വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലകളിൽ പത്തുനാൾ നീണ്ട രക്ഷാദൗത്യം അവസാനിപ്പിച്ച് സൈന്യം മടങ്ങുന്നു. രക്ഷാപ്രവർത്തനം പൂർണമായും എൻ.ഡി.ആർ.എഫിനും സംസ്ഥാന സേനകൾക്കും കൈമാറുമെന്ന് സൈന്യം അറിയിച്ചു.
ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള തിരച്ചിനും ബെയിലി പാലം ശക്തിപ്പെടുത്തുന്നതിനും നിയോഗിച്ചിട്ടുള്ള സൈനികർ മാത്രമേ സ്ഥലത്ത് തുടരൂ. തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട്, ബെംഗളൂരു ബറ്റാലിയനുകളിലെ 500 അംഗ സംഘമാണ് മുണ്ടക്കൈ, ചൂരൽമല മേഖലകളിൽനിന്ന് തിരികെ പോകുന്നത്.
സൈന്യത്തിന് സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും ഔദ്യോഗിക യാത്രയയപ്പ് നൽകി. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസും എ.കെ.ശശീന്ദ്രനും പങ്കെടുത്ത ചടങ്ങിൽ വിവിധ സൈനിക വിഭാഗങ്ങളിലെ മേധാവികളെ ആദരിച്ചു.
ദുരന്തഭൂമിയിൽ ജനങ്ങളും സർക്കാരും നൽകിയ പിന്തുണയ്ക്ക് സൈന്യം നന്ദി പറഞ്ഞു. സൈന്യത്തിന്റെ സേവനത്തിന് മന്ത്രിമാരും നന്ദി രേഖപ്പെടുത്തി. അഗ്നിരക്ഷാ സേന എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ്, പോലീസ് ഉൾപ്പെടെയുള്ള സേനവിഭാഗങ്ങളേ ഇനി തിരച്ചിലിന് ഉണ്ടാകൂ.
നഴ്സുമാരുടെ ശമ്പളവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഉത്തരവ് പ്രകാരം കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ നിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ചു. ഇക്കാര്യം കേന്ദ്ര ആരോഗ്യസഹ മന്ത്രി അനുപ്രിയ പട്ടേല്‍ രാജ്യസഭയെ അറിയിച്ചു. ആരോഗ്യം സംസ്ഥാന വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ വേണ്ട നടപടി സ്വീകരിക്കുന്നതിനാണിത്. സ്വകാര്യ ആശുപത്രികളില്‍ നഴ്സുമാരുടെ ശമ്പളം 20000 രൂപയില്‍ കുറയരുതെന്നാണ് വിദഗ്ധ സമിതിയുടെ പ്രധാന നിര്‍ദേശം.
200 കിടക്കകളുള്ള സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലെ അനുബന്ധ ഗ്രേഡിന് തുല്യമായിരിക്കണം ശമ്പളം. 100 കിടക്കകളുള്ള സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ അനുബന്ധ ഗ്രേഡിനേക്കാള്‍ 10 ശതമാനം വരെ ശമ്പളം കുറയാം. 50-100 കിടക്കകുള്ള ആശുപത്രികളില്‍ സര്‍ക്കാര്‍ ശമ്പളത്തിന്റെ 25 ശതമാനം വരെ കുറയാവുന്നതാണെന്നും നിര്‍ദേശത്തില്‍ പറയുന്നു.
50 കിടക്കകളില്‍ കുറഞ്ഞാലും സ്വകാര്യ ആശുപത്രികളില്‍ നഴ്സുമാരുടെ ശമ്പളം 20000 രൂപയില്‍ കുറയരുത്. അവധികള്‍, ജോലി സമയം, മെഡിക്കല്‍ സൗകര്യങ്ങള്‍, ഗതാഗതം, താമസം തുടങ്ങിയവ സര്‍ക്കാര്‍ തലത്തില്‍ അനുവദിച്ചതിന് തുല്യമായിരിക്കണമെന്നതാണ് മറ്റൊരു പ്രധാന നിര്‍ദേശം.
വയനാട്ടിലെ ദുരന്തബാധിത മേഖലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തും. ശനിയാഴ്ചയോ, ഞായറാഴ്ചയോ ആയിരിക്കും സന്ദര്‍ശനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം ഹെലികോപ്റ്ററിലായിരിക്കും നരേന്ദ്രമോദി വയനാട്ടിലേക്ക് പോകുക.
പരിശോധനകളുടെ ഭാഗമായി എസ്പിജി സംഘം വയനാട്ടിലെത്തി പരിശോധന ആരംഭിച്ചിരുന്നു. ദുരന്തബാധിത മേഖലയില്‍ എത്തുന്ന മോദി ദുരിതാശ്വാസ ക്യാംപുകളും സന്ദര്‍ശിക്കും. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തിന് മേല്‍ മോദി സുപ്രധാന പ്രഖ്യാപനം ഉണ്ടാകുമോയെന്നാണ് കേരളം ഉറ്റുനോക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട് സന്ദര്‍ശിച്ചേക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ അന്തിമതീരുമാനം ഉചിത സമയത്തുണ്ടാകുമെന്നായിരുന്നു മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അദ്ദേഹം പറഞ്ഞത്. വയനാടിന്റെ അവസ്ഥ പ്രധാനമന്ത്രിയെ നേരിട്ടു ബോധ്യപ്പെടുത്തിയതായും ഗവര്‍ണര്‍ പറഞ്ഞു.
മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്യണം എന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ഡീൻ കുര്യാക്കോസ് എംപി. മുല്ലപ്പെരിയാറിലുള്ളത് ജലബോംബാണെന്നും പുതിയ ഡാം വേണമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു. കേരള, തമിഴ്നാട് മുഖ്യമന്ത്രിമാരുമായി കേന്ദ്ര സർക്കാർ ഇക്കാര്യം സംസാരിക്കണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി സംസാരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാർ അണകെട്ടിൻ്റെ സമീപത്ത് താമസിക്കുന്ന ജനങ്ങളുടെ ജീവൻ വലിയ അപകടത്തിലാണെന്നും ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണമെന്നും ലക്ഷകണക്കിന് ജനങ്ങൾക്ക് ഭീഷണിയുള്ള ഈ വിഷയം സഭ നടപടി ക്രമങ്ങൾ നിർത്തിവെച്ച് അടിയന്തരമായി ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഡീൻ കുര്യാക്കോസ് എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്.
വയനാട്ടിൽ അടുത്തിടെ ഉണ്ടായ ഉരുൾപൊട്ടൽ 500 ഓളം പേരുടെ ജീവനാണ് കവർന്നതെന്നും ഒരു ഗ്രാമത്തെ പോലും ഇല്ലാതാക്കുകയും ചെയ്യുകയുണ്ടായി. കേരളത്തിലെ 5 ജില്ലകളിലായി 5 ദശലക്ഷം ജനങ്ങൾക്ക് ഭീഷണിയായി കൊണ്ടിരിക്കുന്ന ഈ പ്രശ്നം സഭ ഗൗരവമായി തന്നെ ചർച്ച ചെയ്യെണമെന്നും ഡീൻ കുര്യാക്കോസ് നോട്ടീസിൽ ആവശ്യപ്പെട്ടു.
വയനാട് ദുരന്തത്തിന്റെ ഒൻപതാം ദിവസവും കാണാതായവർക്കായി തെരച്ചിൽ തുടരും.ഇന്ന് വിവിധ വകുപ്പുകളുടെ മേധാവിമാർ ചേർന്നാണ് പരിശോധന.സൺറൈസ് വാലിയിൽ പ്രത്യേക സംഘത്തിന്റെ പരിശോധന ഉണ്ടാകും.സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ ഹെലികോപ്റ്ററിൽ ഇറങ്ങിയ പ്രത്യേക സംഘം ഇന്നലെ നാലു കിലോമീറ്റർ ദൂരം പരിശോധന നടത്തിയിരുന്നു. ഇന്ന് ആറു കിലോമീറ്റർ ദൂരം പരിശോധന നടത്താനാണ് നീക്കം.
അതേസമയം, തിരിച്ചറിയാത്ത 218 മൃതദേഹങ്ങളാണ് ഇതുവരെ സംസ്കരിച്ചത്.പുത്തുമലയിലെ ഈ ശ്മശാനഭൂമി പ്രത്യേക വേലി കെട്ടിത്തിരിച്ച്, സ്ഥിരം ശ്മശാനഭൂമിയാക്കും. 152 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. അതേസമയം ക്യാമ്പുകളിൽ കഴിയുന്നവർക്ക് നഷ്ടപ്പെട്ട റേഷൻ കാർഡുകൾ ഇന്ന് മുതൽ വിതരണം ചെയ്യും.
ക്യാമ്പുകളിൽ കഴിയുന്നവരുടെ രക്ത സാമ്പിളുകൾ ഡിഎൻഎ പരിശോധനയുടെ ഭാഗമായി ശേഖരിക്കും. അതിനിടെ, പുത്തുമലയിൽ കൂടുതൽ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. 20 സെന്റ് ഭൂമിയാണ് അധികമായി ഏറ്റെടുത്തത്. നിലവിൽ മൃതദേഹങ്ങൾ സംസ്കരിച്ചിട്ടുള്ള ഭൂമിയോട് ചേർന്നാണ് അധിക ഭൂമിയുമുള്ളത്. ഇവിടെ തിരിച്ചറിഞ്ഞിട്ടില്ലാത്തവരുടെ സംസ്കാരം ഇന്നും തുടരും.
വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 402 ആയി ഉയര്‍ന്നു. എന്നാല്‍, 222 മരണമാണ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കാണാതായ 180 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങളില്‍ എട്ട് എണ്ണം ഇന്നലെ സംസ്കരിച്ചു.
മണ്ണിനടിയില്‍ നിന്നും ചാലിയാറില്‍ നിന്നുമായി 180 ശരീരഭാഗങ്ങളും കണ്ടെടുത്തിട്ടുണ്ട്.ഉരുള്‍ പൊട്ടലില്‍ പരിക്കേറ്റ 91 പേര് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. വീട് നഷ്ടപ്പെട്ട 2514 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്.
മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിന് പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് മന്ത്രി കെ രാജന് അറിയിച്ചിരുന്നു. 189 മൃതദേഹങ്ങള്‍ ഇന്ന് തന്നെ സംസ്കരിക്കാനാണ് ശ്രമം. വൈകിട്ട് മൂന്നിനാണ് സംസ്കാര നടപടികള്‍ തുടങ്ങുകയെന്നും മന്ത്രി അറിയിച്ചു.
നെയ്യാറ്റിന്‍കരയില്‍ യുവാവിന്റെ മരണം അമീബിക് മസ്തിഷ്കജ്വരം മൂലമാണെന്ന് സംശയം. പ്രാഥമിക പരിശോധനാഫലത്തിൽ തലച്ചോറിലെ അണുബാധ മൂലമാണ് മരണമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ ജൂലായ് 23 നാണ് നെല്ലിമൂട് സ്വദേശി അഖില്‍ മരിച്ചത്.
രണ്ട് ദിവസം മുമ്പ് സമാനലക്ഷണങ്ങളോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച അനീഷെന്ന യുവാവിന്റെ നില ഗുരുതരമാണ്. അനീഷിന്റെ സാമ്പിൾ തിങ്കളാഴ്ച പരിശോധനയ്ക്ക് പരിശോധനക്കയയ്ക്കുമെന്നാണ് അധികൃതരിൽനിന്ന് ലഭിക്കുന്ന വിവരം.
കഠിനമായ പനിയും തലവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ജൂലായ് 21-ന് അഖിലിനെ മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായ അഖിലിനെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സമാന രോഗലക്ഷണങ്ങളുമായി അഞ്ചുപേര്‍ കൂടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ട്.
നെല്ലിമൂട് കാവിന്‍കുളത്തില്‍ കുളിച്ചവരാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഉളളത്. മരിച്ചയാള്‍ ഉള്‍പ്പെടെ കുളിച്ച കുളം താല്‍ക്കാലിക സംവിധാനത്തിലൂടെ ആരോഗ്യവകുപ്പ് അടച്ചു. കുളത്തിലെ സാമ്പിളെടുത്ത് പരിശോധനയ്ക്കയച്ചു. ദിനംപ്രതി ഈ കുളത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ നാൽപതിലധികം പേര് കുളിക്കാനെത്താറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
മണ്ണിന്റെ പ്രഹരത്തിൽ മരണത്തിലേക്ക് വീണുപാേയി തിരിച്ചറിയാൻ കഴിയാതായവർക്ക് ഒരേ മണ്ണിൽ അന്ത്യനിദ്ര. ഉള്ളം നുറുങ്ങിയ വേദനയോടെ അവരിൽ എട്ട് പേർക്ക് വയനാട് യാത്രാമൊഴിയേകി. മുണ്ടക്കെെൽ ഉരുൾപൊട്ടൽ ജീവനെടുത്തവരിൽ തിരിച്ചറിയാത്ത എട്ട് പേരുടെ മൃതദേഹങ്ങളാണ് പുത്തുമലയിലെ ഹാരിസൺ മലയാളത്തിന്റെ ഭൂമിയിൽ സംസ്കരിച്ചത്.
മതത്തിന്റെയും ആചാരങ്ങളുടെയും വേലിക്കെട്ടില്ലാതെ അടുത്തടുത്തായി ഒരുക്കിയ കുഴിമാടങ്ങളിൽ സർവമത പ്രാർത്ഥനയോടെയാണ് സംസ്കാരം നടന്നത്. കുഴിമാടത്തിന് അരികിൽ നിൽക്കുമ്പോഴും അവരിൽ ആരാണ് തന്റെ ബന്ധുവെന്നോ അയൽവാസിയെന്നോ അറിയാതെ നാട്ടുകാർ വിതുമ്പി.
തിരിച്ചറിയാത്ത മൃതദേഹങ്ങൾക്കായി 39 കുഴിമാടങ്ങളൊരുക്കിയെങ്കിലും എട്ടെണ്ണമാണ് അടക്കം ചെയ്തത്. അഴുകിത്തുടങ്ങിയവയായിരുന്നു അവ. ഉറ്റവർക്ക് തിരിച്ചറിയാൻവേണ്ടി മറ്റു മൃതദേഹങ്ങളുടെ സംസ്കാരം അവസാന നിമിഷം മാറ്റിവയ്ക്കുകയായിരുന്നു.
കൂട്ട സംസ്കാരത്തിന് കൊണ്ടുവരുംമുമ്പ് മുഹ്സില എന്ന യുവതിയുടെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞ് ഏറ്റുവാങ്ങി. അതുമായി ബന്ധപ്പെട്ട നടപടികൾ കാരണമാണ് സംസ്കാര ചടങ്ങുകൾ വൈകിയത്. പുത്തുമലയിൽ കഴിഞ്ഞ തവണ ഉരുൾപൊട്ടൽ ഉണ്ടായ ജനവാസമില്ലാത്ത മേഖലയിൽ റവന്യു ഉദ്യോഗസ്ഥർ സർവേ നടത്തി 64 സെന്റ് സ്ഥലം ഇതിനായി വേർതിരിക്കുകയായിരുന്നു.
മൃതശരീരങ്ങൾക്കു പുറമേ, ഓരോ ശരീര ഭാഗവും ഓരോ മൃതദേഹമായി കണക്കാക്കിയാണ് അടക്കം ചെയ്യുന്നത്. ഡി.എൻ.എ പരിശോധനയിലൂടെ ആരെയെങ്കിലും തിരിച്ചറിഞ്ഞാൽ തുടർ നടപടികളും ചടങ്ങുകളും നടത്തുന്നതിനാണ് വെവ്വേറെ കുഴിമാടങ്ങൾ സജ്ജമാക്കിയത്.
ബക്കറ്റിലെ വെള്ളത്തില്‍ വീണ് 9 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. തലവണിക്കര സ്വദേശികളായ രാജേഷിന്റെയും അമൃതയുടെയും മകള്‍ നീലാദ്രിനാഥാണ് മരിച്ചത്.
ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ കാണാതായപ്പോള്‍ നടത്തിയ അന്വേഷണത്തില്‍ വീട്ടിലെ ബക്കറ്റില്‍ വീണു കിടക്കുന്ന രീതിയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികില്‍സക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികില്‍സക്കിടെ ഞായറാഴ്ച രാവിലെയായിരുന്നു മരണം സംഭവിച്ചത്.
ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ ഒരുമിച്ച് സംസ്കരിക്കും. പുത്തുമലയില്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡ് സൗജന്യമായി വിട്ടു നല്കിയ 64 സെന്റ് സ്ഥലത്താണ് കുഴിമാടങ്ങള്‍ ഒരുക്കുന്നത്.
2019 ല്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലം കൂടിയാണിവിടം. തിരിച്ചറിയാത്ത മൊത്തം 67 മൃതദേഹങ്ങളാണ് മേപ്പാടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നത്. ഈ മൃതദേഹങ്ങളാണ് ഇവിടെ എത്തിച്ച് സംസ്കരിക്കുന്നത്.
സര്‍വമത പ്രാര്‍ഥനയ്ക്ക് ശേഷമാണ് സംസ്കാരം. ക്രൈസ്തവ, ഹൈന്ദവ, മുസ്ലീം മതപുരോഹിതര്‍ സംസ്കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. പ്രാര്‍ഥനക്കായി പ്രത്യേകം പന്തലും ഒരുക്കിയിട്ടുണ്ട്.