കൊറോണയെക്കുറിച്ച് അഭിപ്രായം പറഞ്ഞ മുന്‍ ഡിജിപി സെന്‍കുമാറിന് ചുട്ടമറുപടിയുമായി ഡോക്ടര്‍ ഷിംന അസീസ്. കൊറോണ വൈറസ് 27 ഡിഗ്രി ചൂടിനുമുകളില്‍ നിലനില്‍ക്കില്ലെന്നാണ് സെന്‍കുമാര്‍ പറഞ്ഞത്. കേരളത്തിലെ ഈ 32 ഡിഗ്രി ചൂടില്‍ കൊറോണ എത്തില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ ആറ്റുകാല്‍ പൊങ്കാല ഉത്സവം ഒഴിവാക്കണമെന്ന് അഭിപ്രായത്തോടാണ് സെന്‍കുമാര്‍ പ്രതികരിച്ചത്.
കേരളത്തിന് സമാനമായി 30 ഡിഗ്രിക്ക് മീതെ ചൂട് കാലാവസ്ഥയുള്ള സിംഗപ്പൂരില്‍ കൊറോണ കേസ് വരില്ലായിരുന്നല്ലോ എന്നാണ് ഷിംന പ്രതികരിക്കുന്നത്. പേരിന് മുന്നില്‍ Dr എന്ന് വെക്കുന്നവരെല്ലാം മെഡിക്കല്‍ ഡോക്ടര്‍ ആണെന്ന ധാരണ ശരിയല്ലെന്ന് സെന്‍കുമാറിന്റെയും രജിത് കുമാറിന്റെയും ഫാന്‍സ് മനസ്സിലാക്കണമെന്നാണ് ഷിംന പറയുന്നത്. സെന്‍കുമാര്‍ ഇട്ടിരിക്കുന്ന പോസ്റ്റ് തെറ്റാണ്. ഇപ്പോള്‍ ലോകമെമ്പാടും പരന്നുകൊണ്ടിരിക്കുന്ന കോവിഡ്-19 എന്ന വൈറസ് 27 ഡിഗ്രി ചൂടിനപ്പുറം ജീവനോടെയിരിക്കില്ല എന്നതിന് തെളിവുകളില്ല.
അങ്ങനെയെങ്കില്‍ കേരളത്തിന് സമാനമായി 30 ഡിഗ്രിക്ക് മീതെ ചൂട് കാലാവസ്ഥയുള്ള സിംഗപ്പൂരില്‍ കൊറോണ കേസ് വരില്ലായിരുന്നു. കേരളത്തില്‍ മൂന്ന് പോസിറ്റീവ് കേസുകള്‍ വന്നത് ഏത് വകയിലാണാവോ? ഇവിടെ മഞ്ഞുകാലമോ മറ്റോ ആണോ?
ഒരു ചോദ്യം കൂടി, മനുഷ്യന്റെ ശരീരത്തിലെ സ്വാഭാവിക താപനില ഏകദേശം 37.2 ഡിഗ്രി സെല്‍ഷ്യസാണ്. ഈ ലോജിക് വെച്ച് നോക്കിയാല്‍ ശരീരത്തിനകത്ത് കൊറോണ കയറിക്കൂടി രോഗമുണ്ടാക്കുന്നത് എങ്ങനെയാണാവോ?
ഈ രോഗം താരതമ്യേന പുതിയതാണ്. മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരുന്നുണ്ട് എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളത്.
ആറ്റുകാല്‍ പൊങ്കാലയാണോ ഉംറയാണോ പള്ളിപെരുന്നാളാണോ ഗുജറാത്തിലേക്ക് കച്ചവടത്തിനോ ഗോവക്ക് പിക്‌നിക്കിനോ പോയതാണോ എന്ന് നോക്കിയല്ല കൊറോണ പകരുന്നത്. ആളുകള്‍ ഒന്നിച്ച് കൂടുന്നയിടങ്ങള്‍ പരമാവധി ഒഴിവാക്കണം. അഥവാ ഒരുമിച്ച് കൂടുന്നെങ്കില്‍ മാസ്‌ക് ഉപയോഗിക്കണം. കൈ വൃത്തികേടായെന്ന് തോന്നിയാല്‍ കൈ സോപ്പിട്ട് പതപ്പിച്ച് കഴുകണം. ഇടക്കിടെ ഹാന്റ് സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണം. കഴിയുമെങ്കില്‍ ആള്‍ക്കൂട്ടമുണ്ടാകാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ നിന്നെല്ലാം വിട്ടു നില്‍ക്കണം.
തലച്ചോറില്‍ ചാണകം കയറിയാല്‍ എന്തിലും കേറി അഭിപ്രായം പറയാമെന്ന് കരുതരുത്. മനുഷ്യന്റെ ജീവനെക്കൊണ്ട് മതവും രാഷ്ട്രീയവും തെളിയിക്കാന്‍ നടക്കുകയുമരുത്.
വിശ്വാസത്തിനപ്പുറമാണ് വിവേകം. ചുമരുണ്ടെങ്കിലേ ചിത്രമെഴുതാന്‍ പറ്റൂ…
ആളെക്കൊല്ലികളാകരുത്. ആരും.
രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 18 ആയി ഉയർന്നു. നേരത്തെ കൊറോണ സ്ഥിരീകരിച്ച ഇറ്റാലിയൻ വിനോദ സഞ്ചാരിക്കൊപ്പം എത്തിയവർക്കാണ് പുതിയതായി കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ട്. സംഘത്തിലെ 21 ഇറ്റലിക്കാരിൽ 15 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഹോട്ടലിൽ കഴിഞ്ഞിരുന്ന ഇവരെ നേരത്തെ നിരീക്ഷണത്തിനായി ഡൽഹിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നിലവിൽ ആറുപേര്‍കുടി ഐടിബിപി ക്യാംപിൽ നിരീക്ഷണത്തിലുണ്ട്.
നേരത്തെ രാജസ്ഥാനിൽ എത്തിയ ഇറ്റാലിയൻ സ്വദേശി ,നോയിഡ,തെലങ്കാന സ്വദേശികൾ എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവർക്ക് പുറമെ രാജ്യത്ത് കൂടുതൽ പേർക്ക് കൊറൊണ ബാധ സ്ഥിരീകരിച്ചതോടെ മുൻ കരുതൽ നടപടികൾ കർശനമാക്കാൻ കേന്ദ്ര സർക്കാർ നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. പ്രതിരോധ പ്രവർത്തനങ്ങൾക്ക് സജ്ജമാവാൻ സൈന്യത്തോട് നിർദേശിച്ച സർക്കാർ 2500 പേരെ പാര്‍പ്പിക്കാനുള്ള സൗകര്യമൊരുക്കാന്‍ കര, നാവിക, വ്യോമ സേനകളോടും ആവശ്യപ്പെട്ടിരുന്നു.
കൊറോണ ബാധിതനായ ഡൽഹി സ്വദേശിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഇയാള്‍ നോയിഡയിലെ ഒരു സ്കൂള്‍, ഹോട്ടല്‍ എന്നിവിടങ്ങളില്‍ സഞ്ചരിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഇയാള്‍ സന്ദര്‍ശിച്ച നോയിഡയിലെ രണ്ട് സ്കൂള്‍ നിലവില്‍ അടച്ചിരിക്കുകയാണ്. പുതിയ റിപ്പോർട്ടുകൾ പുറത്ത് വന്ന സാഹചര്യത്തിൽ നടപടികൾ വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ ഇന്ന് മാധ്യമങ്ങളെ കാണും.
ചൈനയ്ക്ക് പുറത്ത് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ ഒന്നായ ഇറ്റലിയിൽ ആണെന്നിരിക്കെ ഇറ്റാലിയന്‍ കപ്പൽ കൊച്ചിയിലെത്തി. ആഡംബരക്കപ്പലായ കോസ്റ്റ വിക്ടോറിയയാണ് കൊച്ചി തുറമുഖത്ത് എത്തിയത്. എന്നാൽ അടുത്ത കാലത്തൊന്നും കപ്പൽ ഇറ്റലിയിലെത്തിയിട്ടില്ലെന്നാണ് അധികൃതരുടെ പ്രതികരണം.
കൊച്ചിയിൽ യാത്രക്കാരെ ഇറക്കിയ കപ്പൽ തിരിച്ച് പോവുകയും ചെയ്തു. 305 ഇന്ത്യക്കാരുൾപ്പെടെ 405 യാത്രക്കാരണ് കപ്പലിൽ നിന്നും കൊച്ചിയിലിറങ്ങിയത്. യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്.
കൊറോണ രാജ്യത്ത് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വൈറസ് ബാധ വ്യാപിക്കുന്നത് തടയാന്‍ ചായ സല്‍ക്കാരങ്ങളുടെ മാതൃകയില്‍ ഗോമൂത്ര പാര്‍ട്ടികള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങി ഹിന്ദു മഹാസഭ. ഇന്ത്യയില്‍ ആറു കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഗോമൂത്രവും ചാണക കേക്കും (ചാണക വറളി) ഉപയോഗിക്കുന്നതിലൂടെ കൊറോണയെ തടയാന്‍ കഴിയുമെന്ന് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്ന് ഹിന്ദു മഹാസഭ പ്രസിഡന്റ് ചക്രപാണി മഹാരാജ് ഒരു ദേശീയ മാധ്യമത്തോട് വ്യക്തമാക്കി.
ചായ സല്‍ക്കാരങ്ങള്‍ സംഘടിപ്പിക്കുന്നതു പോലെ ഓര്‍ഗാനിക് ഗോമൂത്ര പാര്‍ട്ടി സംഘടിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു, അതില്‍ കൊറോണ വൈറസ് എന്താണെന്നും പശുവുമായി ബന്ധപ്പെട്ട ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ കൊറോണയില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നും ഞങ്ങള്‍ ആളുകളെ അറിയിക്കും,” മഹാരാജ് പറഞ്ഞു.
‘പാര്‍ട്ടിയ്ക്കിടെ ആളുകള്‍ക്ക് കുടിക്കാനായി പ്രത്യേക ഗോമൂത്ര കൗണ്ടറുകള്‍ തുറക്കും ചാണക വറളി, ചാണകത്തില്‍ നിന്നുണ്ടാക്കുന്ന അഗര്‍ബതി തുടങ്ങിയവയും ഉണ്ടാകും. ഇവ ഉപയോഗിക്കുന്നതിലൂടെ വൈറസ് ഇല്ലാതാകും.
ഡല്‍ഹിയിലെ ഹിന്ദു മഹാസഭ ഭവനിലാണ് പരിപാടി ആദ്യം സംഘടിപ്പിക്കുന്നത്. തുടര്‍ന്ന് രാജ്യത്തുടനീളം ഇത്തരം ‘പാര്‍ട്ടികള്‍’ നടക്കും. കൊറോണയെ ഉന്മൂലനം ചെയ്യുന്നതിനുള്ള ദൗത്യത്തില്‍ തങ്ങളുമായി സഹകരിക്കാനും പ്രവര്‍ത്തിക്കാനും കഴിയുന്ന ഗോശാലകളുമായി ബന്ധപ്പെട്ടിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
കളമശേരി: കോവിഡ്-19 (കൊറോണ) രോഗ ലക്ഷണങ്ങളുമായി എറണാകുളം ഗവ. മെഡിക്കൽ കോളജിൽ ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ച ശേഷം കാണാതായ യുവാവ് തിരിച്ചെത്തി. ഇയാൾക്കായി തെരച്ചിൽ നടത്താൻ ഉത്തരവിടാൻ ഡിഎംഒ ജില്ലാ കളക്ടർക്കും പോലീസിനും കത്ത് നൽകിയതിനെ തുടർന്നാണ് യുവാവ് സ്വമേധയാ തിരിച്ചെത്തിയത്.
തായ്ലന്റിൽ നിന്ന് എത്തിയ 25 വയസുകാരനായ ആലുവ മുപ്പത്തടം സ്വദേശിയെ നെടുമ്പാശേരി വിമാനത്താവളത്തിൽവച്ച് നടത്തിയ പരിശോധനയിലാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. തിങ്കളാഴ്ച്ച പുലർച്ചെ തന്നെ വിമാനത്താവളത്തിൽനിന്ന് കളമശേരിയിലെ സർക്കാർ മെഡിക്കൽ കോളജിൽ കൊണ്ടുവരികയും ചെയ്തു.
എന്നാൽ മണിക്കൂറുകൾക്കുള്ളിൽ യുവാവ് വീട്ടിലേക്ക് ആരെയും അറിയിക്കാതെ മടങ്ങി. ഇതോടെയാണ് ഇയാൾ പൊതുജന അരോഗ്യത്തിന് ഭീഷണിയാണെന്ന ജാഗ്രത നോട്ടീസ് ഡിഎംഒ പുറപ്പെടുവിക്കാൻ ഇടയായത്. മുറിയിൽ അടച്ചിരിക്കുകയായിരുന്ന യുവാവ് രാത്രി വൈകിയാണ് മെഡിക്കൽ കോളജിൽ തിരികെയെത്തിയത്. രോഗലക്ഷണങ്ങൾ ശക്തമല്ലെന്നും സാമ്പിൾ ആലപ്പുഴയിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
കൊറോണ വരാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചാല്‍ മതിയെന്ന് പാസ്റ്റര്‍. ദക്ഷിണ കൊറിയയില്‍ സംഘടിപ്പിച്ച സുവിശേഷ യോഗത്തില്‍ പങ്കെടുത്ത 4000 പേര്‍ക്കും കൊറോണ ലക്ഷണങ്ങള്‍. കൊറിയന്‍ മതനേതാവും പാസ്റ്ററുമായ ലീ മാന്‍ ഹീക്കെതിരെ കേസെടുത്തു.
വൈറസ് ബാധ പടര്‍ത്തിയതിനെതുടര്‍ന്നാണ് കേസ്. ഷിന്‍ചെയോഞ്ചി ചര്‍ച്ച് ഓഫ് ജീസസ് അധ്യക്ഷനായ ലീ മാന്‍ ഹീക്കെതിരെ നരഹത്യക്കാണ് കേസ്. അദ്ദേഹത്തോടൊപ്പം 11 അനുയായികളും നരഹത്യയുടെ പേരിലുള്ള നിയമ നടപടി നേരിടേണ്ടി വരും.
തന്റെ യോഗത്തില്‍ പങ്കെടുത്താല്‍ രോഗബാധ ഭയക്കേണ്ടതില്ലെന്ന് ലീ പറഞ്ഞിരുന്നു. ഇതേതുടര്‍ന്ന് ആയിരക്കണക്കിനാളുകള്‍ യോഗത്തില്‍ പങ്കെടുത്തു. ലോകരാജ്യങ്ങളില്‍ കൊറോണ പടരുന്ന സാഹചര്യത്തില്‍ ആരാധനാലയങ്ങളൊക്കെ അടച്ചിരിക്കുകയാണ്. പൊതുപരിപാടികളും നിര്‍ത്തലാക്കിയിട്ടുണ്ട്.
കൊറോണ കേസുകള്‍ വലിയ തോതില്‍ വന്നിട്ടുള്ള മലേഷ്യയില്‍ നിന്ന് നാട്ടില്‍ മടങ്ങിയെത്തിയ മലയാളി എറണാകുളത്തെ ആശുപത്രിയില്‍ മരിച്ചു. ന്യുമോണിയയും ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളുമാണ് മരണകാരണം. അതേസമയം ഈ രോഗിക്ക് കൊറോണ നെഗറ്റീവ് ആണ് എന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. മരച്ചയാള്‍ പ്രമേഹരോഗിയുമായിരുന്നു. അതേസമയം ഇദ്ദേഹത്തിന്റെ കൂടുതല്‍ സാമ്പിളുകള്‍ പരിശോധനയ്ക്കായി ആരോഗ്യവകുപ്പ് അയച്ചിട്ടുണ്ട്.
അതേസമയം ചൈനയില്‍ കൊറോണ മൂലമുള്ള മരണം 2870 ആയി. 79,824 കേസുകളാണ് ഇതുവരെ ചൈനയില്‍ നിന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്തത്. അന്റാര്‍ട്ടിക്ക ഒഴികെയുള്ള എല്ലാ വന്‍കരകളിലും കൊറോണ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) ചൈനയുടെ നാഷണല്‍ ഹെല്‍ത്ത് കമ്മീഷനും സംയുക്തമായി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് കൊറോണ ഒരുതരം സൂനോട്ടിക്ക് വൈറസ് ആണ് എന്ന് പറയുന്നു. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേയ്ക്ക് വൈറസുകള്‍, ബാക്ടീരിയകള്‍, പാരസൈറ്റുകള്‍ എന്നിവ വഴി പടരുന്നത്.
ചുമയുടെ മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് 11 കുട്ടികള്‍ മരിച്ചു. ജമ്മുകാഷ്മീരില്‍ ഉദംപൂര്‍ ജില്ലയിലെ രാംനഗറിലാണ് സംഭവം. ഡിസംബറിനും ജനുവരിക്കുമിടയില്‍ മരുന്ന് കഴിച്ച 17 കുട്ടികളെയാണ് അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോള്‍ഡ് ബെസ്റ്റ് പിസി എന്ന മരുന്ന് ഉപയോഗിച്ച കുട്ടികളാണ് മരിച്ചത്. ഈ മരുന്നിന്റെ 3400 ലേറെ കുപ്പികള്‍ ഇതിനകം വിറ്റുപോയിട്ടുണ്ട്. ഹിമാചല്‍ പ്രദേശ് ആസ്ഥാനമായ ഡിജിറ്റല്‍ വിഷന്‍ ഫാര്‍മയാണ് മരുന്ന് വിപണയിലെത്തിച്ചത്.
കമ്പനിയുടെ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കി .വിറ്റ രസീതുകളുടെ അടിസ്ഥാനത്തില്‍ മരുന്ന് വാങ്ങിയവരെ കണ്ടെത്താനുള്ള ശ്രമവും നടക്കുന്നുണ്ട്. കുട്ടികളുടെ മരണത്തിന് കാരണം കോള്‍ഡ് ബെസ്റ്റ് പിസി എന്ന മരുന്നിന്റെ ഉപയോഗമല്ലെന്ന് ഡിജിറ്റല്‍ വിഷന്‍ ഫാര്‍മയുടെ ഉടമസ്ഥന് കോണിക് ഗോയല്‍ പറഞ്ഞു. വൃക്കസ്തംഭനത്തെ തുടര്‍ന്ന് ഇതില്‍ 11 കുട്ടികള്‍ മരിച്ചു. ചുമയ്ക്ക് നല്കിയ മരുന്നാണ് ഇതിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
മരുന്നിലെ ഡൈഥലിന്‍ ഗ്ലൈക്കോഡിന്റെ സാന്നിധ്യമാണ് മരണത്തിനു കാരണമായത്.ചുമ മരുന്നിന്റെ ഒരു കുപ്പിയില്‍ 60 മില്ലി ലിറ്റര്‍ മരുന്നാണുള്ളത്. ഒരു തവണ 5-6 മില്ലി കഴിച്ചാല്‍ 10-12 ഡോസാകുന്പോള് രോഗി മരിക്കാന്‍ ഇടയുണ്ടെന്ന് ഹിമാചല്‍ പ്രദേശ് ഡ്രഗ് കണ്ട്രോളര് അറിയിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ടു ചെയ്തു.
മദ്യപാനം അത്ര നല്ല ശീലമല്ല. പക്ഷേ, മലയാളിക്ക് മദ്യമില്ലാതെ ജീവിതവുമില്ല. ഇത് രണ്ടും കൂടി എങ്ങനെ ശരിയാവും? എങ്കിൽ അങ്ങനെയൊരു ശരിപ്പെടുത്തലാണ് പുതിയ ഒരു പഠനത്തിലൂടെ തെളിയുന്നത്. ദിനേന മദ്യപിച്ചാൽ 90 വയസ്സ് വരെ ജീവിക്കാമെന്നാണ് പുതിയ പഠനം. പക്ഷേ, മദ്യപിക്കുന്നതിന് ചില രീതികളുണ്ട്.
ഒരു നിശ്ചിത അളവിൽ മദ്യപിക്കുന്നത് 90 വയസ്സു വരെ ആയുസ് നൽകുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഹോളണ്ടിലെ ഒരു മെഡിക്കൽ സർവകലാശാലയിലെ ചില ഗവേഷകരാണ് ഈ പഠനത്തിനു പിന്നിൽ. 1916നും 17നും ഇടയിൽ ജനിച്ച 5000 സ്ത്രീപുരുഷന്മാരെയാണ് ഇവർ നിരീക്ഷിച്ചത്. അവർക്ക് 60 വയസ് ഉണ്ടായിരുന്ന 1986ലെ മദ്യപാന രീതിയെപ്പറ്റിയാണ് ഗവേഷകർ ആദ്യം നിരീക്ഷിച്ചത്. തുടർന്ന് 90ആം വയസ്സു വരെ നിരീക്ഷണം തുടർന്നു.
നിരീക്ഷണത്തിനൊടുവിൽ പ്രസിദ്ധീകരിച്ച പഠനം സൂചിപ്പിക്കുന്നത് 90 വയസ്സു വരെ എത്തിയ 34 ശതമാനം സ്ത്രീകളും 16 ശതമാനം പുരുഷന്മാരും ദിവസവും അഞ്ച് മുതൽ 15 ഗ്രാം വരെ മദ്യം കഴിക്കുമായിരുന്നു എന്നാണ്. അതായത് ദിവസവും ഈ അളവിൽ മദ്യം കഴിച്ചാൽ 90 വയസ്സു വരെ ജീവിക്കാനുള്ള സാധ്യത കൂടുമെന്ന് പഠനത്തിൽ പറയുന്നു. എന്നാൽ, അളവിൽ കൂടുതൽ മദ്യം കഴിക്കുന്നത് മരണം നേരത്തെയാക്കുമെന്നും പഠനത്തിൽ സൂചിപ്പിക്കുന്നു.
ഇത് ഹോർമെസിസ് എന്ന പ്രതിഭാസമാവാം എന്നാണ് ഗവേഷകർ പറയുന്നത്. അതായത്, ചെറിയ അളവിലാകുമ്പോൾ ഗുണം ഉണ്ടാവുകയും അളവ് കൂടിയാൽ വിഷം ആവുകയും ചെയ്യുന്ന പ്രതിഭാസം. അതിനപ്പുറം ഇതിനൊരു വിശദീകരണം നൽകാൻ അവർക്ക് സാധിക്കുന്നില്ല. ജീവിച്ചിരുന്നാലും ആരോഗ്യം നന്നാവുമെന്ന ഉറപ്പ് അവർ നൽകുന്നുമില്ല.
കൃഷ്ണപ്രസാദ്.ആർ
ഇംഗ്ലണ്ടിലെ മറ്റുനഗരങ്ങളെയപേക്ഷിച്ച് ലണ്ടനിൽ വിദേശികൾ കൂടുതൽ എത്തുന്നതിനാൽ വീട്ടിൽ വന്നുള്ള ചികിത്സ പരീക്ഷണാടിസ്ഥാനത്തിൽ ലണ്ടനിലാകും നിലവിൽ വരുക. പുതിയ തീരുമാനത്തെ ഇരുകൈയും നീട്ടിയാണ് ആരോഗ്യവിഭാഗം സ്വീകരിച്ചിരിക്കുന്നത്. ആംബുലൻസ് ദൗർലഭ്യം കുറക്കാൻ ഈ ഉദ്യമം സഹായിക്കുമെന്നതാണ് ഏറ്റവും വലിയ ആശ്വാസം . നിലവിൽ ഒരു രോഗിയുമായി എത്തുന്ന ആംബുലൻസ് പൂർണമായും അണുവിമുക്തമാക്കാതെ മറ്റാവശ്യങ്ങൾക്കുപയോഗിക്കാൻ സാധിക്കില്ല, എന്നാൽ വീടുകളിൽ പോയി ചികിത്സനൽകിയാൽ ഈ പ്രശ്നം പൂർണമായും പരിഹരിക്കാൻ സാധിക്കും. നിലവിൽ ജീവനക്കാരുടെ ദൗർലഭ്യം മാത്രമാണ് എൻ.എച്ച് .എസ് നേരിടുന്ന വെല്ലുവിളി. ആ കടമ്പകൂടി മറികടക്കാൻസാധിച്ചാൽ പദ്ധതി വ്യാപിപ്പിക്കാൻ സാധിക്കുമെന്ന ഉറപ്പിലാണ് അധികാരികൾ.

എൻ.എച്ച്.എസ്സിന്റെ പുതിയപദ്ധതി പ്രകാരം രോഗി വൈദ്യസഹായം തേടി പോകേണ്ടതില്ല . മറിച്ച് വൈദ്യസഹായം രോഗിയെത്തേടിയെത്തുമെന്നും ഇതുവഴി വൈറസ് വ്യാപിക്കുന്നത് തടയാൻ സാധിക്കുമെന്നും എൻ.എച്ച്. എസ് സ്ട്രാറ്റജിക് ഇൻസിഡന്റ് മേധാവി പ്രൊഫസർ കീത്ത് വില്ലെറ്റ് പറഞ്ഞു. രോഗം ഉണ്ടെന്ന് തോന്നി കഴിഞ്ഞാൽ ആദ്യംതന്നെ എൻ.എച്ച്. എസ് 111ഇൽ വിളിക്കുകയും അവരുടെ നിർദ്ദേശപ്രകാരം പ്രവർത്തിക്കുകയുമാണ് എല്ലാവരും ചെയേണ്ടതെന്നും,അടിസ്ഥാന വൃത്തിയും ശുദ്ധിയുമാണ് പ്രധാനമായും ആവശ്യമെന്നും അദ്ദേഹംകൂട്ടിച്ചേർത്തു.
സ്വന്തം ലേഖകൻ
സ്റ്റാൻഫോർഡ്: ആഫ്രിക്കൻ ടർക്കോയ്സ് കില്ലിഫിഷിന് വളർച്ച താത്കാലികമായി നിർത്തിവെക്കാനുള്ള കഴിവുണ്ടെന്ന് ഗവേഷകർ. ടർക്കോയ്‌സ് കില്ലിഫിഷിന് അതിന്റെ ശരാശരി ആയുസ്സിനേക്കാൾ കൂടുതൽ കാലം അതിന്റെ വളർച്ച നിർത്തിവയ്ക്കാൻ കഴിയും. കില്ലിഫിഷ് ഉൾപ്പെടെയുള്ള ചില ജീവികൾക്ക് സ്വയം ഭ്രൂണമായി സസ്പെൻഡ് ആനിമേഷനിലേക്ക് പ്രവേശിക്കാൻ കഴിയും – ഇത് ഡയപോസ് എന്നറിയപ്പെടുന്നു. പരിസ്ഥിതിയിലെ കാലാനുസൃതമായ മാറ്റങ്ങൾ മൂലമാണ് ഈ ജീവികളിൽ ഡയപോസ് ഉണ്ടാകുന്നത്. കില്ലിഫിഷിന്റെ കാര്യത്തിൽ ഭ്രൂണാവസ്ഥയിൽ ആയിരിക്കുമ്പോൾ തന്നെ വളർച്ച മാസങ്ങളോ വർഷങ്ങളോ ആയി നിർത്തിവെക്കാൻ കഴിയും. ഈ സവിശേഷത വരൾച്ചയുമായി ബന്ധപ്പെട്ടിരിക്കാൻ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഡയാപോസിന്റെ സംവിധാനം നേരിട്ട് വരൾച്ച മൂലമാണെന്ന് ഞങ്ങൾ കരുതുന്നില്ല,” സ്റ്റാൻഫോർഡ് സർവകലാശാലയിലെ ഗവേഷക ആൻ ബ്രൂനെറ്റ് പറഞ്ഞു.

“സസ്പെൻഡഡ് ലൈഫിന്റെ ” കൗതുകകരമായ അവസ്ഥയാണ് ഡയാപോസ്. സങ്കീർണ്ണമായ ഒരു ജീവിയെ ദീർഘകാലത്തേക്ക് ഇതിലൂടെ സംരക്ഷിക്കാൻ കഴിയും ”ബ്രൂനെറ്റ് പറഞ്ഞു. ഡയാപോസ് പ്രക്രിയയിൽ കോശവളർച്ചയും അവയവങ്ങളുടെ വളർച്ചയും കുറയും. മെറ്റബോളിസവും ബാധിക്കും. സിബിഎക്സ് 7 എന്ന പ്രോട്ടീന്റെ ഉൽപാദനത്തിൽ വർദ്ധനവുണ്ടാകും. ന്യൂക്ലിയസിൽ, ഹിസ്റ്റോണുകൾ എന്നറിയപ്പെടുന്ന പ്രോട്ടീനുകളിൽ പൊതിഞ്ഞാണ് ഡിഎൻഎ ഉള്ളത്. സിബിഎക്സ് 7 പ്രത്യേക ഹിസ്റ്റോണുകളുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. ഈ ബൈൻഡിംഗ് നിരവധി ജീനുകളുടെ പ്രവർത്തനത്തെ സ്വാധീനിക്കും. അവയിൽ ചിലത് പേശികളുടെ പ്രവർത്തനത്തിലും മെറ്റബോളിസത്തിലും ഉൾപ്പെടുന്നു. ഇതിന്റെ ഫലമായി ഡയപോസിൽ ഉടനീളം പേശികൾ നിലനിൽക്കുന്നു.

ചെറിയ ജീവികളിൽ ഇത് പരീക്ഷിച്ചു – റൗണ്ട് വോറം സി എലഗൻസിൽ അവയുടെ ലാർവകൾക്ക് ഡയപോസിന് വിധേയമാകാൻ കഴിയും. ഒപ്പം ദീർഘായുസ്സ് വർദ്ധിപ്പിക്കുന്നതായും കണ്ടെത്തി. ഈ പഠനം, മനുഷ്യരിൽ എങ്ങനെ വാർദ്ധക്യം തടയാം എന്ന സൂചനകൾ നൽകുന്നു. എന്നാൽ എത്രത്തോളം പ്രയോഗികമാണെന്ന കാര്യം സംശയമാണെന്ന് ആൻ പറഞ്ഞു. പുതിയ പഠനം മനുഷ്യന്റെ വാർദ്ധക്യത്തെ മന്ദഗതിയിലാക്കാനോ തടയാനോ ഉള്ള വഴികൾ നൽകുമെന്ന കാര്യം വ്യക്തമല്ലെന്ന് ഗ്ലാസ്‌ഗോ സർവകലാശാലയിലെ ബയോളജിക്കൽ ഏജിംഗിലെ വിദഗ്ദ്ധനായ പ്രൊഫ. പോൾ ഷിയൽസ് പറഞ്ഞു.