Crime

ഗർഭിണിയായ മകളെയും മരുമകനെയും അച്ഛനും അമ്മാവന്മാരും ചേർന്ന് മുറിയിലിട്ട് പൂട്ടി പെട്രോളൊഴിച്ച് കത്തിച്ചു.അപകടത്തിൽ ഭാര്യ മരിച്ചു, ഭർത്താവ് 50 ശതമാനം പൊള്ളലോടെ ആശുപത്രിയിലാണ്. രുക്മിണി രൺസിങ്ങും ഭർത്താവ് മൻഗേഷ് രൺസിങ്ങും കഴിഞ്ഞ വർഷമാണ് വിവാഹിതരായത്. രണ്ട് ജാതിയിൽപ്പെട്ടവരാണ് ഇരുവരും. രുക്മിണിയുടെ വീട്ടുകാരുടെ എതിർപ്പുള്ളതിനാൽ നഗരത്തിൽ നിന്നും അകന്നാണ് ഇവർ വിവാഹിതരായത്. രുക്മിണിയുടെ അമ്മ ഒഴികെ മറ്റാരും വിവാഹത്തിൽ പങ്കെടുത്തിരുന്നില്ല.

വിവാഹം കഴിഞ്ഞ നാൾ മുതൽ ഇരുവർക്കും വീട്ടുകാരുടെ വക വധഭീഷണിയുണ്ടായിരുന്നു. ഈ കഴിഞ്ഞ ഏപ്രിൽ 30ന് ഇരുവരും തമ്മിൽ നിസാരകാര്യത്തിന് വഴക്കുണ്ടാക്കി, രുക്മിണി സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയി. എന്നാൽ ഒരു ദിവസത്തിനുള്ളിൽ വഴക്ക് തീർന്നു. മെയ് 1ന് രുക്മിണി തിരികെ വിളിച്ചുകൊണ്ടുപോകാൻ മൻഗേഷ് എത്തിയപ്പോൾ വീട്ടുകാർ എതിർത്തു. രുക്മിണിയെ കൂടെ വിടില്ലെന്ന് പറഞ്ഞു. ഇതേ തുടർന്ന് മൻഗേഷും രുക്മിണിയുടെ വീട്ടുകാരും തമ്മിൽ വഴക്കായി. വഴക്ക് മൂർച്ഛിച്ചതോടെ രുക്മിണിയുടെ അമ്മാവൻ ദമ്പതികളുടെ ദേഹത്ത് പെട്രോൾ ഒഴിച്ച്, മുറിക്കുള്ളിൽവെച്ച് ഇരുവരെയും കത്തിക്കുകയായിരുന്നു.

ഇവരുടെ നിലവിളി കേട്ട് എത്തിയ അയൽവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്. 70 ശതമാനം പൊള്ളലേറ്റ രുക്മിണി ആശുപത്രിയിൽവെച്ച് മരിച്ചു. മൻഗേഷിന് കഴുത്തിലും മറ്റ് ശരീരഭാഗങ്ങളിലുമാണ് പൊള്ളലേറ്റത്. സഹോദരങ്ങൾക്കൊപ്പം മേസ്തിരിപ്പണിയാണ് മൻഗേഷിന്.

കുവൈറ്റ് എയർ വെയ്‌സ് വിമാനത്തിന്റെ ചക്രത്തിനടിയിൽപ്പെട്ടു മലയാളി ജീവനക്കാരൻ കൊല്ലപ്പെട്ടു. സാങ്കേതിക വിഭാഗത്തിൽ ജോലി ചെയുന്ന തിരുവനതപുരം സ്വദേശി ആനന്ദ് രാമചന്ദ്രൻ ആണ് മരിച്ചത്. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആയിരുന്നു സംഭവം.

ടെർമിനൽ നാലിൽ ബോയിങ് 777-330 ഇ-ആർ എന്ന വിമാനം പാർക്കിങ് ഏരിയയിലേക്ക് മാറ്റുമ്പോൾ ആണ് അപകടം ഉണ്ടായത്. തിങ്കളാഴ്ച വൈകിട്ട് മുന്ന് മണിയോട് അപകടം സംഭവിച്ചത്. അപകടസമയത് വിമാനത്തിനുള്ളിൽ യാത്രക്കാരോ ജോലിക്കാരോ ഉണ്ടായിരുന്നില്ല. ഭാര്യയും മകളും ഒപ്പം അനന്ദു കുവൈറ്റിൽ ആയിരുന്നു. എന്ന് മൃതദേഹം കുടുംബത്തോടൊപ്പം നാട്ടിൽ എത്തിക്കും

സുരേഷ് കല്ലട ബസിലെ ജീവനക്കാര്‍ യാത്രക്കാരെ ക്രൂരമായി മര്‍ദിച്ചസംഭവത്തില്‍ തെളിവെടുപ്പിന് ഹാജരാകാന്‍ ബസുടമയ്ക്കും ഡ്രൈവര്‍മാര്‍ക്കും നോട്ടീസ്. എറണാകുളം ആര്‍ടിഓയാണ് ബസ് ഉടമ കെ.ആര്‍.സുരേഷിനും രണ്ട് ഡ്രൈവര്‍മാര്‍ക്കും നോട്ടീസ് നല്‍കിയത്.എറണാകുളം റീജിണൽ ട്രാൻസ്‌പോർട് ഓഫീസറാണ് നോട്ടീസ് നല്‍കിയത്.

യാത്രക്കിടയിൽ ട്രിപ്പ്‌ നിർത്തിയ ബസ് ഡ്രൈവറും പിന്നീട് യാത്രക്കാരുമായി മരടിൽ എത്തിയ ബസിന്റെ ഡ്രൈവറുമാണ് ബസ് ഉടമയ്ക്കൊപ്പം ഹാജരാകേണ്ടത്. അഞ്ചുദിവസത്തിനുള്ളില്‍ എറണാകുളം ആര്‍ടിഓയ്ക്കു മുന്നില്‍ ഹാജരാകാരാണ് നിര്‍ദേശം. നേരത്തേ ബസുടമ സുരേഷിനെ തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫിസില്‍ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. യാത്രക്കാരെ ആക്രമിച്ചതിനെക്കുറിച്ച് അറിവില്ലെന്നായിരുന്നു സുരേഷിന്റെ പ്രതികരണം.

ആവശ്യമെങ്കില്‍ സുരേഷിനെ ചോദ്യം ചെയ്യാന്‍ വീണ്ടും വിളിപ്പിക്കുമെന്നാണ് പൊലീസിന്റെ നിലപാട്. സുരേഷിന്റേയും ബസ് ജീവനക്കാരുടേയും ഫോണ്‍ രേഖകളും പൊലീസ് പരിശോധിക്കുന്നുണ്ട്. പൊലീസ് അന്വേഷണത്തിനു പുറമേയാണ് ആര്‍ടിഓയും സുരേഷില്‍ നിന്നും ജീവനക്കാരില്‍ നിന്നും തെളിവെടുക്കുന്നത്.

 

ഏഴു വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ കുട്ടിയുടെ അമ്മക്കെതിരെയും കേസെടുക്കാന്‍ പൊലീസിന് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശം. കുട്ടിയുടെ അമ്മയെ പ്രധാന സാക്ഷിയാക്കി അരുണ്‍ ആനന്ദിനെ മാത്രം പ്രതിയാക്കാനായിരുന്നു പൊലീസ് നീക്കം. കൊല്ലപ്പെട്ട കുട്ടിയുടെ ഇളയ സഹോദരനെ പിതാവിന്റെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു.

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കൊല്ലപ്പെട്ട ഏഴുവസുകാരന്റെ അമ്മയ്ക്കെതിരെയും കേസെടുക്കാനാണ് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശം. ഇളയ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് നല്കിയത്. എന്നാല്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് പൊലീസാണെന്നും റിപ്പോര്‍ട്ടിലുണ്ട്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ അമ്മയെ പ്രധാന സാക്ഷിയാക്കി അരുണ്‍ ആനന്ദിനെ മാത്രം പ്രതിയാക്കാനായിരുന്നു പൊലീസ് നീക്കം.

എന്നാല്‍ കുട്ടികള്‍ ആക്രമിക്കപ്പെടുന്നത് പലതവണ കണ്ടുനിന്നിട്ടും കുട്ടികളുടെ അമ്മ പ്രതികരിച്ചില്ലെന്നും, പരാതി നല്‍കിയില്ലെന്നും, പ്രതിയെ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്നും വ്യാപക ആക്ഷേപം ഉയര്‍ന്നിരുന്നു. പ്രതി അരുണ്‍ ആനന്ദിനെ ഭയന്നിട്ടാണ് പ്രതികരിക്കാത്തതെന്നായിരുന്നു യുവതിയുടെ ആദ്യ മൊഴി. വീണ്ടും രഹസ്യമൊഴിയെടുക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

അതേസമയം ഇളയ കുട്ടിയെ, കുട്ടിയുടെ പിതാവിന്റെ തിരുവനന്തപുരത്തെ വീട്ടിലേക്ക് കൈമാറി. അമ്മയുടെ അടുത്ത് ഇളയകുട്ടി സുരക്ഷിതനല്ലെന്ന ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇളയ കുട്ടി ഒരു മാസം മുത്തശ്ശനും, മുത്തശ്ശിക്കുമൊപ്പം കഴിയും.

ആഭരണമോഷണക്കേസിൽ അറസ്റ്റിലായ വീട്ടമ്മയുടെ ഭർത്താവിനെ ചിറയിൽ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തി. വടാന്തോൾ താക്കോൽക്കാരൻ ജോൺസന്റെ ഭാര്യയുടെ നാലുപവൻ വരുന്ന മാലയും കുട്ടിയുടെ ഒന്നരപ്പവന്റെ മാലയും മുക്കാൽപവൻ വരുന്ന കൈചെയിനും മോഷ്ടിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. വടാന്തോൾ കോക്കാടൻ കുര്യൻ (46) ആണ് മരിച്ചത്. ഇയാളുടെ ഭാര്യ ആലീസി(44)നെ ശനിയാഴ്ച വരന്തരപ്പിള്ളി പോലീസ് അറസ്റ്റ്‌ ചെയ്തിരുന്നു. ഏപ്രിൽ 29-ന് രാത്രി 12-നായിരുന്നു മോഷണം നടന്നത്. വീട്ടിൽ ഉറങ്ങുകയായിരുന്ന ജോൺസന്റെ ഭാര്യ ലില്ലിയുടെയും കൊച്ചുമകളുടെയും ആഭരണങ്ങൾ ആലീസ് ഊരിയെടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വീടിന്റെ പിറകുവശത്തെ വാതിൽ തുറന്നാണ് പ്രതി അകത്തുകയറിയത്. ആലീസിനെ ഞായറാഴ്‌ച വൈകീട്ട് കോടതിയിൽ ഹാജരാക്കി.

സംഭവത്തിൽ അന്വേഷണം നടത്തിയ വരന്തരപ്പിള്ളി പോലീസ് കുര്യനെയും ആലീസിനെയും ശനിയാഴ്‌ച കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യംചെയ്യലിൽ ആലീസ് കുറ്റം സമ്മതിക്കുകയും കുര്യനെ പോലീസ് വിട്ടയയ്ക്കുകയും ചെയ്തു. ശനിയാഴ്ച ഉച്ചയോടെ പേരാമ്പ്രയിലെ ഭാര്യാവീട്ടിലെത്തിയ കുര്യൻ ഭാര്യാസഹോദരന്റെ ബൈക്കുമായി പുറത്തുപോയി. ഏറെ വൈകിയും കുര്യനെ കാണാത്തതിനെത്തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് പേരാമ്പ്രയിലെ ചെറുവത്തൂർച്ചിറയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. മക്കൾ: ആൽബിൻ, അർണോൾഡ്. ശവസംസ്കാരം തിങ്കളാഴ്ച പള്ളിക്കുന്ന് അസംപ്ഷൻ പള്ളി സെമിത്തേരിയിൽ.

മകളുടെ കൺമുൻപിൽ അമ്മ വീണത് 800 അടി താഴ്ചയിലേക്ക്. ശനിയാഴ്ചയാണ് 33കാരിയായ ഗീത മിശ്രയും ഭർത്താവും രണ്ട് മക്കളും സുഹൃത്തുക്കളുമായി മുംബൈയിലെ മാത്തേരൻ ഹിൽസ്റ്റേഷനിൽ വിനോദയാത്രയ്ക്ക് എത്തുന്നത്. കളിചിരികൾ മാത്രമുള്ള കുടുംബത്തിലേക്ക് അപ്രതീക്ഷിതമായാണ് കണ്ണീരെത്തുന്നത്.

ഒമ്പത വയസുകാരി മകൾ ചാഹത്ത് അമ്മയുടെ തൊട്ടുപുറകിനാണ് കുന്നിന്റെ മുകളിലേക്ക് നടന്നത്. രണ്ടുവയസുകാരി ചാഹത്ത് അച്ഛന്റെയും സുഹൃത്തിന്റെയുമൊപ്പം അതിന്റെ പുറകിലായിരുന്നു.

തമാശകളൊക്കെ പറഞ്ഞ് മകൾക്കൊപ്പം കയറുമ്പോഴാണ് ഗീതയുടെ ചെരുപ്പിന്റെ വള്ളി കല്ലിൽ തട്ടി ഇവർ താഴെ വീഴുന്നത്. കുന്നിൻചെരുവിലേക്ക് വീണ ഗീതയ്ക്ക് പിടുത്തം കിട്ടാത്തതിനെത്തുടർന്നാണ് 800 അടി താഴ്ചയിലേക്ക് ഉരുണ്ടുവീഴുന്നത്.

മകളുടെ നിലവിളികേട്ട് ഭർത്താവ് അവിടേക്ക് ഓടിയെത്തിയപ്പോൾ ഗീതയുടെ ഒരു ചെരുപ്പ് മാത്രമാണ് കണ്ടത്. തുടർന്ന് നാട്ടുകാരുടെയും പൊലീസിന്റെയും സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തുന്നത്. പാറയിലിടിച്ച് തലതകർന്ന നിലയിലാണ് കണ്ടെത്തിയത്. തോളെല്ലുകളും കൈയുമെല്ലാ സ്ഥാനം തെറ്റിയ നിലയിലായിരുന്നു. ഭർത്താവ് സ്വന്തമായി ഒരു സോഫ്റ്റ്‌വെയർ കമ്പനി നടത്തുകയാണ്.

കൂട്ടുകാരിയുടെ വീട്ടില്‍ പോകാനാണെന്ന് പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങിയ യുവതി തിരിച്ചെത്തിയില്ല. തുടർന്നുള്ള അന്വേഷണത്തിൽ യുവതിയുടെ മൃതദേഹം ആറ്റില്‍ കണ്ടെത്തി. ഹരിപ്പാട് പല്ലന ആറ്റില്‍ വീണ് മരിച്ച ഗോപിക (24) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ചങ്ങനാശ്ശേരി തെങ്ങണ ഗോപിക നിവാസില്‍ ശശികുമാര്‍ രത്‌നമ്മ ദമ്പതികളുടെ മകളാണ് ഗോപിക.

ഇന്നലെ വൈകുന്നേരത്തോടെ പല്ലന കുമാരനാശാന്‍ സ്മാരകത്തിന് സമീപം കടവില്‍ ചെരുപ്പും മൊബൈല്‍ ഫോണും കാണപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസും, അഗ്‌നി ശമന സേനയും സ്ഥലത്ത് എത്തി. അമ്മയോടൊപ്പം ഗോപിക മണ്ണാറശ്ശാല ക്ഷേത്രത്തില്‍ പോയ ശേഷം ഇരുവരും ബന്ധുവിന്‍ വീട്ടില്‍ പോയി. അവിടെനിന്ന് കൂട്ടുകാരിയുടെ വീട്ടില്‍ പോകാനാണെന്നു പറഞ്ഞു ഗോപിക സ്‌കൂട്ടറില്‍ ഇറങ്ങുകയായിരുന്നു.

ഏറേ നേരമായിട്ടും ഗോപികയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് നാട്ടുകാരോട് വിവരം പറയുകയായിരുന്നു. കടവിന് സമീപത്തു സ്‌കൂട്ടര്‍ കാണപ്പെട്ടതോടെ സംശയം തോന്നിയ നാട്ടുകാർ പരിശോധന നടത്തുകയായിരുന്നു. മൃതദേഹം ഹരിപ്പാട് സർക്കാർ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ആക്രമണത്തിന് പിന്നില്‍ ബിജെപിയും നരേന്ദ്രമോദിയുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്്രിവാള്‍. തനിക്കെതിരെയുണ്ടായ ഒന്‍പത് ആക്രമണങ്ങള്‍ ഇതിന്‍റെ ഭാഗമാണ്. ജനങ്ങള്‍ ഇതിന് മറുപടി നല്‍കും. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ പിന്തുണ അറിയിച്ചെന്നും അരവിന്ദ് കേജ്്രിവാള്‍ ഡല്‍ഹിയില്‍ പറഞ്ഞു.

ആം ആദ്മി പാര്‍ട്ടി റോഡ് ഷോയ്ക്കിടെ ഇന്നലെ അരവിന്ദ് കേജ്‌രിവാളിനുനേരെ ആക്രമണം ഉണ്ടായി. തുറന്ന വാഹനത്തിലായിരുന്ന കേജ്്രിവാളിന്റെ കരണത്ത് യുവാവ് അടിച്ചു. പിന്നീട് അക്രമിയെ പൊലീസും പ്രവര്‍ത്തകരും ചേര്‍ന്ന് കീഴ്പ്പെടുത്തി.

എറണാകുളം കളമശേരിയിൽ ഭാര്യയെയും ഒന്നര വയസുകാരൻ മകനെയും തീ കൊളുത്തി കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കൊച്ചിയിൽ ഹോട്ടൽ ജീവനക്കാരനായ സജിയാണ് ഭാര്യയെയും കുഞ്ഞിനെയും കൊന്ന ശേഷം തൂങ്ങി മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ സജിയുടെ ഭാര്യാമാതാവിനെ കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
കളമശേരി കൊച്ചി സർവകലാശാല ക്യാമ്പസിനു സമീപം പോട്ടച്ചാൽ നഗറിൽ പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. കഴിഞ്ഞ ഒന്നര മാസമായി ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ് സജിയും കുടുംബവും.

ഭാര്യ ബിന്ദുവും ഒന്നര വയസുകാരൻ മകനും നിലത്ത് പായയിൽ കിടന്നുറങ്ങുമ്പോൾ ഇരുവരുടെയും ശരീരത്തിലേക്ക് മണ്ണെണ്ണ യോ പെട്രോളോ പോലുള്ള ഇന്ധനം ഒഴിച്ച ശേഷം സജി തീകൊളുത്തിയതാകാമെന്നാണ് പൊലീസ് നിഗമനം. ശബ്ദം കേട്ടെത്തിയ ബിന്ദുവിന്റെ അമ്മ ആനന്ദവല്ലിയുടെ ശരീരത്തിലും തീ കൊളുത്തിയ ശേഷം സജി ശുചിമുറിയിൽ കയറി തൂങ്ങിമരിക്കുകയായിരുന്നു. പൊള്ളലേറ്റ് പുറത്തേക്കോടിയ ആനന്ദവല്ലിയുടെ കരച്ചിൽ കേട്ടാണ് നാട്ടുകാർ കൂടിയതും പൊലീസിൽ വിവരമറിയിച്ചതും.

നിലത്ത് കത്തിക്കരിഞ്ഞ പായയിൽ കിടക്കുന്ന നിലയിലാണ് ബിന്ദുവിന്റെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.അറുപത് ശതമാനത്തിലേറെ പൊള്ളലേറ്റ ആനന്ദവല്ലിയുടെ ആരോഗ്യനില ഗുരുതരമാണ്. മദ്യലഹരിയിലാണ് സജി കൃത്യം ചെയ്തതെന്നാണ് നിഗമനം. വീട്ടിൽ സജിയും ബിന്ദുവും തമ്മിൽ വഴക്കു പതിവായിരുന്നെന്നും പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. എറണാകുളം പട്ടിമറ്റം സ്വദേശികളാണ് ആനന്ദവല്ലിയും, ബിന്ദുവും. സജി കൊല്ലം സ്വദേശിയാണ്.കളമശേരി പൊലീസ് സംഭവത്തെ പറ്റി വിശദമായ അന്വേഷണം തുടങ്ങി

കൊച്ചി കടവന്തറയില്‍ വീടിന് മുന്നില്‍ നിന്ന ലോ കോളജ് വിദ്യാര്‍ഥിയ്ക്ക് പൊലീസിന്‍റെ മര്‍ദനം. കടവന്തറ സ്വദേശി പ്രേംരാജിനെ ജീപ്പില്‍ വലിച്ചിഴച്ച് കയറ്റി സ്റ്റേഷനില്‍ എത്തിച്ച് മര്‍ദിച്ചെന്നാണ് പരാതി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് യുവാവിനെ ആശുപത്രിയിലേയ്ക്ക് മാറ്റി.

കടവന്തറ കരീത്തല റോഡില്‍ രാത്രി ഏഴരയോടെയാണ് സംഭവം. കടവന്തറ എസ്.ഐ അഭിലാഷും സംഘവും റോഡില്‍ നിന്ന യുവാവിനോട് വീട്ടില്‍ പോകാന്‍ നിര്‍ദേശം നല്‍കി. ഇത് ചോദ്യം ചെയ്തതാണ് പൊലീസിനെ പ്രകോപിപ്പിച്ചത്. ജീപ്പിലേയ്ക്ക് വലിച്ചിഴച്ച് കയറ്റിയ പ്രേംരാജിനെ സ്റ്റേഷനില്‍ എത്തിച്ച് ക്രൂരമായി മര്‍ദിച്ചെന്നാണ് പരാതി.

ഡിവൈഎഫ്ഐ മേഖല ജോയിന്റ് സെക്രട്ടറിയും ലോകോളജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥിയുമാണ് മര്‍ദനമേറ്റ പ്രേംരാജ്. സംഭവം അറിഞ്ഞ് നാട്ടുകാരും സിപിഎം പ്രവര്‍ത്തകരും സ്റ്റേഷനിലേയ്ക്ക് പ്രതിഷേധവുമായെത്തി. തുടര്‍ന്ന് എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് യുവാവിനെ ആശുപത്രിയിലെത്തിക്കാന്‍ നടപടിയ‌ായത്. പൊലീസിന്റെ കൃത്യനിര്‍വഹണ തടസ്സപ്പെടുത്തിയതിന് യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു.

RECENT POSTS
Copyright © . All rights reserved