ചൊവ്വന്നൂരിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ കണ്ടെത്തിയ യുവാവിന്റെ കൊലപാതകത്തിന് പിന്നാലെ പ്രതിയായ സണ്ണി (61)യെ പോലീസ് പിടികൂടി. തമിഴ്‌നാട് സ്വദേശിയാണെന്ന് കരുതുന്ന കൊല്ലപ്പെട്ടയാളെ സണ്ണി സ്വവര്‍ഗരതി ഇടപാടിനിടെയാണ് കൊലപ്പെടുത്തിയതെന്നാണ് അന്വേഷണത്തിന്റെ നിഗമനം.
ഞായറാഴ്ച വൈകിട്ട് മുറിയില്‍നിന്ന് പുക ഉയരുന്നതുകണ്ട് നാട്ടുകാര്‍ ഉടമയെ അറിയിച്ചു. വാതില്‍ പൊളിച്ചപ്പോള്‍ കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി, വസ്ത്രങ്ങളില്ലാതെ കിടന്ന മൃതദേഹത്തില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു.
ഫ്രൈയിങ് പാന്‍ ഉപയോഗിച്ച് തലയില്‍ അടിച്ചതിനുശേഷം കത്തി കൊണ്ട് കുത്തുകയും പിന്നീട് മൃതദേഹം കത്തിക്കുകയുമായിരുന്നു. നേരത്തെയും രണ്ട് കൊലപാതകക്കേസുകളില്‍ പ്രതിയായിരുന്ന സണ്ണി, തൃശൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരനാണ്.
കുമ്പള: യുവ അഭിഭാഷക സി. രഞ്ജിതയുടെ (30) മരണവുമായി ബന്ധപ്പെട്ട കേസിൽ സുഹൃത്തായ അഭിഭാഷകനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹത്തെ ഞായറാഴ്ച രാത്രിയോടെ കുമ്പള പോലീസ് സ്റ്റേഷനിലെത്തിക്കുമെന്ന് അറിയിച്ചു. രഞ്ജിതയെ കഴിഞ്ഞ ചൊവ്വാഴ്ച ഓഫീസ് മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. അന്വേഷണത്തിനിടെ പിടിച്ചെടുത്ത മൊബൈൽ ഫോണിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
പോലീസിന്റെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റു നടപടികളിലേക്ക് കടക്കുമെന്നാണ് വിവരം. യുവ അഭിഭാഷകയുടെ മരണത്തിനു പിന്നാലെ ഇയാൾ നാട്ടിലേക്ക് രക്ഷപ്പെട്ടതും, സുഹൃത്തിന്റെ മൃതദേഹം കാണാനോ അന്തിമോപചാരമർപ്പിക്കാനോ എത്തിയില്ലെന്നതും സംശയങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട ദുരൂഹതകൾ പുറത്തുകൊണ്ടുവരാൻ സിപിഎം കുമ്പള ലോക്കൽ കമ്മിറ്റി സമഗ്ര അന്വേഷണം ആവശ്യപ്പെട്ടിരുന്നു. രഞ്ജിത സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ വില്ലേജ് സെക്രട്ടറിയും ഡിവൈഎഫ്ഐ മേഖലാപ്രസിഡന്റുമായിരുന്നു.
ദില്ലി ∙ സി.എം.ആർ.എൽ– എക്സാലോജിക് ഇടപാടിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് എം.എൽ.എ മാത്യു കുഴൽനാടൻ സുപ്രീംകോടതിയെ സമീപിച്ചു. അന്വേഷണ ആവശ്യം തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീൽ സമർപ്പിച്ചത്. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനം എക്സാലോജിക്കും കൊച്ചിയിലെ കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലും തമ്മിൽ വൻതോതിൽ സാമ്പത്തിക ഇടപാടുകൾ നടന്നതായി കുഴൽനാടൻ ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ മകൾ എന്ന സ്ഥാനം ഉപയോഗിച്ചാണ് കമ്പനി മാസപ്പടി വാങ്ങിയതെന്നും ഇത് വിജിലൻസ് അന്വേഷണത്തിന്‍റെ പരിധിയിൽ വരുന്നതാണെന്നും അദ്ദേഹം വാദിക്കുന്നു.
ഇതേ വിഷയത്തിൽ നേരത്തെ തിരുവനന്തപുരം വിജിലൻസ് കോടതി നൽകിയ പരാതി ഹൈക്കോടതിയും തള്ളിയിരുന്നു. അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കേണ്ട കുറ്റകൃത്യം ഹർജിയിലോ രേഖകളിലോ തെളിയുന്നില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. അതിനെതിരെ നിയമനടപടി തുടരാനാണ് എം.എൽ.എയുടെ തീരുമാനം.
2024 ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയ സമിതിയുടെ ചെയർമാനായി നടനും സംവിധായകനുമായ പ്രകാശ് രാജിനെ തെരെഞ്ഞെടുത്തു. സംവിധായകരായ രഞ്ജൻ പ്രമോദ്, ജിബു ജേക്കബ് എന്നിവർ പ്രാഥമിക വിധി നിർണയ സമിതിയിലെ രണ്ടു സബ് കമ്മിറ്റികളുടെ ചെയർമാന്മാരായിരിക്കും.
ഇരുവരും അന്തിമ വിധിനിർണയ സമിതിയിലെ അംഗങ്ങളുമായിരിക്കും. നാളെ രാവിലെ മുതൽ ജൂറി സ്ക്രീനിങ് ആരംഭിക്കും. അന്തിമ വിധിനിർണയ സമിതിയിൽ ഡബ്ബിങ് ആർട്ടിസ്റ്റും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഭാഗ്യലക്ഷ്മി, പിന്നണി ഗായികയും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഗായത്രി അശോകൻ, സൗണ്ട് ഡിസൈനറും സംവിധായകനുമായ നിതിൻ ലൂക്കോസ്, തിരക്കഥാകൃത്തും എഴുത്തുകാരനുമായ സന്തോഷ് ഏച്ചിക്കാനം എന്നിവരും അംഗങ്ങളാണ്.
128 സിനിമകളാണ് അവാർഡിനായി സമർപ്പിക്കപ്പെട്ടിരിക്കുന്നത്.
ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാമർ ഇന്ത്യയിൽ ഒക്ടോബർ 8-9 തീയതികളിൽ ഔദ്യോഗിക സന്ദർശനം നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം നടക്കുന്ന ഈ സന്ദർശനം ബ്രിട്ടൻ-ഇന്ത്യ ബന്ധത്തിനെ പുതിയ ദിശാബോധം നൽകുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു
വ്യാപാരം, സാങ്കേതികവിദ്യ, പ്രതിരോധം, സുരക്ഷ എന്നിവയിൽ ഉഭയകക്ഷി സഹകരണം ശക്തമാക്കുകയാണ് സന്ദർശനത്തിൻ്റെ പ്രധാന ലക്ഷ്യം. മുംബൈയിൽ നടക്കുന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2025-ലും ഇരു പ്രധാനമന്ത്രിമാരും പങ്കെടുത്ത് മുഖ്യ പ്രഭാഷണങ്ങൾ നടത്തും. ഇന്ത്യ ആവശ്യപ്പെടുന്ന ഭീകരവാദത്തിനെതിരായ പോരാട്ടം, ഖാലിസ്ഥാൻ അനുകൂല ഗ്രൂപ്പുകളുടെ സാന്നിധ്യം, സാമ്പത്തിക കുറ്റവാളികളെ കൈമാറ്റം ചെയ്യൽ തുടങ്ങിയ സുരക്ഷാപരമായ വിഷയങ്ങളും ചർച്ചാവിഷയമാകും. ഉഭയകക്ഷി ബന്ധത്തിന് പുതിയ ദിശാബോധം നൽകുന്ന സന്ദർശനകുമെന്നാണ് ഇരു രാജ്യങ്ങളുടേയും പ്രതീക്ഷ.
ഈ സന്ദർശനം ഇന്ത്യ-ബ്രിട്ടൻ ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തുകയും, സാമ്പത്തിക, സാങ്കേതിക, പ്രതിരോധ മേഖലകളിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ഇന്ത്യയുടെ ഭീകരവാദത്തിനെതിരായ പോരാട്ടം, ഖാലിസ്ഥാൻ അനുകൂല ഗ്രൂപ്പുകളുടെ സാന്നിധ്യം, സാമ്പത്തിക കുറ്റവാളികളെ കൈമാറ്റം ചെയ്യൽ തുടങ്ങിയ വിഷയങ്ങളും ചർച്ചാവിഷയമാകും .
തൃശ്ശൂര്‍ പറപ്പൂക്കര മുദ്രത്തിക്കരയില്‍ വാസിക്കുന്ന വിഷ്ണു എന്ന യുവാവ് വാക്കുതര്‍ക്കത്തിനിടയിൽ അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. സംഭവത്തിന് പിന്നാലെ വിഷ്ണു വീടിന്റെ മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് നാട്ടുകാരും പൊലീസും അറിയിച്ചു. പരിക്കേറ്റ അച്ഛനെ സമീപവാസികള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു.
കഴിഞ്ഞ അഞ്ച് ദിവസമായി വീട്ടിലെ മുറിയില്‍ ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന വിഷ്ണു, അച്ഛനും അമ്മയും എത്തിയപ്പോഴാണ് അക്രമം നടന്നത്. പൊലീസ്, അഗ്നിരക്ഷാസേന, നാട്ടുകാര്‍ എന്നിവർ ചേര്‍ന്ന് രണ്ടുമണിക്കൂറോളം നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് വിഷ്ണുവിനെ ബലംപ്രയോഗിച്ച് താഴെയിറക്കിയത്.
ആയോധനകലകള്‍ അഭ്യസിച്ചിരുന്നയാളാണ് വിഷ്ണുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഏതാനും വര്‍ഷങ്ങളായി യുവാവിന് മാനസികപ്രശ്‌നങ്ങളുണ്ടെന്നാണ് വിവരം. അതിനിടെ, യുവാവിന്റെ മുറിയില്‍ ആഭിചാരക്രിയകള്‍ നടത്തിയതിന്റെ സൂചനകളുണ്ടെന്ന് പോലീസ് പറഞ്ഞു.
തിരുവനന്തപുരം ∙ ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ നടൻ മോഹൻലാലിനെ ആദരിക്കുന്ന സംസ്ഥാന സർക്കാർ പരിപാടിയായ മലയാളം വാനോളം, ലാൽസലാം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു. “മോഹൻലാൽ നേടിയ നേട്ടം ഓരോ മലയാളിയുടെയും അഭിമാനമാണ്; ഇത് മലയാളസിനിമയുടെ ചരിത്രത്തിലെ സുവർണ നേട്ടം തന്നെയാണ് എന്ന് മുഖ്യമന്ത്രി പ്രസംഗത്തിൽ പറഞ്ഞു. അരനൂറ്റാണ്ടിലധികമായി മലയാള സിനിമയുടെ മുഖച്ഛായയായി മോഹൻലാൽ നിലകൊള്ളുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോഹൻലാലിലൂടെ മലയാളം വാനോളം ഉയർന്നുവെന്നും, കേരളം ഒന്നടങ്കം ലാൽ സലാം പറയുന്നുവെന്നും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും പരാമർശിച്ചു. കൂടാതെ മോഹൻലാൽ മലയാളത്തിന്റെ ആത്മസ്പന്ദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുവറിലെ അഭിനയം എക്കാലത്തെയും മികച്ചതാണെന്നും, ഒരേ സമയം നല്ല നടനും ജനപ്രീതിയുള്ള താരവുമാണ് മോഹൻലാലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു.
രണ്ട് ദശാബ്ദം മുമ്പ് തനിക്ക് ഫാൽക്കെ പുരസ്കാരം ലഭിക്കുമ്പോൾ ഇതു പോലെ ഒരാഘോഷം ഉണ്ടായിരുന്നില്ലെന്ന് അടൂർ ഗോപലാകൃഷ്ണൻ വേദിയിൽ പറഞ്ഞു. ഇന്നത്തെ ഈ ആഘോഷത്തിൽ അഭിമാനമുണ്ടെന്നും ഓരോ മലയാളിക്കും സ്വന്തം പ്രതിരൂപം മോഹൻലാലിലൂടെ കാണാൻ കഴിയുന്നുവെന്നും അടൂർ കൂട്ടിച്ചേർത്തു.
ബംഗളൂരുവിലെ മാനിപ്പാൽ ആശുപത്രിയിൽ പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോർജ് അന്തരിച്ചു. 97 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ ജോർജ്, 1950-ൽ ‘ദ ഫ്രീ പ്രസ് ജേർണൽ’ പത്രത്തിലൂടെയാണ് മാധ്യമരംഗത്തേക്ക് കടന്നത്. ‘ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട്’, ‘ദ സേർച്‌ലൈറ്റ്’, ‘ഫാർ ഈസ്റ്റേൺ എക്കണോമിക് റിവ്യൂ’ തുടങ്ങിയ പ്രമുഖ മാധ്യമങ്ങളിൽ പ്രവർത്തിച്ച അദ്ദേഹം ഹോങ്കോങ്ങിൽ ആരംഭിച്ച ‘ ഏഷ്യവീക്ക്’ മാസികയുടെ സ്ഥാപക എഡിറ്ററുമായിരുന്നു.
ന്യൂ ഇന്ത്യൻ എക്സ്പ്രസ് പത്രത്തിന്റെ എഡിറ്റോറിയൽ അഡ്വൈസറായി സേവനമനുഷ്ഠിച്ച അദ്ദേഹം 25 വർഷത്തോളം ‘പോയിന്റ് ഓഫ് വ്യൂ’ കോളത്തിലൂടെ സാമൂഹ്യ അനീതികൾ, അഴിമതി, മത അസഹിഷ്ണുത, ജനാധിപത്യ വിരുദ്ധ പ്രവണതകൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവചരിത്രം ഉൾപ്പെടെ നിരവധി ഗ്രന്ഥങ്ങൾ രചിച്ച ജോർജിന് 2011-ൽ ഭാരത സർക്കാർ പത്മഭൂഷൺ പുരസ്കാരം നൽകി ആദരിച്ചു.
ഏറ്റുമാനൂരിലെ കാണക്കാരി രത്നഗിരി പള്ളിക്ക് സമീപം കപ്പടക്കുന്നേൽ വീട്ടിൽ 49 കാരിയായ ജെസി സാം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത് . കൊലപാതകം നടത്തിയതിന് ഭർത്താവ് സാം കെ. ജോർജ് (59) മൈസൂരിൽ നിന്ന് അറസ്റ്റിലായി. ഇയാളോടൊപ്പം ഉണ്ടായിരുന്ന ഇറാനിയൻ യുവതിയും പൊലീസ് കസ്റ്റഡിയിൽ ആണ്. സാമിന് മറ്റു സ്ത്രീകളുമായി ഉള്ള ബന്ധം ജെസി ചോദ്യം ചെയ്തതിനെ തുടർന്നാണ് തർക്കവും കൊലപാതകവും ഉണ്ടായതെന്ന് പോലീസ് പറഞ്ഞു .
ഒരു ഐ.ടി പ്രൊഫഷണലായ സാം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ക്യാമ്പസിൽ ട്രാവൽ ആൻഡ് ടൂറിസം ബിരുദ കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥിയുമാണ്. ഈ കോഴ്സിലെ സഹപാഠിയാണ് ഇറാനിയൻ യുവതിയെന്നും പൊലീസ് വ്യക്തമാക്കി. സെപ്റ്റംബർ 26-ന് രാത്രി, കാണക്കാരിയിലെ വീട്ടിലെ സിറ്റൗട്ടിൽ സാം-ജെസി ദമ്പതികളിൽ വാക്കുതർക്കം ഉണ്ടായപ്പോൾ, സാം കൈയിൽ കരുതിയ മുളക് സ്പ്രേ ജെസിക്കു നേരെ ഉപയോഗിച്ചു. തുടർന്ന് കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി തോർത്ത് ഉപയോഗിച്ച് വായും മൂക്കും മൂടി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു .
കൊലപാതകത്തിന് ശേഷം സാം മൃതദേഹം കാറിന്റെ ഡിക്കിയിൽ കയറ്റി രാത്രി 1 മണിയോടെ ചെപ്പുകുളം വ്യൂ പോയിന്റിലെ കൊക്കയിൽ തള്ളിയ ശേഷം മൈസൂരിലേക്കു രക്ഷപ്പെട്ടു. കൊലപാതകത്തിന് 10 ദിവസം മുമ്പ് ഇയാൾ സ്ഥലത്തെ സ്ഥിതിഗതികൾ മുൻകൂട്ടി പരിശോധിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു . ദമ്പതികൾക്ക് 25, 23 വയസ്സുള്ള രണ്ട് മക്കളും 28 വയസ്സുള്ള ഒരു മകളും ആണ് ഉള്ളത് . എല്ലാവരും വിദേശത്താണ് . അമ്മയെ ഫോൺ വിളിച്ച് കിട്ടാതിരുന്നതിനെ തുടർന്ന് മക്കൾ നൽകിയ പരാതിയിൽ നിന്നാണ് കുറവിലങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചതും ഞെട്ടിക്കുന്ന വിവരണങ്ങൾ പുറത്തു വന്നതും .
ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്ന പരിപാടി ഇന്ന് നടക്കും.. ‘മലയാളം വാനോളം, ലാൽസലാം’ എന്ന് പേരിട്ടിരിക്കുന്ന ചടങ്ങ് വൈകുന്നേരം അഞ്ചു മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിൽ വച്ച് ആരംഭിക്കും. പരിപാടിയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ മോഹൻലാലിനെ ആദരിക്കും. ഇന്ത്യൻ ചലച്ചിത്രരംഗത്തെ പ്രമുഖരും പ്രതിപക്ഷ നേതാവും മന്ത്രിമാരും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.
പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് ക്രമീകരണങ്ങൾ നടത്തിയത്. കൃത്യമായ സുരക്ഷാ നടപടികളും സ്റ്റേഡിയത്തിലെ പന്തൽ ഒരുക്കവും സുരക്ഷാ ടീം ഉറപ്പു വരുത്തിയിട്ടുണ്ട്. സംസ്ഥാന സാംസ്കാരിക മന്ത്രി സജി ചെറിയാൻ, തിരുവനന്തപുരം ജില്ല ചുമതലയുള്ള തൊഴിൽ, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി എന്നിവരും ഒരുക്കങ്ങൾ നിരീക്ഷിച്ചു.
പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണെന്ന് മന്ത്രിമാർ അറിയിച്ചു. ആയിരക്കണക്കിന് ആരാധകർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. പൊലീസ്, ഗതാഗതം, ഫയർ ആൻഡ് സേഫ്റ്റി, നഗരസഭ, ആരോഗ്യം തുടങ്ങിയ വകുപ്പുകളുടെ ഏകോപനത്തിലും പ്രത്യേക പരിശീലനം നേടിയ വോളൻറിയർമാരും സുരക്ഷാ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു.