മണിപ്പൂരില് വീണ്ടും സംഘര്ഷം. പ്രതിഷേധം അക്രമത്തിലേക്ക് കടക്കുമെന്ന സാഹചര്യം വിലയിരുത്തി അഞ്ച് ജില്ലകളിലെ ഇന്റര്നെറ്റ് സേവനങ്ങള് റദ്ദാക്കി. മെയ്തേയ് തീവ്രസംഘടനയായ ആംരംഭായ് തെങ്കോലിന്റെ നേതാവ് കനാന് സിങിനെ അറസ്റ്റ് ചെയ്തതിനെ തുടര്ന്നാണ് സംഘര്ഷം പൊട്ടിപ്പുറപ്പെട്ടത്.
ഇംഫാല്, വെസ്റ്റ് ഇംഫാല്, ഥൗബല്, ബിഷ്ണുപുര്, കാചിങ് ജില്ലകളിലാണ് ഇന്റര്നെറ്റ് റദ്ദാക്കിയത്. ഇംഫാലില് പ്രതിഷേധക്കാര് തെരുവിലിറങ്ങുകയും റോഡില് ടയറുകള് കത്തിക്കുകയും ചെയ്തു. ചിലയിടങ്ങളില് വെടിവെപ്പ് നടന്ന ശബ്ദവം കേട്ടുവെന്നാണ് റിപ്പോര്ട്ടുകള്. വിദ്വേഷ സന്ദേശങ്ങള് പ്രചരിക്കാതിരിക്കാനാണ് ഇന്റര്നെറ്റ് റദ്ദാക്കിയതെന്ന് ആഭ്യന്തര സെക്രട്ടറി എന്. അശോക് കുമാര് വിശദീകരിച്ചു.
ശനിയാഴ്ച രാത്രി 11:45 ഓടെയാണ് പ്രതിഷേധം ആരംഭിച്ചത്. ഗവര്ണര് എ.കെ ഭല്ലയുടെ ഉത്തരവിനെ തുടര്ന്ന് ആരംഭായ് തെങ്കോല് പ്രവര്ത്തകര് ആയുധങ്ങള് സ്റ്റേഷനില് ഹാജരാക്കിയിരുന്നു. കലാപത്തില് പങ്കുള്ള കുക്കി സായുധ സംഘടനാ നേതാക്കളെയും പ്രവര്ത്തകരെയും അറസ്റ്റ് ചെയ്യണമെന്ന് പ്രതിഷേധക്കാര് ആവശ്യപ്പെട്ടു. മണിപ്പുരിലെ മൊറെയില് നിന്ന് കുക്കി വിഭാഗത്തില് നിന്നുള്ള ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
2023 ഒക്ടോബറില് പൊലീസുദ്യോഗസ്ഥനെ സ്നൈപ്പര് ഗണ് ഉപയോഗിച്ച് വെടിവെച്ച് കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. ഇതിന്റെ പേരില് കുക്കികളും പ്രതിഷേധിച്ചിരുന്നു. ഈ പ്രതിഷേധങ്ങള്ക്കിടെയാണ് ആരംഭായ് തെങ്കോലിന്റെ ഭാഗത്ത് നിന്നും വലിയ പ്രതിഷേധം ഉയര്ന്നത്.
മണിപ്പൂരിലെ വംശീയ കലാപത്തിന്റെ കേസുകള് എന്ഐഎ ആണ് അന്വേഷിക്കുന്നത്. ഇരുവിഭാഗത്തില് നിന്നും കേസുകളില് ഉള്പ്പെട്ടവരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം നടക്കുമ്പോഴൊക്കെ വലിയ എതിര്പ്പാണ് അന്വേഷണ ഉഗദ്യോഗസ്ഥര്ക്ക് നേരിടേണ്ടി വരുന്നത്.
നിലമ്പൂരില് പന്നിക്കുവെച്ച വൈദ്യുതി കെണിയില്നിന്ന് ഷോക്കേറ്റ് മരിച്ച അനന്തുവിന്റെ (ജിത്തു) മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചു. മഞ്ചേരി മെഡിക്കല് കോളേജില് നിന്ന് പോസ്റ്റുമോര്ട്ടം നടപടികള് പൂര്ത്തിയാക്കിയ ശേഷമാണ് മൃതദേഹം ബന്ധുക്കള് ഏറ്റുവാങ്ങിയത്. പത്താംക്ലാസ് വിദ്യാര്ഥിയായ അനന്തു പഠിച്ചിരുന്ന സികെഎം എച്ച്എസ്എസ് മണിമൂലി സ്കൂളില് പൊതുദര്ശനത്തിന് വെച്ച ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്.
അപകടത്തിന്റെ ഞെട്ടിലില്നിന്ന് നാട് ഇതുവരെയും പുറത്തുവന്നിട്ടില്ല. ശനിയാഴ്ച പെരുന്നാളിന്റെ അവധി പ്രഖ്യാപിച്ചിരുന്നതിനാല് കൂട്ടുകാര്ക്കൊപ്പം ഫുട്ബോള് കളിക്കാന് പോയതായിരുന്നു അനന്തു. കളികഴിഞ്ഞ് വൈകുന്നേരം ആറുമണിയോടെ വീട്ടിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് വെള്ളക്കട്ടയിലെ തോട്ടില് സുഹൃത്തുക്കള് ചേര്ന്ന് മീന്പിടിക്കാന് ഇറങ്ങിയത്. ഇവിടെ പന്നിയെ പിടിക്കാന്വെച്ച വൈദ്യുതിക്കെണിയില് തട്ടിയാണ് കുട്ടികള്ക്ക് ഷോക്കേറ്റത്.
അനന്തുവിനൊപ്പം പരിക്കേറ്റ യദു, ഷാനു എന്നിവര് ആശുപത്രിയില് അപകടനില തരണം ചെയ്തതായി അധികൃതര് അറിയിച്ചു. പോസ്റ്റുമോര്ട്ടത്തിന് ശേഷം അനന്തു പഠിച്ചിരുന്ന സ്കൂളിലേക്കാണ് മൃതദേഹം കൊണ്ടുപോയത്. അവിടെ പത്തുമിനിട്ടോളം പൊതുദര്ശനത്തിന് വെച്ചു. ശേഷമാണ് മൃതദേഹം വഴിക്കടവിലെ വീട്ടിലേക്ക് എത്തിച്ചത്. വലിയ വാഹനമൊന്നും പോകാത്ത വഴിയാണ് അനന്തുവിന്റെ വീട്ടിലേക്ക്. അവിടേക്ക് നാട്ടുകാര് ചുമന്നാണ് മൃതദേഹം എത്തിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയില് എടുത്തിട്ടുണ്ട്. പ്രദേശവാസികളായ വിനീഷ്, കുഞ്ഞുമുഹമ്മദ് എന്നിവരാണ് പോലീസ് കസ്റ്റഡിയില് എടുത്തത്. കെണി സ്ഥാപിച്ചത് താനാണെന്നും പന്നിയെ പിടിക്കാനാണ് ഇത് ചെയ്തതെന്നും വിനീഷ് പോലീസിനോട് സമ്മതിച്ചതായാണ് വിവരം. വിനീഷും കുഞ്ഞുമുഹമ്മദും നാട്ടിലെ സ്ഥിരം കുറ്റവാളികളാണെന്ന് നാട്ടുകാരും പറയുന്നു. കെണിവെച്ച് മൃഗങ്ങളെ പിടിച്ച് വില്പന നടത്തുന്നവരാണ് ഇവരെന്ന് പോലീസ് പറയുന്നു.
മൂന്ന് കോടി രൂപ മൂല്യമുള്ള ഹൈബ്രിഡ് കഞ്ചാവുമായി മലയാളി യുവതി പിടിയില്. മലയാളിയായ നവമി രതീഷ് ആണ് കോയമ്പത്തൂര് രാജ്യാന്തര വിമാനത്താവളത്തില് വച്ച് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. ശനിയാഴ്ചബാങ്കോക്കില് നിന്നും സിംഗപ്പൂര്-കോയമ്പത്തൂര് സ്കൂട്ട് എയര്ലൈന്സിലാണ് യുവതി എത്തിയത്.
പരിശോധനയില് 3.155 കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുത്തു. മുന്കൂട്ടി ലഭിച്ച വിവരം അനുസരിച്ച് കാത്തുനിന്ന എയര് ഇന്റലിജന്സ്, കസ്റ്റംസ് ഉദ്യോഗസ്ഥരാണ് യുവതിയുടെ ബാഗില് നിന്നും കഞ്ചാവ് കണ്ടെത്തിയത്. 6 ചിപ്സ് പാക്കറ്റുകളിലായി കഞ്ചാവ് ഒളിപ്പിച്ച നിലയിലായിരുന്നു.
ഓസ്ട്രേലിയയില് നിന്നാണ് യുവതി ബാങ്കോക്ക് വഴി ഇന്ത്യയിലേക്ക് കഞ്ചാവ് കടത്തിയതെന്നാണ് വിവരം. യുവതിയെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള് പുറത്തുവിട്ടിട്ടില്ല. ഇവരെ കസ്റ്റംസ് ഉദ്യോഗസ്ഥര് ചോദ്യം ചെയ്യുകയാണ്.
മലപ്പുറം വഴിക്കടവ് വെള്ളക്കട്ടയിൽ പന്നി ശല്യം തടയാൻ വച്ച വൈദ്യുതി കമ്പിയിൽ തട്ടി പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. നാല് പേർക്ക് പരുക്കേറ്റു. പത്താം ക്ലാസ് വിദ്യാർത്ഥി സച്ചുവാണ് മരിച്ചത്. പരിക്കേറ്റ മറ്റൊരു കുട്ടിയുടെ നിലയും ഗുരുതരമാണ്.
മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ ഒരു കുട്ടിയും നിലമ്പൂർ ജില്ലാ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. മറ്റൊരാളെ പാലാട് സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
വഴിക്കടവ് വെള്ളക്കെട്ട് എന്ന സ്ഥലത്താണ് ദാരുണമായ ഈ സംഭവം ഉണ്ടായത്. അഞ്ച് ആൺകുട്ടികൾ ഫുട്ബോൾ കളി കഴിഞ്ഞ് മടങ്ങുകയായിരുന്നു. വഴിയിലുണ്ടായ വൈദ്യുതി കമ്പിയിൽ നിന്നാണ് ഇവർക്ക് ഷോക്കേറ്റതെന്ന് പ്രദേശവാസികൾ പറയുന്നു.
ഇവരിൽ നാല് പേർക്കും ഷോക്കേറ്റു. ഗുരുതരമായി പരിക്കേറ്റ കുട്ടിയാണ് പാലാടുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. സ്ഥലത്ത് വന്യജീവി ശല്യം രൂക്ഷമാണെന്നും പ്രദേശവാസികൾ പറയുന്നു
ഇടുക്കി ഇരട്ടയാറിൽ കോൺഗ്രസ്സ് പഞ്ചായത്ത് അംഗത്തിന്റെ കടയിൽ നിന്നും ഏഴു കിലോയോളം കഞ്ചാവ് പിടിച്ചു. ഉപ്പുകണ്ടം ആലേപുരക്കൽ എസ് രതീഷിൻ്റെ കടയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഇയാൾ ഇരട്ടയാർ പഞ്ചായത്തിലെ ഒൻപതാം വാർഡ് അംഗമാണ്. ഒഡീഷ സ്വദേശികളായ സമീർ ബെഹ്റ, ലക്കി നായക് എന്നിവരാണ് പിടിയിലായ മറ്റ് രണ്ട് പേർ. മൂന്ന് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് കടയിൽ നടത്തിയ തിരച്ചിലിലാണ് കഞ്ചാവ് കണ്ടെത്തിയത്.
കട്ടപ്പന പൊലീസാണ് പ്രതികളെ പിടികൂടിയത്. ഇറച്ചി വിൽപ്പന കടയാണിത്. രണ്ട് പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ലക്കി നായക് ഇന്നാണ് ഒഡിഷയിൽ നിന്ന് തിരിച്ചെത്തിയത്. ഇവിടം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടക്കുന്നെന്ന രഹസ്യ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു.
ഇന്ന് ലക്കി നായക് ഒഡിഷയിൽ നിന്ന് തിരിച്ചെത്തിയെന്ന് അറിഞ്ഞയുടനാണ് പൊലീസ് പരിശോധനക്കെത്തിയത്. രതീഷിൻ്റെ ഉടമസ്ഥതയിലുള്ള കടയിലെ ജീവനക്കാരാണ് സമീർ ബെഹ്റയും ലക്കി നായകും. മൂന്ന് പേർക്കെതിരെയും പൊലീസ് കേസെടുത്തു.
കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തെച്ചൊല്ലി ഗവർണറും സർക്കാരും തമ്മിലുള്ള ശീതസമരം രാഷ്ട്രീയമായി ഏറ്റെടുത്ത് സിപിഐ. ഗവർണർക്കെതിരേ രാഷ്ട്രപതിക്ക് സിപിഐ രാജ്യസഭാനേതാവ് പി. സന്തോഷ് കുമാർ പരാതിനൽകി. എന്നാൽ, പ്രത്യക്ഷ ഏറ്റമുട്ടലിന് തത്കാലം സർക്കാർ മുതിരില്ല.
കഴിഞ്ഞദിവസത്തെ പരിപാടി മന്ത്രി പി. പ്രസാദ് ബഹിഷ്കരിച്ചതും അതിനെ പിന്തുണച്ച് എൽഡിഎഫ് നേതാക്കൾ പ്രതികരിച്ചതും ഗവർണറുടെ നടപടിയോടുള്ള സർക്കാരിന്റെ വിയോജിപ്പ് പ്രകടിപ്പിക്കുന്നതായിരുന്നു. അതിനപ്പുറം വിഷയം വഷളാക്കേണ്ടതില്ലെന്ന നിലപാടിലാണ് സർക്കാർ ഇപ്പോൾ. മുഖ്യമന്ത്രി പ്രതികരിക്കാത്തതും അതുകൊണ്ടാണ്.
എന്നാൽ, രാജ്ഭവനിലെ എല്ലാപരിപാടികളിലും കാവിക്കൊടിയേന്തിയ ഭാരതാംബയെ ഉൾപ്പെടുത്താനാണ് ഗവർണറുടെ തീരുമാനം. മുൻഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി മുഖ്യമന്ത്രി നേരിട്ട് ഏറ്റുമുട്ടുന്ന സ്ഥിതിയുണ്ടായിരുന്നു. ആരിഫ് മുഹമ്മദ് ഖാൻ മാറി രാജേന്ദ്ര ആർലേക്കർ വന്നതോടെ ‘നല്ലബന്ധം’ കാത്തുസൂക്ഷിക്കാനുള്ള ബോധപൂർവമായ ശ്രമത്തിലാണ് സർക്കാരിപ്പോൾ. കൃഷിവകുപ്പിന്റെ പരിസ്ഥിതി ദിനാചരണച്ചടങ്ങ് രാജ്ഭവനിൽ നടത്താൻ തീരുമാനിച്ചതുതന്നെ ഗവർണറുമായുള്ള നല്ലബന്ധം തുടരാനുള്ള സർക്കാർ ശ്രമത്തിന്റെ ഭാഗമായിരുന്നു.
കൃഷിമന്ത്രിയുടെ ബഹിഷ്കരണം സർക്കാർ നിലപാടാണ്. അതിനപ്പുറത്തേക്ക് ഈ പ്രശ്നത്തെ വളർത്താൻ സർക്കാർ ആലോചിക്കുന്നില്ല. അതിനാൽ, മന്ത്രിയുടെ ബഹിഷ്കരണത്തെത്തുടർന്ന് ഒരു കുറിപ്പും സർക്കാരിന്റേതായി രാജ്ഭവന് നൽകിയിട്ടില്ല.
എന്നാൽ, ഗവർണർ ഇതേ നിലപാട് ഇനിയും ആവർത്തിക്കുമെന്നാണ് സർക്കാരും കരുതുന്നത്. അതിനാൽ, രാജ്ഭവനിൽ സർക്കാർ പരിപാടി ഒഴിവാക്കാനുള്ള ജാഗ്രത സർക്കാരിനുണ്ടാകും. അടുത്തയാഴ്ച മൂന്നുപരിപാടികളാണ് രാജ്ഭവനിലുള്ളത്. ഇവ സർക്കാർ പരിപാടികളല്ല. ഈ മൂന്നിലും കാവിക്കൊടിയേന്തിയ ഭാരതാംബയെ നിലനിർത്താനാണ് രാജ്ഭവന്റെ തീരുമാനം.
മന്ത്രി പ്രസാദിന്റെ ബഹിഷ്കരണം രാഷ്ട്രീയമായി സിപിഐക്ക് ഗുണംചെയ്തുവെന്നാണ് അവരുടെ വിലയിരുത്തൽ. അതിനാൽ, ഇത് ചർച്ചയാക്കി നിലനിർത്താനും പ്രചാരണം നടത്താനും സിപിഐ തീരുമാനിച്ചിട്ടുണ്ട്. ആ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതിക്ക് പരാതിനൽകിയത്. എന്നാൽ, അത്തരമൊരു പ്രചാരണരീതി സിപിഎം ഏറ്റെടുത്തിട്ടില്ല.
ഭാരതമാതാവിന്റെ പ്രതീകം ഭാരതത്തിന്റെ ദേശീയപതാകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് എല്ലാ ബ്രാഞ്ചുകളിലും ശനിയാഴ്ച ദേശീയപതാക ഉയർത്താൻ സിപിഐ തീരുമാനിച്ചു. ദേശീയപതാക ഉയർത്തി വൃക്ഷത്തൈകൾ നട്ട് പ്രതിഷേധം സംഘടിപ്പിക്കാനാണ് സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വത്തിന്റെ ആഹ്വാനം.
രാഷ്ട്രീയക്കാരന് ആയില്ലെങ്കില് തെന്നല ബാലകൃഷ്ണ പിള്ള ഒരു ചാര്ട്ടേഡ് അക്കൗണ്ടന്റായേനെ. ബി.എസ്.സി ബിരുദ പഠനം നടത്തുമ്പോള് സിഎക്കാരനാകണം എന്നതായിരുന്നു മനസില്. എന്നാല് സംഭവിച്ചത് മറ്റൊന്നായിരുന്നു.
അങ്ങനെ രാഷ്ട്രീയത്തിലെത്തിയ അദേഹം പ്രമുഖ നേതാക്കളുടെ അടക്കം ഒട്ടേറെപ്പേരുടെ രാഷ്ട്രീയാഭിലാഷങ്ങളുടെ കണക്കുകള് സെറ്റില് ചെയ്തു. പക്ഷേ സ്വന്തം കണക്കു മാത്രം ഒരിക്കലും നോക്കിയില്ല. ഫലമോ, രാഷ്ട്രീയത്തിലെത്തുമ്പോള് സ്വന്തം പേരില് 17 ഏക്കര് ഭൂമിയുണ്ടായിരുന്ന തെന്നല രാഷ്ട്രീയത്തില് നിന്ന് സ്വയം വിരമിച്ചപ്പോള് കൈവശമുള്ളത് വെറും 11 സെന്റ് ചതുപ്പ് നിലം മാത്രം.
രണ്ട് പ്രാവശ്യം എംഎല്എ, മൂന്ന് വട്ടം രാജ്യസഭാംഗം, രണ്ട് തവണ കെപിസിസി പ്രസിഡന്റ് തുടങ്ങി വിവിധ പദവികള് വഹിച്ച മനുഷ്യനാണ് അവസാനമായപ്പോള് വെറും ‘ദരിദ്ര നാരായണന്’ ആയി മറിയത്. അതാണ് തെന്നല ബാലകൃഷ്ണ പിള്ളയുടെ രാഷ്ട്രീയം. ഇപ്പോഴത്തെ രാഷ്ട്രീയ നേതാക്കള്ക്ക് അനുകരിക്കാന് പോയിട്ട് ചിന്തിക്കാന് പോലും പറ്റാത്ത ‘തെന്നല രാഷ്ട്രീയം’. അതുകൊണ്ട് തന്നെ തെന്നലയിടുന്ന ഖദറിന്റെ വിശുദ്ധിയും വെണ്മയും പതിന്മടങ്ങാണ്.
2001 ലെ നിയമസഭാ തിരഞ്ഞെടുപ്പില് കോണ്ഗ്രസിന്റെ നേതൃത്വത്തില് 100 സീറ്റുകള് സ്വന്തമാക്കി യുഡിഎഫ് ചരിത്ര വിജയം നേടി അധികാരത്തില് വരുമ്പോള് തെന്നലയായിരുന്നു കെപിസിസി പ്രസിഡണ്ട്. പാര്ട്ടിയെ വിജയത്തിലേക്ക് നയിച്ചതിന്റെ സന്തോഷത്തില് നില്ക്കുമ്പോള് ഹൈക്കമാന്ഡ് പ്രതിനിധികള് ഇടിത്തീ പോലുള്ള ആ സന്ദേശം തെന്നലയ്ക്ക് കൈമാറി.
എഐസിസി പ്രതിനിധികളായെത്തിയ ഗുലാം നബി ആസാദും മോത്തിലാല് വോറയും ചേര്ന്ന് തെന്നല ബാലകൃഷ്ണ പിള്ളയെ തിരുവനന്തപുരത്തെ തൈക്കാട് ഗസ്റ്റ് ഹൗസിലേക്ക് വിളിപ്പിച്ചു. എ.കെ ആന്റണി മുഖ്യമന്ത്രിയാകുമ്പോള് ഐ ഗ്രൂപ്പിന്റെ പ്രതിനിധിയായി കെ. മുരളീധരന് കെപിസിസി പ്രസിഡന്റാകണമെന്നതായിരുന്നു ആവശ്യം.
തെന്നലയെ എങ്ങനെ അനുനയിപ്പിക്കുമെന്ന സന്ദേഹത്തില് നിന്ന അവരോട് രാജി എപ്പോള് വേണമെന്നാണ് തെന്നല ചോദിച്ചത്. ‘എത്രയും വേഗം’ എന്ന് ഗുലാം നബി ആസാദ് പറഞ്ഞു. ശരിയെന്നു പറഞ്ഞ് പതിവു പോലെ കറകളഞ്ഞ ഒരു ചിരിയോടെ അവിടെ നിന്ന് ഇറങ്ങി നേരെ കെപിസിസി ഓഫീസിലെത്തി. ടൈപ്പിസ്റ്റ് ശ്രീകുമാറിനെക്കൊണ്ട് രാജിക്കത്ത് ടൈപ്പ് ചെയ്യിച്ചു. അത് ഹൈക്കമാന്ഡ് പ്രതിനിധികള്ക്ക് കൈമാറി നേരേ വീട്ടിലേക്ക് പോയി.
അടൂര് മണ്ഡലത്തെ രണ്ട് തവണ തെന്നല നിയമ സഭയില് പ്രതിനിധീകരിച്ചു. ഒരിക്കല് മന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചെങ്കിലും അവസാന നിമിഷം ലീഡറുടെ താല്പര്യപ്രകാരം യുവ നേതാവ് മന്ത്രിയായി. അപ്പോഴും തെന്നല പതിവ് പോലെ പ്രസന്ന വദനനായിരുന്നു.
കെ. കരുണാകരന്റെ തൃശൂരിലെ പരാജയം അടക്കം പാര്ട്ടി നിയോഗിച്ച പല അനേഷണ കമ്മിറ്റികളുടെയും അധ്യക്ഷന് അദേഹമായിരുന്നു. ലീഗില് ഒരു വിഭാഗം യുഡിഎഫ് വിട്ട സാഹചര്യത്തില് ലീഗിലെ പ്രബല വിഭാഗത്തെ ഒപ്പം നിറുത്താന് സി.എച്ച് മുഹമ്മദ് കോയയെ മുഖ്യമന്ത്രിയാക്കാമെന്ന ആശയം ലീഡറുമായുള്ള ചര്ച്ചയില് മുന്നോട്ടു വച്ചത് തെന്നലയായിരുന്നുവെന്ന വിവരം ഇന്നും പലര്ക്കുമറിയില്ല.
ചിന്നസ്വാമി സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലും 11 പേര് മരിക്കാനിടയായ സംഭവത്തില് ഐപിഎല് ടീമായ റോയല് ചലഞ്ചേഴ്സ് ബെംഗളൂരുവി(ആര്സിബി)ന്റെ മാര്ക്കറ്റിങ് മേധാവി അടക്കം നാലുപേര് അറസ്റ്റില്. ആര്സിബി മാര്ക്കറ്റിങ് മേധാവി നിഖില് സോസാലെ, ഇവന്റ് മാനേജ്മെന്റ് കമ്പനിയായ ‘ഡിഎന്എ’യുടെ പ്രതിനിധി സുനില് മാത്യു എന്നിവരടക്കം നാലുപേരെയാണ് വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരു വിമാനത്താവളത്തില്വെച്ചാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.
ചിന്നസ്വാമി സ്റ്റേഡിയത്തിലെ ദുരന്തത്തില് ആര്സിബി മാനേജ്മെന്റ്, ഇവന്റ് മാനേജ്മെന്റ് കമ്പനിയായ ഡിഎന്എ, കര്ണാടക ക്രിക്കറ്റ് അസോസിയേഷന് എന്നിവരെ പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരുന്നത്. അതേസമയം, സംഭവത്തില് കേസെടുത്തതിന് പിന്നാലെ കര്ണാടക ക്രിക്കറ്റ് അസോസിയേഷന് ഭാരവാഹികള് ഒളിവില്പോയിരിക്കുകയാണെന്നാണ് പോലീസ് പറയുന്നത്.
ആര്സിബിയുടെ ഐപിഎല് കീരിടനേട്ടത്തിന്റെ ആഘോഷപരിപാടികള്ക്കിടെയാണ് ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തെ തിക്കിലും തിരക്കിലുംപെട്ട് 11 പേര് മരിച്ചത്.
സംഭവത്തില് ബെംഗളൂരു പോലീസ് കമ്മിഷണര് ബി. ദയാനന്ദയുള്പ്പെടെ ഉന്നത പോലീസുദ്യോഗസ്ഥരുടെപേരില് കഴിഞ്ഞദിവസം നടപടി സ്വീകരിച്ചിരുന്നു. സിറ്റി പോലീസ് കമ്മിഷണര്, ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ ചുമതലയുള്ള അഡീഷണല് കമ്മിഷണര്, ഡിസിപി (സെന്ട്രല്), അസിസ്റ്റന്റ് പോലീസ് കമ്മിഷണര്, കബ്ബണ്പാര്ക്ക് പോലീസ് ഇന്സ്പെക്ടര് എന്നിവരെ സസ്പെന്ഡ്ചെയ്തതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ദുരന്തത്തെപ്പറ്റി റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജോണ് മൈക്കിള് ഡി. കുഞ്ഞ ഏകാംഗകമ്മിഷന് അന്വേഷിക്കുമെന്നും പറഞ്ഞു.
റോയല് ചലഞ്ചേഴ്സ് ബെംഗളൂരു, കര്ണാടക ക്രിക്കറ്റ് അസോസിയേഷന്, ആഘോഷപരിപാടി സംഘടിപ്പിച്ച ഇവന്റ് മാനേജ്മെന്റ് സ്ഥാപനമായ ഡിഎന്എ നെറ്റ്വര്ക്ക് എന്നിവയുടെ പ്രതിനിധികളെ അറസ്റ്റ്ചെയ്യാന് നിര്ദേശംനല്കിയതായും മുഖ്യമന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
നടന് ഷൈന് ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്പ്പെട്ടു. ഷൈനിന്റെ പിതാവ് സി.പി. ചാക്കോ മരിച്ചു. ഷൈനിന് പരിക്കുണ്ട്. തമിഴ്നാട്ടിലെ ധര്മപുരി ജില്ലയിലെ ഹൊഗനയ്ക്കല് വെച്ച് പുലർച്ചെ ആറ് മണിയോടെയാണ് അപകടമുണ്ടായത്.
ഷൈനിനെ ധര്മപുരിയിലെ ആശുപത്രിയില് പ്രവേശിപ്പിച്ചു. ഷൈനും പിതാവും മാതാവും ഒരുസഹായിയുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഷൈനിൻ്റെ അമ്മയ്ക്കും പരിക്കുണ്ട്. ചികിത്സാർത്ഥം ബെംഗളൂരു പോയി മടങ്ങവേയാണ് അപകടമുണ്ടായത്.
ചിന്നസ്വാമി സ്റ്റേഡിയത്തിലെ ദുരന്തത്തിൽ മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു. പൂർണ ചന്ദ്ര, ഭൂമിക്, പ്രജ്വൽ, ചിന്മയി ഷെട്ടി, സഹാന, അക്ഷത, ദിവ്യാംശി, ശിവ് ലിംഗ്, മനോജ്, ദേവി, ശ്രാവൺ എന്നിവരാണ് മരിച്ചത്. ഇവരിൽ എട്ടുപേരും ബംഗളൂരു സ്വദേശികളാണ്. 14- കാരി ദിവ്യാംശി അടക്കം മരിച്ചവരിൽ 5 സ്ത്രീകളും 6 പുരുഷന്മാരും ഉൾപ്പെടും. ശ്രാവൺ കർണാടക ചിന്താമണി സ്വദേശിയാണ്. അംബേദ്കർ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ടാംവർഷ ബിഡിഎസ് വിദ്യാർത്ഥിയായിരുന്നു. ആന്ധ്രയിൽ നിന്നുള്ള ദേവി താമസിക്കുന്നത് കോയമ്പത്തൂരിലാണ്. മനോജ് എന്ന മംഗലൂരു സ്വദേശിയും മരിച്ചവരിലുൾപ്പെടും. ശ്രാവൺ ഒഴികെ മറ്റെല്ലാവരുടെയും മൃതദേഹം ബന്ധുക്കൾക്ക് പോസ്റ്റുമോർട്ടതിന് ശേഷം വിട്ടുകൊടുത്തു. വിവരമറിഞ്ഞ് എത്തിയ ശ്രാവണിന്റെ അച്ഛനും അമ്മയും ബൗറിങ് ആശുപത്രിക്ക് സമീപം തളർന്നുവീണു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അല്പസമയത്തിനകം ശ്രാവണിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ എത്തും.
ആർസിബിയുടെ ഐപിൽ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ മജിസ്റ്റീരിയൽ കർണാക സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളിൽ ചെയ്യാവുന്നതിന്റെ പരമാവധി സജ്ജീകരണമൊരുക്കിയെന്ന് പറയുമ്പോഴും ഉത്തരവാദിത്തത്തിൽ നിന്നൊഴിയുന്നില്ലെന്ന് മുഖ്യമന്ത്രി സിദ്ധാരാമയ്യ വ്യക്തമാക്കി. പരിക്കേറ്റ 47 പേരും അപകടനില തരണം ചെയ്തെന്ന് മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം സർക്കാരിന്റെ മാത്രം പിഴവാണ് ദുരന്തമെന്ന വിമർശനം പ്രതിപക്ഷം ശക്തമായി ഉയത്തുന്നുണ്ട്. ഐപിഎൽ ഭരണസമിതിയോട് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ബിസിസിഐ ആവശ്യപ്പെട്ടു. പുറത്ത് ദുരന്തമുണ്ടായപ്പോഴും സ്റ്റേഡിയത്തിൽ ആഘോഷം തുടർന്നതിലും വിമർശനം ശക്തമാണ്. എന്നാൽ ദുരന്തത്തെ കുറിച്ച് അറിഞ്ഞപ്പോൾ തന്നെ പരിപാടിയിൽ മാറ്റം വരുത്തിയെന്നാണ് ആർസിബിയുടെ വിശദീകരണം.