India

കേരള കോൺഗ്രസിന്‍റെ അടുത്ത ചെയർമാൻ സി എഫ് തോമസ് ആയിരിക്കുമെന്ന് പി ജെ ജോസഫ്. നിയമനടപടികൾ അവസാനിച്ചാലുടൻ പ്രഖ്യാപനമുണ്ടാകും. കൊച്ചിയില്‍ ചേര്‍ന്ന ഉന്നതാധികാര യോഗത്തിന് ശേഷമായിരുന്നു ജോസഫ് അനുകൂലികളുടെ പ്രഖ്യാപനം.

ജോസ് കെ മാണി വിഭാഗത്തെ ഒഴിവാക്കിയായിരുന്നു കൊച്ചിയില്‍ കേരള കോണ്‍ഗ്രസ് ഉന്നതാധികാര യോഗം വിളിച്ച് ചേര്‍ത്തത്. പി ജെ ജോസഫിനെ അനുകൂലിക്കുന്ന 14 പേര്‍ യോഗത്തില്‍ പങ്കെടുത്തു. മാണി വിഭാഗം വിട്ട സി എഫ് തോമസും ജോയി എബ്രാഹവും എത്തിയിരുന്നു. വേറെ പാർട്ടിയായി മാറിയതിനാലാണ് ജോസ് കെ മാണിയെ അനുകൂലിക്കുന്നവരെ ക്ഷണിക്കാത്തതെന്ന് പി ജെ ജോസഫ് പറഞ്ഞു. തെറ്റുതിരുത്തി വന്നാൽ മാത്രമേ ജോസ് കെ മാണിയുമായി യോജിക്കാൻ കഴിയൂവെന്നും പി ജെ ജോസഫ് വ്യക്തമാക്കി.

പാലായിൽ വിജയസാധ്യതയുള്ള സ്ഥാനാർത്ഥിയെ മത്സരിപ്പിക്കും. യു ഡി എഫ് തീരുമാനിക്കുന്ന സ്ഥാനാർത്ഥി ആരായാലും അംഗീകരിക്കും. അത് നിഷ ജോസാണെങ്കിലും എതിർക്കില്ലെന്നും പി ജെ ജോസഫ് പറഞ്ഞു.

പുതിയ ചെയര്‍മാന്‍ സംബന്ധിച്ച് കേസ് നിലനില്‍ക്കുകയാണ്. നിയമപ്രശ്നങ്ങൾ പൂർത്തിയായാലുടൻ പുതിയ ചെയർമാനെ തെരഞ്ഞെടുക്കും. സി എഫ് തോമസ് പുതിയ ചെയർമാനാകുമെന്നും പി ജെ ജോസഫ് പ്രഖ്യാപിച്ചു.
ജോസ് കെ മാണി വിഭാഗം നടത്തിയ കോട്ടയത്ത് ചേർന്ന യോഗം നിയമവിരുദ്ധമാണ്. അത് കോടതി തന്നെ അംഗീകരിക്കുകയും സ്റ്റേ ചെയ്യുകയും ചെയ്തിട്ടുണ്ട്. ജില്ലാ കമ്മിറ്റികളെയും കീ‍ഴ് ഘടകങ്ങളെയും ഒപ്പം നിര്‍ത്തി ശക്തി തെളിയിക്കുമെന്നും പി ജെ ജോസഫ് പറഞ്ഞു.

ബംഗളൂരു: താന്‍ ബിജെപിയില്‍ ചേര്‍ന്നെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ്. കര്‍ണാടക ബിജെപി ഘടകം സംഘടിപ്പിച്ച അംഗത്വ വിതരണ ക്യാംപയിന്‍ വേദിയില്‍ അഞ്ജു ബോബി ജോര്‍ജ് നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. പിന്നാലെ അഞ്ജു വിശദീകരണവുമായി രംഗത്ത് വരികയായിരുന്നു.

”വി മുരളീധരൻ എംപി തന്‍റെ ഫാമിലി ഫ്രണ്ടാണ്. അദ്ദേഹത്തെ കാണാനാണ് പോയത്. അപ്പോൾ വി മുരളീധരൻ പാർട്ടി പരിപാടിയിലായിരുന്നു. എത്തിയപ്പോൾ പാർട്ടിക്കാർ വേദിയിലേക്ക് ക്ഷണിച്ചു. ബിജെപിയുടെ അംഗത്വ വിതരണ ക്യാംപെയ്‍ൻ നടക്കുകയാണെന്ന് പോലും എനിക്കറിയില്ലായിരുന്നു. ഞാൻ ബിജെപിയിൽ ചേർന്നിട്ടില്ല. ബിജെപിയില്‍ ചേർന്നു എന്ന തരത്തിലുള്ള വാർത്തകളെല്ലാം തെറ്റാണ്”. അഞ്ജു ബോബി ജോര്‍ജ് പറഞ്ഞു.

ബിജെപി കർണാടക എന്ന പേജും വാര്‍ത്താ ഏജന്‍സിസായ എഎന്‍ഐയുമാണ് അഞ്ജു ബോബി ജോർജ് ബിജെപിയിൽ ചേർന്നു എന്ന തരത്തിൽ വാർത്ത നല്‍കിയത്. ഇതോടെ സാമൂഹ്യമാധ്യമങ്ങളിലും ചിത്രം പ്രചരിക്കുകയായിരുന്നു.

എറണാകുളം – പാലാ – എഴുമറ്റൂർ റൂട്ടിൽ സർവ്വീസ് നടത്തുകയായിരുന്ന സെന്റ് അൽഫോൺസ ബസ്സിൽ ഡ്രൈവിംഗ് സീറ്റിൽ പൊലീസ് വേഷമിട്ട ഉദ്യോഗസ്ഥനെ കണ്ടവരെല്ലാം ഒന്ന് ഞെട്ടി. ഇതോടെയാണ് ഒരു നാട് മുഴുവൻ പൊലീസിനെന്താ സ്വകാര്യ ബസിന്റെ ഡ്രൈവിങ്സീ​റ്റിൽ കാര്യം എന്നു ചോദിച്ചത്. ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ മരങ്ങാട്ടുപിള്ളി സ്റ്റേഷനിലെ മനു കെ.തോമസ് എന്ന ഉദ്യോഗസ്ഥനും ഹിറ്റ്.

സംഭവം ഇങ്ങനെ;

കഴിഞ്ഞ മാസം 29നാണു സംഭവം. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശമനുസരിച്ച് റോഡിൽ പ്രത്യേക പരിശോധന. മരങ്ങാട്ടുപിള്ളിയിലെ ഉദ്യോഗസ്ഥർ തിരഞ്ഞെടുത്തത് ചെത്തിമറ്റമായിരുന്നു.

എറണാകുളം–പാലാ–എഴുമറ്റൂർ റൂട്ടിൽ സർവീസ് നടത്തുന്ന അൽഫോൻസ ബസ് എത്തിയപ്പോൾ ഡ്രൈവറെ പരിശോധിച്ചു. നിറയെ യാത്രക്കാരുണ്ടായിരുന്ന ബസിലെ ഡ്രൈവർ മദ്യ ലഹരിയിൽ. യാത്രക്കാരുടെ സുരക്ഷ നോക്കാതെ ലഹരിയിലായ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. കിലോമീറ്ററുകൾ സഞ്ചരിക്കാനുള്ള ബസിലെ യാത്രക്കാർ എന്തു ചെയ്യുമെന്ന ചോദ്യം ഉയർന്നപ്പോഴാണ് മനു കെ.തോമസ് ബസ് ഓടിക്കാൻ മുന്നോട്ടുവന്നത്.

ചെത്തിമറ്റം മുതൽ പാലാ കൊട്ടാരമറ്റം സ്റ്റാൻഡ് വരെ സുരക്ഷിതമായി ബസ് ഓടിച്ചു. ഇടയ്ക്ക് യാത്രക്കാരെ ഇറക്കി. കൊട്ടാരമറ്റം സ്റ്റാൻഡിൽ എല്ലാവരെയും ഇറക്കിയ ശേഷം ബസുമായി മരങ്ങാട്ടുപിള്ളി സ്റ്റേഷനിലേക്ക്. ഡ്രൈവിങ് സീറ്റിൽ പൊലീസുകാരനെ കണ്ട നാട്ടുകാർക്ക് വിസ്മയം. ഉഴവൂർ കുന്നുംപുറത്ത് മനു കെ.തോമസ് 2003 ൽ സേനയിൽ ചേരുന്നതിനു മുൻപ് ഡ്രൈവറായിരുന്നു. ലോറിയും ബസും ഓടിച്ചിട്ടുണ്ട്. പൊലീസ് ക്യാംപിലെ ആദ്യ ദിനങ്ങളിൽ ഔദ്യോഗിക വാഹനവും ഓടിച്ചു.

ആര്‍എസ്എസിനേയും മോദിയേയും എതിര്‍ക്കുന്നവരെയെല്ലാം കേസുകളില്‍പ്പെടുത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പട്നയില്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോഡി നല്‍കിയ മാനനഷ്ടക്കേസില്‍ ജാമ്യം നേടിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം നീക്കങ്ങള്‍ കൊണ്ട് തന്റെ പോരാട്ടം തടസപ്പെടുത്താനാവില്ല. ഭരണഘടന സംരക്ഷിക്കാനും ദരിദ്രരുടേയും കര്‍ഷകരുടേയും അവകാശങ്ങള്‍ സംരക്ഷിക്കാനും പോരാട്ടം തുടരുമെന്നും രാഹുല്‍ പറഞ്ഞു. എല്ലാ കള്ളന്മാരുടെ പേരിലും മോദിയുണ്ടെന്ന് തിരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിച്ചതിനാണ് സുശീല്‍ കുമാര്‍ മോഡി രാഹുലിനെതിരെ കോടതിയെ സമീപിച്ചത്.

സൈനികന്റെ ഭാര്യയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കൊല്ലത്ത് ബിജെപി നേതാവിനെതിരെ കേസ്. ബിജെപി കൊല്ലം. ജില്ലാ മുൻ ജനറല്‍ സെക്രട്ടറി നെടുമ്പന ഓമനക്കുട്ടനെതിരെയാണ് കുണ്ടറ പൊലീസ് കേസെടുത്തത്. ബിജെപി അനുഭാവിയായ സൈനികൻ മാസങ്ങൾക്ക് മുൻപ് പാർട്ടിക്ക് നൽകിയ പരാതിയെ തുടര്‍ന്ന് ഓമനക്കുട്ടനെ ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയിരുന്നു.

ബിഎസ്എഫില്‍ ജോലി ചെയ്യുന്ന കൊല്ലം സ്വദേശി സ്ഥലം മാറ്റത്തിനായി രണ്ടു വർഷം മുൻപ് ബിജെപി നേതാവായ നെടുമ്പന ഓമനക്കുട്ടനെ സമീപിച്ചിരുന്നു. അവധി കഴിഞ്ഞ് സൈനികൻ ജോലി സ്ഥലത്തേക്ക് പോയതിനു പിന്നാലെ ഓമനക്കുട്ടൻ , ഭാര്യയെ കുണ്ടറയിലെ ഒരു വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് സൈനികന്റെ പരാതി.

സൈനികൻ നൽകിയ പരാതിയിൽ ബിജെപി ജില്ലാ നേതാവിനെതിരെ ബലാൽസംഘ ശ്രമമുള്‍പ്പെടെ മൂന്നുവകുപ്പുകള്‍ ചുമത്തിയാണ് കുണ്ടറ പൊലീസ് കേസെടുത്തിരിക്കുന്നത്. മാസങ്ങൾക്ക് മുൻപ് ബി ജെ പി സംസ്ഥാന അധ്യക്ഷനടക്കമുള്ളവർക്കും സൈനികൻ പരാതി നൽകിയിരുന്നു. തുടർന്ന് നെടുമ്പന ഓമനക്കുട്ടനെ ജില്ലാ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കുകയും പാർട്ടി അന്വേഷണ കമ്മിഷനെ നിയോഗിക്കുകയും ചെയ്തു.പരാതി കെട്ടിച്ചമച്ചതാണെന്നും നിയമപരമായി നേരിടുമെന്നുമായിരുന്നു നെടുമ്പന ഓമനക്കുട്ടന്റെ പ്രതികരണം.

വീഡിയോ കടപ്പാട് : കൈരളി ന്യൂസ്

റായ്പുർ: 200 നഴ്സിങ് ഒാഫിസർ

റായ്പുരിലെ ഒാൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ നഴ്സിങ് ഒാഫിസറുടെ(സ്റ്റാഫ് നഴ്സ് ഗ്രേഡ് II, ഗ്രൂപ്പ് ബി) 200 ഒഴിവുണ്ട്. ജൂലൈ 21 വരെ ഒാൺലൈനായി അപേക്ഷിക്കാം.

 യോഗ്യത: 

i) ബിഎസ്‌സി(Hons) നഴ്സിങ്/ബിഎസ്‌സി നഴ്സിങ്

അല്ലെങ്കിൽ

i) ബിഎസ്‌സി(പോസ്റ്റ് സർട്ടിഫിക്കറ്റ്)/പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിങ്

ii) ഇന്ത്യൻ നഴ്സിങ് കൗൺസിൽ/സ്റ്റേറ്റ് നഴ്സിങ് കൗൺസിലിൽ നഴ്സസ് ആൻഡ് മിഡ്‌വൈഫായി റജിസ്ട്രേഷൻ.

അല്ലെങ്കിൽ

II

i) ജനറൽ നഴ്സിങ് മിഡ്‌വൈ‌ഫറിയിൽ ഡിപ്ലോമ.

II) ഇന്ത്യൻ നഴ്സിങ് കൗൺസിൽ/സ്റ്റേറ്റ് നഴ്സിങ് കൗൺസിലിൽ നഴ്സസ് ആൻഡ് മിഡ്‌വൈഫായി റജിസ്ട്രേഷൻ.

iii) രണ്ടു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.

പ്രായം: 18–30 വയസ്.

യോഗ്യത, പ്രായം എന്നിവ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കി കണക്കാക്കും. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവു ലഭിക്കും.

ശമ്പളം: 44900–142400 രൂപ.

അപേക്ഷാഫീസ്: 1000രൂപ.. പട്ടികവിഭാഗക്കാർക്ക്: 800 രൂപ, ഭിന്നശേഷിക്കാർക്ക് ഫീസില്ല. ഒാൺലൈനായി ഫീസടയ്ക്കാം

തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ ബേസ്ഡ് പരീക്ഷ മുഖേനയാണു തിരഞ്ഞെടുപ്പ്.

വിശദവിവരങ്ങൾക്ക്: www.aiimsraipur.edu.in

 50 റസിഡന്റ്

റായ്പുരിലെ ഒാൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ 50 ജൂനിയർ റസിഡന്റിന്റെ ഒഴിവുണ്ട്. 11 മാസത്തേക്കാണ് നിയമനം. ജൂലൈ 11ന് എയിംസ് റായ്പുരിൽ ഇന്റർവ്യൂ നടത്തും.

വിശദവിവരങ്ങൾക്ക്: www.aiimsraipur.edu.in

 പട്നയിൽ 69 ഒഴിവ്

പട്നയിലെ ഒാൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസിൽ വിവിധ ഗ്രൂപ്പ് എ, ബി, സി തസ്തികയിയിൽ 69 ഒഴിവുകളുണ്ട്.. ഒാഗസ്റ്റ് 12 വരെ ഒാൺലൈനായി അപേക്ഷിക്കാം.

സീനിയർ മെഡിക്കൽ ഒാഫിസർ ഹോമിയോപ്പതി, മെഡിക്കൽ ഒാഫിസർ ആയുർവേദ, മെഡിക്കൽ ഒാഫിസർ ഹോമിയോപ്പതി, മെഡിക്കൽ ഒാഫിസർ യുനാനി, ലോ ഒാഫിസർ, അസിസ്റ്റന്റ് സ്റ്റോഴ്സ് ഒാഫിസർ, ഇലക്ട്രോകാർഡിയോഗ്രഫ് ടെക്നിക്കൽ അസിസ്റ്റന്റ്, ബയോമെഡിക്കൽ എൻജിനീയർ, ലീഗൽ അസിസ്റ്റന്റ്, ടിബി ആൻഡ് ചെസ്റ്റ് ഡിസീസ് ഹെൽത്ത് അസിസ്റ്റന്റ്, മൾട്ടി റീഹാബിലിറ്റേഷൻ വർക്കർ(ഫിസിയോതെറപ്പിസ്റ്റ്), സിഎസ്എസ്ഡി ടെക്നീഷ്യൻ, ചീഫ് കാഷ്യർ, പിഎസിഎസ് അഡ്മിനിസ്ട്രേറ്റർ, സ്റ്റെനോഗ്രഫർ, കാഷ്യർ, ഡിസെക്‌ഷൻ ഹാൾ അറ്റൻഡന്റ് എന്നീ തസ്തികകളിലാണ് ഒഴിവ്.

കൂടുതൽ വിവരങ്ങൾക്ക്: www.aiimspatna.org

ജോധ്പു‌ർ: 127 അധ്യാപകർ

ജോധ്പു‌രിലെ ഒാൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിന്റെ വിവിധ വിഭാഗങ്ങളിൽ പ്രഫസർ, അഡീഷനൽ പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസറുടെ 127ഒഴിവുകളുണ്ട്. ഔദ്യോഗിക വിജ്ഞാപനമായി കരാർ നിയമനമാണ്. ജൂലൈ 27 വരെ ഒാൺലൈനായി അപേക്ഷിക്കണം.

അനസ്തീസിയോളജി ആൻഡ് ക്രിട്ടിക്കൽ കെയർ, അനാട്ടമി, ബയോകെമിസ്ട്രി, ബേൺസ് ആൻഡ് പ്ലാസ്റ്റിക് സർജറി, കാർഡിയോളജി, കാർഡിയോതൊറാസിക് സർജറി, കമ്യൂണിറ്റി ആൻഡ് ഫാമിലി മെഡിസിൻ,ഡെർമറ്റോളജി, വെനിറോളജി ആൻഡ് ലെപ്രോളജി, ഡയഗ്നോസ്റ്റിക് ആൻഡ് ഇന്റർവെൻഷനൽ റേഡിയോളജി, ഇഎൻടി.ഒാട്ടോലാറിങോളജി, എൻഡോക്രൈനോളജി ആൻഡ് മെറ്റബോലിസം, ഫോറൻസിക് മെഡിസിൻ ആൻഡ് ടോക്‌സിക്കോളജി, ഗ്യാസ്ട്രോഎൻട്രോളജി, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, മെഡിക്കൽ ഒാങ്കോളജി/ഹിമറ്റോളജി, മൈക്രോബയോളജി, നിയോനാറ്റോളജി, നെഫ്രോളജി, ന്യൂറോളജി, ന്യൂറോസർജറി, ന്യൂക്ലിയർ മെഡിസിൻ, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒാർത്തോപീഡിക്സ്, പീഡിയോട്രിക് സർജറി, പീഡിയാട്രിക്സ്, പതോളജി, ഫാർമക്കോളജി, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, ഫിസിയോളജി, സൈക്യാട്രി, പൾമനറി മെഡിസിൻ, റേഡിയോതെറപ്പി, സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി, സർജിക്കൽ ഒാങ്കോളജി, ട്രാൻസ്‌ഫ്യൂഷൻ മെഡിസിൻ ആൻഡ് ബ്ലഡ് ബാങ്ക്, യൂറോളജി, ട്രോമ ആൻഡ് എമർജൻസി എന്നീ വകുപ്പുകളിലാണ് ഒഴിവ്.

വിശദവിവരങ്ങൾക്ക്: www.aiimsjodhpur.edu.in

ഇത്തവണത്തെ ബജറ്റ് പൗരസൗഹൃദപരവും ഭാവിയേക്കുറിച്ച് കരുതലുള്ളതുമാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ധന മന്ത്രി നിര്‍മ്മല സീതാരാമനെ അദ്ദേഹം അഭിനന്ദിച്ചു. 21 നൂറ്റാണ്ടില്‍ ഇന്ത്യയുടെ വികസന വളര്‍ച്ച കുറിക്കുന്ന ബജറ്റാണിത് എന്ന് മോദി അഭിപ്രായപ്പെട്ടു. ഈ ബജറ്റ് രാജ്യത്തെ സമ്പല്‍സമൃദ്ധിയിലേയ്ക്ക് നയിക്കും. ഇത് പാവപ്പെട്ടവര്‍ക്ക് കരുത്ത് പകരും. യുവാക്കള്‍ക്ക് നല്ല ഭാവിയുണ്ടാക്കും – മോദി ലോക്‌സഭയില്‍ അവകാശപ്പെട്ടു. അടുത്ത അഞ്ച് വര്‍ഷം അഞ്ച് ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത് എന്ന് മോദി നേരത്തെ പറഞ്ഞിരുന്നു.

രാജ്യത്തിന്റെ ആദ്യ വനിത ധന മന്ത്രി നിര്‍മ്മല സീതാരാമനെ ഞാന്‍ അഭിനന്ദിക്കുന്നു എന്നാണ് മോദി പറഞ്ഞത്. മുഴുവന്‍ സമയത്തേയ്ക്ക് ആയിരുന്നില്ലെങ്കിലും ഇന്ത്യയുടെ ആദ്യ വനിത ധന മന്ത്രി ഇന്ദിര ഗാന്ധിയാണ്. അതേസമയം ഈ ബജറ്റ് രാജ്യത്തെ സംരംഭങ്ങളെ ശക്തിപ്പെടുത്തുമെന്നും സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നും മോദി അവകാശപ്പെട്ടു. നികുതി ഘടനയെ ലഘൂകരിക്കുന്നതും അടിസ്ഥാന സൗകര്യവികസങ്ങള്‍ ആധുനീകരിക്കുന്നതുമാണ് ബജറ്റ് എന്ന് മോദി അഭിപ്രായപ്പെട്ടു.

ഗതാഗത മേഖലയില്‍ വന്‍ കുതിപ്പ് ലക്ഷ്യമിട്ടാണ് പദ്ധതികള്‍. ഗ്രാമീണ മേഖലയില്‍ ഊന്നല്‍ നല്‍കിയുള്ള പദ്ധതികളും. 2022ഓടെ മുഴുവന്‍ ആളുകള്‍ക്കും വീടു നിര്‍മ്മിച്ചു നല്‍കും.

മൂന്ന് വര്‍ഷത്തിനുള്ളില്‍ 1.95 കോടി പുതിയ വീടുകള്‍

എഫ്ഡിഐ പരിധി ഉയര്‍ത്തും.

എല്ലാവര്‍ക്കും കുടിവെള്ളം എത്തിക്കാനുള്ള പദ്ധതി. അഞ്ച് വര്‍ഷത്തിനുള്ള എല്ല വീടുകളിലും കുടിവെള്ളം ഉറപ്പാക്കും

വൈദ്യുതിയും പാചകവാതകവും ഉറപ്പാക്കും

ബഹിരാകാശ മേഖലയില്‍ കമ്പനി

2025നകം 1.25 ലക്ഷം ലക്ഷം കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കും

മത്സ്യമേഖലയില്‍ ആധുനീകരണം

ഗവേഷണത്തിന് ഊന്നിയുള്ള വിദ്യാഭ്യാസ പരിഷ്‌കരണം

വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ പദ്ധതി, സ്റ്റഡി ഇന്‍ ഇന്ത്യ പദ്ധതി

വൈദ്യുത ഉന്നമനത്തിന് പുതിയ പദ്ധതി, എല്ലാ സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ച് ഒറ്റ ഗ്രിഡ് സംവിധാനം

ചെറുകിട വ്യാപാരികള്‍ക്കും പെന്‍ഷന്‍

ഉജ്വല്‍ പദ്ധതി കൂടുതല്‍ ആളുകളിലേക്കെത്തിക്കും

ഏഴ് കോടി എല്‍പിജി കണക്ഷന്‍ കൂടി നല്‍കും

ഗ്രാമീണ ഡിജിറ്റല്‍ സാക്ഷരത വര്‍ദ്ധിപ്പിക്കും

ജലസ്രോതസ്സുകളുടെ പരിപാലനത്തിന് ജല്‍ജീവന്‍ മിഷന്‍ പദ്ധതി

സോഷ്യല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്

സ്വച്ഛ് ഭാരത് പദ്ധതി വിപുലീകരിക്കും

സാഗര്‍മാല, ഉഡാന്‍, ഭാരത് മാല എന്നീ പദ്ധതികള്‍ വിപലീകരിക്കും

ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ഗാന്ധിപിഡീയ പദ്ധതി

സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ പദ്ധതികള്‍, സ്ത്രീ പങ്കാളിത്തം കൂട്ടും. സ്ത്രീകള്‍ക്ക് നേതൃത്വം നല്‍കുന്ന സംരംഭങ്ങള്‍ക്ക് പ്രത്യേക സഹായം

സ്റ്റാര്‍ട്ട് അപ് കമ്പനികള്‍ക്ക് പ്രത്യേക പരിഗണന

എന്നാൽ ബജറ്റ് പുതിയ കുപ്പിയിലെ പഴയ വീഞ്ഞ് മാത്രമാണ് എന്ന് കോണ്‍ഗ്രസ്. ബജറ്റിനെ വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയാണ് ഇക്കാര്യം പറഞ്ഞത്. പാര്‍ലമെന്റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അധീര്‍ രഞ്ജന്‍ ചൗധരി. പുതിയ ഇന്ത്യയെക്കുറിച്ച് പറയുന്ന ബിജെപിയുടെ ബജറ്റില്‍ പഴയ വാഗ്ദാനങ്ങള്‍ മാത്രമേ ഉള്ളൂ എന്ന് അധീര്‍ രഞ്ജന്‍ പരിഹസിച്ചു.

ഇന്ത്യയെ ഒരു സമ്പന്ന രാജ്യമായി ചിത്രീകരിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ യാഥാര്‍ത്ഥ്യം തകര്‍ന്ന സമ്പദ് വ്യവസ്ഥയാണ്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് യാതൊരു പദ്ധതിയും സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നില്ല. കാര്‍ഷിക, തൊഴില്‍ മേഖലകളുടെ ഉന്നമനത്തിനായി യാതൊരു പദ്ധതിയുമില്ല. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സൂര്‍ജേവാലയും ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി. സാമ്പത്തിക വളര്‍ച്ചയ്‌ക്കോ, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനോ യാതൊരു പദ്ധതിയുമില്ല. ഗ്രാമീണ വികസനത്തിനായി പദ്ധതികളില്ല. വെറും വാക്കുകള്‍ കൊണ്ടുള്ള കളി മാത്രം – സൂര്‍ജേവാല പറഞ്ഞു.

ലോകത്തെ ഏറ്റവും വലിയ പ്രതിരോധ കരാറിന് തുടക്കം കുറിച്ച് ഇന്ത്യ. 114 യുദ്ധ വിമാനങ്ങള്‍ വാങ്ങാനായി 1500 കോടി ഡോളറിന്‍റെ(1.1 ലക്ഷം കോടി രൂപ) ഇടപാടിനാണ് രാജ്യം തയ്യാറെടുക്കുന്നത്. നടപടി ക്രമങ്ങള്‍ പ്രാരംഭ ഘട്ടത്തിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലോകത്ത് ആദ്യമായാണ് ഇത്രയും തുകയുടെ യുദ്ധവിമാന കരാര്‍ നടക്കുന്നത്. കരാര്‍ ലഭിക്കുന്നതിനായി ബോയിംഗ്, ലോക്ക് ഹീഡ് മാര്‍ട്ടിന്‍, സാബ് എ ബി തുടങ്ങിയ വമ്പന്‍ യുദ്ധവിമാന നിര്‍മാണ കമ്പനികള്‍ രംഗത്തുണ്ട്.

കമ്പനികളെ വിലയിരുത്തല്‍ തുടരുകയാണെന്നും ഇന്ത്യന്‍ വ്യോമസേനയുടെ ആവശ്യങ്ങള്‍ പഠിച്ച് കൃത്യമായ തീരുമാനമെടുക്കുമെന്നും വ്യോമയാന സഹമന്ത്രി ശ്രീപദ് നായിക് പാര്‍ലമെന്‍റില്‍ അറിയിച്ചു. നേരത്തെ നാവിക സേനയെ ശക്തിപ്പെടുത്താനായി യുദ്ധക്കപ്പലുകളും മറ്റ് ഉപകരണങ്ങളും വാങ്ങാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് കൂറ്റന്‍ കരാറിന് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രം, ഇന്തോ-പസിഫിക് മേഖലകളില്‍ ചൈനീസ് സാന്നിധ്യം പിടിമുറുക്കുന്നതിന്‍റെ ഭാഗമായാണ് നാവിക സേനയും ആയുധങ്ങള്‍ വാങ്ങുന്നത്.

മരടിലെ അനധികൃത ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കണമെന്ന വിധിയില്‍ ഉറച്ച് സുപ്രീംകോടതി. ഉത്തരവിനെതിരെ ഫ്ലാറ്റുടമകള്‍ നല്‍കിയ ഹര്‍ജി തള്ളി. ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകരോട് ജസ്റ്റിസ് അരുണ്‍ മിശ്ര പൊട്ടിത്തെറിച്ചു. തന്‍റെ ബെഞ്ച് വിധി പറഞ്ഞ കേസില്‍ മറ്റൊരു ബെഞ്ചില്‍ നിന്ന് സ്റ്റേ വാങ്ങിയത് കോടതിയെ കബളിപ്പിക്കാനാണ്. കോടതിയില്‍ തട്ടിപ്പ് നടത്താനുള്ള ആസൂത്രിതമായ ശ്രമമാണ് അഭിഭാഷകരുടെ ഭാഗത്ത് നിന്നുണ്ടായതെന്നും ജസ്റ്റിസ് മിശ്ര പറഞ്ഞു.

തീരദേശപരിപാലന നിയമം ലംഘിച്ച് കൊച്ചിയിലെ മരടില്‍ നിര്‍മ്മിച്ച അഞ്ച് ഫ്ലാറ്റുകള്‍ മുപ്പത് ദിവസത്തിനകം പൊളിച്ച് നീക്കണമെന്ന് നേരത്തെ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ച് വിധിച്ചിരുന്നു. വിധിയില്‍ ഇളവ് തേടി ഫ്ലാറ്റ് ഉടമകള്‍ ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള അവധിക്കാല ബെഞ്ചിനെ സമീപിച്ചു. വിധി പറഞ്ഞ ബെഞ്ചിന് മുമ്പാകെ ഹര്‍ജി ലിസ്റ്റ് ചെയ്യാനും ആറാഴ്ചത്തേക്ക് കെട്ടിടം പൊളിക്കുന്നതിന് നിര്‍ത്തിവെക്കാനും അവധിക്കാല ബെഞ്ച് ഉത്തരവിട്ടു.

ഇതനുസരിച്ചാണ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചിന് മുമ്പാകെ ഇന്ന് ഹര്‍ജികളെത്തിയത്. വിധിക്ക് ഇടക്കാല സ്റ്റേ അനുവദിച്ച അവധിക്കാല ബെഞ്ചിന്‍റെ നടപടിയെ ജസ്റ്റിസ് അരുണ്‍ മിശ്ര ചോദ്യം ചെയ്തു. തന്‍റെ ബെഞ്ച് വിധി പറഞ്ഞ കേസില്‍ മറ്റൊരു ബെഞ്ചില്‍ നിന്ന് സ്റ്റേ വാങ്ങുന്നതെങ്ങനെയെന്ന ചോദിച്ച ജസ്റ്റിസ് മിശ്ര ഉടമകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരോട് പൊട്ടിത്തെറിച്ചു.

ഒന്നിലധികം തവണ പരിഗണിക്കാന്‍ വിസമ്മതിച്ച വിഷയം മറ്റൊരു ബെഞ്ചിന് മുൻപാകെ ഉന്നയിച്ചത് കോടതിയെ കബളിപ്പിക്കാനാണ്. പണം മാത്രം ലക്ഷ്യമിട്ട് ധാര്‍മികതയ്ക്ക് നിരക്കാത്ത നടപടിയാണ് അഭിഭാഷകരുടേതെന്നും കൊല്‍ക്കത്തക്കാരനായ മുതിര്‍ന്ന അഭിഭാഷകന്‍ ദേബള്‍ ബാനര്‍ജിയെ കൊണ്ടുവന്നത് തന്നെ സ്വാധീനിക്കാന്‍ വേണ്ടിയാണെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. തുടര്‍ന്ന് എല്ലാ റിട്ട് ഹര്‍ജികളും തള്ളി, ഫ്ളാറ്റ് പൊളിക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് കോടതി വ്യക്തമാക്കി.

തമിഴ്നാടു തൂത്തുക്കുടിയിൽ ദുരഭിമാനക്കൊല. പ്രണയിച്ചു വിവാഹം കഴിച്ച വ്യത്യസ്ത ജാതിയിൽപെട്ട ദമ്പതികളെ ഒരു സംഘം വീട്ടില്‍ കയറി വെട്ടിക്കൊന്നു. കേസുമായി ബന്ധപെട്ട് പെണ്‍കുട്ടിയുടെ പിതാവ് അറസ്റ്റിലായി.

തൂത്തുകുടി വിലാത്തിക്കുളം പെരിയനഗര്‍ സ്വദേശി സോലൈരാജ് ഭാര്യ ജ്യോതി എന്നിവരാണ് കൊല്ലപെട്ടത്.ഉപ്പുപാടത്ത് ജോലി ചെയ്യുന്നതിനിടെയാണ് ഇരുവരും തമ്മില്‍ കാണുന്നതും പ്രണയിക്കുന്നതും. പട്ടികജാതി വിഭാഗത്തിലെ വ്യത്യസ്ത ജാതിയില്‍ പെട്ടവരായിതിനാല്‍ ജ്യോതിയുടെ വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തു .മൂന്നുമാസം മുമ്പു വിവാഹിതരായി സോലൈരാജിന്റെ വീടിനു സമീപം വാടക വീട്ടില്‍ താമസിക്കുകയായിരുന്നു. ഇതിനിടയ്ക്ക് ജ്യോതി ഗര്‍ഭിണിയായി. കഴിഞ്ഞ ദിവസം വൈദ്യുതിയില്ലാത്തിനാല്‍ ഇരുവരും വീടിനു പുറത്താണ് ഉറങ്ങാന്‍ കിടന്നത്.

രാവിലെ സോലൈരാജിന്റെ മാതാവ് വീട്ടിലെത്തിയപ്പോഴാണ് ഇരുവരും രക്തത്തില്‍ കുളിച്ചു കിടക്കുന്നതു കണ്ടത്. സംഭവുമായി ബന്ധപെട്ട് ജ്യോതിയുടെ പിതാവ് അളഗര്‍ അറസ്റ്റിലായി.ദിവസങ്ങൾക്കു മുൻപു കോയമ്പത്തൂരിൽ ജാതി മാറി വിവാഹം കഴിക്കുന്നതു തടയാൻ സഹോദരനെയും കാമുകിയെയും യുവാവു കുത്തി കൊലപ്പെടുത്തിയിരുന്നു. ജാതി മാറി വിവാഹം കഴിക്കുന്നവർക്ക് സംരക്ഷണം ഉറപ്പാക്കാൻ സർക്കാർ 24 മണിക്കൂർ ഹെൽപ്‌ലൈൻ തുടങ്ങിയിട്ടുണ്ടെങ്കിലും ദുരഭിമാനക്കൊലകള്‍ നിര്‍ബാധം തുടരുന്നുവെന്നാണു സാമൂഹിക പ്രവര്ത്തകര്‍ പറയുന്നത്.

RECENT POSTS
Copyright © . All rights reserved