വിഷ ഭീകരൻ എന്ന പേരിൽ അറിയപ്പെടുന്ന ഹോഗ് വീഡ അപകടകാരിയായ ഒരു കളയാണ്. ശരീരത്തിൽ സ്പർശിച്ചാൽ ചൊറിച്ചിലും അൾസറും ഉണ്ടാക്കുന്ന ഈ ചെടി കണ്ണുകളുമായി ബന്ധപ്പെട്ടാൽ അന്ധത വരെ ഉണ്ടായേക്കാം. ഉഷ്ണതരംഗ ത്തിന് ശേഷം ഇത് കാട്ടുതീപോലെ പടരുന്നുണ്ട്. ബ്രിട്ടനിൽ നില നിൽക്കുന്ന ചൂടുള്ള സാഹചര്യമാണ് ഇതിന്റെ വളർച്ചയ്ക്ക് കാരണം എന്ന് സസ്യ ശാസ്ത്രഞർ അഭിപ്രായപ്പെട്ടു . ബ്രിട്ടനിൽ ഇപ്പോൾ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്ന ചൂട് അപകടകാരിയായ ഈ ചെടി വൻതോതിൽ പടരാൻ കാരണമാകുന്നുണ്ട്.
ബ്രിസ്റ്റോളിൽ ആണ് ഈ ചെടിയുടെ പ്രജനനം കൂടുതലായി കണ്ടുവരുന്നത്. പാർക്കിൽ കളിച്ചുകൊണ്ടിരുന്ന 11 വയസ്സുകാരൻ ഇരുണ്ട പച്ചയും വെള്ളയും നിറങ്ങളിലുള്ള ഇതിന്റെ ഇലയിൽ തൊട്ട ഉടനെ കൈകളിൽ കുമിളകൾ ഉയരുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആഡം ഹോക്സൻ എന്ന കുട്ടിയാണ് ഈ അപകടത്തിന്റെ ഒടുവിലത്തെ ഇര. ഇല ഒടിച്ചെടുത്തതാണ് അപകടത്തിന് കാരണമെന്ന് മനസ്സിലാവാത്ത കുട്ടി ആദ്യം കരുതിയത് വണ്ട് പോലെയുള്ള ഏതെങ്കിലും ഷഡ്പദം ആക്രമിച്ചത് ആണെന്നാണ്. ചെടിയിൽ തൊട്ടതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ 7 കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ചെടി ഏതാണ് എന്നും എന്താണ് എന്നും അറിയാത്തതാണ് അപകടത്തിന് പ്രധാനകാരണമെന്ന് ഈ വിഷയത്തിൽ വിദഗ്ധനായ മൈക്ക് ടാഡി പറയുന്നത്.
കഴിഞ്ഞവർഷം ഈ ചെടിയിൽ തൊട്ടതിനുശേഷം ശരീരത്തിൽ 50 പൈസ കോയിൻ വലിപ്പത്തിൽ കുമിളകൾ ഉയർന്ന രണ്ട് സ്കൂൾ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
കവ്പാഴ്സലി എന്ന ചെടിയോട് നല്ല സാദൃശ്യം പുലർത്തുന്ന ഒന്നാണ് ഹോഗ് വീട്.
80 സെന്റീമീറ്റർ ഡയമീറ്റർ വെള്ള നിറത്തിലെ പൂങ്കുലകൾ ആണ് ഇവക്കുള്ളത്. അഞ്ച് മീറ്ററോളം ഉയരത്തിൽ വളരുന്ന ഈ ചെടിക്ക് മനുഷ്യ ശരീരത്തിന് ഹാനികരമായ വിഷം പുറപ്പെടുവിക്കാനുള്ള കഴിവുണ്ട്. സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷിക്കാനുള്ള തൊലിയുടെ കഴിവിനെ ഇല്ലാതാക്കാനും ഈ ചെടിയുടെ വിഷാംശത്തിന് കഴിയും . തൊട്ട് 24 മണിക്കൂറിനുള്ളിൽ പൊള്ളൽ പ്രകടമാകും. തൊടാൻ ഇടവന്നാൽ അവിടം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയും ഡോക്ടറെ കാണുകയും വേണം.
ബ്രിട്ടനിൽ അതിഭീകരമായ ചൂട് രേഖപ്പെടുത്തുന്നതിനിടയിൽ, സമാനമായ സാഹചര്യം ക്യൂബയിലും നിലനിൽക്കുന്നു. അവധി ആഘോഷിക്കാൻ ക്യൂബയിലേക്ക് പോയ ബ്രിട്ടീഷ് യുവതിക്ക് അതിഭീകരമായ സൂര്യാഘാതമേറ്റു. സൺസ്ക്രീൻ ഉപയോഗിച്ചിട്ടും ഒരു മണിക്കൂർ നേരം മാത്രം പുറത്ത് നീന്തലിൽ ഏർപ്പെട്ടപ്പോഴാണ് പൊള്ളലേറ്റത്. ഈ വാർത്ത പുറത്തുവന്ന സാഹചര്യത്തിൽ, ബ്രിട്ടനിലെ ജനങ്ങളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മെയിസി എന്ന പതിനാറുകാരിക്കാണ് ക്യൂബയിൽ അവധി ആഘോഷിക്കാൻ പോയതിനിടയിൽ നീന്തലിൽ ഏർപ്പെട്ടപ്പോൾ പൊള്ളലേറ്റത്. ശരീരത്തിന്റെ പുറംഭാഗം മുഴുവൻ പൊള്ളലേറ്റു വലിയ കുമിളകളായി മാറി. ശരീരം മുഴുവൻ സൺസ്ക്രീൻ ഉപയോഗിച്ചിരുന്നെങ്കിലും, രൂക്ഷമായ പൊള്ളലാണ് ഏറ്റത്. ഈ സാഹചര്യത്തിൽ തന്നെ പെൺകുട്ടിക്ക് തിരിച്ച് ബ്രിട്ടനിലേക്ക് മടങ്ങേണ്ടിവന്നു.
ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രത്തിൽ പെൺകുട്ടിയുടെ പുറംഭാഗം മുഴുവൻ ചുവന്ന നിറവും, വലിയ കുമിളകളും ആണ്. ബ്രിട്ടണിൽ കഴിഞ്ഞ ദിവസങ്ങളിൽ ആഞ്ഞടിച്ച ഉഷ്ണതരംഗം പോലെതന്നെ, ക്യൂബയിലും 33 ഡിഗ്രി സെൽഷ്യസ് ആണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. എന്നാൽ സൂര്യാഘാതമേറ്റ് അൾട്രാ വയലറ്റ് രശ്മികൾ മൂലമാണെന്നാണ് പഠന റിപ്പോർട്ട്. അൾട്രാവയലറ്റ് രശ്മികളുടെ തീവ്രത ബ്രിട്ടനിലെക്കാളും അധികം ക്യൂബയിൽ ആണ് രൂക്ഷമായിട്ടും ഉള്ളത്. ബ്രിട്ടനിലെ അൾട്രാവയലറ്റ് ഇൻഡക്സ് സ്കോർ എട്ടിനു മുകളിലാണെങ്കിൽ, ക്യൂബയിൽ അത് 11 മുതൽ 12 വരെയാണ്. ബ്രിട്ടനിൽ തിരികെയെത്തി വേണ്ടതായ എല്ലാ ചികിത്സകളും നടത്തിയതായി പെൺകുട്ടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഈ വാർത്തയുടെ അടിസ്ഥാനത്തിൽ ബ്രിട്ടണിലെ ജനങ്ങളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നേരിട്ട് പുറത്തിറങ്ങി വെയിൽ ശരീരത്തേൽക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും എടുക്കണമെന്ന് അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
യുഎസിൽ നവജാതശിശുക്കൾക്ക് 57 ടെസ്റ്റുകൾ നടത്തുമ്പോൾ യുകെയിൽ വെറും ഒൻപത് ടെസ്റ്റുകളാണ് നടത്തുന്നത്.
പല ജനിതക രോഗങ്ങളും ടെസ്റ്റുകളിൽ കണ്ടെത്താൻ സാധിക്കാത്തത് മൂലം മരിക്കുന്ന നവജാതശിശുക്കളുടെ എണ്ണം കൂടുന്നുവെന്ന് റിപ്പോർട്ട്. ജനറ്റിക് അലയൻസ്, രണ്ടാംകിട പരിശോധനകളാണ് എൻ എച്ച് എസ് രാജ്യത്ത് നടത്തിവരുന്നതെന്ന് പരാതിപ്പെടുന്നു. യുഎസ് 57 ഉം ഇറ്റലിയിൽ 43ഉം ടെസ്റ്റുകൾ നടത്തപ്പെടുമ്പോൾ യുകെയിൽ വെറും ഒൻപത് ടെസ്റ്റുകളാണ് എൻഎച്ച്എസ് നടത്തുന്നത്.
കുഞ്ഞിന് അഞ്ച് ദിവസമെങ്കിലും പ്രായമായ ശേഷമാണ് സിസ്റ്റിക് ഫൈബ്രോസിസ്, സിക്കിൾസെൽ ഡിസീസ് തുടങ്ങിയവയ്ക്കുള്ള ടെസ്റ്റ് ആയ ഹൈ ഹീൽ പ്രിക് ബ്ലഡ് ടെസ്റ്റ് നടത്താറുള്ളത്. നേരത്തെ കണ്ടെത്തിയാൽ ഒഴിവാക്കാവുന്ന പല ജനിതക രോഗങ്ങളുമായാണ് യുകെയിൽ പല കുട്ടികളും വളരുന്നത്.
സാറ ഹണ്ടിന്റെ മൂത്തമകനായ അലക്സ് ഏഴ് വയസ്സ് വരെ പൂർണ ആരോഗ്യവാനായ കുട്ടിയായിരുന്നു. എന്നാൽ 7 വയസ്സോടെ കാഴ്ചയ്ക്കും കേൾവിക്കും ബാലൻസിൻങ്ങിനും പ്രശ്നങ്ങൾ നേരിട്ട് തുടങ്ങി.അഡ്രെനോൾയുകോഡിസ്ട്രോഫി എന്ന ജനിതക വൈകല്യം മൂലം തലച്ചോർ നശിക്കുന്ന രോഗമായിരുന്നു അവന്. 12 വയസ്സുവരെയുള്ള ദുരിതത്തിനുശേഷം അവൻ മരണത്തിന് കീഴടങ്ങി. നേരത്തെ കണ്ടെത്തിയിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന രോഗം ആയിരുന്നു എന്ന് സാറ പറഞ്ഞു .
കുഞ്ഞുങ്ങൾ സാധാരണ ഉപയോഗിക്കുന്ന ഒന്നാണ് ഡയപ്പറുകൾ. ഇന്നത്തെ ജീവിതസാഹചര്യങ്ങളിൽ അത് ഒഴിച്ചുകൂടാൻ വയ്യാത്തതും. ഡയപ്പറുകൾ ചിലരിലെങ്കിലും പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. മണിക്കൂറുകളോളം ഒരേ ഡയപ്പർ തന്നെ ഉപയോഗിക്കുന്പോൾ ഇവയിൽ കെട്ടിക്കിടക്കുന്ന മലവും മൂത്രവും കുഞ്ഞിന്റെ ചർമത്തിന് ദോഷകരമായി ബാധിക്കുമെന്ന കാര്യത്തിൽ സംശയലേശമില്ല. ദീർഘനേരം മൂത്രം കുഞ്ഞിന്റെ ചർമവുമായി സന്പർക്കത്തിലായിരിക്കുന്പോൾ അത് ചർമത്തിന്റെ സ്വാഭാവികത നശിപ്പിക്കുന്നു. കൂടാതെ മലത്തിലെ വിവിധങ്ങളായ ബാക്ടീരിയകൾ മൂത്രത്തിലെ യൂറിയയെ അമോണിയയാക്കി മാറ്റുന്നു. ഇത് ചർമത്തിന് ദോഷകരമാണ്. ചെറുകുടലിൽനിന്നും പാൻക്രിയാസിൽനിന്നും ഉത്പാദിപ്പിക്കുന്ന എൻസൈമുകൾ മലത്തിൽ കലരുന്നുണ്ട്. ഇതും ചർമത്തിന് ദോഷകരമാണ്.
മലയാളം യുകെ ന്യൂസ് ബ്യൂറോ
സിഗരറ്റ് ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. എന്നാൽ ഉപയോഗിച്ചു തീർന്ന ശേഷം വലിച്ചെറിയുന്ന സിഗരറ്റ് കഷണങ്ങൾ പ്രകൃതിക്ക് സമ്മാനിക്കുന്നത് ദുരിതമാണ്. ഇവ ജൈവവൈവിധ്യത്തിന് ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഞെട്ടിപ്പിക്കുന്നവയാണ്. മണ്ണിൽ കിടക്കുന്ന സിഗരറ്റ് കഷണങ്ങൾ സസ്യവളർച്ചയെ ഹാനികരമായി ബാധിക്കുന്നു എന്ന് എയ്ഞ്ചേല റസ്കിൻ യൂണിവേഴ്സിറ്റി നടത്തിയ പഠനങ്ങളിൽ തെളിഞ്ഞു. ക്ലോവർ ചെടികൾ മുളയ്ക്കുന്നത് 27% ആയി കുറയുകയും അതിന്റെ തണ്ട് നീളം 28% കുറയുകയും ചെയ്യും. പുല്ല് മുളയ്ക്കുന്നത് 10% കുറഞ്ഞു. ഒപ്പം അതിന്റെ തണ്ട് നീളത്തിലും 13% കുറവ് സംഭവിച്ചു. എക്കോടോക്സിക്കോളജി ആൻഡ് എൻവയോൺമെന്റൽ സേഫ്റ്റി ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ എആർയുവിലെ സീനിയർ ലെക്ചറർ ഡാനിയേൽ ഗ്രീൻ ആണ് ഇത് വിശദീകരിച്ചത് .
ഒരു തരം ബയോപ്ലാസ്റ്റിക് ആയ സെല്ലുലോസ് അസറ്റേറ്റ് ഫൈബർ ഉപയോഗിച്ചാണ് സിഗരറ്റ് ഫിൽറ്ററുകൾ നിർമിക്കുന്നത്. ഈ സിഗരറ്റ് ഫിൽറ്ററുകൾ നശിക്കാൻ പതിറ്റാണ്ടുകൾ വേണ്ടിവരും. ഓരോ വർഷവും 4.5 ട്രില്യൺ സിഗരറ്റ് ആണ് ആളുകൾ വലിച്ചു തീർക്കുന്നത്. സിഗരറ്റ് ഫിൽറ്ററുകൾ ഒരു തരം പ്ലാസ്റ്റിക് മലിനീകരണത്തിനും കാരണമാകുന്നു. ഉപയോഗിക്കാത്ത സിഗററ്റുകളും ചെടികളുടെ വളർച്ചയിൽ ഇതേ ദൂഷ്യഫലങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് ഗവേഷകർ കണ്ടെത്തി. സിഗററ്റിലൂടെ നിക്കോട്ടിൻ മാത്രം അല്ല ഹാനികരം എന്നും പഠനങ്ങളിലൂടെ തെളിഞ്ഞു. കേംബ്രിഡ്ജ് നഗരത്തിലെ ചുറ്റുപാടുകളിൽ നിന്നാണ് സാമ്പിളുകൾ ശേഖരിച്ചത്. ഒരു ചതുരശ്ര മീറ്ററിൽ കുറഞ്ഞത് 128 ഉപയോഗിച്ച സിഗരറ്റുകൾ കണ്ടെത്തി. ഈ ഒരു പ്രശ്നം കാരണം ചെടിയുടെ വേരിന്റെ ഭാരവും 57% കുറഞ്ഞുവെന്ന് പഠനത്തിലൂടെ കണ്ടെത്തി.
” ഉപയോഗിച്ച സിഗരറ്റ് ഭൂമിയിലേക്ക് വലിച്ചെറിയുന്നത് സാധാരണ കാഴ്ചയാണ്. പക്ഷേ ഇത് സസ്യങ്ങളെ ബാധിക്കുന്നുവെന്ന് കണ്ടെത്തിയത് ഞങ്ങളുടെ പഠനങ്ങളിലൂടെയാണ്. ഞങ്ങൾ പരീക്ഷിച്ച രണ്ട് ഇനങ്ങളായ റൈഗ്രാസ്സ്, വൈറ്റ് ക്ലോവർ എന്നിവ കന്നുകാലികൾക്ക് നല്ല തീറ്റപുല്ലാണ്. മാത്രമല്ല നഗരങ്ങളിൽ ഇത് സാധാരണയായി കാണപ്പെടുന്നു. ഇവ ജൈവവൈവിധ്യത്തിനും ഏറെ ഗുണം ചെയ്യുന്നു. ക്ലോവർ ചെടികൾ നൈട്രജൻ ഫിക്സേഷനും സഹായിക്കുന്നു. ” ഡോ. ഡാനിയേൽ ഗ്രീൻ പറഞ്ഞു. സിഗരറ്റ് ഫിൽറ്ററുകൾ നശിക്കുന്നില്ലെന്നും അവ പ്രകൃതിക്ക് ദോഷകരമാണെന്നും ജനങ്ങളെ ഉത്‌ബോധിപ്പിക്കണമെന്ന് ഗ്രീൻ കൂട്ടിച്ചേർത്തു.തുടർ പഠനങ്ങൾ ആവശ്യമാണെന്നും ഫിൽറ്ററിന്റെ രാസഘടനയാണ് സസ്യവളർച്ചയെ ദോഷകരമായി ബാധിക്കുന്നതെന്നും ഡോ. ബാസ് ബൂട്ട്സ് അഭിപ്രായപ്പെട്ടു
സ്റ്റോക്ക് ഓൺ ട്രെൻഡ്: രണ്ട് കുട്ടികളുടെ മാതാവിന് സ്ഥാനാർബുദമാണെന്ന് കണ്ടെത്തിയതിൽ പിഴവ് സംഭവിച്ചുവെന്ന് തെളിഞ്ഞു. സ്റ്റോക്ക് ഓൺ ട്രെൻഡിൽ താമസിക്കുന്ന സാറാ ബോയിൽ ആണ് തെറ്റായ രോഗനിർണയത്തിന് ഇരയായത്. 2016ലാണ് റോയൽ സ്റ്റോക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലെ ബയോപ്സി റിപ്പോർട്ടുകൾ പ്രകാരം, സാറായ്ക്ക് ട്രിപ്പിൾ നെഗറ്റീവ് സ്തനാർബുദം ഉണ്ടെന്ന് കണ്ടെത്തിയത്. എന്നാൽ അവളുടെ ടിഷ്യൂ സാമ്പിളുകൾ പരിശോധിച്ചതിൽനിന്ന് കോശങ്ങൾക്ക് അർബുദം ബാധിച്ചിട്ടുണ്ടെന്ന് പാത്തോളജിസ്റ്റ് തെറ്റിദ്ധരിച്ചു. മുലയൂട്ടുന്നതിൽ പ്രശ്നം ഉണ്ടായതിനെത്തുടർന്നാണ് 28കാരിയായ സാറാ ഡോക്ടറുമാരുടെ അടുത്തെത്തിയത്. ക്യാൻസർ ഗുരുതരമാണെന്നും ഉടൻ തന്നെ ചികിത്സകൾ തുടങ്ങണമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അന്നുമുതൽ സാറാ പല കീമോതെറാപ്പികൾക്ക് വിധേയയാവേണ്ടി വന്നു. കൂടാതെ മാസ്റ്റെക്ടമിക്കും വിധേയയായി. രണ്ട് സ്തനങ്ങൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയും സ്തനങ്ങളിൽ ഇംപ്ലാന്റുകൾ സ്ഥാപിക്കുന്നതിന് വീണ്ടും ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ഈ ഇംപ്ലാന്റുകൾ ഭാവിയിൽ ക്യാൻസറിന് സാധ്യതകൾ ഉണ്ടാക്കും.
2017 ജൂലൈയിൽ മാത്രമാണ് ആശുപത്രി അധികൃതർ തങ്ങൾക്ക് സംഭവിച്ച തെറ്റ് മനസ്സിലാക്കുന്നത്. അപ്പോഴേക്കും പ്രശ്നം ഗുരുതരമായിരുന്നു. സാറാ തന്റെ ഭർത്താവ് സ്റ്റീവനോടും മക്കളായ ടെഡി, ലൂയിസ് എന്നിവരോടുമൊപ്പമാണ് കഴിയുന്നത്. സാറാ പറഞ്ഞു ” കഴിഞ്ഞ മൂന്ന് വർഷം ഞങ്ങൾക്ക് വളരെ പ്രയാസമേറിയതായിരുന്നു. ക്യാൻസർ ആണെന്ന് അറിഞ്ഞപ്പോൾ ആദ്യം വിശ്വസിച്ചില്ല. പിന്നീട് സർജറിയും കീമോയും എല്ലാം കഴിഞ്ഞശേഷം ക്യാൻസർ ഇല്ല എന്ന് പറഞ്ഞത് ഞങ്ങളെ ശരിക്കും തകർത്തുകളഞ്ഞു. ഇംപ്ലാന്റുകൾ മൂലം ഭാവിയിൽ ക്യാൻസർ ഉണ്ടാകുമോ എന്നും കീമോതെറാപ്പിയുടെ അനന്തരഫലങ്ങൾ ഉണ്ടാകുമോ എന്നും പേടിയുണ്ട്. ” ക്യാൻസർ ചികിത്സകൾക്കിടയിൽ ഫെർട്ടിലിറ്റി പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് പറഞ്ഞെങ്കിലും ഈ വർഷം സാറാ തന്റെ രണ്ടാമത്തെ മകന് ജന്മം നൽകി. എന്നാൽ ചികിത്സ കാരണം തനിക്ക് മുലയൂട്ടാൻ കഴിയുന്നില്ലെന്ന് അവൾ പറഞ്ഞു. ” ഞങ്ങൾക്ക് പല ഉത്തരങ്ങൾ കിട്ടാനുണ്ട്. ഈ അശ്രദ്ധ കാരണം മറ്റാർക്കും ഇതുപോലെ സംഭവിക്കരുത്.” സാറാ കൂട്ടിച്ചേർത്തു.
സാറയുടെ വക്കീൽ ആയ സാറാ ഷാർപ്പിൾസ് ഇപ്രകാരം പറഞ്ഞു ” ഇത് ശരിക്കും ഞെട്ടിപ്പിക്കുന്ന ഒരു കേസാണ്. ഒരു യുവ അമ്മ കഠിനമായ ചികിത്സാ കാലഘട്ടം നേരിട്ടിട്ടുണ്ട്. എൻഎച്ച്എസ് ട്രസ്റ്റിന് ഉണ്ടായ പിഴവ് അവർ സമ്മതിച്ചു. എന്നാൽ ഇത്തരം സംഭവങ്ങൾ തുടർന്ന് ഉണ്ടാവാതിരിക്കുവാൻ വേണ്ട നടപടികൾ എൻഎച്ച്എസ് സ്വീകരിച്ചോ എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.” യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഓഫ് നോർത്ത് മിഡ്‌ലാൻഡ്‌സ് എൻഎച്ച്എസ് ട്രസ്റ്റിലെ ഒരു വക്താവ് പറഞ്ഞു ” ഇതൊരു അപൂർവമായ കേസാണ്. സാറാ ഇതിലൂടെ അനുഭവിച്ച ബുദ്ധിമുട്ട് ഞങ്ങൾക്ക് മനസ്സിലാകും. ഇതൊരു മനുഷ്യ പിശക് ആയിരുന്നു. ഇനിയുള്ള എല്ലാ അർബുദരോഗ നിർണയ റിപ്പോർട്ടുകളും രണ്ടാമതൊരാൾ കൂടി പരിശോധിക്കും. ” തന്നെ ചികിത്സിച്ച ക്ലിനിക്കൽ ടീമും ആയി സാറാ നിരന്തരം ബന്ധപ്പെടുന്നുണ്ട്. സാറയ്ക്ക് ഉണ്ടാവുന്ന ആശങ്കകളെക്കുറിച്ച് ചർച്ച ചെയ്യുവാൻ അവർ എപ്പോഴും തയ്യാറാണ്.
മാക്ഫാസ്റ്റിലെ എൻ എസ് എസ് യൂണിറ്റും രാജ്യത്തെ സന്നദ്ധ രക്തമൂലകോശ ദാതാക്കളുടെ സംഘടനയായ ദാത്രി ബ്ലഡ് സ്റ്റെം സെൽ ഡോണർ രജിസ്റ്ററിയുമായി കൈകോർത്തു ഒരുക്കുന്ന രക്തമൂലകോശ ദാന രജിസ്ട്രേഷൻ ക്യാമ്പ് ജൂലൈ 24 -ന് 10- മണിക്ക് മാക്ഫാസ്റ്റ് കോളേജിൽ നടത്തപ്പെടും
രക്തമൂലകോശ ദാനം (Blood Stem Cell Donation) രക്തദാനം പോലെ എളുപ്പവും സുരക്ഷിതവുമാണ്. രക്തദാനത്തിനു രക്ത ഗ്രൂപ്പ് നോക്കും പോലെ രക്തമൂലകോശ ദാനം ചെയ്യാൻ HLA Typing എന്ന ടെസ്റ്റ് ആണ് വേണ്ടത്. കുടുംബത്തിന് പുറമെ നിന്നും HLA Match ലഭിക്കാൻ ഉള്ള സാദ്ധ്യത പതിനായിരത്തിൽ ഒന്നു മുതൽ ഇരുപത് ലക്ഷത്തിൽ ഒന്ന് വരെ ആണ്. തന്നെയുമല്ല ഇന്ത്യയിൽ നിന്നും നാലര ലക്ഷത്തോളം ആളുകൾ മാത്രമാണ് ഇങ്ങനെയുള്ള രജിസ്ട്രേഷൻ ചെയ്തിട്ടുള്ളൂ എന്നതിനാൽ ഇന്ത്യയിൽ നിന്നുള്ള രോഗികൾക്ക് സാമ്യമുള്ള ദാതാവിനെ കണ്ടെത്തുവാൻ ഉള്ള സാദ്ധ്യത കുറയുന്നു.
രക്തമൂലകോശ ദാതാവായി രജിസ്റ്റർ ചെയ്യുവാൻ വളരെ എളുപ്പമാണ്. 18 മുതൽ 50 വയസ്സ് വരെ ഉള്ളവർക്ക് ദാതാവായി രജിസ്റ്റർ ചെയ്യാം. രക്തമൂലകോശ ദാനം എങ്ങനെ എന്നു മനസ്സിലാക്കിയതിനു ശേഷം സന്നദ്ധരായവർക്ക് അണുവിമുക്തമാക്കിയ പഞ്ഞി ഉൾക്കവിളിൽ ഒന്ന് ഉരസി എടുക്കുന്ന കോശങ്ങൾ കൊടുത്തു ദാതാവായി രജിസ്റ്റർ ചെയ്യാം. സാമ്പിൾ കോശങ്ങളുടെ HLA Typing Test ചെയ്തു റിപ്പോർട്ട് രജിസ്റ്ററിയിൽ സൂക്ഷിക്കുന്നു. ഒന്ന് മുതൽ രണ്ട് മാസം വരെ സമയം വേണം HLA ടൈപ്പിംഗ് പരിശോധനാ ഫലം ലഭിക്കുവാൻ.
ഒരു രോഗിക്കായി യോജിച്ച ദാതാവിനെ ലഭിച്ചാൽ രജിസ്റ്ററിയിൽ നിന്നും ദാതാവിനെ അറിയിക്കുന്നു, ദാതാവിന്റെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി, കൃത്യമായ ആരോഗ്യ പരിശോധനകൾക്ക് ശേഷം 5 ദിവസം ഓരോ ഇഞ്ചക്ഷനു വീതം (മൂലകോശങ്ങൾ രക്തത്തിലേക്ക് വരുന്നതിനായി) നൽകുന്നു. അഞ്ചാം നാൾ മൂലകോശങ്ങളെ മാത്രം രക്തത്തിൽ നിന്നും വേർതിരിച്ച് ദാനം ചെയ്യാം. രക്തദാനത്തിലേത് പോലെ രക്തമൂലകോശ ദാനത്തിനു ശേഷം ദാതാവിനു ഉടൻ തിരിച്ചു പോകാം. ശേഖരിച്ച രക്തമൂലകോശങ്ങൾ രോഗിയെ ചികിൽസിക്കുന്ന ഹോസ്പിറ്റലിൽ എത്തിച്ചു ചികിത്സ നടത്തുന്നു.
5 നിമിഷങ്ങൾ ചിലവഴിച്ചാൽ നിങ്ങൾക്കൊരു രക്തമൂലകോശ ദാതാവായി രജിസ്റ്റർ ചെയ്യാം. ശേഷം നിങ്ങളൊരു സാമ്യം ആയാൽ, കുറച്ചു മണിക്കൂറുകൾ ചിലവഴിച്ചാൽ രക്തമൂലകോശങ്ങൾ ദാനം നൽകി ഒരു ജീവൻ രക്ഷിക്കാം.
*പ്രായ പരിധി: 18 – 50 വയസ്സ്*
*NB: മുൻപ് രക്തമൂലകോശ ദാതാവായി രജിസ്റ്റർ ചെയ്തവർ വീണ്ടും ചെയ്യേണ്ടതില്ല*
കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം:
*ദാത്രി*: +91 96450 78285 (www.datri.org)
കിന്‍സ്ഹാസ: ആഫ്രിക്കന്‍ രാജ്യമായ കോംഗോ എബോള വൈറസ് ഭീതിയില്‍. കാംഗോയുടെ കിഴക്കന്‍ നഗരമായ ഗോമയിലാണ് കഴിഞ്ഞ ദിവസം എബോള വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. സ്ഥിരീകരണത്തിന് പിന്നാലെ ലോകാരോഗ്യ സംഘടന കോംഗോയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
കോംഗോയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 1500-ലധികം പേര്‍ എബോള ബാധിച്ച് മരിച്ചുവെന്നാണ് കണക്ക്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായിരുന്നെങ്കിലും കഴിഞ്ഞ ദിവസം രാജ്യത്ത് വീണ്ടും എബോള സ്ഥിരീകരിക്കുകയായിരുന്നു. റ്വാന്‍ഡ,സൗത്ത് സുഡാന്‍,ഉഗാണ്ട തുടങ്ങിയ അയല്‍രാജ്യങ്ങളിലും ജാഗ്രതനിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
1976 ൽ സുഡാനിലും കോംഗോയിലുമാണ് എബോള രോഗബാധ ആദ്യമായി കാണപ്പെട്ടത്. കോംഗോയിൽ എബോള എന്ന നദിയുടെ തീരത്തുള്ള ഒരു ഗ്രാമത്തിലായതിനാൽ എബോള ഡിസീസ് എന്ന് വിളിക്കപ്പെട്ടു. എബോള വൈറസ് ശരീരത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞാൽ രണ്ടു ദിവസം മുതൽ മൂന്ന് ആഴ്ചയ്ക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. പനി, തൊണ്ടവേദന, തലവേദന തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങൾ. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകർന്ന ഒരു രോഗമാണ് ഇത്.
എബോളാവൈറസ് ജീനസിൽ പെടുന്ന 5 വൈറസ്സുകളിൽ 4 എണ്ണമാണ് മനുഷ്യരിൽ എബോളാ രോഗത്തിന് കാരണമാകുന്നത്. Bundibugyo virus(BDBV), എബോള വൈറസ്(EBOV), സുഡാൻ വൈറസ്(SUDV), തായ് ഫോറസ്റ്റ് വൈറസ്(TAFV) എന്നീ വൈറസുകൾ രോഗത്തിന് ഹേതുവാകുന്നു. അഞ്ചാമത്തെ Reston virus മനുഷ്യരിൽ രോഗമുണ്ടാക്കുന്നതായി കരുതുന്നില്ല.
രോഗബാധിത ജീവിയുടെ ശരീരദ്രവങ്ങളിലൂടെയാണ് എബോള പ്രധാനമായും പടരുന്നത്. എബോളബാധിച്ച മനുഷ്യന്റെ രക്തം നേരിട്ട് സ്പർശിക്കുന്നതിലൂടെയും മനുഷ്യരിൽ ഈ രോഗം പടരുന്നു.
എബോള വൈറസ് മനുഷ്യനിലെത്തുന്നത് മൃഗങ്ങളിലൂടെയാണ്. രോഗം ബാധിച്ച ചിമ്പാൻസി, കുരങ്ങ്, ഗറില്ല, പന്നി, വവ്വാൽ എന്നിവയുടെ ശരീരത്തിലെ എല്ലാത്തരം സ്രവങ്ങളിലും എബോള വൈറസ് ഉണ്ടാകാം.ഇവയുടെ രക്തം, മൂത്രം, കാഷ്ഠം എന്നിവയുടെ സ്പർശനത്തിലൂടെയും രോഗാണുക്കൾ പകരാം. ശരീരത്തിലെ മുറിവുകൾ, വായ്, ത്വക്ക് എന്നിവയിലൂടെ വൈറസിന് മനുഷ്യശരീരത്തിലെത്താനാകും.
വൈറസ് ശരീരത്തിൽ എത്തിയാൽ 2 മുതൽ 21 ദിവസത്തിനിടയിൽ രോഗലക്ഷണങ്ങൾ കാണും. പെട്ടെന്നുള്ള ശക്തമായ പനി, തൊണ്ടവേദന, പേശീ വേദന, തളർച്ച, ഛർദി, വയറിളക്കം തുടങ്ങിയവയാണ് ലക്ഷണങ്ങൾ. രോഗബാധിതരിൽ ചിലരിൽ ആന്തരികമോ ബാഹ്യമോ ആയ രക്തസ്രാവമുണ്ടാകാം. ചൊറിഞ്ഞു പൊട്ടൽ, വൃക്ക-കരൾ പ്രവർത്തനങ്ങൾ താറുമാറാകൽ തുടങ്ങിയവയും സംഭവിക്കാം.എബോള വൈറസ്ശരീരത്തിൽ പ്രവേശിച്ചാൽ രണ്ടു ദിവസം മുതൽ മൂന്നാഴ്ചയ്ക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങും. ആദ്യലക്ഷണം കടുത്ത പനിയാണ്. തുടർന്ന് രോഗികൾ ക്ഷീണിച്ച് അവശരാകും. തൊണ്ടവേദന, തലവേദന, വിശപ്പില്ലായ്‌മ, ഛർദ്ദി തുടങ്ങിയ രോഗലക്ഷണങ്ങൾ ഒപ്പം ഉണ്ടാകും. ഞൊടിയിടയിൽ കരളും വൃക്കയും തകരാറിലാകും. രോഗം ബാധിച്ചാൽ ശരീരത്തിനകത്തും പുറത്തും രക്തസ്രാവം ഉണ്ടാകാം.
ഈ അസുഖത്തിന് നിലവിൽ ചികിത്സകൾ ഒന്നും ഇല്ല. രോഗം പടരാതെ നോക്കുകയാണ് വേണ്ടത്. ശരീരത്തിലെ ധാതുലവണങ്ങൾ നഷ്ടപ്പെടാതിരിക്കാനും നിർജ്ജലീകരണം ഒഴിവാക്കാനായി ഓറൽ റീഹൈഡ്രേഷൻ ചികിത്സ നല്കാവുന്നതാണ്. രക്തസ്രാവം ഒഴിവാക്കാനുള്ള മരുന്നുകളും ലഭ്യമാണ്. തുടക്കത്തിലേ ചികിത്സ തേടിയാൽ രക്ഷപ്പെടാനുള്ള സാധ്യത വർദ്ധിക്കാം. ഇതേ രോഗലക്ഷണങ്ങളുള്ള മലമ്പനി, കോളറ തുടങ്ങിയ രോഗങ്ങൾ ഇല്ലെന്നു സ്ഥിതീകരിക്കുമ്പോഴാണ് എബോളയാണെന്നു വ്യക്തമാകുക. രോഗബാധ സ്ഥിരീകരിച്ചാൽ മറ്റുള്ളവരിൽ നിന്നും ഒറ്റപ്പെടുത്തി മാറ്റി പാർപ്പിക്കുകയാണ് ഇത് പടരാതിരിക്കാനുള്ള മാർഗം.
വളരെകുറച്ചു അളവിൽ വജൈനയിലെ സൗഹൃദ ബാക്ടീരിയകൾ ഉള്ള സ്ത്രീകൾക്ക് ഒവേറിയൻ ക്യാൻസറിനുള്ള സാധ്യത കൂടുതൽ. ഇത് കണ്ടെത്താൻ സാമ്പിളുകൾ ശേഖരിക്കുന്ന സ്വാബ് ഉപയോഗിക്കാമെന്നും ഗവേഷണ വിദ്യാർഥികൾ പറയുന്നു.
ഓവേറിയൻ കാൻസറിന്റെ തുടക്കം കണ്ടുപിടിക്കാൻ പ്രത്യേകിച്ച് മാർഗങ്ങൾ ഒന്നും ഇല്ലാതിരുന്ന സാഹചര്യത്തിൽ പുതിയ കണ്ടെത്തൽ കൂടുതൽ സഹായകമാകുമെന്നാണ് പ്രതീക്ഷ. എന്നാൽ കൂടുതൽ പഠനങ്ങൾ നടത്തേണ്ടതുണ്ട് , മാത്രമല്ല ഇത്തരത്തിൽ നല്ല ബാക്ടീരിയകളുടെ അളവിൽ കുറവ് നേരിടുന്നവർക്ക് ആവശ്യമുള്ള അളവിൽ സുരക്ഷിതമായ ബാക്ടീരിയൽഡോസ് നൽകേണ്ടതുണ്ട്. ലാൻസെറ്റ് ഓങ്കോളജിയിൽ നടത്തിയ പഠനത്തന് ഉള്ള ഫണ്ട് ശേഖരിച്ചത് ഗവൺമെന്റ് സാനിറ്ററി നാപ്കിൻനികുതിയും, ഇ യു വിന്റേയും, ഈവ് അപ്പീൽ ചാരിറ്റിയുടെയും ഫണ്ട് ഉപയോഗിച്ചാണ്.
ഓരോ വർഷവും 7300 ലധികം സ്ത്രീകളിലാണ് ബ്രിട്ടനിൽ ഒവേറിയൻ ക്യാൻസർ കണ്ടെത്തുന്നത്. നേരത്തെ കണ്ടെത്തിയാൽ പൂർണമായി ചികിത്സിക്കാവുന്ന രോഗമാണിത്. പക്ഷേ ഇതിന്റെ ലക്ഷണങ്ങൾ സാധാരണ വയറുവേദനയോ പീരിയഡ്ന്റെ വേദനയോ എന്ന് തള്ളി കളയാറാണ് പതിവ്. രോഗം പടർന്ന ശേഷം മാത്രമാവും പലരും കണ്ടെത്തുന്നത്. രോഗം സ്ഥിരീകരിക്കാൻ ഡോക്ടർമാർ സ്കാനുകളും രക്തപരിശോധനയും നടത്താറുണ്ട്. രോഗ കാരണങ്ങൾ കൃത്യമായി കണ്ടെത്താനായിട്ടില്ല. എന്നാൽ പ്രായം, അമിതവണ്ണം കുടുംബത്തിലാർക്കെങ്കിലും ഒവേറിയൻ അല്ലെങ്കിൽ ബ്രേസ്ട്ക്യാൻസർ തുടങ്ങിയവ ഒവേറിയൻ ക്യാൻസറിന്റെ കാരണങ്ങൾ ആയി കണക്കാക്കുന്നു.
വജൈനയിലെ നല്ല ബാക്ടീരിയകളെ ലാക്ടോ ബാസിലസ് എന്നാണ് അറിയപ്പെടുന്നത്. ഇവ മറ്റ് അനാവശ്യ ബാക്ടീരിയകളെ ചെറുക്കുകയും രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഓവേറിയൻ ക്യാൻസർ ഉള്ള സ്ത്രീകളിൽ ഇവയുടെ അളവ് 50 ശതമാനത്തിൽ കുറവായിരിക്കും.വജൈനൽ സ്ക്രീനിങ് ന് സമാനമായ രീതിയിലൂടെയാണ് ഇവയുടെ അളവ് കണ്ടെത്താനാകുന്നത്.
എന്നാൽ ബാക്ടീരിയയുടെ അളവും രോഗസാധ്യതയും തമ്മിലുള്ള ബന്ധം കൃത്യമായി കണ്ടെത്താൻ ആയിട്ടില്ലെന്നും കൂടുതൽ പഠനങ്ങൾ ഈ മേഖലയിൽ നടത്തേണ്ടതുണ്ടെന്നും യുകെയിലെ ക്യാൻസർ റിസർച്ചർ ഹെലൻ കല്ലാർഡ് പറഞ്ഞു . നല്ല ബാക്ടീരിയകൾ മറ്റ് ഇൻഫെക്ഷനുകൾ ഉണ്ടാക്കുന്നവയെ ഗർഭപാത്രത്തിലേക്കും ഓവറിലേക്കും കടത്തിവിടാതെ സംരക്ഷിക്കുന്നുണ്ട്. എന്നാൽ ശുചിത്വബോധം വർധിക്കുന്ന സാഹചര്യത്തിൽ നല്ലതിനെയും രോഗാണുവാഹകരെയും നശിപ്പിക്കുന്ന രീതിയാണ് പൊതുവെ സ്ത്രീകൾ സ്വീകരിച്ചുവരുന്നത്. ഇത് രോഗ സാധ്യത കൂട്ടും എന്ന് ഗവേഷകർ പറയുന്നു.
മലയാളം യുകെ ന്യൂസ് ബ്യുറോ
എൻഎച്ച് എസുമായി ചേർന്ന് ഇനിമുതൽ ആമസോൺ അലക്സ ഉപകരണങ്ങളിലൂടെ വിദഗ്ധ ആരോഗ്യസേവനങ്ങൾ ലഭിച്ചു തുടങ്ങുമെന്ന് ഗവൺമെന്റ് അറിയിച്ചു.
ഈയാഴ്ച മുതൽ യുകെയിലെ ഉപയോക്താക്കൾ അന്വേഷിക്കുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് എല്ലാം അലക്സാ മറുപടി പറയുന്നത് എൻ എച്ച് എസ്ന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ആയിരിക്കും. അനുദിനം വർധിച്ചുവരുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹരിക്കുന്നതിൽ ഇതൊരു മുതൽക്കൂട്ടാകും. ഇന്റർനെറ്റിൽ പരതാൻ അസൗകര്യമുള്ള വൃദ്ധർ കാഴ്ച പരിമിതർ തുടങ്ങിയവർക്കെല്ലാം ഇനി വിവരങ്ങൾ അന്വേഷിക്കാൻ എളുപ്പമാകും. ആമസോണുമായുള്ള പാർട്ട്ണർഷിപ്പിന്റെ കാര്യം കഴിഞ്ഞ വർഷം തന്നെ ചർച്ച ചെയ്തിരുന്നെങ്കിലും പ്രാവർത്തികമായത് ഇപ്പോഴാണ്. മൈക്രോസോഫ്റ്റ് ഉൾപ്പെടെയുള്ള കമ്പനികളുമായും ഉടൻ ചർച്ച നടത്തും.
അതോടൊപ്പം തന്നെ ഇങ്ങനെയുള്ള പദ്ധതികൾ നടപ്പിലാക്കുപ്പോൾ വിവരങ്ങളുടെ സ്വകാര്യതയെക്കുറിച്ച് പ്രൈവസി ക്യാമ്പയിനേഴ്‌സ് ചോദ്യം ഉന്നയിച്ചിരുന്നു. രാജ്യസുരക്ഷയെ തന്നെ ബാധിക്കും ഇത്തരത്തിൽ ശേഖരിക്കുന്ന വിവരങ്ങൾ ഉപയോഗിക്കപ്പെട്ടേക്കാം എന്നുള്ള വിമർശനങ്ങളും ഉയർന്നു വന്നിട്ടുണ്ട് . എന്നാൽ തങ്ങളുടെ പക്കൽ എത്തുന്ന എല്ലാ വിവരങ്ങളും അങ്ങേയറ്റം സുരക്ഷിതമായിരിക്കുമെന്ന് ആമസോൺ അറിയിച്ചു. മുൻപും ആരോഗ്യപ്രശ്നങ്ങൾക്ക് അലക്സാ ഉപദേശങ്ങൾ കൊടുത്തിട്ടുണ്ട്.
എൻ എച്ച് എസിന്റെ വെബ്സൈറ്റിൽനിന്ന് ഇനി രോഗികൾക്ക് എളുപ്പത്തിൽ വിവരങ്ങൾ കണ്ടെത്താനാകും. ടെക്നോളജിയുമായുള്ള സമന്വയം തങ്ങളുടെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്കും സഹായകമായിരിക്കും എന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. എൻ എച്ച് എസ്സിന്റെ ടെക്നോളജി വിപ്ലവത്തിന്റെ ഏറ്റവും പുതിയ മുഖം ആണിത്.
എന്നാൽ ബിഗ്ബ്രദർ എല്ലാം അറിയുന്നത് അപകടകരമാണെന്ന് സിവിൽ ലിബർട്ടി ഗ്രൂപ്പ് അഭിപ്രായപ്പെടുന്നു. പൊതുപണം ഉപയോഗിച്ച് ഏറ്റെടുത്ത ഈ വലിയ പ്ലാനിന്റെ ഫലം അറിയാനിരിക്കുന്നതേയുള്ളു എന്ന് ഡയറക്ടറായ സിൽക്കി കാർലോ പറയുന്നു. ഒരു വലിയ ഡേറ്റാ സംരക്ഷണ ദുരന്തം കാത്തിരിക്കുന്നുണ്ടാവാം എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ശേഖരിക്കുന്ന വിവരങ്ങൾ എല്ലാം തന്നെ എൻക്രിപ്റ്റഡ് ആണെന്നും, ഉപയോക്താക്കൾക്ക് സൂക്ഷിക്കാനും ഡിലീറ്റ് ചെയ്യാനുമുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത് എന്നും ഒരു സുരക്ഷാ പ്രശ്നവും ഉണ്ടാകില്ല എന്നും ആമസോൺ അറിയിച്ചു.