ഷിയാക്കളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന്‍റെ പേരില്‍ 13-ാം വയസ്സില്‍ അറസ്റ്റിലായ സൌദീ പൌരനെ വധശിക്ഷക്ക് വിധിച്ചുവെന്ന് ആംനസ്റ്റി ഇന്റർനാഷണൽ. ‘ഭീകര സംഘടന’യില്‍ ചേര്‍ന്നു, ‘രാജ്യദ്രോഹ കുറ്റം’ ചെയ്തു തുടങ്ങിയ വകുപ്പുകളാണ് മുര്‍ത്തജ ഖുറൈറീസ് എന്ന, ഇപ്പോള്‍ പതിനെട്ടു വയസ്സുള്ള, യുവാവിനുമേല്‍ ചുമത്തിയിരിക്കുന്ന കുറ്റം.
2014 സെപ്തംബറിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. അതിനുശേഷം ഇത്രയും കാലം ഏകാന്ത തടവിൽ പാര്‍പ്പിക്കുകയും ചെയ്തു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതുകൊണ്ട് സൗദി അറേബ്യ ഈ കേസിനെക്കുറിച്ച് പരസ്യമായി പ്രതികരിച്ചിട്ടില്ല.
അതേസമയം, കഴിഞ്ഞ ഏപ്രിൽ മാസത്തിൽ മാത്രം സൗദിയില്‍ 37 പേരുടെ വധശിക്ഷയാണ് കൂട്ടത്തോടെ നടപ്പാക്കിയത് എന്നത് ആശങ്കാജനകമാണ്. അവരിൽ ഭൂരിഭാഗവും ഷിയാ വിഭാഗക്കാരാണ് എന്നതാണ് ശ്രദ്ധേയം. അതില്‍ 16 വയസുള്ളപ്പോൾ അറസ്റ്റിലായ ഒരു ഷിയാ യുവാവും ഉണ്ടായിരുന്നതായി ആംനസ്റ്റി ഇന്റർനാഷണൽ പറയുന്നു.
മുര്‍ത്തജ ഖുറൈറീസിനെതിരെ ചുമത്തിയ രാജ്യദ്രോഹകുറ്റങ്ങളില്‍ അയാൾക്ക് വെറും പത്തുവയസ്സ് മാത്രമാണ് പ്രായമുള്ളപ്പോള്‍ നടന്ന സംഭവവുമുണ്ട്. മുത്തര്‍ജയുടെ മുതിർന്ന സഹോദരന്‍ 2011-ലെ അറബ് വസന്തകാലത്ത് നടന്ന സമരങ്ങളുടെ ഭാഗമായി കൊല ചെയ്യപ്പെട്ടിരുന്നു. തുടര്‍ന്ന് നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്തുവെന്നതാണ് മുര്‍ത്തജക്കെതിരെ ചുമത്തിയിട്ടുള്ള ഒരു കുറ്റം. അറസ്റ്റ് നടക്കുമ്പോള്‍ അയാളുടെ പ്രായം പതിനൊന്നു വയസ്സാണ്.
സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ ഷിയാ ന്യൂനപക്ഷ പ്രക്ഷോഭകർ 2011-ല്‍ തുല്യാവകാശത്തിനുവേണ്ടി സമരം ചെയ്തിരുന്നു. സര്‍ക്കാര്‍ സേവനങ്ങളൊന്നും ലഭിക്കുന്നില്ലെന്നും, സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ശക്തമായ സ്വാധീനമുള്ള വഹാബികളില്‍നിന്നും, സുന്നികളില്‍ നിന്നും കടുത്ത വിവേചനമാണ് നേരിടുന്നതെന്നും അവര്‍ പരാതിപ്പെട്ടിരുന്നു.
2014-മുതൽ സൗദി അറേബ്യയിലെ ഭീകരവിരുദ്ധ കോടതിക്ക് മുമ്പാകെ നൂറോളം ഷിയാ വിഭാഗക്കാരാണ് വിചാരണ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. സർക്കാറിനോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചതിന്‍റെ പേരില്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങളും കുട്ടങ്ങലുമാണ് അവര്‍ക്കുമേല്‍ ചുത്തപ്പെട്ടിരിക്കുന്നത് എന്ന് ആംനസ്റ്റി ഇന്റർനാഷണൽ പറയുന്നു. 2016-ൽ സൌദിയിലെ ഏറ്റവും വലിയ ഷിയാ നേതാവായ ശൈഖ് നിംർ അൽ-നിംറിനെ സൗദി അറേബ്യ വധിച്ചിരുന്നു.
ഐടി കമ്പനിയിൽ മിനി ബോംബ് സ്ഥാപിച്ച യുവ എന്‍ജിനീയര്‍ അറസ്റ്റില്‍. പണം ആവശ്യപ്പെട്ടിട്ടും മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് ആണ് തമിഴ്നാട് സിങ്കപ്പെരുമാള്‍ കോവിലിന് സമീപമുള്ള ഐടി പാര്‍ക്കില്‍ ബോംബ് വെച്ചതിനു അതേ സ്ഥാപനത്തിലെ 29-കാരനായ യുവ എന്‍ജിനീയര്‍ അറസ്റ്റിലായത്.
യുവാവിന് അടിയന്തരമായി 50 ലക്ഷം രൂപ ആവശ്യമായി വന്നു. പണം ആവശ്യപ്പെട്ട് ഇയാള്‍ കമ്പനിയിലെ ജീവനക്കാര്‍ക്ക് അജ്ഞാത ഇ മെയില്‍ സന്ദേശം അയച്ചു. പണം നല്‍കിയില്ലെങ്കില്‍ കമ്പനിയില്‍ ബോംബ് വയ്ക്കുമെന്നായിരുന്നു സന്ദേശം. എന്നാല്‍ ജീവനക്കാര്‍ ആരും തന്നെ സന്ദേശത്തത്തോട് പ്രതികരിച്ചില്ല. തുടര്‍ന്ന് ആണ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ദൂരെ നിന്ന് നിയന്ത്രിക്കാവുന്ന മിനി ബോംബ് ഇയാള്‍ ഒരു ബോളിനുള്ളിലാക്കി കമ്പനിക്ക് പുറത്ത് സ്ഥാപിച്ചത്.
എന്നാല്‍ ബോംബ് പൊട്ടിത്തെറിക്കുന്നതിന് പകരം അതില്‍ നിന്നും പുക മാത്രം ഉയർന്നതോടെ പൊലീസെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു.അപ്പോഴാണ് പ്രതിയായ യുവ എന്‍ജിനീയര്‍ വലയിലായത്
നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷനിൽ (യുഎന്‍എ) സാമ്പത്തിക തട്ടിപ്പ് നടന്നെന്ന പരാതിയില്‍ നാലുപേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. യുഎന്‍എ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷായാണ് ഒന്നാം പ്രതി. പ്രാഥമിക അന്വേഷണത്തിനുശേഷമാണ് ക്രൈംബ്രാഞ്ച് കേസ് റജിസ്റ്റര്‍ ചെയ്തത്. ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോര്‍ട്ട് അംഗീകരിച്ച് ഡി.ജി.പിയാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. സംഘടനയുടെ സാമ്പത്തിക ഇടപാടില്‍ മൂന്ന് കോടിയോളം രൂപയുടെ ക്രമക്കേട് നടന്നെന്നാണ് പരാതി.
മുന്‍ വൈസ് പ്രസിഡന്റ് നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് നടത്തിയ അന്വേഷണത്തില്‍ സാമ്പത്തിക ഇടപാടില്‍ ചില പൊരുത്തക്കേടുകള്‍ കണ്ടിരുന്നു. മിനിറ്റ്സ് അടക്കമുള്ള രേഖകളില്‍ തിരുത്തലുകള്‍ വരുത്തിയിട്ടുണ്ടോയെന്ന് അറിയാന്‍ ശാസ്ത്രീയ പരിശോധന നടത്തണമെന്നും അതിനായി കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നും ശുപാര്‍ശ ചെയ്തിരുന്നു.
പൊലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കിയെന്നാരോപിച്ച് ഉത്തർപ്രദേശിൽ ട്രാൻസ്ജെൻഡറുകൾക്ക് മർദ്ദനം. മീററ്റിലെ ലാൽകുർത്തി പൊലീസ് സ്റ്റേഷനിലാണ് സംഭവമുണ്ടായത്.
ട്രാൻസ്ജെൻഡറുകൾ അപമര്യാദയായി പെരുമാറി, അത് കൊണ്ട് ബലപ്രയോഗം നടത്തേണ്ടി വന്നു, ആവശ്യത്തിലധികം ബലപ്രയോഗം നടത്തേണ്ടി വന്നിട്ടുണ്ടോ എന്ന് അന്വേഷിക്കും ഇങ്ങനെയായിരുന്നു സംഭവത്തെക്കുറിച്ച് എസ്എസ്പിയുടെ വിശദീകരണം.
#WATCH: Transgenders lathi charged by police allegedly after they created ruckus in Lalkurti police station,Meerut today. SSP says,’things have come to the fore,transgenders misbehaved,but force was used to control them. If force used was more than required,probe to be conducted’ pic.twitter.com/3Fq4gl8EoX
— ANI UP (@ANINewsUP) June 10, 2019
ചെന്നൈയില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന്റെ സിസി.ടി.വി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. അമിതവേഗതയുണ്ടാക്കുന്ന ദുരന്തങ്ങളെന്ന ടാഗ് ലൈനോടെയാണ് താംബരത്തെ കാറപടകം പ്രചരിക്കുന്നത്.
സമൂഹമാധ്യമങ്ങളില്‍ വൈറലായ ദൃശ്യങ്ങള്‍ ചെന്നൈയ്ക്ക് സമീപത്തെ താംബരത്തെ ട്രാഫിക് സിഗ്നലില്‍ നിന്നുള്ളതാണ്. പലതരത്തിലുള്ള ടാഗ് ലൈനോടെയാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. വാഹനങ്ങളെ നിയന്ത്രിക്കാനായി നിരത്തിയ ബാരിക്കേഡുകളെല്ലാം തകര്‍ത്ത് ചുവന്ന വാന്‍ പറന്നെത്തുന്നു. മുന്നില്‍പെട്ടവരെയെല്ലാം ഇടിച്ചുതെറിപ്പിച്ച്.
താംബരം സ്വദേശികളായ ഗ്ലാഡ്സണ്‍,വിക്രം ,ശാന്തി,ഭര്‍ത്താവ് ആറുമുഖം,എന്നിവരെ ഗുരുതര പരുക്കുകളോടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒടുവിൽ വാഹനം ഒതുക്കി നിര്‍ത്തിയതിനു ശേഷം ഡ്രൈവര്‍ പരിഭ്രമില്ലാതെ നടന്നുപോകുന്നു. നഗരത്തിലെ ബിസിനസുകാരനായ ഡ്രൈവറെ പിന്നീട് പൊലീസ് പിടികൂടി.
പീഡനക്കേസിൽ നിന്ന് രക്ഷപെടാൻ പരാതി നൽകിയ പെൺകുട്ടിയെ വിവാഹം കഴിച്ച് ത്രിപുര എംഎൽഎ. ഐപിഎഫ്ടി പാർട്ടി നേതാവും എംഎൽഎയുമായ ധനഞ്ജോയ്ക്കെതിരെയാണ് പെൺകുട്ടി പീഡനപരാതി നല്‍കിയത്. അഗർത്തലയിലെ ക്ഷേത്രത്തിൽ വെച്ച് പെൺകുട്ടിയെ വിവാഹം ചെയ്തെന്ന് എംഎൽഎ സമ്മതിച്ചു.
മെയ് 20നാണ് അഗര്‍ത്തലയിലെ വനിതാ പൊലീസ് സ്റ്റേഷനിൽ എംഎൽഎക്കെതിരെ പെൺകുട്ടി പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും പിന്നീട് ചതിച്ചെന്നും ആരോപിച്ചായിരുന്നു പരാതി. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വിവാഹം.
പരാതിയെത്തുടർന്ന് എംഎൽഎയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമുയർന്നിരുന്നു. അതിനിടെ പെൺകുട്ടിയുടെ കുടുംബവുമായി പാർട്ടി നേതൃത്വവും ധനഞ്ജോയുടെ കുടുംബവും ചർച്ച നടത്തുകയായിരുന്നു. തുടർന്ന് ഒത്തുതീർപ്പിന് പെൺകുട്ടിയുടെ കുടുംബം തയ്യാറായി. സംഭവവുമായി ബന്ധപ്പെട്ട് ഇരുവർക്കും പരാതികളൊന്നുമില്ലെന്ന് എംഎൽഎയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
കത്വയില്‍ എട്ട് വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ്. കുട്ടിയെ ബലാത്സംഗം ചെയ്യാൻ ആസൂത്രണം ചെയ്ത മുഖ്യപ്രതി സാഞ്ചി റാം, സ്പെഷ്യൽ പൊലീസ് ഓഫീസറായ ദീപക് ഖജുരിയ,സാഞ്ചി റാമിന്‍റെ സുഹൃത്ത് പർവേഷ് കുമാർ എന്നിവർക്കാണ് മരണം വരെ തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. കേസിലെ മറ്റ് മൂന്ന് പ്രതികളായ ആനന്ദ് ദത്ത, സബ് ഇൻസ്പെക്ടർ സുരേന്ദർ വെർമ, ഹെഡ് കോൺസ്റ്റബിൾ തിലക് രാജ് എന്നിവർക്ക് അഞ്ച് വർഷം തടവും അമ്പതിനായിരം രൂപ തടവുമാണ് വിധിച്ചിരിക്കുന്നത്.
കൊലപാതകം, തട്ടിക്കൊണ്ട് പോകൽ, ബലാത്സംഗം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്. രാജ്യത്തെ നടുക്കിയ കത്വ കൂട്ട ബലാൽസംഗക്കേസിൽ ഏഴിൽ ആറ് പേർ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ച പഠാൻ കോട്ട് പ്രത്യേക കോടതി കേസിൽ ഒരാളെ വെറുതെ വിട്ടു. സാഞ്ചിറാമിന്‍റെ മരുമകൻ വിശാലിനെയാണ് കോടതി വെറുതെ വിട്ടത്. കുട്ടിയെ ബലാത്സംഗം ചെയ്യാൻ പ്രതികൾ ഇയാളെ മീററ്റിൽ നിന്ന് വിളിച്ചുവരുത്തിയെന്നാണ് പൊലീസ് കണ്ടെത്തിയത്. ഇത് സംശയരഹിതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു.
മുഖ്യപ്രതി സാഞ്ചി റാമിന്‍റെ പതിനഞ്ചുകാരനായ മറ്റൊരു മരുമകനും കേസിൽ പ്രതിയാണ്. പ്രായപൂര്‍ത്തിയാകാത്ത ഇയാളുടെ വിചാരണ ജുവനൈൽ കോടതിയിലാണ് . അതിനാൽ വിധിപ്രസ്താവം പിന്നീട് മാത്രമേ ഉണ്ടാകു. പഠാൻകോട്ട് അതിവേഗകോടതിയിലെ ജില്ലാ സെഷൻസ് ജഡ്ജി തേജ്‍വീന്ദർ സിംഗാണ് കേസിൽ വിധി പറഞ്ഞത്. വിധിപ്രസ്താവത്തിന് മുന്നോടിയായി കോടതിയ്ക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
2018 ജനുവരിയിലായിരുന്നു രാജ്യ വ്യാപക പ്രതിഷേധങ്ങളുണ്ടാക്കിയ കത്വ കൂട്ട ബലാൽസംഗം നടന്നത്. പെൺകുട്ടിയുടെ മാതാപിതാക്കൾ അടങ്ങുന്ന ബകർവാൾ നാടോടി വിഭാഗത്തെ ഗ്രാമത്തിൽ നിന്നും തുരത്തിയോടിക്കുന്നതിനാണ് പെൺകുട്ടിയെ ദിവസങ്ങളോളം തടവിൽ വെച്ച് പീഡിപ്പിച്ചതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. മൃതദേഹം കണ്ടെത്തുമ്പോൾ കുട്ടിയെ കാണാതായിട്ട് ഒരാഴ്ച കഴിഞ്ഞിരുന്നു. ഏപ്രിലിൽ 8 നാണ് കുറ്റപത്രം സമർപ്പിക്കപ്പെട്ടത്. കുറ്റാരോപിതരെ അറസ്റ്റ് ചെയ്തതിന്‍റെ പേരിൽ പ്രാദേശിക പാർട്ടികൾ പ്രതിഷേധം നടത്തിയിരുന്നു. ഒരു പ്രതിഷേധ പ്രകടനത്തിൽ പിന്നീട് രാജിവെച്ച രണ്ട് ബിജെപി മന്ത്രിമാരും പങ്കെടുത്തിരുന്നു.
ഇസ്രയേലിലെ തെല്‍ അവീവില്‍ മലയാളി കുത്തേറ്റു മരിച്ചു. ജെറോം അര്‍തര്‍ ഫിലിപ്പാണ് കൊല്ലപ്പെട്ടത്. നേവ് ഷാനാന് സ്ട്രീറ്റിലെ താമസസ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് ജെറോമിനുനേരെ ആക്രമണം ഉണ്ടായത്.
അക്രമണത്തില്‍ പരിക്കേറ്റ ജെറോമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റൊരു മലയാളിയായ പീറ്റര്‍ സേവ്യര്‍ (60) ഇച്ചിലോവ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ പൗരന്മാരായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
അയല്‍വീട്ടില്‍ കളിക്കുകയായിരുന്ന പന്ത്രണ്ടുവയസുകാരിയുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കളും നാട്ടുകാരും. പന്തളംതെക്കേക്കര പാറക്കര സ്വദേശി അമൃതയെ ആണ് കഴിഞ്ഞദിവസം ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. അയല്‍ വീട്ടിലെ കുട്ടികളോടൊപ്പം അമൃത കളിക്കുന്നത് കണ്ടവരുണ്ട്. പിന്നീട് മരിച്ചനിലയില്‍ കട്ടിലില്‍ കിടക്കുന്നതാണ് കണ്ടത്
മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസും ഫൊറന്‍സിക് വിദഗ്ധരുമെത്തി പരിശോധന നടത്തി. തട്ട എന്‍.എസ്.എസ് ഹയര്‍സക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച അമൃത. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തന് ശേഷം ബന്ധുക്കൾക്ക് വിട്ടുനല്‍കി.
ലോറിയും ആംബുലൻസും കൂട്ടിയിടിച്ച് എട്ടു പേർ മരിച്ചതിന്റെ ആഘാതത്തിലാണു പാലക്കാട് തണ്ണിശ്ശേരി. ഞായറാഴ്ച വൈകിട്ട് മൂന്നോടെയായിരുന്നു അപകടം. നെല്ലിയാമ്പതിയിലെ കൊക്കയിലേക്കു മറിഞ്ഞ കാറിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടവരിൽ രണ്ടു പേരുടെ ജീവൻ മണിക്കൂറുകൾക്കുള്ളിൽ റോഡിൽ പൊലിഞ്ഞു. പട്ടാമ്പി വാടാനാംകുറിശ്ശി സ്വദേശികളായ ഫവാസ്, ഉമറുൽ ഫാറൂഖ് എന്നിവരാണു കാറപകടത്തിൽ നിന്നു രക്ഷപ്പെട്ടതിനു പിന്നാലെ ആംബുലൻസ് അപകടത്തിൽ മരിച്ചത്.
ഷൊർണൂരിൽ നിന്ന് നെല്ലിയാമ്പതിയിലേക്കു വിനോദയാത്ര വന്ന സംഘത്തിലുണ്ടായിരുന്നവരാണ് മരിച്ചവർ. ഇവർ വന്നിരുന്ന കാർ ഉച്ചയ്ക്കു മരപ്പാലത്തിനു സമീപം കൊക്കയിലേക്കു മറിഞ്ഞിരുന്നു. പരുക്കേറ്റവരെ നാട്ടുകാരാണ് കെഎസ്ആർടിസി ബസിൽ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഇവിടെ നിന്ന് സ്കാനിങ് ഉൾപ്പെടെയുള്ള കൂടുതൽ പരിശോധനകൾക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോഴായിരുന്നു അപകടം.
സുഹൃത്തുക്കളായ ഫവാസ്, ഉമറുൽ ഫാറൂഖ്, ഇദ്ദേഹത്തിന്റെ സഹോദരൻ ജംഷീർ, വെളുത്തേരിൽ ഷാഫി എന്നിവർ രാവിലെ നെല്ലിയാമ്പതിക്കു പുറപ്പെട്ടതാണ്. കാഴ്ചകൾ കണ്ടു മടങ്ങുന്നതിനിടെ കുണ്ട്റചോലയ്ക്കടുത്തുവച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ടു കൊക്കയിലേക്കു മറിഞ്ഞു. അൻപതടിയിലേറെ താഴ്ചയിലുള്ള മരത്തിൽ കാർ കുടുങ്ങി. കാറിനു പിന്നാലെ വന്ന കെഎസ്ആർടിസി ബസിലെ ജീവനക്കാരും യാത്രക്കാരും ചേർന്നാണു രക്ഷിച്ചത്.
കൊക്കയിലേക്കു വീണിട്ടും കാറിലുണ്ടായിരുന്നവർക്കു കാര്യമായ പരുക്കുകൾ പറ്റിയില്ല. ഇവരെ കെഎസ്ആർടിസിയിൽ നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ഇവിടെ പ്രഥമ ശുശ്രൂഷ നൽകി വിട്ടപ്പോഴേക്കും വിവരമറിഞ്ഞു നാട്ടിൽ നിന്നു ബന്ധുക്കളായ ഓട്ടോ ഡ്രൈവർ നാസറും വ്യാപാരി സുബൈറും എത്തി. പാലക്കാട്ടേക്കു ബസ് കുറവായതിനാൽ എങ്ങനെ പോകുമെന്നു ചിന്തിക്കുമ്പോഴാണ്, അവശനിലയിലുള്ള രോഗിയുമായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് ആംബുലൻസ് പോകുന്ന വിവരമറിഞ്ഞത്.
ജംഷീർ ഒഴികെ എല്ലാവരും ഇതിൽ കയറി. എന്നാൽ അതു ദുരന്തത്തിലേക്കു മടക്കമില്ലായാത്രയായി. ആംബുലൻസിൽ സ്ഥലമില്ലാത്തതിനാൽ മാറി നിന്ന ജംഷീറും പരുക്കുകളോടെ ആശുപത്രിയിൽ കഴിയുന്ന ഷാഫിയും (13) മാത്രം രക്ഷപ്പെട്ടു.
ജീവന്റെ ഒരു തുടിപ്പു ബാക്കിയുണ്ടെങ്കിൽ അവരെ രക്ഷിച്ചെടുക്കാൻ സർവസജ്ജരായി കാത്തുനിന്ന ജില്ലാ ആശുപത്രിയിലേക്കു വന്നത് അപകടത്തിൽ മരിച്ചവരുടെ ചേതനയറ്റ ശരീരങ്ങൾ. തണ്ണിശ്ശേരിയിൽ അപകടം ഉണ്ടായെന്ന വിവരം അറിഞ്ഞയുടൻ ട്രോമാ കെയർ സജ്ജമായിരുന്നു. ഓരോരുത്തരെ കൊണ്ടുവരുമ്പോഴും ഡോക്ടർമാരടക്കമുള്ളവർ ഓടിയെത്തിയെങ്കിലും ഒന്നും ചെയ്യാനില്ലായിരുന്നു.
ജില്ലാ ആശുപത്രി പൊലീസ് സർജൻ ഡോ.പി.ബി.ഗുജറാളും ആശുപത്രി സൂപ്രണ്ട് ഡോ.കെ.രമാദേവിയും ഉടൻ ആശുപത്രിയിലെത്തി. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ ഉടൻ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടം ആരംഭിച്ചു. വൈകിട്ടു 4 കഴിഞ്ഞാൽ പോസ്റ്റ്മോർട്ടം പതിവുള്ളതല്ല. ഇത്തരം സാങ്കേതിക പ്രശ്നങ്ങൾ മാറ്റിവച്ചാണ് ആരോഗ്യവകുപ്പും പൊലീസും ഒരുപോലെ സഹായവുമായി എത്തിയത്.
നിയുക്ത എംപി വി.കെ.ശ്രീകണ്ഠൻ, എംഎൽഎമാരായ ഷാഫി പറമ്പിൽ, കെ.ഡി.പ്രസേനൻ, നഗരസഭാധ്യക്ഷ പ്രമീളാ ശശിധരൻ, കലക്ടർ ഡി.ബാലമുരളി, മുൻ എംപി എം.ബി.രാജേഷ് ഉൾപ്പെടെയുള്ളവർ ആശുപത്രിയിലെത്തി. ഡിവൈഎസ്പി ജി.ഡി.വിജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു പൊലീസ് നടപടികൾ.