പണിമുടക്കൊഴിവാക്കാന്‍ കെഎസ്ആര്‍ടിസി സിഎംഡി പ്രമോജ് ശങ്കര്‍ സംഘടന നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയം. തിങ്കളാഴ്ച രാത്രി 12 മുതല്‍ ചൊവ്വാഴ്ച രാത്രി 12 വരെ 24 മണിക്കൂര്‍ പണിമുടക്കുമെന്ന് ഐഎന്‍ടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (ടിഡിഎഫ്) അറിയിച്ചു.
ശമ്പള വിതരണത്തില്‍ പോലും മാനേജ്മെന്റ് ഉറപ്പ് നല്‍കാത്ത സാഹചര്യത്തിലാണ് പണിമുടക്കിലേക്ക് നീങ്ങുന്നതെന്ന് ടിഡിഎഫ് വൈസ് പ്രസിഡന്റുമാരായ ഡി അജയകുമാറും, ടി സോണിയും വ്യക്തമാക്കി. എട്ടരവര്‍ഷത്തിനിടെ ഒരിക്കല്‍പോലും കൃത്യസമയത്ത് ശമ്പളവും പെന്‍ഷനും നല്‍കിയിട്ടില്ല. 31 ശതമാനമാണ് ഡിഎ കുടിശിക. മറ്റൊരു പൊതുമേഖല സ്ഥാപനത്തിലും ഇത്രയും കുടിശികയില്ല.
ശമ്പളവും പെന്‍ഷനും കൃത്യമായി വിതരണം ചെയ്യുക, ഡിഎ കുടിശിക അനുവദിക്കുക, ദേശസാത്കൃത റൂട്ടുകളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, ശമ്പളപരിഷ്‌കരണ കരാറിന്റെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.
നടനും എംഎൽഎയുമായ മുകേഷിനെതിരെയുള്ള പീഡന പരാതിയിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. ആലുവ സ്വദേശിയായ നടി ആരോപിച്ച കുറ്റം തെളിഞ്ഞതായി കുറ്റപത്രത്തിൽ പറയുന്നു.
എംഎൽഎക്കെതിരെ ഡിജിറ്റൽ തെളിവുകളുണ്ട്. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. മുകേഷിനെതിരെയുള്ള ഡിജിറ്റല്‍ തെളിവുകളിൽ വാട്ട്സ്ആപ്പ് ചാറ്റുകളുണ്ടെന്നും ഇ-മെയിൽ സന്ദേശങ്ങളുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു.
കൂടാതെ സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചിട്ടുണ്ട്. താരസംഘടന ആയിരുന്ന അമ്മയുടെ അംഗത്വം വാഗ്ദാനം ചെയ്താണ് നടന്‍ മുകേഷ് പല സ്ഥലങ്ങളിൽ വെച്ച് നടിയെ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് കേസ്.
ലൈംഗികാതിക്രമ വകുപ്പ് കൂടി ചേര്‍ത്താണ് മുകേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. നടിയുടെ രഹസ്യമൊഴിയടക്കം രേഖപ്പെടുത്തിയിട്ടുണ്ട്. കേസില്‍ മുകേഷിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു..
2026 ലെ നിയമസഭ തിരഞ്ഞെടുപ്പിലും മുസ്ലീം ലീഗിനെ പി.കെ കുഞ്ഞാലിക്കുട്ടി തന്നെ നയിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. മലപ്പുറത്ത് ‘മ’ ലിറ്റററി ഫെസ്റ്റിലില്‍ പി.കെ. കുഞ്ഞാലിക്കുട്ടികൂടി പങ്കെടുത്ത സംവാദത്തിലായിരുന്നു പ്രതികരണം.
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി പദങ്ങള്‍ മുസ്ലീംലീഗ് ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് കോണ്‍ഗ്രസിന് സമ്മതമാണെങ്കില്‍ ലീഗിന് സന്തോഷമെന്നായിരുന്നു മറുപടി.
യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ പ്രധാനപദവി പി.കെ കുഞ്ഞാലിക്കുട്ടിക്കാകുമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
വമ്പന്‍ പ്രഖ്യാപനവുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍റെ എട്ടാം ബജറ്റ്. ആദായ നികുതി പരിധി ഉയര്‍ത്തി. ഇനി മുതല്‍ വാർഷിക വരുമാനം 12 ലക്ഷം വരെയുള്ളവര്‍ക്ക് ആദായ നികുതി നല്‍കേണ്ട. കയ്യടിയോടെയാണ് സഭ ഈ പ്രഖ്യാപനത്തെ സ്വീകരിച്ചത്.
നികുതിദായകര്‍ക്കും ആശ്വസിക്കാനുള്ള വക ഇത്തവണത്തെ ബജറ്റിലുണ്ട്. റിട്ടേൺ ഫയൽ ചെയ്യാൻ നാല് വർഷം സമയം നീട്ടി നല്‍കിയിട്ടുണ്ട്. ആദായനികുതി ഘടന ലഘൂകരിക്കും. മുതിർന്ന പൗരന്മാർക്ക് ടി ഡി എസ് പരിധിയുയർത്തി. വാടക വരുമാനത്തിലെ നികുതി വാര്‍ഷിക പരിധി ആറ് ലക്ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്. അടുത്ത ആഴ്ച പുതിയ ബില്ല് കൊണ്ടുവരും. പുതിയ ആദായ നികുതി നിയമം നികുതി ദായകര്‍ക്ക് ഗുണകരമാകും.
2025ലെ കേന്ദ്രബജറ്റില്‍ അടുത്തിടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിനായി കൈനിറയെ പ്രഖ്യാപനങ്ങള്‍. ബിഹാറില്‍ ഫുഡ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്നും സംസ്ഥാനത്ത് ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളമെത്തുമെന്നുള്ള വന്‍കിട പ്രഖ്യാപനങ്ങള്‍ ഉള്‍പ്പെടെ ബജറ്റിലുണ്ട്. ബജറ്റ് നിരാശജനകമെന്ന് പ്രതിപക്ഷം പറഞ്ഞു.
ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങൾ
*കസ്റ്റംസ് തീരുവയിൽ നിന്ന് 36 ജീവൻ രക്ഷാ മരുന്നുകൾ ഒഴിവാക്കി
*കാർഷിക മേഖലയ്ക്ക് പിഎം ധൻ ധാന്യ കൃഷി യോജന
*ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപം 74 ശതമാനത്തിൽ നിന്ന് നൂറ് ശതമാനമാക്കി
*ബിഹാറിനായി മഖാന ബോർഡ്
*പ്രോട്ടീൻ സമൃദ്ധമായ താമരവിത്ത് കൃഷി പ്രോത്സാഹിപ്പിക്കാൻ ബിഹാറിൽ മഖാന ബോർഡ്
*പരുത്തി കൃഷി പ്രോത്സാഹിപ്പിക്കും
*കിസാൻ പദ്ധതികളിൽ വായ്‌പാ പരിധി ഉയർത്തും
* ചെറുകിട ഇടത്തരം മേഖലകൾക്ക് കൂടുതൽ പ്രോത്സാഹനം
* കിസാൻ ക്രെഡിറ്റ് കാർഡിൻ്റെ പരിധി മൂന്ന് ലക്ഷത്തിൽ നിന്ന് 5 ലക്ഷമാക്കി
* സ്റ്റാർട്ട് അപ്പിൽ 27മേഖലകളെ കൂടി ഉൾപ്പെടുത്തി
* ചെറുകിട ഇടത്തരം മേഖല വായ്‌പയ്ക്കായി 5.7കോടി
* 100 ജില്ലകൾ കേന്ദ്രീകരിച്ച് കാർഷിക വികസനം ത്വരിതപ്പെടുത്തും
* ബീഹാറിൽ പുതിയ ഫുഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട്
* അമ്മമാർക്കും കുഞ്ഞുങ്ങൾക്കും പോഷഹാകര പദ്ധതി
* നൈപുണ്യ വികസത്തിന് അഞ്ച് നാഷണൽ സെന്റർ ഫോർ എക്സലൻസ്
* തദ്ദേശീയ കളിപ്പാട്ട നിർമ്മാണ മേഖലയെ പ്രോത്സാഹിപ്പിക്കും
* പാദരക്ഷാ നിർമാണ മേഖലയിൽ 22 ലക്ഷം തൊഴിൽ അവസരം
* മെയ്‌ഡ് ഇൻ ഇന്ത്യ ടാഗിന് പ്രചാരണം
* അങ്കണവാടികൾക്ക് പ്രത്യേക പദ്ധതി
* പാട്‌ന ഐഐടിക്ക് പ്രത്യേക വികസന പദ്ധതി
* സംസ്ഥാനങ്ങളുമായി ചേർന്ന് പ്രധാനമന്ത്രി ജൻധാന്യ യോജന നടപ്പാക്കും
* സർക്കാർ മെഡിക്കൽ കോളേജുകളിൽ സീറ്റ് വർധിപ്പിക്കും
* അഞ്ച് വർഷത്തിനുള്ളിൽ 75000 മെഡിക്കൽ സീറ്റുകൾ
* ആദിവാസി വനിതാ സംരംഭങ്ങൾക്ക് സഹായം
* ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ഇന്റർനെറ്റ് ഉറപ്പാക്കും
* വനിതാ സംരംഭകർക്ക് രണ്ടുകോടി വരെ വായ്‌പ
* വഴിയോര കച്ചവടക്കാർക്കായി പിഎം സ്വനിധി വായ്‌പാ സഹായം
* ജൽജീവൻ പദ്ധതി 2028 വരെ
*ആണവമേഖലയിൽ സ്വകാര്യ പങ്കാളിത്തം
* ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപം 74 ശതമാനത്തിൽ നിന്ന് നൂറ് ശതമാനമാക്കി
* പുതിയ ആദായ നികുതി ബില് അടുത്ത ആഴ്ച
* എഐ വിദ്യാഭ്യാസത്തിന് പുതിയ കേന്ദ്രം സ്ഥാപിക്കും. ഇതിനായി 500 കോടി രൂപ ബജറ്റില്‍ വകയിരുത്തി
* ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപം 74 ശതമാനത്തിൽ നിന്ന് നൂറ് ശതമാനമാക്കി. ആദായനികുതി ദായകർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കും
* ലിഥിയം ബാറ്ററികളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി
* 36 ജീവൻ രക്ഷാമരുന്നുകളെ കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി
* ടൂറിസം മേഖലയിൽ കൂടുതൽ തൊഴിൽ അവസരം ഒരുങ്ങും
* ഹോം സ്റ്റേക്കായി മുദ്ര ലോണുകൾ നൽകും
* സ്വകാര്യ പങ്കാളിത്തത്തോടെ 50 ടൂറിസം കേന്ദ്രങ്ങൾ ആരംഭിക്കും
* നിലവിലെ കേന്ദ്രങ്ങളിലെ സൗകര്യങ്ങളും ഉയർത്തും
* സംസ്ഥാനങ്ങൾക്ക് 50 വർഷത്തേക്ക് പലിശ രഹിത വായ്‌പ അനുവദിക്കും
*എഐ പഠനത്തിന് സെൻ്റർ ഓഫ് എക്സലൻസ് സ്ഥാപിക്കുന്നതിനായി 500 കോടി വകമാറ്റും
* മൊബൈൽ ഫോൺ ബാറ്ററികളുടെ വില കുറയും
* മുതിർന്ന പൗരൻമാർക്ക് സ്റ്റാൻഡേർഡ് ഡിഡക്ഷൻ ഫണ്ട് ഒരുലക്ഷമാക്കി
വിവാഹത്തിനുശേഷം റാന്നി സ്വദേശിയായ യുവാവ് വധുവിനെ കബളിപ്പിച്ചു കടന്നുകളഞ്ഞെന്നു പരാതി. വധുവിന്റെ വീട്ടുകാർ കടുത്തുരുത്തി പൊലീസിൽ പരാതി നൽകി.
ജനുവരി 23ന് വിവാഹം. അടുത്തദിവസം വധുവിനെ അവരുടെ വീട്ടിലാക്കിയശേഷം വരൻ കടന്നുകളഞ്ഞെന്നാണു പരാതി. പിന്നീട് അന്വേഷിച്ചപ്പോൾ വിദേശത്തേക്കു കടന്നതായി മനസ്സിലായെന്നു പരാതിയിൽ പറയുന്നു.
വിവാഹ സമയത്തു സ്വർണം കൈക്കലാക്കിയെന്നും സേവ് ദ് ഡേറ്റിന്റെ മറവിൽ കുമരകത്തെത്തിച്ച് ഉപദ്രവിച്ചതായും പരാതിയിലുണ്ട്. പെൺകുട്ടിയെക്കുറിച്ചു സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നെന്നും ആരോപണമുണ്ട്.
ഗാർഹിക പീഡനത്തിന് ഉൾപ്പെടെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാളെ നാട്ടിലെത്തിച്ചു ചോദ്യം ചെയ്താൽ മാത്രമേ സംഭവത്തിന്റെ ദുരൂഹത അഴിയുകയുള്ളൂവെന്നു പൊലീസ് അറിയിച്ചു.
2025-26 വര്‍ഷത്തെ പൊതുബജറ്റ് ശനിയാഴ്ച 11ന് ലോക്‌സഭയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണബജറ്റും നിര്‍മലാ സീതാരാമന്റെ എട്ടാമത്തെ ബജറ്റുമാണിത്. കാര്‍ഷികം, വ്യാവസായികം, തൊഴില്‍, ആരോഗ്യം, നികുതി, കായികം തുടങ്ങി എല്ലാ മേഖലയിലും സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.
മധ്യവര്‍ഗത്തിനും സാധാരണക്കാര്‍ക്കും അനുകൂലമായ കൂടുതല്‍ ഇളവുകള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ ദിവസത്തെ രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും പ്രസംഗങ്ങളില്‍ ഇതിനുള്ള സൂചനകളുണ്ടായിരുന്നു. എട്ടോളം തവണയാണ് രാഷ്ട്രപതി പ്രസംഗത്തില്‍ മിഡില്‍ ക്ലാസ് എന്ന വാക്ക് ഉപയോഗിച്ചത്.
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന് നടക്കാനുണ്ടെന്നുള്ളതും സാധാരണക്കാര്‍ക്ക് ആശ്വാസം പകരുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാവാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. നികുതിയിളവുകളാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. നിലവിലെ ആദായ നികുതി സ്ലാബുകളില്‍ മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നു.
കേന്ദ്ര ബജറ്റില്‍ ഏറെ പ്രതീക്ഷയോടെയാണ് കേരളവും ഉറ്റുനോക്കുന്നത്. വയനാട് പുനരധിവാസത്തിനും വിഴിഞ്ഞം തുറമുഖത്തിനും പ്രത്യേക പാക്കേജ് വേണമെന്നാണ് കേരളത്തിന്റെ ആവശ്യം.
ചോറ്റാനിക്കരയിൽ പീഡനത്തിനിരയായ യുവതി മരിച്ചു. ആൺസുഹൃത്തിന്റെ മർദനമേറ്റ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരുന്നുകളോട് പ്രതികരിക്കുന്നില്ലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. ആറുദിവസമായി ജിവനുവേണ്ടി പൊരുതിയാണ് യുവതി മരണത്തിന് കീഴടങ്ങിയത്. പെണ്‍കുട്ടി നേരിട്ടത് ക്രൂരമായ അതിക്രമമാണെന്നാണ് പോലീസ് പറയുന്നത്. ഞായറാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു യുവതിയെ വീട്ടിനുള്ളിൽ കഴുത്തിൽ കയർ മുറുകി പരിക്കേറ്റ നിലയിലും കൈയിൽ മുറിവേറ്റ നിലയിലും കണ്ടത്. അർധനഗ്ന നിലയിലായിരുന്നു മൃതദേഹം. കൈയിലെ മുറിവ് ഉറുമ്പരിച്ച നിലയിലായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പ്രതി അനൂപിനെ പടികൂടിയത്.
പോക്സോ അതിജീവിത കൂടിയായ പെൺകുട്ടി ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രതിയുമായി സൗഹൃദത്തിലായത്. ഇടയ്ക്കിടയ്ക്ക് ഇയാൾ പെൺകുട്ടി താമസിച്ചിരുന്ന ചോറ്റാനിക്കരയിലെ വീട്ടിലെത്താറുണ്ടായിരുന്നു. അമ്മയുമായി അത്ര ചേർച്ചയിലായിരുന്നില്ല പെൺകുട്ടി. അമ്മ മറ്റൊരു ക്വാട്ടേഴ്സിലായിരുന്നു താമസം. പെൺകുട്ടി സാധാരണ വീട്ടിൽ തനിച്ചായിരുന്നു താമസം.
സംഭവദിവസം തർക്കമുണ്ടായതിന്റെ പേരിൽ ഇയാൾ പെൺകുട്ടിയെ ക്രൂരമായി മർദിക്കുകയായിരുന്നു. പെൺകുട്ടിയുടെ തല ഇയാൾ ഭിത്തിയിലിടിക്കുകയും ശ്വാസം മുട്ടിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇയാൾ പെൺകുട്ടിയോട് ചത്തൂടേ എന്ന് ചോദിച്ചതായും പോലീസ് പറയുന്നു. ഇതിന് ശേഷമാണ് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. പെൺകുട്ടി ഷാളിൽ തൂങ്ങി മരണവെപ്രാളത്തിലായതോടെ ഇയാൾ ഷാൾ മുറിച്ചു. അതിന് ശേഷവും അനൂപ് പെൺകുട്ടിയെ ഉപദ്രവിച്ചതായും പിന്നീട് മരിച്ചെന്ന് കരുതി രക്ഷപ്പെടുകയായിരുന്നുവെന്നും പോലീസ് പറയുന്നു.
പെൺകുട്ടിയുടെ കയ്യിലെ മുറിവ് ഉറുമ്പരിച്ച നിലയിലായിരുന്നു. അർധ നഗ്‌നാവസ്ഥയിലായിരുന്ന പെൺകുട്ടിയെ ചോറ്റാനിക്കര പോലീസും ബന്ധുക്കളും ചേർന്ന് തൃപ്പൂണിത്തുറ ഗവൺമെന്റ് ആശുപത്രിയിലും തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലും എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. യുവതി മരിച്ചതോടെ ആണ്‍സുഹൃത്തിനെതിരെ കൊലക്കുറ്റം ചുമത്തുമെന്നാണ് പോലീസ് പറയുന്നത്.
ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മാവൻ ഹരികുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ വിശദമായി ചോദ്യം ചെയ്യാൻ പൊലീസ് ആലോചിക്കുന്നുണ്ട്. കുഞ്ഞിന്‍റെ മാതാപിതാക്കളായ ശ്രീതുവിനെയും ശ്രീജിത്തിനെയും പൊലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും.
ഇന്നലെ ചോദ്യം ചെയ്യലിന് ശേഷം ശ്രീതുവിനെ പൂജപ്പുരയിലെ മഹിളാ മന്ദിരത്തിലേക്ക് മാറ്റിയിരുന്നു. കുഞ്ഞിന്റെ അമ്മയായ ശ്രീതുവിനോട് വഴിവിട്ട ബന്ധങ്ങൾക്ക് സഹോദരൻ ഹരികുമാർ ശ്രമിച്ചിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. ഇത് നടക്കാത്തതിന്റെ വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് ഹരികുമാറിന്‍റെ മൊഴി.
ഇന്നലെയാണ് ഉറങ്ങി കിടന്ന കുഞ്ഞിനെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞ് കൊന്നത്. പല കുരുക്കുകളിൽ നിന്നും ഹരികുമാറിനെ സംരക്ഷിച്ചത് കുഞ്ഞിന്റെ അമ്മ ശ്രീതുവായിരുന്നു. പിന്നീട് സഹോദരിയോടും വഴിവിട്ട താത്പര്യങ്ങൾ കാണിച്ചു. ഹരികുമാറിനെ പ്രകോപിപ്പിക്കാതിരിക്കാൻ ശ്രീതു ശ്രമിച്ചു.
കുട്ടി തന്റെ ആവശ്യങ്ങൾക്ക് തടസ്സമെന്ന് കണ്ടതോടെ കൊന്നുവെന്നാണ് ഹരികുമാറിന്റെ കുറ്റസമ്മതം. ഇയാൾ പറഞ്ഞത് പൂർണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. അമ്മയുടെ പങ്കിലടക്കം പൊലീസിന് സംശയങ്ങളുണ്ട്. അമ്മയെ കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുമെന്ന് പൊലീസ് പറയുന്നു.
ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ ഇളയമകൾ രണ്ടുവയസ്സുകാരി ദേവേന്ദുവിന്റെ മൃതദേഹം കിണറ്റിൽ നിന്ന് കിട്ടിയത്. അച്ഛനും അമ്മയ്ക്കും സഹോദരിക്കും ഒപ്പം രാത്രി ഉറങ്ങാൻ കിടന്ന ദേവേന്ദുവിനെ കാണാനില്ലെന്നായിരുന്നു ആദ്യ വിവരങ്ങൾ. ഫയർഫോഴസാണ് കുഞ്ഞിന്റെ മൃതേദഹം കിണറ്റിൽ നിന്ന് പുറത്തെടുത്തത്.
തുടക്കം മുതൽ തന്നെ കൊലപാതകമെന്ന സംശയത്തിലുറച്ചാണ് പൊലീസ് നീങ്ങിയത്. പ്രാഥമിക മൊഴികളിൽ പൊരുത്തക്കേടുകൾ നിറഞ്ഞതോടെയാണ് അമ്മയെയും അച്ഛനെയും മുത്തശ്ശി ശ്രീകലയെയും അമ്മയുടെ സഹോദരൻ ഹരികുമാറിനെയും കസ്റ്റഡിയിലെടുത്തത്.
ചോദ്യം ചെയ്യലിൽ അമ്മാവൻ ഹരികുമാർ പൊലീസിനെ വട്ടം കറക്കി. അന്വേഷിച്ച് കണ്ടുപിടിക്കെന്നായിരുന്നു ഹരികുമാറിന്റെ പൊലീസിനോടുള്ള വെല്ലുവിളി. ശ്രീതുവും ഹരികുമാറും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റ് അടക്കം ശേഖരിച്ചുള്ള പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഒടുവിലായിരുന്നു കുറ്റസമ്മതം. തത്കാലത്തേക്ക് വിട്ടയച്ചെങ്കിലും ശ്രീതു സംശയനിഴലിൽ തന്നെയാണ്.
ഏറെ നാളെയായി ശ്രീതുവും ഭർത്താവ് ശ്രീജിത്തും അകന്നു കഴിയാണ്. ഇവർക്ക് എട്ട് വയസ്സുള്ള മകൾ കൂടിയുണ്ട്. ഇടയ്ക്കിടെ മാത്രമാണ് വീട്ടിലേയ്ക്ക് വന്നിരുന്നത്. കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. ഇതിന്‍റെ പേരിൽ കുടുംബത്തിൽ തര്‍ക്കങ്ങളുണ്ടായിരുന്നു. വീട്ടിൽ കുരുക്കിട്ട നിലയിൽ കയറുകളും കണ്ടെത്തിയിരുന്നു.
കുഞ്ഞിനെ കൊന്ന ശേഷം കൂട്ട ആത്മഹത്യക്കാണോ ശ്രമമെന്നായിരുന്നു സംശയമെങ്കിലും അത് പൊലീസ് തള്ളി. കിടപ്പുമുറിയിലെ കട്ടിൽ കത്തിച്ചും അന്വേഷണം വഴിതെറ്റിക്കാൻ ശ്രമമുണ്ടായി. അമ്മയുടെ കുടുംബവീട്ടിൽ കുഞ്ഞിനെ സംസ്കരിച്ചു. അച്ഛൻ ശ്രീജിത്തിനെയും അമ്മൂമ്മയും ശ്രീകലയെയും സംസ്കാരചടങ്ങുകൾ പങ്കെടുക്കാൻ പൊലീസ് എത്തിച്ചിരുന്നു.
ആവഡിക്കടുത്ത് തിരുമുല്ലവായലില്‍ അടച്ചിട്ടവീട്ടില്‍ അച്ഛന്റെയും മകളുടെയും അഴുകിയ മൃതദേഹം കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് അച്ഛനെ ചികിത്സിച്ചിരുന്ന ഡോക്ടറെ പോലീസ് അറസ്റ്റുചെയ്തു. വൃക്കരോഗിയായിരുന്ന അച്ഛന്‍ ചികിത്സക്കിടെ മരിച്ചതാണെന്നും അതിനെ ചോദ്യംചെയ്ത മകളെ ഡോക്ടര്‍ കൊന്നതാണെന്നും പോലീസ് പറയുന്നു. സാമുവല്‍ എബനേസര്‍ എന്ന ഹോമിയോ ഡോക്ടറാണ് വെല്ലൂര്‍ സ്വദേശിയായ സാമുവല്‍ ശങ്കറി (70)നെ ചികിത്സിച്ചിരുന്നത്. സാമുവലിന്റെ മകള്‍ വിന്ധ്യ ഇന്‍സ്റ്റഗ്രാം വഴിയാണ് ഡോക്ടറെ പരിചയപ്പെട്ടത്. ചികിത്സക്കിടെ സാമുവല്‍ മരിച്ചു. ഇതേച്ചൊല്ലി വിന്ധ്യയും ഡോക്ടറും തമ്മില്‍ വഴക്കുണ്ടായി. കൈയാങ്കളിക്കിടെ പിടിച്ചു തള്ളുകയും അവര്‍ തലയടിച്ചു വീണ് മരിക്കുകയും ചെയ്തു. ഡോക്ടര്‍ വീടിന്റെ വാതില്‍പൂട്ടി സ്ഥലംവിട്ടു. ആഴ്ചകള്‍ക്കുശേഷം ദുര്‍ഗന്ധം ഉണ്ടായപ്പോഴാണ് നാട്ടുകാര്‍ വാതില്‍ പൊളിച്ച് അകത്തു കടന്നതും ജീര്‍ണിച്ച മൃതദേഹങ്ങള്‍ കണ്ടെടുത്തതും.
ചെങ്ങന്നൂര്‍ ചെറിയനാട് ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിൻ ശിക്ഷ ഇളവ് നൽകിയ നടപടി വിവാദത്തിൽ. ഒരു മാസം കൊണ്ടാണ് ശിക്ഷ ഇളവിനുള്ള ശുപാര്‍ശ ആഭ്യന്തര വകുപ്പ് വഴി മന്ത്രിസഭയിലെത്തി. അതിനിടെ, മുന്‍ഗണനാ മാനദണ്ഡം മറികടന്നാണ് ഈ തീരുമാനം എടുത്തതെന്ന ആരോപണം ശക്തമായി. അര്‍ഹരായി നിരവധി പേരുള്ളപ്പോഴാണ് ഷെറിന് മാത്രമായുള്ള ശിക്ഷായിളവ്. 20 വര്‍ഷം ശിക്ഷയനുഭവിച്ച രോഗികള്‍ പോലും ജയിലില്‍ തുടരുന്നുണ്ട്. ഈ സാഹചര്യത്തിൽ ഷെറിനെ പരിഗണിച്ചത് നീതികരിക്കാൻ കഴിയില്ലെന്നാണ് വിമർശനം.
എല്ലാ നിയമവശങ്ങളും ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ തേടും. വിശദ നിയമോപദേശവും തേടും. ഏത് സാഹചര്യത്തിലാണ് ഷെറിന് മാത്രമായി ശിക്ഷാ ഇളവ് നല്‍കുന്നതെന്നും പരിശോധിക്കും. ഷെറിന് നല്ല നടപ്പ് കിട്ടാനുള്ള യോഗ്യതയുണ്ടോ എന്നും പരിശോധിക്കും. ഷാരോണ്‍ വധക്കേസും ഗ്രീഷ്മയുടെ കൊലക്കയറും ചര്‍ച്ചയാകുന്ന അതേ സമയത്താണ് ഷെറിന് ശിക്ഷാ ഇളവ് നല്‍കാനുള്ള തീരുമാനം.
ഷെറിന്‍ മാനസാന്തരപ്പെട്ടെന്നും ജയിലിലെ നല്ലനടപ്പ് പരിഗണിച്ചാണ് ഇളവിന് ശുപാര്‍ശ ചെയ്തതെന്നുമാണ് കണ്ണൂര്‍ വനിതാ ജയില്‍ ഉപദേശകസമിതി അംഗം എം.വി.സരളയുടെ പ്രതികരണം. ഉപദേശകസമിതി പ്രത്യേക പരിഗണനയൊന്നും ഷെറിന് നല്‍കിയിട്ടില്ല. മോചിപ്പിക്കുന്നതില്‍ പ്രശ്നമില്ലെന്ന് പൊലീസും കണ്ടെത്തിയെന്നും എല്ലാക്കാലത്തും ഒരാളെ കുറ്റവാളിയായി കാണരുതെന്നും എം.വി.സരള പറഞ്ഞു.
ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന്റെ ജയില്‍മോചനത്തിനായി മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ ഇടപെട്ടെന്ന് ജ്യോതികുമാര്‍ ചാമക്കാല.
മനോരമ ന്യൂസ് കൗണ്ടര്‍പോയന്റിലാണ് ചാമക്കാലയുടെ ആരോപണം. കെ ബി ഗണേശ് കുമാറിന്റെ ഓഫീസ് ഇടപെട്ടാണ് അവരെ സഹായിച്ചത്. അതിന്റെ തെളിവുകള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നും ചാമക്കാല പറഞ്ഞു. ഗണേഷിന്റെ അനുയായി കോട്ടാത്തല പ്രദീപും ഇടപെട്ടു. പ്രതിയോടൊപ്പം പ്രദീപ് പലവട്ടം പൊലീസ് സ്റ്റേഷനില്‍ പോയിട്ടുണ്ട്. പറഞ്ഞത് തെറ്റാണെങ്കില്‍ തനിക്കെതിരെ കേസെടുക്കട്ടെയെന്നും ജ്യോതികുമാര്‍ പറഞ്ഞു.
ഇവര്‍ പത്തനാപുരം സ്വദേശിയാണ്, ഇവരെ സംബന്ധിച്ച് പരോള്‍ ലഭിച്ച് സ്റ്റേഷനില്‍ പോയി ഒപ്പിടണമെന്ന് പറയുമ്പോള്‍ അവരോടൊപ്പം എല്ലാ ദിവസവും പോകുന്നത് കെ ബി ഗണേശ് കുമാറിന്റെ സന്തത സഹചാരി പ്രദീപാണ്. ഞാന്‍ ചലഞ്ച് ചെയ്യുന്നു പ്രദീപും ഈ സ്ത്രീയും ഉള്‍പ്പെടെ എല്ലാ ദിവസവും പോയി ഒപ്പിട്ടതിന്റെയും പ്രദീപ് കൂടെ പോയതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പത്തനാപുരം സ്റ്റേഷനില്‍ പരിശോധിച്ചാല്‍ കിട്ടും, ഇല്ലെങ്കില്‍ എനിക്കെതിരെ കേസെടുക്കട്ടെ. ഞാന്‍ ഒരാളെക്കുറിച്ചേ പറയുന്നുള്ളു ഇനിയാരെങ്കിലുമുണ്ടോയെന്ന് അറിയില്ല. സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കണമെന്ന് പറയാനായി എസ്പിയെ വിളിച്ചപ്പോള്‍ അദ്ദേഹം ഫോണ്‍ എടുത്തില്ല, ഇല്ലെങ്കില്‍ അദ്ദേഹത്തോട് അത് പറയുമായിരുന്നു. പരോള്‍ കാലയളവിലാണ് സ്റ്റേഷനില്‍ ഒപ്പിടേണ്ടുന്ന ദിവസം അവരെ കൊണ്ടുവന്നിട്ട് ആരോടും സംസാരിക്കാതെ റൈറ്ററുടെ അടുത്തെത്തിച്ച് ഒപ്പീടിച്ച് കൊണ്ടുപോകുന്നത് ഈ പ്രദീപായിരുന്നു. ഇല്ലെങ്കില്‍ പറയട്ടെ അല്ലായെന്ന് അല്ലെങ്കില്‍ തനിക്കെതിരെ കേസെടുക്കട്ടെയെന്നനും ചാമക്കാല വെല്ലുവിളിച്ചു
സംസ്ഥാനത്തെ ജയിലുകളിലെ ജീവപര്യന്തം തടവുകാരായ വനിതകളില്‍ ഏറ്റവും കൂടുതല്‍ പരോള്‍ ലഭിച്ചവരില്‍ ഒരാള്‍ ഷെറിനാണ്. പലപ്പോഴായി ഒരു വര്‍ഷത്തിലേറെ സമയം ഇവര്‍ പരോളിലായിരുന്നു. ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലായിരുന്നു ഷെറിന്‍. പിന്നീട് തൃശൂര്‍ വിയ്യൂര്‍ ജയിലിലേക്കും പിന്നാലെ അട്ടക്കുളങ്ങരയിലേക്കു മാറ്റി. 2 വര്‍ഷം മുന്‍പ് കണ്ണൂര്‍ വനിതാ ജയിലിലേക്ക് ഷെറിനെ മാറ്റിയിരുന്നു.
പ്രമാദമായ ഭാസ്‌കര കാരണവര്‍ കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിനെ ജയിലില്‍ നിന്നും പുറത്തിറക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതിന് പിന്നില്‍ ഇടതു മുന്നണി നേതാവെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ജനം ടിവിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാരുടെ പോസ്റ്റാണ് വൈറലായത്. ആരാണെന്ന പേര് വിളിപ്പെടുത്താതെയാണ് ചിലതെല്ലാം അനില്‍ നമ്പ്യാര്‍ കുറിച്ചത്. പരോളിലിറങ്ങുന്ന ഷെറിനെ ജയില്‍ വളപ്പില്‍ നിന്നും കൂട്ടിക്കൊണ്ടു പോയിരുന്നത് ഇടതുമുന്നണിയിലെ ഒരു പ്രമുഖ കക്ഷിയുടെ നേതാവിന്റെ വാഹനത്തിലായിരുന്നു. (ഇദ്ദേഹത്തിന്റെ പേര് തല്‍ക്കാലം രഹസ്യമാക്കി വെക്കുന്നു). ഈ ‘മാന്യന്‍’ സ്ത്രീ വിഷയത്തില്‍ ഇതിന് മുമ്പ് അന്തസ്സുള്ള ഭര്‍ത്താക്കന്മാരില്‍ നിന്നും അടി വാങ്ങി കുപ്രസിദ്ധി നേടിയ ആളാണ്.ശിക്ഷായിളവിനുള്ള ഫയല്‍ ജയില്‍ ഉപദേശക സമിതിയുടെ ശുപാര്‍ശയോടെ ദ്രുതവേഗം മന്ത്രിസഭയ്ക്ക് മുന്നിലെത്തിയതും അനുകൂല തീരുമാനം എടുപ്പിച്ചതും ഈ നേതാവാണെന്നതില്‍ സംശയമില്ല-അനില്‍ നമ്പ്യാര്‍ കുറിക്കുന്നു.