‘ദി ബീസ്റ്റ്’ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന 2018 മോഡൽ കാഡിലാക് ലിമോസിനിലാണ് ട്രംപും ഭാര്യ മെലാനിയയും ഇന്ത്യയിൽ റോഡ് മാർഗം സഞ്ചരിക്കുക. കാറുകൾ ഇതിനകം ഇന്ത്യയിൽ എത്തിക്കഴിഞ്ഞു. ലോകത്തെവിടെയും യു. എസ് പ്രസിഡന്റ്, റോഡിൽ സഞ്ചരിക്കുന്ന ഔദ്യോഗിക വാഹനമാണ് ദി ബീസ്റ്റ്. ബീസ്റ്റിന്റെ സവിശേഷതകൾ എന്തൊക്കെയെന്ന് നോക്കാം.
യുണൈറ്റഡ് സ്റ്റേറ്റ്സ് സീക്രെട്ട് സെർവീസിനാണ് ഈ കാറിന്റെ പരിപാലന ചുമതല. ലോകത്തെ ഏറ്റവും സുരക്ഷിതം എന്ന് വിശേഷിപ്പിക്കാവുന്ന ഇതിനെ ഒരു ടാങ്ക് എന്ന് വിശേഷിപ്പിക്കുന്നതാവും ഉചിതം. 5 ഇഞ്ച് ഘനമുള്ള കൂട്ടലോഹം കൊണ്ടുള്ള ബോഡിയാണ് ഇവന്റെ പ്രത്യേകത. ഉരുക്ക്, അലുമിനിയം, ടൈറ്റാനിയം എന്നീ ലോഹങ്ങൾക്ക് പുറമെ സെറാമികും ബോഡിയുടെ ഭാഗമാണ്. ഈ കനത്ത ബാഹ്യ കവചത്തെ ഭേദിക്കാൻ ഒരു മാതിരി ആയുധങ്ങൾക്കൊന്നും കഴിയില്ല. ബോയിങ് 757 വിമാനത്തിന്റെ കാബിൻ ഡോറിന് സമാനമാണ് എട്ട് ഇഞ്ച് ഘനമുള്ള ഇതിന്റെ ഡോറുകൾ.
വാതിൽ അടച്ചു കഴിഞ്ഞാൽ ഈച്ചക്കെന്നല്ല രാസായുധം പ്രയോഗിച്ചാൽ പോലും അകത്ത് കടക്കില്ല. അടച്ചു കഴിഞ്ഞ ശേഷം പുറമെ നിന്ന് അനധികൃതമായി ആരെങ്കിലും ഡോറിൽ തൊട്ടാൽ ഷോക്കേൽക്കുമെന്ന അപകടവുമുണ്ട്. അഞ്ച് ലെയറിൽ ഗ്ലാസ് പാളികളും പോളികാര്ബണും ചേർത്താണ് ഇതിന്റെ വിൻഡോ നിർമിച്ചിരിക്കുന്നത്. ഡ്രൈവറുടേത് ഒഴികെ ഒരു വിൻഡോയും തുറക്കാൻ കഴിയില്ല. ഡ്രൈവറുടെ ഗ്ലാസ് പോലും മൂന്ന് ഇഞ്ച് മാത്രമേ തുറക്കാൻ കഴിയൂ. ഈ വിൻഡോകളെല്ലാം ബുള്ളറ്റ് പ്രൂഫാണ്. കനത്ത ഉരുക്ക് ഷീറ്റുകളാൽ നിർമിതമായ വാഹനത്തിന്റെ ഷാസി ബോംബ് ആക്രമണത്തിലും തകരില്ല.
ഒരിക്കലും പഞ്ചറാകാത്ത ടയറുകളാണ് മറ്റൊരു പ്രത്യേകത. സ്റ്റീൽ റിമ്മുകളോട് കൂടിയ ടയർ തകർന്നാലും വാഹനത്തിന് സഞ്ചരിക്കാൻ കഴിയും. ലിമോസിന്റെ ബാക്ക് സീറ്റ് ഏരിയയിലാണ് പ്രസിഡന്റ് ഇരിക്കുക. ഈ ഭാഗത്ത് നാലുപേർക്ക് ഇരിക്കാൻ കഴിയുന്ന വിധത്തിലാണ് ക്രമീകരണം. പാനിക് ബട്ടൺ പ്രവർത്തിപ്പിക്കാൻ കഴിയുന്നതിന് പുറമെ അടിയന്തിര ഘട്ടങ്ങളിൽ കാറിനകത്ത് പ്രാണവായു ഉറപ്പാക്കുന്ന സംവിധാനവും ഉണ്ട്. അമേരിക്കൻ വൈസ് പ്രസിഡന്റ്, പെന്റഗൺ തുടങ്ങിയവയുമായി ബന്ധപ്പെടാൻ കഴിയുന്ന സാറ്റലൈറ്റ് ഫോൺ സദാ സജ്ജമായിരിക്കും. ഒരു അപകടം ഉണ്ടായാൽ പോലും വാഹനത്തിന്റെ ഇന്ധന ടാങ്ക് പൊട്ടിത്തെറിക്കില്ല. അഗ്നി ബാധ തടയുന്നതിനുള്ള സംവിധാനം, ടിയർ ഗ്യാസ്, സ്‌മോക്ക് സ്‌ക്രീൻ ഉണ്ടാകാനുള്ള സംവിധാനം എന്നിവയും ഈ ലിമോസിനിൽ ഉണ്ട്.
പ്രസിഡന്റിന്റെ ഗ്രൂപ്പിലുള്ള രക്തവും ഇതിൽ സൂക്ഷിക്കും. ഡ്രൈവറുടെ കാബിനിൽ കമ്മ്യൂണികേഷൻ സംവിധാനം, ജി പി എസ് എന്നിവയും ഉണ്ട്. നൈറ്റ് വിഷനോട് കൂടിയ ക്യാമറയും ഘടിപ്പിച്ചിട്ടുണ്ട്. യു എസ് സീക്രെട്ട് സർവീസ് പ്രത്യേകം തിരഞ്ഞെടുത്ത് പരിശീലിപ്പിക്കുന്ന ഡ്രൈവർമാരാണ് ഇതിന്റെ സാരഥികൾ. ഒരേപോലുള്ള നാലോ അഞ്ചോ കാറുകളുടെ വ്യൂഹമായാണ് സഞ്ചാരം. ഏതിലാണ് പ്രസിഡന്റ് ഇരിക്കുന്നതെന്ന് അറിയാൻ കഴിയില്ല. ഈ വാഹനത്തെ ചേസ് ചെയ്യുന്നതായി കണ്ടാൽ റോഡിൽ ഓയിൽ പരത്തുന്നതിനുള്ള സംവിധാനവും ഇതിലുണ്ട്. സുരക്ഷയുടെ അവസാന വാക്ക് എന്ന് ബീസ്റ്റിനെ വിശേഷിപ്പിക്കാം.
ജപ്പാനിൽ മാത്രം നടക്കുന്ന ഉത്സവമാണ് ‘ഹഡാകാ മട്‌സുരി’. എന്നു വച്ചാല്‍ ‘നഗ്നരുടെ ഉത്സവം’. പേരു പോലെ തന്നെ പതിനായിരക്കണക്കിന് ആളുകളാണ് ഈ ഉത്സവത്തില്‍ നഗ്‌നരായി പങ്കെടുക്കാന്‍ എത്തുന്നത്. ഈ ഉത്സവം ഫെബ്രുവരിയിലെ മൂന്നാമത്തെ ആഴ്ചയാണ് നടക്കാറുള്ളത്. സൈദൈജി കനോനിന്‍ ക്ഷേത്രത്തിൽ നടക്കുന്ന ഉത്സവത്തിൽ പുരുഷന്മാരാണ് പങ്കെടുക്കാറുള്ളത്.
ഇതിൽ പങ്കെടുക്കുന്ന ഭൂരിഭാഗം പേരും ജാപ്പനീസ് അരക്കച്ചയും’ഫണ്ടോഷി’ വെളുത്ത സോക്‌സുകളും മാത്രമാണ് ധരിക്കാറുള്ളത്. 15ാം തീയതിയാണ് ഈ വർഷത്തെ ഹഡാകാ മട്‌സൂരി ആഘോഷിച്ചത്. കൃഷിയില്‍ വിളവ് ലഭിക്കാനും സമ്പല്‍സമൃദ്ധിക്കും വേണ്ടിയാണ് ഈ ഉത്സവം നടത്തുന്നത്. ഇതില്‍ പങ്കെടുക്കുന്ന ചെറുപ്പക്കാര്‍ക്കായി പ്രത്യേക ചടങ്ങുകള്‍ നടത്തി വരുന്നു.
ആദ്യം അര്‍ദ്ധ നഗ്‌നരായ പുരുഷന്മാര്‍ ക്ഷേത്രത്തിന് ചുറ്റുമോടാന്‍ തുടങ്ങും. പിന്നീട് ഈ കൂട്ടയോട്ടം അവസാനിക്കുന്നത് ക്ഷേത്രത്തില്‍ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന കുളത്തിലായിരിക്കും. ഇവിടെ നിന്ന് ദേഹം ശുദ്ധിയാക്കി വേണം പ്രധാനചടങ്ങുകള്‍ നടക്കുന്ന ഭാഗത്ത് എത്താൻ എന്നതാണ് വിശ്വാസം.
ആചാരങ്ങളുടെ ഭാഗമായി ക്ഷേത്രത്തിലെ പുരോഹിതന്‍ രണ്ട് ഭാഗ്യ ദണ്ഡുകളും 100 ബണ്ടില്‍ മരച്ചില്ലകളും വലിച്ചെറിയും. ഇവ കണ്ടെത്തുന്നവർക്ക് ഭാഗ്യം കൈവരുമെന്നാണ് ജപ്പാൻകാരുടെ വിശ്വാസം. ഈ ചടങ്ങ് അരമണിക്കൂര്‍ നീണ്ടു നില്‍ക്കും.മരച്ചില്ലകളും ദണ്ഡുകളും കൈക്കലാക്കുന്നതിനിടെ ഭക്തര്‍ക്ക് പരിക്കേൽക്കുന്നത് സാധാരണമാണ്.
ജപ്പാൻകാർ മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേർ ഹഡാകാ മട്‌സുരിയിൽ പങ്കെടുക്കുന്നുണ്ട്. ജപ്പാനിലെ ഒക്കയാമ നഗരത്തില്‍ നിന്ന് ട്രയിനില്‍ 30 മിനിറ്റ് സഞ്ചരിച്ചാണ് ഈ ക്ഷേത്രത്തില്‍ എത്തുന്നത്. അഞ്ഞൂറ് വര്‍ഷത്തിലേറെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഹഡാകാ മട്‌സുരിയില്‍ ഇത്തവണ പതിനായിരത്തിലേറെ പേര്‍ പങ്കെടുത്തതായാണ് കണക്കുകള്‍ പറയുന്നത്.
ബി.ജെ.പിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി കെ.സുരേന്ദ്രൻ ചുമതലയേറ്റെടുത്തു. ദേശീയ നേതാക്കളുടെയും എൻ.ഡി.എ നേതാക്കളുടേയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ എം.ടി.രമേശ്, കുമ്മനം, ശോഭാ സുരേന്ദ്രൻ എന്നിവരുടെ അസാന്നിധ്യം ശ്രദ്ധേയമായി. റെയിൽവേ സ്റ്റേഷനിൽ നിന്നു പ്രകടനമായാണ് സംസ്ഥാന ഓഫിസിലെത്തിച്ചത്.
സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റശേഷം ആദ്യമായി തലസ്ഥാനത്തെത്തിയ കെ.സുരേന്ദ്രനു ഗംഭീര വരവേൽപാണ് നൽകിയത്. പ്രകടനമായി സംസ്ഥാന കമ്മിറ്റി ഓഫിസിലെത്തി ചുമതലയേറ്റു
ദേശീയ നേതാക്കളും തുഷാർ വെള്ളാപ്പള്ളിയും പങ്കെടുത്ത ചടങ്ങിൽ സംസ്ഥാന പ്രസിഡൻറ് സ്ഥാനത്തേക്ക് പരിഗണിച്ച എം.ടി.രമേശ്, ശോഭാ സുരേന്ദ്രൻ, മുൻ പ്രസിഡന്റ് കുമ്മനം രാജശേഖരൻ എന്നിവർ പങ്കെടുത്തില്ല. കടുത്ത ഗ്രൂപ്പു തർക്കമുള്ള പാർട്ടിയിൽ പുതിയ സംസ്ഥാന ഭാരവാഹികളെ കണ്ടത്തേണ്ടത് മുതൽ വരുന്ന തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ശക്തി തെളിയിക്കേണ്ടതടക്കമുള്ള വലിയ വെല്ലുവിളികളാണ് കെ.സുരേന്ദ്രനു മുന്നിലുള്ളത്.
കണ്ണൂര്‍ തയ്യില്‍ ഒന്നര വയസുകാരന്‍ മകനെ കരിങ്കല്‍ ഭിത്തിയിലടിച്ച് കൊന്ന ശരണ്യയുടെ ക്രൂരതയുടെ പൊയ്മുഖങ്ങള്‍ പുറത്താകുന്നു. കാമുകനൊപ്പം ജീവിക്കാനായി ഒന്നരവയസ്സുകാരനെ കൊന്നതെന്ന് വെളിപ്പെട്ടു കഴിഞ്ഞു. അതേസമയം ശരണ്യയിയെ ഈ കുറ്റകൃത്യത്തക്കേ് പ്രേരിപ്പിച്ച കാമുകന്‍ നിധിനെതിരെയും ഇപ്പോള്‍ നാട്ടുകാര്‍ രംഗത്തെത്തിയിരിക്കയാണ്.
ശരണ്യയുടെ കാമുകന്‍ വലിയന്നൂര്‍ സ്വദേശി നിധിനെതിരെ, ഭര്‍ത്താവ് പ്രണവും കുടുംബവും ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. നിധിന്‍ നിരന്തരം ശരണ്യയെ കാണാനെത്തിയിരുന്നു എന്നും പണവും മറ്റും ഇയാള്‍ വാങ്ങിയിരുന്നു എന്നുമാണ് മൊഴിയില്‍ പറഞ്ഞിരിക്കുന്നത്. ഭര്‍ത്താവ് പ്രണവും തന്റെ ഭാര്യുമായി ഇയാള്‍ ചങ്ങാത്തത്തിലായിരുന്നു എന്നുള്ള മൊഴിയാണ് നല്‍കിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് നിധിനെതിരെ കേസെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. നിധിനെ പൊലീസ് അറസ്റ്റ് ചെയ്യാത്തതില്‍ നാട്ടുകാര്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. എന്നാല്‍ വ്യക്തമായ തെളിവുകള്‍ ഇല്ലാത്തതിനാലാണ് അറസ്റ്റ് ചെയ്യാത്തതെന്നാണ് പറയുന്നത്.
ശരണ്യയും നിധിനും തമ്മില്‍ സാമ്പത്തിക ഇടപാട് നടന്നിട്ടുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നിധിനും ശരണ്യയും ചേര്‍ന്ന് കണ്ണൂര്‍ സിറ്റിയിലുള്ള ഒരു സഹകരണ ബാങ്കില്‍ നിന്ന് ലോണ്‍ എടുക്കാന്‍ ശ്രമിച്ചിരുന്നു. നിധിന്റെ വീട്ടില്‍ നടക്കുന്ന വിവാഹാവശ്യത്തിന് വേണ്ടിയാണ് എന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ തെളിവായി ശരണ്യയുടെ വീട്ടില്‍ നിന്നും നിധിന്റെ റേഷന്‍ കാര്‍ഡ്, ആധാര്‍, തിരിച്ചറിയല്‍ രേഖകള്‍, കരം അടച്ച രസീത് എന്നിവ കണ്ടെത്തിയിരുന്നു. പൊലീസ് ഈ സഹകരണ ബാങ്കില്‍ അന്വേഷിച്ചെത്തിയപ്പോള്‍ ശരണ്യയും നിധിനും ലോണിന് അപോക്ഷിക്കാന്‍ എത്തിയിരുന്നു എന്ന വിവരം ലഭിച്ചു. ഇക്കാര്യം നിധിനോട് ചോദിച്ചപ്പോള്‍ ഒരു ലക്ഷം രൂപയുടെ ലോണ്‍ എടുക്കാനായിരുന്നു എന്നും 50,000 രൂപ വീതം രണ്ടുപേരും കൂടി പങ്കിട്ടെടുക്കാനായിരുന്നു തീരുമാനമെന്നുമാണ് പറഞ്ഞത്.
ഇന്നലെ വൈകിട്ട് ശരണ്യയുടെ അയല്‍വാസിയായ ജിഷ്ണു നിധിനെതിരെ നിര്‍ണ്ണായകമായ മൊഴി പൊലീസിന് നല്‍കി. ഫെബ്രുവരി 16 ന് പുലര്‍ച്ചെ തയ്യില്‍ ജങ്ഷന് സമീപം ഒരു പള്‍സറില്‍ നിധിന്‍ നില്‍ക്കുന്നത് കണ്ടു എന്നാണ് ജിഷ്ണു മൊഴി നല്‍കിയത്. ഒരു സുഹൃത്തിനെ ധര്‍മ്മടത്ത് നിന്ന് കൂട്ടിക്കൊണ്ടു വരുവാനായി പോയതായിരുന്നു ജിഷ്ണു. അപ്പോഴാണ് നിധിനെ കണ്ടത്. എന്താണ് ഇവിടെ നില്‍ക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ മദ്യപിച്ചിട്ടുണ്ടെന്നും പൊലീസിനെ കണ്ട് മാറി നിന്നതാണ് എന്ന് പറയുകയുമായിരുന്നു. ഇവിടെ നില്‍ക്കണ്ട നാട്ടുകാര്‍ ആരെങ്കിലും കണ്ടാല്‍ വെറുതെ മെക്കിട്ടുകേറും അതുകൊണ്ട് വേഗം പോകാന്‍ പറഞ്ഞു. അപ്പോള്‍ ജിഷ്ണുവിനോട് പൊലീസുണ്ടോ എന്ന് ഒന്ന് നോക്ക് എന്നിട്ട് ഞാന്‍ പൊയ്‌ക്കോളാം എന്ന് നിധിന്‍ പറഞ്ഞു. പേടിക്കണ്ട എന്റെ കൂടെ പോര് എന്ന് പറഞ്ഞ് ജിഷ്ണു തേക്കില പീടികവരെ നിധിനെ കൊണ്ടാക്കി എന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഭര്‍തൃ വീട്ടുകാര്‍ വീട്ടില്‍ നിന്നും സ്വര്‍ണ്ണവും പണവും ശരണ്യ എടുത്തിട്ടുണ്ട് എന്ന് ആരോപണം ഉന്നയിച്ചിരുന്നു. മോഷണം നടത്തിയത് നിധിന് പണം നല്‍കാനായിരിക്കാം എന്നാണ് ഇപ്പോള്‍ ഉയരുന്ന സംശയം.
പ്രണവും ശരണ്യയും ഫെയ്‌സ് ബുക്ക് വഴി പരിചയപ്പെട്ടായിരുന്നു വിവാഹം കഴിച്ചത്. ശരണ്യയും നിധിനും തമ്മിലുള്ള ബന്ധം തുടങ്ങുന്നത് വിവാഹ ശേഷം ഭര്‍ത്താവ് പ്രണവ് ഗള്‍ഫില്‍ ജോലിക്ക് പോയശേഷമായിരുന്നു. ശരണ്യയുടെ ഒരു സുഹൃത്ത് പ്രണവ് ഇഷ്ടപ്പെടുന്ന സമയത്ത് തന്റെ ഫെയ്‌സ് ബുക്ക് സുഹൃത്തായ നിധിനും ഇഷ്ടമായിരുന്നെന്നും വിവാഹം കഴിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു എന്നും പറഞ്ഞു. ഇത് കേട്ട ശരണ്യ നിധിനെ ഫെയ്‌സ് ബുക്ക് വഴി മെസ്സേജ് അയച്ച് ഇതിനെ പറ്റി അന്വേഷിക്കുകയും പിന്നെ നിരന്തരം മെസ്സേജുകള്‍ അയച്ച് പ്രണയത്തിലേക്ക് വീഴുകയുമായിരുന്നു. ഫോണ്‍ നമ്പര്‍ കൈമാറി നിരന്തരം ഫോണ്‍ വിളിച്ച് സംസാരിക്കുകയും വീട്ടിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തിരുന്നു. നിധിന്‍ ആത്മാര്‍ത്ഥമായാണ് സ്‌നേഹിക്കുന്നതെന്നായിരുന്നു ശരണ്യ കരുതിയിരുന്നത്. എന്നാല്‍ നിധിന്‍ ശരണ്യയെപോലെ മറ്റു യുവതികളുമായി ബന്ധങ്ങളുണ്ടായിരുന്നതായി പൊലീസ് ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞു. നിധിന്‍ മറ്റ് പല ഉദ്ദേശങ്ങളുമായി അടുത്തുകൂടുകയായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം.
സൂറത്ത്: ഗുജറാത്ത് സൂറത്തിലെ മുൻസിപ്പൽ കോർപ്പറേഷനിൽ യുവതികളെ നഗ്നരാക്കി ഗർഭപരിശോധന നടത്തിയത് വിവാദമായി. വനിതാ ട്രെയിനി ക്ലർക്കുകളെ നഗ്നരാക്കി ഗർഭപരിശോധന നടത്തിയെന്നാണ് ആരോപണം.
ആശുപത്രിയിലെ ഗെെനക്കോളജി വാർഡിൽ പത്തോളം യുവതികളെ ഒന്നിച്ചു നഗ്നരാക്കി നിർത്തി പരിശോധന നടത്തുകയായിരുന്നു. വനിതാ ട്രെയിനികൾ തന്നെയാണ് ഇതിനെതിരെ രംഗത്തെത്തിയത്. പരിശോധന നടത്തിയ രീതി ശരിയായില്ലെന്ന് യുവതികൾ ആരോപിച്ചു. സംഭവം വിവാദമായതിനെ തുടർന്ന് അന്വേഷണം നടത്താൽ സൂറത്ത് മുൻസിപ്പൽ കമ്മിഷണർ ഉത്തരവിട്ടു.
സൂററ്റ് മുനിസിപ്പൽ ഇൻസ്റ്റിറ്റ‌്യൂട്ടിൽ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് ആശുപത്രിയിൽ ഫെബ്രുവരി 20 നാണ് ആരോപണത്തിന് ഇടയാക്കിയ സംഭവം നടക്കുന്നത്. അവിവാഹിതരായ സ്ത്രീകളെപ്പോലും നഗ്നരാക്കി ഗർഭ പരിശോധന നടത്തിയെന്നാണ് ആരോപണം. പത്തോളം യുവതികളെ ഒന്നിച്ചുനിർത്തി പരിശോധിച്ചതിനെതിരെയും യുവതികൾ രംഗത്തെത്തി. പരിശോധനയ്‌ക്ക് തങ്ങൾ എതിരല്ലെന്നും എല്ലാവരെയും ഒന്നിച്ചു നഗ്നരാക്കി നിർത്തി പരിശോധിച്ചത് ശരിയായില്ലെന്നും യുവതികൾ ആരോപിച്ചു.
മൂന്നു വർഷത്തെ പരിശീലന കാലയളവ് പൂർത്തിയായപ്പോൾ എല്ലാ ട്രെയിനി ജീവനക്കാരും അവരുടെ ശാരീരിക ക്ഷമത തെളിയിക്കാൻ ശാരീരിക പരിശോധന നടത്തേണ്ടതുണ്ടെന്ന് അധികൃതർ പറഞ്ഞു. ഗെെനക്കോളജി വിഭാഗത്തിലെ ഡോക്‌ടർമാരുടെ പെരുമാറ്റത്തിനെതിരെയും യുവതികൾ ആരോപണമുന്നയിച്ചിട്ടുണ്ട്.
എസ്എംസി എംപ്ലോയീസ് യൂണിയൻ വ്യാഴാഴ്ച കമ്മിഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് ബഞ്ചനിധി മൂന്നംഗ സമിതിയെ രൂപീകരിച്ചു. സമിതിയോടു 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ടിട്ടുണ്ട്.
ഗുജറാത്തിലെ വനിതാ കോളജിൽ ആർത്തവമുണ്ടോയെന്നറിയാൻ വിദ്യാര്‍ഥികളെ നഗ്നരാക്കി പരിശോധന നടത്തിയെന്ന വിവാദത്തിനു പിന്നാലെയാണ് ഇപ്പോഴത്തെ ആരോപണവും.
നൂറ് കണക്കിന് ആഡംബര വാഹനങ്ങൾ കേരളത്തിൽനിന്നും തമിഴ്‌നാട്ടിലേക്ക് മോഷ്ടിച്ച് കടത്തിയ കേസിൽ കോയമ്പത്തൂർ സ്ഫോടനക്കേസ് പ്രതിയെ കോട്ടയം പോലീസ് അറസ്റ്റ് ചെയ്തു. നിരോധിത സംഘടനയായ അൽ ഉമ്മ പ്രവർത്തകൻ കൂടിയായ ഭായി മുഹമ്മദ് റഫീഖ് എന്ന തൊപ്പി റഫീക്കിനെയാണ് കോട്ടയം വെസ്റ്റ് പോലീസ് പിടികൂടിയത്. വാഹന മോഷണക്കേസിൽ തൃശ്ശൂർ വാടാനപ്പള്ളി ഗണേശമംഗലം പുത്തൻവീട്ടിൽ ഇല്യാസ്(37), എറണാകുളം ആലുവ യു.സി. കോളേജ് ചെറിയംപറമ്പിൽ വീട്ടിൽ കെ. എ.നിഷാദ്(37) എന്നിവരെ നേരത്തേ പോലീസ് പിടികൂടിയിരുന്നു. പിന്നാലെയാണ് റഫീഖിന്റ അറസ്റ്റ്. കോയമ്പത്തൂർ ഉക്കടത്തെ താമസ സ്ഥലത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.
കോട്ടയത്ത് നിന്ന് റിട്ട. എസ്.ഐയുടെ ഇന്നോവാ കാർ കടത്തിയതുമായി ബന്ധപ്പെട്ട് വെസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. കോട്ടയം ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നിർദേശ പ്രകാരം കോട്ടയം ഡിവൈ.എസ്.പി ആർ. ശ്രീകുമാർ , കോട്ടയം വെസ്റ്റ് എസ്.എച്ച്.ഒ ഇൻസ്പെക്ടർ എം.ജെ അരുൺ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പാലക്കാടും കോയമ്പത്തൂരും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതി പിടിയിലാവുന്നത്. കോയമ്പത്തൂരെത്തിയ സംഘം റഫീഖിനെ പിടികൂടിയതിന് പിന്നാലെ സംഭവസ്ഥലത്ത് ഇയാൾക്ക് വേണ്ടി ആളുകൾ തടിച്ച് കൂടിയെങ്കിലും സാഹസികമായി പൊലീസ് സംഘം പ്രതിയെയുമായി കേരളത്തിലേയ്ക്ക് പോരുകയായിരുന്നെന്ന് വെസ്റ്റ് പോലീസ് പ്രതികരിച്ചു.
1998 ഫെബ്രുവരി 14 ന് 60 പേർ കൊല്ലപ്പെട്ട കേസിലെ പ്രതിയായ റഫീഖ് കോയമ്പത്തൂർ ബോംബ് സ്ഫോടനത്തിൽ പ്രതിയായിരുന്ന 2007 – 2008 കാലയളവിലാണ് ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങിയത്. സ്ഫോടനം നടത്തുന്നതിനായി കൊണ്ടുവന്ന ബോംബ് ഉക്കടത്തുള്ള തന്റെ വീട്ടിൽ സൂക്ഷിച്ചെന്നായിരുന്നു ഇയാൾക്കെതിരായ കുറ്റം. കേസിൽ റഫീഖിന്റെ സഹോദരനും മുജീറും ശിക്ഷിക്കപ്പെട്ടിരുന്നു. അൽ ഉമ്മ കമാൻഡറെന്ന് വിശേഷിക്കപ്പെട്ടിരുന്ന മുജീർ ശിക്ഷാ കാലയളവിൽ ജയിലിൽ വച്ച് മരിക്കുകയായിരുന്നു. പ്രധാനമന്ത്രിയെ വധിക്കും എന്ന് ഭീഷണിപ്പെടുത്തിയതിന് കോയമ്പത്തൂർ കുനിയ മുത്തൂർ പൊലീസ് സറ്റേഷനിലും റഫീഖിനെതിരെ കേസ് നിലവിലുണ്ട്. റഫീഖിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് പല തവണ കോയമ്പത്തൂരിൽ എത്തിയിരുന്നെങ്കിലും ഇയാളുടെ അനുയായികൾ തടഞ്ഞ് മടക്കി അയക്കുകയായിരുന്നു.
കേസിൽ നേരത്തെ അറസ്റ്റിലായ ഇല്യാസ് , നിഷാദ് , പത്തനംതിട്ട സ്വദേശി ശിവശങ്കരപിള്ള തുടങ്ങിയ ഏജന്റുമാർ മുഖേന വർഷങ്ങളായി നൂറ് കണക്കിന് കാറുകൾ ഇവർ കേരളത്തിൽ നിന്ന് മോഷ്ടിച്ച് കടത്തിയിട്ടുണ്ടെന്നും തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുന്നതിനായിരുന്നു നടപടിയെന്നും പോലീസ് പറഞ്ഞു. വർഷങ്ങൾ നീണ്ട ശ്രമത്തിനൊടുവിലാണ് അറസ്റ്റെന്നും പോലീസ് വ്യക്തമാക്കി. ഇല്യാസിന്റ പേരിൽ , കേരളത്തിൽ നിരവധി വാഹനക്കവർച്ച കേസുകളും, റഫീഖിന്റെ സഹായത്തോടെ ലക്ഷങ്ങളുടെ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസും നിലവിലുണ്ട്. നിഷാദ് സുൽത്താൻ ബത്തേരിയിൽ കുഴൽപ്പണ കടത്തിലെ കേരളത്തിലെ പ്രധാന കണ്ണിയാണ്. സുൽത്താൻ ബത്തേരി, അങ്കമാലി , ആലുവ എറണാകുളം സെൻട്രൽ തുടങ്ങിയ സ്ഥലങ്ങളിൽ നിഷാദിനെതിരെ കേസുണ്ട്. ഇരുവരും ഇപ്പോൾ റിമാൻഡിലാണെന്നും പോലീസ് വ്യക്തമാക്കി.
കേരളത്തിൽ നിന്നും മോഷ്ടിക്കുന്ന വാഹനങ്ങൾ തമിഴ്നാട്ടിൽ എത്തിച്ച് എൻജിൻ നമ്പരും ചെയ്സ് നമ്പരും മാറ്റിയ ശേഷം പൊളിച്ച് മറ്റ് സ്ഥലങ്ങളിലേയ്ക്ക് കടത്തുകയാണ് പതിവ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറിലേറെ വാഹനങ്ങളാണ് ഇത്തരത്തിൽ തട്ടിക്കൊണ്ടുപോയത്. ഇന്നോവ , എർട്ടിഗ , എക്സ് യു വി തുടങ്ങി ലക്ഷങ്ങൾ വിലയുള്ള വാഹനങ്ങളാണ് തമിഴ്നാട്ടിലേയ്ക്ക് കടത്തിയത്. കോഴിക്കോട് കസബ സ്റ്റേഷൻ പരിധിയിൽ നിന്ന് ഇന്നോവ , പിറവം സ്റ്റേഷൻ പരിധിയിൽ നിന്ന് ബെലാനോ , പെരിന്തൽമണ്ണയിൽ നിന്ന് എർട്ടിഗ ,നെടുമ്പാശേരിയിൽ നിന്ന് ഇന്നോവ, വർക്കലയിൽ നിന്ന് എക്സ് യു വി , മാളയിൽ നിന്ന് ബുള്ളറ്റ് , ശ്രീകണ്ഢപുരത്ത് നിന്ന് ഇന്നോവ , ആലുവയിൽ നിന്ന് എർട്ടിഗ , എറണാകുളം സെൻട്രലിൽ നിന്ന് ഇന്നോവ , കരിങ്കുന്നത്ത് നിന്ന് പിക്കപ്പ് , കാളിയാറിൽ നിന്ന് ഇയോൺ , കോഴിക്കോട് നടക്കാവ് നിന്ന് ഇന്നോവ , ആലുവയിൽ നിന്ന് ഇന്നോവ , കണ്ണൂർ ആലംകോട് നിന്ന് സ്വിഫ്റ്റ് എന്നീ വാഹനങ്ങളാണ് പ്രതികൾ ഭായി റഫീഖിന് കൈ മാറിയത് എന്ന് പൊലീസ് കണ്ടെത്തി. കണ്ണൂർ കോഴിക്കോട് ഭാഗങ്ങളിൽ നിന്ന് മുപ്പതോളം വാഹനങ്ങൾ ഇത്തരത്തിൽ കടത്തിയതിനും റഫീഖിനെതിരെ കേസുണ്ട്.
അതേസമയം, റഫീഖിനെ പിടികൂടാൻ കോട്ടയം വെസ്റ്റ് പൊലീസ് കോയമ്പത്തൂർ പൊലീസിന്റെ സഹായം തേടിയിരുന്നെങ്കിലും ലഭിച്ചില്ലെവന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. തുടര്‍ന്ന് കോയമ്പത്തൂർ പൊലീസിന്റെ യാതൊരു സഹായവുമില്ലാതെയായിരുന്നു കോട്ടയത്തുനിന്നുള്ള പൊലീസ് സംഘം ഇയാളെ സാഹസികമായി അറസ്റ്റ് ചെയ്തത്. വെസ്റ്റ് പ്രിൻസിപ്പൽ എസ്.ഐ ടി. ശ്രീജിത്ത് , എ.എസ് ഐ പി.എൻ മനോജ് , സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സജീവ് ടി.ജെ , സുദീപ് സി , സിവിൽ പൊലീസ് ഓഫിസർമാരായ കെ ആർ ബൈജു , വിഷ്ണു വിജയദാസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
യുവ ബോക്‌സിംഗ് താരം പ്രണവ് റൗത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്രയില്‍ അകോലയിലെ ഹോസ്റ്റല്‍ മുറിയിലാണ് പ്രണവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നാഗ്പൂര്‍ ആണ് സ്വദേശം. ദേശീയ തലത്തില്‍ ശ്രദ്ധേയനായ താരമാണ് 19-കാരനായ പ്രണവ്.
അകോലയിലെ സ്‌പോര്‍ട്ട്‌സ് അക്കാദമിയില്‍ പരീശീലനത്തിന് എത്തിയതായിരുന്നു പ്രണവ്. ഇന്നലെ ഇവിടെ നടന്ന ടൂര്‍ണമെന്റില്‍ പ്രണവ് പങ്കെടുക്കേണ്ടതായിരുന്നു. ആരോഗ്യകാരണം പറഞ്ഞ് വ്യാഴാഴ്ച പരിശീലനത്തില്‍ പങ്കെടുക്കാതിരുന്ന പ്രണവിനെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല.
ഈ വര്‍ഷം ആദ്യം ഡല്‍ഹിയില്‍ വെച്ച് നടന്ന നാഷണല്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പ്രണവ് മഹാരാഷ്ട്രയെ പ്രതിനിധീകരിച്ചിരുന്നു.
30100 പിന്നിട്ട് സ്വർണ്ണവില കുതിക്കുന്നു. പവന് രണ്ട് ഘട്ടങ്ങളിലായി 400 രൂപ ഇന്നലെ ഉയർന്നതോടെ വില 31, 280 രൂപയായി . രാജ്യാന്തര വിപണിയിലെ വില വർധനയാണ് ആണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്
കൊറോണ വൈറസ് ബാധ ആഗോള സമ്പദ്ഘടനയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന ആശങ്കയാണ് വിലവര്‍ധനയ്ക്ക് ഇടയാക്കിയത്. ആഗോള വിപണിയില്‍ സ്വര്‍ണ്ണവില ഏഴുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലാണ്.
2020 തുടങ്ങിയതു മുതല്‍ സ്വര്‍ണ്ണവിലയില്‍ ആറു ശതമാനമാണ് വര്‍ധനവ് ഉണ്ടായത്. ഈ വില വര്‍ധന തുടരാന്‍ തന്നെയാണ് സാധ്യതയെന്നാണ് നിക്ഷേപക ലോകം വിലയിരുത്തുന്നത്.
കൊച്ചി∙ റെക്കോർഡുകൾ തകർത്ത് സ്വർണവില പുതിയ ഉയരങ്ങളിലേക്ക്. ഇന്നലെ പവന് 280 രൂപ ഉയർന്നതോടെ വില 30,680 രൂപയിലെത്തി. ഗ്രാമിന് 35 രൂപ ഉയർന്ന്, വില 3835 രൂപയായി. രാജ്യാന്തര വിപണിയിലെ വിലവർധനയാണ് ആഭ്യന്തര വിപണിയെയും ബാധിക്കുന്നത്. നിക്ഷേപകർ സ്വർണം വൻതോതിൽ വാങ്ങിക്കൂട്ടുകയാണ്. ആഗോള സാമ്പത്തികമേഖലയിലുണ്ടാകുന്ന ചലനങ്ങൾക്കൊപ്പം കൊറോണ വൈറസ് ഭീതിയും സ്വർണവില ഉയരാൻ കാരണമാകുന്നുണ്ട്. വൈറസ് ബാധ ചൈനയുടെ സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കിയ തിരിച്ചടി ആഗോള വിപണിയിൽ അനിശ്ചിതത്വമുണ്ടാക്കി. ഇതു മൂലം സുരക്ഷിതനിക്ഷേപമെന്ന നിലയിലുള്ള സ്വർണം വാങ്ങൽ കൂടുകയാണ്.
ജനുവരി ഒന്നിന് 29,000 രൂപയായിരുന്നു കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില. 1680 രൂപയാണ് ഇന്നലെവരെ കൂടിയത്. ഗ്രാമിന് 210 രൂപയും ഉയർന്നു. രാജ്യാന്തര വിപണിയിൽ ഒരു മാസത്തിനുള്ളിൽ 53 ഡോളറാണ് സ്വർണത്തിനു കൂടിയത്. ട്രോയ് ഔൺസിന് (31.1 ഗ്രാം) വില 1610 ഡോളറായി ഉയർന്നു. രാജ്യാന്തര വിപണിയിൽ സ്വർണവില 7 വർഷത്തെ ഉയർന്ന നിലവാരത്തിലാണ്. ഡിമാൻഡ് ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ വില ഇനിയും ഉയരാനാണു സാധ്യത.
മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലാണ് സ്വർണവില കുറവ്. തമിഴ്നാട്ടിൽ ഒരു ഗ്രാം സ്വർണത്തിന് 3915 രൂപയാണു വില. കർണാടകയിൽ 3845 രൂപയാണു വില. ഡൽഹിയിൽ 3999 രൂപ. ഹൈദരാബാദിൽ 3915.മുംബൈയിൽ 3975 രൂപ. വില കുത്തനെ ഉയരുന്നതിനാൽ കേരളത്തിൽ മാർജിൻ കുറച്ചാണ് വില നിശ്ചയിക്കുന്നത്.
വില കുത്തനെ ഉയർന്നതോടെ ആഭ്യന്തര വിപണിയിൽ സ്വർണാഭരണങ്ങളുടെ ഡിമാൻഡ് കുറഞ്ഞു. വിവാഹ സീസൺ കൂടി കഴിഞ്ഞതോടെ ജ്വല്ലറികളിലെ കച്ചവടം ഗണ്യമായി കുറഞ്ഞു. അതേസമയം, സ്വർണം മാറ്റിവാങ്ങാനും വിൽക്കാനുമെത്തുന്നവരുടെ എണ്ണം കൂടി.
ഒന്നര വയസുള്ള മകനെ കടല്‍ഭിത്തിയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി തിയ്യല്‍ കൊടുവള്ളി ഹൗസില്‍ ശരണ്യയ്ക്ക്(22) ജയിലില്‍ പ്രത്യേക സുരക്ഷ. പകലും രാത്രിയും ശരണ്യയെ നിരീക്ഷിക്കാന്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ഒരു വാര്‍ഡന് ചുമതല നല്‍കി. പ്രതിയുടെ മാനസികാവസ്ഥ പരിഗണിച്ചാണ് തീരുമാനം. കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡ് തടവുകാര്‍ കഴിയുന്ന ഡോര്‍മിറ്ററിയിലാണ് ശരണ്യയെ പാര്‍പ്പിച്ചിരിക്കുന്നത്.
ജയില്‍ ജീവനക്കാരുമായി ശരണ്യ സഹകരിക്കുന്നുണ്ട്. എങ്കിലും മാനസിക നില മെച്ചപ്പെടുത്തുന്നതിനുള്ള കൗണ്‍സിലിങ് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. സ്വന്തം മകളേയും മാതാപിതാക്കളേയും കൊലപ്പെടുത്തിയ സൗമ്യയുടെ അനുഭവമാണ് ശരണ്യയുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത ഒരുക്കാന്‍ ജയില്‍ അധികൃതരെ പ്രേരിപ്പിച്ചത്.
ഇതേ ജയിലില്‍ കഴിയുന്ന സൗമ്യ 2018 ഓഗസ്റ്റ് 24ന് ജയില്‍ വളപ്പിലെ കശുമാവ് കൊമ്പില്‍ തൂങ്ങി മരിച്ചിരുന്നു. സൗമ്യയുടെ ആത്മഹത്യയ്ക്ക് കാരണം സുരക്ഷാ വീഴ്ചയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരങ്ങള്‍ നടക്കുമ്പോള്‍ വിവാദ
പ്രസ്താവനയുമായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും പൗരത്വം വൈകാതെ നഷ്ടമാകുമെന്നും ആഭ്യന്തരമന്ത്രി അമിത് ഷായുടെ ടേബിളില്‍ ഇതു സംബന്ധിച്ച ഫയലുണ്ടെന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.
പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ എബിവിപി സംഘടിപ്പിച്ച പരിപാടിയിലാണ് സ്വാമിയുടെ പ്രസ്താവന. ഇന്ത്യന്‍ പൗരനായിരിക്കെ മറ്റേതെങ്കിലും രാജ്യത്തിന്റെ പൗരത്വം സ്വീകരിച്ചാല്‍ ഇന്ത്യയിലെ പൗരത്വം നഷ്ടമാകും. ഇംഗ്ലണ്ടില്‍ ബിസിനസ് തുടങ്ങുന്നതിനായി രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരത്വം സ്വന്തമാക്കിയിരുന്നുവെന്നും സുബ്രഹ്മണ്യം സ്വാമി ആരോപിച്ചു. പൗരത്വം നഷ്ടപ്പെട്ടാലും, അച്ഛന്‍ രാജീവ് ഗാന്ധി ഇന്ത്യക്കാരനായതു കൊണ്ട് രാഹുല്‍ ഗാന്ധിക്ക് വീണ്ടും പൗരത്വത്തിന് അപേക്ഷിക്കാമെന്നും സ്വാമി പരിപാടിയില്‍ പറഞ്ഞു.
പൗരത്വ നിയമവുമായി ബന്ധപ്പെട്ട സംവാദത്തിന് കോണ്‍ഗ്രസ് നേതാക്കളെ സ്വാമി വെല്ലുവിളിക്കുകയും ചെയ്തു. പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് ശരിയായി മനസിലാക്കാത്തവരാണ് പ്രതിഷേധവുമായി രംഗത്തെത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.