ലഖ്നൗ: സ്‌കൂള്‍ നേരത്തെ വിടാന്‍ ആറാം ക്ലാസുകാരി ഒന്നാം ക്ലാസുകാരനെ കുത്തി പരിക്കേല്‍പ്പിച്ചു. ഉത്തര്‍പ്രദേശിലാണ് മനസാക്ഷിയെ നടുക്കിയ സംഭവം. സ്‌കൂള്‍ ശൗചാലയത്തില്‍ വെച്ചാണ് ഒന്നാം ക്ലാസുകാരന് കുത്തേറ്റത്. കുത്തിയ കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതെ സമയം സംഭവം പൊലീസിനെ അറിയിക്കാതെ മറച്ചുവെച്ചതിന് സ്‌കൂള്‍ പ്രിന്‍സിപ്പളിനെ അറസ്റ്റ് ചെയ്തു. ആക്രമണത്തിനിരയായ ഒന്നാം ക്ലാസ്സുകാരന്‍ ഹൃത്വിക് ശര്‍മ്മ ലഖ്നൗവിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ത്രിവേണി നഗറിലെ ബ്രൈറ്റ്ലാന്‍ഡ് ഇന്റര്‍ കോളേജ് സ്‌കൂളില്‍ ചൊവ്വാഴ്ച്ചയാണ് സംഭവം സ്‌കൂള്‍ നേരത്തെ പൂട്ടാനാണ് അക്രമിക്കുന്നെതെന്ന് പറഞ്ഞതായി ഒന്നാം ക്ലാസ്സുകാരന്‍ ഹൃത്വിക് ശര്‍മ്മ പൊലീസിന് മൊഴി നല്‍കി. ബോയ്ക്കട്ട് അടിച്ച ചേച്ചിയാണ് തന്നെ അക്രമിച്ചെതെന്നും ഹൃത്വിക് മൊഴി നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ അധികാരികള്‍ സംഭവം മറച്ചുപിടിക്കാന്‍ ശ്രമിച്ചെങ്കിലും ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
ആക്രമിക്കപ്പെട്ട കുട്ടിയുടെ ശരീരത്തില്‍ നിന്നും അക്രമിയുടെ മുടി പൊലീസിന് ലഭിച്ചിട്ടുണ്ട്. ഹൃത്വകിന് സ്‌കൂളിലെ ഫോട്ടോകള്‍ കാണിച്ചതില്‍ നിന്നും അക്രമിച്ച പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞതായും ഡിഎന്‍എ ഫലത്തിനായി കാത്തിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
കുണ്ടറയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ പതിനാലുകാരന്റെ മൃതദേഹം വെട്ടിമുറിച്ചതല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ജിത്തുവിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. അസ്ഥികളടക്കം ശരീരഭാഗങ്ങള്‍ നന്നായി കത്തിച്ചിരുന്നതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. വിട്ടുപോയ ശരീരഭാഗം വെട്ടിമാറ്റിയതല്ലെന്നും കത്തിച്ച ശേഷം വിട്ടുപോയതാണെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി.
ജിത്തുവിന്റെ കഴുത്തും കൈകാലുകളും വെട്ടേറ്റ നിലയിലും പാദം വേര്‍പെട്ട നിലയിലുമായിരുന്നു. ഒരു കാലിന്റെ മുട്ടിന് താഴെ വെട്ടിനുറുക്കിയിട്ടുണ്ട്. മൃതദേഹം കത്തിക്കുന്നതിന് മുന്‍പ് വെട്ടിനുറുക്കിയതാണെന്ന നിഗമനത്തിലായിരുന്നു പോലീസ്. എന്നാല്‍ വെട്ടിനുറുക്കിയിട്ടില്ലെന്നാണ് ജയമോള്‍ മൊഴി നല്‍കിയത്. ഇത് ശരിവയ്ക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം പൂർത്തിയാക്കിയ ജിത്തു ജോബിന്റെ മൃതദേഹം സംസ്കരിച്ചു. അസ്ഥികളടക്കം ശരീരഭാഗങ്ങൾ നന്നായി കത്തിച്ചിരുന്നതായി പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. രണ്ടു ദിവസം മുൻപു വീട്ടിൽനിന്നു കാണാതായ ഒൻപതാം ക്ലാസ് വിദ്യാർഥി ജിത്തു ജോബിന്റെ മൃതദേഹം ഇന്നലെ വീടിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പെട്ടെന്നുണ്ടായ പ്രകോപനത്തിന്‍റെ പേരിൽ അമ്മയാണ് വിദ്യാർഥിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം. ഒറ്റയ്ക്കാണ് കൊലപാതകം നടത്തി മൃതദേഹം കത്തിച്ചതെന്ന് അമ്മ ജയാജോബ് പൊലീസിന് മൊഴി നല്‍കി.
ജിത്തുവിന്റെ അറുകൊലയ്ക്ക് പിന്നില്‍ അമ്മ ജയയാണെന്ന് അറിഞ്ഞതോടെ കേരളം നടുങ്ങി. ഒരു പതിനാല് വയസുകാരന്റെ മൃതദേഹത്തോട് അത്രയും വലിയ ക്രൂരതയാണ് കാണിച്ചിരിക്കുന്നത്. നൊന്തുപ്രസവിച്ച മകനോട് ഇത്രയും വലിയ ക്രൂരത ഏതൊരമ്മയ്ക്കും കാണിയ്ക്കാനാകുമോ എന്നതാണ് ഇവിടെ ചോദ്യം ഉന്നയിക്കുന്നത്.
ആള്‍പ്പാര്‍പ്പില്ലാത്ത പുരയിടത്തില്‍ കാക്കകള്‍ വട്ടമിട്ടു പറന്നതു ശ്രദ്ധയില്‍പ്പെട്ടതോടെയാണു ജിത്തുവിന്റെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. മുക്കാല്‍ ഭാഗത്തോളം കത്തിക്കരിഞ്ഞിരുന്നു. പൊലീസ് ഇന്നലെ വൈകിട്ടും ജിത്തു ജോബിന്റെ വീട്ടില്‍ എത്തിയിരുന്നു.
പുരയിടം പരിശോധിച്ചപ്പോള്‍ ഒരു ചെരിപ്പ് കണ്ടെത്തി. ഇത് ആരുടെതാണെന്ന ചോദ്യത്തിനു മകന്റെ ചെരിപ്പാണെന്നു ജയമോള്‍ കൂസലില്ലാതെ മറുപടി പറഞ്ഞു. ഇതിനിടെയാണു കാക്കകള്‍ പറക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍ പതിയുന്നത്.
വീടിനു സമീപത്തു വച്ചു ഷാള്‍ മുറുക്കി കൊന്നെന്നു ജയമോള്‍ മൊഴി നല്‍കിയതായിട്ടാണു സൂചന. കസ്റ്റഡിയില്‍ എടുത്ത് ചാത്തന്നൂര്‍ സ്റ്റേഷനില്‍ എത്തിച്ച ജയമോള്‍ കൂസലില്ലാതെയാണു ചോദ്യങ്ങള്‍ക്കു മറുപടി നല്‍കിയത്.
മകന്റെ മരണത്തിന്റെ വേദനയും മുഖത്തില്ല. ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള വന്‍ പൊലീസ് സംഘത്തെ കണ്ടിട്ടും ഭാവവ്യത്യാസം ഇല്ലായിരുന്നു.
ജിത്തു ജോബിന്റെ കൊലപാതകം ആസൂത്രിതമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. മൃതദേഹത്തോടു കൊലയാളികള്‍ ഒരു ദാക്ഷിണ്യവും കാണിച്ചില്ല. കഴുത്തില്‍ ആഴത്തിലുള്ള മുറിവുകളുണ്ട്. കൈകള്‍ വെട്ടിത്തൂക്കി. കാല്‍പാദം വെട്ടി മാറ്റി.
വലത്തേകാലിന്റെ മുട്ടിനു താഴെയുള്ള വെട്ട് ആഴത്തിലായതിനാല്‍ തൂങ്ങിയ നിലയിലായിരുന്നു. വയര്‍ പൊട്ടി കുടലുകള്‍ വെളിയിലായി. 14 വയസ്സുകാരനോട് ഇത്ര ക്രൂരത കാണിക്കാനുള്ളത്ര വൈരാഗ്യം ആര്‍ക്കാണെന്നു സമീപവാസികള്‍ക്കും മനസ്സിലാകുന്നില്ല.
പൊതുവേ ശാന്തപ്രകൃതക്കാരനായ ജിത്തുവിന്റെ മരണവാര്‍ത്ത ഞെട്ടലോടെയാണു നാട്ടുകാര്‍ കേട്ടത്. ജിത്തു ജോബ് പഠനത്തില്‍ സമര്‍ഥനായിരുന്നു. കുട്ടിയുടെ തിരോധാനം സഹപാഠികളെയും അധ്യാപകരെയും ആശങ്കയിലാഴ്ത്തിയിരുന്നു.
കൃത്യത്തിനു പിന്നില്‍ താന്‍ മാത്രമെ ഉള്ളൂവെന്ന് അമ്മ പൊലീസിനു മൊഴി നല്‍കിയതായാണു സൂചന. എന്നാല്‍ പൊലീസ് ഇതു മുഖവിലയ്‌ക്കെടുത്തിട്ടില്ല. കയ്യില്‍ പൊള്ളലേറ്റ പാട് എങ്ങനെ ഉണ്ടായി എന്ന ചോദ്യത്തിനു കത്തിക്കൊണ്ടിരുന്ന ചിരട്ട കയ്യില്‍ തട്ടി വീണെന്നായിരുന്നു മറുപടി.
കൊലയ്ക്കു പിന്നില്‍ ആര്, എത്രപേര്‍, എന്തിന് എന്ന വിവരങ്ങള്‍ തുടര്‍ന്നുള്ള അന്വേഷണത്തില്‍ തെളിയുമെന്ന് എസിപി ജവഹര്‍ ജനാര്‍ദ്ദ് പറഞ്ഞു.
കണ്ണൂര്‍: മകളെ വിവാഹം കഴിച്ചു തരാത്തതില്‍ കുപിതനായ യുവാവ് വീട്ടില്‍കയറി അമ്മയെയും യുവതിയെയും കുത്തിപ്പരിക്കേല്‍പ്പിച്ചു. പയ്യന്നൂര്‍ രാമന്തളി ചിറ്റടിയിലാണ് സംഭവം. അക്രമത്തില്‍ പരിക്കേറ്റ യുവതിയേയും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മകളെ വിവാഹം കഴിച്ചു തരാത്തതില്‍ പ്രകോപിതനായ യുവാവ് ചെവ്വാഴ്ച്ച രാത്രി 10 മണിയോടെ വീട്ടില്‍ കയറി അക്രമം നടത്തുകയായിരുന്നു. യുവതിയുടെ പരാതിയെത്തുടര്‍ന്ന് തളിയില്‍ സ്വദേശി രഞ്ജിത്തിനെ (28) പയ്യന്നൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നേരത്തെ കുത്തേറ്റ യുവതിയുമായി രഞ്ജിത്തിന് വിവാഹം ആലോചിച്ചിരുന്നു. എന്നാല്‍ വീട്ടുകാര്‍ എതിര്‍ത്തോടെ വിവാഹം മുടങ്ങി. രഞ്ജിത്തിനെതിരെ വധശ്രമത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
നട്ടുച്ചയ്ക്ക് വഴിയരികില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന യുവാവിനെ മൂന്ന് പേര്‍ ചേര്‍ന്ന് വെടിവെച്ച് കൊന്നു. ദില്ലിയില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. ഉച്ചയ്ക്ക് 1.30 ന് റോഡരികല്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു കൊല്ലപ്പെട്ട ഭര്‍ധ്വാജ് (30).
കാറിലെത്തിയ മൂന്ന് പേര്‍ യുവാവിന്‍റെ തലയിലേക്കും നെഞ്ചിലേക്കും വെടിയുതിര്‍ത്തു. പതിനഞ്ചോളം ബുള്ളറ്റുകളാണ് ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി പതിച്ചത്. കൊടും ക്രിമിനലായ ജിതേന്ദ്രര്‍ അലിയാസ് ഗോഗിയാണ് കൊലപാതകികളിലൊരാള്‍.
കൊലപാതകത്തിന്‍റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. വളരെ തിരക്ക് പിടിച്ച ചന്തയില്‍ നിന്നാണ് കൊലപാതകം. വഴിയാത്രക്കാര്‍ പേടിച്ചോടുന്നതും കൊലപാതകത്തിന് ശേഷം അക്രമികള്‍ ഹോണ്ടാ സിറ്റിയില്‍ കയറി രക്ഷപ്പെടുന്നതും ദൃശ്യങ്ങളില്‍ വ്യക്തം.
ഗോഗിയുടെ കൂടെ പല കുറ്റകൃത്യങ്ങളിലും ഭര്‍ധ്വാജ് പങ്കെടുത്തിട്ടുണ്ട് . 2013 ല്‍ ഭര്‍ധ്വാജിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് 2014 ല്‍ ഇയാള്‍ പിടിയിലായി. 2015 ല്‍ ജാമ്യം ലഭിച്ച ഭര്‍ധ്വാജ് ഗോഗിയുമായി പണത്തിന്‍റെ പേരില്‍ വഴക്കിട്ട് പിരിയുകയായിരുന്നു.
കുമ്പളത്ത് വീപ്പയിലെ കോൺക്രീറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ പൊലീസിന് നിര്‍ണായക തെളിവ് ലഭിച്ചു. വീപ്പക്കുള്ളില്‍ കണ്ടെത്തിയ അജ്ഞാത യുവതിയുടെ അസ്ഥികൂടത്തിന്റെ കണങ്കാലിൽ മാളിയോലര്‍ സ്ക്രൂ (പിരിയാണി) കണ്ടെത്തി. മനുഷ്യന്റെ കണങ്കാലിന്റെ ഉൾഭാഗത്തെ അസ്ഥിയുടെ ശാസ്ത്രീയമായ പേരാണ് മീഡിയൽ മളിയോലസ്. ഈ അസ്ഥിക്ക് തകരാര്‍ സംഭവിക്കുമ്പോള്‍ ഉപയോഗിക്കുന്ന സ്ക്രൂവാണ് കണ്ടെത്തിയത്.
സമീപകാലത്ത് കേരളത്തിൽ മാളിയോലസ് ഉപയോഗിച്ചത് ആറു രോഗികളിൽ മാത്രമാണ്. ഇത്തരം സ്ക്രൂ ഉപയോഗിച്ചു കഴിഞ്ഞ രണ്ടര വർഷത്തിനിടയിൽ കൊച്ചിയിൽ ചികിൽസ നടത്തിയത് രണ്ട് ആശുപത്രികളിൽ മാത്രവും. അസ്ഥികൂടത്തിന്റെ ഇടതു കണങ്കാലിൽ ആറര സെന്റിമീറ്റർ നീളത്തിൽ കണ്ടെത്തിയ സ്ക്രൂവിന്റെ നിർമാതാക്കളായ പുണെയിലെ എസ്എച്ച് പിറ്റ്കാർ കമ്പനിയുടെ സഹകരണത്തോടെ കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിയാൻ കേരളാ പൊലീസ് ശ്രമം തുടങ്ങി.
വീപ്പയ്ക്കുള്ളിൽ അസ്ഥികൂടം കണ്ടെത്തിയതിന്റെ അടുത്ത ദിവസങ്ങളിൽതന്നെ എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ആശുപത്രികളിൽ അന്വേഷണസംഘം പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. മളിയോലർ സ്ക്രൂവിൽ കണ്ടെത്തിയ സീരിയൽ നമ്പർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സീരിയൽ നമ്പറിൽനിന്ന് ഈ സ്ക്രൂ ഉപയോഗിച്ച ആശുപത്രി തിരിച്ചറിയാൻ കഴിയും. വിരളമായാണ് ഇത്തരം പൊട്ടലുകള്‍ മനുഷ്യന് ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ കൊല്ലപ്പെട്ടയുവതി ആരെന്ന് ഉടനെ തിരിച്ചറിയാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘത്തിനെതിരെ എട്ടാം പ്രതിയായ നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിയില്‍ അനുകൂല വിധി. കുറ്റപത്രം കോടതി സ്വീകരിക്കുന്നതിനു മുന്‍പ് മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം വേണമെന്ന് അങ്കമാലി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി. അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ആണ് കോടതിയെ സമീപിച്ചത്. എന്നാല്‍ ഏതു വിധത്തിലുള്ള അന്വേഷണമാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത് എന്ന് വ്യക്തമല്ല. വിധിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ.
കുറ്റപത്രം പോലീസ് ആണ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും അതില്‍ ഗൂഢാലോചനയുണ്ടെന്നും തന്നെ അപമാനിക്കുന്നതിന് വേണ്ടിയായിരുന്നു ദിലീപിന്റെ ആക്ഷേപം. കുറ്റക്കാരായ പോലീസുകാര്‍ക്ക് എതിരെ നടപടി വേണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു. കുറ്റപത്രത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കാണ്. അതുകൊണ്ടുതന്നെ കുറ്റപത്രം ചോര്‍ന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തവും അന്വേഷണ സംഘത്തിനാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ ദിലീപ് ഹരിശ്ചന്ദ്രനല്ലെന്നും ദിലീപ് ആണ് കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോര്‍ത്തിയതെന്നുമായിരുന്നു പ്രോസിക്യുഷന്റെ വാദം. കേസുമായി ബന്ധപ്പെട്ട രേഖകളും ദൃശ്യങ്ങളും വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് രണ്ട് ഹര്‍ജികള്‍ കൂടി നല്‍കിയിരുന്നു. ഇത് പരിഗണിക്കുന്നത് ഈ മാസം 22ലേക്ക് മാറ്റി.
ഉത്തര്‍പ്രദേശ്: ആശുപത്രിയില്‍ നിന്ന് ചോരക്കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത് അച്ഛനോടുള്ള ദേഷ്യം മൂലമെന്ന് പൊലീസ് പിടിയിലായ സഹോദരിമാര്‍. അച്ഛന്‍ മറ്റൊരു വിവാഹം ചെയ്യുന്നത് തടയാനാണ് സഹോദരിമാര്‍ ഇങ്ങനൊരു കൃത്യം നടത്തിയതെന്ന് പൊലീസിന് മൊഴി നല്‍കി.
ഉത്തര്‍പ്രദേശിലെ മഥുര ജില്ലയില്‍ നിന്നാണ് സഹോദരിമാരായ ശിവാനി ദേവിയെയും പ്രിയങ്കാ ദേവിയെയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഈ മാസം 10നാണ് ഇരുവരും ചേര്‍ന്ന് രാജസ്ഥാനിലെ ഭരത്പൂരിലുള്ള ആശുപത്രിയില്‍ നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ട് പോയത്. സംഭവം പത്രങ്ങളില്‍ വാര്‍ത്തയാവുകയും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും ചെയ്തതോടെ മൂന്ന് ദിവസത്തിനു ശേഷം കുഞ്ഞിനെ ഇവര്‍ റോഡരികില്‍ ഉപേക്ഷിച്ചു. ഭരത്പൂരിലെ ആശുപത്രിയില്‍ നിന്ന് കാണാതായ കുഞ്ഞാണിതെന്നും എത്രയും വേഗം പൊലീസ് സ്റ്റേഷനിലെത്തിക്കണമെന്നും എഴുതിയ ഒരു കുറിപ്പും കുഞ്ഞിനടുത്ത് വച്ചു.
ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് സഹോദരിമാരെ പൊലീസ് തിരിച്ചറിഞ്ഞത്. ഇവര്‍ എത്തിയ സ്‌കൂട്ടറിന്റെ നമ്പര്‍ ആശുപത്രി ജീവനക്കാരന്‍ ഓര്‍ത്തിരുന്നതും പൊലീസിന് സഹായകമായി.
സഹോദരിമാർ പറയുന്നതിങ്ങനെ: രണ്ട് വര്‍ഷം മുമ്പ് തങ്ങളുടെ 12 വയസ്സുകാരനായ സഹോദരന്‍ മരിച്ചുപോയി. ഇതോടെ അമ്മ വിഷാദ രോഗിയായി മാറി. ആണ്‍കുഞ്ഞിനു വേണ്ടി അച്ഛന്‍ ലക്ഷ്മണ്‍ സിങ് വേറൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. പൂര്‍ണമായും തകര്‍ന്നുപോയ അമ്മയെ തിരികെ സ്വാഭാവിക ജീവിതത്തിലേക്ക് എത്തിക്കാനും അച്ഛനെ രണ്ടാം വിവാഹത്തില്‍ നിന്ന് പിന്തിരിപ്പിക്കാനുമാണ് ആണ്‍കുഞ്ഞിനെ തട്ടിയെടുത്തത്.
ഒരാണ്‍കുഞ്ഞിനെ ദത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല, ആശുപത്രിയില്‍ നിന്ന് ഏതെങ്കിലും കുഞ്ഞിനെ വാങ്ങാനാകുമോ എന്ന് നഴ്‌സുമാരോട് അന്വേഷിച്ചിരുന്നു. നിയമപരമായ നൂലാമാലകളും ലഭിക്കാവുന്ന ശിക്ഷയും കാരണം അതും നടന്നില്ല. തുടര്‍ന്നാണ് പരിചയക്കാരനായ മനീഷിന്റെ കുഞ്ഞിനെ തട്ടിയെടുക്കാന്‍ സഹോദരിമാര്‍ പദ്ധതിയിട്ടത്.
സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായ ശിവാനി ഭര്‍ത്താവിനൊപ്പം മഥുരയിലാണ് താമസം. ബിരുദ വിദ്യാര്‍ഥിനിയായ പ്രിയങ്കയും വിവാഹിതയാണ്.
ഹരിയാന: സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീമിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ഇയാളുടെ അനുയായികള്‍ നടത്തിയ കലാപത്തില്‍ ഹരിയാന സര്‍ക്കാരിന് നഷ്ടം 126 കോടി രൂപ. കഴിഞ്ഞ ഓഗസ്റ്റ് 25നാണ് പഞ്ച്കുളയിലെ പ്രത്യേക സിബിഐ കോടതി ഗുര്‍മീതിന് 20വര്‍ഷം കഠിനതടവിന് ശിക്ഷിച്ചത്. തുടര്‍ന്ന് ഇയാളുടെ അനുയായികള്‍ എന്നവകാശപ്പെടുന്ന ആയുധധാരികളായ ആള്‍ക്കൂട്ടം നടത്തിയ കലാപത്തില്‍ വന്‍ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കണക്ക് അനുസരിച്ച് ഹരിയാന സര്‍ക്കാരിനുണ്ടായ നഷ്ടം 1,26,68,71,700 രൂപയാണ്. അക്രമബാധിത ജില്ലകളില്‍ അംബാലയിലാണ് ഏറെ നാശനഷ്ടമുണ്ടായിരിക്കുന്നത്. 46.84 കോടി രൂപയാണ് ഇവിടുത്തെ നഷ്ടം. 14.87 കോടി രൂപയുടെ നഷ്ടമാണു ഫത്തേഹാബാദിനുണ്ടായത്. ഗുര്‍മീതിന്റെ ആശ്രമത്തിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്ന സിര്‍സയില്‍ 13.57 കോടി രൂപയുടെ നാശനഷ്ടമാണുള്ളത്. ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ട പഞ്ച്കുളയില്‍ നാശനഷ്ടം 10.57 കോടിയാണ്.
നാശനഷ്ട കണക്കുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ഹരിയാന അഡ്വക്കേറ്റ് ജനറല്‍ പഞ്ചാബ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
സ്വന്തം മകളെ മരുമകൻ കൊന്നതോടെ അനാഥയായ കൊച്ചുമകൾക്കായി ഒരു വീട്ടമ്മ നാലുവർഷമായി നിയമപോരാട്ടം നടത്തുകയാണ്. തൃശ്ശൂര്‍ സ്വദേശിനി ഉഷ ധനഞ്ജയന്റെ നിയമപോരാട്ടത്തിനൊടുവിൽ വിജയം കണ്ടെത്തി.കൊച്ചുമകൾ സീനത്തിന്റെ സംരക്ഷണ ചുമതലയും മുംബൈയില്‍ത്തന്നെ പഠിപ്പിക്കാനുള്ള അവകാശവും ജസ്റ്റിസ് മൃദുല ഭഡ്കര്‍ ഉഷയ്ക്ക് നൽകി. എന്നാല്‍, കുട്ടിയെ കേരളത്തിലേക്ക് കൊണ്ടുപോയി പഠിപ്പിക്കാനുള്ള ഉത്തരവിനായി സുപ്രീം കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് ഉഷ.
ആറുവര്‍ഷംമുമ്പാണ് ദുബായില്‍െവച്ച് ഇവരുടെ മകളായ നിമ്മിയെ ഭര്‍ത്താവ് ഫിറോസ് പോപ്പറെ കൊലചെയ്തത്. കേസില്‍ ദുബായ് കോടതി ഫിറോസിന് വധശിക്ഷ വിധിച്ചു. നിമ്മിയുടെ ശവസംസ്കാരച്ചടങ്ങുകള്‍ കഴിഞ്ഞയുടനെ തുടങ്ങിയതാണ് ഇരുകുടുംബങ്ങളും സീനത്തിനുവേണ്ടിയുള്ള നിയമപോരാട്ടം.2008-ലായിരുന്നു നിമ്മിയുടെ വിവാഹം.
നിമ്മിയുടെ മരണശേഷം സീനത്തിന്റെ സംരക്ഷണച്ചുമതല റായ്ഗഢ് മാന്‍ഗാവ് കോടതി ഉഷയ്ക്ക് നല്‍കി. ഇതിനെതിരേ ഫിറോസിന്റെ കുടുംബം ബോംബെ ഹൈക്കോടതിയെ സമീപിച്ചു. കീഴ്കോടതി വിധി സ്റ്റേചെയ്ത ഹൈക്കോടതി സ്കൂള്‍ അവധിക്കാലത്തുമാത്രം കുട്ടിയെ കാണാനാണ് ഉഷയ്ക്ക് അനുമതി നല്‍കിയത്. തുടര്‍ന്നുനടന്ന നിയമപോരാട്ടത്തിനൊടുവിലാണ് പുതിയ വിധി.