കെടാമംഗലത്ത് മൃതദേഹം കത്തിച്ചു കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. സംഭവ സ്ഥലത്തിനു സമീപത്തെ വീട്ടിലെ സ്ത്രീയെ 3 ദിവസമായി കാണാതായിട്ടുണ്ട്. മൃതദേഹം ഇവരുടേതാണെന്നു സംശയമുള്ളതായി പൊലീസ് പറഞ്ഞു. കേസെടുത്ത് അന്വേഷണം തുടങ്ങി. കുടിയാകുളങ്ങര ക്ഷേത്രത്തിനു പടിഞ്ഞാറുവശം കുറുപ്പശേരി പരേതനായ ഷൺമുഖന്റെ ഭാര്യ കാഞ്ചനവല്ലിയെ (72) യാണു 3 ദിവസമായി കാണാനില്ലാത്തത്. സമീപവാസി ഇന്നലെ വൈകിട്ടു 3 മണിയോടെ ഇവരെ തിരക്കി വീട്ടിലെത്തിയെങ്കിലും കണ്ടില്ല. അന്വേഷിച്ചു നടക്കുന്നതിനിടെയാണു പിൻവശത്തുള്ള പാടത്തിന്റെ ചിറയ്ക്കു സമീപത്തെ കുറ്റിക്കാട്ടിൽ മൃതദേഹം കണ്ടത്.
തലയോട്ടിയും തുടയുടെ ഭാഗവും മാത്രമാണു പുറത്തു കാണുന്നത്. സംഭവമറിഞ്ഞു നാട്ടുകാർ തടിച്ചുകൂടി. പൊലീസെത്തി സംഭവസ്ഥലം സീൽ ചെയ്തു. വിരലടയാള വിദഗ്ധർ ഇന്നു സ്ഥലത്തെത്തി പരിശോധന നടത്തും. മൃതദേഹം പുറത്തെടുത്തു പോസ്റ്റ്മോർട്ടം നടത്തും. ഇതിനു ശേഷമേ സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താനാകൂ എന്നു പൊലീസ് പറഞ്ഞു. കാഞ്ചനവല്ലി ഏറെനാളായി കെടാമംഗലത്താണു താമസം. 2 മക്കളുണ്ട്. മണിയൻ എന്ന മകൻ കുഞ്ഞിത്തൈയിലാണു താമസം. രണ്ടാമത്തെ മകനായ സുരേഷ് ഇടയ്ക്കിടെ വീട്ടിൽ വരാറുണ്ട്. സംഭവുമായി ബന്ധപ്പെട്ട് സുരേഷിനെ രാത്രി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്യുകയാണ്.
തനിക്ക് രണ്ട് തവണ കല്ലട ബസിൽ നിന്ന് ദുരനുഭവം നേരിട്ടെന്ന് നടനും നാടക കലാകാരനുമായ സന്തോഷ് കീഴാറ്റൂർ മനോരമന്യൂസിനോട് വെളിപ്പെടുത്തി. ദുരനുഭവം നേരിട്ടതിനുശേഷം യാത്ര ചെയ്തില്ലെങ്കിലും കല്ലടയിൽ യാത്രചെയ്യില്ലെന്ന് ഉറപ്പിച്ചെന്ന് അദേഹം പറഞ്ഞു.
അക്രമ വാർത്ത പുറത്തുവന്നതിനുശേഷം സമൂഹത്തിന്റെ വിവിധ കോണിൽ നിന്ന് കല്ലട ബസിനുനേരെ വൻ ആക്ഷേപമാണ് ഉയരുന്നത്.ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ ബസ് കേടായതിനെ തുടര്‍ന്ന് ബദല്‍ സംവിധാനം ആവശ്യപ്പെട്ട യാത്രക്കാര്‍ക്ക് കല്ലട ബസ് ജീവനക്കാരില്‍നിന്ന് ഇന്നലെ നേരിടേണ്ടി വന്നത് അതിക്രൂര മര്‍ദനമാണ്.
ബസ് ജീവനക്കാരും ഗുണ്ടകളും ഉള്‍പ്പെടെ പതിനഞ്ചോളംപേര്‍ വൈറ്റിലയില്‍വച്ച് ക്രൂരമായി മര്‍ദിച്ചെന്ന് ഇരയായ യുവാവ് അജയഘോഷ് മനോരമ ന്യൂസിനോട് പറഞ്ഞു. ഫോണും പെട്ടിയും ഒരു ലക്ഷം രൂപയും തട്ടിയെടുത്തു. തലയ്ക്ക് കരിങ്കല്ല് കൊണ്ടെറിഞ്ഞു. കല്ലട സുരേഷേട്ടനെതിരെ പൊലീസില്‍ പരാതി കൊടുക്കുമോ എന്നു ചോദിച്ചായിരുന്നു മര്‍ദനമെന്നും അദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന ബസാണ്. രാത്രി 10 മണിയോടെ ബസ് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ടു. കുറച്ച് കഴിഞ്ഞപ്പോഴേക്കും ഞാനൊന്ന് മയങ്ങി. പിന്നീട് കണ്ണുതുറക്കുമ്പോൾ ഹരിപ്പാട് ആളൊഴിഞ്ഞിടത്ത് ബസ് നിർത്തിയിട്ടിരിക്കുകയാണ്. പുറത്ത് ബഹളം കേട്ടാണ് ഞാൻ പുറത്തേക്ക് ചെല്ലുന്നത്. കുറച്ച് വിദ്യാർഥികൾ ജീവനക്കാരോട് സംസാരിക്കുന്നുണ്ട്. കാര്യം തിരക്കിയപ്പോൾ ബസ് ബ്രോക്ക് ഡൗൺ ആണെന്നും ഉടൻ പോകില്ലെന്നും വിവരം കിട്ടി. ഇത്ര രൂപ കൊടുത്ത് ടിക്കറ്റെടുത്ത യാത്രക്കാരെ പെരുവഴിയിൽ ഇട്ടിരിക്കുന്നത് ശരിയല്ലെന്നും വേറെ ബസ് ശരിയാക്കിത്തരണമെന്നും യാത്രക്കാരെല്ലാം ആവശ്യപ്പെട്ടു. എന്നാൽ തൊഴിലാളികൾ ഇതു കേൾക്കാൻ തയാറായില്ല. അങ്ങനെ ഞാൻ ബസിന്റെ ഒാഫിസിൽ വിളിച്ചു. ‘തിരുവനന്തപുരത്ത് നിന്ന് മെക്കാനിക്ക് വരും, എന്നിട്ട് നീയാെക്കെ പോയാ മതി..’ എന്നായിരുന്നു ലഭിച്ച മറുപടി.
ഇതോടെ ഞാൻ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തി കർശന നിലപാട് സ്വീകരിച്ചു. വേറെ ബസ് എത്തിച്ച് ഞങ്ങളെ അതിലേക്ക് മാറ്റി. ഇനി തർക്കം ഒന്നും വേണ്ടെന്ന് പറഞ്ഞാണ് പൊലീസ് ഞങ്ങളെ യാത്രയാക്കിയത്. എന്നാൽ ബസ് കൊച്ചിയിലെത്തിയപ്പോൾ 15 പേരടങ്ങുന്ന സംഘം വണ്ടിയിൽ കയറി. എന്റെ കോളറിൽ പിടിച്ചുനിർത്തി ചോദിച്ചു. നീ ആണോടാ കല്ലട സുരേഷിന്റെ വണ്ടിക്കെതിരെ പൊലീസിൽ പരാതി കൊടുത്തത്. നിനക്ക് അറിയില്ലേടാ കല്ലട സുരേഷ് ആരാണെന്ന്.. ഇങ്ങനെ ചോദിച്ച് മർദിക്കാൻ തുടങ്ങി. എന്നെ മർദിക്കുന്നത് കണ്ട് ബസിലുണ്ടായിരുന്ന വിദ്യാർഥികൾ ഇടപെട്ടു. 22 വയസിനടുപ്പ് പ്രായം വരുന്ന ആ കുട്ടികളെ പിന്നീട് ക്രൂരമായിട്ടാണ് ഇൗ ഗുണ്ടകൾ മർദിച്ചത്. ഇതെല്ലാം ആ വിഡിയോയിൽ കാണാം.
ജീവന് തന്നെ ഭീഷണിയാകുന്ന തരത്തിൽ മർദനം തുടർന്നതോടെ ഞങ്ങൾ ബസിൽ നിന്നിറങ്ങി. എന്നിട്ടും അവർ വിട്ടില്ല. വലിച്ചിഴച്ച് പുറത്തിറക്കി തല്ലി. കുതറിയോടാൻ ശ്രമിച്ച എന്റെ തലയിൽ കരിങ്കല്ല് കൊണ്ട് എറിഞ്ഞു വീഴ്ത്തി. എന്റെ തലയിൽ ഇപ്പോഴും പരുക്കുണ്ട്. ആ കുട്ടികളോട് ചെയ്ത കൊടുംക്രൂരത കണ്ടുനിൽക്കാൻ കഴിയില്ല. കണ്ണിൽ ചോരയില്ലാത്ത ക്രൂരതയാണ് അവർ കാണിച്ചത്. പരാതി കൊടുത്താൽ പോലും വേണ്ട നടപടി ഉണ്ടാകുമോ എന്ന് ഉറപ്പില്ല. കാരണം കല്ലട സുരേഷ് എന്ന വ്യക്തിയുടെ പേര് പറഞ്ഞാണ് ഇൗ അക്രമം. ഇൗ ദൃശ്യങ്ങൾ ഫെയ്സ്ബുക്കിൽ ലൈവ് ചെയ്ത വ്യക്തിക്കെതിരെയും ഭീഷണിയുണ്ട്. ആ കുട്ടികൾ പാലക്കാട് ചികിൽസയിലാണ്. എനിക്ക് നല്ല പേടിയുണ്ട്. അവർ ഞങ്ങളെ അപായപ്പെടുത്തുമോ എന്ന്. എന്റെ ബാഗും മൊബൈലും അവർ പിടിച്ചുവച്ചിരിക്കുകയാണ്. ബാഗിൽ ഒരുലക്ഷം രൂപയിൽ പുറത്ത് പണമുണ്ട്. ഇതിൽ ദയവ് ചെയ്ത് പൊലീസ് നടപടി സ്വീകരിക്കണം. ഇൗ ഗതികേട് ഇനി ആർക്കും ഉണ്ടാവരുത്. കല്ലട സുരേഷിന്റെ ബസിനെതിരെ പ്രതിഷേധിക്കാൻ പോലും ഇവിടെ അവകാശമില്ലേ.. ചോദ്യം ചെയ്താൽ ഇതാണ് കല്ലട സുരേഷിന്റെ ഗുണ്ടകളുടെ മറുപടി…’ അജയഘോഷ് പറയുന്നു.
ബംഗ്ളാദേശിലെ ധാക്കയിൽ കൊല്ലപ്പെട്ട മദ്രസ വിദ്യാർഥിനി നസ്രത്ത് ജഹാന്റെ പരാതി കൈകാര്യം ചെയ്യുന്നതിൽ പൊലീസ് വീഴ്ച വരുത്തിയതിന്റെ തെളിവുകൾ പുറത്ത്. സോനാഗസി പൊലീസ്റ്റ് സ്റ്റേഷനിലെ ഓഫിസർക്കും മുതിർന്ന പൊലീസുകാർക്കുമെതിരെ പ്രാഥമിക തെളിവുകൾ ലഭിച്ചതായി അന്വേഷണ സംഘത്തലവൻ ഡപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ റുഹുൽ അമിൻ പറഞ്ഞു. സംഭവത്തെ അതീവഗുരുതരമായാണ് കാണുന്നത്. മദ്രസ മാനേജിങ് കമ്മിറ്റി പ്രാരംഭഘട്ടത്തിൽ തന്നെ നടപടിയെടുത്തിരുന്നെങ്കിൽ ഈ ദുരന്തം ഒഴിവാക്കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. നാലംഗ അന്വേഷണ സംഘം മദ്രസയു ം നസ്രത്തിന്റെ വീടും സന്ദർശിച്ചു.
ഏപ്രിൽ 10–ന് മരണത്തിനു കീഴടങ്ങുമ്പോൾ പതിനായിരക്കണക്കിനു ആളുകളാണ് നസ്രത്ത് ജഹാൻ റാഫി എന്ന പത്തൊൻപതുകാരിയെ അവസാനമായി ഒരു നോക്കു കാണാൻ ഒത്തുകൂടിയത്. സംഭവം നടന്നു മണിക്കൂറുകൾക്കുളളിൽ കൃത്യത്തിൽ ഉൾപ്പെട്ട 15 പേരെയും അറസ്റ്റ് ചെയ്തു. സംഭവത്തിനു കാരണക്കാരനായ പ്രധാന അധ്യാപകനു മേൽ കൊലക്കുറ്റമടക്കമുളള വകുപ്പുകൾ ചുമത്തി. ഒരു പ്രതി പോലും രക്ഷപ്പെടില്ലെന്നു പ്രധാനമന്ത്രി ഷെയ്ഖ് ഹസിന നേരിട്ടെത്തി മാതാപിതാക്കൾക്കു ഉറപ്പു നൽകി.
കൊല്ലപ്പെടുമ്പോൾ 19 വയസ്സ് മാത്രമായിരുന്നു അവളുടെ പ്രായം. മണ്ണെണ്ണ ദേഹത്തൊഴിച്ചു തീ കൊളുത്തിയാണ് സഹപാഠികൾ കൊന്നത്. അവളുടെ നിലവിളി കേൾക്കാവുന്നത്ര അടുത്ത് സഹോദരൻ ഉണ്ടായിരുന്നു. പക്ഷേ കൊലയാളികൾ അവളുടെ അടുത്തെത്താൻ അയാളെ അനുവദിച്ചില്ല.
80 ശതമാനം പൊള്ളലേറ്റ താൻ വൈകാതെ മരിക്കുമെന്ന് അവൾക്കു ഉറപ്പുണ്ടായിരുന്നു. സഹോദരന്റെ മൊബൈൽ ഫോൺ വാങ്ങി അവൾ മരണമൊഴി രേഖപ്പെടുത്തി. ‘എന്നെ പ്രധാന അധ്യാപകൻ ഓഫിസ് മുറിയിൽ വിളിച്ചു വരുത്തി ദേഹത്ത് പലവട്ടം സ്പർശിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. മരണം വരെ അനീതിയോട് ഞാൻ പോരാടും’ – മരണക്കിടക്കയിലും അനീതിയോടു പടപൊരുതിയ തന്റെ ഘാതകരെ നിയമത്തിനു മുന്നിൽ തുറന്നു കാട്ടിയ കൊച്ചു പെൺകുട്ടിക്കു മുൻപിൽ തല കുനിക്കുകയാണ് ബംഗ്ലദേശ്.
താൻ ലൈംഗികമായി ആക്രമിക്കപ്പെട്ടുവെന്ന പരാതിയുമായി ചെന്ന നസ്രത്തിനെ സ്റ്റേഷനിൽ അപമാനിക്കുകയും ലൈംഗിക പരാതി വിഡിയോയിൽ ചിത്രീകരിച്ചു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത പൊലീസ് ഓഫിസറെ തൽസ്ഥാനത്തുനിന്നു നീക്കി. ലൈംഗിക അതിക്രമങ്ങളിൽ ലജ്ജിക്കേണ്ടതു പെൺകുട്ടിയല്ലെന്നും അക്രമികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ഇരകൾക്കു ധൈര്യം കൊടുക്കുകയാണു വേണ്ടതെന്നും ചർച്ചകൾ ഉണ്ടായി.
നസ്രത്ത് ജഹാൻ റാഫി ബംഗ്ലദേശിന്റെ ‘നിർഭയ’യായി മാറുകയാണ്. തെരുവുകളിൽ നസ്രത്തിനു നീതി ലഭിക്കാൻ പതിനായിരങ്ങളാണു പ്രതിഷേധ പ്രകടനവുമായി ദിനംതോറും ഒത്തുകൂടുന്നത്. മാർച്ച് 27–നാണ് ബംഗ്ലദേശിന്റെ ഹൃദയം പിളർത്തിയ സംഭവങ്ങളുടെ ആരംഭം. ധാക്കയിൽനിന്നു 160 കിലോമീറ്റർ അകലെ ഫെനി എന്ന കൊച്ചുഗ്രാമത്തിൽ നിന്നുളള പെൺകുട്ടിയായിരുന്നു നസ്രത്ത്.
ഫെനിയിലുളള മദ്രസയിൽ പഠിച്ചിരുന്ന നസ്രത്തിനെ മാർച്ച് 27–ാം തീയതി പ്രധാന അധ്യാപകൻ മൗലാന സിറാജുദ്ദൗള ഓഫിസ് മുറിയിൽ വിളിച്ചു വരുത്തി. ലൈംഗികമായ ചേഷ്ഠകളോടെ പലവട്ടം ശരീരത്തിൽ സ്പർശിച്ചപ്പോൾ ശക്തമായി എതിർത്തു. ശാരീരിക ഉപദ്രവം അതിരുവിട്ടതോടെ ഓഫിസ് മുറിയിൽ നിന്ന് ഇറങ്ങി ഓടി.
യാഥാസ്ഥിതിക കുടുംബങ്ങളിൽനിന്നു വരുന്ന മറ്റു പെൺകുട്ടികളെ പോലെ ലൈംഗിക പരാതി പുറത്തു പറഞ്ഞാൽ മോശക്കാരിയും കുറ്റവാളിയുമായി ചിത്രീകരിക്കപ്പെടുമെന്ന വിചാരത്താൽ സംഭവം മൂടിവയ്ക്കാൻ നസ്രത്ത് തയാറായില്ല. മാതാപിതാക്കൾക്കൊപ്പം സമീപത്തുളള പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ പരിഹാസപൂർവമാണ് പൊലീസ് ഉദ്യോഗസ്ഥൻ പരാതി കേട്ടത്
പലതവണ അവളെ മുറിപ്പെടുത്തുന്ന ചോദ്യങ്ങൾ ഉണ്ടായി. ദൃശ്യങ്ങൾ ചിത്രീകരിക്കപ്പെട്ടു. മുഖത്തുനിന്നു അവളുടെ കൈകൾ മാറ്റാനും സൗന്ദര്യമുളള മുഖം പ്രദർശിപ്പിക്കാനും പൊലീസുകാര്‍ ആവശ്യപ്പെട്ടു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രതിഷേധമിരമ്പി, മൗലാന സിറാജുദ്ദൗളയെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രധാന അധ്യാപകനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയും രണ്ടു വിദ്യാർഥികളുടെയും നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. സംഭവം വൻ വിവാദമായതോടെ നസ്രത്തിനെതിരെ കുടുംബത്തിലും എതിർശബ്ദങ്ങൾ ഉയരാൻ തുടങ്ങി.
ഏപ്രിൽ 6ന് പരീക്ഷയെഴുതാനായി നസ്രത്ത് തിരിച്ചെത്തി. സുഹൃത്തിനെ മുതിർന്ന വിദ്യാർഥികൾ ടെറസിൽ ക്രൂരമായി മർദ്ദിക്കുന്നുവെന്നു സഹപാഠി പറഞ്ഞതനുസരിച്ചാണ് നസ്രത്ത് കെട്ടിട്ടത്തിന്റെ ടെറസിലെത്തിയത്. അതൊരു ചതിയായിരുന്നു. മുഖം മറച്ച ഒരു കൂട്ടം വിദ്യാർഥികൾ അവളെ വളഞ്ഞു. അധ്യാപകനെതിരെയുളള പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടു.
വഴങ്ങാതെ വന്നപ്പോൾ കയ്യിൽ കരുതിയിരുന്ന മണ്ണൈണ്ണ അവളുടെ ദേഹം മുഴുവൻ ചൊരിഞ്ഞു തീ കൊളുത്തി. ആത്മഹത്യയെന്നു ചിത്രീകരിക്കാനായിരുന്നു ശ്രമം. സംഭവിച്ച കാര്യങ്ങൾ അക്കമിട്ടു പറഞ്ഞു സഹോദരന്റെ മൊബൈലിൽ നസ്രത്ത് മരണമൊഴി രേഖപ്പെടുത്തിയതോടെ പ്രതികൾ ഒരോരുത്തരായി പിടിയിലായി. എപ്രിൽ 10ന് നസ്രത്ത് മരണത്തിനു കീഴടങ്ങി
ഏപ്രിൽ 17ന് മുഖ്യപ്രതി അബ്‌ദൂർ റഹിം താനും തന്റെ സുഹൃത്തുക്കളായ 11 പേരും ചേർന്നാണു നസ്രത്തിനെ കൊലപ്പെടുത്തിയതെന്ന് കോടതിയിൽ കുറ്റസമ്മതം നടത്തി. ഏപ്രിൽ നാലാം തീയതി നസ്രത്തിനെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ റഹിമും സുഹൃത്തുക്കളും യോഗം ചേർന്നതായും ഗൂഢാലോചന നടത്തിയതായും വെളിപ്പെട്ടു
പ്രതികൾ പിടിയിലായെങ്കിലും നസ്രത്തിനു നീതി ലഭിക്കണമെന്ന് ആവശ്യം ഉന്നയിച്ചു പതിനായിരങ്ങളാണ് തെരുവിൽ ഇറങ്ങുന്നത്. ധീരതയുടെ പര്യായമായ നസ്രത്തിന്റെ ഘാതകരെ തൂക്കിലേറ്റാതെ വിശ്രമമില്ലെന്നും ഒരു പെൺകുട്ടിയും ഇനി ആക്രമിക്കപ്പെടരുതെന്നും നസ്രത്തിനായി തെരുവിലിറങ്ങിയവർ ഓർമപ്പെടുത്തുന്നു
ഉത്തർപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുന്‍ ഗവര്‍ണറുമായ അന്തരിച്ച എന്‍ ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് എന്‍ ഡി തിവാരി ഏറെ വിവാദങ്ങള്‍ക്ക് ശേഷം സ്വന്തം മകനെന്ന് അംഗീകരിച്ച രോഹിത് ശേഖര്‍ തിവാരിയെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാകാം എന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്.
ഹൃദയാഘാതം മൂലമാണ് രോഹിത് മരിച്ചത് എന്നായിരുന്നു ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നത്. മാക്‌സ് സാകേത് ആശുപത്രിയില്‍ എത്തിച്ചപ്പോഴെക്കും മരണം സംഭവിച്ചതായി അധികൃതര്‍ വ്യക്തമാക്കി.എന്നാൽ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് രോഹിതിന്‍റെത് കൊലപാതകമെന്ന നിഗമനത്തില്‍ പോലീസ് എത്തിയിരിക്കുന്നത്.
ഡല്‍ഹി ഡിഫന്‍സ് കോളനി ഏരിയയിലാണ് രോഹിത് താമസിച്ചിരുന്നത്. ഡിഫന്‍സ് കോളനിയിലെ രോഹിത്തിന്റെ വീട്ടില്‍ ഏഴ് സിസി ടിവി ക്യാമറകളാണുള്ളത്. ഇതില്‍ രണ്ടെണ്ണം പ്രവര്‍ത്തനരഹിതമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ക്രൈം ബ്രാഞ്ച് സംഘം വീട്ടിലെത്തി അംഗങ്ങളെയും വീട്ടുജോലിക്കാരെയും ചോദ്യം ചെയ്യും.
രോഹിത്തിനെ അംഗീകരിക്കാന്‍ എന്‍ഡി തിവാരി തയ്യാറായിരുന്നില്ല. തുടര്‍ന്ന് 2007ല്‍ താന്‍ എന്‍ഡി തിവാരിയുടെ മകനാണ് എന്നത് അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് രോഹിത് കോടതിയില്‍ ഹര്‍ജി നല്‍കി.
തന്നെ മകനായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഡി തീവാരിക്കെതിരെ രോഹിത് നീണ്ടക്കാലം നിയമയുദ്ധം നടത്തിയിരുന്നു.ഇത് വലിയ വാർത്തയായിരുന്നു.തുടര്‍ന്ന് 2007ല്‍ താന്‍ എന്‍ഡി തിവാരിയുടെ മകനാണ് എന്നത് അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് രോഹിത് കോടതിയില്‍ ഹര്‍ജി നല്‍കി.
തുടര്‍ന്ന് 2014ല്‍ രോഹിത്തിന്റെ വാദം ഡല്‍ഹി ഹൈക്കോടതി അംഗീകരിച്ചു. പിതൃത്വം നിശ്ചയിക്കുന്ന പരിശോധനഫലത്തിന്റെ അടിസ്ഥാനത്തിലായിരുന്നു രോഹിത്തിന് അനുകൂലമായ കോടതി വിധി. ഇതിന് പിന്നാലെ രോഹിത്തിന്റെ അമ്മയായ ഉജ്ജ്വല തിവാരിയെ എന്‍ഡി തിവാരി വിവാഹം ചെയ്തു.
ദുഖവെള്ളി ദിനത്തിൽ കേരളത്തിന്റെ നൊമ്പരമായി ഏലൂരിലെ ഇതര സംസ്ഥാനക്കാരനായ കുരുന്നും. കുഞ്ഞുവേദനകൾക്കിനി മറുപടി കർശനമായ നിയമ നടപടികളിലൂടെയാകുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ വ്യക്തമാക്കി.ആർക്കും സഹിക്കാനാവില്ല മൂന്നര വർഷം മാത്രം നീണ്ട ജീവിതത്തിൽ അവനനുഭവിച്ച വേദന. ശരീരമാകെ മുറിപ്പാടുകൾ, കാലിൽ പൊള്ളലേറ്റുണ്ടായ വ്രണം.
ഒടുവിൽ അടിയേറ്റ് തലയ്ക്ക് ഗുരുതര പരുക്ക്. ഒരു ജൻമത്തേക്കുള്ള വേദന അവൻ ഇതിനോടകം അനുഭവിച്ചു. ഇന്നലെ വൈകിട്ട് കുട്ടിയെ സന്ദര്‍ശിച്ച മെഡിക്കല്‍ ബോര്‍ഡും പ്രതീക്ഷയൊന്നും നല്‍കിയില്ല. . ബുധനാഴ്ച രാത്രിയോടെയാണ് തലയ്ക്ക് മാരകമായ പരുക്കുകളോടെ കുട്ടിെയ ആശുപത്രിയിലെത്തിച്ചത് . വീണുപരുക്കേറ്റു എന്നായിരുന്നു മാതാപിതാക്കള്‍ പറഞ്ഞത് . സംശയം തോന്നിയ ഡോക്ടര്‍മാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് കുട്ടിയെ മര്‍ദിച്ചെന്ന് അമ്മസമ്മതിച്ചത് .
അനുസരണക്കേടിന് ശിക്ഷിച്ചെന്നായിരുന്നു മൊഴി. അമ്മക്കൊപ്പം താമസിക്കുന്ന ആൾ കുട്ടിയുടെ അച്ഛൻ ആണോയെന്ന് പൊലീസിന് ഉറപ്പില്ല. കുട്ടിയും അമ്മയും ജാർഖണ്ഡിൽ നിന്ന് കേരളത്തിൽ എത്തിയത് രണ്ടാഴ്ച മുൻപ് മാത്രമാണ്. ഒപ്പം താമസിക്കുന്ന പശ്ചിമ ബംഗാൾകാരൻ സ്വകാര്യ കമ്പനിയിൽ ക്രയിൻ ഓപ്പറേറ്ററായി ഒരു വർഷമായി ഇവിടെയുണ്ട്. കുട്ടിയെ മര്ദിച്ചതിൽ പങ്കില്ല എന്നാണ് ഇയാളുടെ മൊഴി. എന്തായാലും കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവരെ നേരിടാന്‍ കര്‍ശനനിയമങ്ങളുണ്ടാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു.
മൂന്നുവയസുകാരന്‍റെ തലക്കടിച്ചിരുന്നത് ചപ്പാത്തിപരത്തുന്ന ഉരുളന്‍ തടികൊണ്ട്.കൂടെ ചട്ടുകം ചൂടാക്കി പൊള്ളിക്കലും. ഏഴുവയസുകാരന് മര്‍ദനമേറ്റതിന്‍റെ കാരണം എവിടെനിന്നോ അമ്മ അവരുടെ പ്രിയപ്പെട്ട അഛന് പകരം കൊണ്ടുവന്ന ക്രൂരതയുടെ ആള്‍രൂപത്തെ അഛനെന്ന് വിളിക്കാത്തതിന്‍റെ പേരില്‍.
ആലുവയിലെ മൂന്നുവയസുകാരനെ തല്ലാന്‍ അമ്മയുടെ കാരണം അവന്‍റെ കുസൃതിയായിരുന്നെത്രേ. ഉരുണ്ട തടികൊണ്ട് തലക്കടിയേല്‍ക്കുമ്പോള്‍ അവന്‍ ഉച്ചത്തില്‍ അമ്മേയെന്ന് വിളിക്കുന്നത് ആ സ്ത്രീക്ക് ഇഷ്ടപ്പെട്ടിരുന്നില്ലെത്രേ. ചട്ടുകം പഴുപ്പിച്ച് ബലമായി പിടിച്ച് അവന്‍റെ പിഞ്ചുശരീരത്തില്‍ പൊള്ളലേല്‍പ്പിക്കുമ്പോള്‍ കുതറി മാറാന്‍ ശ്രമിച്ചത് ഇഷ്ടപ്പെട്ടില്ലെത്രേ. കൊടിയ പീഡനം ഏല്‍ക്കുമ്പോള്‍ അവന്‍ അലറിക്കരയുന്നത് മറ്റുവള്ളവര്‍ കേള്‍ക്കുന്നത് കുറവാണെന്ന് ആ സ്ത്രീ കരുതിക്കാണും.
ഏഴുവയസുകാരനെ തുടര്‍ച്ചയായി ക്രൂരപീഡനത്തിന് ഇരയാക്കിയിരുന്നത് കണ്ട് രസിക്കുകയായിരുന്നു അമ്മയെന്ന് പറയുന്ന ആ സ്ത്രീ. ഒരിക്കല്‍പോലും തന്‍റെ സ്വന്തം ചോരയെ രക്ഷപെടുത്താന്‍ ശ്രമിച്ചില്ല…കുരുന്ന് മരണത്തിന് കീഴടങ്ങിയപ്പോള്‍ ആസ്ത്രീയും പറഞ്ഞു താന്‍ ഒന്നും അറിഞ്ഞില്ലെത്രേ…. ആലുവയില്‍ ക്രൂരപീഡനത്തിന് ഇരയായ മകനെ ആശുപത്രിയിലെത്തിച്ച പിതാവെന്ന് വെളിപ്പെടുത്തിയ യുവാവും പറയുന്നു താനൊന്നും അറിഞ്ഞിരുന്നില്ലെന്ന്.
തൊടുപുഴ കുമാരമംഗലത്ത് ആ ഏഴുവയസുകാരനെ കൊടിയ മര്‍ദനത്തിന് ഇരയാക്കിയ പിശാചിന്‍റെ പേര് അരുണ്‍ ആനന്ദ്. ആലുവയില്‍ മൂന്നുവയസുകാരനെ തുടര്‍ച്ചയായി മര്‍ദിച്ചിരുന്നത് ജന്‍മം നല്‍കിയ അമ്മ 28 കാരി ഹെന്നാ ഖാദുണ്‍. തൊടുപുഴയിലെ ഏഴുവയസുകാരന് മര്‍ദനമേറ്റിരുന്നത് വോക്കിങ് സ്റ്റിക്കുകൊണ്ടും അരുണ്‍ ആനന്ദിന്‍റെ കൈക്കരുത്തുകൊണ്ടും.
ആലുവയില്‍ മൂന്നുവയസുകാരന്‍റെ തലക്കടിച്ചിരുന്നത് ചപ്പാത്തിപരത്തുന്ന ഉരുളന്‍ തടികൊണ്ട്.കൂടെ ചട്ടുകം ചൂടാക്കി പൊള്ളിക്കലും.
രണ്ടുപേരുടേയും പിഞ്ചുശരീരങ്ങള്‍ ആശുപത്രിക്കിടക്കയിലേക്ക്എത്തുമ്പോള്‍ തിരിച്ചുനടത്താന്‍ കഴിയാത്ത വിധം പരുക്കുകളായിരുന്നു. എന്നിട്ടും ഡോക്ടര്‍മാര്‍ കഴിവതും ശ്രമിച്ചു.. കേരളജനത പ്രാര്‍ഥനയോടെ ഒപ്പം നിന്നു..എന്നിട്ടും ആ കുരുന്നുകള്‍ രണ്ടും പീഡനങ്ങളില്ലാത്ത ലോകത്തേക്ക് യാത്രപറഞ്ഞു. അവരെ ക്രൂരമായി പീഡിപ്പിച്ചവര്‍ ,ബാല്യത്തിലേ അവരുടെ ജീവന്‍ പന്താടിയവര്‍ ,,അമ്മയെന്ന് വിളിപ്പേരുള്ളവര്‍ ..അവര്‍ നിയമനടപടികളില്‍ നിന്ന് പുറത്തുകടക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി. ഏഴുവയസുകാരനെ കൊടിയപീഡനത്തിന് ശേഷം മരണത്തിലേക്ക് വിട്ടുകൊടുക്കാന്‍ കൂട്ടുനിന്ന ആ യുവതിക്കെതിരെ കേസെടുക്കാന്‍ പോലും പൊലീസ് തയാറായില്ല. പൊലീസിന്‍റെ കൈകള്‍ക്ക് ഉന്നതര്‍ വിലങ്ങിട്ടു. ആ കാമുകനെതിരെ പീഡനത്തിന് പരാതി കൊടുത്താല്‍ താന്‍ രക്ഷപെടുമെന്ന വക്കീലുപദേശം അനുസരിച്ച് നീങ്ങുകയാണ് ആ യുവതി. ആലുവയില്‍ മൂന്നുവയസുകാരനെ കൊന്ന ആ ഇരുപത്തിയെട്ടുകാരിക്കും രക്ഷപെടാനുള്ള പഴുതുകള്‍ ഒരുക്കി അഭിഭാഷകര്‍ തയാറായി നില്‍ക്കുന്നുണ്ട്…യുവതിക്ക് മനോദൗര്‍ബല്യമെന്ന് വരുത്തിതീര്‍ക്കാനും എളുപ്പം സാധിക്കും..
പ്രതികള്‍ പതിവുപോലെ രക്ഷപെടുമെന്ന് ചുരുക്കം.. ആ ഏഴുവയസുകാരനും മൂന്നുവയസുകാരനും ഈ ഭൂമിയില്‍ ജനിച്ചിട്ടില്ലെന്ന് സമാധാനിക്കേണ്ടി വരും…ഇനിയും വേട്ടയാടപ്പെടും നമ്മുടെ കുരുന്നുകള്‍ ….പുറമെ നിന്നല്ല,,,, അവര്‍ സുരക്ഷിതമെന്ന് കരുതുന്ന ഇടങ്ങളില്‍ തന്നെ…അപ്പോഴും നമുക്ക് കണ്ണീര്‍ വാര്‍ക്കാം ..നൊമ്പരപ്പെടാം…മാപ്പുപറയാം….
മലപ്പുറം കാളികാവ് പൂങ്ങോട് തുഷാർ വെള്ളാപ്പള്ളിയുടെ റോഡ്ഷോക്ക് നേരെ ആക്രമണം. ഏഴ് ബി.ജെ.പി, ബി.ഡി.ജെ.എസ് പ്രവർത്തകർക്ക് പരുക്ക്. ആക്രമണത്തിന് പിന്നിൽ സി.പി.എം ആണന്ന് എൻ.ഡി.എ നേതൃത്വം ആരോപിച്ചു. അനൗൺമെൻറ് വാഹനങ്ങളുടെ ശബ്ദം വിവാഹവീട്ടിൽ പ്രയാസമുണ്ടാക്കിയെന്ന് ആരോപിച്ച വാഹനങ്ങൾ തടഞ്ഞു വച്ച് ആക്രമിച്ചുവെന്നാണ് പരാതി.
പരുക്കേറ്റവരെ വണ്ടൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് ചോക്കാട് ടൗണിൽ വച്ച് യു.ഡി.എഫ് പ്രവർത്തകരും തുഷറിന്റെ റോഡ്ഷോക്ക് തടസo സൃഷ്ടിച്ചതായി നേതാക്കൾ ആരോപിച്ചു. എന്നാൽ യു.ഡി.എഫിന്റെ പൊതുസമ്മേളനം നടക്കുന്നതുകൊണ്ട് സംഭവിച്ച സ്വാഭാവിക തടസമാണന്നും തുഷാറിന്റേയും എൻ.ഡി.എ പ്രവർത്തകരുടെയും വാഹനങ്ങൾ തടഞ്ഞിട്ടില്ലെന്നും യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കി.
സൗദി അറേബ്യയിൽ രണ്ട് ഇന്ത്യക്കാരുടെ തലവെട്ടി. ഫെബ്രുവരി 28-നു നടന്ന സംഭവം ഈ മാസമാണ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിക്കുന്നത്. പഞ്ചാബ് സ്വദേശികളായ രണ്ടു പേരുടെ വധശിക്ഷയാണ് സൗദി നടപ്പാക്കിയത്. ഹോഷിയാർപുർ സ്വദേശി സത്വീന്ദർ കുമാർ, ലുധിയാന സ്വദേശി ഹർജിത് സിംഗ് എന്നിവരെയാണ് വധിച്ചതെന്ന് സൗദിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇവരുടെ വധശിക്ഷ എന്നാണ് നടപ്പാക്കിയത് എന്നതു സംബന്ധിച്ചു മന്ത്രാലയത്തിന്റെ പക്കൽ സ്ഥിരീകരണമില്ല.
രണ്ട് ഇന്ത്യക്കാരുടെ വധശിക്ഷ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടാത്തതും ഇത് തടയാൻ കഴിയാത്തതും വിദേശകാര്യ മന്ത്രാലയത്തിന്റെ വീഴ്ചയാണെന്നു ചൂണ്ടിക്കാട്ടി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് രംഗത്തെത്തി. കൂടൂതൽ വിവരങ്ങൾ ആവശ്യപ്പെട്ട് മന്ത്രാലയത്തെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദി നിയമപ്രകാരം വധിച്ചവരുടെ മൃതദേഹങ്ങൾ വിട്ടുനൽകില്ലെന്നും സർട്ടിഫിക്കറ്റ് മാത്രമേ നൽകുകയുള്ളുവെന്നും വിദേശകാര്യ മന്ത്രാലയം സത്വീന്ദറിന്റെ വിധവയെ അറിയിച്ചു. സത്വീന്ദറിനെ വധിച്ചെന്നറിയിച്ച് മാർച്ച് രണ്ടിന് ഫോണ്‍ സന്ദേശം ലഭിച്ചിരുന്നെന്നും എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളുണ്ടായില്ലെന്നും സത്വീന്ദറിന്റെ ഭാര്യ പറഞ്ഞു.
ഇതേതുടർന്ന് ഭാര്യ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു. എന്നിട്ടും വിവരം ലഭിക്കാത്തതിനെ തുടർന്ന് അവർ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് കോടതിയുടെ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് വിദേശകാര്യ മന്ത്രാലയം വധശിക്ഷ സ്ഥിരീകരിക്കുന്നത്. 2015 ഡിസംബർ ഒന്‍പതിന് മറ്റൊരു ഇന്ത്യക്കാരനായ ആരിഫ് ഇമാമുദീനെ കൊലപ്പെടുത്തിയ കേസിലാണ് സത്വീന്ദറും ഹർജീതും അറസ്റ്റിലാകുന്നത്.
മൂന്നു വയസുകാരനെ മര്‍ദ്ദിച്ചത് അമ്മ തന്നെയെന്ന് കണ്ടെത്തി. അമ്മ തന്നെ കുറ്റം സമ്മതിച്ചു. കുട്ടിയുടെ അമ്മ പോലീസിനോട് കുറ്റം സമ്മതിക്കുകയായിരുന്നു. അമ്മയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
പരിക്ക് മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായതെന്ന് പോലീസ് കണ്ടെത്തി. കുട്ടിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു അമ്മ. ചട്ടുകം കൊണ്ട് പൊള്ളിക്കുകയും കട്ടിയുള്ള തടി കൊണ്ടു തലയ്ക്ക് അടിക്കുകയും ചെയ്തു. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.
ആലുവയില്‍ ഇന്നലെയാണ് മര്‍ദ്ദനമേറ്റ് മൂന്നു വയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ തലയോട്ടിക്കും തലച്ചോറിനും പരുക്കുണ്ട്. തലയോട്ടിയില്‍ പൊട്ടലും ശരീരമാസകലം പൊള്ളലേറ്റ പാടുകളുമായിട്ടാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഏലൂര്‍ പഴയ ആനവാതിലിനു സമീപം വാടകയ്ക്കു താമസിക്കുന്ന ബംഗാള്‍ സ്വദേശികളായ ദമ്പതികളുടെ മകനെയാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിലാക്കിയത്. പിതാവാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി
ആലുവയില്‍ മര്‍ദനമേറ്റ കുട്ടിയുടെ അമ്മയും അച്ഛനും പൊലീസ് കസ്റ്റഡിയിൽ. മാതാപിതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ബാലനീതി നിയമപ്രകാരമുള്ള കുറ്റങ്ങളും ഇവർക്ക് മേൽ ചുമത്തി. ഡോക്ടര്‍മാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. അതേസമയം കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. തലച്ചോറിനും തലയോട്ടിയിലുമാണ് പരുക്ക്. അമ്മയുടെ കയ്യില്‍ നിന്ന് വീണ് പരിക്കേറ്റെന്ന് പറഞ്ഞ് ഇന്നലെയാണ് കുട്ടിയുടെ പിതാവ് ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ആലുവയില്‍ വാടകയ്ക്ക് താമസിക്കുന്ന ബംഗാൾ സ്വദേശികളുടെ മകനാണ്. കുട്ടിക്ക് എങ്ങനെയാണ് പരുക്കേറ്റതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
തലയോട്ടിയിൽ പൊട്ടലും ശരീരമാസകലം പൊള്ളലേറ്റ പാടുകളുള്ള കുട്ടി അതീവ ഗുരുതരാവസ്ഥയിലാണ്. കാലുകൾക്കും പരുക്കുണ്ട്. സംശയം തോന്നിയ ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍ പഴക്കം ചെന്നതാകാമെന്നാണ് ഡോക്ടര്‍മാരുടെ സംശയം. കുട്ടിയുടെ പരുക്ക് ഗുരുതരമാണെന്ന് ബോധ്യപ്പെട്ടതോടെ ഉടന്‍ തന്നെ കുട്ടിയെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
കുട്ടിക്ക് പരുക്കേറ്റത് മാതാപിതാക്കളുടെ മര്‍ദനത്തെ തുടര്‍ന്നാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കുട്ടിയുടെ അച്ഛനെ മണിക്കൂറുകളോളം ഏലൂർ പോലീസ് ചോദ്യം ചെയ്തു. ജില്ലാചൈൽഡ് പ്രൊട്ടക്ൻ ഓഫീസറും ചൈൽസ് ലൈൻ പ്രവർത്തകരും സംഭവമറിഞ്ഞ് ആശുപത്രിയിലെത്തിയിരുന്നു.