ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ അഡൂര്‍ പള്ളഞ്ചി പാലത്തിനടിയിൽ ദമ്പതികളെന്ന് സംശയിക്കുന്ന സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹം കണ്ടെത്തി. ഡ്രൈനേജിലാണ് 55 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെയും 50 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെയും മൃതദേഹം കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെ 9.30 മണിയോടെ നാട്ടുകാരാണ് മൃതദേഹം കണ്ട് വിവരം ആദൂര്‍ പോലീസില്‍ അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവര്‍ അഡൂര്‍ ഭാഗത്തുള്ളവരാണെന്ന സൂചന ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇവരുടെ പേരുവിവരങ്ങളോ മറ്റോ ലഭ്യമല്ല. വിവരമറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് അഡൂര്‍ പള്ളെഞ്ചി പാലത്തിനടിയിലെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. വിശദമായ പരിശോധന നടത്തിയാല്‍ഡ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയള്ളൂ. സമീപത്തുനിന്നും വാട്ടര്‍ ബോട്ടില്‍ കണ്ടെത്തിയിട്ടുണ്ട്.
ഷെറിൻ മാത്യൂസിനെ യു.എസില്‍ കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായിരുന്ന മലയാളി യുവതി സിനി മാത്യൂസിനെ കോടതി കുറ്റവിമുക്തയാക്കി. ഷെറിന്റെ മരണത്തിൽ സിനിക്ക് പങ്കുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് കണ്ടെത്താൻ സാധിക്കാതിരുന്നതിനെ തുടർന്നാണ് വിട്ടയച്ചത്. ഇതിനെത്തുടർന്നു തടവിലായിരുന്ന സിനിയെ മോചിപ്പിച്ചു. എന്നാൽ സിനിയുടെ ഭർത്താവ് വെസ്‌ലി മാത്യൂസ് വിചാരണ നേരിടണം. 2017 ഒക്ടോബറില്‍ റിച്ചഡ്സണിലെ വീട്ടിൽനിന്നു ഷെറിനെ കാണാതാവുകയും പിന്നീട്, വീടിന് ഒരു കിലോമീറ്റർ അകലെ കലുങ്കിനടിയിൽനിന്നു മൃതദേഹം കണ്ടെത്തിയതിനെയും തുടർന്നാണ് മലയാളി ദമ്പതികളായ വെസ്‍ലി മാത്യൂവും സിനി മാത്യൂസും പൊലീസ് കസ്റ്റഡിയിലായത്.
ഇരുവരും സ്വന്തം കുഞ്ഞിനൊപ്പം പുറത്ത് ഭക്ഷണം കഴിക്കാൻ പോയപ്പോൾ വളർത്തുമകളായ ഷെറിനെ സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ ഉപേക്ഷിച്ചു എന്നതാണ് സിനിക്കെതിരെ ചുമത്തിയിരുന്ന കേസ്. അതേസമയം സിനി ഇവർക്കൊപ്പം ഭക്ഷണം കഴിക്കാൻ പോയി എന്നു പൊലീസിന് തെളിയിക്കാൻ സാധിക്കാതിരുന്നതാണ് ഇവരുടെ മോചനത്തിലേയ്ക്ക് വഴി തുറന്നത്. ഭക്ഷണം കഴിക്കാൻ പോയതിന്റെ ബില്ലുകളോ മൊഴികളോ അന്വേഷണത്തിൽ കണ്ടെത്താനായില്ല.
പുറത്തു വന്ന സിനി മകളെ കാണുന്നതിനുള്ള അവകാശവും പാസ്പോർട്ടും വീണ്ടെടുക്കണമെന്നും ആവശ്യപ്പെട്ടതായി സിനിയുടെ അറ്റോർണി ഹീത്ത് ഹാരിസ് പറഞ്ഞു. ദൈവാനുഗ്രഹമാണ്, വിട്ടയച്ചതിൽ നന്ദിയുണ്ട്, എല്ലാവരോടും നന്ദി. മകളുമായി സന്തോഷത്തോടെ ജീവിക്കാനാണ് ആഗ്രഹമെന്നും സിനി പുറത്ത് മാധ്യമങ്ങളോടു പറഞ്ഞു. എന്നാൽ ഭർത്താവിനെക്കുറിച്ച് പ്രതികരിക്കാൻ സിനി തയാറായില്ല. അറസ്റ്റിലായതിനു പിന്നാലെ ഇരുവരുടെയും കുട്ടിയിലുള്ള അവകാശം എടുത്തു കളഞ്ഞിരുന്നു. അതുകൊണ്ടു തന്നെ സിനിക്ക് സ്വന്തം കുഞ്ഞിനെ കാണാൻ ഉടൻ സാധിക്കില്ല. ഇവരുടെ കുഞ്ഞ് ബന്ധുവിനൊപ്പമാണ് ഇപ്പോഴുള്ളത്.
അതേസമയം, വെസ്‌ലി മാത്യുവിന്റെ വിചാരണ അടുത്ത മാസം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. നിർബന്ധിച്ചു പാൽ കുടിപ്പിച്ചപ്പോൾ ശ്വാസംമുട്ടി കുട്ടി മരിച്ചെന്നാണ് വെസ്‍ലിയുടെ മൊഴി. പാൽ കുടിപ്പിക്കുന്നതിനിടെ ചുമയും ശ്വാസതടസ്സവുമുണ്ടായി. തുടർന്ന് അബോധാവസ്ഥയിലായ കുട്ടിയെ മരിച്ചെന്നു കരുതി ഉപേക്ഷിക്കുകയായിരുവെന്നും ഇയാൾ പൊലീസിനോടു പറഞ്ഞിരുന്നു. തുടർന്നായിരുന്നു ഇരുവരുടെയും അറസ്റ്റ്.
പാലു കുടിക്കാത്തതിനു പുറത്തു നിര്‍ത്തിയപ്പോള്‍ കുട്ടിയെ കാണാതായെന്നായിരുന്നു ആദ്യമൊഴി. അന്നു വെസ്‍ലിയെ അറസ്റ്റു ചെയ്തെങ്കിലും ജാമ്യത്തിൽ വിട്ടിരുന്നു. കലുങ്കിനടയില്‍നിന്നു കണ്ടെടുത്ത മൃതദേഹം ഷെറിന്‍റെതാണെന്നു ഉറപ്പായ സാഹചര്യത്തിലാണു വെസ്‍ലി മാത്യൂസ് മൊഴി മാറ്റിയത്. കുട്ടിയെ ക്രൂരമായി പരുക്കേല്‍പ്പിച്ച് എന്നതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്തായിരുന്നു അറസ്റ്റ്. വെസ്‌ലി മാത്യൂസിന്റെ കാറിനുള്ളിലെ മാറ്റിൽനിന്നു ലഭിച്ച ഡിഎൻഎ സാംപിളുകളിൽ നിന്നാണ് ഷെറിൻ മാത്യൂസിന്റെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. മലയാളി ദമ്പതികളും വെസ്ലിയും സിനിയും ബിഹാറിലെ നളന്ദയിലെ ബാലസംരക്ഷണ കേന്ദ്രത്തില്‍ നിന്നാണ് ഷെറിനെ ദത്തെടുത്തത്. കുട്ടിയ്ക്ക് കാഴ്ചക്കുറവും സംസാര വൈകല്യവുമുണ്ടായിരുന്നു.
കൊല്ലം തേവലക്കരയിലെ വിദ്യാർഥിയുടെ മരണം ക്ഷതംമൂലം തലച്ചോറിലുണ്ടായ അമിത രക്തസ്രാവമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പെൺകുട്ടിയെ ശല്യം ചെയ്തെന്ന് ആരോപിച്ച് വിദ്യാർഥിയെ വീടുകയറി മർദിച്ചതിൽ സി പി എം ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവരുടെ പങ്കിനെക്കുറിച്ച് പൊലീസ് പരിശോധിക്കും. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ജയിൽ വാർഡർ വിനീതിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി .
പെൺകുട്ടിയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ച് ചന്ദനത്തോപ്പ് ഐടിഐ വിദ്യാർഥിയായ രഞ്ജിത്തിനെ സി പി എം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ മാസം പതിനാലാം തീയതി രാത്രിയാണ് വീട്ടിൽ കയറി മർദിച്ചത്. പെൺകുട്ടിയുടെ ബന്ധുവായ ജയിൽ വാർഡർ വിനീതിന്റെ ആദ്യ അടിയിൽ തന്നെ ജൻമനാ രോഗിയായ രഞ്ജിത്ത് ബോധരഹിതനായി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കേ വ്യാഴാഴ്ച്ച ഉച്ചയോടെ മരണപ്പെട്ടു.
പിന്നാലെ ഇന്നലെ അർധരാത്രിയോടെ കേസിലെ ഏക പ്രതിയായ വിനീതിനെ പിടികൂടിയിരുന്നു. നരഹത്യ അടക്കമുള്ള വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. നാലംഗസംഘമാണ് രഞ്ജിത്തിനെ മർദിച്ചതെന്ന മാതാപിതാക്കളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കൊലപാതകത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ പങ്കിനെ കുറിച്ച് അന്വേഷിക്കാൻ പൊലീസ് തീരുമാനിച്ചു. അതേസമയം യഥാർത്ഥ പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്ന് കോൺഗ്രസ് ജില്ലാ നേതൃത്വം ആരോപിച്ചു.
ലോക്സഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കൊലപാതകത്തെ കോൺഗ്രസ് രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നാണ് സി പി എമ്മിന്റെ വിശദീകരണം. പ്രശ്നങ്ങൾ വ്യക്തിപരമാണെന്നും കൊലപാതകത്തിൽ പങ്കുള്ള ആരെയും സംരക്ഷിക്കില്ലെന്നും സിപിഎം ജില്ലാനേതൃത്വം വ്യക്തമാക്കി
കൊല്ലത്ത് വിദ്യാര്‍ഥിയെ മര്‍ദിച്ചു കൊന്ന കേസില്‍ ജില്ലാ ജയില്‍ വാര്‍ഡര്‍ പിടിയില്‍. തേവലക്കര സ്വദേശി വിനീതാണ് പിടിയിലായത്. പെണ്‍കുട്ടിയെ കളിയാക്കിയെന്ന് ആരോപിച്ച് വിനീതും ബന്ധുക്കളും ചേര്‍ന്ന് കഴിഞ്ഞ 14ന് മര്‍ദിച്ച അരിനല്ലൂരിലെ ഐടിഐ വിദ്യാര്‍ഥി രഞ്ജിത് ഇന്നലെ വൈകിട്ടാണ് മരിച്ചത്. ആളുമാറിയാണ് മർദ്ധിച്ചതെന്ന് ബന്ധുക്കൾ അന്ന് തന്നെ പറഞ്ഞിരുന്നു.
കൊല്ലം ചവറയിൽ വച്ചായിരുന്നു സംഭവം.ഐടിഐ വിദ്യാർത്ഥിയായ രജ്ഞിത് ജയിൽ വാർഡന്റെ ബന്ധുവിനെ ശല്യം ചെയ്തു എന്നാരോപിച്ചാണ് ജയിൽ വാർഡൻ വിനീതും മറ്റൊരു ബന്ധുവും രഞ്ജിത്തിനെ ചോദ്യം ചെയ്തിരുന്നു. ഇതിനിടയിൽ വിനീത് രഞ്ജിത്തിനെ മർദിക്കുകയും ചെയ്തു. തുടർന്ന് രഞ്ജിത്ത് ബോധരഹിതനായി വീണു. കൊല്ലം ജില്ലാ ആശുപത്രിയിലും അവിടുന്ന് തിരുവനതപുരം സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്നലെ മരണപ്പെടുകയായിരുന്നു
ഒസാമ ബിൻലാദന്റെ മകൻ ഹംസയ്ക്ക് വലവിരിച്ച് യുഎസ്. അൽക്വയ്ദ തലവനായിരുന്ന ബിൻലാദിന്റെ മകന്റെ തലയ്ക്ക് ഏഴര കോടി രൂപയാണ് അമേരിക്ക ഇട്ടിരിക്കുന്ന വില. ഹംസയെ സംബന്ധിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 10 ലക്ഷം യുഎസ് ഡോളര്‍ (ഏകദേശം 70800000 രൂപ) തുകയാണ് വാഗ്ദാനം.
പാകിസ്ഥാൻ– അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ ഹംസ ഒളിത്താവളത്തിലാണെന്നാണ് യുഎസിന്റെ നിഗമനം. അവിടെ നിന്നും ഇറാനിലേക്ക് കടന്നതായും യുഎസ് നയതന്ത്ര സുരക്ഷാ അസിസ്റ്റന്റ് സെക്രട്ടറി മൈക്കല്‍ ടി. ഇവാനോഫ് ആശങ്ക പ്രകടിപ്പിച്ചു.
അമേരിക്കയ്ക്ക് നേരെ വളർന്നുവരുന്ന ഭീഷണിയാണ് ഹംസ. അൽക്വയ്ദ നേതാവായി ഹംസ വളർന്നുവരുന്നത് തടയിടാനാണ് യുഎസിന്റെ നീക്കം. യുഎസിനും സഖ്യകക്ഷികള്‍ക്കും നേരെ ഹംസ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന വിഡിയോ ടേപ്പുകൾ പുറത്തുവന്നിരുന്നു. ഇതോടെ ഹംസയെ ആഗോള ഭീകരനായി അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്.
തന്റെ പിന്‍ഗാമിയായി ലാദന്‍ കരുതിയിരുന്നത് ഹംസയെയാണ്. ഇത് സംബന്ധിച്ച കത്തുകള്‍ യുഎസിന് ലഭിച്ചിരുന്നു. അബോട്ടാബാദില്‍ കൊല്ലപ്പെടുമ്പോള്‍ ഹംസയും അമ്മയും ലാദന്‍ ഒപ്പം താമസിച്ചിരുന്നതായി യുഎസ് കണ്ടെത്തിയതാണ്.
സി സോൺ കലോത്സവത്തെ ചൊല്ലി കാലിക്കറ്റ് സര്‍വകലാശാലയിൽ സംഘര്‍ഷം. എസ്എഫ്ഐ എംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മിൽ ഏറ്റുമുട്ടി.
എംഎസ്എഫുമായി സഹകരിക്കുന്ന വിദ്യാര്‍ത്ഥികളെ കലോത്സവത്തിൽ പങ്കെടുപ്പിക്കുന്നില്ലെന്ന ആരോപണമാണ് സംഘര്‍ഷത്തിലെത്തിച്ചത്. ഇത് സംബന്ധിച്ച് വൈസ് ചാൻസിലര്‍ക്ക് പരാതിയും നൽകിയിരുന്നു. പ്രതിഷേധിച്ച എംഎസ്എഫ് പ്രവര്‍ത്തകര്‍ വൈസ് ചാൻസിലറെ സെനറ്റ് ഹാളിൽ പൂട്ടിയിടുകയും ചെയ്തു.
കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ എത്തിയതോടെ പ്രതിഷേധം ഇരുവിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലായി. ഏതാനും വിദ്യാര്‍ത്ഥികൾക്ക് സംഘര്‍ഷത്തിൽ പരിക്കേറ്റിട്ടുണ്ട്.
കപ്പ ബിരിയാണിയില്‍ ഇറച്ചിയില്ലെന്ന് പറഞ്ഞ് ഹോട്ടലില്‍ പൊരിഞ്ഞ തല്ല്. ഹോട്ടല് ജീവനക്കാരുമായിട്ടാണ് തര്‍ക്കം നടന്നത്. തര്‍ക്കം പിന്നീട് കൈയ്യാങ്കളിയിലേക്കെത്തി. കൈയ്യാങ്കളിയില്‍ തലയടിച്ച് വീണ് ഒരാള്‍ മരിച്ചു. കണ്ണൂര്‍ ബ്ലാത്തൂര്‍ സ്വദേശി വലിയവളപ്പില്‍ വീട്ടില്‍ ഹനീഫ് (50) ആണ് മരിച്ചത്.
സംഭവത്തെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരായ വടകര നവാസ് (39), മഞ്ചേരി സ്വദേശി ഹബീബ് റഹ്മാന്‍ (24), പൂവാട്ടുപറമ്പ് സ്വദേശികളായ മുഹമ്മദ് ബഷീര്‍ (48), അബ്ദുല്‍ റഷീദ് (46) എന്നിവരെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ 10-ാം തീയതി കോഴിക്കോട് മാവൂര്‍റോഡില്‍ പുതിയ സ്റ്റാന്‍ഡിനു സമീപത്തെ ഹോട്ടലിലാണ് സംഭവം. ഹനീഫും സുഹൃത്തുക്കളായ കൊട്ടിയൂര്‍ സ്വദേശി പ്ലാച്ചിമല വീട്ടില്‍ ജോസഫ്, പൂവാട്ടുപറമ്പ് കല്ലേരി സ്വദേശി രവി എന്നിവര്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തി. ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കപ്പ ബിരിയാണിയായിരുന്നു ഓര്‍ഡര്‍ ചെയ്തത്.
എന്നാല്‍ കഴിക്കാന്‍ വാങ്ങിയ കപ്പബിരിയാണിയില്‍ ഇറച്ചിയില്ലെന്നു പറഞ്ഞ് ഹനീഫും കൂട്ടുകാരും ഹോട്ടല്‍ ജീവനക്കാരുമായി തര്‍ക്കമായി. ഹോട്ടല്‍ ഉടമയായ ബഷീര്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
തര്‍ക്കത്തിനിടെ ഹനീഫ ഹോട്ടല്‍ ജീവനക്കാരിലൊരാളുടെ മുഖത്ത് തുപ്പി. ഇതോടെ പ്രശ്നം വഷളായി. ഹനീഫിനെയും കൂട്ടുകാരെയും ഹോട്ടലില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. എന്നാല്‍ ഇവര്‍ ബഷീറിനെയും ജീവനക്കാരെയും വെല്ലുവിളിച്ചു. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ ഇവരെ മര്‍ദ്ദിച്ചു. ജീവനക്കാര്‍ പിടിച്ചു തള്ളിയപ്പോള്‍ തലയടിച്ചു വീണ് ഹനീഫിനു പരുക്കേറ്റു. നട്ടെല്ലിനും പരിക്കേറ്റ ഹനീഫിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മറ്റുള്ളവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ചികിത്സയിലായിരുന്ന ഹനീഫ് പിന്നീട് മരിക്കുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് ഒളിവില്‍പോയ പ്രതികള്‍ക്കായി കസബ സിഐ ആര്‍. ഹരിപ്രസാദും സൗത്ത് എസി എ.ജെ.ബാബുവിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ബഹ്‌റൈനിൽ ജോലി ചെയ്ത വരികയായിരുന്ന പ്രവാസി മലയാളിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ബഹ്‌റൈനിലെത്തിയ മാഹി സ്വദേശിയായ പൈങ്കുവില്‍ പ്രണവി (24) നെയാണ് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.
റിഫയില്‍ സ്വകാര്യ കമ്പനിയില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറായാണ് ഇയാൾ ജോലി ചെയ്തിരുന്നത്. ചൊവ്വാഴ്ച പകല്‍ 11.30 വരെ ഇയ്യാള്‍ ഓഫീസില്‍ ജോലി ചെയ്തിരുന്നതായി സുഹൃത്തുക്കൾ പറയപ്പെടുന്നു. പിതാവ് പവിത്രന്‍. മാതാവ്: ഷൈജ. സഹോദരി: റിവിഷ.
ഇദ്ദേഹത്തിന്റെ മൃതദേഹം സൽമാനിയ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഈ വർഷം തുടങ്ങിയതിനുശേഷം ഇതുവരെയായി ജീവനൊടുക്കുന്ന പത്താമത്തെ ഇന്ത്യൻ പ്രവാസിയാണ് പ്രണവ്.
ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സ്‌കൂളില്‍ അധ്യാപകന്റെ ക്രൂര മര്‍ദ്ദനം. തലയ്ക്കും തോളിനും അടക്കം ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ വായില്‍ നിന്ന് ചോര വന്നിട്ടും അധ്യാപകര്‍ ആശുപത്രിയില്‍ എത്തിക്കാനോ വീട്ടില്‍ അറിയിക്കാനോ തയ്യാറായില്ല. ചാവക്കാട് തിരുവളയന്നൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് സംഭവം.
ക്ലാസിലെ ഗ്രൂപ്പ് ഫോട്ടോയില്‍ നിന്ന രീതി ശരിയായില്ലെന്ന് ആരോപിച്ചാണ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ സംസ്‌കൃതം അധ്യാപകന്‍ അനൂപ് ക്രൂരമായി മര്‍ദ്ധിച്ചത്. മുഖത്ത് അടിയേറ്റ കുട്ടിയുടെ വായില്‍ നിന്നും മുക്കില്‍ നിന്നും രക്തം വരുന്നത് ഇപ്പോഴും തുടരുകയാണ്. കഴുത്തിലും മുതുകിലും കൈ കൊണ്ടുള്ള ഇടിയേറ്റ കുട്ടിക്ക് ഇപ്പോഴും പരസഹായം ഇല്ലാതെ നടക്കാന്‍ കഴിയുന്നില്ല. കുട്ടിയെ സ്‌കൂളിലെ പാര്‍ക്കിങ് ഏരിയയില്‍ വെച്ച് അനൂപ് മര്‍ദ്ദിക്കുന്നത് കണ്ട നാട്ടുകാരാണ് ഇയാളെ പിന്തിരിപ്പിച്ചത്.
സ്‌കൂളിലെ സ്ഥിരം പ്രശ്‌നക്കാരനും കുട്ടികളെ ഇതിന് മുമ്പും ക്രൂരമായി മര്‍ദ്ദിച്ചിട്ടുള്ള വ്യക്തിയാണ് അനൂപ് എന്ന് സ്‌കൂളിലെ മറ്റു രക്ഷകര്‍ത്താക്കളും പറയുന്നു. ലഹരിക്ക് അടിമയായ ഇയാള്‍ ക്ലാസില്‍ വരുന്നത് പലപ്പോഴും ലഹരി ഉപയോഗിച്ച ശേഷം ആണെന്നും കുട്ടികള്‍ പറയുന്നു .
പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മറ്റൊരു കുട്ടിക്കും ഇത്തരം ഒരവസ്ഥ ഇനി ഉണ്ടാകരുത് എന്നും മര്‍ദ്ധനമേറ്റ കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.
ഇതിന് മുന്‍പും ഇതേ തരത്തില്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കുന്ന അനൂപ് ഈ സംഭവത്തിന് ശേഷം ഒളിവിലാണ് എന്നാണ് പോലീസ് പറയുന്നത്
ഇന്നലെ മണിക്കൂറുകളോളം ലോകത്തെ ആശങ്കയിലാഴ്ത്തിയ വിമാനം റാഞ്ചലിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ബംഗ്ലാദേശിലെ ധാക്കയില്‍ നിന്ന് ദുബായിലേക്ക് പുറപ്പെട്ട വിമാനം റാഞ്ചാന്‍ ശ്രമിച്ച വ്യക്തിയുടെ കയ്യിൽ ഉണ്ടായിരുന്നത് കളിത്തോക്കായിരുന്നെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഇയാളിൽ നിന്നും മറ്റ് മാരക ആയുധങ്ങളോ സ്ഫോടക വസ്തുക്കളോ കണ്ടെടുക്കനായില്ല. ഇയാൾക്ക് മാനസികപ്രശ്നങ്ങളുണ്ടായിരുന്നതായും ഭാര്യയുമായുള്ള തർക്കം കാരണമാണ് ഇത്തരത്തിൽ പെരുമാറിയതെന്നാണ് ലഭിക്കുന്ന വിശദീകരണം. വിമാനം റാഞ്ചാന്‍ ശ്രമിച്ചയാളെ വധിച്ചുവെന്ന് അധികൃതര്‍ നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു.
വിമാനം റാഞ്ചാനുള്ള നീക്കം സുരക്ഷാസേന അപ്പോൾ തന്നെ പരാജയപ്പെടുത്തിയിരുന്നു. പിടിയിലാകുമ്പോൾ ഇയാൾക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. പിന്നീട് ഇയാൾ മരിച്ചതായി അധികൃതർ വ്യക്തമാക്കി. തനിക്ക് ഭാര്യയുമായി ചില പ്രശ്നങ്ങളുണ്ടെന്നും പ്രധാനമന്ത്രി ഷെയ്ക് ഹസീനയുമായി സംസാരിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടതായി ജീവനക്കാര്‍ പറഞ്ഞു. ഔദ്യോഗിക പരിപാടികള്‍ക്കായി ഞായറാഴ്ച പ്രധാനമന്ത്രി ചിറ്റഗോങിലുണ്ടായിരുന്നെങ്കിലും വിമാനറാഞ്ചല്‍ വാര്‍ത്ത പുറത്തുവരുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് അവര്‍ ധാക്കയിലേക്ക് തിരിച്ചിരുന്നു.
ഇന്നലെയാണ് ധാക്കയില്‍ നിന്ന് ദുബായിലേക്ക് പുറപ്പെട്ട ബിമാന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സിന്റെ ബി.ജി 147 വിമാനമാണ് റാഞ്ചാന്‍ ശ്രമം നടന്നത്. ഇതേത്തുടർന്ന് വിമാനം ചിറ്റഗോങ് ഷാ അമാനത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചിറക്കി. വിമാനം ലാൻഡ് ചെയ്ത ഉടൻ കമാൻഡോകൾ വിമാനം വളഞ്ഞു. വിമാനത്തിനുള്ളിൽ കടന്ന കമാൻഡോകൾ ആക്രമിയെ കീഴ്പ്പെടുത്തുകയായിരുന്നു. പിന്നീട് യാത്രക്കാരെ സുരക്ഷിതരാക്കി പുറത്തിറക്കിയിരുന്നു.