വിജനമായ സ്ഥലത്ത് രാത്രിയില്‍ ബസിറങ്ങിയ യാത്രക്കാരി ഒറ്റയ്ക്കാണെന്നറിഞ്ഞ് കാവല്‍ നിന്ന കെഎസ്ആര്‍ടിസി ബസ് ജീവനക്കാര്‍ക്ക് അഭിനന്ദനം. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയിലാണ് സംഭവം നടന്നത്.ദേശീയപാത 183-ല്‍ പൊടിമറ്റത്ത് ചൊവ്വാഴ്ച രാത്രി 11.20-ന് എറണാകുളം-മധുര ബസില്‍ യുവതി വന്നിറങ്ങിയപ്പോള്‍ കൂട്ടിക്കൊണ്ടുപോകാന്‍ ആരും എത്തിയിരുന്നില്ല.
ഒരു പെണ്‍കുട്ടിയെ വിജനമായ സ്ഥലത്ത് തനിച്ചാക്കി യാത്ര തുടരേണ്ടതില്ലെന്ന് ബസിലെ കണ്ടക്ടറായ ആലുവ സ്വദേശി പി.ഷാജുദ്ദിനും ഡ്രൈവര്‍ കുമ്പളങ്ങി സ്വദേശി ഡെന്നീസ് സേവ്യറും തീരുമാനിക്കുകയായിരുന്നു.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിന്റെ പടിക്കലെത്തിയപ്പോഴാണ് സംഭവം. വ്യാപാരികളുടെ ഹര്‍ത്താല്‍ ആയതിനാല്‍ നിരത്തില്‍ ആളനക്കമോ തുറന്ന കടകളോ ഒന്നുമുണ്ടായിരുന്നില്ല. നിറയെ യാത്രക്കാരുമായി പതിവിലും പത്തു മിനിറ്റ് നേരത്തെ ബസ് സ്ഥലത്തെത്തുകയും ചെയ്തു.
തുടര്‍ന്ന് ബസ് 15 മിനിട്ടോളം നിര്‍ത്തിയിട്ടു. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്കും മറിച്ചൊരു അഭിപ്രായമുണ്ടായതുമില്ല.
കണ്ണൂര്‍ കരുവഞ്ചാല്‍ അറയ്ക്കല്‍ ജോസഫ് -ഏലിയാമ്മ ദമ്പതികളുടെ മകള്‍ ബെംഗളൂരു ക്രൈസ്റ്റ് കോളജില്‍ എംഫില്‍ ചെയ്യുന്ന എല്‍സീന ഗവേഷണ ആവശ്യത്തിനായി എറണാകുളത്ത് എത്തിയതായിരുന്നു. കുട്ടിക്കാനം മരിയന്‍ കോളജില്‍ രാവിലെ 9-ന് എത്തേണ്ടതിനാല്‍ കുടുംബ സുഹൃത്തിന്റെ വീട്ടിലേക്കു വരികയായിരുന്നു. കുടുംബ സുഹൃത്ത് ഡോ.ചാക്കോച്ചന്‍ ഞാവള്ളിയുടെ വീട്ടില്‍ രാത്രി തങ്ങിയ ശേഷം രാവിലെ കുട്ടിക്കാനത്തേക്കു പുറപ്പെടുകയായിരുന്നു ലക്ഷ്യം. കുടുംബ സുഹൃത്തായ ഡോ. ചാക്കാച്ചന്‍ ഞാവള്ളില്‍ 15 മിനിറ്റിനു ശേഷം കാറിലെത്തി എല്‍സീനയെ കൂട്ടിക്കൊണ്ടു പോയ ശേഷമാണ് ബസ് യാത്ര തുടര്‍ന്നത്.
മധ്യപ്രദേശിലെ നിവാരി ജില്ലയിലെ ഓർച്ച പട്ടണത്തിൽ ഒരു കുട്ടി ഉൾപ്പെടെ അഞ്ച് പേർ തിങ്കളാഴ്ച രക്ഷപ്പെട്ടു.എതിർവശത്ത് നിന്ന് വരുന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാൻ കാർ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സിസിടിവിയിൽ പകർത്തിയ സംഭവത്തിൽ കാറും എതിർ ദിശകളിൽ നിന്ന് വരുന്ന ഒരു ഓട്ടോറിക്ഷയും പാലത്തിൽ കൂട്ടിയിടിച്ച് കാർ നദിയിലേക്ക് വീഴുന്നു.
കാർ മുങ്ങാൻ തുടങ്ങുമ്പോൾ യാത്രക്കാർ കാറിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നു. അവർ ആദ്യം കുട്ടിയെ കാറിൽ നിന്ന് പുറത്തെടുത്ത് പാലത്തിന് സമീപം എറിയുന്നു, എന്നിരുന്നാലും, നിൽക്കുന്ന ആളുകൾക്ക് കുട്ടിയെ പിടിക്കാൻ കഴിഞ്ഞില്ല.
കുട്ടിയെ രക്ഷിക്കാനായി ഒരാൾ നദിയിലേക്ക് ചാടി, കാറിലെ മറ്റ് ജീവനക്കാരെയും പിന്നീട് അപകടസ്ഥലത്ത് ഉണ്ടായിരുന്ന ആളുകൾ രക്ഷപ്പെടുത്തി. നിസാര പരിക്കുകളോടെ അവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അതേസമയം, അപകടത്തെ തുടർന്ന് ഓട്ടോറിക്ഷ ഡ്രൈവർ ഓടി രക്ഷപ്പെട്ടു.അതിനിടെ അപകടമുണ്ടാക്കിയ ഓട്ടോറിക്ഷ സ്ഥലംവിടുന്നതും ദൃശ്യങ്ങളിൽ കാണാം.
അപകടത്തിന്റെ രക്ഷാപ്രവർത്തനത്തിന്റെയും വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഓട്ടോ ഡ്രൈവറെ വിമർശിച്ചും രക്ഷപ്പെടുത്തിയവരെ പ്രശംസിച്ചും നിരവധി പേർ വിഡിയോ പങ്കുവെക്കുന്നുണ്ട്.
#WATCH Madhya Pradesh: A car carrying 5 people lost its balance, while trying to avoid hitting an autorickshaw, and fell into a river in Orchha town of Niwari district today. All the five occupants of the car were later rescued and sent to a hospital. (Source: CCTV footage) pic.twitter.com/TF8uTDBmWG
— ANI (@ANI) October 28, 2019
നിർഭയ കൂട്ടബലാൽസംഗക്കേസിലെ പ്രതികളുടെ വധശിക്ഷ ഉടൻ നടപ്പാക്കുമെന്ന് സൂചന. ജയിൽ അധികൃതരാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. രാജ്യത്താകമാനം വലിയ ചർച്ചയായ ഒന്നായിരുന്നു നിർഭയ സംഭവം. ഇതിന് പിന്നാലെ പ്രതികൾക്ക് പരമാവധി ശിക്ഷ വാങ്ങികൊടുക്കാനും കഴിഞ്ഞിരുന്നു. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുറ്റവാളികള്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നല്‍കിയ അപ്പീല്‍ തള്ളിയിരുന്നു. ഇനി രാഷ്ട്രപതിയ്ക്ക് ഹർജി നൽകുക എന്ന മാർഗം മാത്രമാണ് മുന്നിലുള്ളത്.
എന്നാൽ അതിനുള്ള നടപടികൾ പ്രതികളുടെ സ്ഥാനത്ത് നിന്നും ആരംഭിച്ചിട്ടില്ല. ഏഴ് ദിവസത്തിനുള്ളില്‍ രാഷ്ട്രപതിയ്ക്ക് ദയാഹര്‍ജി നല്‍കിയില്ലെങ്കില്‍ വധശിക്ഷ നടപ്പക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍സ് റിപ്പോര്‍ട്ട് ചെയ്തു. നാല് കുറ്റവാളികളില്‍ മൂന്ന് പേര്‍ ഇപ്പോൾ തിഹാര്‍ ജയിലിലാണ്. ഒരാള്‍ മണ്ടോളി ജയിലിലും. ദയാഹര്‍ജി നല്‍കിയിട്ടില്ലെങ്കില്‍ വധശിക്ഷ വാറന്‍റ് പുറപ്പെടുവിക്കാന്‍ ജയില്‍ അധികൃതര്‍ വിചാരണക്കോടതിയോട് ആവശ്യപ്പെടുമെന്നും അധികൃതര്‍ വ്യക്തമാക്കി.
രാംസിംഗ്, മുകേഷ് സിംഗ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. ഇതില്‍ വിചാരണക്കാലയളവില്‍ രാം സിംഗ് ആത്മഹത്യ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പ്രതി 2015ല്‍ മോചിതനായി. മറ്റ് നാല് പേര്‍ക്കുമെതിരെയാണ് കോടതി വധശിക്ഷ വിധിച്ചത്. 2012 ഡിസംബര്‍ 16നാണ് രാജ്യത്തെ നടുക്കിയ നിർഭയ കൂട്ടബലാത്സംഗം നടക്കുന്നത്. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി ഡിസംബര്‍ 29നാണ് മരിച്ചു.
‘മഹ’ ചുഴലിക്കാറ്റിന് തീവ്രത കൂടി. കൊച്ചി മുതല്‍ കാസര്‍കോട് വരെ തീരത്ത് കനത്തമഴയും കാറ്റും ഉണ്ടാവും. മൂന്നുദിവസംകൂടി സംസ്ഥാനത്ത് വ്യാപകമഴ. ആലപ്പുഴ മുതല്‍ കാസര്‍കോട് വരെ 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് അടുത്ത എട്ടുമണിക്കൂര്‍ കൂടി കനത്തമഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കൊച്ചി മുതല്‍ കാസര്‍കോട് വരെ തീരത്ത് കനത്തമഴയും കാറ്റും ഉണ്ടാവും. ‘മഹ’ ചുഴലിക്കാറ്റിന് തീവ്രത കൂടിയതിനാലാണിത്. പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചിയില്‍ മഴയുടെ ശക്തി കുറഞ്ഞെങ്കിലും വേലിയേറ്റം ഉള്ളതിനാല്‍ കടല്‍ക്ഷോഭം തുടരുകയാണ്.
തൃശൂര്‍ ജില്ലയിലെ തീരപ്രദേശങ്ങളിലും കടല്‍ക്ഷോഭം രൂക്ഷമായതോടെ നിരവധി വീടുകളില്‍ വെള്ളം കയറി. വടകരയില്‍ മല്‍സ്യബന്ധനത്തിനുപോയ രണ്ടു ബോട്ടുകളില്‍ നിന്നായി ആറു പേരെ കാണാതായി. ചാവക്കാടുനിന്നുപോയ ബോട്ട് പൊന്നാനിക്കടുത്തുവച്ച് തകര്‍ന്ന് ഒരാളെ കാണാതായി. 5 പേരെ കപ്പല്‍ ജീവനക്കാര്‍ രക്ഷിച്ച് കോസ്റ്റ് ഗാര്‍ഡിന് കൈമാറി.തിരുവനന്തപുരം സ്വദേശിക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്. ലക്ഷദ്വീപില്‍ കാറ്റ് കനത്ത നാശം വിതയ്ക്കാനിടയുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ക്യാംപുകളിലേക്ക് മാറ്റി.
ചെല്ലാനം, എടവനക്കാട്, ഞാറക്കല്‍, ഫോര്‍ട്ട്കൊച്ചി തീരങ്ങളില്‍ കടലാക്രമണം. ഒട്ടേറെ വീടുകളില്‍ വെള്ളംകയറി; കമാലക്കടവില്‍ 10 വള്ളങ്ങള്‍ തകര്‍ന്നു. കുട്ടനാട്ട് വിളവെടുക്കാറായ 8,000 ഹെക്ടര്‍ നെല്‍കൃഷി വെള്ളത്തിലാണ്. മലപ്പുറത്ത് പൊന്നാനിയിലും കടലാക്രമണം രൂക്ഷം; 150 വീടുകളില്‍ വെള്ളംകയറി.
ചാവക്കാടുനിന്ന് പോയ ബോട്ട് പൊന്നാനിക്കടുത്ത് തകര്‍ന്നു. 5 പേരെ കപ്പല്‍ ജീവനക്കാര്‍ രക്ഷിച്ചു; ഒരാളെ കാണാനില്ല. രക്ഷപെട്ടവരെ കോസ്റ്റ് ഗാര്‍ഡ് ഫോര്‍ട്ട് കൊച്ചിയിലെത്തിച്ചു. വടകര ചോമ്പാലയില്‍ നിന്ന് 4 പേരുമായി പോയ ‘ലഡാക് ‘ ബോട്ട് കാണാതായി. 2 പേരുമായി അഴിത്തലയില്‍ നിന്ന് പോയ ‘തൗഫീക് ‘ ബോട്ടിനെക്കുറിച്ചും വിവരമില്ല.
ബ്രിട്ടണില്‍ പ്രചാരണത്തില്‍ മുന്നിലെത്തിയ മലയാളം ഓണ്‍ലൈന്‍ പത്രമായ മലയാളം യുകെ ന്യൂസ് നല്‍കുന്ന ഔട്സ്റ്റാന്‍ഡിംഗ് ബയോ ഗ്രാഫി അവാര്‍ഡിന് ഉഴവൂര്‍ കോളേജ് മുന്‍ പ്രന്‍സിപ്പാള്‍ ബാബു തോമസ് പൂഴിക്കുന്നേല്‍ രചിച്ച സഫലം സൗഹൃതം സഞ്ചാരം എന്ന ആത്മകഥ അര്‍ഹമായി.
ഇരുപത്തയ്യായിരം രൂപയും ഫലകവുമാണ് അവാര്‍ഡ്. നവംബര്‍ ആദ്യവാരം കോട്ടയത്തു നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയില്‍ അവാര്‍ഡ് നല്‍കും. മലയാളം യുകെ ന്യൂസ് ചീഫ് എഡിറ്റര്‍ ബിന്‍സു ജോണാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. മലയാളം യുകെ ഡയറക്ടര്‍ ബോര്‍ഡും നിയമോപദേശക സമതിയുമടങ്ങുന്ന പാനലാണ് പ്രൊഫ. ബാബു പൂഴിക്കുന്നേല്‍ എഴുതിയ സഫലം സൗഹൃതം സഞ്ചാരം എന്ന ആത്മകഥ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. കോട്ടയം വര ആർട്ട് ഗാലറിയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് പ്രന്‍സിപ്പാള്‍, മലയാളം വകുപ്പ് മേധാവി, കോട്ടയം ബി സി എം കോളേജ് മലയാളം വകുപ്പ് മേധാവി എന്നീ നിലകളില്‍ 34 വര്‍ഷത്തെ അധ്യാപക ജീവിതം. എം ജി യൂണിവേഴ്‌സിറ്റി ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, കൂടാതെ കോട്ടയം അതിരൂപത പി ആര്‍ ഒ , അപ്നാ ദേശ് പത്രാധിപ സമതിയംഗം, കേരളം എക്‌സ്പ്രസ് (ഷിക്കാഗോ) കണ്‍സല്‍ട്ടന്റ് എഡിറ്റര്‍, പ്രഭാഷകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. ഇരുപതോളം രാജ്യങ്ങളില്‍ സഞ്ചാരം നടത്തിയിട്ടുണ്ട്. സഫലം സൗഹൃതം സഞ്ചാരം, കല്ലാണപ്പാട്ടുകള്‍, വഴക്കവും പൊരുളും എന്നീ ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോട്ടയം സ്വദേശിയാണ്. പ്രൊഫ. വത്സാ ബാബുവാണ് ഭാര്യ. ഡോ. ആതിര ബാബു, അനഘ ബാബു എന്നിവര്‍ മക്കളാണ്.
മലയാളം യുകെ ന്യൂസ് ടീമിന്റെ അഭിനന്ദനങ്ങള്‍.
വാളയാറില്‍ കൊല്ലപ്പെട്ട കുട്ടികള്‍ക്ക് നീതി നിഷേധിക്കപ്പെട്ടതിലുള്ള പ്രതിഷേധം കേരളക്കരയാകെ നിറഞ്ഞുനില്‍ക്കുമ്പോള്‍ കൊച്ചിയിലെ ഒരു കൂട്ടം കലാകാരന്മാര്‍ ആ മക്കള്‍ക്കായി തെരുവിലിറങ്ങി. നടന്‍ സാജു നവോദയയുടെ നേതൃത്വത്തില്‍ കുട്ടികളെ ഉപദ്രവിക്കാന്‍ തോന്നുന്നവരുടെ മനസില്‍ മാറ്റമുണ്ടാവും എന്ന ആഗ്രഹവുമായി അവര്‍ തെരുവില്‍ നാടകം അവതരിപ്പിച്ചു.
നാടക അവതരണത്തിനുശേഷം സാജു നവോദയ തന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെടുത്തിയാണ് വാളയാര്‍ വിഷയത്തെ കുറിച്ച് സംസാരിച്ചത്. ‘ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ ഒരു കുഞ്ഞ് ജനിക്കാതിരിക്കുന്നതാണ് നല്ലത്. പതിനെട്ട് വര്‍ഷമായി കുട്ടികളില്ലാത്തയാളാണ് ഞാന്‍, എങ്കിലും എനിക്കിനി കുട്ടികള്‍വേണ്ട.’ സാജു നവോദയ പറഞ്ഞു.
നിറകണ്ണുകളോടെയായിരുന്നു അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്. ആണ്‍കുഞ്ഞെന്നോ പെണ്‍കുഞ്ഞെന്നോ വ്യത്യാസമില്ലാതെ കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നവരാണ് ചുറ്റുമെന്നും. ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ കാണുമ്പോള്‍ ഒരാളെങ്കിലും കുഞ്ഞുങ്ങളെ ഉപദ്രവിക്കാന്‍ മടിക്കുമെന്നും സാജു നവോദയ പറഞ്ഞു.
ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയായി മാതാവ് മരിച്ച സംഭവത്തിൽ ഇന്ത്യക്കാരായ ദമ്പതികൾക്ക് ദുബായ് കോടതി ശിക്ഷ വിധിച്ചു. 29 വയസ്സുള്ള യുവാവും 28 വയസ്സുള്ള ഇയാളുടെ ഭാര്യയുമാണ് കേസിലെ പ്രതികൾ. ഇവർക്ക് 10 വർഷം ജയിൽ ശിക്ഷയാണ് ദുബായ് കോടതി വിധിച്ചത്. യുവാവിന്റെ മാതാവാണ് ക്രൂരമായി മരണപ്പെട്ടത്. അയൽക്കാരൻ നൽകിയ പരാതിയെ തുടർന്നാണ് കേസ് എടുത്തത്. കോടതിയിൽ ഹാജരാക്കിയപ്പോൾ പ്രതികൾ ‘ഞാനൊന്നും ചെയ്തിട്ടില്ല’ എന്ന് ഉറക്കെ ആക്രോശിച്ചു. ജയിൽ ശിക്ഷ പൂർത്തിയാക്കിയ ശേഷം പ്രതികളെ നാടുകടത്താനും ദുബായ് പ്രാഥമിക കോടതി ഉത്തരവിട്ടു.
2018 ഒക്ടോബർ 31–നാണ് മകന്റെയും മരുമകളുടെയും പീഡനത്തിന് ഇരയായി സ്ത്രീ മരിച്ചത്. മകളെ ശരിയായ രീതിയിൽ പരിചരിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു പീഡനമെന്നാണ് പരാതിയിൽ പറയുന്നത്. മരിക്കുമ്പോൾ അമ്മയ്ക്ക് 29 കിലോ മാത്രമേ ഭാരം ഉണ്ടായിരുന്നുള്ളുവെന്നാണ് ഫൊറൻസിക് റിപ്പോർട്ട്. 2018 ജൂലൈ മുതൽ പീഡിപ്പിച്ചിരുന്നുവെന്നാണ് കോടതി രേഖകൾ പറയുന്നത്.
മരിക്കും മുമ്പ് അമ്മയ്ക്ക് ക്രൂരമായ മര്‍ദനം ഏറ്റിരുന്നതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. എല്ലുകൾക്കും വാരിയെല്ലുകൾക്കും കാര്യമായി ക്ഷതമേറ്റിരുന്നു. ആന്തരിക രക്തസ്രാവവും ശരീരത്തിനേറ്റ പൊള്ളലുമാണ് മരണകാരണം. ഇരുകണ്ണുകളിലും മാരകമായി മുറിവേൽപ്പിക്കുകയും ചെയ്തിരുന്നു. പരാതി നൽകിയ അയൽക്കാരന്റെ ഭാര്യ ദമ്പതികളുടെ ഫ്ലാറ്റ് സന്ദർശിച്ചപ്പോൾ കുട്ടിയെ നോക്കുന്നതിനെ കുറിച്ചു മകന്റെ ഭാര്യ പരാതി പറഞ്ഞിരുന്നു.
ജോലിക്കു പോകുമ്പോൾ കുട്ടിയെ ശരിയായി പരിചരിക്കാത്തതിനാൽ കുട്ടിക്ക് അസുഖം വന്നെന്നായിരുന്നു പരാതി. മൂന്നു ദിവസങ്ങൾക്കു ശേഷമാണ് മാതാവിനെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ വിവസ്ത്രയായി അയൽവാസി കണ്ടത്. ശരീരമാകെ പൊള്ളലേറ്റതിന്റെ പാടുകളുമുണ്ടായിരുന്നു. ഉടൻ സെക്യൂരിറ്റി ജീവനക്കാരെ വിവരം അറിയിച്ചു സ്ത്രീയെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ അശ്രദ്ധയും പട്ടിണിയും മൂലം ആരോഗ്യസ്ഥിതി വഷളായതിനാൽ സ്ത്രീ മരണത്തിനു കീഴടങ്ങുകയായിരുന്നു.
സംസ്ഥാനത്ത് പരക്കെ കാറ്റും മഴയും. ‘മഹാ’ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതോടെയാണ് മഴ കൂടിയത്.അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറിയതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ‘ മഹാ’ എന്നാണ് ചുഴലിക്കാറ്റിന് പേരിട്ടിരിക്കുന്നത്. 24 മണിക്കൂറിനകം ഇത് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വ്യക്തമാക്കി. സംസ്ഥാനത്തെങ്ങും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
ശക്തിയാർജിച്ച ശേഷം ചുഴലിക്കാറ്റ് ലക്ഷദ്വീപിന് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങും
തിരുവനന്തപുരത്തും കൊച്ചിയിലും ശക്തമായ മഴ തുടരുകയാണ്. കടൽക്ഷോഭത്തെ തുടർന്ന് എടവനക്കാട് തീരപ്രദേശത്ത് താമസിക്കുന്നവരെ എടവനക്കാട് യു.പി.സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റുന്നു. പാറശാല–നെയ്യാറ്റിന്‍കര പാതയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് പരശുറാം എക്സ്പ്രസ് പാറശാലയില്‍ അരമണിക്കൂര്‍ നിര്‍ത്തിയിട്ട ശേഷം യാത്ര തുടര്‍ന്നു.
കോഴിക്കോടിന്റെ മലയോരമേഖലകളിലും കനത്ത മഴയുണ്ട്. ലക്ഷദ്വീപിലെ മിനിക്കോയിൽ നിന്ന് 210 കിലോമീറ്റർ ദൂരത്തും കവരത്തിയിൽ നിന്ന് 80 കിമീ ദൂരത്തും തിരുവനന്തപുരത്ത് നിന്ന് 440 കിമീ ദൂരത്തുമായാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം. ഉച്ചയ്ക്ക് മുമ്പ് ‘മഹാ’ ചുഴലിക്കാറ്റ് കൂടുതൽ കരുത്ത് പ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റ് ആയി മാറുമെന്നാണ് കാലാവസ്ഥാ പ്രവചനം. കേരളം ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ ഇല്ലെങ്കിലും കാറ്റിന്റെ പ്രഭാവത്തിൽ ശക്തമായ കാറ്റും മഴയും തുടരും. മത്സ്യ ബന്ധനത്തിന് പൂർണ നിരോധനം ഏർപ്പെടുത്തി. ഇന്ന് എറണാകുളം, തൃശൂര്‍ , മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്
കൊച്ചി/ ഗൂഡല്ലൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ കരാട്ടെ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ലൈംഗികാതിക്രമം നേരിട്ടതിന് അധ്യാപകനെതിരെയും സംഭവം മൂടി വെച്ച വൈദികനെതിരെയും പരാതിയുമായി മുന്നോട്ടു പോയതിന്‍റെ പേരിൽ പെൺകുട്ടി കഴിഞ്ഞ ദിവസം ക്രൂരമര്‍ദ്ദനത്തിന് ഇരയായിരുന്നു. സമയം മലയാളം അടക്കമുള്ള മാധ്യമങ്ങളുടെ ഇടപെടലിന് പിന്നാലെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യാൻ തയ്യാറായത്. പെൺകുട്ടിയെ മര്‍ദ്ദിച്ചതിന് പിതാവ് ഉള്‍പ്പെടെ ഏഴുപേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ റിമാൻഡിൽ വിട്ടിരിക്കുകയാണ്.
പോക്സോ നിയമപ്രകാരമാണ് ഗൂഡല്ലൂര്‍ സ്വദേശിയായ കരാട്ടെ അധ്യാപകൻ സാബു എബ്രഹാമിനെ (55) പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമത്തിലെ 7, 8 വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. തന്‍റെ മകളെ സാബു ലൈംഗികമായി ഉപദ്രവിച്ചെന്ന് കാണിച്ച് അമ്മ നല്‍കിയ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിമലഗിരി സെന്‍റ് മേരീസ് പള്ളിയുടെ പാരിഷ് ഹാളിലായായിരുന്നു ഇയാള്‍ കരാട്ടെ ക്ലാസുകള്‍ സംഘടിപ്പിച്ചിരുന്നത്. പള്ളി വികാരിയായ ഫാ. ജോണിയെയും കുട്ടി പഠിക്കുന്ന സ്കൂളിലെ പ്രിൻസിപ്പാളിനെയും കുടുംബം നേരത്തെ വിവരം അറിയിക്കുകയായിരുന്നു. എന്നാൽ ഇയാള്‍ക്കെതിരെ നടപടിയെടുക്കാൻ വൈദികര്‍ തയ്യാറായിരുന്നില്ലെന്നാണ് ഇരയായ പെൺകുട്ടിയുടെ അമ്മയുടെ ആരോപണം. തുടര്‍ന്ന് സംഭവത്തിൽ ഇവര്‍ പോലീസിൽ പരാതി നല്‍കുകയായിരുന്നു. ഇതിനു പിന്നാലെയായിരുന്നു പെൺകുട്ടിയുടെ അച്ഛൻ ഉള്‍പ്പെടെയുള്ള ബന്ധുക്കളും പള്ളിഭാരവാഹികളും ചേര്‍ന്ന് പെൺകുട്ടിയെ വീട്ടിൽ കയറി മര്‍ദ്ദിച്ചത്. ഏഴുപേരോളം വരുന്ന സംഘം വീട് അകത്തു നിന്ന് പൂട്ടിയ ശേഷം നടത്തിയ മര്‍ദ്ദനത്തിൽ പെൺകുട്ടിയുടെ ഇടതുചെവിയ്ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. മര്‍ദ്ദനം തടഞ്ഞ അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്.
ആദ്യഘട്ടത്തിൽ പ്രതികളെ രക്ഷിക്കാൻ പോലീസ് ശ്രമം നടത്തിയെങ്കിലും നാട്ടുകാരുടെയും മാധ്യമങ്ങളുടെയും ഇടപെടലോടെയാണ് പ്രതികള്‍ക്കെതിരെ കേസെടുക്കാനും അറസ്റ്റ് ചെയ്യാനും തയ്യാറായതെന്ന് (പേര് വെളിപ്പെടുത്തരുതെന്ന് അഭ്യര്‍ത്ഥിച്ച) പ്രദേശവാസിയായ ഒരാള്‍ സമയം മലയാളത്തോട് പറഞ്ഞു. ഇരയെ കുര്‍ബാന മധ്യേ പരസ്യമായി അവഹേളിച്ച വൈദികനെയും സ്കൂള്‍ പ്രിൻസിപ്പാളായ വൈദികനെയും പോലീസ് ഇടപെട്ട് കേസിൽ നിന്നൊഴിവാക്കാൻ ശ്രമിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിൽ മുഖ്യപ്രതിയായ കരാഠേ അധ്യാപകനും പെൺകുട്ടിയെ ആക്രമിച്ച ഏഴുപേരുമാണ് പ്രതിപ്പട്ടികയിലുള്ളത്. ഇവരെ രക്ഷിക്കാൻ രാഷ്ട്രീയ ഇടപെടലുണ്ടാകാൻ സാധ്യതയുണ്ടെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, സാരമായി പരിക്കേറ്റ പെൺകുട്ടി തിങ്കളാഴ്ച മുതൽ ഊട്ടിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനിടയിൽ രഹസ്യമൊഴി രേഖപ്പെടുത്താനെന്ന പേരിൽ ആശുപത്രി അധികൃതരുടെ അനുവാദമില്ലാതെ പോലീസ് പെൺകുട്ടിയെ ആശുപത്രിയ്ക്ക് പുറത്തേയ്ക്ക് കൊണ്ടു പോയത് വിവാദമായി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ രോഗിയെ കാണാനില്ലെന്ന് കാണിച്ച് അടുത്തുള്ള പോലീസ് ഔട്ട്പോസ്റ്റിൽ പരാതി നല്‍കുകയും ചെയ്തു. അനുമതിയില്ലാതെയാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് രോഗിയായ പെൺകുട്ടിയെയും അമ്മയെയും ആശുപത്രി്യിൽ നിന്ന് പോലീസ് കൊണ്ടു പോയതെന്ന് ഊട്ടി സര്‍ക്കാര്‍ ആശുപത്രി സൂപ്രണ്ട് ഡി എച്ച് രവി കുമാര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. എന്നാൽ സംഭവത്തിൽ കേസെടുത്തതായി സ്ഥിരീകരിക്കാൻ ഗൂഡല്ലൂര്‍ ഡിഎസ്‍പി കെ ആര്‍ ജയ് സിങ് തയ്യാറായില്ല.
കോട്ടയം പിറവം റോഡ് റയിൽവെ സ്റ്റേഷനു സമീപം റയിൽവെ വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണിക്കിടെ രണ്ടു ജീവനക്കാർക്ക് ഷോക്കേറ്റു. എറണാകുളം സെക്ഷനിലെ ജീവനക്കാരായ മഹേഷ്കുമാർ, സാബിറാ ബീഗം എന്നിവർക്കാണ് പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ മഹേഷ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
വെള്ളൂരിന് സമീപം ഇരുമ്പയം കല്ലിങ്കലിൽ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. ട്രാക്കിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനിലെ തകരാർ പരിഹരിക്കുന്നതിനിടെയാണ് ജീവനക്കാർക്ക് ഷോക്കേറ്റത്. അപകടം. ഏണിയിൽ കയറി നിന്നിരുന്ന മഹേഷ്കുമാർ ഷോക്കേറ്റ് തെറിച്ചു വീണു. മഹേഷ് കുമാറിന്റെ ദേഹമാസകലം പൊള്ളലേറ്റു.
സാബിറയുടെ കൈക്കാണ് പൊള്ളലേറ്റത്. അപകടം നടക്കുന്ന സമയം ഒരു ലൈനിലെ വൈദ്യുതി വിച്ഛേദിക്കാതിരുന്നതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് സൂചന. ഇരുവരെയും ആദ്യം വൈക്കത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്കും മാറ്റി. മഹേഷ് കുമാറിന് അറുപത് ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തെ കുറിച്ച് റയിൽവെ അന്വേഷണം ആരംഭിച്ചു.