India

ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 2 വിക്ഷേപണത്തിനുള്ള 20 മണിക്കൂർ കൗണ്ട്ഡൗൺ വൈകിട്ട് 6.43ന് ആരംഭിച്ചു. ശ്രീഹരിക്കോട്ടയിലെ ഐഎസ്ആർഒ വിക്ഷേപണകേന്ദ്രത്തിൽനിന്നു തിങ്കളാഴ്ച ഉച്ചയ്ക്കു 2.43നാണു വിക്ഷേപണം. സെപ്റ്റംബർ 6നു പേടകം ചന്ദ്രോപരിതലത്തിൽ എത്തും.

കഴിഞ്ഞ 15നു പുലർച്ചെ 2.15നാണു വിക്ഷേപണം നിശ്ചയിച്ചിരുന്നതെങ്കിലും വിക്ഷേപണ വാഹനമായ ജിഎസ്എൽവി മാർക് 3 റോക്കറ്റിന്റെ ക്രയോജനിക് സ്റ്റേജിൽ ഹീലിയം വാതകം ചോർച്ച ഉണ്ടായതിനെത്തുടർന്ന് അവസാന മണിക്കൂറിൽ മാറ്റിവച്ചു. സങ്കീർണമായ തകരാർ അതിവേഗം കണ്ടെത്താനും പരിഹരിക്കാനും ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞർക്കു കഴിഞ്ഞതോടെയാണു വിക്ഷേപണം തിങ്കളാഴ്ച നിശ്ചയിച്ചത്.

പുറപ്പെടാൻ വൈകിയാലും ചന്ദ്രയാൻ 2 നേരത്തേ നിശ്ചയിച്ചപോലെ സെപ്റ്റംബർ 7നു തന്നെ ചന്ദ്രനിലെത്തും. ഇതിനായി യാത്രാസമയക്രമം മാറ്റി.

ഭൂമിയുടെ ഭ്രമണപഥത്തിൽ 17 ദിവസം വലംവച്ച ശേഷം ചന്ദ്രന്റെ ഭ്രമണപഥത്തിലേയ്ക്കുള്ള യാത്ര തുടങ്ങാനായിരുന്നു ആദ്യം നിശ്ചയിച്ചത്. എന്നാൽ, പുതിയ സമയക്രമമനുസരിച്ച് 23 ദിവസം പേടകം ഭൂമിയെ വലംവയ്ക്കും. 8 ദിവസമെടുത്താണ് ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കുക. നേരത്തേ 22–ാം ദിവസം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്താനായിരുന്നു തീരുമാനം.

ചന്ദ്രന്റെ ഭ്രമണപഥത്തിൽ 28 ദിവസം വലംവച്ച ശേഷം ലാൻഡറിനെ ചന്ദ്രോപരിതലത്തിൽ ഇറക്കാനായിരുന്നു നേരത്തേയുള്ള തീരുമാനമെങ്കിൽ പുതിയ സമയ പ്രകാരം 13 ദിവസമായി കുറച്ചു.

ചന്ദ്രയാൻ 2:പുതിയ സമയക്രമം

ജൂലൈ 22: ഉച്ചയ്ക്ക് 2.43 വിക്ഷേപണം

ഓഗസ്റ്റ് 13: ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേയ്ക്കുള്ള ഗതിമാറ്റം (ട്രാൻസ് ലൂണാർ ഇൻജെക്‌ഷൻ) തുടങ്ങുന്നു.

ഓഗസ്റ്റ് 20: ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കുന്നു

സെപ്റ്റംബർ 2: ഓർബിറ്ററിൽ നിന്ന് ലാൻഡർ വേർപ്പെടുന്നു.

സെപ്റ്റംബർ 3: ലാൻഡർ ചന്ദ്രന്റെ 30 കിലോമീറ്റർ അടുത്തെത്തുന്നു

സെപ്റ്റംബർ 7: ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നു.

സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്ന് ഉച്ചയ്ക്ക് 2.43നു ജിഎസ്എൽവി മാർക്ക് 3 റോക്കറ്റ് ചന്ദ്രയാൻ പേടകവുമായി കുതിച്ചുയരും.

വിക്ഷേപണത്തിനു മുൻപുള്ള റിഹേഴ്സൽ വിജയകരമായി പൂർത്തിയായി. 20 മണിക്കൂർ കൗണ്ട്ഡൗൺ ഇന്നലെ വൈകിട്ട് 6.43നു തുടങ്ങി.

ഐഎസ്ആർഒ ചെയർമാൻ ഡോ. കെ.ശിവന്റെ നേതൃത്വത്തിൽ തയാറെടുപ്പുകൾ വിലയിരുത്തി. ഐഎസ്ആർഒയുടെ ചരിത്രത്തിലെ ഏറ്റവും സങ്കീർണവും വെല്ലുവിളി നിറഞ്ഞതുമായ ദൗത്യമാണിത്. 1000 കോടിയോളം രൂപ ചെലവിടുന്ന ദൗത്യം വിജയിച്ചാൽ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമാകും ഇന്ത്യ.

അർത്തുങ്കൽ ആയിരംതൈ കടപ്പുറത്ത് പുലിമുട്ടിനു സമീപം ഭീമൻ കടലാനയുടെ ജഡം അടിഞ്ഞു. 10 മീറ്ററോളം നീളവും 5 ടണ്ണിൽ കൂടുതൽ ഭാരവുമുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ. 10 വയസ്സോളം പ്രായമുണ്ടാകും. ജഡത്തിന് രണ്ടാഴ്ചയിലധികം പഴക്കം ഉണ്ടാകുമെന്നും അധികൃതർ പറയുന്നു. കടൽ അടിത്തട്ട് ഇളകി മറിയുന്ന സമയമായതിനാൽ ജഡം തീരത്തേക്ക് അടിഞ്ഞതാകാമെന്ന് അധികൃതർ വിലയിരുത്തുന്നു. ഇന്നലെ രാവിലെ മത്സ്യത്തൊഴിലാളികളാണ് ആദ്യം കണ്ടത്.

അസഹ്യമായ ദുർഗന്ധവും ഉണ്ടായിരുന്നു.ചേർത്തല തെക്ക് പഞ്ചായത്ത് നേതൃത്വത്തിൽ തൊഴിലാളികളെ ഉപയോഗിച്ച് കടലാനയെ മുറിച്ച് കഷണങ്ങളാക്കി, മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു വൈകിട്ടോടെ മറവു ചെയ്തു. 15,000 രൂപയിലധികം പഞ്ചായത്തിനു ചെലവായി. വനം, റവന്യു, പൊലീസ് വകുപ്പ് അധികൃതരും സ്ഥലത്തെത്തിയിരുന്നു.ആനത്തിമിംഗലം എന്നുകൂടി പേരുള്ള കടലാന, സസ്തനിയാണ്. തുമ്പിക്കൈ മാതൃകയിൽ മുഖവും ആനയ്ക്ക് സമാനമായ വലിപ്പവുമുണ്ട്. ഉൾക്കടലിൽ ജീവിക്കുന്ന ഇവയ്ക്കു മത്സ്യങ്ങളും കടൽപായലുകളുമാണ് ഭക്ഷണം.

സംസ്ഥാനത്ത് മഴ കനക്കുമ്പോൾ വിദ്യാർഥികളെ കബളിപ്പിക്കാൻ വ്യാജ വാർത്തകളും സജീവമായി കഴിഞ്ഞു. നാളെ ഒൻപത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു എന്നതരത്തിലാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. എന്നാൽ നാളെ ഒരു ജില്ലയിൽ മാത്രമാണ് പൂർണമായും അവധി നൽകിയിരിക്കുന്നത്. കനത്ത മഴയെത്തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ പൂര്‍ണമായും കോട്ടയം ജില്ലയില്‍ ഭാഗികമായും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂരില്‍ പ്രഫഷനല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയാണ്. എന്നാൽ സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല.

കോട്ടയം ജില്ലയില്‍ കോട്ടയം മുനിസിപ്പാലിറ്റിയിലെയും ആര്‍പ്പൂക്കര, അയ്മനം, തിരുവാര്‍പ്, കുമരകം പഞ്ചായത്തുകളിലെയും പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുളള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു.

കോഴിക്കോട് ജില്ലയില്‍ പ്ലസ്ടു വരെ എല്ലാവിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. കോളജുകള്‍ക്കും പ്രഫഷനല്‍ കോളജുകള്‍ക്കും അവധി ബാധകമല്ല.

അതേ സമയം ജില്ലാ കലക്ടർമാരുടെ ഒൗദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ മഴകാരണം സ്കൂളിന് അവധി നൽകണമെന്ന് അപേക്ഷയുമായി വിദ്യാർഥികളും സജീവമാണ്.

 

മലപ്പുറം ∙ ബ്രിട്ടിഷ് നാവികസേന പിടിച്ചെടുത്ത ‘ഗ്രേസ്–1’ എന്ന ഇറാനിയൻ കപ്പലിലും മൂന്നു മലയാളികൾ കുടുങ്ങിയിട്ടുണ്ടെന്നു സൂചന. ഇറാനിലെ ഗ്രേസ്–1 കമ്പനിയിൽ ജൂനിയർ ഓഫിസറായ വണ്ടൂർ സ്വദേശി കെ.കെ.അജ്മൽ (27) ആണ് ഒരാൾ. ഗുരുവായൂർ സ്വദേശി റെജിൻ, കാസർകോട് സ്വദേശി പ്രദീഷ് എന്നിവരാണ് കുടുങ്ങിയ മറ്റു രണ്ടുപേർ. എല്ലാവരും സുരക്ഷിതരാണെന്ന് അജ്മൽ ബന്ധുക്കളെ അറിയിച്ചു.

സിറിയയിലേക്ക് എണ്ണയുമായി പോകുമ്പോൾ, രണ്ടാഴ്ച മുൻപാണ് ജിബ്രാൾട്ടർ കടലിടുക്കിൽനിന്നു മാറി, ഗ്രേസ്1 ഇറാനിയൻ ടാങ്കർ, റോയൽ മറീനുകൾ പിടിച്ചെടുത്തത്. യൂറോപ്യൻ യൂണിയന്റെ ഉപരോധം മറികടന്ന് എണ്ണയുമായി പോയതിനായിരുന്നു പിടിച്ചെടുക്കൽ എന്നാണ് വിശദീകരണം.

ഈ കപ്പൽ 30 ദിവസംകൂടി തടങ്കലിൽ വയ്ക്കാൻ ജിബ്രാൾട്ടർ സുപ്രീം കോടതി ഉത്തരവിട്ടതിനു തൊട്ടുപിന്നാലെയാണ് ഇറാൻ ബ്രിട്ടിഷ് എണ്ണക്കപ്പലായ ‘സ്റ്റെന ഇംപറോ’ പിടിച്ചെടുത്തത്. ഈ കപ്പലിൽ 18 ഇന്ത്യക്കാരുണ്ടെന്നാണ് വിവരം. അജ്മൽ ‘സ്റ്റെന ഇംപറോ’യിലെ ജീവനക്കാരണെന്നായിരുന്നു ആദ്യവിവരം.

എറാണാകുളം സ്വദേശികളായ മൂന്നു പേരാണ് ബ്രിട്ടിഷ് കപ്പലിൽ കുടുങ്ങിയിരിക്കുന്നതെന്നാണ് വിവരം. കപ്പലിന്റെ ക്യാപ്റ്റൻ ഫോർട്ട് കൊച്ചി സ്വദേശിയാണെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഈ കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ലെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ബന്ധം വിലക്കിയതിന്റെ പേരിൽ ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്നു കല്ലുകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി. തേനി തേവാരം മേട്ടുപ്പെട്ടിയിൽ ചെല്ലത്തുരയാണ് (49) കൊല്ലപ്പെട്ടത്. ഭാര്യ ജലീന (42), പണ്ണപ്പുറം സ്വദേശി സുധാകർ (29) എന്നിവർ പിടിയിലായി. ഉറക്കത്തിലായിരുന്നപ്പോഴാണ് കൊല നടത്തിയതെന്നു ജലീന പൊലീസിനോടു പറഞ്ഞു.

17 വർഷം മുൻപ് പ്രണയ വിവാഹിതരായ ചെല്ലത്തുരയ്ക്കും ജലീനക്കും മക്കളില്ല. സുധാകറുമായി ജലീന അടുപ്പത്തിലായി. ഇതേച്ചൊല്ലി ചെല്ലത്തുര പിണങ്ങിയതോടെ ജലീന സ്വന്തം വീട്ടിലേക്കു പോയി. അടുത്തിടെയാണു കൂട്ടിക്കൊണ്ടുവന്നത്. തലചുറ്റി വീണു മരിച്ചുവെന്നാണ് ഇവർ ബന്ധുക്കളോടു പറഞ്ഞത്. സംശയം തോന്നിയ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

സ്റ്റേജ് ഷോയ്ക്കിടെ സ്റ്റാൻഡ് അപ്പ് കൊമേഡിയന്‍ കുഴഞ്ഞു വീണു മരിച്ചു. ഇന്ത്യന്‍ വംശജനായ മഞ്ജുനാഥ് നായിഡു ആണ് മരിച്ചത്. ഹൃദയസ്തംഭനമായിരുന്നു മരണകാരണം.ഷോയ്ക്കിടെ തളര്‍ച്ച തോന്നിയ മഞ്ജുനാഥ് വേദിയിലിട്ടിരുന്ന ഒരു ബെഞ്ചില്‍ ആദ്യം ഇരുന്നു. പിന്നീട് നിലത്തേക്ക് വീഴുകയും ചെയ്തു. ആളുകളെ ചിരിപ്പിക്കാനായി തമാശ കാണിക്കുകയാണെന്ന് കരുതി കാണികള്‍ ആദ്യമത് കാര്യമാക്കിയില്ല. പിന്നീട് സംഗതി അഭിനയമല്ലെന്ന് മനസ്സിലാക്കി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അബുബാദിയില്‍ ജനിച്ച മഞ്ജുനാഥ് കുറേക്കാലമായി ദുബായിലാണ് ജീവിച്ചുവന്നത്‌. മാതാപിതാക്കള്‍ നേരത്തേ തന്നെ മരിച്ചു. ഒരു സഹോദരന്‍ മാത്രമാണുള്ളത്.
കുടുംബത്തെക്കുറിച്ചും പിതാവിനെയും കുറിച്ച് സംസാരിക്കുകയായിരുന്നു വേദിയില്‍ മഞ്ജുനാഥ്. വിഷാദത്തെ അതിജീവിച്ച കഥ തമാശരൂപേണ കാണികളോട് മഞ്ജുനാഥ് പറയുകയായിരുന്നു. കഥ പറഞ്ഞു തുടങ്ങി ഒരു നിമിഷത്തിനുള്ളില്‍ തന്നെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് സുഹൃത്തിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട്‌ ചെയ്തു.

ആൾക്കാർ വിചാരിച്ചു അത് അഭിനയത്തിന്റെ ഭാഗമാണെന്ന്. വിഷാദത്തെക്കുറിച്ച് പറഞ്ഞയുടനെ താഴേക്ക് വീഴുകയായിരുന്നു. മഞ്‍ജുനാഥിന്റെ മാതാപിതാക്കൾ നേരത്തെ മരിച്ചുപോയിരുന്നു. ഒരു സഹോദരന്‍ മാത്രമാണുള്ളത്.

വെള്ളിയാഴ്ച ഹോർമുസ് കടലിടുക്കിൽ വച്ച് ഇറാൻ പിടിച്ചെടുത്ത ബ്രിട്ടിഷ് എണ്ണക്കപ്പലിൽ മലയാളികളും. കപ്പലിലുണ്ടായിരുന്ന 18 ഇന്ത്യക്കാരിൽ ക്യാപ്റ്റൻ ഉൾപ്പെടെ മൂന്നു പേർ മലയാളികളാണെന്നാണ് റിപ്പോർട്ടുകൾ. എറണാകുളം സ്വദേശികളാണ് ഇവർ. കപ്പലിന്റെ ക്യാപ്റ്റൻ ഫോർട്ട് കൊച്ചി സ്വദേശിയാണെന്നാണു വിവരം.

കപ്പലിലുള്ള കളമശേരി സ്വദേശി ഡിജോ പാപ്പച്ചന്റെ ബന്ധുക്കളെ കപ്പൽ കമ്പനി ഉടമകളാണ് വിവരം അറിയിച്ചത്. രണ്ടു ദിവസം മുൻപു വരെ ഡിജോയുമായി ബന്ധപ്പെടാൻ വീട്ടുകാര്‍ക്ക് കഴിഞ്ഞിരുന്നു. ഒരുമാസം മുൻപാണു ഡിജോ ഈ കപ്പലില്‍ ജോലിക്ക് കയറിയത്. തൃപ്പൂണിത്തുറ സ്വദേശിയും കപ്പലിലുണ്ടെന്നാണ് വിവരം.

ഹോർമുസ് കടലിടുക്കിൽ വച്ചാണ് 18 ഇന്ത്യക്കാർ ഉൾപ്പെടെ 23 ജീവനക്കാരടങ്ങിയ ബ്രിട്ടിഷ് എണ്ണക്കപ്പൽ ഇറാൻ പിടിച്ചെടുത്തത്. ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്തു നങ്കൂരമിട്ട കപ്പലിൽനിന്ന് ഇവരെ മോചിപ്പിച്ച് എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുമെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. എല്ലാവരും സുരക്ഷിതരാണെന്നു കേന്ദ്രമന്ത്രി വി. മുരളീധരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മോചനം ആവശ്യപ്പെട്ട് ഇറാനു കത്ത് നൽകിയിട്ടുണ്ട്. കപ്പലിലെ മറ്റു 3 പേർ റഷ്യക്കാരും ഓരോരുത്തർ ലാത്വിയ, ഫിലിപ്പീൻസ് സ്വദേശികളുമാണെന്നാണു വിവരം.


സ്വീഡിഷ് കമ്പനിയായ സ്റ്റെനാ ബൾക് ബ്രിട്ടനിൽ റജിസ്റ്റർ ചെയ്ത സ്റ്റെന ഇംപറോ എണ്ണക്കപ്പൽ വെള്ളിയാഴ്ചയാണ് ഇറാൻ സേനാവിഭാഗമായ റവല്യൂഷനറി ഗാർഡ്സ് പിടിച്ചെടുത്തത്. രാജ്യാന്തര സമുദ്രഗതാഗത നിയമങ്ങൾ തെറ്റിച്ചെന്ന് ആരോപിച്ചാണു നടപടി. സ്പീഡ് ബോട്ടുകളിലെത്തി കപ്പൽ പിടിച്ചെടുക്കുന്നതിന്റെ വിഡിയോ റവല്യൂഷനറി ഗാർഡ്സ് പുറത്തുവിട്ടു.

മീൻപിടിത്ത ബോട്ടുമായി കപ്പൽ കൂട്ടിയിടിച്ചെന്നും ക്യാപ്റ്റനുമായി ബന്ധപ്പെടാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ പിടിച്ചെടുക്കുകയായിരുന്നുവെന്നുമാണ് ഇറാൻ പറയുന്നത്. എന്നാൽ സൗദിയിലേക്കു പോകുമ്പോൾ മുന്നറിയിപ്പില്ലാതെ 4 ചെറുകപ്പലുകളും ഹെലികോപ്റ്ററുകളും ചേർന്നു വളയുകയായിരുന്നെന്നു കപ്പൽ കമ്പനിയുടമകൾ ആരോപിച്ചു. മുൻപ് തങ്ങളുടെ കപ്പൽ ബ്രിട്ടൻ പിടിച്ചെടുത്തതിനു തിരിച്ചടിയായി ഇതു കരുതാമെന്നും ഇറാൻ പറയുന്നു.

അന്തരിച്ച ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷയുമായ ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്. രാവിലെ 11.30ന് കോണ്‍ഗ്രസ് ആസ്ഥാനത്ത് ഷീല ദീക്ഷിത്തിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. ശേഷം ഉച്ചക്ക് 2.30ക്ക് ഡല്‍ഹി കശ്മീരി ഗെയ്റ്റിലെ നിഗം ബോദ് ഘാട്ടില്‍ സംസ്‌കരിക്കും.

മുൻ കേരള ഗവർണര്‍ കൂടിയായ ഷീലാ ദീക്ഷിത് ശനിയാഴ്ച്ച ഉച്ചയോടെയാണ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ഡൽഹി ഫോർട്ടിസ് എസ്കോർട്സ് ആശുപത്രിയിൽ ഉച്ച കഴിഞ്ഞ് 3.55 നായിരുന്നു അന്ത്യം. തുടർച്ചയായി മൂന്നു തവണ ഡൽഹി മുഖ്യമന്ത്രിയായിരുന്ന ഷീലയോടുള്ള ആദരസൂചകമായി ഡൽഹിയിൽ രണ്ടു ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു.

വെളളിയാഴ്ച്ച രാവിലെ വീട്ടിൽ വച്ച് ഹൃദയാഘാതമുണ്ടായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില അല്പം മെച്ചപ്പെട്ടെങ്കിലും വീണ്ടും ഹൃദയാഘാതമുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. അന്തരിച്ച ഐ.എ.എസ് ഉദ്യോഗസ്ഥൻ വിനോദ് ദീക്ഷിതാണ് ഭർത്താവ്. മക്കൾ ഡൽഹി മുൻ എംപി സന്ദീപ് ദീക്ഷിതും ലതികാ സയ്യിദും.

പശ്ചിമബംഗാൾ മുൻ ഗർവണർ ഉമാശങ്കർ ദീക്ഷിതിന്റെ പുത്രൻ വിനോദ് ദീക്ഷിതിനെ വിവാഹം കഴിച്ചതാണ് ഷീലയുടെ ജീവിതം വഴിതിരിച്ചത്. 1984 ൽ രാഷ്ട്രീയപ്രവേശം നടത്തിയ ഷീലയുടെ ആദ്യമത്സരം യു.പിയിലെ കനൗജിൽ നിന്ന് ലോക്‌സഭയിലേക്ക്. 1986 മുതൽ മൂന്നു വർഷം പാർലമെന്ററികാര്യ സഹമന്ത്രിയായി.

1998-ൽ ഈസ്‌റ്റ് ഡൽഹിയിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയം. പിന്നീട് ഡൽഹി സംസ്ഥാന രാഷ്ട്രീയത്തിൽ വിജയം വെട്ടിപ്പിടിച്ച ഷീല, തുടർച്ചയായി പതിനഞ്ചു വർഷം മുഖ്യമന്ത്രിപദത്തിൽ. ഡൽഹി പി.സി.സി അധ്യക്ഷയുമായിരുന്നു. 2013 നിയമസഭാ തിരഞ്ഞെടുപ്പിൽ ആംആദ്‌മി നേതാവ് അരവിന്ദ് കേജ്‌രിവാളിനോടു തോറ്റ് അധികാരത്തിൽ നിന്ന് പുറത്തായ ശേഷം 2014 മാർച്ചിൽ കേരളാ ഗവർണറായി. അഞ്ചു മാസത്തിനു ശേഷം രാജിവച്ചു.

രണ്ടു ഫോൺകോളുകളാണു തന്റെ ജീവിതം മാറ്റി മറിച്ചതെന്നു ഷീല ദീക്ഷിത് പറഞ്ഞിട്ടുണ്ട്. ഇന്ദിരാഗാന്ധി വധിക്കപ്പെട്ട ശേഷം രാജീവ് ഗാന്ധിയുടേതായിരുന്നു ആദ്യത്തെ ഫോൺ കോൾ. ഉത്തർപ്രദേശിൽനിന്ന് ലോക്സഭയിലേക്കു മത്സരിക്കണമെന്ന് ആവശ്യപ്പെടാനായിരുന്നു ആ കോൾ. അങ്ങനെ ഷീല കനൗജിൽനിന്ന് എംപിയായി, മന്ത്രിയായി . രാജീവ് ഗാന്ധി വധിക്കപ്പെട്ടതിനു ശേഷം 1998–ലാണ് രണ്ടാമത്തെ കോൾ. സോണിയ ഗാന്ധിയായിരുന്നു മറുതലയ്ക്കൽ. ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനും കോൺഗ്രസിനെ നയിക്കാനും ആവശ്യപ്പെട്ടുകൊണ്ടുള്ള ആ ഫോൺ സന്ദേശം ഷീലയെ ഡൽഹി മുഖ്യമന്ത്രിയാക്കി. ഒരു തവണയല്ല, 3 തവണ.

ഷീല ദീക്ഷിത് തന്റെ ആത്മകഥയെഴുതിയത് അടുത്ത കാലത്താണ്,‘സിറ്റിസൺ ഡൽഹി– മൈ ടൈംസ്, മൈ ലൈഫ്.’ ആ പുസ്തകത്തിൽ പക്ഷേ അവർ പറഞ്ഞതിനേക്കാളേറെ പലതും പറയാതെ മറച്ചു വച്ചു. 1984–ൽ സിഖ് വിരുദ്ധ കലാപത്തിൽ കോൺഗ്രസിന്റെ നിലപാടിനെ അവർ എതിർത്തതാണ്; പക്ഷേ പുസ്തകത്തിൽ കൂടുതൽ പറയുന്നില്ല. പി വി നരസിംഹറാവു പ്രധാനമന്ത്രിയും കോൺഗ്രസ് പ്രസിഡന്റുമായിരിക്കേ പാർട്ടി പിളർന്നു. അന്ന് എൻ.ഡി. തിവാരിയോടെപ്പം പോയതിനെക്കുറിച്ചും ഷീല കൂടുതൽ പറയുന്നില്ല.

ഡൽഹി കണ്ട ഏറ്റവും ശക്തയും വികസനോത്സുകയുമായ മുഖ്യമന്ത്രിയായിരുന്നു ഷീല ദീക്ഷിത്. 1988–ൽ അവർ സ്ഥാനമേൽക്കുമ്പോൾ ഡൽഹി നഗരത്തിന്റെ നില അത്രയൊന്നും മെച്ചമായിരുന്നില്ല. 1984–ൽ ഏഷ്യൻ ഗെയിംസ് കാലത്തുണ്ടായ വികസനത്തെളിച്ചം മങ്ങിത്തുടങ്ങിയിരുന്നു. ഡൽഹിയുടെ മുഖഛായ മാറ്റിയ മെട്രോ റെയിൽ, ലോകോത്തര നിലവാരമുള്ള വിമാനത്താവളം – അതും സ്വകാര്യ പങ്കാളിത്തത്തോടെ, അന്തരീക്ഷ മലിനീകരണം വൻതോതിൽ കുറച്ച സിഎൻജി, വൈദ്യുതി മേഖലയുടെ സ്വകാര്യവൽക്കരണം, ജലവിതരണത്തിലെ പരിഷ്കാരങ്ങൾ…ഡൽഹി മാറുകയായിരുന്നു, തികച്ചും ആധുനികമായ നഗരമായി.

പഞ്ചാബിൽ ജനിക്കുകയും യുപിക്കാരനെ വിവാഹം കഴിക്കുകയും ചെയ്തുവെങ്കിലും ഡൽഹിക്കാരിയായിരുന്നു എന്നും ഷീല. ജീസസ് ആൻഡ് മേരി കോൺവന്റ് സ്കൂളിൽ പഠിക്കുമ്പോഴും മിറാൻഡ ഹൗസ് കോളജിൽ പഠിക്കുമ്പോഴും ഡൽഹിയിലെ റോഡുകളിലൂടെ സൈക്കിൾ ഓടിച്ചിരുന്ന ഷീല പിന്നീട് ഡൽഹിയുടെ ഭരണ ചക്രം തിരിച്ചു. 48 –ാം വയസ്സിൽ ഭർത്താവ് മരിച്ച ശേഷം അവർക്കു മുന്നിൽ ജീവിതം ഉയർത്തിയ വെല്ലുവിളിയെ സധൈര്യം നേരിട്ടു.

ഗുരുവായൂരപ്പന്റെ ഭക്തയായിരുന്നു അവർ. മയൂർ വിഹാറിലെ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഏതു പരിപാടിക്കു ക്ഷണിച്ചാലും അവർ ഓടിയെത്തിയിരുന്നു. മലയാളികളുമായി എന്നും അടുത്ത ബന്ധവും സ്നേഹവും പുലർത്തിപ്പോന്നു. തിരഞ്ഞെടുപ്പിനു മുന്നോടിയായി മലയാളി സംഘടനകളെ വിളിച്ചു വരുത്തി ചർച്ചകൾ നടത്തിയിരുന്നു.

ഡൽഹി നിവാസികൾക്ക് പ്രിയപ്പെട്ട ദീദി ആയിരുന്നു ഷീല ദീക്ഷിത്. രാഷ്ട്രീയത്തിന് അതീതമായി അവർ ദീദിയെ ഇഷ്ടപ്പെട്ടു. 15 വർഷം ഭരണത്തിലിരുന്നിട്ടും ഒരു അഴിമതി ആരോപണവും നേരിടാതിരുന്ന ഷീല അവസാനം കോമൺവെൽത്ത് ഗെയിസിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് 3 ആരോപണങ്ങൾ നേരിട്ടു. മൂന്നിലും അവർ കുറ്റവിമുക്തയായി. പക്ഷേ അപ്പോഴേക്കും ഡൽഹിയുടെ രാഷ്ട്രീയം ഏറെ മാറിക്കഴിഞ്ഞിരുന്നു. ഷീല ദീക്ഷിത്തിന് ഒരു തിരിച്ചു വരവിന് സാധ്യമായ വിധത്തിലായിരുന്നില്ല ഡൽഹിയുടെ രാഷ്ട്രീയം – രാജ്യത്തിന്റെയും.

രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, തുടങ്ങിയവർ അനുശോചിച്ചു.

കണ്ണീർപ്പെയ്ത്തിനു നടുവിലേക്ക് സന്തോഷക്കടലായി അവർ ഇരമ്പിയെത്തി. 4 നാൾ മുൻപു കടലിൽ കാണാതായ 4 മത്സ്യത്തൊഴിലാളികൾ സ്വന്തം പരിശ്രമത്താൽ ആശ്വാസതീരമണഞ്ഞതു അദ്ഭുതകരമായ രക്ഷപ്പെടലും അതിജീവനവുമായി. പുല്ലുവിള കൊച്ചുപള്ളി പള്ളികെട്ടിയ പുരയിടത്തിൽ യേശുദാസൻ (55), കൊച്ചുപള്ളി പുതിയതുറ പുരയിടത്തിൽ ആന്റണി (50), പുതിയതുറ കിണറുവിള പുരയിടത്തിൽ ലൂയിസ് (53), പുതിയതുറ നെടിയവിളാകം പുരയിടത്തിൽ ബെന്നി (33) എന്നിവരാണ് ഇന്നലെ ഉച്ചയോടെ സുരക്ഷിതരായി മടങ്ങിയെത്തിയത്. കേടായ എൻജിനുകളിലൊന്നു പ്രവർത്തനക്ഷമായതാണു രക്ഷയായത്.

ബുധനാഴ്ച ഉച്ചയ്ക്കു കടലിൽ പോയ ഇവർ ജോലി കഴിഞ്ഞു മടങ്ങുമ്പോൾ 2 ഔട്ട്ബോർഡ് എൻജിനുകളും കേടാവുകയായിരുന്നു. പച്ചവെള്ളം മാത്രം കുടിച്ചു കഴിഞ്ഞ ഇവർ രൂക്ഷമായ കടൽക്ഷോഭത്തിനിടെ പലവട്ടം മരണത്തെ മുഖാമുഖം കണ്ടു. ‘ഒഴുക്കിൽ പെട്ടു വള്ളം കന്യാകുമാരി ഭാഗത്തേക്കു നീങ്ങി. രക്ഷയ്ക്കായി ഞങ്ങൾ നിലവിളിച്ചു. അതിനിടെ നങ്കൂരം പാരുകളിൽ വള്ളം നിന്നു. സമീപത്തു കൂടി കപ്പലുകൾ കടന്നുപോയപ്പോൾ സഹായത്തിനായി അലമുറയിട്ടു. ആരും ഗൗനിച്ചില്ല. ഒരു കൂറ്റൻ ചരക്കു കപ്പൽ വള്ളത്തിനു നേർക്കു വന്നപ്പോൾ പേടിച്ചു. ഭാഗ്യത്തിന് അതു ഗതിമാറി. പക്ഷേ ശക്തമായ തിരമാലകളിൽ വള്ളം പലപ്പോഴും തലകീഴായി മറിയാനാഞ്ഞു. പകുതിയോളം വെള്ളം കയറി.

കനത്ത കാറ്റിൽ വാരിയെല്ലിൽ വള്ളത്തിന്റെ അടിയേറ്റു ലൂയിസ് അതിനിടെ കടലിൽ മുങ്ങി. ഒരു വിധത്തിലാണു തിരികെ നീന്തിക്കയറിയത്. വാരിയെല്ലിനു ഗുരുതരമായ പരുക്കുണ്ട്. കൂട്ടത്തിൽ പ്രായം ചെന്ന യേശുദാസൻ ആകെ അവശനായി. ശ്വാസതടസ്സം നേരിട്ടു. രക്ഷാദൗത്യത്തിന്റെ സൂചനകളൊന്നുമില്ല. എങ്കിലും പ്രാർഥനയോടെ കാത്തു, കരയണയാൻ പറ്റുമെന്ന് ഉറച്ചു വിശ്വസിച്ചു. എൻജിൻ അറ്റകുറ്റപ്പണി അൽപം അറിയാവുന്നതു തുണച്ചു. ഇന്നലെ രാവിലെ ഏഴോടെ എൻജിൻ സ്റ്റാർട്ടായി.’– നാലു ദിവസങ്ങളുടെ ദുരിതാനുഭവം മടങ്ങിയെത്തിയവർ പങ്കുവച്ചു.

ഇതിനിടെ, തിരച്ചിൽ നടത്താൻ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥയ്ക്കെതിരെ തീരവാസികൾ പ്രതിഷേധമുയർത്തി. കോസ്റ്റ് ഗാർഡ്-നാവിക സേനാ കപ്പലുകളുൾപ്പെടെയുള്ളവയുടെ തിരച്ചിലിലൊന്നും വള്ളത്തെ കണ്ടെത്താനായില്ലെന്നത് ആക്ഷേപത്തിനിടയാക്കി. ഇതുവഴി പോയ എല്ലാ കപ്പലുകൾക്കും സന്ദേശം കൈമാറിയെന്നുള്ള അധികൃതരുടെ വെളിപ്പെടുത്തലും പൊള്ളയാണെന്നു തെളിയിക്കുന്നതായി രക്ഷപ്പെട്ടവരുടെ വെളിപ്പെടുത്തൽ.

നാവികസേനയുടെ സഹായത്തിനായി 2 ദിവസമായി തീരദേശവാസികൾ അഭ്യർഥിക്കുകയായിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെ സാന്ത്വനവുമായി ഇന്നലെ രാവിലെ ഇവിടെയെത്തി. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയുമായി അദ്ദേഹം ബന്ധപ്പെട്ടു. അതിനിടെ തീരത്തു നിന്നു 10 വള്ളങ്ങളിലായി മത്സ്യത്തൊഴിലാളികൾ തന്നെ തങ്ങളുടെ കൂടപ്പിറപ്പുകളെത്തേടി കടലിലിറങ്ങുകപോലും ചെയ്തു.

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ ഇന്ത്യക്കാരെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു. ഇന്ത്യന്‍ ജീവനക്കാര്‍ സുരക്ഷിതരാണെന്നും ഇറാനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു.

Image result for british-oil-tanker-indians-safe-says-authorities

രാജ്യാന്തര സമുദ്രനിയമം ലംഘിച്ചെന്ന് ആരോപിച്ച് സ്റ്റെനാ ഇംപെറോയെന്ന ബ്രിട്ടീഷ് എണ്ണക്കപ്പല്‍ കഴിഞ്ഞ ദിവസമാണ് ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് പിടിച്ചെടുത്തത്. കപ്പലിലെ 23 ജീവനക്കാരില്‍ പതിനെട്ടുപേര്‍ ഇന്ത്യക്കാരാണ്. രാജ്യാന്തര നിയമങ്ങള്‍ പാലിച്ചാണ് കപ്പല്‍ പ്രവര്‍ത്തിക്കുന്നതെന്നും ജീവനക്കാര്‍ സുരക്ഷിതരാണെന്നും കപ്പലിന്റെ ഉടമകളായ കമ്പനി അറിയിച്ചു.

Copyright © . All rights reserved