തിരുവനന്തപുരം : വയലിനിസ്‌റ്റ് ബാലഭാസ്‌കറുടെ മരണത്തില്‍ ആരോപണവിധേയനായ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി വിഷ്‌ണു സോമസുന്ദരത്തിന്റെ വീട്ടില്‍നിന്ന് കേരള സര്‍വകലാശാലയുടെ പൂരിപ്പിക്കാത്ത മാര്‍ക്ക് ലിസ്‌റ്റുകള്‍ കണ്ടെത്തി. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഡയറക്‌ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) നടത്തിയ റെയ്‌ഡിലാണ് ഒപ്പും സീലുമുള്ള പൂരിപ്പിക്കാത്ത ഏഴു മാര്‍ക്ക് ലിസ്‌റ്റുകള്‍ പിടിച്ചെടുത്തത്. കൂടുതല്‍ അന്വേഷണത്തിനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഡി.ആര്‍.ഐ കത്ത് നല്‍കും. മാര്‍ക്ക് ലിസ്‌റ്റ് മനുഷ്യക്കടത്തിന് ഉപയോഗിച്ചിരുന്നതായി സംശയമുണ്ട്.
കഴിഞ്ഞ ജൂണ്‍ 14 നായിരുന്നു വിഷ്‌ണുവിന്റെ വീട്ടില്‍ ഡി.ആര്‍.ഐ. റെയ്‌ഡ് നടത്തിയത്. ഇതുസംബന്ധിച്ച 100 പേജുള്ള അന്വേഷണ റിപ്പോര്‍ട്ടിലാണ് മാര്‍ക്ക് ലിസ്‌റ്റ് കണ്ടെടുത്ത വിവരം ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാര്‍ക്ക് ലിസ്‌റ്റുകള്‍ എങ്ങനെ ലഭിച്ചു എന്നതില്‍ തൃപ്‌തികരമായ വിശദീകരണം നല്‍കാന്‍ വിഷ്‌ണുവിനായിട്ടില്ല. ഈ സാഹചര്യത്തില്‍ അന്വേഷണം പൂര്‍ത്തിയായ ശേഷമായിരിക്കും വിഷയത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്തു നല്‍കുക. വിഷയത്തില്‍ പോലീസും പ്രത്യേക അന്വേഷണം നടത്തും.
പി.എസ്.സി. പരീക്ഷാ തട്ടിപ്പില്‍ അറസ്‌റ്റിലായ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ നസീമിന്റെയും ശിവരഞ്‌ജിത്തിന്റെയും വീടുകളില്‍ നടന്ന റെയ്‌ഡില്‍ കേരള സര്‍വകലാശാലയുടെ ഉത്തരക്കടലാസുകള്‍ കണ്ടെത്തിയിരുന്നു. ഇവരുടെ തട്ടകമായ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജുമായി വിഷ്‌ണുവിനും അടുത്ത ബന്ധമുണ്ടെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ബാലഭാസ്‌കറിന്റെ ദുരൂഹ മരണത്തില്‍ കുടുംബം സംശയിക്കുന്ന വ്യക്‌തിയാണ് വിഷ്‌ണു. യൂണിവേഴ്‌സിറ്റി കോളജിലെ പഠനകാലം മുതല്‍ ബാലഭാസ്‌കറിന് വിഷ്‌ണുവുമായി അടുപ്പമുണ്ട്.
തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത് ഏകോപിപ്പിച്ചിരുന്നതു വിഷ്‌ണുവാണെന്നു ഡി.ആര്‍.ഐ. നേരത്തെ കണ്ടെത്തിയിരുന്നു. തിരുവനന്തപുരം വിമാനത്താവളം വഴി ഇയാളും സംഘവും 720 കിലോ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് വിവരം. മേയ് 13 നു 25 കിലോ സ്വര്‍ണവുമായി തിരുമല സ്വദേശിയായ കെ.എസ്.ആര്‍.ടി.സി. കണ്ടക്‌ടര്‍ സുനില്‍കുമാറും (45), സുഹൃത്ത് കഴക്കൂട്ടം സ്വദേശിനി സെറീനയും (42) അറസ്‌റ്റിലായതോടെയാണു സ്വര്‍ണക്കടത്തില്‍ വിഷ്‌ണു സോമസുന്ദരത്തിന്റെ പങ്ക് വ്യക്‌തമാകുന്നത്.
ഒമാന്‍ എയര്‍വേയ്‌സ് വിമാനത്തിലാണ് സുനില്‍കുമാറും സെറീനയും സ്വര്‍ണവുമായി എത്തിയത്. മുന്‍പും സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും വിമാനത്താവളത്തിലെ എക്‌സ്‌റേ പോയിന്റില്‍ കസ്‌റ്റംസ് സൂപ്രണ്ട് രാധാകൃഷ്‌ണന്റെ സഹായം ലഭിച്ചതായും സെറീന വെളിപ്പെടുത്തി.
പിന്നാലെ കസ്‌റ്റംസ് സൂപ്രണ്ട് രാധാകൃഷ്‌ണന്‍, ബിജു, പ്രകാശ് തമ്പി, വിഷ്‌ണു സോമസുന്ദരം എന്നിവരെയും പിടികൂടുകയായിരുന്നു. മാര്‍ക്ക് ലിസ്‌റ്റുകള്‍കൂടി കണ്ടെടുത്തതോടെ രാധാകൃഷ്‌ണനുമായി ചേര്‍ന്നു വിഷ്‌ണുവും സംഘവും തിരുവനന്തപുരം വിമാനത്താവളം വഴി മനുഷ്യക്കടത്തു നടത്തിയിരുന്നോയെന്ന സംശയവും ബലപ്പെടുകയാണ്.
ഇന്നലെ മീനച്ചിലാറ്റില്‍ കാണാതായ മൂന്നാമത്തെ വിദ്യാര്‍ത്ഥിയുടെ മൃതദേഹവും കണ്ടെത്തി. പുതുപ്പള്ളി ഐഎച്ചആര്‍ഡി ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥി അശ്വിന്‍ കെ. പ്രസാദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അപകടത്തില്‍പെട്ട രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങളും കണ്ടെത്തിയിരുന്നു. വടവാതൂര്‍ കുന്നപ്പളളി കെ.കെ. പ്രസാദിന്റെ മകനാണ് അശ്വിന്‍ കെ. പ്രസാദ്. പുതുപ്പളളി ഐ.എച്ച് ആര്‍.ഡി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു ബയോമാത്്‌സ് വിദ്യാര്‍ഥികളായ ചിങ്ങവനം കേളചന്ദ്രപ്പറമ്പില്‍ കെ.സി. ചാക്കോയുടെ മകന്‍ കെ.സി. അലന്‍ (17) മീനടം വട്ടക്കുന്ന് കെ.സി. ജോയിയുടെ മകന്‍ ഷിബിന്‍ ജേക്കബ്(17) എന്നിവരാണു മരിച്ചത്.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടുമണിയോടെ കോട്ടയം പൂവത്തുംമൂട് പാലത്തിനുസമീപമുള്ള മൈലപ്പളളിക്കടവു തൂക്കുപാലത്തിനു സമീപമാണു ദുരന്തം. കാല്‍കഴുകുന്നതിനിടെ വെള്ളത്തില്‍ കാല്‍തെറ്റിവീണ അശ്വിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണു മറ്റുരണ്ടുപേരും അപകടത്തില്‍പ്പെട്ടത്.
അപകടം പതിയിരിക്കുന്ന മണല്‍കുഴികള്‍
മണല്‍വാരല്‍ നിരോധിച്ചിട്ടുണ്ടെങ്കിലും വര്‍ഷങ്ങളോളം മണല്‍ വാരി കയങ്ങളായി തീര്‍ന്ന മൈലപ്പള്ളി കടവിലാണ് വിദ്യാര്‍ഥികളെ മരണം വിഴുങ്ങിയത്.അപകത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ കടവിലും സമീപത്തെ തൂക്കുപാലത്തിലുമായി ചുറ്റിത്തിരിയുന്നത് നാട്ടകാര്‍ കണ്ടിരുന്നു.തൂക്കു പാലം നാശകരമായ അവസ്‌ഥയിലാണെങ്കിലും നിരവധി ആളുകള്‍ ഇപ്പോഴും പാലത്തില്‍ ചിത്രം എടുക്കുന്നതിനും സെല്‍ഫി എടുക്കുന്നതിനുമായി എത്തുന്നുണ്ട്.അതുകൊണ്ടു തന്നെ വിദ്യാര്‍ത്ഥികള്‍ പാലത്തിലും ചുവട്ടിലുമായി നില്‍ക്കുന്നത് കണ്ടിട്ടും നാട്ടുകാര്‍ ശ്രദ്ധിച്ചിരുന്നില്ല.
പാലം നിര്‍മ്മിച്ചതോടെ ആറ്റിലേക്ക് നേരിട്ട് ഇറങ്ങാന്‍ കഴിയില്ല.അതിനാല്‍ പാലത്തിന്റെ ചുവട്ടില്‍ നിന്നും പത്ത് മീറ്ററോളം മാറിയാണ് വിദ്യാര്‍ത്ഥികള്‍ ആറ്റിലേക്ക് ഇറങ്ങിയത്.ഇവിടെ ഏകദേശം നാല്‍പതടിയോളം താഴ്‌ചയുണ്ടെന്നാണ് കണക്ക്.മണല്‍വാരിയാണ് ഈ ഭാഗം ഇത്രയും താഴാന്‍ ഇടയാക്കിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.സെല്‍ഫിയെടുക്കുന്നതിനിടെ കാല്‍ പറ്റിയ ചെളി കഴുകിക്കളയാനുളള ശ്രമമാണ് പുതുപ്പളളി ഐ.എച്ച്.ആര്‍.ഡി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബയോമാക്‌സ് വിദ്യാര്‍ത്ഥികളായ അശ്വിന്‍ കെ. പ്രസാദിനെയും അലന്‍ കെ.സിയെയും ജിബിന്‍ ജേക്കബിനെയും ദുരന്തത്തിലേക്ക് നയിച്ചത്.
കാലില്‍ പറ്റിയ ചെളി കഴുകാന്‍ ആദ്യം പദ്ധതിയിട്ട ഇവര്‍ പിന്നീട് വസ്‌ത്രം മാറി കുളിച്ചുകയറാന്‍ തീരുമാനിക്കുകയായിരുന്നു. ആഴം കുറഞ്ഞ ഭാഗം നോക്കി അശ്വിനാണ് ആദ്യം ഇറങ്ങിയത്.എന്നാല്‍ ഇതിനിടെ അശ്വിന്‍ പിടിവിട്ട് ആഴത്തിലേക്ക് പോയി.ഇതിനിടെ മുങ്ങിപ്പൊങ്ങിവന്ന അശ്വിനെ പിടിച്ചുകയറ്റാനുളള ശ്രമത്തിനിടെയാണ് അലനും ഷിബിനും ആഴങ്ങളിലേക്ക് പോയത്.കൂട്ടുകാര്‍ പിടിവിട്ട് മുങ്ങിത്താഴുന്നത് കണ്ട് നിസഹായരായി നോക്കി നില്‍ക്കാനെ ഒപ്പമുളളവര്‍ക്ക് കഴിഞ്ഞുളളൂ.
നിലവിളിയും ബഹളവും കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയെങ്കിലും ഒന്നും ചെയ്യുവാന്‍ കഴിയുമായിരുന്നില്ല. നല്ലതുപോലെ നീന്തുന്നവര്‍പോലും മൈലപ്പളളി കടവില്‍ ഇറങ്ങാറില്ല. ആഴവും കയങ്ങളും ധാരാളമുള്ള ഇവിടെ അപകടം പതിയിരിക്കുന്നതിനാലാണ് നാട്ടുകാര്‍ പോലും ഇവിടെ ഇറങ്ങാന്‍ ഭയപ്പെടുന്നത്.ഇതിനിടെ സമീപത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്ന അയ്‌മനം പുലിക്കുട്ടിശേരി പുത്തന്‍തോട് കുന്നുമ്മാത്ര കെ.പി.റെജിയും അയല്‍വാസിയും പുഴയില്‍ ചാടിയെങ്കിലും രക്ഷിക്കാനായില്ല.
പിന്നീട് ഫയര്‍ഫോഴ്‌സ് എത്തി തെരച്ചില്‍ നടത്തിയാണ് രണ്ടു മൃതദേഹങ്ങള്‍ കണ്ടെടുക്കാനായത്.കാണായായ സ്‌ഥലത്ത് തന്നെയാണ് അലന്റെയും ഷിബിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.ഈ ഭാഗത്ത് തിരച്ചില്‍ നടത്തിയെങ്കിലും അശ്വിനെ കണ്ടെത്താനായില്ല.രാത്രി വൈകി വരെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിയാതായതോടെ തെരച്ചില്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
പുതിയ സാമ്പത്തിക വർഷത്തിന്റ ആദ്യ എഴ് മാസങ്ങൾ പിന്നിടുമ്പോൾ രാജ്യത്തെ കയറ്റുമതിയിൽ ഇടിവെന്ന് റിപ്പോർട്ട്. വിദേശ വിപണികളിൽ ചൈനീസ് ഉൽപന്നങ്ങൾക്ക് ബദലാവുകയെന്ന ഇന്ത്യയുടെ ലക്ഷ്യങ്ങൾക്ക് തിരിച്ചടിയാണ് ചരക്ക് കയറ്റുമതിയിലെ ഇടിവെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാടുന്നത്. 2019 ഒക്ടോബർ വരെയുള്ള ഏഴു മാസങ്ങളിൽ ഇന്ത്യയുടെ കയറ്റുമതി 2.2 ശതമാനം കുറഞ്ഞതായാണ് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ പ്രധാന വിപണികളായ യുഎഇ, യുകെ, ഹോങ്കോംഗ്, ജർമ്മനി, ബംഗ്ലാദേശ്, നേപ്പാൾ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയിലാണ് ഇടിവ് രേഖപ്പെടുത്തിയിരിക്കന്നത്. പെട്രോളിയം ഉൽപന്നങ്ങൾ, തുകൽ, വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ്, എഞ്ചിനീയറിംഗ്, രാസവസ്തുക്കൾ എന്നിവയുടെ കയറ്റുമതിയിൽ ആറുമാസത്തിനിടെ 9 ശതമാനം ഇടിവാണ് ഉണ്ടായിട്ടുള്ളത്.
കണക്കുകൾ പ്രകാരം 2019 ഒക്ടോബറിൽ 26.38 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് ഉണ്ടായിടിട്ടുള്ളത്. 2018 ഒക്ടോബറിൽ ഇത് 26.67 ബില്യൺ ഡോളറായിരുന്നു, അതായത് 1.1 ശതമാനം ഇടിവ്. എന്നാൽ 2019 ഒക്ടോബറിൽ 37.39 ബില്യൺ യുഎസ് ഡോളറിന്റെ ഇറക്കുമതിയാണ് രാജ്യത്തേക്ക് ഉണ്ടായത്. മുൻ വർഷത്തിൽ ഇത് 44.68 ബില്യൺ യുഎസ് ഡോളറായിരുന്നു. കണക്കുകൾ പ്രകാരം ഇറക്കുമതിയിൽ 16.31 ശതമാനം കുറവും രേഖപ്പെടുത്തുന്നു. സാമ്പത്തിക പ്രതിസന്ധി രാജ്യത്തുണ്ടാക്കിയ ഡിമാൻഡിലെ കുറവും നിക്ഷേപങ്ങളിലുണ്ടായ ഇടിവുമാണ് 2019 ജൂൺ മുതൽ ഇറക്കുമതി കുറയാൻ ഇടയാക്കിയതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഒക്ടോബറിലെ കയറ്റുമതിയിലെ ഇടിവ് ആഗോള മാന്ദ്യത്തിന്റെ പ്രതിഫലനമാണെന്നാണ് ട്രേഡ് പ്രമോഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ നിലപാട്. മാന്ദ്യം ഡിമാൻഡ് കുറയുന്നതിന് കാരണമായിട്ടുണ്ട്. കൂടാതെ അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതിയില്‍ ഉൾപ്പെടെ ഇത് ബാധിച്ചിട്ടുണ്ടെന്നും ട്രേഡ് പ്രമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ മോഹിത് സിംഗ്ല പറഞ്ഞു.
ഉൽപ്പാദനം, തൊഴിൽ, കയറ്റുമതി എന്നിവ വർദ്ധിപ്പിക്കുക ലക്ഷ്യമിട്ട് കേന്ദ്ര സർക്കാറിന്റെ അഭിമാന പദ്ധതിയായി അവതരിപ്പിക്കപ്പെട്ട ‘മെയ്ക്ക് ഇൻ ഇന്ത്യ’ പുരോഗമിക്കവെയാണ് പുതിയ റിപ്പോർട്ടുകൾ. മെയ്ക് ഇൻ ഇന്ത്യയുടെ കാഴ്ചപ്പാടിൽ നിന്ന് വിരുദ്ധമാണ് റിപ്പോര്‍ട്ടുകൾ. രാജ്യത്തെ വ്യാവസായിക ഉൽപാദനം 8 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലായി, തൊഴിലില്ലായ്മ 45 വർഷത്തിലെ ഉയർന്ന നിലയിലും എത്തിയിരുന്നു. കുറഞ്ഞ കയറ്റുമതിയോടൊപ്പം, ഇറക്കുമതിയെ ഇന്ത്യ ആശ്രയിക്കുന്നത് വ്യാപാരക്കമ്മി വർധിപ്പിക്കുന്നതിനും ഇടയാക്കിയിട്ടുണ്ട്.
കോഴിക്കോട് കുന്ദമംഗലത്ത് അമ്മയെയും മകനെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടതിന് പിന്നില്‍ ദുരൂഹയുണ്ടെന്ന ആരോപണമുയര്‍ന്നതിന് പിന്നാലെ ഭര്‍ത്താവും വീട്ടുകാരും ഒളിവില്‍ പോയി. സ്ത്രീധനത്തെ ചൊല്ലി ഭര്‍ത്താവും മാതാപിതാക്കളും ഇവരെ കൊലപ്പെടുത്തിയതാണെന്നാണ് ബന്ധുക്കളുടെ പരാതി.
നിജിനയുടെയും കുഞ്ഞിന്‍റെയും മരണത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും സഹോദരന്‍ നിജേഷ് പറഞ്ഞതിന് പിന്നാലെയാണ് നിജിനയുടെ ഭര്‍ത്താവ് രഖിലേഷും മാതാപിതാക്കളും ഒളിവില്‍ പോയത്. ഇവര്‍ ഒളിവിലാണെന്ന് പൊലിസും സ്ഥിരീകരിച്ചു. ബന്ധുവീടുകള്‍ കേന്ദ്രീകരിച്ച് ഇവര്‍ക്കായി തിരച്ചില്‍ നടത്തുകയാണ്. കുന്ദമംഗലം വെള്ളൂരിലെ രഖിലേഷിന്‍റെ വീട്ടില്‍ ഇപ്പോള്‍ ആകെയുള്ളത് രണ്ട് ബന്ധുക്കള്‍ മാത്രം.
ഈ കിണറിലാണ് നിജിനയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക നിഗമനെങ്കിലും നിജിനയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് അന്വേഷണം തുടങ്ങിയത്. സ്ത്രീധനത്തിന്‍റെ പേരില്‍ യുവതിയെ ഭര്‍ത്താവും വീട്ടുകാരും നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് ബന്ധുക്കളുടെ ആരോപണം. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് അറിയില്ലെന്നാണ് അയല്‍വാസികളുടെ മൊഴി.
കുവൈറ്റിൽ വിനോദയാത്രക്കിടെ മലയാളി യുവാവ് കടലിൽ മുങ്ങി മരിച്ചു. കണ്ണൂര്‍ പേരാവൂര്‍ അനുങ്ങോട് മനതണ പന്തപ്ലാക്കൽ സനിൽ ജോസഫ് ആണ് മുങ്ങി മരിച്ചത്. കടലിൽ കുളിക്കാനിറങ്ങിയ സുഹൃത്തുക്കളുടെ കുട്ടികള്‍ തിരമാലകളില്‍ അകപെടുകയും കുട്ടികളെ രക്ഷിക്കാനായി ഉടനെ കടലിലിറങ്ങിയ സനില്‍ കുട്ടികളെ രക്ഷപെടുത്തി കരയ്ക്കെതിച്ചു.
എന്നാല്‍ തൊട്ടുപിന്നാലെ എത്തിയ തിരമാലകളിൽ പെട്ട് കടലിലിൽ കുടുങ്ങുക്യുമായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ ഓടിക്കൂടി സനിലിനെ രക്ഷപെടുത്തി എയര്‍ ആംബുലന്‍സില്‍ മുബാറഖിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.കുടുംബത്തോടൊപ്പമായിരുന്നു സനിൽ വിനോദ യാത്രക്ക് എത്തിയത്.
ഭാര്യ സിമി തോമസ് സബാ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സാണ് . മക്കള്‍ അമേയ എലിസബത്ത് സനില്‍, അനയ മേരി സനില്‍
ചലച്ചിത്ര താരങ്ങളുടെയും സോഷ്യൽ മീഡിയയും ഒരുമിച്ചപ്പോൾ വിഷ്ണുവിന് നഷ്ടപ്പെട്ടത് നേടിയെടുക്കാനായി. വിഷ്ണുപ്രസാദിന്റെ നഷ്ടപ്പെട്ട ബാഗിലെ പാസ്‌പോര്‍ട്ട് അടക്കമുള്ള ഏതാനും രേഖകള്‍ ആണ് തിരിച്ചുകിട്ടിയത്. ഗൂഡല്ലൂര്‍ സ്വദേശി വിഷ്ണുപ്രസാദിന്റെ ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ ബാഗ് കഴിഞ്ഞ ദിവസം മോഷണം പോയിരുന്നു. വാര്‍ത്ത കണ്ട തളിക്കുളം സ്വദേശി ഷാഹിദിനും സുഹൃത്ത് പത്താങ്കല്‍ സ്വദേശി ഇമ്രാനുമാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ ഫയല്‍ കണ്ടെത്തിയത്. കുറുപ്പം റോഡില്‍ ഗ്രാഫിക് ഡിസൈനിങ് സ്ഥാപനം നടത്തുന്ന ഷാഹിദും ഇവിടെ ജീവനക്കാരനായ ഇമ്രാനും വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ പുറത്തിറങ്ങിയപ്പോള്‍ ഫയല്‍ കാണുകയായിരുന്നു. സംശയം തോന്നിയ ഇവര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.
വിഷ്ണുപ്രസാദ് എത്തി ഫയല്‍ ഏറ്റുവാങ്ങി. വിഷ്ണുപ്രസാദിന്റെ തിരിച്ചറിയല്‍ കാര്‍ഡും യോഗ്യത സര്‍ട്ടിഫിക്കറ്റും ഇനി കിട്ടാനുണ്ട്. ഞായറാഴ്ച തൃശൂര്‍ റെയില്‍വെ സ്റ്റേഷനിലെ വിശ്രമ മുറിയില്‍ വച്ചാണ് വിഷ്ണുപ്രസാദിന്റെ ബാഗ് മോഷണം പോയത്. ഏഴു വര്‍ഷത്തെ സാധാരണ ജോലിക്കു ശേഷം ജര്‍മന്‍ കപ്പലിലെ നല്ല ശമ്പളമുള്ള ജോലി ലഭിച്ചതിന്റെ ആഹ്ലാദത്തില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് കാണിക്കാനായി കമ്പനിയിലേക്കു പോകുന്നതിനിടെയാണ് സംഭവം. തൃശൂരില്‍ നിന്നു കൊച്ചിയിലേക്കു പോകുന്നതിനായി റെയില്‍വേ സ്റ്റേഷനില്‍ ഇരിക്കുമ്പോഴാണ് കള്ളന്‍ ബാഗു തട്ടിയെടുത്തത്. വിഷ്ണുവിന് വേണ്ടി അഭ്യര്‍ഥിച്ചുകൊണ്ട് ചലച്ചിത്രതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ ബാഗ് നഷ്ടപ്പെട്ട ഈ ചെറുപ്പക്കാരന്‍ നാല് ദിവസങ്ങളായി തൃശൂര്‍ നഗരത്തില്‍ അലയുകയാണെന്നും ഈ വാര്‍ത്ത പരമാവധി ആളുകളിലേയ്ക്ക് എത്തിക്കാന്‍ കഴിഞ്ഞാല്‍ ഒരുപക്ഷേ അദ്ദേത്തെ നമുക്ക് സഹായിക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് ചലച്ചിത്രതാരം സണ്ണി വെയിന്‍ ബാഗ് നഷ്ടപ്പെട്ട വാര്‍ത്ത പങ്കുവച്ചു കൊണ്ടു പറഞ്ഞത്.
കോട്ടയം : കോട്ടയം പാറമ്പുഴയ്ക്ക് സമീപം പൂവത്തുംമ്മൂട്ടില്‍ മീനിച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് വിദ്യാര്‍ത്ഥികളെ കാണാതായി. പുതുപ്പള്ളി ഐഎച്ച്ആര്‍ഡി കോളജ് വിദ്യാര്‍ത്ഥികളെയാണ് കാണാതായത്. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി പരിശോധന തുടരുന്നു.
എട്ടുപേരടങ്ങുന്ന സംഘത്തിലെ മൂന്നുപേരാണ് അപകടത്തില്‍പ്പെട്ടത്. കോളജിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ ടൂറ് പോയിരുന്നു. കുളിക്കുന്നതിനിടെ കാല്‍ വഴുതി വെള്ളത്തില്‍ വീണ ഒരാളെ രക്ഷപെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റ് രണ്ടുപേര്‍ക്കൂടി ആറ്റിലേയ്ക്ക് വീണത്.
ചിങ്ങവനം പാമ്പാടി എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ പതിവായി ഇവിടെ എത്തിയിരുന്നവരാണ്. മീനച്ചിലാറിന്റെ ആഴം കൂടിയ പ്രദേശമാണ് ഇവിടം. സ്‌കൂബാ ടീം അംഗങ്ങളും തെരച്ചിലിന് എത്തിയിട്ടുണ്ട്.
കടലിൽ നിന്നും വലിച്ച വലയുടെ ഭാരം മൽസ്യത്തൊഴിലാളികളെ ആദ്യം സന്തോഷിപ്പിച്ചെങ്കിലും പിന്നെ സംഭവിച്ചത് അമ്പരപ്പായിരുന്നു. വിമാനത്തിന്റേതെന്നു കരുതുന്ന ഭാഗങ്ങളാണ് വലയിൽ കുരുങ്ങിയത്. മുനമ്പത്തു നിന്നു കടലിൽ പോയ സീലൈൻ ബോട്ടിനാണ് അവശിഷ്ടം ലഭിച്ചത്. കരയിലെത്തിച്ചതിനു ശേഷം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇത് തിരിച്ചറിയാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. മുനമ്പം അഴിമുഖത്തിനു വടക്ക് പടിഞ്ഞാറ് പുറംകടലിൽ വെച്ചാണ് ഇതു വലയിൽ കുടുങ്ങിയതെന്നു തൊഴിലാളികൾ പറയുന്നു.
1500 കിലോഗ്രാം തൂക്കം കണക്കാക്കുന്നു. എൻജിൻ പോലുള്ള ഭാഗത്തിനോടു ചേർന്നു ഗിയർ ബോക്സ് പോലുള്ള ഭാഗവുമുണ്ട്. ഹെലികോപ്ടറിന്റെ എൻജിൻ ആണോയെന്നും സംശയമുയർന്നിട്ടുണ്ട്. കോസ്റ്റ്ഗാർഡ് അധികൃതരെ വിവരമറിയിച്ചതായി പൊലീസ് പറഞ്ഞു. ഭാരമേറിയ ലോഹഭാഗം കുടുങ്ങിയതിനെത്തുടർന്നു ബോട്ടിന്റെ വലയ്ക്കും വലിച്ചു കയറ്റുന്നതിനിടെ ലീഫിനും കേടുപാടുകൾ സംഭവിച്ചതായി തൊഴിലാളികൾ പറഞ്ഞു. മൊത്തം രണ്ടര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നു ബോട്ടുടമ പറയുന്നു.
40 വർഷം മുമ്പ് ഉപയോഗിച്ച യുദ്ധവിമാനങ്ങളുടെ പിസ്റ്റൺ റേഡിയൽ എഞ്ചിനാണ് എന്ന് വിവരം . യുദ്ധവിമാനങ്ങൾ ഇപ്പോൾ ജെറ്റ് എഞ്ചിനുകൾ ഉപയോഗിക്കുന്നു. മുനമ്പം തുറമുഖത്ത് നിന്ന് 15 നോട്ടിക്കൽ മൈൽ അകലെയാണ് ഇത് വലയിൽ കുടുങ്ങിയതെന്ന് ബോട്ട്മാൻമാർ പറഞ്ഞു.
ബിഗ് സ്‌ക്രീനില്‍ നിന്നു മിനി സ്‌ക്രീനിലെത്തി പ്രേക്ഷകരുടെ പ്രിയം നേടുന്ന നിരവധി താരങ്ങളുണ്ട്. അതില്‍ മുന്‍ നിരയിലുള്ള താരമാണ് ധന്യ മേരി വര്‍ഗീസ്. മോഡലിങിലും പരസ്യ ചിത്രങ്ങളിലും സിനിമാ രംഗങ്ങളിലും തിളങ്ങിയ താരമാണ് ധന്യ. ഇടക്കാലത്ത് താരം അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തിരുന്നു, പിന്നീട് ‘സീത’യായാണ് ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ സ്വീകരണ മുറിയിലെത്തിയിത്.
ഇപ്പോഴിതാ ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം ചില തുറന്ന് പറച്ചിലുകള്‍ നടത്തിയിര്കുകയാണ്. രണ്ട് വര്‍ഷം മുമ്പാണ് ധാന്യ ഒരു റിയല്‍ എസ്റ്റേറ്റ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്, അതിന് ശേഷം ജീവിതത്തിന്റെ യാഥാര്‍ത്ഥ്യം മനസിലാക്കാനും ധൈര്യത്തോടെ മുന്‍പോട്ട് പോകാനും സാധിച്ച് വെന്ന് താരം പറയുന്നു. മാത്രമല്ല ജീവിതത്തില്‍ അനുഭവമാണ് എന്റെ ഗുരുവെന്നും ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചുതന്നിട്ടുണ്ടെന്നും അതുകൊണ്ട് താന്‍ ആരെയും കണ്ണുമടച്ചു വിശ്വസിക്കിലെന്നും ധന്യ പറയുന്നു.
തന്നെ പോലെ ഭര്‍ത്താവ് ജോണും അനുഭവങ്ങളില്‍ നിന്ന് പല പാഠങ്ങളും പഠിച്ചുവെന്നും ജീവിതത്തിലെ മോശം കാര്യങ്ങള്‍ ഇപ്പോള്‍ മറക്കാന്‍ ശ്രമിക്കുകയാണെന്നും താരം പറഞ്ഞു. സീരിയലിലൂടെ ശക്തമായ ഒരു തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് ധന്യ. സീത കല്യാണത്തിന്റെ കഥ കേട്ടപ്പോള്‍ സീതയുടെ ജീവിതത്തിലെ ചില സംഭവങ്ങളുമായി തനിക്ക് സാമ്യത ഉള്ളതായി തോന്നിയെന്നും ധന്യ പറയന്നു.
മോഡലിങ്ങില്‍ തുടങ്ങി, സിനിമയിലെത്തിയ നടിയാണ് ധന്യ മേരി വര്‍ഗീസ്. തലപ്പാവ്, കേരള കഫേ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ധന്യ പ്രേക്ഷര ശ്രദ്ധ നേടിയത്. നടന്‍ ജോണിനെ വിവാഹം കഴിച്ചതിന് ശേഷം സിനിമ വിട്ട ധന്യ പിന്നീട് വാര്‍ത്തകളില്‍ നിറഞ്ഞത് ഫ്‌ലാറ്റ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ്. ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്ക് ശേഷം ധന്യ മിനിസ്‌ക്രീനിലുടെ വീണ്ടും അഭിനയരംഗത്തേക്ക് മടങ്ങി വന്നിരിക്കുകയാണ്.
ജീവിതത്തില്‍ ഉണ്ടായ കയ്‌പ്പേറിയ അനുഭവങ്ങള്‍ തന്നെ കൂടുതല്‍ കരുത്തയാക്കിയെന്ന് പറയുകയാണ് ധന്യ.
‘ഞാന്‍ എല്ലാവരെയും പെട്ടന്ന് വിശ്വസിക്കുന്ന ആളായിരുന്നു. ഇപ്പോള്‍ മറ്റുള്ളവരുടെ സമീപനം എന്താണെന്ന് കൃത്യമായി വിലയിരുത്തിയാണ് ഞാന്‍ പ്രതികരിക്കാറുള്ളത്. ഏറെ ദുരിതം പിടിച്ച സമയമായിരുന്നു അത്. ആ സംഭവം എന്നെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു.
ഞാന്‍ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് പെണ്‍കുട്ടിയാണ്. പണം ധൂര്‍ത്തടിക്കാതെ കൈകാര്യം ചെയ്യാന്‍ ഞാന്‍ പഠിച്ചിരുന്നു. എന്റെ ഭര്‍ത്താവിന്റെ കുടുംബത്തിന് വലിയ ബിസിനസ് ഉണ്ടായിരുന്നു. എനിക്ക് അതെക്കുറിച്ച് വലിയ ധാരണയൊന്നും ഉണ്ടായിരുന്നില്ല. എന്നിരുന്നാലും, അവര്‍ക്ക് എല്ലാ പിന്തുണയുമായി ഞാന്‍ ഒപ്പം നിന്നു. കുറേ കഴിഞ്ഞപ്പോഴാണ് ഒരു കാര്യം ഞാന്‍ മനസ്സിലാക്കുന്നത്. നമ്മള്‍ എല്ലാവരെയും സ്‌നേഹിക്കണം, പക്ഷേ അന്ധമായി വിശ്വസിക്കരുത്. എന്നെപോലെ എന്റെ ഭര്‍ത്താവും ഒരു പാഠം പഠിച്ചു.
ഇന്ന് എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചു. ജീവിതത്തിലെ ആ മോശം ദിനങ്ങള്‍ ഞാന്‍ മറക്കാന്‍ ആഗ്രഹിക്കുകയാണ്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി പ്രാര്‍ഥനയിലൂടെ ഞാന്‍ കരുത്ത് സംഭരിച്ചു. എനിക്ക് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുകയാണ്’- ധന്യ പറഞ്ഞു.
2016 ഡിസംബറിലാണ് ധന്യയെ തട്ടിപ്പിന്റെ പേരില്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ എടുക്കുന്നത്. ധന്യയുടെ ഭര്‍ത്താവും കുടുംബാംഗങ്ങളും അറസ്റ്റിലായി. ഫ്‌ളാറ്റ് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് 10 കോടിയോളം രൂപ പലരില്‍ നിന്നായി തട്ടിയെടുത്തുവെന്നായിരുന്നു കേസ്.
ഡി.ടി.എച്ച്. ഉപഭോക്താക്കൾ മറ്റേതെങ്കിലും കമ്പനിയിലേക്കുമാറുമ്പോൾ ഇനി സെറ്റ് ടോപ് ബോക്സ് മാറ്റേണ്ടിവരില്ല. പുതിയ സാങ്കേതികവിദ്യയുള്ള സെറ്റ് ടോപ് ബോക്സ് ‘ട്രായ്’ (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) പരീക്ഷിച്ചുവരുകയാണ്. അടുത്തവർഷം ആദ്യംതന്നെ ഇവ വിപണിയിൽ ഇറക്കാനാണ് ആലോചന.
നിലവിൽ ഡി.ടി.എച്ച്. കമ്പനികൾ മാറുമ്പോൾ ഉപഭോക്താക്കൾ സെറ്റ് ടോപ് ബോക്സും മാറ്റേണ്ടിവരുന്ന സാഹചര്യമാണ്. ബോക്സിനുള്ള പണത്തിനുപുറമേ ഇതുഘടിപ്പിക്കാനുള്ള പണവും കമ്പനികൾ ഈടാക്കാറുണ്ട്. ഇത് ഉപഭോക്താക്കൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. സെറ്റ് ടോപ് ബോക്സ് മാറേണ്ടിവരുമല്ലോ എന്നാലോചിച്ച് പലരും ഡി.ടി.എച്ച്. കമ്പനി മാറാൻ തയ്യാറാകാറില്ല. പുതിയ സാങ്കേതികവിദ്യ വരുന്നതോടെ ഉപഭോക്താക്കളെ പിടിച്ചുനിർത്താൻ ഡി.ടി.എച്ച്. കമ്പനികൾ പാടുപെടും. നല്ല ഓഫറുകൾ തരുന്ന കമ്പനികളിലേക്ക് ഉപഭോക്താക്കൾ മാറും.
കഴിഞ്ഞ ഒരുവർഷമായി ഇതിന്റെ നിർമാണം നടക്കുന്നു. കഴിഞ്ഞ രണ്ടുമാസത്തോളമായി ഇതിന്റെ പ്രവർത്തനം പരീക്ഷിക്കുകയാണ് ‘ട്രായ്’ അധികാരികൾ. മൊബൈൽ ഫോണിൽ സിം കാർഡ് മാറ്റുന്നതുപോലെ ഇനി ഡി.ടി.എച്ച്. കമ്പനികളുടെ ചിപ് കാർഡുകൾ ഈ സെറ്റ് ടോപ് ബോക്സിൽ മാറിമാറി ഉപയോഗിക്കാൻകഴിയും. ടെലിവിഷൻ വാങ്ങുന്ന ഉപഭോക്താവിന് ഇത്തരത്തിലുള്ള സെറ്റ് ടോപ് ബോക്സും വാങ്ങാം. ഇഷ്ടമുള്ള ഡി.ടി.എച്ച്. കമ്പനി തിരഞ്ഞെടുക്കുകയുമാകാം. ഇതോടെ ഉപഭോക്താക്കളെ കണ്ടെത്താൻ ഡി.ടി.എച്ച്. കമ്പനികളുടെ മത്സരവും വർധിക്കും.