റിട്ട. എസ്‌ഐ കെ.ആർ. ശശിധരന്റെ കൊലപാതക കേസിൽ പോലീസ് കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ട യുവാവിനെ പിടികൂടി. ശശിധരന്റെ അയൽവാസിയായ സിജുവിനെ മണർകാട് പോലീസാണ് പിടികൂടിയത്. മണർകാട് നാലുമണിക്കാറ്റിൽ ഇരിക്കുകയായിരുന്നു ഇയാൾ. സംഭവത്തിൽ ഗാന്ധിനഗർ സിഐ അനൂപ് ജോസിനെ സസ്പെൻഡ് ചെയ്തിരുന്നു. സിജുവിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു എന്നാണ് പോലീസ് വാദിച്ചിരുന്നത്. എന്നാൽ സിജു തന്നെയാണു കൊലപാതകം നടത്തിയതെന്നും ഇയാൾ പോലീസിന്റെ കണ്ണുവെട്ടിച്ച് കസ്റ്റഡിയിൽനിന്നു ചാടിപ്പോയതാണെന്നും ശശിധരന്റെ ബന്ധുക്കൾ ആരോപിച്ചു.
ശശിധരനെ കഴിഞ്ഞ ദിവസം തലയ്ക്ക് അടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പരിസരവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിജുവിനെ കസ്റ്റഡിയിൽ എടുത്തത്. ശശിധരനെ കൊല്ലാൻ ഉപയോഗിച്ച ആയുധത്തിനായി സിജുവിന്റെ വീട്ടുപരിസരത്ത് പോലീസ് തെരച്ചിൽ നടത്തി. ഗാന്ധിനഗർ സ്റ്റേഷനിൽനിന്നു വിട്ടയച്ച സിജു ചെമ്മനംപടിയിൽ ഇറങ്ങി. പ്രദേശത്തെ മൂന്നു വിടുകളിലെത്തി സഹായം അഭ്യർഥിച്ചു. വീട്ടുകാർ ഒച്ചവച്ചതോടെ ഓടിമറഞ്ഞു. ഇതോടെ സിജു കടന്നുകളഞ്ഞതാണെന്ന് അഭ്യൂഹം പരന്നു. ഇതോടെ പോലീസ് സ്ഥലത്തെത്തി സിജുവിനെ വിട്ടയച്ചതാണെന്നു നാട്ടുകാരെ അറിയിക്കുകയായിരുന്നു.
പിടികൂടി 24 മണിക്കൂർ കഴിഞ്ഞതിനാൽ സിജുവിനെ വിട്ടതാണെന്നാണ് പൊലീസ് വാദം. എന്നാൽ വീട്ടിലേക്ക് വിട്ട സിജു വീട്ടിലെത്താതെ മുങ്ങി. ചൊവ്വാഴ്ച രാവിലെ എട്ടു മണിക്ക് പോലീസ് സ്റ്റേഷനിൽ ഒപ്പിടാൻ വരികയും ചെയ്തില്ല. ഇതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മണർകാട് നാലുമണിക്കാറ്റിൽ നിന്ന് ഇയാളെ പിടികൂടിയത്.
ശശിധരന് അടിയേറ്റ സ്ഥലത്ത് നേരത്തെ രണ്ടു പേരെ തലയ്ക്കടിച്ചത് ആര്? ഭീതിയോടെ നാട്ടുകാർ ഇപ്പോൾ ഓർക്കുന്ന സംഭവമാണിത്. ആരാണ് അടിച്ചതെന്നു തിരിച്ചറിയാഞ്ഞതിനാൽ ഇവർ രണ്ടുപേരും പൊലീസിൽ പരാതി നൽകിയില്ല. ശശിധരനും അടി കൊണ്ടവർക്കും സാമ്യം ഒന്നു മാത്രം. സിജുവിന്റെ അയൽവാസികളും ഇയാൾക്ക് വിരോധം ഉള്ളവരും ആയിരുന്നു തലയ്ക്ക് അടിയേറ്റ ഇരുവരും. 7 വർഷം മുൻപാണ് തോപ്പിൽ ബേബിച്ചന് അടിയേറ്റത്. ഫർണിച്ചർ വ്യാപാരിയായ ബേബിച്ചൻ രാത്രി ബൈക്കിൽ വീട്ടിൽ എത്തി ഗേറ്റ് തുറക്കാൻ ശ്രമിച്ചപ്പോൾ പിന്നിൽ നിന്ന് തലയ്ക്ക് അടിയേറ്റു.
അപ്പോൾ തന്നെ ബോധം മറഞ്ഞതിനാൽ സംഭവിച്ചത് എന്താണെന്നു മനസ്സിലായില്ല. പിന്നീട് ഇവരുടെ കാർപോർച്ചിൽ കിടന്ന വാനും കത്തി നശിച്ചു. ഇവരുടെ വീടിന്റെ ഗേറ്റിലും പരിസരത്തും മനുഷ്യ വിസർജ്യം കവറിൽ കെട്ടി വലിച്ചെറിയുന്നതും പതിവായിരുന്നു. 3 വർഷം മുൻപാണ് അയൽവാസിയായ ചെറുകര ചാക്കോയുടെ തലയ്ക്ക് അടിയേറ്റത്. സ്കൂട്ടറിൽ പോകുമ്പോൾ വഴിയരികിൽ മറഞ്ഞു നിന്ന് ആരോ തലയ്ക്ക് പിന്നിൽ അടിച്ചു. എന്നാൽ സ്കൂട്ടർ നിയന്ത്രണം വിട്ടെങ്കിലും മറിഞ്ഞുവീണില്ല. ഇതിനും കേസ് ഉണ്ടായില്ല. ഇതേ സ്ഥലത്തു വച്ചാണ് ഇന്നലെ ശശിധരനും തലയ്ക്ക് പിന്നിൽ അടിയേറ്റു വീണത്.
ബുധനാഴ്ചയാണ് ശശിധരന്റെ മകൾ പ്രീതിയുടെ പ്രസവ ശസ്ത്രക്രിയ ജോലി സ്ഥലമായ അയർലൻഡിലെ ആശുപത്രിയിൽ നിശ്ചയിച്ചിരിക്കുന്നത്. ഇതിനു പോകുന്നതിനായി ശശിധരനും ഭാര്യ സുമയും ഒരുക്കത്തിലായിരുന്നു. 3 മാസം കഴിഞ്ഞു തിരിച്ചുവരും എന്നതിനാൽ വീടും പരിസരവും എല്ലാം ഒരുക്കി. പോകുന്നതിനുള്ള പെട്ടിയും സാധനങ്ങളും അടുക്കി, അയൽവാസികളോട് യാത്രയും പറഞ്ഞിരുന്നു. ശനിയാഴ്ച രാത്രി വൈകിയും സുഹൃത്തുക്കളും അയൽവാസികളും ഇവരുടെ വീട്ടിൽ എത്തി ഏറെ സമയം സംസാരിച്ചിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് 2.30 ന് എയർപോർട്ടിലേക്ക് പോകുന്നതിന് കാർ വരെ ഏർപ്പാടാക്കിയിരുന്നു. ഏതാനും വർഷം മുൻ ഉണ്ടായ ചെറിയ പക്ഷാഘാതത്തെ തുടർന്ന് പ്രഭാത നടത്തം വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നു. രാവിലെ പതിവ് പ്രഭാത നടത്തത്തിനു ഭാര്യയും ഒപ്പം വരാറുണ്ടെങ്കിലും യാത്ര പോകുന്നതിനു പെട്ടി അടുക്കുന്നതിനാൽ തനിച്ചാണ് രാവിലെ നടക്കാൻ പോയത്. രാവിലെ എത്തിയശേഷം ക്ഷേത്രദർശനത്തിന് പോകണമെന്ന് ഭാര്യയോട് പറഞ്ഞിട്ടാണ് ശശിധരൻ നടക്കാൻ ഇറങ്ങിയത്. ശശിധരൻ ഉൾപ്പെടെ അയൽവാസികളുമായി സിജു വിരോധത്തിലാണെന്നു പൊലീസ് പറഞ്ഞു. റോഡിൽ മതിൽ കെട്ടുന്നതിനെച്ചൊല്ലി ഇവർ തമ്മിൽ കേസുണ്ട്. സിജുവിന്റെ വീട്ടിൽ പൊലീസും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
പതിനാറുകാരനെ മൃഗീയമായി കൊലപ്പെടുത്തി. പഞ്ചാബിലെ മാന്‍സയിലാണ് സംഭവം. പതിനാറുകാരനെ അരിമില്ലിലെ തൂണില്‍ കെട്ടിയിട്ട് പെട്രോളൊഴിച്ച് ചുട്ടുകൊല്ലുകയായിരുന്നു. യുവാവിന്റെ സഹോദരന്‍ ഒരു പെണ്‍കുട്ടിയെ സ്‌നേഹിച്ചിരുന്നു. രണ്ടരവര്‍ഷം മുന്‍പ് സഹോദരനും പെണ്‍കുട്ടിയും ഒളിച്ചോടുകയായിരുന്നു.
പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പകതീര്‍ക്കാനാണ് സഹോദരനെ കത്തിച്ചുകളഞ്ഞത്. കൊല്ലപ്പെട്ടത് ദളിത് യുവാവാണ്.അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഡിഎസ്പി മൻസ സുരേന്ദ്ര ശർമ പറഞ്ഞു.
പ്രശസ്ത കൊറിയന്‍ പോപ് ഗായികയും നടിയുമായ ഗോ ഹാ-രയെ മരിച്ച നിലയില്‍ കണ്ടെത്തി. ദക്ഷിണ കൊറിയയിലെ സിയോളിലെ ഗന്നം ചിയോങ്ദാമിലെ വീട്ടിലാണ് ഇരുപത്തിയെട്ടുകാരിയായ ഗോ ഹാ-രയെ ഞായറാഴ്ച രാത്രിയോടെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഗോ ഹാ-ര ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്ത പുറത്ത് വരുന്നതിന് മുമ്പ് ഹാര ഇന്‍സ്റ്റാഗ്രാമില്‍ ‘ഗുഡ്‌നൈറ്റ്’ എന്ന അടിക്കുറിപ്പോടെസ്വന്തം ഫോട്ടോ പങ്കുവച്ചിരുന്നു. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. ഇതുസംബന്ധിച്ച് അന്വേഷണം തുടങ്ങിയതായി പൊലീസ് പറയുന്നു.
കഴിഞ്ഞ മെയില്‍ ആത്മഹത്യാശ്രമം നടത്തിയ ഗോ ഹാ-ര പിന്നീട് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആരാധകരോട് ആത്മഹത്യാശ്രമം നടത്തിയതിന് ക്ഷമ ചോദിച്ചിരുന്നു. ഇതിന് ശേഷം വന്‍ തിരിച്ച് വരവ് നടത്തിയ ഹാ-ര കഴിഞ്ഞ ദിവസങ്ങളിലെല്ലാം ടിവി ഷോകളില്‍ പങ്കെടുത്തിരുന്നു. ഗോ ഹാ-രയുടെ സുഹൃത്തും ഗായികയുമായ സുല്ലിയെ ആറ് മാസങ്ങള്‍ക്ക് മുന്‍പ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
ഈസ്റ്റ് സസ്സെക്സ് :- 10 മില്യൻ പൗണ്ട് വിലവരുന്ന കൊക്കെയിൻ ഫ്രീസ് ചെയ്ത മത്സ്യങ്ങളുടെ ഇടയിൽനിന്നും പോലീസ് കണ്ടെടുത്തു. ശനിയാഴ്ച രാവിലെ ഈസ്റ്റ് സസ്സെക്സിലെ ന്യൂഹേവൻ പോർട്ടിൽ വെച്ചാണ് പോലീസ് മയക്കുമരുന്ന് കണ്ടെടുത്തത്. ഒരു കിലോഗ്രാം അടങ്ങുന്ന 97 ഓളം പാക്കേജുകൾ ആണ് വാനിൽ നിന്നും കണ്ടെടുത്തത്. നാഷണൽ ക്രൈം ഏജൻസി നൽകുന്ന കണക്കനുസരിച്ച് ഏകദേശം 10 മില്യൺ പൗണ്ടോളം ഇവയ്ക്ക് വില വരുമെന്നാണ് നിഗമനം. മെയ്‌ഡെൻഹെഡിൽ നിന്നുള്ള അൻപത് കാരനായ ജെയിംസ് സാറ്റെർലി എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച ഇയാളെ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കും.
നാഷണൽ ക്രൈം ഏജൻസി സസ്സെക്സ് പോലീസ് ഫോഴ്‌സിനോടും, തെംമസ് വാലി ഫോഴ്‌സിനോടും, ബോർഡർ ഫോഴ്‌സിനോടും ചേർന്ന് പ്രവർത്തിച്ചു വരികയാണെന്നും, കുറ്റവാളികളെ ഉടൻ തന്നെ കണ്ടെത്തുമെന്നും സീനിയർ ക്രൈം ഇൻവെസ്റ്റിഗേറ്റീവ് ഓഫീസർ പോൾ മോറിസ് രേഖപ്പെടുത്തി. കൊക്കെയിൻ പോലുള്ള ക്ലാസ്സ് എ മയക്കുമരുന്നുകടത്തിൽ ഉൾപ്പെട്ടിട്ടുള്ള സംഘങ്ങളെ അന്വേഷിച്ചു വരികയാണെന്നും, ഇത്തരത്തിലുള്ള സംഘങ്ങളെ നിർമ്മാർജ്ജനം ചെയ്യാനാണ് പോലീസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു . ഇത്തരത്തിലുള്ള മയക്കു മരുന്നുകളുടെ ഉപയോഗം ആണ് സമൂഹത്തിൽ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിന് ഇടയാക്കുന്നത്. സമൂഹത്തിന്റെ സുസ്ഥിരതയെ ചോദ്യം ചെയ്യുന്ന ഇത്തരം പ്രവർത്തനങ്ങൾ ഇല്ലാതാക്കാനുള്ള എല്ലാ ശ്രമങ്ങളും പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നൽകി.
കൂടത്തായി കൊലപാതക പരമ്പരകളിലെ മുഖ്യ പ്രതി ജോളിയാമ്മ ജോസഫ് പൊലീസ് പിടിയിലായശേഷം ആദ്യമായി സ്വന്തം വീട്ടിലെത്തിയപ്പോൾ അമ്മയെക്കണ്ട് പൊട്ടിക്കരഞ്ഞു. മത്തായിപ്പടിയിലെ പഴയ തറവാട്ടിൽ തെളിവെടുപ്പ് നടത്തിയ ശേഷം കഴിഞ്ഞ ദിവസം 11.40നാണ് ജോളിയെ മാതാപിതാക്കൾ താമസിക്കുന്ന വലിയകണ്ടത്തെ വീട്ടിലെത്തിച്ചത്. ഒട്ടേറെപ്പേരാണ് പ്രതിയെ കാണാൻ പ്രദേശത്ത് തടിച്ചു കൂടിയിരുന്നത്. വെള്ളിയാഴ്ച രാത്രിയോടെയാണ് ജോളിയെ കട്ടപ്പനയ്ക്കു കൊണ്ടുവരുന്നതായുള്ള വിവരം പുറത്തറിഞ്ഞത്. പുലർച്ചെ ജോളിയെ എത്തിക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നെങ്കിലും എവിടേക്കാണ് എത്തിക്കുകയെന്ന് വ്യക്തതയുണ്ടായിരുന്നില്ല. അതിനാൽ ജോളിയും കുടുംബവും മുൻപ് താമസിച്ചിരുന്ന കാമാക്ഷി പഞ്ചായത്തിലെ ഏഴാംമൈൽ മത്തായിപ്പടിയിലും മാതാപിതാക്കൾ ഇപ്പോൾ താമസിക്കുന്ന വീടിനു മുന്നിലും അന്വേഷണ സംഘം മുൻപ് പരിശോധന നടത്തിയ കട്ടപ്പനയിലെ ജ്യോത്സ്യന്റെ വീടിനു സമീപവും ആളുകൾ രാവിലെ മുതൽ തമ്പടിച്ചു.
തെളിവെടുപ്പിനായി ഏഴുമണിക്ക് കട്ടപ്പനയിൽ എത്തിയ അന്വേഷണ സംഘം ജോളിയെ പൊലീസ് സ്‌റ്റേഷനിലേക്കാണ് കൊണ്ടുവന്നത്. പൊലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയ നൂറുകണക്കിനാളുകൾ പ്രതിയെ കൂകി വിളിച്ചു. ജോളി ജനിച്ചു വളർന്ന കട്ടപ്പന വാഴവരക്കു സമീപമുള്ള പഴയ കുടുംബ വീട്ടിലാണ് പ്രതിയെ ആദ്യമെത്തിച്ചത്. പിതാവ് കൃഷിയാവശ്യത്തിന് വാങ്ങി സൂക്ഷിച്ചിരുന്ന വിഷം വളർത്തുനായ്ക്കു നൽകിയായിരുന്നു ഇവിടെ വെച്ചു ജോളിയുടെ ആദ്യ കൊലപാതക പരീക്ഷണം.
7 വര്‍ഷം മുമ്പ് വീട്ടിലുണ്ടായിരുന്ന വളര്‍ത്തു നായ പരിചയമുള്ള ബന്ധുക്കള്‍ വീട്ടില്‍ വരുമ്പോള്‍ സ്‌നേഹം പ്രകടിപ്പിക്കാനായി ദേഹത്തേക്ക് ചാടുമായിരുന്നു. ഇത് ഇഷ്ടപ്പെടാത്തതിനാലാണ് ജോളി നായയെ ‘ഡോഗ്കില്‍’ എന്ന വിഷം നല്‍കി നായയെ കൊന്നത്. വായില്‍നിന്നും മൂക്കില്‍നിന്നും നുരയും പതയും വന്ന്, ഞരമ്പുകള്‍ വരിഞ്ഞുമുറുകിയുള്ള പെട്ടെന്നുള്ള മൃഗീയമരണമാണ് ‘ഡോഗ്കില്‍’ വിഷം കഴിച്ചാലുള്ള അനന്തരഫലം. ഈ വിഷം പിന്നീട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിരോധിക്കുകയായിരുന്നു. ഇങ്ങനെ നായ ചത്തതിലൂടെയാണ് ഈ മരുന്ന് മനുഷ്യരിലും പ്രയോഗിക്കാന്‍ ജോളി തീരുമാനിക്കുന്നത്. തുടര്‍ന്ന് വളര്‍ത്തുനായയെ കൊല്ലാനെന്ന വ്യാജേന കോഴിക്കോട് മൃഗാശുപത്രിയില്‍ നിന്ന് ഡോഗ്കില്‍ വാങ്ങി ആട്ടിന്‍സൂപ്പില്‍ ചേര്‍ത്ത് അന്നമ്മയെ കൊലപ്പെടുത്തുകയായിരുന്നു.
വലിയകണ്ടത്തെ കുടുംബവീട്ടിലെത്തിച്ചും അന്വേഷണ സംഘം തെളിവെടുത്തു. ജോളിയുടെ മാതാപിതാക്കളുടെയും നാട്ടുകാരുടെയും മൊഴി രേഖപ്പെടുത്തി. നെടുംകണ്ടത്ത് പ്രീഡിഗ്രിക്ക് പഠിച്ച ജോളിയുടെ വിദ്യാഭ്യാസ രേഖകൾ യഥാർത്ഥമെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. കേസുമായി ബന്ധപ്പെട്ട രേഖകളും, വിഷകുപ്പിയും അടക്കമുള്ള നിർണായക തെളിവുകൾ കണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. അന്വേഷണ ഉദ്യോഗസ്ഥനായ പേരാമ്പ്ര സിഐ കെ.കെ.ബിജു, വനിതാ സെൽ എസ്‌ഐ പത്മിനി, കട്ടപ്പന ഡിവൈഎസ്പി. എൻ.സി.രാജ്മോഹൻ, സിഐ വി.എസ്.അനിൽകുമാർ, എഎസ്‌ഐമാരായ സുജിത്, അജയൻ, രഞ്ജിത്, എസ്‌സിപിഒമാരായ രാജേഷ്, റിനേഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹമാണ് ജോളിയെ തെളിവെടുപ്പിനെത്തിക്കാൻ ഉണ്ടായിരുന്നത്.
ഷാര്‍ജയിലെ ഡല്‍ഹി പ്രൈവറ്റ് സ്‌ക്കൂളില്‍ പഠിക്കുന്ന പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് മാതാപിതാക്കളുടെ പരാതി. അമയ സന്തോഷിനെ(15) വെള്ളിയാഴ്ച മുതല്‍ കാണാനില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. രാവിലെ ട്യൂഷന് പോയതിന് ശേഷം തിരിച്ചെത്തിയിട്ടില്ലെന്ന് മാതാവ് ബിന്ദു സന്തോഷ് പറയുന്നു. പരീക്ഷ പേടിയാകാം വീട്ടിലേക്ക് തിരിച്ച് വരാന്‍ മടിക്കുന്നതെന്ന് ബന്ധുക്കള്‍ അറിയിച്ചു. മകന്റെ സുഹൃത്തുക്കളുമായി രക്ഷിതാക്കള്‍ ബന്ധപ്പെട്ടെങ്കിലും യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഷാര്‍ജയിലെ പ്രധാന ഷോപ്പിംഗ് മാളുകളിലെല്ലാം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് അല്‍ ഗര്‍ബ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
മേല്‍പ്പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട കാര്‍ റോഡിലേക്ക് പതിച്ച് ഹൈദരാബാദില്‍ സ്ത്രീ മരിക്കുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
അമിതവേഗത്തിലെത്തിയ കാര്‍ മേല്‍പ്പാലത്തില്‍വെച്ച് നിയന്ത്രണംവിട്ട് താഴേക്ക് പതിക്കുകയായിരുന്നു. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് കാറുകള്‍ തകര്‍ത്താണ് അപകടം സംഭവിച്ച കാര്‍ നിലംപതിച്ചത്. അപകട സമയത്ത് റോഡിലൂടെ മകളോടൊപ്പം സഞ്ചരിച്ചുകൊണ്ടിരുന്ന സത്യവേനി എന്ന യുവതിയാണ് മരിച്ചത്. മകള്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
സമീപ പ്രദേശങ്ങളിലുണ്ടായിരുന്നവര്‍ ചിതറിയോടുന്നത് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും. കാറില്‍ മൂന്ന്‌പേര്‍ ഉണ്ടായിരുന്നു. ഡ്രൈവറുടെ നില ഗുരുതരമാണ്. 104 കിലോമീറ്റര്‍ വേഗത്തിലായിരുന്നു കാര്‍ ഓടിച്ചിരുന്നതെന്ന് ഹൈദരാബാദ് പോലീസ് പറയുന്നു.
നവംബര്‍ നാലിനായിരുന്നു മേല്‍പ്പാലം ഉദ്ഘാടനം ചെയ്തിരുന്നത്. ഒരാഴ്ച്ചക്കുള്ളില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യാത്രക്കാര്‍ മരിച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയവഴി ആളുകള്‍ മേല്‍പ്പാലത്തിന്റെ നിര്‍മ്മിതിയിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി പരാതി ഉന്നയിക്കുന്നുണ്ട്.
മുതിര്‍ന്ന കുട്ടികള്‍ കളിക്കുന്നതിനിടെയില്‍ ബാറ്റ് തലയില്‍ കൊണ്ട് മരിച്ച പന്ത്രണ്ടുകാരന്‍ നവനീത് ചുനക്കര ഗവ. വിഎച്ച്എസ്എസ് വിദ്യാര്‍ത്ഥി സ്‌കൂളിനും നാടിനും വേദനയായി. പുതുതായി കിട്ടിയ സൈക്കിളായിരുന്നു നവനീതിന്റെ അടുത്തകാലത്തെ ഏറ്റവും വലിയ കൂട്ട്. സ്‌കൂളിലെ സൈക്കിള്‍ ഷെഡ്ഡില്‍ വയ്ക്കുന്ന സൈക്കിള്‍ അവിടെയുണ്ടോയെന്ന് നോക്കാനും തൊട്ടുതലോടാനും എല്ലാ ഇന്റര്‍വെല്ലിനും അവന്‍ ഓടിയിരുന്നു. ഇന്നലെ ഉച്ച ഭക്ഷണത്തിന്റെ ഇടവേളയ്ക്കും നവനീത് ഇത്തരത്തില്‍ സൈക്കിളിനടുത്ത് പോയി തിരിച്ച് വരുമ്പോഴാണ് അപകടമുണ്ടായത്.
നൂറനാട് പുതുപ്പള്ളി കുന്നം വിനോദ് ഭവനില്‍ വിനോദിന്റെയും ധന്യയുടെയും മകന്‍ നവനീത് ആണ് ദാരുണമായി മരിച്ചത്. ചുനക്കര സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സ്‌കൂളിലെ ഷെഡിനടുത്തുള്ള മരച്ചുവട്ടില്‍ പോയി മടങ്ങിവരികയായിരുന്നു നവനീത്. രണ്ട് കെട്ടിടങ്ങള്‍ക്കിടയിലുള്ള ചെറിയ ഗ്രൗണ്ട് പോലുള്ള സ്ഥലത്ത് മുതിര്‍ന്ന കുട്ടികള്‍ ഡെസ്‌കിന്റെ രണ്ട് കാലുകള്‍ക്കിടയില്‍ വയ്ക്കുന്ന പട്ടികക്കഷണവും പേപ്പര്‍ ചുരുട്ടിയുണ്ടാക്കിയ പന്തും കൊണ്ട് ക്രിക്കറ്റ് കളിക്കുന്നുണ്ടായിരുന്നു.
സ്‌കൂളില്‍ ഓഡിറ്റ് തര്‍ക്കം ഉന്നയിച്ചതിനെ തുടര്‍ന്ന് നിര്‍മ്മാണം പാതിവഴിയില്‍ ഉപേക്ഷിച്ച കെട്ടിടത്തിന്റെയും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയുടെ സിവില്‍ കണ്‍സ്ട്രക്ഷന്‍ ലാബിന്റെയും മധ്യഭാഗത്ത് കൂടിയാണ് ഏറ്റവും താഴെയുള്ള യുപി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും നവനീത് മുകളിലെ ഓഫീസ് കെട്ടിടത്തിന് പിന്നിലെ സൈക്കിള്‍ ഷെഡ്ഡില്‍ എത്തിയത്. വഴിയില്‍ മരക്കഷണങ്ങള്‍ മുറിച്ചിട്ടിരിക്കുന്നതിന്റെയും മരത്തിന്റെ വേരുകളിലുമായി കുട്ടികള്‍ കൂട്ടംകൂടിയിരിക്കാറുണ്ട്. അതിനിടയിലെ ചെറിയ മൈതാനത്തിലാണ് കുട്ടികള്‍ ക്രിക്കറ്റ് കളിച്ചിരുന്നത്. സൈക്കിളിനടുത്ത് പോയി മടങ്ങുമ്പോള്‍ ഇറക്കത്തിലൂടെ ഓടി വന്ന നവീന്‍ ഇത് ശ്രദ്ധിച്ചിട്ടുണ്ടാകില്ലെന്നാണ് കരുതുന്നത്. ബാറ്റ് ചെയ്ത കുട്ടിയും നവീനെ കണ്ടില്ല.
ബാറ്റ് വീശി കറങ്ങിയതും നവനീത് ഓടിയെത്തിയതും ഒരേ സമയത്തായിരുന്നു. ബാറ്റ് തെറിച്ച് നവനീതിന്റെ തലയില്‍ കൊണ്ടുവെന്നാണ് പോലീസ് പറയുന്നത്. എല്ലാവരും ഒന്ന് ഞെട്ടിയെങ്കിലും കുഴപ്പമില്ലെന്ന് പറഞ്ഞ് നവനീത് മുന്നോട്ട് നടക്കുകയും ചെയ്തു. എന്നാല്‍ ഏതാനും ചുവട് നടന്ന നവീന്‍ കുഴഞ്ഞ് വീഴുകയായിരുന്നു. വായില്‍ നുരയും പതയും വന്നിരുന്നു. വിദ്യാര്‍ത്ഥികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ പിടിഎ അധികൃതരും അധ്യാപകരും കുട്ടിയെ എടുത്ത് കാറില്‍ ചുനക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് പോയി. അവിടെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം കുട്ടിയുടെ ആരോഗ്യ സ്ഥിതി മോശമാകുന്നുവെന്ന് കണ്ട് വിദഗ്ധ ചികിത്സയുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഈ യാത്രക്കിടെ നവനീതിന്റെ മരണം സംഭവിക്കുകയും ചെയ്തു.
ആന്തരിക ക്ഷതമാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തതായി കുറത്തിക്കാട് പോലീസ് അഴിമുഖം പ്രതിനിധിയെ അറിയിച്ചു.
ആൾദൈവം നിത്യാനന്ദയുടെ ആശ്രമത്തിൽ മാനസികമായി പീഡിപ്പിക്കപ്പെട്ടുവെന്ന പരാതിയുമായി തടങ്കലിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടി. കഴിഞ്ഞ ദിവസമാണ് ബംഗളൂരു സ്വദേശിയായ ജനാർദ്ദന ശർമ്മ തന്റെ നാല് മക്കളെ നിത്യാനന്ദ അനധികൃതമായി തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് കാണിച്ച് ഗുജറാത്ത് ഹൈക്കോടതിയിൽ പരാതി നൽകിയത്. രണ്ട് മക്കളെ പൊലീസിന്റെയും ശിശുക്ഷേമസമിതിയുടെയും സഹായത്തോടെ മോചിപ്പിച്ചിരുന്നു. അതിലൊരു പെൺകുട്ടിയാണ് നിത്യാനന്ദയുടെ ആശ്രമത്തിൽ നേരിട്ട മാനസിക പീഡനങ്ങളെക്കുറിച്ച് പരാതിപ്പെട്ടിരിക്കുന്നത്.
”2013 മെയ്മാസത്തിലാണ് ഗുരുകുലത്തിൽ പഠനത്തിനായി ചേരുന്നത്. ആദ്യമൊക്കെ ജീവിതം രസകരമായി മുന്നോട്ട് പോയി. പിന്നീട് 2017 ആയപ്പോഴാണ് അഴിമതി ആരംഭിച്ചത്. സ്വാമിക്ക് വേണ്ടി പ്രചാരണ പ്രവർത്തനങ്ങൾ നടത്താനാവശ്യപ്പെട്ടു. ലക്ഷക്കണക്കിന് രൂപ സ്വാമിജിക്കായി സംഭാവനകൾ കണ്ടെത്തണം. ഏക്കർ കണക്കിന് സ്ഥലങ്ങളും കണ്ടെത്തേണ്ടി വന്നു. അർദ്ധരാത്രിയിൽ വിളിച്ചഴുന്നേൽപ്പിച്ച്, ആഭരണങ്ങളും മേക്കപ്പുമിട്ട് സ്വാമിജിയ്ക്കായി വീഡിയോ നിർമ്മിക്കാൻ ആവശ്യപ്പെടും. മൂത്ത സഹോദരിക്ക് ഇതുവരെ ആശ്രമത്തിൽ നിന്നും പുറത്ത് കടക്കാൻ സാധിച്ചിട്ടില്ല. സ്വാമിജിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് മിക്ക വീഡിയോകളും സഹോദരി ചെയ്തിട്ടുള്ളത്. ഞാനതിന് സാക്ഷിയാണ്. അച്ഛനെയും അമ്മയെയും കുറിച്ച് മോശമായി സംസാരിക്കാൻ ആവശ്യപ്പെട്ടു. പക്ഷേ ഞാൻ ചെയ്തില്ല.” പെൺകുട്ടി വിശദീകരിക്കുന്നു.
ആത്മീയകാര്യങ്ങൾക്കാണെന്ന് പറഞ്ഞ് ആശ്രമം അധികൃതർ തന്നെ രണ്ട് മാസം മുറിയിൽ പൂട്ടിയിട്ടതായും പെൺകുട്ടി വെളിപ്പെടുത്തുന്നു. അതുപോലെ മോശം ഭാഷയിലാണ് ആശ്രമം അധികൃതർ സംസാരിച്ചിരുന്നതെന്നും പെൺകുട്ടി പറയുന്നു. ജനാർദ്ദന ശർമ്മയുടെ മൂത്ത രണ്ട് പെൺകുട്ടികൾ ഇപ്പോഴും നിത്യാനന്ദയുടെ ആശ്രമത്തിലുണ്ട്. അവരെ തിരികെ ലഭിക്കുന്നതിനായുള്ള നടപടികൾ ആരംഭിച്ചതായും ശർമ്മ വെളിപ്പെടുത്തി.
മകളുടെ വിവാഹത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് മകന്‍ അപകടത്തില്‍പ്പെട്ട് മരിച്ചത് മറച്ചുവെച്ച് പിതാവ് വിവാഹം നടത്തി. ചടങ്ങ് പൂര്‍ത്തിയാകുന്നത് വരെ മറ്റ് കുടുംബാംഗങ്ങളെയോ അതിഥികളെയോ അദ്ദേഹം വിവരം അറിയിച്ചില്ല. ചടങ്ങുകള്‍ക്ക് ശേഷമാണ് പിതാവ് മകന്‍റെ മരണ വിവരം കുടുംബത്തെ അറിയിച്ചത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ കരിയഝല ഗ്രാമത്തിലാണ് കണ്ണുനനയിപ്പിക്കുന്ന സംഭവമുണ്ടായത്.
വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് രാവിലെ ഏഴ് മണിയോടെയാണ് വധുവിന്‍റെ സഹോദരനായ 18കാരന്‍ ഹിമാന്‍ഷു യാദവ് കുറച്ച് സാധനങ്ങള്‍ വാങ്ങാനായി ബൈക്കില്‍ പുറപ്പെട്ടത്. എന്നാല്‍, അമിത വേഗതയിലെത്തിയ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ യുവാവ് തല്‍ക്ഷണം മരിച്ചു. ഓടിക്കൂടിയവര്‍ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചു.
മകന്‍റെ മരണ വിവരം നാട്ടുകാരാണ് പിതാവ് രാം നരേഷിനെ അറിയിച്ചത്. ഈ സമയം വിവാഹപ്പന്തലില്‍ ഒരുങ്ങി നില്‍ക്കുകയായിരുന്നു മകള്‍ അഞ്ജു. വിവാഹ വിവരം മറച്ചുവെച്ച പിതാവ് ചടങ്ങുകള്‍ക്ക് ശേഷം വിവരം അറിയിച്ചയുടനെ കുഴഞ്ഞുവീണു. മകളുടെ വിവാഹം മുടങ്ങാന്‍ ആഗ്രമില്ലാത്തതിനാലാണ് മകന്‍റെ മരണ വിവരം മറച്ചുവെച്ചതെന്ന് പിന്നീട് പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.