ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ 70 വയസും അതിന് മുകളിലും പ്രായമുള്ളവരിൽ ഏകദേശം 10 ശതമാനം പേർക്ക് അൾഷിമേഴ്‌സ് രോഗത്തിന് സമാനമായ മസ്തിഷ്ക മാറ്റങ്ങൾ ഉണ്ടാകാമെന്ന് പുതിയ പഠനം. യഥാർത്ഥ ജീവിത ഡേറ്റയെ അടിസ്ഥാനമാക്കിയുള്ള ഈ പഠന പ്രകാരം, 10 ലക്ഷത്തിലധികം ആളുകൾക്ക് രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും അൾഷിമേഴ്‌സുമായി ബന്ധപ്പെട്ട മാറ്റങ്ങൾ തലച്ചോറിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ചികിത്സാ പരീക്ഷണങ്ങൾക്ക് അനുയോജ്യരായ ആളുകളെ കണ്ടെത്തുന്നതിൽ ഈ കണ്ടെത്തൽ നിർണായകമാകും.

പഠനത്തിൽ പങ്കെടുത്ത മുതിർന്നവരിൽ നടത്തിയ പരിശോധനകളിലാണ് ഈ മാറ്റങ്ങൾ കണ്ടെത്തിയത്. ലക്ഷണങ്ങളില്ലാത്തവരിലും ഇത്തരം മാറ്റങ്ങൾ കാണപ്പെടുന്നത് രോഗം നേരത്തെ കണ്ടെത്താനുള്ള സാധ്യത വർധിപ്പിക്കുമെന്ന് ഗവേഷകർ പറയുന്നു. യുകെയിലെ നാഷണൽ ഹെൽത്ത് സർവീസ് (NHS) സംവിധാനത്തിൽ ഭാവിയിൽ കൂടുതൽ പേരെ ചികിത്സാ പരീക്ഷണങ്ങളിലേക്ക് ഉൾപ്പെടുത്താൻ ഇത് സഹായകമാകും.

കിങ്സ് കോളേജ് ലണ്ടനും മറ്റ് സർവകലാശാലകളും ചേർന്ന് നടത്തിയ പഠനം, പ്രായം കൂടുന്ന ജനസംഖ്യയെ തുടർന്ന് ഡിമെൻഷ്യ ഒരു വലിയ ആരോഗ്യ വെല്ലുവിളിയാകുകയാണെന്ന് ചൂണ്ടിക്കാട്ടുന്നു. ചെറിയ സാമ്പിളിൽ നടത്തിയ പഠനമായതിനാൽ കൂടുതൽ ഗവേഷണം ആവശ്യമാണെങ്കിലും, അൾഷിമേഴ്‌സ് രോഗം നേരത്തെ തിരിച്ചറിയാനും, ചികിത്സാ മാർഗങ്ങൾ വികസിപ്പിക്കാനും ഈ കണ്ടെത്തൽ വഴിതെളിയിക്കുമെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ ഈ വർഷത്തെ ഫ്‌ളൂ സീസൺ കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഗുരുതരമാണെന്ന് എൻഎച്ച്‌എസ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ആഴ്ച ശരാശരി 1,700 പേർ ഫ്‌ളൂ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടുവെന്ന കണക്കുകൾ ആണ് ഏറ്റവും പുതുതായി പുറത്തുവന്നിരിക്കുന്നത് . സാധാരണ സീസണിനെക്കാൾ ഒരു മാസം മുമ്പേ പ്രഭവം ആരംഭിച്ചതും കൂടുതൽ രൂക്ഷമായ വൈറസ് വകഭേദമാണ് വ്യാപിക്കുന്നതെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.

ചെറിയ ആരോഗ്യപ്രശ്നങ്ങൾക്കുപോലും എ & ഇ വകുപ്പുകളിൽ രോഗികൾ കൂടിയായതോടെ ആശുപത്രികളുടെ സമ്മർദ്ദം ഇരട്ടി. കഴിഞ്ഞ ശീതകാലത്ത് രണ്ടു ലക്ഷംത്തിലധികം കേസുകൾ എ & ഇ യൂണിറ്റുകളിൽ രേഖപ്പെടുത്തിയിരുന്നു . സാധാരണ പ്രശ്നങ്ങൾക്ക് ഫാർമസികളെയും ജിപിമാരെയും എൻഎച്ച്‌എസ് 111 സേവനത്തെയും ആശ്രയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

ഫ്‌ളൂ കേസുകൾ അതിവേഗം ഉയരുന്നതോടൊപ്പം ഡോക്ടർമാരുടെ ഡിസംബർ നടുവിലെ അഞ്ചുദിവസത്തെ സമരവും ആരോഗ്യസംവിധാനത്തിന് പുതിയ വെല്ലുവിളി സൃഷ്ടിക്കുകയാണ്. ഉടൻ തന്നെ ഫ്‌ളൂ ബാധിതർക്ക് വേണ്ട കിടക്കകൾ 5,000 മുതൽ 8,000 വരെ ഉയരുമെന്ന കണക്കാണ് എൻഎച്ച്‌എസിന് ഉള്ളത് . ഇതിനകം തന്നെ 12 മണിക്കൂറിൽപ്പരം നീളുന്ന എ & ഇ കാത്തിരിപ്പുകളും ജീവനക്കാരുടെ ക്ഷാമവും ഗൗരവമായ പ്രതിസന്ധിയായി മാറിയതായി മുന്നണി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലുടനീളം ക്യാൻസർ, ഹൃദ്രോഗം പോലുള്ള ജീവന് ഭീഷണിയായ രോഗങ്ങൾക്ക് ആവശ്യമായ നിർണായക പരിശോധനകൾ മാസങ്ങളോളം വൈകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. റോയൽ കോളേജ് ഓഫ് റേഡിയോളജിസ്റ്റ്‌സ് നടത്തിയ വിശകലനത്തിലാണ് ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ തുറന്നുകാട്ടുന്ന കണക്കുകൾ ചർച്ചയായിരിക്കുന്നത് . 3.86 ലക്ഷം പേർക്കാണ് സെപ്റ്റംബർ മാസത്തിൽ മാത്രം ആറാഴ്ചയ്ക്ക് മീതെ കാത്തിരിക്കേണ്ടിവന്നത്. ഇതോടെ രോഗനിർണയവും തുടർചികിത്സയും വൈകി രോഗികളുടെ ആരോഗ്യനില വഷളാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.

രാജ്യത്തെ ആരോഗ്യ വിഭാഗങ്ങളിലുടനീളം ലക്ഷ്യം നിശ്ചയിച്ച ആറാഴ്ച സമയപരിധി പാലിക്കാത്ത ട്രസ്റ്റുകളുടെ എണ്ണം 46 ശതമാനമാണ്. റേഡിയോളജിസ്റ്റുകളുടെയും മറ്റ് പരിശീലനം ലഭിച്ച വിദഗ്ധരുടെയും ക്ഷാമമാണ് പരിശോധന റിപ്പോർട്ടിംഗിലും നിരീക്ഷണങ്ങളിലും കൂടുതൽ താമസം ഉണ്ടാക്കുന്നതെന്ന് റോയൽ കോളേജ് ഓഫ് റേഡിയോളജിസ്റ്റ്‌സ് വ്യക്തമാക്കുന്നു. നീണ്ട കാത്തിരുപ്പു സമയം രോഗികൾക്ക് വേദനയും ആശങ്കയും സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്നും, പ്രത്യേകിച്ച് ക്യാൻസർ പരിശോധനയിൽ ഉണ്ടായേക്കാവുന്ന താമസം ഗുരുതരമാണെന്നും വിദഗ്ധർ പറയുന്നു.

സർക്കാർ പരിശോധന വൈകിപ്പിക്കലുകൾ കുറയ്ക്കാൻ ആരോഗ്യവകുപ്പിന്റെ പുതുക്കിയ പദ്ധതികൾ നടപ്പാക്കുന്നുവെന്ന് വ്യക്തമാക്കിയെങ്കിലും, പാർലമെന്ററി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി, ഫിസ്കൽ സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളാണ് ചികിത്സാ കാത്തിരിപ്പുകൾ കുറയ്ക്കാനുള്ള സർക്കാരിന്റെ വാഗ്ദാനങ്ങൾ യാഥാർത്ഥ്യമാകുമോ എന്ന ആശങ്ക ഉയർത്തുന്നത്. ആരോഗ്യവകുപ്പ് ക്യാൻസർ പരിചരണം മെച്ചപ്പെടുത്താൻ പുതിയ ദേശീയ ക്യാൻസർ പ്ലാൻ ഉടൻ പ്രഖ്യാപിക്കുമെന്ന് അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലോകമെമ്പാടും കോടിക്കണക്കിന് ആളുകൾ ആണ് ആസ്മ കാരണം ദിനംപ്രതി ബുദ്ധിമുട്ടുകൾ നേരിടുന്നത്. തീവ്ര ആസ്മയുള്ളവർക്ക് പലപ്പോഴും ദിവസേന സ്റ്റിറോയിഡ് ഗുളികകൾ കഴിക്കേണ്ടി വരും. എന്നാൽ ദീർഘകാലം ഈ ഗുളികകൾ ഉപയോഗിക്കുന്നത് അസ്ഥിക്ക് ബലക്ഷയം, പ്രമേഹം, അണുബാധകൾ തുടങ്ങി ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കിടയായേക്കാം. യുകെയിൽ തന്നെ ആസ്മ വലിയൊരു ആരോഗ്യപ്രശ്നമായി തുടരുന്നതിനാൽ, നല്ലൊരു പരിഹാരത്തിനായി രോഗികളും ഡോക്ടർമാരും കാത്തിരിക്കുകയായിരുന്നു.

ആസ്മ രോഗികൾക്ക് ആശ്വാസം നൽകുന്ന വാർത്തയാണ് കിങ്സ് കോളേജ് ലണ്ടൻ നയിച്ച അന്തർദേശീയ പഠന റിപ്പോർട്ടിൽ ഉള്ളത് . യുകെ, യു.എസ്., ഫ്രാൻസ്, ജർമനി ഉൾപ്പെടെ 11 രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 300 തീവ്ര ആസ്മ രോഗികൾ ഈ പഠനത്തിൽ പങ്കെടുത്തു. ഇവർ മാസംതോറും ടെസെപെല്യൂമാബ് എന്ന ഇഞ്ചക്ഷൻ സ്വീകരിച്ചു. ഒരു വർഷം കഴിഞ്ഞപ്പോൾ പകുതിയിലധികം പേർ സ്റ്റിറോയിഡ് ഗുളികകൾ പൂർണ്ണമായി നിർത്തുകയോ വളരെ കുറയ്ക്കുകയോ ചെയ്തു. യുകെയിലെ ആസ്മ രോഗികൾക്കും ഇതിന്റെ ഗുണം വേഗത്തിൽ ലഭിക്കുമെന്ന പ്രതീക്ഷയും ഉയർന്നു.

ആറുമാസത്തിനുള്ളിൽ തന്നെ മൂന്നിലൊന്ന് പേർ സ്റ്റിറോയിഡ് ഉപയോഗം പൂർണ്ണമായി നിർത്തിയത് ഗവേഷകർ വലിയ മുന്നേറ്റമായി വിലയിരുത്തുന്നു. ശ്വാസം മുട്ടലുകൾ വല്ലാതെ കുറയും, ശ്വാസകോശ പ്രവർത്തനം മെച്ചപ്പെടും, ജീവിത നിലവാരം ഉയരും എന്നെല്ലാമാണ് പുതിയ ചികിത്സാരീതിയുടെ ഗുണഫലമായി ആരോഗ്യ വിദഗ്ധർ ചൂട്ടിക്കാണിക്കുന്നത്. പഠനഫലങ്ങൾ യുകെയിൽ നടന്ന ബ്രിട്ടീഷ് തോറാസിക് സൊസൈറ്റി സമ്മേളനത്തിൽ അവതരിപ്പിച്ചതോടെ, ഈ ഇഞ്ചക്ഷൻ രാജ്യത്തെ തീവ്ര ആസ്മ രോഗികൾക്ക് വലിയൊരു മാറ്റമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
—
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഈ ശൈത്യകാലത്ത് പതിനൊന്ന് വർഷത്തിലൊരിക്കൽ ഉണ്ടാകുന്ന തരത്തിലുള്ള കടുത്ത ഫ്ലൂ വ്യാപനത്തിന് തയ്യാറെടുക്കുകയാണ് യുകെയിലെ ആശുപത്രികളെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ചെറുപ്പക്കാരിൽ വേഗത്തിൽ പടർന്നുകൊണ്ടിരിക്കുന്ന ജനിതക മാറ്റം സംഭവിച്ച പുതിയ എച്ച്3എൻ2 ഫ്ലൂ വകഭേദമാണ് ഭീഷണി ഉയർത്തുന്നത്. ഓസ്‌ട്രേലിയയിലെ ചരിത്രത്തിലെ ഏറ്റവും മോശം ഫ്ലൂ സീസണിന് കാരണമായ വകഭേദത്തിന്റെ ജനിതക വകഭേദമാണ് . കൂടാതെ യുകെയിൽ സാധാരണത്തേക്കാൾ ഒരു മാസത്തിലധികം മുമ്പ് സീസൺ ആരംഭിക്കാൻ കാരണമായിട്ടുണ്ട്. കുട്ടികളിലാണ് ഇപ്പോൾ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പക്ഷേ മുതിർന്നവരിലേക്കും വ്യാപനം ഉയരുന്നതായി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഫ്ലൂ വ്യാപനം മൂലം ആശുപത്രിവാസം വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് എൻഎച്ച്എസ് അടിയന്തിര നടപടികൾ സ്വീകരിച്ചിരിക്കുകയാണ്. സ്റ്റാഫിനും സമൂഹത്തിനുമിടയിൽ വാക്സിനേഷൻ ശക്തിപ്പെടുത്തുക, അടിയന്തിര സേവനങ്ങൾ വിപുലീകരിക്കുക, ആശുപത്രി പ്രവേശനം കുറയ്ക്കാൻ കമ്മ്യൂണിറ്റി ചികിത്സ ശക്തമാക്കുക തുടങ്ങിയ നടപടികളാണ് പ്രധാനമായും നടപ്പാക്കുന്നത്. റെസിഡന്റ് ഡോക്ടർമാരുടെ സമരത്തെ തുടർന്ന് ആശുപത്രികൾ കൺസൾട്ടന്റുമാരെ അധിക ഷിഫ്റ്റുകളിലേക്ക് നിയോഗിക്കുകയും ചില ചികിത്സകൾ പുനഃക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ വകഭേദത്തിന് സാധാരണത്തെ അപേക്ഷിച്ച് വേഗത്തിലുള്ള വ്യാപനമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

നിലവിലുള്ള ഫ്ലൂ വാക്സിനുകൾ ഈ മ്യൂട്ടേഷൻ നേരിടുന്നതിൽ ഫലപ്രാപ്തി കുറവാണെങ്കിലും ഗുരുതര രോഗലക്ഷണങ്ങൾ തടയുന്നതിൽ കാര്യക്ഷമത ഉണ്ടെന്നാണ് യുകെഎച്ച്എസ്എയുടെ പ്രാഥമിക പഠനങ്ങൾ സൂചിപ്പിക്കുന്നത് . കുട്ടികളിൽ 70–75%യും മുതിർന്നവരിൽ 30–40%യും വാക്സിൻ സംരക്ഷണം നൽകുന്നതായാണ് വിലയിരുത്തൽ. അതേസമയം, മുതിർന്നവരും ദീർഘകാല രോഗമുള്ളവരും ഗർഭിണികളും ചെറുപ്പക്കാർക്കും ഈ സീസൺ ഏറ്റവും വലിയ അപകട സാധ്യതയുള്ളതാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇത്തവണ യുകെയിൽ കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും ഗുരുതരമായ ഫ്ലൂ സീസൺ ആവാനുള്ള സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ വിലയിരുത്തുന്ന സാഹചര്യത്തിൽ, അർഹരായ എല്ലാവരും ഉടൻ വാക്സിൻ സ്വീകരിക്കണമെന്ന് ആരോഗ്യവിദഗ്ധർ ആവർത്തിച്ച് അഭ്യർത്ഥിക്കുന്നു.
വേൾഡ് മലയാളി കൗൺസിലിന്റെ ഇന്റർനാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം 22/06/25 തീയതി (ഞായറാഴ്ച), ഓൺലൈൻ ഹെൽത്ത് സെമിനാർ നടത്തുന്നു.
സമയം: 7 പി.എം.(ഇന്ത്യ), 2.30 പി.എം.(യുകെ), 3.30 പി.എം.(ജർമ്മനി), 5.30 പി.എം.(യുഎഇ), 8.30 എ.എം.(ന്യൂയോർക്ക്).
സൂം മീറ്റിംഗ് ഐഡി: 803 423 5854,
പാസ്‌കോഡ്: 2Jgkt9.
വിഷയങ്ങളും പ്രഭാഷകരും; 1. പുനരധിവാസ വൈദ്യശാസ്ത്രം: ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിലേക്കുള്ള ഒരു ആമുഖം – ഡോ.ജിമി ജോസ്, എം.ബി.ബി.എസ്., എം.ഡി (പി.എം&ആർ), ഡി.എൻ.ബി., എം.എൻ.എ.എം.എസ്., ഫെലോഷിപ്പ് ഇൻ ഇന്റർവെൻഷണൽ പെയിൻ മാനേജ്മെന്റ്, കൺസൾട്ടന്റ് റീഹാബിലിറ്റേഷൻ ആൻഡ് ഇന്റർവെൻഷണൽ ഫിസിയാട്രിസ്റ്റ് ആൻഡ് എച്ച്.ഒ.ഡി., പുഷ്പഗിരി മെഡിക്കൽ കോളേജ്, തിരുവല്ല. 2. നഷ്ടപ്പെട്ട പല്ല് എത്രയും വേഗം മാറ്റിസ്ഥാപിക്കുന്നുവോ അത്രയും നല്ലത് – ഡോ. മിലൻ മറിയം രാജീവ്, ബി.ഡി.എസ്., എം.ഡി., പ്രീമിയർ ഡെന്റൽ സ്പെഷ്യാലിറ്റികൾ, കോട്ടയം. 3. നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായ മറഞ്ഞിരിക്കുന്ന പക്ഷപാതങ്ങൾ – സൈക്കോളജിസ്റ്റ് ദിയ തെരേസ് ജോസ്, എം.എ., എം.ഫിൽ., ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ, തിരുവല്ല. ഡബ്ല്യു. എം. സിയുടെ ആരോഗ്യ ടൂറിസം സൈറ്റ് സന്ദർശിക്കുക: www.wmchealthtourism.org. വിവരങ്ങൾക്ക് ബന്ധപ്പെടുക; ഫോറത്തിന്റെ പ്രസിഡന്റ് ഡോ. ജിമ്മി ലോനപ്പൻ മൊയലൻ (യുകെ): വാട്ട്‌സ്ആപ്പ് 00447470605755. സൂം മീറ്റിംഗ് ലിങ്ക്: https://us02web.zoom.us/j/8034235854?pwd=c0tsRkFmUVA3bnFTaEtwMHBMczMzQT09&omn=81904634774

ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഫാർമസി ഗ്രൂപ്പ് ആയ ബൂട്സ് ഉപഭോക്താക്കളോട് 500 മില്ലിഗ്രാം പാരസെറ്റമോൾ ഗുളികകൾ തിരികെ നൽകാൻ ആവശ്യപ്പെട്ടു. ലേബലിംഗിൽ ഉണ്ടായ പിഴവാണ് നടപടിക്ക് കാരണം. വേദനസംഹാരിയായ ആസ്പിരിൻ എന്ന തെറ്റായ പ്രസ്താവന പായ്ക്കറ്റിൽ രേഖപ്പെടുത്തിയതാണ് നടപടിയിലേക്ക് നയിച്ചത്.

ബാച്ച് നമ്പർ 241005 ഉൾപ്പെട്ട എക്സ്പയറിങ് ഡേറ്റ് “12/2029” ആയ ഗുളികകൾ ആണ് തിരിച്ചു വിളിച്ചവയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഏകദേശം 110, 000 പായ്ക്കറ്റുകളെ ഈ നടപടി ബാധിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇത്തരം മരുന്നുകൾ കൈവശം വയ്ക്കുന്നവർ തിരിച്ചു നൽകുമ്പോൾ ബില്ലില്ലെങ്കിൽ പോലും ഉപഭോക്താക്കൾക്ക് മുഴുവൻ തുകയും തിരിച്ചു നൽകുമെന്ന് കമ്പനി അറിയിച്ചു.

പിഴവ് വരാനുള്ള കാരണങ്ങളെ കുറിച്ച് നിർമ്മാതാക്കളും വിതരണക്കാരായ അസ്പാർ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗുളികകളുടെ പുറം കാർഡ് ബോർഡ് പാക്കേജിൽ പാരസെറ്റമോൾ 500 മില്ലിഗ്രാം ഗുളികകൾ എന്നും അകത്ത് ആസ്പിരിൻ 300 മില്ലിഗ്രാം എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ഗുളികകൾ മേടിച്ചിരിക്കുന്നവർ അത് ഉപയോഗിക്കാനോ സൂക്ഷിക്കാനോ പാടില്ലെന്നും അത് തെറ്റായ ഡോസിലേയ്ക്ക് നയിച്ചേക്കാമെന്നുമാണ് ചൂണ്ടി കാണിക്കുന്നത്. ഈ ഉത്പന്നങ്ങൾ മറ്റാർക്കെങ്കിലുമായി മേടിച്ചവർ എത്രയും പെട്ടെന്ന് അവരോട് ഈ വിവരങ്ങൾ അറിയിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗികളുടെ സുരക്ഷയാണ് തങ്ങളുടെ മുൻഗണന എന്ന് മെഡിസിൻസ് ആൻഡ് ഹെൽത്ത്‌കെയർ പ്രൊഡക്‌ട്‌സ് റെഗുലേറ്ററി ഏജൻസിയിൽ (എംഎച്ച്ആർഎ) നിന്നുള്ള ഡോ സ്റ്റെഫാനി മില്ലികൻ പറഞ്ഞു.
രാത്രിയില്‍ ബ്രാ ധരിച്ചാല്‍ ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങളെ പറ്റി ഇന്ന് മിക്ക സ്ത്രീകള്‍ക്കും അറിയില്ല. ഉറങ്ങുമ്പോള്‍ ബ്രാ ധരിക്കുന്നത് ചില ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കാമെന്ന് ആരോഗ്യ വിദഗ്‌ദ്ധർ പറയുന്നു.
സുഖകരമായ ഉറക്കം, സ്തനങ്ങളുടെ ആരോഗ്യം, രക്തചംക്രമണം തുടങ്ങി ബ്രാ ധരിക്കാതിരുന്നാല്‍ ചില ആരോഗ്യ നേട്ടങ്ങളുണ്ടെന്നാണ് ആരോഗ്യ വിദഗ്‌ദ്ധർ പറയുന്നത്. ഇറുകിയ ബ്രാകള്‍ ദീർഘനേരം ധരിക്കുന്നത് അസ്വസ്ഥതയുണ്ടാക്കും. ഉറങ്ങുമ്പോള്‍ ഇത്തരം ബ്രാ ധരിക്കുന്നത് രാത്രിയില്‍ അസ്വസ്ഥതയുണ്ടാക്കും.
ബ്രാ ഇല്ലാതെ ഉറങ്ങുകയാണെങ്കില്‍ ശരീരം ശരിയായി വിശ്രമിക്കുകയും ഉറക്കത്തിന്റെ ഗുണനിലവാരം കൂട്ടുകയും ചെയ്യും.
ഉറങ്ങുമ്പോള്‍ ബ്രാ ധരിക്കുന്നത് സ്തനങ്ങളില്‍ ഫംഗസ് അണുബാധയ്‌ക്ക് കാരണമായേക്കാം. ബ്രാ നിരന്തരം ധരിക്കുന്നതു വഴി വിയര്‍പ്പ് കണങ്ങള്‍ തങ്ങി നില്‍ക്കുകയും ഫംഗസ് ആയി രൂപപ്പെടുകയും ചെയ്യും. രാത്രിയില്‍ ധരിക്കുന്ന ബ്രാ വളരെ ഇറുകിയതാണെങ്കില്‍ സ്തന കോശങ്ങളിലേക്കുള്ള രക്തയോട്ടത്തെ ബാധിക്കും.
ഉറങ്ങുമ്പോള്‍ ബ്രാ ധരിക്കാതിരുന്നാല്‍ സ്തനങ്ങളിലേക്ക് മെച്ചപ്പെട്ട രക്തയോട്ടവും ആരോഗ്യമുള്ള സ്തനങ്ങള്‍ ഉറപ്പാക്കുകയും ചെയ്യും. രാവിലെയും രാത്രിയും ദീർഘനേരം ബ്രാ ധരിക്കുന്നത്, പ്രത്യേകിച്ച് വളരെ ഇറുകിയതാണെങ്കില്‍, ചർമ്മത്തില്‍ ചൊറിച്ചില്‍ പോലുള്ള അസ്വസ്ഥതകള്‍ക്ക് ഇടയാക്കും.
ഉറക്കത്തില്‍ സ്തനങ്ങളെ സ്വതന്ത്രമായി വിടുന്നതാണ് നല്ലത്. ഇത് ചർമ്മപ്രശ്നങ്ങള്‍ തടയുകയും ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ബ്രായുടെ ഇലാസ്‌റ്റിക്കുള്ള ഭാഗം വരുന്നിടത്ത് പിഗ്മെന്റേഷന്‍ വരാന്‍ സാധ്യതയേറെയാണ്. ചര്‍മഭംഗിയെ ബാധിക്കുന്ന വിവിധ പ്രശ്‌നങ്ങളില്‍ ഒന്നാണ് പിഗ്മെന്റേഷന്‍. ഉറങ്ങുമ്പോള്‍ ബ്രാ ധരിക്കുന്നത് പിഗ്മെന്റേഷന്‍ സാധ്യത വര്‍ദ്ധിപ്പിക്കും.
ഡോക്ടർ എ. സി. രാജീവ് കുമാർ
ഓണം പോന്നോണം തുടങ്ങുക അത്തം മുതൽ ആണല്ലോ. വീടും പരിസരവും വീട്ടുപകരണങ്ങളും ഒക്കെ വൃത്തിയാക്കൽ ഓരോ ദിവസവും ആയി ചെയ്തു വരും. പിന്നീടുള്ള ഓരോ ദിവസവും ഓരോ ഇനം വറ ആണ്. കടല മാവ് കൊണ്ടുള്ള പക്കാവട ഒരു ദിവസം. അടുത്തത് അരി അരച്ചുള്ള കളിയടക്ക കുഴലപ്പം ഒറോട്ടി ഇനങ്ങൾ. ഉപ്പേരി ആണ് അടുത്തത്. ഏത്തക്ക ഉപ്പേരി പല ഇനം. വട്ടം അരിഞ്ഞത്, കനം കുറച്ച് വട്ടം അരിഞ്ഞത്, വട്ടം നടുവെ മുറിച്ചത്, നാലൊന്ന്, ചക്കര വരട്ടിക്ക് കനം ഉള്ളത് ഇങ്ങനെ പല തരം.
അച്ചപ്പം, ഗോതമ്പ് ഡയമാൺ കട്ട്, അത് തന്നെ പഞ്ചസാര വഴറ്റിയത്. വറ ഇനങ്ങൾ ഓരോന്ന് ബിസ്‌ക്കറ്റ് പാട്ടകളിൽ ആക്കി മറ്റുകയാണ് ചെയ്ക.
ഓരോ ദിവസവും ഓണ പരീക്ഷ കഴിഞ്ഞു വീട്ടിൽ എത്തുമ്പോൾ വറ മണം അടിച്ചു അടുക്കളയിൽ ചെല്ലുമ്പോൾ മുറത്തിൽ അതാതു ദിവസം വറക്കുന്നവ ചൂട് ആറാൻ വെച്ചിരിക്കുന്നുണ്ടാവും. അതിൽ കുറേ എടുത്ത് നിക്കറിന്റെ പോക്കറ്റിൽ ഇട്ട് കൊണ്ട് നടന്നുള്ള തീറ്റി ആയിരുന്നു രസം. ഉത്രാട നാളിൽ ചന്തയിൽ നിന്നും ഒത്തിരി പച്ചക്കറികളുമായി അച്ഛൻ വരുന്നത് ഓർക്കുന്നു. തിരുവോണ സദ്യ ഒരുക്കങ്ങൾ ഉച്ചക്കേ തുടങ്ങും.
പിറ്റേന്ന് തിരുവോണം നാളിൽ തേങ്ങ തിരുമ്മുന്ന ശബ്ദം കേട്ട് ആയിരിക്കും ഉണരുക. പായസത്തിനുള്ള തേങ്ങാ പാൽ എടുക്കാൻ. പായസം ഉണ്ടാക്കി അച്ഛൻ കുളി കഴിഞ്ഞെത്തുമ്പോൾ ഞങ്ങൾ കുട്ടികൾക്ക്. നിലത്ത് പായ വിരിച്ചു തൂശൻ ഇലയിൽ ചോറ് വിളമ്പുന്നതോടെ സദ്യ തുടങ്ങി. ഊണ് കഴിഞ്ഞ് ഊഞ്ഞാൽ ആട്ടം, നിരകളി, തായം, പകിടകളി ഒക്കെ ആയി വൈകുന്നേരം ആക്കും. വൈകിട്ട് മുറ്റത്ത് എല്ലാരും കൂടി കഥകൾ പറഞ്ഞ് രാത്രി ഉറക്കത്തിലേക്ക് പോകുന്നതോടെ ഓണം കഴിഞ്ഞു.
ഡോക്ടർ എ. സി. രാജീവ് കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ് കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്. മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് . ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.
മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നടുവത്ത് സ്വദേശി നിയാസ് പുതിയത്ത് (23 ) ആണ് മരിച്ചത്. ബെംഗളുരിൽ പഠിക്കുന്ന നിയാസ് അസുഖബാധിതനായി ചികിത്സയിലായിരുന്നു. ചികിത്സയിൽ കഴിയവേ ഇന്നാണ് മരണം സംഭവിച്ചത്.
അതേസമയം, കോഴിക്കോട് കൊമ്മേരിയിൽ അഞ്ചു പേര്‍ക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഇതോടെ കഴിഞ്ഞ ഒരാഴ്ചയിലധികമായി രോഗം ബാധിച്ചവരുടെ എണ്ണവും ഉയര്‍ന്നിട്ടുണ്ട്. 47 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം നടത്തിയ മെഡിക്കൽ ക്യാമ്പിൽ പരിശോധനക്ക് അയച്ച നാല് സാമ്പിളുകൾ പോസിറ്റീവ് ആയിരുന്നു. പത്തു പേര്‍ ആശുപത്രി വിട്ടിരുന്നു. ബാക്കിയുള്ളവര്‍ ചികിത്സയില്‍ തുടരുകയാണ്. കൊമ്മേരിയിൽ രോഗ പരിശോധനയ്ക്കായി മെഡിക്കല്‍ ക്യാമ്പ് ഉള്‍പ്പെടെ നടത്തിയിരുന്നു.
ഇതിൽ പരിശോധനക്കയച്ച സാമ്പിളുകളില്‍ നാലെണ്ണമാണ് പോസിറ്റീവായത്. പ്രദേശത്ത് പ്രതിരോധ പ്രവർത്തനം തുടരുന്നതായി കോഴിക്കോട് കോർപ്പറേഷൻ അധികൃതർ അറിയിച്ചു.