India

ക്ലാസ്മുറിയില്‍ പാമ്പുകടിയേറ്റു മരിച്ച സഹപാഠിക്കുവേണ്ടി ഉറക്കെ ശബ്ദിച്ച നിദ ഫാത്തിമക്ക് യങ് ഇന്ത്യ പുരസ്കാരം. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്കാരമാണ് നിദയെ തേടിയെത്തിയത്. പ്രശസ്തിപത്രവും ശില്‍പവും പൊന്നാടയുമടങ്ങുന്ന പുരസ്കാരം ഡിസംബറില്‍ സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ ചെയര്‍മാന്‍ എബി ജെ ജോസ് അറിയിച്ചു.

നിദയുടെ ധീരതയെയും പ്രതികരണശേഷിയെയും അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. ബത്തേരി-മൈസൂർ ദേശീയപാതയിലെ യാത്രാനിരോധനത്തിനെതിരെ സമരം നടന്നപ്പോള്‍ കൈ ചുരുട്ടി, ഉശിരോടെ മുദ്രാവാക്യം വിളിച്ചു നടന്ന നിദയുടെ ചിത്രവും ശ്രദ്ധ നേടിയിരുന്നു.

നിദയിലൂടെയാണ് ബത്തേരി സര്‍വ്വജന സ്കൂളിലെ ശോചനീയാവസ്ഥയെക്കുറിച്ചും അധ്യാപകരുടെ നിസംഗതയെക്കുറിച്ചും കേരളമറിഞ്ഞത്. പാമ്പുകടിയേറ്റെന്ന് ഷഹ്​ല പറഞ്ഞിട്ടും അധ്യാപകർ ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറായില്ലെന്ന നിദയുടെയും സഹപാഠികളുടെയും വെളിപ്പെടുത്തലാണ് സ്കൂൾ അധികൃതർക്കെതിരെ നടപടി ഉണ്ടാകാൻ കാരണം. ഒരു ഐപിഎസുകാരിയാകണമെന്നാണ് നിദയുടെ ആഗ്രഹം. ബത്തേരിക്കടുത്ത് കൈപ്പഞ്ചേരി സ്വദേശിയാണ് നിദ.

ഗോപിക. എസ്

സാക്ഷര കേരളത്തിന്റെ ശിരസ്സ് കുനിയുന്ന കാഴ്ചകൾക്കാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി പൊതുസമൂഹം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. അറിവിന്റെ വെളിച്ചം തേടി വിദ്യാലയങ്ങളിൽ എത്തുന്ന പിഞ്ചോമനകൾ അനാസ്ഥയുടെയും നിരുത്തരവാദിത്വത്തിന്റെയും ഇരുൾ നിറഞ്ഞ മാളങ്ങളിൽ പെട്ട് മറഞ്ഞു പോകുന്നു. ആരാണ് ഇതിനു കാരണം? പൊതു വിദ്യാഭ്യാസ നിലവാരത്തിൽ കേമന്മാരായ കേരളത്തിന്‌ ഇതെന്ത് പറ്റി..? വാദപ്രതിവാദങ്ങൾക്കും ആരോപണങ്ങൾക്കുമപ്പുറം വിടരും മുൻപേ കൊഴിഞ്ഞു പോയ ആ പനിനീർപ്പൂക്കൾ എന്തു പിഴച്ചു..??

ഫാത്തിമയിൽ തുടങ്ങാം. പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ മിടുക്കി. മദ്രാസ് ഐ ഐ ടി യിൽ ഇന്റഗ്രേറ്റഡ് എം എ ക്ക് പഠിക്കുമ്പോൾ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്യുന്നു. അദ്ധ്യാപകന്റെ മാനസിക പീഡനങ്ങളും ജാതീയ വിവേചനവും സഹിക്കാനാവാതെ നമുക്കിടയിൽ നിന്നും ഓടിപ്പോയവൾ.. അജ്‍ഞതയിൽ നിന്നു അറിവിന്റെ വെളിച്ചത്തിലേക്കു കൈപിടിച്ചുയർത്തേണ്ടവർ തന്നെ തല്ലികെടുത്തിയതല്ലേ ഫാത്തിമയെ..? വർണവും വർഗ്ഗവും നോക്കാതെ തന്റെ ശിഷ്യക്കു പ്രചോദനമാകേണ്ടവൻ തന്നെ അവളുടെ നാശത്തിനു ഹേതുവായി. ആരെ പഴിക്കണം? തന്റെ മകൾക്ക് മരണശേഷമെങ്കിലും നീതി വേണമെന്ന് ആവർത്തിച്ചുറപ്പിക്കുന്ന അബ്ദുൽ ലത്തീഫിനൊപ്പം നിന്നു ഇനിയൊരു ഫാത്തിമ ഉണ്ടാകാതിരിക്കാനെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ട്.

ഫാത്തിമക്കു വേണ്ടി മലയാളി കരഞ്ഞു തീർന്നിരുന്നില്ല. അതിനു മുൻപ് തന്നെ ഒരുവൾ കൂടി -ഷെഹ്‌ല ഷെറിൻ. പത്തു വയസേ ഉണ്ടായിരുന്നുള്ളു. കളിചിരി മാറിയിട്ടില്ല. നിഷ്കളങ്കത നിറഞ്ഞ ആ പുഞ്ചിരിക്കുന്ന മുഖം കേരള മനസാക്ഷിയെ ഇന്നു പൊള്ളിച്ചു കൊണ്ടിരിക്കുന്നു. വയനാട് ബത്തേരിയിലുള്ള സർവജന സ്കൂളിലെ അഞ്ചാം ക്ലാസ്സുകാരി.. ക്ലാസ്സ്മുറിയിലെ പൊത്തിൽ കാലു പെടുകയും മുറിവേൽക്കുകയും ചെയ്യുന്നു. സ്വപ്നത്തിൽ പോലും നമുക്ക് പ്രതീക്ഷിക്കാനാകുമോ അനാസ്ഥയുടെ കൊടും വിഷമേറ്റ് ആ കുഞ്ഞില്ലാതാകുമെന്നു.. അതും സംഭവിച്ചു. പൊതുവിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത വിദ്യാലയങ്ങൾ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും കേരളത്തിൽ ഉണ്ടെന്നുള്ളത് ലജ്ജയോടെ മാത്രമേ നമുക്ക് ഉൾക്കൊള്ളാനാകു. പ്രതീക്ഷയോടെ സ്കൂളിലേക്ക് അയച്ച പിഞ്ചോമന തിരിച്ചുവന്നത് ചേതനയറ്റ ശരീരമായി. ആ മാതാപിതാക്കൾ എങ്ങനെ സഹിക്കും..? പരസ്പരം പഴിചാരിയും ന്യായാന്യായങ്ങൾ നിരത്തിയും അധികൃതർ കൈമലർത്തുമ്പോൾ ഉണ്ടായ ഗുരുതര വീഴ്ചയ്ക്ക് ആരു സമാധാനം പറയും.. ‘”നഷ്ടം ഞങ്ങളുടേതാണ് പരാതി പറഞ്ഞിട്ട് എന്തുകാര്യം.? ” ഒരു അഭിഭാഷകൻ കൂടിയായ അബ്ദുൽ അസീസ് ഇത് പറയണമെങ്കിൽ ആ ചങ്ക് പിടയുന്നത് എത്രത്തോളം എന്ന് ചിന്തിക്കാൻ പോലുമാകില്ല. അവശയായ കുഞ്ഞിനെയുംകൊണ്ട് 4 ആശുപത്രികൾ കയറിയിറങ്ങിയിട്ടും വേണ്ട സമയത്ത് ചികിത്സ ലഭ്യമാക്കാൻ കഴിയാഞ്ഞത് ആ പിതാവിനെ എത്രമാത്രം തളർത്തിയിരിക്കും.

ബത്തേരിയിൽ നിന്ന് ഷഹല ക്ക് വേണ്ടി നിലവിളികൾ ഉയരുമ്പോൾ തന്നെ അങ്ങു മാവേലിക്കരയിലും കണ്ടു മറ്റൊരു നീറുന്ന കാഴ്ച. അതും വിദ്യാലയമുറ്റത്തു വച്ചുതന്നെ. ക്രിക്കറ്റ് കളിക്കിടെ ബാറ്റ് തലയിൽ കൊണ്ട് നവനീത് എന്ന പന്ത്രണ്ടു വയസ്സുകാരൻ നമ്മെ വിട്ടുപോയി. മുതിർന്ന കുട്ടികൾ ‘പലക കഷ്ണം’ ബാറ്റാക്കി ക്രിക്കറ്റ് കളിക്കവെ പിന്നിലൂടെ വന്ന നവനീതിനെ ആരും കണ്ടില്ല. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണം. അക്ഷരാർത്ഥത്തിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമല്ലേ ആ കുഞ്ഞിനെ അടിച്ചു വീഴ്ത്തിയത്. കുട്ടികൾക്ക് കളിക്കാൻ പ്രത്യേകമായൊരു ഗ്രൗണ്ടും അതിനുവേണ്ട സാധനസാമഗ്രികളും വേണമെന്നിരിക്കെ പലക കഷ്ണം ബാറ്റാക്കേണ്ടി വന്ന വിദ്യാർത്ഥികളുടെ നിസ്സഹായതയുടെ പ്രതിഫലനമല്ലേ നവനീത്. ജൂനിയർ അത്‌ലറ്റിക് മീറ്റിനിടെ ഹാമെർ തലയിൽ വീണു മരിച്ച അഫീൽ ജോൺസണു പിന്നാലെ പോയി ഈ കുരുന്നും.

ഇത്തരം വിഷയങ്ങളിൽ ശക്തമായ നടപടികൾ കൈക്കൊണ്ടേ മതിയാകൂ. സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. അത് ഫലപ്രദമായി നടപ്പിലാക്കണം. ഇടിഞ്ഞുവീഴാറായ മേൽക്കൂരകളും പൊട്ടിപ്പൊളിഞ്ഞ നിലങ്ങളും വൃത്തിഹീനമായ ചുറ്റുപാടുകളും കേരളത്തിലെ ഒരു വിദ്യാലയത്തിലും ഇനി ഉണ്ടാകരുത്. സർക്കാർ മാത്രമല്ല സ്കൂൾ അധികൃതരും രക്ഷിതാക്കളും മുന്നിട്ടിറങ്ങണം. വർഷത്തിൽ ഒന്നോ രണ്ടോ തവണ ഒപ്പിടാൻ വേണ്ടി കൂടുന്ന പിടിഎ മീറ്റിങ്ങുകളല്ല, രക്ഷിതാക്കൾ കാണണം, വിലയിരുത്തണം തന്റെ കുട്ടി പഠിക്കുന്ന ക്ലാസ് മുറികളും സാഹചര്യങ്ങളും. പൊതുവിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനുവേണ്ടി കോടികൾ മുടക്കുന്ന സർക്കാർ ആ കോടികൾ ഏതു മാളങ്ങളിലേക്കാണ് കുമിഞ്ഞു കൂടുന്നത് എന്ന് ഉറപ്പുവരുത്തണം. ഇതിനെല്ലാം പുറമേ പരിമിതികളും പ്രശ്നങ്ങളും ഉറക്കെ വിളിച്ചു പറയാൻ ധൈര്യം ഉള്ളവർ ആക്കി മക്കളെ വളർത്തണം. അവനവനു വേണ്ടി സംസാരിക്കാൻ അവനവൻ മാത്രമേയുള്ളൂ എന്ന തിരിച്ചറിവ് ബാല്യത്തിൽ തന്നെ പകർന്നു നൽകണം. അനാസ്ഥയുടെ ചിതൽപ്പുറ്റുകളിൽ പെട്ട് ജീവൻ പൊലിഞ്ഞ അഫീൽ, ഫാത്തിമ, ഷെഹ്‌ല, നവനീത്… ഈ നിരയിൽ ഇനിയൊരു ജീവൻ പൊലിയാതിരിക്കട്ടെ.. വാക്ക് കൊണ്ടല്ല മറിച്ചു ഉത്തരവാദിത്വ പരമായ ഇടപെടലുകളിലൂടെ നമ്മുടെ മക്കളെ നമുക്ക് കാക്കാം….

ഗോപിക. എസ്

ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീറിങ്ങിൽ ബിടെക് ബിരുദധാരി..സ്കൂൾ-കോളേജ് തലങ്ങളിൽ യുവജനോത്സവ വേദികളിൽ രചനാ മത്സരങ്ങളിൽ വിജയി.പഠനകാലത്തു ഇളം കവി മൻറം സാഹിത്യ കൂട്ടായ്മയുടെ കവിതാ പുസ്തകത്തിലും , വിവിധ മാഗസിനുകളിലും ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോട്ടയം കറുകച്ചാൽ ഒറ്റപ്ലാക്കൽ വീട്ടിൽ സുജ ഭായ് യുടെയും പരേതനായ സദാശിവൻ പിള്ള യുടെയും മകൾ.. ഭർത്താവ് അരവിന്ദ് സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്. മകൾ: നീഹാരിക അരവിന്ദ്. ഇപ്പോൾ കോട്ടയം പ്രസ് ക്ലബ്ബിൽ ജേർണലിസം ആൻഡ്‌ മാസ്സ് കമ്മ്യൂണിക്കേഷൻ വിദ്യാർഥിനി..

ചിത്രീകരണം : അനുജ കെ, മലയാളം യുകെ ന്യൂസ് ടീം

മുതിര്‍ന്ന കുട്ടികള്‍ കളിക്കുന്നതിനിടെയില്‍ ബാറ്റ് തലയില്‍ കൊണ്ട് മരിച്ച പന്ത്രണ്ടുകാരന്‍ നവനീത് ചുനക്കര ഗവ. വിഎച്ച്എസ്എസ് വിദ്യാര്‍ത്ഥി സ്‌കൂളിനും നാടിനും വേദനയായി. പുതുതായി കിട്ടിയ സൈക്കിളായിരുന്നു നവനീതിന്റെ അടുത്തകാലത്തെ ഏറ്റവും വലിയ കൂട്ട്. സ്‌കൂളിലെ സൈക്കിള്‍ ഷെഡ്ഡില്‍ വയ്ക്കുന്ന സൈക്കിള്‍ അവിടെയുണ്ടോയെന്ന് നോക്കാനും തൊട്ടുതലോടാനും എല്ലാ ഇന്റര്‍വെല്ലിനും അവന്‍ ഓടിയിരുന്നു. ഇന്നലെ ഉച്ച ഭക്ഷണത്തിന്റെ ഇടവേളയ്ക്കും നവനീത് ഇത്തരത്തില്‍ സൈക്കിളിനടുത്ത് പോയി തിരിച്ച് വരുമ്പോഴാണ് അപകടമുണ്ടായത്.

നൂറനാട് പുതുപ്പള്ളി കുന്നം വിനോദ് ഭവനില്‍ വിനോദിന്റെയും ധന്യയുടെയും മകന്‍ നവനീത് ആണ് ദാരുണമായി മരിച്ചത്. ചുനക്കര സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സ്‌കൂളിലെ ഷെഡിനടുത്തുള്ള മരച്ചുവട്ടില്‍ പോയി മടങ്ങിവരികയായിരുന്നു നവനീത്. രണ്ട് കെട്ടിടങ്ങള്‍ക്കിടയിലുള്ള ചെറിയ ഗ്രൗണ്ട് പോലുള്ള സ്ഥലത്ത് മുതിര്‍ന്ന കുട്ടികള്‍ ഡെസ്‌കിന്റെ രണ്ട് കാലുകള്‍ക്കിടയില്‍ വയ്ക്കുന്ന പട്ടികക്കഷണവും പേപ്പര്‍ ചുരുട്ടിയുണ്ടാക്കിയ പന്തും കൊണ്ട് ക്രിക്കറ്റ് കളിക്കുന്നുണ്ടായിരുന്നു.

സ്‌കൂളില്‍ ഓഡിറ്റ് തര്‍ക്കം ഉന്നയിച്ചതിനെ തുടര്‍ന്ന് നിര്‍മ്മാണം പാതിവഴിയില്‍ ഉപേക്ഷിച്ച കെട്ടിടത്തിന്റെയും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയുടെ സിവില്‍ കണ്‍സ്ട്രക്ഷന്‍ ലാബിന്റെയും മധ്യഭാഗത്ത് കൂടിയാണ് ഏറ്റവും താഴെയുള്ള യുപി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും നവനീത് മുകളിലെ ഓഫീസ് കെട്ടിടത്തിന് പിന്നിലെ സൈക്കിള്‍ ഷെഡ്ഡില്‍ എത്തിയത്. വഴിയില്‍ മരക്കഷണങ്ങള്‍ മുറിച്ചിട്ടിരിക്കുന്നതിന്റെയും മരത്തിന്റെ വേരുകളിലുമായി കുട്ടികള്‍ കൂട്ടംകൂടിയിരിക്കാറുണ്ട്. അതിനിടയിലെ ചെറിയ മൈതാനത്തിലാണ് കുട്ടികള്‍ ക്രിക്കറ്റ് കളിച്ചിരുന്നത്. സൈക്കിളിനടുത്ത് പോയി മടങ്ങുമ്പോള്‍ ഇറക്കത്തിലൂടെ ഓടി വന്ന നവീന്‍ ഇത് ശ്രദ്ധിച്ചിട്ടുണ്ടാകില്ലെന്നാണ് കരുതുന്നത്. ബാറ്റ് ചെയ്ത കുട്ടിയും നവീനെ കണ്ടില്ല.

ബാറ്റ് വീശി കറങ്ങിയതും നവനീത് ഓടിയെത്തിയതും ഒരേ സമയത്തായിരുന്നു. ബാറ്റ് തെറിച്ച് നവനീതിന്റെ തലയില്‍ കൊണ്ടുവെന്നാണ് പോലീസ് പറയുന്നത്. എല്ലാവരും ഒന്ന് ഞെട്ടിയെങ്കിലും കുഴപ്പമില്ലെന്ന് പറഞ്ഞ് നവനീത് മുന്നോട്ട് നടക്കുകയും ചെയ്തു. എന്നാല്‍ ഏതാനും ചുവട് നടന്ന നവീന്‍ കുഴഞ്ഞ് വീഴുകയായിരുന്നു. വായില്‍ നുരയും പതയും വന്നിരുന്നു. വിദ്യാര്‍ത്ഥികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ പിടിഎ അധികൃതരും അധ്യാപകരും കുട്ടിയെ എടുത്ത് കാറില്‍ ചുനക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് പോയി. അവിടെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം കുട്ടിയുടെ ആരോഗ്യ സ്ഥിതി മോശമാകുന്നുവെന്ന് കണ്ട് വിദഗ്ധ ചികിത്സയുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഈ യാത്രക്കിടെ നവനീതിന്റെ മരണം സംഭവിക്കുകയും ചെയ്തു.

ആന്തരിക ക്ഷതമാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തതായി കുറത്തിക്കാട് പോലീസ് അഴിമുഖം പ്രതിനിധിയെ അറിയിച്ചു.

മഹാരാഷ്ട്രയിൽ എൻസിപി- ശിവസേന- കോണ്‍ഗ്രസ് സഖ്യം തന്നെ സർക്കാർ രൂപീകരിക്കുമെന്നും അജിത് പവാർ മാത്രമാണ് ബിജെപിയുമായി കൈകോർത്തതെന്നും എൻസിപി അധ്യക്ഷൻ ശരത് പവാർ. ശിവസേന നേതാവ് ഉദ്ധവ് താക്കറെയ്ക്കൊപ്പം മുംബൈയിലെ വൈ ബി ചവാൻ സെന്ററിൽ നടത്തിയ വാർ‌ത്താ സമ്മേളനത്തിൽ സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മഹാരാഷ്ട്രയിൽ അട്ടിമറിയിലൂടെ ബിജെപി സർക്കാർ രൂപീകരിച്ചതിന് പിന്നാലെയാണ് നേതാക്കൾ മാധ്യമങ്ങളെ കണ്ടത്.

ശിവസേന- കോൺഗ്രസ്- എൻസിപി സഖ്യത്തിന് മതിയായ എംഎൽഎമാരുടെ പിന്തുണയുണ്ട്. പത്ത് മുതൽ പതിനൊന്ന് എൻസിപി എംഎൽ‌എമാർ മാത്രമാണ് അജിത് പവാറിന് ഒപ്പം ചേരുന്നത് എന്നും എൻസിപി അധ്യക്ഷൻ ശരത് പവാർ വ്യക്തമാക്കി. ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ അവർക്ക് സമയം നൽകിയിട്ടുണ്ട്. പക്ഷേ അവർക്ക് അത് തെളിയിക്കാൻ കഴിയില്ല. അതിനുശേഷം ഞങ്ങൾ നേരത്തെ തീരുമാനിച്ചതുപോലെ ഞങ്ങളുടെ മൂന്ന് പാർട്ടികളും സർക്കാർ രൂപീകരിക്കും.

അജിത് പവാർ പാർട്ടി തീരുമാനം ലംഘിച്ചിരിക്കുകയാണ്. നീക്കം പാർട്ടി നയങ്ങൾക്ക് വിരുദ്ധമാണെന്നും വ്യക്തമാക്കിയ പാർട്ടി ശരത് പവാർ സർക്കാരുകൾ രൂപീകരിക്കാൻ ബിജെപി എപ്പോഴും കുതിരക്കച്ചവടം നടത്തുകയാണെന്നും ആരോപിച്ചു. എന്നാൽ കൂറുമാറ്റ നിരോധന നിയമത്തെ കുറിച്ച് എല്ലാ എംഎൽഎമാരും അറിയണമെന്നും നി യമസഭാ അംഗത്വം നഷ്ടപ്പെടാനുള്ള സാധ്യത വളരെ ഉയർന്നതാണെന്നും പോകുന്ന എല്ലാവരും അറിഞ്ഞിരിക്കണമെന്നും പവാർ ഓർമ്മിപ്പിച്ചു. ഒരു എൻ‌സി‌പി നേതാവോ പ്രവർത്തകനോ എൻ‌സി‌പി-ബിജെപി സർക്കാരിനെ അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, പതിനൊന്ന് പേർ അജിത് പവാറിന് ഒപ്പം പോയെന്ന് വ്യക്കമാക്കുന്നതിനൊപ്പം അതിൽ ഉൾപ്പെട്ട മൂന്ന് പേരെ വാർത്താ സമ്മേളനത്തിന് എത്തിച്ചും പവാർ നീക്കങ്ങൾ ശക്തമാക്കി.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ എൻ‌സി‌പി ലെജിസ്ലേറ്റീവ് പാർട്ടി നേതാവ് സ്ഥാനത്ത് നിന്നും അജിത് പവാറിനെ നീക്കിയതായി വ്യക്മതാക്കിയ അദ്ദേഹം പുതിയ കക്ഷിനേതാവിനെ വൈകീട്ട് ചേരുന്ന യോഗം തിരഞ്ഞെടുക്കുമെന്നും വ്യക്തമാക്കുന്നു.

അതേസമയം, രൂക്ഷ വിമർശനമാണ് ബിജെപിക്കെതിരെ ശിവസേന നേതാവ് ഉദ്ധവ് താക്കറെ നടത്തിയത്. നേരത്തെ നടന്നിരുന്നത് ഇവിഎം ഉപയോഗിച്ചുള്ള കളിയായിരുന്നു, ഇപ്പോൾ പുതിയ കളിയാണെന്ന് മാധ്യമങ്ങളെ കണ്ട ഉദ്ധവ് താക്കറെ പ്രതികരിച്ചു. ഇവിടെ തിരഞ്ഞെടുപ്പ് പോലും ആവശ്യമാണെന്ന് ഞാൻ കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർന്നു. പിന്നിൽ നിന്ന് ആക്രമിച്ചവരെയും ഒറ്റിക്കൊടുത്തവരെയും ഛത്രപതി ശിവജി എന്താണ് ചെയ്തതെന്ന് എല്ലാവർക്കും അറിയാം. അദ്ദേഹത്തിന് പിന്‍മുറക്കാരായ തങ്ങളും അത് തന്നെ തുടരുമെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി.

തന്റെ അറിവോടെ അല്ല മഹാരാഷ്ട്രയിലെ സംഭവ വികാസങ്ങൾ എന്നാണ് ശരത് പവാർ മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കത്തിന് പിന്നാലെ നടത്തിയ പ്രതികരണം. ദേവേന്ദ്ര ഫട്നാവിസും അജിത് പവാറും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെയായിരുന്നു ശരത് പവാർ‌ നിലപാട് വ്യക്തമാക്കി ട്വീറ്റ് ചെയ്തത്. ‘മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്നതിന് ബിജെപിയെ പിന്തുണയ്ക്കാനുള്ള അജിത് പവറിന്റെ തീരുമാനം അദ്ദേഹത്തിന്റെ വ്യക്തിപരമാണ്. ഇത് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻസിപി) തീരുമാനമല്ല. അദ്ദേഹത്തിന്റെ ഈ തീരുമാനത്തെ ഞങ്ങൾ പിന്തുണയ്ക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ലെന്ന് അറിയിക്കുന്നു’ എന്നായിരുന്നു ശരത് പവാറിന്റെ പ്രതികരണം.

 

ട്രാന്‍സ് വുമണ്‍ ശിഖയെ ജീവിത സഖിയാക്കിയതിലൂദ്‌ർ മിസ്റ്റര്‍ കേരള പുതിയൊരു തുടക്കം കുറിച്ചിരിക്കുന്നു .കഴിഞ്ഞ മിസ്റ്റര്‍ കേരള മത്സരത്തില്‍ 60 കിലോഗ്രാം വിഭാഗത്തില്‍ ഒന്നാംസ്ഥാനം നേടിയ തൃശൂര്‍ പടിയൂര്‍ മുളങ്ങില്‍ പുഷ്‌കരന്റെ മകന്‍ പ്രവീണ്‍ ആണ് ആലപ്പുഴ ചെങ്ങാലൂര്‍ സ്വദേശിനിയും നൃത്താധ്യാപികയുമായ ശിഖ യെ വധുവായി സ്വീകരിച്ചത്…….

ഡി.വൈ.എഫ്.ഐ. യൂണിറ്റ് പ്രസിഡന്റുകൂടിയാണ് ശിഖ. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനായ പ്രവീണ്‍ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ശിഖയുമായി പ്രണയത്തിലാവുകയായിരുന്നു. സംഘടനാ പ്രവര്‍ത്തനത്തിലെ കൂടിക്കാഴ്ച്ചകളും ഫേസ്ബുക്കിലെ പരിചയവുമാണ് ഇവരുടെ വിവാഹത്തിലേക്ക് നയിച്ചത്.

ഓഗസ്റ്റ് 13ന് ആദ്യമായി പരസ്പരം കണ്ടു. പിറ്റേന്ന് തൃശൂർ മാരിയമ്മൻ കോവിലിൽവെച്ച് താലികെട്ടി. ഇതിനുശേഷം വിവാഹം റജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, ശിഖയെ കൂടെ താമസിപ്പിക്കാൻ വീട്ടുകാർ സമ്മതിച്ചില്ല. കാത്തിരിക്കാനായിരുന്നു ഇവരുടെ തീരുമാനം

ആ കാത്തിരിപ്പ് ഇപ്പോൾ അവസാനിച്ചിരിക്കുകയാണ്. ഇരുവീട്ടുകാരുടെയും സമ്മതത്തോടെ തന്നെ , ജോത്സ്യൻ കുറിച്ച മുഹൂർത്തത്തില്‍ തൃശൂർ കണ്ണൻകുളങ്ങര വിഷ്ണു ക്ഷേത്രത്തിൽ െവച്ച് ഇവർ വീണ്ടും വിവാഹിതരായി. വിവാഹം ഫേസ്ബുക്കിലൂടെ ലോകത്തെ അറിയിച്ചത് പ്രവീണ്‍ തന്നെയായിരുന്നു..വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം നടന്നതെന്നാണ് ഇരുവരും അറിയിച്ചത്.

പൂച്ചിന്നിപ്പാടം എംപവര്‍ ജിമ്മില്‍ ട്രെയിനറായി ജോലിചെയ്യുന്ന പ്രവീണ്‍ ഈ വര്‍ഷത്തെ മിസ്റ്റര്‍ ഇന്ത്യാ മത്സരത്തില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.2019ലെ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മിസ്റ്റര്‍ കേരളയാണ് പ്രവീണ്‍. ഡിവൈഎഫ്‌ഐ പടിയൂര്‍ ചെരുന്തറ യൂണിറ്റ് അംഗം കൂടിയാണ് പ്രവീണ്‍. അടുത്തിടെ ഡിവൈഎഫ്ഐ സമ്മേളനത്തില്‍ പങ്കെടുത്ത് ശിഖ ശ്രദ്ധ നേടിയിരുന്നു

മഹാരാഷ്ട്രയിൽ രാജ്യം കണ്ടതിൽ വച്ച് ഏറ്റവും അസാധാരണമായ രാഷ്ട്രീയ നീക്കം. മുഖ്യമന്ത്രിയായി ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രിയായി എന്‍സിപിയുടെ അജിത് പവാറും ചുമതലയേറ്റു. പുലര്‍ച്ചെ 5.47-നാണ് സംസ്ഥാനത്ത് രാഷ്ട്രപതിഭരണം പിന്‍വലിച്ചത്.

ബിജെപി സര്‍ക്കാരിന് എന്‍സിപി പിന്തുണ നൽകിയതാണ് കാര്യങ്ങൾ കീഴ്മേൽ മറിയാൻ കാരണം. ഒറ്റ രാത്രികൊണ്ടാണ് എൻസിപി കാലുമാറിയത്. ഇന്നലെ വരെ എൻസിപി പിന്തുണ ശിവസേന-കോൺഗ്രസ് ഉള്‍പ്പെടുന്ന മഹാസഖ്യത്തിനായിരുന്നു. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനും മരുമകനായ അജിത് പവാറിനുമെതിരെ സെപ്റ്റംബറില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സംസ്ഥാന സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് 25,000 കോടി രൂപയുടെ ആരോപണമാണ് ഉയര്‍ന്നത്.

ശിവസേന–എന്‍സിപി–കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നായിരുന്നു സൂചന. ഇതിനിടെയിലാണ് വൻ രാഷ്ട്രീയ നീക്കം. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുമെന്ന് ധാരണയായെങ്കിലും സുപ്രധാന സ്ഥാനങ്ങളില്‍ സമവായമുണ്ടായിരുന്നില്ല. കുതിരക്കച്ചവടവെന്നാണ് കോൺഗ്രസ് ഈ രാഷ്ട്രീയ നാടകത്തെ വിശേഷിപ്പിച്ചത്. ശരദ് പവാറും അറിഞ്ഞെടുത്ത തീരുമാനമാണിതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ശരദ് പവാര്‍ മോദിയെ കണ്ടപ്പോള്‍ സംശയം തോന്നിയിരുന്നുവെന്നും കോൺഗ്രസ് ആരോപിച്ചു.

മഹാരാഷ്ട്രയില്‍ ജനവികാരം നടപ്പാക്കുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രതികരിച്ചു. ‘കിച്ചടി’സര്‍ക്കാരിനുവേണ്ടിയല്ല ജനം വിധിയെഴുതിയത്. ജനവിധി അട്ടിമറിക്കാനാണ് ശിവസേന ശ്രമിച്ചതെന്നും ഫഡ്നാവിസ് കുറ്റപ്പെടുത്തി. സർക്കാരിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി ഇതിനോടകം ട്വീറ്റ് ചെയ്തു. ഫഡ്നാവിസിനെയും അജിത് പവാറിനെയും അഭിനന്ദിച്ചാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്.

മഹാരാഷ്്ട്രയില്‍ വന്‍നാടകീയനീക്കത്തിനൊടുവില്‍ ബി.ജെ.പി– എന്‍.സി.പി സര്‍ക്കാര്‍ അധികാരമേറ്റു. ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്‍.സി.പി നേതാവ് അജിത് പവാറാണ് ഉപമുഖ്യമന്ത്രി. കര്‍ഷകതാല്‍പര്യമെന്ന് സഖ്യത്തിന് പിന്നിലെന്നാണ് വിശദീകരണം. പുലര്‍ച്ചെ രാവിലെ 5.47നാണ് രാഷ്ട്രപതിഭരണം പിന്‍വലിച്ചത്. എട്ടുമണിയോടെ രാജ്ഭവനില്‍ സത്യപ്രതിജ്ഞ നടത്തുകയായിരുന്നു.

എന്നാൽ ബിജെപി ചേരിക്കൊപ്പം ചേരുമ്പോൾ എന്‍.സി.പിയില്‍ പിളര്‍പ്പില്ല. ശരദ് പവാറും അറിഞ്ഞാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. ശരദ് പവാറും മകള്‍ സുപ്രിയയും സത്യപ്രതിജ്ഞയില്‍ പങ്കെടുത്തിരുന്നു.
അതേസമയം മഹാരാഷ്ട്രയില്‍ ജനവികാരം നടപ്പാക്കുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ‘കിച്ച്്ടി’ സര്‍ക്കാരിനുവേണ്ടിയല്ല ജനം വിധിയെഴുതിയത്. ജനവിധി അട്ടിമറിക്കാനാണ് ശിവസേന ശ്രമിച്ചതെന്നും ഫഡ്നാവിസ് ആരോപിച്ചു. കര്‍ഷകതാല്‍പര്യം മുന്‍നിര്‍ത്തിയാണ് ബിജെപി സര്‍ക്കാരിനെ പിന്തുണച്ചതെന്ന് അജിത് പവാര്‍ വ്യക്തമാക്കി.

മകളുടെ വിവാഹത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് മകന്‍ അപകടത്തില്‍പ്പെട്ട് മരിച്ചത് മറച്ചുവെച്ച് പിതാവ് വിവാഹം നടത്തി. ചടങ്ങ് പൂര്‍ത്തിയാകുന്നത് വരെ മറ്റ് കുടുംബാംഗങ്ങളെയോ അതിഥികളെയോ അദ്ദേഹം വിവരം അറിയിച്ചില്ല. ചടങ്ങുകള്‍ക്ക് ശേഷമാണ് പിതാവ് മകന്‍റെ മരണ വിവരം കുടുംബത്തെ അറിയിച്ചത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ കരിയഝല ഗ്രാമത്തിലാണ് കണ്ണുനനയിപ്പിക്കുന്ന സംഭവമുണ്ടായത്.

വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് രാവിലെ ഏഴ് മണിയോടെയാണ് വധുവിന്‍റെ സഹോദരനായ 18കാരന്‍ ഹിമാന്‍ഷു യാദവ് കുറച്ച് സാധനങ്ങള്‍ വാങ്ങാനായി ബൈക്കില്‍ പുറപ്പെട്ടത്. എന്നാല്‍, അമിത വേഗതയിലെത്തിയ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ യുവാവ് തല്‍ക്ഷണം മരിച്ചു. ഓടിക്കൂടിയവര്‍ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചു.

മകന്‍റെ മരണ വിവരം നാട്ടുകാരാണ് പിതാവ് രാം നരേഷിനെ അറിയിച്ചത്. ഈ സമയം വിവാഹപ്പന്തലില്‍ ഒരുങ്ങി നില്‍ക്കുകയായിരുന്നു മകള്‍ അഞ്ജു. വിവാഹ വിവരം മറച്ചുവെച്ച പിതാവ് ചടങ്ങുകള്‍ക്ക് ശേഷം വിവരം അറിയിച്ചയുടനെ കുഴഞ്ഞുവീണു. മകളുടെ വിവാഹം മുടങ്ങാന്‍ ആഗ്രമില്ലാത്തതിനാലാണ് മകന്‍റെ മരണ വിവരം മറച്ചുവെച്ചതെന്ന് പിന്നീട് പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയശേഷം ഒരു തവണപോലും കളത്തിലിറങ്ങാൻ അവസരം നൽകാതെ മലയാളി താരം സഞ്ജു സാംസണെ തൊട്ടടുത്ത പരമ്പരയ്ക്കുള്ള ടീമിൽനിന്ന് തഴഞ്ഞതിനെതിരെ വിമർശനവുമായി പ്രമുഖരും. കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ, ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ഭോഗ്‍ലെ തുടങ്ങിയവരാണ് സഞ്ജുവിനെ പിന്തുണച്ചു രംഗത്തെത്തിയത്. സിലക്ടർമാർ പരീക്ഷിക്കുന്നത് സഞ്ജുവിന്റെ ബാറ്റിങ് മികവാണോ അതോ ഹൃദയത്തിന്റെ കരുത്താണോയെന്ന് ശശി തരൂർ എംപി ചോദിച്ചു.

ബംഗ്ലദേശിനെതിരായ ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയപ്പോൾ തരൂരും മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീറും ഉള്‍പ്പെടെയുള്ളവർ ആഹ്ലാദം അറിയിച്ചിരുന്നു. എന്നാൽ, പരമ്പരയിലെ മൂന്നു മത്സരങ്ങളിലും താരം പുറത്തിരുന്നു. തുടർച്ചയായി പരാജയപ്പെട്ടിട്ടും യുവതാരം ഋഷഭ് പന്തിന് വീണ്ടും വീണ്ടും അവസരങ്ങള്‍ നൽകുകയും ചെയ്തു.

സഞ്ജുവിനെ ടീമിൽനിന്ന് തഴഞ്ഞതിനെ വിമർശിക്കുന്ന ഒരു ട്വീറ്റ് റീട്വീറ്റ് ചെയ്ത് ശശി തരൂർ എംപി കുറിച്ചതിങ്ങനെ:

‘ഒരു തവണപോലും അവസരം കിട്ടാതെ സഞ്ജു ടീമിൽനിന്ന് തഴയപ്പെട്ടതിൽ കടുത്ത നിരാശ തോന്നുന്നു. മൂന്നു ട്വന്റി20 മത്സരങ്ങളിലും സഞ്ജു സഹതാരങ്ങൾക്കായി വെള്ളം ചുമന്നു. പിന്നാലെ ടീമിനു പുറത്തുമായി. അവർ പരീക്ഷിക്കുന്നത് സഞ്ജുവിന്റെ ബാറ്റിങ് മികവാണോ അതോ ഹൃദയത്തിന്റെ കരുത്തോ?’

സഞ്ജുവിനെ ടീമിൽനിന്ന് തഴഞ്ഞതിൽ ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ഭോഗ്‍ലെയും അദ്ഭുതം രേഖപ്പെടുത്തി.

‘സഞ്ജുവിനെ സംബന്ധിച്ച് കഠിനമായ തീരുമാനം. എങ്കിലും ടീമിനൊപ്പം എല്ലായിടത്തും സഞ്ചരിക്കുന്നതിനേക്കാൾ കളത്തിലിറങ്ങി കളിക്കുന്നതായിരിക്കും അദ്ദേഹത്തിനു നല്ലതെന്ന് തോന്നുന്നു. ഒരിക്കൽക്കൂടി ഋഷഭ് പന്തിൽ സിലക്ടർമാർ കടുത്ത വിശ്വാസം രേഖപ്പെടുത്തിയിരിക്കുന്നു. ഇത്തവണ ടീം അദ്ദേഹത്തിൽനിന്ന് കൂടുതൽ പ്രതീക്ഷിക്കും.’ – ഭോഗ്‍ലെ ട്വീറ്റ് ചെയ്തു.

പ്രശസ്ത സംഘാടകനും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മുൻ ടീം ഡയറക്ടറുമായ ജോയ് ഭട്ടാചാര്യയും സഞ്ജുവിനെ തഴഞ്ഞതിനെ രൂക്ഷമായി വിമർശിച്ചു. ‘വെസ്റ്റിൻഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീമിൽ സഞ്ജു സാംസണിന് ഇടമില്ല. ഒരിക്കൽപ്പോലും അവസരം നൽകാതെ എങ്ങനെയാണ് ഒരു താരത്തെ തഴയുക? ഒരു ക്രിക്കറ്റ് താരത്തിന്റെ ആത്മവിശ്വാസത്തെ അത് എപ്രകാരം ബാധിക്കുമെന്നാണ് നിങ്ങൾ (സിലക്ടർമാർ) കരുതുന്നത്?’ – ഭട്ടാചാര്യ എഴുതി.

 

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആശുപത്രിയിൽ .പനി ബാധിച്ചതിനെത്തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. അതേസമയം ടെസ്റ്റുകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. വിദഗ്ധ ചികിത്സ വേണമെന്നും വിശ്രമം വേണമെന്നുമുള്ള നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ രണ്ട് ദിവസമായി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ എത്തിയിരുന്നില്ല. അദ്ദേഹം പനി ബാധിച്ച്‌ വിശ്രമത്തിലായിരുന്നു. പനി കടുത്തപ്പോഴാണ് ആശുപത്രിയില്‍ കൊണ്ടുവന്ന് ടെസ്റ്റുകള്‍ നടത്തിയത്. അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാരും മകന്‍ ചാണ്ടി ഉമ്മനും വ്യക്തമാക്കി.

Copyright © . All rights reserved