India

മണർകാട് പള്ളി പിടിച്ചെടുക്കാനുള്ള ഓർത്തഡോക്സ് സഭയുടെ ഏതൊരു നീക്കത്തെയും നാനാജാതി മതസ്ഥരുടെ കൂട്ടായ്മയോടെ ചെറുത്തു നില്ക്കുമെന്ന് മണർകാട് സെന്റ് മേരീസ് പള്ളി ഭാരവാഹികൾ വ്യക്തമാക്കി. കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.


പിറവം, കോതമംഗലം പള്ളിക്കു ശേഷം മണർകാട് സെന്റ് മേരീസ് യാക്കോബായ പള്ളി പിടിച്ചെടുക്കുമെന്നാണ് ഓർത്തഡോക്സ് സഭാ അധികൃതർ പ്രചരിപ്പിക്കുന്നത്. എന്നാൽ ഭൂരിപക്ഷവും യാക്കോബായക്കാർ മാത്രമുള്ള മണർകാട് പള്ളി സ്വന്തമാക്കാൻ അവർക്ക് യാതൊരു അവകാശവുമില്ല. ഇത്തരം ഒരു നീക്കത്തിൽ നിന്നും അവർ പിന്തിരിയണം. ഞങ്ങൾക്ക് ആരുടെയും പള്ളി സ്വത്തുക്കൾ വേണ്ട. ഞങ്ങളുടെ പള്ളിയും സെമിത്തേരിയും സംരക്ഷിക്കാൻ സമാധാനപൂർണ്ണമായ പ്രതിരോധം സൃഷ്ടിക്കുമെന്നും പള്ളി അധികൃതർ പറഞ്ഞു. ഇത്തരം ഒരു നീക്കത്തിനെതിരെ പ്രതിഷേധിക്കുവാനും സഭ നേരിടുന്ന പ്രതിസന്ധികൾ അതിജീവിക്കാനുമായി അടുത്ത ഞായറാഴ്ച വിശ്വാസ സംരക്ഷണ മനുഷ്യച്ചങ്ങല നടത്തുമെന്ന് അവർ അറിയിച്ചു.

ഞായറാഴ്ച ഉച്ചക്ക് 3 മണിക്ക് മണർകാട് പള്ളിയിൽ നിന്നും ആരംഭിച്ച് കോട്ടയം ഗാന്ധിസ്ക്വയറിൽ സമാപിക്കുന്ന വിശ്വാസ സംരക്ഷണ ചങ്ങലയിൽ ആയിരക്കണക്കിന് വിശ്വാസികളും നാനാജാതി മതസ്ഥരും സാമൂഹിക- സാംസ്ക്കാരിക- രാഷ്ട്രീയ നേതാക്കളും കണ്ണികളാകുമെന്നും സഹവികാരി ഫാദർ കുര്യാക്കോസ് കോർ എപ്പിസ്കോപ്പ, ഫാദർ തോമസ് മറ്റത്തിൽ, ചീഫ് ട്രസ്റ്റി സി.പി ഫിലിപ്പ് ചെമ്മാത്ത്, പുബ്ലിസിറ്റി സമിതി കൺവീനർ സാജു എബ്രഹാം മൈലക്കാട്ട്, ട്രസ്റ്റി രഞ്ജിത് മാത്യു ഒറ്റപ്ലാക്കൽ എന്നിവർ പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ മകന് ഒത്താശ ചെയ്ത മാതാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍. കരവാരം ചാത്തമ്പാറ തവക്കൽ മൻസിലിൽ സെനിത്ത് നൌഷാദിന്‍റെ ഭാര്യ ഹയറുന്നിസ(47)യാണ് അറസ്റ്റിലായത്. കേസിൽ ഒന്നാം പ്രതിയും ഹയറുന്നിസയുടെ മകനുമായ ഷിയാസ് ഒളിവിലാണ്.

ഇവരുടെ അകന്ന ബന്ധുവായ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകിയാണ് ഷിയാസ് പീഡിപ്പിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചാത്തമ്പാറയിലെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത് ഹയറുന്നിസയായിരുന്നു. ഇവരുടെ അറിവോടെയാണ് ഷിയാസ് പെൺകുട്ടിയെ പീഡിപ്പിച്ചത്. എന്നാൽ പീഡനത്തിനുശേഷം ഷിയാസും ഹയറുന്നിസയും വിവാഹവാഗ്ദാനത്തിൽനിന്ന് പിൻമാറിയതോടെ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവത്തിൽ കിളിമാനൂർ പൊലീസ് കേസെടുത്തതോടെ ഹയറുന്നിസയും ഷിയാസും ഒളിവിൽ പോയി.

ഏറെക്കാലമായി ഒളിവിലായിരുന്ന ഹയറുന്നിസ കഴിഞ്ഞ ദിവസം നാട്ടിൽ എത്തിയതോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഷിയാസിനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് കിളിമാനൂർ പൊലീസ് അറിയിച്ചു.

പീഡനവിവരം പിന്നീട് പെണ്‍കുട്ടിയുടെ വീട്ടിലും അറിഞ്ഞിരുന്നു. ഇത് വീട്ടിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ഷിയാസും ഒരുക്കമായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യാ ശ്രമം നടത്തിയത്. പതിനേഴ് വയസിലും മുന്‍പ് തന്നെ പെണ്‍കുട്ടിയുമായി ഷിയാസിന് ബന്ധമുണ്ട്. പെണ്‍കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.

കരമനയിലെ മരണങ്ങളില്‍ ദുരൂഹത വര്‍ദ്ധിക്കുന്നു. ശാസ്ത്രീയ പരിശോധനാഫലം പുറത്ത് വരുമ്പോള്‍ മരണങ്ങള്‍ കൊലപാതകം ആയിരിക്കാമെന്ന സൂചനയാണ് നല്‍കുന്നത്. ജയമാധവന്‍ നായരുടെ മരണകാരണം തലയ്ക്കേറ്റ ക്ഷതമെന്നു മെഡിക്കല്‍ കോളജിന്റെ റിപ്പോര്‍ട്ട്. തലയില്‍ രണ്ട് മുറിവുകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

2017 ഏപ്രിൽ 2-നാണ് കൂടത്തിൽ കുടുംബത്തിലെ സ്വത്തുക്കളുടെ അവകാശി ജയമാധവന്‍ മരിച്ചത്. മുറിവുണ്ടാകാനിടയായ സാഹചര്യം അന്വേഷിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം. മുറിയില്‍ വീണ് കിടന്നെന്നായിരുന്നു ആരോപണവിധേയനായ കാര്യസ്ഥന്‍ രവീന്ദ്രൻ നായരുടെ മൊഴി.

എന്നാൽ കൂടത്തിൽ തറവാട്ടിലെ ജയമാധവൻ നായരുടെ മരണവുമായി ബന്ധപ്പെട്ട് മുൻകാര്യസ്ഥൻ സഹദേവന്റെയും രവീന്ദ്രൻനായരുടെയും മൊഴികളിൽ പൊരുത്തക്കേടുകളുണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

കട്ടിലിൽനിന്ന് വീണ് പരിക്കേറ്റ് തറയിൽ അബോധാവസ്ഥയിൽ കിടന്ന ജയമാധവൻ നായരെ സഹദേവന്റെ സഹായത്തോടെ വിളിച്ച ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിച്ചെന്നാണ് രവീന്ദ്രൻ നായരുടെ മൊഴി. എന്നാൽ ഇക്കാര്യം തനിക്കറിയില്ലെന്നാണ് സഹദേവന്റെ മൊഴി.

കൂടത്തില്‍ തറവാട്ടിലെ ഏഴു പേരാണ് നിശ്ചിത ഇടവേളകളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. നഗരത്തില്‍ കോടിക്കണക്കിനു രൂപ വിലമതിക്കുന്ന കെട്ടിടങ്ങളും വസ്തുക്കളുമാണ് കുടുംബത്തിനുള്ളത്. തറവാട്ടിലെ കാരണവൻമാരിൽ ഒരാളായ വേലുപിള്ളയുടെ മകന്റെ ഭാര്യ പ്രസന്നകുമാരിയാണ് പരാതിക്കാരി. അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരനായ അനില്‍കുമാറും പരാതി നല്‍കിയിരുന്നു.

‘മഹ’ ചുഴലിക്കാറ്റില്‍ കടല്‍ പ്രക്ഷുബ്ധമായപ്പോള്‍ തീരത്തടിഞ്ഞത് സി.പി.ഐ.എം പ്രവര്‍ത്തകന്റെ ബൈക്ക്. മലപ്പുറം തിരൂരില്‍ പറവണ്ണ വേളാപുരം കടല്‍ത്തീരത്താണ് ബൈക്ക് തീരത്തടിഞ്ഞത്.

സി.പി.ഐ.എം പ്രവര്‍ത്തകനായ ഉനൈസിന്റെതാണ് ബൈക്ക്. മൂന്നുമാസം മുമ്പാണ് ബൈക്ക് കാണാതായത്.

ഇന്നലെ പെയ്ത കനത്ത മഴയില്‍ മണല്‍ത്തിട്ടയിടിഞ്ഞ് ഇളകിയതോടെയാണ് ബൈക്ക് കണ്ടെത്തിയത്. ബൈക്ക് കടലില്‍ തള്ളിയതിന് പിന്നില്‍ രാഷ്ട്രീയ പകപോക്കലാണെന്നാണ് പൊലീസ് നിഗമനം.

ബൈക്ക് കടലില്‍ തള്ളിയതാണെന്ന് നേരത്തേ നാട്ടില്‍ പ്രചാരണമുണ്ടായിരുന്നു. തിരൂര്‍ പൊലീസ് ബൈക്ക് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി തിരൂര്‍ എസ്.ഐ ജലീല്‍ അറിയിച്ചു.

കേരള കോൺഗ്രസ്(എം) അധികാര തർക്ക കേസിൽ ജോസ്. കെ. മാണിക്ക് കനത്ത തിരിച്ചടി. ജോസ് കെ. മാണി കേരള കോൺഗ്രസ് (എം) ചെയർമാൻ അല്ലെന്നു കട്ടപ്പന സബ് കോടതി വിധി. കേരള കോൺഗ്രസ്(എം)ചെയർമാനായി ജോസ് കെ. മാണിയെ തിരഞ്ഞെടുത്തതിനെതിരെയുള്ള വിലക്ക് തുടരും. ചെയർമാന്റെ അധികാരം തടഞ്ഞ ഇടുക്കി മുൻസിഫ് കോടതി വിധി കട്ടപ്പന സബ് കോടതി ശരിവച്ചു.

ഇടുക്കി മുൻസിഫ് കോടതി വിധിക്കെതിരെ ജോസ് കെ. മാണി സമർപ്പിച്ച അപ്പീലും സബ് കോടതി തള്ളി. ഇടുക്കി മുൻസിഫ് കോടതിയുടെ ഇടക്കാല ഉത്തരവ് തുടരും. അന്തിമ വിധിക്കായി ഇടുക്കി മുൻസിഫ് കോടതിയിൽ ഈ മാസം 22 ന് കേസിൽ തുടർന്നുള്ള വാദം ആരംഭിക്കും.

ജൂണിലാണ് ജോസ് കെ. മാണി വിഭാഗം വിളിച്ചുചേർത്ത കേരള കോൺഗ്രസ് (എം) സംസ്ഥാന സമിതി യോഗം അദ്ദേഹത്തെ ചെയർമാനായി തിരഞ്ഞെടുത്തത്. സംസ്ഥാന സമിതിയിൽ 437 അംഗങ്ങളിൽ 312 പേരും പങ്കെടുത്ത യോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ്. എന്നാൽ 10 ദിവസം മുൻപു നോട്ടിസ് നൽകാതെ വിളിച്ചുചേർത്ത യോഗം നിയമപരമായി നിലനിൽക്കില്ലെന്നും ചട്ടം ലംഘിച്ചാണ് തിരഞ്ഞെടുപ്പ് നടന്നതെന്നും ആരോപിച്ച് ജോസഫ്‌ വിഭാഗം ഇടുക്കി മുൻസിഫ് കോടതിയിൽ ഹർജി സമീപിച്ചിരുന്നു.

ചെയർമാൻ തിരഞ്ഞെടുപ്പ് ഇതോടെ ഇടുക്കി മുൻസിഫ് കോടതി സ്റ്റേ ചെയ്തു. എന്നാൽ കേരള കോൺഗ്രസ്(എം) ചെയർമാനായി ജോസ്.കെ.മാണി പ്രവർത്തിക്കുന്നതിന് എതിരെ പി.ജെ.ജോസഫ് വിഭാഗം സമ്പാദിച്ച സ്റ്റേ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കട്ടപ്പന സബ്‌കോടതിയിൽ ജോസ് കെ.മാണിയും കെ. ഐ. ആന്റണിയുമാണ് അപ്പീൽ നൽകിയിരുന്നു. ഇതിലാണ് ഇപ്പോൾ കോടതി ജോസ് കെ. മാണിക്കെതിരെ വിധി പറഞ്ഞിരിക്കുന്നത്.

കേരള കോൺഗ്രസിൽ ഉടലെടുത്ത ചെയർമാൻ സീറ്റ് തർക്കത്തിൽ വിധി ഇന്ന്. കട്ടപ്പന സബ് കോടതിയാണ് ഇന്ന് വിധി പറയുന്നത്.

ജോസ് കെ മാണി പാർട്ടി ചെയർമാനായി പ്രവർത്തിക്കുന്നത് തടഞ്ഞ് ഇടുക്കി മുൻസിഫ് കോടതി ഉത്തരവായിരുന്നു. ഇതിനെതിരെ ജോസ് വിഭാഗം സമർപ്പിച്ച അപ്പീലിലാണ് കട്ടപ്പന കോടതി ഇന്ന് വിധി പറയാനിരിക്കുന്നത്.

ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്തുള്ള ബദൽ സംസ്ഥാന കമ്മിറ്റി നിയമവിരുദ്ധമാണെന്നും, കമ്മിറ്റിയിൽ പങ്കെടുത്തത് വ്യാജ അംഗങ്ങളെന്നുമാണ് ജോസഫ് പക്ഷത്തിന്റെ വാദം. ഇത് അംഗീകരിച്ചാണ് ഇടുക്കി കോടതി സ്റ്റേ നൽകിയത്. ഇതിനെതിരെയാണ് ജോസ് കെ മാണി കട്ടപ്പന കോടതിയിൽ അപ്പീൽ നൽകിയത്.

കേസിൽ വിധി തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ജോസഫ് വിഭാഗം. അതിനാൽ തന്നെ നിയമസഭകക്ഷി നേതാവിനെ തെരഞ്ഞെടുക്കാൻ ജോസഫ് വിഭാഗം ഇന്ന് തിരുവനന്തപുരത്ത് പാർലമെന്‍ററി പാർട്ടി യോഗം വിളിച്ചിട്ടുണ്ട്.

ഒരു ഫോൺ കോളിനപ്പുറം പൊട്ടിക്കരഞ്ഞ് ബിനീഷ് ബാസ്റ്റിൻ എന്ന നടൻ പറയുകയാണ്. ഇയാൾ വേദിയിലുണ്ടെങ്കിൽ ഞാൻ ഇരിക്കില്ല, സംസാരിക്കില്ല. എന്റെ സിനിമകളിൽ ചാൻസ് ചോദിച്ചു വന്ന ഒരുമൂന്നാംകിട നടനൊപ്പം വേദി പങ്കിടാൻ എനിക്ക് പറ്റില്ല.. സംവിധായകൻ അനിൽ രാധാകൃഷ്ണമേനോന്റെ ഇൗ വാക്കുകളാണ് ബിനീഷിനെ തളർത്തിയത്.

വേദനിപ്പിച്ച സംഭവത്തെപറ്റി ബിനീഷിന്റെ വാക്കുകളിലൂടെ

പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിലെ ഒരു പരിപാടിക്ക് അതിഥിയായിട്ടാണ് ഞാൻ പോയത്. എസ്എഫ്ഐ യൂണിയന്റെ പരിപാടിയാണ്. ചടങ്ങിൽ അനിൽ സാറും ഉണ്ടായിരുന്നു. വൈകിട്ട് ആറുമണിയോടെയായിരുന്നു പരിപാടി. ഞാൻ കൃത്യ സമയത്ത് തന്നെ എത്തി. എന്നാൽ പരിപാടി തുടങ്ങുന്നതിന് മുൻപ് യൂണിയൻ ചെയർമാൻ വന്നുപറഞ്ഞു. ബിനീഷേട്ടാ ഒരു പ്രശ്നമുണ്ട്. നിങ്ങളുണ്ടെങ്കിൽ പരിപാടിയിൽ പങ്കെടുക്കില്ലെന്നാണ് അനിൽ സാർ പറയുന്നത്. ചാൻസ് ചോദിച്ച് നടക്കുന്ന ഒരുത്തനൊപ്പം വേദി പങ്കിടാൻ അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടെന്ന്. സത്യം പറഞ്ഞാൽ ‍ഞാൻ ആകെ തളർന്നുപോയി. ചേട്ടൻ അനിൽ സാർ പോയിട്ട് വന്നാ മതി. അപ്പോൾ കുഴപ്പമില്ലെന്നും ചെയർമാർ പറഞ്ഞു.

എന്നാൽ അങ്ങനെ അടങ്ങി ഇരിക്കാൻ എനിക്കായില്ല. പരിപാടി നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ സംഘാടകരുടെ വാക്ക് ലംഘിച്ച് ‍ഞാൻ വേദിയിലെത്തി. പ്രിൻസിപ്പൽ അടക്കം എന്നെ തടഞ്ഞു. ഒടുവിൽ പൊലീസിനെ വിളിക്കുമെന്ന് പ്രിൻസിപ്പൽ എന്നോട് പറഞ്ഞു. അതിഥിയായി എത്തിയ എന്നെ വേദിയിൽ കയറ്റാതെ പൊലീസിനെ കൊണ്ട് പിടിപ്പിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഞാൻ അതു വകവച്ചില്ല. വേദിയിൽ അനിൽ സർ പ്രസംഗിക്കുമ്പോൾ തന്നെ ‍ഞാൻ എത്തി.

കസേരയിലിരിക്കാതെ അദ്ദേഹത്തിന് മുന്നിൽ നിലത്തിരുന്ന് ഞാൻ പ്രതിഷേധിച്ചു. മൈക്ക് തരാനും സംഘാടകർ തയാറായില്ല. ഞാൻ വന്നപ്പോൾ നിറഞ്ഞ കയ്യടിയാണ് അവിടുത്തെ വിദ്യാർഥികൾ തന്നത്. അവരോട് മൈക്ക് ഇല്ലാതെ തന്നെ ‍ഞാൻ കാര്യം പറഞ്ഞു. സത്യം പറഞ്ഞാൽ ഇക്കാര്യങ്ങളൊന്നും വിദ്യാർഥികൾ അറിഞ്ഞിരുന്നില്ല. ചാൻസ് ചോദിച്ച് നടക്കുന്ന ഒരുത്തൻ തന്നെയാണ് പക്ഷേ ആ വേദിയിൽ ‍ഞാൻ അവർ വിളിച്ച അതിഥിയല്ലേ.. ആ മാന്യത പോലും അവർ തന്നില്ല. അനിൽ സാറിനെ പോലെ മേൽജാതിക്കാരനല്ല ഞാൻ.. കൂലിപ്പണിക്കാരനാണ്.. അതുകൊണ്ടാണ് ഇങ്ങനെ..ടീമേ കണ്ണുനിറഞ്ഞുപോയി..ബിനീഷ് പറഞ്ഞു.

അദ്ദേഹത്തിന്റെ സിനിമയിൽ ചാൻസ് ചോദിച്ച് പോയിട്ടില്ലെന്നും ബിനീഷ് വ്യക്തമാക്കുന്നു. ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി എന്ന സിനിമയിൽ ഒരു വേഷമുണ്ടെന്ന് പറഞ്ഞ് അദ്ദേഹം പറഞ്ഞിട്ടാണ് അണിയറപ്രവർത്തകർ എന്നെ വിളിച്ചത്. 40 ദിവസത്തോളം ആ ചിത്രത്തിന് വേണ്ടി ഞാൻ പോയിരുന്നു. എന്നാൽ സിനിമ വന്നപ്പോൾ സെക്കൻഡുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിൽ സങ്കടമില്ല. സിനിമ അങ്ങനെയാണ്. പക്ഷേ ഒരു മൂന്നാംകിട നടനായി എനിക്കൊപ്പം വേദിയിൽ സംസാരിക്കാൻ പറ്റില്ലെന്ന് പറഞ്ഞത്. വല്ലാതെ വേദനയായി.. കണ്ണുനിറഞ്ഞുപോയി. ഞങ്ങൾ എന്നും കൂലികളായി നടന്നാമതിയെന്നാണോ… ബിനീഷ് ചോദിക്കുന്നു.

കൊച്ചി അടക്കമുള്ള തീരനഗരങ്ങളെ കടല്‍ വിഴുങ്ങുമെന്ന് അടിവരയിട്ട് ഐക്യരാഷ്ട്രസഭയും. കാലാവസ്ഥാമാറ്റം നിരീക്ഷിക്കാന്‍ ഐക്യരാഷ്ട്രസഭയ്ക്കു കീഴിലുള്ള ഐപിസിസി (ഇന്‍റര്‍ഗവേണ്‍മെന്‍റല്‍ പാനല്‍ ഒാണ്‍ ക്ലൈമറ്റ് ചെയ്ഞ്ച്) എന്ന സംഘടന ഇൗ വര്‍ഷം സെപ്തംബറില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണു ഞെട്ടിക്കുന്ന മുന്നറിയിപ്പുള്ളത്. കടല്‍ കവരുമെന്ന് ഉറപ്പായ ലോകത്തിലെ തീര നഗരങ്ങളുടെ പട്ടികയിലുള്ള കൊച്ചിയിലും പ്രത്യാഘാതങൾ മുൻപ് കണക്ക് കൂട്ടിയതിലും വളരെ കൂടുമെന്ന് പുതിയ പOനങ്ങൾ വെളിപ്പെടുത്തുന്നു. ആഗോളതാപനം ഈ നിലയിൽ തുടരുകയാണെങ്കിൽ ഇൗ നൂറ്റാണ്ടിനിപ്പുറം തന്നെ അതു സംഭവിച്ചേക്കുമെന്നാണു ഐപിസിസി വിലയിരുത്തല്‍. ഇതോടൊപ്പം 2050 ഒാടെ കേരളത്തിലെ പല തീരതീരമേഖലകളും വെള്ളത്തിനടിയിലാകുമെന്ന് അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ക്ലൈമറ്റ് സെന്‍റര്‍ എന്ന സ്ഥാപനത്തിന്‍റെ പുതിയ പഠനത്തിലും പുറത്തുവന്നിരിക്കുന്നു. ആഗോളതാപനത്തിന്‍റെ തോതിലെ ഏറ്റക്കുറവുകള്‍ക്കനുസരിച്ച്, അറബിക്കടല്‍ നമ്മുടെ മുറ്റത്തെത്തുന്നതു 2050-ന് മുൻപോ പിന്‍പോ എന്നതു മാത്രമേ ഇനി അറിയാനുള്ളൂ.

1300 പേജുള്ള ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് തയ്യാറാക്കിയത് 36 രാജ്യങ്ങളില്‍നിന്നുള്ള 150 ശാസ്ത്രജ്ഞന്‍മാര്‍ ചേര്‍ന്നാണ്. കടൽ നിരപ്പ് ഉയരുന്നതിനിടെ പ്രത്യാഘാതങ്ങളുടെ പഠനം ആദ്യം പുറത്തു വന്നതു രണ്ടു പതിറ്റാണ്ടോളം മുൻപാണ്. രണ്ടായിരത്തിൽ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒാഷ്യാനോഗ്രഫിയിെല ചീഫ് സയന്റിസ്റ്റ് ഡോ.പി.കെ.ദിനേശ്കുമാര്‍ ഈ പഠനം നടത്തി. കാലാവസ്ഥാമാറ്റം മൂലമുള്ള കടല്‍നിരപ്പ് ഉയരല്‍ കൊച്ചിയെ എങ്ങനെ ബാധിക്കുമെന്നതായിരുന്നു പഠന വിഷയം. ഈ പഠനത്തിൽ പതിരില്ലായിരുന്നു എന്നു തെളിയിക്കുകയാണു കൊച്ചിയെ പ്രതിസന്ധിയിലാഴ്ത്തി അടുത്തിടെ ഉണ്ടായ സംഭവങ്ങൾ.

ഒക്ടോബര്‍ 21 ഉപതിരഞ്ഞെടുപ്പ് ദിവസം കൊച്ചി നഗരവാസികൾക്കു നരകയാതനയുടേതായിരുന്നു. ഒറ്റരാത്രിയിലെ മഴ കൊണ്ട് കൊച്ചിക്കാര്‍ അരയ്ക്കൊപ്പം വെള്ളത്തില്‍ മുങ്ങി. വെള്ളത്തിൽപ്പെട്ടു നിന്നു പോയതും തകരാറിലായതുമായ വാഹനങ്ങളും അപകടങ്ങളും ഒട്ടേറെ. അതി തീവ്രമഴ ചിലയിടങ്ങളില്‍ മാത്രം വലിയ അളവില്‍ ലഭിക്കുന്നതും ആഗോളതാപനത്തിന്‍റെ സൃഷ്ടിയാണ്. കഴിഞ്ഞ വര്‍ഷവും ഇതിന്‍റെ കാഠിന്യം നമ്മൾ അനുഭവിച്ചു. 2018ലെ മഹാപ്രളയത്തിൽപ്പോലും വെള്ളം കയറാത്ത, ദുരിതാശ്വാസക്യാംപുകൾ പ്രവർത്തിച്ചിരുന്ന സ്കൂളുകളിൽപോലും കൊച്ചിയില്‍ ഒറ്റ രാത്രി കൊണ്ട് വെള്ളം കയറി. അതായതു പ്രളയകാലത്തുണ്ടായതിനേക്കാളും പല മടങ്ങു മഴ ഒറ്റ രാത്രികൊണ്ട് ഇൗ പ്രദേശത്തു പെയ്തു എന്നു ചുരുക്കം.

ഇതുവരെയുണ്ടായത് കിഴക്കുനിന്നുള്ള പ്രളയമാണെങ്കില്‍ ഇനി നമ്മെ കാത്തിരിക്കുന്നത് പടിഞ്ഞാറുനിന്നു പടി കയറി വരുന്ന പ്രളയങ്ങൾ ആകുമെന്ന് ഡോ.ദിനേശ് പറയുന്നു. അങ്ങനെയെങ്കിൽ വീണ്ടുമൊരു പ്രളയത്തിൽനിന്നു കേരളത്തെ രക്ഷിക്കാന്‍ കഴിഞ്ഞ പ്രളയത്തിലെ രക്ഷകരായ കടലിന്‍റെ മക്കളും ഉണ്ടായേക്കില്ല. അറബിക്കടലില്‍ ഈയിടെയായി രൂ പപ്പെടുന്ന ചുഴലിക്കാറ്റുകളാണ് കാലാവസ്ഥ മാറ്റത്തിന്റെ വേറൊരു സൂചന .നൂറ്റാണ്ടുകളായി ചുഴലിക്കാറ്റുകളും അറബിക്കടലും തമ്മിലുണ്ടായിരുന്ന അപരിചിതത്വം പതിയെ ഇല്ലാതാവുകയാണ്. ബംഗാൾ ഉൾക്കടലിലേതു പോലെ തന്നെ അറബിക്കടലിലും ചുഴലിക്കാറ്റുകൾ രൂപം കൊള്ളുന്നു. ഇത്തരം ചുഴലിക്കാറ്റുകള്‍ 10 വര്‍ഷംകൊണ്ടു പതിന്‍മടങ്ങായി വര്‍ധിച്ചുവെന്നാണു കണക്കുകൾ. ഒരാഴ്ചയ്ക്കിടെ ‘ക്യാര്‍’ എന്ന പേരിലും ‘മഹാ’ എന്നപേരിലും രണ്ടെണ്ണം എത്തി. ശാസ്ത്രഞ്ജരുടെ നിരീക്ഷണം ഉള്‍ക്കൊണ്ടാല്‍ മഴ കൊണ്ടുവരുന്ന കാറ്റിന് അടുത്തിടെയായി ഭ്രാന്തുപിടിച്ച അവസ്ഥയാണ്.

ധ്രുവങ്ങളിലെവിടെയോ മഞ്ഞുരുകുന്നതു മാത്രമല്ല. പ്രെട്രോള്‍, ഡീസല്‍ (ഹരിതഗൃഹ വാതകങ്ങൾ) തുടങ്ങിയ ഇന്ധനങ്ങളുടെ അമിതോപയോഗം മൂലം അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഒാക്സൈഡിന്‍റെ അളവ് ക്രമാതീതമായി വര്‍ധിച്ചുകഴിഞ്ഞു. ഇതുമൂലം സൂര്യകിരണങ്ങള്‍ തിരിച്ചു സൂര്യനിലേക്കു പോകാതെ ഭൂമിയിലെ താപനില വര്‍ധിപ്പിക്കുന്നു. ഉയര്‍ന്ന താപനില മൂലം ധ്രുവങ്ങളിലെയും ഹിമാലയത്തിലേയും മഞ്ഞുരുകുന്നു. കടല്‍വെള്ളത്തിന്‍റെ നിരപ്പ് ഉയരുകയും അതുവഴി കടല്‍ കരയിലേക്കു വ്യാപിക്കുകയും ചെയ്യുന്നു. കടല്‍നിരപ്പ് ഉയരുന്നതിന്‍റെ തോത് 1990നു ശേഷം രണ്ടര മടങ്ങ് ഇരട്ടിയായാണു വര്‍ധിച്ചിരിക്കുന്നത്. ഇൗ അളവില്‍ വര്‍ധിച്ചാല്‍ പോലും ഇൗ നൂറ്റാണ്ടിന്‍റെ അവസാനം അത് ഒരു മീറ്ററായി ഉയരും. ആഗോളതാപനത്തിന്‍റെ പോക്കനുസരിച്ച് 2100ല്‍ അതു രണ്ടു മീറ്ററായി ഉയര്‍ന്നാലും അത്ഭുതപ്പെടാനില്ല.. അതായത് ഇവിടെ 200 ചതുരശ്ര കിലോമീറ്ററോളം കര പൂര്‍‌ണമായും കടലെടുക്കുമെന്ന് ഇതിനെ ചുരുക്കി വായിക്കാം.

കൊച്ചിക്കു മുന്‍പേ ഒരു പൊട്ടുപോലും അവശേഷിപ്പിക്കാതെ മറയുന്നതു ലക്ഷദ്വീപെന്ന പവിഴദ്വീപാകും. മുംബൈ, കൊല്‍ക്കത്ത, ചൈനയിലെ ഷാങ്ഹായി, ഈജിപ്തിലെ അലക്സാന്‍ഡ്രിയ, ദക്ഷിണ വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളും ഇൗ പട്ടികയിലുണ്ട്. ആഗോളതാപനം നേരിടാന്‍ കാര്‍ബണ്‍ ഡൈ ഒാക്സൈഡിന്‍റെ അളവു കുറയ്ക്കുന്നതിനുള്ള നടപടികള്‍ ചര്‍ച്ചയിലും രാജ്യങ്ങള്‍ തമ്മിലുള്ള ചെളിവാരിയെറിയലിലും ഒതുങ്ങുകയാണ്. എന്നാല്‍ ഇക്കാര്യത്തിൽ ഉറക്കം നടിക്കാത്ത ചില രാജ്യങ്ങളുമുണ്ട്. അടിസ്ഥാന സൗകര്യവികസനത്തിലൂടെയാണ് അവരുടെ ചെറുത്തുനില്‍പ്. കുട്ടനാട് പോലെ സമുദ്രനിരപ്പിനു താഴെയുള്ള നെതര്‍ലാന്‍ഡ്സ് കോണ്‍ക്രീറ്റ് ഡൈക്സ് എന്ന പേരിലുള്ള ഭിത്തി കടലിനുചുറ്റും നിര്‍മിച്ചുകഴിഞ്ഞു. നമ്മുടെ കടല്‍ഭിത്തിയെക്കാള്‍ പതിന്‍മടങ്ങ് ഉറപ്പുള്ള നൂതന സാങ്കേതികവിദ്യ. അതവര്‍ കൃത്യമായ ഇടവേളകളില്‍ പരിഷ്കരിക്കുകയും ചെയ്യുന്നു. ഇപ്പോഴത്തെ കടല്‍ക്ഷോഭം പോലും താങ്ങാനാകാത്ത നമ്മുടെ കടല്‍ഭിത്തികൾ ഭാവിയിൽ ഉണ്ടാകുന്ന കനത്ത കടലാക്രമണങ്ങളോടു പൊരുതുക പോലും ചെയ്യാതെ അടിയറവു പറയുമെന്നതിൽ തർക്കമില്ല.
മുന്നൊരുക്കമില്ലെങ്കില്‍ മുങ്ങിച്ചാകേണ്ടിവരും

പ്രളയജലം കുത്തിയൊഴുക്കി വിടാന്‍ നാം തയ്യാറായേ പറ്റൂ. കയ്യേറ്റമൊഴിപ്പിച്ച് പരമ്പരാഗത ജലസ്രോതസുകളേയും സംരക്ഷിക്കണം. കാലാവസ്ഥാമാറ്റം മൂലമുള്ള ദുരന്തങ്ങളില്‍ കൈത്താങ്ങാകാനുള്ള കരുത്ത് കൊച്ചിയുടെ ഉള്‍നാടന്‍ ജലാശയങ്ങള്‍ക്കുണ്ട്. അവയുടെ സംരക്ഷണവും മുന്നൊരുക്കങ്ങളുടെ മുന്നിൽ മുന്നിട്ടുനില്‍ക്കണം.

സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ക്ക് തടവ് ശിക്ഷ വിധിച്ചു. മൂന്നുവര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് വിധിച്ചത്. കോയമ്പത്തൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് സരിതയ്ക്ക് ശിക്ഷ വിധിച്ചത്.

കോയമ്പത്തൂര്‍ സ്വദേശിയെ കബളിപ്പിച്ച് സരിത പണം തട്ടിയെന്നാണ് കേസ്. സോളാര്‍ അഴിമതിയുമായി ബന്ധപ്പെട്ടാണ് പണം വാങ്ങിയത്. സരിത കേസില്‍ ഒന്നാം പ്രതിയാണ്. മൂന്നാം പ്രതിയായ രവിയ്ക്കും മൂന്നു വര്‍ഷം തടവും പിഴയുമുണ്ട്.

സൗദിയില്‍ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം ആനക്കയം, പന്തല്ലൂര്‍ കിഴക്കുംപറമ്പ് സ്വദേശി ചെറുകപ്പള്ളി സുബൈര്‍(26) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് നഗരത്തിന്റെ തെക്കുഭാഗത്തുള്ള ഹറാജിലെ മുറിയില്‍ മരിച്ചുകിടക്കുന്നതായി കണ്ടത്.

നാട്ടില്‍ അവധിക്ക് പോയ യുവാവ് വിവാഹം കഴിഞ്ഞ് രണ്ടാഴ്ച മുൻപാണ് തിരിച്ചെത്തിയത്.റിയാദിലെ ഒരു സ്വകാര്യ സോഫനിര്‍മാണ കമ്പനിയിൽ ജീവനക്കാരനായിരുന്നു സുബൈര്‍. മൃതദേഹം റിയാദില്‍ ഖബറടക്കും. മൂസ-ആയിശ ദമ്പതികളുടെ മകനാണ്. ഭാര്യ: ഹിബ

RECENT POSTS
Copyright © . All rights reserved