India

ആലപ്പുഴ കലവൂരിൽ 63 കാരി സുഭദ്രയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ പിടിയിലായ പ്രതികളുമായി പോലീസ് കേരളത്തിലേക്ക്. കർണാടക മണിപ്പാലിൽ നിന്നാണ് പ്രത്യേക അന്വേഷണസംഘം മാത്യുസിനെയും ശർമിളയെയും പിടികൂടിയത്.

പ്രതികളെ ഇന്ന് ആലപ്പുഴയിൽ എത്തിക്കും. കടവന്ത്ര സ്വദേശി 73 കാരിയായ സുഭദ്രയെ കലവൂരിൽ എത്തിച്ച് കൊലപ്പെടുത്തി കുഴിച്ച് മൂടിയ വിവരം പുറത്തിറഞ്ഞ് മൂന്നാം ദിവസമാണ് പ്രതികൾ പിടിയിലാകുന്നത്. ഉഡുപ്പിയിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെ മണിപ്പാലിൽ നിന്ന് മറ്റൊരു സ്ഥലത്തേക്ക് രക്ഷപെടാനുള്ള യാത്രാമധ്യേയാണ് പ്രതികൾ പിടിയിലായത്.

കൊലപാതകത്തിന് ശേഷം നാടുവിട്ട ശർമിളയെയും മാത്യൂസിനെയും തേടി പോലീസ് സംഘം കഴിഞ്ഞ ദിവസം തന്നെ ഉഡുപ്പിയിലെത്തിയിരുന്നു. നാല് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. ശർമിള പോകാൻ ഇടയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഇതിനിടെ പണം പിൻവലിച്ച വിവരങ്ങൾ പരിശോധിച്ചാണ് ഇരുവരും ഉഡുപ്പിയിലുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചത്. പ്രതികളുമായി പ്രത്യേക അന്വേഷണസംഘം ആലപ്പുഴയിലേക്ക് തിരിച്ചു.

ആലപ്പുഴയിൽ എത്തിച്ച ശേഷം വിശദമായി ചോദ്യം ചെയ്യും. കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുള്ളതിനാൽ പോസ്റ്റ്മോർട്ടം സങ്കീർണമായിരുന്നു.

ശരീരത്തിൽ ക്രൂരമർദ്ദനം ഏറ്റതായി പോസ്റ്റുമോട്ടത്തിൽ പ്രാഥമിക വിവരമുണ്ടെങ്കിലും മരണകാരണം വ്യക്തമല്ല. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ കൊലപാതകത്തിന്റെ ചുരുളഴിയും. സുഭദ്രയുടെ സ്വർണം കവരുക മാത്രമായിരുന്നോ പ്രതികളുടെ ലക്ഷ്യമെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്.

സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മ‍ൃതദേഹം വൈദ്യശാസ്ത്ര പഠനത്തിനായി വിട്ടുനൽകും. ഇന്ന് എയിംസില്‍ സൂക്ഷിക്കുന്ന മൃതദേഹം വെള്ളിയാഴ്ച വസന്ത് കുഞ്ചിലെ വസതിയിലേക്ക് കൊണ്ടുപോകും.

14-ന് ഡൽഹി എ.കെ.ജി ഭവനിൽ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്തിമോപചാര ചടങ്ങുകള്‍ക്കുശേഷം യെച്ചൂരിയുടെ മൃതദേഹം ഡൽഹി എയിംസിലെ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി വിട്ടുനല്‍കും.

നെഞ്ചിലെ അണുബാധയെത്തുടര്‍ന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (എയിംസ്) ചികിത്സയിലിരിക്കെയാണ് മരണം. ഓഗസ്റ്റ് 19-നാണ് അദ്ദേഹത്തെ എയിംസിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

തീവ്രപരിചരണ വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ മള്‍ട്ടി ഡിസിപ്ലിനറി ടീമിന്റെ മേല്‍നോട്ടത്തിലായിരുന്നു പരിചരണം. വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിഞ്ഞിരുന്ന യെച്ചൂരി വ്യാഴാഴ്ച വൈകിട്ടോടെയാണ് അന്തരിച്ചത്.

മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും സി.പി.എം. ജനറൽ സെക്രട്ടറിയുമായ സീതാറാം യെച്ചൂരി (72) അന്തരിച്ചു.നെഞ്ചിലെ അണുബാധയെത്തുടര്‍ന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (എയിംസ്) ചികിത്സയിലായിരുന്നു. ഓഗസ്റ്റ് 19-നാണ് അദ്ദേഹത്തെ എയിംസിലെ അടിയന്തരപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

ജെ.എന്‍.യു കാലമാണ് യെച്ചൂരിയിലെ രാഷ്ട്രീയക്കാരനെ പാകപ്പെടുത്തിയത്. പടിപടിയായി ഉയര്‍ന്ന് രാജ്യം ശ്രദ്ധിക്കുന്ന ശബ്ദമായും മികച്ച പാര്‍ലമെന്റേറിയനായും പേരെടുത്തു. 2015 ലാണ് പാര്‍ട്ടിയുടെ അമരത്തെത്തുന്നത്‌. 2022 ഏപ്രിലില്‍ കണ്ണൂരില്‍ നടന്ന 23-ാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് യെച്ചൂരിയെ ജനറല്‍ സെക്രട്ടറിയായി മൂന്നാം തവണയും പാര്‍ട്ടി തിരഞ്ഞെടുത്തത്. 1992 മുതല്‍ പി.ബി അംഗമാണ്. 2005 മുതല്‍ 2017 വരെ പശ്ചിമ ബംഗാളില്‍നിന്നുള്ള രാജ്യസഭാംഗമായിരുന്നു. കമ്യൂണിസ്റ്റ് ധാരയിലെ പ്രായോഗികവാദിയായി വിലയിരുത്തപ്പെടുന്ന യെച്ചൂരിയായിരുന്നു ഒന്നാം യുപിഎ സര്‍ക്കാരില്‍ പലപ്പോഴും കോണ്‍ഗ്രസും-സിപിഎമ്മുമായുള്ള പാലമായി പ്രവര്‍ത്തിച്ചത്‌

1974-ല്‍ എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം ഒരു വര്‍ഷത്തിനുശേഷം സിപിഎമ്മില്‍ അംഗമായി. ജെ.എന്‍.യുവില്‍ വിദ്യാര്‍ഥി ആയിരിക്കെ അടിയന്തരാവസ്ഥക്കെതിരേ ചെറുത്തുനില്‍പ്പ് നടത്തിയതിന് 1975-ല്‍ അറസ്റ്റിലായി. അടിയന്തരാവസ്ഥക്കുശേഷം 1977- 78 കാലഘട്ടത്തില്‍ മൂന്നുതവണ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റായിരുന്നു. ജെഎന്‍യുവില്‍ ഇടതുകോട്ട കെട്ടിപ്പടുക്കുന്നതില്‍ പ്രകാശ് കാരാട്ടിനൊപ്പം നിര്‍ണായക പങ്കുവഹിച്ചു. ’78ല്‍ എസ്.എഫ്.ഐ. അഖിലേന്ത്യാ ജോ. സെക്രട്ടറിയും പിന്നീട് പ്രസിഡന്റുമായി.

ഇടതുവിദ്യാര്‍ഥിസംഘടനകള്‍ക്ക് ശക്തമായ വേരോട്ടമുള്ള ജെ.എന്‍.യു. അടിയന്തരാവസ്ഥക്കാലത്ത് തിളച്ചുമറിഞ്ഞു. അടിയന്തരാവസ്ഥ പിന്‍വലിക്കപ്പെട്ടശേഷം ’77ല്‍ ആദ്യമായിനടന്ന വിദ്യാര്‍ഥിയൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ. നേതാവ് (ഇന്നത്തെ എന്‍.സി.പി. ദേശീയനേതാവ്) ഡി.പി.ത്രിപാഠി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അന്ന് യെച്ചൂരിയും ജെ.എന്‍.യു.വിലെ വിദ്യാര്‍ഥിനേതാവായിരുന്നു. മികച്ച പ്രാസംഗികന്‍കൂടിയായ യെച്ചൂരി തൊട്ടടുത്ത വര്‍ഷം പ്രസിഡന്റായി. ’78’79 കാലയളവില്‍ നടന്ന മൂന്നു തിരഞ്ഞെടുപ്പിലും യെച്ചൂരി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

അടിയന്തരാവസ്ഥയ്ക്കു ശേഷം ’77ല്‍ പാര്‍ട്ടി ആസ്ഥാനം കൊല്‍ക്കത്തയില്‍നിന്നു ഡല്‍ഹിയിലേക്കു മാറ്റി. യെച്ചൂരി അന്നു പാര്‍ട്ടിയില്‍ പ്രബലനായ ബി.ടി.രണദിവെയുടെ സഹായിയും. ഡല്‍ഹികേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ച യെച്ചൂരിയിലെ നേതാവിനെ കണ്ടെത്തിയതും വളര്‍ത്തിക്കൊണ്ടുവന്നതും ബസവ പുന്നയ്യയായിരുന്നു. യെച്ചൂരിയെയും സി.പി.എം. കേന്ദ്രനേതൃത്വത്തിലേക്കു കൈപിടിച്ചുയര്‍ത്തിയാവട്ടെ, സാക്ഷാല്‍ ഇ.എം.എസ്സും. പാര്‍ട്ടി സെന്റര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാന്‍ ആളെത്തരണമെന്ന് ഇ.എം.എസ്. സംസ്ഥാനങ്ങളോട് നിരന്തരമാവശ്യപ്പെട്ടിരുന്നു. യുവരക്തങ്ങളെ പാര്‍ട്ടിയിലേക്കു കൊണ്ടുവരാന്‍ ഇ.എം.എസ്. മുന്‍കൈയെടുത്തപ്പോള്‍ ’84ല്‍ കാരാട്ടും യെച്ചൂരിയും കേന്ദ്രകമ്മിറ്റിയിലെ ക്ഷണിതാക്കളായി. ’85ലെ 12ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ കാരാട്ടിനും എസ്.രാമചന്ദ്രന്‍ പിള്ളയ്ക്കുമൊപ്പം യെച്ചൂരിയും കേന്ദ്രകമ്മിറ്റിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.

പിന്നീട്, ’89ല്‍ പി.ബി.ക്കു തൊട്ടുതാഴെ പുതുതായി അഞ്ചംഗ കേന്ദ്ര സെക്രട്ടേറിയറ്റ് രൂപവത്കരിക്കപ്പെട്ടപ്പോള്‍ അതിലൊരാള്‍ യെച്ചൂരിയായിരുന്നു. ’92ലെ 14ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ കാരാട്ടിനും എസ്.ആര്‍.പി.ക്കുമൊപ്പം യെച്ചൂരിയും പി.ബി.യിലെത്തി. പുതുതലമുറക്കാരുടെ കൂട്ടത്തില്‍ കേന്ദ്രകമ്മിറ്റിയില്‍ അംഗമായ സീതാറാം യെച്ചൂരിയുടെ ഭാവി ഏറെ ശോഭനമായിരുന്നു. ബി.ടി.ആറിന്റെ വിശ്വസ്തനായ അദ്ദേഹം പിന്നീട് ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിന്റെ വലംകൈയായി.ജെ.എന്‍.യു.വിലെ വിദ്യാര്‍ഥികാലത്തുതന്നെ അന്താരാഷ്ട്ര കമ്യൂണിസ്റ്റ് പാര്‍ട്ടികളുമായി യെച്ചൂരിക്കുള്ള അടുപ്പം പ്രകടമായി.

പാകിസ്താനില്‍നിന്ന് താരിഖ് അലി ജെ.എന്‍.യു.വിലെത്തിയത് യെച്ചൂരിയുടെ കാലത്താണ്. അന്താരാഷ്ട്ര കമ്യൂണിസ്റ്റ് പാര്‍ട്ടികളിലും അവഗാഹമുള്ള യെച്ചൂരിയെ തിരിച്ചറിഞ്ഞ ഇ.എം.എസ്., സോവിയറ്റ് യൂണിയനിലേക്കുള്ള പ്രതിനിധിസംഘത്തില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തി. സുര്‍ജിത് സെക്രട്ടറിയായിരിക്കെ വിദേശ കമ്യൂണിസ്റ്റ് പാര്‍ട്ടികളുമായി നിരന്തരസമ്പര്‍ക്കം പുലര്‍ത്താനും യെച്ചൂരിക്ക് അവസരമുണ്ടായി. ബംഗാള്‍ മുന്‍മുഖ്യമന്ത്രി ജ്യോതിബസു ക്യൂബ സന്ദര്‍ശിച്ചപ്പോള്‍ യെച്ചൂരിയായിരുന്നു കൂട്ടാളി.

ഇടതുപക്ഷത്തെ ദേശീയരാഷ്ട്രീയത്തില്‍ നിര്‍ണായകമാക്കിയ മൂന്നാംമുന്നണി സര്‍ക്കാരുകളുടെ നെയ്ത്തുകാരന്‍ ഹര്‍കിഷന്‍ സുര്‍ജിത്തിനൊപ്പമുള്ള പ്രവര്‍ത്തനപരിചയമാണ് അദ്ദേഹത്തിന്റെ കൈമുതല്‍. കോണ്‍ഗ്രസിനും ബി.ജെ.പി.ക്കും ബദലായി വി.പി.സിങ്, ദേവഗൗഡ, ഗുജ്‌റാള്‍ സര്‍ക്കാരുകള്‍ യാഥാര്‍ഥ്യമാക്കിയത് സുര്‍ജിത്തിന്റെ പ്രായോഗികബുദ്ധിയായിരുന്നു. വലംകൈയായി യെച്ചൂരിയുണ്ടായിരുന്നു.

ഏറ്റവുമൊടുവില്‍ 2004ല്‍ ബി.ജെ.പി.യെ ഭരണത്തില്‍നിന്നകറ്റാനായി ഒന്നാം യു.പി.എ. സര്‍ക്കാരിന്റെ ശില്പിയായി സുര്‍ജിത് മാറിയപ്പോള്‍ യെച്ചൂരിയായിരുന്നു അദ്ദേഹത്തിന്റെ നിഴല്‍. സുര്‍ജിത്തിന്റെ മരണശേഷം യു.പി.എ.ഇടത് ബന്ധത്തിലെ സുപ്രധാനകണ്ണിയായി യെച്ചൂരി പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ഏറ്റവുമടുപ്പമുള്ള കമ്യൂണിസ്റ്റ് നേതാവാണദ്ദേഹം. ഇറ്റാലിയന്‍ പൗരത്വത്തിന്റെ പേരില്‍ മാറിനിന്ന സോണിയയെ പ്രധാനമന്ത്രിയാവാന്‍ യെച്ചൂരി ഉപദേശിച്ചിരുന്നുവെന്നാണ് ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയവരാന്തകളില്‍ പരസ്യമായ ഒരു രഹസ്യം.

1952 ഓഗസ്റ്റ് 12-ന് ചെന്നൈയിലെ തെലുഗു ബ്രാഹ്‌മണ കുടുംബത്തിലാണ് യെച്ചൂരിയുടെ ജനനം. അച്ഛന്‍ സര്‍ക്കാരില്‍ മെക്കാനിക്കല്‍ എന്‍ജിനീയറായിരുന്ന സര്‍വേശ്വര സോമയാജുലു യെച്ചൂരി. അമ്മ കല്‍പ്പാക്കം യെച്ചൂരി സാമൂഹികപ്രവര്‍ത്തകയായിരുന്നു. മുത്തച്ഛന്‍ ഭീമ ശങ്കര്‍ ആന്ധ്രാ ഹൈക്കോടതിയിലെ ജഡ്ജിയായിരുന്നു. അദ്ദേഹവും കുടുംബവും പിന്നീട് ഡല്‍ഹിക്കു ചേക്കേറി. ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍നിന്നു സാമ്പത്തികശാസ്ത്രത്തില്‍ ബിരുദമെടുത്തു. പിന്നീട്, ബിരുദാനന്തരബിരുദത്തിനും ഗവേഷണത്തിനുമായി ജെ.എന്‍.യു.വില്‍ ചേര്‍ന്നു. ഇവിടെവെച്ചാണ് മാര്‍ക്‌സിസത്തിലാകൃഷ്ടനായത്.പഠനശേഷം ഉയര്‍ന്ന ജോലി കിട്ടുമായിരുന്നിട്ടും അദ്ദേഹം രാഷ്ട്രീയത്തില്‍ തുടര്‍ന്നു. സീമ ചിസ്തിയാണ് ഭാര്യ.

രാജ്യത്തെ 70 വയസിന് മുകളിലുള്ള എല്ലാ പൗരന്മാര്‍ക്കും സൗജന്യ ചികിത്സ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. സാമൂഹിക സാമ്പത്തിക പരിധിയില്ലാതെ അഞ്ച് ലക്ഷം രൂപ ആരോഗ്യ പരിരക്ഷ നല്‍കാനുള്ള ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന(എ.ബി.പി.എം.ജെ.എ.വൈ) പദ്ധതിക്കാണ് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ആറ് കോടി മുതിര്‍ന്ന പൗരന്മാരുള്ള ഏകദേശം 4.5 കോടി കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുമെന്നത് കേന്ദ്ര ബഡ്ജറ്റിലെ പ്രഖ്യാപനമായിരുന്നു. യോഗ്യരായ മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേകം ഇന്‍ഷ്വറന്‍സ് കാര്‍ഡ് നല്‍കും. ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജനയ്ക്ക് കീഴില്‍ ഉള്‍പ്പെട്ട കുടുംബങ്ങളിലെ 70 വയസും അതില്‍ കൂടുതലുമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപ വരെ അധിക ടോപ്പ്-അപ്പ് പരിരക്ഷ ഉണ്ടായിരിക്കും.

അഞ്ച് ലക്ഷം രൂപയുടെ ആനുകൂല്യം കുടുംബത്തിലെ മറ്റ് അംഗങ്ങളുമായി പങ്കിടേണ്ടതില്ല. സി.ജി.എച്ച്.എസ്, വിമുക്ത ഭടന്‍മാര്‍ക്കുള്ള ഇ.സി.എച്ച്.എസ്, സി.എ.പി.എഫ് തുടങ്ങിയ മറ്റ് പൊതു ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതികളില്‍ അംഗമായ 70 വയസും അതില്‍ കൂടുതലുമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് അവയില്‍ തുടരുകയോ എ.ബി.പി.എം.ജെ.എ.വൈയിലേക്ക് മാറുകയോ ചെയ്യാം.

സ്വകാര്യ ആരോഗ്യ ഇന്‍ഷ്വറന്‍സ് പോളിസികള്‍, എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ് പദ്ധതി തുടങ്ങിയവയില്‍ അംഗമായവര്‍ക്കും പുതിയ പദ്ധതിക്ക് അര്‍ഹതയുണ്ട്.

കഴിഞ്ഞ പത്തുവർഷമായുള്ള പ്രണയമാണ്. രണ്ടു മതവിഭാഗങ്ങളിൽപ്പെട്ടവരാണ് ഞങ്ങൾ. പക്ഷേ, അറിഞ്ഞപ്പോൾ രണ്ടു വീട്ടുകാരും അനുകൂലിച്ചതേയുള്ളൂ. ചൂരൽമലയിൽവെച്ച് കഴിഞ്ഞമാസമായിരുന്നു നിശ്ചയം. ഞങ്ങളൊരുപാട് സന്തോഷിച്ചിരുന്നതൊന്നും ഇപ്പോഴില്ല. അപ്പോഴേക്കും ശ്രുതി അടുത്തെത്തി. നമുക്കിനിയൊന്നും സംസാരിക്കണ്ട, അവൾക്കു താങ്ങില്ലെന്ന് ജെൻസൺ പറയാതെ പറഞ്ഞു. സ്നേഹത്തോടെ ശ്രുതിയെ ചേർത്തുപിടിച്ച് അവൻ നടന്നുനീങ്ങി…’, ഓഗസ്റ്റ് ഏഴാംതീയതി മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച വാർത്തയുടെ അവസാന വാചകങ്ങൾ…

ജീവിതത്തിൽ പ്രിയപ്പെട്ടവരെയെല്ലാം നഷ്ടപ്പെട്ട് പകച്ചുനിന്നപ്പോഴും പ്രതീക്ഷകൾ നൽകിയവൻ… ഇനി ജീവിതത്തിൽ എല്ലായ്പോഴും ഒപ്പം നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നയാൾ.. ഇനിയവൻ ശ്രുതിക്കൊപ്പമില്ല. ജൻസൺ മടങ്ങി, അവൾ വീണ്ടും തനിച്ചായി. മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ ഒമ്പത് പേരെയായിരുന്നു മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ അന്ന് ശ്രുതിക്ക് നഷ്ടമായതെങ്കിൽ സ്വന്തമെന്നു പറയാൻ ബാക്കി ഉണ്ടായിരുന്നവന്റെ ജീവനും ഇന്ന് മറ്റൊരു അപകടം കവർന്നു.

ചൂരൽമലയിലെ സ്കൂൾ റോഡിലായിരുന്നു ശ്രുതിയുടെ വീട്. അച്ഛൻ ശിവണ്ണനും അമ്മ സബിതയും അനിയത്തി ശ്രേയയും അടക്കമുള്ള പ്രിയപ്പെട്ടവരെ ആ പാതിരാവിൽ കുതിച്ചെത്തിയ ഉരുൾകൊണ്ടുപോയി. കുടുംബത്തിലെ ഒമ്പത് പേരെയാണ് അന്ന് ശ്രുതിക്ക് അന്ന് നഷ്ടമായത്. കോഴിക്കോട് ജോലി സ്ഥലത്തായതിനാൽ ശ്രുതി മാത്രം ജീവനോടെ രക്ഷപ്പെട്ടു.

ദുരന്തത്തിന് ഒരു മാസം മുമ്പായിരുന്നു ജെൻസണും ശ്രുതിയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. അതേ ദിവസം തന്നെയായിരുന്നു ശ്രുതിയുടെ പുതിയ വീടിന്റെ പാലു കാച്ചലും. എന്നാൽ, ഒരു മാസത്തിനുശേഷം എല്ലാ സന്തോഷങ്ങളും തൂത്തുവാരിയാണ് ഉരുൾ ശ്രുതിയുടെ ജീവിതത്തിൽ ദുരന്തം വിതച്ചത്. പിന്നീട് പ്രതിശ്രുതവരൻ ജെൻസണാണ് ശ്രുതിക്ക് താങ്ങും തണലുമായി കൂടെനിന്നത്. ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്.

വയനാട് വെള്ളാരംകുന്നിൽ ഓംനി വാനും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ജെൻസന് ​ഗുരുതരമായി പരിക്കേറ്റത്. ​അനിയന്ത്രിതമായ രക്തസ്രാവത്തെ തുടർന്ന് അതീവ ​ഗുരുതരാവസ്ഥയിൽ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജെൻസൻ ബുധനാഴ്ച രാത്രിയോടെയാണ് മരിച്ചത്.

ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിനുസമീപമായിരുന്നു ജെൻസെനെ മരണത്തിലേക്ക് നയിച്ച അപകടം. ജെൻസനും ശ്രുതിയും ഉൾപ്പടെ വാനിലുണ്ടായിരുന്ന ഒൻപത് പേർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു. ജെൻസനായിരുന്നു വാൻ ഓടിച്ചിരുന്നത്. ലക്കിടി ഭാഗത്തേക്ക് പോകുകയായിരുന്ന ജെൻസനും കൂട്ടരും സഞ്ചരിച്ച വാനും കോഴിക്കോട്ടുനിന്ന് സുൽത്താൻബത്തേരിയിലേക്ക് വരികയായിരുന്ന ‘ബട്ടർഫ്ലൈ’ എന്ന ബസുമാണ്‌ കൂട്ടിയിടിച്ചത്.

ശ്രുതിയുടെ ബന്ധു ലാവണ്യക്കും അപകടത്തിൽ പരിക്കേറ്റിരുന്നു. ഉരുൾപൊട്ടലിൽ മാതാപിതാക്കളെയും സഹോദരനേയും ലാവണ്യക്ക് നഷ്ടമായിരുന്നു. ശ്രുതിയുടെ പിതാവ് ശിവണ്ണയുടെ സഹോദരൻ സിദ്ദരാജിന്റെയും ദിവ്യയുടെയും മകളാണ് ലാവണ്യ. പഠനത്തിനായി നവോദയ സ്കൂളിലുമായതിനാലാണ് ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടത്.

പീഡനപരാതിയില്‍ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് അറസ്റ്റില്‍. കഴിഞ്ഞ ദിവസം ഹൈദരാബാദിലെ കുക്കട്പള്ളി കോടതിയില്‍ മന്‍സൂര്‍ കീഴടങ്ങുകയായിരുന്നു.

ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ‘ബ്രോ ഡാഡി’ എന്ന സിനിമാ സെറ്റില്‍ വച്ച്‌ പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി.

നിലവില്‍ സംഗറെഡ്‌ഡി ജില്ലയിലെ കണ്‍ടി ജയിലില്‍ ആണ് മൻസൂർ റഷീദ് ഉള്ളത്. മൻസൂറിന്റെ ജാമ്യാപേക്ഷയെ എതിർക്കുമെന്ന് ഗച്ചിബൗളി പൊലിസ് അറിയിച്ചിട്ടുണ്ട്. കുക്കട്പള്ളി കോടതിയും തെലങ്കാന ഹൈക്കോടതിയും മുൻ‌കൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് മൻസൂർ റഷീദ് ഒളിവില്‍ ആയിരുന്നു.

ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. സിനിമയില്‍ ജൂനിയർ ആർട്ടിസ്റ്റായി എത്തിയപ്പോള്‍ കോളയില്‍ മയക്കുമരുന്ന് കലർത്തി നല്‍കി ബോധംകെടുത്തിയ ശേഷം പീഡിപ്പിച്ചെന്നാണ് ആരോപണം.

ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതടക്കമുള്ള വിവാദം മുറുകുമ്പോഴും എഡിജിപി എം.ആര്‍ അജിത് കുമാറിന് സംരക്ഷണ കവചമൊരുക്കി മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇതോടെ അജിത് കുമാറിനെതിരെ ഉടന്‍ നടപടി ഉണ്ടാകില്ലെന്ന് ഉറപ്പായി. അജണ്ടയില്‍ വെച്ച് ചര്‍ച്ച വേണമെന്ന് ആര്‍ജെഡി ആവശ്യപ്പെട്ടെങ്കിലും അന്വേഷണം തീരട്ടെ എന്നാണ് എല്‍ഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ച നിലപാട്.

ആര്‍എസ്എസ് നേതാക്കളെ കണ്ടത് കൂടി അന്വേഷിക്കാമെന്നും അതിന് ശേഷം നടപടി എടുക്കാമെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. അജിത് കുമാറിനെതിരെ നടപടി വേണമെന്ന് സിപിഐയും എല്‍ഡിഎഫ് യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.

ബിനോയ് വിശ്വം, വര്‍ഗീസ് ജോര്‍ജ്, പി.സി ചാക്കോ എന്നിവര്‍ അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ശക്തമായി വാദിച്ചു. എന്നാല്‍ സാങ്കേതിക വാദം ഉയര്‍ത്തിയാണ് മുഖ്യമന്ത്രി വിഷയത്തില്‍ മറുപടി നല്‍കിയത്.

എഡിജിപി മാറ്റാന്‍ നടപടിക്രമം ഉണ്ടെന്നും ആരോപണങ്ങളില്‍ അന്വേഷണം തീരട്ടെയെന്നുമാണ് മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചത്. എഡിജിപി എം.ആര്‍ അജിത് കുമാറിനെ മാറ്റുന്നത് മന്ത്രിസഭാ യോഗത്തിലും ഇന്ന് ചര്‍ച്ചയായിരുന്നില്ല.

അതിനിടെ നാല് ദിവസത്തെ അവധി അപേക്ഷ എഡിജിപി പിന്‍വലിച്ചു. വിവാദം മുറുകുന്നതിനിടെയാണ് ശനിയാഴ്ച മുതല്‍ നാല് ദിവസം അവധിയെടുക്കാനുള്ള തീരുമാനം അജിത് കുമാര്‍ മാറ്റിയത്. ഇന്നലെ മലപ്പുറത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ മാറ്റിയതിന് പിന്നാലെയാണ് തീരുമാനം.

അവധി നീട്ടാനുള്ള ആവശ്യം നേരത്തെ സര്‍ക്കാര്‍ തള്ളിയിരുന്നു. അവധിയെടുക്കുന്നത് തെളിവ് നശിപ്പിക്കാനാണെന്ന ആക്ഷേപം പി.വി അന്‍വര്‍ അടക്കം ഉന്നയിച്ച സാഹചര്യത്തിലാണോ പിന്മാറ്റമെന്ന് വ്യക്തമല്ല. വിവാദങ്ങള്‍ക്ക് മുമ്പ് ചില സ്വകാര്യ ആവശ്യങ്ങള്‍ക്കായിരുന്നു അവധി ചോദിച്ചിരുന്നത്.

അന്‍വറിന് ഒപ്പം അജിത് കുമാറിന്റെയും പരാതി ഉള്ളതിനാല്‍ അദേഹത്തിന്റെയും മൊഴി ഡിജിപി രേഖപ്പെടുത്തും. അപ്പോഴും അന്‍വറിന്റെ പരാതിയിലെ അന്വേഷണത്തിനപ്പുറം ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ എഡിജിപിക്കെതിരായ നടപടി എന്ത് എന്ന ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുകയാണ്.

മണിപ്പൂരിലെ മൂന്ന് ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ക്രമസമാധാന പ്രശ്‌നങ്ങള്‍ രൂക്ഷമായ ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ്, തൗബല്‍ ജില്ലകളിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.

ആരോഗ്യം, വൈദ്യുതി, മുനിസിപ്പല്‍ ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, കോടതി പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടെുള്ള അവശ്യസേവനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.

സെപ്റ്റംബര്‍ ഒന്‍പതിന് ഓള്‍ തൗബല്‍ അപുന്‍ബ സ്റ്റുഡന്‌റ് സംഘടിപ്പിച്ച റാലിയെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ക്കു മറുപടിയായി തൗബല്‍ ജില്ലാ മജിസ്‌ട്രേറ്റ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവ് പ്രകാരം കൂട്ടംകൂടുന്നത് നിയന്ത്രിക്കുകയും തോക്കുകളും ആയുധങ്ങളും കൈവശം വയ്ക്കുന്നത് നിരോധിക്കുകയും നിയമലംഘകര്‍ക്ക് പിഴ ചുമത്തുകയും ചെയ്യും.

കാങ്പോക്പിയിൽ രണ്ട് വിഭാ​ഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഇന്നലെ ഒരു വിമുക്തസൈനികനും സ്ത്രീയും കൊല്ലപ്പെട്ടു. പ്രദേശത്തെ ചില വീടുകൾ അക്രമികൾ തീയിട്ടു. പ്രദേശവാസികൾ മറ്റിടങ്ങളിലേക്കു പലായനം ചെയ്തതായാണ് വിവരം.

ഇരുവിഭാ​ഗങ്ങളും തമ്മിൽ നടന്ന സംഘർഷത്തിനിടെ പ്രദേശത്ത് ബോംബേറുണ്ടായതായി പ്രദേശവാസികൾ പറയുന്നു. ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ഇന്നലെ തെരുവിലിറങ്ങിയിരുന്നു. സെക്രട്ടേറിയറ്റിനും രാജ്‍ഭവനും മുന്നിൽ ധർണ നടത്തിയ വിദ്യാർഥികൾ എംഎൽഎമാര്‍ രാജിവെയ്ക്കണമെന്ന മുദ്രാവാക്യവും മുഴക്കി.

ശ്വാസകോശ സംബന്ധമായ അണുബാധയെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയില്‍ കഴിയുന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നില ഗുരുതരമായി തുടരുന്നു. ശ്വാസകോശത്തിലെ ന്യൂമോണിയ ബാധയെ തുടര്‍ന്നാണ് യെച്ചൂരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഓഗസ്റ്റ് 19 നാണ് അദേഹത്തെ എയിംസില്‍ പ്രവേശിപ്പിച്ചത്. എയിംസിലെ തീവ്രപരിചരണ വിഭാഗത്തില്‍ യെച്ചൂരിക്ക് കൃത്രിമ ശ്വാസോച്ഛാസം നല്‍കി വരികയാണെന്ന് പി.ബി അറിയിച്ചു. ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നു എന്നും പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.

മുന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി യെച്ചൂരി ഓഗസ്റ്റ് 22 ന് ആശുപത്രിയില്‍ നിന്ന് വീഡിയോ പങ്ക് വെക്കുകയും ചെയ്തിരുന്നു. പിന്നീട് ആരോഗ്യനില വഷളാകുകയായിരുന്നു. യെച്ചൂരി അടുത്തിടെ തിമിര ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഇന്ന് സുപ്രധാന ദിനം. റിപ്പോർട്ടിൻ്റെ പൂർണ്ണരൂപം മുദ്രവച്ച കവറിൽ സർക്കാർ ഇന്ന് കോടതിയിൽ സമർപ്പിക്കും. കോടതി നിർദ്ദേശപ്രകാരമാണ് നടപടി.

ഹേമാ കമ്മറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനായി രൂപീകരിച്ച പ്രത്യേക ബഞ്ചിൻ്റെ സിറ്റിംഗും ഇന്ന് നടക്കും. ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാർ , സി എസ് സുധ എന്നിവരടങ്ങുന്നതാണ് പ്രത്യേക ബഞ്ച്. റിപ്പോർട്ടുമായി ബന്ധപ്പെട്ട 6 ഹർജികൾ ഇന്ന് പരിഗണിക്കും.

നിർമ്മാതാവ് സജിമോൻ പാറയിൽ, പായിച്ചിറ നവാസ്, ജോസഫ് എം പുതുശ്ശേരി, ടി പി നന്ദകുമാർ, ആൻ്റി കറപ്ഷൻ ആൻറ് ഹ്യൂമൻ റൈറ്റ്സ് പ്രോട്ടക്ഷൻ കൗൺസിൽ എന്നിവർ സമർപ്പിച്ച ഹർജികളാണ് ഇന്ന് കോടതി പരിഗണിക്കുക.

റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷിക്കുക, റിപ്പോർട്ട് പുറത്തുവിടുന്നത് തടയുക, സിബിഐ അന്വേഷണത്തിന് ഉത്തരവിടുക തുടങ്ങി വ്യത്യസ്ഥമായ ആവശ്യങ്ങളാണ് ഓരോ ഹർജിയിലും ഉള്ളത്.

Copyright © . All rights reserved