നടൻ മോഹൻ രാജ് അന്തരിച്ചു. ഇന്ന് മൂന്ന് മണിക്ക് തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിലായിരുന്നു അന്ത്യം. വിവിധ അസുഖങ്ങൾ ബാധിച്ച് ദീർഘനാളായി ചികിത്സയിലായിരുന്നു.
കെ മധു സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തിയ മൂന്നാംമുറ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. ചെങ്കോൽ, നരസിംഹം, ഹലോ, മായാവി തുടങ്ങി മുന്നൂറോളം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. മോഹൻലാൽ നായകനായ കിരീടം എന്ന സിനിമയിൽ കീരിക്കാടൻ ജോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് ശ്രദ്ധ നേടിയത്. സംസ്കാരം നാളെ വീട്ടുവളപ്പിൽ.
മമ്മൂട്ടിക്കൊപ്പം അഭിനയിച്ച റോഷാക്ക് ആണ് അവസാന ചിത്രം. ഇന്ത്യന്‍ ആര്‍മ്ഡ് ഫോഴ്സ്, സെട്രല്‍ ബോര്‍ഡ് ഓഫ് എക്സൈസ് ആന്‍ഡ് കസ്റ്റംസ്, കേരള പൊലീസ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടിട്ടുണ്ട്. എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥനായി ജോലി ചെയ്യുമ്പോഴാണ് കിരീടത്തിൽ അഭിനയിക്കുന്നത്. തെലുങ്കിലും തമിഴിലും തിരക്കുള്ള നടനായി മാറിയ മോഹൻ രാജ് രണ്ട് ജപ്പാനീസ് ചിത്രങ്ങളിലും അഭിനയിച്ചിരുന്നു.
വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിൽ ഉറ്റവരെ നഷ്ടമായ ശ്രുതിക്ക് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഷിരൂരിൽ മണ്ണിടിച്ചിലിൽ അകപ്പെട്ട് മരണപ്പെട്ട കോഴിക്കോട് സ്വദേശി അർജുന്റെ കുടുംബത്തിന് ധനസഹായം നൽകുമെന്നും വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചു.
വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും കാര്യമായ സഹായം ലഭിച്ചില്ല. ഫലപ്രദമായ സഹായം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഈ വർഷത്തെ സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ കേന്ദ്ര വിഹിതം കൂടാതെ 219 കോടി 20 ലക്ഷം രൂപ അടിയന്തര സഹായമായി അഭ്യർത്ഥിച്ചു. സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ കേന്ദ്ര വിഹിതമായ 291 കോടി 20 ലക്ഷം രൂപയുടെ ആദ്യ ഗഡു 145.6 കോടി അനുവദിച്ചിട്ടുണ്ട്. രണ്ടാം ഗഡുവായ 145 കോടി 60 ലക്ഷം രൂപ അഡ്വാൻസായി ഇപ്പോൾ അനുവദിച്ചു.
ഇത് സാധാരണ നടപടിക്രമമാണ്. ദുരന്തത്തിന്റെ ഭാഗമായി ലഭിക്കുന്ന പ്രത്യേക സഹായമല്ല. സഹായം നൽകാമെന്ന വാഗ്ദാനം ഉണ്ടായിരുന്നു. ഏറ്റവും ഒടുവിലും വാഗ്ദാനം ലഭിച്ചു. പക്ഷേ കാര്യമായ സഹായം ലഭിച്ചില്ല – മുഖ്യമന്ത്രി വിശദമാക്കി.
മനാഫ് തിരച്ചില്‍ വഴിതിരിച്ചുവിടാന്‍ ശ്രമിച്ചുവെന്ന് കാര്‍വാര്‍ എസ്.പി എം നാരായണ. മനാഫ്, മല്‍പെ എന്നിവര്‍ക്കെതിരെ വ്യാജ പ്രചാരണത്തിനാണ് കേസെടുത്തത്. അര്‍ജുന്റെ കുടുംബത്തിന്റെ ആരോപണം ശരിയെന്നും ഉത്തര കന്നഡ എസ്പി എം നാരായണ വ്യക്തമാക്കി.
മാല്‍പെയും മനാഫും നാടകം കളിച്ചു. തുടര്‍ന്ന് ആദ്യ രണ്ട് ദിവസം നഷ്ടം ആയി. മനാഫിന് യുട്യൂബ് ചാനല്‍ ഉണ്ട്. പ്രേക്ഷകരുടെ എണ്ണം ആയിരുന്നു അവരുടെ ചര്‍ച്ച. ഇതെല്ലാം മനാഫും ഈശ്വര മല്‍പെയും നടത്തിയ നാടകമാണെന്നും അര്‍ജുന്റെ കുടുംബം വ്യക്തമാക്കി.
തിരച്ചില്‍ ഘട്ടത്തില്‍ അമ്മയുടെ വൈകാരികത ചൂഷണം ചെയ്തു. അമ്മയുടെ പ്രതികരണം ലൈവ് കൊടുത്തു. അമ്മക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്ന് അവരോട് പറഞ്ഞിരുന്നു. ഒരു തുള്ളി കളങ്കം ഇല്ലാതെയാണ് തങ്ങള്‍ അവിടെ നിന്നതെന്നും കുടുംബം വ്യക്തമാക്കിയിരുന്നു.
അർദ്ധരാത്രിയിൽ ആശുപത്രിയിൽ കയറി ഗർഭിണിയെ കടന്നുപിടിച്ച പോസ്കോ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി മാട്ടുപ്പെട്ടി എസ്റ്റേറ്റ് കൊരണ്ടിക്കാട് ഡിവിഷനിൽ മനോജിനെയാണ് മൂന്നാർ പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം അർദ്ധ രാത്രിയായിരുന്നു സംഭവം. മൂന്നാർ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഗർഭിണിയായ യുവതിയെയാണ് മനോജ് കയറിപ്പിടിക്കാൻ ശ്രമിച്ചത്.
പെൺകുട്ടി ബഹളം വച്ചതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മനോജിനെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ വർഷം പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ശല്യപ്പെടുത്തിയ കേസിൽ പിടിയിലായ മനോജ് അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.
ഷിരൂരില്‍ മണ്ണിടിച്ചിലിലകപ്പെട്ട് മരിച്ച അർജുനെ കണ്ടെത്തുന്നതിനായി കൂടെനിന്ന എല്ലാവർക്കും നന്ദിയറിയിച്ച് കുടുംബം.
ഒപ്പം നിന്ന മാധ്യമങ്ങള്‍ക്കും സർക്കാരിനും ഈശ്വർ മാല്പെയ്ക്കുമെല്ലാം നന്ദിയറിയിച്ചു.അർജുന്റെ സഹോദരീഭർത്താവ് ജിതിനാണ് മാധ്യമങ്ങളോട് സംസാരിച്ചത്. അർജുന്റെ മരണത്തില്‍ മനാഫ് മാർക്കറ്റിങ് നടത്തുന്നുവെന്നും അർജുന് 75,000 രൂപ ശമ്ബളമുണ്ടെന്ന് മനാഫ് കള്ളപ്രചാരണം നടത്തുകയാണെന്നും കുടുംബം ആരോപിച്ചു.
തുടക്കത്തില്‍ പുഴയിലെ തിരച്ചില്‍ അതീവ ദുഷ്കരമായിരുന്നു. കോഴിക്കോട് എം.പി. എം.കെ. രാഘവൻ ഓരോ സമയത്തും വിളിച്ച് കൂടെയുണ്ടായിരുന്നു. മഞ്ചേശ്വരം എം.എല്‍.എ. എ.കെ.എം. അഷ്റഫും താങ്ങായി മുഖ്യമന്ത്രി പിണറായി വിജയനുമെല്ലാം താങ്ങായി നിന്നു. എ.കെ.എം. അഷ്റഫ് എം.എല്‍.എ.യുമായി ചേർന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് ഡ്രഡ്ജർ എത്തിക്കണമെന്ന് ആവശ്യപ്പെട്ടു. രണ്ട് സംസ്ഥാനങ്ങളില്‍നിന്ന് വളരെ വൈകാരികമായ അന്ത്യാഞ്ജലിയാണ് അർജുന് ലഭിച്ചത്.
ലോറിയുടമ മനാഫ് അർജുന്റെ പേരിൽ ഫണ്ട് പിരിവ് നടത്തുന്നുവെന്ന് കുടുംബം ആരോപിച്ച കുടുംബം, ഫണ്ട് പിരിവിൻ്റെ ആവശ്യം കുടുംബത്തിന് ഇല്ല. ജീവിക്കാനുള്ള സാഹചര്യം ഞങ്ങൾക്ക് ഉണ്ട്. പൊള്ളയായ കാര്യങ്ങൾ ആണ് നടക്കുന്നത്. ഞങ്ങളെ കുത്തി നോവിക്കരുത്. പൈസ അർഹതപ്പെട്ടവർക്ക് ലഭിക്കട്ടെ. മനാഫും സംഘവും പൈസയുമായി വീട്ടിൽ വന്നിരുന്നു. 2000 രൂപയാണ് മനാഫ് തന്നത്. അത് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നു. വൈകാരികത ചൂഷണം ചെയ്ത് മാർക്കറ്റ് ചെയ്യുന്നു. ഈ രീതിയിൽ മുന്നോട്ട് പോയാൽ ഞങ്ങൾക്ക് പ്രതികരിക്കേണ്ടിവരും. അർജുന്റെ പേരിൽ മനാഫ് നടത്തുന്ന ഫണ്ട് പിരിവ് നിർത്തണമെന്ന് കുടുബം ആവശ്യപ്പെട്ടു.
മനാഫിന് അമ്മയുമായും കുടുംബവുമായും ഒരുപാട് ബന്ധമുണ്ടെന്നത് പച്ചക്കള്ളമാണ്. അമ്മയെ ഉപയോഗിച്ച് മാർക്കറ്റ് ചെയ്യുകയാണ്. ഈശ്വര്‍ മല്‍പേയും, മനാഫും ചേർന്ന് നാടകം കളിക്കുകയായിരുന്നു. മനാഫ് യൂട്യൂബ് ചാനൽ നടത്തി കാഴ്ചക്കാരുടെ എണ്ണം എടുക്കുകയായിരുന്നു. ട്രഡ്ജർ കൊണ്ടുവരില്ലെന്ന് പറഞ്ഞ് ഞങ്ങളെ നിരുത്സാഹപ്പെടുത്തി. ലോറിയുടെ കൃത്യമായ സ്ഥാനം ജില്ലാ ഭരണകൂടം കുടുംബത്തെ അറിയിച്ചിരുന്നു. പക്ഷെ മാധ്യമങ്ങളോട് ഈ കാര്യങ്ങൾ പറയുന്നതിൽ വിലക്ക് ഉണ്ടായിരുന്നു. അതുകൊണ്ടാണ് അത് പറയാതിരുന്നത്. കാർവാർ എസ്പി മനാഫിനെതിരെ പരാതി നൽകാൻ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം ഇത് മുഴുവൻ വഴിത്തിരിച്ച് വിടാൻ ശ്രമിക്കുകയാണെന്ന് എസ് പിയും പറഞ്ഞിരുന്നുവെന്ന് അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിൻ മാധ്യമങ്ങളോട് പറഞ്ഞു.
പി.വി. അൻവർ രൂപികരിക്കുന്ന പുതിയ പാർട്ടിയിലേക്കില്ലെന്ന് കെ.ടി. ജലീൽ. ഇടതുപക്ഷത്തിനൊപ്പം നിൽക്കുമെന്നും സി.പി.എമ്മിന്റെ സഹയാത്രികനായി മുന്നോട്ട് പോകുമെന്നും ജലീൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഇടതുപക്ഷത്തെ ബി.ജെ.പി. അനുകൂലികളാക്കാൻ ആണ് ശ്രമം നടക്കുന്നത്. പാർട്ടിയോടൊ മുന്നണിയോടൊ നന്ദികേട് കാണിക്കില്ല. വെടിവെച്ചു കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയേയോ പാർട്ടിയേയോ തള്ളിപറയില്ല. അങ്ങനെ വന്നാൽ ഒരു വിഭാഗം സംശയത്തിൻ്റെ നിഴലിൽ നിർത്തപ്പെടും. അത് കേരളത്തെ വലിയ വർഗീയ ധ്രുവീകരണത്തിലേക്ക് നയിക്കും. അങ്ങനെ ഒരു പാതകം ഉണ്ടായിക്കൂടായെന്നും ജലീൽ പറഞ്ഞു.
എ.ഡി.ജി.പിയെ പൂർണ്ണമായി തന്നെ മാറ്റണമെന്നും അന്വേഷണ റിപ്പോർട്ട് ഉടൻ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. സുജിത്ദാസിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടായിരുന്നു, അതാണ് നടപടി എടുത്തത്. എ.ഡി.ജി.പി., ആർ.എസ്.എസ്. നേതാവിനെ കാണാൻ പാടില്ല. അതിനെ ആരും ന്യായീകരിക്കുന്നില്ല. ഉടൻ നടപടി ഉണ്ടാവും. അഭിപ്രായവും വിമർശനവും പറയും, എന്നാൽ അൻവറിനെ സഹായിക്കുന്ന നിലപാട് എടുത്തിട്ടില്ല. അന്വേഷണം ശരിയായ ദിശയിൽ പോകുന്നുവെന്നാണ് എൻ്റെ ബോധ്യം. ആ ബോധ്യം അൻവറിന് ഉണ്ടാവണമെന്നില്ലെന്നും ജലീൽ കൂട്ടിചേർത്തു.
തനിക്കൊന്നും വേണ്ട. ഒരു പദവിയും വേണ്ട. പാർട്ടിയിൽ നിന്നും ആരും എന്നെ ബന്ധപ്പെട്ടിട്ടില്ല. എഴുത്ത്, യാത്ര, പഠനങ്ങൾ തുടങ്ങിയ കാര്യങ്ങളുമായി മുന്നോട്ട് പോകുമെന്നും ജലീൽ വ്യക്തമാക്കി. മീസാൻ കല്ലിൽ പേരെഴുതുംവരെ അല്ലെങ്കിൽ പാർലമെൻ്റിൽ കിടന്ന് മരിക്കണം, നിയമസഭയിൽ കിടന്ന് മരിക്കണമെന്ന് ചിന്തിക്കുന്നവർ ഈ പാർട്ടിയിൽ ഇല്ല. മത്സരിച്ച് മത്സരിച്ച് ഈ പഹയൻ ഒന്ന് ചത്ത് കിട്ടിയാൽ മതി എന്ന് കരുതുന്നവർ മറ്റ് പാർട്ടിയിൽ ഉണ്ടെന്ന് ജലീൽ പരിഹസിച്ചു.
കടലുണ്ടി കോട്ടക്കടവ് ടി എം എച്ച് ആശുപത്രിയിലെ വ്യാജ ഡോക്ടര്‍ മലപ്പുറം ജില്ലയിലെ വിവിധ ഇടങ്ങളിലായി ഒമ്പതിലധികം ആശുപത്രികളില്‍ ജോലി ചെയ്തതായാണ് വിവരം. രോഗികളോട് നല്ല പെരുമാറ്റം പുലര്‍ത്തിയ അബു എബ്രഹാം ലൂക്കിനെ പതിവായി കാണാന്‍ എത്തുന്ന രോഗികളും ഉണ്ടായിരുന്നു. ആര് എം ഒയുടെ ഒഴിവിലേക്ക് ഡോക്ടറെ നിയമിക്കാന്‍ ആശുപത്രി അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് മറ്റൊരാളുടെ റഫറന്‍സിലൂടെ അബു ലൂക്ക് ഇവിടെ എത്തുന്നത്.
ജോലിയില്‍ പ്രവേശിക്കും മുമ്പ് രജിസ്റ്റര്‍ നമ്പര്‍ നൽകിയിരുന്നു. ‘അബു പി സേവ്യര്‍’ എന്നയാളുടെ പേരിലായിരുന്നു ഈ രജിസ്റ്റര്‍ നമ്പര്‍. ഇക്കാര്യം അന്വേഷിച്ചപ്പോൾ തനിക്ക് രണ്ട് പേരുണ്ടെന്നായിരുന്നു മറുപടി. മുമ്പ് ജോലി ചെയ്ത സ്ഥലങ്ങളില്‍ അന്വേഷിച്ചപ്പോളും ഇയാളെക്കുറിച്ച് മികച്ച അഭിപ്രായം ആയിരുന്നു. ആഴ്ചയില്‍ രണ്ട് ദിവസം ഈ ആശുപത്രിയില്‍ എത്തുന്ന അബു എബ്രഹാമിനെ സ്ഥിരമായി കാണിക്കാന്‍ എത്തുന്ന നിരവധി രോഗികള്‍ ഉണ്ടായിരുന്നു എന്നും ആശുപത്രി അധികൃതര്‍ പറയുന്നു.
പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ യഥാര്‍ത്ഥ രജിസ്റ്റര്‍ നമ്പര്‍ ലഭിച്ചതും എംബിബിഎസ് പാസ്സായില്ല എന്ന് അധികൃതർക്ക് മനസ്സിലാകുന്നത്. ഇതേ തുടര്‍ന്നാണ് പുറത്താക്കിയതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
എംബിബിഎസ് കഴിഞ്ഞ് നീറ്റ് പരീക്ഷയ്ക്ക് തയാറെടുക്കുകയാണ് എന്നാണ് ഇയാള്‍ ആശുപത്രി അധികൃതരെ വിശ്വസിപ്പിച്ചത്. പരീക്ഷയ്ക്കായി അവധി എടുത്ത് പോകാറുമുണ്ടായിരുന്നു.
മരിച്ച വിനോദ് കുമാറിന്റെ ബന്ധുക്കള്‍ക്ക് ആദ്യം പരാതി ഇല്ലായിരുന്നു. പിന്നീട് ഒരു ബന്ധുവുമായി വിനോദ് കുമാറിന്റെ മകനും ഭാര്യയും ഇതേ ആശുപത്രിയില്‍ എത്തിയിരുന്നു. മകന്റെ ഭാര്യ സഹപാഠിയായ അബു എബ്രഹാം ലൂക്കിനെ തിരിച്ചറിഞ്ഞതോടെയാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത്. ഈ പെണ്‍കുട്ടിയാണ് ഇയാള്‍ എംബിബിഎസ് പൂര്‍ത്തിയാക്കാത്ത വിവരം അറിയിച്ചതെന്ന് ആശുപത്രി അധികൃതര്‍ വ്യക്താക്കി.
തിരുവല്ല സ്വദേശിയാണ് അബു എബ്രഹാം ലൂക്ക്. 2011ലാണ് കോഴിക്കോട്ടെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് പഠനത്തിനായി എത്തുന്നത്. സെമസ്റ്റര്‍ പരീക്ഷയില്‍ തോറ്റതോടെ പഠനം പൂര്‍ത്തിയാക്കാനായില്ല. തുടര്‍ന്നാണ് സമാന പേരുള്ള മറ്റൊരാളുടെ രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് ചികിത്സ തുടങ്ങിയത്. ഈ രജിസ്റ്റര്‍ നമ്പറിന്റെ യഥാർത്ഥ ഉടമയെ കണ്ടെത്താനുള്ള ശ്രമങ്ങളും പൊലീസ് തുടങ്ങിയിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായ ഡോക്ടറെ വിവാഹം കഴിച്ച അബു എബ്രഹാം ലൂക്ക് പിന്നീട് കോഴിക്കോട് തന്നെ തുടരുകയായിരുന്നു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മറ്റെല്ലാ ജില്ലകളിലും നേരിയതോ, ഇടത്തരമോ ആയ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്. വിവിധ തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇന്നലെ രാത്രി വിവിധ ജില്ലകളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചിരുന്നു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, ഇടുക്കി, പാലക്കാട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയും 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റും വീശിയിരുന്നു. പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട് ജില്ലകളിലും രാത്രി മഴ ലഭിച്ചു.
കേരള തീരത്ത് (തിരുവനന്തപുരം) ഇന്ന് രാത്രി പതിനൊന്നരവരെ 0.9 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ട്. തമിഴ്നാട് തീരത്ത് (കന്യാകുമാരി, തൂത്തുക്കുടി, തിരുനെല്‍വേലി, രാമനാഥപുരം) ഇന്ന് രാത്രി 11:30 വരെ 1.0 മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നാണ് സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ലക്ഷദ്വീപ് തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മുന്നറിയിപ്പ് നല്‍കിയിട്ടുള്ള പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ള അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കാന്‍ തയ്യാറാവണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. മല്‍സ്യബന്ധന യാനങ്ങളായ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിച്ചാല്‍ കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷയും തൊഴിലാളികള്‍ ഉറപ്പാക്കണം. മുന്നറിയിപ്പ് ഘട്ടങ്ങളില്‍ ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.
കലവൂരിൽ വനിതാ ഡോക്ടർക്ക് നേരെ യുവാവിന്റെ അതിക്രമം. മണ്ണഞ്ചേരി സ്വദേശി സുനിലിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ജനറൽ ആശുപത്രിയിലെ ഡോക്ടർ അഞ്ജുവിന് അക്രമത്തിൽ പരിക്കേറ്റു. മതിൽ ചാടിയെത്തിയ യുവാവ് അടുക്കളയിൽ പാചകം ചെയ്യുകയായിരുന്ന വനിതാ ഡോക്ടറെ പിന്നിൽ നിന്നും ആക്രമിക്കുകയായിരുന്നു.
യുവാവ് അടുക്കള ഭാഗത്ത് അതിക്രമിച്ചുകയറിയപ്പോൾ അഞ്ജുവിന്റെ ഭർത്താവും കുഞ്ഞും മുൻവശത്തെ മുറയിലായിരുന്നു. അക്രമി ഡോക്ടറുടെ തൊണ്ടയിൽ കുത്തി പിടിച്ചതിനാൽ ശബ്ദമുണ്ടാക്കാൻ സാധിച്ചില്ല. ബലം പ്രയോഗിച്ച് പ്രതിയെ തള്ളിമാറ്റി ബഹളം വച്ചതോടെ ഭർത്താവ് ഓടിയെത്തി അക്രമിയെ കീഴ്പ്പെടുത്തുകയായിരുന്നു. കഴുത്തിൽ നഖക്ഷതങ്ങൾ ഏറ്റതിനെ തുടർന്ന് വനിതാ ഡോക്ടർ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
പോലീസ് പിടികൂടിയ പ്രതി സുനിലിനെ ചോദ്യം ചെയ്തെങ്കിലും അക്രമത്തിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. പ്രതി ലഹരിക്കടിമയാണോയെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്.
കുടുംബവഴക്കിനെത്തുടർന്ന് പുരവഞ്ചിയിൽനിന്നു (ഹൗസ്ബോട്ട്) കായലിലേക്കുചാടിയ മകളെ രക്ഷിക്കാൻ ശ്രമിച്ച പിതാവ് മുങ്ങിമരിച്ചു. തമിഴ്നാട് തിരുനെൽവേലി ലെവഞ്ചിപുരം പഞ്ചായത്ത് രണ്ടാം വാർഡിൽ കോയിൽതെണ്ട തെരുവിൽ ജോസഫ് ഡി. നിക്സൺ (58) ആണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് ആർ ബ്ലോക്കിനുസമീപത്തെ ചിത്തിരക്കായലിലാണ് സംഭവം. തിരുനെൽവേലിയിൽനിന്നെത്തിയ ബന്ധുക്കളടങ്ങുന്ന 13 അംഗ സംഘമാണ് പുരവഞ്ചിയിലുണ്ടായിരുന്നത്. യാത്രയ്ക്കിടെ കുടുംബാംഗങ്ങളുമായി വഴക്കിട്ട സഭയ ബിനിഷ (30) പുരവഞ്ചിയിൽനിന്ന് കായലിലേക്കു ചാടി. ഇവരെ രക്ഷിക്കാനായി ജോസഫും മകനും കായലിലേക്കു ചാടി.
നിലവിളികേട്ട് ഓടിയെത്തിയ പുരവഞ്ചി ജീവനക്കാർ ജോസഫിനെയും മകനെയും രക്ഷപ്പെടുത്തി സ്പീഡ് ബോട്ടിൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജോസഫിനെ രക്ഷിക്കാനായില്ല. മകന് കാര്യമായ പരിക്കില്ല.
വെള്ളത്തിൽനിന്നു കരയ്ക്കുകയറാൻ കൂട്ടാക്കാതിരുന്ന യുവതിയെ ബന്ധുക്കളും ജീവനക്കാരുംചേർന്ന് ബലമായി കരയ്ക്കുകയറ്റി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇവർ അത്യാഹിതവിഭാഗത്തിൽ ചികിത്സയിലാണ്. ജോസഫിന്റെ മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിൽ. പുളിങ്കുന്ന് പോലീസ് കേസെടുത്തു.