മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി. അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടര്‍ വി. വിഗ്‌നേശ്വരി അവധി പ്രഖ്യാപിച്ചത്.
ഇടുക്കിയിൽ രാത്രി യാത്ര നിരോധിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലാകെ രാത്രി യാത്ര നിരോധിച്ചു. രാത്രി ഏഴ് മുതൽ രാവിലെ ആറ് വരെയാണ് നിരോധനം. മണ്ണിടിച്ചിൽ, മരം വീഴുന്നതിനുള്ള സാധ്യത, വെള്ളകെട്ട് സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തേണ്ടതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
നിയമസഭയിൽ കെ കെ രമയുടെ അടിയന്തരപ്രമേയ നോട്ടീസ് സ്പീക്കർ തള്ളി. ടിപി വധക്കേസിൽ പ്രതികളുടെ ശിക്ഷ വെട്ടിക്കുറച്ച് വിട്ടയാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെയായിരുന്നു അടിയന്തരപ്രമേയ നോട്ടീസ്. എന്നാൽ പ്രതികൾക്ക് ശിക്ഷ ഇളവ് നൽകി വിട്ടയക്കാനുള്ള നീക്കമില്ലെന്ന് വ്യക്തമാക്കി നോട്ടീസ് തള്ളുന്നു എന്ന് സ്പീക്കർ അറിയിച്ചു. അതേസമയം സഭ ഇന്നത്തേക്ക് പിരിഞ്ഞു.
സ്‌പീക്കറുടെ നടപടിക്കെതിരെ പ്രതിപക്ഷം ആഞ്ഞടിച്ചു. പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കത്തിന് തെളിവായി കത്ത് പുറത്ത് വന്നിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സർക്കാരിന് ഭയമാണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. തുടർന്ന് സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മിൽ വാക്ക് തർക്കമായി.
സ്പീക്കർ സ്ഥാനാർഥിത്വത്തെച്ചൊല്ലി ഇന്ത്യ സഖ്യത്തിൽ അതൃപ്തിയെന്ന് റിപ്പോർട്ടുകൾ. കൂടിയാലോചന നടത്തിയില്ലെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസും എൻ.സി.പിയും രംഗത്തെത്തിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി കൊടിക്കുന്നില്‍ സുരേഷിനെ നാമനിർദേശം ചെയ്തത് കോൺഗ്രസിന്റെ ഏകപക്ഷീയമായ തീരുമാനമാണെന്നാണ് വിമർശനം.
തൃണമൂലുമായി വിഷയം ചർച്ച ചെയ്തിട്ടില്ലെന്ന് പാർട്ടിയുടെ നേതാവ് സുദീപ് ബന്ദോപാധ്യായ പറഞ്ഞു. ഇക്കാര്യം കോൺഗ്രസ് വിശദീകരിക്കണം. കൊടിക്കുന്നിലിനെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന് പാർട്ടിയുമായി ചർച്ച നടത്തി തീരുമാനിക്കുമെന്നും എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
എന്നാൽ, അവസാനനിമിഷം ധൃതിയിലെടുത്ത തീരുമാനമായിരുന്നുവെന്നാണ് വിഷയത്തിൽ കോൺഗ്രസ് നൽകുന്ന വിശദീകരണം. ഉച്ചയ്ക്ക് സഭ പിരിയുന്നതിന് മുമ്പ് പത്ത് മിനിറ്റ് സമയം മാത്രമാണ് ലഭിച്ചത്. അതിനിടയിൽ കൂടിയാലോചനയ്ക്ക് സമയം ലഭിച്ചില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി.
എന്‍ഡിഎ സ്ഥാനാര്‍ഥിയായി ഓം ബിര്‍ളയും ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി കൊടിക്കുന്നില്‍ സുരേഷും തമ്മിലാണ് ലോക്സഭാ സ്പീക്കര്‍ പദവിയിലേക്കുള്ള മത്സരം. മുഖ്യ പ്രതിപക്ഷകക്ഷിക്ക് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനമെന്നതാണ് ലോക്സഭയില്‍ കീഴ്വഴക്കമെങ്കിലും കഴിഞ്ഞ രണ്ടുതവണയും ഇത് നിഷേധിക്കപ്പെട്ടിരുന്നു. ഇത്തവണ പ്രതിപക്ഷത്തിന്റെയും കോണ്‍ഗ്രസിന്റെയും അംഗബലം ഉയര്‍ന്നതോടെ ഡെപ്യൂട്ടി സ്പീക്കര്‍ പദവി ലഭിച്ചേതീരൂ എന്ന നിലപാടിലായിരുന്നു ഇന്ത്യ സഖ്യം.
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പ്രതിപക്ഷ കക്ഷികളുമായി ചര്‍ച്ചനടത്തിയിരുന്നു. ഓം ബിര്‍ളയെ സ്പീക്കര്‍ പദവിയിലേക്ക് പിന്തുണയ്ക്കണമെന്ന് രാജ്‌നാഥ് ആവശ്യപ്പെട്ടു. എന്നാല്‍, ഡെപ്യൂട്ടി സ്പീക്കര്‍ പദവി വേണമെന്ന് ഖാര്‍ഗെ അടക്കമുള്ള ഇന്ത്യസഖ്യ നേതാക്കള്‍ നിലപാടെടുത്തു. എന്നാല്‍, അക്കാര്യം പിന്നീട് ചര്‍ച്ചചെയ്യാമെന്നായിരുന്നു രാജ്‌നാഥ് സ്വീകരിച്ച നിലപാട്. തുടര്‍ന്ന്, കെ.സി.വേണുഗോപാലടക്കമുള്ള ഇന്ത്യ നേതാക്കള്‍ ബിജെപി നേതൃത്വവുമായും സംസാരിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ പദവി വിട്ടുനല്‍കുമെന്ന് ബിജെപി നേതാക്കള്‍ ഉറപ്പ് നല്‍കാതായതോടെ മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയായിരുന്നു.
ജൂലൈ മൂന്നിന് നടത്താന്‍ നിശ്ചയിച്ചിട്ടുള്ള വിവിധ യൂണിവേഴ്‌സിറ്റികളുടെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സീറോ മലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്ക് കത്ത് നല്‍കി.
ക്രിസ്ത്യന്‍ മത ന്യുനപക്ഷങ്ങളെ സംബന്ധിച്ച് മതപരമായ പ്രാധാന്യം കല്‍പിച്ച് പാവനമായി ആചരിച്ചു പോരുന്ന ദിവസമാണ് സെന്റ് തോമസ് ദിനമായ ജൂലൈ മൂന്ന്. ക്രിസ്ത്യന്‍ മാനേജ്‌മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അന്നേ ദിവസം അവധിയായിരിക്കുകയും പകരം ഒരു ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കുകയും ചെയ്യുന്നു.
എന്നാല്‍ വരുന്ന ജൂലൈ മൂന്ന് ബുധനാഴ്ച അഫിലിയേറ്റഡ് കോളജുകളില്‍ വിവിധ കോഴ്‌സുകളുടെ റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ നടത്തുന്നതിന് കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികള്‍ തയ്യാറെടുക്കുന്നതായി അറിയുന്നു. അന്നേ ദിവസം പരീക്ഷകള്‍ നടത്തപ്പെടുകയാണെങ്കില്‍ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും മതപരമായ അവകാശങ്ങള്‍ നിഷേധിക്കുന്ന ഒരു നടപടിയായി മാറും.
ഇത് തികച്ചും ദുഖകരമാണ്. ഇപ്രകാരം ഉള്ള സാഹചര്യത്തില്‍ അടുത്ത ജൂലൈ മൂന്നിന് നടത്താന്‍ നിശ്ചയിച്ചിട്ടുള്ള എല്ലാ പരീക്ഷകളും മാറ്റി മറ്റൊരു ദിവസത്തേയ്ക്ക് ക്രമീകരിക്കണമെന്ന് സീറോ മലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു.
പത്തിരിപ്പാലയില്‍ മൂന്ന് വിദ്യാര്‍ഥികളെ കാണാതായി. അതുല്‍ കൃഷ്ണ, ആദിത്യന്‍, അനിരുദ്ധ് എന്നിവരെയാണ് കാണാതായത്. തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്നിറങ്ങിയ കുട്ടികൾ സ്കൂളിൽ എത്തിയിരുന്നില്ല. സി.സി.ടി.വികൾ പരിശോധിച്ച് കുട്ടികളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് നിലവിൽ പോലീസ്.
പത്താം ക്ലാസ് വിദ്യാർഥികളാണ് അതുല്‍ കൃഷ്ണയും ആദിത്യനും. ഏഴാം ക്ലാസ് വിദ്യാർഥിയാണ് അനിരുദ്ധ്. ഇവർ മൂന്ന് പേരും അയൽവാസികളാണ്. ഒരുമിച്ച് സ്കൂളിലേക്കിറങ്ങിയ വിദ്യാർഥികൾ സ്കൂളിലെത്താതായതോടെ അധ്യാപകർ മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന്, കുട്ടികളെ അന്വേഷിച്ചെങ്കിലും കണ്ടെത്താതായതോടെ മാതാപിതാക്കൾ വിവരം പോലീസിൽ അറിയിച്ചു.
നിലവിൽ വിദ്യാർഥികളെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് നൽകുന്ന വിവരം. മൂന്ന് പേരും സ്കൂൾ യൂണിഫോമിലായിരുന്നു. മറ്റ് വസ്ത്രങ്ങൾ ഇവരുടെ പക്കലുണ്ടോ എന്നതിലും സംശയമുണ്
മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ച് കോട്ടയം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും കേരളാ കോണ്‍ഗ്രസ് (എം) നേതാവുമായ തോമസ് ചാഴികാടന്‍. ലോക്സഭാ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ കനത്ത തോല്‍വിക്ക് കാരണം മുഖ്യമന്ത്രിയുടെ നിലപാടെന്നായിരുന്നു തോമസ് ചാഴികാടന്റെ ആരോപണം. നവകേരളസദസിലെ തനിക്കെതിരായ വിമര്‍ശനം തോല്‍വിക്ക് ആക്കംകൂട്ടിയെന്നും അദേഹം പറഞ്ഞു. ഞായറാഴ്ച ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് തോമസ് ചാഴികാടന്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചത്.
കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് വി.എന്‍ വാസവന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചപ്പോള്‍ ലഭിച്ച വോട്ട് പോലും ഇത്തവണ കിട്ടിയില്ലെന്നും ചാഴികാടന്‍ യോഗത്തില്‍ പറഞ്ഞു. എന്നാല്‍, തിരഞ്ഞെടുപ്പ് തോല്‍വിയില്‍ മുഖ്യമന്ത്രിയെ മാത്രം പഴിചാരുന്നത് ശരിയല്ലെന്നായിരുന്നു ജോസ് കെ. മാണിയുടെ നിലപാട്. എല്‍ഡിഎഫ് ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും തോല്‍വിയ്ക്ക് കൂട്ടായ ഉത്തരവാദിത്വമുണ്ടെന്നും ജോസ് കെ. മാണി വ്യക്തമാക്കി.
നവകേരള സദസ് കോട്ടയത്ത് എത്തിയപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്നത്തെ എം.പിയായ തോമസ് ചാഴികാടനെ വേദിയിലിരുത്തി വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തത്. പരിപാടിയെക്കുറിച്ച് പലര്‍ക്കും വേണ്ടത്ര ധാരണയില്ലെന്നും പരാതി സ്വീകരിക്കല്‍ മാത്രമല്ല പ്രധാന കാര്യമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. തൊട്ടുമുമ്പ് പ്രസംഗിച്ച ചാഴികാടന്‍ വിവിധ ആവശ്യങ്ങള്‍ മുഖ്യമന്ത്രിയോട് പരസ്യമായി ഉന്നയിച്ചിരുന്നു. ഇതിനെയായിരുന്നു മുഖ്യമന്ത്രി വിമര്‍ശിച്ചത്.
അടിമാലി – കോതമംഗലം ദേശീയപാതയില്‍ വാഹനങ്ങള്‍ക്ക് മുകളിലേക്ക് മരം കടപുഴകി വീണ് അപകടം. കാര്‍ യാത്രികനായ ഒരാള്‍ മരിച്ചു. മറ്റ് മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കോതമംഗലത്തിനടുത്ത് വില്ലാന്‍ചിറയിലാണ് കാറ്റിലും മഴയിലുമാണ് അപകടം നടന്നത്.
കാറിനും കെ.എസ്.ആര്‍.ടി.സി. ബസിനും മുകളിലേക്കാണ് മരം വീണത്. മരത്തിന്റെ അടിഭാഗം പതിച്ചതിനെ തുടര്‍ന്ന് കാര്‍ പൂര്‍ണമായും തകര്‍ന്നു. മരത്തിന്റെ ശിഖരങ്ങളാണ് ബസിന് മുകളിലേക്ക് വീണത്. ഒരു ഗര്‍ഭിണി അടക്കം നാല് യാത്രക്കാരാണ് കാറില്‍ ഉണ്ടായിരുന്നത്. കെ.എസ്.ആര്‍.ടി.സി. ബസിന്റെ പിന്‍ഭാഗത്തേക്കാണ് മരം വീണത്. നിരവധി വാഹനങ്ങളാണ് വഴിയിലുണ്ടായിരുന്നത്. ഇതിലെ യാത്രക്കാരുൾപ്പെടെയുള്ളവര്‍ പുറത്തിറങ്ങി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
ഇന്നു കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും നാളെ കണ്ണൂർ, കാസർകോട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204.4 മില്ലീമീറ്റർ വരെ മഴയ്ക്കുള്ള സാധ്യതയുണ്ട്.
ഇന്നു പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും 25ന് ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 26ന് എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും 27നു മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.
മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും മറ്റ് ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത 3 ദിവസം സംസ്ഥാനത്തു പലയിടത്തും മഴ ശക്തമായി തുടരും. കേരള തീരം മുതൽ മഹാരാഷ്ട്ര വരെ നീളുന്ന ന്യൂനമർദ പാത്തി രൂപപ്പെട്ടതിനാൽ പടിഞ്ഞാറൻ തീരമേഖലയിൽ അടുത്ത രണ്ടു ദിവസം കാലവർഷക്കാറ്റ് ശക്തിപ്രാപിക്കാൻ സാധ്യത. മലയോര പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ ജാഗ്രതാ നിർദേശമുണ്ട്. തീരദേശത്തും കനത്ത മഴ ലഭിക്കുമെന്നാണു സൂചന. ഒഡീഷയിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട 2 ചക്രവാതച്ചുഴികളാണു മഴ കനക്കാൻ കാരണം.
27 വരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ കടലിൽ മീൻ പിടിക്കാൻ പോകാൻ പാടില്ലെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. തിരുവനന്തപുരം, കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരപ്രദേശത്തു പ്രത്യേക ജാഗ്രതാ നിർദേശം.
നാളെ രാത്രി 11.30 വരെ 3.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള,തമിഴ്നാട് തീരങ്ങളിൽ നാളെ രാത്രി പതിനൊന്നര വരെ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്.
ഒരുരാത്രികൊണ്ട് മൂന്ന് വളർത്തുപശുക്കളെ കൊന്ന് കേണിച്ചിറയെ വിറപ്പിച്ച കടുവ ഒടുവിൽ കൂട്ടിലായി. ഞായറാഴ്ച രാത്രി 11 മണിയോടെ പള്ളിത്താഴെ കിഴക്കയിൽ സാബുവിന്റെ വീടിനുസമീപത്ത് വെച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.
കടുവയെ കണ്ടാൽ മയക്കുവെടിവെക്കാൻ തീരുമാനിച്ചിരുന്നു. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് കടുവ കൂട്ടിലായത്. 10 വയസ്സുള്ള തോൽപ്പെട്ടി 17 എന്ന ആൺകടുവയാണിത്.
നേരത്തെ ഒമ്പതുമണിയോടെ മാളിയേക്കല്‍ ബെന്നിയുടെ വീടിനോട് ചേര്‍ന്നുള്ള തൊഴുത്തില്‍ കടുവ എത്തിയിരുന്നു. തൊഴുത്തിലെത്തിയതിന്റെ ദൃശ്യം പുറത്തുവന്നു. പശുക്കളെ കൊന്ന അതേ തൊഴുത്തിലാണ് കടുവയെത്തിയത്. കടുവയ്ക്ക് അവശതയുള്ളതായി സംശയമുണ്ട്. പശുത്തൊഴുത്തിനോട് ചേര്‍ന്നുള്ള ആട്ടിന്‍ കൂട്ടിലുള്ള ഒരു ആടിനെ ചത്തനിലയില്‍ കണ്ടെത്തി.
പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം നാളെ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ പൊതുതിരഞ്ഞെടുപ്പ് നടന്നതിന് ശേഷമുള്ള ആദ്യ ലോക്സഭാ സമ്മേളനമാണിത്. പതിനെട്ടാം ലോക്സഭയില്‍ എന്‍ഡിഎയ്ക്ക് 293 സീറ്റുകളോടെ ഭൂരിപക്ഷമുണ്ട്. പ്രതിപക്ഷമായ ഇന്ത്യ മുന്നണിക്ക് 234 സീറ്റുകളുമുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മന്ത്രിസഭാംഗങ്ങളും രാവിലെ 11 മണി മുതല്‍ സത്യപ്രതിജ്ഞ ചെയ്യും. തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എംപിമാര്‍ അക്ഷരമാലാ ക്രമത്തില്‍ സത്യപ്രതിജ്ഞ ചെയ്യും.
പ്രോടേം സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി നേതാവും ഏഴ് തവണ ലോക്‌സഭാംഗവുമായ ഭര്‍തൃഹരി മഹ്താബ് പ്രധാനമന്ത്രി അടക്കമുള്ളവര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. ഇതിന് മുന്നോടിയായി നാളെ രാവിലെ രാഷ്ട്രപതി ഭവനില്‍ വെച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു ലോക്സഭയുടെ പ്രോടേം സ്പീക്കറായി മഹ്താബിന് സത്യവാചകം ചൊല്ലിക്കൊടുക്കും.
പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തോടനുബന്ധിച്ച് അംഗങ്ങള്‍ ഒരു നിമിഷം മൗനം ആചരിക്കുന്നതോടെ നടപടികള്‍ ആരംഭിക്കും. പിന്നാലെ ലോക്സഭാ സെക്രട്ടറി ജനറല്‍ ഉത്പല്‍ കുമാര്‍ സിങ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ പട്ടിക സഭയുടെ മേശപ്പുറത്ത് വയ്ക്കും.
തുടര്‍ന്ന് ലോക്സഭാ നേതാവായ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാന്‍ മഹ്താബ് വിളിക്കും. പന്നീട് ജൂണ്‍ 26ന് നടക്കുന്ന സ്പീക്കറുടെ തിരഞ്ഞെടുപ്പ് വരെ സഭാ നടപടികള്‍ മുന്നോട്ട് കൊണ്ടു പോകാന്‍ രാഷ്ട്രപതി നിയോഗിച്ച ചെയര്‍പേഴ്‌സണ്‍മാരുടെ പാനലിന് പ്രോടേം സ്പീക്കര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.
ജൂണ്‍ 27 ന് പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്യും. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന്മേലുള്ള ചര്‍ച്ച ജൂണ്‍ 28 ന് ആരംഭിക്കും.