Crime

കല്ലട ബസിൽ യാത്രക്കാരെ മർദിച്ച സംഭവത്തിൽ നടപടികൾ പുരോഗമിക്കുമ്പോൾ വീണ്ടും കല്ലട വില്ലനായി മാറുകയാണ്. ഇത്തവണ ഇരയായത് യാത്രക്കാരിയായ യുവതിയാണ്. പാതിരാത്രിയില്‍ ഭക്ഷണത്തിന് നിര്‍ത്തിയ ഇടത്ത് നിന്നും 23 വയസുകാരിയായ യുവതിയെ കയറ്റാതെ കല്ലട ബസ് പോയെന്ന് ന്യൂസ് മിനിട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.

പാതിവഴിയിൽ രാത്രി തനിച്ചായ യുവതി ബസിന് പിന്നാലെ ഓടിയിട്ടും ജീവനക്കാർ ബസ് നിർത്തിയില്ല. യുവതി ബസിന് പിന്നാലെ ഒാടുന്നത് കണ്ട് മറ്റ് വാഹനങ്ങൾ ഹോൺ മുഴക്കിയിട്ടും ഉറക്കെ വിളിച്ചിട്ടും ജീവനിക്കാർ കേൾക്കാത്ത രീതിയിൽ മുന്നോട്ടുപോയി. കണ്ടിട്ടും കാണാത്ത രീതിയിലായിരുന്നു ജീവനക്കാരുടെ പെരുമാറ്റം. ഒടുവില്‍ അതുവഴി വന്ന കാർ ‍ഡ്രൈവർ ബസിനെ ഒാവർടേക്ക് ചെയ്ത് ഡ്രൈവറോട് കാര്യം പറഞ്ഞു. എന്നാൽ അപ്പോഴും മടങ്ങി വന്ന് യുവതിയെ കയറ്റാന്‍ കല്ലട ജീവനക്കാര്‍ തയാറായില്ല.

രാത്രി ദേശീയ പാതയിലൂടെ ഒാടിയാണ് യുവതി വണ്ടിയിൽ കയറിയത്. ബെംഗളൂരൂവില്‍ താമസമാക്കിയ എച്ച്ആര്‍ പ്രൊഫഷണലായ പെണ്‍കുട്ടിയ്ക്കാണ് കല്ലട ബസിൽ നിന്നും ദുരനുഭവം ഉണ്ടായത്.തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കാണ് യുവതി ടിക്കറ്റെടുത്തത്. രാത്രി ഭക്ഷണത്തിന് തിരുനെല്‍വേലിയില്‍ നിർത്തിയപ്പോഴാണ് സംഭവം. ഒരു മുന്നറിയിപ്പും നല്‍കാതെ പെട്ടെന്ന് ബസ് എടുത്തുകൊണ്ട് പോകുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്. തനിക്കുണ്ടായ ദുരിതം കൂട്ടുകാരെ അറിയിച്ചതോടെ ഡ്രൈവറെ വിളിച്ച് അവര്‍ അന്വേഷിച്ചു.

എന്നാല്‍ ഭീഷണിപ്പെടുത്തുകയാണ് ഡ്രൈവര്‍ ചെയ്തത്. ഒരു യുവതിയെ രാത്രിയില്‍ പാതിവഴിയില്‍ ഇറക്കിവിട്ടിട്ട് പോന്നതെന്തിനാണെന്ന ചോദ്യത്തിന് മലയാളിയായ ഡ്രൈവര്‍ പറഞ്ഞത് യാത്രക്കാര്‍ കയറിയോ ഇല്ലയോ എന്ന് നോക്കേണ്ടത് തന്റെ ജോലിയല്ലെന്നാണ്. പിന്നീട് ഡ്രൈവർ പറഞ്ഞ വാക്കുകളിങ്ങനെ. ഏത് ട്രാവല്‍സിനോടാണ് താന്‍ സംസാരിക്കുന്നതെന്ന് അറിയുമോ? ഇത് കല്ലടയാണ്, തനിക്ക് കല്ലട ആരാണെന്ന് അറിയുമോ എന്നാണെന്നും യുവതി വെളിപ്പെടുത്തുന്നു.

കെവിൻ വധക്കേസിൽ നിർണായക വെളിപ്പെടുത്തൽ നടത്തി ഫോറൻസിക് വിദഗ്‌ധർ. കെവിനെ പുഴയില്‍ മുക്കി കൊല്ലുകയായിരുന്നു. മുങ്ങുന്ന സമയത്ത് കെവിന് ബോധമുണ്ടായിരുന്നുവെന്നും ഫോറന്‍സിക് വിദഗ്ധര്‍ വിചാരണക്കോടതിയില്‍ മൊഴി നല്‍കി. ശ്വാസകോശത്തിലെ വെള്ളത്തിന്‍റെ അളവ് ചൂണ്ടിക്കാട്ടിയാണ് മൊഴി.

കെവിന്‍റെ പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങിമരണം എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് വിശദീകരിച്ചുകൊണ്ടാണ് ഫോറന്‍സിക് വിദഗ്ധര്‍ ഇന്ന് കോടതിയില്‍ മൊഴി നല്‍കിയത്. രണ്ട് കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കെവിനെ മുക്കിക്കൊന്നത് തന്നെയാണെന്ന് ഫോറന്‍സിക് സംഘം പറയുന്നത്. കെവിന്‍റെ ശ്വാസകോശത്തില്‍ കണ്ടെത്തിയ വെള്ളത്തിന്‍റെ അളവാണ് ഒരു കാരണം. ബോധത്തോടെ ഒരാളെ മുക്കിയാല്‍ മാത്രമേ ഇത്രയും വെള്ളം ഒരാളുടെ ശ്വാസകോശത്തില്‍ കയറൂ എന്ന് ഫോറന്‍സിക് സംഘം വിശദീകരിച്ചു.

അരക്കൊപ്പം വെള്ളം മാത്രമേ സ്ഥലത്തുള്ളൂ എന്നും ഇത്രയും വെള്ളത്തില്‍ ബോധത്തോടെ ഒരാള്‍ വീണാല്‍ ഇത്രയും വെള്ളം ശ്വാസകോശത്തില്‍ കയറില്ലെന്ന് സ്ഥലം സന്ദ‌ര്‍ശിച്ച ഫോറന്‍സിക് സംഘം മൊഴി നല്‍കി. കേസില്‍ ഈ മൊഴി ഏറെ നിര്‍ണ്ണായകമാണ്.

കെവിനെയും ബന്ധുവിനെയും തട്ടിക്കൊണ്ട് പോയെന്നത് സത്യമാണെങ്കിലും ഇവര്‍ രക്ഷപ്പെട്ടുവെന്നും പിന്നീട് എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്നുമായിരുന്നു പ്രതികളുടെ വാദം. ഫോറന്‍സിക് വിദഗ്ധരുടെ മൊഴിയോട് കൂടി മുക്കി കൊന്നത് ‍ഞങ്ങളല്ല എന്ന പ്രതികളുടെ വാദം കൂടിയാണ് അസാധുവാകുന്നത്.

കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ ദമ്പതികളെ കണ്ടെത്തി. മൂന്നു മാസം മുൻപ് പ്രണയിച്ചു വിവാഹിതരായ കൊല്ലം പനയം ചെമ്മക്കാട് മഠത്തിൽ കാവിനു സമീപം വിഷ്ണു ഭവനിൽ വിഷ്ണു (23), ഭാര്യ പുത്തൂർ സ്വദേശിനി ആര്യ (21) എന്നിവരെയാണു തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ 4 മണിയോടെയാണു സംഭവം.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ…

വിവാഹത്തിന് ആര്യയുടെ വീട്ടുകാർ എതിർപ്പു പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇതു വകവയ്ക്കാതെ ഇരുവരും വിവാഹിതരാവുകയും വിഷ്ണുവിന്റെ വീട്ടിൽ താമസിച്ചു വരികയുമായിരുന്നു. ഡാൻസറാണ് വിഷ്ണു. ആര്യ ഗർഭിണിയാണെന്നറിഞ്ഞ മാതാപിതാക്കൾ മകളെ കാണാനായി ഇന്നലെ വൈകിട്ടോടെ വീട്ടിലെത്തിയപ്പോൾ ഇവരുടെ കിടപ്പുമുറിയുടെ വാതിൽ അടച്ച നിലയിലായിരുന്നു.

വിഷ്ണുവിന്റെ പിതാവും വീട്ടിലുണ്ടായിരുന്നു. വിളിച്ചിട്ടു വാതിൽ തുറക്കാതായതോടെ ഇവർ കതക് ചവിട്ടിത്തുറന്നപ്പോൾ ഇരുവരും ഷാളിൽ തൂങ്ങി നിൽക്കുന്നതാണു കണ്ടത്. പൊലീസ് ജീപ്പിൽ ഇരുവരെയും മതിലിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം ഇന്ന്. മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

സ്‍പാനിഷ് ഫുട്‍ബോള്‍ താരം ജോസ് അന്റോണിയോ റെയേസ് കാറപകടത്തില്‍ മരിച്ചതിന്‍റെ ഞെട്ടലില്‍ നിന്നും കായികലോകം ഇതുവരെ മോചിതമായിട്ടില്ല. അമിതവേഗതയാണ് അപകടത്തിനു കാരണമെന്ന് ആദ്യം മുതല്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആ വേഗത എത്രയാണെന്ന് അറിയുമ്പോവാണ് ഞെട്ടുക. മണിക്കൂറില്‍ 237 കിലോമീറ്റര്‍

ശനിയാഴ്ച്ച രാവിലെ സ്പെയിലെ സെവില്ലേയ്ക്ക് അടുത്തായിരുന്നു അപകടം. ഉത്രേരയ്ക്കും സെവില്ലേയ്ക്കും ഇടയില്‍ വച്ച് റെയേസ് സഞ്ചരിച്ചിരുന്ന മേഴ്‍സിഡസ് ബാര്‍ബസ് കാര്‍ മറിയുകയായിരുന്നു. അമിതവേഗതയെ തുടര്‍ന്ന് നിയന്ത്രണം വിട്ട് റോഡില്‍ നിന്നും തെന്നിമാറിയ കാര്‍ അകലെയുള്ള കുറ്റിക്കാട്ടിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തുടര്‍ന്ന് തീ പിടിച്ച വാഹനം പൂര്‍ണമായും കത്തിനശിച്ചു. വാഹനത്തിന്‍റെ ടയര്‍ പഞ്ചറായതാണ് അപകടകാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

റെയേസിനൊപ്പം മറ്റ് രണ്ട് പേര്‍ കൂടി കാറിലുണ്ടായിരുന്നു. അതില്‍ അദ്ദേഹത്തിന്റെ ബന്ധുവായ 23കാരനും മരിച്ചിരുന്നു. ആഴ്സണലിന്റേയും റയല്‍ മാഡ്രിഡിന്റേയും മുന്‍ താരമാണ് ജോസ് അന്റോണിയോ റെയേസ്.

സംഗീതജ്ഞൻ ബാലഭാസ്കറിന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയെന്ന് ഡിജിപി ലോക്നാഥ് ബഹ്റ. സാമ്പത്തിക ഇടപാടുകള്‍ പ്രത്യേകം അന്വേഷിക്കും. പുതുതായി ഉയര്‍ന്ന ആരോപണങ്ങളും അന്വേഷണപരിധിയില്‍ വരുമെന്നും ഡിജിപി പറ‍ഞ്ഞു.

ബാലഭാസ്കറിന്റെയും മകളുടേയും മരണത്തിൽ, സ്വർണക്കടത്തിന് അറസ്റ്റിലായ പ്രകാശൻ തമ്പിയുടെ പങ്ക് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. പ്രകാശന്‍ തമ്പിക്കെതിരായ കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തലും സാമ്പത്തിക ഇടപാടുകളും അന്വേഷിക്കും. ബാലഭാസ്കറിന്റെ അച്ഛന്റെ മൊഴി ഡി ആര്‍ ഐ യും രേഖപ്പെടുത്തും. പൊലീസ് അന്വേഷണത്തില്‍ സത്യം പുറത്തുവരട്ടെയെന്നും പ്രകാശനെ അറിയില്ലെന്ന് പറഞ്ഞുവെന്ന പ്രചാരണങ്ങള്‍ ശരിയല്ലെന്നും ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി പ്രതികരിച്ചിരുന്നു.

മേയ് 31ന് മുതല്‍ എറണാകുളത്ത് നിന്നും കാണാതായ വയനാട് സ്വദേശിനി വിഷ്ണുപ്രിയയെ കണ്ടെത്തി. കൊല്ലം ചടയമംഗലത്ത് വച്ച് റെയില്‍വേ പൊലീസാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കുടുംബവുമായി വിഷ്ണുപ്രിയ സംസാരിച്ചു. ഇപ്പോള്‍ കൊല്ലം വനിതാ പൊലീസ് സ്റ്റേഷനിലാണ് കുട്ടിയുളളത്. കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി സുരക്ഷിതയാണെന്നും പൊലീസ് അറിയിച്ചു.
അതിനിടെ വിഷ്ണുപ്രിയയുടെ അച്ഛന്‍ ശിവജി മകളെ കണ്ടുകിട്ടിയതായി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. അതിനായി തന്നെ സഹായിച്ച എല്ലാവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ നന്ദിയും അറിയിച്ചിട്ടുണ്ട്. മകള്‍ നഷ്ടപ്പെട്ട വിവരവും ശിവജി സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചതോടെയാണ് വാര്‍ത്ത പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടത്. ഇതോടെ പൊലീസും അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.

ശിവജിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

എന്റെ മകളെ കിട്ടി പോസ്റ്റ് sahre ചെയ്തു സഹായിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും,മീഡിയ, സുഹൃത്തുക്കള്‍ ചടയമംഗലം പോലീസ് സ്റ്റേഷന്‍ si പ്രദീപ് കുമാര്‍ എന്നിവര്‍ക്കും പോലീസ് അധികാരികള്‍ സഹായം നല്‍കാന്‍ എത്തിയ എല്ല നല്ലവരായ ആളുകള്‍ക്കും നന്ദി സ്‌നേഹ പൂര്‍വ്വം sivaji

ഐഎസില്‍ ചേര്‍ന്ന കാസര്‍കോട് സ്വദേശി റാഷിദ് അബ്ദുള്ള വ്യോമാക്രമണത്തില്‍ മരിച്ചതായി സൂചന. അഫ്ഗാനിസ്ഥാനിലെ കുറാസന്‍ പ്രവിശ്യയിലെ ഐഎസ് കേന്ദ്രത്തിലായിരുന്നു റാഷിദ് പ്രവര്‍ത്തിച്ചിരുന്നത്. അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചെന്നാണ് വിവരം.

കേരളത്തില്‍നിന്നുള്ള ഐഎസ് റിക്രൂട്ട്മെന്‍റ് നടത്തിയിരുന്നത് റാഷിദ് ആണെന്നായിരുന്നു എന്‍ഐഎ കണ്ടെത്തല്‍. നേരത്തേ കേരളത്തില്‍നിന്ന് ഐഎസില്‍ ചേര്‍ന്നവരുടെ വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നത് റാഷിദ് ആയിരുന്നു. ഇയാളുടെ സന്ദേശങ്ങള്‍ മൂന്ന് മാസമായി കിട്ടുന്നില്ല.

 

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചെന്ന പരാതിയിൽ കല്ലറയിൽ അടക്കം ചെയ്ത മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യുന്നു. സംസ്കരിച്ച് 20 ദിവസത്തിന് ശേഷം ഇന്നലെ കല്ലറയിൽ നിന്ന് പുറത്തെടുത്ത മൃതദേഹം ഇന്ന് പോസ്റ്റ് മോർട്ടം ചെയ്യും. മരണകാരണം ചികിൽസാ പിഴവാണെന്ന യുവതിയുടെ ഭർത്താവിന്‍റെ പരാതിയിലാണ് നടപടി. ശസ്ത്രക്രിയയിൽ പിഴവില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം.

കഴിഞ്ഞമാസം പതിനൊന്നിനാണ് വടക്കൻ പറവൂർ കൂട്ടുകാട് സ്വദേശി റിൻസിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഗർഭാശയ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. ശസ്ത്രക്രിയയെ തുടർന്ന് റിൻസിക്ക് ഹൃദയസ്തംഭനമുണ്ടായി മരിച്ചുവെന്നാണ് ബന്ധുക്കളെ ആശുപത്രി അധികൃതർ അറിയിച്ചത്. എന്നാൽ ശ്വാസതടസമാണ് മരണകാരണമെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ശസ്ത്രക്രിയക്കിടെ ഉണ്ടായ പിഴവാണ് റിൻസിയുടെ ജീവനെടുത്തതെന്ന് വ്യക്തമായതായി ബന്ധുക്കൾ പറയുന്നു.

ഭർത്താവിൻറെ പരാതിയുടെ അടിസ്ഥാനത്തിലാണ് മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ ഉത്തരവിട്ടത്. തുടർന്ന് സബ് കലക്ടറുടെ സാന്നിധ്യത്തിൽ മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി.

അതേസമയം റിൻസിയുടെ ശസ്ത്രക്രിയയിലും ചികിൽസയിലും പിഴവുണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ശ്വാസതടസത്തെ തുടർന്നുള്ള ഹൃദയസ്തംഭനമാണ് മരണത്തിന് കാരണമായത്. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാമെന്ന് അറിയിച്ചിരുന്നുവെങ്കിലും, യുവതിയുടെ ബന്ധുക്കൾ താൽപര്യം കാണിച്ചില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

നെയ്മർക്കെതിരെ ബലാൽസംഗ ആരോപണം. പാരീസിലെ ഹോട്ടലിൽ വിളിച്ചു വരുത്തി ബലാൽസംഗം ചെയ്തെന്ന് യുവതി പരാതി നൽകിയതായി റിപ്പോർട്ടുകൾ പുറത്ത്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മെയ് 15–ന് തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതി പരാതിയിൽ പറഞ്ഞിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നെയ്മറെ താൻ പരിചയപ്പെടുന്നത്. മെസേജുകൾ അയക്കുമായിരുന്നു. ഒരിക്കൽ തന്നോട് പാരീസിലേക്ക് വരാൻ ആവശ്യപ്പെട്ടു. നെയ്‌മറുടെ പ്രതിനിധിയായ ഗാലോ ബ്രസീലില്‍ നിന്ന് പാരിസിലേക്കുള്ള വിമാന ടിക്കറ്റും ഹോട്ടലി‍ൽ റൂമും ബുക്ക് ചെയ്ത് തന്നു. അവിടേക്ക് മദ്യപിച്ചാണ് നെയ്മർ എത്തിയത്.

കുറച്ചു സമയം സംസാരിച്ചിരുന്നു. പിന്നീട് നെയ്മർ അക്രമാസക്തനാകുകയും ബലാൽസംഗം ചെയ്യുകയുമായിരുന്നുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്. സാവോ പോളോ പോലീസ് സ്‌റ്റേഷനില്‍ ഫയല്‍ ചെയ്ത കേസിലെ രേഖകളെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം വ്യക്തമാക്കുന്നത്.
സംഭവത്തിനു പിന്നാലെ മാനസികമായി തകര്‍ന്നുപോയ യുവതി രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് പാരീസ് വിട്ടതെന്നും പരാതിയില്‍ പറയുന്നു.

പരാതിക്കാരിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കുമെന്ന് സാവോ പോളോ പൊലീസ് അറിയിച്ചിട്ടുണ്ട്. കോപ്പാ അമേരിക്കയ്‌ക്കായി തയ്യാറെടുക്കുകയാണ് ബ്രസീലിലുള്ള നെയ്‌മറിപ്പോള്‍. ആരോപണത്തോട് നെയ്മര്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ നെയ്ർമറുടെ പിതാവും താരത്തിന്‍റെ ഏജന്‍റുമായ നെയ്‌മര്‍ ദോസ് സാന്‍റേസ് മകനെതിരായ ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തിയെന്നാണ് റിപ്പോർട്ട്

നടന്‍ കുഞ്ചാക്കോ ബോബന് നേരെയുണ്ടായ വധശ്രമത്തില്‍ പ്രതിക്ക് ശിക്ഷ വിധിച്ചു. കുഞ്ചാക്കോ ബോബനു നേരെ കഠാര വീശി ഭീഷണിപ്പെടുത്തുകയായിരുന്നു. തോപ്പുംപടി മൂലങ്കുഴി അത്തിക്കുഴി സ്റ്റാന്‍ലി ജോസഫിനെയാണു (75) ആണ് പ്രതി. മജിസ്‌ട്രേട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്.

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപം 2018 ഒക്ടോബര്‍ 5നു പാതിരാത്രിയാണു സംഭവം ഉണ്ടായത്. കുഞ്ചാക്കോ ബോബനു നേരെ കഠാര വീശി അടുത്ത പ്രതി കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. കുഞ്ചാക്കോ അടക്കം എട്ട് സാക്ഷികളെ വിസ്തരിച്ച കോടതി നിരീക്ഷണ ക്യാമറാദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച ശേഷമാണു ശിക്ഷ വിധിച്ചത്.

വധഭീഷണിക്ക് ഒരു വര്‍ഷവും ആയുധ നിരോധന നിയമപ്രകാരം ഒരു വര്‍ഷവും ശിക്ഷ ലഭിച്ചെങ്കിലും രണ്ടും ഒരുമിച്ച് അനുഭവിച്ചാല്‍ മതി.

RECENT POSTS
Copyright © . All rights reserved