India

പ്രധാന മന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത് രാജ്യത്ത് പുരോഗമിക്കുന്ന ജനതാ കർഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ച് നടൻ മോഹൻലാൽ. ലോകം നേരിടുന്ന മഹാമാരിയെ നേരിടാൻ ജനങ്ങൾ ഒന്നിച്ച് നിൽക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ഒരുപാട് പേര്‍ ഇത് സീരിയസായി കാണുന്നില്ല എന്ന് പറയുന്നതില്‍ സങ്കടമുണ്ടെന്നും കൂട്ടിച്ചേർത്തു. എന്നാൽ മനോരമ ന്യൂസിനോട് നടത്തിയ മോഹന്‍ലാലിന്റെ പ്രതികരണത്തിലെ ചില പരാമർശങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയുടെ വിമർശനം ഏറ്റുവാങ്ങുകയും ചെയ്തു.

ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കാൻ വൈകുന്നേരം വീടിന് പുറത്തിറങ്ങി നിന്ന് കയ്യടിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ മോഹൻലാൽ വ്യാഖ്യാനിച്ചതാണ് വിമർശനത്തിന് ഇടയാക്കിയത്. വൈകുന്നേരം അഞ്ച് മണിക്ക് എല്ലാവരും കൂടി ക്ലാപ്പ് ചെയ്യുമ്പോള്‍ ഒരുപാട് വൈറസും ബാക്റ്റീരിയയും നശിച്ചുപോകാന്‍ സാധ്യതയുണ്ടെന്നും അത് അങ്ങനെ നശിച്ചുപോകട്ടെ എന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നു

മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ-

ഞാന്‍ ഇപ്പോള്‍ ഉളളത് മദ്രാസിലാണ്. ചെന്നൈയില്‍ എന്റെ വീട്ടിലാണ്. ഒരാഴ്ച മുമ്പെ ഞാന്‍ ഇവിടെ വന്നിട്ട് പിന്നെ തിരിച്ച് പോകാന്‍ സാധിക്കാതെ വന്നു. എന്റെ അമ്മ എറണാകുളത്താണ്. നമ്മള്‍ വളരെയധികം കെയര്‍ എടുത്തിട്ടാണ് ഇരിക്കുന്നത്. എറണാകുളത്തെ വീട്ടിലേക്ക് ഗസ്റ്റുകളെ ഒന്നും പ്രവേശിപ്പിക്കുന്നില്ല. ആരും വരരുതെന്ന് അറിയിച്ചിട്ടുണ്ട്. കാരണം എന്റെ അമ്മയ്ക്ക് വയ്യാതെ ഇരിക്കുന്നതിനാല്‍ എക്‌സ്ട്രാ കെയര്‍ എടുക്കുകയാണ്. മദ്രാസിലെ വീട്ടിലായാലും നമ്മള്‍ പുറത്ത് പോകാതിരിക്കുകയാണ്. മഹാവിപത്തിനെ നേരിടാന്‍ നമ്മള്‍ ഒറ്റക്കെട്ടായി രാജ്യം നില്‍ക്കുമ്പോള്‍ അതിന്റെ കൂടെ സഹകരിക്കുക എന്നുളളത് ഒരു പൗരന്‍ എന്ന നിലയില്‍ രാജ്യത്തെ സ്‌നേഹിക്കുന്നയാള്‍ എന്ന നിലയില്‍ ലോകത്തെ സ്‌നേഹിക്കുന്നയാള്‍ എന്ന നിലയില്‍ നമ്മുടെ ധര്‍മ്മമാണ്.

ഒരുപാട് പേര്‍ ഇത് സീരിയസായി കാണുന്നില്ല എന്ന് പറയുന്നതില്‍ സങ്കടമുണ്ട്. തനിക്ക് വരില്ല എന്നുളള രീതിയിലാണ്, അല്ലെങ്കില്‍ എന്തെങ്കിലും ചെറിയ പനിയോ കാര്യങ്ങളോ ഉണ്ടെങ്കില്‍ അത് റിപ്പോര്‍ട്ട് ചെയ്യണം. നമുക്ക് മാത്രമല്ല, ഒരുപാട് പേര്‍ക്ക് നാം പകര്‍ന്ന് കൊടുക്കാന്‍ സാധ്യതയുളള ഒരു മഹാവിപത്താണ് ഇവിടെ ഉണ്ടായിരിക്കുന്നത്. അതിനെ ഒറ്റക്കെട്ടായി പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഒക്കെ പറഞ്ഞത് അനുസരിച്ചും അല്ലെങ്കിലും നമ്മളുടെ സ്വന്തം മനസില്‍ നിന്ന് ധാരണയുണ്ടായി എല്ലാവരും പ്രവര്‍ത്തിക്കണമെന്നാണ് അപേക്ഷിക്കുന്നത്. തീര്‍ച്ചയായും ഇന്ന് ഒമ്പത് മണി വരെ വീട്ടില്‍ നില്‍ക്കുകയും അഞ്ച് മണിക്ക് നമ്മള്‍ എല്ലാവരും കൂടി ക്ലാപ്പ് ചെയ്യുന്ന വലിയ പ്രോസസാണ്. ആ ശബ്ദം എന്ന് പറയുന്നത് വലിയ മന്ത്രം പോലെയാണ്. ഒരുപാട് ബാക്റ്റീരിയയും വൈറസുമൊക്കെ നശിച്ച് പോകാന്‍ സാധ്യതയുണ്ട്. അങ്ങനെ നശിച്ച് പോട്ടെ. എല്ലാവരും സഹകരിക്കണമെന്ന് ഞാന്‍ താഴ്മയായി അപേക്ഷിക്കുന്നു.

ഒരു ദിവസത്തേക്കാണ് നമ്മള്‍ എല്ലാവരും വീട്ടിലിരിക്കാന്‍ ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. പ്രളയത്തെയും നിപ്പയെക്കാളുമൊക്കെ വലിയ സാഹചര്യമാണ് ഇപ്പോഴുളളത്. അതിനെ തീര്‍ച്ചയായും നമ്മള്‍ അതിജീവിക്കും. നമ്മുടെ കാലാവസ്ഥ, ഇത് നേരിടാനുളള ധൈര്യം, സര്‍ക്കാരിന്റെ നിലപാടുകള്‍, ആരോഗ്യപ്രവര്‍ത്തകരുടെ അദ്ധ്വാനം ഇതെല്ലാം കൊണ്ട് നമ്മള്‍ ഇതിനെ അതിജീവിക്കുമെന്നാണ് കരുതുന്നത്’.

പോര്‍ച്ചുഗലിൽ നിന്ന് ദുബായിലെത്തിയ മലയാളി ഇരട്ട സഹോദരന്മാർ കഴിഞ്ഞ മൂന്ന് ദിവസമായി ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ മൂന്നിൽ കുടുങ്ങി. കോവിഡ്–19 വ്യാപനത്തെ തുടർന്ന് യൂറോപ്പിൽ നിന്നുള്ളവർക്ക് ഇന്ത്യ പ്രവേശനം തടഞ്ഞതാണ് ഇതിന് കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. പോർചുഗലിലെ ലിസ്ബണിൽ നിന്നെത്തിയ തിരുവനന്തപുരം കായംകുളം പുതിയതുറ സ്വദേശികളായ ജാക്സൺ, ബെൻസൺ എന്നിവരാണ് കൃത്യമായി ഭക്ഷണം കഴിക്കാതെയും പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനുമാകാതെ ദുരിതത്തിലായത്.

യൂറോപ്പിൽ കൊറോണ ഭീഷണിയെ തുടർന്ന് നഗരം വിജനമായിത്തുടങ്ങിയപ്പോൾ, ഇൗ മാസം 18ന് പ്രദേശിക സമയം രാവിലെ 11.30ന് എമിറേറ്റ്സ് എയർലൈൻസിൽ ദുബായ് വഴി നാട്ടിലേയ്ക്ക് തിരിക്കുകയായിരുന്നു. ലിസ്ബൺ രാജ്യാന്തര വിമാനത്താവളത്തിൽ തന്നെ ഇവരുടെ തിരുവനന്തപുരത്തേയ്ക്കുള്ള യാത്രാ നടപടികളും പൂർത്തീകരിച്ചിരുന്നു. തങ്ങളുടെ ആരോഗ്യ നില പരിശോധിച്ച് കോവിഡ്–19 ഇല്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തിരുന്നതായി ഇരുവരും കാര്യങ്ങൾ ചോദിച്ചറിഞ്ഞ മാധ്യമപ്രവർത്തകരോട് പറയുന്നു

പിറ്റേന്ന് പുലർച്ചെ മൂന്നിന് ദുബായിലെത്തിയ ഇവർക്ക് 21 മണിക്കൂറിന് ശേഷമായിരുന്നു തിരുവനന്തപുരത്തേയ്ക്കുള്ള യാത്ര. എന്നാൽ, തുടർ യാത്രയ്ക്കുള്ള അനുമതി എമിറേറ്റ്സ് എയർലൈൻസിന് ഇന്ത്യൻ അധികൃതരിൽ നിന്ന് ലഭിച്ചില്ല. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേയ്ക്കുള്ള യാത്രക്കാർ അധികം വൈകാതെ അതാത് വിമാനങ്ങളിൽ യാത്ര തിരിച്ചപ്പോൾ, 18ന് ഉച്ചയ്ക്ക് 12ന് ശേഷം തിരുവനന്തപുരത്തേയ്ക്ക് യാത്രാ വിലക്കുണ്ടെന്നും അനുമതി ലഭിച്ചാൽ മാത്രമേ കൊണ്ടുപോവുകയുള്ളൂ എന്നുമായിരുന്നു ജാക്സണും ബെൻസണും അധികൃതർ നൽകിയ മറുപടി.

തങ്ങളുടെ തുടർ യാത്രാ നടപടികൾ ലിസ് ബണിൽ നേരത്തെ പൂർത്തിയായതെന്നറിയിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ ഇരുവരും പ്രതിസന്ധിയിലാവുകയും വിമാനത്താവളത്തിൽ തന്നെ കുടുങ്ങുകയുമായിരുന്നു. നാളെ (ഞായർ) മുതൽ ഇന്ത്യയിലേയ്ക്ക് രാജ്യാന്തര വിമാന സർവീസ് നിർത്തലാക്കുമെന്നതിനാൽ ഇന്ന് തന്നെ യാത്ര തിരിക്കാൻ സാധിച്ചാലേ രക്ഷയുള്ളൂ. പോർചുഗൽ വീസ റദ്ദാക്കിയാണ് ഇരുവരും വന്നത് എന്നതിനാൽ മടക്കയാത്രയും അസാധ്യമാണ്.

ആദ്യ രണ്ട് ദിവസം ഭക്ഷണത്തിനുള്ള കൂപ്പൺ എമിറേറ്റ്സ് എയർലൈൻസ് അധികൃതർ നൽകിയെങ്കിലും ഇപ്പോൾ സ്വന്തം കീശയിൽ നിന്ന് പണമെടുത്താണ് രണ്ടു നേരം ഭക്ഷണം കഴിക്കുന്നതെന്നും ഇതിന് തന്നെ വൻ തുക ചെലവായെന്നും ജാക്സൺ പറഞ്ഞു. യത്രക്കാർക്കുള്ള കസേരയിലിരുന്നാണ് ഉറങ്ങുന്നത്. ഇവിടുത്തെ കുളിമുറി ഉപയോഗിക്കുന്നുണ്ടെങ്കിലും ദിനചര്യകളാകെ താളം തെറ്റി. കൊണ്ടുവന്ന വസ്ത്രങ്ങളെല്ലാം മുഷിഞ്ഞുതുടങ്ങി. ഇനിയും വൈകിയാൽ തങ്ങൾ ഏറെ ദുരിതത്തിലാകുമെന്നും എത്രയും പെട്ടെന്ന് തങ്ങളെ ഇന്ത്യയിലെത്തിക്കുകയോ യുഎഇയിൽ പുറത്തിറങ്ങാൻ അനുവദിക്കുകയോ ചെയ്യണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

നോർക്കയും സംഭവത്തിൽ ഇടപെട്ടിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡ‍ന്റ് ഇ.പി.ജോൺസണും ഇവരെ സഹായിക്കാനുള്ള ശ്രമം നടത്തിവരുന്നു. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി വി.മുരളീധരനും ഇടപെട്ട് തങ്ങളുടെ പ്രതിസന്ധിക്ക് പരിഹാരണം കാണണമെന്നും ജാക്സണും ബെൻസണും പറഞ്ഞു.

കോവിഡ് വ്യാപനം ചെറുക്കാന്‍ രാജ്യം ഒറ്റക്കെട്ടായി ജനത കര്‍ഫ്യു തുടങ്ങി. രാത്രി ഒന്‍പതുവരെ വീടിനു പുറത്തിറങ്ങാതെ കര്‍ഫ്യു നടപ്പാക്കണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. കര്‍ഫ്യുവിന് പൂര്‍ണ പിന്തുണയുമായി കേരളവും ഒപ്പമുണ്ട്. അവശ്യസേവനങ്ങള്‍ ഒഴികെ എല്ലാം മുടക്കമാണ്.

കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍, ട്രെയിന്‍, മെട്രോ തുടങ്ങിയ ഒന്നും പ്രവര്‍ത്തിക്കില്ല. ഹോട്ടല്‍, ബാര്‍, ബവ്റിജസ്, വ്യാപാര സ്ഥാപനങ്ങള്‍, മാളുകള്‍ ഒന്നും തുറക്കില്ല. വീട്ടില്‍ കഴിയുന്നവര്‍ ഇന്ന് വീടും പരിസരവും വൃത്തിയാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

∙ ബ്രിട്ടൻ: സമ്പൂർണ അടച്ചുപൂട്ടലിലേക്ക്. ഇതുവരെ അടയ്ക്കാതിരുന്ന ബാർ, പബ്, തിയറ്റർ, റസ്റ്ററന്റ്, നൈറ്റ് ക്ലബ്, ജിംനേഷ്യം എന്നിവയടക്കമുള്ള എല്ലാ വിനോദ കേന്ദ്രങ്ങളും അടയ്ക്കാൻ ഉത്തരവ്.
∙ യുഎസ്: ഏറ്റവും വലിയ സംസ്ഥാനമായ കലിഫോർണിയ, ന്യൂയോർക്ക്, ഇല്ലിനോയ്, കണക്ടികട്ട് സംസ്ഥാനങ്ങളിൽ ‘സ്റ്റേ അറ്റ് ഹോം’ ഉത്തരവ്. അമേരിക്കയിലെ ഏറ്റവും ജനസാന്ദ്രതയുള്ള 3 നഗരങ്ങളും ഇതോടെ നിശ്ചലാവസ്ഥയിൽ – ന്യൂയോർക്ക്, ലൊസാഞ്ചലസ്, ഷിക്കാഗോ.

കോവിഡ് പകർച്ചയിൽ ചൈനയെ വീണ്ടും ‘കുത്തി’ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘ചൈനയോടു ബഹുമാനമുണ്ട്. പ്രസിഡന്റ് ഷി ചിൻ പിങ് എന്റെ സുഹൃത്താണ്. പക്ഷേ, കൊറോണ വൈറസ് ചൈനയിൽ തുടങ്ങി, കൈവിട്ടു പോയത് കഷ്ടമായി’ എന്നു വാർത്താ സമ്മേളനത്തിൽ ട്രംപ് പറഞ്ഞു. ചൈനയും റഷ്യയും ഇറാനും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ആരോപിച്ചു.

∙ ചൈന: തദ്ദേശീയ കോവിഡ് ബാധ തുടർച്ചയായ മൂന്നാം ദിവസവും ഉണ്ടായില്ലെങ്കിലും വിദേശത്തു നിന്നെത്തിയ കൂടുതൽ പേർക്കു രോഗം സ്ഥിരീകരിച്ചു. യുഎസിൽ നിന്നും യൂറോപ്പിൽ നിന്നും തിരിച്ചെത്തിയ വിദ്യാർഥികളും പ്രവാസികളുമായ 41 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഹോങ്കോങ്ങിൽ 48 ‘ഇറക്കുമതി’ കേസുകൾ റിപ്പോർട്ട് ചെയ്തു.

∙ ഫ്രാൻസിൽ സമ്പർക്ക വിലക്കിന്റെ ആദ്യദിനം നിർദേശങ്ങൾ ലംഘിച്ചതിന് 4000 പേർക്കു പിഴയിട്ടു.

∙ ആഫ്രിക്കയിലും പടരുന്നു. പരിശോധനാ സംവിധാനങ്ങളുടെ അഭാവവും മറ്റുമുള്ളതുകൊണ്ട് യഥാർഥ രോഗബാധിതരുടെ സംഖ്യ സംബന്ധിച്ച് പല രാജ്യങ്ങളിലും വ്യക്തതയില്ല.

∙ ലാറ്റിനമേരിക്കയിൽ ക്യൂബയും ബൊളീവിയയും അതിർത്തികൾ അടച്ചു.

∙ സിംഗപ്പുരിൽ ആദ്യ മരണങ്ങൾ. 75 കാരിയും 64 കാരനുമാണ് മരിച്ചത്.

∙ ദക്ഷിണ കൊറിയയിൽ 147 പുതിയ കേസുകൾ, സമൂഹവ്യാപനം തുടരുന്നു

∙ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ കർഫ്യൂ

∙ തായ്‍ലൻഡിൽ 89 പുതിയ കേസുകൾ, ഒരു ദിവസത്തെ ഏറ്റവും കൂടിയ എണ്ണം

∙ ജോർദാനിൽ ദേശീയ കർഫ്യൂ

∙കാനഡയിൽ രോഗബാധിതർ 1000 കടന്നു, അഭയാർഥികളെ പ്രവേശിപ്പിക്കുന്നത് നിർത്തി

∙ കൊളംബിയയിൽ 19 ദിവസത്തെ സമ്പർക്ക വിലക്ക് ചൊവ്വാഴ്ച മുതൽ

∙ ജപ്പാനിൽ രോഗബാധിതർ 1000 കടന്നു

∙ ജോർജിയയിൽ ഒരു മാസം അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ നിർദേശം.

∙ പാക്കിസ്ഥാനിൽ രോഗബാധിതരുടെ എണ്ണം 510 ആയി

∙ കോവിഡ്, ലോക സാമ്പത്തികവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്ന് രാജ്യാന്തര നാണയനിധി. പ്രതിസന്ധി നീണ്ടുനിൽക്കില്ലെന്ന് പ്രതീക്ഷ.

ലോകത്താകെ കോവിഡ് ബാധിതർ 3,07,627

മരണം 13,050

നേരിയ രോഗമുള്ളവർ 1,89,480

ഗുരുതരാവസ്ഥയിലുള്ളവർ 9,300

ഭേദമായവർ‌ 93,640

മോഹൻലാൽ അവതാരകനായി എത്തിയ ബിഗ്ഗ്‌ബോസ് ഷോ രണ്ടാം ഭാഗം കഴിഞ്ഞ ദിവസമാണ് അവസാനിപ്പിക്കേണ്ടിവന്നത്. മത്സരാർത്ഥികളെല്ലാം പുറത്തെത്തിയതോടെ അവരുടെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബോസിലെത്തിയ മത്സരാര്‍ത്ഥിയാണ് ദയ അശ്വതി. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദയയുടെ ഹൗസ് എന്‍ട്രി പ്രേക്ഷകരില്‍ ഏറെ ആകാംക്ഷ സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഫേസ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ട ദയയെ ആയിരുന്നില്ല ബിഗ് ബോസ് ഹൗസില്‍ കണ്ടത്.

ചെറിയ കാര്യങ്ങള്‍ക്ക് പോലും കരയുകയും എപ്പോഴും പരിഭവവും പരാതിയുമായി നടക്കുന്ന ആളെയായിരുന്നു. എല്ലാവരുമായി വളരെ പെട്ടെന്ന് അടുത്ത ദയ ബിഗ് ബോസ് ഹൗസില്‍ ഏറ്റവും കൂടുതല്‍ ആത്മബന്ധം പുലര്‍ത്തിയിരുന്നത് ഡോക്ടര്‍ രജിത് കുമാറിനോടായിരുന്നു. എന്നാല്‍ ഹൗസില്‍ തങ്ങളുടെ പേരുകള്‍ ചര്‍ച്ചയായി തുടങ്ങിയപ്പോള്‍ രജിത് തന്നെ സ്വമേധയാല്‍ ദയയില്‍ നിന്ന് അകലം പാലിക്കുകയായിരുന്നു. ഡോക്ടറിന്റെ ഈ മാറ്റം ദയയെ ചൊടിപ്പിച്ചിരുന്നു. ഷോ അവസാനിച്ചിട്ടും രജിത്തിനെ വെറുതെ വിടാതെ അദ്ദേഹത്തോടുള്ള ആരാധന പരസ്യമാക്കി ദയ രംഗത്ത് എത്തിയിരുന്നു. കഴിഞ്ഞ ദിവസം ദയ ഫേസ്ബുക്കില്‍ പങ്കുവെച്ച കവര്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. രജിത്തിന്റെ പഴയ കാല ചിത്രത്തിനോടൊപ്പം ദയയുടെ ചിത്രവും ചേര്‍ത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് വലിയ വിവാദം സൃഷ്ടിക്കുകയായിരുന്നു.

ദയയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രജിത് ആരാധകര്‍ രംഗത്തെത്തി. പ്രതിഷേധം കനത്തപ്പോള്‍ ദയ തന്നെ ചിത്രം ഡിലീറ്റ് ചെയ്യുകയായിരുന്നു. ചിത്രം ഡിലീറ്റ് ചെയ്തതിന് പിന്നാലെ ഒരു പോസ്റ്റും ദയ പങ്കുവെച്ചിരുന്നു. ചുമ്മാതാട്ടേ…. ഈ ജന്മത്ത് എനിക്ക് വിവാഹം, ഭര്‍ത്താവ് എന്നത് ഒന്നേയുള്ളു അത് എന്റെ 16-വയസ്സില്‍ നടന്നു 22 വയസ്സില്‍ തീര്‍ന്നു ഓര്‍മ്മിക്കാന്‍ ഈ ഓര്‍മ്മ മതി. എനിക്ക് എന്റെ മക്കള്‍ ഉണ്ട് കട്ടക്ക്. എനിക്ക് മരിക്കും വരെ..എന്ന് ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍ ദയ അശ്വതിയുടെ  കുമ്പസാര  പോസ്റ്റിനെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. രജിത് കുമാറുമായി പ്രശ്നങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പ് ബിഗ് ബോസ് മത്സരാര്‍ഥിയായി പ്രദീപ് ചന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇവര്‍ രംഗത്തെത്തിയിരുന്നു. പ്രദീപ് തന്നെ കണ്ടപ്പോള്‍ മുന്‍ പരിചയം കാണിച്ചില്ലെന്നും തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നും ഇവര്‍ പലപ്രാവശ്യം ഹൗസിലും മോഹന്‍ലാല്‍ എത്തിയപ്പോള്‍ അദ്ദേഹത്തിനോടും പറഞ്ഞിരുന്നു.

തമിഴ്‌നാടും കര്‍ണാടകവും കേരളത്തെ ഭയത്തോടെ കാണുന്നുവോ? കേരളത്തിലെ വാഹനങ്ങള്‍ കടത്തി വിടുന്നില്ല. കേരള രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ അതിര്‍ത്തികളില്‍ തമിഴ്‌നാടും കര്‍ണാടകവും തടയുന്നു. ചരക്കു വാഹനങ്ങള്‍ക്ക് നിയന്ത്രണമില്ല. എന്നാല്‍ സ്വകാര്യ വാഹനങ്ങളെല്ലാം അതിര്‍ത്തിയില്‍ തടഞ്ഞ് കര്‍ശന പരിശോധനയാണ് നടത്തുന്നത്.

ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥര്‍ കേരള രജിസ്‌ട്രേഷനിലുള്ള വാഹനങ്ങളിലെ യാത്രക്കാരോട് യാത്രയുടെ വിശദാംശങ്ങള്‍ ചോദിച്ചറിയുന്നുണ്ട്. അത്യാവശ്യമുള്ള വാഹനങ്ങള്‍ മാത്രമേ ഇനി കടത്തിവിടുള്ളൂവെന്നാണ് പറയുന്നത്. മാര്‍ച്ച് 31 വരെ നിയന്ത്രണം തുടരുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, കര്‍ണാടകയിലെ വിവിധ സ്ഥലങ്ങളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞ് ഇനി സര്‍വീസ് നടത്തരുതെന്ന മുന്നറിയിപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്നുണ്ട്. കെഎസ്ആര്‍ടിസി ജീവനക്കാരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗുണ്ടല്‍പേട്ട്, ബാവലി ചെക്ക് പോസ്റ്റുകളിലാണ് ബസുകള്‍ തടയുന്നത്.

ലോകം മുഴുവൻ മഹാമാരി കൊറോണ എന്ന കോവിഡ് 19 ന്റെ പിടിയിൽ അമർന്നു ജീവഹാനികൾ സംഭവിക്കുമ്പോൾ ആ വാർത്തകൾ കണ്ടു  ഏവരെയും പോലെ നെടുവീർപ്പെട്ടു വേദനയോടെ ഇരുന്ന  പുളിങ്കുന്ന് ഗ്രാമവാസികളുടെ നെഞ്ചിൽ ഇടിത്തീ കോരിയിട്ട ഇരട്ടപ്രഹരം ആയി പടക്കനിർമാണ ശാലയിലെ വൻ ദുരന്തം .

കിലോമീറ്റുറുകൾ അപ്പുറം കേട്ട വൻ സ്ഫോടനം. അറിഞ്ഞും കെട്ടും ഓടിയടുത്ത നാട്ടുകാർ പടക്കശാലയിൽ ജോലിചെയ്യുന്ന സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പേരുടെതു പറഞ്ഞു വേദനയോടെ ഒന്നും പറ്റരുതേ എന്ന് ഹൃദയം ഉരുകി പ്രാർഥിച്ചത് വെറുതെ ആയി. ഒന്നിന് പിറകെ ഒന്നായി മരണം നാലായി. ഗുരുതരാവസ്ഥയിൽ ഇനിയും രണ്ടുപേർ.

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആയിരുന്ന പുളിങ്കുന്ന് സ്വദേശി വിജയമ്മ സുരേന്ദ്രൻ ആണ് ഒടുവിൽ മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു പുളിങ്കുന്ന് വലിയ പള്ളിക്ക് സമീപം പടക്ക നിർമാണശാല പൊട്ടിത്തെറിച്ചത്.

വിജയമ്മയെ കൂടാതെ ബിനു, റെജി, കുഞ്ഞുമോൾ എന്നിവരും അപകടത്തിൽ മരിച്ചിരുന്നു. അനധികൃത പടക്ക നിർമാണ യൂണിറ്റിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ഏഴോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഫോടനത്തിന്റെ ആഘാതത്തിൽ സ്ഥാപനത്തിന്റെ അയൽ വീടുകൾക്ക് നാശ നഷ്ടമുണ്ടായി. പുളിങ്കുന്ന് സ്വദേശി കൊച്ചുമോൻ ആന്റണി പുരയ്ക്കലിൻറെ ഉടമസ്ഥതയിലുള്ളതാണ് ഈ പടക്ക നിർമ്മാണ യൂണിറ്റ്.

വലിയ പള്ളിക്ക് സമീപമുള്ള നിർമ്മാണ യൂണിറ്റും വീടും സ്ഫോടനത്തിൽ പൂർണ്ണമായും തകർന്നു. കുറച്ചു വീടുകളുടെ ജനാലകളുടെ ചില്ലുകൾ തകർന്നു. ഒരു വീടിന്റെ മതിൽ ഇടിഞ്ഞു. മറ്റൊരു വീട്ടിലെ കിണർ ഇടിഞ്ഞു താഴ്ന്നു.

സ്ഥാപനത്തിന് പടക്ക വിൽപ്പനക്കുള്ള ലൈസൻസ് മാത്രമാണുള്ളത്. ലൈസൻസ് പ്രകാരം 5 കിലോ നിർമ്മിച്ച പടക്കവും 25 കിലോ ഫാൻസി പടക്കവും മാത്രമേ വിൽക്കാൻ അനുവാദം ഉണ്ടായിരുന്നുള്ളു.

ബിജോ തോമസ് അടവിച്ചിറ

ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ടുള്ള ദുരൂഹത ഒഴിയുന്നില്ല. മൊബൈല്‍ ടവറുമായി ബന്ധപ്പെട്ട അന്വേഷണ വിവരങ്ങള്‍ ഇന്ന് പോലീസിന് ലഭിക്കും. പ്രദേശത്ത് അന്ന് മൊബൈല്‍ ഉപയോഗിച്ചവരുടെ മുഴുവന്‍ വിവരങ്ങളും ലഭിക്കുമെന്നതിനാല്‍ കേസന്വേഷണത്തിന് ഏറ്റവും ഗുണകരമാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ ലഭിക്കുന്ന വിവരങ്ങള്‍ വിലയിരുത്തുന്നതോടെ പ്രതിയെക്കുറിച്ച് സൂചന ലഭിക്കുമെന്നാണ് പ്രതീക്ഷ. കുട്ടിയെ കാണാതായ സമയം മുതല്‍ മൃതദേഹം കണ്ടെത്തിയതുവരെയുള്ള എല്ലാ ഫോണ്‍ സന്ദേശങ്ങളും പരിശോധിക്കുന്നുണ്ട്. അന്വേഷണസംഘം ഇന്നലെ കുട്ടിയുടെ മാതാപിതാക്കളെ നേരില്‍ക്കണ്ട് സംസാരിച്ചിരുന്നു.

അമ്മ ധന്യയുമായി ഒരു മണിക്കൂറോളം അന്വേഷണ ഉദ്യോഗസ്ഥര്‍ സംസാരിച്ചു. പൊലീസിന്റെ സംശയങ്ങള്‍, രക്ഷിതാക്കളുടെ സംശയങ്ങള്‍, ചോദ്യം ചെയ്തവരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു ഓരോ വിവരവും ചോദിച്ചറിഞ്ഞത്. മൊഴി രേഖപ്പെടുത്താനായി ഇവരെ വീണ്ടും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. നേരത്തെ രണ്ടുതവണ ധന്യയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.

കുട്ടി ഒരിയ്ക്കലും തനിയെ പുഴയുടെ ഭാഗത്തേക്ക് പോകില്ലെന്ന നിലപാടിലാണ് അച്ഛനും അമ്മയും ഇന്നലെയും ഉറച്ചുനിന്നത്. കേസന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ 61 പേരെ ചോദ്യം ചെയ്തു.

സംസ്ഥാനത്ത് 12 പേര്‍ക്കു കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. ഇന്നുമാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 70 പേരെയാണ്. രോഗം സ്ഥിരീകരിച്ച എല്ലാവരും ഗള്‍ഫില്‍ നിന്ന് തിരിച്ചു വന്നവരാണ്. 52,705 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നു.

ഇതോടെ ആകെ 52 പേര്‍ക്ക് കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ചു. കാസറഗോഡ് ആറു പേര്‍ക്കും ഏറണാകുളത്ത് മൂന്നു പേര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. കണ്ണൂരില്‍ മൂന്നു പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ആളുകള്‍ കൂടുന്ന എല്ലാ ആഘോഷങ്ങളും ചടങ്ങുകളും ഒഴിവാക്കണമെന്ന ആവശ്യം മുഖ്യമന്ത്രി ആവര്‍ത്തിച്ചു. വിവിധ മതമേലധ്യക്ഷന്മാര്‍ ഇക്കാര്യത്തില്‍ ഉറപ്പ് തന്നതായും അത് മാതൃകാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പലരും പാലിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പാലിക്കാതിരിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിരോധനാജ്ഞ അടക്കമുള്ള കടുത്ത നീക്കങ്ങളിലേക്ക് സര്‍ക്കാരിന് പോകേണ്ടതായി വരും.

പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍ച്ച് 22 ഞായറാഴ്ച രാജ്യമൊട്ടാകെ ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആയിരത്തോളം ആഭ്യന്തര സര്‍വ്വീസുകള്‍ വിമാനക്കമ്പനികള്‍ റദ്ദ് ചെയ്തു. ജനതാ കര്‍ഫ്യൂവിന് പിന്തുണ നല്‍കി ഗോ എയര്‍, ഇന്‍ഡിഗോ എന്നീ വിമാനക്കമ്പനികളാണ് സര്‍വ്വീസുകള്‍ റദ്ദ് ചെയ്തതായി അറിയിച്ചത്.

ഞായറാഴ്ച തങ്ങളുടെ എല്ലാ സര്‍വ്വീസുകളും റദ്ദ് ചെയ്യുകയാണെന്ന് ഗോ എയര്‍ ഔദ്യോഗികമായി അറിയിച്ചു. അന്നേ ദിവസം 60 ശതമാനം സര്‍വ്വീസുകള്‍ മത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്നാണ് ഇന്‍ഡിഗോ അറിയിച്ചിരിക്കുന്നത്. അടിയന്തര യാത്രകള്‍ കൂടി പരിഗണിച്ച് 40 ശതമാനം സര്‍വ്വീസുകളാണ് റദ്ദ് ചെയ്തിരിക്കുന്നതെന്ന് ഇന്‍ഡിഗോ അറിയിച്ചു.

രാജ്യാന്തരമായി യാത്രാവിലക്ക് നിലനില്‍ക്കുന്നതിനാല്‍ മിക്ക ഇന്റര്‍നാഷണല്‍ സര്‍വീസുകളും ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ 25 ശതമാനം ആഭ്യന്തര സര്‍വീസുകളും കുറയ്ക്കേണ്ട അവസ്ഥയാണ്. ആവശ്യത്തിന് അനുസരിച്ച് തങ്ങള്‍ ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഇന്‍ഡിയോ വ്യക്തമാക്കി.

സര്‍വീസുകള്‍ റദ്ദ് ചെയ്ത സാഹചര്യത്തില്‍ ഞായറാഴ്ച ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളവരുടെ പണം നഷ്ടമാകില്ലെന്ന് ഗോ എയര്‍ അറിയിച്ചു. അടുത്ത ഒരു വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കില്‍ ആ ടിക്കറ്റ് ഉപയോഗപ്പെടുത്താവുന്നതാണെന്നും അതിനായി അധിക തുക മുടക്കേണ്ടതില്ലെന്നും കമ്പനി അറിയിച്ചു.

ഇന്‍ഡിഗോയുടെ ഭാഗത്ത് നിന്നാണ് സര്‍വീസ് റദ്ദാക്കപ്പെട്ടതെങ്കില്‍ ബുക്ക് ചെയ്തവര്‍ക്ക് ദിവസം മാറ്റിയെടുക്കുകയോ ടിക്കക്ക് കാന്‍സല്‍ ആക്കുകയോ ചെയ്യാം. ഇതിനായി അധിക ചാര്‍ജ് ഈടാക്കില്ലെന്നും അവര്‍ അറിയിച്ചു. കൊവിഡ് 19 നെ നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ജനതാ കര്‍ഫ്യു പ്രഖാപിച്ചത്.

മാര്‍ച്ച് 22ന് ഞായറാഴ്ച രാവിലെ ഏഴ് മണിക്കും രാത്രി 9 മണിക്കും ഇടയില്‍ എല്ലാ പൗരന്‍മാരുംസ്വയം ജനതാ കര്‍ഫ്യു പാലിക്കണം. ഈ സമയത്ത് ആരും പുറത്തിറങ്ങരുതെന്നും റോഡിലിറങ്ങരുതെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊവിഡ് എന്ന് വിശദമാക്കിയ പ്രധാനമന്ത്രി എല്ലാ ജനങ്ങളും ഇതിനെ അതീവ ഗൗരവമായി തന്നെ എടുക്കണമെന്നും ആവശ്യപ്പെട്ടു.

‘രാജ്യത്തെ 130 കോടി ജനങ്ങളോട് എനിക്ക് വലിയൊരു അഭ്യര്‍ത്ഥനയുണ്ട്, കൊറോണയില്‍ നിന്ന് രക്ഷപ്പെടാന്‍ നിങ്ങളുടെ കുറച്ചുദിവസങ്ങള്‍ രാജ്യത്തിന് നല്‍കണം’ എന്ന് പറഞ്ഞാണ് പ്രധാനമന്ത്രി ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ജനങ്ങള്‍, ജനങ്ങളാല്‍ , ജനങ്ങള്‍ക്ക് വേണ്ടി സ്വയം നടപ്പാക്കുന്നതാണ് ജനതാ കര്‍ഫ്യു എന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.

കര്‍ഫ്യൂവിന് പിന്തുണ അര്‍പ്പിച്ച താരങ്ങള്‍ക്ക് ട്വിറ്ററില്‍ മറുപടി കൊടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബോളിവുഡ് അഭിനേതാക്കളുടെയും ഗായകരുടെയും ട്വീറ്റുകള്‍ പ്രധാനമന്ത്രി മോദി പങ്കുവെച്ചിട്ടുണ്ട്. പകര്‍ച്ചവ്യാധിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും അതിനുള്ള മുന്‍കരുതലുകള്‍ എടുത്ത്് മാരകമായ കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാനുള്ള പ്രധാനമന്ത്രിയുടെ ശ്രമങ്ങളെ സോഷ്യല്‍ മീഡിയ പ്രശംസിച്ചു.

ഹൃത്വിക് റോഷന്‍, കമല്‍ ഹാസന്‍, അനുപം ഖേര്‍, കാര്‍ത്തിക് ആര്യന്‍, ഗായകന്‍ ബാദ്ഷാ, ശങ്കര്‍ മഹാദേവന്‍ എന്നിവരുടെ ട്വീറ്റുകളാണ് മോദി പങ്കുവച്ചിരിക്കുന്നത്. ഞായറാഴ്ചയാണ് ജനതാ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്.

കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം രാഷ്ട്രത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ജനതാ കര്‍ഫ്യൂവിന് ആഹ്വാനം നല്‍കിയത്. ഇന്ത്യയില്‍ 258 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. 265,867 പേര്‍ക്കാണ് ആഗോളതലത്തില്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ കോവിഡ് 19 രോഗികളുടെ എണ്ണം അതിവേഗം വര്‍ധിക്കുന്നതായി സൂചന. വെള്ളിയാഴ്ച മാത്രം 75 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ഇത് രാജ്യത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന സംഖ്യയാണ്. നിലവില്‍ 236 കോവിഡ് കേസുകളാണ് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിരിക്കുന്നത്.

കോവിഡ് കേസുകളുടെ എണ്ണത്തിന്റെ വര്‍ധനവിന്റെ ഗ്രാഫ് പരിശോധിച്ചാല്‍ അവസാനത്തെ 50 എണ്ണം എത്തിയത് വെറും രണ്ട് ദിവസം കൊണ്ടാണെന്നത് അപകടകരമായ സൂചനയാണ് നല്‍കുന്നത്. രണ്ടാം തരംഗത്തില്‍ ഈ മാസം ആദ്യം ആദ്യത്തെ കോവിഡ് കേസ് സ്ഥിരീകരിച്ചതിന് ശേഷം 9 ദിവസമാണ് 50ലേക്കെത്താന്‍ എടുത്തത്. എന്നാല്‍ അത് ക്രമാനുഗതമായി കുറയുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

തുടര്‍ന്ന് 100ലേക്കെത്താന്‍ അഞ്ച് ദിവസം, 150 ലേക്കെത്താന്‍ മൂന്നു ദിവസം 200ലേക്കെത്താന്‍ രണ്ട് ദിവസം എന്നിങ്ങനെയാണ് കണക്ക്. 200എന്ന സംഖ്യ കടക്കാന്‍ 20 ദിവസത്തോളം എടുത്തെങ്കില്‍ ഇനി അങ്ങനെ ആയിരിക്കില്ല എന്നാണ് രോഗ പടര്‍ച്ചയുടെ ക്രമാനുഗതമായ വളര്‍ച്ച സൂചിപ്പിക്കുന്നത്.

നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 52 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗ ബാധിത സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടാമത് നില്‍ക്കുന്ന കേരളത്തില്‍ ഇന്നലെയാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധ സ്ഥിരീകരിച്ചത്. 5 വിദേശികളുടെയടക്കം 12 പേരുടെ ടെസ്റ്റാണ് പോസിറ്റീവായത്. സംസ്ഥാനത്ത് ആകെ 37 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. ഉത്തര്‍ പ്രദേശിലെ എണ്ണവും അപകടകരമായ രീതിയില്‍ വര്‍ധിക്കുന്നതായി കാണാം. നിലവില്‍ 23 പേര്‍ക്ക് യു പിയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

രാജ്യത്ത് ഇതുവരെ 17 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗ വ്യാപനത്തെ നേരിടാന്‍ കടുത്ത നടപടികളാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ചിരിക്കുന്നത്. രോഗത്തിന്റെ സാമൂഹ്യ വ്യാപനം തടയാന്‍ ഞായറാഴ്ച രാവിലെ 7 മണി മുതല്‍ 9 മണി വരെ ജനതാ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാന മന്ത്രി.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊണ്ട പ്രധാന നടപടികള്‍

1. വലിയ മതാഘോഷങ്ങള്‍ മാറ്റി വെയ്ക്കാനും അതില്‍ നിന്നു അകന്നു നില്‍ക്കാനും ആരോഗ്യ മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു.
2. ജനത കര്‍ഫ്യു ദിവസം ക്രമ സമാധാന പരിപാലനത്തിനായി 39 ഡ്യൂട്ടി മജിസ്ട്രേറ്റ് മാരെ നോയിഡയില്‍ നിയമിച്ചു.
3. യു പി എസ് സി എല്ലാ സിവില്‍ സര്‍വ്വീസ് അഭിമുഖങ്ങളും പരീക്ഷകളും മാറ്റിവെച്ചു
4. കേരള ഗവണ്‍മെന്‍റ് എസ് എസ് എല്‍ സി, പ്ലസ് ടു, സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു.
5. കേരളത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇന്ന് അവധി. ജീവനക്കാര്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ അവധി.
6. കര്‍ണ്ണാടകയും, തമിഴ്നാടും കേരളത്തിലേക്കുള്ള അതിര്‍ത്തി റോഡുകളില്‍ ശക്തമായ സ്ക്രീനിംഗ് ഏര്‍പ്പെടുത്തി.
7. ഉത്തരാഖണ്ഡ് ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികള്‍ സംസ്ഥാനത്ത് പ്രവേശിക്കുന്നത് നിരോധിച്ചു.
8. ലഖ്നോവിലെ എല്ലാ ഭക്ഷണ ശാലകളും മാര്‍ച്ച് 31 വരെ അടച്ചു.
9. ജനതാ കര്‍ഫ്യു ദിവസം ഡല്‍ഹി മെട്രോ നിര്‍ത്തിവെച്ചു, ഡല്‍ഹിയില്‍ മാര്‍ക്കറ്റുകള്‍ 3 ദിവസത്തേക്ക് അടച്ചു.
10 മുംബൈ, പൂനെ, നാഗ്പൂര്‍ നഗരങ്ങളില്‍ മാര്‍ച്ച് 31 വരെ ഷട്ട് ഡൌണ്‍ പ്രഖ്യാപിച്ചു

കൊറോണ വൈറസ്സിന്റെ സമൂഹവ്യാപനം നടന്നുവെന്നതിന് തെളിവില്ലെന്ന് ഇന്ത്യന്‍ കൊണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്. ആരോഗ്യമന്ത്രാലയം നടത്തിയ റാന്‍ഡം ടെസ്റ്റിങ്ങുകളില്‍ ആര്‍‍ക്കും കൊറോണവൈറസ് ബാധ കണ്ടെത്താനായിരുന്നില്ല. എണ്ണൂറോളം ടെസ്റ്റുകളുടെ റിസള്‍ട്ടാണ് ഇതുവരെ വന്നിട്ടുള്ളത്. ടെസ്റ്റുകളുടെ എണ്ണം കൂട്ടണമെന്ന ആവശ്യം ലോകാരോഗ്യ സംഘടന അടക്കമുള്ളവര്‍ ഉന്നയിച്ചിരുന്നെങ്കിലും ആ വഴിക്കുള്ള പ്രവര്‍ത്തനങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല.

കൊറോണ വലിയ നാശം വിതയ്ക്കുന്ന അടുത്ത രാജ്യം ഇന്ത്യയാകുമോ എന്ന ആശങ്ക കഴിഞ്ഞ ദിവസം ആരോഗ്യ വിദഗ്ധര്‍ ഉയര്‍ത്തിയിരുന്നു. ദക്ഷിണകൊറിയയും ജപ്പാനും സിംഗപ്പൂരും മറ്റും വ്യാപകമായ ടെസ്റ്റുകളിലൂടെയും ഫലപ്രദമായ കോര്‍ഡിനേഷനിലൂടെയും കമ്മ്യൂണിക്കേഷനിലൂടെയും രോഗബാധിതരെ ക്വാറന്റൈന്‍ ചെയ്ത് വൈറസ് വ്യാപനം തടഞ്ഞതും മരണനിരക്ക് കുറച്ചതും ഇന്ത്യക്ക് എത്രത്തോളം സാധിക്കുമെന്ന സംശയം വിദഗ്ധര്‍ ഉയര്‍ത്തുന്നുണ്ട്.

RECENT POSTS
Copyright © . All rights reserved