കൊറോണ വൈറസ് ഭീതിയില്‍ ജോലി പോലും ഒഴിവാക്കിക്കൊണ്ട് ആളുകള്‍ വീട്ടില്‍ തന്നെ അടച്ചിരിക്കുന്ന അവസ്ഥയാണ് ഇന്ത്യയില്‍ പലയിടങ്ങളിലുമുള്ളത്. ഒഴിച്ചുകൂടാനാവാത്ത ആവശ്യങ്ങള്‍ക്ക് മാത്രം ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങളനുസരിച്ച് പുറത്തുപോകും. അല്ലാത്ത സമയം മുഴുവനായും വീട്ടില്‍ത്തന്നെ കഴിയുകയാണ് മിക്കവാറും പേരും. പ്രത്യേകിച്ച് നഗരങ്ങളിലാണ് ഈ കാഴ്ച കാണാനാകുന്നത്.
ഇത്തരത്തില്‍ അടച്ചിട്ട ഫ്‌ളാറ്റുകളിലെ താമസക്കാര്‍ ഒത്തൊരുമിച്ച് പാട്ടുപാടുന്നൊരു ദൃശ്യമാണ് ഇപ്പോള്‍ ട്വിറ്ററില്‍ വൈറലാകുന്നത്. ഗുഡ്ഗാവിലെ ഒരു ഫ്‌ളാറ്റ് സമുച്ചയത്തിലാണ് എല്ലാവരും ഒത്തൊരുമിച്ച് ‘ഹം ഹോങ്കേ കാമ്യാബ്…’ എന്ന ഗാനം ആലപിക്കുന്നത്. കെട്ടിടത്തിന് താഴെ നിന്നുകൊണ്ട് മൈക്കില്‍ രണ്ട് സ്ത്രീകള്‍ ഉറക്കെ പാടുന്നു. ബാല്‍ക്കണിയില്‍ വന്നുനിന്ന് അതിനൊപ്പം പാടുകയാണ് ഫ്‌ളാറ്റിലെ താമസക്കാര്‍.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇറ്റലിയില്‍ നിന്ന് സമാനമായൊരു വീഡിയോ പുറത്തുവന്നിരുന്നു. കൊവിഡ് 19ന്റെ ആക്രമണത്തില്‍ ചൈന കഴിഞ്ഞാല്‍ പിന്നെ ഏറ്റവുമധികം ബാധിക്കപ്പെട്ടത് ഇറ്റലിയായിരുന്നു. ജനജീവിതം ഏതാണ്ട് പൂര്‍ണ്ണമായും സ്തംഭിച്ച അവസ്ഥയാണ് ഇറ്റലിയിലെ മിക്കയിടങ്ങളിലുമുള്ളത്. ദിവസങ്ങളോളം ഫ്‌ളാറ്റുകളില്‍ അടച്ചിട്ട നിലയില്‍ തുടരുന്നവര്‍ ഒരു ദിവസം ബാല്‍ക്കണികളില്‍ ഒത്തുകൂടി പരമ്പരാഗത ഗാനം ആലപിക്കുന്നതായിരുന്നു ഈ വീഡിയോ.
രോഗഭീതിയില്‍ നിന്ന് അല്‍പം ആശ്വാസം ലഭിക്കാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉപകരിക്കുമെന്ന് തോന്നിയതുകൊണ്ട് അത് അനുകരിക്കുകയായിരുന്നു തങ്ങളുമെന്ന് ഗുഡ്ഗാവിലെ ഫ്‌ളാറ്റ് സമുച്ചയത്തില്‍ പാട്ട് പാടിയവര്‍ പറയുന്നു
Italy scenes in Gurgaon!
At an apartment in Gurgaon’s Sector 28 residents came out on their balconies to sing prayer songs “Gayatri Mantra Om Bhur Bhuva Swaha” and “Hum honge kamyaab”@ndtv (1/4) pic.twitter.com/gZCY5EoNZN
— Sukirti Dwivedi (@SukirtiDwivedi) March 18, 2020
(3/4) pic.twitter.com/JyJkFBOktb
— Sukirti Dwivedi (@SukirtiDwivedi) March 18, 2020
യുകെ പൗരത്വമുള്ള മലയാളി ആലപ്പുഴയിലെത്തിയപ്പോഴേ, ഞങ്ങൾ അദ്ദേഹത്തെപ്പോയി കണ്ട് വീട്ടിൽ നിരീക്ഷണത്തിൽ ഇരിക്കണമെന്നു നിർദേശിച്ചിരുന്നു. യുകെയിൽ വച്ച് ഞാൻ ടെസ്റ്റ് ചെയ്തതാണെന്നും അതിലും വലുതാണോ ഈ ദരിദ്രരാജ്യത്തിലെ ടെസ്റ്റ് എന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. വൈറസ് ശരീരത്തിൽ കടന്നിട്ടുണ്ടെങ്കിൽ ആരംഭത്തിലെ പരിശോധനയിൽ ചിലപ്പോൾ ശ്രദ്ധയിൽപ്പെടില്ലെന്നും പിന്നീട് രോഗലക്ഷണങ്ങൾ ഉണ്ടാകാമെന്നും അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു.
അദ്ദേഹം വീടുവിട്ടു പുറത്തിറങ്ങാൻ സാധ്യത തോന്നിയതിനാൽ അയൽ വീട്ടുകാരുമായി ഞങ്ങൾ നിരന്തരം ബന്ധപ്പെട്ടിരുന്നു. പിറ്റേ ദിവസം ഇയാളും ഭാര്യയും കാറിൽ പുറത്തിറങ്ങിയെന്ന് അയൽക്കാർ ഞങ്ങളെ അറിയിച്ചു. അദ്ദേഹത്തിന്റെ അച്ഛനുമായി ബന്ധപ്പെട്ട് അവരെ ഉടൻ തിരിച്ചു വിളിക്കണമെന്നു നിർദേശിച്ചു. പക്ഷേ, തിരിച്ചു വരാൻ അവർ തയാറായില്ല.
അതിനിടെ പൊലീസ് ഉദ്യോഗസ്ഥൻ എന്നു പരിചയപ്പെടുത്തി ഞങ്ങൾക്ക് ഒരു ഫോൺ കോൾ വന്നു. നിങ്ങളെന്തിനാണ് യുകെക്കാരനെ ശല്യപ്പെടുത്തുന്നതെന്നു ഭീഷണി. ആ ഫോൺ നമ്പർ ഞങ്ങൾ പൊലീസിനു തന്നെ കൈമാറി. പിന്നീട് പ്ലസ് ടു അധ്യാപകൻ എന്നു പരിചയപ്പെടുത്തി മറ്റൊരാൾ. യുകെക്കാരൻ തന്റെ സ്വാധീനം ഞങ്ങളെ അറിയിക്കുകയാണ്.
ഒടുവിൽ ഇവർ പോയ കാറിന്റെ നമ്പർ ഉൾപ്പെടെ മാധ്യമങ്ങൾക്കു കൈമാറുമെന്നു പറഞ്ഞപ്പോഴാണ് അവർ തിരിച്ചെത്തിയത്.
അടൂർ വരെ കാർ ഓടിച്ചു പോയെന്നും എങ്ങും ഇറങ്ങിയിട്ടില്ലെന്നും പൊലീസ് സ്പെഷൽ ബ്രാഞ്ചിന്റെ അന്വേഷണത്തിൽ മനസ്സിലായി. വൈകിട്ട് വീണ്ടും വീട്ടിലെത്തി കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. അപ്പോൾ ആ പ്ലസ്ടു അധ്യാപകൻ അവിടെയുണ്ട്. നല്ല ഫോമിലാണ്. അയാൾ അലറുന്നു. ‘വി ആർ നോട്ട് ക്രിമിനൽസ്. ഐ ആം എ ഗസറ്റഡ് ഓഫിസർ’. അറിയാതൊരു പുച്ഛച്ചിരി മുഖത്തു വന്നു പോയി.
കൊവിഡ് രോഗബാധയെ തുടര്‍ന്ന് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തുവരുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 2 റിയാലിറ്റി ഷോ അവസാനിപ്പിക്കുന്നു.നൂറ് എപ്പിസോഡുകളുള്ള ഷോ ഇപ്പോൾ 73 എപ്പിസോഡുകൾ പൂർത്തിയായി.
ഷോയുടെ ഭാഗമായി ചെന്നെെയിലെ സെറ്റിൽ മൂന്നൂറോളം പേർ ജോലി ചെയ്യുന്നുണ്ട്. കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ ഇത്രയേറെ പേർ ഒന്നിച്ചു ജോലി ചെയ്യുന്നതിനു നിയന്ത്രണമുണ്ട്,” ബിഗ് ബോസ് അണിയറ പ്രവർത്തകർ പറഞ്ഞു.
നേരത്തെ കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ സുരക്ഷയെക്കരുതി നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് നിർമാതാക്കളായ എൻഡമോൾ ഷൈൻ ഔദ്യോഗിക ഫെയ്‌സ്‌ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു.
കൊറോണ വെെറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തങ്ങളുടെ എല്ലാ അഡ്‌മിനിസ്‌ട്രേറ്റീവ്, പ്രൊഡക്ഷൻ ഡിപ്പാർട്ട്‌മെന്റുകളും താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്നാണ് എൻഡമോൾ ഷെെൻ നേരത്തെ അറിയിച്ചത്.
എന്‍ഡമോള്‍ ഷൈന്‍ ഇന്ത്യ നിര്‍മ്മിക്കുന്ന മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോ ചെന്നൈ ഇവിപി ഫിലിം സിറ്റിയിലാണ് നടക്കുന്നത്..
സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ രാജ്യ സഭയിലേക്ക് നാമ നിർദേശം ചെയ്ത രാഷ്ട്രപതിയുടെ തീരുമാനത്തിനെതിരെ വിവിധ കോണുകളിൽ നിന്നും വ്യാപക വിമര്‍ശനം. സുപ്രിം കോടതി മുന്‍ ജസ്റ്റിസ് കുര്യൻ ജോസഫാണ് ഈ വിഷയത്തിൽ വിമർശനവുമായി രംഗത്തെത്തിയ അവസാനത്തെ പ്രമുഖൻ.
രാഷ്ട്രപതിയുടെ നാമ നിർദേശം സ്വീകരിച്ച മുൻ ചീഫ് ജസ്റ്റിസിന്റെ നടപടി ഇന്ത്യൻ ജുഡീഷ്യറിയുടെ സ്വാതന്ത്യത്തിന് വലിയ ഭീഷണിയാണെന്നായിരുന്നു ജ. കുര്യൻ ജോസഫിന്റെ പ്രതികരണം. ജുഡീഷ്യറിയോട് രാജ്യത്തെ ജനങ്ങൾക്കുള്ള വിശ്വാസത്തെ പിടിച്ചുലയ്ക്കുന്ന തീരുമാനമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെയും നിഷ്പക്ഷതയെയും സംബന്ധിച്ച ഉത്തമ തത്വങ്ങളിൽ മുൻ ചീഫ് ജസ്റ്റിൽ ഓഫ് ഇന്ത്യ വിട്ടുവീഴ്ച ചെയ്തതെന്ന വസ്തുത തന്നെ അതിശയിപ്പിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
” 2018 ജനുവരി 12 ആം തീയതി, ‘രാജ്യത്തോടുള്ള കടപ്പാട് നിറവേറ്റുകയാണ് ഞങ്ങൾ’ എന്നായിരുന്നു ഞങ്ങൾ മൂന്നു പേർക്കൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത ജസ്റ്റിസ് രഞ്ജൻ ഗോഗോയ് പറഞ്ഞ വാക്കുകൾ. ജുഡീഷ്യറിയുടെ സ്വാതന്ത്രം ഉയർത്തിപ്പിടിക്കുന്നതിൽ ഒരിക്കൽ അത്രയും ധീരമായ ദൃഢവിശ്വാസം പ്രകടിപ്പിച്ചിരുന്ന ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ജുഡീഷ്യറിയുടെ സ്വാതന്ത്രവും നിക്ഷ്പക്ഷതയും സംബന്ധിച്ച ഉത്തമ തത്വങ്ങളിൽ എങ്ങനെ വിട്ടുവീഴ്ച്ച ചെയ്തുവെന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.
ഭരണഘടനാ മൂല്യങ്ങളിലും അതിന്റെ അടിസ്ഥാനഘടനകളിലുമാണ് നമ്മുടെ മഹാരാജ്യം നിലയുറപ്പിച്ചിരിക്കുന്നത്. അതിന് പ്രധാനമായും നന്ദി പറയേണ്ടത് ജുഡീഷ്യറിയുടെ സ്വാതന്ത്രത്തിനാണ്. ന്യായാധിപന്മാർ പക്ഷപാതത്വമുള്ളവരും എന്തെങ്കിലും പ്രതീക്ഷിച്ചിരിക്കുന്നവരും ആണെന്ന് ജനങ്ങൾക്ക് തോന്നുന്നത് ഈ ദൃഢവിശ്വാസത്തിൽ ഇളക്കം തട്ടും. ജുഡീഷ്യറിയെ പൂർണമായും സ്വതന്ത്രമാക്കാനുമാണ് സുപ്രീം കോടതി 1993 ൽ കൊളീജ്യം സംവിധാനം കൊണ്ടുവന്നത്. അല്ലാതെ പരസ്പര ആശ്രയത്വത്തിന് വേണ്ടിയല്ല. ജസ്റ്റിസ് ചെലമേശ്വറിനും ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്‌ക്കും ജസ്റ്റിസ് മദൻ ബി ലോകുറിനും ഒപ്പം കീഴ്‌വഴക്കങ്ങൾ തെറ്റിച്ചുകൊണ്ട് ഞാൻ പൊതു മധ്യത്തിലേക്ക് വന്നത് ഈ അടിത്തറയ്ക്ക് ഭീഷണിയുണ്ടെന്ന് പറയാനായിരുന്നു.
കഴിഞ്ഞ ദിവസത്തെ തീരുമാനത്തോടെ ആ ഭീഷണി വലുതാവുകയാണ്. ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച ശേഷം ഒരു പദവിയും ഏറ്റെടുക്കില്ലെന്ന് ഞാൻ തീരുമാനിച്ചതിന് പിന്നിൽ ഇതുകൂടി ഒരു കാരണമാണ്. രാജ്യസഭയിലേക്കുള്ള നാമനിർദേശം ഒരു മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്വീകരിച്ചതിലൂടെ തന്നെ സംബന്ധിച്ചിടത്തോളം ഭരണഘടനയുടെ അടിസ്ഥാനഘടനകളിൽ ഒന്നായ ജുഡീഷ്യറിയുടെ സ്വാതന്ത്രത്തിൽ സാധാരണക്കാർക്കുള്ള ദൃഢവിശ്വാസത്തിന് തീർച്ചയായും ഇളക്കം തട്ടിയിരിക്കുന്നെന്നും അദ്ദേഹം ആരോപിച്ചു.
കോറോണ പകര്‍ച്ചവ്യാധി ഭീഷണിയുടെ പാശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കുള്ള യാത്രാനുമതി റദ്ദാക്കിയതിനെ തുടര്‍ന്ന് ഫിലിപ്പീന്‍സില്‍ വിദ്യാര്‍ത്ഥികളടക്കം 400 ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നു. മലയാളികള്‍ അടക്കമുള്ള എംബിബിഎസ് വിദ്യാര്‍ത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലെ പെര്‍പ്പെച്ച്വല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളാണിവര്‍.
വിമാനങ്ങളെല്ലാം ദിവസവും റദ്ദാക്കികൊണ്ടിരിക്കുകയാണ്. മാളുകളും, ക്യാന്റീനും അടച്ചു. ഞങ്ങള്‍ക്കിവിടെ ഭക്ഷണമില്ല. മാര്‍ച്ച് 20 ന് ശേഷം ഫിലിപ്പീന്‍സിലെ എല്ലാ വിമാനത്താവളങ്ങളും അടച്ചിടും എന്നാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. അതിനു മുന്‍പ് നാട്ടിലേക്കെത്താന്‍ എന്തെങ്കിലും ഒരു വഴി ഉണ്ടാക്കണം. വിദ്യാര്‍ത്ഥികള്‍ പറയുന്നു
ഈ പ്രശ്‌നത്തില്‍ ഇന്ത്യന്‍ സ്ഥാനപതി ഇടപെട്ടിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി എംപി അറിയിച്ചു. കുടുങ്ങികിടക്കുന്ന മലയാളി വിദ്യാര്‍ത്ഥികളെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് ഫിലിപ്പീന്‍സിലെ ഇന്ത്യന്‍ സ്ഥാനാപതി തനിക്ക് ഉറപ്പ് നല്‍കിയതായും പികെ കുഞ്ഞാലിക്കുട്ടി എംപി.
കേരളത്തില്‍ നിന്നുള്ള 13 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ വെള്ളിയാഴ്ച്ച യാത്ര പുറപ്പെടാന്‍ തയ്യാറായി നില്‍ക്കവെയാണ് ഇന്ത്യ ചൊവ്വാഴ്ച്ച ഫിലിപ്പീന്‍സ് അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഗതാഗതം പൂര്‍ണ്ണമായി റദ്ദാക്കിയത്. സ്വദേശികളല്ലാത്തവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ രാജ്യം വിടാന്‍ ഫിലിപ്പീന്‍സ് എഴുപത്തിരണ്ട് മണിക്കൂര്‍ സമയം അനുവദിച്ചിരിക്കയാണ്. ഫിലിപ്പീന്‍സിലെ ഇന്ത്യന്‍ സ്ഥാനപതി ജൈദീപ് മജുംദാറുമായി പികെ കുഞ്ഞാലിക്കുട്ടി എംപി ഫോണില്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ വേണ്ടതൊക്കെ ചെയ്യാമെന്ന് സ്ഥാനപതി അദ്ദേഹത്തിന് ഉറപ്പ് നല്‍കിയത്.
കേരളത്തിലെത്തിയ വിദേശികള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന അവഗണ മോശമായി തുടരുന്നു. ഇതിനെതിരെ പ്രതികരിച്ച് നടന്‍ മോഹന്‍ലാല്‍ എഴുതുന്നു. വാഗമണ്ണിലെത്തിയ ഇറ്റലിക്കാരന് സെമിത്തരിയില്‍ കിടന്ന് ഉറങ്ങേണ്ടിവന്ന അവസ്ഥ, ഹോട്ടലില്‍ നിന്ന് ഭക്ഷണം നല്‍കാതെ റോഡിലേക്കിറക്കിവിടുന്നു, തുടങ്ങിയ റിപ്പോര്‍ട്ടുകള്‍ വന്നു.
ഇറ്റലിക്കാരന് വാഗമണ്ണില്‍ ഹോട്ടലുകള്‍ ആരും മുറി കൊടുത്തില്ല. തുടര്‍ന്നാണ് സെമിത്തേരിയില്‍ ഉറങ്ങേണ്ടിവന്നത്. ഒരു മരണ വാര്‍ത്ത പോലെ എന്ന വേദനിപ്പിച്ചു അതെന്ന് മോഹന്‍ലാല്‍ എഴുതുന്നു. തിരുവനന്തപുരത്ത് മുറി ബുക്ക് ചെയ്‌തെത്തിയ അര്‍ജന്റീനക്കാരിയെ രാത്രി റോഡിലിറക്കിവിട്ടുന്ന എന്ന വാര്‍ത്തയും വേദനിപ്പിച്ചു.
ഇവരാരും രോഗവും കൊണ്ടു വരുന്നവരല്ല. അവരുടെ സമ്പാദ്യത്തില്‍ നിന്നൊരു ഭാഗം കൂട്ടിവച്ച് ഈ നാടു കാണാന്‍ വരുന്നവരാണ്. അവരോട് നമ്മള്‍ പലതവണ പറഞ്ഞിരുന്നു, ഇതു ദൈവത്തിന്റെ സ്വന്തം നാടാണെന്ന്. അവരതു വിശ്വസിച്ചു വന്നതാണ്. രോഗമുള്ളവരെ കണ്ടത്താന്‍ നമുക്കൊരു സംവിധാനമുണ്ട്. അല്ലാതെ, അതിഥികളെ തെരുവിലിറക്കി വിടുന്നത് നമ്മുടെ നാടിന്റെ സംസ്‌കാരമല്ല.
ഭാഷ പോലും അറിയാത്ത രാജ്യത്ത് നമുക്ക് വേണ്ടപ്പെട്ട ആരെയെങ്കിലും തെരുവിലിറക്കി വിട്ടാല്‍ നമുക്കു താങ്ങാനാകുമോ എന്നും മോഹന്‍ലാല്‍ ചോദിക്കുന്നു. വിദേശത്തുനിന്നെത്തി രോഗമില്ലാതിരുന്നിട്ടും ഈ നാടിനുവേണ്ടി സ്വയം ക്വാറന്റീനില്‍ പോയ ഒരാളെ പരിസരത്തുള്ളവര്‍ ചേര്‍ന്നു ഫ്‌ലാറ്റില്‍ പൂട്ടിയിട്ടതും ഇതോടൊപ്പം വായിക്കണം. പേടികൊണ്ടു ചെയ്തുപോയതാണെന്നു പറയുന്നവര്‍ കാണും. ഈ പൂട്ടിയിട്ടവര്‍ക്ക് എവിടെ നിന്നെങ്കിലും വൈറസ് ബാധ ഉണ്ടാകില്ല എന്നുറപ്പുണ്ടോ? അവരെല്ലാം പുറത്തിറങ്ങി സഞ്ചരിക്കുന്നവരല്ലേ. ഇതാര്‍ക്കും ഒരുനിമിഷം കൊണ്ടു തടയാന്‍ പറ്റുന്നതല്ല. സമ്പത്തിന്റെ പ്രതിരോധങ്ങളെല്ലാം മറികടന്നു വൈറസ് വരുന്നതു ലോകം കാണുന്നു. അതുകൊണ്ടു തന്നെ, പ്രളയകാലത്തെന്നപോലെ നാം ഒരുമിച്ചു നില്‍ക്കേണ്ട സമയമാണിത്. ദൂരം പാലിക്കുകയും കൂട്ടായ്മ ഉപേക്ഷിക്കുകയും ചെയ്യണമെന്നു പറയുമ്പോള്‍ മനസ്സിന്റെ അടുപ്പവും കൂട്ടായ്മയും പതിന്മടങ്ങു കൂട്ടണം എന്നുകൂടി മനസ്സിലാക്കണം.
അടച്ച മുറിയില്‍ കഴിയുന്ന എല്ലാവരും രോഗികളല്ല. അവര്‍ ഈ നാടിനുവേണ്ടി 14 ദിവസം സ്വയം അടയ്ക്കപ്പെട്ടവരാണ്. ഇവരെല്ലാം നാളെ ‘ഒളിച്ചോടി’ ഈ നാട്ടിലേക്കിറങ്ങിയാല്‍ തടയാനാകുമോ? അവരില്‍ രോഗമുള്ളവര്‍ രോഗം പടര്‍ത്തിയാല്‍ എത്രത്തോളം തടയാനാകും? അതുകൊണ്ടുതന്നെ, ഓരോ മുറിക്കുള്ളിലും ഉള്ളത് നമുക്കുവേണ്ടി സ്വയം ബന്ധനസ്ഥരായവരാണ്.
ഇവരെയെല്ലാം പരിചരിക്കുന്ന വലിയൊരു കൂട്ടായ്മയുണ്ട്. ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് ആശുപത്രി ജീവനക്കാരും പൊലീസുകാരും ആംബുലന്‍സ് ഡ്രൈവര്‍മാരുമെല്ലാം ചേര്‍ന്ന വലിയൊരു സംഘം. അവരെല്ലാം നെഞ്ചൂക്കോടെ തടഞ്ഞുനിര്‍ത്തുന്നത് നമ്മുടെ കുഞ്ഞുങ്ങളിലേക്കു വരാമായിരുന്ന വൈറസുകളെയാണ്. സാനിറ്റൈസര്‍ ഉപയോഗിച്ചു കൈ തുടച്ചും വിദേശത്തുനിന്നു വന്നവരെ ഇറക്കിവിട്ടും സുരക്ഷിതരെന്നു കരുതിയിരിക്കുന്നവര്‍ ഓര്‍ക്കേണ്ടത് ഈ സൈന്യത്തെക്കുറിച്ചാണ്. ത്യാഗം എന്ന വാക്ക് അവര്‍ ചെയ്യുന്ന ജോലിക്കുള്ള വളരെ ചെറിയ പ്രതിഫലമാകും. അവരതിനു തയാറാകുന്നതു നമുക്കു വേണ്ടിയാണ്, അവര്‍ക്കു വേണ്ടിയല്ല. എന്തു വന്നാലും നേരിടുമെന്ന ചങ്കുറപ്പോടെ.
ദേവാലയങ്ങള്‍ പോലും അടച്ചിരിക്കുന്നു. നാം കൂട്ടപ്രാര്‍ഥന നടത്തേണ്ടതു മനസ്സുകൊണ്ടാണ്. നമുക്കു വേണ്ടിയല്ല, ഈ നാടിനു വേണ്ടി. കാരണം, ഇതില്‍നിന്നു നമുക്കു മാത്രമായൊരു രക്ഷയില്ല. മുറിയില്‍ അടച്ചിരിക്കുന്നവര്‍ക്കു ഭക്ഷണമെത്തിക്കുന്ന ആശാ വര്‍ക്കര്‍മാരും കുടുംബശ്രീക്കാരുമെല്ലാം ഉയര്‍ത്തിപ്പിടിക്കുന്നത് ഈ നാടിന്റെ യശസ്സാണ്. അവരെപ്പോലുള്ളവരുള്ള നാട്ടിലാണു ജീവിക്കുന്നതെന്നു ഞാന്‍ അഭിമാനത്തോടെ പറയുന്നു.
മുറിയിലടയ്ക്കപ്പെട്ട ഓരോരുത്തരെയും ചേര്‍ത്തു നിര്‍ത്തേണ്ട സമയമാണിത്. പുറത്താക്കപ്പെടുകയും അകറ്റിനിര്‍ത്താന്‍ നോക്കുകയും ചെയ്യുന്ന ഓരോരുത്തര്‍ക്കും സ്വപ്നങ്ങളുണ്ടെന്നു നമുക്കോര്‍ക്കാം; നാം കാണുന്നതു പോലുള്ള വലിയ സ്വപ്നങ്ങള്‍. നമുക്കോരോരുത്തര്‍ക്കും പറയാന്‍ കഴിയണം, കയ്യെത്തും ദൂരത്തു ഞങ്ങളും നിങ്ങളുടെ കൂടെയുണ്ടെന്ന്. ഈ വൈറസ് ദിവസങ്ങള്‍ക്കു ശേഷം നാം പരസ്പരം വാരിപ്പുണരുകയും മധുരം പങ്കുവയ്ക്കുകയും ചെയ്യും. ദേഹം മുഴുവന്‍ നീലവസ്ത്രത്തില്‍ പൊതിഞ്ഞ് ആശുപത്രിവരാന്ത തുടച്ചു വൃത്തിയാക്കുന്നൊരു സ്ത്രീയുടെ കണ്ണുകള്‍ ഇന്നും എന്റെ മനസ്സിലുണ്ട്. ആ നീലവസ്ത്രത്തിനുള്ളിലുള്ളത് എന്റെ രക്ഷക തന്നെയാണ്. ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ കൈക്കുഞ്ഞിനെപ്പോലെ എന്നെ നോക്കുന്ന അമ്മ തന്നെ. നമുക്കവരെ തൊഴാം…
വരനെ ആവശ്യമുണ്ട് ഇഷ്ടമായെന്ന് മോഹന്‍ലാല്‍
വരനെ ആവശ്യമുണ്ട്് എന്ന തന്റെ കന്നിച്ചിത്രം മോഹന്‍ലാലിന് ഇഷ്ടപ്പെട്ടെന്ന് അറിയിച്ചതില്‍ ആഹ്ലാദം പങ്കുവച്ച് സംവിധായകന്‍ അനൂപ് സത്യന്‍. ഇന്‍സ്റ്റഗ്രാമിലും ഫേസ് ബുക്കിലുമായി ഷെയര്‍ ചെയ്ത പോസ്റ്റിലാണ് പഴയൊരു ഓര്‍മ്മ പങ്കിട്ട് അനൂപ് ഇക്കാര്യം കുറിച്ചത്.
അനൂപ് സത്യന്‍ എഴുതിയത്
കട്ട് ടു 1993, അന്തിക്കാട്
മൂന്നാം ക്ലാസിലാണ് ഞാന്‍, അച്ഛനുമായുണ്ടായ ഒരു ബൗദ്ധിക വഴക്കില്‍ വീട് വിടാന്‍ തീരുമാനിച്ചു. ഇനി മോഹന്‍ലാലിനൊപ്പം താമസിക്കാന്‍ പോകുന്നുവെന്നാണ് തീരുമാനം. അച്ഛന് അത് തമാശയായിരുന്നു. അപ്പോള്‍ തന്നെ മോഹന്‍ലാലിനെ വിളിച്ചു. ഫോണ്‍ റിസീവര്‍ കയ്യിലേക്ക് തന്നിട്ട് മോഹന്‍ലാലിന് നിന്നോട് എന്തോ സംസാരിക്കാനുണ്ട് എന്ന് പറഞ്ഞു. ആ സാഹചര്യം കൈകാര്യം ചെയ്യാനുള്ള പക്വത അന്ന് ഇല്ലായിരുന്നു. അന്ന് ഫോണില്‍ കേട്ട മോഹന്‍ലാലിന്റെ ചിരി ഇപ്പോഴും കാതിലുണ്ട്.
കട്ട് ടു 2020
അന്തിക്കാടിന് അടുത്ത് എവിടെയോ
കാര്‍ ഒതുക്കി, ഞങ്ങള്‍ ഫോണില്‍ സംസാരിക്കുകയാണ്.
സിനിമ ഇഷ്ടമായെന്ന് അദ്ദേഹം പറഞ്ഞു.
ഞാന്‍ അടക്കിച്ചിരിച്ചു.
മോഹന്‍ലാലില്‍ നി്ന്ന് അന്നത്തെ അതേ ചിരി
സുരേഷ് ഗോപി, ശോഭന, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തി വരനെ ആവശ്യമുണ്ട് 2020ലെ വിജയചിത്രങ്ങളിലൊന്നാണ്. വേഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനാണ് സിനിമ നിര്‍മ്മിച്ചത്. ലാല്‍ ജോസിന്റെ സഹസംവിധായകനായിരുന്ന അനൂപിന്റെ ആദ്യ ചിത്രവുമാണ് വരനെ ആവശ്യമുണ്ട്.
ജസ്റ്റ് സ്‌പോക്ക് ടു മോഹന്‍ലാല്‍, ലാല്‍ സര്‍ ലവ്ഡ് മൈ ഫിലിം എന്നീ ഹാഷ് ടാഗുകളിലാണ് മോഹന്‍ലാലിന്റെ പഴയ ചിത്രത്തിനൊപ്പം അനൂപിന്റെ കുറിപ്പ്.
കൊല്ലത്ത് നേപ്പാള്‍ സ്വദേശിനിയുടെ ഒന്നര വയസുകാരിയായ മകളെ ബിഹാര്‍ സ്വദേശിയായ രണ്ടാനച്ഛന്‍ പീഡിപ്പിച്ചു. പെരുമ്പിഴ വഞ്ചിമുക്കില്‍ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരന്‍ ആണ് പിടിയിലായത്. കുട്ടി ഗുരുതരാവസ്ഥയിലാണ്. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായതായി കണ്ടെത്തി.
ആശുപത്രി അധികൃതര്‍ അറിയിച്ചതോടെ കുണ്ടറ പോലിസ് പോക്‌സോ ചുമത്തി ഇയാളെ അറസ്റ്റുചെയ്തു. സംഭവത്തില്‍ കുട്ടിയുടെ അമ്മയക്കും പങ്കുണ്ടോയെന്ന് പോലിസ് അന്വേഷിച്ചുവരുന്നു.
നേപ്പാള്‍ സ്വദേശിനിയും മകളും രണ്ട് മാസങ്ങള്‍ക്കുമുന്‍പാണ് ഇയാള്‍ക്കൊപ്പം താമസം തുടങ്ങിയത്. സ്ഥാപനത്തിന്റെ പറമ്പില്‍ ആളൊഴിഞ്ഞ ഭാഗത്ത് മൂന്ന് ദിവസം മുമ്പാണ് കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയത്. തലയ്ക്ക് സാരമായ പരിക്കുള്ളതിനാല്‍ കൊലപ്പെടുത്താനുള്ള ശ്രമവും നടന്നതായി പോലിസ് സംശയിക്കുന്നു.
വധശിക്ഷ നടപ്പിലാക്കാൻ മൂന്നു ദിവസം മാത്രം ബാക്കി നിൽക്കെ ഡൽഹി കൂട്ടബലാത്സംഗ കേസ് പ്രതി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. കുറ്റകൃത്യം നടന്ന ദിവസം താൻ നഗരത്തിൽ ഉണ്ടായിരുന്നില്ലെന്നും മരണ വാറന്റ് സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് പ്രതി മുകേഷ് കുമാർ സിങ് കോടതിയെ സമീപിച്ചത്. ഇയാൾ സമർപ്പിച്ച ഹർജിയിൽ ഡൽഹി കോടതി വിധി ഉടൻ പ്രഖ്യാപിച്ചേക്കും.
രാജസ്ഥാനിൽനിന്നാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും കുറ്റകൃത്യം നടന്ന 2012 ഡിസംബർ ഏഴിനാണ് തന്നെ ഡൽഹിയിലേക്ക് കൊണ്ടുവന്നതെന്നുമാണ് അഡീഷണൽ സെഷൻസ് ജഡ്ജി ധർമേന്ദ്ര റാണയ്ക്കു മുന്നിൽ സമർപ്പിച്ച ഹർജിയിൽ അവകാശപ്പെട്ടിരിക്കുന്നത്. തിഹാർ ജയിലിനകത്തു വച്ച് തന്നെ ക്രൂരമായി മർദിച്ചുവെന്നും ഹർജിയിൽ പറയുന്നു. പ്രതിയുടെ ഹർജിയിൽ പറയുന്ന കാര്യങ്ങൾ കളളമാണെന്നും വധശിക്ഷ വൈകിപ്പിക്കാനുളള തന്ത്രമാണെന്നുമാണ് പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചത്.
ഡൽഹി കൂട്ടബലാത്സംഗ കേസ് പ്രതികളെ മാർച്ച് 20 ന് പുലർച്ചെ 5.30 ന് തൂക്കിലേറ്റാനാണ് മരണ വാറന്റ് പുറപ്പെടുവിച്ചിട്ടുളളത്. പ്രതികളെ തൂക്കിലേറ്റാൻ പുറപ്പെടുവിക്കുന്ന നാലാമത്തെ മരണ വാറന്റാണിത്. നേരത്തെ പുറപ്പെടുവിച്ച മൂന്നു മരണ വാറന്റുകളും പ്രതികൾ നിയമപരമായ മാർഗം ഉപയോഗിച്ചതിനാൽ നടപ്പിലാക്കാൻ കഴിഞ്ഞിരുന്നില്ല.
2012 ഡിസംബര്‍ 16നാണ് ഓടിക്കൊണ്ടിരുന്ന ബസില്‍വച്ച് പെണ്‍കുട്ടി ക്രൂരമായ പീഡനത്തിനിരയായത്. ലൈംഗിക അതിക്രമത്തിനിരയായി അവശനിലയിലായ പെണ്‍കുട്ടിയെ അക്രമികള്‍ ബസില്‍നിന്ന് പുറത്തേക്കെറിയുകയായിരുന്നു. 2012 ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വച്ചാണ് പെണ്‍കുട്ടി മരിച്ചത്.
അതേസമയം, മറ്റു പ്രതികളായ വിനയ് ശർമ, പവൻ കുമാർ ഗുപ്ത, അക്ഷയ് കുമാർ സിങ് എന്നിവർ രാജ്യാന്തര കോടതിയെ സമീപിച്ചിരിക്കുകയാണ്. മരണവാറന്റ് നിയമവിരുദ്ധമാണെന്നും തടയണമെന്നും ആവശ്യപ്പെട്ടാണ് അഭിഭാഷകൻ എപി സിങ് മുഖേന പ്രതികൾ ഹർജിയുമായി കോടതിയെ സമീപിച്ചത്.
തിരുവനന്തപുരം: കൊറോണ വെെറസ് ബാധ പടരുന്ന പശ്ചാത്തലത്തിൽ അതീവ ജാഗ്രതയുമായി കേരളം. കോവിഡ്-19 നിയന്ത്രണവിധേയമാക്കാൻ വെെകിയാൽ കേരളത്തിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളില്‍ നടക്കേണ്ട
ഉപതിരഞ്ഞെടുപ്പുകൾ ഉപേക്ഷിച്ചേക്കും.
കുട്ടനാട്, ചവറ എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടത്. കൊറോണ മൂലമുള്ള സംസ്ഥാനത്തെ അസാധാരണ സാഹചര്യങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷനെ ധരിപ്പിക്കുമെന്ന് കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടികളുമായി ആലോചിച്ച ശേഷം കമ്മീഷനാകും അന്തിമ തീരുമാനമെടുക്കുകയെന്നും ടിക്കാറാം മീണ വ്യക്തമാക്കി. കുട്ടനാട് എന്‍സിപിയുടെ തോമസ് ചാണ്ടിയും ചവറയില്‍ എല്‍ഡിഎഫ് സ്വതന്ത്രനായ വിജയന്‍ പിള്ളയും മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
ഒരു മണ്ഡലത്തില്‍ ഏതെങ്കിലും സാഹചര്യത്തില്‍ ജനപ്രതിനിധി ഇല്ലാതാകുമ്പോള്‍ ആറ് മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് നിയമം. കുട്ടനാട് ഉപതിരഞ്ഞെടുപ്പ് ചട്ട പ്രകാരം ജൂണ്‍ 19 നു മുന്‍പ് നടത്തണ്ടേതാണ്. ഇതിനിടയിലാണ് ചവറ നിയമസഭാ മണ്ഡലത്തില്‍ ഒഴിവു വന്നത്. രണ്ടു മണ്ഡലങ്ങളിലും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്താനായിരുന്നു ആലോചന.
അതിനിടയിലാണ് കൊറോണ വെെറസ് ബാധ സംസ്ഥാനത്ത് പ്രതിസന്ധി സൃഷ്ടിച്ചത്. കൊറോണ മൂലം സംസ്ഥാനത്തെ സാമ്പത്തികാവസ്ഥ ദയനീയ സ്ഥിതിയിലായെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനിടയിൽ ഒരു ഉപതിരഞ്ഞെടുപ്പ് കൂടി സംസ്ഥാനത്ത് നടത്തിയാൽ അത് ഭാരിച്ച ചെലവാകും.
കേരളത്തിൽ മൂന്ന് പേർക്ക് കൂടി ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിലെ കൊറോണ വെെറസ് ബാധിതരുടെ എണ്ണം 27 ആയി. 24 പേരാണ് ഇപ്പോൾ കൊറോണ ബാധിച്ച് ചികിത്സയിലുള്ളത്. രോഗബാധിതരായ മൂന്ന് പേർ നേരത്തെ സുഖപ്പെട്ടിരുന്നു. മലപ്പുറത്ത് രണ്ട് പേർക്കും കാസർകോട് ഒരാൾക്കുമാണ് ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചത്.
ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണം. ശുചിത്വം പാലിക്കുക. ആളുകൾ കൂടുന്ന പരിപാടികൾ പൂർണ്ണമായും ഒഴിവാക്കുക. പൊതു ഇടങ്ങളിൽ സാനിറ്റെെസർ സ്ഥാപിക്കണം. പൊതു സ്ഥലങ്ങളിൽ സോപ്പ് ഉപയോഗിച്ച് കെെ കഴുകാനുള്ള സൗകര്യം ഒരുക്കണം. കൊറോണ ഭീതിയെ തുടർന്ന് വ്യാപാര മേഖല നിർജീവമാണ്. പലരും കടകൾ തുറക്കുന്നില്ല. ഇത് അത്യന്തം ഗൗരവമുള്ള കാര്യമാണ്.
കെഎസ്ആർടിസിക്ക് കോടികളാണ് ഒരു ദിവസം നഷ്‌ടം. ദിവസം രണ്ടരക്കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നതെന്നാണ് റിപ്പോര്‍ട്ട്.
സാമ്പത്തിക രംഗം കൂടുതൽ മോശമാക്കും ഇത്. അതുകൊണ്ട് സാമൂഹ്യജീവിതം നിശ്ചലമാകുന്ന അവസ്ഥയുണ്ടാകരുത്. എല്ലാവരും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്വകാര്യ ബസുകൾക്ക് നികുതി അടയ്‌ക്കാൻ കൂടുതൽ സമയം നൽകുന്ന കാര്യം ആലോചിക്കുമെന്നും മുഖ്യമന്ത്രി ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.