Crime

തൊടുപുഴയില്‍ ഏഴുവയസുകാരനെ മര്‍ദിച്ചുകൊലപ്പെടുത്തിയ കേസില്‍ പ്രതി അരുണ്‍ ആനന്ദിനെ പൊലീസ് ചൊവ്വാഴ്ച കസ്റ്റഡിയില്‍ വാങ്ങും. കുട്ടികള്‍ക്കൊപ്പം അമ്മയേയും അരുണ്‍ ആനന്ദ് മര്‍ദിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ അടിയേറ്റതിന്‍റേയും തൊഴിയേറ്റതിന്‍റേയും പാടുകള്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. എന്നാല്‍ ക്രൂരകൃത്യങ്ങള്‍ക്ക് കൂട്ടുനിന്നതിന് കുട്ടിയുടെ അമ്മയെ പ്രതിചേര്‍ക്കാനുള്ള നടപടികള്‍ പൊലീസ് തുടങ്ങി.

യുവതിയെ വൈദ്യപരിശോധനക്ക ്വിധേയമാക്കിയപ്പോഴാണ് അടിയേറ്റതിന്‍റെ പാടുകള്‍ കണ്ടെത്തിയത്. വടികൊണ്ട് അടിയേറ്റതിന്‍റേയും തൊഴിയേറ്റതിന്‍റേയും പാടുകള്‍ ശരീരത്തിലുണ്ട്. ദീര്‍ഘകാലമായി മര്‍ദനമേറ്റതിന്‍റെ ചതവുകളും യുവതിയുടെ ശരീരത്തിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളജിലും ചൊവ്വാഴ്ച യുവതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കും.

കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ പീഡനം മറച്ചുവെച്ചതിന് ഇവര്‍ക്കെതിരെ കേസെടുക്കാനാണ് പൊലീസ് ആലോചന. പരാതിക്കാരിയാണ് നിലവില്‍ അമ്മ. എന്നാല്‍ ആശുപത്രിയിലെത്തിക്കുമ്പോഴും ശേഷവും കുട്ടിയുടെ അമ്മ ചികില്‍സയുമായി സഹകരിച്ചില്ലെന്ന് ഡോക്ടര്‍മാരുടെ മൊഴിയും പൊലീസ് ശേഖരിച്ചിട്ടുണ്ട്. യുവതിയുടെ രഹസ്യമൊഴി ഇതുവരെ കോടതി രേഖപ്പെടുത്തിയിട്ടില്ല. കുട്ടിയെ മര്‍ദിച്ച കേസില്‍ പ്രതി അരുണ്‍ ആനന്ദിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തിയിരുന്നു.

കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസിന്‍റെ ആവശ്യം നാളെ കോടതി പരിഗണിക്കും. റിമാൻഡിലായ അരുൺ ഇപ്പോൾ മുട്ടം ജില്ലാ ജയിലിലാണ്. ഇവിടത്തെ തടവുകാരിൽ നിന്ന് ആക്രമണ ഭീഷണിയുണ്ടെന്നും മറ്റേതെങ്കിലും ജയിലിലേക്ക് മാറ്റണമെന്നും അരുൺ ജയിൽ അധികൃതരോട് ആവശ്യപ്പെട്ടു. ഇളയ കുട്ടിയുടെ സംരക്ഷണച്ചുമതല ആവശ്യപ്പെട്ട് യുവതിയുടെ ഭര്‍തൃപിതാവ് നല്‍കിയ അപേക്ഷയില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.

അരുൺ ആനന്ദിന്റെ രാത്രികാല യാത്രകളെപ്പറ്റി സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. ലഹരി മാഫിയ സംഘങ്ങളുമായി അടുത്ത ബന്ധമുള്ള അരുൺ ആനന്ദ്, ലഹരി വസ്തുക്കൾ കൈമാറുന്നതിനു യുവതിയെ മറയാക്കിയിരുന്നോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അരുണിന്റെ കാറിനുള്ളിൽ നിന്നു കണ്ടെടുത്ത വസ്തുക്കളും വിശദമായി പരിശോധിക്കും.

യുവതിയുടെ പേരിലുള്ള ചുവന്ന കാറിലായിരുന്നു അരുണിന്റെയും യുവതിയുടെയും രാത്രികാല യാത്രകൾ. രണ്ടു മക്കളെയും രാത്രി വീട്ടിൽ തനിച്ചാക്കി, വീടു പൂട്ടിയ ശേഷം രാത്രി 11 മണിയോടെയാണ് യുവതി, അരുണിനൊപ്പം പുറത്തിറങ്ങുക. പുലർച്ചെ 5 മണിയോടെയാണു ഇരുവരും തിരിച്ചെത്തുക. ഈ സമയം അരുൺ മദ്യപിച്ച് അവശനായ നിലയിലായിരിക്കും. യുവതിയാണു വാഹനമോടിച്ചിരുന്നത്. തൊടുപുഴ പൊലീസിന്റെ നേതൃത്വത്തിൽ രാത്രികാലങ്ങളിൽ നഗരത്തിൽ നടത്തിയ പട്രോളിങിനിടെ പലപ്പോഴും ഇവരെ കണ്ടിരുന്നു. സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.

കാറിനുള്ളിൽ നിന്നു പുതിയ മഴുവും മദ്യക്കുപ്പിയും, ഡിക്കിയിൽ നിന്നു 2 വലിയ പ്രഷർ കുക്കറും ബക്കറ്റും പാറക്കല്ലുകളും പൊലീസ് കണ്ടെടുത്തിരുന്നു. കാറിനുള്ളിൽ മഴു സൂക്ഷിച്ചിരുന്നതിനെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. കാറിനുള്ളിൽ കണ്ടെത്തിയ രക്തക്കറ ഫൊറൻസിക് വിഭാഗം ശേഖരിച്ചിട്ടുണ്ട്. തൊടുപുഴ പൊലീസിന്റെ കസ്റ്റഡിയിലാണു കാർ. തൊടുപുഴയിൽ അരുൺ ആനന്ദുമായി അടുപ്പം പുലർത്തിയിരുന്നവരും പൊലീസിന്റെ നിരീക്ഷണത്തിലാണ്. അരുണും യുവതിയും നഗരത്തിലെ ഒരു ബാർ ഹോട്ടലിൽ രാത്രികാലങ്ങളിൽ സ്ഥിരമായി എത്തിയിരുന്നതായും ഇവിടെ വച്ച് പലതവണ വഴക്കിട്ടിരുന്നതായും പൊലീസിനു വിവരം ലഭിച്ചു.

മലപ്പുറം കാളികാവില്‍ വീട്ടുകാരുടെ ക്രൂരമര്‍ദനത്തിന് ഇരയായി മൂന്നരവയസുകാരി. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി കുട്ടിയെ ഏറ്റെടുത്തു. പട്ടിണിക്ക് ഇട്ടതിനാല്‍ കുട്ടിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ബാധിച്ചിട്ടുണ്ടെന്നാണ് നിഗമനം.

കുഞ്ഞുങ്ങളോടുള്ള ക്രൂരതയ്ക്ക് അറുതിയില്ല. പൂങ്ങോട് കോളനിയില്‍ മൂന്നരവയസുകാരിയെ ക്രൂരമര്‍ദനത്തിന് ഇരയാക്കിയത് സ്വന്തം അമ്മയുടെ അമ്മ. ദിവസങ്ങളോളം പട്ടിണിക്കിട്ടു. ശരീരമാസകലം മര്‍ദനമേറ്റതിന്റെ പാടുകളാണ്. മെലിഞ്ഞ് എല്ലുംതോലുമായ നിലയിലാണ് പെണ്‍കുട്ടി. പോഷകാഹാരക്കുറവിന്റെ ലക്ഷണങ്ങള്‍ പ്രകടം. വാരിയെല്ലുകള്‍ ഉന്തി കാലിന്റെ അസ്ഥി വളഞ്ഞ നിലയിലാണ്. രാത്രികാലങ്ങളില്‍ മൂന്നരവയസുകാരിയെ മാത്രം കട്ടിലിനുതാഴെ വെറുംനിലത്താണ് കിടത്തുന്നത്.

നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത്. കുട്ടിയേയും അമ്മയേയും സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. അമ്മയുടെ രണ്ടാംവിവാഹത്തിലെ മൂത്ത കുട്ടിയ്ക്കാണ് മര്‍ദനമേറ്റത്. താഴെ രണ്ട് പെണ്‍കുട്ടികള്‍ കൂടിയുണ്ട്. പൊലീസിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അറിയിച്ചു.

വിദ്യാര്‍ത്ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. സുഹൃത്തുക്കള്‍ക്കൊപ്പം വയനാട്ടില്‍ വിനോദയാത്രയ്ക്ക് പോയ വിദ്യാര്‍ത്ഥിയാണ് മരിച്ചത്. നരിക്കുനി സ്വദേശിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

കെട്ടിടത്തിനു മുകളില്‍ നിന്ന് വീണു മരിച്ച നിലയിലായിരുന്നു. കോഴിക്കോട് നരിക്കുനി സ്വദേശി റിഷാദ് നബീലാണ് പഴയ വൈത്തിരിയിലെ കെട്ടിടത്തിനു മുകളില്‍ നിന്ന് വീണത്. രക്തം വാര്‍ന്ന് മരിച്ച നിലയിലാണ് മൃതദേഹം ലഭിച്ചത്.

മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പം ഞായറാഴ്ച വൈകീട്ടാണ് നബീല്‍ വയനാട്ടിലേക്ക് പോയത്. കെട്ടിടത്തിനുമുകളില്‍ നിന്ന് വീണതാണോ, ആത്മഹത്യ ചെയ്തതാണോ എന്ന് വ്യക്തമല്ല. പോലീസ് അന്വേഷിച്ചു വരികയാണ്.

ഒളിക്യാമറ വിവാദത്തിൽ കോഴിക്കോട് യുഡിഎഫ് സ്ഥാനാർഥി എം.കെ.രാഘവന്റെ മൊഴി രേഖപ്പെടുത്തി. അന്വേഷണ സംഘം രാഘവന്റെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ഒരു മണിക്കൂറോളം മൊഴിയെടുക്കൽ നീണ്ടുനിന്നു. എല്ലാ കാര്യങ്ങളും അന്വേഷണ സംഘത്തോട് പറഞ്ഞതായും നീതിന്യായ കോടതിയും ജനകീയ കോടതിയും വിധി തീരുമാനിക്കുമെന്നും രാഘവൻ മാധ്യമങ്ങളോട് പറഞ്ഞു. രാഘവന്റെ മൊഴി രേഖപ്പെടുത്തിയെന്നും അന്വേഷണം തുടരുമെന്നും എസിപി പറഞ്ഞു.

ടിവി 9 ചാലനാണ് കെ.എം.രാഘവനെതിരായ ഒളിക്യാമറ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ബിസിനസുകാര്‍ എന്ന വ്യാജേന എത്തിയ മാധ്യമപ്രവര്‍ത്തകരോട് കോഴ ആവശ്യപ്പെട്ടതായി ആരോപിച്ചുകൊണ്ടുള്ളതാണ് ടിവി 9 പുറത്തുവിട്ട റിപ്പോർട്ട്. സിംഗപ്പൂർ കമ്പനിക്ക് കോഴിക്കോട് ഹോട്ടല്‍ തുടങ്ങുന്നതിന് സ്ഥലം ഏറ്റെടുത്ത് നല്‍കണമെന്നാവശ്യപ്പെട്ട് എത്തിയവരോട് അഞ്ച് കോടി രൂപ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടിൽ പറയുന്നത്. മാര്‍ച്ച് 10നാണ് വീഡിയോയിലുള്ള സംഭാഷണം നടന്നതെന്നാണ് ടിവി 9 ന്റെ റിപ്പോർട്ടിൽ പറയുന്നത്.

ജീവനെടുക്കുന്ന പ്രണയപ്പകയുടെ നടുക്കുന്ന വാർത്തകൾ തുടർക്കഥയാവുകയാണ്. വിവാഹാഭ്യർഥന നിരസിച്ച പെൺകുട്ടിയെ കഴുത്തറുത്ത് കൊല്ലപ്പെടുത്തിയ ശേഷം ചാക്കിൽ കെട്ടി ഉപേക്ഷിക്കുകയായിരുന്നു. ഡിണ്ടിഗൽ ഒട്ടംഛത്രം രാഘവനായ്ക്കൻ പട്ടിയിലെ വെള്ളച്ചാമിയുടെ മകൾ പ്രഗതിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ടു പ്രഗതിയുടെ അടുത്ത ബന്ധു ഡിണ്ടിഗൽ സ്വദേശി സതീഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സതീഷ് കുമാറുമായി പ്രണയത്തിലായിരുന്ന പ്രഗതിക്കു വീട്ടുകാർ മറ്റൊരു യുവാവുമായി വിവാഹം നിശ്ചയിച്ചിരുന്നു. ഇതാണ് പകയുണ്ടാവാൻ കാരണം. തന്നെ വിവാഹം കഴിക്കണമെന്ന് ഇയാൾ പെൺകുട്ടിയോട് ഒട്ടേറെ തവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പെൺകുട്ടി ഇതിന് തയാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇയാൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത്. പെൺകുട്ടി പഠിക്കുന്ന കോയമ്പത്തൂരിലെ സ്വകാര്യ കോളജിൽ കാറിൽ സുഹൃത്തിനൊപ്പം എത്തിയാണു തട്ടിക്കൊണ്ടുപോയത്.

പിന്നീട് കാറിൽ വച്ചു കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം ചാക്കിൽ കെട്ടി മൃതദേഹം പാതയോരത്ത് ഉപേക്ഷിക്കുകയായിരുന്നു. കോളജിൽ അവധി പറഞ്ഞു വിവാഹ വസ്ത്രങ്ങൾ വാങ്ങാൻ വീട്ടിൽ എത്താമെന്നു പറഞ്ഞ പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. പെൺകുട്ടിയുടെ മൊബൈൽ ഫോണും കോളജ് പരിസരത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചപ്പോഴാണു പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിനു ലഭിച്ചത്. സതീഷ് കുമാറിന്റെ സുഹൃത്തിനായി തിരച്ചിൽ പുരോഗമിക്കുകയാണ്.

മദ്യം കൊടുക്കാത്തതിന് എയര്‍ ഇന്ത്യ വിമാനത്തില്‍ അക്രമം അഴിച്ചുവിടുകയും ജീവനക്കാരെ വംശീയമായി അധിക്ഷേപിക്കുകയും ചെയ്ത അഭിഭാഷകയ്ക്ക് ബ്രിട്ടീഷ് കോടതി ആറ് മാസം തടവ് ശിക്ഷ വിധിച്ചു. അന്താരാഷ്ട്ര മനുഷ്യാവകാശ അഭിഭാഷക കൂടിയായ ഐറിഷ് പൗര സൈമണ്‍ ബേണ്‍സാണ് ശിക്ഷിക്കപ്പെട്ടത്.

50കാരിയായ അഭിഭാഷകക്കെതിരെ കഴിഞ്ഞ ദിവസമാണ് ലണ്ടനിലെ കോടതി വിധി പറ‌ഞ്ഞത്. മുംബൈയില്‍ നിന്ന് ലണ്ടനിലേക്കുള്ള വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്ന ഇവര്‍ക്ക് മൂന്ന് തവണ ജീവക്കാര്‍ മദ്യം നല്‍കി. പിന്നീടും മദ്യം ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ നല്‍കാന്‍ തയ്യാറാവാതിരുന്നതോടെയാണ് അസഭ്യവര്‍ഷം തുടങ്ങിയത്. താന്‍ അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന അഭിഭാഷകയാണെന്ന് പറഞ്ഞായിരുന്നു തുടക്കം. മറ്റ് യാത്രക്കാരോടും ഇവര്‍ കയര്‍ത്തു. ടോയ്‍ലറ്റില്‍ പോയി പുകവലിക്കാനൊരുങ്ങി. ഒരു ജീവനക്കാരന്റെ മുഖത്ത് തുപ്പുകയും ചെയ്തു. മറ്റ് യാത്രക്കാര്‍ സംഭവങ്ങള്‍ മൊബൈല്‍ ക്യാമറകളില്‍ പകര്‍ത്തിയിരുന്നു. ചിലര്‍ ഇത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയത് ആറ് മാസം തടവും മറ്റുള്ളവരെ അപമാനിച്ചതിന് രണ്ട് മാസം തടവുമാണ് കോടതി വിധിച്ചത്. വിമാനത്തിനുള്ളില്‍ ഇത്തരമൊരു പ്രവൃത്തി ഗുരുതരമായ സാഹചര്യവും സുരക്ഷയ്ക്ക് തന്നെ ഭീഷണിയുമാണെന്ന് കോടതി വിലയിരുത്തി. അപമാനിക്കപ്പെട്ട വ്യക്തിക്ക് 300 പൗണ്ട് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു. തന്റെ 34 വര്‍ഷത്തെ കരിയറില്‍ ഒരു യാത്രക്കാരി ഇത്രയും മോശമായി പെരുമാറുന്നത് ആദ്യമായിട്ടാണെന്ന് എയര്‍ ഇന്ത്യ ജീവനക്കാരന്‍ കോടതിയില്‍ പറഞ്ഞു.

എന്നാല്‍ തന്റെ ബന്ധുവിന്റെ ശവസംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാനായാണ് ഇവര്‍ ലണ്ടനിലേക്ക് വന്നതെന്നും അവിടെ സമയത്ത് എത്തിച്ചേരുമോയെന്നുള്ള ആശങ്കയും മദ്യലഹരിയും കൂടിച്ചേര്‍ന്നരപ്പോഴാണ് മോശമായ പെരുമാറ്റമുണ്ടായതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു.

എടപ്പാളിൽ 10 വയസുകാരിയായ നാടോടി ബാലികയ്ക്ക് ക്രൂര മർദനം. നെറ്റിയിൽ ആഴത്തിൽ മുറിവേറ്റു. ആക്രി സാധനം പെറുക്കുന്നതിനിടെയാണ് മര്‍ദനം. ആശുപത്രിക്ക് സമീപം ആക്രി സാധനങ്ങൾ പെറുക്കവെയാണ് കുട്ടിക്ക് മർദനേറ്റത്. പൊലീസ് മൊഴി രേഖപ്പെടുത്തി. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലന്ന് അറിയുന്നു.സംഭവത്തിൽ സി.പി.എം എടപ്പാൾ ഏരിയാ കമ്മിറ്റി അംഗം സി.രാഘവൻ അറസ്റ്റിലായി.

ഒരു കുരുന്നിന്റെ ജീവൻ പൊലിഞ്ഞതിന്റെ ഞെട്ടൽ വിട്ടുമാറും മുമ്പാണ് മലപ്പുറത്ത് വീണ്ടും ബാലികയ്ക്ക് മർദനമേറ്റത്. എടപ്പാളിലെ ആശുപത്രിക്ക് സമീപം ആക്രിസാധനം പെറുക്കുന്നതിനിടെയായിരുന്നു ആക്രമണം. നെറ്റിയിൽ ആഴത്തിൽ മുറിവേറ്റു. ചാക്കിനുള്ളിൽ ഭാരമേറിയതെന്തോ വച്ച് തലയ്ക്കടിക്കുകയായിരുന്നുവെന്ന് ബാലിക പറഞ്ഞു. ബാലികയ്ക്ക് ഒപ്പം ഉണ്ടായിരുന്ന സ്ത്രീക്കും മർദനമേറ്റു.

വട്ടംകുളം മുൻ പഞ്ചായത്ത് പ്രസിഡന്റും സിപിഎം എടപ്പാൾ ഏരിയാ കമ്മിറ്റി അംഗവുമായ സി. രാഘവനാണ് കുരുന്നിനെ ആക്രമിച്ചത്. രാഘവനെ അറസ്റ്റ് ചെയ്ത പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കുട്ടിയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആശുപത്രിയിൽ സന്ദർശിച്ചു.

അതേസമയം പ്രതി എത്ര ഉന്നതാനായാലും നിയമ നടപടി സ്വീകരിക്കുമെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ പി.സുരേഷ് പറഞ്ഞു. രമേശ് ചെന്നിത്തലയുടെ നിർദേശപ്രകാരം ബാലികയെ പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

കുട്ടി മരിച്ച വിവരം അറിഞ്ഞിട്ടും പ്രതി അരുണ്‍ ആനന്ദിനു ഒരു കുലുക്കവുമുണ്ടായില്ല. മൂന്നു ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിലായിരുന്ന അരുണിനെ മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കിയ ശേഷം ഇന്നലെ ഉച്ചയ്ക്കു 12.30നു മുട്ടം ജില്ലാ ജയിലില്‍ എത്തിച്ചു.

ഇതിനിടെ കുട്ടി മരിച്ച വിവരം പൊലീസ് അറിയിച്ചു. അരുണ്‍ പ്രതികരിച്ചില്ല. ഉച്ചയ്ക്ക് ജയിലില്‍ ആട്ടിറച്ചി കൂട്ടി കൂസലില്ലാതെ ആഹാരം കഴിക്കുന്നതു കണ്ട് ജയില്‍ ഉദ്യോഗസ്ഥര്‍ അമ്പരന്നു.

മുത്തച്ഛന്റെ കല്ലറയിൽ പ്രാർത്ഥിക്കാൻ എത്തിയപ്പോൾ മെഴുകുതിരിയിൽ നിന്നും തീ പടർന്ന് പൊള്ളലേറ്റ ബാലിക മരിച്ചു. വേഴപ്ര വില്ലുവിരുത്തിയിൽ ആൻറണിയുടെയും ലീനയുടെയും മകൾ ടീന ആൻറണി (9)യാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ 8.30 ന് സണ്ടേസ്കൂൾ വിശ്വാസോത്സവത്തിന്റെ ഭാഗമായി വേഴപ്ര സെന്റ് പോൾസ് പള്ളിയിൽ എത്തിയതായിരുന്നു ബാലിക.

കുനിഞ്ഞ് നിന്ന് കല്ലറയിൽ പൂക്കൾ വയ്ക്കാൻ ശ്രമിക്കുന്നതിനിടെ പിന്നിലെ കല്ലറ യിൽ ഒപ്പീസ് പ്രാർത്ഥനയുമായി ബന്ധപെട്ട് കത്തിച്ച് വെച്ച മെഴുകുതിരിയിൽ നിന്നും ഉടുപ്പിൽ തീ പടരുകയായിരുന്നു.കൂടെ ഉണ്ടായിരുന്ന കുട്ടികൾ ബഹളം കൂട്ടിയതോടെ ഓടിയെത്തിയ പള്ളി ഭാരവാഹികളും തൊഴിലുറപ്പു ജോലിക്ക് എത്തിയ യുവതികളും ചേർന്ന് തീ കെടുത്തി ചങ്ങനാശേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പൊള്ളൽ ഗുരുതരമായതിനാൽ എറണാകുളത്ത് ചികിത്സയിൽ ആയിരുന്നു .ഏപ്രിൽ 6 ന് ശനിയാഴ്ച 4 പകൽ 4 മണിയോടു കൂടി ആണ് ബാലിക മരണമടഞ്ഞത്.സംസ്ക്കാരം പിന്നീട്.

വിവാഹ അഭ്യര്‍ഥന നിരസിച്ചതിന് ഐസ്‌ക്രീം കടയിലെ ജീവനക്കാരിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം പ്രതി കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ചു. ശൂരമംഗലം ആസാദ് നഗര്‍ സ്വദേശിനിയായ ഷെറിന്‍ ചിത്രഭാനു (25) ആണു കുത്തേറ്റു മരിച്ചത്. ഷെറിനെ കുത്തിയശേഷം ഇനാമുള്ള (54) ആണു കടയില്‍ തൂങ്ങിമരിച്ചത്. സേലം നഞ്ച് റോഡ് സോണോ കോളജ് ബസ് സ്റ്റോപ്പിനു സമീപം പട്ടാപ്പകലായിരുന്നു സംഭവം.

ഷെറിന്‍ വിവാഹം വേര്‍പിരിഞ്ഞ് മക്കളുമായി മാതാപിതാക്കള്‍ക്കൊപ്പമാണു താമസിക്കുന്നത്. ഇവരുടെ അയല്‍വാസിയായ ഇനാമുള്ളയും വിവാഹം ബന്ധം വേര്‍പിരിഞ്ഞയാളാണ്. 6 മാസമായി ഇരുവരും പ്രണയത്തിലായിരുന്നെങ്കിലും ഷെറിന്‍ വിവാഹത്തിനു സമ്മതിക്കാതിരുന്നതാണു കൊലപാതക കാരണം. ഇമാനുള്ള വിദേശജോലി റിക്രൂട്ടിങ് ഏജന്റാണ്. പലവട്ടം വിവാഹ അഭ്യര്‍ഥന നടത്തിയിട്ടും ഫലം കാണാതെ വന്നതിനെത്തുടര്‍ന്നാണ് ഇന്നലെ കടയില്‍ എത്തി വീണ്ടും അഭ്യര്‍ഥന നടത്തിയത്.

എന്നാല്‍ ഷെറിന്‍ വഴങ്ങാതെ വന്നതോടെ ഇയാള്‍ കത്തി എടുത്ത് കഴുത്തിലും വയറ്റിലും കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പരിസരവാസികള്‍ എത്തിയെങ്കിലും ഇയാള്‍ കടയുടെ ഷട്ടര്‍ ഉള്ളില്‍ നിന്നു പൂട്ടി. പൊലീസ് ഷട്ടര്‍ വെല്‍ഡിങ് യന്ത്രം ഉപയോഗിച്ചു മുറിച്ച ശേഷമാണ് അകത്തു കയറിയത്.

Copyright © . All rights reserved