അജ്മാൻ∙ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാര്‍ വെള്ളാപ്പള്ളി യുഎഇയിലെ അജ്മാനിൽ അറസ്റ്റിലായതായി റിപ്പോർട്ട്. ചെക്ക് കേസില്‍ ചൊവ്വാഴ്ചയാണ് അറസ്റ്റിലായതെന്നു ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. തുഷാറിനെ അജ്മാന്‍ സെൻട്രൽ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ബിസിനസ് പങ്കാളിക്കു നൽകിയ ഒരു കോടി ദിർഹത്തിന്റെ(19 കോടിയിലേറെ രൂപ) ചെക്ക് മടങ്ങിയ കേസിലാണ് അറസ്റ്റ്. തുഷാറിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
നേരത്തേ തുഷാറിന്റെ പേരിലുണ്ടായിരുന്ന കേസാണിതെന്നാണ് അറിയുന്നത്. മലയാളിയാണ് കേസ് കൊടുത്തിട്ടുള്ളതെന്നും സൂചനകളുണ്ട്. ഇയാൾ ഒത്തുതീർപ്പിനെന്ന പേരിൽ അജ്മാനിലേക്കു വിളിച്ചു വരുത്തുകയായിരുന്നു. ഇതിനിടെ നൽകിയ വിവരം അനുസരിച്ച് പൊലീസ് തുഷാറിനെ അറസ്റ്റ് ചെയ്തു. അജ്മാനിൽ ഹോട്ടലിൽ ചർച്ചയ്ക്കിടെ പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതേക്കുറിച്ച് അജ്മാൻ പൊലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽ എൻഡിഎ സ്ഥാനാർഥിയായിരുന്നു തുഷാർ. 78,816 വോട്ടു ലഭിച്ച തുഷാറിന് കെട്ടിവച്ച കാശും നഷ്ടമായിരുന്നു
കര്‍ണാകയിലെ രാഷ്ട്രീയ വിവാദങ്ങള്‍ തുടരുന്നു. കര്‍ണാടകയിലെ ബി.എസ് യദ്യൂരപ്പ മന്ത്രി സഭയിലേക്ക് എത്തിയ 17 പേരില്‍ നിയമസഭയില്‍ പോണ്‍ വീഡിയോ കണ്ടതിന് പുറത്തായ ബിജെപി നേതാക്കളും ഉള്‍പ്പെട്ടു. 2012 ഫെബ്രുവരിയില്‍ നിയമസഭാ സമ്മേളനത്തിന് ഇടയില്‍ പോണ്‍ വീഡിയോ ക്ലിപ്പ് കണ്ടതിനെ തുടര്‍ന്ന് വിവാദത്തിലായ ലക്ഷ്മണ്‍ സാവദിയും സിസി പാട്ടീലും യദ്യൂരപ്പയുടെ മന്ത്രിസഭയിലും ഇടം നേടിയത്.
2012ല്‍ സഹകരണവകുപ്പ് മന്ത്രിയായിരുന്ന ലക്ഷ്മണ്‍ സാവദിയും വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന സിസി പാട്ടീലും നിയമസഭയിലിരുന്ന് അശ്ലീല ദൃശ്യങ്ങള്‍ കണ്ടത് വിവാദമായതോടെ ഇരുവരും രാജി വച്ചിരുന്നു. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ തിരികെ മന്ത്രിസഭയില്‍ എത്തുന്നത്.
പോണ്‍ വീഡിയോ കണ്ടത് വിവാദമായതോടെ വിദ്യാഭ്യാസ ആവശ്യത്തിനായാണ് പ്രസ്തുത വീഡിയോ കണ്ടതെന്നായിരുന്നു ലക്ഷ്മണ്‍ സാവദി പ്രതികരിച്ചത്.
മഴക്കെടുതി ഏറ്റവും രൂക്ഷമായ കേരളത്തിന് മാത്രം കേന്ദ്ര സര്‍ക്കാറിന്റെ പ്രത്യേക സഹായമില്ല. പ്രകൃതി ദുരന്തം നേരിടുന്ന സംസ്ഥാനങ്ങള്‍ക്ക് 4432 കോടി രൂപയുടെ അടിയന്തര ധനസഹായം പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിന് പ്രത്യേകം സഹായം നല്‍കിയില്ല. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് നടപടി. 24 സംസ്ഥാനങ്ങള്‍ക്കായി 6104 കോടി രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മഴക്കെടുതി നേരിട്ട സംസ്ഥാനങ്ങള്‍ക്ക് ദുരിതാശ്വാസത്തിന് പണം വകയിരുത്തുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. പ്രളയം നേരിട്ട സംസ്ഥാനങ്ങളില്‍ സമിതി സന്ദര്‍ശനം നടത്തും. അതിന് ശേഷമാണ് പണം ഏതൊക്കെ സംസ്ഥാനത്തിന് നല്‍കണമെന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകുകയുള്ളൂ. അസം, മേഘാലയ, ത്രിപുര, ബിഹാര്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര, കര്‍ണാടക, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലാകും സന്ദര്‍ശനം നടത്തുക.
നേരത്തേ അമിത് ഷായുടെ നേതൃത്വത്തില്‍ കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങില്‍ വ്യോമ നിരീക്ഷണം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരു സംസ്ഥാനങ്ങള്‍ക്കും അടിയന്തര ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പ്രളയം ദുരന്തം വിതച്ച കേരളത്തില്‍ അമിത് ഷാ സന്ദര്‍ശനം നടത്താത്തത് മനപൂര്‍വമാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.
കേന്ദ്ര സര്‍ക്കാറിന്റെ കേരളത്തോടുള്ള വിവേചനത്തിനെതിരെ ധനകാര്യ മന്ത്രി തോമസ് ഐസക്ക് ട്വിറ്ററില്‍ പ്രതിഷേധിച്ചു.പ്രളയബാധിത സംസ്ഥാനങ്ങള്‍ക്കായി ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് 4432 കോടി രൂപ ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചു. ഏറ്റവും കൂടുതല്‍ ബാധിച്ച കേരളത്തിന്റെ പങ്ക് പൂജ്യം..! മന്ത്രി ട്വീറ്റ് ചെയ്തു.
കൊച്ചി: ഹിമാചൽ പ്രദേശിൽ കുടുങ്ങിയ മഞ്ജു വാര്യരെ രക്ഷിക്കണമെന്ന് ദിലീപും ആവശ്യപ്പെട്ടതായി ഹൈബി ഈഡൻ എംപി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഹൈബി ഇക്കാര്യം അറിയിച്ചത്. നടൻ ദിലീപാണ് തന്നെ വിളിച്ച് ഇക്കാര്യം അറിയിച്ചത്. രക്ഷപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടുവെന്ന് ഹൈബി ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
ദിലീപിന്റെ കോളെത്തിയതിനുപിന്നാലെ കേന്ദ്ര ധനകാര്യ സഹമന്ത്രിയും ഹിമാചലിൽ നിന്നുള്ള എംപിയുമായ അനുരാഗ് താക്കൂറുമായി ബന്ധപ്പെട്ടുവെന്നും രക്ഷാ പ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയതായും ഹൈബി ഈഡൻ പറയുന്നു.
ഹിമാചൽപ്രദേശിൽ കുടുങ്ങിയ മഞ്ജു വാര്യർ ഉൾപ്പെട്ട സംഘത്തെ രക്ഷപ്പെടുത്തിയെന്നും മണാലിയിലേക്ക് സംഘം തിരിച്ചതായി കേന്ദ്ര വിദേശ, പാർലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരന്റെ ഓഫീസ് അറിയിച്ചു. നേരത്തെ വിഷയത്തിൽ കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ ഇടപെട്ടിരുന്നു. ഹിമാചൽ മുഖ്യമന്ത്രിയുമായി വി.മുരളീധരൻ സംസാരിച്ചിരുന്നു.
സംവിധായകൻ സനൽ കുമാർ ശശിധരന്റെ ‘കയറ്റം’ സിനിമാ ചിത്രീകരണത്തിനായി ഹിമാചലിലെ ഛത്രുവിലെത്തിയതായിരുന്നു മഞ്ജു വാര്യർ അടക്കമുളളം സംഘം. കനത്ത മഴയെ തുടർന്ന് സംഘം അവിടെ കുടുങ്ങുകയായിരുന്നു. മഴയും മണ്ണിടിച്ചിലും മൂലം സംഘത്തിന് യാത്ര ചെയ്യാൻ കഴിഞ്ഞിരുന്നില്ല. മഞ്ജുവും സനൽ കുമാർ ശശിധരനും അടക്കം സംഘത്തിൽ 30 പേരാണുളളത്.
മൂന്നാഴ്ച മുൻപാണ് സിനിമാ ചിത്രീകരണത്തിനായി സംഘം ഹിമാചൽ പ്രദേശിലെ ഛത്രുവിൽ എത്തിയത്. ഹിമാലയൻ താഴ്‌വരയിലെ ഒറ്റപ്പെട്ട പ്രദേശമാണിത്. മണാലിയിൽനിന്നും 100 കിലോമീറ്റർ അകലെയാണ് ഛത്രു. രണ്ടാഴ്ചയായി ഇവിടെ ശക്തമായ മഴയാണ് ലഭിക്കുന്നത്.
സഹോദരൻ മധു വാര്യരെ മഞ്ജു വാര്യർ ഇന്നലെ വിളിച്ചിരുന്നു. സാറ്റലൈറ്റ് ഫോണിലൂടെയാണ് സംസാരിച്ചത്. 15 സെക്കൻഡ് മാത്രമേ സംസാരിക്കാൻ കഴിഞ്ഞുളളൂ. രണ്ടു ദിവസത്തെ ഭക്ഷണം മാത്രമേ കൈയ്യിലുളളൂവെന്നാണ് മഞ്ജു സഹോദരനോട് പറഞ്ഞത്. 200 ഓളം പേർ ഇവിടെയുണ്ടെന്നും മഞ്ജു പറഞ്ഞിരുന്നു.
‘ചോല’ എന്ന ചിത്രത്തിന് ശേഷം മഞ്ജു വാര്യരെ നായികയാക്കി സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കയറ്റം’. ചിത്രത്തിന്റെ രചനയും സനല്‍കുമാര്‍ ശശിധരന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്. സനല്‍കുമാര്‍ ശശിധരന്‍ തന്നെ സംവിധാനം ചെയ്ത ‘എസ്.ദുര്‍ഗ’ എന്ന ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ച വേദ് ആണ് ചിത്രത്തിലെ മറ്റൊരു താരം. മഞ്ജുവിനും വേദിനും പുറമേ ഉത്തരേന്ത്യയിലെ നാടക കലാകാരന്മാരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
ഇന്ത്യയെ പിന്തുണച്ച് അമേരിക്ക. ജമ്മു കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് അമേരിക്ക. ഇത് പാക്കിസ്ഥാന് തിരിച്ചടിയായിരിക്കുകയാണ്. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷമാണെന്ന് ഇന്ത്യയും നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്തുണ നല്‍കുന്ന തരത്തിലാണ് അമേരിക്കയുടെ പുതിയ പ്രതികരണം. പാക്കിസ്ഥാന് കശ്മീര്‍ വിഷയത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്നും അമേരിക്ക പറഞ്ഞു.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയുമായി ടെലിഫോൺ സംഭാഷണം നടത്തി. ഇരുവരും കശ്മീർ വിഷയത്തെ കുറിച്ച് ചർച്ച ചെയ്തു. അപ്പോഴാണ് ഇന്ത്യയെ പിന്തുണച്ചുള്ള നിലപാട് അമേരിക്ക അറിയിച്ചത്. കശ്മീര്‍ മേഖലയില്‍ ഭീകരവാദത്തെ ചെറുക്കാനും സമാധാനം നിലനിര്‍ത്താനും ഇന്ത്യന്‍ ശ്രമങ്ങള്‍ക്ക് അമേരിക്ക നല്‍കുന്ന പിന്തുണയില്‍ നന്ദി അറിയിച്ചപ്പോഴാണ് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി കശ്മീര്‍ വിഷയത്തിലെ നിലപാട് തുറന്ന് പറഞ്ഞത്.
അതേസമയം, കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലാണ് പാക്കിസ്ഥാനെന്നാണ് റിപ്പോര്‍ട്ട്. നിയമ പോരാട്ടത്തിനൊരുങ്ങുകയാണെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്‍മൂദ് ഖുറേഷി പാക് മാധ്യമമായ ‘അറീ’ ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
കശ്മീർ വിഷയവുമായി ബന്ധപ്പെട്ട് പ്രകോപനപരമായ തരത്തിൽ പ്രസംഗങ്ങളും പ്രസ്താവനകളും നടത്തരുതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് നിർദേശം നൽകിയിരുന്നു. അമേരിക്ക ഇന്ത്യയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതിനു പിന്നാലെയാണ് പാക്കിസ്ഥാൻ അന്താരാഷ്ട്ര കോടതിയെ സമീപിക്കാൻ ഒരുക്കങ്ങൾ ആരംഭിച്ചത്.
ന്യൂഡൽഹി: പാർലമെന്റ് അംഗവും കോൺഗ്രസ് നേതാവുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണകാരണം വിഷം ഉള്ളിൽ ചെന്നാണെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും അവരുടെ ശരീരത്തിൽ മുറിവുകൾ ഉണ്ടായിരുന്നെന്ന വാദവുമായി ഡൽഹി പൊലീസ്. 12 മണിക്കൂർ മുതൽ നാല് ദിവസം വരെ പഴക്കമുള്ള 15ൽ അധികം മുറിവുകൾ ഉണ്ടായിരുന്നെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്.
അതേസമയം, തരൂരിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ട്. ഇന്ത്യൻ ശിക്ഷ നിയമം 498 – A, 306 വകുപ്പകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പാക്കിസ്ഥാൻ മാധ്യമപ്രവർത്തക മെഹർ തരാറമായി തരൂർ കൈമാറിയ സന്ദേശങ്ങൾ സുനന്ദയെ മാനസികമായി തളർത്തിയിരുന്നതായി പ്രൊസീക്യൂഷൻ നേരത്തെ വാദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുറിവുകളും പ്രൊസിക്യൂഷൻ കോടതിയുടെ ശ്രദ്ധയിൽ കൊണ്ടു വന്നിരിക്കുന്നത്.
എയിംസിലെ ഡോക്ടർമാർ നടത്തിയ പോസ്റ്റ് മോർട്ടത്തിൽ 15 ഓളം മുറിവുകൾ ശരീരത്തിലുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് പബ്ലിക് പ്രൊസിക്യൂട്ടർ അതുൽ ശ്രീവാസ്തവ കോടതിയെ അറിയിച്ചു. വലത് കൈത്തണ്ടിലാണ് കൂടുതൽ മുറിവുകൾ. ഒരു കുത്തിവയ്പ്പിന്റെ പാടും ഉണ്ടെന്നും അദ്ദേഹം വാദിച്ചു.
സുനന്ദ പുഷ്‌കര്‍ നിരന്തരമായി മര്‍ദ്ദിക്കപ്പെട്ടിരുന്നു എന്നതിന് തെളിവുണ്ട് എന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു. സുനന്ദ പുഷ്‌കറുമായി ശശി തരൂരിന്റെ വിവാഹ ജീവിതം മൂന്ന് വര്‍ഷവും നാല് മാസവും നീണ്ടത് ആയിരുന്നുവെന്നും രണ്ട് പേരുടേയും മൂന്നാം വിവാഹം ആണെന്നും പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനൊപ്പം അപകടസമയത്ത് കാറിലുണ്ടായിരുന്ന വഫാ ഫിറോസിന് ഭർത്താവ് വിവാഹമോചന നോട്ടീസ് അയച്ചു. കഴിഞ്ഞ 13 നാണ് വഫ ഫിറോസിനും അവരുടെ മാതാപിതാക്കൾക്കും വഫയുടെ സ്വദേശമായ നാവായിക്കുളത്തെ വെള്ളൂർക്കോണം ജമാഅത്ത് പ്രസിഡന്റിനും വഫയുടെ ഭർത്താവ് ഫിറോസ് വിവാഹമോചനം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. നോട്ടീസിന് 45 ദിവസത്തിനകം മറുപടി നൽകണമെന്നും പ്രശ്നം ചർച്ച ചെയ്യേണ്ടതുണ്ടെങ്കിൽ സെപ്റ്റംബർ 11 ന് തന്റെ മാതാപിതാക്കളുടെ വസതിയിൽ എത്തിച്ചേരണമെന്നും ആവശ്യപ്പെടുന്നുണ്ട്.
കാനഡയിലെ ലണ്ടന്‍ ഒന്റാരിയോയില്‍ നടന്ന വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടു. കോട്ടയം മൂലവട്ടം സ്വദേശിനിയായ കീര്‍ത്തന സുശീല്‍ ആണ് മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു വിദ്യാര്‍ത്ഥിനിയുടെ മരണത്തിന് ഇടയാക്കിയ അപകടം നടന്നത്. ഫാന്‍ഷ്വ കോളേജില്‍ ബിസിനസ് അനാലിസിസ് വിദ്യാര്‍ത്ഥി ആയിരുന്ന കീര്‍ത്തന എക്‌സാം കഴിഞ്ഞു തിരികെ പോകുന്ന വഴിക്കാണ് അപകടം ഉണ്ടായത്. അതേസമയം, കീര്‍ത്തന സുശീലിന്റെ വിയോഗം ഇപ്പോഴും കാനഡയിലെ മലയാളികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. എന്നും കളിചിരികളോടെ നടന്ന് എല്ലാവരോടും സ്‌നേഹത്തോടെ മാത്രം ഇടപെട്ടിരുന്ന കീര്‍ത്തനയെ മരണം തട്ടിയെടുത്തത് വിശ്വസിക്കാന്‍ പോലും സാധിക്കാതെയിരിക്കുകയാണവര്‍.
മൂലവട്ടം സ്വദേശികളായ സുശീല്‍ റാം റോയ് ബിന്ദു പൊന്നപ്പന്‍ ദമ്പതികളുടെ മൂത്തമകള്‍ ആണ് കീര്‍ത്തന . പ്രാര്‍ത്ഥന , അര്‍ത്ഥന എന്നിവരാണ് സഹോദരങ്ങള്‍ .ലണ്ടന്‍ ഒന്റാറിയോ മലയാളി അസോസിയേഷന്‍ നേര്‍തൃത്വത്തില്‍ മൃതശരീരം നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ ചെയ്യ്തു വരുകയാണ്. കീര്‍ത്തനയുടെ കുടുംബത്തിനായി ഫണ്ട് റൈസിംഗ് ക്യാംപെയ്‌നും ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.
കുടുംബത്തെ സഹായിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ താഴെ കാണുന്ന ലിങ്ക് പ്രയോജനപ്പെടുത്തുക.
ബേസൽ (സ്വിറ്റ്സർലൻഡ്) ∙ എച്ച്.എസ് പ്രണോയ് എന്ന മലയാളി, മൂന്നാം വട്ടവും ചൈനീസ് വൻമതിൽ ചാടിക്കടന്നിരിക്കുന്നു! ലോക ബാഡ്മിന്റനിലെ സൂപ്പർ താരമായ ചൈനീസ് താരം ലിൻ ഡാനെ കീഴടക്കി പ്രണോയ് ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിന്റെ മൂന്നാം റൗണ്ടിൽ കടന്നു. ഒരു മണിക്കൂറും രണ്ടു മിനിറ്റും നീണ്ട പോരാട്ടത്തിൽ 21–11, 13–21, 21–7 ന് ആണ് പ്രണോയിയുടെ ജയം.
ലിൻ ഡാനെതിരെ അഞ്ചു മത്സരങ്ങളിൽ പ്രണോയിയുടെ മൂന്നാം ജയമാണിത്. ലിൻ ഡാനെതിരെ പരസ്പര പോരാട്ടങ്ങളിൽ മുൻതൂക്കമുള്ള രണ്ട് ഇന്ത്യൻ താരങ്ങളിൽ ഒരാളായി ഇതോടെ പ്രണോയ്.
പ്രണോയിയുടെ പരിശീലകനും ഓൾ ഇംഗ്ലണ്ട് ഓപ്പൺ മുൻ ചാംപ്യനുമായ പുല്ലേല ഗോപീചന്ദാണ് ആദ്യത്തെയാൾ. ലിൻ ഡാനെതിരെ മൂന്നു മത്സരങ്ങളിൽ രണ്ടെണ്ണമാണ് ഗോപീചന്ദ് ജയിച്ചത്.
ഇന്ത്യൻ താരങ്ങളിൽ ബി. സായ്പ്രണീതും ഇന്നലെ ജയിച്ചു പ്രീ–ക്വാർട്ടറിലെത്തി. ദക്ഷിണ കൊറിയയുടെ ഡോങ് ക്യീൻ ലീയെയാണ് പ്രണീത് തോൽപിച്ചത് (21–16,21–15). സമീർ വർമ സിംഗപ്പുരിന്റെ ലോ കീൻ യൂവിനോടു തോറ്റു പുറത്തായി (21–15, 15–21,10–21). വനിതാ ഡബിൾസിൽ അശ്വിനി പൊന്നപ്പ–സിക്കി റെഡ്ഡി സഖ്യം വാക്കോവർ കിട്ടി മൂന്നാം റൗണ്ടിലെത്തി.
പതിനൊന്നാം സീഡ് ലിൻ ഡാനെതിരെ ഒട്ടും പകപ്പില്ലാതെയാണ് തുടക്കം മുതൽ പ്രണോയ് കളിച്ചത്. ആദ്യ ഗെയിമിൽ 2–2 എന്ന നിലയിൽ ഒപ്പം നിന്ന ശേഷം പ്രണോയ് കുതിച്ചു കയറി. 10–5നു മുന്നിലെത്തിയ പ്രണോയ് പിന്നീട് 19–11ന് ലീഡുയർത്തി.
പതിവു പോലെ അടുത്ത ഗെയിമിൽ ലിൻ ഡാൻ തന്റെ പതിവുരൂപം പുറത്തെടുത്തു. 5–5 വരെ പ്രണോയ് ഒപ്പം നിന്നെങ്കിലും പിന്നീട് ഇന്ത്യൻ താരത്തെ പിന്നിലാക്കി ലിൻ ഡാൻ ഗെയിം നേടി. നിർണായകമായ മൂന്നാം ഗെയിം ആവേശകരമാകുമെന്നു കരുതിയെങ്കിലും ഡാനെ പ്രണോയ് നിഷ്പ്രഭനാക്കി
. 4–4നു ഒപ്പം നിന്നശേഷം പ്രണോയിയുടെ കുതിപ്പിൽ ലിൻ ഡാൻ വീണു. പ്രണോയ് പിന്നീട് 17 പോയിന്റുകൾ നേടിയപ്പോൾ ലിൻ ഡാന് നേടാനായത് മൂന്നു പോയിന്റ് മാത്രം. 21–7ന് ഗെയിമും മത്സരവും പ്രണോയ്ക്കു സ്വന്തം. ഒന്നാം സീഡ് ജപ്പാന്റെ കെന്റോ മൊമോറ്റയാണ് മൂന്നാം റൗണ്ടിൽ പ്രണോയിയുടെ എതിരാളി.
ഗോപീചന്ദിനു ശേഷം, 2014 ചൈന ഓപ്പൺ ഫൈനലിൽ ലിൻ ഡാനെ കീഴടക്കിയ കെ.ശ്രീകാന്താണ് ലിൻ ഡാനെ വീഴ്ത്തിയ ആദ്യ ഇന്ത്യൻ താരം. എന്നാൽ പ്രണോയിയാണ് അതൊരു ശീലമായെടുത്തത്. അഞ്ചു തവണ ഏറ്റുമുട്ടിയപ്പോൾ മൂന്നിലും ജയം. 2015 ഫ്രഞ്ച് ഓപ്പണിലും 2018 ഇന്തൊനീഷ്യ ഓപ്പണിലുമാണ് പ്രണോയ് ഇതിനു മുൻപ് ലിൻ ഡാനെ തോൽപിച്ചത്.
ഒളിംപിക്, ലോക ചാംപ്യൻഷിപ്പ് സ്വർണവും ഓൾ ഇംഗ്ലണ്ട് ഓപ്പണും മറ്റു സൂപ്പർ സിരീസ് കിരീടങ്ങളും പോലെ ലോക ബാഡ്മിന്റനിൽ കളിക്കാരുടെ മികവിന്റെ മാനദണ്ഡങ്ങളിൽ ഒന്നായി മറ്റൊന്നു കൂടിയുണ്ട്– ലിൻ ഡാനെ തോൽപ്പിക്കുക!
ലോക ബാഡ്മിന്റനിലെ സകല കിരീടങ്ങളും നേടിയ തന്റെ പ്രതാപകാലത്തേതു പോലെ കരുത്തനല്ല ലിൻ ഡാൻ ഇപ്പോൾ. എങ്കിലും അദ്ദേഹത്തെ തോൽപിക്കുക എന്നത് ഇപ്പോഴും ലോക ബാഡ്മിന്റനിലെ വലിയ സംഭവമാണ്. ഒരു വട്ടമല്ല, മൂന്നു വട്ടമാണ് പ്രണോയ് അതു സാധിച്ചത്.
ക്രിക്കറ്റിൽ സച്ചിൻ തെൻഡുൽക്കർക്കുള്ളതു പോലെ പ്രഭാവമാണ് ബാഡ്‌മിന്റനിൽ ലിൻ ഡാനുള്ളത്. രണ്ട് ഒളിംപിക് സ്വർണം, അഞ്ച് ലോക ചാംപ്യൻഷിപ്പ് സ്വർണം, ആറ് ഓൾ ഇംഗ്ലണ്ട് ഓപ്പൺ, രണ്ട് ലോകകപ്പ്, അഞ്ച് ഏഷ്യൻ ഗെയിംസ്, നാല് ഏഷ്യൻ ചാംപ്യൻഷിപ്പ്..
28 വയസ്സിനുള്ളിൽ തന്നെ ലോക ബാഡ്മിന്റനിലെ ഒൻപതു കിരീടങ്ങളും നേടിയ ‘സൂപ്പർ സ്ലാം’ നേട്ടവും ലിൻ ഡാനു മാത്രം സ്വന്തം. 2017ൽ മലേഷ്യൻ ഓപ്പൺ നേടിയതോടെ അതുല്യമായ മറ്റൊരു നേട്ടവും ലിൻ ഡാനെ തേടിയെത്തി– ലോക ബാഡ്മിന്റനിലെ സകല മേജർ കിരീടങ്ങളും നേടിയ ഒരേയൊരു താരം!
2008, 2012 ലണ്ടൻ ഒളിംപിക്സുകളിൽ തന്റെ ചിരകാല വൈരിയായ മലേഷ്യയുടെ ലീ ചോങ് വെയെ കീഴടക്കി ഒളിംപിക് സ്വർണം നേടിയ കാലമായിരുന്നു ലിൻ ഡാന്റെ സുവർണകാലം. അതിനു ശേഷം ചെൻ ലോങ് അടക്കമുള്ള ചൈനീസ് താരങ്ങളും വിക്ടർ അക്സെൽസൻ, കെന്റോ മൊമോറ്റ ഉൾപ്പെടെയുള്ള ചൈനീസ് ഇതര താരങ്ങളും ലിൻ ഡാന്റെ മേൽക്കോയ്മയെ വെല്ലുവിളിച്ചു തുടങ്ങി.
മുൻ പ്രധാനമന്ത്രി മനമോഹൻ സിങ് രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. രാജസ്ഥാനിൽ നിന്നുമാണ് മൻമോഹൻ സിങ് രാജ്യസഭയിൽ എത്തുന്നത്. ഇതോടെ നിലവിൽ രാജസ്ഥാനിൽ നിന്നും പാർലമെന്റിലുള്ള ഏക കോൺഗ്രസ് അംഗവും മൻമോഹൻ സിങ് മാത്രമായി.
മൻമോഹൻ സിങ്ങിനെതിരെ ആരെയും മത്സരിപ്പിക്കില്ലെന്ന് മുൻ രാജസ്ഥാൻ ആഭ്യന്തര മന്ത്രിയും രാജസ്ഥാൻ നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാബ് ചന്ദ് ഘട്ടാരിയ വ്യക്തമാക്കിയിരുന്നു. രാജസ്ഥാനിൽ നിന്ന് രാജ്യസഭയിൽ അവശേഷിക്കുന്ന ഒമ്പത് അംഗങ്ങളും ലോക്‌സഭയിലെ 24 അംഗങ്ങളും ബിജെപി പ്രവർത്തകരാണ്.
1991 മുതൽ 2019 വരെ അസമിനെ പ്രതിനിധീകരിച്ച് അഞ്ച് തവണ മൻമോഹൻ സിങ് രാജ്യസഭയിൽ എത്തിയിരുന്നു. ഒന്നാം യുപിഎ സർക്കാരിലും രണ്ടാം യുപിഎ സർക്കാരിലും പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം 1991 ലാണ് ആദ്യമായി രാജ്യസഭയിൽ എത്തുന്നത്. 1998 മുതൽ 2004 വരെയുള്ള കാലഘട്ടത്തിൽ ഭാരതീയ ജനതാ പാർട്ടി അധികാരത്തിലിരുന്നപ്പോൾ മൻമോഹൻ സിങ് രാജ്യസഭയിലെ പ്രതിപക്ഷ നേതാവു കൂടിയായിരുന്നു.
തനിക്ക് പിന്തുണ നല്‍കിയ കോണ്‍ഗ്രസ് പാര്‍ട്ടിക്കും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിനും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനും മറ്റു പാര്‍ട്ടി നേതാക്കള്‍ക്കും മന്‍മോഹന്‍ സിങ് നന്ദി അറിയിച്ചിരുന്നു.
I congratulate former PM Dr #ManmohanSingh ji on being elected unopposed as a member of #RajyaSabha from #Rajasthan. Dr Singh’s election is a matter of pride for entire state. His vast knowledge and rich experience would benefit the people of Rajasthan a lot. pic.twitter.com/YfkDQTxzpk
— Ashok Gehlot (@ashokgehlot51) August 19, 2019