എറണാകുളം സൗത്ത് റയില്‍വെ സ്റ്റേഷനു സമീപം ബഹുനിലക്കെട്ടിടത്തിന് തീപിടിച്ചു. 18 അഗ്നിശമനസേനാ യൂണിറ്റുകള്‍ എത്തി . സമീപത്തെ കെട്ടിടങ്ങളിലേക്ക് തീപടരാതിരിക്കാന്‍ ശ്രമം തുടരുന്നു. വൈദ്യുതിബന്ധം വിച്ഛേദിച്ചു. കെട്ടിടത്തില്‍ ചെറിയ സ്ഫോടനങ്ങളും ഉണ്ടായി. ആറുനിലയിലുള്ള കെട്ടിടത്തില്‍ ചെരുപ്പുഗോഡൗണും ഉൾപ്പെടുന്നു. രണ്ടുമണിക്കൂറായിട്ടും തീ നിയന്ത്രിക്കാനാവുന്നില്ല. സമീപത്തെ കെട്ടിടങ്ങളിലും ഫ്ലാറ്റുകളിലും ഉള്ളവരെ ഒഴിപ്പിച്ചു. കെട്ടിടത്തിനുള്ളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് പ്രാഥമിക വിവരം. കനത്ത പുക രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നു.
രണ്ടുമണിക്കൂറായിട്ടും തീ നിയന്ത്രിക്കാനാവുന്നില്ല. നാവികസേനയുടെ സഹായം തേടി.സമീപത്തെ കെട്ടിടങ്ങളിലും ഫ്ലാറ്റുകളിലും ഉള്ളവരെ ഒഴിപ്പിച്ചു. കെട്ടിടത്തിനുള്ളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് പ്രാഥമിക വിവരം. കനത്ത പുക രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നു. കെട്ടിടത്തിനുള്ളിൽ ചെറുസ്ഫോടനങ്ങളും ഉണ്ടായി. റബറിനു തീപിടിച്ചത് അണയ്ക്കാനാകുന്നില്ല. തീവ്രഗന്ധവും അനുഭവപ്പെടുന്നു. വൈദ്യുതി ഷോർട് സർക്യൂട്ടാണു കാരണമെന്നു പ്രാഥമിക നിഗമനം.
സ്കൂൾ വിദ്യാർഥിയായിരിക്കെ രണ്ടു കൂട്ടുകാരികൾക്കൊപ്പം ഐഎസിൽ ചേരാൻ സിറിയയിലേക്കു പോയ ബ്രിട്ടീഷ് യുവതി ഷെമീമ ബീഗത്തിന്റെ പൗരത്വം ബ്രിട്ടൻ റദ്ദാക്കി. ഹോം സെക്രട്ടറി സാജിദ് ജാവേദിന്റെ പ്രത്യേക നിർദേശപ്രകാരമാണു നടപടി. ഭീകരസംഘടനയെ പിന്തുണച്ചവരാണ് നിങ്ങളെങ്കിൽ നിങ്ങളുടെ തിരിച്ചു വരവിനെ തടയാൻ മടിക്കില്ലെന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് നേരത്തെ തന്നെ മുന്നറിയിപ്പു നൽകിയിരുന്നു. സിറിയയിലെ അഭയാർഥി ക്യാംപിൽ കഴിഞ്ഞ ശനിയാഴ്ച ഐഎസ് ഭീകരന്റെ മൂന്നാമത്തെ കുഞ്ഞിനു ജന്മം നൽകിയ ഷെമീമ ബീഗം കുഞ്ഞിനെ സുരക്ഷിതമായി വളർത്താനായിരുന്നു ബ്രിട്ടനിലേക്കു മടങ്ങിയെത്താൻ ആഗ്രഹം പ്രകടിപ്പിച്ചത്. ഇതിനെതിരെ ശക്തമായ ജനവികാരം ഉയർന്നതോടെയാണ് ഇരട്ട പൗരത്വമുള്ള ഷെമീമയുടെ ബ്രിട്ടിഷ് പൗരത്വം റദ്ദാക്കാൻ ഹോം ഓഫിസ് തീരുമാനിച്ചത്.
1981ലെ ബ്രിട്ടിഷ് നാഷനാലിറ്റി ആക്ടിൽ ഹോം സെക്രട്ടറിക്ക് അനുവദിച്ചിട്ടുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണു നടപടി. പൊതു താൽപര്യത്തിന് അനിവാര്യമെന്നു കണ്ടെത്തിയാൽ ഒരാളുടെ പൗരത്വം റദ്ദാക്കാൻ നാഷനാലിറ്റി ആക്ടിൽ ഹോം സെക്രട്ടറിക്ക് അധികാരമുണ്ട്. ഇതിലൂടെ ഒരു വ്യക്തിക്ക് എവിടെയെങ്കിലും താമസിക്കാനുള്ള അവകാശം നിഷേധിക്കപ്പെടാൻ പാടില്ലെന്നു ഉറപ്പു വരുത്തണമെന്ന് മാത്രം. ബംഗ്ലദേശിൽനിന്നും ബ്രിട്ടനിലേക്ക് കുടിയേറിയ കുടുംബത്തിൽപ്പെട്ട ഷെമീമയ്ക്ക് ഇരട്ട പൗരത്വമുണ്ട്. എന്നാൽ തനിക്ക് ബംഗ്ലാദേശ് പാസ്പോർട്ട് ഇല്ലെന്നും താൻ ഇതുവരെ ബംഗ്ലാദേശിൽ പോയിട്ടില്ലെന്നും ഷെമീമ മാധ്യമങ്ങളോട് പറഞ്ഞു. ഷെമീമയുടെ പൗരത്വം തിരിച്ചെടുക്കുന്നതായി കാണിച്ചുള്ള ഹോം ഓഫിസിന്റെ കത്ത് ഇന്നലെയാണ് ഈസ്റ്റ് ലണ്ടനിലുള്ള അവരുടെ മാതാവിനു ലഭിച്ചത്. ഹോം സെക്രട്ടറിയുടെ പ്രത്യേക തീരുമാനപ്രകാരമുള്ള നടപടിയാണിതെന്നു കത്തിൽ വിവരിക്കുന്നു. തീരുമാനം മകളെ അറിയിക്കാനും അമ്മയോടു കത്തിൽ ആവശ്യപ്പെടുന്നുണ്ട്. പൗരത്വം റദ്ദാക്കിയ നടപടി ചോദ്യം ചെയ്യാൻ ഷെമീമയ്ക്ക് അധികാരമുണ്ടെന്നും കത്തിൽ വിവരിക്കുന്നു.
ശാന്തവും സ്വസ്ഥവുമായ ഒരു ജീവിതം തന്റെ കുഞ്ഞ് അർഹിക്കുന്നുണ്ടെന്നും ബ്രിട്ടനിലേയ്ക്ക് മടങ്ങുക തന്നെ ചെയ്യുമെന്നും ഷെമീമ പറഞ്ഞിരുന്നു. ഒപ്പം കടന്ന കൂട്ടുകാരികളിൽ ഒരാൾ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. മറ്റൊരാളെ കുറിച്ച് വിവരങ്ങൾ ഒന്നും തന്നെയില്ല. ഐഎസ് ചേർന്നതിലും ആ ആശയങ്ങളെ പിന്തുണച്ചതിലും തെല്ലും ഖേദമില്ലെന്നും കുഞ്ഞിനെ ഓർത്ത് മാത്രമാണ് നാട്ടിലേയ്ക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതെന്നായിരുന്നു ഷെമീമ ബീഗം പറഞ്ഞിരുന്നത്. 2015ൽ പതിനഞ്ചു വയസ് മാത്രം പ്രായമുളളപ്പോഴാണ് ഷെമീമ ബീഗം മറ്റു രണ്ടു കൂട്ടുകാരികൾക്കൊപ്പം ഈസ്റ്റ് ലണ്ടനിൽ നിന്നും സിറിയയിലേക്ക് കടന്നത്. ബെത്നൾ ഗ്രീൻ അക്കാദമി സ്കൂളിലെ വിദ്യാർഥികളായിരുന്ന ഷെമീമ ബീഗവും അമീറ അബേസും ഖദീജ സുൽത്താന എന്ന മറ്റൊരു വിദ്യാർഥിക്കൊപ്പമാണ് സിറിയയിലേക്ക് പുറപ്പെട്ടത്. തുർക്കി അതിർത്തി കടന്നാണ് സിറിയയിൽ എത്തിയത്.
റാഖയില്‍ എത്തിയപ്പോള്‍ ഐഎസ് വധുക്കളാവാന്‍ എത്തിയവര്‍ക്കൊപ്പം ഒരുമിച്ചാണ് താമസിച്ചിരുന്നത്. പത്തു ദിവസത്തിനുശേഷം ഇസ്ലാമിലേക്ക് മതംമാറിയ ഒരു ഡച്ചുകാരനെ തനിക്ക് വരനായി ലഭിച്ചെന്നും, പിന്നീട് ഇയാള്‍ക്കൊപ്പമാണ് താമസിച്ചതെന്നും ഇവര്‍ അറിയിച്ചു. സിറിയന്‍ പോരാളികള്‍ക്കു മുന്നില്‍ ഇവരുടെ ഭര്‍ത്താവ് കീഴടങ്ങി. ഐഎസിന്റെ അവസാന താവളമായ ബാഗൂസിൽ നിന്ന് രണ്ടാഴ്ച മുൻപ് രക്ഷപ്പെട്ട് എത്തിയതാണ് തങ്ങളെന്നും ഷെമീമ പറയുന്നു. ഇപ്പോള്‍ വടക്കന്‍ സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പിലാണ് അവര്‍.പൂർണ ഗർഭിണിയായിരുന്ന ഷെമീമ ബീഗം കുഞ്ഞിനെ പ്രസവിക്കാനായി ബ്രിട്ടനിലേക്കു മടങ്ങിയെത്തണമെന്നു കഴിഞ്ഞയാഴ്ച ആഗ്രഹം പ്രകടിപ്പിച്ചപ്പോഴേ ഇതു തടയാൻ മടിക്കില്ലെന്ന് ഹോം സെക്രട്ടറി മുന്നറിയിപ്പു നൽകിയിരുന്നു. പിന്നീടു രണ്ടു ദിവസങ്ങൾക്കകം അഭയാർഥി ക്യാംപിൽ വച്ച് കുഞ്ഞിനു ജന്മം നൽകിയ ഷെമീമ മകനെ ഇസ്‌ലാമിൽതന്നെ വളർത്തുമെന്നും ഐഎസിന്റെ ചെയ്തികളെ തള്ളിപ്പറയാൻ ഒരുക്കമല്ലെന്നും രാജ്യാന്തര മാധ്യമങ്ങളോട് വെളിപ്പെടുത്തുകയും ചെയ്തു. യുകെയിലേക്കു മടങ്ങിയെത്താൻ അനുവദിച്ചാൽ ജയിലിൽ പോകാൻ പോലും തനിക്കു മടിയില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു. ബ്രിട്ടൻ ഐഎസിനു നേരേ നടത്തിയ ആക്രമണങ്ങൾക്കുള്ള പ്രതികാരമായിരുന്നു മാഞ്ചസ്റ്റർ അരീനയിൽ നടത്തിയ സ്ഫോടനമെന്നും അവർ അഭിമുഖത്തിൽ വെളിപ്പെടുത്തി. ഇതിനു തൊട്ടുപിന്നാലെയാണു പൗരത്വം റദ്ദാക്കുന്ന കടുത്ത നടപടിയിലേക്ക് ബ്രിട്ടൻ കടന്നത്.
ഇന്ത്യന്‍ സിനിമാ രംഗത്തെ ഞെട്ടിച്ച മീ ടൂ വെളിപ്പെടുത്തലുകളിലൊന്നായിരുന്നു ഗായകന്‍ കാര്‍ത്തിക്കിനെതിരെ വന്നത്. ഗായിക ചിന്‍മയി ശ്രീപദയാണ് കാര്‍ത്തിക്കിനെതിരേ ലൈംഗികാരോപണവുമായി രംഗത്തു വന്നത്. കാര്‍ത്തിക്കിനെതിരേയുള്ള മീ ടൂ ക്യാമ്പെയ്‌നില്‍ തന്നോടൊപ്പം പേരു വെളിപ്പെടുത്താത്ത പല പെണ്‍കുട്ടികളും ചേരുമെന്നും ചിന്‍മയി ട്വിറ്ററില്‍ കുറിച്ചു.
ആരോപണങ്ങള്‍ ഉയര്‍ന്ന് മൂന്ന് മാസത്തോളം പ്രതികരിക്കാതിരുന്ന കാര്‍ത്തിക് ഇപ്പോള്‍ മൗനം വെടിഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് കാര്‍ത്തിക് വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നത്. കശ്മീരില്‍ വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് ആദരമര്‍പ്പിച്ചാണ് കാര്‍ത്തിക് തന്റെ പ്രസ്താവന തുടങ്ങുന്നത്.
ഒരുപാടു ആരോപണങ്ങളും വിവാദങ്ങളും ട്വിറ്ററില്‍ ഞാന്‍ കണ്ടു. എന്റെ മനസാക്ഷിയെ തൊട്ടു ഞാന്‍ പറയുന്നു, ഞാന്‍ ആരെയും വേദനിപ്പിച്ചിട്ടില്ല. ഒരു വ്യക്തിയെയും അയാളുടെ അനുമതി അവഗണിച്ചുകൊണ്ട് ഉപദ്രവിച്ചിട്ടില്ല. എന്റെ പ്രവര്‍ത്തികള്‍ മൂലം ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ടെങ്കില്‍ ദയവായി മുന്നോട്ട് വരണം. ഒരാളുടെ പ്രവര്‍ത്തിയുടെ അനന്തരഫലം അനുഭവിക്കേണ്ടതാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഞാന്‍ മീടുവിനെ പൂര്‍ണമായും പിന്തുണയ്ക്കുന്നു. പരാതിക്കാരിയുടെ ദുഃഖത്തില്‍ സത്യമുണ്ടെങ്കില്‍ ഞാന്‍ മാപ്പു പറയാന്‍ തയ്യാറാണ്, അതിനേക്കളുപരി നിയമനടപടികള്‍ നേരിടാനും തയ്യാറാണ്. കാരണം ആരുടേയും ജീവിതത്തില്‍ ഒരു കയ്പ്പേറിയ അനുഭവം സമ്മാനിക്കാന്‍ ഞാന്‍ താല്പര്യപ്പെടുന്നില്ല.
എന്റെ അച്ഛന്‍ ഏതാനും മാസങ്ങളായി ഗുരുതരമായ രോഗാവസ്ഥയുമായി പോരാടുകയാണ്. അച്ഛന്റെ ആരോഗ്യത്തിനും രോഗമുക്തിക്കുമായി പ്രാര്‍ത്ഥിക്കണമെന്ന് ആരാധകരോടും സുഹൃത്തുക്കളോടും അപേക്ഷിക്കുകയാണ്. കാര്‍ത്തിക്കിന്റെ കുറിപ്പില്‍ പറയുന്നു
കന്യാസ്ത്രീയെ ബലാൽസംഗം ചെയ്തകേസിൽ ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴിനല്‍കിയ കന്യാസ്ത്രീയെ മഠത്തില്‍ തടങ്കലില്‍ വച്ചതായി പരാതി. സംഭവത്തിൽ ഇടുക്കി രാജാകാട്ട് സ്വദേശിനി ലിസി കുര്യനെ പോലീസ് മോചിപ്പിച്ചു. സഹോദരന്‍ ജിമ്മി കുര്യന്റെ പരാതി പ്രകാരമാണ് ലിസി കുര്യനെ മൂവാറ്റുപുഴ വാഴപ്പിള്ളി ജീവജ്യോതി മഠത്തില്‍നിന്ന് പോലീസ് പുറത്തെത്തിച്ചത്. സിസ്റ്ററുടെ മൊഴിയില്‍ മദര്‍ സുപ്പീരിയറടക്കം നാലു പേര്‍ക്ക് എതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.
സഹോദരിയെ മഠത്തില്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ഇവരുടെ ജീവന് ഭീഷണിയുണ്ടെന്നുമായിരുന്നു സഹോദന്റെ പരാതി. ഇതോടെ തിങ്കളാഴ്ച ഉച്ചയോടെ സിസ്റ്റര്‍ ലിസിയെ സ്‌റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു. സിസ്റ്റര്‍ ലിസിയെക്കുറിച്ച് കുറച്ചുനാളായി വിവരം ഒന്നുമില്ലാതെ ആയതോടെയാണ് സഹോദരന്‍ പരാതിയുമായി എത്തിയത്. ഫ്രാങ്കോ മുളയ്ക്കലിന് എതിരേ പരാതി നല്‍കിയ സിസ്റ്ററുമായി അടുപ്പമുള്ള ഇവര്‍ ബിഷപ്പിനെതിരേ മൊഴിനൽകിയിരുന്നു. കേസിലെ മുഖ്യ സാക്ഷികളില്‍ ഒരാളായതോടെ ഇവർ മഠാധികാരിളുടെ എതിർപ്പിനും കാരണമായി.
കഴിഞ്ഞ 14 വര്‍ഷമായി മൂവാറ്റുപുഴ തൃക്ക്കരയിലെ മഠം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരികയായിരുവന്നു സിസ്റ്റര്‍ ലിസി. ഫ്രാങ്കോ കേസിൽ ബിഷപ്പിന് എതിരേ മൊഴികൊടുത്തതിന് പിറകെ ഇവരെ തുടര്‍ന്ന് തന്നെ വിജയവാഡയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തെന്നും ഇവർ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഇതിനിടെയാണ് അസുഖ ബാധിതയായ അമ്മയെ കാണാൻ സിസ്റ്റർ രണ്ട് കന്യാസ്ത്രീകള്‍ക്കൊപ്പം ആലുവയില്‍ എത്തുകയും ചെയ്തു. എന്നാൽ ആശുപത്രിയില്‍ എത്തി അമ്മയെ കണ്ടശേഷം മഠത്തിലേക്ക് മടങ്ങിയ സിസ്റ്ററെക്കുറിച്ച് പിന്നീട് വിവരമൊന്നും ഇല്ലാതായതോടെയാണ് സഹോദരന്‍ കോട്ടയം പൊലീസില്‍ പരാതിയുമായി സമീപിച്ചത്. തുടർന്നായിരുന്നു പോലീസ് ഇടപെടൽ.
സംഭവത്തില്‍ കേസ് എടുത്ത പൊലീസ് രാത്രി ഒമ്പതരയോടെ കന്യാസ്ത്രീയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയും ചെയ്തു. മഠത്തിലേക്ക് തിരികെ മടങ്ങാനായിരുന്നു മജിസ്‌ട്രേറ്റ് നിര്‍ദേശിച്ചത്. എന്നാല്‍ ഇത് അംഗീകരിക്കാതെ അവർ മാതാവിനെ പരിചരിക്കാൻ അനുവദികണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ സിസ്റ്ററെ പിന്നീട് രോഗിയായ മാതാവ് ചികിത്സയില്‍ കഴിയുന്ന തൊടുപുഴയിലെ ആശുപത്രിയിലേക്ക് മാറ്റി
പെരിയ ഇരട്ടക്കൊല നടത്തിയത് ക്വട്ടേഷൻ സംഘമല്ലെന്നും പ്രദേശത്തുതന്നെയുള്ളവരെന്നും നിഗമനം. ലക്ഷ്യമിട്ടത് ഗുരുതരപരുക്കേല്‍പ്പിക്കാനായിരുന്നു. കൊല്ലാന്‍ തീരുമാനിച്ചത് അവസാനനിമിഷം. തീരുമാനത്തില്‍ ലോക്കല്‍ കമ്മിറ്റി അംഗം എ. പീതാംബരന്റെ ബന്ധുവിന് നിര്‍ണായകപങ്കെന്നും അന്വേഷണസംഘത്തിനു സൂചന ലഭിച്ചു.
ഇരട്ടക്കൊല പൂര്‍ണമായും തെറ്റായ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയത്തിന്റെ ആദ്യക്ഷരം അറിയാവുന്ന ആരും ഇത്തരം ചെയ്തികള്‍ക്ക് മുതിരില്ല.
പാര്‍ട്ടിക്ക് പങ്കില്ല, അക്രമത്തിന്റെ ഫലം നന്നായി അറിയാവുന്ന പാര്‍ട്ടിയാണ് സിപിഎം. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി.
കുറ്റവാളികള്‍ക്കെതിരെ നിയമനടപടി മാത്രമല്ല, ശക്തമായ പാര്‍ട്ടി നടപടിയും വരും. കേരളത്തില്‍ രാഷ്ട്രീയകൊലപാതകങ്ങള്‍ മുന്‍പത്തേക്കാള്‍ കുറഞ്ഞിട്ടുണ്ടെന്നും പിണറായി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു
ഇരട്ടക്കൊലയില്‍ ആദ്യ അറസ്റ്റ് ഇന്നുതന്നെയുണ്ടാകുമെന്നാണ് വിവരം. കസ്റ്റഡിയിലുള്ളത് സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റിയംഗം എ.പീതാംബരനടക്കം ഏഴുപേരാണ്. മുഖ്യആസൂത്രകന്‍ പീതാംബരനെന്നാണ് സൂചന. ജില്ലാപൊലീസ് ആസ്ഥാനത്ത് ഇവരെ ചോദ്യംചെയ്യുന്നു. കൊലപാതകത്തില്‍ പങ്കെടുത്ത ചിലരും കസ്റ്റഡിയിലുണ്ട്. ചില മൊഴികളില്‍ വൈരുധ്യമുണ്ട്.
പെരിയ ഇരട്ടക്കൊലയിൽ ലോക്കല്‍ കമ്മിറ്റി അംഗം എ. പീതാംബരന്റെ പങ്ക് സമ്മതിച്ച് ഉദുമ എംഎൽഎ കെ.കുഞ്ഞിരാമന്‍. പീതാംബരനും കൂട്ടരും നടപ്പാക്കിയ കൃത്യത്തിന്റെ ഉത്തരവാദിത്തം പാര്‍ട്ടിക്ക് ഏറ്റെടുക്കാനാവില്ല. എ.പീതാംബരനെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല. ഇരട്ടക്കൊലയില്‍ പാര്‍ട്ടിക്കാര്‍ക്ക് പങ്കുണ്ടെങ്കില്‍ കര്‍ശനനടപടിയുണ്ടാകും. സിപിഎം നേതാക്കള്‍ ഇന്ന് പെരിയ സന്ദര്‍ശിക്കും. എന്തിന് കൊലചെയ്തുവെന്ന് അവരോട് ചോദിക്കണമെന്നും കുഞ്ഞിരാമന്‍ പ്രതികരിച്ചു.
കസ്റ്റഡിയിലുള്ളവര്‍ക്ക് കൊല്ലപ്പെട്ടവരുമായി വ്യക്തിപരമായ പ്രശ്നങ്ങള്‍ ഉണ്ടായിരിക്കാമെന്നു സിപിഎം ജില്ലാസെക്രട്ടറി എം.വി. ബാലകൃഷ്ണന്‍ പറഞ്ഞു. കസ്റ്റഡിയിലുള്ളവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കും. പാര്‍ട്ടി സമാന്തര അന്വേഷണം നടത്തുമെന്നും ബാലകൃഷ്ണന്‍ പറഞ്ഞു.
പെരിയ ഇരട്ടക്കൊലയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ പങ്ക് പരോക്ഷമായി സമ്മതിച്ച് സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു. കൊലപാതകരാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞ പാര്‍ട്ടിയാണ് സിപിഎം. അതില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് കാസര്‍കോട്ടുണ്ടായത്. അതുകൊണ്ടാണ് പാര്‍ട്ടി ഇരട്ടക്കൊലയെ തള്ളിപ്പറഞ്ഞതും നടപടി ഉറപ്പുനല്‍കിയതും.
സിപിഎം പ്രവര്‍ത്തകര്‍ ഒരുവിധ അക്രമങ്ങളിലും ഏര്‍പ്പെടരുത്. പെരിയ ഇരട്ടക്കൊലയ്ക്കുശേഷമുണ്ടായ സംഘര്‍ഷങ്ങളില്‍ തിരിച്ചടിക്ക് മുതിരരുത്. ഇക്കാര്യം ഉറപ്പാക്കാന്‍ എല്ലാ പാര്‍ട്ടിഘടകങ്ങള്‍ക്കും നിര്‍ദേശം നൽകി. സര്‍ക്കാര്‍ നടത്തുന്ന സമാധാനശ്രമങ്ങള്‍ക്ക് സിപിഎം പൂര്‍ണപിന്തുണ നല്‍കും. ഹര്‍ത്താലിന്‍റെ മറവില്‍ കോണ്‍ഗ്രസ് വ്യാപക അക്രമം അഴിച്ചുവിട്ടെന്നും കോടിയേരി കൊല്ലത്തു വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
വൈകുന്നേരത്തോടെ കാര്യങ്ങളില്‍ വ്യക്തതവരുമെന്ന് കാസര്‍കോട് എസ്.പി. ഡോക്ടര്‍ എ.ശ്രീനിവാസ് പറഞ്ഞു. സമഗ്രമായ അന്വേഷണമാണ് നടക്കുന്നത്. സിസിടിവി ദൃശ്യങ്ങളുടെ പരിശോധന തുടരുന്നുവെന്നും എസ്പി പറഞ്ഞു.
കൊല്ലപ്പെട്ടവർക്കെതിരെ മുൻപു സമൂഹമാധ്യമങ്ങൾ വഴി വധഭീഷണി മുഴക്കിയ കോളജ് വിദ്യാർഥി ഉൾപ്പെടെ 2 സിപിഎം പ്രവർത്തകരെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. പ്രദേശത്തെ സിപിഎം പ്രവർത്തകർക്കു കൊല്ലപ്പെട്ട യുവാക്കളോടു മുൻവൈരാഗ്യമുണ്ടായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. വീടുകളിൽ നിന്നു മാറിനിൽക്കുന്ന ചില സിപിഎം നേതാക്കളുടെ പങ്ക് അന്വേഷിക്കുന്നു. അതേസമയം, ഇന്ന് പെരിയയിലെത്താനിരുന്ന എൽഡിഎഫ് നേതാക്കളുടെ സന്ദർശനം റദ്ദാക്കി. പ്രദേശത്ത് പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം
കൊല്ലിയോട് ക്ഷേത്രത്തിലെത്തില്‍ കണ്ണൂര്‍ രജിസ്ട്രേഷന്‍ നമ്പറുള്ള രണ്ട് ജീപ്പുകള്‍ എത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ജീപ്പുകള്‍ കണ്ടെത്താന്‍ മംഗലാപുരം, കണ്ണൂര്‍ റൂട്ടുകള്‍ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു തുടങ്ങി. കൊലയാളി സംഘത്തിന് രക്ഷപെടാന്‍ കൃത്യമായ വഴിയടക്കമുള്ള നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നു. പെരിയ, കൊല്ലിയോട് മേഖലകളിലെ മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു
സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്താനായി സംഭവസ്ഥലത്തിനു സമീപമുള്ള പ്രദേശങ്ങളിൽ കാട് വെട്ടിത്തെളിച്ച് കൂടുതല്‍ തിരച്ചില്‍ നടത്തും. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും, ശരത് ലാലിനേയും ആക്രമിച്ച സ്ഥലത്തു നിന്ന് ഒരു വടിവാളിന്റെ പിടി പൊലീസിന് ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് ആയുധം കൃത്യം നടന്നതിനു സമീപമുള്ള പറമ്പുകളിൽ എവിടെയെങ്കിലും ഉപേക്ഷിച്ചിട്ടുണ്ടാകാം എന്ന സംശയം അന്വേഷണ സംഘത്തിനുണ്ടായത്. പ്രദേശത്തെ കുറ്റിക്കാടുകളിലടക്കം മെറ്റൽ ഡിക്റ്റെക്റ്റർ ഉൾപ്പെടെ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ കാടുമൂടിക്കിടക്കുന്ന പ്രദേശങ്ങൾ വെട്ടിത്തെളിച്ച് കൂടുതൽ പരിശോധന നടത്താനാണ്അന്വേഷണ സംഘത്തിന്റെ ആലോചന. ഇതോടൊപ്പം കൃത്യം നടക്കുന്ന സമയത്ത്പ്രദേശത്തെ വിവിധ ടവറുകളുടെ പരിധിയിൽ നിന്നുണ്ടായ ഫോൺ വിളികളും പൊലീസ് വിശദമായി പരിശോധിക്കും.
നിലവിൽ രണ്ടു ഡിവൈഎസ്പിമാരും, നാലു സിഐമാരും, ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡ് അംഗങ്ങളും ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്. ആവശ്യമെങ്കിൽ അന്വേഷണ സംഘം വിപുലികരിക്കാനും പദ്ധതിയുണ്ട്. രണ്ടു ദിവസത്തിനകം പ്രതികൾ വലയിലാകുമെന്ന ആത്മവിശ്വാസമാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പ്രകടിപ്പിക്കുന്നത്. അതേസമയം പ്രതികളെ ഉടൻ പിടികൂടുന്നില്ലെങ്കിൽ കേസ് സിബിഐക്ക് വിടണമെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആവശ്യം.
അപ്സ്‌കേര്‍ട്ടിങ്ങ് ക്രിമിനല്‍ കുറ്റമായി പരിഗണിച്ച് വിധി വന്നിരിക്കുകയാണ് ബ്രിട്ടണില്‍. കഴിഞ്ഞ ദിവസം എലിസബത്ത് രാഞ്ജിയാണ് അപ്സ്‌കര്‍ട്ടിങ്ങ് ക്രിമിനല്‍ കുറ്റമാക്കി നിയമത്തില്‍ ഒപ്പു വെച്ചത്. ഒന്നര വര്‍ഷം മുന്‍പ് ബ്രിട്ടണിലെ എല്ലാ സ്ത്രീകള്‍ക്കും വേണ്ടി ജീന മാര്‍ട്ടിന്‍ എന്ന യുവതിയാണ് അപ്സ്‌കര്‍ട്ടിങ്ങ് നിയമ പോരാട്ടത്തിന് ഇറങ്ങിയത്.
ഒരാളുടെ സമ്മതമില്ലാതെ വസ്ത്രങ്ങള്‍ക്കിടയിലൂടെ രഹസ്യമായി സ്വകാര്യ ശരീര ഭാഗങ്ങളുടെ ചിത്രങ്ങള്‍ എടുക്കുന്നതിനെയാണ് അപ്സ്‌കര്‍ട്ടിങ്ങ് എന്നറിയപ്പെടുന്നത്. പ്രായഭേധമില്ലാതെ എവിടെ വെച്ചും ഇതിനിരയാകാം.
ഒരു ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനിടയില്‍ 2 പേര്‍ ജീന അറിയാതെ അവരുടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങല്‍ എടുത്തതിനെ തുടര്‍ന്നാണ് ഈ നിയമ പോരാട്ടത്തിന് ജീന ഇറങ്ങി തിരിച്ചത്. അപ്സ്‌കര്‍ട്ടിങ്ങ് ക്രിമിനല്‍ കുറ്റമായി പരിഗണിക്കണമെന്നും, കുറ്റവാളികള്‍ക്ക് ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് ജീന പരാതി നല്‍കിയത്.
മുന്‍പ് ഇരയായവര്‍ ഉള്‍പ്പെടെ നിരവധി പേരുടെ പിന്തുണ ജീനക്ക് ഉണ്ടായിരുന്നു. അപ്സ്‌കര്‍ട്ടിങ്ങ് കുറ്റം ചെയ്യുന്നവര്‍ക്ക് 2 വര്‍ഷം തടവാണ് ഇനി മുതല്‍ ബ്രിട്ടണില്‍. കൂടാതെ ലൈഗിംഗ കുറ്റവാളികളുടെ ലിസ്റ്റില്‍ അവരെ ചേര്‍ക്കുകയും ചെയ്യും. വോയേറിയസം ബില്‍ എന്നാണ് ഈ നിയമം അറിയപ്പെടുന്നത്.
‘ഒരു നീണ്ട യാത്രയായിരുന്നു എന്റേത്. വിജയം വരെയുള്ള യാത്ര കഠിനനമായിരുന്നെങ്കിലും, ആ യാത്രയുടെ അവസാനം ഞാന്‍ വിജയിച്ചിരിക്കുന്നു. എന്റെ സഹോദരിമാര്‍ക്ക് വേണ്ടി. ഇനി പേടിക്കാതെ സുരക്ഷിതമായി ബ്രിട്ടണിലെ സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാം.’ എന്നാണ് വിധി വന്നതിന് ശേഷം ജീന പ്രതികരിച്ചത്.
രാജകീയ അംഗീകാരം നേടിയ നിയമം രണ്ടു മാസത്തിനു ശേഷമാണ് പ്രാബല്യത്തില്‍ വരുന്നത്. അതിനാല്‍ വോയേറിസം ബില്ലിന് വരുന്ന ഏപ്രില്‍ 1 മുതലായിരിക്കും നിയമ പ്രാബല്യമെന്നും നിയമം നടപ്പാക്കുന്നതോടെ കുറ്റവാളികളെ ശിക്ഷിക്കാനും അതുവഴി ബ്രിട്ടണിലെ സ്ത്രീകളുടെ അന്തസ്സും മാന്യതയും നിലനിര്‍ത്താന്‍ കഴിയുമെന്നും ബ്രിട്ടീഷ് ഗവണ്‍മെന്റ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി ബി.ജെ.പിയില്‍ കലഹം മൂര്‍ഛിക്കുന്നു. പ്രസിഡന്റ് ശ്രീധരന്‍ പിള്ളയെ തള്ളി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് രംഗത്ത് എത്തി. സ്ഥാനാര്‍ഥികളെ കുറിച്ചു പ്രാഥമിക ചര്‍ച്ച പോലും പാര്‍ട്ടിയില്‍ നടന്നിട്ടില്ലെന്നും ശ്രീധരന്‍ പിള്ളയുടേത് കേവലം അഭിപ്രായപ്രകടനം മാത്രമാണെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് തുറന്നടിച്ചു. സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക ഡല്‍ഹിക്ക് കൈമാറിക്ക് കൈമാറിയെന്നായിരുന്നു കഴിഞ്ഞ ദിവസം ശ്രീധരന്‍ പിള്ള വ്യക്തമാക്കിയിരുന്നത്.
സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപെട്ട് ശ്രീധരന്‍ പിള്ള കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞ വാക്കുകളാണിത്. പ്രാഥമിക ചര്‍ച്ച കഴിഞ്ഞെന്നും പട്ടിക ഡല്‍ഹിയ്ക്ക് കൈമാറിയെന്നായിരുന്നു വ്യക്തമാക്കിയത്. വിവാദമായതോടെ സ്വന്തം പ്രസ്താവന പിള്ള പിന്നീട് തിരുത്തി. ഇതിനു ശേഷമാണ് ശ്രീധരന്‍ പിള്ളയെ തള്ളി സംസ്ഥാന ജനറല്‍ സെക്രട്ടറി തന്നെ പരസ്യമായി രംഗത്തെത്തുന്നത്
നേതൃത്വവുമായി ആലോചിക്കാതെ സ്ഥാനാര്‍ഥികളുടെ സാധ്യത പട്ടിക കേന്ദ്ര നേതൃത്വത്തിന് കൈമാറിയെന്ന് മാധ്യമങ്ങളോട് പറഞ്ഞ ശ്രീധരന്‍പിള്ളയോട് നടപടിയിലാണ് ഒരുവിഭാഗം നേതാക്കള്‍ക്ക് അമര്‍ഷം.
17 പേരുടെ മരണത്തിനിടയാക്കിയ ഡല്‍ഹിയിലെ കരോള്‍ ബാഗിലെ അര്‍പ്പിത് പാലസിലുണ്ടായ തീപിടുത്തത്തിന് പിന്നാലെ ഹോട്ടല്‍ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹോട്ടല്‍ അര്‍പ്പിതിന്റെ ഉടമ രാഗേഷ് ഗോയലിനെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
രാഗേഷ് ഗോയല്‍ ഇന്‍ഡിഗോ ഫ്ലൈറ്റില്‍ ഖത്തറില്‍ നിന്ന് യാത്ര ചെയ്യുന്നതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. ഗോയലിന്റെ ലുക്ക് ഔട്ട് നോട്ടീസ് വിമാനത്താവളത്തില്‍ പതിപ്പിച്ചിരുന്നതിനാല്‍ ഗോയലിനെ തടഞ്ഞുവെച്ച് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം ഇയാളെ അറസ്റ്റ് ചെയ്തു. തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
ഫെബ്രുവരി 12 പുലര്‍ച്ചെ 4.30 ഓടെയാണ് ഹോട്ടലില്‍ തീ പടര്‍ന്നത്. അഞ്ച് നില കെട്ടിടത്തിലെ 48 മുറികളില്‍ 40 മുറികളിലും താമസക്കാര്‍ ഉണ്ടായിരുന്നു. തീ 26 ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
കൊട്ടിയൂർ പീഡനക്കേസിൽ തലശേരി പോക്സോ കോടതി ഇന്ന് വിധി പറയും. വൈദികന് പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്. പെണ്‍കുട്ടിയെ പീഡിപ്പിച്ച വൈദികന് റോബിൻ വടക്കുംചേരിയും പീഡനവിവരം മറച്ചുവച്ച ആറുപേരുമടക്കം ഏഴുപേരാണ് പ്രതികൾ.
കംപ്യൂട്ടർ പഠിക്കാനായി എത്തിയ പതിനാറുകാരിയെ ആണ് സ്വന്തം മുറിയിൽ വച്ച് ഫാദർ റോബിൻ വടക്കുംചേരി പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. കൂത്തുപറമ്പ് ക്രിസ്തുരാജ് ആശുപത്രിയിലായിരുന്നു പെൺകുട്ടിയുടെ പ്രസവം. ചൈൽഡ് ലൈന്‍ ലഭിച്ച രഹസ്യ വിവരം പൊലീസിനു കൈമാറിയതോടെ കേസ് റജിസ്റ്റർ ചെയ്തു. തൊട്ടുപിന്നാലെ ആശുപത്രി അധികൃതരുടെ സഹായത്തോടെ പെൺകുട്ടിയെയും കുഞ്ഞിനെയും വയനാട്-വൈത്തിരി ദത്തെടുക്കൽ കേന്ദ്രത്തിലാക്കി.
2017 ഫെബ്രുവരിയിൽ ഫാദർ റോബിൻ വടക്കുംചേരിയെ കസ്റ്റഡിയിലെടുത്തു. പിന്നാലെ അറസ്റ്റും. ആശുപത്രി അധികൃതർ അടക്കം ആകെ പത്ത് പേർ അറസ്റ്റിലായി. എന്നാൽ ക്രിസ്തുരാജ് ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെയും അഡ്മിനിസ്ട്രേറ്ററെയും വിടുതൽ ഹർജി അംഗീകരിച്ച് സുപ്രീംകോടതി കുറ്റവിമുക്തരാക്കി. ഇതോടെ റോബിൻ വടക്കുംചേരി അടക്കം ഏഴ് പ്രതികളാണ് നിലവിൽ.
ഇടവകാംഗമായ തങ്കമ്മ, മാനന്തവാടി ക്രിസ്തുദാസ് കോണ്‍വെന്റിലെ സിസ്റ്റർ ലിസ്മരിയ, കല്ലുമുട്ടി കോണ്‍വെന്റിലെ സിസ്റ്റർ അനീറ്റ, വയനാട് ശിശുക്ഷേമസമിതി മുൻ അധ്യക്ഷൻ ഫാദർ തോമസ് ജോസഫ് തേരകം, വയനാട് ശിശുക്ഷേമ സമിതി അംഗം ഡോക്ടർ സിസ്റ്റർ ബെറ്റി ജോസ്, വൈത്തിരി ഹോളി ഇൻഫന്റ് മേരി മന്ദിരം സൂപ്രണ്ട് സിസ്റ്റർ ഒഫിലിയ എന്നിവരാണ് പ്രതികൾ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പ്രസവവിവരം മറച്ചുവെച്ചു എന്നാണ് ഇവർക്കെതിരെയുള്ള കുറ്റം.
വിചാരണയ്ക്കിടെ പെൺകുട്ടിയും മാതാപിതാക്കളും കൂറുമാറി. പ്രായപൂർത്തി ആയെന്നും ഇത് തെളിയിക്കാൻ ശാസ്ത്രീയ പരിശോധന വേണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇതേ ആവശ്യവുമായി ഫാ. റോബിനും കോടതിയെ സമീപിച്ചു. ഇരു കൂട്ടരുടെയും ആവശ്യം പോക്സോ കോടതി തള്ളി.
ആലുവയില്‍ വനിതാ ഡോക്ടറെ ബന്ദിയാക്കി വന്‍ കവര്‍ച്ച. 100 പവന് സ്വര്‍ണവും 70,000 രൂപയും കവര്‍ന്നു. കഴുത്തില്‍ പൊട്ടിയ കുപ്പിവച്ച് ഭീഷണിപ്പെടുത്തിയായിരുന്നു കവര്‍ച്ച എന്ന് പൊലീസ് പറയുന്നു.
പുലര്‍ച്ചെ രണ്ടരയോടെ ചെങ്ങമനാട് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ ഗ്രേസ് മാത്യൂസിന്റെ അത്താണിയിലെ വീട്ടിലാണ് മോഷണം നടന്നത്. മുഖംമൂടി ധരിച്ചെത്തിയ കവര്‍ച്ചക്കാര്‍ പിന്‍വാതില്‍ പൊളിച്ചാണ് അകത്ത് പ്രവേശിച്ചത്. ഈ സമയത്ത് ഉറങ്ങുകയായിരുന്ന ഡോക്ടറെ പിടിച്ച് ഉണര്‍ത്തി കഴുത്തില്‍ പൊട്ടിയ കുപ്പിവച്ച് ഭീഷണിപ്പെടുത്തിയായിരുന്നു കവര്‍ച്ച.
രണ്ടുപേരാണ് മോഷണം നടത്തിയതെന്ന് ഡോക്ടര്‍ പൊലീസിന് മൊഴി നല്‍കി. ഭര്‍ത്താവ് വിദേശത്തായതിനാല്‍ ഡോക്ടര്‍ തനിച്ചായിരുന്നു താമസം. ഇക്കാര്യം അറിയാവുന്നവരാണ് മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സിസിടിവി ദൃശ്യങ്ങള്‍ മറ്റും ശേഖരിച്ച് പ്രതികളെ പിടികൂടാനുളള ശ്രമത്തിലാണ് പൊലീസ്.