ഷാര്ജയില് കെട്ടിടത്തിന് മുകളില് നിന്നും വീണ് 53കാരനായ ഇന്ത്യക്കാരന് മരിച്ചു. കിംഗ് ഫൈസല് റോഡിലെ കെട്ടിടത്തിലെ പത്താം നിലയില് നിന്നുമാണ് ഇയാൾ താഴേക്ക് വീണത്.ഞായറാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. വിവരം അറിഞ്ഞ ഉടനെ പോലീസ് സംഭവസ്ഥലത്ത് എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീഴ്ചയില് തലയും വാരിയെല്ലുകളും തകര്ന്നിരുന്നു. മൃതദേഹം പോസ്റ്റ് മോര്ട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവംനടക്കുമ്പോൾ കെട്ടിടത്തില് ഉണ്ടായിരുന്നവരെ പോലീസ് ചോദ്യം ചെയ്യുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു.കൂടുതല് അന്വേഷണങ്ങള്ക്ക് ശേഷമെ ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് അറിയാന് കഴിയൂവെന്ന് പൊലീസ് പറഞ്ഞു. മരിച്ചയാളെക്കുറിച്ച് കൂടുതൽ വിവരം ലഭ്യമല്ല.
ബഹ്റൈനിൽ മലയാളി യുവതി ആത്മഹത്യ ചെയ്ത നിലയിൽ. പ്രമുഖ റസ്റ്ററന്റിൽ ജോലി ചെയ്യുകയായിരുന്ന തൃശൂർ കൊടുങ്ങല്ലൂർ ചാപ്പാറ കൊച്ചപ്പിള്ളി ജോസിന്റെ മകൾ ജിനി ജോസ് കൊച്ചപ്പിള്ളി (30) ആണു മരിച്ചത്. ഏഴു മാസം മുമ്പാണു ജിനി ബഹ്റൈനിൽ എത്തിയത്. ഞാൻ ആത്മഹത്യ ചെയാൻ പോവുകയാണെന്ന് കൂടെ ജോലി ചെയ്യുന്നവരെയും ബഹ്റൈനിലെ ബന്ധുവിനെയും വിളിച്ച് അറിയിച്ചു. സഹോദരഭാര്യയടക്കമുള്ളവർ ജിനി താമസിക്കുന്ന ഗുദൈബിയയിലെ ഫ്ലാറ്റിലെത്തിയപ്പോൾ മുറി ഉള്ളിൽനിന്നു പൂട്ടിയിരുന്നു. വാതിൽ തകർത്ത് ഇവർ അകത്തു കയറിയപ്പോളാണ് ജിനിയെ മരിച്ച നിലയിൽ കണ്ടത്. ഭർത്താവ് ആന്റണി മുമ്പു ഖത്തറിൽ ജോലി ചെയ്തിരുന്നു.
പ്രമുഖ കോണ്ഗ്രസ് നേതാവിന്റെ മകളെ മരിച്ച നിലയില് കണ്ടെത്തി. കര്ണ്ണാടകയിലെ കോണ്ഗ്രസ് നേതാവിന്റെ മകളെയാണ് ജീവനൊടുക്കിയ നിലയില് കണ്ടെത്തിയത്. കര്ണാടക കോണ്ഗ്രസിന്റെ കോര്പ്പറേറ്ററുടെ മകളാണ് ഭര്ത്തൃഗൃഹത്തില് ജീവനൊടുക്കിയയത്. സ്ത്രീധന പീഡനത്തെ തുടര്ന്നാണ് ആത്മഹത്യയെന്ന സൂചനയെ തുടര്ന്നു ഭര്ത്താവിനെയും ഭര്തൃമാതാവിനെയും പൊലീസ് കസ്റ്റഡിയില് എടുത്തു.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുത്ത അനുയായിയും മൈസൂരു കോര്പറേറ്ററുമായ നാഗഭൂഷന്റെ മകളായ അനിതയെ (28) ആണ് ബെംഗളൂരു എച്ച്എസ്ആര് ലേഔട്ടിലെ വസതിയില് തൂങ്ങി മരിച്ച നിലയില് കണ്ടെത്തിയത്. ആറ് മാസം മുമ്പായിരുന്നു അനിതയുടെ വിവാഹം നടന്നത്. കൂടുതല് സ്ത്രീധനം ആവശ്യപ്പെട്ട് ഭര്തൃവീട്ടുകാര് പീഡിപ്പിക്കുന്നുണ്ടായിരുന്നു എന്ന സൂചനയാണ് പുറത്തുവരുന്നത്.
ഇക്കാര്യം ആത്മഹത്യാ കുറിപ്പിലും അവര് വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല് പണം ആവശ്യപ്പെട്ട് ഭര്തൃവീട്ടുകാര് പീഡിപ്പിച്ചതിനെ തുടര്ന്നാണ് ജീവനൊടുക്കുന്നതെന്നാണ് നാല് പേജ് നീണ്ട ആതമഹത്യാകുറിപ്പില് വ്യക്തമാക്കുന്നത്. തമിഴ്നാട് സ്വദേശിയാണ് അനിതയുടെ ഭര്ത്താവ് വസന്ത്. ആറു മാസം മുന്പായിരുന്നു ഇവരുടെ വിവാഹം.
കുടുംബകലഹത്തെ തുടര്ന്ന് യുവതി രണ്ട് വയസുകാരി മകളെയും എടുത്ത് ആറ്റില് ചാടി. മരങ്ങാട് കത്തിക്കാംപാറ കാവുംമൂല വീട്ടില് ശീത(22)ളാണ് രണ്ട് വയസുകാരി മകള് നിയയെയും എടുത്ത് കരമനയാറ്റില് ചാടിയത്. രണ്ട് പേരെയും കണ്ടെത്താന് നാട്ടുകാര് തിരച്ചില് നടത്തിയെങ്കിലും ഇതുവരെ കണ്ടെത്തിയിട്ടില്ല. ഉഴമലയ്ക്കല് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷ ആര്.സുജാതയുടെ മകളാണ് ശീതള്. രാവിലെ 11.30ന് എലിയാവൂര് പാലത്തില്നിന്ന് ആറ്റില് ചാടുകയായിരുന്നെന്നു ദൃക്സാക്ഷികള് പറഞ്ഞു. കനത്ത മഴയും പേപ്പാറ അരുവിക്കര ഡാമുകള് തുറന്നതും മൂലം നിറഞ്ഞു കുത്തിയൊഴുകുന്ന നിലയിലായിരുന്നു പുഴ. ഈ പുഴയില് നാട്ടുകാരും ഫയര്ഫോഴ്സും ചേര്ന്ന് നടത്തിയ തിരച്ചിലും ഏറെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. പുഴയില് മണിക്കൂറുകള് തിരഞ്ഞിട്ടും ഇരുവരെയും കണ്ടെത്താനായില്ല. ഇന്നലെ വൈകിട്ട് അവസാനിപ്പിച്ച തിരച്ചില് ഇന്നു പുനരാരംഭിക്കും. ഭര്ത്താവ് തൊളിക്കോട് സ്വദേശി ഷൈജുവുമായി പിണങ്ങി വലിയകലുങ്കില് അമ്മയോടൊപ്പം വാടകയ്ക്കു താമസിക്കുകയായിരുന്നു ശീതളും കുഞ്ഞും. ഇന്നലെ കുളപ്പട പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയതിനു ശേഷമാണു ശീതള് മകളുമൊത്ത് എലിയാവൂര് പാലത്തിലെത്തിയത്. ചെരിപ്പും ബാഗും ഉപേക്ഷിച്ചശേഷം പാലത്തില്നിന്നു ചാടുകയായിരുന്നു. നെടുമങ്ങാട് ഫയര്ഫോഴ്സും നാട്ടുകാരും രക്ഷാപ്രവര്ത്തനത്തിനെത്തിയെങ്കിലും കരമനയാറ്റിലെ ജലനിരപ്പു കൂടുതലായതു തിരച്ചില് ദുഷ്കരമാക്കി. മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി, എംഎല്എമാരായ കെ.എസ്.ശബരീനാഥന്, സി ദിവാകരന് എന്നിവര് സംഭവ സ്ഥലത്തെത്തി. ഫയര്ഫോഴ്സ് റബര് ഡിങ്കി ബോട്ടില് നാട്ടുകാര്ക്കൊപ്പമാണു തിരച്ചില് ആരംഭിച്ചത്. പരിസരത്തെ മുങ്ങല് വിദഗ്ധരും ഫയര്ഫോഴ്സിനൊപ്പം ചേര്ന്നു. പാലത്തില്നിന്നു നാലു കിലോമീറ്റര് അകലെയുള്ള കൂവക്കുടിയില് വരെ പരിശോധന നടത്തി.
കോഴിക്കോട് : ഗവേഷക വിദ്യാര്ത്ഥിയായ യുവാവിനു നേരെ കോഴിക്കോട് പീഡനശ്രമം. ഗവേഷക വിദ്യാര്ത്ഥിയായ ആല്ബിന് കിഷോരിക്ക് നേരെയാണ് ഇന്നലെ രാത്രി കോഴിക്കോട് റെയില്വേ സ്റ്റേഷനിലേക്കുള്ള യാത്രക്കിടെയാണ് പീഡനശ്രമം ഉണ്ടായത്. ഇന്നലെ രാത്രി ആല്ബിന് കിഷോരി റെയില്വേ സ്റ്റേഷനിലേക്കുള്ള യാത്രക്കിടെ അപരിചിതനോട് വഴി ചോദിക്കുകയായിരുന്നു. താനും ആ വഴിയാണെന്ന പറഞ്ഞയാള് യുവാവിനെ ബൈക്കില് കയറ്റികൊണ്ടു പോവുകയും ചെയ്തു.
സ്റ്റേഷന് കഴിഞ്ഞിട്ടും വാഹനം നിര്ത്താതെയായതോടെ ആല്ബിന് ബഹളം വെച്ചതോടെ തലയ്ക്ക് അടിച്ച് കൊണ്ടു പോവുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ഇയാളെ ഹോട്ടലിലേക്ക് കൊണ്ടുപോയ പ്രതി പീഡിപ്പിക്കാനും ശ്രമിച്ചു.
അക്രമത്തില് പരിക്കേറ്റ ആല്ബിന് സുഹൃത്തിനൊപ്പം രാവിലെ അഞ്ചുമണിയ്ക്ക് കോഴിക്കോട് ടൗണ് പൊലീസ് സ്റ്റേഷനില് പരാതി നല്കാനെത്തിയെങ്കിലും പൊലീസ് പരാതി സ്വീകരിക്കാന് തയ്യാറായില്ല. ട്രാന്സ്ജെന്ഡര് തന്റെ കൂടെയുണ്ടെന്നതിനാല് ഇത്തരത്തിലുള്ളവരുടെ ഒന്നിച്ച് നടക്കുന്നതിനാലാണ് നിനക്ക് ഇത് നേരിടേണ്ടി വന്നതെന്നായിരുന്നു പൊലീസിന്റെ പ്രതികരണം. തുടര്ന്ന് 12 മണിയോളം ഇവരെ പൊലീസ് സ്റ്റേഷനില് നിര്ത്തുകയായിരുന്നു പിന്നീട് മെഡിക്കല് കോളേജില് പോയി വൈദ്യ പരിശോധനയ്ക്ക് വിധേയനാകാനും പൊലീസ് ആവശ്യപ്പെട്ടു.
പിന്നീട് സംഭവം ടൗണ്സ്റ്റേഷനിലല്ലെന്നും കസബ സ്റ്റേഷനില് പരാതി നല്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. എന്നാല് കസബ സ്റ്റേഷനിലെത്തിയപ്പോഴും സമാനമായ അനുഭവമാണ് നേരിടേണ്ടി വന്നതെന്ന് സമൂഹികപ്രവര്ത്തകയായ ഗാര്ഗി വ്യക്തമാക്കി. പരാതി സ്വീകരിച്ചതിന്റെ റെസിപ്റ്റ് നല്കാന് ആവശ്യപ്പെട്ടെങ്കിലും പരാതി സ്വീകരിച്ചില്ലെങ്കില് എന്ത് ചെയ്യുമെന്നായിരുന്നു പൊലീസിന്റെ പ്രതികരണം. പിന്നീട് പ്രതിഷേധത്തെത്തുടര്ന്ന് സി.ഐ ഇല്ലാത്തതിനാലാണ് പരാതി സ്വീകരിക്കാത്തതെന്നായിരുന്നു പൊലീസ് പറഞ്ഞത്. പിന്നീട് സി.ഐയ്ക്ക് ആല്ബിന് പീഡനശ്രമത്തിനു പരാതി നല്കുകയും, പൊലീസിന്റെ നിരുത്തരവാദത്തിനെതിരെ കമ്മീഷണര്ക്ക് സ്ത്രീകൂട്ടായ്മയായ ‘പെണ്കൂട്ട്’പരാതി നല്കുകയും ചെയ്തു.
ഭര്തൃവീട്ടിലെ പീഡനവും ഭര്ത്താവിന്റെ ഉപദ്രവവും സഹിക്കാന് കഴിയാതെ പാറശാല ഇടിച്ചക്കപ്ലാമൂട് ഗായത്രിഭവനില് ഗായത്രി(23) ആത്മഹത്യ ചെയ്തിട്ട് ഒരു മാസം കഴിഞ്ഞു. എന്നാല് പോലീസ് കാര്യമായി അന്വേഷിക്കുന്നില്ല എന്നു പരാതി. അരുണ് നിവാസില് അരുണും(27) ഗായത്രിയും ജൂലൈ 16 നാണു വിവാഹിതരായത്. എന്നാല് വിവാഹശേഷം ഗായത്രിക്കു ഭര്തൃവീട്ടില് കൊടിയ പീഡനമായിരുന്നു എന്നു പറയുന്നു. തുടക്കത്തില് തന്നെ അരുണ് ഗായത്രിയോടു മോശമായി പെരുമാറിരുന്നു. ഗര്ഭിണിയാണ് എന്ന വിവരം അറിയിച്ചപ്പോള് ചീത്തവിളിക്കുകയായിരുന്നു ചെയ്തത് എന്നു പറയുന്നു. സഹോദരിയുടെ ഭര്ത്താവു തന്നെ പലപ്പോഴും ശല്ല്യം ചെയ്യുന്നു എന്നു മരിക്കുന്നതിനു മുമ്പ് ഗായത്രി അമ്മയോടു പറഞ്ഞിരുന്നു. എന്നാല് ഇതൊന്നും കാര്യമായി എടുക്കാന് അരുണിന്റെ വീട്ടുകാര് തയാറായില്ല. പകരം സ്ത്രീധനം കൂട്ടി ചോദിക്കുകയായിരുന്നു ഇവര് എന്നു പറയുന്നു. കഴിഞ്ഞ 10-ാം തിയതി ഗായത്രിയുടെ വല്ല്യച്ഛന്റെ കുഞ്ഞിന്റെ നൂലുകെട്ടിനു ഗായത്രിയെ വീട്ടിലിരുത്തി അമ്മയും അനുജനും ചടങ്ങിനു പോയിരുന്നു. ഇവര് തിരിച്ചു വീട്ടില് മടങ്ങിയെത്തിയപ്പോള് കാണുന്നതു ഗായത്രി തൂങ്ങി നില്ക്കുന്നതായിരുന്നു. ആശുപത്രിയില് എത്തിച്ചു എങ്കിലും രക്ഷിക്കാനായില്ല.
തമിഴ്നാട്ടിലെ വെല്ലൂരിനടുത്തുള്ള ആരക്കോണത്ത് നടന്ന വിദ്യാര്ത്ഥിനികളുടെ കൂട്ട ആത്മഹത്യയ്ക്ക് കാരണം ജാതീയമായ അധിക്ഷേപത്തെ തുടര്ന്നാണെന്ന വെളിപ്പെടുത്തലുമായി സഹപാഠികള്. നന്നായി പഠിച്ച് പരീക്ഷയെഴുതിയിട്ടും മാര്ക്ക് നല്കാത്തത് ചോദ്യം ചെയ്ത വിദ്യാര്ത്ഥിനികളെ മുറിയിലേയ്ക്ക് വിളിച്ചു വരുത്തി പ്രിന്സപ്പല് ഉള്പ്പെടെയുള്ളവര് ചേര്ന്ന് ജാതിപ്പേര് വിളിച്ച് അപമാനിയ്ക്കുകയാണ് ചെയ്തതെന്നാണ് വിദ്യാര്ത്ഥിനികളുടെ സഹപാഠികള് വ്യക്തമാക്കുന്നത്. പത്താം ക്ലാസ് പരീക്ഷയില് മരിച്ച നാലു പെണ്കുട്ടികള്ക്കും 90 ശതമാനത്തില് കൂടുതല് മാര്ക്കുണ്ടായിരുന്നുവെന്ന് കൂട്ടുകാര് പറയുന്നു.
വീട്ടിലെ ചുവര് മുഴുവന് എംബിബിഎസ് എന്ന സ്വപ്നം വരച്ചുവെച്ചിരുന്നു ഇതില് ശങ്കരി എന്ന കുട്ടി. നഗരത്തില് കൂലിപ്പണിയെടുക്കുന്ന അച്ഛനുമമ്മയ്ക്കുമൊപ്പം നിന്ന് ചെന്നൈയിലെ സ്കൂളില് പഠിയ്ക്കാന് പണമില്ലാത്തതുകൊണ്ട് അമ്മൂമ്മയോടൊപ്പം നില്ക്കുകയായിരുന്നു രേവതി. പണപ്പാക്കത്തെ ദളിത് കോളനിയില് നിന്ന് ആദ്യമായി ഇംഗ്ലീഷ് മീഡിയത്തില് പഠിച്ച കുട്ടിയായിരുന്നു മനീഷ. തറിയില് നെയ്തു കിട്ടുന്ന ദിവസക്കൂലി കൊണ്ടാണ് ദീപയുടെ അച്ഛന് കുടുംബം നോക്കിയിരുന്നത്.
ഉത്തരമെഴുതിയിട്ടും മാര്ക്ക് കുറവ് തന്നതെന്തിനെന്ന് ടീച്ചറോട് ചോദിച്ചതിനാണ് പ്രിന്സിപ്പാള് ശങ്കരിയുള്പ്പടെയുള്ള 11 കുട്ടികളെ നാല് മണിക്കൂര് ഉത്തരപ്പേപ്പറും പിടിച്ച് വെയിലത്ത് നിര്ത്തിയതെന്ന് അഭിനയ പറയുന്നു. മുഴുവന് മാര്ക്ക് കിട്ടിയിട്ടും കോളനിയില് നിന്നായതുകൊണ്ട് മാത്രം അഭിനയയ്ക്കും വെയിലത്ത് നില്ക്കണ്ടി വന്നു. വകുപ്പുതല നടപടി സസ്പെന്ഷനിലൊതുങ്ങിയപ്പോള് വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെന്ന് കണ്ടാല് അധ്യാപകരെ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസിന്റെ നിലപാട്.
കഴിഞ്ഞ ദിവസം ബി.ജെ.പി, ഡി.വൈ.എഫ്.ഐ സംഘട്ടനത്തില് മരണപ്പെട്ട സി.പി.ഐ.എം പ്രവര്ത്തകനെ ബലപ്രയോഗത്തിലൂടെ ബലിദാനിയാക്കി ബി.ജെ.പി. തുടര്ന്ന് ഹര്ത്താലും പ്രഖ്യാപിച്ചു. കാളമുറി പടിഞ്ഞാറ് സ്വദേശി ചക്കന്ചാത്ത് സതിശനെയാണ് ബലപ്രയോഗത്തിലൂടെ ബി.ജെ.പി തങ്ങളുടെ ബലിദാനിയാക്കി മാറ്റിയത്.
ഒരാഴ്ച മുന്പ് കയ്പമംഗലത്ത് കൊടിയേരി ബാലകൃഷ്ണന് പങ്കെടുത്ത സി.പി.ഐ.എം ലോക്കല്കമ്മിറ്റി ഓഫീസ് ഉദ്ഘാടന പരിപാടികളില് നേതൃത്വ പരമായ പങ്ക് വഹിച്ച ആളാണ് സതീശന്. ബലിദാനിയാക്കിയതിന് പുറമെ കയ്പമംഗലത്തെ ഹര്ത്താലും പ്രഖ്യാപിച്ചു. മകനേയും ബി.ജെ.പിക്കാരായ ബന്ധുക്കളേയും ഉപയോഗപ്പെടുത്തിയാണ് സതീശന്റെ മരണത്തെ ബി.ജെ.പി തങ്ങള്ക്ക് അനുകൂലമാക്കി മറ്റിയത്.
ഡി.വൈ.എഫ്.ഐ പ്രവര്ത്തകനായിരുന്ന മകന് സന്ദീപ് അടുത്തിടെയാണ് ബി.ജെ.പി യിലേക്ക് മാറിയത്. ശനിയാഴ്ചയാണ് പ്രശ്നത്തിനാധാരമായ സംഭവം ഉണ്ടാകുന്നത്. അകംപാടത്തെ ചായക്കടയില് ചായകുടിക്കാനായി എത്തിയതായിരുന്നു സതീശന്. സംഘട്ടത്തിനിടയില് നിന്ന് ബി.ജെ.പിക്കാരാനായ ജ്യേഷ്ടന്റെ മകനെ പിടിച്ചുമാറ്റുന്നതിനിടയിലാണ് സതീശന് അടിയേല്ക്കുന്നത്.
പിന്നീട് അഞ്ചരയോടെ വീട്ടിലെത്തിയ സതീശന് നെഞ്ചുവേദന വരികയും തൃശ്ശൂരിലെ ആശുപത്രിയില് അഡ്മിറ്റാക്കുകയും ചെയ്തു. തുടര്ന്ന് ഞായറാഴ്ച്ച രാവിലെ മരണപ്പെടുകയായിരുന്നു. ബി.ജെ.പി അനുഭാവി മരണപ്പെട്ടു എന്ന് മാധ്യമങ്ങളില് വാര്ത്തവരികയും അത് മുതലെടുത്ത് ബി.ജെ.പി ഹര്ത്താല് പ്രഖ്യാപിക്കുകയും ചെയ്തു.
മരണവാര്ത്ത അറിഞ്ഞയുടനെ സി.പി.ഐ.എം നാട്ടിക ഏരിയാ സെക്രട്ടറി പി.എം അഹമ്മദ്, കയ്പ്പമംഗലം ലോക്കല് സെക്രട്ടറി എം.സി ശശിധരന് തുടങ്ങിയവര് സതീശന്റെ വീട്ടിന് എത്തുകയും ചെയ്തു. എന്നാല് കൊലയാളികളായ സി.പി.ഐ.എമ്മുകാര് ഇവിടെ ഇരിക്കരുതെന്ന് പറഞ്ഞ് ബി.ജെ.പി പ്രവര്ത്തകര് ബഹളം വെക്കുകയും ചെയ്തു. ഒടുവില് സഹികെട്ട വീട്ടുകാര് ബി.ജെ.പി പ്രവര്ത്തകരെ പുറത്താക്കി.
പിന്നീട് പത്തുമണിയോടെ വീണ്ടും സംഘടിച്ചെത്തി ബഹളം വെച്ച ബി.ജെ.പി പ്രവര്ത്തകരെ പോലീസെത്തിയാണ് പുറത്താക്കിയത്. തുടര്ന്ന് ഭാര്യയുടെയും മകന്റെയും മൊഴിയെടുത്ത പോലീസിനോട് അവര് പറഞ്ഞത് സതീശന് സി.പി.ഐ.എം പ്രവര്ത്തകന് ആണെന്നായിരുന്നു. എന്നിട്ടും വിടാന് തയ്യാറാകാത്ത ബി.ജെ.പി ജില്ലാ നേതൃത്വം തിങ്കളാഴ്ച ഹര്ത്താല് പ്രഖ്യാപിക്കുകയായിരുന്നു.
എന്നാല് ഏതാനും ദിവസങ്ങള്ക്ക് മുന്പ് സതീശന് ഡി.വൈ.എഫ്.ഐ കൊടി പിടിച്ച് പിരിവിന് നടക്കുന്ന വീഡിയോ ക്ലിപ്പ് വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ ബലം പ്രയോഗിച്ച് ബലിദാനിയാക്കിയതിന് പുറമെ ഹര്ത്താലും നടത്തി ബി.ജെ.പി അപഹാസ്യരാവുകയായിരുന്നു.
കോളാര്: അഞ്ചു വര്ഷം മുമ്പ് 15 കാരിയെ ബലാത്സംഗം ചെയ്യുകയും അത് വീഡിയോയില് പകര്ത്തി പിന്നീട് പെണ്കുട്ടി വിവാഹിതയായപ്പോള് ഭര്ത്താവിന് അയച്ചു കൊടുക്കുകയും ചെയ്ത യുവാവ് ബലാത്സംഗ കുറ്റത്തിന് അറസ്റ്റില്. ജാഖിര്ഖാന് മോഹല്ലയില് നിന്നുള്ള ആരിഫ് എന്ന 25 കാരനാണ് പിടിയിലായത്. 20 കാരിയുടെ കുടുംബജീവിതം തകര്ത്ത അതേ വീഡിയോ ക്ളിപ്പ് ഉപയോഗിച്ച് ബ്ളാക്ക്മെയില് ചെയ്യാന് തുടങ്ങിയതോടെ യുവതി പരാതി നല്കുകയായിരുന്നു. വീഡിയോ ക്ളിപ്പിനെ തുടര്ന്ന് ആറു മാസം മുമ്പ് വിവാഹജീവിതം തകര്ന്നിരുന്നു.
ചിന്താമണിയെന്ന കാര് വര്ക്ക്ഷോപ്പിലെ പണിക്കാരാണ് ആരിഫും അറസ്റ്റിലായിരിക്കുന്ന രണ്ടു കൂട്ടാളികളും. ശനിയാഴ്ച ഗഫാര്ഖാന് മോഹല്ലയിലെ നാട്ടുകാരിയായ യുവതി ശ്രീനിവാസ്പൂര് പോലീസില് പരാതി നല്കുകയായിരുന്നു. അഞ്ചു വര്ഷം മുമ്പ് തന്നെ കൂട്ട ബലാത്സംഗം നടത്തിയ ശേഷം അത് വീഡിയോയില് പകര്ത്തി ബ്ളാക്ക്മെയില് ചെയ്യാന് തുടങ്ങിയെന്ന് കാണിച്ചായിരുന്നു പരാതി. ആരിഫിനൊപ്പം വീഡിയോ ചിത്രീകരിച്ച തൗസീഫ്, സെയ്ദ് എന്നീ യുവാക്കളും പിടിയിലായിട്ടുണ്ട്.
അയല്ക്കാരിയായിരുന്ന പെണ്കുട്ടിയെ 2012 ലാണ് ആരിഫ് ബലാത്സംഗം ചെയ്തത്. പെണ്കുട്ടിയെ വീട്ടില് നിന്നും വിളിച്ചു കൊണ്ടുപോയ യുവാവ് ആളൊഴിഞ്ഞ ഒരു പ്രദേശത്ത് എത്തിക്കുകയും മയക്കുമരുന്ന് കലര്ത്തിയ ജ്യൂസ് കുടിക്കാന് കൊടുത്ത ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവം രണ്ടു സുഹൃത്തുക്കളെ ഉപയോഗിച്ച് ആരിഫ് വീഡിയോയില് ചിത്രീകരിക്കുകയും ചെയ്തു. പെണ്കുട്ടി സംഭവം മാതാപിതാക്കളെ അറിയിക്കുകയും നാട്ടുക്കൂട്ടം വിളിച്ചു കൂട്ടി യുവാവ് പെണ്കുട്ടിയെ കാണുകപോലും ചെയ്യരുതെന്ന നിബന്ധനയില് എല്ലാം ഒത്തുതീര്പ്പാക്കി. പിന്നീട് പെണ്കുട്ടിയെ ഹൈദരാബാദില് മെക്കാനിക്കായ ഒരാളുമായി വിവാഹം നടത്തി.
എന്നാല് യുവതിയെ വിവാഹം കഴിച്ചയാളുടെ നമ്പര് സംഘടിപ്പിച്ച ആരിഫ് ഭാര്യയുടെ നഗ്നചിത്രം കയ്യിലുണ്ടെന്നും തങ്ങള് ബലാത്സംഗം ചെയ്ത പെണ്ണിനെയാണ് വിവാഹം കഴിച്ചിരിക്കുന്നതെന്നും അറിയിച്ചു. എന്നാല് അത് വിശ്വസിക്കാന് കൂട്ടാക്കാതിരുന്ന ഭര്ത്താവ് അവഗണിച്ചപ്പോള് യുവാവ് ബലാത്സംഗത്തിന്റെ വീഡിയോ ക്ളിപ്പുകള് അയച്ചു കൊടുത്തു. ഇതേ തുടര്ന്ന് ഈ ബന്ധം വേര്പെടുകയും യുവതി മാതാപിതാക്കള്ക്കൊപ്പം സ്വന്തം വീട്ടിലേക്ക് പോരുകയും ചെയ്തു. എന്നാല് വിടാന് ഭാവമില്ലായിരുന്ന ആരിഫ് ഈ ക്ളിപ്പ് ഉപയോഗിച്ച് ഭീഷണി മുഴക്കാനും വീണ്ടും തനിക്കൊപ്പം വരാന് ബ്ളാക്ക് മെയില് ചെയ്യാന് തുടങ്ങുകയും ചെയ്തതോടെ യുവതി പോലീസില് പരാതി നല്കുകയായിരുന്നു.
ബസിനകത്ത് നിരവധി യാത്രക്കാരുണ്ടായിരുന്നു. ഒരാള്ക്ക് പോലും എന്റെ മകനെ ആശുപത്രിയിലെത്തിക്കാന് മനസുണ്ടായില്ല’ നെഞ്ച് പിടയുന്ന ഒരച്ഛന്റെ വാക്കുകളാണിത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അനസ് എന്ന ബികോം വിദ്യാര്ത്ഥി അതിക്രൂരമായി ഡല്ഹിയില് കൊല്ലപ്പെട്ടത്. ഒരു സ്വകാര്യ ബസില് നടന്ന സംഭവം വീണ്ടും ഡല്ഹിയിലെ ജനങ്ങളുടെ മനസ് മരവിപ്പിച്ചിരിക്കുകയാണ്.
അഞ്ച് സ്കൂള് വിദ്യാര്ത്ഥികള് പ്രതികളായ സമൂഹത്തെ ഞെട്ടിക്കുന്ന സംഭവം നടന്നതിങ്ങനെ. മദന്പുര് ഖടറില് നിന്ന് ആശ്രം ചൗക്കിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസില് തന്റെ മൊബൈല് ഫോണ് മോഷടിച്ചെന്നാരോപിച്ച് അനസ് അഞ്ച് വിദ്യാര്ത്ഥികളെയും ചോദ്യം ചെയ്തിരുന്നു. ഇതില് പ്രകോപിതരായ വിദ്യാര്ത്ഥികള് യുവാവിനെ ആക്രമിക്കുകയും കഴുത്തില് ആഴത്തില് മുറിവേല്പ്പിക്കുകയുമായിരുന്നു. സംഭവം നടക്കുമ്പോള് നാല്പ്പതോളം പേര് ബസിനകത്തുണ്ടായിരുന്നു. എന്നാല് ഒരാള് പോലും അക്രമികളെ തടയാന് ശ്രമിച്ചില്ല എന്നതാണ് രാജ്യത്തെ മുള്മുനയില് നിര്ത്തുന്നത്.
ബസിനകത്ത് നിരവധി യാത്രക്കാരുണ്ടായിരുന്നു. ഒരാള്ക്ക് പോലും എന്റെ മകനെ ആശുപത്രിയിലെത്തിക്കാന് മനസുണ്ടായില്ലെന്ന് അനസിന്റെ അച്ഛന് ബോലുഖാന് പറഞ്ഞു. തങ്ങള്ക്ക് എന്തെങ്കിലും ചെയ്യാന് കഴിയുന്നതിനു മുമ്പ് അക്രമികള് രക്ഷപ്പെടുകയായിരുന്നെന്ന് ബസിന്റെ കണ്ടക്ടര് ജയ് ഭഗവന് പറഞ്ഞു. കുട്ടിക്കുറ്റവാളികള്ക്കായി പോലീസ് വ്യാപക തിരച്ചില് നടത്തുകയാണെന്ന് ഡല്ഹി പോലീസ് വക്താവ് ദേപേന്ദ്ര പഥക് അറിയിച്ചു.