വായ്പ തട്ടിപ്പുകാരന്‍ നിരവ് മോദിക്കെതിരെ ലണ്ടന്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. നിരവ് മോദി ഏത് സമയവും അറസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യതയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. യുകെ ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് നിരവ് മോദിയെ എക്‌സട്രാഡിറ്റ് ചെയ്യാനുള്ള അപേക്ഷയില്‍ ഒപ്പ് വച്ചിട്ടുണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 13,000 കോടി രൂപയിലധികം വായ്പയെടുത്ത് തിരിച്ചടക്കാതെ കഴിഞ്ഞ വര്‍ഷം നിരവ് മോദി ലണ്ടനിലേയ്ക്ക് മുങ്ങുകയായിരുന്നു.
അറസ്റ്റിന് പിന്നാലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയില്‍ വിചാരണ തുടങ്ങും. കോടതി ഉത്തരവിട്ടാല്‍ നിരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള എക്‌സ്ട്രാഡിഷന്‍ ഉത്തരവില്‍ യുകെ ഗവണ്‍മെന്റ് ഒപ്പ് വയ്ക്കും. 2018 ജനുവരിയിലാണ് സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് നടപടികളും അറസ്റ്റും ഒഴിവാക്കാനായി നിരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും മുങ്ങിയത്.
മെഹുല്‍ ചോക്‌സി ആദ്യം യുഎസിലെത്തുകയും ഇവിടെ നിന്ന് ആന്റിഗ്വയിലേയ്ക്ക് കടക്കുകയും ചെയ്തു. നിരവ് മോദി ലണ്ടന്‍ തെരുവിലൂടെ നടക്കുന്നതിന്റെ ഫോട്ടോകള്‍ യുകെയിലെ ദ ടെലിഗ്രാഫ് പത്രം പുറത്തുവിട്ടിരുന്നു. സോഹോയില്‍ ഒരു വജ്രവ്യാപാര സംരംഭം നിരവ് മോദി തുടങ്ങിയതായി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നടുറോഡില്‍ സിനിമാ സ്റ്റൈലില്‍ നടന്‍റെ സംഘട്ടനം. മദ്യപിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം ആലപ്പുഴ എസ്.എല്‍ പുരത്ത് വെച്ചാണ് നടന്‍ സുധീറും സംഘവും രണ്ടുപേരെ കയ്യേറ്റം ചെയ്തത്. ബാറിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്‍റെ ഡോറു തുറന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘട്ടനത്തിലേക്ക് എത്തിത്. നടനും സുഹൃത്തുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.
എസ്.എൽ പുരത്ത് രാത്രി ഏഴരയോടെയാണ് സിനിമാ സ്റ്റൈലില്‍ സംഘര്‍ഷം അരങ്ങേറിയത്. നടന്‍ സുധീറും രണ്ട് സുഹൃത്തുകളും എസ്.എൽ പുരത്തെ ബാറിന് സമീപം ദേശീയപാതയ്ക്ക് അരികിൽ ആഢംബര കാർ നിർത്തിയിട്ടിരിക്കുകയായിരുന്നു. കാറിന്റെ വാതിൽ തുറന്നപ്പോൾ നടന്നു പോവുകയായിരുന്ന അനൂപിന്റെ ദേഹത്ത് തട്ടി. ഇത് ചോദ്യം ചെയ്തപ്പോൾ സംഘട്ടനമായി. ഡോർ തുറന്ന് പുറത്തിറങ്ങിയ സുധീർ അനൂപിനെ സിനിമാ സ്റ്റൈലിൽ ചവിട്ടി വീഴ്ത്തി . ഇതേപ്പറ്റിയുണ്ടായ വാക്കേറ്റത്തിനിടെയാണ് ഹരീഷിനെ വളഞ്ഞിട്ട് മർദ്ദിച്ചത്. ഹരീഷിന് മൂക്കിന്റെ പാലത്തിന് ഒടിവും കണ്ണിന് പരിക്കുമേറ്റു. ഇതുകണ്ട നാട്ടുകാർ വിഷയത്തിൽ ഇടപെട്ടു. ഇതോടെ നടനും സുഹൃത്തുക്കളും നാട്ടുകാരുമായി ഏറ്റുമുട്ടി.
സമീപത്തെ മാരാരിക്കുളം പൊലീസ് സ്റ്റേഷനിൽ നിന്ന് പൊലീസ് എത്തിയാണ് കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കിയത്. പരിക്കേറ്റ ഹരീഷിനെയും അനൂപിനെയും ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നാലെ നടനും സംഘവും താലൂക്ക് ആശുപത്രിയിലെത്തി ഭീഷണി മുഴക്കി. തുടർന്ന് ഇരുവരെയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മാറ്റി. സംഭവത്തിൽ കഞ്ഞിക്കുഴി അറയ്ക്കൽ ഹരീഷ് , പഴയതോപ്പിൽ അനൂപ് എന്നിവർക്ക് പരിക്കേറ്റു.നടനെയും സുഹൃത്തുക്കളെയും നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയെങ്കിലും പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പുതന്നെ ഇവരെ പൊലീസ് വിട്ടയച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ പൊലീസ് ചീഫിന് പരാതി നൽകിയതോടെയാണ് നടനെതിരെ കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചത്
കോഴിക്കോട് കൊടിയത്തൂരില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട കേസില്‍ തുമ്പുണ്ടാക്കാനാവാതെ പൊലിസ് . യുവാവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു മുങ്ങിയവരെ മരണം നടന്നു നാലു ദിവസമായിട്ടും കണ്ടെത്താനായില്ല. അതിനിടെ പ്രദേശത്തെ ലഹരിമരുന്ന് മാഫിയയാണ് മരണത്തിന് പിന്നിലെന്നാരോപിച്ച് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു
കൊടിയത്തൂര്‍ ഉള്ളാട്ടില്‍ വി.കെ. ഡാനിഷ് വെള്ളിയാഴ്ചയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചു മരിച്ചത്. മരണവിവരം പുറത്തായതോടെ ഡാനിഷിനെ ആശുപത്രിയിലെത്തിച്ച രണ്ടു യുവാക്കള്‍ മുങ്ങി. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ഡാനിഷിന്റെ പിതാവ് മുക്കം പൊലിസില്‍ പരാതി നല്‍കി. എന്നാല്‍ ഇതുവരെ ഡാനിഷിനിനെ ആശുപത്രിയിലെത്തിച്ചവരെ പിടികൂടിയിട്ടില്ല.
മരണത്തിന്പ്രദേശത്തെ ലഹരിമരുന്ന് മാഫിയക്ക് മരണവുമായി ബന്ധമുണ്ടെന്നാണ് ആരോപണം. നാട്ടുകാര്‍ ജനകീയ സമിതി രൂപീകരിച്ച് ലഹരിമരുന്ന് മാഫിയയ്ക്കെതിരെ രംഗത്ത് എത്തിയിട്ടുണ്ട്.
അതേ സമയം ഡാനിഷിനെ ആശുപത്രിയിലെത്തിച്ചവരെ തിരിച്ചറിഞ്ഞെന്നാണ് പൊലീസ് പറയുന്നത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും രാസപരിശോധന റിപ്പോര്‍ട്ടും കിട്ടിയതിനു ശേഷമെ വിശദമായ അന്വേഷണത്തിലേക്ക് കടക്കാന്‍ കഴിയൂവെന്നുമാണ് മുക്കം പൊലീസ് പറയുന്നത്.
യുണൈറ്റഡ് നേഴ്‌സസ് അസ്സോസിയേഷ(യു.എന്‍.എ)നെതിരെ വീണ്ടും ആരോപണം. മൂന്നരക്കോടി രൂപയുടെ അഴിമതി നടത്തിയെന്ന ആരോപണത്തിനു പിന്നാലെയാണ്
യു.എന്‍.എയില്‍ അംഗത്വഫീസും മാസവരിയും പിരിച്ചതില്‍ ക്രമക്കേടെന്ന് പുറത്തു വന്നിരിക്കുന്നത്. 50 രൂപയുടെ അംഗത്വഫീസിന് 500 രൂപയാണ് പിരിപ്പിച്ചത്. മാസവരിയായി പത്തുരൂപ പിരിക്കേണ്ടിടത്ത് മൂന്നുമാസം കൂടുമ്പോള്‍ 300 രൂപയാണ് പിരിച്ചത്.
യു.എന്‍.എ പ്രസിഡന്റ് ജാസ്മിന്‍ ഷാ സാമ്പത്തിക തിരിമറി നടത്തിയെന്നും ഇതേക്കുറിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യു.എന്‍.എ മുന്‍ വൈസ് പ്രസിഡന്റ് സിബി മുകേഷാണ് കഴിഞ്ഞദിവസം ഡി.ജി.പിക്ക് പരാതി നല്‍കിയതോടെയാണ് അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നത്.
സംഘടനയുടെ അക്കൗണ്ടില്‍ നിന്നും മൂന്ന് കോടിയിലേറെ രൂപ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷായുടെ അറിവോടെ തിരിമറി നടത്തിയതായെന്നായിരുന്നു പരാതി. മാസവരി സഖ്യ പിരിച്ച പണം മൂന്ന് അക്കൗണ്ടുകളിലായിട്ടാണ് നിക്ഷേപിച്ചിരുന്നത്. മൂന്ന് കോടിയിലധികം രൂപ അക്കൗണ്ടുകളില്‍ ഉണ്ടായിരുന്നു. ഇതില്‍ ഒരു കോടി ചിലവഴിച്ചതിന് വ്യക്തമായ കണക്കുണ്ട്. എന്നാല്‍ ബാക്കി തുക അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ചെങ്കിലും അതിന് വ്യക്തമായ കണക്കില്ലെന്നാണ് പരാതിയില്‍ പറഞ്ഞത്.
സംഘത്തിലെ ഒരു വിഭാഗമാണ് മറ്റ് അംഗങ്ങളോട് സംസാരിക്കാതെ പലതവണയായി അക്കൗണ്ടില്‍ നിന്ന് മൂന്ന് കോടിയിലേറെ രൂപ പിന്‍വലിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡി.ജി.പി ഉത്തരവിട്ടിരുന്നു.
എറണാകുളം വരിക്കോലി പള്ളിക്കുമുന്നില്‍ മൃതദേഹവുമായി ഉപരോധം. യാക്കോബായ വിഭാഗമാണ് ഉപരോധം നടത്തുന്നത്. പള്ളിക്കുള്ളില്‍ പ്രവേശിക്കുന്നത് പോലീസ് തടഞ്ഞതോടെയാണ് ഉപരോധം ആരംഭിച്ചത്.
മൃതദേഹത്തിനൊപ്പം യാക്കോബായ വിഭാഗം വൈദികരും എത്തിയതോടെയാണ് മൂവാറ്റുപുഴ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ പോലീസ് ഇവരെ തടഞ്ഞത്. അതേസമയം, തര്‍ക്കത്തെ തുടര്‍ന്ന് സംസ്‌കാരം മാറ്റിവെച്ചിരിക്കുകയാണ്. നിലവില്‍ സുപ്രീംകോടതി വിധി പ്രകാരം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുവദിക്കപ്പെട്ട പള്ളികളിലൊന്നാണ് വരിക്കോലി പള്ളി. വര്‍ഷങ്ങളായി ഇവിടെ പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. പല സംഘചര്‍ഷങ്ങളും മുന്‍പും ഇവിടെ നടന്നിട്ടുണ്ട്.
അന്‍പത് ജീവനെടുത്ത വെടിയൊച്ചകളുടെ മുഴക്കം ഇനിയും മാഞ്ഞിട്ടില്ല. മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ബ്രൻഡൻ ടറന്റോ എന്ന അക്രമി തനിച്ചാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് നിഗമനം. ദീര്‍ഘകാലമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതായിരുന്നു ബ്രന്‍ഡന്‍ ഭീകരാക്രമണം എന്നാണ് ന്യുസീലാന്‍റ് സുരക്ഷ വൃത്തങ്ങള്‍ പറയുന്നത്. മുസ്ലീം പള്ളിയില്‍ ആക്രമണം നടത്തുന്നതിന് മുമ്പ് ഇയാള്‍ 87 പേജുള്ള ഒരു കുറിപ്പ് ഇയാള്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. കൂട്ടക്കൊലയ്ക്ക് മിനുട്ടുകള്‍ മാത്രം മുമ്പ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേൻ ഈ പ്രസ്താവന ഇ–മെയിലിൽ അയച്ചിരുന്നു.
കോടതിയില്‍ ഹാജറാക്കിയപ്പോള്‍ ‘വൈറ്റ് മാന്‍ പവര്‍’ ആംഗ്യം കാണിക്കുന്ന ഭീകരന്‍ ബ്രെന്‍ഡന്‍ ടറന്റോ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. വെളുത്തവര്‍ഗക്കാര്‍ ഒരു വംശമാണെന്നും അവര്‍ ലോകത്ത് ഏത് വര്‍ഗത്തേക്കാള്‍ ഉന്നതരാണ് എന്ന് വിശ്വസിക്കുന്നവരിൽ പെട്ടവരാണ് ടറന്റോ. കടുത്ത മുസ്‍ലിം വിരുദ്ധതയും കറുത്തവർക്കും ഏഷ്യൻ വംശജർക്കുമെതിരെ വെറുപ്പും സൂക്ഷിക്കുന്നവരാണിവർ. ഇവരുടെ അടയാളമായ ചിഹ്നമാണ് ടറന്റോ കോടതിമുറിയിൽ കാണിച്ചത്.
”ഇത് ഗോത്രങ്ങളെ പുനസ്ഥാപിക്കലാണ്. ഇത് സംസ്‌കാരത്തെ പുനസ്ഥാപിക്കലാണ്. ഇത് വംശത്തെ പുനസ്ഥാപിക്കലാണ്. ഇത് വെളുത്തവര്‍ഗക്കാരെ വംശഹത്യ ചെയ്യലാണ്”, ടറന്റോ തയ്യാറാക്കിയ മാനിഫെസ്റ്റോയില്‍ പറയുന്നു.
തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയും തട്ടിക്കൊണ്ട് പോകലും. കുപ്രസിദ്ധ ക്രിമിനലായ പഞ്ചായത്ത് ഉണ്ണിയാണ് എതിർ സംഘാംഗമായ മേനംകുളം സ്വദേശി ഉണ്ണിക്കുട്ടനെ ബൈക്കിൽ തട്ടിക്കൊണ്ടു പോയത്. ഞായറാഴ്ച രാത്രി ഏഴു മണിക്ക് മേനംകുളത്തെ ഉൽസവപറമ്പിൽ നിൽക്കുകയായിരുന്ന ഉണ്ണിക്കുട്ടനെ ബൈക്കിലെത്തിയ പഞ്ചായത്ത് ഉണ്ണിയും സംഘവും മദ്യപിക്കാൻ വിളിച്ചെങ്കിലും നിരസിച്ച ഉണ്ണിക്കുട്ടനെ ബലമായി ബൈക്കിൽ പിടിച്ചു കയറ്റി കൊണ്ടുപോവുകയായിരുന്നു.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു. പോലീസിന്റെ പിടിയിലാകുമെന്ന് മനസ്സിലായ ഗുണ്ടാസംഘം ഉണ്ണിക്കുട്ടനെ മർദ്ദിച്ചവശനാക്കി വെട്ടുറോഡിൽ കൊണ്ടിറക്കി വിടുകയായിരുന്നു. ഉണ്ണിക്കുട്ടനെ പോലീസ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തട്ടിക്കൊണ്ടു പോകലറിഞ്ഞ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറും ഡിസിപി ആർ ആദിത്യയും സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി. കരമനയിൽ കഴിഞ്ഞ ദിവസം ലഹരി സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സാഹചര്യത്തിൽ പൊലീസ് ഗൗരവത്തോടെയാണ് ഈ കേസും അന്വേഷിക്കുന്നത്.
ചങ്ങനാശേരി തൃക്കൊടിത്താനം കുന്നുംപുറം സെന്‍റ് സേവ്യേഴ്സ് പള്ളിയിൽ വൈദികരെ പൂട്ടിയിട്ട് ആറുലക്ഷം രൂപാ കവര്‍ച്ച നടത്തിയ സംഘം പിടിയിൽ. അന്തര്‍ സംസ്ഥാന മോഷ്ടാക്കളായ തലശ്ശേരി സ്വദേശി റൗഫ്, ബംഗലൂരുവിൽ താമസിക്കുന്ന എറണാകുളം സ്വദേശി അലക്സ് സൂര്യ എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ മാര്‍ച്ച് എട്ടിന് അര്‍ധ രാത്രിയോടെയായിരുന്നു സംഭവം. രണ്ടു ബൈക്കുകളിലായി എത്തിയ മോഷ്ടാക്കള്‍ ഓഫീസ്റൂം സ്ഥിതിചെയ്യുന്ന കെട്ടിടത്തിലുണ്ടായിരുന്ന വൈദികരുടെ മുറിക്കുള്ളില്‍ പൂട്ടിയിട്ടു. തുടര്‍ന്ന് ഓഫീസ് റൂം തകര്‍ത്ത് അകത്തു കയറിയ സംഘം ഇരുമ്പ് അലമാരയില്‍ സൂക്ഷിച്ചിരുന്ന ആറ് ലക്ഷത്തോളം രൂപ അപഹരിച്ചു. പള്ളി പരിസരത്ത് സിസിടിവി ക്യാമറ ഇല്ലായിരുന്നതും മോഷ്ടാക്കള്‍ തെളിവുകള്‍ അവശേഷിപ്പിക്കാതെ കടന്നുകളഞ്ഞതും കേസന്വേഷണത്തിന്റെ പ്രാഥമികഘട്ടത്തില്‍ അന്വേഷണ സംഘത്തിന് വലിയ വെല്ലുവിളിയായി.10 അംഗ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്.
കോട്ടയത്തും സമീപ ജില്ലകളിലുമായി 40 കിലോമീറ്റര്‍ ചുറ്റളവില്‍ ചെറിയ റോഡുകളിലുള്‍പ്പെടെ സഞ്ചരിച്ച് ഇരുന്നൂറില്‍പ്പരം സിസിടിവി ക്യാമറ ദൃശ്യ ങ്ങള്‍ പരിശോധിച്ചു. സംശയം തോന്നിയ സ്ഥലങ്ങളിലെല്ലാം കോട്ടയം സൈബര്‍ സെല്ലിന്റെ നേതൃത്വത്തില്‍ മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച് അന്‍പതിനായിരത്തിലധികം കോളുകള്‍ പരിശോധിച്ചും അവയില്‍ സംശയമെന്ന് തോന്നിയ നമ്പരുകള്‍ തുടര്‍ച്ചയായ നിരീക്ഷണത്തില്‍ വെച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് ധാരണ ലഭിച്ചത്. സമാന രീതിയില്‍ ചെങ്ങന്നൂര്‍ കേന്ദ്രീകരിച്ച് മറ്റൊരു പള്ളിയില്‍ കവര്‍ച്ചയ്ക്കു തയ്യാറെടുക്കുമ്പോഴാണ് പ്രതികള്‍ വലയിലാവുന്നത്.
തൃക്കൊടിത്താനം മേഖലയില്‍ മോഷണത്തിനായി ലക്ഷ്യമിട്ട ചില വീടുകളില്‍ ആളനക്കവും വെളിച്ചവും കണ്ടതിനെത്തുടര്‍ന്ന് ശ്രമം ഉപേക്ഷിച്ച് ഇവര്‍ പള്ളിമേടയില്‍ കയറുകയായിരുന്നു . പള്ളിയിലെ കാണിക്ക വഞ്ചി പൊളിക്കാന്‍ ലക്ഷ്യമിട്ട് കയറിയതായിരുന്നു സംഘം. മോഷണത്തിന് ശേഷവും പതിവുപോലെ അലക്‌സ് തിരികെ ബാംഗ്ലൂരിലേയ്ക്ക് പോയിരുന്നുവെങ്കിലും സമാന മാതൃകയില്‍ പ്ലാന്‍ ചെയ്ത മോഷണത്തിനായി റൗഫ് വിളിച്ചതിനെ തുടര്‍ന്ന് തിരികെ എത്തി ഒരുക്കങ്ങള്‍ നടത്തിവരുമ്പോഴാണ് ഇരുവരും അന്വേഷണ സംഘത്തിന്റെ പിടിയിലാകുന്നത് . മോഷ്ടിച്ച തുക ഇരുവരും തുല്യമായി വീതിച്ചതിനു ശേഷം സ്വര്‍ണ്ണം വാങ്ങുന്നതിന് അഡ്വാന്‍സ് കൊടുത്തതിന്റെയും കടം വീട്ടിയതിന്റെയും ബാക്കി തുക ബാങ്കില്‍ നിക്ഷേപിച്ചതായും പ്രതികള്‍ പോലീസിനോട് സമ്മതിച്ചു
ന്യൂഡല്‍ഹി: ന്യൂസിലൻഡിലെ മുസ്‌ലിം പള്ളിയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തില്‍ മലയാളിയടക്കം ആറ് ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടത്. മരണസംഖ്യ 50 ആയതായി ന്യൂസിലൻഡ് പൊലീസ് അധികൃതര്‍ വ്യക്തമാക്കി. ഓസ്ട്രേലിയന്‍ പൗരനായ ബ്രണ്ടന്‍ ടാറന്റ് മാത്രമാണ് രണ്ട് പളളികളിലും അക്രമം നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
മെഹ്ബൂബ് ഖോഖര്‍, റമീസ് വോറ, ആസിഫ് വോറ, അന്‍സി ആലിബാവ, മുഹമ്മദ് ജുനൈദ്, ഒസൈര്‍ ഖാദര് എന്നിവരാണ് ഇന്ത്യക്കാര്‍. ഇതില്‍ അന്‍സി ആലിബാവ മലയാളിയാണ്. കൊടുങ്ങല്ലൂര്‍ സ്വദേശിനിയാണ് അന്‍സി. ന്യൂസിലൻഡിലെ ലിന്‍കോണ്‍ സര്‍വകലാശാലയിലെ അഗ്രികള്‍ച്ചര്‍ ബിസിനസ് മാനേജ്മന്റ് വിദ്യാര്‍ഥിയായിരുന്നു അന്‍സി. ഭര്‍ത്താവ് അബ്ദുല്‍ നാസറും അന്‍സിയോടൊപ്പം ന്യൂസിലൻഡിലുണ്ടായിരുന്നു. ആക്രമണം നടന്ന പള്ളിയോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ ആയിരുന്നു ഇവര്‍ താമസിച്ചിരുന്നത്.

കൊടുങ്ങല്ലൂരിലുള്ള അന്‍സിയുടെ മാതാവിനെ വിളിച്ചു അന്‍സിക്ക് രക്ഷപ്പെടുന്നതിനിടെ കാലിന് ചെറിയ പരുക്ക് പറ്റിയെന്നും ആശുപത്രിയിലാണെന്നും മാത്രമാണ് അബ്ദുള്‍ നാസര്‍ പറഞ്ഞിരുന്നത്. ഇന്നലെ വൈകീട്ടോടെയാണ് മരിച്ച വിവരം അറിയിച്ചത്. കൊടുങ്ങല്ലൂര്‍ ടികെഎസ് പുരം കരിപ്പാകുളം പരേതനായ അലിബാവയുടെ മകളാണ് അന്‍സി. രണ്ടു വര്‍ഷം മുന്‍പായിരുന്നു അബ്ദുല്‍ നാസറുമായുള്ള വിവാഹം. നാസര്‍ ന്യൂസിലൻഡില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്.
വെള്ളിയാഴ്ചയാണ് ന്യൂസിലൻഡിലെ രണ്ടു മുസ്‌ലിം പള്ളികള്‍ക്കു നേരേ ആക്രമണമുണ്ടായത്. സംഭവത്തില്‍ 50 പേര്‍ കൊല്ലപ്പെടുകയും 20ലേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സൗത്ത് ഐലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലുള്ള പള്ളികളിലാണ് ആക്രമണം നടന്നത്.
തമിഴ്‌നാട്ടില്‍ ഇപ്പോള്‍ ലോക്‌സഭ തെരഞ്ഞെടുപ്പിനെക്കാള്‍ ആഞ്ഞടിക്കുന്നത് മറ്റൊരു വിഷയമാണ്. പൊള്ളാച്ചി പീഡനക്കേസും അതിന്റെ പിന്നാലെ പുറത്തു വന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളും. തമിഴ്‌നാടിനെ മാത്രമല്ല, ഇന്ത്യയെ ഒന്നാകെ ഈ സംഭവം തകര്‍ത്തിരിക്കുകയാണ്. തമിഴ് തെരുവുകള്‍ മുഴുവന്‍ ഇപ്പോള്‍ പ്രതിഷേധത്തിലാണ്. രാഷ്ട്രീയക്കാര്‍, സിനിമാക്കാര്‍, യുവജനപ്രസ്ഥാനങ്ങള്‍ എല്ലാം തങ്ങളുടെ പ്രതിഷേധങ്ങളും പ്രകടനങ്ങളും ഉയര്‍ത്തുകയാണ്.
ഒരു കേളേജ് വിദ്യാര്‍ത്ഥിനി താന്‍ ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയായെന്നും തന്നെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയെന്നും സഹോദരനോട് പറയുന്നതോടെയാണ് നാടിനെ നടുക്കിയ വലിയ ലൈംഗിക ചൂഷണ പരമ്പരയുടെ കഥകള്‍ പുറത്ത് അറിയുന്നത്. വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ പ്രതികളായ നാലുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തശേഷം അവരുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചപ്പോഴാണ് നിരവധി പെണ്‍കുട്ടികളെ ഇത്തരത്തില്‍ പീഡനത്തിന് ഇരയാക്കിയെന്ന വിവരം പുറത്തു വരുന്നത്. ഒരാളുടെ മൊബൈല്‍ ഫോണില്‍ മാത്രം അമ്പത് പെണ്‍കുട്ടികളുടെ പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടായിരുന്നു.
ശബരിരാജന്‍, വസന്തകുമാര്‍, സതീഷ്, തിരുനാവരശ് എന്നിവരാണ് ഈ കൊടും ക്രൂരത ചെയ്ത പ്രതികള്‍. എന്നാല്‍ ഇവര്‍ മാത്രമല്ല, ഈ പീഡനങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്നതും രാഷ്ട്രീയക്കാരടക്കം ഇതിനു പിന്നിലുണ്ടെന്നുമാണ് ഇപ്പോള്‍ പരാതികള്‍ ഉയരുന്നത്. സംഭവം വിവാദമായതോടെ കേസ് അന്വേഷണം സിബി സി ഐ ഡിയെ ഏല്‍പ്പിച്ചിട്ടുണ്ടെങ്കിലും അന്വേഷണം സിബിഐക്ക് കൈമാറണമെന്നാണ് പൊതുവില്‍ ഉയരുന്ന ആവശ്യം. സംസ്ഥാനം ഭരിക്കുന്ന എ ഐ എഡി എം കെ സര്‍ക്കാര്‍ വരെ ഈ സംഭവത്തില്‍ പ്രതികൂട്ടിലാണ്. പ്രതിപക്ഷമായ ഡിഎംകെ, കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മെയ്യം തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളും ഈ വിഷയത്തില്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. ഇന്ന് ചെന്നൈയില്‍ എത്തിയ കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഈ സംഭവത്തെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. നിരവധി സിനിമാപ്രവര്‍ത്തകരും തങ്ങളുടെ രോഷവും പ്രതിഷേധവും പ്രകടിപ്പിച്ച് രംഗത്തു വരുന്നുണ്ട്.
പീഡിപ്പിക്കപ്പെട്ട ഒരു പെണ്‍കുട്ടിയുടേതാണെന്ന തരത്തില്‍ പ്രചരിക്കുന്ന ഒരു വീഡിയോ ആണ് തമിഴ്‌നാടിന്റെ രോഷം ആളിക്കത്തിക്കുന്നത്. തന്നെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നവരോട് കരഞ്ഞ് അപേക്ഷിക്കുന്ന പെണ്‍കുട്ടിയുടെ ശബ്ദം വലിയ രോഷത്തിനാണ് ഇടയാക്കിയിരിക്കുന്നത്. എന്നെ വിട് അണ്ണാ എന്നു പറഞ്ഞാണ് കുറ്റവാളികളോട് പെണ്‍കുട്ടി കരഞ്ഞ് അപേക്ഷിക്കുന്നത്. ഇത്ര ദയനീയമായി ഒരു പെണ്‍കുട്ടി യാചിക്കുമ്പോഴും ക്രൂരമായ ചിരിയോടെ അവളെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്ന പ്രതികള്‍ക്കെതിരേ കടുത്ത ജനരോഷമാണ് ഉയരുന്നത്. ഇത്തരത്തിലുള്ള രണ്ടു വീഡിയോകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ഈ വീഡിയോകള്‍ ഈ കേസിലെ ഇരകളുടേതു തന്നെയാണോ എന്നു നിശ്ചയമില്ല. നക്കീരന്‍ മാസികയാണ് വീഡിയോ പുറത്തു വിട്ടതെന്നു പറയുന്നു. പ്രതികളില്‍ ഒരാള്‍ തന്നെ സോഷ്യല്‍ മീഡിയായില്‍ പ്രചരിപ്പിച്ച വീഡിയോകളാണിതെന്നും പറയുന്നുണ്ട്.
ഫെബ്രുവരിയിലാണ് പൊള്ളാച്ചിയില്‍ പ്രതികളുടെ കെണിയില്‍പ്പെട്ട പെണ്‍കുട്ടി പരാതി പൊലീസിന് കിട്ടുന്നത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മനസിലാകുന്നത് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഈ പ്രതികള്‍ ഏകദേശം 200 ഓളം പെണ്‍കുട്ടികളെ ഇത്തരത്തില്‍ ഇരകളാക്കിയിട്ടുണ്ടെന്നാണ്.
സോഷ്യല്‍ മീഡിയ വഴി പരിചയം ഉണ്ടാക്കിയാണ് പെണ്‍കുട്ടികളുമായി പ്രതികള്‍ അടുപ്പം ഉണ്ടാക്കിയിരുന്നത്. പിന്നീട് ഈ പരിചയത്തിനു പുറത്ത് തമ്മില്‍ കാണുകയും കെണിയില്‍ വീഴ്ത്തുകയുമായിരുന്നു. കൂട്ടമായി ചേര്‍ന്ന് പീഡിപ്പിക്കുകയും പീഡനദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്യും. പിന്നീട് ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയും പണം തട്ടുകയും ചെയ്തിരുന്നുവെന്നും പൊലീസ് പറയുന്നു. ചെന്നെ, സേലം, കോയമ്പത്തൂര്‍, പൊള്ളാച്ചി തുടങ്ങി തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതികളെ പെണ്‍കുട്ടികളെ ചതിയില്‍ വീഴ്ത്തിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. കോളേജ് വിദ്യാര്‍ത്ഥിനികള്‍, ജോലിക്കാരായ യുവതികള്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ എന്നിങ്ങനെ പല പ്രായക്കാരെ ഇവര്‍ ഉപദ്രവിച്ചിട്ടുണ്ട്. ഡോക്ടര്‍മാരായ ചില സ്ത്രീകള്‍ വരെ ഇവരുടെ ചതിയില്‍പ്പെട്ടു പോയിട്ടുണ്ടെന്നും പൊലീസിനെ ഉദ്ധരിച്ച് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
എന്നാല്‍ ഇത്തരത്തില്‍ ഉപദ്രവിക്കപ്പെട്ടവര്‍ പരാതി നല്‍കാന്‍ തയ്യാറാകാതിരുന്നതാണ് പൊലീസിനെ അത്ഭുതപ്പെടുത്തുന്നത്. പൊള്ളാച്ചിയില്‍ പെണ്‍കുട്ടിയും പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ലെങ്കില്‍ പ്രതികള്‍ ഇനിയും ഇത്തരം ചതിയുമായി മുന്നോട്ടു പോകുമായിരുന്നുവെന്നും മുന്‍പ് പീഡിപ്പിക്കപ്പെട്ടവര്‍ മൗനം പാലിച്ചതുകൊണ്ടാണ് കൂടുതല്‍ ഇരകള്‍ ഉണ്ടായിക്കൊണ്ടിരുന്നതെന്നും പൊലീസ് പറയുന്നുണ്ട്. പൊള്ളാച്ചിയിലെ പെണ്‍കുട്ടി പരാതി നല്‍കുകയും ഫെബ്രുവരി 24 ന് തന്നെ പൊലീസ് മൂന്നുപേരെ പിടികൂടുകയും തുടര്‍ന്നും നടത്തിയ അന്വേഷണത്തില്‍ മാര്‍ച്ച് 6 ന് നാലമാനെയും കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. കൂടുതല്‍ പേര് ഇവരുടെ സംഘത്തില്‍ ഉണ്ടാകുമെന്ന നിഗമനത്തിലാണ് ഇപ്പോള്‍ അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നതും