Crime

ഏഴ് വയസുകാരനെ അമ്മയുടെ സുഹൃത്ത് മർദ്ദിച്ച് കൊന്ന സംഭവത്തിൽ കുട്ടിയുടെ അമ്മ അറസ്റ്റിൽ. എറണാകുളത്ത് മാനസിക ചികിത്സയിലായിരുന്ന യുവതിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കുറ്റകൃത്യം മറച്ച് വയ്ക്കൽ, തെളിവ് നശിപ്പിക്കാൻ സഹായിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് നടപടി.

ശിശുക്ഷേമ സമിതിയുടെ ഉത്തരവ് പ്രകാരമാണ് നടപടി. ബാലനീതി നിയമം 75ാം വകുപ്പ് പ്രകാരം ഇവർക്കെതിരെ കേസെടുക്കാനാരുന്നു പൊലീസിനോട് സമിതിയുടെ നിർദ്ദേശം. 10 വർ‍‍ഷം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കുട്ടികളെ ആക്രമിക്കുകയോ ഉപദ്രവിക്കുകയോ അല്ലെങ്കിൽ അതിന് കൂട്ട് നിൽക്കുകയോ ചെയ്യുക, ബോധപൂർവം കുട്ടികളെ അവഗണിക്കുകയും അതിലൂടെ അവരിൽ മാനസിക ശാരീരിക സമ്മര്‍ദ്ദം ഏല്‍പ്പിക്കുക തുടങ്ങിയവയാണ് ബാലനീതി നിയമം 75ാം വകുപ്പിൽ‌ ഉൾപ്പെടുന്നത്.

അതേസമയം, മർദനത്തിൽ പരിക്കേൽക്കുകയും അമ്മൂമ്മയുടെ സംരക്ഷണയിലും കഴിഞ്ഞിരുന്ന മരിച്ച കുട്ടിയുടെ ഇളയ സഹോദരനായ മുന്നുവയസ്സുകാരനെ അച്ഛന്റെ മാതാപിതാക്കൾക്കൊപ്പം വിട്ടു. ശിശുക്ഷേമ സമിതിയുടെ തീരുമാനപ്രകാരമാണ് നടപടി. പൊലീസ് കുട്ടിയെ കൂട്ടിക്കൊണ്ട് വന്ന് അച്ഛന്‍റെ മാതാപിതാക്കൾക്ക് കൈമാറുകയായിരുന്നു. കട്ടിയെ കൈമാറാനാവില്ലെന്ന് അവസാന നിമിഷം കുട്ടിയുടെ അമ്മൂമ്മ നിലപാടെടുത്തതോടെയാണ് പോലീസ് ഇടപെട്ടത്. ഇതോടെ മുന്നുവയസ്സുകാരന്‍ അടുത്ത ഒരുമാസം മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പം കഴിയും.

ഇടക്കൊച്ചിയിൽ യുവാവിനെ കാണാതായ സ്ഥലത്തിന് സമീപം രക്തക്കറ കണ്ടെത്തിയത് ആശങ്ക പരത്തി. തോപ്പുംപടി പൊലീസ് സ്റ്റേഷൻ പരിധിയിൽ കണങ്കാട്ടുകടവ് പാലത്തിന് കീഴെയാണ് മണ്ണിലും ചുവരിലുമായി രക്തം പരന്നത് കണ്ടെത്തിയത്. കാണാതായ ആളുടെ ബൈക്ക് ഇതിന് സമീപത്ത് നിന്ന് കിട്ടുകയും ചെയ്തു.

ഉച്ചയോടെ പരിസരവാസികൾ വിവരമറിയിച്ചാണ് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചത്. പാലത്തിന് കീഴെ രക്തം തളംകെട്ടി ഉണങ്ങിയത് കാണാം. ചുവരിൽ രക്തം തെറിച്ച് പടർന്നതിന്റെ തൊട്ടടുത്ത് ഇങ്ങനെ രക്തം പുരണ്ട കൈകൾ കൊണ്ട് പിടിച്ചതിന്റെ അടയാളവും ഉണ്ട്. ഇതിന് തൊട്ടടുത്താണ് കരുവേലിപ്പടിയിൽ നിന്ന് കാണാതായ വിനുരാജിന്റെ ബൈക്ക് കണ്ടെത്തിയത്. നാലു ദിവസം മുൻപാണ് 37കാരനായ വിനുരാജ് വീട്ടിൽ നിന്ന് പോയത്. പൊലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു. പാലത്തിന് കീഴിൽ നിന്ന് ബൈക്കും കിട്ടിയതോടെ തൊട്ടടുത്ത് കായലിൽ ഫയർ ഫോഴ്‌സ് സംഘത്തെ എത്തിച്ച് തിരച്ചിൽ നടത്തി. സിറ്റി പൊലീസ് കമ്മിഷണർ അടക്കം ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിരുന്നു. ഫോറൻസിക് സംഘവും എത്തി തെളിവെടുപ്പ് നടത്തി.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോ മുളയ്ക്കൽ വെളളിയാ‍ഴ്ച വീണ്ടും കോടതിയിൽ ഹാജരാകും. പാലാ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഹാജരാകാന്‍ ആവശ്യപ്പെട്ട് സമൻസ് അയച്ചിരുന്നു. കോടതിയിൽ ഹാജരാകുന്ന ഫ്രാങ്കോ മുളയ്ക്കൽ ജാമ്യം നീട്ടി ലഭിക്കാൻ അപേക്ഷ നൽകിയേക്കും. കുറ്റപത്രത്തിന്‍റെയും അനുബന്ധ രേഖകളുടെയും പകര്‍പ്പു നല്‍കിയ ശേഷം കേസ് വിചാരണയ്ക്കായി കോട്ടയം ജില്ലാ കോടതിയിലേക്കു മാറ്റും.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ രൂപതാ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കഴിഞ്ഞ സെപ്റ്റംബർ 21 നാണ് അറസ്റ്റിലാകുന്നത്. വൈക്കം ഡിവൈഎസ്‌പി കെ. സുഭാഷിന്റെ നേതൃത്വത്തിൽ നടത്തിയ 9 മാസത്തെ അന്വേഷണത്തിനൊടുവിൽ കുറ്റപത്രം സമര്‍പ്പിച്ചു. മാനഭംഗം, പ്രകൃതിവിരുദ്ധ പീഡനം, അധികാരം ദുരുപയോഗം ചെയ്ത് ലൈംഗിക പീഡനം തുടങ്ങി ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന 5 കുറ്റങ്ങളാണ് പ്രതി ഫ്രാങ്കോക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇതിൽ 5 വർഷം മുതൽ 10 വർഷം വരെ കഠിന തടവ് ലഭിക്കാവുന്ന വകുപ്പുകളുമുണ്ട്.

പരമാവധി മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ഉള്ള കേസുകൾ മാത്രമെ മജിസ്ട്രേറ്റ് കോടതിയിൽ പരിഗണിക്കാനാകൂ. അതിനാൽ കുറ്റപത്രത്തിന്‍റെയും അനുബന്ധ രേഖകളുടെയും പകര്‍പ്പു നല്‍കിയ ശേഷം കേസ് വിചാരണയ്ക്കായി കോട്ടയം ജില്ലാ കോടതിയിലേക്കു മാറ്റും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്ക് പുറമേ 4 ബിഷപ്പുമാരും 11 പുരോഹിതരും 25 കന്യാസ്ത്രീകളും രഹസ്യമൊഴി രേഖപ്പെടുത്തിയ 7 മജിസ്‌ട്രേട്ടുമാരും പ്രധാന സാക്ഷികളാണ്.

അർത്തുങ്കൽ കടലിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച സുഹൃത്തുക്കളായ രണ്ടു വിദ്യാർത്ഥിനികളിൽ ഒരാളെ കാണാതായി. പുലിമുട്ടിലെ കല്ലിൽ പിടിച്ചുകിടന്ന രണ്ടാമത്തെയാൾ കഷ്ടിച്ചു രക്ഷപ്പെട്ടു. പ്ലസ് ടു പരീക്ഷയിൽ പരാജയപ്പെട്ടതിൽ മനംനൊന്തായിരുന്നു ആത്മഹത്യാശ്രമം. കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡ് മായിത്തറ കളത്തിൽവെളിയിൽ ഉദയകുമാറിന്റെ മകൾ സാന്ദ്രയെയാണ് (17) അർത്തുങ്കൽ ഫിഷ്ലാന്റിംഗ് സെന്ററിൽ തെക്കേ പുലിമുട്ടിന് സമീപം ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ കടലിൽ കാണാതായത്.

ചേർത്തല സ്വദേശിനിയും സഹപാഠിയുമായ കൂട്ടുകാരിയുമൊത്ത് ഇന്നലെ രാവിലെ കലവൂരിലെ ആരാധനാലയത്തിൽ പോയ ശേഷമാണ് ഇരുവരും അർത്തുങ്കൽ കടപ്പുറത്തെത്തിയത്. ഇതിനിടെ പ്ലസ്ടു ഫലം മൊബൈൽ ഫോണിലൂടെ അറിഞ്ഞു. സാന്ദ്ര ഫിസിക്സിനും മാത്തമാറ്റിക്സിനും പരാജയപ്പെട്ടപ്പോൾ കൂട്ടുകാരിക്ക് മൂന്നു വിഷയങ്ങളാണ് നഷ്ടമായത്. കടപ്പുറത്തെത്തിയ ഇരുവരും തീരത്തുകൂടി നടന്ന് പുലിമുട്ടിൽ എത്തിയ ശേഷം മൊബൈൽ ഫോണുകൾ പഴ്സിലാക്കി കല്ലിനിടയിലേക്ക് എറിഞ്ഞു.

തുടർന്ന് കൂട്ടുകാരിയെ ചേർത്തുപിടിച്ച് സാന്ദ്ര കടലിലേക്ക് ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.സാന്ദ്രയെ പിന്തിരിപ്പിക്കാൻ കൂട്ടുകാരി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സാന്ദ്ര തിരയിൽപ്പെട്ട് മുങ്ങിത്താഴ്ന്നു. പുലിമുട്ടിലെ കല്ലിൽ പിടിച്ച് വളരെ പണിപ്പെട്ട് കരയിലേക്കു തിരിച്ചു കയറി രക്ഷപ്പെട്ട കൂട്ടുകാരിയാണ് വിവരം പ്രദേശവാസികളെ അറിയിക്കുന്നത്.ഉടൻ തന്നെ അർത്തുങ്കൽ പൊലീസും അഗ്നിശമന സേനയും മത്സ്യത്തൊഴിലാളികളും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല.

കോസ്റ്റൽ പൊലീസിന്റെ നേതൃത്വത്തിൽ കായംകുളം വലിയഴീക്കലിൽ നിന്നു ഫിഷറീസ് വകുപ്പിന്റെ ബോട്ട് എത്തിച്ച് തിരച്ചിൽ തുടരുകയാണ്. മത്സ്യത്തൊഴിലാളികൾ പൊന്തുവള്ളങ്ങളിൽ എത്തി വലവിരിച്ച് തിരച്ചിൽ നടത്തുന്നത് രാത്രി വൈകിയും തുടർന്നു. ശക്തമായ തിരമാലകളും കാറ്റും തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചു. അർത്തുങ്കൽ പൊലീസ് കേസെടുത്തു.

പ്ലസ് ടു പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് വിദ്യാര്‍ത്ഥിനി തീ കൊളുത്തി ആത്മഹത്യ ചെയ്തു. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയാണ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത്. പാലക്കാട് കൂറ്റനാട് പിലാക്കാട്ടിരി പൂവക്കൂട്ടത്തില്‍ ബാലകൃഷ്ണന്‍- വിമല ദമ്പതികളുടെ മകള്‍ ഭവ്യ (17) യാണ് ആത്മഹത്യ ചെയ്തത്. പെരിങ്ങോട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു ഭവ്യ. വീട്ടില്‍ അമ്മയും സഹോദരിയും ഇല്ലാത്ത നേരത്താണ് ഭവ്യ ആത്മഹത്യ ചെയ്തത്. വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ഓടി എത്തിയ നാട്ടുകാരാണ് ഭവ്യയെ വീടിന് പുറത്തെത്തിച്ചത്. ഈ സമയത്തിനുള്ളില്‍ തന്നെ ഭവ്യയ്ക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

 

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ അമ്മ ചൈല്‍ഡ്്ലൈനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. പ്രതിക്കുമേല്‍ പോക്സോ ചുമത്തി.

പത്താംക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ രണ്ടാനച്ഛനായ വ്യക്തി നിരന്തരം ഉപദ്രവിക്കുകയായിരുന്നു. പുറത്തറിയിച്ചാല്‍ കൊല്ലുമെന്നു ഭീക്ഷണിപ്പെടുത്തിയതായും പെണ്‍കുട്ടിയുടെ അമ്മ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ചൈല്‍ഡ്‌ലൈന്‍ പെണ്‍കുട്ടിയുടെ മൊഴിയെടുത്തിരുന്നു. പിന്നീട് ഇവര്‍ കാട്ടാക്കട പൊലീസിനു കൈമാറുകയായിരുന്നു. മറ്റോരു കേസില്‍ ജാമ്യമെടുക്കാനായി കോടതി വളപ്പിലെത്തിയപ്പോള്‍ പ്രതിയെ പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു. പ്രതി നേരത്തെ നിരവധി കേസുകളില്‍ പ്രതിയാണെന്നും പൊലീസ് പറയുന്നു.

നഗരമധ്യത്തിൽ ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ സുഹൃത്തിനെ പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ 16നു കോടിമതയ്ക്കു സമീപം കൊല്ലപ്പെട്ടതു ബംഗാൾ ജയ്പാൽഗുരി സ്വദേശി പുഷ്പനാഥ് സൈബിയാണെന്നും ( പുഷ്കുമാർ) ഇയാളെ സുഹൃത്ത് അപ്പു റോയ് കൊലപ്പെടുത്തിയതാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

ഇന്നലെ ഉച്ചയോടെ ബെംഗളൂരു വൈറ്റ് ഫീൽഡിൽ നിന്നു അപ്പു റോയിയെ പൊലീസ് അറസ്റ്റു ചെയ്തു. പണത്തിനു വേണ്ടിയാണു സുഹൃത്തായ പുഷ്കുമാറിനെ കൊന്നതെന്നു അപ്പു സമ്മതിച്ചു. പുഷ് കുമാറിന്റെ എടിഎം കാർഡ് ഉപയോഗിച്ചു അപ്പു പണം പിൻവലിച്ചതായും കണ്ടെത്തി. ജയ്പാൽഗുരി സ്വദേശികളായ പുഷ് കുമാർ എരുമേലിയിലും അപ്പു റോയ് കോട്ടയത്തുമാണു ജോലി ചെയ്തിരുന്നത്. പുഷ് കുമാർ 4 ലക്ഷത്തോളം രൂപ സമ്പാദിച്ചിരുന്നതായി അപ്പു മനസിലാക്കി. ജോലി സ്ഥലത്തു നിരന്തരം വഴക്കുണ്ടാക്കി മാറുന്ന അപ്പുവിന് ആരും സ്ഥിരം ജോലി നൽകിയിരുന്നില്ല

പണം ആവശ്യത്തിന് ആയെന്നും നാട്ടിലേക്കു തിരികെ പോയി കൃഷി തുടങ്ങുമെന്നും പുഷ് കുമാർ അപ്പുവിനോടു പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം കോട്ടയത്തേക്കു പുഷ് കുമാറിനെ വിളിച്ചുവരുത്തിയ അപ്പു നഗരത്തിലെ കെട്ടിടത്തിന്റെ മുകളിൽ വച്ചു കൊലപ്പെടുത്തിയെന്നു പൊലീസ് പറഞ്ഞു. എടിഎം കാർഡിൽ പുഷ് കുമാർ പിൻ നമ്പർ എഴുതിയിരുന്നതു പണം എടുക്കാനും സൗകര്യമായി. കോടിമതയിലെ ഹോട്ടലിനു സമീപത്തെ സിസിടിവി ക്യാമറയിൽ നിന്നു ലഭിച്ച ചിത്രമാണ് തുമ്പായത്.

ഇരുവരും ഒരുമിച്ച് നടന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിൽ കോട്ടയത്തെയും പരിസരത്തെയും ലേബർ കരാറുകാരുടെ യോഗം വിളിച്ചു ചേർത്തതിൽ നിന്നാണു അപ്പു റോയിയെ കുറിച്ചു സൂചന ലഭിച്ചത്. പ്രതിയെ ഇന്നു കോട്ടയത്ത് എത്തിക്കും

അമേരിക്കയിലെ കൊളൊറാഡോ ശാസ്ത്ര-സാങ്കേതിക സ്കൂളില്‍ വെടിവെപ്പില്‍ ഒരു കൗമാരക്കാരന്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. സ്കൂളിലെ തന്നെ മറ്റ് രണ്ട് വിദ്യാര്‍ത്ഥികളാണ് വെടിവെപ്പ് നടത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.

സയന്‍സ്, ടെക്നോളജി, എഞ്ചിനീയറിങ് ആന്റ് മാത്സ് (സ്റ്റെം) സ്കൂളില്‍ നിന്നും വെടിയൊച്ച കേട്ടയുടനെ നടപടികള്‍ സ്വീകരിച്ചതായി ഡഗ്ലസ് കൗണ്ടി പൊലീസ് വ്യക്തമാക്കി. ഒരു അക്രമി ക്ലാസ് മുറിയിലേക്ക് കടന്നുകയറിയും, മറ്റൊരാള്‍ പുറത്ത് നിന്നും ആണ് അക്രമം നടത്തിയതെന്ന് പരുക്കേറ്റ ഒരു വിദ്യാര്‍ത്ഥി വ്യക്തമാക്കി. ഗിത്താറിന്റെ പെട്ടിയില്‍ നിന്നാണ് ഒരു അക്രമി തോക്ക് പുറത്തെടുത്ത് വെടിവെപ്പ് നടത്തിയതെന്നും ദൃക്സാക്ഷികള്‍ വ്യക്തമാക്കി.

എട്ട് വിദ്യാര്‍ത്ഥികളെയാണ് വെടിയേറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഇതില്‍ പലരും ഗുരുതരാവസ്ഥയിലാണ്. മാരകമായി പരുക്കേറ്റിരുന്ന 18കാരനാണ് ആശുപത്രിയില്‍ വെച്ച് മരിച്ചത്.
വിദ്യാര്‍ത്ഥിയുടെ പേരുവിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. സ്കൂളിലെ തന്നെ മറ്റ് രണ്ട് വിദ്യാര്‍ത്ഥികളാണ് അക്രമം നടത്തിയത്. ഇതില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തി ആയിട്ടില്ല. രണ്ട് അക്രമികളും സ്കൂളിന്റെ രണ്ട് സ്ഥലത്താണ് ഒരേസമയം വെടിവെപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

മിനുട്ടുകള്‍ക്കുളളില്‍ തന്നെ പൊലീസ് സ്ഥലത്തെത്തി അക്രമികളെ കീഴടക്കിയത് കാരണമാണ് മരണസംഖ്യ കുറഞ്ഞതെന്നും പൊലീസ് വ്യക്തമാക്കി. കൊളംബിയന്‍ ഹൈസ്കൂള്‍ വെടിവെപ്പിന്റെ 20ാം വാര്‍ഷികം കഴിഞ്ഞ് ഒരു മാസം തികയും മുമ്പാണ് അമേരിക്കയെ ഞെട്ടിച്ച് ആക്രമണം. 1999ല്‍ കൊളംബിയയിലെ ഹൈസ്കൂളില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ നടത്തിയ വെടിവെപ്പില്‍ 13 പേരാണ് കൊല്ലപ്പെട്ടത്.

തിരുവല്ലം: പ്രഭാത സവാരിക്കിടെ വനിതാ ഐപിഎസ് ട്രെയിനിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച പ്രതി പൊലീസ് പിടിയിലായി. പൂന്തുറ മാണിക്കവിളാകം സ്വദേശി പാച്ചല്ലൂർ ലാല നിവാസിൽ വാടകയ്ക്കു താമസിക്കുന്ന സലിം (29) നെയാണ് ഫോർട്ട് അസി.കമ്മിഷണർ ആർ.പ്രതാപൻ‍ നായരുടെ നേതൃത്വത്തിൽ ഷാഡോ പൊലീസിന്റെ സഹായത്തോടെ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തത്.

തിരുവല്ലം സ്റ്റേഷൻ എസ്എച്ച്ഒയായ ഐപിഎസ് ട്രെയിനി ഐശ്വര്യ പ്രശാന്ത് ഡോംഗ്രെയുടെ കഴുത്തിൽ നിന്നാണ് ബൈക്കിലെത്തിയ യുവാവ് മാല പൊട്ടിക്കാൻ ശ്രമിച്ചത്. കോവളം ബൈപാസിൽ പാച്ചല്ലൂർ കൊല്ലന്തറ ഭാഗത്തെ സർവീസ് റോഡിൽ ശനി രാവിലെയുണ്ടായ സംഭവത്തെ തുടർന്ന് പ്രതിയുടെ സിസിടിവി ക്യാമറ ദൃശ്യം പൊലീസ് പുറത്തുവിട്ടിരുന്നു. ക്യാമറ ദൃശ്യം പരിശോധിച്ച പൊലീസ്, പ്രതി ഇതേ പ്രദേശത്തെ താമസക്കാരനാണെന്ന നിഗമനത്തിലെത്തി.

എസ്എച്ച്ഒ നൽകിയ ബൈക്കിന്റെ റജിസ്ട്രേഷൻ നമ്പർ കേന്ദ്രീകരിച്ച് തലസ്ഥാനത്തെ കൂടാതെ കൊല്ലം ജില്ലയിലെ വാഹനങ്ങളുടെ നമ്പരുകളും പരിശോധിച്ചു. തുടർന്ന് കെഎൽ 02 എ എഫ് 1361 എന്ന നമ്പരുള്ള ബൈക്ക് ഉടമയുടെ പൂന്തുറ വിലാസം കിട്ടിയതോടെ പ്രതിയെ തിരിച്ചറിഞ്ഞു.

തിങ്കൾ രാത്രി വൈകി വീടിനു സമീപത്തു നിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ വിശദമായി ചോദ്യം ചെയ്തു. മോഷണശ്രമത്തിനാണ് കേസെന്നു പൊലീസ് പറഞ്ഞു. സ്വകാര്യ കേറ്ററിങ് സഥാപനത്തിലെ ജീവനക്കാരനാണ്. നേരത്തെ സ്ത്രീകളെ ശല്യം ചെയ്ത പരാതികൾ ഇയാൾക്കെതിരെ ഇപ്പോൾ ഉയർന്നിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

താൻ മാല പിടിച്ചുപറിക്കാൻ ശ്രമിച്ചത് വനിതാ ഐപിഎസ് ട്രെയിനിയുടേതാണെന്നതോ തന്നെ തേടി പൊലീസ് വലവിരിക്കുന്നുണ്ടെന്നതോ അറിയാതെയായിരുന്നു തുടർന്നുള്ള ദിവസങ്ങളിൽ പ്രതിയുടെ ജീവിതം. തിങ്കൾ രാത്രി വൈകി പാച്ചല്ലൂർ തോപ്പടി ലാലാ നിവാസിൽ വാടകയ്ക്കു താമസിക്കുന്ന പ്രതിയുടെ വീട്ടിനു സമീപം പൊലീസ് പിടികൂടാനെത്തുമ്പോൾ ആദ്യം ഓടി രക്ഷപ്പെടാൻ ശ്രമിച്ചു

കുറച്ചൊരു ബലപ്രയോഗം വേണ്ടി വന്നു കീഴടക്കാനെന്നു പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യമടക്കം മാല പിടിച്ചുപറിക്കൽ സംഭവം സംബന്ധിച്ച് വാർത്തകൾ വന്നതൊന്നും പ്രതി അറിഞ്ഞിരുന്നില്ല. നേരത്തെ ഇയാളുടെ പേരിൽ ക്രിമിനൽ കേസുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നു പൊലീസ് പറയുന്നു

സേനാംഗം കൂടിയായ ഉന്നത ഉദ്യോഗസ്ഥക്കു നേരെ നടന്ന അതിക്രമത്തിലെ പ്രതിയെ പിടികൂടാൻ പൊലീസ് സംഘം അരയും തലയും മുറുക്കി രംഗത്തിറങ്ങി.ഫലം, സംഭവം നടന്നു രണ്ടര ദിവസത്തിനള്ളിൽ പ്രതി പിടിയിലായി. തീക്കട്ടയിൽ ഉറുമ്പരിച്ചുവെന്ന പേരിൽ സംഭവം പൊലീസിനു വെല്ലുവിളിയും അഭിമാനപ്രശ്നമായതും അന്വേഷണ വേഗത കൂടാൻ കാരണമായി.

ഫോർട്ട് അസി.കമ്മിഷണർ ആർ.പ്രതാപൻ നായരുടെ നേതൃത്വത്തിൽ തിരുവല്ലം, ഷാഡോ, സൈബർ വിഭാഗങ്ങളിലെ പൊലീസുകാരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘമായി രാവും പകലും പ്രതിക്കായി തിരഞ്ഞു. സംഭവം നടന്ന് ആദ്യ മണിക്കൂറിൽ തന്നെ പ്രതിയെക്കുറിച്ചു സൂചന ലഭിച്ചുവെന്ന് അഭിമാന പ്രശ്നമെന്ന നിലയ്ക്ക് പൊലീസ് പറഞ്ഞുവെങ്കിലും ആദ്യം ഒന്നും വ്യക്തമായിരുന്നില്ല.

മാല പൊട്ടിക്കാൻ നടത്തിയ വിജയിക്കാത്ത ആക്രമണത്തിനു ശേഷം ബൈക്കോടിച്ചു പോയ പ്രതിയുടെ പിന്നാലെ ഓടിയ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ പൊലീസ് കഴിവാണ് പ്രതിയിലേക്കുള്ള ആദ്യ വഴി തുറന്നത്. ബൈക്കിനു പിന്നാലെ കുറേ ദൂരമോടിയ ഉദ്യോഗസ്ഥ റജിസ്ട്രേഷൻ നമ്പരായ 1361 എന്ന അക്കങ്ങളും ‘ഹീറോ പാഷൻ പ്രോ’ ബൈക്കാണെന്നതും മനസിൽ കുറിച്ചിട്ടു. ഈ വിവരങ്ങൾ നിർണായകമായി.

പൂന്തുറ മുതൽ കോവളം വരെയുള്ള സിസിടിവികളിലെ ദൃശ്യങ്ങൾ പരിശോധിച്ചു. ഇതിൽ സംഭവ സ്ഥലത്തിനോടടുത്ത 8 ക്യാമറകൾ പൊലീസ് വിശദമായി പരിശോധിച്ചു. സംഭവ സ്ഥലത്തിനു സമീപം കുറച്ചു ദൂരത്തു മാത്രമേ ബൈക്ക് ക്യാമറയുടെ പരി​ധിയിൽ ഉള്ളുവെന്നത് പ്രധാന റോഡ് വി‌ട്ട് ബൈക്ക് ചെറുറോഡിലേക്ക് കടന്നിരിക്കമാമെന്ന സാധ്യത വെളിവാക്കി. അതുകൊണ്ടു തന്നെ പ്രദേശവാസിയാണ് പ്രതിയെന്ന നിലപാടിലേക്കും പൊലീസെത്തി. ബൈക്കിന്റ‌ റജിസ്ട്രേഷൻ നമ്പരിനു പുറകെയായി അടുത്ത അന്വേഷണം.

തലസ്ഥാനത്തെ ഏതാണ്ട് മുക്കാൽ ലക്ഷത്തോളം പാഷൻ പ്രോ ബൈക്കുകളുടെ നമ്പരുകളാണ് പരിശോധിച്ചത്. പിന്നീട് അന്വേഷണം കൊല്ലം ജില്ലയിലേക്ക് നീട്ടി. അവിടെയും ഏതാണ്ട് മുപ്പതിനായിരത്തിൽപ്പരം വാഹന നമ്പരുകൾ പരിശോധിച്ചു. അവിടെ നിന്ന് ലഭിച്ച കെഎൽ02 എ എഫ് 1361 എന്ന നമ്പർ പരിശോധനയിൽ പൂന്തുറ മാണിക്യവിളാകം സ്വദേശിയാണ് ആർ.സി ഉടമയെന്നു അറിയാനായതോടെ പ്രതിയുടെ ചിത്രം തെളിഞ്ഞു.

ദുബായ് പൊലീസിലെ മലയാളി ഉദ്യോഗസ്ഥനെ കാണാതായെന്നു പരാതി. തട്ടിക്കൊണ്ടുപോയത് സ്വർണക്കള്ളക്കടത്ത് സംഘമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിനു സൂചന. രണ്ടാഴ്ച മുൻപ് വിദേശത്തു നിന്നെത്തിയ അരക്കിണർ പതിയേരിക്കണ്ടി പറമ്പിൽ മുസഫർ അഹമ്മദിനെയാണ് വീട്ടിലേക്കുള്ള യാത്രയ്ക്കിടെ തട്ടിക്കൊണ്ടുപോയത്.

ദുബായ് പൊലീസിൽ താൽക്കാലിക ഉദ്യോഗസ്ഥനായിരുന്നു മുസഫർ അഹമ്മദെന്ന് മാറാട് പൊലീസ് പറഞ്ഞു. മുസഫറിനെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയതിനെത്തുടർന്നുള്ള അന്വേഷണത്തിലാണ് സംഭവത്തിൽ സ്വർണക്കള്ളക്കടത്ത് സംഘത്തിനു പങ്കുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത്. ഡിസംബർ രണ്ടാം വാരം നാട്ടിലെത്തി തിരികെ പോയതാണ് മുസഫർ അഹമ്മദ്. വീണ്ടും ഏപ്രിൽ 22ന് നാട്ടിലെത്തി. 24ന് കരിപ്പൂരിൽ എത്തിയെന്നും വീട്ടിലേക്കു വരികയാണെന്നും മുസഫർ ബന്ധുക്കളെ വിളിച്ചു പറഞ്ഞു. തുടർന്ന് ഫോൺ സ്വിച്ചോഫ് ആയി. ഡിസംബറിൽ നാട്ടിലെത്തിയ മുസഫറിന്റെ കൈവശം കള്ളക്കടത്തു സംഘം സ്വർണം കൊടുത്തുവിട്ടതായാണ് രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ച വിവരം

എന്നാൽ, നാട്ടിലെത്തിയ മുസഫർ സ്വർണം കൈമാറിയില്ല. വിദേശത്തേക്കു തിരികെപ്പോയ മുസഫർ നാട്ടിലെത്തുന്നതു സംഘം കാത്തിരിക്കുകയായിരുന്നു. ഈ സംഘമാണ് മുസഫറിനെ തട്ടിക്കൊണ്ടുപോയത് എന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ച സൂചനകൾ.

RECENT POSTS
Copyright © . All rights reserved