കോഴിക്കോട് കൂടത്തായി കൂട്ടമരണത്തില്‍ കൊലപാതക സാധ്യത തള്ളാതെ റൂറല്‍ എസ്പി. എല്ലാവരും മരണത്തിന് മുന്‍പ് ഒരേപോലുള്ള ഭക്ഷണം കഴിച്ചിരുന്നു. കൃത്യമായ തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടുണ്ട് ശാസ്ത്രീയഫലങ്ങള്‍ അന്വേഷണത്തെ കൂടുതല്‍ സഹായിക്കുമെന്നും എസ്പി കെ.ജി. സൈമണ്‍ പറഞ്ഞു.
കല്ലറകള്‍ തുറന്നു പരിശോധന നടത്തിയ ശേഷമാണ് പൊലീസ് ഇക്കാര്യം സൂചിപ്പിച്ചത്. മരിച്ച റോയിയുടെ ശരീരത്തില്‍ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. തുടര്‍ന്നു നടന്ന അന്വേഷണമാണ് സമാനമായി മരിച്ച മറ്റ് ആറു പേരിലേക്കും അന്വേഷണം എത്തിച്ചത്.
ഭക്ഷണത്തിലൂടെ വിഷം അകത്തുചെന്നതാണോ മരണകാരണമെന്ന് പരിശോധിക്കാനാണ് കല്ലറകള്‍ തുറന്ന് മൃതദേഹാവശിഷ്ടങ്ങള്‍ ശേഖരിച്ചത്. ഇതിന്റെ ഫോറന്‍സിക് പരിശോധനാഫലം വരുന്നതോടെ കൂടുതല്‍ വ്യക്തത വരുമെന്നും പൊലീസ് പറഞ്ഞു. മരണം നടന്ന ആറിടത്തും ഒരേ വ്യക്തിയുടെ സാന്നിധ്യമുണ്ടായിരുന്നതായി സൂചനയുണ്ട്. ഇതേക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്.
ആറുപേരുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് കോടഞ്ചേരി സെന്റ് മേരീസ് ഫറോന പള്ളിയിലെയും കൂടത്തായി ലൂര്‍ദ് മാതാ പള്ളിയിലെയും കല്ലറകളാണ് ഇന്ന് തുറന്നു പരിശോധിച്ചത്. സിലിയുടെയും രണ്ടുവയസ്സു പ്രായമുള്ള കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ അടക്കിയ കല്ലറയാണ് ആദ്യം തുറന്നത്. പൊലീസും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. ആറു മരണങ്ങളില്‍ ഏറ്റവും അവസാനം നടന്ന മരണങ്ങളായതുകൊണ്ടാണ് ഇവരുടെ കല്ലറകള്‍ ആദ്യം തുറന്നതെന്ന് അന്വേഷണ സംഘം അറിയിച്ചു. കൂടത്തായി ലൂര്‍ദ് മാതാ പള്ളിയില്‍ നാലുപേരുടെ മൃതദേഹം സംസ്‌കരിച്ച രണ്ടുകല്ലറകളും തുറന്ന് പരിശോധിച്ചു.’
വര്‍ഷങ്ങളുടെ ഇടവേളയില്‍ നടന്ന മരണങ്ങളില്‍ സംശയം പ്രകടിപ്പിച്ച് ക്രൈംബ്രാഞ്ചിന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ (57), മകന്‍ റോയി തോമസ് (40), ബന്ധുവായ യുവതി സിലി, സിലിയുടെ മകള്‍ അല്‍ഫോന്‍സ( 2), അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ (68), എന്നിവരുടെ മൃതദേഹങ്ങളാണ് പുറത്തെടുത്ത്.
2002 ലാണ് അന്നമ്മയുടെ മരണം. ടോം തോമസ് 2008ലും റോയി 2011ലും മാത്യു 2014ലുമാണ് മരിച്ചത്. പിന്നീട് സിലിയുടെ കുട്ടിയും തുടര്‍ന്ന് 2016ല്‍ സിലിയും മരിച്ചു. മരിച്ച റോയിയുടെ ഭാര്യയുടെ രണ്ടാം ഭര്‍ത്താവായ ഷാജുവിന്റെ ആദ്യഭാര്യയായിരുന്നു സിലി. കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്ത ചിലര്‍ കര്‍ശന നിരീക്ഷണത്തിലാണ്. ഒരു പ്രാദേശിക നേതാവും ഇതില്‍ ഉള്‍പ്പെടും. പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെട്ട് കുഴഞ്ഞു വീണായിരുന്നു മിക്കവരുടെയും മരണം.
ടോം തോമസിന്റെ സ്വത്തുക്കള്‍ വ്യാജ ഒസ്യത്തിന്റെ സഹായത്തോടെ നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് മരണം സംബന്ധിച്ച സംശയങ്ങള്‍ ഉണ്ടായത്. തുടര്‍ന്നാണ് അമേരിക്കയിലുള്ള ഇവരുടെ മകന്‍ റോജോ പരാതി നല്‍കിയത്. റോയിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ വിഷം ഉള്ളില്‍ ചെന്നതായി കണ്ടെത്തിയിരുന്നു.
കൂടത്തായി തുടര്‍മരണങ്ങളില്‍ നിര്‍ണായക കണ്ടെത്തല്‍. മരിച്ച ആറു പേരും മരണത്തിനുമുന്‍പ് ആട്ടിന്‍സൂപ്പ് കഴിച്ചിരുന്നു. ആട്ടിന്‍സൂപ്പ് കഴിച്ചതിനുപിന്നാലെ ഛര്‍ദിച്ച് കുഴഞ്ഞുവീണാണ് മരണങ്ങള്‍. മരിച്ച റോയ് തോമസിന്റെ ശരീരത്തില്‍ സയനൈഡിന്റെ അംശമുണ്ടായിരുന്നു. 2002 മുതൽ 2016 വരെ പൊന്നാമറ്റം കുടുംബത്തിലുണ്ടായ മരണത്തിൽ ബന്ധുവിന്റെ പരാതിയെത്തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം. കല്ലറകള്‍ തുറന്ന് അന്വേഷണസംഘം ശരീരാവശിഷ്ടങ്ങള്‍ ശേഖരിച്ച് തുടങ്ങിയത് ഇന്ന് രാവിലെയാണ്.
10 മണിയോടെ എസ്.പിയും സംഘവുമെത്തി. ഫൊറൻസിക് വിദഗ്‌ധരും ഡോക്ടർമാരുൾപ്പെടെയുള്ള സംഘം കല്ലറകൾ തുറന്നു. ഒരു മണിക്കൂറിനുള്ളിൽ രണ്ടു പേരുടെയും ദ്രവിച്ചു പോകാത്ത ശരീര ഭാഗങ്ങൾ ശേഖരിച്ചു. ഷാജുവിന്റെ ഭാര്യ സിലി, പത്ത് മാസം പ്രായമായ മകൾ എന്നിവരുടെ മൃതദേഹ അവശിഷ്ടങ്ങളാണ് പുറത്തെടുത്തത്.
പതിനൊന്ന് നാൽപതോടെ ക്രൈംബ്രാഞ്ച് സംഘം കൂടത്തായി ലൂർദ് മാതാ പള്ളിയിലെത്തി. രണ്ട് കല്ലറകളാണ് തുറന്നത്. പൊന്നാമറ്റത്തിൽ അന്നമ്മ, അന്നമ്മയുടെ ഭർത്താവ് ടോം തോമസ്, മകൻ റോയ് എന്നിവരെ സംസ്കരിച്ചിട്ടുള്ള കല്ലറയാണ് ആദ്യം തുറന്നത്. പിന്നാലെ അന്നമ്മയുടെ സഹോദരൻ മഞ്ചാടിയിൽ മാത്യുവിനെ സംസ്കരിച്ചിട്ടുള്ള കല്ലറയും തുറന്ന് ശരീരാവശിഷ്ടങ്ങൾ ശേഖരിച്ചു. മരിച്ചവരുടെ ബന്ധുക്കളും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു നടപടി. ശാസ്ത്രീയ പരിശോധന ഫലം വരുന്നതോടെ ദുരൂഹ മരണത്തിന് വ്യക്തതയുണ്ടാകുമെന്നാണ് വിലയിരുത്തൽ. പ്രധാന തെളിവുകൾ ഇതിനകം ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചതായും ഉദ്യോഗസ്ഥർ പറയുന്നു.
ആരോഗ്യ നില വഷളായതിനെതുടർന്നു തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആർച്ചു ബിഷപ്പ് ഡോ :സൂസൻ പാക്യത്തിനെ അതി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.വിദഗ്ധ ഡോക്ടർമാരുടെ നാല്പത്തിയെട്ടു മണിക്കൂർ നിരീക്ഷണത്തിലാണ് അദ്ദേഹമെന്ന് ആശുപത്രി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. കഴിഞ്ഞ മാസത്തെ റോം സന്നർശനത്തെ തുടർന്ന് മടങ്ങി എത്തിയ ശേഷം പനിബാധയെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയിയിരുന്നു.
ഡോ. സൂസപാക്യത്തിന്റെ ആരോഗ്യത്തിനായി ഏവരും പ്രാർഥിക്കണമെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആഹ്വാനം ചെയ്തു. രോഗബാധിതനായി ആശുപത്രിയിൽ കഴിയുന്ന അദ്ദേഹത്തിനുവേണ്ടി ഇപ്പോൾ റോമിലായിരിക്കുന്ന സീറോ മലബാർ ബിഷപ്പുമാർ പ്രത്യേകം പ്രാർഥിച്ചു. ഡോ. സൂസപാക്യത്തിന്റെ അസ്വാസ്ഥ്യത്തെക്കുറിച്ച് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഫ്രാൻസിസ് മാർപാപ്പയെ അറിയിക്കുകയും പാപ്പായുടെ പ്രത്യേക ആശീർവാദം നേടുകയും ചെയ്തു.
ന്യൂഡൽഹി: കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി നൽകാമെന്നു പറഞ്ഞ് നിയുക്ത പാലാ എംഎൽഎ മാണി സി. കാപ്പൻ 3.5 കോടി തട്ടിയെടുത്തെന്ന് മലയാളി വ്യവസായി ദിനേശ് മേനോൻ. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായോ മകനുമായോ യാതൊരു പണമിടപാടുമില്ലെന്നും ദിനേശ് മേനോൻ മാധ്യമങ്ങളെ അറിയിച്ചു. കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരിക്കായി മലയാളി വ്യവസായി ദിനേശ് മേനോൻ കോടിയേരി ബാലകൃഷ്ണനു പണം നൽകിയെന്ന ഷിബു ബേബി ജോണിന്റെ ആരോപണത്തെ കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരിക്കായി അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനെ കണ്ടിരുന്നതായി ദിനേശ് മേനോൻ വ്യക്തമാക്കി. മാണി സി. കാപ്പനാണ് അദ്ദേഹത്തിന്റെ വസതിയിൽ കൊണ്ടുപോയത്. 16 ശതമാനം ഓഹരി നൽകാമെന്നായിരുന്നു വാഗ്ദാനം. 225 കോടി രൂപയായിരുന്നു ഓഹരി വില. കണ്ണൂർ വിമാനത്താവളത്തിന്റെ യോഗത്തിനായി തിരുവനന്തപുരത്ത് പോവുകയും ചെയ്തിരുന്നു. കോടിയേരിയെ അന്നു കണ്ടതിനു ശേഷം പിന്നീട് കണ്ടിട്ടില്ല. കാപ്പന്റെ മൊഴിയെ കുറിച്ച് കാപ്പനോടു ചോദിക്കണമെന്നും അദ്ദേഹം മറുപടി നൽകി.
വിമാനത്താവളത്തിൽ ഓഹരി നൽകാമെന്നു പറഞ്ഞ് മാണി സി. കാപ്പൻ പണം വാങ്ങി ചതിച്ചതിനു താനാണ് സിബിഐയിൽ പരാതി നൽകിയത്. തന്ന ചെക്കുകളെല്ലാം മടങ്ങി. ബാങ്കിൽ 75 ലക്ഷത്തോളം രൂപയ്ക്ക് പണയം വച്ച കുമരകത്തെ സ്ഥലമാണ് തനിക്കു തരാമെന്നാണ് പിന്നീട് പറഞ്ഞത്. പണം തിരിച്ചു കിട്ടാനായി താൻ എൻസിപി നേതാക്കളുമായി ബന്ധപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി: നവരാത്രി ആഘോഷങ്ങൾക്കിടെ തലസ്ഥാനത്ത് അക്രമണത്തിനു പദ്ധതിയിട്ട് നാലു ജയ്ഷെ ഭീകരർ നുഴഞ്ഞു കയറിയെന്ന വിവരത്തെത്തുടർന്ന് ഡൽഹിയിൽ കനത്ത ജാഗ്രത. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളിൽ എല്ലാംതന്നെ കർശന സുരക്ഷ ഏർപ്പെടുത്തി. ഡൽഹി പോലീസിന്റെ സ്പെഷൽ സെല്ലിനാണ് ഭീകരരുടെ കടന്നു കയറ്റത്തെക്കുറിച്ച് വിവരം ലഭിച്ചതെന്നാണ് ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നത്. അത്യാപത്കരമായ ആയുധധാരികളാണ് നാലു ഭീകരരുമെന്നാണു വിവരം.
സുരക്ഷാ ഭീഷണി സംബന്ധിച്ച് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ചേർന്ന യോഗത്തിൽ ചർച്ച നടന്നു. ജമ്മു കാഷ്മീരിന്റെ പ്രത്യേക സംസ്ഥാന പദവി എടുത്തു നീക്കിയതിൽ പ്രതികാരം ചെയ്യുമെന്നു ചൂണ്ടിക്കാട്ടി ഹിന്ദിയിൽ എഴുതിയ കത്തു ലഭിച്ചതോടെയാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.
ഹരിയാന അസംബ്ലി തെരഞ്ഞെടുപ്പിൽ 70 സീറ്റുകളിലെങ്കിലും വിജയിക്കണമെന്നാണ് ബിജെപിയുടെ ലക്ഷ്യം. ഇതിനായി തങ്ങളുടെ പക്ഷത്തിന് ഗ്ലാമർ കൂട്ടുവാനും യുവാക്കളെ ആകർഷിക്കുവാനുമായി ഒരു ടിക്‌ടോക് താരത്തെയാണ് ബിജെപി രംഗത്തിറക്കുന്നത്. ആകെ 90 സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ ആദംപൂർ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ കുൽദീപ് ബിഷ്ണോയിക്കെതിരെ ടിൿടോക് തരംഗവും ടിവി താരവുമായ സോണാലി സിങ് ബിഷ്ണോയി താമര ചിഹ്നത്തിൽ മത്സരിക്കും.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർത്ഥിക്ക് ഇതേ മൺലത്തിൽ വെറും 6.9 ശതമാനം വോട്ട് മാത്രമാണ് നേടാൻ കഴിഞ്ഞിരുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നത് കുൽദീപ് ബിഷ്ണോയ് തന്നെയായിരുന്നു. ഇദ്ദേഹം 47.1 ശതമാനം വോട്ട് നേടുകയുണ്ടായി. ഇതിന് തന്ത്രപൂർവ്വം തുളയിടുകയാണ് ബിജെപി ലക്ഷ്യം വെക്കുന്നത്.
ബിഷ്ണോയ് ഹരിയാന ജൻഹിത് കോൺഗ്രസ് എന്ന പാർട്ടിയിലാണ് അന്ന് മത്സരിച്ചത്. ഈ പാർട്ടി 2016ൽ കോൺഗ്രസ്സുമായി ലയിക്കുകയുണ്ടായി. ബിഷ്ണോയി കഴിഞ്ഞതവണ മത്സരിച്ചപ്പോൾ എതിരാളികളിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുമുണ്ടായിരുന്നു. അന്ന് 8.47 ശതമാനം വോട്ടാണ് കോൺഗ്രസ് സ്ഥാനാർത്ഥി നേടിയത്. ഈ കണക്കുകൾ പ്രകാരം കോൺഗ്രസ്സിന് എളുപ്പത്തിൽ ജയിക്കാവുന്ന മണ്ഡലമാണ് ആദംപൂർ.
ഒരു നടിയാകാൻ കൊതിച്ചാണ് സോണാലി തന്റെ ടെലിവിഷൻ കരിയർ തുടങ്ങുന്നത്. ദൂരദർശനിൽ അവതാരകയായി കുറെക്കാലം ജോലി ചെയ്തു. പിന്നീട് സീ ടിവിയിലെ അമ്മ സീരിയലിലൂടെ പ്രശസ്തി നേടി. ഇന്ത്യ പാക് വിഭജനമായിരുന്നു സീരിയലിന്റെ വിഷയം.
സോഷ്യൽ മീഡിയയിലും ഇവർ താരമാണ്. ടിക്ടോക്കിലൂടെയാണ് സോണാലി കൂടുതൽ ജനപ്രീതി നേടിയത്. ബിജെപിയുടെ മഹിളാ മോർച്ച ദേശീയ വൈസ് പ്രസിഡണ്ട് കൂടിയാണിവർ. ബിജെപി ദേശീയ എക്സിക്യുട്ടീവ് കമ്മറ്റിയിലും അംഗമാണ്.
ഹൈദരാബാദ് നൈസാമിന്റെ നിക്ഷേപമായിരുന്ന 306 കോടി ഇന്ത്യയിലെത്തിയത്കൊണ്ടും കാര്യങ്ങൾ കഴിഞ്ഞില്ല. ഇനി ഈ തുക വീതിക്കലാണ് അടുത്ത കടമ്പ, അതും 120 അനന്തരാവകാശികൾക്കായി! ഇക്കഴിഞ്ഞ ദിവസമാണ് ഇന്ത്യാവിഭജനത്തിനുശേഷം 1948 സെപ്തംബറിൽ നൈസാം മിർ ഉസ്മാൻ അലി ഖാൻ ലണ്ടനിലെ ബാങ്കിൽ നിക്ഷേപിച്ച പത്തുലക്ഷത്തിലധികം പൗണ്ട് തങ്ങളുടേതാണെന്ന പാകിസ്ഥാന്റെ അവകാശവാദം ബ്രിട്ടീഷ് ഹൈക്കോടതി തള്ളിയത്. മാത്രമല്ല, ഇന്ത്യയ്ക്കും നൈസാമിന്റെ പിൻഗാമികൾക്കുമായി തുക നൽകണമെന്ന് അനുകൂല വിധിയും വന്നു.
ഇന്ത്യൻ സർക്കാർ, ‘നിസാം എസ്റ്റേറ്റിന്റെ’ പ്രതിനിധികളായ മുഖരം ഝാ, മുഫാഖം ഝാ, നിസാമിന്റെ കൊച്ചുമക്കൾ, എസ്റ്റേറ്റിന്റെ ഭാഗമായ മറ്റു 120 പേർ എന്നിവർക്കായി സ്വത്ത് വീതിക്കുമെന്നു നിസാമിന്റെ കുടുംബവൃത്തങ്ങൾ അറിയിച്ചു. രാജകുടുംബമായി അടുത്ത ബന്ധമുള്ള കുറച്ചു പേരൊഴികെയുള്ളവർ കഷ്ടതയിലാണു ജീവിക്കുന്നത്. ഇവർക്കും വലിയ അനുഗ്രഹമായി കോടതിവിധി. കേസിൽ കക്ഷി ചേർന്നിട്ടുള്ളവർക്കു മാത്രമാണു സ്വത്തിൽ അർഹതയുണ്ടാവുക. കേന്ദ്ര സർക്കാരുമായി നിസാമിന്റെ കുടുംബ പ്രതിനിധികൾ ചർച്ച നടത്തുകയും എങ്ങനെയാണു തുക വീതിച്ചെടുക്കുക എന്നതു സംബന്ധിച്ചു സമവായത്തിലെത്തി യു.കെ കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുമെന്നാണു റിപ്പോർട്ട്.
-‘ഹൈദരാബാദ് ഫണ്ട്’പണത്തിന്റെ മൂല്യത്തേക്കാൾ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അഭിമാന പ്രശ്നമായാണു ‘ഹൈദരാബാദ് ഫണ്ട്’ എന്ന് അറിയപ്പെടുന്ന നിസാമിന്റെ സ്വത്തുമായി ബന്ധപ്പെട്ട തർക്കത്തെ ഇരുരാജ്യവും കണ്ടിരുന്നത്. അതേസമയം, കോടതിവിധിക്കെതിരെ പാക്കിസ്ഥാൻ അപ്പീൽ നൽകിയാൽ നിയമയുദ്ധം നീളുകയും പണം ബാങ്കിൽ തുടരുകയും ചെയ്യും.
നെല്ലായ പേങ്ങാട്ടിരി കാട്ടുകുളത്ത് ഭാര്യയെ വെട്ടേറ്ര് മരിച്ച നിലയിലും ഭർത്താവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. വടക്കാഞ്ചേരി ഓട്ടുപാറ പുന്നാംപറമ്പിൽ രാജന്റെ മകൾ രജുഷ (23)യെയാണ് വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ വെട്ടേറ്ര് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ഭർത്താവ് മണ്ണാർക്കാട് ചങ്ങലീരി താഴത്തേ പുത്തൻവീട്ടിൽ ചാമിയുടെ മകൻ സന്തോഷിനെ (33) വീട്ടിൽനിന്ന് ഒരുകിലോമീറ്റർ മാറി മുണ്ടനാംകുർശിയിൽ ആളൊഴിഞ്ഞ സ്ഥലത്ത് മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സന്തോഷിന്റെ ബൈക്കും സമീപത്തുണ്ടായിരുന്നു. രജുഷയെ കൊലപ്പെടുത്തിയ ശേഷം സന്തോഷ് ബെക്കിൽ ഇവിടെയെത്തി ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സന്തോഷിന്റെ വസ്‌ത്രത്തിൽ രക്തക്കറ പുരണ്ടിട്ടുണ്ടായിരുന്നു. രജുഷയുടെ മൃതദേഹത്തിനടുത്തു നിന്നും മണം പിടിച്ച് പൊലീസ് നായ ഓടിയെത്തിയത് സന്തോഷ് തൂങ്ങിമരിച്ച സ്ഥലത്തായിരുന്നു. ഈ രണ്ട് കാരണങ്ങൾ കൊണ്ടാണ് രജുഷയെ കൊലപ്പെടുത്തിയത് സന്തോഷാണെന്ന നിലപാടിൽ പൊലീസെത്താൻ കാരണം.
ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം.ഒരുവർഷമായി ഇരുവരും ഇവിടെ വാടകയ്ക്കു താമസിച്ചുവരികയായിരുന്നു. കഴിഞ്ഞ നാലുദിവസമായി ഇവർ വീട്ടിലില്ലായിരുന്നു. ഇന്നലെ രാവിലെ പത്തോടെയാണ് തിരിച്ചെത്തിയത്. ഇതിന് ശേഷമാണ് കൊലപാതകം നടന്നതെന്നും നാട്ടുകാർ പറയുന്നു.കഴുത്തിനും കൈക്കുമാണ് രജുഷയ്ക്ക് വെട്ടേറ്റിട്ടുള്ളത്. കൊടുവാളുകൊണ്ടാണ് രജുഷയെ വെട്ടിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ആയുധം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഷൊർണൂർ ഡിവൈ.എസ്.പി എം.പി.മുരളീധരൻ, ചെർപ്പുളശ്ശേരി സി.ഐ പി.പ്രമോദ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരുമെത്തി തെളിവുകൾ ശേഖരിച്ചു. കുടുംബ കലഹമാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. നിർമ്മാണ തൊഴിലാളിയാണ് സന്തോഷ്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജിയായ ജസ്റ്റിസ് എസ്. മണികുമാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. നിലവിലെ ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയിക്ക് സുപ്രീം കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച സാഹചര്യത്തിലാണ് ജ.മണികുമാറിനെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കുന്നത്.
മുമ്പ് അസിസ്റ്റൻറ് സോളിസിറ്റർ ജനറലായി പ്രവർത്തിട്ടുള്ള ജസ്റ്റിസ് മണികുമാർ 2006ലാണ് മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്ജിയായത്. കേരളത്തെക്കൂടാതെ ഗുജറാത്ത് ഹൈക്കോടതി (ജസ്റ്റിസ് വിക്രം നാഥ്), ആന്ധ്രാപ്രദേശ് ഹൈക്കോടതി (ജസ്റ്റിസ് ജെ. കെ മഹേശ്വരി ), ഗുവാഹത്തി ഹൈക്കോടതി (ജസ്റ്റിസ് അജയ് ലാംബ ),പഞ്ചാബ് & ഹരിയാന ഹൈക്കോടതി (ജസ്റ്റിസ് രവിശങ്കർ ഝാ), ഹിമാചൽ പ്രദേശ് ഹൈക്കോടതി (ജസ്റ്റിസ് എൽ നാരായണ സ്വാമി), രാജസ്ഥാൻ ഹൈക്കോടതി (ജസ്റ്റിസ് ഇന്ദർജീത് മൊഹന്തി), സിക്കിം ഹൈക്കോടതി (ജസ്റ്റിസ് അരൂപ് കുമാർ ഗോസ്വാമി) എന്നീ ഹൈക്കോടതികളിലും ചീഫ് ജസ്റ്റിസുമാരെ നിയമിച്ചിട്ടുണ്ട്.
യുവനാടന്‍പാട്ട് ഗായിക സുഷമ നേക്പുര്‍(25) സ്വന്തം ഫ്‌ളാറ്റിന് മുന്നില്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ഗ്രേറ്റര്‍ നോയ്ഡയിലെ മിത്ര സൊസൈറ്റിക്ക് സമീപം ഒക്ടോബര്‍ ഒന്നിന് രാത്രി എട്ടരയോടെയാണ് അജ്ഞാതര്‍ ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്തത്.
ബുലന്ദ്ശഹര്‍ ജില്ലയില്‍ നടന്ന സംഗീതപരിപാടിയില്‍ പങ്കെടുത്ത ശേഷം വീട്ടില്‍ മടങ്ങിയെത്തിയതായിരുന്നു അവര്‍. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാല് വെടിയുണ്ടകള്‍ ദേഹത്ത് തറച്ചുകയറിയതായി പോലീസ് അറിയിച്ചു.
രാഗിണി എന്ന വിഭാഗത്തിലെ നാടന്‍ പാട്ടുകളാണ് ഇവര്‍ അവതരിപ്പിക്കുന്നത്. 2014ല്‍ വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷം മറ്റൊരാള്‍ക്കൊപ്പമാണ് താമസം. കഴിഞ്ഞ ഓഗസ്റ്റ് 19ന് ബുലന്ദ്ശഹറിലെ മെഹ്‌സാനയിലെ സംഗീത പരിപാടിക്കിടയിലും ഇവര്‍ക്ക് നേരെ വധശ്രമമുണ്ടായിരുന്നു. അന്ന് ഇവര്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. ഇതിന്റെ നടപടികള്‍ക്കായി ഒക്ടോബര്‍ ഒന്നിനും ഇവര്‍ ബുലന്ദ്ശഹറിലെത്തിയിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഗൗതം ബുദ്ധ് നഗര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് വൈഭവ് കൃഷ്ണ അറിയിച്ചു.
സമീപകാലത്തായി ഡല്‍ഹിയില്‍ അക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. ക്രിമിനല്‍ സംഘങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ പോലീസ് പരാജയപ്പെട്ടെന്ന ആരോപണം ശക്തമായതോടെ പോലീസ് മുഖം സംരക്ഷിക്കാന്‍ നടപടി ആരംഭിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചക്കിടെ 5,933 ക്രിമിനലുകളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.