തിരുവനന്തപുരം ∙ 2026–27 സാമ്പത്തിക വർഷത്തെ കേരള ബജറ്റ് അവതരണം നിയമസഭയിൽ സമാപിച്ചു. രാവിലെ ഒമ്പതിന് ആരംഭിച്ച ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ബജറ്റ് പ്രസംഗം 11.53-നാണ് അവസാനിച്ചത്. രണ്ടു മണിക്കൂർ 53 മിനിറ്റ് നീണ്ട പ്രസംഗം കേരള നിയമസഭയിലെ ദൈർഘ്യമേറിയ നാലാമത്തെ ബജറ്റായി മാറി. തോമസ് ഐസക്കും ഉമ്മൻചാണ്ടിക്കും ശേഷം ഏറ്റവും കൂടുതൽ സമയം എടുത്ത ബജറ്റ് അവതരണമാണ് ഇതെന്ന് സർക്കാർ വ്യക്തമാക്കി.
സർക്കാർ ജീവനക്കാരുടെ ഡിഎ–ഡിആർ കുടിശ്ശികകൾ തീർത്ത് നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു. ഒരു ഗഡു ഫെബ്രുവരി ശമ്പളത്തോടൊപ്പം നൽകും. ശേഷിക്കുന്നത് മാർച്ചിൽ വിതരണം ചെയ്യും. പുതിയ ശമ്പള പരിഷ്കരണ കമ്മീഷനും പ്രഖ്യാപിച്ചു. ജീവനക്കാരുടെ ഹൗസ് ബിൽഡിംഗ് അഡ്വാൻസ് പദ്ധതി പുനരുജ്ജീവിപ്പിക്കുമെന്നും അറിയിച്ചു. ഏപ്രിൽ മുതൽ ഉറപ്പുള്ള പെൻഷൻ സംവിധാനത്തിലേക്ക് മാറുമെന്നും പ്രഖ്യാപനമുണ്ട്. കെ റെയിൽ പദ്ധതി നടപ്പാക്കുമെന്ന നിലപാട് ബജറ്റിൽ ആവർത്തിച്ചു. പദ്ധതിയുടെ പേരിലോ സാങ്കേതികതയിലോ പിടിവാശിയില്ലെന്നും തെക്ക്–വടക്ക് അതിവേഗ പാത സംസ്ഥാന വികസനത്തിന് അനിവാര്യമാണെന്നും ധനമന്ത്രി പറഞ്ഞു.
സാമൂഹിക ക്ഷേമ, വിദ്യാഭ്യാസ, ആരോഗ്യമേഖലകൾക്ക് വൻ വിഹിതമാണ് ബജറ്റിൽ നീക്കിവെച്ചത്. ലൈഫ് മിഷൻ പദ്ധതിക്ക് 1,497.27 കോടി രൂപ അനുവദിച്ചു. അങ്കണവാടികളിൽ എല്ലാ പ്രവർത്തി ദിവസവും പാലും മുട്ടയും നൽകാൻ 80.90 കോടി വകയിരുത്തി. പ്രീ–പ്രൈമറി അധ്യാപകരുടെ വേതനം 1,000 രൂപ വർധിപ്പിച്ചു. ഉന്നത വിദ്യാഭ്യാസത്തിന് 854.41 കോടി രൂപയും, ഒബിസി വിദ്യാഭ്യാസ സ്കോളർഷിപ്പിന് 130.78 കോടി രൂപയും അനുവദിച്ചു. റോഡ് വികസനം, ടൂറിസം, ഐടി, സ്റ്റാർട്ടപ്പ് മേഖലകളിലും ഗണ്യമായ നിക്ഷേപങ്ങളാണ് ബജറ്റിൽ പ്രഖ്യാപിച്ചത്.
തിരുവനന്തപുരം: ആർആർടിഎസ് (റീജണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം) കേരളത്തിന് പ്രായോഗികമല്ലെന്നും സംസ്ഥാനത്തിന്റെ പുതിയ നീക്കം അതിയുക്തമല്ലെന്നുമാണ് ഗതാഗത വിദഗ്ധനും മുൻ മെട്രോ റെയിൽ എം.ഡിയുമായ ഇ. ശ്രീധരന്റെ അഭിപ്രായം. നിലവിലെ യാത്രാ ആവശ്യങ്ങൾക്കും ഭൂമിശാസ്ത്ര സാഹചര്യങ്ങൾക്കും അനുയോജ്യമല്ലാത്ത പദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞു.
ആർആർടിഎസ് പോലുള്ള ഹൈസ്പീഡ് റെയിൽ സംവിധാനങ്ങൾ വലിയ നഗരങ്ങൾ തമ്മിൽ ദീർഘദൂര യാത്രയ്ക്കാണ് അനുയോജ്യം. എന്നാൽ കേരളത്തിൽ നഗരങ്ങൾ തമ്മിലുള്ള ദൂരം കുറവായതിനാൽ ഇത്തരം സംവിധാനങ്ങൾ ഫലപ്രദമാകില്ല. കൂടാതെ ഇതിന് വേണ്ടിയുള്ള വൻ നിക്ഷേപം സാമ്പത്തികമായി സംസ്ഥാനത്തിന് ഭാരമാകുമെന്നും ശ്രീധരൻ വ്യക്തമാക്കി.
നിലവിലുള്ള റെയിൽ സംവിധാനങ്ങളും റോഡ് ഗതാഗതവും മെച്ചപ്പെടുത്തുന്നതിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് അദ്ദേഹം നിർദേശിച്ചു. ജനങ്ങളുടെ യഥാർത്ഥ യാത്രാ ആവശ്യങ്ങൾ വിലയിരുത്താതെ വലിയ പദ്ധതികൾ മുന്നോട്ടു കൊണ്ടുപോകുന്നത് സംസ്ഥാനത്തിന് ദീർഘകാല നഷ്ടം ഉണ്ടാക്കുമെന്നും ഇ. ശ്രീധരൻ മുന്നറിയിപ്പ് നൽകി.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തേതും ആറാമത്തേതുമായ ബജറ്റ് ഇന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കും. വികസനത്തിനും ക്ഷേമത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന ബജറ്റായിരിക്കും ഇതെന്ന സൂചനയാണ് ധനമന്ത്രി നൽകിയിരിക്കുന്നത്. രാവിലെ ഒമ്പതിനാണ് ബജറ്റ് അവതരണം ആരംഭിക്കുക.
ക്ഷേമ പെൻഷൻ വർധനവ് അടക്കമുള്ള ജനപ്രിയ പ്രഖ്യാപനങ്ങൾ ഇത്തവണത്തെ ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നിയന്ത്രണങ്ങളാണ് ക്ഷേമപദ്ധതികൾക്ക് പ്രധാന തടസമെന്ന നിലപാടാണ് ധനവകുപ്പ് വ്യക്തമാക്കുന്നത്. എന്നിരുന്നാലും, ക്ഷേമബജറ്റായിരിക്കും ഇതെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
സർക്കാർ ജീവനക്കാർ ശമ്പളപരിഷ്കരണം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരമായി അഷ്വേർഡ് പെൻഷൻ സംവിധാനത്തിലേക്ക് മാറുന്ന പ്രഖ്യാപനം ബജറ്റിൽ ഉണ്ടാകാനാണ് സാധ്യത. അതിവേഗ പാത, വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട അനുബന്ധ വികസന പദ്ധതികൾ എന്നിവയും ബജറ്റ് പരിഗണനയിൽ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
ചെന്നൈ : നാഗപട്ടണത്ത് സിപിഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെ ഡൊണൾഡ് ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ പരുക്കേറ്റ പാർട്ടി പ്രവർത്തകൻ മരിച്ചു. വെനസ്വേലൻ പ്രസിഡന്റ് നിക്കൊളാസ് മഡുറോയെ യുഎസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു പരിപാടി.
ബ്രാഞ്ച് സെക്രട്ടറി കല്യാണസുന്ദരം (45) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ജനുവരി 10 ന് പെട്രോൾ ഒഴിച്ച് ട്രംപിന്റെ കോലം കത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് തീ ശരീരത്തിലേക്ക് പടർന്നത്. ഗുരുതരമായി പൊള്ളലേറ്റ കല്യാണസുന്ദരം തഞ്ചാവൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
പത്തനംതിട്ട: മൂന്നാമത്തെ ലൈംഗിക പീഡന പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. നിലവിൽ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ കഴിയുന്ന രാഹുൽ, കോടതി ഉത്തരവിന്റെ ഔപചാരിക നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ന് വൈകുന്നേരത്തിന് മുൻപായി ജയിൽ മോചിതനാകുമെന്നാണ് സൂചന. ജനുവരി 11-ന് പാലക്കാട്ടെ ഹോട്ടലിൽനിന്നാണ് രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തത്; 18 ദിവസമായി ഇയാൾ റിമാൻഡിലായിരുന്നു.
പ്രതിയും പരാതിക്കാരിയും തമ്മിൽ ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നതാണ് പ്രതിഭാഗത്തിന്റെ വാദം. കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നും പ്രതിഭാഗം കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതുവരെ പരാതിക്കാരി നേരിട്ട് പോലീസിന് മൊഴി നൽകിയിട്ടില്ലെന്നും രഹസ്യമൊഴിയോ വൈദ്യപരിശോധനയോ ഉൾപ്പെടെയുള്ള നിർണായക നടപടികൾ പൂർത്തിയായിട്ടില്ലെന്നുമാണ് വാദം.
പരാതിക്കാരി വിദേശത്തായതിനാൽ കേരളത്തിലെത്താൻ കഴിയാത്ത സാഹചര്യമാണെന്നും എംബസിയുടെ സഹായത്തോടെ മൊഴി രേഖപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നുമാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. കേസിന്റെ വിശദാംശങ്ങളും മുൻ കോടതി നിരീക്ഷണങ്ങളും വിലയിരുത്തിയ ശേഷമാണ് ജാമ്യം അനുവദിച്ചത്. പരാതിക്കാരെയോ അതിജീവിതകളെയോ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല തുടങ്ങിയ കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ സമാനമായ രണ്ട് പരാതികളിൽ രാഹുൽ ഹൈക്കോടതിയിൽനിന്ന് മുൻകൂർ ജാമ്യം നേടിയിരുന്നു.
മുംബൈ: മഹാരാഷ്ട്ര ബരാമതിയിൽ വിമാന അപകടത്തിൽ ഉപമുഖ്യമന്ത്രി അജിത് പവാർ അടക്കം 5 പേർക്ക് ദാരുണാന്ത്യം. ബാരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ വിമാനം തകർന്നുവീണ് പൊട്ടിത്തെറിക്കുകയായിരുന്നു. അജിത് പവാർ ഉൾപ്പെടെ അഞ്ച് പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. എല്ലാവരും മരിച്ചെന്നാണ് വിവരം. അജിത് പവാറും, അജിത് പവാറിന്റെ സഹായി പിങ്കി മാലി, സുരക്ഷാ ഉദ്യോഗസ്ഥൻ വിധിപ് ജാദവ്, ക്യാപ്റ്റൻ സുമിത്ത് കപൂർ (പൈലറ്റ് ഇൻ കമാൻഡ്), ക്യാപ്റ്റൻ സംഭവി പതക് (ഫസ്റ്റ് ഓഫീസർ) എന്നിവരാണ് മരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി അപകടത്തെ കുറിച്ചുള്ള വിവരങ്ങൾ തേടി. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത് ഷായും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായി സംസാരിച്ചു. അപകട കാരണം കണ്ടെത്താൻ ഡിജിസിഎ അന്വേഷണം തുടങ്ങി.
ലിയർജെറ്റ് 45 എന്ന ചെറു വിമാനത്തിൽ ആയിരുന്നു അജിത് പവാറിന്റെ അവസാന യാത്ര. ബോംബാർഡിയർ എയ്റോസ്പേസ് നിർമ്മിച്ച ലോകപ്രശസ്തമായ ബിസിനസ് ജെറ്റാണ് ഇന്ന് തകർന്ന ലിയർജെറ്റ് 45. ഇതിന്റെ പരമാവധി വേഗത ഏകദേശം മണിക്കൂറിൽ 860 കിലോമീറ്റർ ആണ്. ഏകദേശം 3,650 കിലോമീറ്റർ ഒറ്റയടിക്ക് പറക്കാൻ ഇതിന് സാധിക്കും. 51,000 അടി ഉയരത്തിൽ വരെ പറക്കാൻ ശേഷിയുണ്ട്. ഒൻപത് യാത്രക്കാർക്ക് സുഖകരമായി യാത്ര ചെയ്യാം. പരസ്പരം അഭിമുഖമായി വരുന്ന രീതിയിലാണ് സീറ്റിന്റെ ക്രമീകരണം. ലഗേജ് വെക്കാൻ പ്രത്യേക സ്ഥലം, ഫോൾഡിംഗ് ടേബിളുകൾ, ചെറിയ അടുക്കള, ടോയ്ലറ്റ് എന്നിവ വിമാനത്തിനുള്ളിൽ സജ്ജീകരിച്ചിട്ടുണ്ട്. രണ്ട് ടർബോഫാൻ എൻജിനുകളാണ് ഇതിൽ ഉപയോഗിക്കുന്നത്. 1995 ൽ ആദ്യമായി പറന്ന ഈ വിമാനം 1998 മുതലാണ് വിപണിയിലെത്തിയത്. 2012 ൽ ഇതിന്റെ ഉത്പാദനം നിർത്തി പകരം ‘ലിയർജെറ്റ് 75’ എന്ന കൂടുതൽ ആധുനികമായ പതിപ്പ് പുറത്തിറക്കി. ലിയർജെറ്റ് 45 വിമാനങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 15 മുതൽ 25 കോടി രൂപ വരെ വിലയുണ്ട്. ഇന്ത്യയിൽ ഈ വിമാനം വാടകയ്ക്ക് എടുക്കാൻ മണിക്കൂറിന് ഏകദേശം 3.5 ലക്ഷം രൂപ മുതൽ 4 ലക്ഷം രൂപ വരെ ചെലവ് വരും. വേഗതയേറിയ യാത്ര ആഗ്രഹിക്കുന്ന ബിസിനസുകാർക്കും പ്രമുഖർക്കും ഏറ്റവും അനുയോജ്യമായ ഒന്നാണ് ലിയർജെറ്റ് 45.
അജിത്ത് പവാറിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള അനുശോചിച്ചു. നങ്ങളുടേ നേതാവായിരുന്നു അജിത് പവാറെന്ന് മോദി എക്സില് കുറിച്ചു. കഠിനാധ്വാനിയായ നേതാവായിരുന്നു അജിത് പവാറെന്നും അപകട വിവരം ഞെട്ടിച്ചെന്നും മോദി കുറിച്ചു. അജിത്ത് പവാറിന്റെ വിയോഗം നികത്താൻ ആകാത്ത നഷ്ടമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു അനുശോചിച്ചു. അജിത്ത് പവാറിന്റെ വിയോഗം ഹൃദയഭേദകമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ അനുശോചിച്ചു. മഹാരാഷ്ട്രയിലെ ജനങ്ങളുടെ ക്ഷേമത്തിനായി സ്വയം സമർപ്പിച്ച നേതാവായിരുന്നും അജിത്ത് പവാർ. വ്യക്തിപരമായും എൻഡിഎയ്ക്കും വലിയ നഷ്ടമാണ് ഉണ്ടായത്. എൻഡിഎ അജിത് പവാറിന്റെ കുടുംബത്തോടൊപ്പം നിൽക്കുന്നുവെന്നും അമിത് ഷാ എക്സില് കുറിച്ചു.
ഇന്ത്യയിൽനിന്നുള്ള ഭൂരിഭാഗം ഉത്പന്നങ്ങൾക്കും തീരുവ ഒഴിവാകുന്നതോടെ യൂറോപ്യൻ വിപണിയിൽ കേരളത്തിന്റെ സാന്നിധ്യം ശക്തമാകും. സമുദ്രോത്പന്നങ്ങൾ, കാപ്പി, തേയില, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവയ്ക്ക് മികച്ച വിലയും സ്ഥിരമായ ആവശ്യവും ഉണ്ടാകുമെന്നതാണ് പ്രധാന നേട്ടം.
വയനാടൻ റോബസ്റ്റ കാപ്പി പോലുള്ള ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ ഉള്ള ഉത്പന്നങ്ങൾക്ക് നിയമപരമായ സംരക്ഷണം ലഭിക്കും. ആയുർവേദ ഉത്പന്നങ്ങൾക്കും ചികിത്സാ കേന്ദ്രങ്ങൾക്കും യൂറോപ്യൻ വിപണിയിലേക്ക് പ്രവേശനം എളുപ്പമാകുന്നതോടെ കേരളത്തിന്റെ പരമ്പരാഗത ശക്തികൾക്ക് ആഗോള അംഗീകാരം ലഭിക്കും.
റബ്ബർ അധിഷ്ഠിത ഉത്പന്നങ്ങൾ, കശുവണ്ടി, മെഡിക്കൽ ഉപകരണങ്ങൾ, ടെക്സ്റ്റൈൽ മേഖലകൾക്ക് കയറ്റുമതി വർധിപ്പിക്കാൻ കരാർ സഹായിക്കും. എന്നാൽ, ഗുണനിലവാര മാനദണ്ഡങ്ങളും യൂറോപ്യൻ ഉത്പന്നങ്ങളുമായുള്ള മത്സരവും നേരിടാൻ കേരളം കൂടുതൽ സജ്ജമാകേണ്ടിവരും.
തിരുവനന്തപുരം ശ്രീകാര്യം വെഞ്ചാവോട് പ്രവർത്തിക്കുന്ന എ–1 ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച അൻപതോളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ശനിയാഴ്ച വൈകുന്നേരം ഇവിടെ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
തിങ്കളാഴ്ച മുതലാണ് മിക്കവർക്കും ഛർദ്ദി, വയറിളക്കം, ജ്വരം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ പ്രകടമായത്. തുടർന്ന് പലരും ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടുകയും ചിലരുടെ നില ഗുരുതരമാവുകയും ചെയ്തു.
സംഭവത്തെ തുടർന്ന് കോർപ്പറേഷൻ അധികൃതർ ഹോട്ടലിൽ പരിശോധന നടത്തുകയും ഹോട്ടൽ താൽക്കാലികമായി അടപ്പിക്കുകയും ചെയ്തു. ഭക്ഷ്യവിഷബാധയുടെ കാരണം കണ്ടെത്തുന്നതിനായി ആരോഗ്യവകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൊച്ചി: കാക്കനാട്ടിൽ ഇതരസംസ്ഥാന തൊഴിലാളികളായ സ്ത്രീകൾ തമ്മിലുണ്ടായ തർക്കത്തിനിടെ 13 വയസ്സുകാരിക്ക് വെട്ടേറ്റു. കാക്കനാട് താമസിക്കുന്ന ഇതരസംസ്ഥാനക്കാരിയായ സൈബ അക്താര എന്ന പെൺകുട്ടിക്കാണ് തലയ്ക്ക് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം നടന്നത്. ഇതരസംസ്ഥാന തൊഴിലാളികളായ രണ്ട് സ്ത്രീകൾ തമ്മിലുണ്ടായ വാക്കുതർക്കം പിന്നീട് അക്രമത്തിലേക്ക് നീങ്ങുകയായിരുന്നു. തർക്കത്തിനിടെ ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ വാക്കത്തി കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചു.
ഈ ആക്രമണശ്രമത്തിനിടെയാണ് സമീപത്തുണ്ടായിരുന്ന 13 കാരിയായ സൈബ അക്താരയ്ക്ക് വെട്ടേറ്റത്. ആക്രമണം തടയാൻ ശ്രമിച്ച മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്. തർക്കത്തിന്റെ കാരണം എന്താണെന്നതും പെൺകുട്ടി എങ്ങനെയാണ് ഇവർക്കിടയിൽപ്പെട്ടതെന്നതും നിലവിൽ വ്യക്തമായിട്ടില്ല.
സ്വകാര്യ ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് യുവാവ് ദീപക് ജീവനൊടുക്കിയ കേസിൽ പ്രതി ഷിംജിത മുസ്തഫയ്ക്ക് ഇന്ന് നിർണ്ണായക ദിനം. ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി റിമാൻഡിൽ കഴിയുന്ന ഷിംജിതയുടെ ജാമ്യാപേക്ഷയിൽ കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും.
ജാമ്യം അനുവദിച്ചാൽ പ്രതി സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്ന റിപ്പോർട്ട് മെഡിക്കൽ കോളേജ് പൊലീസ് കോടതിയിൽ സമർപ്പിച്ചു. കേസന്വേഷണം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്നും ജാമ്യം ലഭിച്ചാൽ അന്വേഷണത്തെ ബാധിക്കുമെന്നുമാണ് പൊലീസ് നിലപാട്. വീഡിയോ പോസ്റ്റ് ചെയ്ത ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെങ്കിലും ഇതുവരെ കസ്റ്റഡി അപേക്ഷ പൊലീസ് നൽകിയിട്ടില്ല.
അതേസമയം, ഷിംജിത പോസ്റ്റ് ചെയ്ത വീഡിയോ നീക്കണമെന്നാവശ്യപ്പെട്ട് യാത്രക്കാരിയായ യുവതി പൊലീസിനെ സമീപിച്ചു. വീഡിയോയിൽ താനും ഉൾപ്പെട്ടിട്ടുണ്ടെന്നും സമൂഹത്തിൽ തെറ്റിദ്ധാരണ ഉണ്ടാകുമെന്നതിനാലുമാണ് കണ്ണൂർ സിറ്റി സൈബർ പൊലീസിൽ പരാതി നൽകിയതെന്ന് യുവതി അറിയിച്ചു. ഈ പരാതിയുടെ വിശദാംശങ്ങൾ തേടി ദീപക്കിന്റെ ബന്ധുക്കൾ കണ്ണൂർ പൊലീസിന് വിവരാവകാശ അപേക്ഷയും സമർപ്പിച്ചിട്ടുണ്ട്.