India

നടൻ ജാഫർ ഇടുക്കിക്കെതിരേ ലൈംഗിക അതിക്രമ പരാതിയുമായി ആലുവ സ്വദേശിയായ നടി. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും ഓണ്‍ലൈനായി നടി പരാതി നല്‍കി.

നേരത്തെ മുകേഷ്, ജയസൂര്യ, ബാലചന്ദ്രമേനോൻ എന്നിവരടക്കം ഏഴു പേർക്കെതിരെ പീഡനപരാതി ആരോപിച്ച് നടി രംഗത്തുവന്നിരുന്നു. ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ജാഫർ ഇടുക്കിയും മോശമായി പെരുമാറിയതെന്ന് നടിയുടെ പരാതിയിൽ പറയുന്നു. ഇത് സംബന്ധിച്ച വിവരങ്ങൾ നേരത്തെ സാമൂഹിക മാധ്യമങ്ങളിലെ അഭിമുഖങ്ങളിലൂടെ നടി പങ്കുവച്ചിരുന്നു. ഇതേ അഭിമുഖത്തിലാണ് ബാലചന്ദ്രമേനോനെതിരേയും നടി പീഡന പരാതി ഉന്നയിച്ചത്.

തുടർന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിക്കാനും ബ്ലാക്ക്മെയിൽ ചെയ്യാനും ശ്രമിച്ചുവെന്ന് കാണിച്ച് നടിക്കും അഭിഭാഷകനും ചാനലിനും എതിരേ ബാലചന്ദ്രമേനോൻ മേനോൻ ഡി.ജി.പിക്ക് പരാതി നൽകി. ഇതിന് പിന്നാലെ യൂട്യൂബ് ചാനലുകൾക്കെതിരേ ഐടി ആക്ട് പ്രകാരം കൊച്ചി പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

പ്രായപൂർത്തിയാകാത്ത ബാലികയെ പീഡിപ്പിച്ച കേസിൽ എരുമേലി പുഞ്ചവയൽ ഭാഗത്ത് കണ്ടൻകേരിൽ വീട്ടിൽ തോമസ് കെ.കെ (76) എന്നയാൾക്ക് ശിക്ഷ വിധിച്ചു.

പോക്സോ കേസിൽ പ്രതിക്ക് 77 വർഷം കഠിന തടവും 80,000 രൂപ പിഴയുമാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ( പോക്സോ ) ശിക്ഷ വിധിച്ചത്. ജഡ്ജ് ശ്രീമതി റോഷൻ തോമസ് ആണ് വിധി പ്രസ്താവിച്ചത്. പ്രതി പിഴ അടച്ചാൽ 70,000 രൂപ അതിജീവിതയ്ക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്.

ഇന്ത്യൻ ശിക്ഷാനിയമത്തിലെയും പോക്സോ ആക്റ്റിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. 2024 ജനുവരി ഒന്നുമുതൽ ഫെബ്രുവരി 27വരെയുള്ള വരെയുള്ള കാലയളവില്‍ പ്രതി അതിജീവിതയെ പീഡിപ്പിക്കുകയായിരുന്നു.

പരാതിയെ തുടർന്ന് മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്.ഓ ആയിരുന്ന ത്രിദീപ് ചന്ദ്രനാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ്. ജോസ് മാത്യു തയ്യിൽ ഹാജരായി.

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് സുപ്രീംകോടതി അനുവദിച്ചത് ഇടക്കാല ജാമ്യം. മ്യൂസിയം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത ബലാത്സംഗക്കേസില്‍ സിദ്ദിഖിനെ അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ജാമ്യവ്യവസ്ഥ വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു.

ജസ്റ്റിസ് ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേസ് ഇനി പരിഗണിക്കുന്നതിനുമുമ്പ് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ അവര്‍ക്കുമുന്നില്‍ സിദ്ദിഖ് ഹാജരാകണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഒക്ടോബര്‍ 22-ന് കോടതി പരിഗണിക്കും.

സിദ്ദിഖിന് ലഭിച്ചത് അറസ്റ്റില്‍നിന്നുള്ള പരിരക്ഷ മാത്രമാണെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍, ഇടക്കാല ജാമ്യമാണ് സിദ്ദിഖിന് ലഭിച്ചതെന്നാണ് ഉത്തരവിന്റെ പൂര്‍ണരൂപം പുറത്തുവരുമ്പോള്‍ വ്യക്തമായിരിക്കുന്നത്. സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ രണ്ടാഴ്ചയ്ക്ക് ശേഷം സുപ്രീംകോടതി പരിഗണിക്കും. കേസിലെ എതിര്‍കക്ഷികളായ സംസ്ഥാന സര്‍ക്കാരിനും അതിജീവിതയ്ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി, അഭിഭാഷകരായ രഞ്ജീത റോത്തഗി, ഫിലിപ്പ് വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവരാണ് സുപ്രീംകോടതിയില്‍ സിദ്ദിഖിനുവേണ്ടി ഹാജരായത്. സംസ്ഥാന സര്‍ക്കാരിനുവേണ്ടി അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ടി, സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവരും അതിജീവിതയ്ക്കുവേണ്ടി പ്രമുഖ അഭിഭാഷക വൃന്ദ ഗ്രോവറും ഹാജരായി.

തന്നെ വർ​ഗീയവാദിയാക്കാനുള്ള പരിശ്രമമാണ് നടക്കുന്നതെന്ന് നിലമ്പൂർ എം.എല്‍.എ പി.വി അന്‍വര്‍. ഏതൊരാളും മതവിശ്വസി ആയതുകൊണ്ട് അയാൾ വർഗീയവാദിയാകുന്നില്ല. മറ്റുമതങ്ങളെ എതിർക്കുകയും അവരോട് വെറുപ്പ് കാണിക്കുകയും ചെയ്യുന്നതാണ് വർഗീയവാദം. അതുരണ്ടും വേർതിരിയേണ്ടതുണ്ടെന്നും അൻവർ പറഞ്ഞു. മുഖ്യമന്ത്രിയെയും സി.പി.എമ്മിനെയും വെല്ലുവിളിച്ച് നിലമ്പൂരിൽ നടത്തിയ രാഷ്ട്രീയവിശദീകരണ യോ​ഗത്തിലാണ് പി.വി അൻവറിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം അന്തരിച്ച കൂത്തുപറമ്പ് സമരനായകന്‍ പുഷ്പനെ അനുസ്മരിച്ചാണ് അന്‍വര്‍ പ്രസംഗം ആരംഭിച്ചത്.

ആര്‍ക്കുവേണ്ടിയാണോ പോരാട്ടം നടത്തിയത് അവരെ തന്നെ തെരുവിലിറക്കിയിരിക്കുകയാണ് ഈ പ്രസ്ഥാനമെന്നും ഈ രീതിയില്‍ നിങ്ങളെ അഭിമുഖീകരിക്കേണ്ടിവരുമെന്ന് കരുതിയതല്ലെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യനെ വർഗീയമായി കാണുന്ന നിലയിലേക്ക് കേരളവും നീങ്ങുകയാണ്. ഒരാൾ ഒരു വിഷയം ഉന്നയിച്ചാൽ അതിലേക്ക് നോക്കുന്നതിന് പകരം അവന്റെ പേരെന്താണ് എന്നതാണ് ആദ്യത്തെ നോട്ടം. എന്റെ പേര് അൻവർ ആയതുകൊണ്ട് മുസ്ലിം വർഗീയ വാദിയാക്കാനുള്ള പരിശ്രമമാണ്. അഞ്ചുനേരം നമസ്കരിക്കുന്നവരാണ് എന്നതാണ് ഇപ്പോൾ വലിയ ചർച്ച.- അൻവർ കൂട്ടിച്ചേർത്തു

നിലമ്പൂരില്‍ ചന്തക്കുന്നിലെ ബസ്സ്റ്റാന്‍ഡിനടുത്താണ് വന്‍ ജനാവലി പങ്കെടുത്ത യോഗം നടക്കുന്നത്. സിപിഎം മുൻ പ്രാദേശിക നേതാവും അന്‍വറിനൊപ്പം വേദിയിലെത്തി. സിപിഎം മരുത മുന്‍ ലോക്കല്‍ സെക്രട്ടറി ഇ.എ സുകുവാണ് വേദിയിലെത്തി യോഗത്തിന് സ്വാഗതം പറഞ്ഞത്.

പടപ്പറമ്പില്‍ കാറും ടാങ്കര്‍ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എയര്‍ബാഗ് മുഖത്തമര്‍ന്നതിനെത്തുടര്‍ന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു. പൊന്മള ചാപ്പനങ്ങാടി തെക്കത്ത് നസീറിന്റെയും റംഷീനയുടേയും മകള്‍ ഇഫയാണ് മരിച്ചത്.

ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്ക് പടപ്പറമ്പ് പുളിവെട്ടിയില്‍ കുഞ്ഞും കുടുംബവും സഞ്ചരിച്ച കാറും എതിരേവന്ന ടാങ്കര്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. മാതാവിന്റെ മടിയിലിയിരുന്ന കുട്ടി എയര്‍ ബാഗ് മുഖത്തമര്‍ന്നും സീറ്റ് ബെല്‍റ്റ് കഴുത്തില്‍ കുരുങ്ങിയും ശ്വാസംമുട്ടി മരിക്കുകയായിരുന്നു.

കുട്ടിയുടെ പിതാവ് രണ്ടുദിവസം മുന്‍പാണ് വിദേശത്തുനിന്ന് വന്നത്. കുട്ടിയുടെ പിതൃസഹോദരന്റെ വിവാഹം ഞായറാഴ്ച നടക്കാനിരിക്കെയാണ് അപകടം. അപകടത്തില്‍ മറ്റാര്‍ക്കും പരിക്കില്ല.

സഹോദരങ്ങള്‍: റൈഹാന്‍, അമീന്‍. കൊളത്തൂര്‍ പോലീസ് എത്തി നടപടികള്‍ സ്വീകരിച്ചു. കുട്ടിയുടെ മൃതദേഹം പടപ്പറമ്പ് ആശുപത്രിയില്‍ നിന്ന് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഞായറാഴ്ച രാവിലെ മൃതദേഹം വീട്ടിലെത്തിക്കും. പതിനൊന്നുമണിക്ക് പറങ്കിമൂച്ചിക്കല്‍ മസ്ജിദ് കബറിസ്താനില്‍ കബറടക്കും.

ചികിത്സിച്ച് ഭേദമാക്കാനാവാത്ത രോഗബാധിതരായി ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികള്‍ക്ക് സ്വന്തം താല്‍പര്യപ്രകാരമോ അവരുടെ ബന്ധുക്കളുടെയോ അനുമതിയോടെയുള്ള നിഷ്‌ക്രിയ ദയാവധം അനുവദിക്കുന്നതില്‍ ഡോക്ടര്‍മാര്‍ക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍.

ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കരട് പെരുമാറ്റച്ചട്ടങ്ങളിലാണ് ഇത്തരമൊരു വ്യവസ്ഥ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കരടിന്മേല്‍ ആരോഗ്യമേഖലയില്‍ നിന്നുള്ളവരടക്കം ഒക്ടോബര്‍ ഇരുപതിനകം അഭിപ്രായമറിയിക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു. ജീവിതത്തിലേക്ക് ഇനിയൊരിക്കലും തിരിച്ചുവരാത്ത വിധം സമീപ ഭാവിയില്‍ മരണം ഉറപ്പായ രോഗാവസ്ഥയെയാണ് മാറാരോഗമായി കരട് രേഖയില്‍ നിര്‍വചിച്ചിരിക്കുന്നത്.

72 മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷവും പുരോഗതി കാണിക്കാത്ത വിധത്തിലുള്ള മസ്തിഷ്‌കാഘാതത്തെയും ഇതിന്റെ പരിധിയിലുള്‍പ്പെടുത്തിയിട്ടുണ്ട്. മെക്കാനിക്കല്‍ വെന്റിലേഷന്‍, രക്തധമനികളുടെ പ്രവര്‍ത്തനം സാധാരണനിലയിലാക്കാനുള്ള വാസോപ്രസേഴ്സ്, ഡയാലിസിസ്, ശസ്ത്രക്രിയകള്‍, രക്തചംക്രമണം മുതലായവയെ ജീവന്‍രക്ഷാ സംവിധാനങ്ങളുടെ ഗണത്തില്‍പ്പെടുത്തി. അതിഗുരുതര രോഗാവസ്ഥയില്‍ ഇത്തരം ജീവന്‍രക്ഷാ സംവിധാനങ്ങള്‍ പലപ്പോഴും പ്രയോജനകരമല്ലാത്തതും രോഗികള്‍ക്ക് ബാധ്യത സൃഷ്ടിക്കുന്നതുമാണ്. അതുകൊണ്ട് തന്നെ ദയാവധം അനുയോജ്യമാണെന്നാണ് മന്ത്രാലയത്തിന്റെ നിഗമനം.

കരടിലെ പ്രധാന നിര്‍ദേശങ്ങള്‍:

* ജീവന്‍രക്ഷാ സംവിധാനം കൊണ്ട് രോഗിക്ക് പ്രയോജനവുമുണ്ടാകാതിരിക്കുകയും അത് രോഗിയുടെ അന്തസിനെ ഹനിക്കുന്ന തരത്തില്‍ വേദനയായി മാറുകയും ചെയ്താല്‍ രോഗിയുടെ താല്‍പര്യാര്‍ഥം ജീവന്‍ രക്ഷാ സംവിധാനം ഡോക്ടര്‍ക്ക് പിന്‍വലിക്കാം
* ഒരാള്‍ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചാലോ, ഏറ്റവും തീവ്രമായ ചികിത്സകൊണ്ട് ഫലമില്ലാത്താവിധം രോഗാവസ്ഥ മൂര്‍ച്ഛിച്ചാലോ, ഈയൊരവസ്ഥ തിരിച്ചറിഞ്ഞ് രോഗിയോ ബന്ധുവോ സമ്മതമറിയിച്ചാലോ ദയാവധമാകാം
* തിരിച്ചുവരവിന് സാധ്യതയില്ലാത്ത വിധം ഹൃദയാഘാതം സംഭവിച്ചാല്‍ ഡോക്ടര്‍മാര്‍ക്ക് ഉചിതമെന്ന് തോന്നുന്നെങ്കില്‍ കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കാതിരിക്കാം
* പ്രായപൂര്‍ത്തിയായ രോഗിക്ക് തന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞ് ജീവന്‍രക്ഷാ സഹായം വേണ്ടെന്നുവെയ്ക്കാനുള്ള തീരുമാനമെം എടുക്കാമെന്ന് സുപ്രീം കോടതിയുടെ നിയമാവലിയുണ്ട്
* സ്വന്തമായി തീരുമാനമെടുക്കാന്‍ ശേഷിയില്ലാത്ത രോഗികളുടെ കാര്യത്തില്‍ ഏറ്റവും കുറഞ്ഞത് മൂന്ന് ഡോക്ടര്‍മാരെങ്കിലും ഉള്‍പ്പെട്ട പ്രാഥമിക മെഡിക്കല്‍ ബോര്‍ഡ് രൂപവല്‍ക്കരിച്ച് സമവായമനുസരിച്ച് ജീവന്‍രക്ഷാ സംവിധാന കാര്യത്തില്‍ തീരുമാനമെടുക്കാം
* പ്രാഥമിക മെഡിക്കല്‍ ബോര്‍ഡ് രോഗിയുടെ അവസ്ഥ സംബന്ധിച്ച് ബന്ധുവിനെ വിശദമായി ധരിപ്പിക്കണം
* പ്രാഥമിക മെഡിക്കല്‍ ബോര്‍ഡ് കൈക്കൊള്ളുന്ന തീരുമാനം വേറെ മൂന്ന് ഫിസിഷ്യന്മാരടങ്ങിയ സെക്കന്‍ഡറി മെഡിക്കല്‍ബോര്‍ഡ് പരിശോധിച്ച് ശരിയായ തീരുമാനമാണോയെന്ന് ഉറപ്പുവരുത്തണം
* ഈ ബോര്‍ഡിലെ ഒരു ഡോക്ടറെ ജില്ലാതല ചീഫ് മെഡിക്കല്‍ ഓഫീസര്‍ നിയമിക്കണം.

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന പുഷ്പൻ (54) അന്തരിച്ചു. സി.പി.എം. അണികൾക്കിടയിൽ ജീവിക്കുന്ന രക്തസാക്ഷിയെന്ന് അറിയപ്പെട്ടിരുന്ന പുഷ്പൻ, കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കഴിഞ്ഞ 30 വർഷമായി കിടപ്പിലായിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം.

1994 -ൽ സ്വാശ്രയ കോളേജിനെതിരായ സമരത്തിനിടെയാണ് പുഷ്പന് വെടിയേൽക്കുന്നത്. 1994 നവംബര്‍ 25-ന് തലശ്ശേരിക്കടുത്ത് കൂത്തുപറമ്പില്‍ മന്ത്രി എംവി രാഘവനെ തടയാനെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് വെടിവെപ്പ് നടത്തുകയായിരുന്നു. കൂത്തുപറമ്പിലെ അര്‍ബന്‍ സഹകരണബാങ്കിന്റെ സായാഹ്നശാഖയുടെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി.

വെടിവെപ്പില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ കെ.കെ. രാജീവന്‍, മധു, ഷിബുലാല്‍, ബാബു, റോഷന്‍ എന്നിവര്‍ കൊല്ലപ്പെട്ടു. പുഷ്പന്‍ അടക്കം ആറോളം പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

കൂത്തുപറമ്പില്‍ വെടിയേറ്റുവീണ പുഷ്പന്‍ പിന്നീടൊരിക്കലും എഴുന്നേറ്റില്ല. സിപിഎം അണികള്‍ക്ക് പുഷ്പന്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായിരുന്നു. പ്രവർത്തകരുടെ ആവേശവും വികാരവുമായിരുന്നു. അപൂര്‍വ്വം അവസരങ്ങളില്‍ തിരഞ്ഞെടുപ്പ് പരിപാടികളിലും പാര്‍ട്ടിവേദികളിലും പ്രവര്‍ത്തകര്‍ക്ക് ആവേശമായി പുഷ്പന്‍ എത്തിയിരുന്നു.

എഴുപതാമത് നെഹ്‌റു ട്രോഫി വള്ളം കളിയില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന്‍ ജേതാവായി. കാരിച്ചാലിനിത് പതിനാറാമത്തെ വിജയമാണിത്. പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ തുടര്‍ച്ചയായ അഞ്ചാമത്തെ വിജയം കൂടിയാണിത്.

ഫൈനലില്‍ വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വിയപുരം, നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടന്‍, കുമരകം ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടന്‍ എന്നീ വള്ളങ്ങളെ മറികടന്നാണ് കാരിച്ചാലിന്റെ വിജയം.

ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാല്‍ ചുണ്ടന്‍ കപ്പില്‍ മുത്തമിട്ടത്. ഉച്ചയ്ക്ക് 2.15 ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പതാക ഉയര്‍ത്തിയതോടെയാണ് നെഹ്‌റു ട്രോഫി വള്ളം കളിക്ക് ഔദ്യോഗിക തുടക്കമായത്.

ഹീറ്റ്‌സ് മത്സരങ്ങളില്‍ റെക്കോഡ് സമയം കുറിച്ചാണ് കാരിച്ചാല്‍ ചുണ്ടന്‍ ഒന്നാമതെത്തിയത്. നെഹ്‌റു ട്രോഫി വള്ളം കളിയുടെ ചരിത്രത്തിലെ മികച്ച സമയമാണ് ഹീറ്റ്‌സില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് ഫൈനല്‍ യോഗ്യത ഉറപ്പിച്ചത്. 4.14.35 മിനിറ്റിലായിരുന്നു ഫിനിഷിങ്.

അഞ്ച് ഹീറ്റ്‌സ് മത്സരങ്ങളിലായി 19 ചുണ്ടന്‍ വള്ളങ്ങളാണ് പങ്കെടുത്തത്. ഒന്നാം ഹീറ്റ്‌സ് മത്സരത്തില്‍ കൊല്ലം ജീസസ് ക്ലബ് തുഴഞ്ഞ ആനാരി ചുണ്ടന്‍ ജേതാക്കളായി.

രണ്ടാം ഹീറ്റ്‌സില്‍ പുന്നമട ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം ചുണ്ടനും മൂന്നാം ഹീറ്റ്‌സില്‍ യുബിസി കൈനകരിയുടെ തലവടി ചുണ്ടനും ജേതാക്കളായി. നാലാം ഹീറ്റ്‌സില്‍ വിബിസി കൈനകരിയുടെ വിയപുരം ചുണ്ടന്‍ ഒന്നാമതെത്തി. ഹീറ്റ്‌സ് അഞ്ചില്‍ കാരിച്ചാല്‍ ചുണ്ടനും ഒന്നാമതെത്തി.

ലൂസേഴ്‌സ് ഫൈനലില്‍ തലവടി ചുണ്ടന്‍ വിജയി ആയി. രണ്ടാം ലൂസേഴ്‌സ് ഫൈനലില്‍ വലിയ ദിവാന്‍ജിയും മൂന്നാം ലൂസേഴ്‌സ് ഫൈനലില്‍ ആയാപറമ്പ് പാണ്ടി ചുണ്ടനും ജേതാക്കളായി.

നടന്‍ ബാല മുന്‍ഭാര്യയും ഗായികയുമായ അമൃത സുരേഷും തമ്മിലുള്ള വിവാദത്തില്‍ പുതിയ ട്വിസ്റ്റ്. കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബാല പറഞ്ഞ വാക്കുകള്‍ വിവാദമായിരുന്നു. പിന്നാലെ മകള്‍ അവന്തിക എന്ന പാപ്പു ബാലയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ബാല പങ്കുവച്ച വീഡിയോയും വാര്‍ത്തയായി മാറി.

ഈ വിവാദം ഇപ്പോള്‍ കത്തി നില്‍ക്കുമ്പോള്‍ ബാലയുടെയും അമൃതയുടെയും ഡ്രൈവറായിരുന്ന ഇര്‍ഷാദ് വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

14 വർഷത്തെ നിശബ്ദതയ്ക്ക് അവസാനം കുറിച്ചതിനു ഒരുപാട് നന്ദി അനിയാ, എന്ന ക്യാപ്ഷനോടെ അമൃതയാണ് ഇര്‍ഷാദിന്‍റെ ഇന്‍സ്റ്റഗ്രാം വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. അമൃതയെ അന്ന് ബാല ഉപദ്രവിക്കാറുണ്ടെന്നാണ് ഇര്‍ഷാദ് വീഡിയോയില്‍ പറയുന്നു.

അമൃത നടത്തിയ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന രീതിയിലാണ് ഇര്‍ഷാദിന്‍റെ വെളിപ്പെടുത്തല്‍. ബാല അമൃത വിവാഹം കഴിഞ്ഞത് മുതല്‍ അവര്‍ പിരിയും വരെ അവരുടെ ഡ്രൈവറായി ഞാന്‍ പ്രവര്‍ത്തിച്ചിരുന്നു. പല കാര്യങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്.

പിരിഞ്ഞ ശേഷം ഞാന്‍ ചേച്ചിക്കൊപ്പമാണ് പോയത്. അമൃത ചേച്ചിയെ പുള്ളിക്കാരന്‍ പലപ്പോഴും മര്‍ദ്ദിക്കുന്നത് കണ്ടിട്ടുണ്ട്. അന്ന് 18 വയസുള്ള എന്നെ ബാല മര്‍ദ്ദിച്ചിട്ടുണ്ട്. മൂക്കില്‍ നിന്നും വായയില്‍ നിന്നും ചോര വന്നിട്ടുണ്ട്. അന്ന് ചെറുതായിരുന്നു തിരിച്ച് പ്രതികരിക്കാനുള്ള ശേഷി ഉണ്ടായിരുന്നില്ല.

ചേച്ചി എന്നെ ഒരു അനിയനെപ്പോലെയാണ് കണ്ടത്. അതാണ് ചേച്ചിക്കൊപ്പം പോയത്. ഇപ്പോള്‍ വീഡിയോ ഇടാനുള്ള കാരണം. ഇന്നലെ പാപ്പുവിന്‍റെ വീഡിയോ കണ്ടു അതിന്‍റെ അടിയില്‍ പാപ്പുവിനെകൊണ്ട് പറഞ്ഞ് ചെയ്യിച്ചതാണെന്ന കമന്‍റ് പലയിടത്തും കണ്ടു ഒരിക്കലും ചേച്ചിയോ, അമ്മയോ, അഭിയോ അങ്ങനെ ചെയ്യില്ല. അങ്ങനെ പറഞ്ഞ് ചെയ്യിപ്പിക്കാനാണെങ്കില്‍ പണ്ടെ ചെയ്യിപ്പിക്കാമായിരുന്നു.

പതിനാല് കൊല്ലമായി ഇതിനെല്ലാം സാക്ഷിയായ എന്നോട് ഇതൊക്കെ തുറന്നു പറഞ്ഞുടെയെന്ന് ചേച്ചിയോ കുടുംബമോ എന്നോട് പറഞ്ഞിട്ടില്ല.

നിങ്ങള്‍ വിചാരിക്കും ഇത്രയും നാള്‍ എവിടെയായിരുന്നുവെന്ന് ഇത്രയും നാള്‍ മിണ്ടാതിരുന്നതാണ്. ഇപ്പോള്‍ പാപ്പുവിന്‍റെയും ചേച്ചിയുടെയും വീഡിയോ കണ്ട് വിഷമമായതിനാലാണ് ഇങ്ങനെ വീഡിയോ ചെയ്യുന്നത്. ഈ വീഡിയോ ഇടുന്നത് പോലും അവര്‍ക്ക് അറിയില്ല.

അവര്‍ വീഡിയോയില്‍ പറഞ്ഞതെല്ലാം സത്യമാണ്. അവര്‍ മൂന്ന് സ്ത്രീകളും കുട്ടിയും അടങ്ങുന്ന ചെറിയ കുടുംബമാണ് അവരെ ദ്രോഹിക്കരുത്. ബാലയുടെ കൂടെയുള്ളവര്‍ വലിയ ദ്രോഹമാണ് അവരോട് ചെയ്യുന്നത്.

ഇത് തുടര്‍ന്നാല്‍ വീണ്ടും വീഡിയോകള്‍ ചെയ്യേണ്ടിവരും. സത്യസന്ധമായ കാര്യമാണ് ചേച്ചിയും പാപ്പുവും പറയുന്നത് – ഇര്‍ഷാദ് വീഡിയോയില്‍ പറയുന്നു.

അമൃതയുടെ മകളുടെ ജന്മദിനത്തില്‍ മകള്‍ ചെയ്ത വീഡിയോയാണ് പ്രശ്നങ്ങളിലേക്ക് നയിച്ചത്. തുടര്‍ന്ന് ഇരുഭാഗത്ത് നിന്നും ആരോപണങ്ങളുമായി നിരന്തരം സോഷ്യല്‍ മീഡിയയില്‍ ഇത് വന്‍ വിവാദമായി മാറി.

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച കോഴിക്കോട് സ്വദേശി അര്‍ജുന്റെ മൃതദേഹവുമായി ആംബുലന്‍സ് കേരളത്തിലെത്തി. തലപ്പാടി ചെക്ക്‌പോസ്റ്റിലും കാസര്‍കോടും നിരവധി പേരാണ് അര്‍ജുന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ കാത്തു നിന്നത്. പുലര്‍ച്ചെ രണ്ടരയോടെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ എത്തിയപ്പോള്‍ നിരവധി പേരാണ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്.

കാസര്‍കോട് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍, ജില്ലാ പൊലീസ് മേധാവി ഡി.ശില്‍പ എന്നിവരും അന്തിമോപചാരമര്‍പ്പിച്ചു. കേരള, കര്‍ണാടക പൊലീസും വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്. മൃതദേഹം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലെത്തിച്ച ശേഷം സംസ്‌കാര ചടങ്ങുകള്‍ ഉച്ചയ്ക്ക് വീട്ടുവളപ്പില്‍ നടത്തും.

72 നാള്‍ നീണ്ട രക്ഷാ ദൗത്യത്തിന് നേതൃത്വം നല്‍കിയ കാര്‍വാര്‍ എം.എല്‍.എ സതീഷ് കൃഷ്ണ സെയ്ലും മഞ്ചേശ്വരം എംഎല്‍എ എ.കെ.എം അഷ്റഫും ഷിരൂരിലെ മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പേയും വിലാപയാത്രയ്ക്ക് ഒപ്പമുണ്ട്. പുലര്‍ച്ചെ അഞ്ചരയോടെ മൃതദേഹം വഹിച്ചുള്ള വാഹന വ്യൂഹം കണ്ണൂര്‍ നഗരം പിന്നിട്ടു. പിന്നീട് കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചു. ഇവിടെ വച്ച് മന്ത്രി എ.കെ ശശീന്ദ്രനും കോഴിക്കോട് ജില്ലാ കളക്ടറും അടക്കമുള്ളവര്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി മൃതദേഹം ഏറ്റുവാങ്ങി.

പതിവായി ലോറിയുമായി യാത്ര ചെയ്തിരുന്ന അതേവഴിയിലൂടെയായിരുന്നു അന്ത്യയാത്രയ്ക്കായി വീട്ടിലേക്കുള്ള മടക്കവും. വെള്ളിയാഴ്ച വൈകുന്നേരം ആറിന് കാര്‍വാര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് ആംബുലന്‍സ് പുറപ്പെടുമ്പോള്‍ സഹോദരന്‍ അഭിജിത്തും സഹോദരീ ഭര്‍ത്താവ് ജിതിനുമാണ് ഒപ്പമുണ്ടായിരുന്നത്.

RECENT POSTS
Copyright © . All rights reserved