് കേട്ടത്. പെരുമ്പുഴ അഞ്ചുമുക്ക് സ്വദേശിനി ഷൈലയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം അയല്‍വാസിയായ അനീഷിനെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറിയിരുന്നു.. ഷൈലയുടെ വയറിലും മുതുകിലുമാണ് കുത്തേറ്റത്. കുത്തേറ്റ് നിലത്തുവീണ് പിടഞ്ഞ ഷൈലയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്തു നിന്നും കുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെടുത്തിരുന്നു.

ഇപ്പോഴിതാ കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇന്നലെ രാവിലെ ഒന്‍പതു മണിയോടെ വീടിനോടു ചേര്‍ന്ന ഇടറോഡിലാണ് സംഭവം. ഇളയ മകളെ സ്‌കൂളിലേക്ക് ബസ് കയറ്റിവിട്ടശേഷം പാല്‍ വാങ്ങാനായി പുറത്തേക്കിറങ്ങിയതായിരുന്നു യുവതി. ഒളിഞ്ഞുനില്‍ക്കുകയായിരുന്ന പ്രതി പിന്നില്‍നിന്നെത്തിയാണ് കുത്തിവീഴ്ത്തിയത്. അയല്‍ വീടിന്റെ ഗേറ്റിനുമുന്നിലാണ് കുത്തേറ്റുവീണത്..

അതിക്രൂരമായ കൊലപാതകം അനീഷ് കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് പൊലീസ് പറഞ്ഞു. ടെമ്ബോ ലോറി ഡ്രൈവറായ അനീഷ് നിരവധി കേസുകളില്‍ പ്രതിയാണ്. ലഹരിപദാര്‍ത്ഥങ്ങള്‍ക്ക് അടിമയായിരുന്ന പ്രതി യുവതിയെ നിരന്തരം ശല്യംചെയ്തിരുന്നതായി പൊലീസ് അറിയിച്ചു. ഇതുസംബന്ധിച്ച്‌ യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമിച്ചതെന്ന് കരുതുന്നു. ബുധനാഴ്ച 8.50ന് ഇളയ മകളെ സ്‌കൂളിലേക്ക് ബസ് കയറ്റിവിട്ടശേഷം വീട്ടിലെത്തി പാല്‍ വാങ്ങാനായി പുറത്തിറങ്ങിയതായിരുന്നു ഷാജില. യുവതി മകളെ സ്‌കൂളിലാക്കാന്‍ പുറത്തിറങ്ങുമെന്ന് അറിയാവുന്ന പ്രതി ബൈക്കില്‍ വന്ന് പരിസരത്ത് ഒളിച്ചു നില്‍ക്കുകയായിരുന്നു. എന്നാല്‍, ഇതിനകം യുവതി മകളെ യാത്രയാക്കി വീട്ടില്‍ കയറിയിരുന്നു. എന്നാല്‍, പാല്‍ വാങ്ങാനായി പുറത്തേക്ക് വരുകയും ചെയ്തു. യുവതി പുറത്തേക്ക് പോകുന്നതു കണ്ട് പിന്നാലെ എത്തി കുത്തിവീഴ്ത്തുകയായിരുന്നു.

31 കുത്തുകളാണ് ശരീരത്തിലേറ്റത്. നിലത്തുവീണ യുവതിയെ തലങ്ങും വിലങ്ങും കുത്തുകയായിരുന്നു. കഴുത്തിന്റെ ഇരുവശത്തും നെഞ്ചിലും ആഴത്തിലുള്ള മുറിവുകളായിരുന്നു. പിന്നീട് മരണം ഉറപ്പുവരുത്തുന്നതുവരെ അവിടെ നിലയുറപ്പിച്ചു. മരണം ഉറപ്പാക്കിയശേഷം അതിനോട് ചേര്‍ന്നുള്ള വീടിന്റെ ഗേറ്റ് തുറന്ന് കയറി ടാപ്പില്‍നിന്ന് വെള്ളമെടുത്ത് കത്തിയിലെ ചോരപ്പാടുകള്‍ കഴുകിക്കളഞ്ഞു. പുറത്തിറങ്ങി വീണ്ടും യുവതിക്കു സമീപം നിലയുറപ്പിച്ചു.

സമീപത്തെ വീടുകളെല്ലാം മതില്‍കെട്ടുകള്‍ക്ക് ഉള്ളിലാണ്. ആക്രമണ ശേഷമാണ് സംഭവം അയല്‍ക്കാര്‍ അറിഞ്ഞത്. ആ വീടുകളിലെ സ്ത്രീകള്‍ നിലവിളിച്ചു ബഹളംകൂട്ടിയെങ്കിലും അനീഷ് പിന്മാറാന്‍ തയ്യാറായില്ല.സമീപ വാസികള്‍ വിവരം അറിയിച്ചതനുസരിച്ചു കുണ്ടറയില്‍ നിന്നും പൊലീസ് എത്തിയാണ് ഷാജിലയെ കേരളപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. യുവതിയെ പൊലീസ് വാഹനത്തിലേക്ക് കയറ്റിക്കഴിഞ്ഞയുടന്‍ ഓടാന്‍ ശ്രമിച്ച പ്രതിയെ പൊലിസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ബൈക്കില്‍ കത്തിയോടൊപ്പം മുളകുപൊടിയും പ്രതി കരുതിയിരുന്നു.

അനീഷും ഷൈലയും നേരത്തേ അടുപ്പത്തിലായിരുന്നുവെന്നു പൊലീസ് വ്യക്തമാക്കിയിരുന്നു. പിന്നീട്‌ ഇവർ തമ്മിൽ അകന്നു. അടുത്തിടെ സമീപത്തു താമസമാക്കിയ കുടുംബവുമായി ഷൈല സഹകരിക്കുന്നതിൽ അനീഷിന്‌ എതിർപ്പുണ്ടായിരുന്നു. എന്നാൽ, യുവതി ഇത്‌ അവഗണിച്ചു. തന്നെ ഒഴിവാക്കാൻ ഷൈല ശ്രമിച്ചതോടെ അനീഷിന്റെ വിരോധം മൂർഛിക്കുകയായിരുന്നു. ഇതു കൊലപാതകത്തിൽ കലാശിച്ചുവെന്നാണു പ്രാഥമിക നിഗമനം. കൊലപാതകത്തിന്റെ രണ്ട് മൂന്ന ദിവസം മുമ്പും ഷെെലയെ പ്രതി തടഞ്ഞ് നിർത്താൻ ശ്രമിച്ചതായി വിവരങ്ങള്‌‍ ലഭിക്കുന്നുണ്ട്. ഇവര്‍ അയല്‍വീട്ടിലേക്ക് ഓടിക്കയറിയാണ് അന്ന് രക്ഷപ്പെട്ടത്. രോഷാകുലനായ അനീഷ് അന്ന് വീട്ടുടമയെ അവരുടെ വീട്ടില്‍ കയറി മര്‍ദ്ദിച്ചിരുന്നു. ഇതിനെതിരേ കുണ്ടറ പോലിസില്‍ പരാതി നല്‍കിയിരുന്നു.

RECENT POSTS
Copyright © . All rights reserved