ഏഴായിരത്തോളം ഹാന്സ് പാക്കറ്റുകളുമായി നാലുപേരെ ഒല്ലൂര് പോലീസ് അറസ്റ്റ് ചെയ്തു. പത്ത് ചാക്കുകളിലായി കൊണ്ടുവന്ന നാലുലക്ഷം രൂപ വിലമതിക്കുന്ന ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു.
കൈനൂര് സ്വദേശി ശ്രീനിവാസന് (48), മരത്താക്കര സ്വദേശി ഷാജന് (40), ഒറ്റപ്പാലം സ്വദേശികളായ അസറുദ്ദീന് (33), റിയാസ് (32) എന്നിവരെയാണ് പിടികൂടിയത്. ശ്രീനിവാസന്റെ വീട്ടില് നിന്നും 5000 ത്തോളം നിരോധിത പുകയില ഉത്പന്ന പാക്കറ്റുകള് ഒല്ലൂര് പോലീസ് പിടികൂടിയിരുന്നു. തുടര്ന്ന് നടത്തിയ അന്വേഷണത്തില് ഷാജനാണ് പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ചതെന്ന് മനസിലാക്കിയത്.
ഒല്ലൂര് ഭാഗത്തെ ചെറുകിട വില്പനക്കാരനാണ് ഷാജന് എന്ന് അന്വേഷണത്തില് കണ്ടെത്തിയ ഒല്ലൂര് പോലീസ് ഉടന് തന്നെ ഷാജനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സാജനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്നിന്നും ഒറ്റപ്പാലം സ്വദേശിയായ റഷീദിന്റെയും കൂട്ടാളികളുടെയും കൈയില് നിന്നാണ് ഷാജന് സ്ഥിരമായി ലഹരി ഉല്പ്പന്നങ്ങള് വാങ്ങാറുള്ളതെന്ന് മനസിലാക്കി.
തുടര്ന്ന് നടത്തിയ വിദഗ്ധമായ നീക്കത്തിലൂടെയാണ് തൃശൂര്, പാലക്കാട് ജില്ലകളിലെ വിവിധ ചെറുകിട വില്പ്പനക്കാരിലേക്കും തുടര്ന്ന് സ്കൂള് കുട്ടികളിലേക്കും വില്പ്പനയ്ക്കായി എത്തിച്ച ഏഴായിരത്തോളം ഹാന്സ് പാക്കറ്റുകളും ആയി അസറുദ്ദീന്, റിയാസ് എന്നിവരെയും പിടികൂടിയത്. കോടതിയില് ഹാജരാക്കിയ നാല് പ്രതികളേയും റിമാന്ഡ് ചെയ്തു.
സിറ്റി പോലീസ് കമ്മീഷണര് ആര്. ഇളങ്കോയുടെ നേതൃത്വത്തില് നടന്നു വരുന്ന ഓപ്പറേഷന് ഡി ഹണ്ടിന്റെ ഭാഗമായാണ് ഒല്ലൂര് എ.സി.പി. എസ്.പി. സുധീരന്റെ നിര്ദ്ദേശാനുസരണം ഒല്ലൂര് ഇന്സ്പെക്ടര് പി.എം. വിമോദിന്റെ നേതൃത്വത്തില് ലഹരി വേട്ട നടത്തിയത്. അന്വേഷണ സംഘത്തില് ഇന്സ്പെക്ടര് പി.എം. വിമോദിനെ കൂടാതെ എസ്. ഐമാരായ കെ.എം. ഷാജി, വി.എന്. മുരളി, എ.എസ്.ഐ. സരിത, സി.പി.ഒമാരായ സജിത്ത്, ശ്യാം ചെമ്പകം, അജിത്ത്, വിഷ്ണുദാസ് എന്നിവരാണ് ഉണ്ടായിരുന്നത്.
കലഞ്ഞൂര് പാടത്ത് ഭാര്യയെയും ഒപ്പമുണ്ടായിരുന്ന സുഹ്യത്തിനെയും യുവാവ് വെട്ടിക്കൊന്നു. പാടം പടയണിപ്പാറ എരുത്വാപ്പുഴ ബൈജു വിലാസത്തില് വൈഷ്ണവിയേയും (28) ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പാടം വിഷ്ണു ഭവനില് വിഷ്ണുവിനെയുമാണ് (30) വൈഷ്ണവിയുടെ ഭര്ത്താവ് ബൈജു വെട്ടിക്കൊലപ്പെടുത്തിയത്. വിഷ്ണുവിന്റെ വാടക വീടിന്റെ മുന്നിലിട്ടാണ് രണ്ട് പേരെയും ബൈജു ആക്രമിച്ചത്.
സംഭവ സ്ഥലത്ത് വച്ച് തന്നെ വൈഷ്ണവി മരിച്ചു. വിഷ്ണുവിനെ പത്തനംതിട്ട ജനറല് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിച്ചു. ഞായറാഴ്ച രാത്രി 11 മണിക്ക് ശേഷമാണ് ആക്രമണം നടന്നത്. ആക്രമണം നടത്തിയ ശേഷം ബൈജു തന്നെയാണ് സുഹൃത്തുക്കളെ വിളിച്ച് ഇക്കാര്യം പറഞ്ഞത്. സുഹൃത്തുക്കളാണ് പോലീസില് വിവരം അറിയിച്ചത്. ബൈജുവിനെ പോലീസ് കസ്റ്റഡിയില് എടുത്തു.
ജോര്ദാനില് നിന്ന് ഇസ്രയേലിലേക്ക് കടക്കാന് ശ്രമിക്കവെ മലയാളി യുവാവ് ജോര്ദാന്
സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചു. തിരുവനന്തപുരം തുമ്പ സ്വദേശി ഗബ്രിയേല് പെരേരയാണ് മരിച്ചത്.
സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര് ഇസ്രയേല് ജയിലിലെന്നാണ് വിവരം. വെടിയേറ്റ മറ്റൊരാള് തിരികെ നാട്ടിലെത്തിയിരുന്നു. മേനംകുളം സ്വദേശി എഡിസണ് ആണ് നാട്ടിലെത്തിയത്. ഇയാളാണ് ഗബ്രിയേല് മരിച്ച വിവരം അറിയിച്ചത്.
ഗബ്രിയേലിന്റെ മരണം എംബസി സ്ഥിരീകരിച്ചു. ഗബ്രിയേലിന്റെ കുടുംബത്തെ എംബസി വിളിച്ച് വിവരം അറിയിച്ചതായാണ് റിപ്പോര്ട്ട്. ജോര്ദാനിലേക്ക് വിസിറ്റിങ് വിസയില് പോയതായിരുന്നു ഗബ്രിയല്.
സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. സാധാരണയേക്കാള് രണ്ടു ഡിഗ്രി സെല്ഷ്യസ് മുതല് നാലു ഡിഗ്രി സെല്ഷ്യസ് വരെ ചൂട് കൂടാൻ സാധ്യതയുള്ളതിനാല് ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കണ്ണൂർ, കാസർകോട് ജില്ലകളില് ഉയർന്ന താപനില 38°C വരെയും കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളില് ഉയർന്ന താപനില 37°C വരെയും പത്തനംതിട്ട, കോട്ടയം ജില്ലകളില് ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കടുത്ത ചൂടില് നിന്ന് ആശ്വാസമായി ഒറ്റപ്പെട്ടയിടങ്ങളില് ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള് ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കി.
ശാരീരികവും മാനസികവുമായി പീഡിപ്പിച്ച് സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്തെന്ന യുവതിയുടെ പരാതിയിൽ ഭർത്താവ് ഉൾപ്പെടെ അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തു.
പാനൂർ സ്വദേശിനിയായ 24 കാരിയുടെ പരാതിയിലാണ് ഭർത്താവ് വടകര വെള്ളിക്കുളങ്ങര സ്വദേശി ജിഷ്ണു, അമ്മ പ്രസീത, അച്ഛൻ ശ്രീധരൻ, സഹോദരങ്ങളായ ഋത്വിക്, അനൂപ് എന്നിവർക്കെതിരെ പാനൂർ പൊലീസ് കേസെടുത്തത്.
2023 സെപ്റ്റംബർ മൂന്നിനാണ് ഇരുവരുടെയും വിവാഹം. തുടർന്ന് പ്രതിയുടെ വീട്ടിൽവെച്ച് ജിഷ്ണു മദ്യപിച്ചെത്തി മർദിക്കുകയും ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. മൂന്നാം പ്രതിയായ ശ്രീധരൻ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു.
പ്രതികൾ ചേർന്ന് മാനസിക പീഡനത്തിനിരയാക്കി ഏഴുപവൻ സ്വർണവും 3.21 ലക്ഷം രൂപയും തട്ടിയെടുത്തു. തിരിച്ചുചോദിച്ചപ്പോൾ വിവാഹമോചനം നൽകാതെ സ്വർണവും പണവും തിരിച്ചുനൽകില്ലെന്ന് പറഞ്ഞതായും പരാതിയിൽ പറയുന്നു.
തമിഴ്നാട്ടിലെ ദിണ്ടിഗലില് സ്ഫോടനത്തില് മലയാളിയെ കൊല്ലപ്പെട്ട നിലയില് കണ്ടെത്തി. കോട്ടയം പൊന്കുന്നം കൂരാലി സ്വദേശി സാബു ജോണ് (59) ആണ് മരിച്ചത്. മൃതദേഹത്തിന് സമീപത്തുനിന്ന് സ്ഫോടകവസ്തുക്കള് കണ്ടെത്തി. മൃതദേഹത്തില്നിന്ന് ജലാറ്റിന് സ്റ്റിക്കും വയറുകളും കണ്ടെത്തി. നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്. എന്.ഐ.എ. സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തമിഴ്നാട്ടില് മാവിന്തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുകയായിരുന്നു സാബു ജോണ് എന്നാണ് വിവരം. ഒരു മാസം മുന്പാണ് ദിണ്ടിഗലിലേക്ക് പോയത്. ഒരാഴ്ചയായി ഇദ്ദേഹത്തെ ഫോണില് ലഭ്യമായിരുന്നില്ല. സിരുമലൈ ചുരം റോഡിന്റെ 17-ാം വളവിന് സമീപമുള്ള സ്വകാര്യ എസ്റ്റേറ്റിലാണ് അഴുകിയ നിലയില് മൃതദേഹവും സമീപത്ത് സ്ഫോടകവസ്തുക്കളും കണ്ടെത്തിയത്. പ്രദേശത്തുനിന്ന് ദുര്ഗന്ധം വമിച്ചതിനെ തുടര്ന്ന് പ്രദേശവാസികള് നടത്തിയ പരിശോധനയിലാണ് മൃതദേഹം ശ്രദ്ധയില്പെട്ടത്.
തുടര്ന്ന്, വിവരം ദിണ്ടിഗല് താലൂക്ക് പോലീസിനെ അറിയിച്ചു. പരിശോധന നടത്തുന്നതിനിടെ സ്ഫോടകവസ്തുക്കള് പൊട്ടിത്തെറിച്ച് മൂന്ന് പോലീസുകാര്ക്ക് നിസ്സാര പരിക്കേറ്റു. മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചു. ജില്ലാ പോലീസ് മേധാവി എ പ്രദീപ് സംഭവസ്ഥലം സന്ദര്ശിച്ച് സ്ഥിതിഗതികള് വിലയിരുത്തി. ക്രൈം ബ്രാഞ്ചും ബോംബ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.
2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില് കോണ്ഗ്രസിന് മുഖ്യമന്ത്രി സ്ഥാനാര്ഥി ഉണ്ടാവില്ലെന്ന് രാഗുല് ഗാന്ധി. ഒരു നേതാവിനെയും ഉയര്ത്തിക്കാട്ടി ആവില്ല പാര്ട്ടി തിരഞ്ഞെടുപ്പിനെ നേരിടുകയെന്ന് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി വെള്ളിയാഴ്ച വിളിച്ച് ചേര്ത്ത മുതിര്ന്ന നേതാക്കളുടെയും എംപിമാരുടെയും യോഗത്തില് വ്യക്തമാക്കി.
‘കോണ്ഗ്രസിന്റെ മുഖ്യമന്ത്രി ആരെന്ന് തിരഞ്ഞെടുപ്പിന് ശേഷം ഒരു മുറിക്കുള്ളില് ഇരുന്ന് തീരുമാനിക്കും. നിരവധി യോഗ്യരായ നേതാക്കള് നമുക്കിടയില് ഉണ്ട്. മുഖ്യമന്ത്രി ആരെന്ന് നേരത്തെ തീരുമാനിക്കാനാവില്ല. അതൊക്കെ അധികാരം ലഭിച്ച ശേഷം മാത്രം ആലോചിക്കേണ്ട കാര്യമാണ്. ഞാനാണ് മുഖ്യമന്ത്രി എന്ന് പറഞ്ഞ് ആരും ജനങ്ങളില് ആശയക്കുഴപ്പം ഉണ്ടാക്കരുത്. മാധ്യമങ്ങള്ക്ക് ദുര്വ്യാഖ്യാനം ചെയ്യാനേ അത് ഉപകരിക്കൂ,’ -രാഹുല് ഗാന്ധി പറഞ്ഞു.
കേരളത്തില് മുഖ്യമന്ത്രി സ്ഥാനത്തിന് ഒളിഞ്ഞും തെളിഞ്ഞും കരുക്കള് നീക്കുന്ന ഒരു വിഭാഗം മുതിര്ന്ന നേതക്കള്ക്കുള്ള താക്കീത് കൂടിയായായാണ് രാഹുലിന്റെ മുന്നറിയിപ്പ് വിലയിരുത്തപ്പെടുന്നത്.
മദ്യലഹരിയിൽ ഇരുപതുകാരൻ്റെ വെട്ടേറ്റ് നാൽപ്പത്തിയഞ്ചുകാരൻ മരിച്ചു. കൊല്ലം മൺറോതുരുത്തിലാണ് കിടപ്രം സ്വദേശി സുരേഷ് കൊല്ലപ്പെട്ടത്. ലഹരിക്കടിമയായ പ്രതി അമ്പാടിയെ പൊലീസ് പിടികൂടി. മൺറോതുരുത്ത് കിടപ്രംവടക്ക് ലക്ഷം വീട് കാട്ടുവരമ്പിൽ ഇരുപതുകാരനായ അമ്പാടി ആണ് നാട്ടുകാരനായ സുരേഷിനെ വെട്ടിയത്.
അമ്പാടിയുടെ വീടിന് മുന്നിൽ വച്ച് രാത്രിയായിരുന്നു കൊലപാതകം. മദ്യലഹരിയിൽ ആയിരുന്നു അമ്പാടി. പടിഞ്ഞാറേകല്ലട കല്ലുംമൂട്ടിൽ ചെമ്പകത്തുരുത്ത് ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന പറയെടുപ്പിനിടെ അമ്പാടി മദ്യപിച്ച് ബഹളമുണ്ടാക്കിയിരുന്നു. തുടർന്ന് അമ്പാടിയെ നാട്ടുകാർ ക്ഷേത്രവളപ്പിൽ നിന്ന് ഓടിച്ചു വിടുകയായിരുന്നു.
തുടർന്ന് സമീപത്തെ റെയിൽവേ ട്രാക്കിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്പാടിയെ സുരേഷും നാട്ടുകാരും ചേർന്ന് പിന്തിരിപ്പിച്ചു. സുരേഷും സുഹൃത്തുക്കളും ചേർന്ന് അമ്പാടിയെ രാത്രി വീട്ടിൽ എത്തിച്ചപ്പോഴാണ് കൊലപാതകം. വീട്ടിൽ കയറിയ അമ്പാടി വെട്ടുകത്തിയെടുത്ത് സുരേഷിനെ വെട്ടുകയായിരുന്നു.
കഴുത്തിന് വെട്ടേറ്റ സുരേഷ് സ്ഥലത്ത് വച്ചു തന്നെ മരിച്ചു. മോഷണവും ലഹരികടത്തും ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് അമ്പാടി.
ട്യൂഷൻ സെന്ററിലെ യാത്രയയപ്പ് പരിപാടിക്കിടെയുണ്ടായ തർക്കമാണ് വ്യാഴാഴ്ചത്തെ സംഘർഷത്തിലേക്കും ഒരു വിദ്യാർഥിയുടെ മരണത്തിലും കലാശിച്ചത്. ഞായറാഴ്ചത്തെ യാത്രയയപ്പ് പരിപാടിക്കിടെയുണ്ടായ തർക്കത്തിനുശേഷം സാമൂഹികമാധ്യമത്തിലൂടെ ഇരുവിഭാഗവും തമ്മിൽ വാക്കുകൾകൊണ്ട് പരസ്പരം പോരടിച്ചിരുന്നു. ഈ അസ്വാരസ്യങ്ങളുടെ തുടർച്ചയായിരുന്നു ദിവസങ്ങൾക്കുശേഷം വ്യാഴാഴ്ച വൈകീട്ട് നടന്ന സംഘർഷം.
വ്യാഴാഴ്ചത്തെ ക്ലാസ് കഴിഞ്ഞതിനുശേഷം ട്യൂഷൻ സെന്ററിൽ പഠിക്കുന്ന താമരശ്ശേരി ജി.വി.എച്ച്.എസ്.എസ്. വിദ്യാർഥികളുമായി സെന്ററിലുള്ള ഏതാനും എളേറ്റിൽ സ്കൂൾ വിദ്യാർഥികളും മുഹമ്മദ് ഷഹബാസ് ഉൾപ്പെടെ സെന്ററിൽ പഠിക്കാത്ത വിദ്യാർഥികളും ചേർന്ന് ഏറ്റുമുട്ടുകയായിരുന്നു. വൈകീട്ട് ആറരയോടെ താമരശ്ശേരി-വെഴുപ്പൂർ റോഡിലെ ചായക്കടയ്ക്കു സമീപത്തായിരുന്നു സംഘർഷം തുടങ്ങിയത്. തമ്മിൽത്തല്ലിയ വിദ്യാർഥികളെ നാട്ടുകാരും കടക്കാരും ഇടപെട്ടാണ് ഇവിടെനിന്ന് പിന്തിരിപ്പിച്ച് ഓടിച്ചത്. പിന്നീട് റോഡിനു സമീപത്തുവെച്ചും ചേരിതിരിഞ്ഞ് ഏറ്റുമുട്ടലുണ്ടായി.
സംഘർഷത്തിനിടെ മർദനമേറ്റ് മുഹമ്മദ് ഷഹബാസിന് തലയ്ക്ക് പരിക്കേൽക്കുകയായിരുന്നു. നഞ്ചക്കുപോലുള്ള ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു മർദനമെന്നാണ് വിദ്യാർഥികൾ പോലീസിനെ അറിയിച്ചത്. അതേസമയം, താമരശ്ശേരിയിലെ വിദ്യാർഥികൾകൂടാതെ പുറമേനിന്നുള്ള കണ്ടാലറിയാവുന്ന ചിലരും സംഘടിച്ചെത്തിയാണ് അക്രമം നടത്തിയതെന്നാണ് മുഹമ്മദ് ഷഹബാസിന്റെ ബന്ധുക്കൾ പോലീസിന് നൽകിയ മൊഴി.
തലയ്ക്ക് ക്ഷതമേറ്റെങ്കിലും പുറമേ കാര്യമായ മുറിവോ മറ്റോ ഇല്ലാത്തതിനാൽ ഷഹബാസിനെ ആശുപത്രിയിലെത്തിക്കാതെ ഏതാനും സുഹൃത്തുക്കൾ ചേർന്ന് വീട്ടിലെത്തിക്കുകയായിരുന്നു. വീട്ടിലെത്തി അല്പം കഴിഞ്ഞപ്പോൾ ഷഹബാസ് ഛർദിക്കുകയും തളരുകയും ചെയ്തു. ആരെങ്കിലും ലഹരിവസ്തുക്കൾ നൽകിയതാണോയെന്ന സംശയം തോന്നി വീട്ടുകാർ സുഹൃത്തുക്കളെ ബന്ധപ്പെട്ടപ്പോഴാണ് സംഘർഷത്തെപ്പറ്റി അറിഞ്ഞത്.
തുടർന്ന് വീട്ടുകാർ ഷഹബാസിനെ വ്യാഴാഴ്ച രാത്രി താമരശ്ശേരി ഗവ. താലൂക്കാശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് അതിതീവ്ര പരിചരണവിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ഷഹബാസിന് തലച്ചോറിൽ ആന്തരികരക്തസ്രാവവും ചെവിക്കു സമീപം എല്ലിന് പൊട്ടലുമുണ്ടായിരുന്നു. ഒരുദിവസത്തിലേറെ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിഞ്ഞ വിദ്യാർഥി ഒടുവിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു.
പത്താം ക്ലാസ് സെന്റ് ഓഫ് പാര്ട്ടി ആഘോഷമാക്കാൻ ലഹരി പാര്ട്ടി നടത്തി വിദ്യാര്ത്ഥികള്. സ്കൂളിൽ വെച്ച് വിദ്യാര്ത്ഥികള് കഞ്ചാവ് ഉപയോഗിച്ചാണ് സെന്റ് ഓഫ് പാര്ട്ടി ആഘോഷിച്ചത്.
സ്കൂളിൽ കഞ്ചാവ് ലഹരി പാര്ട്ടി നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്ന്ന് കാസര്കോട് പൊലീസ് സ്ഥലത്തെത്തി വിദ്യാര്ത്ഥികളിൽ നിന്ന് കഞ്ചാവ് പിടിച്ചെടുക്കുകയായിരുന്നു. തുടര്ന്ന് സ്കൂള് വിദ്യാര്ത്ഥികള്ക്കെതിരെ സോഷ്യല് ബാക്ക് ഗ്രൗണ്ട് റിപ്പോര്ട്ട് പൊലീസ് തയ്യാറാക്കി.
വിദ്യാര്ത്ഥികള്ക്ക് കഞ്ചാവ് വില്പ്പന നടത്തിയ കളനാട് സ്വദേശി കെ.കെ സമീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞെട്ടിക്കുന്ന സംഭവമാണ് കാസര്കോട് നിന്നും പുറത്തുവന്നത്. കാസര്കോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളിലാണ് സംഭവം. സ്കൂളിന്റെ പേരുവിവരങ്ങളടക്കമുള്ള വിശദാംശങ്ങള് പൊലീസ് പുറത്തുവിട്ടിട്ടില്ല.
പത്തോളം കുട്ടികള് കഞ്ചാവ് ഉപയോഗിച്ചതായാണ് പൊലീസിന്റെ കണ്ടെത്തൽ. കുട്ടികളുടെ കയ്യിൽ നിന്ന് കഞ്ചാവ് പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു. തുടര്ന്നാണ് കഞ്ചാവ് നൽകിയത് ആരാണെന്ന് കുട്ടികള് വെളിപ്പെടുത്തിയത്. പൊലീസ് അന്വേഷണത്തിലാണ് കളനാട് സ്വദേശി കെകെ സമീറിനെ പിടികൂടിയത്.
സമീറിനെ പിടികൂടാൻ പോയപ്പോള് പൊലീസുകാര്ക്കുനേരെയും ആക്രമണം ഉണ്ടായി. കഞ്ചാവ് കേസിന് പുറമെ പൊലീസിനെ ആക്രമിച്ചതിനും കേസെടുത്തിട്ടുണ്ട്.