ഭരണകക്ഷി എം.എൽ.എ. പി.വി. അൻവറിന്റെ ഗുരുതര ആരോപണങ്ങളിൽ എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ ഉൾപ്പെടെയുള്ളവരുടെ പേരിൽ അന്വേഷണം മാത്രം പ്രഖ്യാപിച്ച് സർക്കാർ. ആരോപണവിധേയരായ എ.ഡി.ജി.പി.യെ മാറ്റിനിർത്തിയുള്ള അന്വേഷണമുണ്ടാകുമെന്ന സൂചനയാണുണ്ടായിരുന്നതെങ്കിലും അന്വേഷണത്തിന് ഡി.ജി.പി.യുടെ നേതൃത്വത്തിൽ ഉന്നതസംഘത്തെ മാത്രമാണ് തിങ്കളാഴ്ച രാത്രി പ്രഖ്യാപിച്ചത്. അതേസമയം, ആരോപണവിധേയനായ പത്തനംതിട്ട എസ്.പി. എസ്. സുജിത് ദാസിനെ മാറ്റി.
എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിനെയും എസ്.പി. സുജിത് ദാസ് ഉൾപ്പടെയുള്ള പോലീസുദ്യോഗസ്ഥരെയും പരാമർശിച്ച് ഉന്നയിക്കപ്പെട്ട വിഷയങ്ങൾ അന്വേഷിക്കാനാണ് പ്രത്യേകസംഘം രൂപവത്കരിച്ചത്. ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ടുനൽകാനാണ് നിർദേശം. ഉന്നയിക്കപ്പെട്ട എല്ലാ ആരോപണങ്ങളിലും പരാതികളിലും അന്വേഷണമുണ്ടാകും. ദക്ഷിണമേഖലാ ഐ.ജി.യും തിരുവനന്തപുരം കമ്മിഷണറുമായ ജി. സ്പർജൻകുമാർ, തൃശ്ശൂർ റെയ്‌ഞ്ച് ഡി.ഐ.ജി. തോംസൺ ജോസ്, തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പി. എസ്. മധുസൂദനൻ, തിരുവനന്തപുരം ഇന്റലിജൻസ് എസ്.പി. എ. ഷാനവാസ് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.
സുജിത് ദാസിനെ തത്‌സ്ഥാനത്തുനിന്ന് മാറ്റിയെങ്കിലും പകരംനിയമനം നൽകിയിട്ടില്ല. പോലീസ് മേധാവിക്കുമുന്നിൽ റിപ്പോർട്ടുചെയ്യാനാണ് നിർദേശം. വിജിലൻസ് തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-1 എസ്.പി. വി.ജി. വിനോദ് കുമാറിനെ പത്തനംതിട്ട എസ്.പി.യായി നിയമിച്ചു.
സ്വർണക്കടത്ത്, കൊലപാതകം, ഫോൺചോർത്തൽ, സോളാർ കേസ് അട്ടിമറി അടക്കം ഗുരുതര ആരോപണങ്ങളാണ് തുടർച്ചയായ ദിവസങ്ങളിൽ പി.വി. അൻവർ എം.എൽ.എ. ഉന്നയിച്ചത്. ഇതിനുപിന്നാലെ കോട്ടയത്തെ പോലീസ് അസോസിയേഷൻ സമ്മേളനവേദിയിൽ വെച്ചുതന്നെ അജിത്കുമാറിനെതിരേ ഡി.ജി.പി. തലത്തിലുള്ള അന്വേഷണമുണ്ടാകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. സമ്മേളനത്തിനുമുൻപേ പോലീസ് മേധാവി ഷേയ്ക്ക് ദർവേഷ് സാഹേബും മുഖ്യമന്ത്രിയും തമ്മിൽ നാട്ടകം ഗസ്റ്റ്ഹൗസിൽവെച്ച് ചർച്ചയും നടന്നു.
ആരോപണവിധേയനായ എം.ആർ. അജിത്കുമാറിനെ ക്രമസമാധാനവിഭാഗത്തിൽനിന്നുമാറ്റി അന്വേഷണമുണ്ടാകുമെന്ന സൂചന വന്നുവെങ്കിലും പിന്നീട് അത് മാറി. ഇത്തരത്തിൽ ഒരു നടപടി സ്വീകരിക്കുന്നത് സർക്കാരിനെ പ്രതിക്കൂട്ടിലാക്കുമെന്നതിനാലാണ് എ.ഡി.ജി.പി.ക്കുനേരേ പെട്ടെന്ന് നടപടിയുണ്ടാകാത്തതെന്നാണ് വിലയിരുത്തൽ.
ആദ്യദിവസത്തെ ആരോപണത്തിനുപിന്നാലെ എം.ആർ. അജിത്കുമാർ മുഖ്യമന്ത്രിയെയും പോലീസ് മേധാവിയെയും കണ്ട് കാര്യങ്ങൾ വിശദീകരിച്ചിരുന്നു. ഇതിനിടെ വീണ്ടും പി.വി. അൻവർ ആരോപണങ്ങൾ ഉന്നയിച്ചതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എം.ആർ. അജിത്കുമാർതന്നെ മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായാണ് വിവരം.
തിങ്കളാഴ്ച വൈകീട്ട് അടൂരിലെ കെ.എ.പി. മൂന്നാം ബറ്റാലിയനിൽ നടന്ന കോൺസ്റ്റബിൾമാരുടെ പാസിങ് ഔട്ട് പരേഡിനിടെ പോലീസ് മേധാവിയും എം.ആർ. അജിത്കുമാറും ചർച്ചനടത്തുകയും ചെയ്തിരുന്നു.
ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ യുവതി പ്രസവിച്ച നവജാതശിശുവിനെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്. കുഞ്ഞിനെ കൊലപ്പെടുത്തിയതായി അമ്മ പോലീസിന് മൊഴി നല്‍കിയതായാണ് സൂചന. കുഞ്ഞിനെ കൊന്ന് കുഴിച്ചിട്ടെന്ന് യുവതി വെളിപ്പെടുത്തിയെന്നാണ് വിവരം. കാമുകനാണ് കുഞ്ഞിനെ കൊന്നതെന്നും മൊഴി നല്‍കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയും കാമുകനും പോലീസിന്റെ കസ്റ്റഡിയിലാണ്.
രണ്ട് കുട്ടികളുടെ അമ്മയായ ചേര്‍ത്തല ചേന്നം പള്ളിപ്പുറം 17-ാം വാര്‍ഡ് സ്വദേശിനിയായ യുവതി ഓഗസ്റ്റ് 31-നാണ് പ്രസവശേഷം ആശുപത്രി വിട്ടത്. എന്നാല്‍, യുവതി വീട്ടിലെത്തിയെങ്കിലും മൂന്നാമത്തെ കുഞ്ഞ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നില്ല.
കുഞ്ഞിനെ കാണാതായതോടെ ആശാവര്‍ക്കര്‍മാരാണ് ജനപ്രതിനിധികളെയും തുടര്‍ന്ന് ചേര്‍ത്തല പോലീസിലും വിവരമറിയിച്ചത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് തുടക്കംമുതലേ പോലീസിന് തോന്നിയിരുന്നു.
അതിനിടെ, കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതിമാര്‍ക്ക് കൈമാറിയെന്ന ചില വിവരങ്ങളും ലഭിച്ചു. ഇതിനുപിന്നാലെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് യുവതി മൊഴി നല്‍കിയെന്നവിവരം പുറത്തുവരുന്നത്.
ലൈംഗികാരോപണ കേസിൽ നടൻ സിദ്ധിഖ് മുൻകൂർ ജാമ്യാപേക്ഷ നൽകി. നടിയുടെ പരാതി അടിസ്ഥാനമില്ലാത്തതും നിലനില്‍ക്കാത്തതുമാണെന്നാണ് സിദ്ധിഖിൻ്റെ വാദം. പരാതിക്കാരി പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തതയില്ല. സംഭവത്തിന്റെ തീയതി അറിയില്ലെന്ന നടിയുടെ വാദം സംശയകരമാണെന്നും ഹൈക്കോടതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നടന്‍ സിദ്ധിഖ് വാദിച്ചു.
ബലാത്സംഗം ചെയ്തുവെന്ന വാദം തെറ്റാണെന്ന് സിദ്ധിഖ് പറഞ്ഞു. സാധാരണക്കാരിയാണെന്നാണ് പരാതിക്കാരിയുടെ വാദം. പരാതിക്കാരി സാധാരണക്കാരിയല്ല, പരാതിക്കാരിക്ക് മറ്റൊരു മുഖമുണ്ട്. സൂക്ഷ്മമായി മെനഞ്ഞെടുത്ത കഥയാണ് നടിയുടെ മൊഴി. മാനസിക വിഷമം മൂലമാണ് പരാതി നല്‍കാത്തതെന്നാണ് നടി പറഞ്ഞത്. എന്നാല്‍ സാമൂഹിക മാധ്യമങ്ങളിലെ നിലപാടുവെച്ച് അങ്ങനെ കരുതാനാവില്ലെന്നും സിദ്ധിഖ് പറഞ്ഞു.
പരാതിക്കാരിയുടെ നിലപാടുകളിലും പ്രസ്താവനകളിലും മൊഴിയിലും വൈരുദ്ധ്യമുണ്ട്. പരാതി നല്‍കാന്‍ ഇത്രയും വൈകിയതിന്റെ കാരണം ബോധ്യപ്പെടുത്താനായിട്ടില്ല. നടി മാധ്യമങ്ങളിലൂടെ നടത്തുന്നത് വ്യാജ പ്രചാരണമാണെന്നുമായിരുന്നു സിദ്ധിഖിൻ്റെ വാദം. മുന്‍ കൂര്‍ ജാമ്യ ഹര്‍ജിയില്‍ തീര്‍പ്പാകും വരെ ലൈംഗിക പീഡനക്കേസില്‍ അറസ്റ്റ് തടയണമെന്നാണ് സിദ്ധിഖിന്റെ ആവശ്യം. സിദ്ധിഖിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും.
സിപിഎം എംഎല്‍എ പി.വി അന്‍വറുമായുള്ള വിവാദ ഫോണ്‍ സന്ദേശം പുറത്തായതിനെ തുടര്‍ന്ന് പത്തനംതിട്ട എസ്.പി എസ്.സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്തു.സുജിത് ദാസിനെതിരെ നടപടിക്ക് ഡിജിപി ശുപാര്‍ശ നല്‍കിയിരുന്നു.
പി.വി അന്‍വറുമായുള്ള സംഭാഷണം പൊലീസിന് നാണക്കേട് ഉണ്ടാക്കിയെന്നും എസ്.പി സര്‍വീസ് ചട്ടം ലംഘിച്ചുവെന്നും ഡിഐജി അജിതാ ബീഗം തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ട് ഡിജിപി സര്‍ക്കാരിന് കൈമാറിയിരുന്നു . ഇതു പ്രകാരമാണ് എസ്.സുജിത് ദാസിനെതിരെ നടപടി ഉണ്ടായിരിക്കുന്നത്.
അതിനിടെ എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റാനും തീരുമാനിച്ചു. എച്ച്. വെങ്കിടേഷിനെയോ ബല്‍റാം കുമാറിനോ പകരം ചുമതല നല്‍കുമെന്നാണ് സൂചന. എഡിജിപി അജിത് കുമാറിനെതിരായ അന്വേഷണം സീനിയര്‍ ഡിജിപി കെ. പത്മകുമാറിന്റെ നേതൃത്വത്തിലായിരുക്കും നടക്കുക.
പൊലീസിലെ ഉന്നതര്‍ക്കെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെയും അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയുണ്ടായ വന്‍ വിവാദത്തിന് ഒടുവിലാണ് അജിത് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് നിന്നും മാറ്റുന്നത്.
കോട്ടയത്ത് നടക്കുന്ന പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന സമാപന വേദിയില്‍ എഡിജിപിയെ വേദിയിലിരുത്തി ആരോപണങ്ങളില്‍ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ക്രമസമാധാന ചുമതല നിന്നും മാറ്റി നിര്‍ത്തുമെന്ന വാര്‍ത്ത പുറത്ത് വരുന്നത്.
ഏറെ ദിവസങ്ങളായി മാധ്യമങ്ങൾ ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ പിന്നാലെയാണ്. നാലര വർഷത്തോളം കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തി വച്ചതിനാണ് ആദ്യം സർക്കാർ പഴികേട്ടത്. എന്നാൽ ഭരണപക്ഷ എംഎൽഎ ആയ മുകേഷ് ഉൾപ്പെടെ കേസിൽ പെട്ടതോടെ സർക്കാർ വീണ്ടും പ്രതികൂട്ടിലായി. കുറേ ദിവസങ്ങളായി ചാനലുകളുടെ അന്തി ചർച്ചകളിലെ വിഷയം ഹേമാ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയുള്ള നടിമാരുടെ വെളിപ്പെടുത്തലുകളായിരുന്നു.
എന്നാൽ ഇന്നലെ പി. വി അൻവർ ആഭ്യന്തരവകുപ്പിനെതിരെ വെളിപ്പെടുത്തലുകൾ നടത്തിയതോടെ സ്ഥിതി മാറി മറിഞ്ഞു . ഏഷ്യാനെറ്റ് ഉൾപ്പെടെയുള്ള മാധ്യമങ്ങളിലെ പ്രധാന വാർത്ത പി. വി അൻവറിൻ്റെ വെളിപ്പെടുത്തലിനോട് അനുബന്ധിച്ചുള്ളതായിരുന്നു.
പി.വി.അന്‍വര്‍ എംഎല്‍എയുമായുള്ള എസ്പി സുജിത്ത് ദാസിന്‍റെ ശബ്ദ സന്ദേശം പുറത്ത് വന്നതിന് പിന്നാലെ എഡിജിപിക്കും സുജിത്തിനുമെതിരെ ഡിജിപിക്ക് പരാതികള്‍ ലഭിച്ചിട്ടുണ്ട്. അതേസമയം വിവാദങ്ങള്‍ക്ക് പിന്നാലെ എഡിജിപിയെ കാണാൻ എസ്പി തലസ്ഥാനത്ത് എത്തിയെങ്കിലും അനുമതി നല്‍കിയില്ല.
അജിത് കുമാറിനെതിരെ പി.വി. അൻവർ എംഎല്‍എയോട് ഗുരുതര ആരോപണങ്ങള്‍ എസ്‍പി പറയുന്ന ശബ്ദരേഖ പുറത്ത് വന്നിരുന്നു. പി.വി.അന്‍വർ എംഎല്‍എയും മലപ്പുറം എസ്‍പിയും തമ്മിലുള്ള പ്രശ്നത്തില്‍ എംഎല്‍എയ്ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കുന്ന കാര്യത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കിടയിലും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്.
തിങ്കളാഴ്ച മുഖ്യമന്ത്രി അസോസിയേഷൻ പ്രതിനിധികള്‍ക്ക് കാണാൻ സമയം അനുവദിച്ചിരുന്നു. സുജിത് ദാസിന്‍റെ ശബ്ദരേഖ പുറത്ത് വന്നതിനാല്‍ പരാതി നല്‍കേണ്ടെന്ന നിലപാടിലാണ് ഭൂരിപക്ഷം ഐപിഎസ് ഉദ്യോഗസ്ഥരും.
സിനിമയിലേതിന് സമാനമായി കോണ്‍ഗ്രസ് പാർട്ടിയിലും ‘കാസ്റ്റിങ് കൗച്ച്’ ഉണ്ടെന്ന ആരോപണം ഉന്നയിച്ച വനിതാ നേതാവ് സിമി റോസ്‌ബെല്‍ ജോണിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍നിന്നാണ് സിമിയെ പുറത്താക്കിയത്. മുന്‍ എ.ഐ.സി.സി. അംഗവും മുൻ പി.എസ്.സി. അംഗവുമാണ് സിമി റോസ്‌ബെല്‍ ജോണ്‍.
മാധ്യമങ്ങള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസിലെ വനിതാ നേതാക്കളെ അധിക്ഷേപിച്ചതിനാണ് സിമി റോസ് ബെല്‍ ജോണിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതെന്ന് കെ.പി.സി.സി. വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ എം.പിയാണ് നടപടിയെടുത്തതെന്നും ജനറല്‍ സെക്രട്ടറി എം. ലിജു അറിയിച്ചു.
സിമി റോസ് ബെല്‍ ജോണിന്റെ പ്രവൃത്തി ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് പ്രഥമ ദൃഷ്ട്യാ പാര്‍ട്ടിക്ക് ബോധ്യപ്പെട്ടതിനാലാണ് അച്ചടക്ക നടപടിയെടുത്തതെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. രാഷ്ട്രീയ ശത്രുക്കളുടെ ഒത്താശയോടെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിലെ ലക്ഷക്കണക്കിന് വനിതാ നേതാക്കളെയും പ്രവര്‍ത്തകരെയും മാനസികമായി തകര്‍ക്കുകയും അവര്‍ക്ക് മാനഹാനി ഉണ്ടാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സിമി റോസ് ബെല്‍ ജോണ്‍ ആക്ഷേപം ഉന്നയിച്ചതെന്ന് കെ.പി.സി.സി. കുറ്റപ്പെടുത്തി. കെ.പി.സി.സി. ഭാരവാഹികളും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുമായ വനിതാ നേതാക്കളും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയും അടക്കമുള്ളവര്‍ നേരത്തേ സിമി റോസ് ബെല്‍ ജോണിനെതിരെ നടപടിയെടുക്കണമെന്ന് പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.
പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് കഴിഞ്ഞദിവസം സിമി ഉയര്‍ത്തിയത്. നേതാക്കളോട് അടുപ്പമുള്ളവര്‍ക്ക് മാത്രമേ കോൺഗ്രസ് പാർട്ടിയിൽ അവസരങ്ങള്‍ ലഭിക്കുന്നുള്ളൂവെന്ന് അവർ മാധ്യമങ്ങൾക്കു മുന്നിൽ ആരോപിച്ചിരുന്നു. ദുരനുഭവം ഉണ്ടായ പലരും നേരിട്ട് പറഞ്ഞിട്ടുണ്ട്. അതിനുള്ള തെളിവുകൾ തന്റെ പക്കലുണ്ട്. സമയം വരുമ്പോൾ അത് പുറത്തുവിടും. തന്നോട് പരാതി പറഞ്ഞവർക്ക് നല്ല ഉപദേശങ്ങൾ നൽകിയിരുന്നെന്നും സിമി റോസ്ബെൽ പറഞ്ഞിരുന്നു.
കോൺഗ്രസിൽ അനർഹർക്കാണ് സ്ഥാനമാനങ്ങൾ ലഭിക്കുന്നതെന്നും ജെബി മേത്തർ എം.പിയുടെ പേരെടുത്ത് പറഞ്ഞുകൊണ്ട് സിമി വിമർശിച്ചിരുന്നു.
‘യൂത്ത് കോൺഗ്രസിൽ ഒരേയൊരു വോട്ട് കിട്ടിയ ജെബി മേത്തറെ യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറിയാക്കിയപ്പോൾ ഞങ്ങൾ മൗനംപാലിച്ചു. എട്ടുവർഷം മുമ്പ് മഹിളാ കോൺഗ്രസിൽ അംഗത്വമെടുത്തപ്പോഴും മൗനംപാലിച്ചു. അന്ന് പത്മജ ചേച്ചി (പത്മജ വേണുഗോപാൽ) ഉൾപ്പെടെയുള്ളവർ പ്രതികരിക്കാത്തത് എന്തെന്ന് ചോദിച്ചിരുന്നു. പ്രവർത്തനത്തിലൂടെ വന്നവർ ഇപ്പോഴും തഴയപ്പെടുകയാണ്. അങ്ങനെയുള്ള എത്ര വനിതാ അംഗങ്ങൾ കെ.പി.സി.സിയിൽ ഉണ്ടെന്ന് പരിശോധിക്കണം. അവരേക്കുറിച്ച് ഞാൻ ഒന്നും പറയുന്നില്ല. അവരൊക്കെ വലിയ വലിയ നേതാക്കളുടെ ഗുഡ്ബുക്കിലുള്ളവരാണ്.’ -സിമി റോസ്ബെൽ പറഞ്ഞു.
എഡിജിപി എം.ആര്‍.അജിത് കുമാറിനെതിരെ പത്തനംതിട്ട എസ്‍പി ഉന്നയിച്ച ആരോപണത്തില്‍ വകുപ്പ് തല അന്വേഷണം നടത്താൻ ആഭ്യന്തര വകുപ്പ്. എസ്‍പി സുജിത്ത് ദാസിനെതിരെയും അന്വേഷണം ഉണ്ടാകും.
പി.വി.അന്‍വര്‍ എംഎല്‍എയുമായുള്ള എസ്പി സുജിത്ത് ദാസിന്‍റെ ശബ്ദ സന്ദേശം പുറത്ത് വന്നതിന് പിന്നാലെ എഡിജിപിക്കും സുജിത്തിനുമെതിരെ ഡിജിപിക്ക് പരാതികള്‍ ലഭിച്ചിട്ടുണ്ട്. അതേസമയം വിവാദങ്ങള്‍ക്ക് പിന്നാലെ എഡിജിപിയെ കാണാൻ എസ്പി തലസ്ഥാനത്ത് എത്തിയെങ്കിലും അനുമതി നല്‍കിയില്ല.
അജിത് കുമാറിനെതിരെ പി.വി. അൻവർ എംഎല്‍എയോട് ഗുരുതര ആരോപണങ്ങള്‍ എസ്‍പി പറയുന്ന ശബ്ദരേഖ പുറത്ത് വന്നിരുന്നു. പി.വി.അന്‍വർ എംഎല്‍എയും മലപ്പുറം എസ്‍പിയും തമ്മിലുള്ള പ്രശ്നത്തില്‍ എംഎല്‍എയ്ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കുന്ന കാര്യത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കിടയിലും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്.
തിങ്കളാഴ്ച മുഖ്യമന്ത്രി അസോസിയേഷൻ പ്രതിനിധികള്‍ക്ക് കാണാൻ സമയം അനുവദിച്ചിരുന്നു. സുജിത് ദാസിന്‍റെ ശബ്ദരേഖ പുറത്ത് വന്നതിനാല്‍ പരാതി നല്‍കേണ്ടെന്ന നിലപാടിലാണ് ഭൂരിപക്ഷം ഐപിഎസ് ഉദ്യോഗസ്ഥരും.
ക്യാപ്റ്റൻ റോമൽ ജോൺ
ഹേമ കമ്മിറ്റിയല്ല ഏതു റിപ്പോർട്ട് വന്നാലും മലയാളിയുടെ നടന്മാർ ഒക്കെ സാക്ഷര കേരളത്തിൽ ആയതു കൊണ്ട് സുരക്ഷിതരായി തന്നെ ജീവിക്കും, മലയാളികൾ ബ്ലാക്കിൽ ടിക്കറ്റ് എടുത്ത് മൂന്നും നാലും പ്രാവശ്യം ഒക്കെ ഞങ്ങൾ സിനിമക്ക് അകത്തും പുറത്തും അഭിനയിച്ച സിനിമകൾ വീണ്ടും വീണ്ടും കാണും.. ഗാന ഗന്ധർവ്വന്റെ പെങ്ങളുടെ മകൻ ഫാഷൻ ഡിസൈനർ ആയ ആനന്ദ് ജോൺ അമേരിക്കൻ മോഡലുകളെ ഇതു പോലെ അവസരങ്ങൾ തരാമെന്ന് പറഞ്ഞു തൊഴിലിടങ്ങളിൽ പരസ്പര സമ്മതത്തോടെ പീഡിപ്പിച്ചതിന് 59 വർഷം ആണ് ലോസ് ആഞ്ജലസ് കോടതി ശിക്ഷിച്ചത്. 2009 മുതൽ ജാമ്യം പോലുമില്ലാതെ അമേരിക്കൻ ജയിലിൽ ആണ്. ഈ ആനന്ദ് ജോൺ ഇന്ത്യയിൽ ആയിരുന്നെങ്കിൽ കൂളായിട്ട് പുറത്തിറങ്ങി നടന്നേനെ, പീന്നെയും പീഡിപ്പിക്കൽസ് തുടർന്നേനെ, സെലിബ്രിറ്റി ആയതു കൊണ്ട് ആനന്ദിന്റെ കൂടെ മലയാളി നിന്ന് സെൽഫി എടുത്തു ഫേസ്ബുക്കിൽ ഇട്ടു ആർമാദിച്ചേനെ.
ഇവിടെ ഇരിഞ്ഞാലക്കുടയിൽ ഇടവേള സമയത്ത് ഒന്ന് സഹകരിച്ചാൽ പിന്നെ ഒന്നര ലക്ഷം ഫീസും വേണ്ട ഫ്രീ ആയി അമ്മയിൽ അംഗത്വം തരാമെന്ന് പറഞ്ഞു എത്ര ചെറുകിട നടിമാരെ ഞങ്ങൾ പീഡിപ്പിച്ചു? ആരുണ്ടുവിടെ ചോദിക്കാൻ ഇത് ഞങ്ങളുടെ സ്വകാര്യ സാമ്രാജ്യം. സിനിമയിൽ റോൾ കൊടുക്കും എന്ന് പറഞ്ഞു പീഡിപ്പിച്ചത് അപ്പോൾ എത്ര പേരെ? റോൾ കിട്ടി പ്രശസ്തമായാൽ നന്ദി വേണം, വന്ന വഴി മറക്കരുത് എന്ന് പറഞ്ഞു പീഡിപ്പിച്ചത് എത്ര പേരെ? ? ബ്ലടി മലയാളീസ് നിങ്ങൾ ഇപ്പോൾ കേട്ടത് – പുറത്തു വന്നത് മഞ്ഞ് മലയുടെ ഒരറ്റം മാത്രം. അമ്മയിൽ കേറിയാൽ ജീവിതകാലം മുഴുവൻ കൈനീട്ടം, ചികത്സാ സഹായം, പെൻഷൻ കിട്ടും എന്നുള്ള ഞങ്ങളുടെ ജന്മിത്ത ഔദ്യാര്യം ചില ചെറുകിട നടികളുടെ നിസഹായ അവസ്ഥ മുതലെടുക്കാൻ‘ പീഡിപ്പിക്കാൻ ആണെന്ന് ആരും പറയൂല അംഗത്വം കൊടുക്കണോ അതോ കറി വേപ്പില പോലെ കളയണോ അടുത്ത ഇരകളെ തേടണോ അതൊക്കെ ഞങ്ങളുടെ ചോയ്സ്. ഞങ്ങൾ എന്ത് ഫാദർ ഇല്ലാത്തരം ചെയ്താലും ഒക്കെ സപ്പോർട്ട് ചെയ്യാൻ സ്ത്രീ പക്ഷ പുരോഗമന ഇടതു സർക്കാരുണ്ടാവും , പ്രബുദ്ധ മലയാളികൾ വീണ്ടും ഞങ്ങളുടെ സിനിമകൾ കണ്ടു കരയും ചിരിക്കും ഞങ്ങൾക്ക് എതിരെ ഉള്ള കേസ് അന്വേഷിക്കാൻ പണ്ട് സർക്കാരിന് വേണ്ടി വാലാട്ടി നിയമം ചവിട്ടു കുട്ടയിൽ എറിഞ്ഞ പ്രശസ്ത ആയ ഐ പി എസ് മാഡങ്ങളുടെ സപ്പോർട്ടുണ്ടാവും . അല്ലെങ്കിൽ പിന്നെ എന്തിനു ഈ കോൺക്ലവ്, അമ്മയിൽ ഏതൊക്കെ നടിമാർ അംഗത്വ ഫീസ് കൊടുക്കാതെ ജോയിൻ ചെയ്തു എന്ന് മാത്രം അന്നെ അന്വേഷിച്ചാൽ മതി പോലീസിന് മഞ്ഞു മലയുടെ ആയം അറിയാൻ..
ഞങ്ങളുടെ സെക്രട്ടറി നടൻ പകൽ മാന്യൻ ചമഞ്ഞു ആദ്യം തന്നെ ചാടി കേറി പത്രക്കാരോട് പ്രതികരിച്ചത് കൊണ്ടു മാത്രമാണ് ഈ പരട്ടകൾ അയാൾക്കെതിരെ പരാതി പറഞ്ഞത്, ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തു വരുമെന്നറിഞ്ഞു ചരിഞ്ഞു നടക്കുന്ന നടൻ പനി പിടിച്ച് ആശുപത്രിയിൽ അഡ്മിറ്റ് ആയി, പിന്നെ ചെന്നൈയിൽ പോയി ഡ്രൈവറെ കൊണ്ട് കാശെറിഞ്ഞു കൊറേ പേരുടെ ഒക്കെ വാ മൂടി കെട്ടിയിട്ടുണ്ട് എന്നൊക്കെ വെറുതെ ഇല്ലാ വചനം പറഞ്ഞതാണ് പക്ഷെ എത്ര കാലം? യു കാൻ ഫൂൾ സം പീപ്പിള് ഫോർ സം ടൈം ബട്ട് നോട്ട് ആൾ ദി പീപ്പിൾ ആൾ ദി ടൈം എന്നാണല്ലോ സായിപ്പിന്റെ ബനാന ടോക്ക്. പക്ഷെ അതൊന്നും സാക്ഷര കേരളത്തിൽ വളരൂല്ല വളർത്താൻ ഞങ്ങൾ സമ്മതിക്കില്ല . പ്രസിഡന്റ് പറയേണ്ട പത്ര സമ്മേളളനം സെക്രട്ടറി നടത്തി എട്ടിന്റെ പണി സ്വയം വാങ്ങിച്ചെടുത്തു, അങ്ങേരോട് ഷോ കാണിക്കണ്ട കാണിക്കണ്ട എന്ന് പല പ്രാവശ്യം പറഞ്ഞതാ, കേട്ടില്ലാ ചെറിയ സോഫയിൽ തിങ്ങി നിറഞ്ഞിരുന്നു രണ്ടു നടിമാർക്ക് സ്ക്രിപ്റ്റ് കൊടുത്തിട്ടു പറയിപ്പിച്ചിട്ടും കയ്യീന്ന് പോയീ, ഇനി അനുഭവിക്ക്. . ദേ കണ്ടു പഠി .. കൂട്ട രാജി വെച്ച് ഞങ്ങളുടെ പ്രസിഡന്റ് മാധ്യമ ശ്രദ്ധയിൽ നിന്നും, യൂസ് ആൻഡ് ത്രോ കോപത്തിൽ നിന്നും സ്മാർട്ട് ആയി ചരിഞ്ഞു ഊരി പോന്നു, ഇനി ഈ ചീള് കേസ് ഒതുക്കി തീർക്കുന്നത് വരെ അമ്മക്കും അമ്മൂമ്മക്കും ഒരു ഔദ്യോഗിക സമിതി ഉണ്ടാവില്ല, സമിതി ഉണ്ടായിട്ടു വേണ്ടേ പ്രസിഡണ്ട്?
മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം പറയേണ്ട ബാധ്യതയുള്ളൂ. ആരെങ്കിലും ഉണ്ടോ ഇനി അമ്മയിൽ ? ഇനി ഇപ്പോൾ മാപ്രകൾ ആരോട് ചോദിക്കും? എന്നാൽ പിന്നെ തൃശൂർ ഒറ്റയ്ക്ക് എടുത്ത ചാരിറ്റി ഒക്കെ ചെയ്ത ചേട്ടനെ തേടി ചെന്നപ്പോൾ കണക്കിന് കിട്ടി… മാപ്രകൾ എന്റെ വഴി തടഞ്ഞു എന്ന് പറഞ്ഞു കേസ് കൊടുത്തു കളഞ്ഞു കൂടെ ഒരു സാരോപദേശവും “ഷവച്ചാല്യത്തിൽ നിന്നെറങ്ങി വരുമ്പോൾ ടോയ്‌ലെറ്റ് പേപ്പറിനെ പറ്റി” മാത്രമേ ചോദിക്കാൻ പാടുള്ളു എന്ന് കേരളം ഇത് വരെ കേൾക്കാതെ ഉത്തരം പറഞ്ഞ കൺഫ്യൂഷനാക്കി പണ്ടാരമടക്കി കളഞ്ഞു . ഉടനെ തന്നെ രാഷ്ട്രീയ എതിർ ചേരിയിൽ നിൽക്കുന്ന ബഡായി ബംഗ്ലാവിനെ അങ്ങ് സപ്പോർട്ട് ചെയ്തു കളഞ്ഞു സ്മരണ വേണം രമണാ… സ്മരണ വേണം, കാരണം തൃശൂരു ചുമലിൽ വെച്ച് ക്ഷീണിച്ചു പോയ നടനോട് ഈ രക്തത്തിൽ പങ്കുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ സപ്പോർട്ട് വേണ്ടേ? കൂടെ കിടന്നവന് അല്ലെ രാപ്പനി അറിയാൻ പറ്റുകയുള്ളു, മന്ത്രി പണി ഇല്ലെങ്കിൽ മുല്ലപെരിയാർ അണക്കെട്ട് മാറ്റി പണിയാൻ പറ്റുമോ?
ഇത്രയും നാളും തൃശൂരിൽ തെണ്ടി നടന്നു കിട്ടിയ സൽപ്പേര് പോയാൽ പിന്നെ വിശ്വകുരുവിനെ അനുകരിച്ചു ആ മുല്ലപെരിയാർ അണക്കെട്ടിൽ തന്നെ ലൈഫ് ജാക്കറ്റ് ഇട്ടു ചാടി ആത്മഹത്യ ചെയ്യേണ്ടി വരും. വഴി മുടക്കിയ മുണ്ടക്കൽ ശേഖര മാപ്രാകൾക്ക് കേസ് കൊടുത്തതിനും പിറകെ മലയാളികളോട് ഒരപേക്ഷയും പ്ലീസ് മല്ലുവുഡിനെ തകർക്കരുത് അതും ഇന്നത്തെ വിദ്യാഭ്യാസമുള്ള ന്യൂ ജനറേഷൻ മല്ലൂസ് ഒറിയ മുതൽ കൊറിയ വരെ ഉള്ള സിനിമകളും സീരിയലുകൾ വീട്ടിലും മൊബൈൽ ഫോണിലും സബ്ടൈറ്റിൽ വെച്ച് കാണുബോൾ ആണ് തൃശൂർ ചേട്ടന്റെ സിലിമാ ഡയലോഗ് “മലയാള സിനിമയെ നിങ്ങൾ തകർക്കരുത് അത് ഞങ്ങൾ തന്നെ തകർത്തോളാം ” കുറച്ചു കൂടി സമയം തരൂ എന്ന അപേക്ഷ.
പുതിയ ജനറേഷൻ നടൻമാരെ ചിലരെ ഒക്കെ മാറ്റി നിറുത്തിയാൽ ബാക്കിയുള്ള പഴയ കാല നടന്മാരുടെ അന്നും ഇന്നും ഈ തൊഴിലിടങ്ങളിലെ സൈഡ് കൃഷിയും ഹോബിയും ഒക്കെ ഇത് തന്നെ ആയിരിന്നു, അത് കൊണ്ടല്ലേ ഞങ്ങളുടെ പെണ്മക്കളെ ഒക്കെ കരഞ്ഞു കാലു പിടിച്ചിട്ടും അഭിനയിക്കാൻ വിടാത്തത്ത് , അടൾട്ട്സ് ഒൺലി എന്ന് പറഞ്ഞത് പോലെ ഞങ്ങളുടെ ആൺമക്കൾസ് ഒൺലി മാത്രമേ ഈ ലോട്ടറിക്ക് അവകാശമുള്ളു, ആ പോട്ടെ പുല്ല് അങ്ങ് അമേരിക്കയെ പറ്റി പറഞ്ഞപ്പോൾ ഞാൻ ജീവിക്കുന്ന സ്കോട്ടലൻഡിനേ പറ്റി പറയാത്തത് മോശമല്ലേ, ഇവിടത്തെ ഫസ്റ്റ് മിനിസ്റ്റർ ആയിരുന്ന അലൈക്സ് സാലമെന്റ് പണ്ട് രാജി വെച്ചത് പീഡന കേസിൽ പെട്ടത് കൊണ്ട് മാത്രമാണ്, നമ്മൾ മലയാളികൾ പാരമ്പര്യം അഭിമാനം ഒക്കെ പറഞ്ഞു നിർവൃതി കൊണ്ടാൽ മതി, ഈ സായിപ്പുമാരുടെ വഷളത്തരത്തിനു ആരെങ്കിലും ഫസ്റ്റ് മിനിസ്റ്റർ സ്ഥാനം ഒക്കെ രാജി വെക്കുമോ? അത് കഴിഞ്ഞു വന്ന ഫസ്റ്റ്മിനിസ്റ്റർ നിക്കോള സ്റ്റർ ജൻ ഭർത്താവിന്റെ പേരിൽ ഫണ്ട് തിരുമറി ആരോപണം വന്നപ്പോൾ അപ്പോൾ തന്നെ രാജി വെച്ച് കളഞ്ഞു.
ശിവ ശിവ ഇതൊക്ക കേരളത്തിൽ അരി ആഹാരം കഴിക്കുന്ന നമ്മൾക്ക് അനുകരിക്കാൻ പറ്റുമോ അങ്ങനെ ആയിരുന്നെങ്കിൽ കേരളത്തിൽ രാജി വെച്ച്, വെച്ച് മന്ത്രിസഭ ഉണ്ടാക്കാൻ വേണ്ടി ബംഗാളികളെ കൊണ്ടു വരേണ്ടി വരും, നമുക്ക് ഈ നടികൾ തൊഴിൽ ഇടങ്ങളിൽ അനുഭവിച്ച പീഡനങ്ങൾ ഒക്കെ വെറും ഇക്കളി കഥകൾ, നടനായി ഇലക്ഷൻ നിന്നപ്പോൾ മാപ്രകളുടെ കാലു പിടിച്ചവർക്ക് ഇപ്പോൾ ഇത് മാധ്യമങ്ങളുടെ കാലി തീറ്റകൾ, നടന്മാരുടെ പിമ്പ് പണിയിൽ പ്രശസ്ത നടികളുടെ കൂടെ ഇടവേള ടൈമിൽ സഹകരിച്ചഭിനയിച്ച രാഷ്ട്രീയകാർക്ക് റിപ്പോർട്ടിൽ പേരുള്ള നടന്മാരുടെ ഭീഷണി കൊണ്ട് നാലു കൊല്ലം റിപ്പോർട്ട് മൂടി വെക്കേണ്ടി വന്നു എന്നാരെങ്കിലും പറഞ്ഞാൽ അവരെ ഞങ്ങൾ മേക്കപ്പ് ഊരി അടിക്കും, നടൻമാരോടാ കളി, പണ്ട് പോക്സോ കേസിൽ നിന്ന് ഊരി പോന്ന മലയാളിയെ ചിരിപ്പിച്ചു കിടത്തിയ ഇപ്പോൾ കാവ്യനീതിയിൽ ജീവശവമായി അങ്ങ് ജഗതിയിൽ ജീവിക്കുന്ന നടനാണ് ഞങ്ങളുടെ റോൾ മോഡൽ.
റിപ്പോർട്ട് പുറത്തു വരുമെന്നു അടുവെർടൈസ് വരുമ്പോൾ സൂപ്പർ താരങ്ങളുടെ പഴയ പടങ്ങളിൽ സഹകരിച്ചഭിനയിച്ചു ഫീൽഡിൽ നിന്ന് ഔട്ടായ നടികളെ കൊണ്ട് ഞങ്ങൾ സ്റ്റേ കൊടുപ്പിക്കും. റിപ്പോർട്ട് വൈകും ഈ കൊടുക്കൽ വാങ്ങൽ നാടകം കോടതിക്ക് മനസിലായത് കൊണ്ടാണ് പിന്നെ അവസാനം കൊടുത്ത സ്റ്റേ കോടതി തള്ളിയത്. കോടതി ഉത്തരവിട്ടത് കൊണ്ട് മാത്രമാണ് കാരണഭൂതം റിപ്പോർട്ടിലെ ക്രിറ്റിക്കൽ ആയ ഭാഗങ്ങൾ മറച്ചു വെച്ച് കൊണ്ട് ട്രെയിലർ മാത്രം പുറത്തിറക്കിയത്, ഹേമാ സിനിമ മുഴുവൻ മലയാളി ഒരിക്കലും കാണില്ല അത് പൊട്ടിയ സിനിമകളുടെ പെട്ടിയിൽ സുരക്ഷിതമായിരക്കും, ഞങ്ങളുടെ കൂടെ നിങ്ങൾ ടിക്കറ്റ് എടുത്ത് തന്ന പണമുണ്ട്, പ്രശസ്തിയുണ്ട്, ചേർത്ത് നിർത്തി ആശ്വസിപ്പിക്കാൻ രാഷ്ട്രീയ നേതാക്കളുണ്ട്, ഓട്ടോഗ്രാഫിനു വേണ്ടി ക്യു നിൽക്കാൻ പോലീസിലെ സീനിയർ മാനേജരുമുണ്ട്. ജയിലിൽ കിടന്നാൽ പുറത്തിറങ്ങന്നത് വരെ സ്വന്തം വീട്ടിൽ സിമന്റ് തറയിൽ കിടന്നുറങ്ങാറുള്ള ആരാധകാരുണ്ട് , അഥവാ ജാമ്യം കിട്ടിയാൽ കോടതിയുടെ ലോക്കറിൽ ഇരിക്കുന്ന തെളിവുകൾ ഞങ്ങൾ ചോർത്തും.
മല്ലുവുഡ് നന്നാവണമെങ്കിൽ ഇപ്പോൾ പോക്സോ കേസിൽ ഞരമ്പ് മലയാളിക്ക് കൊടുക്കുന്ന ശിക്ഷ പോലെ ഒരു 40തും 50തും കൊല്ലം ശിക്ഷ ഏതെങ്കിലും ഒരു നടന് കൊടുത്താൽ പിന്നെ ഞങ്ങളുടെ കൂടെ ഉള്ള രാത്രി പോയീ വാതിലിൽ മുട്ടുന്നവനും, ഒപ്പിടുമ്പോൾ കഴുത്തിൽ ചുംബിക്കുന്നവരും, എസ് എഫ് ഐയിലൂടെ വളർന്നു വന്ന ബൈ സെക്ഷുവൽ ആയ സംവിധായകനും, പിറകിൽ കൂടി പോയി കെട്ടി പിടിക്കുന്നവന്മാരൊക്കെ ഈ പുരാതന കാലാപരിപാടി നിറുത്തുന്ന കാര്യത്തെ പറ്റി ചിലപ്പോൾ രണ്ടാമതൊന്നു കൂടി ചിന്തിച്ചേക്കും . കപ്പൽ ആങ്കർ ഇടുന്നതിനു മുൻപ് പാർവതി തിരുവോത്ത് നിങ്ങളെ പോലെ ഒരു മകളെ കിട്ടിയ മാതാപിതാക്കൾ എത്ര അനുഗ്രഹീതർ, വളരട്ടെ കേരളത്തിലെ പെൺകുട്ടികൾ നിങ്ങളെ കണ്ടിട്ട് നട്ടെല്ലും നിലപാടും വളക്കാതെ.
ക്യാപ്റ്റൻ റോമൽ ജോൺ ചക്കാലക്കൽ. 18 വർഷത്തോളമായി വിവിധ ഷിപ്പിംഗ് കമ്പനികളിൽ ജോലി ചെയ്യുന്നു. 2002 മുതൽ യുകെയിൽ താമസിക്കുന്നു. ഭാര്യ സൂസൻ റോമൽ ക്ലിനിക്കൽ ഡയറക്ടർ ആയി ജോലി ചെയ്യുന്നു. കേരളത്തിൽ കൊച്ചി തേവര സ്വദേശി . 78 ഓളം രാജ്യങ്ങൾ സന്ദർശിച്ച അനുഭവത്തിന്റെ ഉടമയാണ് റോമൽ. ഡോ. സൂസൻ റോമൽ യുസ്‌മയുടെ സ്ഥാപക പ്രസിഡൻറ് ആണ്
ആർ.ഡി.എക്സ് എന്ന ചിത്രത്തിന്റെ നിർമാതാക്കൾക്കെതിരെ കേസ്. വഞ്ചന ഗൂഢാലോചന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ചിത്രത്തിന്റെ ലാഭവിഹിതം നൽകിയില്ല എന്ന തൃപ്പൂണിത്തുറ സ്വദേശി അഞ്ജന എബ്രഹാമിന്റെ പരാതിയിലാണ് നടപടി.
ആർ.ഡി.എക്സ് നിർമാതാക്കളായ സോഫിയാ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെ എറണാകുളം ഹിൽപാലസ് പോലീസാണ് കേസെടുത്തിരിക്കുന്നത്. കോടതി നിർദേശമനുസരിച്ചാണ് കേസെടുത്തിരിക്കുന്നതെന്നാണ് വിവരം. അന്യായമായിട്ടുള്ള ലാഭം ഉണ്ടാക്കുന്നതിനുവേണ്ടി പ്രതികൾ കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. കനത്ത നഷ്ടം പരാതിക്കാരിക്കുണ്ടാക്കിയെന്നും ഇതിൽ വ്യക്തമാക്കുന്നുണ്ട്.
ആറ് കോടി രൂപ നിർമാണത്തിനായി നൽകിയെന്നും മുടക്കുമുതലിന് പുറമേ 30 ശതമാനം ലാഭവിഹിതമാണ് വാഗ്ദാനം ചെയ്തതെന്നുമാണ് അഞ്ജന എബ്രഹാം ആർ.ഡി.എക്സ് നിർമാതാക്കൾക്കെതിരായ പരാതിയിൽ പറഞ്ഞിരുന്നത്.
അക്കൗണ്ട് വഴിയാണ് പണം കൈമാറിയത്. ഏറെ നിർബന്ധത്തിനൊടുവിൽ മുടക്കുമുതൽ തിരികെ തന്നെങ്കിലും നൂറ് കോടിക്കുമീതേ ലാഭമുണ്ടാക്കിയെന്ന് നിർമാതാക്കൾ അവകാശപ്പെടുന്ന സിനിമയുടെ ലാഭവിഹിതം വാഗ്ദാനം ചെയ്തത് തന്നില്ലെന്നാണ് അഞ്ജന പരാതിയിൽ വ്യക്തമാക്കിയത്. കണക്കുകൾ തന്നിൽ നിന്ന് മറച്ചുവെച്ചു, സാറ്റലൈറ്റ് റൈറ്റിന്റെ കാര്യത്തിലുൾപ്പടെ വ്യക്തമായ ധാരണയുണ്ടായിരുന്നുവെങ്കിലും തന്നെ അറിയിക്കാതെ സാറ്റലൈറ്റ് റൈറ്റ് മറ്റൊരാൾക്ക് മറിച്ചു വിറ്റുവെന്നും അഞ്ജന തൃപ്പുണ്ണിത്തുറ പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.
2023-ലെ ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രമാണ് ആർ.ഡി.എക്സ്. നവാഗതനായ നഹാസ് ഹിദായത്ത് ആണ് ചിത്രം സംവിധാനം ചെയ്തത്. ഓണം റിലീസുകളിൽ മികച്ച പ്രേക്ഷകപ്രതികരണം സ്വന്തമാക്കിയ ചിത്രംകൂടിയായിരുന്നു ഈ ചിത്രം.
പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 40 വര്‍ഷവും 6 മാസവും കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പടിഞ്ഞാറത്തറ സ്വദേശി വി.വി സൈനുദ്ധീ (57) നെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ.എ ആന്റണി ഷെല്‍മാന്‍ ശിക്ഷിച്ചത്.
2023 ഒക്ടോബര്‍ മാസത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സുപ്രധാന വിധി. പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ഇയാള്‍ പല തവണകളായി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു.
എസ്.എച്ച്.ഒ ആയിരുന്ന ആര്‍. ബിജുവാണ് കേസന്വേഷണം നടത്തി കോടതി മുന്‍പാകെ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജി. ബബിത ഹാജരായി.