ഞായറാഴ്ച ജെഎൻയുവിലെ വിദ്യാർഥികൾക്ക് നേരെ നടന്ന അക്രമത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തിൽ വിദ്യാർഥികൾക്ക് ഐക്യദാർഢ്യവുമായി ക്യാംപസിൽ എത്തിയ നടി ദീപിക പദുക്കോണിന്റെ സിനിമകൾ ബഹിഷ്കരിക്കാൻ ബിജെപി നേതാവിന്റെ ആഹ്വാനം.
ദീപികയുടെ ജെഎൻയു സന്ദർശന വാർത്തകൾ ട്വിറ്ററിൽ വൈറലായതോടെ ബിജെപിയുടെ തജീന്ദർ പാൽ സിങ് ബഗ്ഗയാണ് താരത്തിന്റെ സിനിമകൾ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
രാത്രി 7.45ഓടെയാണ് ദീപിക ജെഎൻയുവിൽ എത്തിയത്. വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച താരം അക്രമത്തിൽ പരിക്കേറ്റ ജെഎൻയുയു പ്രസിഡന്റ് ഐഷ ഘോഷിനെയും കണ്ടാണ് മടങ്ങിയത്. പത്ത് മിനിറ്റോളം ദീപിക ക്യാംപസിൽ സമയം ചെലവഴിച്ചു.
ജനങ്ങൾ ഭയപ്പെടാതെ ശബ്ദം ഉയർത്തുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്ന് നേരത്തെ താരം വ്യക്തമാക്കിയിരുന്നു. മാറ്റത്തിനു വേണ്ടി നിലകൊള്ളുകയെന്നത് പ്രധാനമാണെന്നും തങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിൽ നിന്ന് ഭയം യുവജനങ്ങളെ പിന്നോട്ട് വലിക്കുന്നില്ലെന്നതു സന്തോഷകരമാണെന്നും രാഷ്ട്രത്തെ കുറിച്ചും മൂല്യങ്ങളെ കുറിച്ചും ഇന്ത്യയുടെ ഭാവിയെ കുറിച്ചും വ്യക്തമായ ദർശനം ജനങ്ങൾക്കുണ്ട് എന്നതാണ് രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങൾ നൽകുന്ന സൂചനയെന്നും പറഞ്ഞു.
ബോളിവുഡ് സംവിധായകരായ വിശാൽ ഭരദ്‌വാജ്, അനുരാഗ് കാശ്യപ്, സോയാ അക്തർ, അഭിനേതാക്കളായ താപ്സി പന്നു, റിച്ച ചദ്ദ എന്നിവർ മുംബൈയിലെ അപ്പ് കാർട്ടർ റോഡിൽ എത്തി പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. ഇവരെ കൂടാതെ മറ്റ് നിരവധി സിനിമാതാരങ്ങളും വിദ്യാർഥികൾക്ക് അനുകൂലമായി രംഗത്തെത്തിയിരുന്നു.
അക്രമി സംഘം ക്യാംപസിനകത്ത് അഴിഞ്ഞാടിയപ്പോള്‍ നാല്‍പ്പതോളം പേര്‍ക്കു പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടേണ്ടിവന്നു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ഓടെയാണ് സംഘർഷങ്ങൾ ആരംഭിച്ചത്. മുഖംമൂടി ധരിച്ച ഒരു കൂട്ടം ആളുകള്‍ പെരിയാര്‍ ഹോസ്റ്റലില്‍ സംഘടിക്കുകയായിരുന്നു. ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് ഉൾപ്പെടെ നിരവധി പേർക്ക് ഇവരില്‍ നിന്ന് മര്‍ദനമേറ്റിരുന്നു. പത്തിലേറെ അധ്യാപകര്‍ക്കും പരുക്കേറ്റിട്ടുണ്ട്.
Deepika Padukone at JNU. Near Sabarmati Hostel which was attacked on Sunday #JNUAttack pic.twitter.com/Wbem55bJgD
— Zeba Warsi (@Zebaism) January 7, 2020
ഏഴ് വർഷത്തിന് ശേഷം രാജ്യത്തെ നടുക്കിയ ഡൽഹി കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ ശിക്ഷ ജനുവരി 22ന് നടപ്പാക്കാൻ കോടതി വാറണ്ട് പുറപ്പെടുവിച്ചു. ഏറെ വൈകാരികവും നാടകീയവുമായ രംഗങ്ങളായിരുന്നു കോടതി മുറിയിൽ അരങ്ങേറിയത്. വാറണ്ട് പുറപ്പെടുവിക്കുന്നതിന് മുൻപായി പ്രതികളില്‍ ഒരാളായ മുകേഷ് സിങ്ങിന്റെ അമ്മ നിര്‍ഭയയുടെ അമ്മയുടെ അരികിലെത്തി മകന്റെ ജീവന് വേണ്ടി യാചിച്ചു. “എന്റെ മകനോട് ക്ഷമിക്കണം. അവന്റെ ജീവൻ തിരിച്ചു തരണം,” അവർ പറഞ്ഞു.
ആ അമ്മയുടെ കണ്ണുനീര് കണ്ട് നിർഭയ എന്ന വിളിക്കപ്പെടുന്ന പെൺകുട്ടിയുടെ അമ്മയും തേങ്ങി. ഒടുവിൽ മറുപടി ഇങ്ങനെ “എനിക്കും ഒരു മകളുണ്ടായിരുന്നു. അവൾക്ക് സംഭവിച്ചത് ഞാൻ എങ്ങനെ മറക്കും. ഏഴ് വർഷമായി ഞാൻ നീതിക്കായി കാത്തിരിക്കുകയായിരുന്നു,” ആ അമ്മ പറഞ്ഞു.
തുടർന്ന് കോടതിമുറിയിൽ മൗനം പാലിക്കാൻ ജഡ്ജി ഉത്തരവിട്ടു. മകള്‍ക്കു നീതി ലഭിച്ചുവെന്നാണു മരണ വാറന്റ് പുറപ്പെടുവിച്ചതിനോട് യുവതിയുടെ അമ്മ പ്രതികരിച്ചത്. നിയമത്തില്‍ സ്ത്രീകള്‍ക്കുള്ള വിശ്വാസം ആവര്‍ത്തിച്ച് ഉറപ്പാക്കുന്നതാണു വിധിയെന്നും അവര്‍ പ്രതികരിച്ചു.
പ്രതികളായ മുകേഷ് സിംഗ് (32), പവൻ ഗുപ്ത (25), വിനയ് ശർമ്മ (26), അക്ഷയ് കുമാർ സിംഗ് (31) എന്നിവർ വിധി കേട്ടപ്പോൾ പൊട്ടിക്കരഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. നാല് പേരും നാല് പ്രത്യേക സെല്ലുകളിലായിരിക്കുമെന്നും ഒരോരുത്തരേയും ഓരോ കുടുംബാംഗങ്ങളെ കാണാൻ മാത്രമേ അനുവദിക്കുകയുള്ളൂ എന്നുമാണ് അറിയുന്നത്.
രണ്ടാഴ്ച മരണത്തോട് മല്ലടിച്ച് പെൺകുട്ടി പൊരുതി നിന്നപ്പോൾ രാജ്യം മുഴുവൻ അലയടിച്ച പ്രതിഷേധമാണ് ഈ വിധിയ്ക്ക് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയത്. സുഹൃത്തിനൊപ്പം സിനിമ കണ്ട് മടങ്ങിയ പെൺകുട്ടിയെ ആറംഗ സംഘമാണ് ഓടുന്ന ബസിൽ ബലാത്സംഗത്തിന് ഇരയാക്കിയത്.
ദ്വാരകയിൽനിന്ന് മുനിർക്കയിലേക്ക് ഓട്ടോ കാത്തുനിന്ന ഇവർക്ക് ലഭിച്ചത് ബസാണ്. ബസ് യാത്ര തുടങ്ങിയപ്പോഴേക്കും ജാലകങ്ങളെല്ലാം അടയ്ക്കുകയും പിന്നീട് മറ്റൊരു വഴിയിലൂടെ ബസ് നീങ്ങുകയും ചെയ്തു. ഈ സമയത്താണ് പെൺകുട്ടിയുടെ സുഹൃത്ത് ബസ് നിർത്താൻ ആവശ്യപ്പെട്ടത്. എന്നാൽ ഈ സമയത്ത് ബസിനകത്തുണ്ടായിരുന്ന ആറ് പേരും ചേർന്ന് ഇയാളെ കീഴ്‌പ്പെടുത്തിയ ശേഷം പെൺകുട്ടിയുടെ നേരെ തിരിഞ്ഞു.
പെൺകുട്ടിയും സുഹൃത്തും ചെറുത്തുനിൽക്കാൻ ശ്രമിച്ചപ്പോൾ അതിക്രൂരമായ ആക്രമണമാണ് ഇവർ ഓടുന്ന ബസിനകത്ത് അഴിച്ചുവിട്ടത്. ഇതിന് ശേഷമായിരുന്നു പെൺകുട്ടിയെ ആറ് പേരും ചേർന്ന് ബലാത്സംഗം ചെയ്തത്. അർധനഗ്നരായി രക്തത്തിൽ മുങ്ങിയ നിലയിൽ ബസിൽനിന്ന് ഇരുവരെയും പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു.
ഇരുവരെയും രാത്രി പതിനൊന്നോടെ ഇതുവഴി പോയ ഒരു യാത്രക്കാരനാണ് സഫ്‌ദർജങ് ആശുപത്രിയിൽ എത്തിച്ചത്. ഡിസംബർ 29 ന് സിം പ്പൂരിലെ ആശുപത്രിയിൽ പെൺകുട്ടി മരിച്ചു. സുഹൃത്തായ യുവാവ് നാളുകൾ നീണ്ട ചികിത്സയ്ക്ക് ശേഷം പൂർണ ആരോഗ്യം കൈവരിച്ചു.
മരടില്‍ നിന്നും ഇന്നലെ കാണാതായ പ്‌ളസ് ടൂ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം തേയിലത്തോട്ടത്തില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം എറണാകുളത്തെ സ്വകാര്യ സ്‌കൂളില്‍ നിന്നും കാണാതായ ഗോപിക എന്ന ഇവാ 17 കാരിയുടെ മൃതദേഹം മലക്കപ്പാറ വാല്‍പ്പാറയിലെ തേയിലത്തോട്ടത്തില്‍ നിന്നും ഇന്നലെ രാത്രിയോടെയാണ് പോലീസ് കണ്ടെത്തിയത്. സഫര്‍ എന്ന യുവാവിനെ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് ഇയാളാണെന്ന് സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം.
പെണ്‍കുട്ടിയുമായി സൗഹൃദമുണ്ടായിരുന്നയാളാണ് പോലീസ് പിടിയിലായ സഫര്‍ എന്ന യുവാവ്. ഇയാള്‍ ഏതാനും നാള്‍ മുൻപാണ് പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയത്. എന്നാല്‍ പെണ്‍കുട്ടി ഇത് നിഷേധിച്ചിരുന്നു. തുടര്‍ന്ന് കൊല്ലുമെന്നും ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് കാട്ടി ഈ രീതിയില്‍ അപമാനിക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. യുവാവിന്റെ ശല്യത്തെ തുടര്‍ന്ന് ഗോപികയുടെ പിതാവ് സഫറിനെ താക്കീത് ചെയ്യുകയൂമുണ്ടായി. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ സഫര്‍ കാറില്‍ കയറ്റി കൊണ്ടുപോയി കൊലചെയ്‌തെന്നാണ് പോലീസ് ഭാഷ്യം. ഇന്നലെ സ്‌കൂള്‍ സമയത്തിന് ശേഷം പെണ്‍കുട്ടിയെ കാണാതായിരുന്നു.
ഇതേ തുടര്‍ന്ന് പിതാവ് പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സഫര്‍ ജോലി ചെയ്തിരുന്ന സര്‍വീസ് സെന്ററിലെ കാര്‍ കാണാനില്ലെന്ന പരാതിയുമായി സ്ഥാപനത്തിലെ ആള്‍ക്കാരും പോലീസിനെ സമീപിച്ചത്. ഇതാണ് സംഭവം കണ്ടെത്തുന്നതിലേക്ക് നയിച്ചത്. തുടര്‍ന്ന കാര്‍ ട്രാക്ക് ചെയ്ത പോലീസ് ഇത് ആതിരപ്പള്ളി വഴി സഞ്ചരിക്കുന്നതായും കാറില്‍ ഒരു യുവാവും യുവതിയും ഉണ്ടെന്നും കണ്ടെത്തി. എന്നാല്‍ തമിഴ്‌നാട് അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ കാറില്‍ യുവാവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാറിന്റെ പിന്‍സീറ്റില്‍ രക്തക്കറ കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഗോപികയെ കൊലപ്പെടുത്തി തേയിലത്തോട്ടത്തില്‍ ഉപേക്ഷിച്ചെന്ന് സഫര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രി തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ നടത്തിയ തെരച്ചിലില്‍ കേരളാപോലീസ് മൃതദേഹം കണ്ടെത്തി. സഫറിനെ അറസ്റ്റും ചെയ്തു.
സഫര്‍ പല തവണ മകളെ ശല്യം ചെയ്തിരുന്നെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പിതാവ് പറഞ്ഞു. ഗോപികയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് സഫര്‍ തന്നെ കണ്ടിരുന്നതായും എന്നാല്‍ പറ്റില്ലെന്ന് അറിയിക്കുകയും ഗോപികയുടെ പിന്നാലെ നടക്കരുതെന്ന് പല തവണ താക്കീത് ചെയ്തിരുന്നതായും പിതാവ് പറയുന്നു. ഇന്നലെ രാവിലെ പിതാവ് തന്നെയാണ് മകളെ സ്‌കൂളില്‍ കൊണ്ടുപോയി വിട്ടത്. എന്നാല്‍ വൈകിട്ട് കാണാതായതോടെ പിതാവ് പോലീസിനെ സമീപിക്കുകയും ചെയ്തിരുന്നു. ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ സര്‍വീസിനായി കൊണ്ടുവന്ന കാര്‍ എടുത്തുകൊണ്ടാണ് സഫര്‍ പോയത്.
ആണ്‍സുഹൃത്ത്് കൊലപ്പെടുത്തിയ കലൂര്‍ സ്വദേശിനിയായ പ്ലസ് ടു വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി. തമിഴ്നാട്ടിലെ വരട്ടപ്പാറയിലെ തേയിലത്തോട്ടത്തിലാണ് മൃതദേഹം കണ്ടത്. ദേഹമാസകലം കുത്തുകളേറ്റ നിലയാണ് മൃതദേഹം. അറസ്റ്റിലായ നെട്ടൂര്‍ സ്വദേശി സഫറുമായി നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെടുത്തത്. പെണ്‍കുട്ടിയുമായി കാറില്‍ മലക്കപ്പാറയിലെത്തി കൊല നടത്തിയെന്നായിരുന്നു സഫര്‍ ഷായുടെ മൊഴി. സൗഹൃദം തുടരാന്‍ പെണ്‍കുട്ടി വിസമ്മതിച്ചാണ് കൊലയ്ക്ക് കാരണം.
കാരൂർ സോമൻ
പ്രവാസി മലയാളിയുടെ പ്രശ്നപരിഹാര വേദിയായ ലോക കേരള സഭ തിരുവന്തപുരത്തു് സമാപിച്ചു. ഈ അടുത്ത ദിവസങ്ങളിൽ ലോക കേരള സഭയെ ചൊല്ലി വാദപ്രതിവാദങ്ങൾ കൊഴുക്കുകയാണ്. പ്രവാസിക്ക് കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത ഒരവസ്ഥ. കേന്ദ്ര മന്ത്രി പറയുന്നു. ഇത് ഭൂലോക തട്ടിപ്പ്, പ്രതിപക്ഷം പറയുന്നു ധൂർത്തും അഴിമതിയും, വോട്ടു ബാങ്ക് രാഷ്ട്രീയം. കേരള സർക്കാർ പറയുന്നു നാടിന്റ വികസനം, പ്രവാസികളെ ഒരു കുടകിഴിൽ കൊണ്ടുവരണം. ഇതിൽ ആര് പറയുന്നതാണ് വിശ്വസിക്കേണ്ടത്? കേരള സ്പീക്കർ പറയുന്നത് എട്ടര കോടി ഇതിനായി ചിലവഴിച്ചു അല്ലാതെ ഇരുപത് കോടിയോന്നുമല്ല. സ്‌പീക്കർ പറയുന്നത് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അഥവ ധൂർത്തും അഴിമതിയും നടന്നെങ്കിൽ അത് പുറത്തു വരട്ടെ. ഇതിലെ പ്രധാന സംശയം. പ്രവാസികളെ ഒരു കുട കിഴിൽ എന്ന് പറയുമ്പോൾ ആ കുടക്ക് കൊടിയുടെ നിറം വല്ലതുമുണ്ടോ? അധികാരം കിട്ടിയാൽ ഏത് രാഷ്ട്രീയ പാർട്ടിയാണ് പണം ധൂർത്തടിക്കാത്തത്? അഞ്ചു വർഷങ്ങൾകൊണ്ട് അടുക്കളപെണ്ണിനും അഴക് വര്ധിപ്പിക്കുന്ന പാർട്ടികളെയല്ലേ നമ്മൾ കണ്ടിട്ടുള്ളത്. കേരളത്തിന്റ സമ്പദ് സമൃദ്ധിയിൽ അരങ്ങേറിയ ഈ മഹോത്സവ൦ കണ്ട് വന്നവരൊക്ക അത്യധികം ആഹ്ളാദിച്ചു. പ്രതിപക്ഷം പറയുന്നത് അടുത്ത തെരെഞ്ഞെടുപ്പിൽ വോട്ട് തട്ടിയെടുക്കാനുള്ള തന്ത്രമാണ് പാവപെട്ടവന്റ് പണം ധൂർത്തടിച്ചുള്ള പഞ്ച നക്ഷത്ര ഹോട്ടലിലേക്കുള്ള പ്രവാസി പ്രജകളുടെ ഭക്തിപൂർണ്ണമായ ഈ വരവേൽപ്പ്. കേരളത്തിലെത്തുന്ന ഉദാരമതികളായ സമ്പത്തുള്ളവരെ മാറോടണച്ചു് മന്ദഹാസം പൊഴിക്കുമ്പോൾ ഈ പ്രവാസിക്ക് മുന്നോട്ട് വെക്കാനുള്ള ഒരു നിർദ്ദേശo. ലോക കേരള സഭ ചിലവ് പാവം മലയാളിയുടെ തലയിൽ കെട്ടിവെക്കാതെ അതിൽ വന്ന കോടിശ്വരന്മാരുടെ ജീവകാരുണ്യ സംഭാവനയായി വാങ്ങി ഈ ലോകാപവാദത്തിന്റ ചൂടൊന്നു തണുപ്പിച്ചുകൂടെ?
അടിസ്ഥാനവർഗ്ഗത്തെ മറന്നുകൊണ്ടുള്ള ഈ മഹാ സഭ കണ്ട് ഒരു പറ്റം പ്രവാസികളുടെ മനസ്സ് വിങ്ങുന്നു. ഇപ്പോഴും പല നിരപരാധികൾ ജയിലിലാണ്, ആരും തിരിഞ്ഞു നോക്കുന്നില്ല. മറ്റ് ചിലർക്ക് നിയമ പരിരക്ഷ കൊടുക്കാൻ പോലും ആരും വരുന്നില്ല. ജോലി ചെയ്തിട്ടും ശമ്പളം കിട്ടാത്തവർ, വരണ്ട മരുഭൂമിയിൽ തൊണ്ട വരണ്ടു കഴിയുന്ന പാവങ്ങൾ, കുട്ടികളെ പഠിപ്പിക്കാൻ നിവർത്തിയില്ലാതെ ഞെരിപിരികൊള്ളുന്നവർ, റിക്രൂട്ട്മെന്റ് ഏജൻസികളാൽ വഞ്ചിക്കപ്പെട്ടവർ, തൊഴിൽ രംഗത്ത് ചൂഷണത്തിന് കിഴ്പ്പെടുന്നവർ, വിദ്യാഭ്യാസ യോഗ്യത ഉണ്ടെങ്കിലും വിദേശത്തു പോകാൻ കഴിയാതെ സാമ്പത്തിക പ്രതിസന്ധി നേരിടുന്നവർ, വിമാനക്കമ്പനികളുടെ ആകാശ കൊള്ള, മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസം, എംബസികൾ റബർ സ്റ്റാമ്പാടിച്ചു വൻ ഫീസ് ഈടാക്കുന്നത്, സ്കൂളുകളിലെ കുട്ടികളിൽ നിന്നും ഈടാക്കുന്ന വൻ ഫീസ്, ആരോഗ്യ രംഗത്ത് പാവപ്പെട്ട പ്രവാസി നേരിടുന്ന പ്രശനങ്ങൾ, നോർക്കയുടെ സമീപന രീതികൾ, അവർ വഴി എത്ര തൊഴിലാളികൾ വിദേശത്തുപോയി ഇങ്ങനെ ആഴത്തിൽ മുറിവേറ്റ ഭാഗങ്ങൾ ചികിൽസിച്ചു സുഖപ്പെടുത്താനാണ് ലോകമലയാളികളുടെ മുന്നിൽ നിഴൽവിളക്കുപോലെ പ്രകാശിക്കുന്നവരെത്തിയത്. അല്ലാതെ ആനന്ദസാഗരത്തിൽ മുങ്ങി കുളിക്കാനല്ല. സംഗമത്തിന്റ മൂന്നാം ദിനം അവർ ബഹുദൂരം സഞ്ചരിച്ചതായി പറയുന്നു. മരുപ്പച്ചയിലവർ വിത്ത് വിതച്ചു. വളമിട്ട് മൂന്ന് ദിവസങ്ങൾ വെള്ളമൊഴിച്ചു. ഇനിയും വളർച്ചയുടെ കാലമാണ്. അടുത്ത വര്ഷം വിളവെടുപ്പ് വരും. അതിൽ നിന്ന് കിട്ടുന്നത് മധുരിക്കുമോ എന്നത് കാത്തിരുന്നു കാണാം.
കഴിഞ്ഞ ലോക കേരള സഭയിൽ കേട്ടത് പ്രവാസികളുടെ അടിസ്ഥാന 40 വിഷയങ്ങൾ അവതരിപ്പിച്ചു. വിരലിൽ എണ്ണാൻ ചിലത് നടപ്പാക്കിയെന്ന് കേട്ടു. 47 രാജ്യങ്ങളിൽ നിന്ന് വന്നവർക്ക് തൃപ്തികരമായ ഒരു വിശദികരണം പേപ്പറിൽ എഴുതി കൊടുക്കാൻ, മാധ്യമങ്ങൾക്ക് കൊടുക്കാൻ ഈ മഹാ സഭക്ക് സാധിച്ചിരുന്നെങ്കിൽ ജനഹ്ര്യദയങ്ങളിൽ ആശങ്ക വളരില്ലായിരുന്നു. ഇതൊക്കെ കിട്ടാത്തതുകൊണ്ടാണ് കിളികളെപോലെ പലരും ലോകത്തിന്റ പല ഭാഗത്തുള്ള മരങ്ങളിലിരുന്ന് ചിലക്കുന്നത്. എന്തിനും ഏതിനും ഒരു വരവ് ചിലവുണ്ട്. ഏതു പ്രസ്ഥാനത്തിനും ഒരു കണക്കപിള്ള കാണു൦. ഇതിന്റ കണക്കപിള്ള അതൊന്നും കൊടുക്കാതെ വീട്ടിൽ വറുക്കലും പൊരിക്കലുമായി സമയം തള്ളിവിട്ടതാണോ ഇങ്ങനെ ഒരു പേരുദോഷത്തിന് കാരണമായത്? ഈ കണക്കപിള്ള കണക്കിൽ വല്ല തിരിമറി നടത്തിയോ? ഈ ധൂർത്തിന്റ കരച്ചിലും പിഴിച്ചിലും പല കോണുകളിൽ നിന്നുമുയരുന്നുണ്ട്. മംഗളദീപമെരിയുന്ന വിശാലമായ ആഡംബര ഗോപുരം കണ്ടപ്പോൾ അതിരറ്റ ആനന്ദമൊന്നും എല്ലാം പ്രവാസികൾക്കുമുണ്ടായില്ല. അതിന്റ പ്രധാന കാരണം പ്രളയത്തിൽ ദുഃഖദുരിതമനുഭവിക്കുന്നവരുടെ നെടുവീർപ്പുകൾ കാണാതെ ഇങ്ങനെ ഒരു മാമാങ്കം എന്തിന്? ചില മനുഷ്യരെപ്പോലെ തരാതരത്തിനു നിന്ന് തള്ളി പറയാൻ, തട്ടിപ്പറിക്കാൻ, പൊട്ടിത്തെറിക്കാൻ, സ്വന്തം കീശ വീർപ്പിക്കാൻ ഇങ്ങനെ എത്രയോ മേളകൾ മലയാളി മക്കൾ കണ്ടിരിക്കുന്നു. ആ രഹസ്യ അജണ്ടയിൽ വോട്ടു മാത്രമല്ല സമ്പത്തും, അധികാരവുമാണ് പ്രധാനം.
നമ്മുടെ സമുദായ നേതാക്കന്മാരുമായുള്ള രഹസ്യ അജണ്ട ഇന്ന് നാട്ടിൽ പാട്ടാണ്. അധികാരമുണ്ടെങ്കിൽ സത്യം അസത്യമാകും. കൊലയാളി നിരപരാധിയാകും. അതാണ് നമ്മുടെ ജനാധിപത്യം. കള്ളപണമുണ്ടാക്കുന്നവർ വാരിക്കോരി കൊടുക്കും. അധികാരമില്ലെങ്കിൽ സമ്പത്തുണ്ടാകില്ല. പാവം പ്രവാസികളെയോർത്തു് സങ്കടപെടുന്നവരാണ് നമ്മുടെ ഭരണാധിപന്മാർ. 1960 മുതൽ അവർ സങ്കടം പങ്കുവെക്കുന്നു. 2020 ൽ പരസ്പരം സങ്കടപ്പെടാൻ പരിഹാരം കാണാൻ ഒരു വേദിയുണ്ടായിരിക്കുന്നു. തല്ലുകൊള്ളാൻ ചെണ്ട അല്ലെങ്കിൽ വിയർപ്പൊഴുക്കുന്നവർ, പണം വാങ്ങാൻ മാരാർ എന്നു പറഞ്ഞാൽ സമ്പന്നർ. പ്രവാസികൾക്കായി നല്ല വിത്താണ് വിതച്ചിരിക്കുന്നത്. നല്ല ഫലം തരാതിരിക്കില്ല. എല്ലാ വർഷവും അധികാരികളുടെ, സമ്പന്നരുടെ മുന്നിൽ തൊഴും കയ്യുമായി തണുവണങ്ങി പുഞ്ചിരി തൂകി ഒരു വഴിപാടുപോലെ ആരാധന നടത്തി പോകാൻ ഇടവരാതിരിക്കട്ടെ.
പ്രവാസികളെപ്പറ്റി പറയുമ്പോൾ വിങ്ങുന്ന, വേദനിക്കുന്ന മറ്റൊരു കൂട്ടർ വിദേശ രാജ്യങ്ങളിലുണ്ട്. ഭരണഘടന വിഭാവനം ചെയ്യുന്ന തൊഴിൽ കൊടുക്കാതെ വന്നപ്പോൾ പട്ടിണി മാറ്റാൻ കേരളത്തിൽ നിന്ന് രക്ഷപ്പെട്ട് വിദേശത്ത് പൗരത്വം നേടിയവർ. പൗരത്വം കിട്ടിയതുകൊണ്ട് ഈ സഭയിൽ നിന്ന് പുറത്താകുമോ? തൊഴിൽ കൊടുക്കാതെ പുറത്താക്കി. ഇപ്പോൾ ഇതിൽ നിന്നും പുറത്താക്കിയിരിക്കുന്നു. അവർക്കും കൊടിയുടെ നിറം വേണമോ? കേരളത്തിന് പ്രളയംപോലുള്ള വിപത്തുണ്ടായപ്പോൾ മാത്രമല്ല എല്ലാം രംഗത്തും കടന്നു വരുന്നവരാണ് വിദേശ മലയാളി പൗരൻമാർ. അവരുടെ തായ് വേര് കേരളത്തിലാണ്. അഴക് വിരിച്ചു നിൽക്കുന്ന ഇന്നത്തെ കേരളത്തിന് ശ്രെഷ്ടമായ സംഭാവനകൾ ചെയ്തവരെ കേവലമായ വോട്ട് ബാങ്ക് നോക്കി അകറ്റിനിർത്തുന്നത് വെറും കമ്പോള അധികാര രാഷ്ട്രീയമല്ലേ? ഭൂതകാലത്തെപോലെ ഭാവികലത്തിന്റ വിധി നിർണ്ണയത്തിൽ അവരും പങ്കാളികൾ ആകേണ്ടതല്ലേ? അത് വോട്ടു ബാങ്ക് നിർണ്ണയമെങ്കിൽ അവർ ശ്രമിച്ചാലും കുറെ വോട്ടുകൾ മാറിമറിയും. അവരുടെ ബന്ധുമിത്രാദികൾ, സുകൃത്തുക്കൾ ധാരാളം കേരളത്തിലുണ്ട്. പലരും വീടുകൾക്കും, വസ്തുവകകൾക്കും നികുതി കൊടുക്കുന്നവരാണ്. വിദേശ രാജ്യങ്ങളിൽ അവർ നേരിടുന്ന പ്രശ്നങ്ങൾക്ക് ഈ മഹാ സഭ എന്ത് തീരുമാനമാണ് കൈകൊണ്ടത്?. അവർക്ക് കേരളത്തിൽ വോട്ടില്ല എന്നതുകൊണ്ട് തള്ളിക്കളയാവുന്നതാണോ അവരുടെ പ്രശ്നങ്ങൾ? ഇവരും ഇന്ത്യൻ എംബസ്സിയിൽ പല ആവശ്യങ്ങൾക്കായി പോകാറുണ്ട്. ചില രേഖകൾക്ക് ഇന്ത്യൻ എംബസ്സി സ്റ്റാമ്പ് ആവശ്യമാണ്. വിമാന കമ്പനിക്കാരെപോലെ കാറ്റുള്ളപ്പോൾ തൂറ്റണമെന്നാണ് എംബസ്സികളുടെ നയം. ഒരു പേപ്പറിൽ സ്റ്റാമ്പ് അടിക്കുന്നതിന് സാരമായ ഒരു തുക വാങ്ങാതെ വൻ തുക വാങ്ങുന്ന വിയർക്കുന്ന വർഗ്ഗം. ഈ ലോകത്തെ വാർത്തെടുത്തത് തൊഴിലാളികളാണ് അവരുടെ പേരിൽ പലരും മുതലാളിമാരായി മാറിയിട്ടുണ്ട്. വിദേശ പൗരത്വം ലഭിച്ചവർ പ്രവാസലോകത്തും കേരളത്തിലും ചൂക്ഷണം നേരിടുന്നത് ഈ മഹാ സഭ അല്ലെങ്കിൽ നോർക്ക വകുപ്പ് കാണാറുണ്ടോ? ആഴങ്ങളിൽ നീന്തിത്തുടിക്കുന്ന സ്രാവുകൾ വേദികൾ പങ്കിടുമ്പോൾ ഈ പരൽ മീനുകൾക്ക് ഈ വേദിയിൽ എന്ത് കാര്യമെന്ന് വിവേകശാലികൾക്ക് ചിന്തിക്കാൻ പറ്റുമോ? കേരളത്തിന്റ കൂടെപ്പിറപ്പായി ഒപ്പം നിന്നവരെ ഇങ്ങനെ തള്ളിക്കളയുരുത്. അവർ ഒഴുക്കിയ വിയർപ്പും കണ്ണുനീരും കണ്ണുതുറന്ന് കണ്ടിരുന്നെങ്കിൽ അവരും ഈ വേദിയിൽ കാണുമായിരിന്നു.
കേരളത്തിൽ നിന്ന് പാശ്ചാത്യ രാജ്യങ്ങളിലേക്കും, ഗൾഫിലേക്കും കുടിയേറ്റം തുടങ്ങുന്നത് 1960 മുതലാണ്. പ്രവാസിയുടെ സമ്പത്ത് 2017/ 2018 ൽ 2 ലക്ഷം കോടിയിൽ കൂടുതൽ എന്നാണ് കണക്കന്മാർ പറയുന്നത്. എന്നാൽ എത്ര മലയാളികൾ ഏതെല്ലാം രാജ്യങ്ങളിലുണ്ട് എന്നതിന് കൃത്യമായ ഒരു കണക്കില്ല. ഈ മഹാസഭയിൽ ഇത് ആരെങ്കിലും ചോദിച്ചു് ഒരുത്തരം കണ്ടെത്തിയോ? നീണ്ട വർഷങ്ങൾ കേരളത്തിൻറെ വളർച്ചക്കായി രാപകൽ അധ്വാനിച്ച വിദേശ മലയാളി പൗരന്മാരുടെ സമ്പത്തിന്റ കണക്ക് വോട്ടു ബാങ്ക് രാഷ്ട്രീയം എത്ര വേഗത്തിലാണ് മറക്കുന്നത്. അവർ വിദേശത്തു വിത്തിറക്കി സമ്പത്തു കൊടുത്തപ്പോൾ പഞ്ചസാര പായസമായിരിന്നു. ഇപ്പോൾ ഒരു വിത്തിൽ പല വിത്ത് വിളയിക്കുന്നവർ അത് വോട്ട് ബാങ്ക് രാഷ്ട്രീയമാകട്ടെ, മാലോകരാറിയാത്ത വിദേശത്തുള്ള കുട്ടുകച്ചവടമാകട്ടെ, കള്ള പണം വെളുപ്പിക്കലാകട്ടെ, അനധികൃത സ്വത്തു് സമ്പാദ്യമാകട്ടെ ഇപ്പോൾ വിളവൊന്നും എടുക്കാനില്ലെന്ന് കണ്ട് അവരെ കറിവേപ്പിലപോലെ തള്ളിക്കളയുന്നു. ഇതും ഒറ്റപെടുത്തലിന്റെ, വേർതിരിക്കുന്നതിന്റ രാഷ്ട്രീയമാണ്. എല്ലാവരോടും തുല്യ നീതി പുലർത്താത്ത രാഷ്ട്രീയം ഫാസിസമാണ്.
സൂക്ഷ്മതയോടെ ശ്രദ്ധിച്ചാൽ പ്രതിപക്ഷ പാർട്ടികൾ മാത്രമല്ല പ്രവാസികൾക്കും സംശങ്ങൾ ഏറെയാണ്. ഇതിൽ പങ്കെടുത്തവർ ആരുടെ പ്രതിനിധിയാണ്? ഇതിലെ അംഗങ്ങൾ ഓരോ രാജ്യങ്ങളെ പ്രനിധികരിക്കുന്നുവെന്ന് കേട്ടപ്പോൾ കണ്ണില്ലാത്തവന് എന്തിന് കണ്ണാടി എന്നൊക്കെ പലർക്കും തോന്നുന്നു. മൂന്നാം ലോക മലയാള സഭയിലേക്ക് കാഴ്ച്ചക്കാരായിട്ടെങ്കിലും പ്രവാസികളെ സ്വാഗതം ചെയ്താൽ കയ്യടിക്കാൻ ആൾക്കാരെ കിട്ടും. പാവം പ്രവാസികളും കേരളത്തിലെ പാവം മലയാളികളും എന്തിനും കാഴ്ചക്കാർ ആണല്ലോ. പീഡനങ്ങൾ ഏറ്റുവാങ്ങാൻ, കയ്യടിക്കാൻ, വിയർപ്പൊഴുക്കാൻ, പോലീസിന്റ തല്ലുകൊള്ളാൻ വിധിക്കപ്പെട്ടവർ. ഇതിൽ പങ്കെടുത്തവർ ആരാണ്? ആരുടെ പ്രതിനിധിയാണ്, ഇവരുടെ യോഗ്യതകൾ, അവരുടെ സാമുഹ്യ സംഭാവനകൾ എന്തൊക്കെ എന്നത് നോർക്ക വഴി വെളിപ്പെടുത്തുമോ? ബ്രിട്ടനിൽ ചെറുതും വലുതുമായ ധാരാളം സംഘടനകളുണ്ട്. സംഘടനകളെ പ്രതിനിധികരിച്ചാണ് വന്നതെങ്കിൽ യൂറോപ്പിലെ മാത്രമല്ല ലോകത്തെ ഏറ്റവും വലിയ സംഘടനയായ യൂക് മയിൽ നിന്ന് ആരാണ് വന്നത്? ബ്രിട്ടനിലെ പ്രമുഖ സാഹിത്യ സംഘടനയായ ലണ്ടൻ മലയാള സാഹിത്യ വേദി, ലണ്ടൻ മലയാളി കൌൺസിൽ അങ്ങനെ ധാരാളം കലാസാംസ്കാരിക-ജീവ കാരുണ്യ സംഘടനകളുണ്ട്. ഇതിൽ നിന്ന് ആരൊക്കെ വന്നു? അതുപോലെ ബ്രിട്ടനിൽ നിന്നുള്ള ജീവ കാരുണ്യ മേഖല, കലാ സാഹിത്യകാരൻന്മാർ, മെഡിക്കൽ രംഗത്ത് നിന്നുള്ളവർ, വ്യവസായികൾ, ശാസ്ത്ര-സാങ്കേതിക രംഗത്തുള്ളവർ, മാധ്യമ രംഗത്ത് നിന്നുള്ളവർ എത്രയെന്ന് ഇവിടുത്തെ പ്രമുഖ ഓൺലൈൻ വഴിയെങ്കിലും ഒന്നു വെളിപ്പെടുത്താനുള്ള ആർജ്ജവമുണ്ടോ?
ഏത് പാർട്ടിയായാലും കൊടിയുടെ നിറ൦ നോക്കി കേരളത്തിൽ എഴുത്തുകാരെ വേർതിരിക്കുന്നതുപോലെ വിദേശ രാജ്യങ്ങളിലും കോടിയുടെ നിറം നോക്കി ആ വേർതിരിവ് പലതിലും നടപ്പാക്കാറുണ്ട്. പഴയെ ജന്മി കുടിയൻ വ്യവസ്ഥിതി. ഇവിടെ ജന്മിയായി വരുന്നത് കൊടിയുടെ നിറമുള്ളവരാണ്. ഫ്യൂഡൽ വ്യവസ്ഥിതിക്കെതിരെ പടപൊരുതിയവരുടെ അനന്തരാവകാശികൾ. അധികാരം കിട്ടിയാൽ മാതൃ ഭാഷയിൽ പോലും വെറുപ്പിന്റ രാഷ്ട്രീയമാണ് വളർത്തുന്നത്. ഇത് എന്ത് ജനാധിപത്യബോധമാണ്? ലോക കേരള സഭ പ്രവാസിക്ക് സുരക്ഷിതമായ ഒരു താവളമാകണം. അത് ലോകവീക്ഷണമുള്ള ഒരു വേദിയാക്കണം അല്ലാതെ അവസരവാദ രാഷ്ട്രീയ വേദിയായി മാറ്റരുത്. ഏത് പാർട്ടിയായാലും പ്രവാസി നേരിടുന്ന പ്രശ്നങ്ങൾക്കാണ് മുൻഗണന കൊടുക്കേണ്ടത്. പ്രവാസിയുടെ സുരക്ഷിതത്വം എല്ലാം പാർട്ടിക്കാരും എല്ലാം രംഗത്തുനിന്നുള്ളവരും ഒന്നായി നിന്ന് നേരിടുകയാണ് വേണ്ടത്. ഏത് വിശ്വാസ ആശയത്തിൽ അടിയുറച്ചവരായാലും പ്രവാസികളിൽ സ്വീകാര്യത വളർത്തുന്നത് എല്ലാവരും ഒന്നായി നിന്ന് പുരോഗമന ആശയങ്ങൾ പ്രവാസികൾക്കായി പങ്കുവെക്കുമ്പോഴാണ്. അതിലുപരി എതിർപ്പിന്റ, വെറുപ്പിന്റ ശബ്‌ദം. കൊടിയുടെ നിറം നോക്കി എതിരാളികളെ നിശബ്തരാക്കുന്നത്,അടിച്ചമർത്തുന്നത് ക്രൂരതയാണ്.
പ്രവാസികൾക്ക് സംഗമിക്കാൻ. ഐക്യബോധം വളർത്താൻ, പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ വേദി ഇന്നും എപ്പോഴും അതിന് ചുക്കാൻ പിടിച്ച സർക്കാരും നല്ലതാണ്. അതിന് ആരും എതിരല്ല. അവിടെ സങ്കുചിത താല്പര്യങ്ങൾ, കൊടിയുടെ നിറം കടന്നുവരുമ്പോഴാണ് മനുഷ്യരിൽ വെറുപ്പിന്റ രാഷ്ട്രീയം വളരുന്നത്. പ്രതിപക്ഷം പറയുന്ന ധൂര്ത്തു് സത്യമല്ലെന്ന് സ്ഥാപിക്കാൻ സർക്കാർ ഇതിന്റ കണക്കുകൾ പുറത്തുവിടുകയാണ് വേണ്ടത്. പ്രവാസികളിലെ ഐക്യബോധം, പരസ്‌പര സഹകരണം, സ്‌നേഹം, ഭാഷയോടുള്ള കടപ്പാട് മതരാഷ്ട്രീയത്തെക്കാൾ ഏറ്റവും മൂല്യവത്തായി കാണുന്നവരാണ്. ലോക മലയാള സംഗമവേദി ആരിലും അസ്വസ്ഥത വളർത്താതെ പ്രവാസികളെ പുതുക്കിപ്പണിയാനുള്ള ഒരു വേദിയായി മാറട്ടെ.
മുഹമ്മദ് നിഹാൽ
കോഴിക്കോട് : കെജ്രിവാളിനെ വീണ്ടും ഡൽഹിയുടെ മുഖ്യമന്ത്രിയാക്കാനും എല്ലാ മേഖലയിലും ലോകോത്തര നിലവാരമുള്ള ഒരു സംസ്ഥാനമാക്കി ഡൽഹിയെ മാറ്റുവാനും ഓക്സ്‌ഫോർഡ് യുണിവേഴ്സിറ്റിയിലെ ബിരുദധാരി അതിഷിയും, കൊളംബിയ യുണിവേഴ്സിറ്റിയിലെ എം ടെക്ക് ബിരുദധാരി എഞ്ചിനീയർ ജാസ്മിൻ ഷായും, ഡോക്ടറും ഐ പി എസ്സുകാരനുമായ ഡോ : അജോയ് കുമാറും കൈകോർക്കുന്നു . ഇക്കുറി ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ പ്രകടന പത്രിക തയ്യാറാക്കുന്നത് ബിരുദധാരികളായ ഈ മൂന്നംഗ ബുദ്ധിജീവികളാണ് . ഡൽഹിയിലെ ഓരോ പഞ്ചായത്തുകളിലും പൊതുയോഗങ്ങൾ സംഘടിപ്പിച്ചുകൊണ്ട് , ജനങ്ങളിൽ നിന്ന് നേരിട്ട് ആശയങ്ങൾ ശേഖരിച്ച് അതിനനുസരിച്ചുള്ള വികസനപ്രവർത്തങ്ങൾ ഉൾക്കൊള്ളുന്ന ഒരു പ്രകടനപത്രിക തയ്യാറാക്കാനാണ് ആം ആദ്മി പാർട്ടി ശ്രമിക്കുന്നത് .
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കാനുള്ള മൂന്നംഗ ‘ മാനിഫെസ്റ്റോ കമ്മിറ്റി ‘ പ്രഖ്യാപിച്ചു.
1. അതിഷി
ആം ആദ്മി പാർട്ടി വളണ്ടിയർ.
ആംആദ്മി പാർട്ടി ദേശീയ രാഷ്ട്രീയകാര്യ സമിതി അംഗം. ഡൽഹി വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രതിഫലം വാങ്ങാതെ ജോലി ചെയ്യുന്നു. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദം. വിഖ്യാതമായ റോഡ്സ് സ്കോളർഷിപ്പും കരസ്ഥമാക്കിയിട്ടുണ്ട്.
2. ജാസ്മിൻ ഷാ
ആംആദ്മി പാർട്ടി വളണ്ടിയർ.
ഡൽഹി ഡയലോഗ് ആൻഡ് ഡെവലപ്പ്മെന്റ് കമ്മീഷൻ ചെയർപേഴ്സൺ. മദ്രാസ് ഐഐടിയിലും കൊളംബിയ സർവകലാശാലയിലുമായി വിദ്യാഭ്യാസം. ഡൽഹി സർക്കാരിന്റെ പല വികസന പദ്ധതികളും നിർണായക പങ്ക്.
3. ഡോ.അജോയ് കുമാർ.
ആംആദ്മി പാർട്ടി വളണ്ടിയർ.
പാർട്ടിയുടെ ദേശീയ വക്താക്കളിൽ ഒരാൾ. എംബിബിഎസ് ബിരുദധാരി.
പിന്നീട് ഐപിഎസ് നേടി ഇന്ത്യൻ പോലീസ് സർവീസിൽ. ഇപ്പോൾ ബിഹാർ , ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ പാർട്ടിയുടെ ചുമതല വഹിക്കുന്നു.
അർഹരായ ആളുകളെ മുൻനിർത്തി നടപ്പിലാക്കാൻ സാധിക്കുന്ന മികച്ച പ്രകടന പത്രിക നിർമിക്കുക. ഭരണം കിട്ടുമ്പോൾ അത് നടപ്പിലാക്കുക. എന്നതാണ് ഇവർ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം. വിദ്യാസമ്പന്നരായ ആയിരക്കിണക്കിന് ആളുകളുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് ഡൽഹിയിലെ ആം ആദ്മി പാർട്ടി നയിക്കുന്ന മാതൃക ഗവൺമെൻറ്. കഴിഞ്ഞ അഞ്ച് വർഷം ഡൽഹിയിലെ വിദ്യാഭ്യാസ മേഖലയിലെ വളർച്ചയുടെ പിന്നിൽ പ്രവർത്തിച്ച അതിഷിക്കൊപ്പം ഈ രണ്ട് ബുദ്ധികേന്ദ്രങ്ങളും കൂടി ചേരുമ്പോൾ ഒരു പക്ഷെ ഇക്കുറി ഡൽഹിയിൽ ആം ആദ്മി പാർട്ടി തയ്യാറാക്കുന്നത് ഇന്ത്യയിലെ ഏറ്റവും നല്ല വികസനപ്രവർത്തനങ്ങൾ അടങ്ങിയ ഒരു പ്രകടന പത്രിക ആയിരിക്കുമെന്ന് ഉറപ്പാണ് .
നിര്‍ഭയക്കേസ് പ്രതികളുടെ വധശിക്ഷ ഈ മാസം 22ന് നടപ്പാക്കും . രാവിലെ ഏഴു മണിക്ക് തൂക്കിലേറ്റണമെന്നാണ് മരണവാറന്റ്. നിർഭയയുടെ അമ്മയുടെ ഹർജിയിലാണ് ഉത്തരവ്. നടപടികൾ കോടതി പൂർത്തിയാക്കി. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്.
പവന്‍ ഗുപ്ത, മുകേഷ് സിങ്, വിനയ് ശര്‍മ, അക്ഷയ് ഠാക്കൂര്‍ എന്നിവരാണ് പ്രതികള്‍. സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കുമെന്ന് പ്രതികളുടെ അഭിഭാഷകന്‍ പറഞ്ഞു. വിധിയ്ക്കു മുൻപ് വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രതികളുമായി ജഡ്ജി സംസാരിച്ചു. മാധ്യമവിചാരണ നടക്കുന്നതായി പ്രതി മുകേഷ് പറഞ്ഞു. തുടർന്ന് മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍നിന്ന് പുറത്താക്കി.
ജനുവരി 22 ജീവിതത്തിലെ സുദിനമെന്ന് നിര്‍ഭയയുടെ അമ്മ പ്രതികരിച്ചു. ഏഴുവര്‍ഷത്തെ പോരാട്ടം വിജയംകണ്ടതില്‍ സന്തോഷമെന്നും അവർ പറഞ്ഞു.
‘ഇട്ടിമാണി, മെയ്ഡ് ഇൻ ചൈന’ എന്ന മോഹൻലാൽ സിനിമ അന്നമനട എടയാറ്റൂരിൽ മട്ടയ്ക്കൽ ജോസ് കണ്ടിട്ടില്ല. പക്ഷേ, ഡോക്ടർമാരായ ആറ് പെൺമക്കൾക്കായി ഒരു ആശുപത്രി പണിയണമെന്ന ജോസേട്ടന്റെ സ്വപ്നം സഫലമായാൽ, ബോർഡിൽ ‘മെയ്ഡ് ഇൻ ചൈന’ എന്നെഴുതാമെന്നാണ് സ്നേഹത്തോടെ നാട്ടുകാരുടെ പക്ഷം. കാരണം, ജോസേട്ടന്റെ മൂന്ന് പെൺമക്കൾ എം.ബി.ബി.എസ് ബിരുദമെടുത്തതും, മൂന്നു പേർ പഠനം തുടരുന്നതും ചൈനയിലാണ്! മക്കളെ പഠിപ്പിച്ച വകയിൽ ഒരു കോടിയോളം രൂപ കടമായെങ്കിലും, ഫർണിച്ചർ ബിസിനസുകാരനായ ജോസിനും ഭാര്യ ബേബിക്കും നിറഞ്ഞ ചാരിതാർത്ഥ്യം- മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകാനായല്ലോ.
ആറു സഹോദരിമാരിൽ മൂത്തയാളായ എസ്തർ ആണ് എം.ബി.ബി.എസ് പഠനത്തിന് ചൈനയിലെ ചോംചിംഗ് സർവകലാശാലയിലേക്ക് ആദ്യം പോയത്. രണ്ടാമത്തെ മകൾ യൂദിത്തും അനുജത്തി റൂത്തും ചോംചിംഗിൽ നിന്നു തന്നെ എം.ബി.ബി.എസ് ബിരുദമെടുത്തു. ഇവർക്കു താഴെ റാഹേലും റബേക്കയും സാറയും അവിടെത്തന്നെ പഠനം തുടരുന്നു. മക്കളിലെ ഏക ആൺതരിയായ ജെനു ആന്റണി ദുബായിൽ മർച്ചന്റ് നേവിയിൽ സെക്കൻഡ് ഓഫീസർ.വീട്ടിലേക്ക് ആദ്യം ചൈനീസ് ബിരുദം കൊണ്ടുവന്ന ഡോ. എസ്തറിന് ഇപ്പോൾ 30 വയസ്സ്. ഡോ. യൂദിത്ത് ഡൽഹി എയിംസിലും ഡോ. റൂത്ത് നിലമ്പൂരിലെ സ്വകാര്യ ക്ളിനിക്കിലും ജോലി ചെയ്യുന്നു.
മറ്റ് മൂന്നു പേർ കൂടി പഠനം പൂർത്തിയാക്കി വരുമ്പോൾ എല്ലാവരെയും ചേർത്ത് ആശുപത്രി തുടങ്ങണം- അതാണ് പത്താം ക്ളാസ് വിദ്യാഭ്യാസം മാത്രമുള്ള ജോസിന്റെയും എൽ.ഐ.സി ഏജന്റ് ആയ ബേബിയുടെയും ആഗ്രഹം.32 വർഷം മുമ്പ് വിവാഹിതനാകുമ്പോൾ ഫർണിച്ചർ പണിക്കാരനായിരുന്നു ജോസ്. പിന്നീട് സ്വന്തം ഫർണിച്ചർ ബിസിനസ് ആയി. വിദ്യാഭ്യാസ വായ്പ ഉൾപ്പെടെ ഒരു കോടിയുടെ കടമുണ്ടെങ്കിലും ആറു മക്കളെ ഡോക്ടറാക്കാനും മകനെ വിദേശത്ത് ജോലിക്കാരനാക്കാനും കഴിഞ്ഞതിന്റെ അഭിമാനമുണ്ട്, ജോസിനും ബേബിക്കും. ഇനി, മക്കളുടെ സ്വന്തം ആശുപത്രി!
കേരളത്തോട് പ്രതികാരം ചെയ്ത് കേന്ദ്രസര്‍ക്കാര്‍. പ്രളയദുരിത സമയത്ത് നല്‍കിയ അരിയുടെ പണം ആവശ്യപ്പെട്ടിരിക്കുകയാണ്. 89,540 മെട്രിക് ടണ്‍ അരിയുടെ വിലയായി 205.81 കോടി രൂപ കേരളം നല്‍കണമെന്നാണ് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ നിര്‍ദ്ദേശിച്ചു.
എത്രയും വേഗം പണം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും എഫ്സിഐ ജനറല്‍ മാനേജര്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് അയച്ച കത്തില്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തെ തുടര്‍ന്നുണ്ടായ നഷ്ടത്തില്‍ കേരളം ഒഴികെയുള്ള ഏഴ് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം അനുവദിച്ചതിനു പിന്നാലെയാണ് കേന്ദ്രത്തിന്റെ ഈ പകപോക്കല്‍.
2019ല്‍ ഗുരുതരമായ പ്രളയം നേരിട്ട കേരളം 2101 കോടി രൂപയാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. സഹായം തേടി കേരളം സെപ്തംബര്‍ ഏഴിന് കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു. അതേസമയം, ഏഴ് സംസ്ഥാനങ്ങള്‍ക്കായി 5908 കോടി രൂപ അധിക സഹായം നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സമിതിയുടേതാണ് തീരുമാനം.
ചെക്യാട് ഉള്ളിപ്പാറ ക്വാറിയിലെ വെള്ളത്തില്‍ യുവതിയെയും രണ്ട് പെണ്‍ മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി.ചെക്യാട് കൂച്ചേച്ച് കണ്ടി, കനിയില്‍ കെ.കെ.എച്ച് ഹസ്സന്‍ ഹാജിയുടെ മകള്‍ ഫസ്‌ന (24) മക്കളായ ആമിന നസ്‌റിന്‍ (5), റിസ്‌ന നസ്‌റിന്‍ (4) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്. നാദാപുരം ചാലപ്പുറത്തെ പഴയ കോവുമ്മല്‍ റംഷാദിന്റെ ഭാര്യയാണ്. ഇന്നലെ രാവിലെ ഒമ്പതര മണിയോടെയാണ് സംഭവം. ഭര്‍തൃവീടായ ചാലപ്പുറത്ത് നിന്ന് ചെക്യാട് സ്വന്തം വീട്ടിനടുത്തെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ഉപയോഗശൂന്യമായ ക്വാറിയില്‍ എത്തിയ ഫസ്‌ന മക്കളെയും കൊണ്ട് ക്വാറിയിലെ വെള്ളത്തിലേക്ക് എടുത്ത് ചാടിയതാണെന്ന് കരുതുന്നു.
ക്വാറിക്ക് സമീപത്ത് വെച്ച് ഫസ്‌ന ഭര്‍തൃസഹോദരിയെ ഫോണില്‍ വിളിച്ച് ക്വാറിക്ക് സമീപം നില്‍ക്കുകയാ ണെന്ന് അറിയിച്ചിരുന്നു. ഇവര്‍ വിവരമറിയിച്ചതിനാല്‍ സഹോദരന്‍ ക്വാറിയിലെത്തിയപ്പോള്‍ മുങ്ങിത്താഴുന്ന മൂന്ന് പേരെയും കണ്ടതോടെ സമീപ വാസിയെ വിളിച്ചു വരൂത്തി. ഇയാള്‍ രണ്ട് പെണ്‍കുട്ടികളെ പുറത്തെത്തിച്ചെങ്കിലും മരണമടഞ്ഞിരുന്നു. ചേലക്കാട്ട് നിന്ന് ഫയര്‍ഫോഴ്‌സ് സ്‌കൂബ ടീം എത്തിയാണ് ഫസ്‌നയുടെ മൃതദേഹം പുറത്തെടുത്തത്. ഭര്‍ത്താവുമായി ഉണ്ടായ പിണക്കത്തെ തുടര്‍ന്ന് ഞായറാഴ്ച്ച സ്വന്തം വീട്ടില്‍ നിന്ന് സഹോദരന്‍ ഫസ്‌നയെ രാത്രി പത്ത് മണിയോടെയാണ് ഭര്‍തൃവീട്ടിലാക്കിയത്. ബന്ധുക്കളുടെ സഹായത്തോടെ പ്രശ്‌നങ്ങര്‍ പരിഹരിച്ച് വൈകിയാണ് തിരിച്ചെത്തിയതെന്ന് സഹോദരന്‍ പൊലീസിന് മൊഴി നല്‍കി.
വളയം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം വടകര താലൂക്ക് ആശുപത്രിയിലെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം രാത്രി മുണ്ടോളി പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.ഉമ്മ ആയിഷ സഹോദരങ്ങള്‍: റാഷിദ് (ദുബൈ) നിസാര്‍, അന്‍വര്‍ (ദുബൈ), ഹാഷിം (ദുബൈ).മുനീര്‍ (ഖത്തര്‍) റിയാസ് (ഖത്തര്‍) ആഷിഫ, ഫിറോസ്.