സി.പി.എം. മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ പി.വി. അന്‍വറിനെതിരെ ഭീഷണിമുദ്രാവാക്യം. മര്യാദയ്ക്ക് നടന്നില്ലെങ്കില്‍ കയ്യുംകാലും വെട്ടിമുറിക്കുമെന്നാണ് ഭീഷണി. നിലമ്പൂര്‍ ഏരിയ കമ്മിറ്റിയുടെ പ്രകടനത്തിലാണ് കൊലവിളി മുദ്രാവാക്യം.
‘പി.വി. അന്‍വര്‍ എമ്പോക്കി, മര്യാദയ്ക്ക് നടന്നോളൂ. സി.പി.ഐ.എം. ഒന്നുപറഞ്ഞാല്‍, ഗോവിന്ദന്‍ മാസ്റ്റര്‍ ഒന്ന് ഞൊടിച്ചാല്‍, കയ്യുംകാലും വെട്ടിയരിഞ്ഞ് ചാലിയാര്‍ പുഴയില്‍ കൊണ്ടാക്കും’, എന്നാണ് മുദ്രാവാക്യം.
പ്രതിഷേധപ്രകടനത്തിനൊടുവില്‍ അന്‍വറിന്റെ കോലം കത്തിച്ചു. ചെങ്കൊടി തൊട്ടുകളിക്കണ്ട എന്ന ബാനറും അന്‍വറിന്റെ കോലവുമായിട്ടായിരുന്നു നിലമ്പൂര്‍ നഗരത്തിലൂടെ പ്രതിഷേധം. അന്‍വര്‍ സി.പി.എം. നേതൃത്വത്തിനും മുഖ്യമന്ത്രിക്കുമെതിരെ നടത്തുന്ന ആക്ഷേപങ്ങള്‍ക്കെതിരെ സി.പി.എം. പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഏരിയാ തലത്തില്‍ പ്രതിഷേധത്തിന് സി.പി.എം. ജില്ലാ കമ്മിറ്റി ആഹ്വാനംചെയ്തത്.
തൃശൂരില്‍ മൂന്നിടങ്ങളിലായി വന്‍ എടിഎം കൊള്ള. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂന്ന് എടിഎമ്മുകളാണ് കൊള്ളയടിച്ചത്. മൂന്ന് എടിഎമ്മുകളില്‍ നിന്നായി 60 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്നാണ് പ്രാഥമിക വിവരം.
തൃശൂരിലെ മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. പുലര്‍ച്ചെ മൂന്നിനും നാലിനും മധ്യേയായിരുന്നു കവര്‍ച്ച. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് കാറില്‍ വന്ന നാലംഗ സംഘമാണ് കവര്‍ച്ച നടത്തിയതെന്ന് പൊലീസ് പറയുന്നു.
ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുള്ള മോഷ്ടാക്കളാണോ കവര്‍ച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.
സി.പി.എമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി പാര്‍ട്ടി അനുകൂല ഫെയ്‌സ്ബുക്ക് കൂട്ടായ്മ പോരാളി ഷാജി. നേതാക്കളല്ല പാര്‍ട്ടിയെന്നും അണികള്‍ എതിരായാല്‍ നേതാക്കള്‍ക്ക് പുല്ലുവിലയാണെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പോരാളി ഷാജി പറഞ്ഞു. തെറ്റുകള്‍ തിരുത്താനുള്ളതാണെന്നും മസില്‍ പിടിച്ച് നിന്നതുകൊണ്ട് കാര്യമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബംഗാളിലേയും ത്രിപുരയിലേയും സി.പി.എമ്മിന്റെ ചരിത്രവും ജനപ്രതിനിധികളുടെ എണ്ണവും ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. ഈ സംസ്ഥാനങ്ങളിലെ നേതാക്കള്‍ ഭൂരിഭാഗവും ഇപ്പോഴും സി.പി.എമ്മാണെന്നും എന്നിട്ടും എങ്ങനെയാണ് പാര്‍ട്ടിക്ക് വോട്ട് കുത്തനെ കുറഞ്ഞതെന്നും കൂട്ടായ്മ ചോദിച്ചു.
സി.പി.എമ്മിന് നഷ്ടപ്പെട്ട വടകര ലോക്‌സഭാ മണ്ഡലം തിരിച്ചുപിടിക്കാന്‍ കഴിയാത്തതിനെ കുറിച്ചും രൂക്ഷമായ പരിഹാസം പോസ്റ്റിന്റെ കമന്റായി പോരാളി ഷാജി കുറിച്ചു. ഒരു വടകര പോയിട്ട് ഇത് വരെ കിട്ടിയിട്ടില്ല, എന്നിട്ടല്ലേ കേരളം എന്നായിരുന്നു കമന്റ്. നിരവധി പേര്‍ പോരാളി ഷാജിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ അനുകൂലിച്ച് ലൈക്കുകളും കമന്റുകളും ഷെയറുകളുമായി രംഗത്തെത്തിയിട്ടുണ്ട്.
തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എം.ആര്‍ അജിത് കുമാര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് തള്ളിയ ആഭ്യന്തര സെക്രട്ടറി വീണ്ടും അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കി.
ഇന്നലെ രാത്രി തന്നെ ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിയുടെ ഓഫീസിന് ശുപാര്‍ശ നല്‍കിയതായാണ് വിവരം. ശുപാര്‍ശ തള്ളണോ സ്വീകരിക്കണോയെന്ന് മുഖ്യമന്ത്രി തീരുമാനിക്കും.
നേരത്തെ എഡിജിപി അജിത് കുമാര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ണമായി വിശ്വാസത്തിലെടുക്കാതെ, കൂടുതല്‍ അന്വേഷണം വേണമെന്ന് സൂചിപ്പിച്ചു കൊണ്ടുള്ള കവറിങ് ലെറ്റര്‍ സഹിതമായിട്ടായിരുന്നു പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
ഈ റിപ്പോര്‍ട്ട് പരിശോധിക്കാനായി മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറുകയായിരുന്നു. കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗത്തില്‍ പൂരം കലക്കലില്‍ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചെന്നും അത് പരിശോധനയ്ക്കായി ആഭ്യന്തര സെക്രട്ടറിക്ക് അയച്ചുവെന്നുമാണ് മുഖ്യമന്ത്രി അറിയിച്ചത്.
പൂരം കലക്കലില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു എഡിജിപി എം.ആര്‍ അജിത് കുമാര്‍ റിപ്പോര്‍ട്ട് നല്‍കിയത്. പൊലീസ് കമ്മീഷണര്‍ക്കാണ് വീഴ്ച സംഭവിച്ചത്. ഒപ്പം തിരുവമ്പാടി ദേവസ്വത്തേയും എഡിജിപി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു.
പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ വിശദമായ അന്വേഷണം വേണമെന്നാണ് ഇടതു മുന്നണിയിലെ സിപിഐ അടക്കമുള്ള പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നത്. പൂരം നടന്ന ദിവസം എഡിജിപി അജിത് കുമാര്‍ തൃശൂരിലുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പരസ്യ പ്രസ്താവന പാടില്ലെന്ന പാര്‍ട്ടി നിര്‍ദേശം ലംഘിച്ച് മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പിവി അന്‍വര്‍ എംഎല്‍എ. നിലമ്പൂര്‍ ഗസ്റ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പിവി അന്‍വര്‍ തുറന്നടിച്ചത്.
പാര്‍ട്ടിയുടെ അഭ്യര്‍ത്ഥന മാനിച്ച് കേരളത്തിലെ പൊതുസമൂഹത്തിന് മുന്നില്‍ പരസ്യ പ്രസ്താവനകള്‍ താല്‍കാലികമായി അവസാനിപ്പിച്ചതായിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് വന്ന ശേഷമെ പ്രതികരിക്കുകയുള്ളുവെന്ന് പറഞ്ഞിരുന്നു. ആരോപണങ്ങളില്‍ അന്വേഷണം ഉണ്ടാകുമെന്നാണ് പാര്‍ട്ടിയുടെ അഭ്യര്‍ത്ഥനയില്‍ പറഞ്ഞത്. എന്നാല്‍ കേസന്വേഷണം കൃത്യമായല്ല നടക്കുന്നത്.
കാട്ടുകള്ളന്‍ പി. ശശിയാണ് മുഖ്യമന്ത്രിയെ വികൃതമാക്കുന്നത്. പൊലീസുമായി ബന്ധപ്പെട്ട ഒരു വിഷയം സിഎമ്മിനോട് ചര്‍ച്ച ചെയ്യുന്നില്ല. കേരളത്തില്‍ കത്തി ജ്വലിച്ചു നിന്ന സൂര്യനായിരുന്നു പിണറായി വിജയന്‍. ആ സൂര്യന്‍ കെട്ടുപോയി എന്ന് ഞാന്‍ അദേഹത്തോട് നേരിട്ട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യമായി താഴ്ന്നു.
മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ 11 പേജ് അടങ്ങിയ പരാതിയാണ് കൊടുത്തത്. അത് വായിച്ച അദേഹം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും ചോദിച്ചു. ഉള്ളുതുറന്ന് കാര്യങ്ങള്‍ പറഞ്ഞു. അജിത് കുമാറും ശശിയുമെല്ലാം കള്ളന്മാരാണെന്നും സൂക്ഷിക്കണമെന്നും താന്‍ മുഖ്യമന്ത്രിയോട് പറഞ്ഞുവെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
എഡിജിപി വാങ്ങിയ വസ്തുവിന്റെ രേഖകള്‍ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. സെക്രട്ടേറിയറ്റിന് ചുറ്റുമാണ് ഈ സ്ഥലങ്ങള്‍. മഹാനായ, സത്യസന്ധനായ, മാതൃകപരമായി പ്രവര്‍ത്തിക്കുന്ന എഡിജിപി എല്ലാം വാങ്ങിയത് പണം കൊടുത്താണ്. ഒരു രൂപയുടെ ചെക്കില്ല. പത്ത് ദിവസം കൊണ്ട് എല്ലാ പേപ്പറും കിട്ടുന്നു. അവനെ ഡിസ്മിസ് ചെയ്യണം. ഇവനെയാണ് മുഖ്യമന്ത്രി താലോലിച്ച് നടക്കുന്നത്. എങ്ങോട്ടാ ഈ പോക്കെന്ന് പാര്‍ട്ടി സഖാക്കള്‍ ആലോചിക്കട്ടെ.
പാവങ്ങളുടെ പാര്‍ട്ടി എന്ന് പറയുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ഇപ്പോള്‍ എല്ലാവരെയും ഭീഷണിപ്പെടുത്തി ആര്‍ക്കെതിരെയും ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയിലാക്കി. എം.വി ഗോവിന്ദന്‍ എന്ന സഖാവിന്റെ ഗതി ഇങ്ങനെയെങ്കില്‍ ബാക്കിയുള്ളവരുെട ഗതി എന്താണ്. എല്ലാവരും ഇവരുടെ അടിമകളായി നില്‍ക്കണം എന്നതാണ് നില. ഇത് കമ്യൂണിസ്റ്റ് പാര്‍ട്ടിയല്ലെന്നും പി.വി അന്‍വര്‍ പറഞ്ഞു.
മരം മുറിയുമായി ബന്ധപ്പെട്ട് പരാതി പൊലീസ് ശരിയായിട്ടല്ല അന്വേഷിക്കുന്നത്. മുറിച്ച മരം ലേലത്തിലെടുത്ത കുഞ്ഞുമുഹമ്മദുമായി സംസാരിച്ചപ്പോള്‍ ഫോട്ടോയിലുള്ള മരത്തിന്റെ തടി കിട്ടിയെന്ന് പറയാനാകില്ലെന്നാണ് പറഞ്ഞത്. തന്നെ നേരിട്ട് കൊണ്ടുപോയാല്‍ മുറിച്ച മരം കാണിച്ചുതരാമെന്നാണ് അദേഹം പറഞ്ഞത്.
എന്നാല്‍ അതിന് ഇതുവരെ എസ്പിയുടെ ക്യാമ്പ് ഓഫീസില്‍ തന്നെ പ്രവേശിപ്പിച്ചിട്ടില്ല. 188 ഓളം സ്വര്‍ണക്കടത്ത് കേസുകളാണ് കരിപ്പൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഈ 188 കേസുകളില്‍ 28 പേരെയെങ്കിലും ബന്ധപ്പെട്ടാല്‍ സത്യാവസ്ഥ പുറത്തുവരും. സ്വര്‍ണം കടത്തലും പൊട്ടിക്കലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൊലീസ് അന്വേഷിച്ചാല്‍ കൃത്യമായി വിവരം കിട്ടുമെന്ന് പറഞ്ഞു. എന്നാല്‍ ഈ നിമിഷം വരെ അത്തരമൊരു അന്വേഷണം നടന്നിട്ടില്ല.
സ്വര്‍ണം പൊട്ടിക്കലുമായി ബന്ധപ്പെട്ടും മലപ്പുറം എസ്പി ക്യാമ്പ് ഓഫീസിലെ മരം മുറി ആരോപണത്തിലും എഡിജിപിക്കെതിരായ പരാതിയിലും കൃത്യമായ അന്വേഷണം നടക്കുന്നില്ല. സത്യസന്ധമായി അന്വേഷണം നടക്കുമെന്ന് തനിക്ക് പാര്‍ട്ടി നല്‍കിയ ഉറപ്പ് പാടെ ലംഘിച്ചു.തന്റെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി നടത്തിയ പ്രതികരണത്തെയും പി.വി അന്‍വര്‍ പരിഹസിച്ചു.
യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ സിദ്ദിഖിന്റെ ലൈംഗികശേഷി പരിശോധിക്കേണ്ടതുണ്ട് എന്ന് കോടതി പറഞ്ഞിരുന്നു. പീഡനക്കേസുകളും ബലാത്സംഗക്കേസുകളും വാർത്തയാകുമ്പോള്‍ ആണ് ലൈംഗികശേഷി പരിശോധന എന്ന വാക്ക് ഉയർന്ന കേള്‍ക്കാറുള്ളത്.
എന്നാല്‍ പലർക്കും ഇതിനെ കുറിച്ച് പല തെറ്റിദ്ധാരണകളും ഉണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ ഒരു വ്യക്തിയുടെ ലൈംഗികശേഷി തെളിയിക്കാൻ നടത്തുന്ന പരിശോധന ആണ് ലൈംഗികശേഷി പരിശോധന അഥവാ പൊട്ടൻസി ടെസ്റ്റ്.
ബലാത്സംഗം പോലുള്ള കേസുകളിലെ പ്രതികളെയാണ് ഈ പരിശോധനയ്ക്ക് വിധേയരാക്കുന്നത്. കുറ്റകൃത്യം ചെയ്യാൻ ശാരീരികമായി പ്രതിയ്ക്ക് ശേഷിയുണ്ടോ എന്ന് അറിയാനാണ് പരിശോധന. ലൈംഗികാതിക്രമ കേസുകളില്‍ ചില പ്രതികള്‍ തങ്ങള്‍ക്ക് ലൈംഗികശേഷി ഇല്ലെന്ന് വരെ വാദിക്കാൻ ശ്രമം നടത്താറുണ്ട്. ഇത്തരത്തിലുള്ള വാദത്തിനെതിരെയുള്ള തെളിവാണ് ലൈംഗികശേഷി പരിശോധന.
പൊട്ടൻസി ടെസ്റ്റുകള്‍ക്കായി പലരീതികള്‍ അവലംബിക്കാറുണ്ട്. സെമൻ അനാലിസിസ്,പീനൈല്‍ ഡോപ്ലർ അള്‍ട്രാസൗണ്ട്,വിഷ്വല്‍ ഇറക്ഷൻ എക്‌സാമിനേഷൻ എന്നിവയാണവ
സെമൻ അനാലിസിസ്
പുരുഷ ശുക്ലത്തിന്റെ പരിശോധനയും അതില്‍ അടങ്ങിയിട്ടുള്ള ബീജത്തിന്റെ അളവുമാണ് ഇവിടെ പരിശോധിക്കുന്നത്. പുരുഷന് പ്രത്യുത്പാദന ശേഷിയുണ്ടോ എന്ന് തിരിച്ചറിയാൻ ഈ പരിശോധനയാണ് നടത്തുന്നത്. പുരുഷന്റെ ലൈംഗികശേഷി നിർണയിക്കുന്നതില്‍ ബീജത്തിന്റെ അളവിന് നിർണായകമായ പങ്കാണ് വഹിക്കുന്നത്. എന്നാല്‍ ഉദ്ധാരണശേഷിയെ വിലയിരുത്താൻ ഈ പരിശോന അപര്യാപ്തമെന്നാണ് ഡോക്ടർമാർ തന്നെ സാക്ഷ്യപ്പെടുത്തുന്നത്.
വിഷ്വല്‍ ഇറക്ഷൻ എക്‌സാമിനേഷൻ
പുരുഷന്റെ വൃഷണത്തെയാണ് പരിശോധനയ്ക്കായി വിധേയമാക്കുന്നത്. ഉത്തേജിതമായ സമയത്തും ഉത്തേജനം കുറഞ്ഞ സമയത്തുമുള്ള പെനിസിന്റെ മാറ്റം ഡോക്ടർമാർ പരിശോധിക്കുന്നു. ഏതെങ്കിലും തകരാറുകളും അല്ലെങ്കില്‍ പരിക്കുകള്‍ പരിശോധിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.രാവിലെകളിലോ, ഉറക്കത്തിലോ സംഭവിക്കുന്ന ഉദ്ധാരണവും ഈ പരിശോധനയില്‍ വിലയിരുത്തും.
പീനൈല്‍ ഡോപ്ലർ അള്‍ട്രാസൗണ്ട്
ഉദ്ധാരണശേഷി വിലയിരുത്തുന്നതിന് ഏറ്റവുമധികം സഹായകമാകുന്ന പരിശോധനാരീതിയാണ് പീനൈല്‍ ഡോപ്ലർ അള്‍ട്രാസൗണ്ട്. ലിംഗത്തില്‍ മരുന്ന് കുത്തിവച്ച ശേഷം പല തവണകളായി അള്‍ട്രാസൗണ്ട് സ്‌കാൻ ചെയ്യുന്നതാണ് ഈ രീതി. ലിംഗത്തിലേക്കുള്ള രക്തയോട്ടത്തിന്റെ ഗതി മനസ്സിലാക്കാനാണ് ഇത് ചെയ്യുന്നത്. എത്ര അളവില്‍, എത്ര ശക്തമായിട്ടാണ് ലിംഗത്തിലേയ്ക്കുള്ള രക്തപ്രവാഹം എന്ന് അറിയാനുള്ള പരിശോധനയാണിത്.
ഇത്കൂടാതെ രക്തപരിശോധന,എൻപിടി,ഹോർമോണ്‍ പരിശോധന എന്നിവയും നടത്തുന്നു.
രക്തപരിശോധന: പ്രമേഹമോ, വൃക്കസംബന്ധമായ രോഗങ്ങളോ കുറ്റാരോപിതനായ വ്യക്തിയുടെ ലൈംഗികക്ഷമതയെ ബാധിച്ചിട്ടുണ്ടോ എന്ന് അറിയാനുള്ള പരിശോധനയാണിത്.
റിജിസ്‌കാൻ മോണിറ്ററിങ്ങ്- ഉറക്കത്തിലൊ ഉണരുമ്പോഴോ പെട്ടെന്ന് ഉദ്ധാരണം ഉണ്ടാകുന്നുണ്ടോ എന്നറിയാനായി നടത്തുന്ന പരിശോധന
പുരുഷ ഹോർമോണായ ടെസ്റ്റിസ്റ്റിറോണിന്റെ രക്തത്തിലെ അളവ് അറിയാനായി നടത്തുന്ന പരിശോധനയാണിത്.
പീഡനക്കേസുകളിലെ പ്രതികളോട് സ്വയംഭോഗം ചെയ്ത് ശുക്ലം പരിശോധനയ്ക്ക് കൊടുക്കാൻ മുമ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതികളുടെ വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് എന്ന് കണ്ടതിനെത്തുടർന്ന് ഇത് പിന്നീട് വിലക്കി.
കര്‍ണാടക ഷിരൂരിലെ ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തിയ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ മൃതദേഹ ഭാഗങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. ഉത്തര കന്നഡ ജില്ലാ ആശുപത്രിയിലേക്കാണ് മൃതദേഹ ഭാഗങ്ങള്‍ മാറ്റിയത്.
ഡിഎന്‍എ പരിശോധന നടത്തിയതിന് ശേഷം മൃതദേഹം കുടുംബാഗങ്ങള്‍ക്ക് വിട്ടുനില്‍കുമെന്ന് ജില്ലാ കളക്ടര്‍ കെ. ലക്ഷ്മി പ്രിയ അറിയിച്ചു. രണ്ട് ദിവസത്തിനകം ഡിഎന്‍എ പരിശോധനാ ഫലം ലഭിക്കുമെന്നും കളക്ടര്‍ അറിയിച്ചു. അര്‍ജുന്റെ ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. കണ്ടെടുത്ത മൃതദേഹത്തില്‍ നിന്നുള്ള സാമ്പിളും ശേഖരിക്കും. മറ്റ് നടപടിക്രമങ്ങളും നടന്നുവരികയാണെന്ന് കളക്ടര്‍ പറഞ്ഞു.
അതേസമയം അര്‍ജുന്റെ മൃതദേഹം സര്‍ക്കാര്‍ ചെലവില്‍ നാട്ടില്‍ എത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. മൃതദേഹ ഭാഗം അര്‍ജുന്റേത് തന്നെയെന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തണമെന്ന് കുടുംബവും ആവശ്യപ്പെട്ടിട്ടുണ്ട്. അര്‍ജുന്റെ വീട്ടില്‍ എത്തിയ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എയോടാണ് ഇക്കാര്യം അറിയിച്ചത്. കര്‍ണാടകയിലെ കളക്ടറുമായി സംസാരിക്കുമെന്നും സര്‍ക്കാര്‍ വേണ്ട എല്ലാ സഹായവും ഉറപ്പ് നല്‍കുന്നുവെന്നും തോട്ടത്തില്‍ രവീന്ദ്രന്‍ പ്രതികരിച്ചു. പിന്നാലെ അദേഹം മന്ത്രി എ.കെ ശശീന്ദ്രനോട് ഇക്കാര്യം സംസാരിക്കുകയും ചെയ്തു.
കഴിഞ്ഞ ജൂലൈ 16 നാണ് മണ്ണിടിച്ചിലില്‍ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശിയായ അര്‍ജുനെ ലോറിയോടൊപ്പം കാണാതായത്. പല ഘട്ടങ്ങളിലായി നടത്തിയ തിരിച്ചിലിനൊടുവില്‍ 71 ദിവസത്തിന് ശേഷം ഇന്ന് ഉച്ചയോടെയാണ് അര്‍ജുന്റെ ലോറി പുഴയില്‍ നിന്ന് കണ്ടെടുത്തത്. ലോറിയുടെ കാബിനുള്ളിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. മൃതദേഹം അര്‍ജുന്റേത് തന്നെയെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണത്തിന് ഡിഎന്‍എ പരിശോധനാ ഫലം ലഭ്യമാകണം.
പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലെ മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഇതിനോടകം എട്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. അര്‍ജുന്റെ ലോറിയില്‍ നിന്ന് ഒരു മൃതദേഹം കണ്ടെടുത്തതോടെ ഇവിടുത്തെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. ഇനിയും രണ്ട് പേരേക്കൂടി കണ്ടെത്താനുള്ളതിനാല്‍ പുഴയില്‍ ഡ്രഡ്ജിങ് നടത്തിയുള്ള ദൗത്യം തുടരുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. ലോറി പൂര്‍ണമായും കരയിലേക്ക് മാറ്റിയിട്ടുണ്ട്.
ഇടുക്കി കേന്ദ്രീകരിച്ച് വിവിധ ജില്ലകളില്‍ വിസാ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍. തങ്കമണി സ്വദേശി കാരിക്കക്കുന്നേല്‍ റോബിൻ ജോസ്(35) ആണ് അറസ്റ്റിലായത്.
ഇറ്റലിയില്‍ കൊണ്ടുപോകാമെന്ന് വാഗ്ദാനം ചെയ്ത് 25 പേരില്‍ നിന്ന് 6.5 ലക്ഷം രൂപ വീതം ഇയാള്‍ തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. പാലാ സ്വദേശി നല്‍കിയ പരാതിയിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്
ഇറ്റലിയ്ക്ക് പുറപ്പെട്ട പരാതിക്കാരന് വിസാ രേഖകള്‍ വ്യാജമായതിനാല്‍ യാത്രചെയ്യാനായില്ല. തുടർന്ന് നല്‍കിയ പരാതിയിലാണ് ഇയാള്‍ക്കെതിരെ വഞ്ചനാക്കുറ്റത്തിനാണ് കേസെടുത്തത്.
വ്യാജ വിസ നല്‍കുകയും വിമാന ടിക്കറ്റ് സ്വന്തമായി എടുക്കണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. തുടർന്ന് വിദേശത്തെത്തിയ പലരും അവിടെ പിടിയിലാകുകയായിരുന്നു. ഇതില്‍ ചിലർ പിന്നീട് തിരിച്ചെത്തുകയും മറ്റുപലരും വിദേശത്ത് ജയിലില്‍ കഴിയുകയുമാണ്.
പാലാ എസ്.എച്ച്.ഒ. ജോബിൻ ആന്റണിയുടെ നേതൃത്വത്തില്‍ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഏറ്റുമാനൂർ കോടതിയില്‍ ഹാജരാക്കി കോട്ടയം സബ് ജയിലില്‍ റിമാൻഡ് ചെയ്തു.
ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിനെ അറസ്റ്റുചെയ്യാൻ പ്രത്യേക അന്വേഷണസംഘം നടപടി തുടങ്ങിയതിനുപിന്നാലെ ബലാത്സംഗം ചുമത്തിയ മറ്റ് കേസുകളിലും പ്രതികളെ അറസ്റ്റുചെയ്യാൻ തീരുമാനം. സിദ്ദിഖിന്റെ മുൻകൂർജാമ്യം തള്ളിയതിനുപിന്നാലെയാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ ഈ തീരുമാനം.
ഹേമ കമ്മിറ്റി റിപ്പോർട്ടിനുപിന്നാലെ, മൊഴികളെത്തുടർന്ന് രജിസ്റ്റർചെയ്ത കേസുകളിൽ ആറെണ്ണത്തിൽ ബലാത്സംഗത്തിനെതിരായ വകുപ്പ് ചുമത്തിയിട്ടുണ്ടെന്നാണ് വിവരം.
സിദ്ദിഖിനെതിരായ പരാതിയിൽ തെളിവെടുപ്പും രഹസ്യമൊഴി രേഖപ്പെടുത്തലും നടത്തിയതിനു പിന്നാലെത്തന്നെ അറസ്റ്റിന് പോലീസ് തീരുമാനിച്ചിരുന്നെങ്കിലും മുൻകൂർജാമ്യാപേക്ഷയിലെ കോടതിതീരുമാനം വരുന്നതുവരെ കാക്കുകയായിരുന്നു. ഇതിനിടെ സിദ്ദിഖ് രാജ്യംവിടാതിരിക്കാനായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
കോടതി ജാമ്യാപേക്ഷ തള്ളിയതിനുപിന്നാലെ സിദ്ദിഖിനെ അറസ്റ്റുചെയ്യാൻ അന്വഷണസംഘം മേധാവി എ.ഡി.ജി.പി. എച്ച്. വെങ്കിടേഷ് നിർദേശം നൽകിയിരുന്നു. സിദ്ദിഖ് ഒളിവിലാണെന്നാണ് പ്രത്യേക അന്വേഷണസംഘം നൽകുന്ന സൂചന. സിദ്ദിഖ് സുപ്രീംകോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കുംമുമ്പ് പിടികൂടി ചോദ്യംചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
ഹേമാ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെവന്ന വെളിപ്പെടുത്തലുകളിൽ 25-ഓളം കേസുകൾ വിവിധയിടങ്ങളിലായി പോലീസ് രജിസ്റ്റർചെയ്തിട്ടുണ്ട്. ഏതാനും കേസുകളിലെ ആരോപണവിധേയർ മുൻകൂർജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിട്ടുമുണ്ട്.
തിരുവനന്തപുരം നഗരത്തിൽ ഒരു സിനിമാപ്രിവ്യൂവിന് എത്തിയപ്പോൾ ഹോട്ടൽമുറിയിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നായിരുന്നു സിദ്ദിഖിനെതിരേ യുവനടിയുടെ പരാതി.
പ്രത്യേക അന്വേഷണസംഘത്തിന്റെ നടപടികളിൽ വിശ്വാസമുണ്ടെന്ന് യുവനടി മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ അന്വേഷണവിവരങ്ങൾ പുറത്തുവരുന്നതിൽ അവർ അതൃപ്തി പ്രകടിപ്പിച്ചു. ഈ പിഴവുകൾ ചൂണ്ടിക്കാട്ടി നടി പോലീസ് മേധാവിക്ക് കത്ത് നൽകിയിട്ടുണ്ട്.
റൂട്ട് കനാല്‍ ചെയ്ത ഒമ്പതാം ക്ലാസുകാരിയുടെ വായില്‍ സൂചി കണ്ടെത്തി. ആലപ്പുഴ ദന്തല്‍ കോളേജില്‍ ചികിത്സ തേടിയെത്തിയ കുട്ടിക്കാണ് ദുരവസ്ഥ ഉണ്ടായത്.
പുറക്കാട് കമ്മത്തിപ്പറമ്പ് മഠം വീട്ടില്‍ ഗിരീഷ്-സംഗീത ദമ്പതികളുടെ മകള്‍ ആര്‍ദ്രയുടെ വായിലാണ് റൂട്ട് കനാല്‍ ചികിത്സയ്ക്ക് ശേഷം സൂചി കണ്ടെത്തിയത്. അസഹ്യമായ പല്ലുവേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ എക്സ്-റേയിലാണ് സൂചിയുടെ ഭാഗം കണ്ടത്.
സംഭവത്തിൽ ഡോക്ടര്‍മാരുടെ അനാസ്ഥയ്‌ക്കും ചികിത്സാ പിഴവിനെതിരെയും കുടുംബം പോലീസില്‍ പരാതി നല്‍കി.