മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍.സി.പി. അജിത് പവാര്‍ പക്ഷ നേതാവുമായ ബാബാ സിദ്ധിഖി വെടിയേറ്റു മരിച്ചു. ബാന്ദ്രയിലെ ഓഫീസില്‍വെച്ച് ശനിയാഴ്ച വൈകുന്നേരമാണ് അദ്ദേഹത്തിന് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
അക്രമികള്‍ മൂന്നു തവണ അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തതായാണ് വിവരം. നെഞ്ചിലും വയറ്റിലുമായാണ് വെടിയുണ്ടകള്‍ തറച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ പിടിയിലായതായാണ് റിപ്പോർട്ട്. രാത്രി 9.30 -ഓടെയായിരുന്നു സംഭവം. മകനും ബാന്ദ്ര ഈസ്റ്റ് എം.എൽ.എയുമായ സീഷന്റെ ഓഫിസിലായിരുന്നു അദ്ദേഹം.
ബാന്ദ്ര ഈസ്റ്റിൽ നിന്ന് മൂന്ന് തവണ (1999, 2004, 2009) എം.എൽ.എ. ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നേരത്തെ കോൺഗ്രസിലായിരുന്ന അദ്ദേഹം പിന്നീട് അജിത് പവാർ പക്ഷം എൻ.സി.പിയിലേക്ക് മാറിയിരുന്നു. 2004 – 2008 കാലത്ത് ഭക്ഷ്യവിതരണ വകുപ്പ് മന്ത്രിയായിരുന്നു.
17 വയസ്സുള്ള മകളെ കൊലപ്പെടുത്താൻ കരാർ കൊലയാളി 42 കാരിയായ സ്ത്രീയെ അക്രമി കൊലപ്പെടുത്തി. ഉത്തർപ്രദേശ് ഇറ്റാഹ് ജില്ലയിലെ സംഭവത്തിന് പിന്നാലെ ചുരുളഴിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങളെന്ന് പോലീസ്. അക്രമി മകളുടെ കാമുകനാണെന്ന് തെളിഞ്ഞതോടെയാണ് കേസിൽ വഴിത്തിരിവായത്.
മകളെ വകവരുത്താൻ തീരുമാനിച്ചതാണ് സംഭവങ്ങളുടെ തുടക്കം. മകളുടെ പ്രണയബന്ധം അറിഞ്ഞതോടെയാണ് കുടുംബം ഇങ്ങനെയൊരു തീരുമാനത്തിലേയ്ക്ക് എത്തുന്നത്.
വളരെ വൈകിയും മകൾ തിരിച്ചെത്താത്തതോടെ പരാതിയുമായി ആൽക്കയും ഭർത്താവും എത്തുന്നു. എന്നാൽ പിന്നീട് മകൾക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് ഇരുവരും അറിയുന്നു. ഇത് അൽക്കയെ വളരെയധികം വിഷമിപ്പിച്ചിരുന്നുവെന്നും അവളെ ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ഇതിനുവേണ്ടിയാണ് ബലാത്സംഗത്തിന് ശിക്ഷിക്കപ്പെട്ട് അടുത്തിടെ ജയിൽ മോചിതനായ സുഭാഷുമായി അവൾ ബന്ധപ്പെട്ടു. മകളെ കൊല്ലാൻ 50,000 രൂപയാണ് അൽക്ക സുഭാഷിന് വാഗ്ദാനം ചെയ്തത്.
എന്നാൽ സുഭാഷ് തൻ്റെ മകളുമായി പ്രണയബന്ധത്തിലായിരുന്ന വിവരം അൽക്കയോ ഭർത്താവോ അറിഞ്ഞിരുന്നില്ല. സുഭാഷ് നൽകിയ മൊബൈൽ ഫോണിലൂടെയാണ് ഇരുവരും ആശയവിനിമയം നടത്തിയിരുന്നത്.
അൽക്കയുടെ പദ്ധതി അറിഞ്ഞ സുഭാഷ് മകളെ വിവരമറിയിച്ചു. മകൾ എതിർക്കുന്നതിന് പകരം സുഭാഷിനോട് വിവാഹാലോചന നടത്തുകയും അമ്മയെ കൊല്ലാൻ പ്രേരിപ്പിക്കുകയും ചെയ്തു. അവർ ഒരുമിച്ച് അൽക്കയെ കൊല്ലാൻ പദ്ധതി ആവിഷ്കരിച്ചു.
മകളെ കൊലപ്പെടുത്തിയതിൻ്റെ ഫോട്ടോകൾ അൽക്കയ്ക്ക് അയച്ചുകൊടുത്ത സുഭാഷ് കരാർ തുക ആവശ്യപ്പെട്ടിരുന്നു. ആഗ്രയിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. മകളെ താൻ കൊന്നിട്ടില്ലെന്ന് സുഭാഷ് അൽക്കയോട് വെളിപ്പെടുത്തി.
ഇതിനുശേഷം, മകളും കാമുകനും അൽക്കയെ എറ്റയിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, അവളുടെ മൃതദേഹം വയലിൽ ഉപേക്ഷിക്കുകയായിരുന്നു. കൊലപാതകക്കുറ്റം ചുമത്തി മകളെയും കരാർ കൊലയാളിയെയും പോലീസ് അറസ്റ്റ് ചെയ്തു.
എറണാകുളത്ത് സുഹൃത്തായ യുവതിയെ റോഡിൽ തടഞ്ഞു നിർത്തി ഉപദ്രവിക്കുകയും മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ചെയ്ത യുവാവിനെ പൊലീസ് പിടികൂടി. മലപ്പുറം സ്വദേശി മുഹമ്മദ് ഫൈസലിനെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ എട്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം. യുവതി സൌഹൃദത്തിൽ നിന്നും പിന്മാറിയതാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
ടാറ്റ ട്രസ്റ്റിന്റെ ചെയര്‍മാനായി നോയല്‍ ടാറ്റയെ തിരഞ്ഞെടുത്തു. രത്തന്‍ ടാറ്റയുടെ നിര്യാണത്തെ തുടര്‍ന്നാണ് നോയലിന്റെ നിയമനം. ഇന്ന് രാവിലെ ചേര്‍ന്ന ടാറ്റ ട്രസ്റ്റ് ബോര്‍ഡ് യോഗത്തിലാണ് രത്തന്‍ ടാറ്റയുടെ അര്‍ധസഹോദരന്‍ കൂടിയായ നോയല്‍ ടാറ്റയെ ചെയര്‍മാനായി തിരഞ്ഞെടുത്തത്.
ടാറ്റാ ഗ്രൂപ്പിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് നോയലിന്റെ നേതൃത്വം ശക്തിപകരുമെന്ന് കോര്‍പ്പറേറ്റ് ലോയര്‍ കൂടിയായ എച്ച്.പി റാനിന പ്രതികരിച്ചു. വിവേകമതിയായ മനുഷ്യന്‍ എന്നാണ് നോയലിനെ ടാറ്റ സണ്‍സിന്റെ മുന്‍ ബോര്‍ഡംഗം ആര്‍. ഗോപാലകൃഷ്ണന്‍ വിശേഷിപ്പിച്ചത്. ടാറ്റ ട്രസ്റ്റിന് വേണ്ടി വളരെ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ അദേഹത്തിന് കഴിയും. ബിസിനസിലും സംഭരകത്വത്തിലും നോയല്‍ ആര്‍ജിച്ച യുക്തി വൈഭവം ടാറ്റ ട്രസ്റ്റിന് ഏറെ ഗുണകരമാകുമെന്നും ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.
2014 മുതല്‍ ടാറ്റയുടെ വസ്ത്ര നിര്‍മാണ ശൃംഖലയായ ട്രന്റിന്റെ ചെയര്‍മാനാണ് നോയല്‍ ടാറ്റ. അതിന് മുമ്പ് 2010 മുതല്‍ 2021 വരെ ടാറ്റ ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ ചുമതല വഹിച്ചിരുന്നു. ഇക്കാല ഘട്ടത്തില്‍ സ്ഥാപനത്തിന്റെ വരുമാനം 500 മില്യണ്‍ ഡോളറില്‍ നിന്ന് മൂന്ന് ബില്യണ്‍ ഡോളറായി വര്‍ധിച്ചിരുന്നു.
മട്ടാഞ്ചേരി സ്മാർട്ട് കിസ്ഡ് പ്ലേ സ്‌കൂളില്‍ മൂന്നര വയസ്സുകാരന് മർദ്ദനമേറ്റ സംഭവത്തില്‍ കർശന നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.
സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവർത്തിക്കേണ്ടത് കെ.ഇ.ആർ. ചട്ടപ്രകാരവും കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരവുമാണ്. അടുത്ത കാലത്തായി ഈ നിബന്ധനകള്‍ പാലിക്കാതെ ചില വിദ്യാലയങ്ങള്‍ പ്രവർത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരത്തിലുള്ള ഒരു സ്‌കൂളാണ് മട്ടാഞ്ചേരി കൊച്ചിൻ ഗുജറാത്തി മഹാജൻ എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്റെ കീഴില്‍ പ്രവർത്തിക്കുന്ന മട്ടാഞ്ചേരി സ്മാർട്ട് കിഡ്‌സ് പ്ലേ സ്‌കൂളെന്ന് മന്ത്രി പറഞ്ഞു.
ഈ സ്‌കൂളില്‍ സീതലക്ഷ്മി എന്ന അധ്യാപിക പ്രീ-കെജി യില്‍ പഠിക്കുന്ന വിദ്യാർത്ഥിയെ ചൂരല്‍ വടി കൊണ്ട് മർദ്ദിച്ചു എന്ന സംഭവം ശ്രദ്ധയില്‍പ്പെട്ടു. ഈ സംഭവം കേരളീയ സംസ്‌കാരത്തിനും മനസ്സാക്ഷിയ്ക്കും നിരക്കാത്തതും അധ്യാപക വൃത്തിക്ക് അപമാനകരവുമാണ്. സംഭവുമായി ബന്ധപ്പെട്ട് അധ്യാപികയെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. അംഗീകാരമില്ലാതെ വലിയ ഫീസ് വാങ്ങി മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ ലാഭം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെയും ഇതിനായി കെട്ടിടം വിട്ടു നല്‍കുന്ന ഉടമസ്ഥർക്കെതിരെയും നിയമാനുസൃതമായ നടപടിയുണ്ടാകും.
മട്ടാഞ്ചേരി സ്മാർട്ട് കിഡ്‌സ് പ്ലേ സ്‌കൂളിന്റെ പ്രവർത്തനം നിർത്തി വെയ്ക്കാൻ നോട്ടീസ് നല്‍കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി വി. ശിവൻകുട്ടി നിർദ്ദേശം നല്‍കി. വിദ്യാഭ്യാസ അവകാശ നിയമം 2009 സെക്ഷൻ 18 പ്രകാരവും കേരള വിദ്യാഭ്യാസ ആക്‌ട് 1958 സെക്ഷൻ 3 (iii)(b) and (c) പ്രകാരവും കേരള വിദ്യാഭ്യാസ റൂള്‍സ് അധ്യായം 5 റൂള്‍ (3) പ്രകാരവും തുടർ നടപടി സ്വീകരിക്കും. സംസ്ഥാനത്ത് നിയമാനുസൃതമല്ലാതെയും അംഗീകാരമില്ലാതെയും പ്രവർത്തിക്കുന്ന വിദ്യാലയങ്ങള്‍ ഉണ്ടോ എന്ന് പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് നല്‍കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ മന്ത്രി വി. ശിവൻകുട്ടി ചുമതലപ്പെടുത്തി.
സംസ്ഥാനത്ത് കേരള, സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ., സിലബസുകളിലുള്ള സ്‌കൂളുകളാണ് പ്രവർത്തിച്ചു വരുന്നത്. ഈ സ്‌കൂളുകള്‍ക്ക് പ്രവർത്തിക്കാനുള്ള നിരാക്ഷേപ പത്രം നല്‍കുന്നത് പൊതുവിദ്യാഭ്യാസ വകുപ്പാണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമേ പ്രീപ്രൈമറി മുതല്‍ ഹയർ സെക്കണ്ടറി വരെയുള്ള വിദ്യാലയങ്ങള്‍ പ്രവർത്തിപ്പിക്കാനുള്ള അവകാശമുള്ളൂവെന്ന് മന്ത്രി വ്യക്തമാക്കി.
ഗുണ്ടാ നേതാവ് ഓംപ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ വീണ്ടും ചോദ്യം ചെയ്‌തേക്കും. കേസില്‍ ഉള്‍പ്പെട്ട ബിനു ജോസഫിന്റേയും ശ്രീനാഥ് ഭാസിയുടേയും സാമ്പത്തിക ഇടപാടുകളില്‍ സംശയമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇതില്‍ വ്യക്തത വരുത്താനാണ് നടനെ വീണ്ടും വിളിക്കാന്‍ അന്വേഷണ സംഘം ആലോചിക്കുന്നത്.
താരങ്ങളുടെ മൊഴികള്‍ പരിശോധിച്ചുവരികയാണ്. അതേസമയം പ്രയാഗയുടെ മൊഴി തൃപ്തികരമെന്നമാണ് പൊലീസ് വ്യക്തമാക്കുന്നത്. നക്ഷത്ര ഹോട്ടലില്‍ പോയത് സുഹൃത്തുക്കളുടെ നിര്‍ബന്ധ പ്രകാരമാണെന്നും അവിടെ ലഹരി പാര്‍ട്ടി നടന്നത് അറിഞ്ഞില്ലെന്നുമാണ് പ്രയാഗ പറയുന്നത്. ശ്രീനാഥ് ഭാസിക്കൊപ്പമാണ് ഹോട്ടലില്‍ എത്തിയത്. ബിനു ജോസഫും സുഹൃത്തുക്കള്‍ക്കൊപ്പമുണ്ടായിരുന്നതായും നടി വ്യക്തമാക്കി.
കൂടാതെ ലഹരി പരിശോധനയ്ക്കായി രക്ത പരിശോധന നടത്താന്‍ താരങ്ങള്‍ സന്നദ്ധരായി. നിലവില്‍ അതിന്റെ ആവശ്യമില്ലെന്ന നിലപാടിലാണ് പൊലീസ്. ഇന്നലെയാണ് താരങ്ങള്‍ ചോദ്യം ചെയ്യലിന് ഹാജരായത്.
ഇന്ത്യയിലെ വ്യാവസായിക അതികായനും കറതീര്‍ന്ന മനുഷ്യസ്‌നേഹിയുമായ രത്തന്‍ ടാറ്റയ്ക്ക് യാത്രാ മൊഴി. മുംബൈയിലെ വോര്‍ളി ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെ അദേഹത്തിന്റെ മൃതദേഹം സംസ്‌കരിച്ചു. പാഴ്‌സി ആചാര പ്രകാരമായിരുന്നു ചടങ്ങുകള്‍.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കം വിവിധ രാഷ്ട്രീയ നേതാക്കളും ചലച്ചിത്ര-കായിക മേഖലകളിലെ താരങ്ങളും കോര്‍പ്പറേറ്റ് തലവന്‍മാരുമടക്കം ആയിരങ്ങള്‍ ആദരാഞ്ജലി അര്‍പ്പിച്ചു. രത്തന്‍ ടാറ്റയോടുള്ള ആദരവിന്റെ ഭാഗമായി മഹാരാഷ്ട്രയില്‍ ഒരു ദിവസത്തെ ദുഖാചരണവും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളില്‍ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി. സംസ്ഥാന സര്‍ക്കാരിന്റെ ഇന്നത്തെ എല്ലാ പരിപാടികളും റദ്ദാക്കിയിരുന്നു.
എണ്‍പത്താറുകാരനായ രത്തന്‍ ടാറ്റ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ബുധനാഴ്ച രാത്രി പതിനൊന്നേമുക്കാലോടെ അന്തരിച്ചത്. ബിസിനസിനെ ജീവകാരുണ്യ പ്രവര്‍ത്തനവുമായി വിളക്കിച്ചേര്‍ത്ത അദേഹത്തിന് സാധാരണക്കാരടക്കം വന്‍ ജനാവലി വികാര നിര്‍ഭരമായ അന്ത്യയാത്രയാണ് നല്‍കിയത്.
മട്ടാഞ്ചേരിയില്‍ എല്‍കെജി വിദ്യാർത്ഥിയായ മൂന്നരവയസുകാരനെ ക്രൂരമായി മർദിച്ച സംഭവത്തില്‍ അധ്യാപികയെ അറസ്റ്റ് ചെയ്തു.
പ്ലേ സ്കൂള്‍ അധ്യാപിക സീതാലക്ഷ്മിയെയാണ് മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കുവാൻ കൊണ്ടുപോയിരിക്കുകയാണ്. ചോദ്യങ്ങള്‍ക്ക് മറുപടി പറയാത്തതിനെ തുടർന്ന് അധ്യാപിക കുഞ്ഞിനെ ചൂരല്‍ ഉപയോഗിച്ച് പുറത്ത് മർദിക്കുകയായിരുന്നു.
മട്ടാഞ്ചേരി പാലസ് റോഡിലെ സ്മാർട്ട് കിഡ് എന്ന സ്ഥാപനത്തില്‍ ഇന്നലെയാണ് സംഭവം. കുഞ്ഞിന്റെ പുറത്ത് ചൂരല്‍ കൊണ്ട് മർദനമേറ്റതിന്റെ പാടുകള്‍ ദൃശ്യങ്ങളില്‍ കാണാം.
സംഭവത്തില്‍ അധ്യാപികയെ സസ്പെൻ്റ് ചെയ്തതായി സ്ഥാപനം അറിയിച്ചിരുന്നു. മാതാപിതാക്കളുടെ പരാതിയില്‍ മട്ടാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
ലഹരിക്കേസിൽ നടൻ ശ്രീനാഥ് ഭാസിയെ പോലീസ് ചോദ്യം ചെയ്തു. രാവിലെ ഹാജരായ നടന്റെ ചോദ്യം ചെയ്യൽ വൈകീട്ടുവരെ നീണ്ടു. ഗുണ്ടാ നേതാവ് ഓംപ്രകാശ് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഒരുക്കിയ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് ശ്രീനാഥ് ഭാസിയോടും നടി പ്രയാഗ മാർട്ടിനോടും ചോദ്യംചെയ്യലിന് ഹാജരാകാൻ മരട് പോലീസ് നിർദേശിച്ചിരുന്നു. ഹോട്ടലിലെ സി.സി.ടി.വി. ദൃശ്യങ്ങളിൽ കണ്ടെത്തിയ സാഹചര്യത്തിൽ ഇരുവരും ലഹരി പാർട്ടിയിൽ പങ്കെടുത്തിരുന്നോയെന്ന് സ്ഥിരീകരിക്കുകയാണ് ലക്ഷ്യം.
കേസിൽ, നാലുപേരെക്കൂടി അന്വേഷക സംഘം ബുധനാഴ്ച ചോദ്യം ചെയ്തു. ഓംപ്രകാശിനെ ഫോണിൽ ബന്ധപ്പെട്ട തമ്മനം ഫൈസൽ, ലഹരിപ്പാർട്ടി നടന്ന ഹോട്ടലിൽ എത്തിയ ബ്രഹ്മപുരം സ്വദേശി അലോഷി പീറ്റർ, ഭാര്യ സ്നേഹ, അങ്കമാലി സ്വദേശി പോൾ ജോസ് എന്നിവരെയാണ് ചോദ്യം ചെയ്തത്. ഹോട്ടലിൽ സന്ദർശകരെയെത്തിച്ച എളമക്കര സ്വദേശി ബിനു ജോസഫുമായി ബന്ധമുള്ളവരാണിവരെന്നും സൂചനയുണ്ട്. ലഹരിപ്പാർട്ടിയിൽ പങ്കെടുത്ത മറ്റ് പതിനാലോളം പേരുടെ വിവരങ്ങൾകൂടി ലഭിച്ചിട്ടുണ്ട്. ഇവർക്ക് വരും ദിവസങ്ങളിൽ നോട്ടീസ് നൽകും. ഇതുവരെ മൂന്നുപേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
സന്ദർശകരെ എത്തിച്ച ബിനു ജോസഫിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ഓംപ്രകാശും കൊല്ലം സ്വദേശിയായ കൂട്ടാളി ഷിഹാസുമാണ് ആദ്യം അറസ്റ്റിലായത്. ഗുണ്ടാ നേതാവ് ഭായ് നസീറിന്റെ അനുയായിയാണ് ബിനു. ഈ ബന്ധം ഉപയോഗിച്ച് ഓംപ്രകാശുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ലഹരിപ്പാർട്ടിക്ക് ആവശ്യമായ ലഹരി എത്തിച്ചത് ഇയാളാണെന്നാണ് നിഗമനം.
ലഹരിപ്പാർട്ടി നടന്ന പഞ്ചനക്ഷത്ര ഹോട്ടലിലെ മുറിയിൽനിന്നു കണ്ടെടുത്തത് മയക്കുമരുന്ന് തന്നെയാണെന്ന് സ്ഥിരീകരിച്ചു.പരിശോധനയിൽ മയക്കുമരുന്ന് സൂക്ഷിച്ചിരുന്ന സിപ്പ് ലോക്ക് കവറും മദ്യക്കുപ്പികളും മാത്രമേ ലഭിച്ചിരുന്നുള്ളൂ. രാസപരിശോധനയിലൂടെയാണ് സിപ്പ് ലോക്ക് കവറിൽ പുരണ്ട മയക്കുമരുന്നിന്റെ സാന്നിധ്യം ഉറപ്പിച്ചത്. ലിഫ്റ്റ്, റിസപ്ഷൻ, ഇടനാഴികൾ എന്നിവിടങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചുവരുകയാണ്. ഫോൺകോളുകളുടെയും ശാസ്ത്രീയ പരിശോധനകളുടെയും ഫലം ലഭിച്ച ശേഷം വിശദമായ ചോദ്യംചെയ്യൽ ആരംഭിക്കും.
നവകേരള സദസിലെ വിവാദ പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം സിജെഎം കോടതി. എറണാകുളം സെന്‍ട്രല്‍ പൊലീസ് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
നവകേരള സദസുമായി ബന്ധപ്പെട്ട് പല സ്ഥലങ്ങളിലായി മുഖ്യമന്ത്രി വിവാദ പ്രസ്താവന നടത്തിയതിനെതിരെയാണ് എറണാകുളം സിജെഎം കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. നവകേരള സദസില്‍ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസുകാരെ പൊലീസ് മര്‍ദിച്ചത് രക്ഷാ പ്രവര്‍ത്തനമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.
എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നല്‍കിയ സ്വകാര്യ അന്യായം ഫയലില്‍ സ്വീകരിച്ചാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്.
നവകേരള സദസില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിക്കുകയാണ് ചെയ്തത്. എന്നാല്‍ ഈ മര്‍ദനത്തെ രക്ഷാ പ്രവര്‍ത്തനമെന്ന് പറഞ്ഞ് മുഖ്യമന്ത്രി ന്യായീകരിക്കുകയായിരുന്നു.ഈ ന്യായീകരണം കുറ്റകൃത്യം തുടരാനുള്ള പ്രേരണയായെന്നും ഷിയാസിന്റെ സ്വകാര്യ അന്യായത്തില്‍ പറയുന്നു.