Crime

ഷുഹൈബ് വധക്കേസിൽ ഡമ്മി പ്രതികളെ ഏര്‍പ്പാടാക്കാമെന്ന് ഉറപ്പുലഭിച്ചിരുന്നെന്നു അറസ്റ്റിലായ പ്രതി ആകാശ് തില്ലങ്കേരി. കൂടെയുണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് ഉറപ്പു നൽകിയത്. പ്രാദേശിക ഡിവൈഎഫ്ഐ നേതൃത്വമാണ് ക്വട്ടേഷൻ നൽകിയത്. ഭരണമുണ്ടെന്നും പാര്‍ട്ടി സഹായിക്കുമെന്നും പറഞ്ഞു. പ്രതികളെ നല്‍കിയാല്‍ പൊലീസ് കൂടുതല്‍ അന്വേഷിക്കില്ലെന്നും പറഞ്ഞു. അടിച്ചാല്‍ പോരെയെന്ന് ചോദിച്ചപ്പോള്‍ വെട്ടണമെന്ന് നേതാക്കൾ ശഠിച്ചതായും ആകാശ് പൊലീസിനോടു വെളിപ്പെടുത്തി.

അതേസമയം, ഷുഹൈബ് വധം സംഘടനാതലത്തില്‍ അന്വേഷിക്കുന്നുവെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. ആകാശ് തില്ലങ്കേരി സിപിഎം പ്രവര്‍ത്തകനെന്ന് ജില്ലാസെക്രട്ടറി സ്ഥിരീകരിക്കുകയും ചെയ്തു. പാര്‍ട്ടി അന്വേഷണം പൂ‍ര്‍ത്തിയായ ശേഷം നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

സമാധാനയോഗത്തില്‍ പങ്കെടുത്തത് കലക്ടര്‍ വിളിച്ചതുകൊണ്ടെന്ന് കെകെ രാഗേഷ് എംപി പറഞ്ഞു. സമാധാനയോഗം തകര്‍ക്കാനുള്ള ബാലിശനീക്കമാണ് യുഡിഎഫ് നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

ഷുഹൈബ് വധക്കേസിലെ പ്രതിഷേധം തണുപ്പിക്കാന്‍ സര്‍ക്കാര്‍ വിളിച്ച സമാധാനയോഗം പാഴായി. ജനപ്രതിനിധികളെ വിളിക്കാത്ത യോഗത്തില്‍ സിപിഎം എംപിയെ പങ്കെടുപ്പിച്ചതില്‍ യു‍ഡിഎഫ് അംഗങ്ങള്‍ വന്‍ പ്രതിഷേധമുയര്‍ത്തി. അരമണിക്കൂറോളം നീണ്ട വാക്കേറ്റത്തിനൊടുവില്‍ യോഗം യുഡിഎഫ് ബഹിഷ്കരിച്ചു. മുഖ്യമന്ത്രി നേരിട്ട് വിളിക്കുന്ന സമാധാനയോഗത്തില്‍ മാത്രമേ ഇനി പങ്കെടുക്കൂ എന്നും അവര്‍ പ്രഖ്യാപിച്ചു.

അന്യ സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഛേദിച്ച് ഭാര്യ ക്ലോസറ്റിലൊഴുക്കി. പഞ്ചാബിലെ ജോഗീന്ദര്‍ നഗറിലാണ് സംഭവം. ഭര്‍ത്താവ് ആസാദ് സിങിനെതിരെ പരസ്ത്രീ ബന്ധം ആരോപിച്ചായിരുന്നു ഭാര്യ സുഖ്വന്ത് കൗറിന്റെ ആക്രമണം. വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന ആസാദ് സിങിനെ വടികൊണ്ട് അടിച്ച് ബോധരഹിതനാക്കിയ ശേഷം ജനനേന്ദ്രിയം ഛേദിച്ച് ക്ലോസറ്റിലൊഴുക്കുകയായിരുന്നു.

ഭര്‍ത്താവ് ആസാദിന് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്ന് സുഖ്വന്ത് കൗറിന് കടുത്ത സംശയമുണ്ടായിരുന്നു. ഇക്കാരണം പറഞ്ഞ് ഇരുവരും തമ്മില്‍ മുന്‍പും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഭാര്യയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ആസാദിനെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഭാര്യയുടെ ക്രൂരമായ ആക്രമണത്തിന് ഇരയായ ആസാദിന്റെ പിതാവ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

കല്‍പറ്റ:16 കുപ്പി വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍. വൈത്തിരി വടുവന്‍ചാല്‍ വിണ്ണം പറമ്പില്‍ ചന്ദ്രനെയാണ് (55) എക്‌സൈസ് പിടികൂടിയത്. അരക്ക് ചുറ്റം കെട്ടിവെച്ച നിലയിലായിരുന്ന മദ്യക്കുപ്പികള്‍. തമിഴ്‌നാട്ടില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് മദ്യം വാങ്ങിച്ച ശേഷം വൈത്തിരി വടുവന്‍ചാല്‍ മേപ്പാടി കല്‍പ്പറ്റ തുടങ്ങിയ ഭാ?ഗങ്ങളില്‍ വില്‍പ്പന നടത്തുകയായിരുന്നു ഇയാള്‍.

ഇന്നലെ അതിര്‍ത്തി പ്രദേശമായ താളൂരില്‍ വെച്ച് പിടിയിലായ ഇയാളെ ആദ്യം സംശയമൊന്നും തോന്നാതിരുന്ന പോലീസ് പിന്നീട് ശരീരം പരിശോധിച്ചപ്പോള്‍ 16 കുപ്പി വിദേശമദ്യം അരക്കെട്ടില്‍ ഒളിപ്പിച്ചതായി കണ്ടെത്തിയത്. ആരും കാണാത്ത രീതിയില്‍ 16 കുപ്പി മദ്യമാണ് കെട്ടിവച്ചിരുന്നത്. വ്യാജമദ്യവുമായി ബന്ധപ്പെട്ട് മുന്‍പും ഇയാള്‍ അറസ്റ്റിലായിരുന്നു. പ്രിവന്റിവ് ഓഫിസര്‍ വി.ആര്‍.ബാബുരാജിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിനെ കൊലപ്പെടുത്തിയത് ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കിര്‍മാണി മനോജാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. മനോജ് പരോളില്‍ ഇറങ്ങിയ സമയത്താണ് ശുഹൈബ് വധിക്കപ്പെട്ടതെന്നത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നുമാണ് കെ.സുധാകരന്‍ ആരോപിക്കുന്നത്. ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ രീതിക്ക് സമാനമായാണ് ശുഹൈബിനെ വധിച്ചിരിക്കുന്നത്.

ശുഹൈബിന്റെ ശരീരത്തിലെ മുറിവുകളുടെ സ്വഭാവം ഇതു വ്യക്തമാക്കുന്നതായും സുധാകരന്‍ ആരോപിക്കുന്നു. ശുഹൈബിനെ ആക്രമിക്കുമ്പോള്‍ പ്രതികള്‍ ഉപയോഗിച്ചിരുന്ന വാഹനം പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വാടകയ്‌ക്കെടുത്ത രണ്ട് കാറുകളിലാണ് പ്രതികള്‍ കൃത്യം നടത്താന്‍ എത്തിയത്. ഈ വാഹനങ്ങള്‍ തിരിച്ചറിഞ്ഞതായി പോലീസ് പറയുന്നു.

കേസിലെ മറ്റു പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അടുത്തുള്ള സംസ്ഥാനങ്ങളിലേക്ക് പ്രതികള്‍ രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ട്ടി ഗ്രാമങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും വിവരങ്ങള്‍ കൈമാറിയതായി പോലീസ് വ്യക്തമാക്കി.

സൗദി അറേബ്യയില്‍ ആളൊഴിഞ്ഞ സ്ഥലത്ത് മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് നാദാപുരം സ്വദേശി കക്കട്ടില്‍ പുളിച്ചാലില്‍ കുഞ്ഞബ്ദുല്ല (38), ഭാര്യ കുനിങ്ങാട് മാഞ്ഞിരോളി മീത്തല്‍ റിസ്‌വാന(30) എന്നിവരാണ് മരിച്ചത്. സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍പ്പെട്ട അല്‍ഹസ്സ നഗരത്തിന് സമീപം ജനവാസമില്ലാത്ത സ്ഥലത്താണ് തിങ്കളാഴ്ച വൈകിട്ടു ദുരൂഹ സാഹചര്യത്തില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സൗദിയില്‍ ബ്രാഞ്ചുകളുള്ള ഒരു പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റിലെ ഡ്രൈവറാണ് കുഞ്ഞബ്ദുല്ല. സന്ദര്‍ശക വീസയില്‍ വന്നു ഭര്‍ത്താവിനോടൊപ്പം അല്‍ഹസ്സയില്‍ കഴിയുകയായിരുന്നു റിസ്‌വാന. ഇവര്‍ക്ക് മക്കളില്ല. മൊയ്തു- കുഞ്ഞാമി ദമ്പതികളുടെ മകനാണ് കുഞ്ഞബ്ദുല്ല. ഇബ്രാഹിം ഹാജി – ഖദീജ ദമ്പതികളുടെ മകളാണു റിസ്‌വാന.

ദമാമില്‍നിന്നു മടങ്ങുന്ന വഴി അല്‍ഹസ്സയിലേയ്ക്ക് 25 കിലോമീറ്റര്‍ അകലെയുള്ള അല്‍അയൂന്‍ എന്ന വിജനമായ സ്ഥലത്താണു വാഹനം കണ്ടെത്തിയത്. ദമ്പതികള്‍ ജീവനൊടുക്കിയതായിരിക്കുമെന്നു പൊലീസ് പറഞ്ഞതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. മരണ കാരണം അന്വേഷിക്കുകയാണ്. വിവരമറിഞ്ഞ് അല്‍ഹസ്സയിലെത്തിയ കുഞ്ഞബ്ദുല്ലയുടെ റിയാദിലുള്ള പിതൃസഹോദരന്‍ കരീമും റിസ്വാനയുടെ അമ്മാവനും തുടര്‍ നടപടികള്‍ക്കായി സ്ഥലത്തുണ്ട്.

ഞായറാഴ്ച അല്‍ഹസ്സയില്‍നിന്നു 150 കിലോമീറ്റര്‍ അകലെയുള്ള ദമാമിലേക്കു പുറപ്പെട്ട ഇവരെ കുറിച്ചു വിവരമില്ലെന്നു സുഹൃത്തുക്കള്‍ പൊലീസില്‍ വിവരമറിയിച്ചിരുന്നു. തുടര്‍ന്നു നടന്ന തിരച്ചിലില്‍ വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു വാഹനം കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. അതനുസരിച്ചു സ്ഥലത്തെത്തിയവര്‍ വാഹനം കുഞ്ഞബ്ദുല്ല സഞ്ചരിച്ചതു തന്നെയെന്നു സ്ഥിരീകരിക്കുകയായിരുന്നു. വാഹനത്തിനു സമീപ പ്രദേശത്തുനിന്നു കണ്ടെത്തിയ രണ്ടു മൃതദേഹങ്ങള്‍ പൊലീസ് അല്‍ഹഫൂഫ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റിയിരുന്നു. ഇതു കുഞ്ഞബ്ദുല്ലയുടേതും റിസ്‌വാനയുടേതുമാണെന്നു ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.

ചെന്നൈ: ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ. ചെങ്കല്‍പെട്ടിലെ മഹിളാ കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പ്രതി ദസ്വന്തിനെതിരെ കൊലപാതകത്തിനും തെളിവ് നശിപ്പിച്ചതിനും ലൈംഗിക പീഡനത്തിനും കുട്ടികള്‍ക്ക് നേരെയുള്ള പീഡനത്തിനും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് ഫയല്‍ ചെയ്യപ്പെട്ടിരിക്കുന്നത്.

പ്രതി കുറ്റക്കാരനാണെന്ന് നേരത്തെ മഹിളാ കോടതി കണ്ടെത്തിയിരുന്നു. ചെന്നൈയ്ക്കടുത്തുള്ള മുഗളിവാക്കത്തെ അപ്പാര്‍ട്ട്മെന്റില്‍നിന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. വീട്ടില്‍ മാതാപിതാക്കളില്ലാത്ത സമയം നോക്കി കുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച പ്രതി കുട്ടി ബഹളം വെച്ചതോടെ കൊലപ്പെടുത്തിയെന്നുമാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

മൃതദേഹം ഒരുദിവസം താമസ സ്ഥലത്ത് സൂക്ഷിച്ച പ്രതി അടുത്ത ദിവസം മൃതദേഹം ബാഗിലാക്കി പ്രദേശത്തെ പാലത്തിനടിയില്‍ ഉപേക്ഷിച്ചു. തൊട്ടടുത്ത ദിവസം സ്ഥലത്ത് വീണ്ടുമെത്തിയ മൃതദേഹം കത്തിച്ചു. ഇതിനുശേഷം വഴിപോക്കനെന്ന് നടിച്ച് പോലീസിനെ വിവരം അറിയിച്ചതും ഇയാളാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ കൊലപ്പെടുത്തിയത് സിപിഎം പ്രവര്‍ത്തകര്‍ തന്നെയെന്ന് ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാന്‍. അറസ്റ്റിലായവര്‍ സിപിഎം പ്രവര്‍ത്തകരാണ്. ഇവര്‍ ശുഹൈബിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ട്. അറസ്റ്റിലായത് ഡമ്മി പ്രതികളെന്ന വാദം തെറ്റാണെന്നും ഉത്തരമേഖല ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.

ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നവര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തുവെന്നതിന് കൃത്യമായ തെളിവുകള്‍ ഉണ്ടെന്നും കേസുമായി ബന്ധപ്പെട്ട എല്ലാ ഗുഢാലോചനയും തെളിയിക്കുമെന്നും രാജേഷ് ദിവാന്‍ അറിയിച്ചു. ഇതുവരെ 15 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 55 സ്ഥലത്ത് പരിശോധന നടത്തി. ബാക്കിയുള്ള പ്രതികളും ഉടന്‍ അറസ്റ്റിലാവും. പോലീസ് അന്വേഷണത്തില്‍ സംശയമുള്ളവര്‍ക്ക് കോടതിയെ സമീപിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാമെന്നും രാജേഷ് ദിവാന്‍ പറഞ്ഞു.

നേരത്തെ പിടിയിലായ പ്രതികള്‍ സിപിഎം പ്രവര്‍ത്തകരെല്ലെന്ന് വാദിച്ച് കോടിയേരി ബാലകൃഷ്ണന്‍ രംഗത്തു വന്നിരുന്നു. ഈ വാദം തെറ്റാണെന്ന് ഉറപ്പിക്കുന്നതാണ് ഉത്തരമേഖല ഡിജിപിയുടെ പ്രസ്താവന. പിടിയിലായ ആകാശ് തില്ലങ്കേരിയും സിപിഎം നേതാക്കളുമായുള്ള ചിത്രങ്ങള്‍ നവ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

മുംബൈ: ലൈംഗികബന്ധത്തിന് വിസമ്മതിച്ച കൂട്ടുകാരിയെ യുവാവ് ഷൂ ലെയ്‌സുകൊണ്ട് കഴുത്ത് ഞെരിച്ച് കൊന്നു. മഹാരാഷ്ട്രയിലാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകം നടന്നത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 20 കാരിയായ അങ്കിതയെന്ന യുവതിയെ ഹരിദാസ് നിര്‍ഗുഡെയെന്നയാള്‍ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

ഫേസ്ബുക്ക് വഴി അങ്കിതയുമായി സൗഹൃദം സ്ഥാപിച്ച് ഹരിദാസ് നിര്‍ഗുഡെ ഞായറാഴ്ച്ച പെണ്‍കുട്ടിയെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടിലെത്തിയ അങ്കിതയോട് ഇയാള്‍ മോശമായി പെരുമാറാന്‍ തുടങ്ങി. ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചെങ്കിലും യുവതി ഹരിദാസിന്റെ ആവശ്യം നിരാകരിച്ചു. ഇതില്‍ പ്രകോപിതനായ ഹരിദാസ് ഷൂ ലെയ്‌സ് ഉപയോഗിച്ച് പെണ്‍കുട്ടിയെ വകവരുത്തുകയായിരുന്നു.

കൊലപ്പെടുത്തിയതിന് ശേഷം ഹരിദാസ് യുവതിയുടെ മൃതദേഹം സമീപത്തുള്ള പറമ്പില്‍ ഉപേക്ഷിച്ചു. മൃതദേഹം കണ്ടതോടെ നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ നിന്ന് തന്നെ കൃത്യം നടത്തിയത് ഹരിദാസ് ആണെന്ന് വ്യക്തമായി. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിനെ വെട്ടിക്കൊന്നവര്‍ ഒളിച്ചു താമസിച്ചത് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ മുഴക്കുന്ന് മുടക്കോഴി മലയില്‍. സിപിഎം പാര്‍ട്ടി ഗ്രാമങ്ങളിലേക്ക് പോലീസ് തെരെച്ചില്‍ വ്യാപിപ്പിച്ചതായി വിവരം ലഭിച്ച ശേഷം ആകാശ് തില്ലങ്കേരിയും റിജിന്‍ രാജും ഇവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. അന്വേഷണം ഊര്‍ജിതമായി തുടരുന്നതിനിടയില്‍ പ്രതികള്‍ ഇന്നലെ പോലീസില്‍ കീഴടങ്ങി.

കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തത് അഞ്ച് പേരെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇപ്പോള്‍ പിടിയിലായ രണ്ട് പേര്‍ ശുഹൈബിന് വെട്ടി വീഴ്ത്തിയവരില്‍ ഉള്‍പ്പെട്ടവരാണ്. ആകാശ് തില്ലങ്കേരിയും, റിജിന്‍രാജും സിപിഎം പ്രദേശിക നേതൃത്വവുമായി നല്ല അടുപ്പം സൂക്ഷിക്കുന്ന പാര്‍ട്ടി അനുയായികളാണ്. ആകാശും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ കൂടെയുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷിന്റെ കൊലപാതകത്തില്‍ പ്രതികളായവരാണ് കസ്റ്റഡിയിലുള്ള ആകാശ് തില്ലങ്കേരി, റിജിന്‍ രാജ് ഇവരുടെ സുഹൃത്ത് ശ്രീജിത്ത് എന്നിവര്‍. പ്രതികളെ വൈദ്യ പരിശോധനയ്ക്ക് ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും. പരോളിലായിരുന്ന ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ശുഹൈബ് വധവുമായി ബന്ധമില്ലെന്നാണ് റിപ്പോര്‍ട്ട്.

കൊച്ചി: നെടുമ്പാശേരിയില്‍ വിമാനത്താവളത്തിന് സമീപത്തു നിന്ന് 30 കോടി രൂപ മൂല്യമുള്ള ലഹരിമരുന്ന് വേട്ട നടത്തിയ എക്‌സൈസ് സംഘത്തിന് വധഭീഷണി. ഇന്റര്‍നെറ്റ് കോള്‍ വഴി വന്ന ഭീഷണിയിവല്‍ ഇനി നിങ്ങള്‍ ഞങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്നാണ് പറയുന്നത്. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡായിരുന്നു 5 കിലോ എംഡിഎംഎ പിടിച്ചെടുത്തത്.

സ്‌ക്വാഡിലെ എല്ലാ അംഗങ്ങളുടെയും ചിത്രങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും സന്ദേശത്തില്‍ പറയുന്നു. മയക്കുമരുന്നിനേക്കുറിച്ച് വിവരം നല്‍കിയ ആള്‍ക്കാണ് സന്ദേശം ലഭിച്ചത്. ഇതിന്റെ ഉറവിടം മുംബൈ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വിമാനത്താവളം വഴി കടത്താനെത്തിച്ച് മയക്കുമരുന്നാണ് കഴിഞ്ഞ ശനിയാഴ്ച പിടിച്ചെടുത്തത്.

പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശികളായ ഫൈസല്‍, അബ്ദുള്‍ സലാം എന്നിവരെ ഇതോടനുബന്ധിച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ നേരത്തേയും മയക്കു മരുന്ന് കടത്തിയിട്ടുള്ളവരാണ്. മാസങ്ങള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ഇത്രയം അളവില്‍ മയക്കുമരുന്ന് പിടിച്ചെടുക്കാനായത്. റഷ്യയില്‍ നിര്‍മിക്കുന്ന ഈ ലഹരിമരുന്ന് അഫ്ഗാനിസ്ഥാന്‍ വഴി കാശ്മീരിലെത്തിച്ച ശേഷമാണ് കേരളത്തില്‍ എത്തിയത്.

പിടിയിലായ പ്രതികള്‍ക്കായി മണിക്കൂറുകള്‍ക്കകം അഡ്വ.ബി.എ.ആളൂര്‍ ഹാജരാകുകയും ചെയ്തു. വിപണിയില്‍ ലഭിക്കുന്ന ഏറ്റവും മുന്തിയ എംഡിഎംഎയാണ് പിടിച്ചെടുത്തതെന്നാണ് വിവരം. കേരളത്തില്‍ വന്‍ ശൃംഖല ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്നും സംശയിക്കുന്നു.

RECENT POSTS
Copyright © . All rights reserved