Crime

കായംകുളം എം.എല്‍.എ. യു. പ്രതിഭയുടെ മുന്‍ ഭര്‍ത്താവും കെഎസ്ഇബി ഉദ്യോഗസ്ഥനുമായ കെ ആർ ഹരി തൂങ്ങി മരിച്ച നിലയിൽ. നിലമ്പൂരിലെ വാടക ക്വാർട്ടേഴ്സിലാണ് കെ.ആർ. ഹരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.

ആലപ്പുഴ തകഴി സ്വദേശിയാണ് ഹരി 2001 ഫെബ്രുവരി നാലിനാണ് യു. പ്രതിഭയെ വിവാഹം ചെയ്തത്. എന്നാല്‍ കഴിഞ്ഞവര്‍ഷം ഇവര്‍ വിവാഹമോചനം നേടി ബന്ധം വേര്‍പ്പെടുത്തിയിരുന്നു. ഒരുമകനുണ്ട്. വർഷങ്ങളായി ചുങ്കത്തറയിൽ കെ.എസ്.ഇ.ബി ഓവർസിയറായി ജോലിനോക്കി വരികയായിരുന്നു കെ ആർ ഹരി.

ഹരിയെ രാവിലെ വീടിന് പുറത്ത് കാണാത്തതിനാല്‍ അയല്‍വാസികള്‍ കെ.എസ്.ഇ.ബി. ഓഫീസിലും പോലീസിലും വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീടിനകത്ത് കടന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഉദൽഗുരി: ശാസ്ത്ര അദ്ധ്യാപികയുടെ കുടുംബം മൂന്ന് വയസുകാരിയെ ബലികൊടുക്കാൻ ശ്രമിച്ചു. ആസ്സാമിലെ ഉദൽഗുരി ജില്ലയിലാണ് സംഭവം. മൂന്ന് വയസുകാരിയെ ബലി കൊടുക്കാനുള്ള ശ്രമം തടയാൻ പൊലീസ് നടത്തിയ വെടിവയ്പ്പിൽ ശാസ്ത്ര അദ്ധ്യാപികയുടെ കുടുംബത്തിലെ ഒരംഗം കൊല്ലപ്പെട്ടു. കുടുംബത്തിലെ സ്ത്രീകളടക്കമുള്ളവർ നഗ്നരായി മന്ത്രങ്ങൾ ഉച്ചരിക്കുന്നെന്നും മൂന്ന് വയസുകാരിയെ ബലികൊടുക്കാൻ പോവുകയാണെന്നും പൊലീസിനെ അറിയിച്ചത് നാട്ടുകാരാണ്. അദ്ധ്യാപികയുടെ സഹോദരന്റെ മൂന്ന് വയസുള്ള മകളെയാണ് ബലികൊടുക്കാൻ ശ്രമിച്ചത്.

ശാസ്ത്ര അദ്ധ്യാപികയ്ക്കടക്കം പരിക്കേറ്റു. പരിക്കേറ്റവരെ ഗുവാഹത്തിയിലെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ധ്യാപികയുടെ മകൻ പുലകേഷ് സഹാരിയയാണ് പൊലീസിന്റെ വെടിയേറ്റ് മരിച്ചത്.മൂന്ന് വയസുകാരിയെ നീളമുള്ള വാളുപയോഗിച്ച് കഴുത്തറുത്ത് കൊല്ലാനായി മന്ത്രവാദി ശ്രമിച്ച ഘട്ടത്തിൽ നാട്ടുകാർ ഇടപെട്ടു. ഇവർ മൂന്ന് വയസുകാരിയെ ബലികൊടുക്കാനുള്ള ശ്രമം പരാജയപ്പെടുത്തി പെൺകുട്ടിയെ രക്ഷിച്ചു. എന്നാൽ കുടുംബാംഗങ്ങൾ വാളുകളും മഴുവും കല്ലും വടികളും ഉപയോഗിച്ച് നാട്ടുകാരെ ആക്രമിച്ചു. പിന്നീടിവർ വീട്ടിലെ ഇരുചക്രവാഹനങ്ങളും കാറും ടിവി സെറ്റും ഫ്രിഡ്ജും തീവച്ച് നശിപ്പിച്ചു.

മൂന്ന് വർഷങ്ങൾക്ക് മുൻപ് ഇവരുടെ കുടുംബത്തിൽ ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തിരുന്നു. ഇതിന് ശേഷം പതിവായി ഇവിടെ മന്ത്രവാദം നടന്നുവരുന്നുണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പൊലീസിനോട് പറഞ്ഞത്. അക്രമാസക്തരായ കുടുംബത്തെ തടയാനാണ് വെടിയുതിർത്തതെന്നാണ് പൊലീസിന്റെ വിശദീകരണം.

കൊച്ചി: കൊച്ചി പെരുമ്പടത്ത് ബോയ്സ് ഹോമില്‍ കഴിഞ്ഞിരുന്ന കുട്ടികളെ പീഡിപ്പിച്ച വൈദികന്‍ അറസ്റ്റില്‍. ഇന്നലെ വൈദികന്‍ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടര്‍ന്ന് ബോയ്സ് ഹോമില്‍ നിന്നും ഓടി രക്ഷപ്പെട്ട കുട്ടികളാണ് സംഭവം മാതാപിതാക്കളെ അറിയിച്ചത്. തുടർന്ന് രക്ഷിതാക്കളെത്തി വൈദികനെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

ജെറി എന്ന് വിളിക്കുന്ന ഫാദർ ജോർജിനെയാണ് പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹം ഡയറക്ടറായ ബോയ്സ് ഹോമിലെ കുട്ടികളെയാണ് പീഡനത്തിന് ഇരയാക്കിയത്. വൈദികൻ കുട്ടികളെ പീഡിപ്പിക്കുന്നതായി നേരത്തെയും പരാതിയുണ്ടായിരുന്നതായി സൂചനയുണ്ട്.

നിര്‍ധന കുടുംബത്തിലേയും രക്ഷിതാക്കള്‍ ഇല്ലാത്ത കുടുംബങ്ങളിലേയും കുട്ടികളെയുമാണ് ബോയ്സ് ഹോമില്‍ പാര്‍പ്പിച്ചിരുന്നത്. അറസ്റ്റ് ചെയ്ത വൈദികനെ പൊലീസ് കോടതിയില്‍ ഹാജരാകും. ഇയാള്‍ക്കെതിരെ പ്രകൃതിവിരുദ്ധപീഡനത്തിനും ഒപ്പം പോക്സോ വകുപ്പ് പ്രകാരവും കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

സൈനികന്റെ ഭാര്യയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കൊല്ലത്ത് ബിജെപി നേതാവിനെതിരെ കേസ്. ബിജെപി കൊല്ലം. ജില്ലാ മുൻ ജനറല്‍ സെക്രട്ടറി നെടുമ്പന ഓമനക്കുട്ടനെതിരെയാണ് കുണ്ടറ പൊലീസ് കേസെടുത്തത്. ബിജെപി അനുഭാവിയായ സൈനികൻ മാസങ്ങൾക്ക് മുൻപ് പാർട്ടിക്ക് നൽകിയ പരാതിയെ തുടര്‍ന്ന് ഓമനക്കുട്ടനെ ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയിരുന്നു.

ബിഎസ്എഫില്‍ ജോലി ചെയ്യുന്ന കൊല്ലം സ്വദേശി സ്ഥലം മാറ്റത്തിനായി രണ്ടു വർഷം മുൻപ് ബിജെപി നേതാവായ നെടുമ്പന ഓമനക്കുട്ടനെ സമീപിച്ചിരുന്നു. അവധി കഴിഞ്ഞ് സൈനികൻ ജോലി സ്ഥലത്തേക്ക് പോയതിനു പിന്നാലെ ഓമനക്കുട്ടൻ , ഭാര്യയെ കുണ്ടറയിലെ ഒരു വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് സൈനികന്റെ പരാതി.

സൈനികൻ നൽകിയ പരാതിയിൽ ബിജെപി ജില്ലാ നേതാവിനെതിരെ ബലാൽസംഘ ശ്രമമുള്‍പ്പെടെ മൂന്നുവകുപ്പുകള്‍ ചുമത്തിയാണ് കുണ്ടറ പൊലീസ് കേസെടുത്തിരിക്കുന്നത്. മാസങ്ങൾക്ക് മുൻപ് ബി ജെ പി സംസ്ഥാന അധ്യക്ഷനടക്കമുള്ളവർക്കും സൈനികൻ പരാതി നൽകിയിരുന്നു. തുടർന്ന് നെടുമ്പന ഓമനക്കുട്ടനെ ജില്ലാ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കുകയും പാർട്ടി അന്വേഷണ കമ്മിഷനെ നിയോഗിക്കുകയും ചെയ്തു.പരാതി കെട്ടിച്ചമച്ചതാണെന്നും നിയമപരമായി നേരിടുമെന്നുമായിരുന്നു നെടുമ്പന ഓമനക്കുട്ടന്റെ പ്രതികരണം.

വീഡിയോ കടപ്പാട് : കൈരളി ന്യൂസ്

നടി വനിത വിജയകുമാർ തട്ടിക്കൊണ്ടുപോയെന്ന പരാതി വ്യാജമാണെന്ന് വനിതയുടെ അഭിഭാഷകൻ. വനിതയുടെ മുൻ ഭര്‍ത്താവ് ആനന്ദരാജ് ആണ് തെലങ്കാന പൊലീസില്‍ പരാതി നൽകിയത്. പിതാവിനൊപ്പം ജീവിക്കേണ്ടെന്ന് കുട്ടി പറഞ്ഞതിനാലാണ് ചെന്നൈയിൽ താമസിപ്പിച്ചിരിക്കുന്നതെന്ന് വനിതയുടെ അഭിഭാഷകൻ പറയുന്നു.

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തുകൊണ്ടിരുന്ന വനിതയെ കഴിഞ്ഞ ദിവസം തെലങ്കാന പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവിപി ഫിലിം സിറ്റിയിലെ സ്റ്റുഡിയോയിലെത്തിയാണ് പൊലീസ് ചോദ്യം ചെയ്തത്.

തമിഴ്നടൻ ആനന്ദ്കുമാർ ആണ് വനിതയുടെ ഭർത്താവ്. ‘ആനന്ദരാജിന്റെ സുഹൃത്തുക്കൾ മദ്യപിച്ച് വീട്ടില്‍ വരികയും തന്നോട് മോശമായി പെരുമാറുകയും ചെയ്തു. വീട്ടിൽ സ്ഥിരമായി വരുന്ന ഒരു സ്ത്രീ കിടപ്പുമുറിയിൽ വെച്ച് ഉപദ്രവിച്ചു. പുറത്തുപറയാൻ കഴിയാത്ത കാര്യങ്ങളാണ് അവിടെ നടക്കുന്നത്”- വനിതയുടെ മകൾ പൊലീസിനോട് പറഞ്ഞത് ഇങ്ങനെ.

കുട്ടിക്ക് ചെന്നൈയിൽ അമ്മയോടൊപ്പം താമസിക്കാനാണ് താത്പര്യം. വനിത മകളെ തട്ടിക്കൊണ്ടുവന്നതല്ലെന്നും പൊലീസിന് കാര്യങ്ങൾ വ്യക്തമായെന്നും അഭിഭാഷകൻ പറഞ്ഞു.

2007ലാണ് ആനന്ദരാജും വനിതയും വിവാഹിതരാകുന്നത്. 2010ൽ ഇവർ വേര്‍പിരിയുകയും ചെയ്തു. തെലങ്കാന പൊലീസിൽ കഴിഞ്ഞ ഫെബ്രുവരിയിലാണ് ആനന്ദരാജ് പരാതി നല്‍കിയത്. തന്റെ പക്കൽ നിന്ന് മകളെ വനിത ചെന്നൈയിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നും പിന്നീട് തിരച്ചയച്ചില്ലെന്നും ആനന്ദരാജ് ആരോപിച്ചു.

തമിഴ്നാടു തൂത്തുക്കുടിയിൽ ദുരഭിമാനക്കൊല. പ്രണയിച്ചു വിവാഹം കഴിച്ച വ്യത്യസ്ത ജാതിയിൽപെട്ട ദമ്പതികളെ ഒരു സംഘം വീട്ടില്‍ കയറി വെട്ടിക്കൊന്നു. കേസുമായി ബന്ധപെട്ട് പെണ്‍കുട്ടിയുടെ പിതാവ് അറസ്റ്റിലായി.

തൂത്തുകുടി വിലാത്തിക്കുളം പെരിയനഗര്‍ സ്വദേശി സോലൈരാജ് ഭാര്യ ജ്യോതി എന്നിവരാണ് കൊല്ലപെട്ടത്.ഉപ്പുപാടത്ത് ജോലി ചെയ്യുന്നതിനിടെയാണ് ഇരുവരും തമ്മില്‍ കാണുന്നതും പ്രണയിക്കുന്നതും. പട്ടികജാതി വിഭാഗത്തിലെ വ്യത്യസ്ത ജാതിയില്‍ പെട്ടവരായിതിനാല്‍ ജ്യോതിയുടെ വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തു .മൂന്നുമാസം മുമ്പു വിവാഹിതരായി സോലൈരാജിന്റെ വീടിനു സമീപം വാടക വീട്ടില്‍ താമസിക്കുകയായിരുന്നു. ഇതിനിടയ്ക്ക് ജ്യോതി ഗര്‍ഭിണിയായി. കഴിഞ്ഞ ദിവസം വൈദ്യുതിയില്ലാത്തിനാല്‍ ഇരുവരും വീടിനു പുറത്താണ് ഉറങ്ങാന്‍ കിടന്നത്.

രാവിലെ സോലൈരാജിന്റെ മാതാവ് വീട്ടിലെത്തിയപ്പോഴാണ് ഇരുവരും രക്തത്തില്‍ കുളിച്ചു കിടക്കുന്നതു കണ്ടത്. സംഭവുമായി ബന്ധപെട്ട് ജ്യോതിയുടെ പിതാവ് അളഗര്‍ അറസ്റ്റിലായി.ദിവസങ്ങൾക്കു മുൻപു കോയമ്പത്തൂരിൽ ജാതി മാറി വിവാഹം കഴിക്കുന്നതു തടയാൻ സഹോദരനെയും കാമുകിയെയും യുവാവു കുത്തി കൊലപ്പെടുത്തിയിരുന്നു. ജാതി മാറി വിവാഹം കഴിക്കുന്നവർക്ക് സംരക്ഷണം ഉറപ്പാക്കാൻ സർക്കാർ 24 മണിക്കൂർ ഹെൽപ്‌ലൈൻ തുടങ്ങിയിട്ടുണ്ടെങ്കിലും ദുരഭിമാനക്കൊലകള്‍ നിര്‍ബാധം തുടരുന്നുവെന്നാണു സാമൂഹിക പ്രവര്ത്തകര്‍ പറയുന്നത്.

നെടുമങ്ങാട് പതിനാറുകാരി മീരയുടെ കൊലപാതകക്കേസിൽ പിടിയിലായ അമ്മയെയും കാമുകനെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്. അനീഷിനെക്കൊണ്ട് മകൾ മീരയെ വിവാഹം കഴിപ്പിക്കാൻ മഞ്ജുഷ ശ്രമിച്ചിരുന്നെന്നും ഇത് മീര എതിര്‍ത്തതാണ് കൊലക്ക് പ്രേരിപ്പിച്ചതെന്നും പൊലീസ് സൂചന നൽകുന്നു.

അനീഷുമായുള്ള തന്റെ അടുപ്പം തുടരാനുള്ള ലക്ഷ്യത്തോടെയാണ് ‌മഞ്ജുഷ ഈ നീക്കം നടത്തിയതെന്നാണ് സൂചന. എന്നാൽ അനീഷിന്റെ പെരുമാറ്റവും അമ്മയുമായുള്ള അടുപ്പവും എതിർത്ത മീര ഇതിന് വഴങ്ങിയില്ല. ഇതോടെയാണ് വീട്ടിൽ വഴക്കുണ്ടായതും മീരയെ കൊലപ്പെടുത്തിയത്.

കഴിഞ്ഞ10 ന് രാത്രി 9.30 ന് അനീഷ് വീട്ടിലെത്തി മഞ്ജുഷയുമായി മുറിയിൽ കഴിഞ്ഞത് പെൺകുട്ടി ചോദ്യം ചെയ്തു. ഇതേതുടർന്ന് കട്ടിലിൽ ഇരിക്കുകയായിരുന്ന മീരയെ ഇരുവരും ചേർന്ന് ചുരിദാർ ഷാൾ കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിക്കുകയായിരുന്നു.

അബോധവസ്ഥയിലായി നിലത്ത് വീണ മീര മരിച്ചെന്നു കരുതി വാരാന്തയിൽ എടുത്തുകിടത്തുകയായിരുന്നു. വേ​ഗം തന്നെ അനീഷ് ബൈക്കിൽ പെട്രോൾ നിറച്ച് എത്തി. തുടർന്ന് ഇരുവരും ചേർന്ന് മീരയെ ബൈക്കിൽ നടുക്ക് ഇരുത്തി അഞ്ച് കിലോമീറ്ററോളം അകലെ കാരന്തലയിലെ അനീഷിന്റെ വീട്ടിലെത്തിച്ചു സമീപത്തെ പുരയിടത്തിൽ ഇട്ടു. ഞരക്കം കേട്ടതായി തോന്നിയപ്പോൾ അനീഷ് സിമന്റ് ഇഷ്ടികകൾ മീരയുടെ ശരീരത്തിൽ വച്ചുകെട്ടി കിണറ്റിന്റെ മൂടി നീക്കി അതിനുള്ളിൽ തള്ളുകയായിരുന്നു.

രാത്രി തന്നെ മടങ്ങി വാടക വീട്ടിലെത്തി മീരയെ കൊലപ്പെടുത്താൻ ഉപയോഗിച്ച മീരയുടെ ഷാൾ അടക്കം എടുത്ത് നാഗർകോവിലിലേക്ക് മുങ്ങി. കൊലയ്ക്ക് ഉപയോഗിച്ച ഷാൾ നാഗർകോവിലിൽ ലോഡ്ജിന് സമീപം ഉപേക്ഷിച്ചത് അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. ഇന്നലെ തെക്കുംകര പറണ്ടോട് കുന്നിൽ വീട്ടിൽ നിന്നു മീരയുടെ ചെരിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു.

പുൽപ്പള്ളി: വയനാട് പുൽപ്പള്ളിയിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. പുൽപ്പള്ളി വീട്ടിമൂല കോളനിക്ക് സമീപത്തെ വനാതിർത്തിയിൽ പ്ലാസ്റ്റിക് സഞ്ചിയിൽ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പുൽപ്പള്ളി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

നാല് ദിവസം പ്രായമായ പെൺകുഞ്ഞിന്‍റെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. കോളനിയിലെ യുവതി പ്രസവിച്ച പെൺകുഞ്ഞിന്‍റെ മൃതദേഹമാണെന്നാണ് സംശയിക്കപ്പെടുന്നത്.

റോഡപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവാവിനെ പൊലീസ് ആശുപത്രിയില്‍ എത്തിക്കാതിരുന്നതിനെ തുടര്‍ന്ന് മരിച്ചത് വാര്‍ത്തയായിരുന്നു. കോട്ടയം വെമ്പള്ളിയിലാണ് പരുക്കേറ്റ റോണി എന്ന യുവാവ് മരിച്ചത്.കുര്യം സ്വദേശികളായ ഫിലിപ്പ് ജോക്കുട്ടിയും മകൻ റോണിയും സഞ്ചരിച്ച ബൈക്കിൽ തൃശൂർ എ.ആർ ക്യാമ്പിൽനിന്ന് സാധനങ്ങൾ കയറ്റിവന്ന പിക് വാൻ ഇടിക്കുകയായിരുന്നു.

തൊട്ടുപിന്നാലെ തൃശ്ശൂർ എ.ആർ ക്യാമ്പിലെ പോലീസ് ജീപ്പ് സ്ഥലത്തെത്തി. ഗുരുതരാവസ്ഥയിൽ റോഡിൽ കിടന്ന മകൻ റോണിയെ വാഹനത്തിൽ കയറ്റാൻ നാട്ടുകാർ തുനിഞ്ഞു. എന്നാൽ, പോലീസ് ഇതിന് അനുവദിച്ചില്ല. പൊലീസിന്റെ അനാസ്ഥ മൂലം സംഭവിച്ച മരണം വിവാദത്തിന് വഴിയൊരുക്കി. റോണിയുടെ മരണം ഇപ്പോഴും വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് സുഹൃത്തുക്കള്‍. റോണി കണ്ട സ്വപ്നങ്ങളെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചുമൊക്കെ മുഹമ്മദ് ഫാസിൽ എന്ന സുഹൃത്ത് എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു.

ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ :

മനം മരിക്കും വേദനനൽകി

മായ്ഞ്ഞ് പോകാനായിരുന്നെങ്കിൽ

എന്തിനു നീയെൻ

ഹൃദയതീരത്തടിഞ്ഞു,,

അടുത്ത ദിവസം കോഴിക്കോട്ടേക്ക് എന്റെയടുത്ത് വരാമെന്ന് പറഞ്ഞ റോണിയുടെ നാടായ കോട്ടയത്തേക്ക് ഞാനും സഹപാഠിയുമായ ജംഹറും കോട്ടക്കലിൽ നിന്ന് ബസ് കയറി,,

ഒരു മണിക്കൂർ മുമ്പാണ് ജംഹർ വിളിച്ച് കാര്യം പറഞ്ഞത്. കേട്ടത് വിശ്വസിക്കാതെ റോണിയുടെ നമ്പറിൽ തന്നെ വിളിച്ചു എടുത്തത് ഒരു ബന്ധുവാണ് അയാൾ പറഞ്ഞ് തീരുംമുമ്പ് പറയാൻ ബാക്കിയുള്ളത് കേൾക്കാനുള്ള ത്രാണിയില്ലാതെ ഞാൻ ഫോൺ കട്ടാക്കി,,,

ഇല്ല,, ഞാൻ വിശ്വസിക്കില്ല,,,

രാത്രി ഒരു മണിക്ക് KSRTC ബസ്സിന്റെ സ്റ്റെപ്പിലിരുന്നു ഞങ്ങൾ യാത്ര തുടങ്ങി,,

ബാംഗ്ലൂരിൽ നഴ്‌സിങ്ങിന് പഠിക്കുമ്പോൾ ഒരേ ക്ലാസിൽ ഒരു ബഞ്ചിൽ ഒരുമിച്ച് കൂടിയ സൗഹൃദം ഒരേ വീട്ടിൽ…. റൂമിൽ ഒരുമിച്ച് ഉണ്ടും ഉറങ്ങിയും പഠിച്ചും കളിച്ചും വലുതായ സൗഹൃദം പക്ഷെ,, കലാലയ കാലഘട്ടം കഴിഞ്ഞിട്ടും ഞങ്ങളുടെ ആ കൂട്ട്കെട്ടിന്റെ കഥ അത് പോലെ തുടർന്നു,, പന്ത്രണ്ട് വർഷം പിന്നിട്ടു,,

മിക്കവരും പലവഴിക്ക് തിരിഞ്ഞു,, കഷ്ടപ്പാട് നിറഞ്ഞ ദുർഘടമായ വഴികൾ പിന്നിട്ട് ഭേദപ്പെട്ടയിടങ്ങളിൽ എത്തിച്ചേർന്നപ്പോൾ.. ജീവിതം പച്ച പിടിക്കാൻ തുടങ്ങിയപ്പോൾ

റോണി ദുർഘടമായ പാന്ഥാവിൽ വിഷമങ്ങൾ പുറത്ത് കാണിക്കാതെ പകച്ച് നിൽക്കുന്നുണ്ടായിരുന്നു,,,

വേണ്ടപ്പെട്ട എല്ലാവരും ഉണ്ടായിട്ടും അതിലെ നന്മകളും സന്തോഷങ്ങളും ലഭിക്കാതെ മരവിച്ച് നിന്ന റോണിയെ കൂടെ കൂട്ടി കോഴിക്കോട് മെഡിക്കൽ കോളേജിലെ നീറുന്ന രോഗികളാൽ നിറഞ്ഞ വരാന്തകളിലൂടെ നടത്തി, അവൻ പറഞ്ഞു ഇവരുടെ അവസ്ഥയൊന്നും എനിക്കില്ല,

എന്റെ കൂടെ സഹായിയായും ഞാൻ അവധിയാകുമ്പോൾ പകരക്കാരനായും ഐസിയു ആംബുലൻസിൽ സേവനമനുഷ്ടിച്ചു,,

ഞാനും ഹാഷിമും ഇടക്ക് ജംഹറും

ബീച്ചിലും പാർക്കിലും പുഴയിലും പോയി,, കുന്നും മലയും താണ്ടി കാണാ കാഴ്ചകളും അനുഭവങ്ങളും സമ്മാനിച്ചു,,

സി എച്ച് സെന്ററിലെ ഡയാലിസ് സെന്ററിലെ രാത്രികൾ ഹാഷിം, മുഹമ്മദ്ക്ക, ബഷീർക്ക തുടങ്ങിയവരുമൊത്ത് ഞങ്ങൾ തമാശപറഞ്ഞും പാട്ട് പാടിയും സന്തോഷത്തിന്റെ നിറമുള്ളതാക്കി, അത് കഴിഞ്ഞ് റൂമിൽ എന്റെയും റോണിയുടേയും പാട്ട് പാടി റെക്കോർഡ് ചെയ്യലാണ് പാതിരാ നേരം വരെ അങ്ങനെ പലതുമായി തുടരും

അതെ…അവൻ ഉള്ള് തുറന്ന് ചിരിക്കാൻ തുടങ്ങി,,

പുതിയ ജീവിതത്തെ പറ്റി സ്വപ്നങ്ങൾ കണ്ട് തുടങ്ങി..,

വിവാഹം,,,,,ഭാര്യ,,, മക്കൾ,,,,

ഒഴിവ് സമയങ്ങളിൽ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലും വാർഡിലും പോകും.

ഒരു ദിവസം രാത്രി എന്റെ പരിചയത്തിലുള്ള ഒരാളുടെ നാട്ടിലുള്ള കുട്ടിയെ അപകടം സംഭവിച്ച് കൊണ്ട് വന്നപ്പോൾ ഞങ്ങൾ പോയി സഹായിച്ചു ഇതിനിടക്ക് റോണിയെ കാണാനില്ല,, സമയം പുലർച്ചെ മൂന്ന് മണിയാവാറായി ഫോൺ വിളിച്ചിട്ട് കിട്ടുന്നുമില്ല അവസാനം ലബോറട്ടറിയുടെ മുന്നിലുള്ള ക്യൂവിൽ ഏതോ ഒരു രോഗിയുടെ രക്തത്തിന്റെ

സാമ്പിളുമായി നിൽക്കുന്ന റോണിയെ ഞാൻ കണ്ടു,,

തമാശക്ക് പോലും കളവ് പറയാത്ത അവനെ കണ്ട…അറിഞ്ഞവർക്ക് അവനെ പറ്റി അഭിപ്രായം ഒന്നേ കാണു,, നിഷ്കളങ്കൻ,,

രാവിലെ ആറര മണിക്ക് കോട്ടയത്തെത്തി,

അവന്റെ വീട്ടിൽ പോയി,

അമ്മയും അനിയനും മാത്രം, കേട്ടത് സത്യമാണെന്ന് അവരുടെ സംസാരത്തിൽ നിന്ന് വായിച്ചെടുത്തെങ്കിലും മനസ്സ് പറഞ്ഞു,,അല്ല,,അല്ല,,

ഞങ്ങൾ കോട്ടയം മെഡിക്കൽ കോളേജിൽ പോയി, അവിടെ നിന്നും ഒരു പത്രം വാങ്ങിമറിക്കുമ്പോൾ പ്രിയപ്പെട്ട റോണിയുടെ മുഖം കണ്ടു,,

അതെ.., പത്രവും കേട്ടത് ശരിവെച്ചു,

അല്ല,, അല്ല മനസ്സ് മന്ത്രിച്ചു..,

കുറച്ച് കഴിഞ്ഞ് മോർച്ചറിയുടെ അടുത്തേക്ക് പോയി അവന്റെ ബന്ധു വെള്ളത്തുണി പൊതിഞ്ഞ ഒരു മൃതശരീരം ചൂണ്ടിക്കാണിച്ചു,,

“പടച്ചവനേ ഇതവൻ ആകരുതേ,,, ”

ഞാൻ പ്രാർത്ഥിച്ചു,,

ജംഹർ മുഖത്തെ തുണി മാറ്റി,,

നെഞ്ച് പൊട്ടുന്ന വേദനയാൽ ആ സത്യം ഞാൻ ഉൾക്കൊണ്ടു…

എന്നും രോഗികളെ കിടത്തി ആശുപത്രിയിലെത്തിക്കുന്ന സ്ട്രച്ചറിൽ ഞാൻ പിടിക്കുമ്പോൾ മറ്റേയറ്റം പിടിക്കുന്ന റോണി സ്ട്രച്ചറിൽ കിടക്കുകയാണ്… ജീവനില്ലാതെ,,

പോസ്റ്റുമോർട്ടം ചെയ്യാൻ മോർച്ചറിയുടെ അകത്തേക്ക് അവന്റെ മൃതശരീരം കൊണ്ട് വച്ച് ഞങ്ങൾ പുറത്തിറങ്ങി,,

ശരീരം വെട്ടിക്കീറുന്നതിന്റെ ശബ്ദം പുറത്തേക്ക് വരുമ്പോൾ ആ വെട്ടേറ്റ് മുറിഞ്ഞത് ,,, ഞങ്ങളുടൊ സൗഹൃദം തീർത്ത നന്മമരമായിരുന്നു,,

ആ മരം തീർത്ത തണൽ നഷ്ടപ്പെടുകയാണ്,,

ഒറ്റക്കാകുമ്പോൾ എനിക്കൊപ്പം കൂട്ടിന് കൂടെ വന്ന റോണി, അവന്റെ ഒറ്റപ്പെടലിന്റെ മറ നീക്കി കൂടെ കൂട്ടിയ ഞാൻ,,

ഒടുവിൽ ഒരു വാക്കും പറയാതെ നീ…,

മാസങ്ങൾക്ക് മുമ്പ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് ഞാനും ഹാഷിമും രോഗിയുമായി പോയി വരുമ്പോൾ റോണിയുടെ വീട്ടിൽ പോകാമെന്ന് പറഞ്ഞു, അവനെ വിളിച്ചു,, പക്ഷെ വഴിക്ക് വച്ച് ഞങ്ങളുടെ സംസാരം കാരണം അവന്റെ നാടു കഴിഞ്ഞ് കുറേ ദൂരം പിന്നിട്ടു,,

ഞങ്ങളെ കാത്ത് നിന്ന അവനോട് ഇനി പിന്നെയാവാമെടാ,

നിന്റെ കല്യാണത്തിന് വരാം,,

പെട്ടെന്ന് നോക്ക് എന്ന് പറഞ്ഞ് മെസേജയച്ചു,,

ഇന്ന് അവനെ വെള്ളപുതപ്പിച്ചൊരുക്കി ആംബുലൻസിലേക്ക് ഞങ്ങളെടുത്ത് വെക്കുമ്പോൾ ഇന്നേ വരെ അനുഭവിച്ചിട്ടില്ലാത്ത വിധം ശരീരവും മനസ്സും വേദനിച്ചു ,,, വീർപ്പ് മുട്ടി,,,

കോട്ടയത്ത് നിന്ന് തിരിക്കുമ്പോൾ മനസ്സ് ഒരു വട്ടം കൂടി കെഞ്ചി,,,

‘പച്ചവനേ ഇന്ന് കേട്ടതും കണ്ടതും സ്വപ്നം മാത്രമാവണേ’,,,

വിവരമറിഞ്ഞ സി എച്ച് സെന്ററിന്റെ ഭാരവാഹികളായ റസാഖ് മാസ്റ്ററും അഷ്റഫ്ക്കയും മാനേജർ ഗഫൂർ ഹുദവിയും എന്നും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ച് വർത്തമാനം പറയുന്ന സെക്യൂരിറ്റിക്കാരൻ മുഹമ്മദ്ക്കയും എന്നോടൊപ്പം അവനെ ഞങ്ങളിലൊരുവനാക്കിയ ഡ്രൈവർ ഹാഷിമും പിന്നെ ബഷീർക്കയും മറ്റു ജീവനക്കാരും എന്നെ വിളിക്കുമ്പോൾ ദിവസങ്ങൾ മാത്രം അവനെ കണ്ട അവരുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു,,

എന്നിലൂടെ അവനെ കേട്ടറിഞ്ഞ എന്റെ പാതിയും വിതുമ്പി,,,

അതെ,,, അതായിരുന്നു റോണി..,

കോഴിക്കോട് സി എച്ച് സെന്ററിലെ എന്റെ റൂമിലിരുന്ന് ഇടയ്ക്ക് വല്ലതും മുഖപുസ്തകത്തിൽ കുറിക്കുമ്പോൾ ഇടയ്ക്ക് അവൻ , സംസാരിക്കുമ്പോൾ ഞാൻ പറയും റോണി… എഴുതുന്നത് മുറിഞ്ഞ് പോകുമെടാ ഇടയ്ക്ക് സംസാരിച്ചാൽ,, അപ്പോൾ അവൻ പറയുമായിരുന്നു ഞാനും ഒരു കഥ പറയണ്ട് നീ എഴുതണമെന്ന്,,,

പക്ഷെ,,,

‘മനം മരിക്കും വേദനനൽകി

മായ്ഞ്ഞ് പോകാനായിരുന്നെങ്കിൽ

എന്തിനു നീയെൻ

ഹൃദയതീരത്തടിഞ്ഞു,,,’

എയര്‍ ഇന്ത്യ ജീവനക്കാരുടെ മുഖത്ത് തുപ്പുകയും അസഭ്യം പറയുകയും ചെയ്ത ഐറിഷ് വനിതയെ മരിച്ച നിലയില്‍ കണ്ടെത്തി. 50കാരിയായ സൈമണ്‍ ബേണ്‍സ് ആണ് മരിച്ചത്. ഇംഗ്ലണ്ടിലെ ഈസ്റ്റ് സസെക്സിലുളള വസതിയിലാണ് ജൂണ്‍ ഒന്നിന് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുംബൈയില്‍ നിന്നും ലണ്ടനിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ വച്ച് കൂടുതല്‍ മദ്യം നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു സൈമണ്‍ പ്രകോപിതയായത്. ഈ കേസില്‍ സൈമണെ ആറ് മാസം തടവിന് വിധിച്ചിരുന്നു. കഴിഞ്ഞയാഴ്ചയാണ് ഇവര്‍ ജയിലില്‍ നിന്നും പുറത്ത് വന്നത്.

കൂടുതല്‍ മദ്യം നല്‍കാന്‍ എയര്‍ ഇന്ത്യ ജീവനക്കാര്‍ വിസമ്മതിച്ചതോടെയാണ് യുവതി വിമാനത്തില്‍ ബഹളം ആരംഭിച്ചത്. യുവതി അസഭ്യ വര്‍ഷം തുടങ്ങിയതോടെ മറ്റു യാത്രക്കാരും പരാതിയുമായി എത്തിയത് ജീവനക്കാര്‍ക്ക് തലവേദനയായി. രാജ്യാന്തര അഭിഭാഷകയാണ് താനെന്ന് യുവതി ഇടയ്ക്കിടെ ആവര്‍ത്തിക്കുന്നുണ്ടായിരുന്നു.

ബിസിനസ് ക്ലാസ് യാത്രക്കാരെ നിങ്ങള്‍ ഇങ്ങനെയാണോ കൈകാര്യം ചെയ്യുന്നത്. റോഹിങ്ക്യന്‍ അഭയാർഥികള്‍ക്കും പലസ്തീന്‍ ജനതയ്ക്കും വേണ്ടി പോരാടുന്ന ആളാണ് താനെന്നും യുവതി പറയുന്നത് ദൃശ്യങ്ങളില്‍ കാണാം. ലണ്ടന്‍ വിമാനത്താവളത്തില്‍ വച്ച്‌ യുവതിയെ അറസ്റ്റ് ചെയ്തു. മദ്യം നല്‍കാന്‍ വിസമ്മതിച്ച ജീവനക്കാര്‍ക്ക് നേരെ യുവതി അസഭ്യ വര്‍ഷം നടത്തുകയും തുപ്പുകയും ചെയ്തു.

പിന്നീട് സൈമണെ ബ്രിട്ടീഷ് മജിസ്ട്രേറ്റ് കോടതി ആറ് മാസം തടവിന് വിധിച്ചു. കൂടാതെ 3000 പൗണ്ട് നഷ്ടപരിഹാരം നല്‍കണമെന്നും അറിയിച്ചു. താന്‍ ചെയ്ത കാര്യത്തില്‍ പശ്ചാത്താപമുണ്ടെന്ന് അന്ന് സൈമണ്‍ കോടതിയെ അറിയിച്ചിരുന്നു.

Copyright © . All rights reserved