ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശികളുടെ കോവിഡ് ഭേദമായെന്ന് പത്തനംതിട്ട കലക്ടർ പി.ബി.നൂഹ്. ഇവരുടെ രണ്ട് അടുത്ത ബന്ധുക്കളുടെ പരിശോധനാഫലവും നെഗറ്റീവായതായി അദ്ദേഹം വെളിപ്പെടുത്തി. കൊച്ചിയിൽ കോവിഡ് ചികിൽസയിലായിരുന്ന വിദേശിയും ഇന്ന് സുഖം പ്രാപിച്ചതായി നേരത്തേ മുഖ്യമന്ത്രി വെളിപ്പെടുത്തിയിരുന്നു.
ഇതോടെ നിലവിൽ 165 പേരാണ് കേരളത്തിൽ കോവിഡിന് ബാധിതരായുള്ളത്. 620 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. ഒരുലക്ഷത്തി മുപ്പത്തിമൂവായിരത്തിലേറെ പേർ വീടുകളിലും നിരീക്ഷണത്തിലാണ്.
അഞ്ച് പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ന് കുറവുണ്ടായെങ്കിലും ആശങ്ക ഒഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി കോവിഡ് ബാധിതരുടെ പേരുവിവരങ്ങള്‍ സർക്കാർ പുറത്ത് വിടില്ലെന്നും വിശദീകരിച്ചിരുന്നു.
കോവിഡ് 19നുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തുകോടി നൽകുമെന്ന് എം.എ യൂസഫലിയും അഞ്ചു കോടി നൽകുമെന്ന് പ്രഖ്യാപിച്ച് രവി പിള്ളയും. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് വിളിച്ചാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. ഇത്തരത്തിൽ ഒട്ടേറേ പേരാണ് സഹായവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇതിനൊപ്പം തന്റെ ഉടമസ്ഥതയിലുള്ള കൊല്ലത്തെ ഉപാസന ആശുപത്രി കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആവശ്യമെങ്കിൽ വിട്ടുകൊടുക്കാനും സന്നദ്ധനാണെന്ന് രവിപിള്ള അറിയിച്ചു. കേരളം ഉൾപ്പടെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലുള്ള ഗ്രൂപ്പിന്റെ ഒരു ലക്ഷത്തോളം വരുന്ന ജീവനക്കാർക്കും പ്രത്യേക സാമ്പത്തിക സഹായം നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടുക്കി ജില്ലയിലെ കോവിഡ്–19 സ്ഥിരീകരിച്ച ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതാവ് കേരളം ചുറ്റിയതായി രേഖകൾ. സംസ്ഥാനത്തെ മുതിർന്ന രണ്ടു കോൺഗ്രസ് നേതാക്കളുമൊത്ത് മന്ത്രിമാരെയും എംഎൽഎമാരെയും വകുപ്പു സെക്രട്ടറിമാരെയും കാണാൻ പോയി. നിയമസഭാ മന്ദിരത്തിലും നിയമസഭാ ഹോസ്റ്റലിലും എത്തി.
എവിടെനിന്നാണു കോൺഗ്രസ് നേതാവിന് രോഗം ബാധിച്ചത് എന്ന് ഇപ്പോഴും വ്യക്തമല്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പൊതുപ്രവർത്തകൻ എന്ന നിലയിൽ ഗൾഫിൽ നിന്നു വന്നവരുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്നും ആരോഗ്യ വകുപ്പ് അന്വേഷിക്കുന്നുണ്ട്. സജീവമായി പൊതുരംഗത്തുള്ള ആളായതിനാൽ നേതാക്കന്മാരും പ്രവർത്തകരും മറ്റുമായി ഇദ്ദേഹം ബന്ധപ്പെട്ടിരുന്നു. ഇക്കാരണത്താൽ ഇദ്ദേഹത്തിന്റെ വിശദമായ യാത്രാവഴി തയാറാക്കുന്നത് ക്ലേശകരമാണെന്ന് ഇടുക്കി കലക്ടർ എച്ച്. ദിനേശൻ പറഞ്ഞു. എങ്കിലും ലഭ്യമായ വിവരങ്ങൾ വച്ച് സഞ്ചാരപഥം ഇന്നു പ്രസിദ്ധപ്പെടുത്തും.
ഇടുക്കി ജില്ലയുടെ ആസ്ഥാനമായ ചെറുതോണിയിലാണ് നേതാവ് താമസിക്കുന്നത്. ഒരു ഡസനിലേറെ പോഷക സംഘടനകളുടെ നേതാവാണ്. സംസ്ഥാനത്തിനകത്തും പുറത്തും നിരന്തരം യാത്ര ചെയ്യുന്ന ആളുമാണ്. കഴിഞ്ഞ മാസം 13 ന് കാസർകോട്ട് എത്തി ഏകാധ്യാപകരുടെ സംസ്ഥാന ജാഥയിൽ പങ്കെടുത്തു. ജാഥ മറയൂർ ചെറുവാട് ആദിവാസി കുടിയിലാണ് ആരംഭിച്ചത്. ഏകാധ്യാപകരും കുട്ടികളും ഉൾപ്പെടെ നൂറിലധികം പേർ പങ്കെടുത്തിരുന്നു. നേതാക്കന്മാരുടെയും മറ്റും വീടുകളിലും ഇദ്ദേഹം സന്ദർശനം നടത്തിയിരുന്നു.
കോവിഡ്–19 സ്ഥിരീകരിച്ച സാഹചര്യത്തിൽ കോൺഗ്രസ് നേതാവിനെ തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ഭാര്യയും മക്കളും മകന്റെ ഭാര്യയും ഉൾപ്പെടെയുള്ളവർ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിൽ വീട്ടിലാണ്. നേതാവുമായി അടുത്തിടപഴകിയവരോട് വീട്ടുനിരീക്ഷണത്തിലാകാൻ നിർദേശിച്ചതായും കലക്ടർ പറഞ്ഞു. ഇദ്ദേഹം മാർച്ച് 13നും 20നും ഇടയ്ക്ക് പാലക്കാട്, ഷോളയാർ, മറയൂർ, മൂന്നാർ, പെരുമ്പാവൂർ, ആലുവ, മാവേലിക്കര, തിരുവനന്തപുരം നിയമസഭാ മന്ദിരം എന്നിവിടങ്ങളിൽ എത്തിയിരുന്നതായി കലക്ടർ അറിയിച്ചു.
കോൺഗ്രസ് നേതാവിനു കൂടി കോവിഡ്–19 സ്ഥിരീകരിച്ചതോടെ ഇതുവരെ 3 പേർക്കാണ് ഇടുക്കി ജില്ലയിൽ രോഗം ബാധിച്ചതായി കണ്ടെത്തിയത്. ഇടുക്കി ജില്ലയിൽ കോവിഡ് ബാധിക്കുന്ന ആദ്യ തദ്ദേശീയനാണ് ഇദ്ദേഹം. മൂന്നാറിലെത്തിയ ബ്രിട്ടിഷ് പൗരന് രോഗം സ്ഥിരീകരിച്ചത് കഴിഞ്ഞയാഴ്ചയായിരുന്നു. ദുബായിൽ നിന്നെത്തിയ തൊടുപുഴ കുമാരമംഗലം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത് ബുധനാഴ്ച.
നേതാവിന്റെ യാത്രകളെക്കുറിച്ച് ജില്ലാ ഭരണകൂടത്തിനു ലഭിച്ച വിവരങ്ങൾ.
∙ മാർച്ച് 7 : പാലക്കാട് സന്ദർശനം
∙ മാർച്ച് 8 :അട്ടപ്പാടിയിലും ഷോളയാറിലും എത്തി. പെരുമ്പാവൂരിൽ താമസിച്ചു
∙ മാർച്ച് 9 : രാവിലെ തൊടുപുഴയിൽ മടങ്ങിയെത്തി. പാർട്ടി യോഗങ്ങളിൽ പങ്കെടുത്തു.
∙ മാർച്ച് 10 : ആലുവയിലേക്കു കാറിൽ പുറപ്പെട്ടു. ആലുവയിൽ നിന്ന് മാവേലി എക്സ്പ്രസിൽ തിരുവനന്തപുരത്തേക്കു പോയി.
∙ മാർച്ച് 11 : കോൺഗ്രസിന്റെ രണ്ടു സംസ്ഥാന നേതാക്കളെ കണ്ടു. ഒരു നേതാവിനെയും കൂട്ടി സെക്രട്ടേറിയറ്റിൽ എത്തി മന്ത്രിമാരെ കണ്ടു നിവേദനം നൽകി. വകുപ്പു സെക്രട്ടറിമാരെ കണ്ടു. എംഎൽഎ ഹോസ്റ്റലിലെത്തി.
∙ മാർച്ച് 12 : മൂന്നാറിൽ പാർട്ടിയുടെ പോഷക സംഘടനയുടെ യോഗത്തിൽ പങ്കെടുത്തു. ഇതിനു ശേഷം മറയൂരിലേക്കു പോയി. ഏകാധ്യാപകരുടെ സത്യഗ്രഹ സമരത്തിൽ പങ്കെടുത്തു. മൂന്നാർ ടാറ്റാ ടീ ആശുപത്രിയിലെത്തി.
∙ മാർച്ച് 13: പനി ബാധിച്ചു. വൈകിട്ട് ചെറുതോണിയിലെ വീട്ടിൽ തിരിച്ചെത്തി. മസ്ജിദിൽ പോയി.
∙ മാർച്ച് 14: രാവിലെ തൊടുപുഴയിലെത്തി. കെപിസിസി ഭാരവാഹിയുമായി ചർച്ച നടത്തി. പനി കൂടിയതോടെ ഇടുക്കി ജില്ലാ ആശുപത്രിയിലെത്തി. പിന്നീടുള്ള ദിവസങ്ങളിൽ വീട്ടിൽ വിശ്രമിച്ചു.
∙ മാർച്ച് 20 : മസ്ജിദിൽ പോയി.
∙ മാർച്ച് 23: പനി മാറാത്തതിനെ തുടർന്നു വീണ്ടും ജില്ലാ ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടു. സ്രവം പരിശോധനയ്ക്കു നൽകി.
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ വനിതാ ശിശുക്ഷേമ വികസന വകുപ്പിന്‍റെ കീഴില്‍ വരുന്ന സ്കൂള്‍ കൌണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ മാനസികാരോഗ്യ പ്രോഗ്രാമിന്‍റെ ഭാഗമായി സൗജന്യ സൈക്കോ സോഷ്യല്‍ കൌണ്‍സലിംഗ് നടത്തി വരുന്നു. കോവിഡ് 19ന്‍റെ ഭാഗമായി ഐസൊലേഷനിലോ ക്വാറന്റ്റൈനിലോ ഉള്ളവര്‍ക്കും അല്ലാത്തവര്‍ക്കും ഈ സൗജന്യ സേവനം ഉപയോഗിക്കാവുന്നതാണ്.
ജില്ലയിലെ പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ നിന്നും കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ നിന്നും കൊറോണ രോഗ സംശയത്തിന്‍റെ പേരില്‍ ക്വാറന്റ്റൈനില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ച് ഓരോ വ്യക്തികളെയും ഫോണില്‍ ബന്ധപ്പെട്ട് കൌണ്‍സലിംഗ് നല്‍കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ കൊണ്ട് ഇത്തരത്തില്‍ ആയിരത്തി അഞ്ഞൂറിലേറെ പേര്‍ക്ക് കൌണ്‍സലിംഗ് നല്‍കാന്‍ കഴിഞ്ഞുവെന്ന് പ്രോഗ്രാം ഓഫീസര്‍ ജെ മായാലക്ഷ്മി പറഞ്ഞു. ഈ സേവനം ആവശ്യമുള്ളവര്‍ക്ക് ഇരുപത്തിനാല് മണിക്കൂറും ഹെല്‍പ്പ് ലൈന്‍ നമ്പറുകളില്‍ വിളിക്കാവുന്നതാണ് എന്നും അറിയിക്കുന്നു.
സംസ്ഥാനത്ത് വ്യാഴാഴ്ച 19 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിക്കപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ചികിത്സയിലുള്ളത് 126 പേരാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
കണ്ണൂരിൽ ഒന്‍പത്, കാസർഗോഡും മലപ്പുറത്തും മൂന്നു പേർക്ക്, തൃശൂരിൽ രണ്ട്, ഇടുക്കിയിലും വയനാട്ടിലും ഓരോരുത്തർക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിക്കപ്പെട്ടത്. 136 പേർ ഇന്ന് ആശുപത്രിയിൽ നിരീക്ഷണത്തിലായി.
പത്തനംതിട്ടയിൽ ചികിത്സയിലായിരുന്ന ഒരാൾക്ക് രോഗം ഭേദമായി. കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ശ്രീചിത്രയിലെ ഡോക്ടർ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇയാളുമായി സമ്പർമുണ്ടായിരുന്ന മിക്കവരുടെയും ഫലം നെഗറ്റീവാണ്.
കോഴിക്കോട്: ശരീരത്തിന് പരിക്കുപറ്റിയാല്‍ നമ്മള്‍ പ്രഥമശുശ്രൂഷ നല്‍കും. ഇതുപോലെ മനസ്സിനുണ്ടാവുന്ന ചെറിയ പരിക്കുകള്‍ക്കും പ്രഥമശുശ്രൂഷ നല്‍കാന്‍ സംവിധാനം ഒരുക്കിയിയിക്കുകയാണ് മാനസികാരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന റോള്‍ഡന്റ്‌സ് ഗ്രൂപ്പ്. കൊറോണാഭീതിയുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് ഫോണ്‍ വിളിച്ച് ഉപദേശം തേടാനുള്ള സൗകര്യമാണ് സജ്ജീകരിച്ചിരിക്കുന്നത്. മാനസികാരോഗ്യപരിപാലനരംഗത്ത് പ്രവര്‍ത്തന പരിചയമുള്ള വോളന്റിയര്‍മാരുടെ സേവനമാണ് ആദ്യഘട്ടത്തില്‍ ലഭിക്കുക. വിളിക്കുന്നവരുടെ മാനസികാവസ്ഥ മനസ്സിലാക്കി ആവശ്യമങ്കില്‍ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ സേവനം ലഭ്യമാക്കും. മാനസിക സമ്മര്‍ദ്ദം, ആകുലത, പിരിമുറുക്കം, വിഷാദം, ഉറക്കമില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഓണ്‍ലൈന്‍ കൗണ്‍സിലിങ്ങും നല്‍കും. ഈ സേവനങ്ങള്‍ തികച്ചും സൗജന്യമായിരിക്കുമെന്ന് കൊച്ചിയിലെ റോള്‍ഡന്റ് റെജുവിനേഷന്‍ മൈൻഡ് ബിഹേവിയർ സ്റ്റുഡിയോ മേധാവി സൈക്കോളജിസ്റ്റ് വിപിന്‍ റോള്‍ഡന്റ് അറിയിച്ചു. വിളിക്കേണ്ട നമ്പര്‍ 7025917700
ക്വാറന്റീനില്‍ കഴിയാതെ കറങ്ങി നടന്ന മണ്ണാര്‍ക്കാട്ടെ കോവിഡ് ബാധിതനെതിരെ കേസെടുത്തതായി പാലക്കാട് ജില്ലാ കളക്ടര്‍ അറിയിച്ചു. ഹോം ക്വാറന്റീന്‍ നിര്‍ദേശം ലംഘിച്ചതിനാണ് കോസെടുത്തത്.
അദ്ദേഹത്തിന്റെ മകനെയും കുടുംബാംഗങ്ങളെയും ഹോം ക്വാറന്റീനിലാക്കിയതായി കളക്ടര്‍ ഡി ബാലമുരളി പറഞ്ഞു. കോവിഡ് ബാധിതന്റെ മകന്‍ കെഎസ്‌ആര്‍ടിസിയിലെ കണ്ടക്ടറാണ്. ഇയാളുടെ പരിശോധനാ ഫലം ഇന്നോ നാളെയോ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. പാലക്കാട് കാരക്കുറിശ്ശി സ്വദേശിയായ കോവിഡ് ബാധിതന്റെ മകന്‍ മാര്‍ച്ച് 17 ന് കെഎസ്‌ആര്‍ടിസിയില്‍ ഡ്യൂട്ടിക്ക് കയറിയിരുന്നു.
മണ്ണാര്‍ക്കാട്ടു നിന്ന് അട്ടപ്പാടി വഴി കോയമ്ബത്തൂര്‍ ബസ്സിലാണ് ഇയാള്‍ ഡ്യൂട്ടി എടുത്തത്. മാര്‍ച്ച് 18 ന് ഇയാള്‍ പാലക്കാട്-തിരുവനന്തപുരം ബസ്സിലും ഡ്യൂട്ടി ചെയ്തിരുന്നതായി കണ്ടെത്തി. ഇയാള്‍ ജോലി ചെയ്ത ബസ്സുകളില്‍ യാത്ര ചെയ്തിരുന്നവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
മണ്ണാര്‍ക്കാട് കാരാക്കുറിശ്ശി സ്വദേശിക്ക് ഇന്നലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് മകനെയും കുടുംബാംഗങ്ങളെയും നിരീക്ഷണത്തിലാക്കിയത്.ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് മാര്‍ച്ച് 13 നാണ് ഇയാള്‍ ദുബായില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയത്. വീട്ടില്‍ ക്വാറന്റീനില്‍ കഴിയണമെന്ന നിര്‍ദേശം ലംഘിച്ച് ഇയാള്‍ നാട്ടില്‍ കറങ്ങിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ബസില്‍ യാത്ര ചെയ്തു, പ്രദേശത്തെ വിവിധ വ്യാപാര സ്ഥാപനങ്ങള്‍, ബാങ്കുകള്‍, യത്തീം ഖാന, പള്ളികള്‍ എന്നിവിടങ്ങളില്‍ ഇയാള്‍ പോയിരുന്നു. മലപ്പുറത്തും കോവിഡ് ബാധിതന്‍ പോയതായാണ് സംശയം ഉയര്‍ന്നിട്ടുള്ളത്.
ലോകത്ത് കൊവിഡ് 19 വൈറസ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ഇരുപതിനായിരം കടന്നു. 20,494 പേരാണ് കോവിഡ് 19 ബാധയേറ്റ് ഇതുവരെ മരണത്തിന് കീഴടങ്ങിയത്. ഇറ്റലിയിൽ 24 മണിക്കൂറുകൾക്കുളളിൽ മാത്രം 683 പേരാണ് രോഗം ബാധിച്ച് മരിച്ചത്.
5210 പുതിയ കേസുകളും രാജ്യത്ത് സ്ഥിരീകരിച്ചു. അതേ സമയം ലോകത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം നാലര ലക്ഷം കടന്നു. ഇതിൽ 74.386 കേസുകളാണ് ഇറ്റലിയിൽ നിന്നും മാത്രം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ലോകത്താകെ 4,52,157 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 1,13,120 പേര് രോഗവിമുക്തി നേടി. 3,18,543 പേര് ചികിത്സയിലാണ്. ഇതില്‍ 13,671 പേരുടെ സ്ഥിതി അതീവ ഗുരുതരമാണ്.
സ്പെയിനിൽ ഉപപ്രധാനമന്ത്രിക്കും കൊവിഡ് സ്ഥിരീകരിച്ചു. സ്‌പെയിനിലെ ഉപ പ്രധാനമന്ത്രിമാരിലൊരാളായ കാർമെൻ കാൽവോയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സ്പെയിൻ പ്രധാനമന്ത്രി പെട്രേ സാഞ്ചസിന്ർറെ നാല് ഉപപ്രധാനമന്ത്രിമാരിലൊരാളാണ് കാർമെൻ കാൽവോ. ഇവർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
വൈറസ് കൂടുതൽ നാശം വിതക്കുന്ന രാജ്യങ്ങളിലൊന്നായ സ്പെയിനിൽ സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാണ്. ഇറ്റലിയില്‍ 24 മണിക്കൂറിനിടെ 683 പേരാണ് മരിച്ചത്. ഇതോടെ ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 7,503 ആയി. 74,386 പേര്‍ക്കാണ് ഇറ്റലിയില്‍ കൊറോണ സ്ഥിരീകരിച്ചത്. സ്‌പെയിനിലും ഇറാനിലും ഇന്നും മരണനിരക്കിന് കുറവില്ല. സ്പെയിനില്‍ 443 മരണങ്ങളും ഇറാനില്‍ 143 പേരുമാണ് ഇന്ന് മരിച്ചത്. ഇന്നത്തെ കണക്കുകള്‍ കൂടി പുറത്തുവന്നതോടെ മരണനിരക്കില്‍ ചൈനയെ പിന്തള്ളി സ്‌പെയിന്‍ രണ്ടാമതായി. 3,434 പേരാണ് ഇതുവരെ സ്പെയിനില്‍ മരിച്ചത്. ഇന്ന് പുതിയതായി 5,552 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കോവിഡ്19 ലോകമെങ്ങും ഭീതിപരത്തുമ്പോഴും ഏഷ്യയിലെയും ആഫ്രിക്കയിലെയും ചില രാജ്യങ്ങള്‍ ഇപ്പോഴും കോവിഡ് മുക്തമാണ് എന്നതാണ് അദ്ഭുതം.
കിം ജോംഗ് ഉന്നിന്റെ ഉത്തരകൊറിയയും ബോട്്‌സ്വാനയും ദക്ഷിണ സുഡാനുമാണ് കോറോണ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത രാജ്യങ്ങള്‍. ആഭ്യന്തര യുദ്ധം നടക്കുന്ന ലിബിയ,യെമന്‍ എന്നിവിടങ്ങളിലും വൈറസ് ബാധ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഇതുവരെ 194 രാജ്യങ്ങളിലും അവയുടെ ടെറിറ്ററികളിലുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ലിബിയ,യെമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ വൈറസ് ബാധയുണ്ടായാലും പുറംലോകം അറിയുക അത്ര എളുപ്പമല്ല.
അയല്‍രാജ്യങ്ങളിലെല്ലാം കോവിഡ് ബാധിച്ചെങ്കിലും കോവിഡ് ബാധയില്ലെന്ന ആശ്വാസത്തിലാണ് ബോട്‌സ്വാനയും ദക്ഷിണ സുഡാനും. ഉത്തര കൊറിയയും കോവിഡ് ബാധയില്ലെന്ന നിലപാടിലാണ്.
എന്നാല്‍ ഇത് ലോക രാജ്യങ്ങള്‍ അത്ര വിശ്വാസത്തിലെടുത്തിട്ടില്ല. ഒരേയൊരാള്‍ മാത്രമാണ് കോവിഡ് ബാധയെത്തുടര്‍ന്ന് മരണമടഞ്ഞിട്ടുള്ളത് എന്നാണ് 14 കോടി ജനങ്ങളുള്ള റഷ്യ അവകാശപ്പെടുന്നത്. ഇതും അത്ര വിശ്വാസ യോഗ്യമല്ലെന്നാണ് മറ്റു ലോകരാജ്യങ്ങള്‍ പറയുന്നത്.
70000ല്‍ പരം ആളുകള്‍ക്ക് രോഗം ബാധിച്ച ഇറ്റലിയിലും മരണസംഖ്യ കുതിച്ചുയരുന്ന സ്‌പെയിനിലും സ്ഥിതിഗതികള്‍ അതീവ ആശങ്കാജനകമാണ്.
ജര്‍മനിയില്‍ 33000 രോഗികള്‍ ഉണ്ടെങ്കിലും മരണനിരക്ക് വളരെ കുറവാണ്. അയല്‍രാജ്യങ്ങളെ അപേക്ഷിച്ച് ജര്‍മനിയിലെ ആശുപത്രികളില്‍ അത്യഹിത വിഭാഗത്തില്‍ കൂടുതല്‍ കിടക്കകളുണ്ട്.
രോഗികള്‍ക്ക് മികച്ച ചികിത്സ ഉറപ്പു വരുത്താന്‍ കഴിയുന്നതാണ് ജര്‍മനിയിലെ മരണനിരക്ക് കുറയ്ക്കുന്നതെന്ന് ഡോക്ടര്‍മാര്‍ അവകാശപ്പെടുന്നു. ജര്‍മനിയുടെ ഈ മാതൃക സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് സ്‌പെയിന്‍ അടക്കമുള്ള രാജ്യങ്ങള്‍.
ലോകപ്രശസ്ത പാചകവിദഗ്ധനും ഇന്ത്യന്‍ വംശജനുമായ ഫ്‌ളോയിഡ് കാര്‍ലോസ് കൊറോണ വൈറസ് മൂലം മരിച്ചു. ന്യൂയോര്‍ക്കിലാണ് അന്ത്യം. 59 വയസ്സായിരുന്നു. മുംബൈയിലെ രണ്ട് ജനപ്രിയ റസ്റ്ററന്റുകളുടെ ഉടമയാണ് – ബോംബെ കാന്റീന്‍, ഓ പെഡ്രോ എന്നിവയുടെ. മൂന്നാമത്തെ സംരംഭമായ ബോംബെ സ്വീറ്റ് ഷോപ്പ് തുടങ്ങിയത് ഈയടുത്താണ്.
മാര്‍ച്ച് എട്ട് വരെ അദ്ദേഹം മുംബൈയിലുണ്ടായിരുന്നു. പനിയെ തുടര്‍ന്ന് മാര്‍ച്ച് 18നാണ് ന്യൂയോര്‍ക്കിലെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. മുംബൈയിൽ നിന്ന് ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ട് വഴിയാണ് ഫ്ളോയിഡ് ന്യൂയോർക്കിലെത്തിയത്. ഇക്കാര്യം മാർച്ച് 17ൻ്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഫ്ളോയിഡ് അറിയിച്ചിരുന്നു. തൻ്റെ ആരോഗ്യനില സംബന്ധിച്ച് അനാവശ്യഭീതി പരത്തിയതിൽ ഫ്ളോയിഡ് ഇതിൽ ക്ഷമാപണം നടത്തിയിട്ടുണ്ട്. എന്നാൽ പിറ്റേ ദിവസം തന്നെ ഫ്ളോയിഡിനെ ന്യൂയോർക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയാണുണ്ടായത്.
ഫ്‌ളോയിഡ് കാര്‍ലോസ് ജനിച്ചുവളര്‍ന്നത് മുംബൈയിലാണ്. പിന്നീട് യുഎസിലേയ്ക്ക് കുടിയേറുകയായിരുന്നു. മുന്‍കരുതലിന്റെ ഭാഗമായി മുംബയിലെ ആരോഗ്യവകുപ്പ് അധികൃതരെ വിവരമറിയിച്ചതായി രണ്ട് റസ്റ്ററന്റുകളും നടത്തുന്ന ദ ഹംഗര്‍ ഐഎന്‍സി എന്ന കമ്പനി അറിയിച്ചു. ഫ്‌ളോയിഡുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കെല്ലാം മുന്‍കരുതലെടുക്കാന്‍ ഇത് സഹായകമാകുമെന്ന് കമ്പനി അഭിപ്രായപ്പെട്ടു.