തിരുവനന്തപുരം: മൂന്‍ റേഡിയോ ജോക്കി രാജേഷ് കൊല്ലപ്പെട്ട കേസില്‍ തുടര്‍ച്ചയായ അറസ്റ്റുകള്‍ക്കും അന്വേഷണത്തിനും പിന്നാലെ കൃത്യം നടത്തിയ പ്രധാന പ്രതി അലിഭായിയെ കണ്ടെത്താനായത് കേരളാ പോലീസിന് നേട്ടമാകുന്നു. കൃത്യം നടത്തി ബാംഗ്‌ളൂര്‍ വഴി നേപ്പാളിലേക്കും അവിടെ നിന്നും ഖത്തറിലേക്കും അലിഭായി കടന്നു എന്ന് കണ്ടെത്താനായതാണ് പോലീസിന് കേസില്‍ നിര്‍ണ്ണായകമായ നേട്ടം സ്വന്തമാക്കാന്‍ സഹായകരമായത്.
രാജേഷിന്റെ ഖത്തറിലെ വനിതാസുഹൃത്തിന്റെ ഭര്‍ത്താവിന്റെ സഹായിയും ജിംനേഷ്യം ട്രെയിനറുമായ അലിഭായിയാണ് മുഖ്യപ്രതിയെന്നും ക്വട്ടേഷന്‍ സ്വീകരിച്ചാണ് കൊല നടത്തിയതെന്നും തിരിച്ചറിഞ്ഞ പോലീസ് അലിഭായിക്ക് വേണ്ടിയുള്ള തെരച്ചിലിലാണ് ഇയാള്‍ ഖത്തറില്‍ തിരിച്ചെത്തിയതായി മനസ്സിലാക്കിയത്. തുടര്‍ന്ന് ഖത്തറില്‍ ഇന്‍ര്‍പോളിനെ വരെ ഉപയോഗിച്ചുള്ള ശക്തമായ സമ്മര്‍ദ്ദം ഉണ്ടാക്കിയാണ് അലിഭായിയെ നാട്ടില്‍ എത്തിച്ചതും കസ്റ്റഡിയില്‍ എടുത്തിട്ടുള്ളതും.
കൃത്യം നടത്തി ഗള്‍ഫില്‍ തിരിച്ചെത്തിയ അലിഭായിയെ നാട്ടിലെത്തിക്കാന്‍ ഖത്തര്‍ സര്‍ക്കാരിലും അവിടുത്തെ പോലീസിലും ശക്തമായ സമ്മര്‍ദ്ദം തന്നെ കേരളാ പോലീസ് സൃഷ്ടിച്ചിരുന്നു. വിസ റദ്ദാക്കാന്‍ സ്‌പോണ്‍സറോട് ആവശ്യപ്പെടുകയും ഇയാളെ നാട്ടിലെത്തിക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടുകയും ചെയ്തു. തുടര്‍ന്ന് ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്ന സമ്മര്‍ദ്ദ സാഹചര്യത്തിലാണ് അലിഭായിയെ തിരുവനന്തപുരത്ത് എത്തിച്ചത്.
കേസില്‍ ആദ്യം ഇരുട്ടില്‍ തപ്പിയെങ്കിലും പിന്നാലെ നിര്‍ണ്ണായകമായ വിവരങ്ങള്‍ ഒന്നൊന്നായി പുറത്തു കൊണ്ടുവരികയും പ്രതികളെ അറസ്റ്റ് ചെയ്യാനും കഴിഞ്ഞത് പോലീസിന് വലിയ നേട്ടമായി മാറിയിരിക്കുകയാണ്. അലിഭായി ഇന്ന് നാട്ടിലെത്തുമെന്ന് നേരത്തേ മണത്തറിഞ്ഞ പോലീസ് പ്രമുഖ വിമാനത്താളത്തിലെല്ലാം ഇയാളുടെ ചിത്രത്തോടെയുള്ള ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഇയാളെ ഉടന്‍ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കും.
പെരുമ്പാവൂരില്‍ ക്രൂരമായി കൊല്ലപ്പെട്ട ജിഷയുടെ വാര്‍ത്ത രാജ്യമങ്ങുമുള്ള മാധ്യമങ്ങള്‍ ഏറ്റെടുത്തതാണ്. ജിഷ മരിച്ചശേഷം അവരുടെ അമ്മയും സഹോദരിമാരുമെല്ലാം വാര്‍ത്തകളില്‍ ഇടംപിടിച്ചു. എന്നാലിപ്പോള്‍ ജിഷയുടെ അമ്മയുടെ ചിത്രങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ തെറിവിളിയാണ് നടക്കുന്നത്. അവരുടെ മുടിയിലെ പുതിയ മാറ്റവും ആഡംബര ജീവിതവുമൊക്കെയാണ് തെറിവിളിക്കാധാരം. ഇത്രയും ക്രൂരമായി കൊല്ലപ്പെട്ട ഒരു മകളുടെ ഓര്‍മകളെ മായ്ച്ചുകളഞ്ഞ് മകളുടെ പേരില്‍ ലഭിച്ച ലക്ഷങ്ങള്‍കൊണ്ട് ജിഷയുടെ അമ്മ രാജേശ്വരി ഇപ്പോള്‍ ആഡംബര ജീവിതമാണ് നയിക്കുന്നതെന്നാണ് ആരോപണം. അടുത്തിടെ ഇവര്‍ക്കുണ്ടായിരുന്ന പോലീസ് സുരക്ഷ പിന്‍വലിച്ചിരുന്നു.
രാജേശ്വരി തികഞ്ഞ അവജ്ഞയോടെയാണ് തങ്ങളോടു പെരുമാറിയിരുന്നതെന്ന പൊലീസുകാരുടെ പരാതിയെ തുടര്‍ന്നാണ് സുരക്ഷ പിന്‍വലിച്ചത്. മുടി ചീകിക്കെട്ടിക്കുന്ന ജോലിവരെ ചെയ്യിച്ചിട്ടുണ്ടെന്നു വനിതാ പൊലീസുകാര്‍ ഉന്നത ഉദ്യോഗസ്ഥരെ ധരിപ്പിച്ചു. ജനറല്‍ ആശുപത്രിയിലും മറ്റും ചികിത്സയില്‍ കഴിയുമ്പോള്‍ രാജേശ്വരി കിടന്ന കട്ടിലിന്റെ ചുവട്ടില്‍ നിലത്താണ് പൊലീസുകാരെ കിടത്തിയിരുന്നത്. എന്നാല്‍, തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ശരിയല്ലെന്നാണ് ജിഷയുടെ അമ്മ പറയുന്നത്. അര്‍ബന്‍ ബാങ്കില്‍ ഡിപ്പോസിറ്റ് ചെയ്തിരിക്കുന്ന പണത്തിന്റെ പലിശകൊണ്ടാണ് എന്റെ ചെലവുകളൊക്കെ ഞാന്‍ നടത്തുന്നത്. മകളെ നഷ്ടപ്പെട്ട അമ്മ സമാധാനമായി ഉറങ്ങുമെന്നാണോ നിങ്ങള്‍ കരുതുന്നത്. എനിക്ക് പണത്തിന്റെ വില അറിയാം. അതുകൊണ്ട് തന്നെ ഞാന്‍ അനാവശ്യമായി ചെലവാക്കില്ലെന്നും രാജേശ്വരി പറയുന്നു.
യു.എ.ഇയില്‍ മലയാളി നഴ്‌സ് ആശുപത്രിക്കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. യുവതിയെ ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അല്‍ഐനിലാണ് സംഭവം നടന്നത്.
സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന സുജാ സിങ്ങ് എന്ന യുവതിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ ഹെഡ് നഴ്‌സായി ജോലി നോക്കുകയായിരുന്നു സുജ. ജനുവരി മുതലാണ് ഇവര്‍ ഇവിടെ ജോലിയില്‍ പ്രവേശിച്ചതെന്നാണ് അറിയുന്നത്.
ആത്മഹത്യയാണെന്ന് പൊലീസ് പ്രാഥമിക നിഗമനം. ഇവര്‍ക്ക് ശമ്ബള കുടിശ്ശിക ഉണ്ടായിരുന്നതായി പറയുന്നുണ്ടെങ്കിലും ആശുപത്രി അധികൃതര്‍ അത് നിഷേധിച്ചു. ആശുപത്രി അധികൃതരുടെ വിശദീകരണം ആശുപത്രിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്ലെന്നാണ്.
എന്നാല്‍, യുവതിക്ക് കൂടാതെ ജോലില്‍ സമ്മര്‍ദമുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഉത്തരേന്ത്യക്കാരനായ ആളെ വിവാഹം ചെയ്ത ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. ഭര്‍ത്താവുമായി ബന്ധം വേര്‍പെടുത്തിയാണ് കഴിഞ്ഞിരുന്നത്. അതേസമയം അമ്മയുടെ മൃതദേഹം കാണാന്‍ താല്‍പ്പര്യമില്ലെന്നാണ് ഇവരുടെ രണ്ട് മക്കളും പറഞ്ഞതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു.
മലയാളികളടക്കം ധാരാളം ഇന്ത്യക്കാർ ജോലി ചെയ്യുന്ന സ്ഥാപനമാണ് യൂണിവേഴ്സൽ ഹോസ്പിറ്റൽ. അബുദാബിയിലും ഈ ആശുപത്രി പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ ഡിസംബർ മുതൽ നഴ്സുമാർക്ക് ഇവിടെ ശമ്പളം ലഭിക്കുന്നുണ്ടായിരുന്നില്ല. ജനറൽ നഴ്സിംഗ് വിഭാഗത്തിന് ശരാശരി 4000 ദിർഹവും (ഏകദേശം 70,000 രൂപ) പ്രവൃത്തി പരിചയമുള്ള നഴ്സുമാർക്കും ബിഎസ്സി നേഴ്സുമാർക്കും 5000 മുതൽ 7000 വരെ ദിർഹവും (ഏകദേശം 88,000 മുതൽ 1,23,000 രൂപ വരെ) ശമ്പളം നൽകാമെന്നാണ് ഉറപ്പ് നൽകിയിരുന്നത്. എന്നാൽ ഡിസംബർ മുതൽ ശമ്പളം ലഭിക്കാതായതോടെ ഉപജീവനത്തിനായി മറുകര തേടിയ നല്ലൊരു ശതമാനം മലയാളി നേഴ്സുമാരുടെ ജീവിതം ദുരിതത്തിലായി.
തുടർന്ന് ഫെബ്രുവരി മാസത്തിൽ എല്ലാവർക്കും 1000 ദിർഹം മാത്രം നൽകി ആശുപത്രി അധികൃതർ വാർത്ത പുറത്തറിയിക്കാതെ സൂക്ഷിക്കുകയായിരുന്നു. തങ്ങളുടെ കൺമുമ്പിൽ സഹപ്രവർത്തക ആത്മഹത്യ ചെയ്തതിന്റെ ഞെട്ടലിലാണ് ഇപ്പോൾ ആശുപത്രിയിൽ ഉള്ളവർ. നഴ്സ് ആത്മഹത്യ ചെയ്തതിനെ പുറത്തറിയിക്കാതെ കൈകാര്യം ചെയ്യാനാണ് ആശുപത്രി അധികൃതർ ശ്രമിക്കുന്നത്.
നാട്ടിലുള്ള ബന്ധുക്കളും മൃതദേഹം ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ല. അതുകൊണ്ട് തന്നെ ദുബായില്‍ തന്നെ മൃതദേഹം സംസ്‌ക്കരിക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. ആശുപത്രിയില്‍ ജോലിചെയ്തിരുന്നവരില്‍ ആത്മാര്‍ത്ഥയുള്ള ജീവനക്കാരിയാണ് സുധ സിങ് എന്ന് ആശുപത്രി അധികൃതര്‍ പ്രതികരിച്ചു.
കോടികൾ ബാങ്കിൽനിന്നു വായ്പയെടുത്തശേഷം തിരിച്ചടയ്ക്കാതെ രാജ്യംവിട്ട വജ്രവ്യാപാരി നീരവ് മോദിയെ പിടികൂടാൻ ഇന്ത്യ ഹോങ്കോംഗുമായി നേരിട്ട് ഇടപെടണമെന്ന് ചൈന. കോടികൾ തട്ടിച്ചു മുങ്ങിയ നീരവ് മോദി ഹോങ്കോംഗിലുണ്ടെന്നാണു കരുതപ്പെടുന്നത്.
ചൈനയുടെ നിയന്ത്രണത്തിലുള്ള ഹോങ്കോംഗിന് സ്വന്തമായ ഭരണ-നിയമവ്യവസ്ഥകളുണ്ടെന്നും അതിനാൽതന്നെ ഹോങ്കോംഗുമായി നേരിട്ട് ഇടപാടുകൾ നടത്താമെന്നും ചൈനീസ് വിദേശകാര്യ വക്താവ് വ്യക്തമാക്കി. ഇന്ത്യ ഹോങ്കോംഗിനോട് അഭ്യർഥന നടത്തിയാൽ നടപടികളിൽ പൂർണ അധികാരം ഹോങ്കോംഗിനു കൈമാറുമെന്നും ചൈനീസ് വക്താവ് അറിയിച്ചു. കുറ്റവാളികളെ കൈമാറുന്നതു സംബന്ധിച്ച് ഇന്ത്യയും ഹോങ്കോംഗും തമ്മിൽ കരാർ നിലവിലുണ്ട്. എന്നാൽ ചൈനയുമായി ഇത്തരത്തിൽ കരാറുകളില്ല.
കോടികളുടെ തട്ടിപ്പു നടത്തി രാജ്യംവിട്ട നീരവ് മോദിക്കും മെഹുൽ ചോക്സിക്കുമെതിരേ ഇന്ത്യയിൽ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. സിബിഐയുടെ അഭ്യർഥനപ്രകാരം മുംബൈ കോടതിയാണ് ഇരുവർക്കുമെതിരേ വാറന്റ് പുറപ്പെടുവിച്ചത്. നീരവ് മോദിയെ അറസ്റ്റ് ചെയ്യണമെന്ന് ഇന്ത്യ ഹോങ്കോംഗിനോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ജാമ്യമില്ലാ അറസ്റ്റ് വാറന്റും പുറപ്പെടുവിക്കുന്നത്. ഇരുവരുടെയും പാസ്പോർട്ടുകൾ സിബിഐ കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ ഇന്ത്യ മരവിപ്പിച്ചിരുന്നു.
തട്ടിപ്പു നടത്തി നേടിയ കോടിക്കണക്കിനു രൂപ നീരവ് മോദി വിദേശരാജ്യങ്ങളിലെവിടെയോ നിക്ഷേപിച്ചിരിക്കുകയാണെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിൽ തെളിഞ്ഞത്. നീരവ് മോദി പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,578 കോടിയുടെ തട്ടിപ്പു നടത്തിയാണ് മുങ്ങിയത്. നീരവിന്റെ ഇന്ത്യയിലെ സ്ഥാപനങ്ങളിലും വസതികളിലും നടന്ന റെയ്ഡിൽ കോടികളുടെ സ്വത്ത് കണ്ടെത്തിയിരുന്നു.
നേരത്തെ ബെൽജിയത്തിലെ നീരവ് മോദിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു. രണ്ട് അക്കൗണ്ടുകളാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിർദേശപ്രകാരം ബെൽജിയം സർക്കാർ മരവിപ്പിച്ചത്. ഫെബ്രുവരി 14നാണു നീരവ് മോദിയുടെ തട്ടിപ്പു സംബന്ധിച്ച ആദ്യ റിപ്പോർട്ടുകൾ പുറത്തുവന്നത്.
കല്ല്യാണ്‍ ജ്വല്ലേഴ്‌സിന്റെ തട്ടിപ്പ് പുറത്തുകൊണ്ടുവന്ന എസ്‌ഐയെ സ്ഥലംമാറ്റാന്‍ വീണ്ടും സമ്മർദ്ദം. കല്യാൺ ജൂവലേഴ്‌സിനെതിരെയുള്ള വാർത്ത മാധ്യമങ്ങൾക്ക് നൽകി എന്ന പേരിൽ തമ്പാനൂർ എസ് ഐ സമ്പത്തിനെ സ്ഥലം മാറ്റാൻ ഉന്നതരുടെ ഭീഷണി. സമ്പത്തിനെ തെറിപ്പിച്ച് ഇതിന് പ്രതികാരം ചെയ്യാനാണ് കല്യാണിന്റെ സമ്മർദ തന്ത്രം. ഇതിനോട് കൂടെ കല്യാൺ ജൂവലേഴ്‌സിനെതിരെ സോഷ്യൽ മീഡിയയിൽ കുറിപ്പെഴുതിയതിന് സാമുഹ്യപ്രവർത്തക ധന്യരാമനെതിരെയും പല രീതിയിലും ഭീഷണി ഉയർന്നിരുന്നു. വലിയ രീതിയിലാണ് കല്യാൺ തങ്ങൾക്കെതിരെയുള്ള വാർത്തകൾ മുക്കാൻ വേണ്ടി രംഗത്തെത്തിയിരിക്കുന്നത്.വാർത്ത പുറത്തുവന്നതിന്റെ പേരിൽ തമ്പാനൂർ എസ് ഐ സമ്പത്തിനെതിരെ നടപടിക്കും ചില കേന്ദ്രങ്ങൾ നീക്കം നടത്തി. ഇതിന് പിന്നിൽ കല്യാൺ ഗ്രൂപ്പാണെന്ന് ധന്യാരാമനെ പോലുള്ള സാമൂഹിക പ്രവർത്തകരും ആരോപിക്കുന്നു.
ഇതോടെ തമ്പാനൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ കേസ് സത്യമാണെന്നതിന് സ്ഥിരീകരണമാവുകയാണ്. ഈ വാർത്ത ചില മുഖ്യധാരാ മാധ്യമങ്ങൾ നൽകിയില്ല. എന്നാൽ കല്യാണിന്റെ വിശദീകരണം കൊടുക്കുകയും ചെയ്തു. സോഷ്യൽ മീഡിയിയൽ കല്യാണിനെതിരായ വാർത്ത പ്രചരിപ്പിക്കുന്നവരെ ഭീഷണിപ്പെടുത്താനായി തയ്യാറാക്കിയ പത്രക്കുറിപ്പ് രണ്ട് പത്രങ്ങളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. തിരുവനന്തപുരം കല്യാൺ ജുവല്ലറിയിൽ നിന്നും വിറ്റ അഞ്ചര പവൻ നെക്ലേസിൽ ആകെ ഉണ്ടായിരുന്നത് ഒന്നര പവൻ സ്വർണമാണെന്ന് വാർത്ത ഒരു ഓണ്‍ലൈന്‍ മാധ്യമം പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ ദുബായിൽ പ്രചരിച്ച ഒരു വീഡിയോയുടെ പേരിൽ കല്യാണിനെതിരെ വ്യാജവാർത്ത പ്രചരിച്ചവർക്കെതിരെ കേസ് നൽകിയെന്നു പറഞ്ഞ് ഇന്നത്തെ പത്രങ്ങളിലെല്ലാം വാർത്ത നൽകുകയും ചെയ്തു.
വ്യാജ വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു എന്ന പേരിൽ ചിലരെ കസ്റ്റഡിയിൽ എടുത്തുവെന്നും കല്യാണിന്റെ പരസ്യം സ്ഥിരമായി സ്വീകരിക്കുന്ന പത്രങ്ങളിൽ നൽകിയ പരസ്യത്തിൽ പറഞ്ഞിരുന്നു. എന്നാൽ അറസ്റ്റിലായവരുടെ പേരോ മറ്റ് വിവരങ്ങളോ അതിൽ ഇല്ലായിരുന്നു. സോഷ്യൽ മീഡിയയെ അറസ്റ്റു ഭീതിയിൽ ഒതുക്കാനുള്ള തന്ത്രമായിരുന്നു ഈ വാർത്ത. ദുബായിൽ കേസെടുത്തു എന്ന വിധത്തിലാണ് വാർത്തകൾ. കല്യാണിന്റെ പി ആർ വിഭാഗം അയച്ചു നൽകിയ വാർത്ത അതേപടി പ്രസിദ്ധീകരിക്കുകയാണ് ഇന്നത്തെ മിക്ക പത്രങ്ങളും ചെയ്തതെന്ന് ആരോപണവുമുണ്ട്. വാർത്തയുടെ സ്വഭാവം പരിശോധിച്ചാൽ തന്നെ ഇക്കാര്യം വ്യക്തമാകും. കല്യാണിൽ നിന്നും വ്യാജസ്വർണം പിടിച്ചെന്ന വിധത്തിൽ കുറച്ചുകാലമായി സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചിരുന്നു. വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെയാണ് നടപടിയെന്ന വിധത്തിലാണ് വാർത്തകൾ
കുമ്പളത്ത് വീപ്പയ്ക്കുള്ളില്‍നിന്നു ഉദയംപേരൂര്‍ സ്വദേശിനി ശകുന്തളയുടെ അസ്ഥികൂടം ലഭിച്ച കേസില്‍ പോലീസിന്റെ അന്വേഷണത്തിനു വീണ്ടും തടസം. ശകുന്തളയുടെ മകള്‍ അശ്വതി നുണ പരിശോധനയ്ക്കു തയ്യാറല്ലെന്ന് കോടതിയെ അറിയിച്ചതാണ് ഇപ്പോള്‍ അന്വേഷണ സംഘത്തിനു തലവേദനയായത്.
പോലീസിനോട് ആദ്യം നുണ പരിശോധനയ്ക്കു തയ്യാറാണെന്ന് പറഞ്ഞ അശ്വതി കോടതിയില്‍ എത്തിയപ്പോള്‍ അഭിഭാഷകന്‍ മുഖേന നിലപാട് മാറ്റുകയായിരുന്നു. മുഖ്യപ്രതിയെന്ന് പോലീസ് പറയുന്ന അശ്വതിയുടെ കാമുകന്‍ സജിത്തിലേക്ക് എത്താനുള്ള വഴിയാണ് ഇതോടെ അടഞ്ഞത്.
ശകുന്തളയുടെ മൃതദേഹം ലഭിച്ചതിന്റെ അടുത്ത ദിവസം സജിത്തിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അന്വേഷണം തന്നിലേക്കെത്തുമെന്ന് ഉറപ്പായതോടെ സജിത്ത് ആത്മഹത്യ ചെയ്തതാകാമെന്ന നിലപാടാണ് പോലീസിനുള്ളത്. അശ്വതി നുണ പരിശോധനയ്ക്കു വിധേയയാക്കി ദൂരൂഹതകളുടെ ചുരുളഴിക്കാമെന്നാണ് പോലീസ് കരുതിയത്. പ്രശ്‌നത്തില്‍ വീണ്ടും ആലോചിച്ച ശേഷം നിലപാട് അറിയിക്കാന്‍ കോടതി അശ്വതിയുടെ അഭിഭാഷകന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അശ്വതി നുണ പരിശോധനയ്ക്കു തയാറായില്ലെങ്കില്‍ കൂടുതല്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ സ്വീകരിച്ച് മുന്നോട്ടു പോകുമെന്ന് എറണാകുളം സൗത്ത് സിഐ സിബി ടോം പറഞ്ഞു. അശ്വതിയുടെ മൊഴികളില്‍ വൈരുദ്ധ്യം കണ്ടതോടെയാണ് നുണ പരിശോധനയുടെ സാധ്യതകള്‍ തേടിയത്.
ചോദ്യം ചെയ്യാന്‍ ഇനി ആരും ബാക്കിയില്ല. എങ്കിലും അന്വേഷണത്തിനിടയില്‍ കണ്ടെത്തിയ ചില കാര്യങ്ങളുടെ വെളിച്ചത്തില്‍ മുന്നോട്ടു പോകാനുള്ള ശ്രമമാണു പോലീസ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ജനുവരി ഏഴിന് കുമ്പളം ടോള്‍ പ്ലാസയ്ക്കു സമീപമുള്ള ഒഴിഞ്ഞ പറമ്പില്‍ ഉപേക്ഷിച്ച നിലയിലാണു വീപ്പ കണ്ടെത്തിയത്.
വീപ്പയില്‍നിന്നു ലഭിച്ച മൃതദേഹം സ്ത്രീയുടെതാണെന്നു പരിശോധനയില്‍ തെളിഞ്ഞിരുന്നു. കാലുകള്‍ കൂട്ടിക്കെട്ടി വീപ്പയില്‍ തലകീഴായി ഇരുത്തി കോണ്‍ക്രീറ്റ് ചെയ്ത നിലയിലായിരുന്നു മൃതദേഹം. അല്‍പ വസ്ത്രം ധരിച്ചിരുന്ന മൃതദേഹത്തോടൊപ്പം മൂന്ന് 500 രൂപ നോട്ടുകളും കണ്ടെത്തിയിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഇടത് കണങ്കാലില്‍ ശസ്ത്രക്രിയ നടത്തി സ്റ്റീല്‍ കന്പിയിട്ടിട്ടുള്ളതായി കണ്ടെത്തി.
വര്‍ഷങ്ങള്‍ക്കു മുന്‍പ് അപകടത്തില്‍ പരിക്കേറ്റ ഇത്തരം ശസ്ത്രക്രിയ നടത്തിയവരെ സംബന്ധിച്ചു നടത്തിയ അന്വേഷണമാണ് ശകുന്തളിയിലേക്കെത്തിച്ചത്. മകള്‍ അശ്വതിയുടെ ഡിഎന്‍എയുമായി അസ്ഥികൂടത്തിനു പൊരുത്തമുണ്ടെന്നു കണ്ടെത്തിയതോടെ അന്വേഷണ സംഘം ശകുന്തളയാണു മരിച്ചതെന്ന് ഉറപ്പു വരുത്തി.
പാമ്പാടി പള്ളിക്കത്തോട് മുണ്ടന്‍ കവലയില്‍ കഞ്ചാവു വിൽപ്പന നടത്തിയതു ചോദ്യം ചെയ്യാനെത്തിയ യുവാവ് മർദ്ദനമേറ്റു മരിച്ചു. പാമ്പാടി പാറയ്ക്കൽ ഉല്ലാസ് ആണ് മരിച്ചത്. തെക്കേൽ അജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതി അജേഷ് സ്ഥിരം കഞ്ചാവു വില്‍പ്പക്കനക്കാരനാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
തുമ്പോളി ഭാഗത്തുള്ള അജേഷിന്റെ വീട്ടില്‍ വച്ച് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ഉച്ചയ്ക്ക് ഒരാൾ അജേഷിന്റെ വീട്ടിലേക്കു പോകുന്നത് വഴിയിരികിൽ കൂട്ടുകാരുമായി സംസാരിച്ചുകൊണ്ടിരുന്ന ഉല്ലാസ് കണ്ടു. ഇയാൾ കഞ്ചാവ് വാങ്ങാനാണ് അജേഷിന്റെ വീട്ടിൽ പോകുന്നതെന്ന സംശയത്തെ തുടർന്ന് ഇതു ചോദ്യം ചെയ്യാൻ കൂട്ടുകാരനെയും കൂട്ടി ഉല്ലാസ് അജേഷിന്റെ വീട്ടിലെത്തുകയായിരുവെന്നു.
എന്നാൽ, വീടിനുള്ളിൽ ഉല്ലാസും അജേഷുമായി സംസാരിക്കുന്നതിനിടെ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായെന്നു ദൃക്സാക്ഷികൾ പറയുന്നു. തിരികെ മടങ്ങിയ ഉല്ലാസ് വീണ്ടും കൂട്ടുകാരെയും കൂട്ടി അജേഷിനെ ചോദ്യം ചെയ്യാനെത്തി. ഇതിനിടെ അജേഷ് കമ്പി വടിയെടുത്തു തലയുടെ പുറകിൽ അടിച്ചതോടെ ഉല്ലാസ് ബോധരഹിതനായി വീഴുകയായിരുന്നു. കൂട്ടുകാർ ഉടൻ ഉല്ലാസിനെയുമായി പാമ്പാടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ഉല്ലാസ് മരിച്ചിരുന്നു.
അടിയേറ്റ ഉല്ലാസിനു പരുക്ക് മാത്രമെ ഉള്ളുവെന്നു കരുതി അജേഷും തൊട്ടുപിന്നാലെ ആശുപത്രിയില്‍ ചികൽസ തേടാനെത്തി. ഉല്ലാസ് മരിച്ച വിവരം അറിഞ്ഞ അജേഷ് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് എത്തി പിടികൂടുകയായിരുന്നു. ഭാര്യയെ കൊന്ന കേസില്‍ അജേഷിന്റെ പിതാവ് വർഷങ്ങൾ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇതേ തുടർന്നു ഒറ്റക്കായാരുന്നു അജേഷിന്റെ താമസം.
കോളജ് വിദ്യാര്‍ഥികളടക്കം ഒന്‍പതുമലയാളികള്‍ നൂറ്റിയെട്ടുകിലോ കഞ്ചാവുമായി ബെംഗളൂരുവില്‍ പിടിയിലായി. ഒഡീഷയില്‍ നിന്ന് ബെംഗളൂരുവിലേയ്ക്ക് കഞ്ചാവ് കടത്തുന്നതിനിടയിലാണ് ഇവര്‍ പൊലീസിന്റെ പിടിയിലായത്. കേരളത്തിലടക്കം കഞ്ചാവ് വില്‍പന നടത്തുന്ന വന്‍സംഘമാണ് ഇവരെന്ന് പൊലീസ് അറിയിച്ചു.
തൃശൂർ സ്വദേശികളായ നൈനേഷ്, ഷിനാസ്, നബീൽ, മുഷ്താഖ്. കൊച്ചി സ്വദേശികളായ അനസ്,പ്രജീൽദാസ്, ഷാഫി. തിരുവനന്തപുരം സ്വദേശിസാജൻ, മലപ്പുറം സ്വദേശി അക്ഷയ്കുമാർ, എന്നിവരാണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. ഇവരുപയോഗിച്ചിരുന്ന രണ്ടു കാറുകളില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബെംഗളൂരു ഇന്ദിരാനഗറിലുള്ള നൈനേഷിന്റെ വീട്ടിൽ നിന്നും പൊലീസ് കഞ്ചാവ് കണ്ടെടുത്തു. വിവിധ സംസ്ഥാനങ്ങളിലായി കഞ്ചാവ് വില്‍പന നടത്തുന്ന വന്‍ സംഘത്തിന്റെ തലവനാണ് നൈനേഷ് എന്നും, ഇയാള്‍ക്കെതിരെ കേരളത്തിലും കര്‍ണാടകയിലും നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ ടി.സുനീൽകുമാർ പറഞ്ഞു.
ഒഡീഷ, വിശാഖപട്ടണം എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ പ്രധാനമായും കഞ്ചാവ് എത്തിക്കുന്നത്. ഇത് കേരളത്തിലും, തമിഴ്നാട്ടിലും, ബെംഗളൂരുവിലും വില്‍പന നടത്തും. കോളജ് വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചാണ് സംഘം കഞ്ചാവ് വില്‍പന നടത്തിയിരുന്നത്. ഒഡീഷയില്‍ നിന്നും ബെംഗളൂരുവിലേയ്ക്ക് കഞ്ചാവ് കൊണ്ടുവരുമെന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് സംഘത്തെ വലയിലാക്കിയത്.
കോട്ടയത്ത് ഉറങ്ങിക്കിടന്ന വീട്ടമ്മയെ വാക്കത്തി ഉപയോഗിച്ച് ഭർത്താവ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അൻപതിലേറെ വെട്ടുകളേറ്റ പേരൂർ പൂവത്തുംമൂടിനു സമീപം വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി രാജമുടി ഓലിക്കൽ വീട്ടിൽ മേരി (67) ആശുപത്രിയിൽ എത്തിക്കുംമുൻപേ മരിച്ചു.മേരിക്കൊപ്പം ഉറങ്ങിക്കിടന്ന ചെറുമകൻ റിച്ചഡിന് (എട്ട്) തലയിൽ വെട്ടേറ്റു. സംഭവത്തിൽ ഭർത്താവ് മാത്യു ദേവസ്യ (പാപ്പച്ചൻ– 70) അറസ്റ്റിലായി.
പൊലീസിന്റെ റിപ്പോർട്ട് അനുസരിച്ച് ആഴത്തിലുള്ള 34 വെട്ടുകളും 20 ചെറുമുറിവുകളും 67 വയസ്സുള്ള ആ വീട്ടമ്മയുടെ ശരീരത്തിലുണ്ടായിരുന്നു. ശരീരഭാഗങ്ങൾ വെട്ടേറ്റുപിളർന്ന നിലയിലായിരുന്നു. മേരിയെ ഭാർത്താവ് മാത്യു ദേവസ്യ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ വിധം കണ്ടു ദേഹപരിശോധന നടത്തിയ പൊലീസുകാർ പോലും അമ്പരന്നു.
സംശയ രോഗിയായ മാത്യുവും ഭാര്യയുമായി വഴക്കു പതിവായിരുന്നെന്നു മക്കൾ മൊഴിനല്‍കി. മൂന്നാമത്തെ മകൾ ജോയ്സിന്റെ ജോലി ആവശ്യങ്ങൾക്കായി കോട്ടയത്തെത്തിയ മാത്യു നാട്ടിലേക്കു മടങ്ങണമെന്നു നിരന്തരം ആവശ്യപ്പെട്ടു വഴക്കിടുമായിരുന്നു. ഒരു പ്രകോപനവുമില്ലാതെയാണ് ഇന്നലെ മേരിക്കു നേരെ ആക്രമണം നടത്തിയതെന്നു പൊലീസ് പറയുന്നു.
മനസ്സിൽ സൂക്ഷിച്ചിരുന്ന പകയും വിദ്വേഷവും മുഴുവൻ 54 വെട്ടുകളിലൂടെ മാത്യു ദേവസ്യ ഭാര്യയോടു തീർത്തു. അതിക്രൂരമായ കൊലപാതകം ചെയ്തിട്ടും കുറ്റബോധത്തിന്റെ ചെറുവികാരം പോലും മാത്യുവിന്റെ മുഖത്തുണ്ടായിരുന്നില്ല.
മേരിയുടെ കഴുത്തിനു വെട്ടുകയായിരുന്നു. മേരിയുടെയും റിച്ചാർഡിന്റെയും അലമുറ കേട്ടിട്ടും മാത്യുവിന്റെ മനസ്സ് അലിഞ്ഞില്ല. വീണ്ടും മേരിയെ തുടരെ വെട്ടി. കട്ടിലിൽ നിന്നു നിലത്തുവീണിട്ടും വെട്ടു തുടർന്നു. സംഭവസമയം വീട്ടിലുണ്ടായിരുന്ന മരുമകൻ സജി ജോസഫ് അറിയിച്ചതനുസരിച്ചു പൊലീസ് എത്തുമ്പോൾ മേരിയുടെ ശരീരഭാഗങ്ങൾ വെട്ടേറ്റു ചിതറിയ നിലയിലായിരുന്നു.
പൊലീസ് ചോദ്യം ചെയ്തപ്പോഴും തെളിവെടുപ്പിനു കൊലപാതകം നടത്തിയ വീട്ടിൽ എത്തിച്ചപ്പോഴും പ്രതി അക്ഷോഭ്യനായിരുന്നു. തെളിവെടുപ്പിനിടയിലും പൊലീസിന്റെ സാന്നിധ്യത്തിൽ പോലും ഇയാൾ ഭാര്യയെ കുറ്റപ്പെടുത്തുന്നുണ്ടായിരുന്നു. രണ്ടു മാസം മുൻപാണു മേരിയും മാത്യുവും ഇവിടെ താമസത്തിന് എത്തിയത്. അയൽവീടുകളുമായി അടുപ്പം ഉണ്ടായിരുന്നില്ല.
ഇന്നലെ പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. മാത്യു ദേവസ്യയുടെ സംശയരോഗംമൂലം ഭാര്യ മേരിയുമായി കലഹം പതിവായിരുന്നെന്നു പൊലീസ് പറഞ്ഞു.
മാത്യുവും മേരിയും റിച്ചഡും ഒരേ മുറിയിലെ രണ്ടു കട്ടിലുകളിലായാണു കിടന്നിരുന്നത്. പുലർച്ചെ പ്രത്യേകിച്ച് ഒരു പ്രകോപനവുമില്ലാതെ അടുക്കളയിൽ നിന്നു വാക്കത്തി എടുത്ത് കിടപ്പുമുറിയിൽ ചെറുമകനൊപ്പം ഉറങ്ങുകയായിരുന്ന മേരിയെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന മരുമകൻ സജി ജോസഫ് ആണു വിവരം ഏറ്റുമാനൂർ പൊലീസിൽ അറിയിച്ചത്. ഈ ഭാഗത്ത് പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘം മേരിയെ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു.
ഏറെക്കാലമായി കുടുംബത്തിൽ കലഹം നിലനിന്നിരുന്നതായി മക്കൾ പറയുന്നു.മൂന്നാമത്തെ മകൾ ജോയ്സ് കോട്ടയത്ത് ജോലി ചെയ്യുന്നതിനുള്ള സൗകര്യം കണക്കിലെടുത്താണ് രണ്ടു മാസം മുൻപ് പൂവത്തുംമൂട്ടിൽ വീട് വാടകയ്ക്കെടുത്ത് താമസം തുടങ്ങിയത്. ജോയ്സിന്റെ ഭർത്താവാണു സജി. വിദേശത്തു ജോലി ചെയ്യുന്ന സജി രണ്ടാഴ്ച മുൻപാണു നാട്ടിലെത്തിയത്.
ഉടൻ തിരിച്ചുപോകുന്നതിനാൽ മക്കളെ നോക്കുന്നതിനും കൂട്ടിനും വേണ്ടിയാണ് ജോയ്സ് മാതാപിതാക്കളെ ഇവിടേക്ക് കൊണ്ടുവന്നത്. ജോയ്സും ഭർത്താവ് സജിയും ഇവരുടെ ഇളയ മകൻ എഡ്വിനും ഒരു മുറിയിലും മേരിയും ചെറുമകൻ റിച്ചഡും മറ്റൊരു മുറിയിലുമാണ് ഇന്നലെ ഉറങ്ങിയത്.
തലയ്ക്കു വെട്ടേറ്റ റിച്ചഡിന്റെ തലയോട്ടിക്ക് നേരിയ പൊട്ടലുണ്ടെങ്കിലും പരുക്ക് ഗുരുതരമല്ല. തലയ്ക്ക് ആറു തുന്നലുണ്ട്. മെഡിക്കൽ കോളജ് ന്യൂറോ സർജറി വിഭാഗത്തിലാണു കുട്ടിയിപ്പോൾ. മേരിയുടെ സംസ്കാരം നടത്തി. മറ്റു മക്കൾ: ജസ്റ്റിൻ, ജിഷ, ജോയൽ.
30 വർഷമായി രാജമുടിയിൽ താമസമാക്കിയിരുന്ന മാത്യു ഇടയ്ക്കിടെ കുടുംബവുമായി വഴക്കിട്ട് മാസങ്ങളോളം മാറിത്താമസിച്ചിട്ടുണ്ട്. കോട്ടയം ഡിവൈഎസ്പി സഖറിയ മാത്യു, ഏറ്റുമാനൂർ എസ്എച്ച്ഒ എ.ജെ. തോമസ്, എസ്ഐ കെ.ആർ. പ്രശാന്ത്, എഎസ്ഐ ജയകുമാർ, സിപിഒമാരായ സാജുലാൽ, പ്രമോദ്, ജേക്കബ്, സജീഷ് എന്നിവരടങ്ങിയ സംഘമാണു പ്രതിയെ അറസ്റ്റു ചെയ്തത്. ആലപ്പുഴയിൽ നിന്നുള്ള ഫൊറൻസിക് സംഘവും സ്ഥലത്തെത്തി തെളിവെടുപ്പു നടത്തി.
എന്റെ ചിത്രമുണ്ടോ. ഞങ്ങളിലാരെങ്കിലുമുണ്ടോ എന്ന സംശയം സ്ത്രീകള്‍ പരസ്പരം ചോദിച്ചു. ഇല്ലെന്ന മറുപടി കിട്ടിയാലും ആരുടെയും മുഖത്ത് ചിരിയില്ല. പലരുടെയും കണ്ണുകള്‍ കരഞ്ഞ് കലങ്ങിയ അവസ്ഥയില്‍. ചിലര്‍ക്ക് കാര്യങ്ങള്‍ പുരുഷന്‍മാരോട് പറയാന്‍ തന്നെ മടിയായി. ചോറോട്, വൈക്കിലശേരി മേഖലിയിലെ നിരവധി കുടുംബങ്ങളിലെ സ്ത്രീകളുടെ മാസങ്ങളായുള്ള ആശങ്കയാണിത്. ചിലര്‍ വീടിന് പുറത്തിറങ്ങാതായി. പ്രധാന ചടങ്ങുകളില്‍പ്പോലും പങ്കെടുക്കാതായി. പലരും കരഞ്ഞ് കരഞ്ഞ് വീട്ടിനുള്ളിലിരിപ്പായി. നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും മനസില്‍ ഇന്ന് ബിബീഷെന്ന ഫൊട്ടോ എഡിറ്റര്‍ പേടിപ്പെടുത്തുന്ന കഥാപാത്രമാണ്. വിവാഹച്ചടങ്ങിനിടെ പങ്കെടുത്ത സ്ത്രീകളുടെ ഫൊട്ടോ മോര്‍ഫ് ചെയ്തുവെന്ന പ്രചരണം വടകരയുടെ താളം തെറ്റിച്ചിട്ട് കുറച്ചുനാളായി.
ഒടുവില്‍ വടകരയില്‍ സദയം സ്റ്റുഡിയോ നടത്തിപ്പുകാരനായ സതീശനും സഹോദരന്‍ ദിനേശനും പൊലീസ് പിടിയിലായി. എല്ലാ ഫൊട്ടോ എഡിറ്റര്‍ ബിബീഷിന്റെ ഉത്തരവാദിത്തമെന്ന് പറഞ്ഞ് കൈയ്യൊഴിഞ്ഞു. കഥ അവിടെത്തീരുന്നില്ല. അന്വേഷണത്തില്‍ സതീശനും നല്ല പങ്കുണ്ടെന്ന് തെളിഞ്ഞു. ഇടുക്കിയിലെ രാജമുടിയിലെ റബര്‍ എസ്റ്റേറ്റിലെ ആളൊഴിഞ്ഞ വീട്ടില്‍ നിന്ന് ഒന്നാം പ്രതിയും മോര്‍ഫിങ് വിരുതനുമായ ബിബീഷ് പിടിയിലായപ്പോള്‍ ഒരു നാടാകെ വീണ്ടും ജാഗ്രതയിലായി. ബിബീഷിന്റെ വെളിപ്പെടുത്തലിനായി.
കോഴിക്കോട് വടകരയില്‍ വിവാഹ ചടങ്ങിനെത്തിയ ആയിരത്തിലധികം സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്തതായി ഒന്നാം പ്രതി ബിബീഷ് പൊലീസിനോട് സമ്മതിച്ചു. തനിക്ക് പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. അതൊന്നും ഭീഷണിപ്പെടുത്തിയും നഗ്നചിത്രങ്ങള്‍ കാണിച്ചും നേടിയതല്ല. അവരുടെകൂടി താല്‍പര്യത്തോടെയായിരുന്നു. സ്വന്തമായി സ്റ്റുഡിയോ തുടങ്ങാനുള്ള തീരുമാനമാണ് സ്റ്റുഡിയോ ഉടമയെ പ്രകോപിപ്പിച്ചത്. അന്ന് മുതല്‍ വൈരാഗ്യം കൂടി. പലപ്പോഴും നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതിന് പിന്നാലെയാണ് പലര്‍ക്കും ഫോട്ടോ കിട്ടിയതെന്നും വിവാഹച്ചടങ്ങിനെത്തിയ നൂറുകണക്കിന് സ്ത്രീകള്‍ ഉള്‍പ്പെട്ടുവെന്നത് പ്രചരണ തന്ത്രമായിരുന്നുവെന്നും ബിബീഷ് പറയുന്നു. എന്നാല്‍ ഫൊട്ടോ മോര്‍ഫിങിന് പിന്നില്‍ ബിബീഷിന് മാത്രം പങ്കെന്നാണ് സ്റ്റുഡിയോ ഉടമകളുടെ മൊഴി.
രണ്ട് വര്‍ഷത്തിനിടെ ബിബീഷ് തന്റെ സ്വകാര്യ ഹാര്‍ഡ് ഡിസ്കില്‍ ശേഖരിച്ചത് നാല്‍പതിനായിരത്തിലധികം സ്ത്രീകളുടെ ചിത്രങ്ങള്‍. ഇതില്‍ ആയിരത്തിലധികം രൂപമാറ്റം വരുത്തി നഗ്നചിത്രങ്ങളാക്കി. വ്യാജ ഫെയ്സ്ബുക്ക് ഐ.ഡി വഴി നിരവധി വനിതകളുടെ അക്കൗണ്ടിലേക്ക് ഫോട്ടോ അയച്ചു. ചിലരെ ഭീഷണിപ്പെടുത്തി ലൈംഗിക ചൂഷണം നടത്തി. ആറ് മാസം മുന്‍പാണ് ആദ്യ സൂചന ലഭിക്കുന്നത്. വ്യാജ ഐ.ഡിയുടെ ഉടമ ബിബീഷാണെന്ന് സ്റ്റുഡിയോ ഉടമ സതീശന്‍ തിരിച്ചറിഞ്ഞു. മോര്‍ഫ് ചെയ്ത ചിത്രങ്ങളില്‍ കുറച്ച് സതീശന്‍ ഡി.വി.ഡിയിലേക്ക് മാറ്റി സൂക്ഷിച്ചു. സ്റ്റുഡിയോ മാറാന്‍ തയാറെടുത്ത ബിബീഷിനെ ഭീഷണിപ്പെടുത്തി മനംമാറ്റുകയായിരുന്നു ലക്ഷ്യം. കണ്ടാല്‍ ഇഷ്ടപ്പെടുന്ന മുഴുവന്‍ സ്ത്രീകളെയും സ്വന്തമാക്കണമെന്ന മനോവൈകല്യമാണ് ബിബീഷിനെ ഫോട്ടോ മോര്‍ഫിങിന് പ്രേരിപ്പിച്ചത്. വിവാഹച്ചടങ്ങിനെ എടുക്കുന്ന ഫൊട്ടോയ്ക്ക് പുറമെ മൊബൈലിലും ബിബീഷ് ഫോട്ടോയെടുത്ത് സൂക്ഷിച്ചിരുന്നു. ഭീഷണിപ്പെടുത്തിയാണ് പലരെയും ചൂഷണം ചെയ്തിരുന്നത്. രാജമുടിയിലെ റബര്‍ എസ്റ്റേറ്റിലെ ഒറ്റമുറി കെട്ടിടത്തില്‍ ഒളിച്ചു താമസിച്ചിരുന്ന ബിബീഷിനെ ബുധനാഴ്ച പുലര്‍ച്ചെയാണ് വടകര പൊലീസെത്തി പിടികൂടിയത്.
വിവാച്ചടങ്ങിലെ ഫൊട്ടോ ആല്‍ബത്തിലേക്ക് മാറ്റുന്നതിനായി എടുക്കുമ്പോള്‍ സുന്ദരിമാരുടെ ഫൊട്ടോ പ്രത്യേക ഫോള്‍ഡറില്‍ സൂക്ഷിക്കും. സമയലഭ്യത അനുസരിച്ച് ഓരോ ഫോട്ടോയും നഗ്നചിത്രങ്ങളാക്കും. ഇത് കണ്ടാസ്വദിക്കുകയാണ് ലക്ഷ്യം. ചിലരെ ഫോണില്‍ വിളിച്ച് ഇത്തരത്തിലൊരു ഫൊട്ടോ കിട്ടിയിട്ടുണ്ടെന്ന് അറിയിക്കും. ചിലര്‍ ആശങ്കപ്പെട്ട് ബിബീഷിനെ തിരിച്ച് വിളിക്കും. ഈ ആശങ്കയാണ് പലപ്പോഴും ബിബീഷ് മുതലെടുത്തിരുന്നത്. വടകരയില്‍ ഫൊട്ടോ മോര്‍ഫിങിനെതിരായ പരാതി ഉയര്‍ന്നതോടെ ബിബീഷ് വയനാട്ടിലേക്ക് കടന്നു. പതിവായി ഉപയോഗിച്ചിരുന്ന സിം കാര്‍ഡ് ഭാര്യയെ ഏല്‍പ്പിച്ചായിരുന്നു യാത്ര. ഫോണ്‍ ഉപയോഗിക്കാതെ പല ജില്ലകളില്‍ സഞ്ചരിച്ചു.
പിന്നീട് ഭാര്യയുടെ ബന്ധുവീടായ രാജമുടിയില്‍ എത്തുകയായിരുന്നു. ഇവിടെയുള്ള ഒറ്റമുറി വീട്ടില്‍ താമസമാക്കി. മറ്റൊരു നമ്പര്‍ ഉപയോഗിച്ച് ബിബീഷ് അഭിഭാഷകനെ ബന്ധപ്പെട്ടു. ഈ വിവരം മനസിലാക്കിയ പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ രാജമുടിയിലെ ഒളിത്താവളം കണ്ടെത്തുകയായിരുന്നു. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. ജനങ്ങളുടെ മുഴുവന്‍ ഭീതിയും അകറ്റുന്നതിനുള്ള പൊലീസ് ഇടപെടലുണ്ടാകുമെന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ വിശദീകരണം.