വാളയാറില്‍ കൊല്ലപ്പെട്ട കുട്ടികള്‍ക്ക് നീതി നിഷേധിക്കപ്പെട്ടതിലുള്ള പ്രതിഷേധം കേരളക്കരയാകെ നിറഞ്ഞുനില്‍ക്കുമ്പോള്‍ കൊച്ചിയിലെ ഒരു കൂട്ടം കലാകാരന്മാര്‍ ആ മക്കള്‍ക്കായി തെരുവിലിറങ്ങി. നടന്‍ സാജു നവോദയയുടെ നേതൃത്വത്തില്‍ കുട്ടികളെ ഉപദ്രവിക്കാന്‍ തോന്നുന്നവരുടെ മനസില്‍ മാറ്റമുണ്ടാവും എന്ന ആഗ്രഹവുമായി അവര്‍ തെരുവില്‍ നാടകം അവതരിപ്പിച്ചു.
നാടക അവതരണത്തിനുശേഷം സാജു നവോദയ തന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെടുത്തിയാണ് വാളയാര്‍ വിഷയത്തെ കുറിച്ച് സംസാരിച്ചത്. ‘ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ ഒരു കുഞ്ഞ് ജനിക്കാതിരിക്കുന്നതാണ് നല്ലത്. പതിനെട്ട് വര്‍ഷമായി കുട്ടികളില്ലാത്തയാളാണ് ഞാന്‍, എങ്കിലും എനിക്കിനി കുട്ടികള്‍വേണ്ട.’ സാജു നവോദയ പറഞ്ഞു.
നിറകണ്ണുകളോടെയായിരുന്നു അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്. ആണ്‍കുഞ്ഞെന്നോ പെണ്‍കുഞ്ഞെന്നോ വ്യത്യാസമില്ലാതെ കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നവരാണ് ചുറ്റുമെന്നും. ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ കാണുമ്പോള്‍ ഒരാളെങ്കിലും കുഞ്ഞുങ്ങളെ ഉപദ്രവിക്കാന്‍ മടിക്കുമെന്നും സാജു നവോദയ പറഞ്ഞു.
ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയായി മാതാവ് മരിച്ച സംഭവത്തിൽ ഇന്ത്യക്കാരായ ദമ്പതികൾക്ക് ദുബായ് കോടതി ശിക്ഷ വിധിച്ചു. 29 വയസ്സുള്ള യുവാവും 28 വയസ്സുള്ള ഇയാളുടെ ഭാര്യയുമാണ് കേസിലെ പ്രതികൾ. ഇവർക്ക് 10 വർഷം ജയിൽ ശിക്ഷയാണ് ദുബായ് കോടതി വിധിച്ചത്. യുവാവിന്റെ മാതാവാണ് ക്രൂരമായി മരണപ്പെട്ടത്. അയൽക്കാരൻ നൽകിയ പരാതിയെ തുടർന്നാണ് കേസ് എടുത്തത്. കോടതിയിൽ ഹാജരാക്കിയപ്പോൾ പ്രതികൾ ‘ഞാനൊന്നും ചെയ്തിട്ടില്ല’ എന്ന് ഉറക്കെ ആക്രോശിച്ചു. ജയിൽ ശിക്ഷ പൂർത്തിയാക്കിയ ശേഷം പ്രതികളെ നാടുകടത്താനും ദുബായ് പ്രാഥമിക കോടതി ഉത്തരവിട്ടു.
2018 ഒക്ടോബർ 31–നാണ് മകന്റെയും മരുമകളുടെയും പീഡനത്തിന് ഇരയായി സ്ത്രീ മരിച്ചത്. മകളെ ശരിയായ രീതിയിൽ പരിചരിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു പീഡനമെന്നാണ് പരാതിയിൽ പറയുന്നത്. മരിക്കുമ്പോൾ അമ്മയ്ക്ക് 29 കിലോ മാത്രമേ ഭാരം ഉണ്ടായിരുന്നുള്ളുവെന്നാണ് ഫൊറൻസിക് റിപ്പോർട്ട്. 2018 ജൂലൈ മുതൽ പീഡിപ്പിച്ചിരുന്നുവെന്നാണ് കോടതി രേഖകൾ പറയുന്നത്.
മരിക്കും മുമ്പ് അമ്മയ്ക്ക് ക്രൂരമായ മര്‍ദനം ഏറ്റിരുന്നതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. എല്ലുകൾക്കും വാരിയെല്ലുകൾക്കും കാര്യമായി ക്ഷതമേറ്റിരുന്നു. ആന്തരിക രക്തസ്രാവവും ശരീരത്തിനേറ്റ പൊള്ളലുമാണ് മരണകാരണം. ഇരുകണ്ണുകളിലും മാരകമായി മുറിവേൽപ്പിക്കുകയും ചെയ്തിരുന്നു. പരാതി നൽകിയ അയൽക്കാരന്റെ ഭാര്യ ദമ്പതികളുടെ ഫ്ലാറ്റ് സന്ദർശിച്ചപ്പോൾ കുട്ടിയെ നോക്കുന്നതിനെ കുറിച്ചു മകന്റെ ഭാര്യ പരാതി പറഞ്ഞിരുന്നു.
ജോലിക്കു പോകുമ്പോൾ കുട്ടിയെ ശരിയായി പരിചരിക്കാത്തതിനാൽ കുട്ടിക്ക് അസുഖം വന്നെന്നായിരുന്നു പരാതി. മൂന്നു ദിവസങ്ങൾക്കു ശേഷമാണ് മാതാവിനെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ വിവസ്ത്രയായി അയൽവാസി കണ്ടത്. ശരീരമാകെ പൊള്ളലേറ്റതിന്റെ പാടുകളുമുണ്ടായിരുന്നു. ഉടൻ സെക്യൂരിറ്റി ജീവനക്കാരെ വിവരം അറിയിച്ചു സ്ത്രീയെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ അശ്രദ്ധയും പട്ടിണിയും മൂലം ആരോഗ്യസ്ഥിതി വഷളായതിനാൽ സ്ത്രീ മരണത്തിനു കീഴടങ്ങുകയായിരുന്നു.
സംസ്ഥാനത്ത് പരക്കെ കാറ്റും മഴയും. ‘മഹാ’ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതോടെയാണ് മഴ കൂടിയത്.അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറിയതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ‘ മഹാ’ എന്നാണ് ചുഴലിക്കാറ്റിന് പേരിട്ടിരിക്കുന്നത്. 24 മണിക്കൂറിനകം ഇത് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വ്യക്തമാക്കി. സംസ്ഥാനത്തെങ്ങും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
ശക്തിയാർജിച്ച ശേഷം ചുഴലിക്കാറ്റ് ലക്ഷദ്വീപിന് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങും
തിരുവനന്തപുരത്തും കൊച്ചിയിലും ശക്തമായ മഴ തുടരുകയാണ്. കടൽക്ഷോഭത്തെ തുടർന്ന് എടവനക്കാട് തീരപ്രദേശത്ത് താമസിക്കുന്നവരെ എടവനക്കാട് യു.പി.സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റുന്നു. പാറശാല–നെയ്യാറ്റിന്‍കര പാതയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് പരശുറാം എക്സ്പ്രസ് പാറശാലയില്‍ അരമണിക്കൂര്‍ നിര്‍ത്തിയിട്ട ശേഷം യാത്ര തുടര്‍ന്നു.
കോഴിക്കോടിന്റെ മലയോരമേഖലകളിലും കനത്ത മഴയുണ്ട്. ലക്ഷദ്വീപിലെ മിനിക്കോയിൽ നിന്ന് 210 കിലോമീറ്റർ ദൂരത്തും കവരത്തിയിൽ നിന്ന് 80 കിമീ ദൂരത്തും തിരുവനന്തപുരത്ത് നിന്ന് 440 കിമീ ദൂരത്തുമായാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം. ഉച്ചയ്ക്ക് മുമ്പ് ‘മഹാ’ ചുഴലിക്കാറ്റ് കൂടുതൽ കരുത്ത് പ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റ് ആയി മാറുമെന്നാണ് കാലാവസ്ഥാ പ്രവചനം. കേരളം ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ ഇല്ലെങ്കിലും കാറ്റിന്റെ പ്രഭാവത്തിൽ ശക്തമായ കാറ്റും മഴയും തുടരും. മത്സ്യ ബന്ധനത്തിന് പൂർണ നിരോധനം ഏർപ്പെടുത്തി. ഇന്ന് എറണാകുളം, തൃശൂര്‍ , മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്
കൊച്ചി/ ഗൂഡല്ലൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ കരാട്ടെ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ലൈംഗികാതിക്രമം നേരിട്ടതിന് അധ്യാപകനെതിരെയും സംഭവം മൂടി വെച്ച വൈദികനെതിരെയും പരാതിയുമായി മുന്നോട്ടു പോയതിന്‍റെ പേരിൽ പെൺകുട്ടി കഴിഞ്ഞ ദിവസം ക്രൂരമര്‍ദ്ദനത്തിന് ഇരയായിരുന്നു. സമയം മലയാളം അടക്കമുള്ള മാധ്യമങ്ങളുടെ ഇടപെടലിന് പിന്നാലെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യാൻ തയ്യാറായത്. പെൺകുട്ടിയെ മര്‍ദ്ദിച്ചതിന് പിതാവ് ഉള്‍പ്പെടെ ഏഴുപേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ റിമാൻഡിൽ വിട്ടിരിക്കുകയാണ്.
പോക്സോ നിയമപ്രകാരമാണ് ഗൂഡല്ലൂര്‍ സ്വദേശിയായ കരാട്ടെ അധ്യാപകൻ സാബു എബ്രഹാമിനെ (55) പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമത്തിലെ 7, 8 വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. തന്‍റെ മകളെ സാബു ലൈംഗികമായി ഉപദ്രവിച്ചെന്ന് കാണിച്ച് അമ്മ നല്‍കിയ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിമലഗിരി സെന്‍റ് മേരീസ് പള്ളിയുടെ പാരിഷ് ഹാളിലായായിരുന്നു ഇയാള്‍ കരാട്ടെ ക്ലാസുകള്‍ സംഘടിപ്പിച്ചിരുന്നത്. പള്ളി വികാരിയായ ഫാ. ജോണിയെയും കുട്ടി പഠിക്കുന്ന സ്കൂളിലെ പ്രിൻസിപ്പാളിനെയും കുടുംബം നേരത്തെ വിവരം അറിയിക്കുകയായിരുന്നു. എന്നാൽ ഇയാള്‍ക്കെതിരെ നടപടിയെടുക്കാൻ വൈദികര്‍ തയ്യാറായിരുന്നില്ലെന്നാണ് ഇരയായ പെൺകുട്ടിയുടെ അമ്മയുടെ ആരോപണം. തുടര്‍ന്ന് സംഭവത്തിൽ ഇവര്‍ പോലീസിൽ പരാതി നല്‍കുകയായിരുന്നു. ഇതിനു പിന്നാലെയായിരുന്നു പെൺകുട്ടിയുടെ അച്ഛൻ ഉള്‍പ്പെടെയുള്ള ബന്ധുക്കളും പള്ളിഭാരവാഹികളും ചേര്‍ന്ന് പെൺകുട്ടിയെ വീട്ടിൽ കയറി മര്‍ദ്ദിച്ചത്. ഏഴുപേരോളം വരുന്ന സംഘം വീട് അകത്തു നിന്ന് പൂട്ടിയ ശേഷം നടത്തിയ മര്‍ദ്ദനത്തിൽ പെൺകുട്ടിയുടെ ഇടതുചെവിയ്ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. മര്‍ദ്ദനം തടഞ്ഞ അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്.
ആദ്യഘട്ടത്തിൽ പ്രതികളെ രക്ഷിക്കാൻ പോലീസ് ശ്രമം നടത്തിയെങ്കിലും നാട്ടുകാരുടെയും മാധ്യമങ്ങളുടെയും ഇടപെടലോടെയാണ് പ്രതികള്‍ക്കെതിരെ കേസെടുക്കാനും അറസ്റ്റ് ചെയ്യാനും തയ്യാറായതെന്ന് (പേര് വെളിപ്പെടുത്തരുതെന്ന് അഭ്യര്‍ത്ഥിച്ച) പ്രദേശവാസിയായ ഒരാള്‍ സമയം മലയാളത്തോട് പറഞ്ഞു. ഇരയെ കുര്‍ബാന മധ്യേ പരസ്യമായി അവഹേളിച്ച വൈദികനെയും സ്കൂള്‍ പ്രിൻസിപ്പാളായ വൈദികനെയും പോലീസ് ഇടപെട്ട് കേസിൽ നിന്നൊഴിവാക്കാൻ ശ്രമിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിൽ മുഖ്യപ്രതിയായ കരാഠേ അധ്യാപകനും പെൺകുട്ടിയെ ആക്രമിച്ച ഏഴുപേരുമാണ് പ്രതിപ്പട്ടികയിലുള്ളത്. ഇവരെ രക്ഷിക്കാൻ രാഷ്ട്രീയ ഇടപെടലുണ്ടാകാൻ സാധ്യതയുണ്ടെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, സാരമായി പരിക്കേറ്റ പെൺകുട്ടി തിങ്കളാഴ്ച മുതൽ ഊട്ടിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനിടയിൽ രഹസ്യമൊഴി രേഖപ്പെടുത്താനെന്ന പേരിൽ ആശുപത്രി അധികൃതരുടെ അനുവാദമില്ലാതെ പോലീസ് പെൺകുട്ടിയെ ആശുപത്രിയ്ക്ക് പുറത്തേയ്ക്ക് കൊണ്ടു പോയത് വിവാദമായി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ രോഗിയെ കാണാനില്ലെന്ന് കാണിച്ച് അടുത്തുള്ള പോലീസ് ഔട്ട്പോസ്റ്റിൽ പരാതി നല്‍കുകയും ചെയ്തു. അനുമതിയില്ലാതെയാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് രോഗിയായ പെൺകുട്ടിയെയും അമ്മയെയും ആശുപത്രി്യിൽ നിന്ന് പോലീസ് കൊണ്ടു പോയതെന്ന് ഊട്ടി സര്‍ക്കാര്‍ ആശുപത്രി സൂപ്രണ്ട് ഡി എച്ച് രവി കുമാര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. എന്നാൽ സംഭവത്തിൽ കേസെടുത്തതായി സ്ഥിരീകരിക്കാൻ ഗൂഡല്ലൂര്‍ ഡിഎസ്‍പി കെ ആര്‍ ജയ് സിങ് തയ്യാറായില്ല.
കോട്ടയം പിറവം റോഡ് റയിൽവെ സ്റ്റേഷനു സമീപം റയിൽവെ വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണിക്കിടെ രണ്ടു ജീവനക്കാർക്ക് ഷോക്കേറ്റു. എറണാകുളം സെക്ഷനിലെ ജീവനക്കാരായ മഹേഷ്കുമാർ, സാബിറാ ബീഗം എന്നിവർക്കാണ് പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ മഹേഷ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
വെള്ളൂരിന് സമീപം ഇരുമ്പയം കല്ലിങ്കലിൽ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. ട്രാക്കിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനിലെ തകരാർ പരിഹരിക്കുന്നതിനിടെയാണ് ജീവനക്കാർക്ക് ഷോക്കേറ്റത്. അപകടം. ഏണിയിൽ കയറി നിന്നിരുന്ന മഹേഷ്കുമാർ ഷോക്കേറ്റ് തെറിച്ചു വീണു. മഹേഷ് കുമാറിന്റെ ദേഹമാസകലം പൊള്ളലേറ്റു.
സാബിറയുടെ കൈക്കാണ് പൊള്ളലേറ്റത്. അപകടം നടക്കുന്ന സമയം ഒരു ലൈനിലെ വൈദ്യുതി വിച്ഛേദിക്കാതിരുന്നതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് സൂചന. ഇരുവരെയും ആദ്യം വൈക്കത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്കും മാറ്റി. മഹേഷ് കുമാറിന് അറുപത് ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തെ കുറിച്ച് റയിൽവെ അന്വേഷണം ആരംഭിച്ചു.
വലിയ ദുരന്തത്തിന്റെ സൂചന നൽകുന്നതാണ് ന്യൂജഴ്‌സി ആസ്ഥാനമായ ക്ലൈമറ്റ് സെൻട്രൽ എന്ന ശാസ്ത്രസംഘടന നടത്തിയ പഠനം. ഇതിൽ ഇന്ത്യയെ ഭീതിയിലാഴ്ത്തുന്ന കാര്യങ്ങളേറെയാണ്. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ 2050 ഓടെ ഏറെക്കുറെ ‘തുടച്ചുമാറ്റപ്പെടുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. സമുദ്രനിരപ്പ് ഉയരുന്നതാണ് കാരണം.
മുൻപ് കണക്കാക്കിയിരുന്നതിനേക്കാൾ മൂന്നിരട്ടി ആളുകളെ സമുദ്രനിരപ്പ് ഉയരുന്നതു ബാധിക്കുമെന്നും പഠനത്തിൽ പറയുന്നു. ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട റിപ്പോർട്ടിൽ, ഉപഗ്രഹങ്ങളുപയോഗിച്ചുള്ള പഠനം വഴി സമുദ്രനിരപ്പിൽനിന്നുള്ള ഉയരം കണക്കാക്കാനുള്ള പുതിയ മാർഗങ്ങൾ കൂടുതൽ കൃത്യമാണെന്നും പറയുന്നുണ്ട്.
പുതിയ പഠനമനുസരിച്ച് ഏകദേശം 150 ദശലക്ഷം ആളുകൾ ഇപ്പോൾ താമസിക്കുന്ന ഭൂപ്രദേശം ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ വേലിയേറ്റപരിധിയിലാകും. മുംബൈ അങ്ങനെയൊരു അപകടത്തിന്റെ സാധ്യതയിലാണ്. ‘പൗരന്മാരെ മാറ്റി താമസിപ്പിക്കാൻ രാജ്യങ്ങൾ തയാറെടുപ്പു തുടങ്ങണമെന്നാണ് പഠനം മുന്നറിയിപ്പു നൽകുന്നത്.’ – ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷന്റെ പ്രതിനിധി ദിനാ ലോനെസ്കോ പറഞ്ഞു. ‘ഞങ്ങൾ അപായമുന്നറിയിപ്പ് മുഴക്കാൻ ശ്രമിക്കുകയാണ്. അപകടം വരുന്നുവെന്നു നമുക്കറിയാം’ ലോനെസ്കോ കൂട്ടിച്ചേർത്തു.
കൊച്ചി മേയര്‍ സൗമിനി ജെയിന് ഇന്ന് രാജി പ്രഖ്യാപിച്ചേക്കും. മേയറെ നീക്കാന്‍ എ, ഐ ഗ്രൂപ്പുകള്‍ ചരടുവലികള്‍ നടത്തുന്നതിനിടെയാണ് സൗമിനി ജെയിന് രാജിക്ക് തയാറെടുക്കുന്നത്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി സൗമിനി ജെയിന് കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിനു ശേഷം രാജി പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിവരം.
മേയറോട് തിരുവനന്തപുരത്ത് എത്താന്‍ കെപിസിസി നിര്‍ദ്ദേശം. കൊച്ചി മേയറെ മാറ്റണമെന്ന് ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ കെപിസിസിയോട് ആവശ്യപ്പെട്ടിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ കാര്യങ്ങള്‍ മേയറോട് വിശദീകരിക്കുമെന്നാണ് സൂചന.
അതിനിടെ സൗമിനി ജയിനിന് പിന്തുണയുമായി രണ്ട് കൗണ്‍സിലര്‍മാര്‍ രംഗത്ത് എത്തിയിരുന്നു. സൗമിനി ജയ്‌നിനെ മേയര്‍ സ്ഥാനത്ത് നിന്ന് നീക്കിയാല്‍ യുഡിഎഫിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് കൗണ്‍സിലര്‍മാരായ ഗീത പ്രഭാകറും ജോസ്‌മേരിയുമാണ് അറിയിച്ചത്. ഗീത പ്രഭാകര്‍ സ്വതന്ത്രയായും ജോസ്‌മേരി യുഡിഎഫ് അംഗമായുമാണ് കോര്‍പ്പറേഷനിലെത്തിയത്.
ആകെ 74 അംഗങ്ങളുള്ള കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫിന് നിലവില്‍ 37 അംഗങ്ങളുണ്ട്. എല്‍ഡിഎഫിന് 34 ഉം ബിജെപിക്ക് രണ്ട് അംഗങ്ങളുമാണുള്ളത്. നിലവില്‍ ഭീഷണി മുഴക്കിയ രണ്ടംഗങ്ങള്‍ പിന്തുണ പിന്‍വലിച്ചാല്‍ യുഡിഎഫ് അംഗസംഖ്യ 35 ആയി കുറയും. ഇതോടെ, എല്‍ഡിഎഫുമായി ഒരു സീറ്റിന്റെ വ്യത്യാസമേ ഉണ്ടാകു. ബിജെപി എല്‍ഡിഎഫിനൊപ്പം ചേര്‍ന്നാല്‍ യുഡിഎഫിന് ഭരണം നഷ്ടമാകും.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
തമിഴ്നാട് : ദിവസങ്ങൾ നീണ്ട പ്രയത്നം വിഫലം. തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ കുഴൽക്കിണറിൽപ്പെട്ട രണ്ടു വയസുകാരൻ സുജിത് വിൽസൻ മരിച്ചു. മൃതദേഹം അഴുകിത്തുടങ്ങിയ നിലയിലായിരുന്നു. ദിവസങ്ങള്‍ നീണ്ട രക്ഷാപ്രവര്‍ത്തനങ്ങളെ വിഫലമാക്കിയാണ് സുജിത് യാത്രയാവുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരണം സ്ഥിരീകരിച്ചത്. കുട്ടിയുടെ മൃതദേഹം കുഴല്‍ക്കിണറിനുള്ളിലൂടെ തന്നെ പുറത്തെടുത്തു. മൃതദേഹം മടപ്പാറയിലെ ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച വൈകിട്ട് കുഴൽകിണറിൽ വീണ കുട്ടിയെ സമാന്തരകുഴിയെടുത്ത് രക്ഷിക്കാനുള്ള ശ്രമങ്ങൾ എൻഡിആർഎഫിന്റെ നേതൃത്വത്തിൽ നടന്നു വരികയായിരുന്നു. എന്നാൽ കുഴൽകിണറിൽ നിന്ന് അഴുകിയ ഗന്ധം വന്നതിനെ തുടർന്ന് കുഞ്ഞ് മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. ഒരു നാട് മുഴുവൻ സുജിത് ജീവനോടെ തിരിച്ചെത്തുന്നത് കാണാൻ കൊതിച്ചിരുന്നു. എന്നാൽ ഇനി ഒരു കണ്ണീരോർമ മാത്രമായി ആ കുരുന്ന് അവശേഷിക്കും.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ബ്രിട്ടോ – കലൈമേരി ദമ്പതിമാരുടെ ഇളയമകനായ സുജിത് 600 അടി താഴ്ചയുള്ള കുഴൽക്കിണറിലേക്ക് വീണത്. ആദ്യം 25 അടി താഴ്ചയിലായിരുന്ന കുട്ടി ഘട്ടംഘട്ടമായാണ് 90 അടി താഴ്ചയിലെത്തിയത്. തുടർന്ന് നാലരദിവസമായി കുട്ടിയെ ജീവനോടെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ നടത്തുകയായിരുന്നു. കുട്ടി കുഴൽ കിണറിൽ വീണു 75 മണിക്കൂറുകൾ പിന്നിട്ടപ്പോഴും നാട്ടുകാരും രക്ഷാപ്രവത്തകരും പ്രതീക്ഷ കൈവിട്ടിരുന്നില്ല.
ബലൂൺ ടെക്നോളജിയും എയർ ലോക്കിങ് സാങ്കേതിക സംവിധാനവും ഉപയോഗിച്ചാണ് മൃതദേഹം പുറത്ത് എടുത്തത്. രക്ഷാപ്രവർത്തനം നടത്തിയ ദേശീയ ദുരന്ത നിവാരണ സേന അന്തിമ റിപ്പോർട്ട് തയ്യാറാക്കി. കുട്ടി മരിച്ചുവെന്നും മൃതദേഹം അഴുകി തുടങ്ങിയ നിലയിലാണെന്നും തമിഴ്നാട് റവന്യു സെക്രട്ടറി ജി. രാധാകൃഷ്ണൻ അറിയിച്ചു. എണ്ണകമ്പനികളിൽ നിന്ന് കൊണ്ടു വന്ന പ്രത്യേകം യന്ത്രം ഉപയോഗിച്ചാണ് കുഴിയെടുക്കൽ പുരോഗമിച്ചത്. മണിക്കൂറിൽ പത്തടി കുഴിയെടുക്കാൻ കഴിയുന്ന യന്ത്രം കൊണ്ട് മണിക്കൂറിൽ മൂന്നടി മാത്രമാണ് കുഴിക്കാൻ കഴിഞ്ഞത്. പ്രദേശത്തെ പാറയുടെ സാന്നിധ്യം കാരണമാണ് രക്ഷാ പ്രവർത്തനം മന്ദഗതിയിലായത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പിഞ്ചുകുഞ്ഞിനെ പറ്റിയുള്ള ആശങ്ക ട്വീറ്റ് ചെയ്തിരുന്നു. കോൺഗ്രസ്സ് പാർട്ടി നേതാവ് രാഹുൽ ഗാന്ധിയും കുട്ടിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. സുജിത്തിന്റെ മരണവാർത്ത ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു. രണ്ടു വയസുകാരന്റെ മരണത്തെത്തുടര്‍ന്ന്, മൂടിയില്ലാതെ തുറന്നു കിടക്കുന്ന കുഴല്‍ക്കിണറുകളുടെ മുഖഭാഗം അടിയന്തരമായി അടയ്ക്കണമെന്ന ആവശ്യമാണ് എവിടെയും ഉയർന്നുകേൾക്കുന്നത്.
രണ്ടര വര്‍ഷത്തിനിടെ മന്ത്രി എം.എം മണിയുടെ ഒൗദ്യോഗിക വാഹനത്തിന് മാറിയത് 34 ടയറുകള്‍. വനംമന്ത്രിയാണ് ടയര്‍ മാറ്റത്തില്‍ രണ്ടാം സ്ഥാനത്ത്. പത്തൊന്‍പതെണ്ണം. ഒരു ടയര്‍ ശരാശരി നാല്‍പതിനായിരം കിലോമീറ്റര്‍ ഒാടുമെന്നിരിക്കെ ചുരുങ്ങിയ സമയത്തിനുള്ളില്‍ വൈദ്യുതി മന്ത്രിയുടെ കാര്‍ മൂന്നരലക്ഷത്തോളം കിലോമീറ്റര്‍ ഒാടിയോയെന്നതാണ് സംശയം.
കെ.എല്‍ 01 CB 8340. എം.എം മണിയുടെ ഒൗദ്യോഗിക വാഹനം. ഈ വാഹനത്തിന് പത്തുതവണയായി മാറ്റിയത് 34 ടയറുകള്‍. അതായത് ഒാരോ മാസം ഒാരോ ടയര്‍വീതം. കണക്കുവച്ച് നോക്കിയാല്‍ രണ്ടുടയര്‍ ഒന്‍പതുതവണയും മറ്റ് രണ്ടെണ്ണം എട്ടുതവണയും മാറ്റി. ഒരു ടയര്‍ ശരാശരി നാല്‍പതിനായിരം കിലോമീറ്റര്‍ ഒാടിയാല്‍ തന്നെ എട്ടുതവണ മാറ്റണമെങ്കില്‍ 320000 കിലോമീറ്റര്‍ ഒാടിക്കഴിഞ്ഞിരിക്കണം. രണ്ടരവര്‍ഷ മുമ്പ് മാത്രം വാങ്ങിയ ഒരു വാഹനം ഇതിനകം ഇത്രയും ദൂരം ഒാടിയിട്ടുണ്ടാകുമോയെന്നതാണ്സംശയം.
ഒാടിയില്ലെങ്കില്‍ ഇത്രയും തവണ ടയര്‍ മാറ്റാന്‍ മറ്റെന്താണ് കാരണം. അഞ്ചുതവണയായി 19 ടയറുകള്‍ മാറ്റിയ കെ.രാജുവാണ് ടയര്‍ ഉപയോഗത്തിന്റ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത്. ജലസേചനമന്ത്രിയുടെ വാഹനം നാലുതവണയായി 13 തവണയും മന്ത്രി ജി.സുധാകരന്റെ ഒൗദ്യോഗിക വാഹനം നാലുതവണയായി പതിനൊന്ന് ടയറും മാറ്റി. മുഖ്യമന്ത്രിയുടെ രണ്ട് വാഹനങ്ങള്‍ നാലുതവണയായി മാറ്റിയത് പതിനൊന്ന് ടയറുകള്‍. മന്ത്രി എ.കെ ബാലന്റ വാഹനമാണ് ടയറിനായി ഏറ്റവും കുറച്ച് പണം ചെലവാക്കിയതെന്ന് വിവരാവകാശ രേഖകള്‍ തെളിയിക്കുന്നു. രണ്ടരവര്‍ഷത്തിനിടെ വെറും രണ്ട് ടയറുകള്‍. ടയറൊന്നിന് ആറായിരം രൂപ കണക്കാക്കിയാല്‍ പത്തുലക്ഷത്തോളം രൂപ ചെലവാക്കി. രണ്ടായിരത്തി പതിനേഴിലാണ് പത്തുകോടി രൂപ ചെലവിട്ട് മന്ത്രിമാര്‍ക്ക് പുതിയ കാറുകള്‍ വാങ്ങിയത്.
‘ഒരു ടയർ കുത്തിപ്പൊട്ടിച്ചു, ഒന്ന് ഞെക്കി പൊട്ടിച്ചു, ഒന്ന് കടിച്ചു പൊട്ടിച്ചു, എടോ ഡ്രൈവറെ, നിങ്ങൾ ആശാനെയും കൂട്ടി ഹിമാലയം ട്രിപ്പ് നടത്താറുണ്ടോ? പിന്നെ എന്തിനാണ് ഹേ രണ്ടു വർഷം കൊണ്ട് 34 ടയർ മാറ്റിയത്.. ടയറുകൾ കൂട്ടി വച്ച് കൊട്ടാരം പണിയുന്ന ആശാൻ..’ അങ്ങനെ ട്രോൾ പേജുകളിൽ മന്ത്രി എം.എം മണിയും അദ്ദേഹത്തിന്റെ കാറും ടയറും നിർത്താതെ ഒാടുകയാണ്. ഇതിനൊപ്പം മലയാളികളുടെ വക വലിയൊരു പണി വേറെയും. ടൊയോട്ട കമ്പനിയുടെ പേജിൽ പോയി മലയാളി സംഭവം അവതരിപ്പിച്ചു. ഇത്ര മോശം ടയറുകളാണോ നിങ്ങളുടെ കാറിനെന്ന്. ഇതോടെ ഖേദം പ്രകടിപ്പിച്ച് കമ്പനി രംഗത്തെത്തി.
ഇതെപ്പറ്റി എന്താണ് പറയാനുള്ളതെന്ന ചോദ്യത്തിന് മറുപടിയുമായി കമ്പനി നേരിട്ട് രംഗത്തെത്തുകയും ചെയ്തു. ”നിങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഞങ്ങള്‍ ഖേദം പ്രകടിപ്പിക്കുന്നു.നിങ്ങളെ ബന്ധപ്പെടേണ്ട അഡ്രസ് നല്‍കുക. ഞങ്ങള്‍ സഹായിക്കാം, ടീം ടൊയോട്ട” , എന്നാണ് മറുപടി.
ടൊയോട്ട ഇന്ത്യയുടെ പേജില്‍ മലയാളത്തിലും ഇംഗ്ലീഷിലും കമന്‍റുകളുടെ പ്രവാഹമാണ്. ഞങ്ങളുടെ പാവപ്പെട്ട മന്ത്രി ഇന്നോവ ക്രിസ്റ്റയുടെ ടയര്‍ മാറ്റിയത് 34 തവണയാണ്. അതുകൊണ്ട് ഈ വണ്ടി വാങ്ങാന്‍ പാവപ്പെട്ട എനിക്ക് പണമില്ല എന്നൊരാള്‍. ഇന്നോവ വാങ്ങാനായിരുന്നു ഞാന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ടയറുകള്‍ മോശമായതിനാല്‍ പ്ലാന്‍ ഉപേക്ഷിച്ചു എന്ന് മറ്റൊരാള്‍. ഇതൊക്കെ ഞങ്ങള്‍ നികുതി അടക്കുന്നവരുടെ പണമാണ് എന്ന സങ്കടം പങ്കുവെയ്ക്കുന്നവരുമുണ്ട്. ഏതായാലും മണിയാശാന്റെ ടയറുമാറ്റല്‍ ഇന്നോവ പേജിലും ചൂടുപിടിച്ച ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ട്രോള്‍ പേജുകളിലും മണിയാശാന്‍ വീണ്ടും താരമായിരിക്കുകയാണ്.
മലപ്പുറം പൂക്കോട്ടുംപാടത്ത് കൊലക്കേസ് പ്രതിയെ വഴിയോരത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഐ.എൻ.ടി.യു.സി പ്രാദേശിക നേതാവായിരുന്ന മുഹമ്മദലിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി നിലമ്പൂർ മൈലാടി സ്വദേശി സലീമിന്റെ മൃതദേഹമാണ് പൂക്കോട്ടുംപാടം നിലംപതിയിലെ പാതയോരത്ത് കണ്ടെത്തിയത്.
നിലപതിക്കു സമീപത്തെ ഒാടയില്‍ പുലര്‍ച്ചെയാണ് സലീമിന്റെ മൃതദേഹം കണ്ടെത്തിയത്. സലീം വെട്ടിക്കൊലപ്പെടുത്തിയ മുഹമ്മദലിയുടെ വീട്ടിലേക്കുളള വഴയുടെ ഒാരത്തെ ഒാടയിലായിരുന്നു മൃതദേഹം. പരിസരത്തു നിന്ന് മദ്യക്കുപ്പിയും വിഷക്കുപ്പിയും കണ്ടെടുത്തു. തന്നേയും കുടുംബത്തേയും നശിപ്പിച്ചവർക്ക് മാപ്പില്ലെന്ന് എഴുതിയ കത്ത് മൃതദേഹത്തിൽ നിന്ന് ലഭിച്ചു. കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരിലാണ് സലീം മുഹമ്മദലിയെ കൊലപ്പെടുത്തിയത്.
സലീമിൽ നിന്നു വാങ്ങിയ പണം മുഹമ്മദലി തിരിച്ചു നല്‍കിയില്ലെന്നും പലവട്ടം ആവശ്യപ്പെട്ടെങ്കിലും അപമാനിച്ചുവെന്നുമാണ് കൊല ചെയ്യാനുളള കാരണമായി അന്ന് മൊഴി നല്‍കിയിരുന്നത്. കേസില്‍ പരോളില്‍ കഴിയവെയാണ് സലീമിന്റെ മരണം. നിലമ്പൂരിനടുത്ത മൈലായിടില്‍ നിന്ന് 15 കിലോമീറ്ററോളം സഞ്ചരിച്ചാണ് നിലപതിയിലെ മുഹമ്മദലിയുടെ വീടിനു സമീപത്ത് എത്തിയത്.
മരണത്തിന് പിന്നില്‍ മറ്റെന്തിങ്കിലും ഗൂഢാലോചനകളുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പൂക്കോട്ടുംപാടം പൊലീസാണ് കേസന്വേഷിക്കുന്നത്.