ഷാര്‍ജ: യു.എ.ഇയില്‍ ബലിപെരുന്നാളാഘോഷം ആഗസ്റ്റ് 11 നായിരിക്കെ പെരുന്നാളവധിക്കായി മാത്രം നാട്ടിലെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരിച്ചടിയായി ടിക്കറ്റ് നിരക്കില്‍ വര്‍ധന. പ്രവാസികള്‍ കൂടുതലുള്ള ഇന്ത്യയിലേക്കും പാകിസ്താനിലേക്കുമുള്ള ടിക്കറ്റ് നിരക്കുകളാണ് വര്‍ധിച്ചതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ആഗസ്റ്റ് 10 മുതല്‍ 13 വരെ നാല് ദിവസത്തെ അവധിയാണ് യു.എ.ഇയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഓഗസ്റ്റ് 8-നുള്ള ഷാര്‍ജ- ദില്ലി എയര്‍ അറേബ്യ വിമാനത്തിന് 2,608 ദിര്‍ഹ( 49,468.18 രൂപ)മാണ് ടിക്കറ്റ് നിരക്ക്. ഈ ദിവസം മുംബൈയിലേക്കുള്ള ടിക്കറ്റ് നിരക്ക് 2,993 ദിര്‍ഹ(56,770.80 രൂപ)മാണ്. കേരളത്തിലേക്കും സമാനമായ രീതിയില്‍ വന്‍തുകയാണ്.
എമിറേറ്റ്‌സിന്റെയും ഫ്‌ളൈദുബായിയുടെയും ടിക്കറ്റ് നിരക്കും കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഓഗസ്റ്റ് 8 ന് മുംബൈയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 62,878.45 രൂപയാണ്.
സൗദി അറേബ്യയും യു.എ.ഇയും ഉള്‍പ്പെടെയുള്ള പ്രധാന ഗള്‍ഫ് രാജ്യങ്ങളില്‍ ഓഗസ്റ്റ് 11നാണ് ബലിപെരുന്നാള്‍. അതേസമയം മസപ്പിറവി ദൃശ്യമാവാത്തതിനാല്‍ ബലി പെരുന്നാള്‍ ഓഗസ്റ്റ് 12നായിരിക്കുമെന്ന് ഒമാന്‍ മതകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
രണ്ടുദിവസങ്ങളിലായി പെയ്യുന്ന ശക്തമായ മഴമൂലം ഇടുക്കി ജില്ലയില്‍ വ്യാപകമായ നാശനഷ്ടം. ഒരു കുഞ്ഞ് ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. പലയിടങ്ങളിലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും. അനവധി പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു. വിവിധ അപകടങ്ങളിലായി ഒരു കുട്ടി ഉള്‍പ്പെടെ മുന്നു മരിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ റോഡുകള്‍ക്കു കാര്യമായ നാശം സംഭവിച്ചിട്ടുണ്ട്. മുണ്ടക്കയം മുതല്‍ കട്ടപ്പന, കുമളി റോഡുകളിലും ചെറുതോണി- അടിമാലി റോഡും ഉള്‍പ്പെടെ പ്രധാന റോഡുകളില്‍ മണ്ണിടിഞ്ഞു. പലയിടങ്ങളിലും വെള്ളം കയറി.

ചിന്നക്കനാല്‍ മാസ് എസ്റ്റേറ്റിലെ തൊഴിലാളികളായ തമിഴ്‌നാട് നാമക്കല്‍ സ്വദേശികള്‍ രാജശേഖരന്‍ -നിത്യ ദമ്പതികളുടെ ഒരുവയസ്സുള്ള മകള്‍ മഞ്ജുശ്രീ ആണ് മരിച്ചത്. രാവിലെയാണ് അപകടം. സ്വകാര്യ റിസോര്‍ട്ടിന് പിന്‍ഭാഗത്തെ തൊഴിലാളി ലയങ്ങളോട് ചേര്‍ന്ന് ദേശീയ പാതയുടെ ആവശ്യത്തിനായി സംഭരിച്ചിരുന്ന കൂറ്റന്‍ മണ്‍കൂന കനത്ത മഴയില്‍ ഇടിഞ്ഞ് ലയങ്ങള്‍ക്ക് മുകളിലേയ്ക്ക് പതിച്ചു. രാജശേഖരന്റെ വീടിന്റെ മേല്‍ പതിച്ചതിനെത്തുടര്‍ന്ന് ഭിത്തി ഉള്‍പ്പെടെ തകര്‍ന്ന് വീണു. ഈ സമയം കുട്ടി മറ്റുള്ളവര്‍ക്കൊപ്പം വീടിന്റെ മുന്‍വശത്ത് ഉണ്ടായിരുന്നു. മണ്ണിടിഞ്ഞ് വീഴുന്നത് കണ്ട് മറ്റുള്ളവര്‍ ഓടി രക്ഷപെട്ടെങ്കിലും നടക്കാറാകാത്ത കുട്ടി മണ്ണിനടിയില്‍ പെട്ടു. പിന്നിട് എല്ലാവരും ചേര്‍ന്ന് ജെ സി ബി ഉപയോഗിച്ച് മണ്ണ് മാറ്റി പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. മണ്ണ് വീണ് മൂന്ന് വീടുകളും തകര്‍ന്നു. ശാന്തന്‍പാറ എസ്. ഐ ബി. വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതശരീരം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി . റവന്യൂ അധികൃതര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. പ്രകൃതിക്ഷോഭത്തിന് ഇരയായി മരിച്ച സാഹചര്യത്തില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നത് ഒഴിവാക്കിയിട്ടുണ്ട്.

മറയൂരില്‍ വാഗ്വര പട്ടിക്കാട് ഒഴുക്കില്‍പ്പെട്ട് ചെല്ലസ്വാമിയുടെ ഭാര്യ ജ്യോതി അമ്മാള്‍(71) ആണു മരിച്ചത്. തൊടുപുഴ കാഞ്ഞാറില്‍ താമസിക്കുന്ന ഒഡീഷ സ്വദേശി മധു കൃഷ്ണാനിയാണ് ഷെഡ് വീണ്ു മരിച്ചത്. ഇന്നലെ രാത്രി കനത്തമഴയില്‍ ഷെഡ് വീണ് പരിക്കേറ്റ ഇയാള്‍ കോലഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ ഉച്ചയോടെ മരണമടഞ്ഞു. അടിമാലി കല്ലാര്‍ വട്ടയാര്‍ കോഴിപ്പാടന്‍ ജോബിന്‍ (30) മരം വീണ പരിക്കേറ്റു എറണാകുളം സ്വകാര്യ ആശുപത്രിയിൽ
ജില്ലയില്‍ വിവിധയിടങ്ങളിലായി എട്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 116കുടുംബങ്ങളിലെ 368 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ടെന്നു ജില്ലാ കളക്ടര്‍ല എച്ച്. ദിനേശന്‍ അറിയിച്ചു.
കനത്തമഴയെത്തുടര്‍ന്ന് മൂന്നാര്‍ മേഖല ഒറ്റപ്പെട്ട നിലയിലാണ്. ടൗണില്‍ വെള്ളം കയറി. പെരിയവര പാലം ഒലിച്ചുപോയി. മറയൂരുമായുള്ള ഫോണ്‍ ബന്ധവും നിലച്ചിരിക്കുകയാണ്. ചിന്നക്കനാല്‍, പൂപ്പാറ, ചെറുതോണി ദേശീയപാതകളില്‍ വ്യാപകമായി മണ്ണിടിഞ്ഞു. ചിന്നക്കനാലില്‍ മമണ്ണിടിഞ്ഞു മൂന്നുപേര്‍ക്കു പരിക്കേറ്റു. ഉടുമ്പന്‍ചോല- ദേവികുളം റോഡിലും ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ചതുരംഗപ്പാറ വില്ലേജിലെ ഒരു തടയണ വെള്ളപ്പൊക്കം സൃഷ്ടിച്ച സാഹചര്യത്തില്‍ പൊളിച്ചുവിട്ടു.
ഉടുമ്പന്‍ചോല- നെടുംകണ്ടം സംസ്ഥാന പാതയില്‍ മരവും മണ്ണും വീണ് ഗതാഗതം തടസ്സപ്പെട്ടു. വണ്ടിപ്പെരിയാര്‍ അമ്പത്തിഅഞ്ചാംമൈല്‍ , അമ്പത്തിയേഴാംമൈല്‍ എന്നിവിടങ്ങളില്‍ റോഡില്‍ മണ്ണ് ഇടിഞ്ഞു. രാജാക്കാട ്- വെള്ളത്തൂവല്‍ റോഡില്‍ പന്നിയാര്‍കുട്ടി ഭാഗത്ത് റോഡിലേക്ക് മണ്ണ് ഒലിച്ചിറങ്ങിയതിനാല്‍ രാവിലെ മുതല്‍ ഗതാഗതം തടസപ്പെട്ടു. മാങ്കുളം മേഖലയില്‍ വഴികളെല്ലാം അടഞ്ഞ സ്ഥിതിയിലാണ്. ഒരുപാലം ഒലിച്ച്പോയി. 4 വീടുകള്‍ തകര്‍ന്നു. ചെറുതോണി – നേര്യമംഗലം റൂട്ടില്‍ കീരിത്തോട്ടില്‍ ഉരുള്‍പൊട്ടി. പീരുമേട് കല്ലാര്‍ ഭാഗത്ത് കെ കെറോഡില്‍ മണ്ണിടിഞ്ഞു ഗതാഗതം തടസപ്പെട്ടു. ചുരുളിയില്‍ പലയിടങ്ങളിലും റോഡ് ഭാഗികമായി ഇടിഞ്ഞു പോയി. കട്ടപ്പന ബ്ലോക്ക് ഓഫിസിന് സമീപം വന്‍ തോതില്‍ മണ്ണിടിഞ്ഞു.വിടി പടി, തവളപ്പാറ, കുന്തളംപാറ, ചെമ്പകപ്പാറ,എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടി. .പുളിയന്‍മല റോഡില്‍ മരം വീണു. കല്ലാര്‍കുട്ടി, മലങ്കര ഡാമുകളുടെ മുഴുവന്‍ ഷട്ടറുകളും ഉയര്‍ത്തി വെള്ളം ഒഴുക്കുകയാണ്.

അടിമാലിയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു മച്ചിപ്ലാവ് അസ്സീസ് പള്ളിയില്‍ തുടങ്ങിയ ക്യാമ്പിലേക്ക് 6 കുടുംബത്തില്‍ നിന്നും 35 പേരെ മാറ്റി. ചാറ്റുപാറ, മന്നാങ്കാല പ്രദേശത്ത് വീടുകളില്‍ വെള്ളം കയറിയവരെയാണ് ക്യാമ്പിലേക്ക് മാറ്റിയത്. കൂടുതല്‍ വീടുകളില്‍ വെള്ളം കയറാന്‍ സാധ്യതയുള്ളതിനാല്‍ അവരോട് മാറി താമസിക്കാന്‍ നിര്‍ദേശം നല്‍കിയതായും പഞ്ചായത്ത് പ്രസിഡന്റ് ദീപ രാജീവ് അറിയിച്ചു.
അടിമാലി ചാറ്റുപാറ സ്വകാര്യ കറിപ്പൊടി കമ്പനിയില്‍ വെള്ളം കയറി. മാങ്കുളം പഞ്ചായത്തിലെ പെരുമ്പന്‍ കുത്ത് – കുവൈറ്റ് സിറ്റി പാലം. ഒലിച്ചു പോയി.
മാങ്കുളത്ത് വാഹന ഗതാഗതം നിലച്ചു. ആറംമൈല്‍ തൂക്കുപാലവും ആനക്കുളത്തേക്കുള്ള പഴയ പാലവും ഒലിച്ചൂ പോയി. പട്ടരുകണ്ടത്തില്‍ ഷാജി പൂവപ്പള്ളില്‍ ബിനു, പാറക്കുടിയില്‍ തങ്കരാജ് എന്നിവരുടെ വീടുകള്‍് തകര്‍ന്നു. നാല് ആദിവാസി കുടികള്‍ ഒറ്റപ്പെട്ടു.
വിരിഞ്ഞപാറ വഴി മണ്ണിടിഞ്ഞു യാത്ര തടസ്സപ്പെട്ടു. ബസ് ഗതാഗതം നിലച്ചു. നല്ല തണ്ണിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു. ഉള്‍പ്രദേശങ്ങളിലും മണ്ണിടിച്ചിലുണ്ടായി.
മൂന്നാറില്‍ നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കനത്ത മഴയെ തുടര്‍ന്ന് മൂന്നാര്‍ ഒറ്റപ്പെട്ട നിലയിലാണ്. മുതിരപ്പുഴയില്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് നിരവധി വീടുകളും കടകളും വെള്ളത്തിനടിയിലായി. പഴയ മൂന്നാറിലെ അമ്പതോളം വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി. ഇക്കാ നഗര്‍, നടയാര്‍ റോഡ് തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. പെരിയവരയില്‍ താല്‍ക്കാലികമായി നിര്‍മ്മിച്ച പാലം ശക്തമായ ഒഴുക്കില്‍ തകര്‍ന്നതോടെ മൂന്നാര്‍ – ഉദുമല്‍പ്പേട്ട അന്തര്‍ സംസ്ഥാനപാതയിലെ ഗതാഗതം നിലച്ചു. ഈ പാലം തകര്‍ന്നതോടെ ഏഴ് എസ്റ്റേറ്റിലെ തൊഴിലാളികള്‍ ഒറ്റപ്പെട്ട നിലയിലായി.
മണ്ണിടിച്ചിലിനെ തുടര്‍ന്ന് കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിലെ പല ഭാഗങ്ങളിലും ഗതാഗതം തടസപ്പെട്ടു. പഴയ മൂന്നാറില്‍ ദേശീയ പാതയിലെ വെള്ളമുയര്‍ന്നതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. ഇക്കാ നഗറില്‍ തോടിനു സമീപം പാര്‍ക്കു ചെയ്തിരുന്ന രണ്ടു വാഹനങ്ങള്‍ ഒഴുക്കില്‍ പെട്ടു . മൂന്നാര്‍ – നല്ലതണ്ണി, മൂന്നാര്‍ – നടയാര്‍ റോഡിലും മണ്ണിടിഞ്ഞു വീണിട്ടുണ്ട്. ലോക്കാട് ഗ്യാപ്പ് റോഡില്‍ പല ഭാഗത്തും മണ്ണിടിഞ്ഞു. മൂന്നാര്‍ ടൗണിനോടു ചേര്‍ന്ന് നല്ലതണ്ണി ജംഗ്ഷനിലുള്ള വീടുകള്‍ക്ക് സമീപം മണ്ണിടിഞ്ഞു വീണു. മൂന്നാര്‍- ദേവികുളം റോഡ് മണ്ണിടിഞ്ഞു ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. മൂന്നാറില്‍ സബ്കളക്ടര്‍ ഡോ. രേണുരാജിന്റെ നേതൃത്വത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍് ദേവികുളം നടത്തിവരുകയാണ്. ഗതാഗത തടസം നീക്കാന്‍ പരമാവധി ശ്രമം നടത്തിവരുകയാണെന്ന് സബ്കളക്ടര്‍ അറിയിച്ചു.
കട്ടപ്പന ഇരട്ടയാര്‍ റൂട്ടില്‍ അയ്യമലപ്പടി ഭാഗത്തു ഇരട്ടയാര്‍ ഡാമിന്റെ കാച്‌മെന്റ് ഏരിയ തോട്ടില്‍ നിന്നും വീടുകളിലേക്കു വെള്ളം കയറി.
മുളകര മേട് പള്ളിയുടെ പാരിഷ്ഹാള്‍ ഭാഗികമായി ഇടിഞ്ഞു. പാമ്പാടുംപാറ പുളിയന്മല റോഡില്‍ മണ്ണിടിഞ്ഞു ഗതാഗതം തടസപ്പെട്ടു.
ഉപ്പുതറ കെ. ചപ്പാത്തില്‍ പാലത്തില്‍ വെള്ളം കയറി. കട്ടപ്പനയില്‍ ഒരു വീടിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. കട്ടപ്പനയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ തലനാരിഴക്കാണ് ആളപായം ഒഴിവായത്. പെരിഞ്ചാങ്കുറ്റിയില്‍ ഉരുള്‍പൊട്ടലില്‍ കൃഷി നാശമുണ്ടായി. വണ്ടിപ്പെരിയാറിലും ഏലപ്പാറയിലും വീടുകളില്‍ വെള്ളം കയറി. ചെറുതോണിയില്‍ ഗാന്ധിനഗര്‍ കോളനിയില്‍ മണ്ണിടിഞ്ഞുവീണ് ഒരാള്‍ക്ക് പരുക്കേറ്റു. ഗാന്ധിനഗര്‍ പുത്തന്‍വിളയില്‍ ഹമീദാണ് മണ്ണിനടിയില്‍ പെട്ടത്. ഇയാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.
കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെ പഴയ കെട്ടിടം ഇരുന്ന സ്ഥലത്ത് ഉരുള്‍പൊട്ടി. ഓഫീസ് വണ്ടി ഒലിച്ചുപോയി. ദേവികുളം താലൂക്കില്‍ ദേവികുളം വിഎച്ച്എസ്‌സിയിലും പഴയ മൂന്നാറിലും ഇടുക്കി താലൂക്കില്‍ കട്ടപ്പന ടൗണ്‍ ഹാളിലും വണ്ടിപ്പെരിയാറിലും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ വിനോദ സഞ്ചാരങ്ങള്‍ക്ക് ആഗസ്റ്റ് 15 വരെ ജില്ലാകളക്ടര്‍ നിരോധനമേര്‍പ്പെടുത്തി.
ഫ്ളോറിഡയിലുള്ള പ്രവാസി മലയാളിയാണ് പനയിൽ നിന്ന് കള്ളു ചെത്താൻ സ്വന്തമായ രീതി വികസിപ്പിച്ചെടുത്തത് . വീട്ടുമുറ്റത്ത് വളരുന്ന പനകളിൽ നിന്നാണ് അദ്ദേഹം കള്ളു ചെത്തി നല്ല മധുരകള്ള് യഥേഷ്ടം സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കുന്നത് . ഒരാൾ പൊക്കമുള്ള പനയുടെ കുലകളിൽനിന്ന് നിലത്തു നിന്നുകൊണ്ടുതന്നെ അദ്ദേഹത്തിന് കള്ള് ചെത്താൻ സാധിക്കുന്നുണ്ട് .പല കുലകളിലായി 2 ലിറ്ററിൻെറ പ്ലാസ്റ്റിക് കുപ്പികളിലാണ് കള്ള് ശേഖരിക്കുന്നത് . എങ്ങനെ പനയുടെ കുലകളിൽനിന്ന് കള്ള് ശേഖരിക്കണം എന്ന് വളരെ വിശദമായി വീഡിയോയിൽ കാണിക്കുന്നുണ്ട് .പ്രവാസി മലയാളിയുടെ മധുരകള്ളിനോടുള്ള ഗൃഹാതുരത്വത്തോടെയുള്ള ആഗ്രഹം അങ്ങനെ അമേരിക്കയിലും സഫലമാകുന്നു .
https://www.facebook.com/390385245169410/posts/399833417557926/
കേരളത്തിൽ കള്ള് ഉത്പാദിപ്പിക്കുന്നത് പ്രധാനമായും തെങ്ങിൽ നിന്നും പനയിൽ നിന്നും ആണ്. അധികം പുളിപ്പില്ലാത്ത മധുരകള്ള് ഔഷധപാനിയമാണ് . ലഹരി ഇല്ലാത്ത മധുരകള്ള് (നീര) ഉത്പാദിപ്പിക്കാനും വിതരണം ചെയ്യുവാനും കേരളത്തിൽ നാളികേര വികസനബോർഡ് വിപുലമായ പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നു . കേരളത്തിൽ ഏകദേശം 29,536 കള്ള് ചെത്തു തൊഴിലാളികൾ ഉണ്ട് .
പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകുന്നേരം 4 മണിക്ക് പ്രത്യേക അഖിലേന്ത്യാ റേഡിയോ പ്രക്ഷേപണത്തിലൂടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്യുമെന്ന് ഓൾ ഇന്ത്യ റേഡിയോ. അതേസമയം പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുമെന്ന് പറഞ്ഞ് ഓൾ ഇന്ത്യ റേഡിയോ നേരത്തെ ഇട്ട ട്വിറ്റർ കുറിപ്പ് നിലവിൽ പിൻവലിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം ഇന്ദ്രപ്രസ്ഥ, എഫ്എം റെയിൻബോ, എഫ്എം ഗോൾഡ് ചാനലുകളിൽ ലഭ്യമാകുമെന്നായിരുന്നു ട്വീറ്റ്. ജമ്മു കശ്മീരിന് പ്രത്യേക പദവി അവസാനിപ്പിച്ച് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള സർക്കാർ തീരുമാനത്തിന് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ പ്രത്യേക പ്രസംഗം.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മാർച്ച് 27- നാണ് അദ്ദേഹം അവസാനമായി രാജ്യത്തെ അഭിസംബോധന ചെയ്തത്. തത്സമയ ഉപഗ്രഹം വെടിവെച്ചിട്ട് കൊണ്ട് ആന്റി-സാറ്റലൈറ്റ് മിസൈൽ (ASAT) കഴിവ് ഇന്ത്യ പ്രകടിപ്പിച്ചതായി അദ്ദേഹം അന്ന് പ്രഖ്യാപിച്ചിരുന്നു .
ഭരണഘടനയിലെ ആർട്ടിക്കിൾ 370 ഭേദഗതി ചെയ്ത് ജമ്മു കശ്മീരിന് പ്രത്യേക പദവി അവസാനിപ്പിക്കുന്ന പ്രമേയം പാർലിമെന്റ് ചൊവ്വാഴ്ച പാസാക്കിയിരുന്നു. ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള ബില്ലും സഭ അംഗീകരിച്ചു.
ഇത് ഒരു സുപ്രധാന സന്ദർഭമാണെന്ന് ജമ്മു കശ്മീരിനെ വിഭജിക്കാനുള്ള ബിൽ പാർലമെന്റിന്റെ ഇരുസഭകളിലും പാസാക്കിയ ഉടനെ പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു.
8, AUG 2019, 12:39 PM IST
വയനാട്ടിൽ ഇന്നും നാളെയും ‘റെഡ്’ അലർട്ട്
വയനാട്ടിൽ ഇന്നും നാളെയും അതിതീവ്ര മഴയുണ്ടാക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇതോടെ സംസ്ഥാനത്ത് നാല് ജില്ലകളില്‍ ‘റെഡ്’ അലർട്ടായി. കോഴിക്കോട്, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളിലും ഇന്ന് ‘റെഡ്’ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
8, AUG 2019, 12:09 PM IST
വാഗമൺ കാരിക്കാട് ടോപ്പിൽ ഉരുൾപൊട്ടൽ
കോട്ടയത്ത് മീനച്ചിൽ താലൂക്കിലെ മലയോര പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നു. വാഗമൺ കാരിക്കാട് ടോപ്പിൽ ഉരുൾപൊട്ടലുണ്ടായി. മീനച്ചിലാർ കരകവിയുന്നു. ഈരാറ്റുപേട്ട, പനയ്ക്കപ്പാലം തുടങ്ങിയ സ്ഥലങ്ങളിൽ റോഡുകളിൽ വെള്ളം കയറി .
8, AUG 2019, 12:08 PM IST
ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നു
കോഴിക്കോട് ഒളവണ്ണയിൽ ബികെ കനാൽ മുതൽ പൂളക്കടവ് പാലം വരെ ഇരുകരകളിലും താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കുന്നു
8, AUG 2019, 12:01 PM IST
എറണാകുളത്ത് ദുരിതാശ്വാസ ക്യാമ്പ് തുറന്നു
എറണാകുളം ജില്ലയിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നു. കോതമംഗലം കുട്ടമ്പുഴ വില്ലേജിലെ മണികണ്ഠൻചാലിലാണ് ക്യാമ്പ് തുറന്നത്. അഞ്ച് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി
8, AUG 2019, 11:58 AM IST
കണ്ണൂരിൽ ജാഗ്രത നിർദേശം
പുഴകളിൽ വെള്ളം ഉയരുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലർത്തണമെന്ന് കണ്ണൂര്‍ ജില്ലാ ഭരണകൂടം അറിയിച്ചു. മാനന്തവാടി മേഖലയിൽ മൂന്ന് ദിവസമായി കനത്ത മഴ പെയ്യുന്നതിനാൽ ജില്ലയിലെ പുഴകളിൽ അപ്രതീക്ഷിതമായി വെള്ളം ഉയരാൻ സാധ്യതയുണ്ട്. അതിനാൽ പുഴയോരങ്ങളിൽ താമസിക്കുന്നവർ പ്രത്യേകം ജാഗ്രത കാണിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
8, AUG 2019, 11:45 AM IST
ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടി
ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടുമെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്താകെ പത്ത് യൂണിറ്റിനെ വിന്യസിക്കും. ജില്ലാ ഭരണകൂടങ്ങൾക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശവും നൽകിയിട്ടുണ്ട്. നാളെ മുതൽ മഴ കുറയുമെന്നാണ് കാലാവസ്ഥാ വിലയിരുത്തൽ
8, AUG 2019, 11:18 AM IST
ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍
ഇടുക്കി പെരിഞ്ചാംകുട്ടിയിലും കട്ടപ്പന കുന്തളംപാറയിലും ഉരുൾപൊട്ടൽ ഉണ്ടായി. ആളപായമില്ല, വീട് തകര്‍ന്നു.
കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിൽ വെള്ളം കയറി.
8, AUG 2019, 11:12 AM IST
കോട്ടയം-കുമളി ബസ് സര്‍വ്വീസ് നിര്‍ത്തിവച്ചു
കോട്ടയം – കുമളി ബസ് സർവീസ് കെഎസ്ആര്‍ടിസി താൽക്കാലികമായി നിർത്തി വച്ചു. മുണ്ടക്കയത്ത് മണിമലയാർ കരകവിഞ്ഞ് വീടുകളിൽ വെള്ളം കയറി. വെള്ളം കയറി എരുമേലി അറിയാഞ്ഞിലിമണ്ണ് ഒറ്റപ്പെട്ടു.
8, AUG 2019, 11:09 AM IST
മലപ്പുറത്തും കനത്ത കാറ്റും മഴയും
കെഎന്‍ജി റോഡിൽ നിലമ്പൂർ ചന്തക്കുന്ന് ചാലിയാർ തീരത്ത് അമ്പതോളം വീടുകളിൽ വെള്ളം കയറി
8, AUG 2019, 11:06 AM IST
കോഴിക്കോട് നഗരത്തിൽ കനത്ത മഴ
കോഴിക്കോട് മാവൂർ, മുക്കം ഭാഗങ്ങളിൽ അതിശക്തമായ മഴ. ചാലിയാർ കരകവിഞ്ഞൊഴുകുന്നു. ഇടറോഡുകൾ വെള്ളത്തിനടിയിലായി.
8, AUG 2019, 10:51 AM IST
സംസ്ഥാനത്ത് അങ്ങിങ്ങ് ഉരുൾപ്പൊട്ടൽ
കനത്ത മഴയെ തുടര്‍ന്ന് മലപ്പുറം, കണ്ണൂര്‍, ഇടുക്കി ജില്ലകളില്‍ ഉരുൾപ്പൊട്ടൽ ഉണ്ടായി. നിലമ്പൂര്‍ കരുളായി മുണ്ടാകടവ് കോളനിയില്‍ ഉരുള്‍പൊട്ടി. ആളപായമില്ല. പരിസരത്തെ റോഡിൽ വെള്ളംകയറി. ആളുകളെ മാറ്റി പാര്‍പ്പിക്കുകയാണ്. കണ്ണൂർ കൊട്ടിയൂരിൽ വീണ്ടും ഉരുൾപൊട്ടൽ ഉണ്ടായി. ഇരിട്ടി നഗരം വെള്ളത്തിലാണ്.വളപട്ടണം പുഴ കരകവിഞ്ഞൊഴുകുന്നതിനാൽ ഇരിക്കൂർ, നിടുവള്ളൂർ പ്രദേശങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്.
8, AUG 2019, 10:41 AM IST
കൊട്ടിയൂരിൽ ചുഴലിക്കാറ്റ്
കണ്ണൂർ ജില്ലയിൽ കനത്ത മഴയും കാറ്റും തുടരുന്നു. കൊട്ടിയൂരിൽ കണിച്ചാറിൽ ചുഴലിക്കാറ്റിൽ സ്കൂളിന്റെ മേൽക്കൂര തകർന്നു. വളപട്ടണം പുഴ കരകവിഞ്ഞൊഴുകുകയാണ്. ഇരിട്ടി നഗരം വെള്ളത്തിലാണ്.
8, AUG 2019, 10:39 AM IST
മഴക്കെടുതിയിൽ രണ്ട് മരണം
മഴക്കെടുതിയിൽ സംസ്ഥാനത്ത് രണ്ട് പേർ മരിച്ചു. പാലക്കാട് അട്ടപ്പാടിയിൽ വീടിന് മുകളിൽ മരം വീണ് ഒരാൾ മരിച്ചു. ചുണ്ടകുളം ഊരിലെ കാരയാണ് മരിച്ചത്. വയനാട് പനമരത്ത് വെള്ളം കയറിയ വീട് ഒഴിയുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു. കാക്കത്തോട് കോളനിയിലെ ബാബുവിന്‍റെ ഭാര്യ മുത്തുവാണ് മരിച്ചത്.
8, AUG 2019, 10:38 AM IST
എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി ഇന്ന് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി, പാലക്കാട്, കോട്ടയം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് (വ്യാഴാഴ്ച) അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയില്‍ അവധി ഭാഗികമാണ്.
8, AUG 2019, 10:01 AM IST
മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു
കനത്ത മഴയെ തുടര്‍ന്നുള്ള സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര യോഗം വിളിച്ചു. റവന്യൂ മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.
8, AUG 2019, 12:00 AM IST
മൂന്ന് ജില്ലകളില്‍ ഇന്ന് ‘റെഡ്’ അലർട്ട്
സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തിപ്പെട്ടു. കനത്ത മഴയെ തുടർന്ന് കോഴിക്കോട്, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്ന് ‘റെഡ്’ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്തമഴ തുടരുന്നതിനാല്‍ ഏത് അടിയന്തരസാഹചര്യവും നേരിടുന്നതിന് സജ്ജരായിരിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി. വെളളപ്പൊക്കത്തിൽ ഒറ്റപ്പെട്ട് പോയവരെയും സഹായം വേണ്ടവരെയും സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കുന്നതിനും അടിയന്തര സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനും പൊലീസ് രംഗത്തുണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മഴയിലും കാറ്റിലും റോഡിലേക്ക് ഒടിഞ്ഞു വീഴുന്ന മരങ്ങളും മറ്റ് തടസ്സങ്ങളും നീക്കം ചെയ്ത് വാഹനഗതാഗതവും വാർത്താവിനിമയ സംവിധാനങ്ങളും പുന:സ്ഥാപിക്കുന്നതിന് പൊലീസ് എല്ലാ സഹായവും നൽകും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ജില്ലാ ഭരണകൂടങ്ങൾ എന്നിവയോടൊപ്പം സഹകരിച്ച് പ്രവർത്തിക്കുന്നതിനും ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
മഴക്കെടുതി വിലയിരുത്താനും രക്ഷാപ്രവര്‍ത്തനങ്ങൾ ഊര്‍ജ്ജിതമാക്കാനും മുഖ്യമന്ത്രി ഇന്ന് രാവിലെ ഉന്നതതല യോഗം വിളിച്ചുചേര്‍ത്തിരുന്നു. കനത്ത മഴയും മഴക്കെടുതിയും തുടരുന്ന സാഹചര്യത്തിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടാനാണ് സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം. മൂന്നാറിലും നിലമ്പൂരിലും എൻഡിആര്‍എഫ് സംഘം രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിൽ ഇപ്പോൾ തന്നെ സജീവമാണ്. പത്ത് യൂണിറ്റിനെ കൂടി സംസ്ഥാന വ്യാപകമായി വിന്യസിക്കാനാണ് തീരുമാനം. കൊല്ലം തിരുവനന്തപുരം ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും സേനയുടെ സേവനം ലഭ്യമാക്കാൻ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം കാണാതായ യുവ സംവിധായകൻ നിഷാദ് ഹസനെ കണ്ടെത്തി. തൃശൂർ ജില്ലയിലെ കൊടകരയിൽനിന്നാണ് ഇയാളെ കണ്ടെത്തിയതെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പോലീസ് അറിയിച്ചു. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കുമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച പുലർച്ചെയാണ് ചിറ്റിലപ്പിള്ളി മുള്ളൂർക്കായലിനു സമീപത്തുനിന്നും നിഷാദ് ഹസനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയത്. നിഷാദിനൊപ്പം ഉണ്ടായിരുന്ന ഭാര്യ പ്രതീക്ഷയ്ക്കും അക്രമികളുടെ മർദനത്തിൽ പരിക്കേറ്റിരുന്നു. ഇവരെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിഷാദ് നായകനായി സംവിധാനം ചെയ്ത പുതിയ സിനിമ ‘വിപ്ലവം ജയിക്കാനുള്ളതാണ്’ കഴിഞ്ഞ വെള്ളിയാഴ്ചയാണു റിലീസ് ചെയ്തത്. ഇതിന്റെ വഴിപാടുകളുമായി ബന്ധപ്പെട്ട് ഗുരുവായൂരിലേക്കു പോകുമ്പോഴായിരുന്നു ആക്രമണം. സിനിമയുമായി ബന്ധപ്പെട്ട് നിർമാതാവുമായി തർക്കം ഉണ്ടായിരുന്നുവെന്നു പറയുന്നു.
മാധ്യമപ്രവര്‍ത്തകന്‍ സനില്‍ കുമാര്‍ സുഷമ സ്വരാജിനെ ഓര്‍ത്തുകൊണ്ട് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്. സുഷമാ സ്വരാജിന്റെ വിയോഗം പലര്‍ക്കും വ്യക്തിപരമായ നഷ്ടം കൂടിയാണ്.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

വാജ്‌പേയിയുടെ രണ്ടാം മന്ത്രിസഭയില്‍ സുഷമ സ്വരാജ് ആരോഗ്യമന്ത്രി ആയിരുന്ന കാലം. ഞാന്‍ സൂര്യ ടി വിയില്‍ തിരുവനന്തപുരം റിപ്പോര്‍ട്ടര്‍. അപ്പോഴാണ് കൊല്ലത്ത് നിന്നുള്ള ഒരു സംഭവം ശ്രദ്ധയില്‍പ്പെടുന്നത്. രണ്ടു കൊച്ചു കുട്ടികള്‍ ബെന്‍സണും ബെന്‍സിയും എച്ച് ഐ വി ബാധിതരാണ് അവരെ സ്‌കൂളില്‍ നിന്ന് പുറത്താക്കി.
കുട്ടികളുടെ മാതാപിതാക്കള്‍ എയിഡ്‌സ് ബാധിച്ച് മരിച്ചിരുന്നു. മാതാവില്‍ നിന്നാണ് കുട്ടികള്‍ക്ക് രോഗം പകര്‍ന്നത്. അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും സംരക്ഷണയിലുള്ള കുട്ടികളുടെ രോഗവിവരം സ്‌കൂളിലും നാട്ടുകാരും അറിഞ്ഞു. അതോടെ ഈ കുട്ടികള്‍ക്കൊപ്പം ഇരുന്ന് പഠിക്കാന്‍ മറ്റു കുട്ടികളെ അയയ്ക്കില്ലെന്നായി രക്ഷിതാക്കള്‍.
ബെന്‍സനേയും ബെന്‍സിയേയും സ്‌കൂളില്‍ അധികൃതര്‍ വിലക്കി. കുട്ടികള്‍ക്ക് ചികിത്സയ്ക്ക് പോലും പണമില്ലാതെ വലയുകയാണ് അപ്പൂപ്പനും അമ്മൂമ്മയും. ഒപ്പം നാട്ടിലെ ഒറ്റപ്പെടലും കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങലും.
ഇത് ചര്‍ച്ച ആക്കാന്‍ തീരുമാനിച്ചു.
അങ്ങനെ തിരുവനന്തപുരത്ത് നിന്ന് ഞാന്‍, സീ ടി വിയിലെ റോയ് മാത്യു, എന്‍ ഡി ടി വിയിലെ ബോബി നായര്‍, സി എന്‍ ബി സി യിലെ രാജേഷ് ദിവാകര്‍ എന്നിവര്‍ ക്യാമറ യൂണിറ്റുമായി കൊല്ലത്തേക്ക് തിരിച്ചു. കൊല്ലത്ത് വച്ച് ഏഷ്യാനെറ്റ് കൊല്ലം റിപ്പോര്‍ട്ടര്‍ വിനു. വി. ജോണും ചേര്‍ന്നു. ഞങ്ങള്‍ കുട്ടികള്‍ പഠിക്കുന്ന ചാത്തന്നൂരിനടുത്തുള്ള സ്‌കൂളിലെത്തി. അപ്പോള്‍ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ അവിടെ പി ടി എ മീറ്റിങ് നടക്കുകയാണ്. സ്ഥലം എം എല്‍ എ പ്രതാപവര്‍മ്മ തമ്പാനും മീറ്റിങ്ങിലുണ്ട്. പ്രശ്‌നം പരിഹരിക്കാനല്ല വഷളാക്കാനാണ് യോഗത്തില്‍ ഇയാള്‍ ശ്രമിച്ചത്. കുട്ടികളെ ഒരു കാരണവശാലും സ്‌കൂളില്‍ തുടര്‍ന്ന് പഠിക്കാന്‍ അനുവദിക്കില്ലെന്ന് എം എല്‍ എ നിലപാട് എടുത്തു. രോഗം പകരുമത്രേ. ഇതോടെ രക്ഷിതാക്കളും ഒറ്റക്കെട്ടായി. ഇതൊക്കെ ഞങ്ങള്‍ പകര്‍ത്തി. എംഎല്‍എയെ കാര്യം പറഞ്ഞു മനസ്സിലാക്കാന്‍ ഞങ്ങള്‍ ശ്രമിച്ചെങ്കിലും അയാള്‍ വഴങ്ങിയില്ല. ഞങ്ങളോട് കയര്‍ത്തു.
പിന്നീട് ഞങ്ങള്‍ ബെന്‍സന്റെയും ബെന്‍സിയുടെയും വീട്ടില്‍ പോയി. ദയനീയമായിരുന്നു അവിടുത്തെ അവസ്ഥ. മരുന്നില്ല, ഭക്ഷണമില്ല…കടക്കാരും നാട്ടുകാരും അടുപ്പിക്കുന്നില്ല. ഒറ്റപ്പെടലിന്റെ തുരുത്തില്‍ ഒരു കുടുംബം. നിസ്സഹായമായ കണ്ണുകളോടെ മരണം മുന്നില്‍ കാണുന്ന രണ്ട് കുരുന്നുകള്‍. അതൊക്കെ ഷൂട്ട് ചെയ്ത് ഞങ്ങള്‍ തിരുവനന്തപുരത്തേക്ക് മടങ്ങി. വാര്‍ത്ത എല്ലാവരും അതാത് ചാനലുകളില്‍ എയര്‍ ചെയ്തു. അത് സമൂഹ മനസാക്ഷിയെ ഉണര്‍ത്തി.
അന്ന് എ.കെ. ആന്റണിയായിരുന്നു മുഖ്യമന്ത്രി. ഞാനും അച്ചായനും (റോയ് മാത്യു) അദ്ദേഹവുമായി ബന്ധപ്പെട്ടു. കുട്ടികള്‍ക്കും കുടുംബത്തിനും മുഖ്യമന്ത്രിയെ ഒന്നു സന്ദര്‍ശിക്കണം എന്ന ആവശ്യം ഉന്നയിച്ചു. മുഖ്യമന്ത്രി സമ്മതിച്ചു. അങ്ങനെ ബെന്‍സനും ബെന്‍സിക്കും ഒപ്പം ഞാനും അച്ചായനും രാജേഷ് ദിവാകറും മുഖ്യമന്ത്രിയുടെ ചേംബറില്‍ എത്തി. കസേരയില്‍ ഇരിക്കുകയായിരുന്നു അദ്ദേഹം. അച്ചായന്‍ കുട്ടികളെ മുഖ്യമന്ത്രിയുടെ കസേരയ്ക്ക് അരികിലേക്ക് നീക്കി നിര്‍ത്തി. പെട്ടെന്നാണ് ആന്റണി ചാടി എഴുനേറ്റത്. അദ്ദേഹം കുട്ടികളില്‍ നിന്ന് അകലം പാലിച്ച് ദൂരേയ്ക്ക് മാറി ഒതുങ്ങി നിന്നു. അങ്ങനെ നിന്നാണ് ആന്റണി അവരോട് സംസാരിച്ചത്. കുട്ടികളെ തൊടാനോ ഒന്നു തലോടി ആശ്വസിപ്പിക്കാന്‍ പോലുമോ അദ്ദേഹം മുതിര്‍ന്നില്ല.
ഞങ്ങള്‍ അവിടെ നിന്ന് ഇറങ്ങി. പിന്നീട് അച്ചായന്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സിന്റെ പിആര്‍ഒ ലാലു ജോസഫിനെ ബന്ധപ്പെട്ടു. കുട്ടികളുടെ ചികിത്സയ്ക്ക് ആവശ്യമായ സഹായം ലാറ്റക്‌സിന് ചെയ്തുകൊടുക്കാന്‍ കഴിയുമോ എന്നായിരുന്നു അന്വേഷണം. അപ്പോള്‍ ലാലു ഒരു കാര്യം പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി സുഷമ സ്വരാജ് അടുത്ത ദിവസം ലാറ്റക്‌സ് സന്ദര്‍ശിക്കാന്‍ എത്തുന്നുണ്ട്. വിഷയം അവരുടെ ശ്രദ്ധയില്‍ പെടുത്താം.
അങ്ങനെ സുഷമ ലാറ്റക്‌സിലെത്തി. സന്ദര്‍ശനത്തിനിടെ ലാലു ബെന്‍സന്റെയും ബെന്‍സിയുടെയും കാര്യം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. കുട്ടികളുടെ ചികിത്സ ഏറ്റെടുക്കാമെന്ന് അപ്പോള്‍ത്തന്നെ സുഷമ വ്യക്തമാക്കി.
പിറ്റേന്ന് തിരുവനന്തപുരം പ്രസ് ക്ലബില്‍ സുഷമയുടെ പത്രസമ്മേളനം. സമ്മേളനത്തിനായി അവര്‍ ഡയസില്‍ ഇരുന്നപ്പോള്‍ ഞങ്ങള്‍ ബെന്‍സനെയും ബെന്‍സിയും കൊണ്ട് അവരുടെ അടുത്തെത്തി പരിചയപ്പെടുത്തി. ഒരു നിമിഷം വൈകിയില്ല. സുഷമ സ്വരാജ് രണ്ടുകുട്ടികളെയും വാരിപ്പുണര്‍ന്നു. നെറുകയില്‍ മാറി മാറി ചുംബിച്ചു. ഞങ്ങളുടെ മനസ്സ് നിറഞ്ഞു. ആ ഒരു നിമിഷം നഷ്ടപ്പെട്ട മാതൃ വാത്സല്യം ആ കുരുന്നുകള്‍ അനുഭവിച്ചിട്ടുണ്ടാകും. ബെന്‍സനും ബെന്‍സിക്കുമുള്ള സഹായം പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചിട്ടാണ് അന്ന് സുഷമ സ്വരാജ് മടങ്ങിയത്.
കണ്ണൂര്‍ കൊട്ടിയൂരും ഇരിട്ടി-മട്ടന്നൂര്‍ ഭാഗത്തും കനത്ത നാശനഷ്ടം. കൊട്ടിയൂര്‍ ശക്തമായ ചുഴലിക്കാറ്റ് രൂപപ്പെട്ടു. ചുഴലിക്കാറ്റില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു. മഴ നില്‍ക്കാതെ പെയ്യുകയാണ്. മട്ടന്നൂര്‍ ഇരിക്കൂര്‍ ഭാഗത്ത് പല വീടുകളും വെള്ളത്തില്‍ മുങ്ങി ഒറ്റപ്പെട്ട അവസ്ഥയിലാണ്. പറശ്ശിനികടവ് അമ്പലത്തിലും വെള്ളം കയറി.
കര്‍ണാടക വനത്തില്‍ ഇന്നലെ രാത്രി ഉരുള്‍പൊട്ടലുണ്ടായി. മലയോരത്ത് പുഴകളില്‍ ശക്തമായ ഒഴുക്കുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം. ജില്ലയില്‍ ഒന്‍പത് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 116 കുടുംബങ്ങളിലെ 443 പേര്‍ ക്യാംപിലാണ്. ചുഴലിക്കാറ്റില്‍ കണിച്ചാര്‍ ടൗണിലെ പല കെട്ടിടങ്ങളും തകര്‍ന്നു.
കണിച്ചാറിലെ ഡോ. പല്‍പു മെമ്മോറിയല്‍ സ്‌കൂള്‍ പൂര്‍ണമായി തകര്‍ന്നു. രക്ഷാപ്രവര്‍ത്തനത്തിന് പോലീസ് സഹായത്തോടെ ബോട്ടുകള്‍ ഇറക്കിയിട്ടുണ്ട്. പലയിടത്തും വൈദ്യുത ബന്ധം നിലച്ചിട്ടുണ്ട്.കല്‍പ്പറ്റയില്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങിയ ഗ്രാമങ്ങളില്‍നിന്നു കുടുംബങ്ങളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നു.
ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ട സിവിൽ പൊലീസ് ഓഫിസർ കുമാറിന്റെ ആമാശയത്തിൽ, പോസ്റ്റ്മോർട്ടത്തിൽ അസ്വാഭാവിക ഗന്ധം കണ്ടെത്തിയിരുന്നെന്നു സൂചന. ഇക്കാര്യം അന്നുതന്നെ പൊലീസിനെ അറിയിക്കുകയും രാസപരിശോധനയ്ക്കായി ആന്തരികാവയവങ്ങൾ എറണാകുളത്തെ ഫൊറൻസിക് ലാബിലേക്ക് അയയ്ക്കുകയും ചെയ്തിരുന്നതായാണു വിവരം.
ആദിവാസി വിഭാഗക്കാരനായ കുമാറിന്റെ മരണത്തിൽ ഭാര്യയും കുടുംബാംഗങ്ങളും ദുരൂഹത ആരോപിച്ചിരിക്കെ, ഫൊറൻസിക് ലാബിൽനിന്നുള്ള രാസപരിശോധനാ ഫലത്തിനും പ്രാധാന്യം കൽപിക്കപ്പെടുന്നു. സാധാരണഗതിയിൽ, പലപ്പോഴും മാസങ്ങളോളം വൈകാറുള്ള രാസപരിശോധനാ ഫലം വേഗം ലഭ്യമാക്കാൻ അന്വേഷണ സംഘത്തിന്റെ ഇടപെടൽകൂടി വേണ്ടി വരും.
സായുധസേനാ ക്യാംപിലെ പൊലീസുകാരനായിരുന്ന കുമാറിന്റെ മരണം ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ക്യാംപിൽ കുമാറിനു നേരെ ജാതി പറഞ്ഞുള്ള അധിക്ഷേപവും വിവേചനവും പീഡനവും നടന്നിരുന്നെന്നു മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരോടു പരാതിപ്പെട്ട ഭാര്യ സജിനി, മർദനത്തിൽ കൊല്ലപ്പെട്ട കുമാറിനെ റെയിൽവേ ട്രാക്കിൽ തള്ളിയതാകാമെന്നും കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിനു നൽകിയ മൊഴിയിൽ ആരോപിച്ചിരുന്നു.