Crime

ബാലഭാസ്കറിന്റെ കാറിൽ നിന്ന് കണ്ടെടുത്ത സ്വർണത്തിന്റെ ഉറവിടം അന്വേഷിക്കുന്നു. അപകടത്തിൽപ്പെട്ട ബാലഭാസ്കറിന്റെ കാറിൽ നിന്ന് കണ്ടെടുത്തത് നാൽപതോളം പവൻ സ്വര്‍ണവും രണ്ട് ലക്ഷത്തിലേറെ രൂപയും .

പൊലീസ് കണ്ടെടുത്ത സ്വര്‍ണാഭരണങ്ങളുടെയും പണത്തിന്റെയും ദൃശ്യം മനോരമ ന്യൂസിന് ലഭിച്ചു. ക്ഷേത്രദർശനം കഴിഞ്ഞുള്ള യാത്രയിൽ ഇത്രയുമധികം സ്വർണവും പണവും കണ്ടതിലാണ് സംശയം.വീട്ടിലുള്ള ആഭരണങ്ങളെന്ന് കുടുംബം മൊഴി നൽകിയിരുന്നു.

വിമാനത്താവളത്തിലൂടെയുള്ള സ്വർണക്കടത്ത് കേസിൽ കാക്കനാട് ജയിലിൽ റിമാൻഡിൽ കഴിയുന്ന ബാലഭാസ്കറിന്റെ പ്രോഗ്രാം കോര്‍ഡിനേറ്ററും സ്വര്‍ണക്കടത്ത് കേസ് പ്രതിയുമായ പ്രകാശന്‍ തമ്പിയുടെ ഇടപെടല്‍ മരണത്തില്‍ ദുരൂഹതയുണര്‍ത്തുന്നൂവെന്നാണ് പിതാവ് അടക്കമുള്ളവര്‍ പരാതി ഉയർത്തിയിരുന്നു. ഇതോടെയാണ് സജീവ അന്വേഷണം ആരംഭിച്ചത്. രണ്ടു ബാഗുകളില്‍നിന്നാണ് കാറിൽ നിന്നും ആഭരണങ്ങളും പണവും കണ്ടെടുത്തത്.ലോക്കറ്റ്, മാല, വള, സ്വര്‍ണനാണയം, മോതിരം എന്നിവയ്ക്കു പുറമേ താക്കോലുകളും ഒരു ബാഗുകളിലുണ്ടായിരുന്നു.

രണ്ടു ലക്ഷത്തോളം രൂപയും കാറിൽ നിന്നും കണ്ടെടുത്തിരുന്നു.
ബാലഭാസ്കറും കുടുംബവും അപകടത്തിൽപ്പെടുമ്പോൾ വാഹനം ഓടിച്ചത് അർജുൻ ആയിരുന്നെന്നാണ് പ്രകാശൻ തമ്പിയുടെ മൊഴി. പരുക്കേറ്റ് ആശുപത്രിയിലായിരിക്കുമ്പോൾ അര്‍ജുന്‍ ഇക്കാര്യം തന്നോട് പറഞ്ഞിരുന്നു. ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നും പറഞ്ഞു. മൊഴിമാറ്റിയത് എന്തിനെന്ന് ചോദിച്ചെങ്കിലും പറഞ്ഞില്ല. മൂന്നുമാസത്തിലേറെയായി അര്‍ജുനുമായി ബന്ധമില്ലെന്നും പ്രകാശന്‍ തമ്പി പൊലീസിനോട് പറഞ്ഞു. അപകടത്തിന് മു‍ന്‍പ് ബാലഭാസ്കര്‍ കയറിയ ജ്യൂസ് കടയില്‍നിന്ന് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചെന്നും പ്രകാശന്‍ തമ്പി സമ്മതിച്ചു.

അപകടസമയത്ത് വാഹനമോടിച്ചത് ആരാണെന്ന് അറിയാനായിരുന്നു ദൃശ്യങ്ങള്‍. പാലക്കാട്ടെ ആയുര്‍വേദ ഡോക്ടറാണ് അപകടവിവരം വിളിച്ചറിയിച്ചത്. ‌ആശുപത്രിയില്‍ ആദ്യം എത്തിയത് താനും ഡോക്ടറുടെ മകന്‍ ജിഷ്ണുവുമാണ്. പാലക്കാട്ടെ കുടുംബവുമായി ബാലഭാസ്കറിന് സാമ്പത്തികബന്ധം ഉണ്ടെന്നും പ്രകാശന്‍ മൊഴി നൽകി. കാക്കനാട് ജയിലില്‍ പ്രകാശന്‍ തമ്പിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.

സ്വർണക്കടത്ത് കേസിൽ ബാലുവിന്റെ സുഹൃത്തുക്കൾ പിടിയിലായതോടെയാണ് കേസിന് വഴിത്തിരിവുണ്ടാകുന്നത്. മകൻ അറിയപ്പെടുന്ന വലിയ സംഗീതജ്ഞനായി വളർന്നു കൊണ്ടിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി മരണം എത്തുന്നത. കുടുംബത്തിനു താങ്ങും തണലുമാകുമെന്നു പ്രതീക്ഷിച്ച മകന്റെ വിയോഗം കുടുംബത്തെ വല്ലാതെ തളർത്തി. രോഗിയായ സഹോദരിയുടെ കാര്യം പോലും അവഗണിച്ചായിരുന്നു ബാലഭാസ്കർ വിവാഹത്തിലേക്ക് എടുത്തുചാടിയെന്ന് കുടുംബം പറയുന്നു. ഇതോടെ ബാലഭാസ്കർ മാതാപിതാക്കളുമായി അകന്നു. വിവാഹം നടത്തിക്കൊടുക്കാൻ മുന്നിട്ടുനിന്ന കൂട്ടൂകാർ മാത്രമായി പിന്നെ താങ്ങും തണലും.

പാലക്കാട്ടെ ഡോക്ടറുടെ കുടുംബവുമായിട്ടായിരുന്നു ബാലഭാസ്കറിന് ഏറ്റവുമടുത്ത സൗഹൃദം. ചികിൽസയ്ക്കായിട്ടായിരുന്നു അവിടേക്കുള്ള ആദ്യ യാത്ര. പിന്നെ അവർ അടുത്ത സുഹൃത്തുക്കളായി. ബാലഭാസ്കർ വിദേശത്തു സംഗീതപരിപാടിക്കായി പോകുമ്പോൾ ഭാര്യ ലക്ഷ്മി, ഡോക്ടറുടെ കുടുംബത്തിനൊപ്പമാണു താമസിച്ചിരുന്നത്. ഡ്രൈവറായി അർജുൻ എത്തിപ്പെടുന്നതും ഇൗ കുടുംബത്തിൽ നിന്നാണ്.അച്ഛനുമായി നല്ല ബന്ധമുണ്ടായിരുന്നെങ്കിലും അമ്മയുമായി ബാലഭാസ്കർ അത്ര അടുത്തിരുന്നില്ല. എന്നാൽ, അപകടത്തിൽ മരിക്കുന്നതിന് ഏതാനും മാസങ്ങൾക്കു മുൻപു ബാലഭാസ്കർ അച്ഛന്റെയും അമ്മയുടെയും അടുക്കല്‍ മടങ്ങിയെത്തി. ഇരുകുടുംബങ്ങളും തമ്മിൽ രമ്യതയിലായി. ബാലഭാസ്കറിന്റെ സുഹൃത്തുക്കൾ ഒരു വശത്തും കുടുംബം മറുവശത്തും നിന്നു നടത്തുന്ന പോരാട്ടമാണോ ആരോപണങ്ങൾക്കു പിന്നിലെന്നു ചോദിക്കുന്നവരുമുണ്ട്. ഉത്തരം കിട്ടണമെങ്കിൽ അന്വേഷണം പൂർത്തിയാകണം. അതുവരെ ഇതെല്ലാം വേദനയോടെ കണ്ടുനിൽക്കാൻ മാത്രമാണ് ലക്ഷ്മിയുടെ വിധി എന്നതും മലയാളിയെ വല്ലാതെ വേദനിപ്പിക്കുന്നു.

തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ മകളുടെ പേരിലുള്ള വഴിപാടുകൾ പൂർത്തിയാക്കി ബാലഭാസ്കർ ഭാര്യ ലക്ഷ്മിയും മകൾ തേജസ്വിനിയുമൊത്തു തന്റെ കെഎൽ 01 ബിജി 6622 കാറിൽ തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിലാണ് അപകടത്തിൽപ്പെടുന്നത്. തിരുവനന്തപുരത്തിന് 14 കിലോമീറ്റർ മുൻപു പള്ളിപ്പുറം സിആർപിഎഫ് ജംക്‌ഷൻ കഴിഞ്ഞു വലത്തേക്കുള്ള വളവു തിരിഞ്ഞു കാർ അതിവേഗത്തിൽ റോഡിനു വലതുവശത്തേക്കു നീങ്ങി. വളവിൽ നിന്ന് 100 മീറ്റർ അകലെ റോഡരികിലെ മരത്തിലിടിച്ച് അപകടം സംഭവിച്ചത്.
നാട്ടുകാരും വഴിയാത്രക്കാരും പൊലീസും ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്. മകൾ തേജസ്വിനിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും തലച്ചോറിനും സാരമായി പരുക്കേറ്റ ബാലഭാസ്കറിനെയും ശരീരമാസകലം ഗുരുതര പരുക്കേറ്റ ലക്ഷ്മിയെയും കാലുകൾ തകർന്ന അർജുനെയും നഗരത്തിലെ അനന്തപുരി ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. ഒരാഴ്ചയ്ക്കു ശേഷം ചികിൽസയിലിരിക്കെ ബാലഭാസ്കറും മരിച്ചു. പരസഹായമില്ലാതെ നടക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ തിരുമലയിലെ ‘ഹിരൺമയി’ എന്ന വീട്ടിലുണ്ട് ലക്ഷ്മിയിപ്പോൾ.

 

ഇസ്ലാമിക്‌ സ്‌റ്റേറ്റില്‍ ചേര്‍ന്ന മലയാളി സിറിയയില്‍ നിന്ന്‌ മടങ്ങിവരാന്‍ ആഗ്രഹിക്കുന്നതായി അറിയിച്ച്‌ വീട്ടുകാരെ ബന്ധപ്പെട്ടതായി റിപ്പോര്‍ട്ട്‌. പട്ടിണിയും കഷ്ടപ്പാടും താങ്ങാനാവുന്നില്ലെന്ന്‌ പറഞ്ഞ്‌ കാസറഗോഡ്‌ എലമ്പാച്ചി സ്വദേശിയായ ഫിറോസ്‌ ഖാന്‍ വീട്ടുകാരെ ഫോണില്‍ വിളിച്ചെന്ന്‌ സുരക്ഷാവൃത്തങ്ങളെ ഉദ്ധരിച്ച്‌ ദി ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ ആണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌.

2016ലാണ്‌ ഐഎസില്‍ ചേരാനായി ഫിറോസ്‌ അഫ്‌ഗാനിസ്ഥാനിലേക്ക്‌ പോയത്‌. പിന്നീട്‌ ഇയാള്‍ സിറിയയിലേക്ക്‌ കടന്നു. കഴിഞ്ഞമാസമാണ്‌ മാതാവ്‌ ഹബീബയെ വിളിച്ച്‌ തനിക്ക്‌ തിരികെവരണമെന്ന്‌ ഫിറോസ്‌ ആഗ്രഹം പ്രകടിപ്പിച്ചത്‌. നാട്ടിലെത്തി കീഴടങ്ങിക്കോളാം എന്നാണ്‌ ഫിറോസ്‌ പറഞ്ഞത്‌. സിറിയയില്‍ ഐഎസ്‌ അംഗങ്ങള്‍ കടുത്ത ദാരിദ്ര്യത്തിലാണ്‌. കഴിക്കാന്‍ ഭക്ഷണം പോലും ലഭിക്കാത്ത അവസ്ഥയാണുള്ളതെന്നും ഫിറോസ്‌ പറഞ്ഞതായി ബന്ധുക്കളെ ഉദ്ധരിച്ച്‌ ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

നാട്ടിലേക്ക്‌ മടങ്ങിയെത്തിയാല്‍ തനിക്കെതിരെ എന്തൊക്കെ കേസുകളാണ്‌ ഉണ്ടാവുക എന്ന്‌ ഫിറോസ്‌ അന്വേഷിച്ചതായാണ്‌ വിവരം. ഐഎസ്‌ മുന്‍കയ്യെടുത്ത്‌ ഒരു മലേഷ്യന്‍ സ്വദേശിനിയുമായി തന്റെ വിവാഹം നടത്തിയെന്നും യുവതി പിന്നീട്‌ തന്നെ ഉപേക്ഷിച്ച്‌ പോയെന്നും ഫിറോസ്‌ പറഞ്ഞു. ഫോണ്‍സംഭാഷണങ്ങളുടെ ആധികാരികത സുരക്ഷാഏജന്‍സികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്‌.

ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം നെയ്മറിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച യുവതിയും നെയ്മറും ഹോട്ടല്‍ മുറിയില്‍ ഒരുമിച്ച് കഴിഞ്ഞതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഹോട്ടലില്‍ ഇരുവരും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങളാണ് പുറത്തായത്. എന്നാല്‍, ഈ വീഡിയോയില്‍ യുവതി നെയ്മറിനെ മര്‍ദിക്കുന്നത് കാണാം. കട്ടിലില്‍ കിടക്കുന്ന നെയ്മറിനെ യുവതി മര്‍ദിക്കുകയും കരണത്തടിക്കുകയും ചെയ്യുന്നുണ്ട്. ഹോട്ടലിൽ നിന്നുളള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.

നെയ്മറിനെതിരെ പരാതി ഉന്നയിച്ച് രംഗത്തെത്തിയത് 26 കാരിയായ നജില ട്രിന്‍ഡാഡെ ആണ്. കിടക്കയില്‍ കിടക്കുന്ന നെയ്മറിനെ നജില മര്‍ദിക്കുന്നുണ്ട്. തന്നെ തല്ലരുതെന്ന് നെയ്മര്‍ നജിലയോട് ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. ‘നീ ഇനി എന്നെ തല്ലുമോ’ എന്ന് നെയ്മറിനോട് ചോദിച്ചുകൊണ്ടാണ് യുവതി നെയ്മറിനെ തല്ലുന്നത്. നെയ്മറെ മർദിച്ച ഇവർ എന്തോ വലിച്ചെറിയുന്നതും കാണാം. “നീ ഇന്നലെ എന്നെ ഉപദ്രവിച്ചില്ലേ; എന്നെ ഒറ്റക്കാക്കി കടന്നുകളഞ്ഞില്ലേ” എന്നും നജില നെയ്മറിനോട് ചോദിക്കുന്നുണ്ട്.

യുവതിയുടെ നിർദേശപ്രകാരമാണ് ഈ വീഡിയോ ഷൂട്ട് ചെയ്തത് എന്നാണ് അവരുടെ അഭിഭാഷകൻ തന്നെ പറയുന്നത്. നെയ്മർ തന്നെ ഉപദ്രവിച്ചതിന് എന്തെങ്കിലും തെളിവ് വേണം എന്നതുകൊണ്ടാണ് വീഡിയോ എടുത്തതെന്നും അഭിഭാഷകൻ പറയുന്നു.

പാരീസിലെ ഹോട്ടലില്‍ വച്ച് നെയ്മര്‍ തന്നെ പീഡിപ്പിച്ചെന്നാണ് യുവതി പരാതി നല്‍കിയിരുന്നത്. പിഎസ്ജി താരം പീഡിപ്പിച്ചെന്ന് ആരോപിച്ച് സാവോപോളോ പൊലീസിലാണ് യുവതി പരാതി നല്‍കിയത്. ‘അതിക്രമം നടത്തി യുവതിയുടെ സമ്മതമില്ലാതെ ലൈംഗികമായി ഉപദ്രവിച്ചു’ എന്നാണ് വാര്‍ത്താ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അതേസമയം, പരാതിയുടെ പകര്‍പ്പ് പൊലീസ് പുറത്ത് വിടാന്‍ തയ്യാറായില്ല. ഉളളടക്കം രഹസ്യമാണെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

യുവതി നെയ്മറിനെ ഇന്‍സ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടതെന്ന് പറയുന്നു. സന്ദേശം അയച്ചതിന് ശേഷം കുറച്ച് നാളുകള്‍ കഴിഞ്ഞ് തന്നെ പാരീസിലെ ഹോട്ടലില്‍ വന്ന് കാണാന്‍ നെയ്മര്‍ ആവശ്യപ്പെട്ടെന്നാണ് യുവതി പറയുന്നത്. മദ്യപിച്ചാണ് നെയ്മര്‍ എത്തിയതെന്നും വന്നയുടനെ ആലിംഗനം ചെയ്തതായും യുവതി പറയുന്നു. പിന്നീട് ബലം പ്രയോഗിച്ച് തന്റെ സമ്മതമില്ലാതെ പീഡിപ്പിച്ചെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.

അതേസമയം, യുവതിയുടെ ആരോപണം നെയ്മറിന്റെ പിതാവും ഏജന്റുമായ നെയ്മര്‍ സാന്റോസ് നിഷേധിച്ചു. ‘അത് സത്യമല്ല. അവന്‍ ഒരിക്കലും കുറ്റം ചെയ്തിട്ടില്ല. ബ്ലാക്ക്മെയില്‍ ചെയ്യാനാണ് യുവതിയുടെ ശ്രമം. ഞങ്ങളുടെ കൈയില്‍ തെളിവുണ്ട്. അത് അഭിഭാഷകര്‍ക്ക് കൈമാറിയിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.

ഇരുവരും ഡേറ്റിങ്ങിനാണ് പോയതെന്നും അന്ന് കഴിഞ്ഞതിന് ശേഷം രണ്ട് പേരും പിരിഞ്ഞതായും സാന്റോസ് പറഞ്ഞു. അതിന് ശേഷം യുവതി നെയമറില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ചെന്നും നടക്കാതെ വന്നപ്പോഴാണ് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘എന്റെ മകന്റെ മേല്‍ എന്ത് കുറ്റാരോപണം വേണമെങ്കിലും നടത്താം. പക്ഷെ എന്റെ മകന്‍ എങ്ങനെയുളള ആളാണെന്ന് എനിക്ക് അറിയാം. ഇതൊരു കെണിയാണെന്ന് വളരെ കൃത്യമായി മനസിലാകും,’ സാന്റോസ് പറഞ്ഞു.

ആരോപണം നിഷേധിക്കുകയും യുവതിയുമായി നടത്തിയ സ്വകാര്യ ചാറ്റിന്റെ സ്ക്രീൻഷോട്ടുകൾ നെയ്മർ പുറത്തുവിടുകയും ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പരാതിക്കാരി നെയ്മറിനെ മർദിക്കുന്ന വിഡിയോ പുറത്തു വന്നിരിക്കുന്നത്.

 

ശ്മശാനത്തിൽ പകുതി കത്തിയ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരുനെൽവേലി ജില്ല സമുഹരങ്കപുരം സ്വദേശിയും സ്റ്റുഡിയോ ഉടമയുമായ റെസി(34)യുടെതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ സുഹൃത്തുക്കളായ ഫൈസൽ,കേദീശ്വരൻ,പഴനി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

പൊലീസ് പറയുന്നത് – കൊലചെയ്യപ്പെട്ട റെസി ഭാര്യയുമായി പിരിഞ്ഞു കഴിഞ്ഞുവരികയാണ്. ഫൊട്ടോഗ്രാഫറായ റെസി തൊഴിൽ ആവശ്യങ്ങളുമായി ബന്ധപ്പെട്ടു നാഗർകോവിലിലേക്കു വരുന്നതിനിടെ കന്യാകുമാരി പെരുമാൾപുരത്തിലുള്ള അഭയാർഥിക്യാംപിൽ കുടുംബത്തോടെ വസിക്കുന്ന സുഹൃത്തുകൂടിയായ കേദീശ്വരനെയും കാണുക പതിവാണ്.

അടിക്കടി വീട്ടിലെത്തിയിരുന്ന റെസി തന്റെ സഹോദരിയുമായി ഇടപഴകി വന്നതു കേദീശ്വരൻ വിലക്കിയിരുന്നു. എന്നാൽ വിലക്ക് വകവയ്ക്കാതെ റെസി സഹോദരിയുമായി കൂടുതൽ അടുത്തത കേദീശ്വരനു പക ഉണ്ടാകാൻ കാരണമായി. ഇതിനിടെ ഇവരുടെ സുഹൃത്ത് കന്യാകുമാരി സ്വദേശി ഫൈസൽ നടത്തിയ വിരുന്നിൽ പങ്കെടുക്കുവാൻ റെസിയെ ക്ഷണിക്കുന്നതിനായി സുഹൃത്തുക്കളായ കേദീശ്വരൻ, ശുചീന്ദ്രം സ്വദേശി പഴനി എന്നിവരുമൊത്തു റെസിയുടെ വീട്ടിലേക്കു പോയി.

റെസിയുടെ കാറിലായിരുന്നു നാലുപേരുടെയും മടക്കയാത്ര. യാത്രയ്ക്കിടെ റെസിയും കേദീശ്വരനും തമ്മിൽ വീണ്ടും വാക്കുതർക്കമുണ്ടായി. ഇതിനിടെ കേദീശ്വരൻ താൻ ഒളിപ്പിച്ചുവച്ചിരുന്ന കത്തി ഉപയോഗിച്ചു റെസിയെ കുത്തുകയായിരുന്നു.

കാറിനുള്ളിൽ വച്ചുതന്നെ റെസി മരിച്ചു.തുടർന്നു കരിയമാണിക്യപുരത്തുള്ള ശ്മശാനത്തിൽ എത്തിച്ച മൃതദേഹം പെട്രോൾ ഒഴിച്ചു കത്തിക്കുകയായിരുന്നു. സംഭവത്തെത്തുടർന്ന് കാർ നാഗർകോവിലിലുള്ള ഒരു കല്യാണമണ്ഡപത്തിനു മുന്നിൽ ഉപേക്ഷിച്ചശേഷം മൂവരും കടന്നുക ളഞ്ഞു. സിസിടിവി ദൃശ്യത്തിൽ നിന്നു സംശയകരമായ നിലയിൽ ഒരു കാർ പൊലീസ് കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വള്ളിയൂർ സ്വദേശി റെസിയുടെതാണെന്ന് അറിയാൻ സാധിച്ചത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ റെസിയെ കാണാതായതായി അറിയാൻ കഴിഞ്ഞു. ബന്ധുക്കളെത്തിയാണ് മൃതദേഹം റെസിയുടെതാണെന്നു തിരിച്ചറിഞ്ഞത്. പൊലീസ് അന്വേഷണത്തിൽ റെസിയുടെ മൊബൈൽഫോണിൽ അവസാനമായി വന്ന കോൾ ഫൈസലിന്റെതാണെന്ന് കണ്ടെത്തി.തുടർന്ന് ഫൈസലിനെ ചോദ്യംചെയ്തതിൽ നിന്നാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ബാലഭാസ്കറിന്റെ മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം സ്വര്‍ണക്കടത്ത് കേസില്‍ ജയിലില്‍ കഴിയുന്ന പ്രകാശന്‍ തമ്പിയെ ഇന്ന് ചോദ്യം ചെയ്യും. അപകടത്തിന് മുന്‍പുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചതിലടക്കം നിര്‍ണായകമായ വിവരങ്ങളാണ് അന്വേഷണസംഘം പ്രതീക്ഷിക്കുന്നത്.

ബാലഭാസ്കറിന്റെ പ്രോഗ്രാം കോര്‍ഡിനേറ്ററും സ്വര്‍ണക്കടത്ത് കേസ് പ്രതിയുമായ പ്രകാശന്‍ തമ്പിയുടെ ഇടപെടല്‍ മരണത്തില്‍ ദുരൂഹതയുണര്‍ത്തുന്നൂവെന്നാണ് പിതാവ് അടക്കമുള്ളവരുടെ പ്രധാന പരാതി. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ സംശയകരമായ ഇടപെടലുകള്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ആ സാഹചര്യത്തിലാണ് സ്വര്‍ണക്കടത്ത് കേസില്‍ ജയിലില്‍ കഴിയുന്ന തമ്പിയെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് കോടതിയുടെ അനുമതി തേടിയത്. അനുമതി ലഭിച്ചതോടെ ഡിവൈ.എസ്.പി കെ. ഹരികൃഷ്ണന്റെ നേതൃത്വത്തിലെ സംഘം ഇന്ന് രാവിലെ ജയിലിലെത്തി ചോദ്യം ചെയ്യും.

പ്രകാശന്‍ തമ്പിയുടെ ക്രിമിനല്‍ പശ്ചാത്തലം വ്യക്തമായതിന് പിന്നാലെ സംശയമുണര്‍ത്തുന്ന ഇടപെടലുകളുടെ പട്ടിക ക്രൈംബ്രാഞ്ച് തയാറാക്കിയിട്ടുണ്ട്. അപകടത്തിന് മുന്‍പ് ബാലഭാസ്കറും കുടുംബവും ജ്യൂസ് കുടിച്ച കടയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചതെന്തിനെന്നതാണ് പ്രധാന സംശയം.

അപകടസ്ഥലത്തെ ദുരൂഹതകളേക്കുറിച്ച് കലാഭവന്‍ സോബി അറിയിച്ചപ്പോള്‍ മോശമായി പെരുമാറിയതും സംശയകരമാണ്. അപകടവിവരം ഏറ്റവും ആദ്യം അറിഞ്ഞ് സ്ഥലത്തെത്തിയ സാഹചര്യവും വ്യക്തമാക്കണം. മരണം നടന്ന് എട്ട് മാസമായിട്ടും ബാലഭാസ്കറിന്റെ മൊബൈല്‍ കുടുംബത്തിന് നല്‍കാത്തത് എന്തുകൊണ്ട്? കൂടാതെ കുടുംബം സംശയമുനയില്‍ നിര്‍ത്തുന്ന പാലക്കാട്ടെ പൂന്തോട്ടം കുടുംബവുമായി തമ്പിക്ക് സാമ്പത്തിക ഇടപാടുകളുളളതായും കണ്ടെത്തിയിട്ടുണ്ട്. ഇതിനൊപ്പം ബാലഭാസ്കറിനെ മറയാക്കി സ്വര്‍ണകടത്തിയോയെന്നതിലടക്കം നിര്‍ണായക വിവരങ്ങളാണ് അന്വേഷണസംഘം പ്രതീക്ഷിക്കുന്നത്.

ബാലഭാസ്കറിന് ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജുന്‍ അസമില്‍ ഒളിവിലെന്ന് ക്രൈംബ്രാഞ്ച്. മരണത്തിനിടയാക്കിയ യാത്രയില്‍ അര്‍ജുന്‍ വാഹനം ഓടിച്ചത് അമിതവേഗത്തിലെന്നതിന്റെ തെളിവും ക്രൈംബ്രാഞ്ചിന് ലഭിച്ചു. ആരോപണ വിധേയരായ പാലക്കാട് പൂന്തോട്ടം കുടുംബത്തിന് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ പ്രകാശന്‍ തമ്പിയും വിഷ്ണുവുമായി സാമ്പത്തിക ഇടപാടുണ്ടെന്നും കണ്ടെത്തല്‍. ഇവരുടെ മകനും നാട്ടിലില്ലെന്നാണ് അന്വേഷണത്തില്‍ സൂചന ലഭിച്ചത്.

ബാലഭാസ്കറിന്റെ മരണത്തില്‍ തുടക്കം മുതലുള്ള സംശയത്തിന്റെ പ്രധാനകാരണം വാഹനം ഓടിച്ചത് ആരാണെന്നതാണ്. തൃശൂര്‍ സ്വദേശി അര്‍ജുനെന്ന് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയും ഏതാനും സാക്ഷികളും മൊഴി നല്‍കിയെങ്കിലും ബാലഭാസ്കറാണെന്നായിരുന്നു അര്‍ജുന്റെ മൊഴി. ഇത് കളവെന്ന നിഗമനത്തില്‍ വീണ്ടും ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് സംഘം തൃശൂരിലെത്തിയതോടെയാണ് അര്‍ജുന്‍ കേരളം വിട്ട് അസമിലാണെന്ന സൂചന ലഭിച്ചത്.

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റയാള്‍ ദൂരയാത്രക്ക് പോയതില്‍ ദുരൂഹതയെന്നാണ് വിലയിരുത്തല്‍. ഇതിനൊപ്പം മരണത്തിനിടയാക്കിയത് അമിതവേഗത്തില്‍ അശ്രദ്ധമായുള്ള ഡ്രൈവിങാണെന്ന തെളിവും ഡിവൈ.എസ്.പി കെ. ഹരികൃഷ്ണന്റെ നേതൃത്വത്തിലെ സംഘം കണ്ടെടുത്തു. രാത്രി 1.8ന് ചാലക്കുടി പിന്നിട്ട സംഘം 230 കിലോമീറ്റര്‍ കടന്ന് പള്ളിപ്പുറത്തെത്തി അപകടത്തില്‍പെടാനെടുത്തത് വെറും രണ്ട് മണിക്കൂര്‍ 40 മിനിറ്റാണ്. അമിതവേഗത്തിന് ചാലക്കുടിയിലെ ക്യാമറയില്‍ കുടുങ്ങിയിട്ടുണ്ട്.

തൃശൂരില്‍ നിന്ന് യാത്ര പുറപ്പെടുമ്പോള്‍ അര്‍ജുനായിരുന്നു ഡ്രൈവറെന്ന് സാക്ഷിമൊഴികളും ലഭിച്ചു. ഇതോടെ അത്യാവശ്യങ്ങളൊന്നുമില്ലാതിരുന്നിട്ടും എന്തിനാണ് അമിതവേഗമെന്ന ചോദ്യവും അര്‍ജുനന്റെ തിരോധാനത്തോടെ ദുരൂഹത കൂട്ടുന്നു. കൂടാതെ ബാലഭാസ്കര്‍ അമിത അടുപ്പം പുലര്‍ത്തിയിരുന്ന പാലക്കാട്ടെ പൂന്തോട്ടം കുടുംബത്തിന് ബാലഭാസ്കറിനെക്കൂടാതെ സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ പ്രകാശന്‍ തമ്പിയടക്കമുള്ളവരുമായും ലക്ഷങ്ങളുടെ ഇടപാടുണ്ടായിരുന്നു. ഇവരുടെ മകന്‍ ജിഷ്ണുവും നാട്ടിലില്ല. ഹിമാലയത്തില്‍ പോയെന്നാണ് മൊഴിയെങ്കിലും അര്‍ജുനനും ജിഷ്ണവും ഒരുമിച്ചാണോയെന്നും അന്വേഷിക്കുന്നുണ്ട്.

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ യാത്രയില്‍ വാഹനം ഓടിച്ചത് അമിത വേഗതയിലെന്ന് കണ്ടെത്തല്‍. തൃശൂരില്‍ നിന്ന് പുറപ്പെടുമ്പോള്‍ വാഹനം ഓടിച്ചത് അര്‍ജുനാണ്. രാത്രി 1 മണിക്ക് ചാലക്കുടിയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ക്യാമറയില്‍ വാഹനം പതിഞ്ഞിട്ടുണ്ട്. ഇത് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. കൊല്ലത്ത് വെച്ച് ബാലഭാസ്കര്‍ ജ്യൂസ് കുടിച്ചതിന് ശേഷം വാഹനം ഓടിച്ചെന്നാണ് അര്ജുന്‍ മൊഴി നല്‍കിയിരുന്നത്.

അതേസമയം അര്‍ജുന്‍ അസമിലേക്ക് പോയെന്നാണ് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചത്. പരുക്കേറ്റ ഇദ്ദേഹം അന്വേഷണം നടക്കുന്നതിനിടെ ഇത്രയും ദൂരം യാത്ര ചെയ്തതില്‍ ക്രൈംബ്രാഞ്ച് ദുരൂഹത സംശയിക്കുന്നുണ്ട്. അപകടം നടക്കുമ്പോള്‍ ബാലഭാസ്കറാണ് കാര്‍ ഓടിച്ചതെന്നാണ് അര്‍ജുന്‍ നല്‍കിയ മൊഴി. എന്നാല്‍ ഡ്രൈവിംങ് സീറ്റില്‍ ഇരുന്ന് അപകടം നടന്നാല്‍ പറ്റുന്ന സമാനമായ പരുക്കാണ് അര്‍ജുന് ഉളളത്. കാല്‍പാദത്തിനും ഇടുപ്പെല്ലിനും പറ്റിയ പരുക്ക് നല്‍കുന്ന സൂചന ഇതാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ താനല്ല കാര്‍ ഓടിച്ചതെന്ന മൊഴിയില്‍ അര്‍ജുന്‍ ഉറച്ച് നില്‍ക്കുകയാണ്.

ദുരൂഹതകള്‍ അകറ്റാന്‍ ബാലഭാസ്കറിന്റെ അപകടം ഉണ്ടായ കാര്‍യാത്ര പുനരാവിഷ്‌കരിക്കാനും ക്രൈം ബ്രാഞ്ച് ആലോചിക്കുന്നുണ്ട്. തൃശൂര്‍ മുതല്‍ പള്ളിപ്പുറം വരെയാണ് യാത്രയ്ക്ക് ക്രൈംബ്രാഞ്ച് തയാറാകുന്നത്. ഇതിനു മുമ്പായി ബാലഭാസ്‌ക്കറും കുടുംബവും യാത്രചെയ്തു തുടങ്ങിയ വടക്കുംനാഥ ക്ഷേത്രത്തില്‍ കൈംബ്രാഞ്ച് സംഘം എത്തി തെളിവുകള്‍ ശേഖരിച്ചു. കൂടാതെ പാലക്കാട് ആയൂര്‍വേദ ആശുപത്രിയിലും ബാലഭാസ്‌ക്കര്‍ സാമ്പത്തിക ഇടപാട് നടത്തി എന്ന് പറയപ്പെടുന്ന ലതയുടെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി.

അന്വേഷണത്തില്‍ ഇതുവരെ വരുത്തിയ വീഴ്ചകള്‍മൂലം ആരാണ് കാര്‍ ഓടിച്ചിരുന്നത് എന്നതുപോലും കൃത്യമായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇത് കണ്ടെത്തിയാല്‍ ബാക്കി കാര്യങ്ങളെല്ലാം കണ്ടെത്താനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ബാലഭാസ്‌കറിന്റെ അച്ഛന്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങള്‍ക്കൊപ്പം കഴിഞ്ഞദിവസം ബന്ധുക്കളുടെ മൊഴികളില്‍ പരാമര്‍ശിച്ചിട്ടുള്ള വിഷയങ്ങളും അടിവരയിട്ടാകും അന്വേഷണം.

ഇതുമായി ബന്ധപ്പെട്ട് അപകടസ്ഥലം ക്രൈംബ്രാഞ്ച് സംഘം വീണ്ടും സന്ദര്‍ശിക്കും. കാര്‍ ഇടിച്ച ശബ്ദവും ബഹളവും കേട്ട് ആദ്യം ഓടിയെത്തിയ സമീപവാസികളെയും വഴിയാത്രക്കാരെയും കണ്ട് വിശദമായ മൊഴിയെടുക്കും. ഇവിടങ്ങളില്‍ നിന്നും കൂടുതല്‍ തെളിവുകളും വിവരങ്ങളും ലഭ്യമായില്ലെങ്കില്‍ ബാലുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയതിന് ശേഷമുള്ള കാര്യങ്ങളും അന്വേഷിക്കും. ബാലുവിനെയും കുടുംബത്തെയും മെഡിക്കല്‍ കോളേജില്‍ ആദ്യം ചികിത്സിച്ച ഡോക്ടര്‍മാര്‍, പരിചരിച്ച നഴ്‌സുമാര്‍, മറ്റ് ആശുപത്രി ജീവനക്കാര്‍, പിന്നീട് വിദഗ്ധ ചികിത്സക്കെത്തിച്ച സ്വകാര്യ ആശുപത്രി ഡോക്ടര്‍മാര്‍, പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ എന്നിവരെ കണ്ട് പരിക്കുകളുടെ സ്വഭാവവും അതുണ്ടാകാനുള്ള സാധ്യതകളും പുനഃപരിശോധിക്കും.

രണ്ടരവയസ് മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം കണ്ണുകൾ ചൂഴ്ന്നെടുത്തു. ഉത്തർപ്രദേശിലെ അലിഗഡിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കുടുംബത്തോടുള്ള വൈരാഗ്യമാണ് ഈ ക്രൂരതയ്ക്ക് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ മാസം 31–നാണ് കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ മാതാപിതാക്കൾ പരാതി നൽകിയത്. ഇന്നലെ സമീപത്തുള്ള സ്ഥലത്ത്‍ വച്ച് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിലും കൈകള്‍ ഒടിഞ്ഞ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. എന്നാൽ കുട്ടിയെ ബലാൽസംഗത്തിനിരയാക്കിയിട്ടില്ല. കഴുത്ത് ഞെരിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. അന്വേഷണസംഘം വിശദീകരിക്കുന്നു.

കുട്ടിയുടെ കുടുംബത്തിന്റെ അയൽവാസിയായ സാഹിദ് എന്നയാളാണ് പ്രതികളിലൊരാൾ. ഇവരുമായി സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നുവെന്നും ഇതിന്റെ വൈരാഗ്യത്തിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്നുമാണ് പൊലീസ് കരുതുന്നത്.

ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിലേക്ക് മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്ത സംഘത്തലവൻ തൃക്കരിപ്പൂർ ഉടുമ്പുന്തലയിലെ അബ്ദുൽ റാഷിദ് അബ്ദുല്ല (40) അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നു സൈന്യം റിപ്പോർട്ടു ചെയ്തതോടെ, റാഷിദിനൊപ്പം ഐഎസ് കേന്ദ്രത്തിലായിരുന്ന ഭാര്യ സോണിയ എന്ന ആയിഷയ്ക്കും മകൾ സാറയ്ക്കും എന്തു സംഭവിച്ചുവെന്നതിൽ ആശങ്ക.

ഈ മേഖലയിൽ ആദ്യമായി ഐഎസിൽ ചേർന്ന അബ്ദുൽ റാഷിദിനൊപ്പം 3 വർഷം മുൻപാണ് ഭാര്യയും കുട്ടിയും വീട് വിട്ടിറങ്ങിയത്. എറണാകുളം സ്വദേശിനിയായ സോണിയ സെബാസ്റ്റ്യനെ റാഷിദ് പ്രണയിക്കുകയും പിന്നീട് മതം മാറ്റി വിവാഹം ചെയ്യുകയുമായിരുന്നു. റാഷിദ് പഠിച്ചതും വളർന്നതും ഒമാനിലാണ്. എൻജിനീയറിങ് പഠനത്തിനു കോട്ടയം പാലായിൽ എത്തിയപ്പോഴാണ് സോണിയ സെബാസ്റ്റ്യനുമായി റാഷിദ് പരിചയത്തിലാകുന്നത്.

പഠനം പൂർത്തിയാക്കിയ ശേഷം റാഷിദ് തിരികെ വിദേശത്ത് ജോലി തേടിപ്പോയി. സോണിയ ബെംഗളൂരുവിൽ എംബിഎ പഠനത്തിലുമായി. പിന്നീട് സോണിയ ഇസ്‌ലാം മതം സ്വീകരിച്ച് ആയിഷയായി. തുടർന്നു റാഷിദ് നിക്കാഹ് ചെയ്തു. ബിഹാർ സ്വദേശിനിയായ യാസ്മിൻ അഹമ്മദും റാഷിദിന്റെ ഭാര്യയാണെന്നു പറയുന്നുണ്ട്.

റാഷിദ് കൊല്ലപ്പെട്ടുവെന്ന വാർത്ത വീട്ടുകാർ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഭാര്യക്കും കുട്ടിക്കും എന്തു സംഭവിച്ചുവെന്നു പറയാനും കഴിയുന്നില്ല. തൃക്കരിപ്പൂർ, പടന്ന, പാലക്കാട് എന്നിവിടങ്ങളിൽ നിന്നു റാഷിദ് ഐഎസ് കേന്ദ്രത്തിലേക്കു നയിച്ച മറ്റുള്ളവരുടെയും സ്ഥിതി വ്യത്യസ്തമല്ല. ശ്രീലങ്കയിലും യമനിലും ഒടുവിൽ അഫ്ഗാനിസ്ഥാനിലും എത്തിയവരിൽ പാലക്കാടും ഇവിടെ നിന്നുമായി 6 കുടുബങ്ങളുണ്ട്. പടന്നയിലെ ഡോക്ടർമാരായ ദമ്പതികൾ ഉൾപ്പെടെയാണിത്.

ബാലഭാസ്കറിന്റെയും മകളുടെയും ജീവൻ കവർന്ന കാറപകടത്തിൽ വാഹനം ഓടിച്ചിരുന്നത് ഡ്രൈവർ അർജുൻ ആണെന്ന നിഗമനത്തിലേയ്ക്ക് ക്രൈംബ്രാഞ്ച്. സംഭവം നടന്നയുടൻ സ്ഥലത്തെത്തിയ നാട്ടുകാരും കെഎസ്ആർടിസി ഡ്രൈവറും അടക്കമുള്ളവർ, കാർ ഓടിച്ചിരുന്നത് ബാലഭാസ്കർ ആണെന്നാണു മൊഴി നൽകിയതെങ്കിലും ബാലഭാസ്കറിനെ അപ്പോൾത്തന്നെ തിരിച്ചറിയാൻ കഴിയുന്ന നന്ദു എന്ന സാക്ഷിയുടെ മൊഴി കൂടുതൽ വിശ്വസനീയമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി നൽകിയ മൊഴിയനുസരിച്ചും കാർ ഓടിച്ചിരുന്നത് അർജുനാണ്.

അർജുൻ കാറോടിച്ചുവെന്നും മുന്നിലെ ഇടത്തേ സീറ്റിൽ കുഞ്ഞിനൊപ്പം താൻ ഇരുന്നു എന്നുമാണ് ലക്ഷ്മിയുടെ മൊഴി. ബാലഭാസ്കർ പിന്നിലെ സീറ്റിൽ ഉറങ്ങുകയായിരുന്നു. ഇതു ശരിവയ്ക്കുന്നതാണ് നന്ദുവിന്റെയും മൊഴി. അപകടം നടക്കുമ്പോൾ വിമാനത്താവളത്തിൽ നിന്നു ബന്ധുക്കളെ കൂട്ടി മടങ്ങുകയായിരുന്നു നന്ദു. രക്ഷാപ്രവർത്തനത്തിലും ഇയാൾ പങ്കാളിയായി. കാർ ഓടിച്ചിരുന്നതാരെന്നു വ്യക്തമാക്കുന്ന 2 നിർണായക തെളിവുകൾക്കായി കാക്കുകയാണ് അന്വേഷണസംഘം. ഒന്ന്, ബാലഭാസ്കറും കുടുംബവും അവസാന യാത്രയ്ക്കിടെ കൊല്ലത്തെ ഷോപ്പിൽ നിന്നു ജ്യൂസ് കുടിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ.

എതിർവശത്തെ ഷോപ്പിൽ സിസിടിവി ഉണ്ടായിരുന്നെങ്കിലും 15 ദിവസത്തേയ്ക്കു മാത്രമേ ഇതിൽ ദൃശ്യങ്ങളുണ്ടാകൂ. ആദ്യം കേസ് അന്വേഷിച്ച പൊലീസ് സംഘം ഇതു ശേഖരിച്ചിരുന്നില്ല. സിസിടിവിയുടെ ഹാർഡ് ഡിസ്കിൽ നിന്ന് പഴയ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കാറിലെ ഓരോ സീറ്റിൽ നിന്നും ശേഖരിച്ച രക്ത സാംപിളുകളുടെ പരിശോധനാ ഫലമാണ് രണ്ടാമത്തെ തെളിവ്. ഡ്രൈവിങ് സീറ്റിൽ‌ നിന്നുള്ള രക്തക്കറ ആരുടേതെന്നു കണ്ടെത്തിയാൽ കാറോടിച്ചത് ആരെന്നും വ്യക്തമാകും

കാർ ഓടിച്ചിരുന്നത് ബാലഭാസ്കർ തന്നെയെന്ന് ആദ്യം അപകടസ്ഥലത്തെത്തിയ സമീപവാസി ദേവദാസൻ. സംഭവദിവസം രാവിലെ നടക്കാനിറങ്ങുമ്പോഴാണ് വാഹനമിടിക്കുന്ന ശബ്ദം കേട്ടത്. ഓടിയെത്തിയപ്പോൾ വീട്ടിൽ നിന്ന് 10 മീറ്റർ മാത്രം അടുത്തുള്ള റോഡരികിലെ മഹാഗണി മരത്തിൽ വാഹനം ഇടിച്ചു നിൽക്കുകയായിരുന്നു. പരിസരത്ത് പുക പടർന്നു. ആദ്യം ഒന്നും കാണാനായില്ല. 10 മിനിറ്റിനുള്ളിൽ ഹൈവേ പൊലീസ് എത്തി. ഇടിയിൽ തകർന്നതിനാൽ മുന്നിലെ വാതിൽ തുറക്കാനായില്ല. വീട്ടിൽ നിന്ന് പാരയെടുത്ത് കുത്തിയാണ് പിറകിലെ വാതിൽ തുറന്നത്. ബാലഭാസ്കറിനെ പിന്നിലെ സീറ്റിലൂടെയാണ് പുറത്തെടുത്തതെന്നും ദേവദാസൻ പറഞ്ഞു.

കൂടുതൽ തെളിവ് ശേഖരണത്തിന് ക്രൈംബ്രാഞ്ച് നടപടി തുടങ്ങി. ഇതിനായി ഡിവൈ.എസ്.പി K. ഹരികൃഷ്ണന്റെ നേതൃത്വത്തിലെ സംഘം തൃശൂരിലേക്ക് പുറപ്പെട്ടു. സെപ്തംബർ 25 ന് തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിലെ പൂജക്ക് ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോളായിരുന്നു മരണത്തിനിടയാക്കിയ അപകടമുണ്ടായത്. അതിനാൽ ക്ഷേത്രത്തിലെത്തി പൂജാ വിവരങ്ങളും അവിടെ നടന്ന കാര്യങ്ങരും അന്വേഷിക്കും. ഇവർ താമസിച്ച ഹോട്ടലലും പരിശോധിക്കും. അപകട സമയത്ത് കൂടെയുണ്ടായിരുന്ന ഡ്രൈവർ അർജുൻ തൃശൂർ സ്വദേശിയാണ്. അർജുന്റെ മൊഴിയുമെടുക്കും. വാഹനം ഓടിച്ചത് ആരാണന്നതിൽ പരസ്പര വിരുദ്ധമായ മൊഴികളാണ് അർജുനും ബാലഭാസ്കറിന്റെ ഭാര്യ ലക്ഷമിയും നൽകിയിരിക്കുന്നത്. ഇക്കാര്യത്തിൽ വ്യക്തതയുണ്ടാക്കാനും ശ്രമിക്കുന്നുണ്ട്. നാളെ പാലക്കാട് പൂന്തോട്ടം ആയൂർവേദാശ്രമം ഉടമകളുടെ മൊഴിയുമെടുക്കും

 

RECENT POSTS
Copyright © . All rights reserved