Crime

ന്യൂസിലന്‍ഡിലെ വെടിവെപ്പില്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ട മലയാളിയുടെ വിഡിയോ വൈറലാകുന്നു. മൂവാറ്റുപുഴ സ്വദേശിയായ ക്രൈസ്റ്റര്‍ സില്‍ഡ്രന്‍ സമാന്‍ ആണ് മരണത്തെ മുഖാമുഖം കണ്ട അനുഭവം ഞെട്ടലോടെ പങ്കുവെച്ചത്. വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ക്കരികില്‍ നിന്ന് തൊണ്ടയിടറിയാണ് ക്രൈസ്റ്റര്‍ സംഭവം വിവരിക്കുന്നത്.

ഉച്ചയ്ക്ക് 1.30ഓടെ സുഹൃത്തിനൊപ്പം പളളിയില്‍ വരുമ്പോഴാണ് സംഭവം നടക്കുന്നതെന്ന് ക്രൈസ്റ്റര്‍ പറയുന്നു. പളളിയില്‍ കയറുന്നതിന് തൊട്ടുമുമ്പ് ഫോണ്‍ വന്നതിനാല്‍ പുറത്തേക്ക് മാറി സംസാരിക്കുന്നതിനിടെയാണ് വെടിയൊച്ച കേട്ടത്. തിരിഞ്ഞു നോക്കിയപ്പോള്‍ ഒരാള്‍ തോക്കുമായി വെടിയുതിര്‍ക്കുന്നതാണ് കണ്ടത്. ഒന്നു രണ്ട് പേര്‍ മരിച്ചുവീഴുന്നത് ഞാന്‍ കണ്ടു. ഞാന്‍ പെട്ടെന്ന് ഓടിയൊളിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തും മതില്‍ ചാടിയതിനാല്‍ രക്ഷപ്പെട്ടതായി ഇയാള്‍ പറയുന്നു. ക്രൂരസംഭവം നേരില്‍ കണ്ടതിന്റെ ഞെട്ടലിലാണ് ക്രൈസ്റ്റര്‍ ഇപ്പോഴും.

കടപ്പാട്; ;ഫാൽക്കൺ

 

ബിഗ് സ്ക്രീനിലൂടെ പ്രേക്ഷകരെ ഏറെ പൊട്ടിച്ചിരിപ്പിച്ച കലാകാരിയാണ് മോളി കണ്ണമാലി. എന്നാല്‍ ഇപ്പോൾ കിടപ്പാടം നഷ്ടപ്പെട്ട മകനെയോർത്ത് കണ്ണീരൊഴുക്കാനാണ് ഈ അമ്മയുടെ വിധി. മകന്റെ ഭാര്യവീട്ടുകാർ പട്ടയഭൂമി നിഷേധിച്ചതിനെത്തുടർന്നാണ് കയറിക്കിടക്കാൻ ഒരു കൂരയില്ലാത ദുരിതത്തിൽ കഴിയുകയാണ് ഇവരുടെ മകനും ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്ന കുടുംബം. പട്ടയം ലഭിക്കാനും ഭാര്യവീട്ടുകാർ പൊലീസിൽ നൽകിയ കേസുകൾ തീർക്കാനും പൊലീസ് സ്റ്റേഷനിൽ കയറി ഇറങ്ങുകയാണ് മോളി കണ്ണമാലിയും കുടുംബവും. സംഭവത്തെക്കുറിച്ച് മോളി കണ്ണമാലിയുടെ വാക്കുകൾ ഇങ്ങനെ

മകൻ ജോളിയുടെ ഭാര്യയുടെ അമ്മൂമ്മയാണ് ചെല്ലാനം കണ്ടക്കടവിൽ മൂന്ന് സെന്റ് സ്ഥലം നൽകിയത്. പട്ടയമായിട്ടാണ് അത് എഴുതിയത്. മുദ്രപേപ്പറിൽ ഇത് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഈ മുദ്രപേപ്പറും മറ്റും മരുമകളുടെ അമ്മയുടെ സഹോദരിയുടെ കയ്യിലാണ്. അവർ ഇത് തരാൻ കൂട്ടാക്കുന്നില്ല. മകൻ വീടുവെയ്ക്കാനായി ചെന്നപ്പോൾ അവർ എതിർക്കുകയാണ്.

ഇത്രനാളും ഒരു ഷെഡിലാണ് മകനും കുടുംബവും കഴിഞ്ഞത്. അത് വെള്ളംകയറി നശിച്ചു. ഒട്ടും താമസയോഗ്യമല്ലാത്ത അവസ്ഥയിലാണ് മകന്റെ വീട്. അതുകൊണ്ടാണ് എന്റെ കയ്യിൽ നുള്ളിപ്പെറുക്കിയെടുത്തിട്ടുള്ള രണ്ടോ മൂന്നോ പവൻ വിറ്റിട്ടായാലും കുഞ്ഞിന് ഒരു വീട് കെട്ടി നൽകാമെന്ന് കരുതിയത്. അവർ പക്ഷെ സമ്മതിക്കുന്നില്ല. എതിർപ്പിനൊപ്പം മോന്റെ പേരിൽ കണ്ണമാലി പൊലീസ് സ്റ്റേഷനിൽ കള്ളപരാതിയും നൽകി. ഞാനും മോനും കഞ്ചാവാണെന്നും മദ്യപാനമാണെന്നുമൊക്കെയാണ് അവർ നൽകിയത്. പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങി സഹികെട്ടു. ഞങ്ങൾക്ക് അർഹതയില്ലാത്ത ഒരു സ്വത്തും വേണ്ട, ഇതുപക്ഷെ അവകാശപ്പെട്ടതാണ് ചോദിക്കുന്നത്.

ഇതുവരെയും ഒരാളുടെ അടുത്തും കൈനീട്ടാതെയാണ് മക്കളെ വളർത്തിയത്. എനിക്ക് ഈ അടുത്ത് ഹൃദയാഘാതംവന്ന് ആശുപത്രിയിലായിരുന്നു. അതെല്ലാം ഭേദമായി ആശുപത്രിയിൽ നിന്ന് വിട്ടതിന് പിന്നാലെയാണ് ഈ പ്രശ്നം. ആശുപത്രിയിലും നല്ലൊരു തുക ചിലവായി. എന്നാലും കുഞ്ഞിന്റെ കാര്യത്തിന് വേണ്ടിയല്ലേ എന്നുകരുതിയാണ് കിട്ടുന്ന ജോലിയ്ക്കൊക്കെ പോയി പണമുണ്ടാക്കുന്നത്. ഞങ്ങൾക്ക് നീതി കിട്ടിയാൽ മതി, അതിൽക്കൂടുതൽ ഒന്നും വേണ്ട– മോളി കണ്ണമാലി പറഞ്ഞു.

ഭാര്യക്ക് തന്നോടുള്ള സ്‌നേഹം പരീക്ഷിക്കാന്‍ അര്‍ധ രാത്രിയില്‍ നടു റോഡില്‍ നിന്ന് മരണം ഏറ്റുവാങ്ങേണ്ടി വന്ന യുവാവിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ചൈനയിലെ ലിഷൂയിയിലാണ് സംഭവം.

ട്രാഫിക് ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പാന്‍ എന്ന യുവാവിനാണ് ദാരുണാന്ത്യം സംഭവിച്ചത്. പാനും ഭാര്യ ഷ്‌വോയും തമ്മില്‍ വഴക്കുണ്ടാക്കി അര്‍ധരാത്രി തിരക്കുള്ള റോഡിനു നടുവിലൂടെ നടക്കുന്നത് കാണാന്‍ സാധിക്കും. പാനിനെ റോഡില്‍ നിന്നും മാറ്റാന്‍ ഭാര്യ ശ്രമിക്കുന്നുണ്ടെങ്കിലും അയാള്‍ അതിന് വഴങ്ങുന്നുണ്ടായിരുന്നില്ല.

മിക്ക വാഹനങ്ങളും ഒഴിഞ്ഞുമാറി പോയെങ്കിലും വേഗത്തില്‍ വന്ന ഒരു വാഹനം പാനിനെ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ടു പോയെങ്കിലും രക്ഷിക്കാനായില്ല.

തലക്ക് ഗുരുതരമായ പരിക്കും വാരിയെല്ലിനു പൊട്ടലും ഉണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്.പാന്‍ മദ്യപിച്ചിരുന്നെന്നും , ഭാര്യയുടെ സ്‌നേഹം പരീക്ഷിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്തത് എന്ന് മരിക്കും മുമ്പ് അയാള്‍ പറഞ്ഞുവെന്നും പോലീസ് പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

റോഡില്‍ നിന്നും അരികിലേക്ക് മാറ്റാന്‍ കഴിഞ്ഞാല്‍ ഭാര്യക്ക് തന്നോട് സ്‌നേഹമുണ്ടെന്ന് വിശ്വസിക്കാം എന്നു പറഞ്ഞായിരുന്നു തര്‍ക്കം

മലപ്പുറം: പൊന്നാനിയില്‍ പിതാവ് പൊള്ളലേറ്റു മരിച്ച കേസില്‍ അറസ്റ്റിലായ മകനെ കോടതി റിമാന്‍ഡ് ചെയ്തു. പൊന്നാനി ഈശ്വരമംഗലം കോട്ടത്തറ സ്വദേശി മാമ്പ്ര നാരായണന്‍(65) പൊള്ളലേറ്റ് മരിച്ച കേസില്‍ മകന്‍ വിനോദി (27)നെയാണ് പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.ഒരാഴ്ച മുമ്പാണ് മരണത്തിനാസ്പദമായ സംഭവം.

മദ്യപിച്ച് വീട്ടിലെത്തിയ മകന്‍ പിതാവ് കിടക്കുന്നതിനടുത്തുള്ള വസ്ത്രങ്ങളും പുതപ്പും കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. വര്‍ഷങ്ങളായി കിടപ്പിലായ നാരായണന്റെ ദേഹത്തേക്കും തീ പടര്‍ന്നു. കിടപ്പിലായതിനാല്‍ ഇയാള്‍ക്ക് രക്ഷപ്പെടാനും കഴിഞ്ഞില്ല. ശരീരമാസകലം പൊള്ളലേറ്റ നിലയില്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച നാരായണനെ പരുക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് നാരായണന്‍ മരണത്തിന് കീഴടങ്ങിയത്.

ക്രൈസ്റ്റ് ചര്‍ച്ച്‌: ന്യൂസീലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ മുസ്ലീം പള്ളികളിലുണ്ടായ ഭീകരാക്രമണത്തിലെ മുഖ്യപ്രതി ബ്രെന്‍റണ്‍ ടാരന്‍റിനെ ഏപ്രില്‍ 5 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വംശീയ വിദ്വേഷമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ആസ്ട്രേലിയന്‍ പൗരനാണ് ഇരുപത്തെട്ടുകാരനായ ബ്രെന്‍റണ്‍ ടാരന്‍റ്. ഇയാളെ കൂടാതെ രണ്ട് പേര്‍ കൂടി പൊലീസ് കസ്റ്റ‍ഡിയിലുണ്ട്. 49 പേരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.

ആക്രമണത്തിന്റെ തത്സമയ ദൃശ്യങ്ങള്‍ മുഖ്യപ്രതിയായ ബ്രെന്റണ്‍ തന്നെ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ബ്രെന്‍റണ്‍ ടാരന്‍റിന് തോക്ക് ഉപയോഗിക്കാനുള്ള ലൈസന്‍സ് കിട്ടിയിട്ടുണ്ടെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത അറാന്‍ഡ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങള്‍ ഇതുവരെ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ മരിച്ചവരില്‍ ഇന്ത്യന്‍ വംശജരുണ്ടെന്ന് സംശയമുണ്ടെന്ന്. 9 പേരെ കാണാനില്ലെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷണന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തെ അനന്തുവിന്റെ കൊലയ്ക്കു പിന്നാലെ ലഹരിമരുന്നു സംഘങ്ങളെ കൂട്ടത്തോടെ പിടിച്ചിരുന്നെങ്കിൽ വ്യാഴാഴ്ച രാത്രി ശ്യാം എന്ന യുവാവ് കൊല്ലപ്പെടില്ലായിരുന്നു. നഗരത്തിൽ കാര്യമായ പ്രവർത്തന പരിചയമില്ലാത്ത മേലുദ്യോഗസ്ഥരെ ചില കീഴുദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിക്കുന്നതിനാലാണു സിറ്റി പൊലീസ് കാര്യമായ നടപടി സ്വീകരിക്കാത്തതെന്ന് ഉന്നത ഉദ്യോഗസ്ഥർക്കു പരാതിയുണ്ട്. ലുട്ടാപ്പി, സുനാമി എന്നീ അപരനാമങ്ങളിൽ അറിയപ്പെടുന്ന രണ്ടു പേരാണു നഗരത്തിലെ കഞ്ചാവു സംഘങ്ങളെ നിയന്ത്രിക്കുന്നതെന്നു സ്പെഷൽ ബ്രാഞ്ച് അറിയിച്ചിട്ടുണ്ട്. ഇതിലൊരാൾ രണ്ടാഴ്ച മുൻപാണു ജയിലിൽ നിന്നു പുറത്തിറങ്ങിയത്. രണ്ടാമൻ ഒളിവിലാണ്.

ഒരു സംഘത്തിന്റെ തലവനെ അടുത്തിടെ ഫോർട്ട് സ്റ്റേഷനിൽ പിടികൂടിയപ്പോൾ ജാമ്യത്തിലിറക്കാനും ആഹാരം വാങ്ങി കൊടുക്കാനും ചില പ്രാദേശിക നേതാക്കളുടെ തിരക്കായിരുന്നു. ലഹരി മാഫിയ സംഘങ്ങളെ അമർച്ച ചെയ്യാനായി പൊലീസിൽ ജില്ലകളിൽ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം പ്രവർത്തിക്കുന്നുണ്ട്. ഇവരെ ഏകോപിപ്പിക്കുന്ന നോഡൽ ഓഫിസർ പൊലീസ് ആസ്ഥാനത്തെ ഐജിയാണ്. ഈ സംഘത്തിന്റെയും എക്സൈസ് വകുപ്പിന്റെയും പ്രവർത്തനം കടലാസിൽ മാത്രമാണിപ്പോൾ.

നഗരത്തിലെ ഒഴിഞ്ഞ പറമ്പുകളും പഴയ കെട്ടിടങ്ങളുടെ വളപ്പുകളും ലഹരിമാഫിയയുടെ താളവമാകുമ്പോൾ അവിടേക്ക് എത്തിനോക്കാതെ പൊലീസുകാർ. അനന്തു ഗിരീഷിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കൈമനത്തെ കാടുപിടിച്ച സ്ഥലത്തു നേരത്തെ പൊലീസ് പരിശോധനപോലും നടത്തിയിട്ടില്ല. ഇവിടെ എത്തുമ്പോഴാണു ലഹരിമരുന്ന് മാഫിയകൾക്കും ഗുണ്ടകൾക്കും താവളമടിക്കാൻ പറ്റിയ സ്ഥലമെന്ന് അന്വേഷണസംഘം മനസ്സിലാക്കുന്നത്.

നഗരത്തിന്റെ പലഭാഗത്തും ഇത്തരം കേന്ദ്രങ്ങൾ സജീവമാണെന്നു പൊലീസ് സമ്മതിക്കുന്നു. പരാതി നൽകാനോ കൂട്ടായി പ്രതിരോധിക്കാനോ നാട്ടുകാർ തയാറാകുന്നില്ല. അയൽക്കാർ തമ്മിൽപ്പോലും സൗഹൃദമില്ലാത്ത പ്രദേശങ്ങളിൽ മാഫിയകൾക്കു തമ്പടിക്കാൻ പ്രയാസമില്ല. ആരെങ്കിലും പരാതി നൽകിയാൽ അവരെ വിരട്ടും. ഭീഷണിപ്പെടുത്തുന്നതു നേരിട്ടുകണ്ടാൽപോലും സമീപവാസികൾ ഇടപെടാറില്ല

അനന്തു ഗിരീഷിനെ ക്രൂരമായി മർദിക്കാൻ നേതൃത്വം നൽകിയത് സഹോദരങ്ങൾ. വിഷ്ണുരാജ്, വിനീഷ്‌രാജ്, വിജയരാജ് എന്ന കു‍ഞ്ഞുവാവ എന്നീ സഹോദരങ്ങളാണു കൊലയാളി സംഘത്തിൽ ഉൾപ്പെട്ടത്. 18 വയസ്സുള്ള കുഞ്ഞുവാവയാണ് ഇളയ സഹോദരൻ. കൊഞ്ചിറവിള ക്ഷേത്രത്തിൽ അനന്തുവും സുഹൃത്തുക്കളും കൊലയാളി സംഘവുമായി തർക്കമുണ്ടായിരുന്നു.

ഇതാണു കൊലപാതകത്തിലേക്കു നയിച്ചത്. തർക്കം കയ്യാങ്കളിയായപ്പോൾ അനന്തു കു‍ഞ്ഞുവാവയെ തല്ലിയിരുന്നു. ഇതാണു സഹോദരങ്ങൾക്കു അനന്തുവിനോടു കടുത്ത വൈരാഗ്യമുണ്ടാകാൻ കാരണം. മൂത്ത സഹോദരൻ വിഷ്ണുരാജാണ് അനന്തുവിന്റെ കയ്യിലെയും കാലിലെയും ഞരമ്പുകൾ മുറിച്ചത്. മൂവരും ലഹരിക്കടിമകളായിരുന്നു.

പിന്നീട് കരിക്കു കൊണ്ട് അനന്തുവിന്റെ തലയ്ക്കടിക്കുകയും മുഖത്തും ശരീരത്തും മർദിക്കുകയും ചെയ്തു. അനന്തു മരിച്ചെന്നുറപ്പാക്കിയ ശേഷം മൂന്നു സഹോദരങ്ങളും മറ്റു മൂന്നു പേരും ചേർന്നു തിരുവല്ലത്തെ ജഡ്ജിക്കുന്നിലേക്കു പോയി. പൊലീസ് പിന്തുടരുന്നുണ്ടെന്ന് തോന്നിയതോടെ പൂവാറിലെ ഒളിസങ്കേതത്തിലേക്കു മാറി. ഇവിടെ നിന്നാണു പൊലീസ് ഇവരെ പിടികൂടിയത്.

കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത സുമേഷ് എന്നൊരാളെക്കൂടി പിടികൂടാനുണ്ട്. കൂടാതെ അരശുമൂട് സ്വദേശിയായ രാജ എന്നൊരാളെക്കൂടി പിടികൂടാനുണ്ട്. ഇയാളാണു തട്ടിക്കൊണ്ടു പോകാൻ അക്രമിസംഘത്തിനു അനന്തുവിനെ കാട്ടിക്കൊടുത്തത്. അരശുമൂട്ടിലെ ബേക്കറിയിൽ നിന്നാണ് അനന്തുവിനെ തട്ടിക്കൊണ്ടു പോയത്. പിടികൂടാനുള്ളവർക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.

തിരുവനന്തപുരം: നഴ്സുമാർക്കുവേണ്ടി സമരം ചെയ്ത് തൊഴിലവകാശങ്ങൾ പലതും നേടിയെടുത്ത സംഘടനയായ യുഎൻഎയുടെ നേതൃത്വത്തിന് നേരെ കോടികളുടെ അഴിമതി ആരോപണമാണ് ഉയരുന്നത്. 2017 ഏപ്രിൽ മുതൽ 2019 ജനുവരി 31 വരെ മൂന്ന് കോടി 71 ലക്ഷം രൂപയാണ് സംഘടനയുടെ വിവിധ അക്കൗണ്ടുകളിലേക്ക് വന്നതെന്നും ഇതിൽ എട്ടുലക്ഷം രൂപ മാത്രമാണ് ഇപ്പോൾ ബാക്കിയുള്ളത് എന്നുമാണ് ആരോപണം. നഴ്സുമാരുടെ മാസവരുമാനത്തിൽ നിന്നും സംഭാവനകളിൽ നിന്നും ശേഖരിച്ച പണം കാണാനില്ലെന്ന് യുഎൻഎ നേതൃത്വത്തിൽ തന്നെ ഉള്ള സിബി മഹേഷ്, ബെൽജോ ഏലിയാസ് തുടങ്ങിയവരാണ് ആരോപണം ഉന്നയിച്ചത്. വൻ സാമ്പത്തിക അപഹരണം നടന്നുവെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് പ്രമുഖ വാർത്ത മാധ്യമം പുറത്തുവിട്ട ചാറ്റ് ഷോയിൽ

സംഘടന നിലവിൽ വന്ന 2011 മുതൽ എല്ലാ വർഷവും ജനറൽ കൗൺസിൽ വിളിച്ച് കണക്ക് അവതരിപ്പിക്കാറുണ്ടെന്നും കണക്കുകൾ സുതാര്യമാണെന്നും ആയിരുന്നു ആരോപണം നേരിടുന്ന ജാസ്മിൻ ഷായുടെ മറുപടി. 60 ലക്ഷം രൂപ സംഘടനയുടെ അക്കൗണ്ടിൽ ബാക്കിയുണ്ടെന്നും ബാക്കി പണം ചെലവഴിച്ചതിന് കൃത്യം കണക്കുണ്ടെന്നും ജാസ്മിൻ ഷാ പറഞ്ഞു. എന്നാൽ പണം എവിടെ ചെലവഴിച്ചു? ആരെല്ലാം പിൻവലിച്ചു? തുടങ്ങിയ ചോദ്യങ്ങൾക്ക് ജാസ്മിൻ ഷായ്ക്ക് വ്യക്തമായ ഉത്തരം ഉണ്ടായിരുന്നില്ല.

പ്രകടമായ അഴിമതിയാണ് ജാസ്മിൻ ഷാ അടക്കമുള്ള യുഎൻഎ നേതൃത്വം നടത്തിയിരിക്കുന്നതെന്ന് ചർച്ചയിൽ പങ്കെടുത്ത ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ആരോപിച്ചു. യുഎൻഎയുടെ അക്കൗണ്ടിലുണ്ടായിരുന്ന പണം ചൂഷണം നേരിടുന്ന നഴ്സിംഗ് സമൂഹത്തിന്‍റെ അധ്വാനത്തിന്‍റെ ഫലമാണ്. ഒപ്പം ലോകമെങ്ങുമുള്ള മലയാളി നഴ്സിംഗ് സമൂഹം നൽകിയ സംഭാവനയും അതിലുണ്ട്. അതിൽനിന്ന് ഒരു പൈസയെങ്കിലും തട്ടിപ്പ് നടത്തിയെങ്കിൽ സാമ്പത്തികാപഹരണം നടത്തിയവരെ കൈയ്യാമം വയ്ക്കണമെന്ന് എ എ റഹീം ആവശ്യപ്പെട്ടു.

കണക്ക് ചോദിച്ചപ്പോൾ താൻ മാസങ്ങൾക്ക് മുമ്പ് വാട്സാപ്പിൽ അയച്ച രാജി സന്ദേശം കാട്ടി കണക്ക് തരാനാകില്ലെന്ന് പറയുകയാണ് ചെയ്തതെന്ന് യുഎൻഎ സംസ്ഥാന കമ്മിറ്റിയംഗം ബെൽജോ ഏലിയാസ് പറഞ്ഞു. ഇതിനും കൃത്യമായ വിശദീകരണം ഇല്ലാതെ ജാസ്മിൻ ഷാ ചർച്ചക്കിടെ ഉരുണ്ടുകളിച്ചു. ചോദ്യം ചോദിക്കുന്നവരെ നിശ്ശബ്ദമാക്കുന്നതാണ് രീതിയെങ്കിൽ കേരളത്തിൽ ചെലവാകില്ല എന്നായിരുന്നു ചർച്ച നയിച്ച മാധ്യമ പ്രവർത്തകൻ പ്രതികരിച്ചു .

ജാസ്മിൻ ഷായുടെ ഭാര്യയുടെ പേരിൽ വാങ്ങിയ കാറിന്‍റെ ലോൺ അടയ്ക്കുന്നത് യുഎൻഎയുടെ അക്കൗണ്ടിലുള്ള പണം ഉപയോഗിച്ചുകൊണ്ടാണെന്നും ചർച്ചയിൽ വെളിപ്പെട്ടു. ഭാര്യ കാർ ഉപയോഗിക്കുന്നില്ല, പണം അടച്ചുതീരുമ്പോൾ കാർ സംഘടനയുടേതായി മാറും, എല്ലാത്തിനും തെളിവ് ഫേസ്ബുക്കിലുണ്ട് എന്നൊക്കെയായിരുന്നു ഇതിന് ജാസ്മിൻ ഷായുടെ ന്യായം. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസിൽ ഉപയോഗിക്കുന്ന ബൈക്ക് തന്‍റെ ഭാര്യയുടെ പേരിലല്ല വാങ്ങിയത് എന്നായിരുന്നു ചർ‍ച്ചയിൽ പങ്കെടുത്ത ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്‍റെ പ്രതികരണം. ഒരു സംഘടനക്കായി വാങ്ങുന്ന മുതലുകൾ അതിന്‍റെ ഭാരവാഹികളുടെ പേരിലാണ് വാങ്ങേണ്ടതെന്നും എ എ റഹീം പറഞ്ഞു.

പ്രകടമായ അഴിമതി നടന്നിട്ടുണ്ടെന്ന് ഉറപ്പാണെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും എ എ റഹീം ആവശ്യപ്പെട്ടു. ഇത്തരം സംഘടനകൾ എല്ലാ സംഘടനകളുടേയും വിശ്വാസ്യത തകർക്കുമെന്നായിരുന്നു ചർച്ചയിൽ പങ്കെടുത്ത ഐഎംഎ പ്രതിനിധി ഡോ. എൻ സുൾഫിയുടെ പ്രതികരണം. ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും കണക്കുകൾ കൃത്യമാണെന്നും ആവർത്തിച്ചതല്ലാതെ ജാസ്മിൻ ഷായ്ക്ക് മറ്റ് മറുപടികളൊന്നും ചർച്ചയിൽ ഇല്ലായിരുന്നു.

വെല്ലിംഗ്ടണ്‍: ന്യൂസീലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലുള്ള രണ്ട് മുസ്ലീം പള്ളികളില്‍ നടന്ന ഭീകരാക്രമണത്തില്‍ ഇന്ത്യന്‍ വംശജരായ ഒന്‍പത് പേരെ കാണാനില്ലെന്ന് ഇന്ത്യന്‍ എംബസി. ന്യൂസീലന്‍ഡിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജീവ് കോഹ്‌ലിയും ഇക്കാര്യം സ്ഥിരീകരിക്കുന്നു. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ നല്‍കണമെന്ന് ന്യൂസീലന്‍ഡിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.

എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു എന്നാണ് ട്വീറ്റ് ചെയ്തത്. രണ്ട് ഇന്ത്യന്‍ വംശജര്‍ കൊല്ലപ്പെട്ടെന്നും ഒരാള്‍ ജീവന് വേണ്ടി മല്ലടിക്കുകയാണെന്നുമാണ് ഒവൈസിയുടെ ട്വീറ്റ്. തന്റെ ഒരു സുഹൃത്തിന്റെ സഹോദരനെ കാണാനില്ലെന്നും ഒവൈസി ഇന്ത്യന്‍ സര്‍ക്കാരിനെ അറിയിച്ചു. കണ്ടെത്താന്‍ സഹായം വേണമെന്നാവശ്യപ്പെട്ടാണ് ഒവൈസി വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചിരിക്കുന്നത്.

ഭീകരാക്രമണത്തിന് ശേഷം ഒന്‍പത് ഇന്ത്യക്കാരെക്കുറിച്ച് വിവരമില്ലെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തുവന്നിരുന്നു. ഭീകരാക്രമണത്തില്‍ 49 പേര്‍ കൊല്ലപ്പെട്ടതായി ന്യൂസീലന്‍ഡ് സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ ആണ് മരണസംഖ്യ സ്ഥിരീകരിച്ചത്.

മാറാട് കലാപക്കേസിലെ പ്രതിയെ കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി.മാറാട് കിണറ്റിങ്ങലകത്ത് മുഹമ്മദ് ഇല്യാസിന്റെ മൃതദേഹമാണ് കോഴിക്കോട് കടപ്പുറത്ത് കണ്ടെത്തിയത്. കഴുത്തില്‍ കല്ല് കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അതുകൊണ്ടുതന്നെ കൊലപാതകമാണോ എന്ന് പോലീസ് സംശയിക്കുന്നു.

കേസിലെ മുപ്പത്തിമൂന്നാമത്തെ പ്രതിയാണ് ഇയാള്‍. കോടതി 12 വര്‍ഷത്തേക്ക് ശിക്ഷിച്ച ഇയാള്‍ നാലുവര്‍ഷമായി ജാമ്യത്തിലിറങ്ങിയതായിരുന്നു. രണ്ടു ദിവസമായി ഇല്യാസിനെ കാണ്‍മാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ കഴിഞ്ഞ ദിവസം പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിറകെയാണ് മൃതദേഹം കണ്ടത്തിയത്. അതിനിടെ മാറാട് കേസ് അന്വേഷിക്കുന്ന സിബിഐ സംഘം ഇല്യാസിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. അതിനു ശേഷം അസ്വസ്ഥനായിരുന്നെന്നും സുഹൃത്തുക്കള്‍ പറയുന്നു. മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് പോലീസ് തയ്യാറാക്കുകയാണ്.

ന്യൂസിലന്‍ഡിലെ നഗരത്തിലെ പള്ളിയിലുണ്ടായ ആക്രമണത്തില്‍ ഭയന്നു വിറച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം. ബംഗ്ലാദേശില്‍ പലപ്പോഴായി ഭീകരാക്രമണങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ഇത്തരമൊരു ആക്രമണത്തിന് ദൃക്‌സാക്ഷിയാകേണ്ടി വന്നത് ആദ്യമായിട്ടാണെന്ന് താരങ്ങള്‍ പറയുന്നു. ജീവന്‍ രക്ഷപ്പെട്ടത് തന്നെ ഭാഗ്യം കൊണ്ടാണെന്നാണ് ഓപ്പണര്‍ തമീം ഇക്ബാല്‍ ട്വീറ്ററിൽ കുറിച്ചു.

ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ മോസ്‌ക്കില്‍ ഉണ്ടായ വെടിവെയ്പ്പില്‍ നിന്നും ടീമംഗങ്ങള്‍ ഓടി കഷ്ടിച്ച് രക്ഷപ്പെടുകയായിരുവെന്ന് താരങ്ങൾ പറയുന്നു. ടീമംഗങ്ങള്‍ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയൊളിച്ചെന്നാണ് മുഷ്ഫിക്കര്‍ റഹീം പറഞ്ഞത്. വെടിവെയ്പ്പില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ടീമിന്റെ ഹൈ പെര്‍ഫോമന്‍സ് അനലിസ്റ്റ് ശ്രീനിവാസ് ചന്ദ്രശേഖരന്‍ പറഞ്ഞത്. അതേസമയം താരങ്ങള്‍ക്ക് നാട്ടില്‍ തിരിച്ചെത്തിയാലുടന്‍ മാനസിക സമ്മര്‍ദം അകറ്റാന്‍ പ്രത്യേക കൗണ്‍സിലിംഗ് നല്കുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

ക്രിക്കറ്റ് താരങ്ങൾ പള്ളിയിലേക്കു പ്രവേശിക്കാനൊരുങ്ങവെയാണു വെടിവയ്പ്പുണ്ടായത്. ഉടനെ തന്നെ താരങ്ങളെ തിരികെ ഹോട്ടലിൽ എത്തിച്ചു. പരമ്പരയിലെ അവസാന ടെസ്റ്റ് കളിക്കാനൊരുങ്ങുമ്പോഴാണ് പള്ളിയില്‍ ആക്രമണം ഉണ്ടായത്. ഇതോടെ ബംഗ്ലദേശ് – ന്യൂസിലാൻഡ് മൂന്നാം ടെസ്റ്റ് മൽസരം റദ്ദാക്കി.

അതേസമയം വെടിവയ്പ്പിൽ 40 മരണം ആയി. സൗത്ത് ഐലൻഡിലെ ക്രൈസ്റ്റ്ചർച്ചിലുള്ള പള്ളികളിലാണു സംഭവം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുള്ള പ്രാർഥനയ്ക്കെത്തിയവർക്കുനേരെയാണ് ആയുധധാരി വെടിയുതിർത്തത്. 20ൽ അധികം പേർക്കു പരുക്കേറ്റു. അക്രമി ഓസ്ട്രേലിയൻ പൗരത്വമുള്ള തീവ്ര വലതുപക്ഷ ‘ഭീകര’നാണെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ സ്ഥിരീകരിച്ചു. എന്നാൽ ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പൊലീസ് അന്വേഷണം തുടരുകയാണ്.

 

Copyright © . All rights reserved